Sunday, December 09, 2007

വക്കാരീസ് ടിപ് ഫോര്‍ സ്ട്രെസ് ഫ്രീ പ്രതികാരം.

ജീവിതത്തില്‍ ആരോടെങ്കിലും ഏതെങ്കിലും രീതിയില്‍ എന്തെങ്കിലും പ്രതികാരം ചെയ്യണമെന്ന് തോന്നാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അടുത്ത ബ്ലോഗിലേക്ക് പോവുക. അല്ലാത്തവര്‍ ഈ പോസ്റ്റ് മൊത്തം വായിക്കുക (വല്ല കാര്യവുമുണ്ടോ പ്രതികാരചിന്തകള്‍ കൊണ്ടുനടന്നിട്ട്? ദോ ഇപ്പോള്‍ ഇതു മൊത്തം വായിക്കേണ്ടി വന്നില്ലേ?):)

അതായത് നമുക്ക് ആരോടെങ്കിലും എന്തെങ്കിലും കാര്യത്തിന്റെ പേരില്‍ പ്രതികാരം ചെയ്യണം. മധുരമായ പ്രതികാരം, മധുരമായ പ്രതികാരം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും എങ്ങിനെയാണ് അതൊക്കെ മധുരമാവുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. അതുകൊണ്ട് ഞാന്‍ എന്റേതായ ഒരു പ്രതികാര സ്ട്രാറ്റജി ഉണ്ടാക്കി.

സാധാരണ പ്രതികാരമെന്ന് കേള്‍ക്കുമ്പോള്‍ ഉടന്‍ നമ്മുടെ മനസ്സില്‍ വരുന്നത് അപരന്റെ അധോഗതി, നാശം, അയാള്‍ നീറിനീറി നീറി നീറുകടിച്ചതുപോലെ നടക്കുന്നത് ഇതൊക്കെയല്ലേ? ഇതൊക്കെ ഇങ്ങിനെയേ ആകാവൂ എന്നാരാണ് പറഞ്ഞത്? ഒരുത്തനോട് പ്രതികാരം ചെയ്താല്‍ പിന്നെ അവന്റെ അധോഗതിതന്നെ കാണണമെന്ന് വല്ല നിയമവുമുണ്ടോ? നിന്റെ കരണത്തടിക്കുന്നവന്റെ മറ്റേ കരണവും കാണിച്ചുകൊടുക്കൂ, കാരണമൊന്നും ചോദിക്കാതെ എന്നല്ലേ ബൈബിളിലും പറഞ്ഞിരിക്കുന്നത്? പ്രതികാരമൊന്നും ചെയ്യരുത്, എല്ലാവരോടും ക്ഷമിക്കണം, നമ്മളെ ദ്രോഹിച്ചാലും നമ്മള്‍ ദ്രോഹിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെക്കാലത്ത് നമുക്ക് അതൊന്നും അത്ര എളുപ്പമായിരിക്കില്ല. ഒരുത്തന്‍ നമുക്കിട്ട് പാരവെച്ചാല്‍ തിരിച്ചെന്തെങ്കിലും ചെയ്താലേ നമുക്ക് ശരിയാവൂ. എന്നാല്‍ അങ്ങിനെയൊക്കെ ചെയ്യുന്നത് മോശമല്ലേ, ശരിയല്ലല്ലോ എന്നൊക്കെയോര്‍ത്ത് നമുക്ക് മനസമാധാനത്തോടെ ചെയ്യാനും പറ്റുന്നില്ല. അങ്ങിനെ അവസാനം നമുക്ക് കിട്ടാനുള്ള പാരകളൊക്കെ കിട്ടുകയും ചെയ്യും, തിരിച്ചൊന്നുമൊട്ട് ചെയ്യാനും പറ്റില്ല, നമ്മുടെ ബീപ്പീ കൂടും, ആകെമൊത്തം വട്ടാകും. പാരവെച്ചവനോ, പരമസുഖവും. അതെന്ത് നീതി? ഇനിയെങ്ങാനും പ്രതികാരം ചെയ്താലോ, പിന്നെയും മൊത്തം മനഃസാക്ഷിക്കുത്ത്. ഇത്രയ്ക്ക് വേണ്ടായിരുന്നു, ഇതിങ്ങിനെയൊന്നുമാവുമെന്നോര്‍ത്തില്ല എന്നൊക്കെയുള്ള ചിന്തകാരണം പിന്നെയും ബീപ്പി കൂടുന്നത് നമ്മുടെ തന്നെ. വിക്റ്റിം പിന്നെയും വിക്റ്റിമൈസ് ചെയ്യപ്പെട്ടുകൊണ്ടേ ഇരിക്കുന്നു.

അതുകൊണ്ട് ഞാന്‍ പറയുന്നു, പാരവെച്ചാല്‍, ദ്രോഹിച്ചാല്‍ പ്രതികാരം ചെയ്യുക തന്നെ വേണം. എന്നാല്‍ നമുക്കൊരു മനഃസാക്ഷിക്കുത്തും ഉണ്ടാവാനും പാടില്ല. ആരും നമ്മളെ പ്രതികാരം ചെയ്തു എന്നതിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താനും പാടില്ല. പക്ഷേ എങ്ങിനെ?

സോ സിമ്പിള്‍. നമ്മള്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. എന്താണ് ആ പ്രതികാരത്തില്‍ നിന്നും നമ്മള്‍ ആത്യന്തികമായി പ്രതീക്ഷിക്കുന്നത്? നമ്മുടെ സന്തോഷം. അപരനോട് പ്രതികാരം ചെയ്യുന്ന ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാന്‍ പറ്റണം. അങ്ങിനെ ആസ്വദിക്കാന്‍ പറ്റുന്ന പ്രതികാരം ചെയ്താല്‍ മാത്രമേ അത് ചെയ്യുന്നതില്‍ എന്തെങ്കിലും കാര്യമുള്ളൂ.

അപ്പോള്‍ അത്രയും ഓക്കേ. ആസ്വദിക്കാന്‍ പറ്റുന്ന പ്രതികാരമായിരിക്കണം നമ്മള്‍ ചെയ്യേണ്ടത്, അത് ആസ്വദിച്ച് തന്നെ ചെയ്യാന്‍ പറ്റണം. ചെയ്ത് കഴിഞ്ഞാല്‍ യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടാവാന്‍ പാടുമില്ല. എന്നാല്‍ ചെയ്തെന്നുള്ള എല്ലാ സംതൃപ്തിയും കിട്ടുകയും വേണം. ഈ ഗുണങ്ങളെല്ലാമുള്ള ഒരൊറ്റ പ്രതികാരമേ ഈ ലോകത്തുള്ളൂ. പാരവെച്ചവനെ നോക്കിപ്പിടിച്ച് അവനെ പരമാവധി സഹായിക്കുക. അവന് പരമാവധി ഉപകാരം അവന്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുകൊടുക്കുക. നമ്മുടെ സഹായം കൊണ്ട് അവനുകിട്ടുന്ന ഓരോ പ്രയോജനത്തിലും നമ്മള്‍ അതിമനോഹരമായി സന്തോഷിക്കുക. നമുക്കിട്ട് പാരവെച്ചവന് എന്തെങ്കിലും സഹായം ഏതെങ്കിലും രീതിയില്‍ ആവശ്യമുണ്ടെന്നറിഞ്ഞാല്‍, നമ്മുടെ തിരക്കുകളും മറ്റും മാറ്റി വെച്ചിട്ട് എങ്ങിനെയെങ്കിലും അവനെ സഹായിക്കുക-അവന്‍ അറിയാതെ പറ്റുമെങ്കില്‍ ഏറ്റവും നല്ലത്. നമ്മളില്‍ കൂടി മാത്രമായിരിക്കണം ആ ഉപകാരം അവന് കിട്ടിയതെന്ന് നമ്മള്‍ ഉറപ്പുവരുത്തുകയും വേണം. ഒരിക്കലും ഒരുകാലത്തും അവനോട് അതിന്റെ ക്രെഡിറ്റ് പറയുകയും ചെയ്യരുത്.

ഇങ്ങിനെ ചെയ്യുന്നതുകൊണ്ട് എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കിക്കേ. നമ്മുടെ ബീപ്പി ഒരിക്കലും കൂടുന്നില്ല. നമുക്ക് ഒരു മനഃസാക്ഷിക്കുത്തും തോന്നില്ല, കാരണം നമ്മള്‍ ചെയ്യുന്നത് ഉപകാരമാണ്, ഉപദ്രവമല്ല. നമ്മള്‍ തന്നെയാണ് അയാള്‍ക്ക് ആ ഉപകാരം ചെയ്തത് എന്നുറപ്പുവരുത്തുന്നതുവഴി നമ്മളില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന ഒരു ചിന്തയും നമുക്ക് സന്തോഷം തരും (പക്ഷേ ഒരിക്കലും ലെവനുള്‍പ്പടെ ആരോടും അങ്ങിനെ പറയുകയേ ചെയ്യരുത്- ആരുമറിയാതെയുള്ള, സ്വയം സന്തോഷത്തിന്റെ രസം ഒന്ന് വേറേ തന്നെ). ഇനി സ്വല്പമെങ്കിലും മനഃസാക്ഷിയുള്ളവനാണ് പാരക്കാരനെങ്കില്‍, അവനറിഞ്ഞ് നമ്മള്‍ ഉപകാരങ്ങള്‍ ചെയ്തുചെയ്ത് അവസാനം പതുക്കെപ്പതുക്കെ അവനുണ്ടാവും മനഃസാക്ഷിക്കുത്ത്. ശിക്ഷിക്കാന്‍ നമുക്ക് യാതൊരു അധികാരവുമില്ല, ഈ ലോകത്ത്. രക്ഷിക്കാനോ, പൂര്‍ണ്ണ സ്വാതന്ത്ര്യവും.

അതുകൊണ്ട് നമ്മളെ ഉപദ്രവിക്കുന്നവരെ ഒരിക്കലും വെറുതെ വിടരുത്. പ്രതികാരം ചെയ്യുക തന്നെ വേണം. പക്ഷേ അത് മുകളില്‍ പറഞ്ഞ രീതിയിലാണെങ്കില്‍ ഏറ്റവും സുന്ദരമായി, യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ നമുക്ക് ആസ്വദിക്കാന്‍ സാധിക്കും-ആര്‍ക്കും യാതൊരു ഉപദ്രവുമില്ലാതെ. അതുകൊണ്ട് ഇനി ആരെങ്കിലും നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരങ്ങള്‍ ചെയ്തുകൊണ്ടേ ഇരിക്കുകയാണെങ്കില്‍ ഓര്‍ത്തുകൊള്ളൂ, ലെവന്‍ പ്രതികാരം ചെയ്യുകയാണ്.

“ങേ, ആരാണ് പാരവെച്ചതെന്നോ?“

“ഹേയ്... പാരയോ, എനിക്കിട്ടോ...“

Labels: , , , , , ,