Thursday, May 31, 2007

വിനയന്‍

കുടുംബത്തിലെ മറ്റുള്ളവരെ അപേക്ഷിച്ച് സൌന്ദര്യവും ഗ്ലാമറും നല്ല ബോഡിയും മാത്രമല്ല എനിക്ക് കൂടുതലായി ഉണ്ടായിരുന്നത്, ഒരൊന്നര കിലോ വിനയവും അതിനു തക്ക എളിമയും എനിക്ക് ബാക്കിയുള്ളവരെക്കാള്‍ ഉണ്ടായിരുന്നു എന്നത് എന്റെ സ്വകാര്യമായ ഒരു അഹങ്കാരമായിരുന്നു. സഹജീവികളോടുള്ള (എന്നു പറഞ്ഞാല്‍ മനുഷ്യരോട്) കരുണയും സഹാനുഭൂതിയും അനുകമ്പയും ബോണസ്സായും.

ബസ്സിലൊക്കെ ഇടിച്ച് കയറി, കേയെസ്സാര്‍ട്ടീസീയാണെങ്കില്‍ കണ്‍‌ഡക്ടറുടെ ഇപ്പുറത്തെ സീറ്റും പ്രൈ വട്ട് ബസ്സാണെങ്കില്‍ പോര്‍ട്ടറുടെ പുറകിലത്തെ സീറ്റും മറ്റാര്‍ക്കും മുന്നേ “ആസനസ്ഥമാക്കി” അമര്‍ന്നിരിക്കുമ്പോള്‍ മുതല്‍ക്കേ ഞാന്‍ ചുറ്റുപാടും നോക്കാന്‍ തുടങ്ങും. അപ്പോളായിരിക്കും പ്രായമായ ഏതെങ്കിലും അപ്പൂപ്പനോ അമ്മൂമ്മയോ, അല്ലെങ്കില്‍ ഒരു കുഞ്ഞിനെയും ഒക്കത്ത് വെച്ച് ഏതെങ്കിലും അച്ഛനോ അമ്മയോ ഒക്കെ ബസ്സില്‍ സീറ്റ് കിട്ടാതെ നില്‍‌ക്കുന്നത് കാണുന്നത്. അപ്പോള്‍ മുതല്‍ എന്നിലെ സഹാനുഭൂതി എന്റെ തലച്ചോറിനെ ട്രിഗര്‍ ചെയ്യുകയും പിന്നെ എന്റെ സുന്ദരവദനം ഓട്ടോമാറ്റിക്കായി ഒരു വേണുനാഗവള്ളി സ്റ്റൈലാവുകയും ചെയ്യും. ഒരു നാളില്‍ നമ്മളും ഈ അപ്പൂപ്പനെപ്പോലെയാവുമല്ലോ, പാവം എത്ര നേരം ഈ അമ്മൂമ്മ ഇങ്ങിനെ നിക്കണം, ആ കുഞ്ഞുകൊച്ചിനെയുമൊക്കത്ത് വെച്ച് ഒരു കൈകൊണ്ട് ബാലന്‍സ് പിടിച്ച് ആ അച്ഛനുമമ്മയും ഈ വണ്ടിയില്‍ അങ്ങ് ലാസ്റ്റ് സ്റ്റോപ്പ് വരെ നിന്ന് പോകണമല്ലോ എന്നൊക്കെയോര്‍ത്ത് എനിക്ക് ആകപ്പാടെ സഹാനുഭൂതിപ്രാന്താകും, ഞാന്‍ മൊത്തത്തില്‍ വികാര്‍‌ഭരതനാവും. സീറ്റ് കിട്ടിയ ബാക്കി എല്ലാവരെയും ഞാന്‍ ക്രൂരമായി നോക്കും. മനുഷ്യപ്പറ്റില്ലാത്തവര്‍... നിങ്ങള്‍ക്കൊന്നും നാണമില്ലല്ലോ ആ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ നിന്ന് കാലുകഴച്ച് വിഷമിക്കുമ്പോള്‍ ഇങ്ങിനെ സുഖമായി ചാരിയിരുന്നുറങ്ങാന്‍; നിങ്ങളുടെ വീട്ടിലുമില്ലേ അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൊച്ചു കുഞ്ഞുങ്ങളും, ഇതൊന്നും ശരിയല്ല കേട്ടോ, വല്ലപ്പോഴെങ്കിലും കുറച്ച് നല്ല കാര്യമൊക്കെ ചെയ്തില്ലെങ്കില്‍ പിന്നെന്താ കാര്യം തുടങ്ങി എല്ലാ ക്ലീന്‍‌ഷേവ് സഹാനുഭൂതി ചിന്തകളും എന്റെ മനസ്സില്‍ അലയടിച്ചടിച്ചടിച്ച് എനിക്കിറങ്ങേണ്ട സ്റ്റോപ്പ് വരെ ഞാന്‍ നിന്നുപോകുന്ന ആ പാവങ്ങളെ ഓര്‍ത്തിരിക്കും, സീറ്റില്‍.

എളിമയുടെ (അമളി യുടെ ളി, അരുമയുടെ രു അല്ല) കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. വിനയവുമതുപോലെ. എല്ലാവരെയും ബഹുമാനിക്കും. ബഹുമാനിക്കണമെന്ന് എനിക്ക് തോന്നുന്ന ആരെക്കണ്ടാലും ഞാന്‍ ഒരു മടിയും കൂടാതെ ബഹുമാനിക്കും. വിനയിച്ച് വിനയിച്ച് ഭിത്തിയുടെ ഒരരിക് ചേര്‍ന്ന് വിനയാന്വിതനായി ഭിത്തിയോട് ചാരിയുള്ള എന്റെ പോക്കുകണ്ട് ഒരു ദിവസം സാറ് പറഞ്ഞു, “ഡേയ്, അത്രയ്ക്ക് വേണ്ടടേ, ആ ഭിത്തിയിടിഞ്ഞു വീഴും”.

എന്റെ വിനയത്തിന്റെ ആദ്യത്തെ ഇര പ്രിയസുഹൃത്ത് കുമാരനായിരുന്നു. അദ്ദേഹമാണെങ്കില്‍ നമ്മള്‍ ഗ്രാജ്വേറ്റ്‌സിന്റെ സമൂഹത്തിലുള്ള വിലയെയും നിലയെയും പറ്റി സ്വല്പം ഓവറായിത്തന്നെ ബോധവാനായതുകാരണം അതിന്റെയൊരു വെയിറ്റൊക്കെ എപ്പോഴുമിട്ട് നടക്കുന്ന ഒരു പാവം.ഒരു ദിവസം നാട്ടിലെ ഒരു പൊതുമേഖലാ ഗവേഷണ സ്ഥാപനത്തില്‍ സീനിയര്‍ മുക്രിയെ കാണാന്‍ സ്കൂട്ടറില്‍ കുമാരനെയും പുറകിലിരുത്തി ഞാന്‍ പറന്ന് പോയി. ആദ്യത്തെ ഗേറ്റില്‍ ഹിന്ദിയില്‍ ബോല്‍‌ത്തുന്ന സെക്യൂരിറ്റി കൈകാണിച്ചപ്പോള്‍ സംഗതി ഹിന്ദിയായതുകൊണ്ട് മാത്രം ഞാന്‍ മൌനം പാലിച്ച തക്കത്തിന് കിട്ടിയ അവസരം മുതലാക്കി കുമാരന്‍ തന്റെ പ്രാഥമിക്, മാധ്യമിക് ഹിന്ദികളില്‍ കൂടി ആംഗലേയം സമാസമം ചേര്‍ത്ത് സ്സെക്യൂരിറ്റിയോട് എന്തൊക്കെയോ സംസാരിച്ചു. കുമാരന്റെ ഹിന്ദിവഴി സെക്യൂരിറ്റിക്ക് ഒരു ചുക്കും പിടികിട്ടിയില്ല എന്ന് എനിക്ക് മനസ്സിലായെങ്കിലും അവന്റെ തികച്ചും പ്രൊഫഷണല്‍ സ്റ്റൈലിലുള്ള, ഞാനൊരു ഗ്രാജ്വേറ്റാണെന്ന കാര്യം മറക്കെരുതെന്ന രീതിയിലുള്ള എയറുപിടുത്തവും, ശബ്‌ദത്തിന്റെ ഘനഗാംഭീര്യം പോലെന്തോ ഒരു ഒച്ചയും ഗൌരവഭാവവും ഒക്കെ കണ്ട് പേടിച്ചിട്ടാണോ എന്തോ , സെക്യൂരിറ്റി ഞങ്ങളെ അകത്തേക്ക് കടത്തിവിട്ട് രണ്ടാമത്തെ ഗേറ്റിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് രണ്ടാമത്തെ സെക്യൂരിറ്റിയെ കണ്ടപ്പോള്‍ “എന്താ എന്തുവേണം” എന്ന് അദ്ദേഹം മലയാളത്തില്‍ ചോദിച്ചതിന്റെ ധൈര്യത്തില്‍ കുമാരന് ചാന്‍സ് കൊടുക്കാതെ ഞാന്‍ ചോദിച്ചു:

“സാറേ, ഞങ്ങള്‍ ആ ഡിവിഷനിലെ മുക്രിയെ കാണാന്‍ വന്നതാ, ഒന്നകത്തേക്ക് കടത്തിവിടാമോ?”

ഒരു പ്രൊഫഷണല്‍ പ്രൊഫഷണലായി കുറഞ്ഞ പക്ഷം സെക്യൂരിറ്റികളോടെങ്കിലും എങ്ങിനെ പെരുമാറണമെന്ന് എനിക്ക് അരമണിക്കൂര്‍ ക്ലാസ്സെടുത്തതിനുശേഷവും കുമാരന്‍ ഷോക്കില്‍ നിന്നും മുക്തനായില്ല-അത്രയ്ക്ക് ഷോക്കായിപ്പോയി അവന്.

എന്റെ വിനയത്തിന്റെ ആദ്യത്തെ ഇര കുമാരനാണെങ്കിലും ആദ്യത്തെ സാക്ഷി മിക്കവാറും സ്കൂളില്‍ ഒരുമിച്ച് പഠിച്ച ഷുക്കൂറായിരുന്നിരിക്കണം. അവന്റെ കല്ല്യാണമൊക്കെ കഴിഞ്ഞ് പുതിയ വീടൊക്കെ വെച്ചിരിക്കുന്ന സമയം. നാട്ടിലെത്തിയ ഞാന്‍ അവനെ കാണാന്‍ പോയി. വളരെ നാളുകള്‍ക്ക് ശേഷം കണ്ട ഞങ്ങള്‍ സ്കൂള്‍-കോളേജ് വിശേഷങ്ങളൊക്കെ അയവിറക്കിക്കൊണ്ടിരുന്ന സമയത്താണ് അവന്റെ ഭാര്യ വന്നത്. ഇതാണ് നമ്മുടെ ഭാര്യ എന്ന് ഷുക്കൂര്‍ പറഞ്ഞ് തീരുന്നതിനും മുന്‍പ് തികച്ചും വിനയാന്വിതനായി ഞാന്‍ സെറ്റിയില്‍‌നിന്ന് എഴുന്നേറ്റ് നിന്നു, ഒരു വിനയനുവേണ്ട എല്ലാവിധ ഭാവാദികളോടും കൂടിത്തന്നെ. ഷുക്കൂറിന് ഷോക്കായെന്ന് മാത്രമല്ല അത്‌ഭുത് പരതന്ത്ര് എന്ന ഹിന്ദി സിനിമ കണ്ട ഒരു പ്രതീതിയും കൂടിയായി.

പക്ഷേ എന്റെ വിനയത്തെയും എളിമയെയും അനുകമ്പയെയുമെല്ലാം മൊത്തം പിടിച്ചുലച്ച ഒരു സംഭവമായിരുന്നു അന്നാ ബന്ധുവീട്ടില്‍ നടന്നത്. അനിയനും ചിറ്റയും അമ്മാവനുമെല്ലാമായി ചിറ്റയുടെ ഭര്‍ത്താവിന്റെ ചേച്ചിയുടെ വീട്ടില്‍ പോയി, കാറില്‍. ഞാന്‍ ആദ്യമായി പോവുകയായിരുന്നു അവിടെ. വളരെ അടുപ്പമുള്ള അവരുടെ വീട്ടില്‍ തികച്ചും സ്വാതന്ത്യത്തോടെ അനിയനും അമ്മാവനുമെല്ലാം ഓടിനടന്ന് കഥകളൊക്കെ പറഞ്ഞ് നടന്നപ്പോള്‍ വിനയഭാരത്താല്‍ മുഖം കുനിഞ്ഞിരുന്ന ഞാന്‍ തത്തുല്ല്യമായ ഭാവാദികളോടെ തല തെല്ലുമാത്രം ഉയര്‍ത്തി ഒരു മൂലയ്ക്ക് പതുങ്ങി നില്‍‌ക്കുകയായിരുന്നു. ഇടയ്ക്ക് അവിടുത്തെ അമ്മൂമ്മ വന്ന് ഇരിക്ക് മോനേ എന്ന് പറഞ്ഞപ്പോളും “ഓ വേണ്ടെന്നേ” എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒന്നുകൂടി വിനയകുമ്പിടിയായി. ഇതെല്ലാം കഴിഞ്ഞ് ചായയും ഉപ്പേരിയുമൊക്കെ റെഡിയായി കഴിഞ്ഞപ്പോള്‍ അമ്മൂമ്മ അനിയനോട് അടുക്കളയില്‍ നിന്ന് വിളിച്ച് പറഞ്ഞു:

“മോനേ, ആ ഡ്രൈവര്‍ക്കുംകൂടി ഒരു ഗ്ലാസ്സ് ചായ കൊടുക്ക് കേട്ടോ”

എക്‍സ്‌ക്യൂമീ, എന്നെയാണോ ഉദ്ദേശിച്ചത് എന്നൊന്നും ചോദിക്കേണ്ട ആവശ്യമേ അപ്പോളില്ലായിരുന്നു.

Labels: , , , , , , , ,

Sunday, May 27, 2007

കണ്ടുപഠി...

ഒരു വാര്‍ത്ത എങ്ങിനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദീപികയും മനോരമയുമൊക്കെ കണ്ടുപഠിക്കട്ടെ, ദേശാഭിമാനി നോക്കി.


കടപ്പാട്: ദേശാഭിമാനി ഓണ്‍ലൈന്‍ എഡിഷന്‍

യാതൊരു വികാരപ്രകടനവുമില്ല, ഒരു പൊടിപ്പുമില്ല, തൊങ്ങലുമില്ല, വിശകലനവുമില്ല, നാടകീയതയുമില്ല, ആവേശവുമില്ല...

വീയെസ്സിന്റെ മുഖത്തിന്റെ പേശീവലിവോ, പിണറായി വിജയന്റെ സംസാരത്തിലെ ഏറ്റക്കുറച്ചിലുകളോ വീയെസ്സിന്റെയോ പിണറായി വിജയന്റെയോ മൈന്‍ഡ് റീഡിംഗോ അവര്‍ വെച്ച ചുവടുകളുടെ എണ്ണമോ ഒന്നുമില്ലാതെ ഉള്ള കാര്യം ഉള്ളപോലെ, വാര്‍ത്ത വാര്‍ത്തയായിത്തന്നെ, അത്രമാത്രം.

കഥാപാത്രങ്ങള്‍ രണ്ടുപേരും കേരളീയരാണെങ്കിലും അവരുടെ പ്രവര്‍ത്തി മണ്ഡലം കേരളമാണെങ്കിലും വാര്‍ത്തയുടെ ഉറവിടം ഡല്‍‌ഹിയായതുകൊണ്ട് കേരളവാര്‍ത്തയില്‍ കൊടുക്കാതെ കേന്ദ്രവാര്‍ത്തയില്‍ കൊടുത്ത് ആ കാര്യത്തില്‍ പോലും ശ്രദ്ധ പുലര്‍ത്തി...

ഇതുപോലുള്ളൊരു കാര്യത്തെക്കുറിച്ച് ഇത്രയും കാര്യമാത്രപ്രസക്തമായ ഒരു പത്രവാര്‍ത്ത ഈ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല.

മനോരമയും ദീപികയുമൊക്കെ കണ്ടുപഠിക്കട്ടെ.

Labels: , , , ,

Wednesday, May 16, 2007

എന്റെ കണ്ണുതുറപ്പിച്ച ദീപിക

പ്രതിലോമകരം, പ്രതിലോമവാദം എന്നൊക്കെയുള്ള വാക്കുകള്‍ ആദ്യമായി കേട്ടത് ബ്ലോഗിലാണെന്ന് തോന്നുന്നു. അന്നൊക്കെ ആ വാക്കുകള്‍ കേട്ടപ്പോള്‍ അവയുടെയൊക്കെ അര്‍ത്ഥമറിയാത്തതുകാരണം അതൊക്കെയുപയോഗിക്കുന്നവരോട് ദേഷ്യം വരെ തോന്നി.

പക്ഷേ ദീപിക എന്റെ കണ്ണ് തുറപ്പിച്ചു. എന്താണ് പ്രതിലോമകരം എന്ന വാക്കിന്റെ അര്‍ത്ഥമെന്നും എത്രത്തോളമാണ് ചിലപ്പോളൊക്കെ അതിന്റെ ഭീകരത എന്നും കഴിഞ്ഞ കുറെ ദിവസങ്ങളായി ദീപിക എനിക്ക് കാട്ടിത്തരുന്നു.

സംഗതി മൂന്നാര്‍ തന്നെ.

കൈയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ശ്രീ പിണറായി വിജയന്റെ ആഹ്വാനത്തോടെയാണ് ദീപിക കഴിഞ്ഞയാഴ്‌ചത്തെ മൂന്നാര്‍ സംഭവവിവരണ പരമ്പര ഉദ്‌ഘാടനം ചെയ്തത് (മെയ് ഏഴ് തിങ്കളാഴ്ച) . സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ എം.എം. മണി കൈയ്യേറ്റത്തെപ്പറ്റി വിവരിക്കുന്നത് ചിരിച്ചുകൊണ്ട് കേട്ടുകൊണ്ട് നില്‍‌ക്കുന്ന ഫോട്ടോസഹിതമാണ് വാര്‍ത്ത. (വാര്‍ത്ത ഇവിടെ ക്ലിക്കി കേരളാ വാര്‍ത്തയുടെ ആദ്യവാര്‍ത്തയില്‍ ക്ലിക്കിയാല്‍ കാണാം. പകര്‍പ്പവകാശപ്പേടിയുള്ളതുകാരണം കട്ട് പേസ്റ്റ് ചെയ്ത് പേജിടാനൊരു പേടി). ചിരിച്ചുകൊണ്ട് എന്ന് പറഞ്ഞ് ഞാനും ഒരു പ്രതിലോമകാരിയാതിന് മാപ്പ്.

സംഗതി ഓക്കേ. ഒരു പ്രശ്‌നവുമില്ല.

എട്ടാം തീയതിയിലെ വാര്‍ത്ത “വന്‍ സന്നാഹത്തോടെ മൂന്നാറില്‍ കുടിയൊഴിപ്പിക്കല്‍ നാടകം” എന്നതായിരുന്നു (ഇവിടെ ക്ലിക്കി കേരള വാര്‍ത്തകളില്‍ മൂന്നാം വാര്‍ത്ത). ദീപികയെ കുറ്റം പറയാന്‍ പറ്റില്ല. ഞാന്‍ എന്തായാലും പ്രതീക്ഷിച്ചില്ല, സംഗതി ഇത്രത്തോളമെങ്കിലുമെത്തുമെന്ന്. അതുകൊണ്ട് ദീപിക കുടിയൊഴിപ്പിക്കലിനെ നാടകമായി തെറ്റിദ്ധരിച്ചതില്‍ ഒരു കുറ്റവും പറയാന്‍ പറ്റില്ല.

ഉദ്യോഗസ്ഥമാറ്റത്തിനെതിരെ ഇടതുമുന്നണി എന്ന് മറ്റെല്ലാ പത്രങ്ങളെയും പോലെ ദീപികയും എഴുതി പത്താം തീയതി. ശ്രീ പിണറായി വിജയനും ശ്രീ വെളിയം ഭാര്‍ഗ്ഗവനും ഉള്‍പ്പടെയുള്ളവര്‍ ശ്രീ രാജു നാരായണ സ്വാമിയുടെയും ശ്രീ സുരേഷ് കുമാറിന്റെയുമൊക്കെ നിയമനത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ചു എന്ന രിതിയില്‍ തന്നെയായിരുന്നു വാര്‍ത്ത. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് കോട്ടയത്തെ റേഷന്‍ മാഫിയക്കെതിരെ ശ്രീ രാജു നാരായണ സ്വാമി നടത്തിയ ഇടപെടലുകളിലെ, മറ്റു പത്രങ്ങളില്‍ അധികമായി (ഞാന്‍) കാണാത്ത കാര്യം, ദീപിക ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നതാണ്. അദ്ദേഹത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയാല്‍ കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യമാഫിയയ്ക്ക് സര്‍ക്കാര്‍ കീഴടങ്ങി എന്ന് വ്യാഖ്യാനിക്കപ്പെടും എന്ന് ശ്രീ പിണറായി വിജയനും ശ്രീ വെളിയം ഭാര്‍ഗ്ഗവനും ശക്തിയായിത്തന്നെ പറഞ്ഞു എന്ന് ദീപിക പറഞ്ഞു (മൂന്നാര്‍ ആസ്ഥാനമാക്കി കൊല്ലങ്ങളായി പ്രവര്‍ത്തിക്കുന്ന ഭൂമിമാഫിയയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഇടുക്കിയിലേക്ക് മാറ്റിയതെന്ന കാര്യം ഇത്തരുണത്തില്‍ മറക്കരുതേ). ഇവിടെയും കുറച്ചൊക്കെ ദുഷ്‌ബുദ്ധിയുള്ള എന്നെപ്പോലുള്ളവര്‍ക്കേ ദീപികയില്‍ കുറ്റം കാണാന്‍ സാധിക്കൂ.

ആ ദിവസത്തെ വാര്‍ത്തയില്‍ തന്നെ കൈയ്യേറ്റം, മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്ന തലക്കെട്ടില്‍ അതിനായി നിയോഗിക്കപ്പെട്ട ആള്‍ക്കാരായ ശ്രീ സുരേഷ് കുമാറും ശ്രീ ഋഷിരാജ് സിംഗുമൊക്കെ ഏതൊക്കെ കേസുകളില്‍ പെട്ടിട്ടുണ്ടെന്നും എന്തൊക്കെ ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉണ്ടെന്നുമൊക്കെ ദീപിക നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ശ്രീ രാജു നാരായണസ്വാമിയുടെ റേഷന്‍ മാഫിയയുദ്ധം എടുത്തിടാന്‍ ഇവിടെയും ദീപിക മറന്നിട്ടില്ല. മൊത്തത്തില്‍ വായനക്കാര്‍ക്ക് ഇവരെപ്പറ്റി ഒരു ഫീല്‍ ഗുഡ് ഫീലിംഗ്സ് തരാന്‍ ദിപിക ശ്രമിക്കുന്നുണ്ട്.

പതിനൊന്നാം തീയതിയായപ്പോള്‍ പയ്യെപ്പയ്യെ ദീപികയുടെ കണ്ട്രോള്‍ പോകാന്‍ തുടങ്ങിയോ എന്നൊരു സംശയം. വിവാദ മന്ത്രിസഭാ തീരുമാനം അടുത്തയാഴ്ച റദ്ദാക്കിയേക്കും എന്ന് ദീപികയുടെ പ്രത്യാശാ തലക്കെട്ടാണ് ഹൈലൈറ്റ് (ഇവിടെ, കേരളാ വാര്‍ത്തയില്‍ ആദ്യ വാര്‍ത്ത). “ആക്കിയേക്കും” എന്നൊക്കെയാണ് തലക്കെട്ടെങ്കിലും വാര്‍ത്തയില്‍ “ആക്കും” എന്ന ഉറപ്പ് തന്നെയാണ് ഇവിടെ ദീപിക വായനക്കാര്‍ക്ക് കൊടുക്കുന്നത്. അതിന്റെ സാങ്കേതികതയും വളരെ വിശദമായിത്തന്നെ ദീപിക പറയുന്നുണ്ട്. സര്‍ക്കാരിന്റെ ഭരണപരമായ ചുമതലയുടെ ടെക്‍നിക്കാലിറ്റി കൊണ്ടല്ലേ രാജു നാരായണസ്വാമിയൊക്കെ ഇടുക്കിയിലേക്ക് പോയത്. ദോ അടുത്തയാഴ്ച അദ്ദേഹം കോട്ടയത്ത് വന്ന് റേഷന്‍ മാഫിയയ്ക്കെതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരും. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു വാര്‍ത്തയാണ് അത്-പ്രത്യേകിച്ചും കാര്യങ്ങള്‍ ഇന്നത്തെ അത്രത്തോളമായ സ്ഥിതിക്ക്.

പതിനാലാം തീയതിയായപ്പോള്‍ എന്താ പറയേണ്ടത്, എങ്ങിനെയാ പറയേണ്ടത് എന്നൊക്കെ സംശയമായോ ദീപികയ്ക്കെന്നും സംശയം (ഇവിടെ കേരള വാര്‍ത്തയില്‍ രണ്ടാം വാര്‍ത്ത). പൊളിക്കല്‍ നാടകം തുടരുന്നു, കൈയ്യേറ്റക്കാര്‍ സുരക്ഷിതര്‍ എന്നതാണ് തലക്കെട്ട്. അതുവരെ ചെറുകിടക്കാരെ മാത്രമേ ഒഴിപ്പിക്കുന്നുള്ളൂ, വന്‍‌കിടക്കാര്‍ സുരക്ഷിതര്‍ എന്നൊക്കെ വിലപിച്ച ദീപിക, ഒരു അഞ്ചുനിലക്കെട്ടിടം പൊളിച്ചപ്പോള്‍ ടാറ്റായെപ്പോലുള്ള അതിലും വന്‍‌കിടക്കാരെ ഒഴിപ്പിക്കാതെയുള്ള നാടകമാണെന്ന രീതിയില്‍ പ്ലേറ്റ് മാറ്റി. മാത്രമല്ല, നാടകത്തിന് തെളിവായി വേറൊന്നും ആ വാര്‍ത്തയിലൊട്ടില്ല താനും. കൈയ്യേറ്റമൊഴിപ്പിക്കല്‍ കാര്യക്ഷമമായി നടക്കുന്നു എന്ന തോന്നല്‍ അടുത്ത മന്ത്രിസഭാ യോഗം വരെ നിലനിര്‍ത്താനുള്ള ശ്രമം മാത്രമാണെന്ന ധ്വനിയും തരുന്നുണ്ട് ദീപിക.

പതിനഞ്ചാം തീയതിയിലെ വാര്‍ത്തയില്‍ ദീപികയുടേതായ പുതുമയൊന്നുമില്ലെങ്കിലും സി.പി.ഐ ഓഫീസ് പൊളിച്ചത് “വന്‍” വിവാദമായിരിക്കുകയാണെന്നാണ് വാര്‍ത്തയ്ക്കുള്ളില്‍. ലേഖകന്‍ ആവേശം കൊണ്ടതാണോ എന്നൊരു സംശയം.

ഇന്ന് (പതിനാറാം തീയതി) ആയപ്പോള്‍ പതിനൊന്നാം തീയതി വിവാദ മന്ത്രിസഭാ തീരുമാനം അടുത്തയാഴ്ച എന്തായാലും റദ്ദാക്കും എന്ന് ഉറപ്പ് തന്ന് ദീപിക “മൂന്നാര്‍-മുഖ്യമന്ത്രിയുടെ തന്ത്രം പാളി, ഉദ്യോഗസ്ഥരെ മാറ്റില്ല” എന്ന് പ്ലേറ്റെടുത്ത് കമഴ്ത്തിയിട്ട്, ഒരു കറക്ക് കറക്കി തിരിച്ച് വെച്ചിട്ട്, ഒന്നുകൂടി കമഴ്ത്തിയിട്ട് ഒന്നുകൂടി തിരിച്ച് വെച്ചു. നോക്കണേ, അതിനു മുന്‍പ് വരെ, എത്രമാത്രം ധിക്കാരപരമായാണ് മുന്നണി തീരുമാനത്തിനു വരെ എതിരെ ശ്രീ അച്യുതാനന്ദന്‍ പ്രവര്‍ത്തിക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരം ഉദ്യോഗസ്ഥരെ നിയമിച്ചു എന്നൊക്കെ നമ്മളെ ബോധ്യപ്പെടുത്തി, എന്നാല്‍ തന്നെയും അച്യുതാനന്ദന്റെ കളിയൊന്നും മുന്നണി സമ്മതിച്ച് കൊടുക്കില്ല, അവരെയെല്ലാം അടുത്തയാഴ്ച തന്നെ പഴയ ലാവണങ്ങളിലേക്ക് മാറ്റും, റേഷന്‍ മാഫിയയ്ക്കെതിരെ രാജു നാരായണസ്വാമിക്ക് പോരാടാനുള്ളതാണ് എന്നൊക്കെ നമുക്ക് ഉറപ്പ് തന്നിട്ട്, ഇന്ന് ദീപിക പറയുന്നു, ഈ വിഷയത്തില്‍ തങ്ങളെ വെട്ടിലാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ പ്രതിരോധിക്കാനായി മാറ്റം വേണ്ട എന്ന് എല്ലാവരും തീരുമാനിച്ചെന്ന്. ഉദ്യോഗസ്ഥരെ മാറ്റേണ്ട എന്ന തീരുമാനം സ്വീകരിച്ചതോടെ മുഖ്യമന്ത്രിയുടെ തന്ത്രം അട്ടിമറിക്കാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലിലാണത്രേ സി.പി.ഐയും സി.പി.എമ്മും. സ്വന്തം ഇഷ്ടപ്രകാ‍രമുള്ള അച്യുതാനന്ദന്റെ കളിയൊന്നും നടക്കില്ല എന്ന് ഇതുവരെ പറഞ്ഞ ദീപിക എതിരാളികളെ വെട്ടിലാക്കാനുള്ള അച്യുതാനന്ദന്റെ കളിയൊന്നും നടക്കില്ല എന്നാക്കി. ഇതിനെയാണോ ഇഷ്ടമില്ലാത്ത അച്ച്യു ചെയ്യുന്നതെല്ലാം കുറ്റം എന്ന പഴമൊഴികൊണ്ടുദ്ദേശിക്കുന്നത്?

ഇതിനിടയ്ക്ക് ക്രെഡിറ്റെല്ലാം അച്യുതാനന്ദന്‍ കൊണ്ടുപോയി, പിണറായി വിജയന്‍ പറയുന്നത് ആരും കേള്‍ക്കുന്നും കൂടെയില്ല എന്ന രീതിയില്‍ ദീപിക വിലപിച്ചതെവിടെയെന്ന് നോക്കിയിട്ട് ആ വാര്‍ത്തയൊട്ട് കാണാനും പറ്റിയില്ല.

പ്രതിലോമവാദം, പ്രതിലോമകരം എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് ദീപിക എന്നെ പഠിപ്പിച്ചു.

(എന്നാലും മൂന്നാര്‍ മൊത്തമായും ക്ലീനാവുമോ എന്ന് എനിക്കിപ്പോഴും സംശയമുണ്ട് കേട്ടോ. ഇതുവരെയുള്ള അനുഭവങ്ങള്‍ അങ്ങിനെയല്ലല്ലോ. എന്റെ സംശയം തെറ്റട്ടെ).

Labels: , , , ,

Sunday, May 13, 2007

കെന്‍‌ഗോ നികാവയുടെ വാച്ച്മകന്‍ കാസുവോ സമ്മാനമായി കൊടുത്ത വാച്ച് കിട്ടിയതില്‍ പിന്നെ കെന്‍‌ഗോ നികാവയെ ആ വാച്ചില്ലാതെ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. 1945 ആഗസ്റ്റ് 6ന് രാവിലെ 8.15ന് ആ വാച്ച് നിലച്ചു. അതിന് ഒരിക്കല്‍ കൂടി കീ കൊടുക്കാനാവാതെ ആഗസ്റ്റ് 22ന് കെന്‍‌ഗോ നികാവ മരിക്കുകയും ചെയ്തു; കാരണമായതോ-1945 ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ കെന്‍‌കോ നികാവയുടെ ജോലിസ്ഥലത്തിനും ഒന്നര കിലോമീറ്ററപ്പുറം അമേരിക്ക നടത്തിയ ചില പരീക്ഷണങ്ങള്‍.

നമ്മുടെ നാട്ടില്‍ നിന്നും പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറം നടന്ന ഒരു സംഭവമാണെങ്കിലും, നടന്നിട്ട് അമ്പത് കൊല്ലങ്ങളില്‍ കൂടുതലായെങ്കിലും, ആ സംഭവം നടന്ന സമയത്ത് നമ്മളില്‍ പലരും ജനിച്ചിട്ടുകൂടിയില്ലെങ്കിലും ഹിരോഷിമ മ്യൂസിയത്തിലെ ഓരോ ദൃശ്യവും നമുക്ക് തരുന്നത് വിവരിക്കാവുന്നതിലും അപ്പുറത്തുള്ള ചില വികാരങ്ങളാണ്.

കഴിഞ്ഞ കൊല്ലം ഹിരോഷിമ മ്യൂസിയത്തില്‍ പോകണമെന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ചില ജപ്പാന്‍‌കാര്‍ക്ക് അത്‌ഭുതമായിരുന്നു. അതിനടുത്തുള്ള പൂന്തോട്ടങ്ങളും പ്രകൃതി ദൃശ്യവുമൊക്കെയുള്ള സ്ഥലത്തും കൂടി പോകുന്നുണ്ടോ എന്നും അറിയണമായിരുന്നു ചിലര്‍ക്ക്. പക്ഷേ ചിലര്‍ പറഞ്ഞു-നമ്മള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ആ മ്യൂസിയം എന്ന്. കഴിഞ്ഞതെല്ലാം മറക്കാനുള്ള ശ്രമവും, ഇത്രയും വലിയ ഒരു ആഘാതം തങ്ങള്‍ക്ക് സമ്മാനിച്ചിട്ടും അത് നല്‍‌കിയ അമേരിക്കയോട് പൊറുക്കാനും (അതിന്റെ ഉള്ളിലെ വികാരങ്ങള്‍ എനിക്കറിയില്ല), ആ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് let's move on എന്ന രീതിയില്‍ മുന്നോട്ട് പോകാനുമൊക്കെയുള്ള ജപ്പാന്‍‌കാരുടെ ശ്രമങ്ങള്‍ ആ പ്രതികരണങ്ങളില്‍ കാണാന്‍ സാധിച്ചു. അവിടം സന്ദര്‍ശിച്ചപ്പോള്‍ അത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലം തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

ഉത്സവത്തിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ ഹിരോഷിമയെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഈ ചിത്രം തന്നെ.ഇതാണ് ഹിരോഷിമയിലെ അറ്റോമിക് ബോംബ് ഡോം. ഈ കെട്ടിടം ഒരു സ്മാരകമായി നിര്‍ത്തണോ അതോ ആറ്റം ബോംബിംഗിന്റെ ഓര്‍മ്മകള്‍ മറക്കാനായി നശിപ്പിച്ച് കളയണോ എന്നുള്ള സംശയം ഹിരോഷിമയ്ക്കുണ്ടായിരുന്നു. അവസാനം ഇത് നിലനിര്‍ത്താന്‍ തന്നെയാണ് സിറ്റി കൌണ്‍സില്‍ തീരുമാനിച്ചത്. ഈ കെട്ടിടം Hiroshima Prefectural Industrial Promotion Hall എന്നായിരുന്നു ബോംബിംഗിന് മുന്‍പ് അറിയപ്പെട്ടിരുന്നത്. ഹിരോഷിമയിലെ വ്യാവസായിക പ്രദര്‍ശന ഹാളോ മറ്റോ ആയിരുന്നു, ആ കെട്ടിടം. പക്ഷേ 1944-ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ട് ഗവണ്മെന്റ് ഓഫീസോ മറ്റോ ആക്കി മാറ്റി ഈ കെട്ടിടം.

ഈ കെട്ടിടത്തിന് 150 മീറ്റര്‍ അകലെയായിരുന്നു ബോംബിംഗിന്റെ ഹൈപോസെന്റര്‍ എന്ന് വിക്കിപ്പീഡിയയും, ഈ കെട്ടിടത്തിന്റെ 600 മീറ്റര്‍ ഉയരത്തിലായിട്ടാണ് വിസ്‌ഫോടനം നടന്നതെന്ന് അതിനുമുന്നിലെ ലിഖിതത്തിലും പറയുന്നു (രണ്ടും ഒരേ അളവിനെത്തന്നെയാണോ കാണിക്കുന്നതെന്നറിയില്ല). അറ്റോമിക് ബോംബ് വീണ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ മൊത്തമായി നശിക്കാതെ നിന്ന ചുരുക്കം ചില കെട്ടിടങ്ങളിലൊന്നാണ് ഇത്. ഇത് ഇപ്പോള്‍ യുനെസ്‌കോയുടെ വേള്‍ഡ് ഹെരിറ്റേജ് സൈറ്റുകളില്‍ ഒന്നാണ്. പ്രതീക്ഷിച്ചതുപോലെ ഇത് വേള്‍ഡ് ഹെരിറ്റേജ് സൈറ്റാക്കുന്നതില്‍ ചൈനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു (ഇവിടെ വിശദീകരിച്ചിട്ടുണ്ട്). അമേരിക്കയ്ക്കും അതില്‍ താല്‍‌പര്യമില്ലായിരുന്നു എന്നാണ് വിക്കിപ്പീഡിയ പറയുന്നത്. എന്തായാലും മറ്റനേകം പേരെപ്പോലെ ആ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരും ആ നിമിഷത്തില്‍ തന്നെ മരിച്ചു.

ഷിന്‍ ഇച്ചിയുടെ ട്രൈസിക്കിള്‍തന്റെ വീടിനു മുന്നില്‍ ട്രൈസിക്കിളില്‍ കളിച്ചുകൊണ്ടിരുന്ന ഷിന്‍ ഇച്ചിക്ക് അന്ന് നാലു വയസ്സോളമായിരുന്നു പ്രായം. ഒന്നര കിലോമീറ്റര്‍ അകലെ ഉണ്ടായ ബോംബ് സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരൊറ്റ സെക്കന്റില്‍ ഷിന്‍ ഇച്ചിയുടെ വീട് തകര്‍ന്ന് വീണ് കത്താന്‍ തുടങ്ങി. ഷിന്‍ ഇച്ചിയുടെ അച്ഛന്‍ ഒരുവിധത്തില്‍ ഷിന്നിന്റെ അമ്മയെയും എടുത്ത് വീടിനു പുറത്ത് കടന്നു. ഷിന്നിച്ചിയുടെ അമ്മൂമ്മയാണ് ഷിന്‍‌ഇച്ചിയെ വീടിനു വെളിയില്‍ നിന്നും എടുത്തത്. അന്ന് രാത്രി ഷിന്‍ ഇച്ചി മരിച്ചു. തന്റെ മകനെ ദൂരെയുള്ള കല്ലറയില്‍ ആരും കൂട്ടിനില്ലാതെ അടക്കം ചെയ്യാന്‍ മനസ്സനുവദിക്കാത്ത അച്ഛന്‍ തന്റെ മകന്റെ കൈ അടുത്ത വീട്ടിലെ മരിച്ചുപോയ ഷിന്നിന്റെ കളിക്കൂട്ടുകാരിയുടെ കൈയ്യുമായി ബന്ധിച്ച് ഷിന്നിച്ചിയുടെ സന്തതസഹചാരിയായ ട്രൈസൈക്കിളിനോടൊപ്പം അടക്കം ചെയ്തു. ഷിന്‍ ഇച്ചിയുടെ ഏഴുവയസ്സുള്ള ചേച്ചിയും ഒരു വയസ്സുള്ള അനുജനും കത്തിച്ചാരമായി. നാല്‍‌പത് കൊല്ലങ്ങള്‍ക്ക് ശേഷം ഷിന്‍‌ഇച്ചിയുടെ അച്ഛന്‍ കല്ലറയില്‍ നിന്നും ഈ ട്രൈസൈക്കിള്‍ കുഴിച്ചെടുത്ത് പീസ് മെമ്മോറിയല്‍ മ്യൂസിയത്തിന് കൈമാറി.

അണുബോംബിന്റെ ഭീകരത മനസ്സിലാക്കിത്തരുന്ന ഇത്തരത്തിലുള്ള ധാരാളം ദൃശ്യങ്ങള്‍ ഹിരോഷിമയിലെ പീസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ ലഭ്യമാണ്.

എന്തുകൊണ്ട് ഹിരോഷിമ?

ക്യോട്ടോ, ഹിരോഷിമ, യോകൊഹാമ, കൊക്കുര എന്നീ സ്ഥലങ്ങളായിരുന്നു അണുബോംബിംഗിനുള്ള ലക്ഷ്യങ്ങളായി ആദ്യം നിശ്ചയിച്ചത്. ക്യോട്ടോയില്‍ ബോംബിട്ടാല്‍ ആ സ്ഥലത്തോട് ജപ്പാന്‍‌കാര്‍ക്കുള്ള ബൌദ്ധികവും സാംസ്കാരികവുമായ അടുപ്പം വളരെ നല്ലൊരു ഇഫക്ട് കൊടുക്കുമെന്ന കണക്കുകൂട്ടലുമുണ്ടായിരുന്നു. എന്തെങ്കിലും സൈനിക കേന്ദ്രങ്ങളിലോ ചെറിയ സ്ഥലങ്ങളിലോ ബോംബിട്ടാല്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല എന്നതുകൊണ്ട് നഗരങ്ങളില്‍ തന്നെ ഇടണമെന്നതായിരുന്നു ബോംബ് കമ്മറ്റിയുടെ തീരുമാനം. പക്ഷേ ബോംബിംഗിന്റെ ആസൂത്രകരില്‍ ഒരാളായ ഹെന്‍‌റി സ്റ്റിംസണിന്റെ താത്‌പര്യപ്രകാരം ക്യോട്ടോ ഒഴിവാക്കി. സ്റ്റിംസണ്‍ വളരെ പണ്ട് ക്യോട്ടോയില്‍ ആഘോഷിച്ച മധുവിധുവും ഒരു കാരണമായിരുന്നത്രേ (ഇവിടെയും ചെറിയ ഒരു ചര്‍ച്ച ഇതിനെപ്പറ്റി നടന്നിരുന്നു).

ഹിരോഷിമ തിരഞ്ഞെടുത്തതിനും ധാരാളം കാരണങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ടോക്കിയോ മുതലായ സ്ഥലങ്ങളില്‍ ഫയര്‍ ബോംബിംഗ് ഉള്‍പ്പടെയുള്ളവ നടത്തിയത് കാരണം അണുബോംബിന്റെ യഥാര്‍ത്ഥ ഫലങ്ങള്‍ അറിയണമെങ്കില്‍ ബോംബിംഗ് നടത്താത്ത ഒരു സ്ഥലം വേണമെന്നായിരുന്നത്രേ “ഗവേഷകര്‍ക്ക്”(കുറച്ച് കാര്യങ്ങള്‍ ഇവിടെ). വല്ല കാട്ടിലും മലയിലും ബോംബിടുന്നതിലും അവര്‍ക്ക് താത്‌പര്യമില്ലായിരുന്നു, കാരണം ഭീകരതയും ആള്‍നാശവുമുള്‍പ്പടെയുള്ള നാശനഷ്ടങ്ങള്‍ എത്രയും കൂടുന്നോ അത്രയും പെട്ടെന്ന് ജപ്പാന്‍ കീഴടങ്ങുമെന്നുള്ളതായിരുന്നു ഇതിന്റെ സംഘാടകരുടെ കണക്കുകൂട്ടല്‍. മുന്‍‌കൂട്ടി അറിയിച്ചിട്ട് അണുബോംബിട്ടാല്‍ ജപ്പാന്‍ ചിലപ്പോള്‍ യുദ്ധത്തടവുകാരെ അവിടെ കൊണ്ടുപോയി നിര്‍ത്താനുള്ള സാധ്യതയുമുണ്ടാവുമായിരുന്നത്രേ. സൈനികമായും വ്യാവസായികമായും പ്രാധാന്യമുള്ള സ്ഥലവുമായിരുന്നു ഹിരോഷിമ. അണുബോംബ് “പരീക്ഷണം” മനസ്സില്‍ വെച്ചുകൊണ്ടായിരുന്നോ എന്നറിയില്ല, മറ്റുള്ള ബോംബിഗ് ഒന്നും ഇവിടെ നടത്തിയിരുന്നില്ല. കൊല്ലാന്‍ പോകുന്ന ജീവിക്ക് നല്ല ഭക്ഷണമൊക്കെ കൊടുത്ത് സുഖിപ്പിച്ച് നിര്‍ത്തുന്ന തരം രീതി! ഹിരോഷിമയുടെ വേറൊരു ഗുണം അവര്‍ കണ്ടത്, പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സ്ഥലമായതുകൊണ്ട് നല്ലൊരു ഫോക്കസിംഗ് ഇഫക്റ്റ് കിട്ടുമത്രേ, അവിടെ ബോംബിട്ടാല്‍.

എന്തുകൊണ്ട് ജപ്പാന്‍?

ഇവിടെയും പല കാരണങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നു. പേള്‍ ഹാര്‍ബറില്‍ ജപ്പാന്റെ ആക്രമണം, ബോംബിട്ടില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന സഖ്യകക്ഷികളുടെ സൈനിക നഷ്ടം, റഷ്യയുമായി ജപ്പാന്‍ ഉണ്ടാക്കിയേക്കുമോ എന്ന് ഭയന്ന ഉടമ്പടി മുതല്‍ റേസിസം/മതം വരെ കാരണമായി പറയുന്നുണ്ട്. ഇത്രയും ഭയാനകമായ ഒരു സംഭവമാകുമ്പോള്‍ വാദങ്ങളും മറുവാദങ്ങളും കോണ്‍‌സ്പിരസി തിയറികളും ധാരാളമുണ്ടാവുമല്ലോ. ജപ്പാനിലല്ല, ജര്‍മ്മനിയിലായാലും പൊലിയുന്നത് ഒന്നുതന്നെയാണല്ലോ. അതുകൊണ്ട് എന്തുകൊണ്ട് ജപ്പാന്‍ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല എന്ന് തോന്നുന്നു-അതിന്റെ സൂത്രധാരന്മാരുടെ മനഃശാസ്ത്രത്തെപ്പറ്റി കുറച്ചുകൂടി പഠിക്കാം എന്നതൊഴിച്ചാല്‍. എന്തായാലും ജപ്പാന്‍ യുദ്ധത്തില്‍ ഒരുമാതിരി തോറ്റ രീതി തന്നെയായിരുന്നു ബോംബിംഗിനു മുന്‍പ്. പക്ഷേ സഖ്യകക്ഷികള്‍ക്ക് വേണ്ടിയിരുന്നത് യാതൊരു ഉപാധികളുമില്ലാതെയുള്ള ജപ്പാന്റെ കീഴടങ്ങള്‍ പ്രഖ്യാപനമായിരുന്നു. അതിന് ജപ്പാന്‍ തയ്യാറായുമില്ല. അതിന്റെ കൂടെ വാശി, വൈരാഗ്യം, ആകാംക്ഷ (ന്യൂക്ലിയര്‍ ബോംബിട്ടാല്‍ എന്തൊക്കെ സംഭവിക്കുമെന്നൊന്നറിയണമല്ലോ) തുടങ്ങിയ വികാരങ്ങളും പ്രചോദനമായിക്കാണണം. ഐന്‍സ്റ്റൈനെയും ഓര്‍ക്കണം, മറ്റു പലരേയും ഓര്‍ക്കണം അണുബോംബിന്റെ കാര്യത്തില്‍.

എന്തായാലും ആ ബോംബിംഗിലേക്ക് നയിച്ച ഒരു ചരിത്രം ജപ്പാനുണ്ടായിരുന്നു എന്നതും ദുഃഖകരമായ വസ്തുത. കൊറിയയിലും ചൈനയിലും ഫിലിപ്പീന്‍‌സിലുമുള്‍പ്പടെ ജാപ്പനീസ് സൈനികര്‍ നടത്തിയ അതിക്രമങ്ങളെപ്പറ്റിയും അവര്‍ തടവിലാക്കിയ ആയിരക്കണക്കിന് യുദ്ധത്തടവുകാരെയും ഇത്തരുണത്തില്‍ ഓര്‍ക്കണം. പക്ഷേ ചൈനയും കൊറിയയുമൊക്കെ ഇപ്പോള്‍ സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനും ഇടയ്ക്കിടയ്ക്ക് ആ സംഭവങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. നാട്ടില്‍ സ്വല്പം അസ്വസ്ഥത എവിടെയെങ്കിലുമുണ്ടായാല്‍ ചൈന ചെയ്യുന്നത് ഒരു ജപ്പാന്‍ വിരുദ്ധ വികാരം ഇളക്കി വിടുക എന്നതാണ്. അത് കേട്ടാ‍ല്‍ ചൈനക്കാര്‍ ബാക്കി എല്ലാം മറക്കും.

(ജപ്പാന്‍‌കാര്‍ക്ക് ചക്രവര്‍ത്തി എന്ന് പറഞ്ഞാല്‍ ദൈവതുല്ല്യമായിരുന്നു. അതുകൊണ്ട് ജപ്പാന്‍ കീഴടങ്ങി എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലത്രേ. സുപ്പീരിയര്‍ ഓഫീസറില്‍‌നിന്നും ഉത്തരവൊന്നും കിട്ടാത്തതുകാരണം യുദ്ധം തീര്‍ന്നു എന്നംഗീകരിക്കാതെ യുദ്ധത്തിനു ശേഷം 29 കൊല്ലത്തോളം ഫിലിപ്പൈന്‍‌സില്‍ത്തന്നെ കഴിഞ്ഞ ജാപ്പനീസ് സൈനികരിലൊരാളാണ് ഹിരൂ ഒനോഡ (ഇവിടെയുമുണ്ട്). വളരെ വിഷമിക്കേണ്ടി വന്നു, അദ്ദേഹത്തെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍. ഒരു വിധത്തില്‍ പുള്ളിയുടെ സുപ്പീരിയര്‍ ഓഫീസറെ (അയാളാണെങ്കില്‍ ജപ്പാനില്‍ ബുക്ക് കച്ചവടക്കാരനായിരുന്നു അപ്പോഴേക്കും) കണ്ടുപിടിച്ച് പുള്ളിയെയും കൊണ്ട് ഫിലിപ്പൈന്‍സില്‍ പോയി ആയുധം താഴെവെയ്ക്കാന്‍ പറഞ്ഞ ശേഷമാണ് ഹിരു ഒനോഡ കീഴടങ്ങിയത്).

ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇവിടെ. വെര്ച്വല്‍ ടൂറുമുണ്ട്.

ഹിരോഷിമയിലെ ആറ്റം ബോംബിംഗിനു ശേഷമുള്ള ചില ദൃശ്യങ്ങളും പ്രദര്‍ശന വസ്തുക്കളും ഇവിടെ കാണാം. സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണപാത്രങ്ങള്‍ ഭക്ഷണത്തോടെ കരിഞ്ഞുപോയതും ഹൈപ്പോസെന്ററിന് ഇരുനൂറ്ററുപത് മീറ്റര്‍ മാത്രമകലെ ബാങ്കിന്റെ നടയില്‍ ഇരുന്നയാളുടെ നിഴല്‍‌പ്പാടുകള്‍ അവിടെ സ്ഥിരമായി പതിഞ്ഞതും എന്തിന് മനുഷ്യന്റെ നഖത്തിന് അണുവിസ്‌ഫോടനം എന്ത് മാറ്റമുണ്ടാക്കും എന്നുവരെ ഇവിടെ കാണാം. പഠനവസ്തുക്കള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്തയിടം.

അറ്റോമിക് ബോംബിന്റെ ശക്തിയെപ്പറ്റിയുള്ള ലഘുവിവരണം ഇവിടെ. ഉരുകിച്ചേര്‍ന്ന കുപ്പിഗ്ലാസ്സുകളും (ഗ്ലാസ്സ് ഉരുകുന്നത് 1400-1600 ഡിഗ്രി സെല്‍‌ഷ്യസില്‍) തയ്യല്‍ സൂചികളും സെറാമിക് കപ്പുകളും അണുവിസ്ഫോടനം ഉണ്ടാക്കിയ ചൂടിന്റെ ചെറിയ സൂചികകള്‍ മാത്രം.

അണുവിസ്ഫോടനത്തിനു ശേഷമുള്ള ഒരു ദൃശ്യത്തിന്റെ ഫോട്ടോയുടെ ഫോട്ടോ.ഈ പോസ്റ്റ് ഇടാനുള്ള പ്രചോദനം ഉത്സവത്തിന്. അദ്ദേഹത്തിനെ ഈ പോസ്റ്റില്‍ ഹിരോഷിമയെപ്പറ്റി കാര്യമാത്രപ്രസക്തമായി പറഞ്ഞിരിക്കുന്നു. അവിടുത്തെ ഏവൂരാന്റെ കമന്റും കൂടിയായപ്പോള്‍ പിന്നെ ഒന്നുമാലോചിച്ചില്ല, ഞാനുമിട്ടു :) ഉത്സവമേ, ഏവൂരാനേ, നന്ദി.

Labels: , , , ,

Thursday, May 10, 2007

മാതൃകാ രാഷ്ട്രീയക്കാര്‍

മനോരമ വാര്‍ത്ത:


കടപ്പാട്-മനോരമ ഓണ്‍ലൈന്‍ എഡിഷന്‍, മേയ് 10, 2007

അതായത് അണ്ണന്റെ കൈയ്യില്‍ എല്ലാ തെളിവുകളുമുണ്ട്. വലിയ ഉപദ്രവമൊന്നുമില്ലാതെ മമ്മൂട്ടി സ്വന്തം കാര്യം നോക്കി നടക്കുകയാണെങ്കില്‍ അതൊന്നും വെളിയില്‍ വിടില്ല. അതല്ലാതെ സി.പി.എമ്മിന്റെ ബ്രാന്‍ഡ് അംബാസിഡറാകാനോ മറ്റോ ആകാനാണ് ശ്രമമെങ്കില്‍ എല്ലാ തെളിവുകളും പുറത്ത് വിടും.

യൂത്ത് കോണ്‍ഗ്രസ്സിന്റെ മാതൃകാ രാഷ്ട്രീയ പ്രവര്‍ത്തനം!

Labels: , , , , ,

Monday, May 07, 2007

നല്ല അനുസരണയുള്ള പത്രങ്ങള്‍


കടപ്പാട്- മനോരമ ഓണ്‍ലൈന്‍ എഡിഷന്‍

“എന്റെ കല്ല്യാണ ഫോട്ടോയെടുക്കരുത്, പത്രത്തില്‍ കൊടുക്കരുത്” - അദ്ദേഹം അത്രയേ പറഞ്ഞുള്ളൂ. മനോരമ പ്രോം‌പ്‌റ്റായി കല്ല്യാണഫോട്ടോയുമെടുത്തു, പത്രത്തിലുമിട്ടു. ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍!

മനോരമ അദ്ദേഹത്തിന്റെ വാക്കുകള്‍ ആ ഫോട്ടോയോടുകൂടിയിട്ട് പത്രധര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ സാധാരണ ഓണ്‍ലൈന്‍ എഡിഷനില്‍ ചിത്രങ്ങള്‍ കേരള/ഇന്ത്യ/ലോക വാര്‍ത്തകളുടെയൊക്കെയൊപ്പം കൊടുക്കാത്ത കരാളകൌമുദി അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ചിത്രം ഓണ്‍ലൈന്‍ എഡിഷന്റെ ഉള്‍പ്പേജില്‍ സ്പെഷ്യലായി കൊടുത്തും പത്രധര്‍മ്മം നിറവേറ്റി. ചിത്രം ഇടരുത് എന്ന കാര്യം മനോരമയോട് മാത്രമായി പറഞ്ഞതുകൊണ്ടാണോ എന്തോ, കേരള കൌമുദി അക്കാര്യമൊന്നും മിണ്ടിയിട്ടുമില്ല.


കടപ്പാട്- കേരള കൌമുദി ഓണ്‍ലൈന്‍ എഡിഷന്‍

(അദ്ദേഹത്തിന്റെ വികാരം മാനിച്ച് കട്ടിംഗുകളില്‍ നിന്നും ചിത്രം അവ്യക്തമാക്കി. മനോരമ വാര്‍ത്തയും പടവും ഇവിടുണ്ട്).

Labels: , , , , , , ,