Wednesday, May 16, 2007

എന്റെ കണ്ണുതുറപ്പിച്ച ദീപിക

പ്രതിലോമകരം, പ്രതിലോമവാദം എന്നൊക്കെയുള്ള വാക്കുകള്‍ ആദ്യമായി കേട്ടത് ബ്ലോഗിലാണെന്ന് തോന്നുന്നു. അന്നൊക്കെ ആ വാക്കുകള്‍ കേട്ടപ്പോള്‍ അവയുടെയൊക്കെ അര്‍ത്ഥമറിയാത്തതുകാരണം അതൊക്കെയുപയോഗിക്കുന്നവരോട് ദേഷ്യം വരെ തോന്നി.

പക്ഷേ ദീപിക എന്റെ കണ്ണ് തുറപ്പിച്ചു. എന്താണ് പ്രതിലോമകരം എന്ന വാക്കിന്റെ അര്‍ത്ഥമെന്നും എത്രത്തോളമാണ് ചിലപ്പോളൊക്കെ അതിന്റെ ഭീകരത എന്നും കഴിഞ്ഞ കുറെ ദിവസങ്ങളായി ദീപിക എനിക്ക് കാട്ടിത്തരുന്നു.

സംഗതി മൂന്നാര്‍ തന്നെ.

കൈയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ശ്രീ പിണറായി വിജയന്റെ ആഹ്വാനത്തോടെയാണ് ദീപിക കഴിഞ്ഞയാഴ്‌ചത്തെ മൂന്നാര്‍ സംഭവവിവരണ പരമ്പര ഉദ്‌ഘാടനം ചെയ്തത് (മെയ് ഏഴ് തിങ്കളാഴ്ച) . സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ എം.എം. മണി കൈയ്യേറ്റത്തെപ്പറ്റി വിവരിക്കുന്നത് ചിരിച്ചുകൊണ്ട് കേട്ടുകൊണ്ട് നില്‍‌ക്കുന്ന ഫോട്ടോസഹിതമാണ് വാര്‍ത്ത. (വാര്‍ത്ത ഇവിടെ ക്ലിക്കി കേരളാ വാര്‍ത്തയുടെ ആദ്യവാര്‍ത്തയില്‍ ക്ലിക്കിയാല്‍ കാണാം. പകര്‍പ്പവകാശപ്പേടിയുള്ളതുകാരണം കട്ട് പേസ്റ്റ് ചെയ്ത് പേജിടാനൊരു പേടി). ചിരിച്ചുകൊണ്ട് എന്ന് പറഞ്ഞ് ഞാനും ഒരു പ്രതിലോമകാരിയാതിന് മാപ്പ്.

സംഗതി ഓക്കേ. ഒരു പ്രശ്‌നവുമില്ല.

എട്ടാം തീയതിയിലെ വാര്‍ത്ത “വന്‍ സന്നാഹത്തോടെ മൂന്നാറില്‍ കുടിയൊഴിപ്പിക്കല്‍ നാടകം” എന്നതായിരുന്നു (ഇവിടെ ക്ലിക്കി കേരള വാര്‍ത്തകളില്‍ മൂന്നാം വാര്‍ത്ത). ദീപികയെ കുറ്റം പറയാന്‍ പറ്റില്ല. ഞാന്‍ എന്തായാലും പ്രതീക്ഷിച്ചില്ല, സംഗതി ഇത്രത്തോളമെങ്കിലുമെത്തുമെന്ന്. അതുകൊണ്ട് ദീപിക കുടിയൊഴിപ്പിക്കലിനെ നാടകമായി തെറ്റിദ്ധരിച്ചതില്‍ ഒരു കുറ്റവും പറയാന്‍ പറ്റില്ല.

ഉദ്യോഗസ്ഥമാറ്റത്തിനെതിരെ ഇടതുമുന്നണി എന്ന് മറ്റെല്ലാ പത്രങ്ങളെയും പോലെ ദീപികയും എഴുതി പത്താം തീയതി. ശ്രീ പിണറായി വിജയനും ശ്രീ വെളിയം ഭാര്‍ഗ്ഗവനും ഉള്‍പ്പടെയുള്ളവര്‍ ശ്രീ രാജു നാരായണ സ്വാമിയുടെയും ശ്രീ സുരേഷ് കുമാറിന്റെയുമൊക്കെ നിയമനത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ചു എന്ന രിതിയില്‍ തന്നെയായിരുന്നു വാര്‍ത്ത. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് കോട്ടയത്തെ റേഷന്‍ മാഫിയക്കെതിരെ ശ്രീ രാജു നാരായണ സ്വാമി നടത്തിയ ഇടപെടലുകളിലെ, മറ്റു പത്രങ്ങളില്‍ അധികമായി (ഞാന്‍) കാണാത്ത കാര്യം, ദീപിക ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നതാണ്. അദ്ദേഹത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയാല്‍ കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യമാഫിയയ്ക്ക് സര്‍ക്കാര്‍ കീഴടങ്ങി എന്ന് വ്യാഖ്യാനിക്കപ്പെടും എന്ന് ശ്രീ പിണറായി വിജയനും ശ്രീ വെളിയം ഭാര്‍ഗ്ഗവനും ശക്തിയായിത്തന്നെ പറഞ്ഞു എന്ന് ദീപിക പറഞ്ഞു (മൂന്നാര്‍ ആസ്ഥാനമാക്കി കൊല്ലങ്ങളായി പ്രവര്‍ത്തിക്കുന്ന ഭൂമിമാഫിയയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഇടുക്കിയിലേക്ക് മാറ്റിയതെന്ന കാര്യം ഇത്തരുണത്തില്‍ മറക്കരുതേ). ഇവിടെയും കുറച്ചൊക്കെ ദുഷ്‌ബുദ്ധിയുള്ള എന്നെപ്പോലുള്ളവര്‍ക്കേ ദീപികയില്‍ കുറ്റം കാണാന്‍ സാധിക്കൂ.

ആ ദിവസത്തെ വാര്‍ത്തയില്‍ തന്നെ കൈയ്യേറ്റം, മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്ന തലക്കെട്ടില്‍ അതിനായി നിയോഗിക്കപ്പെട്ട ആള്‍ക്കാരായ ശ്രീ സുരേഷ് കുമാറും ശ്രീ ഋഷിരാജ് സിംഗുമൊക്കെ ഏതൊക്കെ കേസുകളില്‍ പെട്ടിട്ടുണ്ടെന്നും എന്തൊക്കെ ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉണ്ടെന്നുമൊക്കെ ദീപിക നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ശ്രീ രാജു നാരായണസ്വാമിയുടെ റേഷന്‍ മാഫിയയുദ്ധം എടുത്തിടാന്‍ ഇവിടെയും ദീപിക മറന്നിട്ടില്ല. മൊത്തത്തില്‍ വായനക്കാര്‍ക്ക് ഇവരെപ്പറ്റി ഒരു ഫീല്‍ ഗുഡ് ഫീലിംഗ്സ് തരാന്‍ ദിപിക ശ്രമിക്കുന്നുണ്ട്.

പതിനൊന്നാം തീയതിയായപ്പോള്‍ പയ്യെപ്പയ്യെ ദീപികയുടെ കണ്ട്രോള്‍ പോകാന്‍ തുടങ്ങിയോ എന്നൊരു സംശയം. വിവാദ മന്ത്രിസഭാ തീരുമാനം അടുത്തയാഴ്ച റദ്ദാക്കിയേക്കും എന്ന് ദീപികയുടെ പ്രത്യാശാ തലക്കെട്ടാണ് ഹൈലൈറ്റ് (ഇവിടെ, കേരളാ വാര്‍ത്തയില്‍ ആദ്യ വാര്‍ത്ത). “ആക്കിയേക്കും” എന്നൊക്കെയാണ് തലക്കെട്ടെങ്കിലും വാര്‍ത്തയില്‍ “ആക്കും” എന്ന ഉറപ്പ് തന്നെയാണ് ഇവിടെ ദീപിക വായനക്കാര്‍ക്ക് കൊടുക്കുന്നത്. അതിന്റെ സാങ്കേതികതയും വളരെ വിശദമായിത്തന്നെ ദീപിക പറയുന്നുണ്ട്. സര്‍ക്കാരിന്റെ ഭരണപരമായ ചുമതലയുടെ ടെക്‍നിക്കാലിറ്റി കൊണ്ടല്ലേ രാജു നാരായണസ്വാമിയൊക്കെ ഇടുക്കിയിലേക്ക് പോയത്. ദോ അടുത്തയാഴ്ച അദ്ദേഹം കോട്ടയത്ത് വന്ന് റേഷന്‍ മാഫിയയ്ക്കെതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരും. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു വാര്‍ത്തയാണ് അത്-പ്രത്യേകിച്ചും കാര്യങ്ങള്‍ ഇന്നത്തെ അത്രത്തോളമായ സ്ഥിതിക്ക്.

പതിനാലാം തീയതിയായപ്പോള്‍ എന്താ പറയേണ്ടത്, എങ്ങിനെയാ പറയേണ്ടത് എന്നൊക്കെ സംശയമായോ ദീപികയ്ക്കെന്നും സംശയം (ഇവിടെ കേരള വാര്‍ത്തയില്‍ രണ്ടാം വാര്‍ത്ത). പൊളിക്കല്‍ നാടകം തുടരുന്നു, കൈയ്യേറ്റക്കാര്‍ സുരക്ഷിതര്‍ എന്നതാണ് തലക്കെട്ട്. അതുവരെ ചെറുകിടക്കാരെ മാത്രമേ ഒഴിപ്പിക്കുന്നുള്ളൂ, വന്‍‌കിടക്കാര്‍ സുരക്ഷിതര്‍ എന്നൊക്കെ വിലപിച്ച ദീപിക, ഒരു അഞ്ചുനിലക്കെട്ടിടം പൊളിച്ചപ്പോള്‍ ടാറ്റായെപ്പോലുള്ള അതിലും വന്‍‌കിടക്കാരെ ഒഴിപ്പിക്കാതെയുള്ള നാടകമാണെന്ന രീതിയില്‍ പ്ലേറ്റ് മാറ്റി. മാത്രമല്ല, നാടകത്തിന് തെളിവായി വേറൊന്നും ആ വാര്‍ത്തയിലൊട്ടില്ല താനും. കൈയ്യേറ്റമൊഴിപ്പിക്കല്‍ കാര്യക്ഷമമായി നടക്കുന്നു എന്ന തോന്നല്‍ അടുത്ത മന്ത്രിസഭാ യോഗം വരെ നിലനിര്‍ത്താനുള്ള ശ്രമം മാത്രമാണെന്ന ധ്വനിയും തരുന്നുണ്ട് ദീപിക.

പതിനഞ്ചാം തീയതിയിലെ വാര്‍ത്തയില്‍ ദീപികയുടേതായ പുതുമയൊന്നുമില്ലെങ്കിലും സി.പി.ഐ ഓഫീസ് പൊളിച്ചത് “വന്‍” വിവാദമായിരിക്കുകയാണെന്നാണ് വാര്‍ത്തയ്ക്കുള്ളില്‍. ലേഖകന്‍ ആവേശം കൊണ്ടതാണോ എന്നൊരു സംശയം.

ഇന്ന് (പതിനാറാം തീയതി) ആയപ്പോള്‍ പതിനൊന്നാം തീയതി വിവാദ മന്ത്രിസഭാ തീരുമാനം അടുത്തയാഴ്ച എന്തായാലും റദ്ദാക്കും എന്ന് ഉറപ്പ് തന്ന് ദീപിക “മൂന്നാര്‍-മുഖ്യമന്ത്രിയുടെ തന്ത്രം പാളി, ഉദ്യോഗസ്ഥരെ മാറ്റില്ല” എന്ന് പ്ലേറ്റെടുത്ത് കമഴ്ത്തിയിട്ട്, ഒരു കറക്ക് കറക്കി തിരിച്ച് വെച്ചിട്ട്, ഒന്നുകൂടി കമഴ്ത്തിയിട്ട് ഒന്നുകൂടി തിരിച്ച് വെച്ചു. നോക്കണേ, അതിനു മുന്‍പ് വരെ, എത്രമാത്രം ധിക്കാരപരമായാണ് മുന്നണി തീരുമാനത്തിനു വരെ എതിരെ ശ്രീ അച്യുതാനന്ദന്‍ പ്രവര്‍ത്തിക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരം ഉദ്യോഗസ്ഥരെ നിയമിച്ചു എന്നൊക്കെ നമ്മളെ ബോധ്യപ്പെടുത്തി, എന്നാല്‍ തന്നെയും അച്യുതാനന്ദന്റെ കളിയൊന്നും മുന്നണി സമ്മതിച്ച് കൊടുക്കില്ല, അവരെയെല്ലാം അടുത്തയാഴ്ച തന്നെ പഴയ ലാവണങ്ങളിലേക്ക് മാറ്റും, റേഷന്‍ മാഫിയയ്ക്കെതിരെ രാജു നാരായണസ്വാമിക്ക് പോരാടാനുള്ളതാണ് എന്നൊക്കെ നമുക്ക് ഉറപ്പ് തന്നിട്ട്, ഇന്ന് ദീപിക പറയുന്നു, ഈ വിഷയത്തില്‍ തങ്ങളെ വെട്ടിലാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ പ്രതിരോധിക്കാനായി മാറ്റം വേണ്ട എന്ന് എല്ലാവരും തീരുമാനിച്ചെന്ന്. ഉദ്യോഗസ്ഥരെ മാറ്റേണ്ട എന്ന തീരുമാനം സ്വീകരിച്ചതോടെ മുഖ്യമന്ത്രിയുടെ തന്ത്രം അട്ടിമറിക്കാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലിലാണത്രേ സി.പി.ഐയും സി.പി.എമ്മും. സ്വന്തം ഇഷ്ടപ്രകാ‍രമുള്ള അച്യുതാനന്ദന്റെ കളിയൊന്നും നടക്കില്ല എന്ന് ഇതുവരെ പറഞ്ഞ ദീപിക എതിരാളികളെ വെട്ടിലാക്കാനുള്ള അച്യുതാനന്ദന്റെ കളിയൊന്നും നടക്കില്ല എന്നാക്കി. ഇതിനെയാണോ ഇഷ്ടമില്ലാത്ത അച്ച്യു ചെയ്യുന്നതെല്ലാം കുറ്റം എന്ന പഴമൊഴികൊണ്ടുദ്ദേശിക്കുന്നത്?

ഇതിനിടയ്ക്ക് ക്രെഡിറ്റെല്ലാം അച്യുതാനന്ദന്‍ കൊണ്ടുപോയി, പിണറായി വിജയന്‍ പറയുന്നത് ആരും കേള്‍ക്കുന്നും കൂടെയില്ല എന്ന രീതിയില്‍ ദീപിക വിലപിച്ചതെവിടെയെന്ന് നോക്കിയിട്ട് ആ വാര്‍ത്തയൊട്ട് കാണാനും പറ്റിയില്ല.

പ്രതിലോമവാദം, പ്രതിലോമകരം എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് ദീപിക എന്നെ പഠിപ്പിച്ചു.

(എന്നാലും മൂന്നാര്‍ മൊത്തമായും ക്ലീനാവുമോ എന്ന് എനിക്കിപ്പോഴും സംശയമുണ്ട് കേട്ടോ. ഇതുവരെയുള്ള അനുഭവങ്ങള്‍ അങ്ങിനെയല്ലല്ലോ. എന്റെ സംശയം തെറ്റട്ടെ).

Labels: , , , ,

39 Comments:

 1. At Wed May 16, 08:33:00 AM 2007, Blogger Inj Pennu said...

  എല്ലാരും ബ്ലോഗില്‍ എപ്പോഴുമിത് തന്നെ പറയുന്നത് വായിക്കുന്നതുകൊണ്ട് ഒരു കാര്യം പറയട്ടെ, വാര്‍ത്ത കോ‍പ്പിറൈറ്റ് പരിധിയില്‍ വരില്ല. ധൈര്യമായി സ്കീന്‍ ഷോട്ട് വാര്‍ത്തയുടെ ഇട്ടുകൊള്ളൂ വിത് ഡ്യൂ കേര്‍ട്ടസി റ്റു ദ ന്യൂ‍സ് പേപ്പര്‍.
  പക്ഷെ ആര്‍ട്ടിക്കിളസ് കോപ്പിറൈറ്റ് പരിധിയില്‍ വരും. എന്നു വെച്ചാല്‍ ഒപിനീയന്‍ ഓര്‍ കോളംസ്. പക്ഷെ അതും അതിനൊരു മറുപടിയോ വിശകലമോ ആണെങ്കില്‍ ഇടുന്നതുകൊണ്ട് കുഴപ്പമില്ല. അത് മാത്രമല്ല ഫെയര്‍ യൂസ് എന്നൊരു സംഭവം കൂടിയുണ്ട് ഇന്റര്‍നെറ്റില്‍. അതുകൊണ്ട് ഇങ്ങിനെ എല്ലാവരും ഇങ്ങിനെ പേടിക്കണ എന്തിനാന്നെ? :(

   
 2. At Wed May 16, 08:35:00 AM 2007, Blogger KANNURAN - കണ്ണൂരാന്‍ said...

  വക്കാരി നല്ല ലേഖനം. ഇന്നത്തെ പത്രവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ പൊളിക്കല്‍ ദീപിക പറയുമ്പോലെ വെറും നാടകമാകില്ലെന്നുറപ്പ്. എന്നാലും ദീപികയുടെ ഒരു ഗതികേടേ.....

   
 3. At Wed May 16, 08:53:00 AM 2007, Blogger സുരലോഗം || suralogam said...

  വക്കാരിയുടെ ദീപിക സ്കാന്‍ നന്നായി.ദീപിക പത്രരംഗത്ത്‍ മിന്നല്‍പിണറായി മാറിയത് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്നുതോന്നുന്നു.

   
 4. At Wed May 16, 08:59:00 AM 2007, Blogger ഇത്തിരിവെട്ടം|Ithiri said...

  എഴുതുന്നവര്‍ക്കും ഗതികേട്... വായിക്കുന്നവര്‍ക്ക് അതിലും ഗതികേട്. പാവം വായനക്കാര്‍. (ദീപിക പത്രം വാഴ്ക... എന്നൊന്ന് മുദ്രാവാക്യം വിളിച്ചാലോ... അതാണല്ലോ അതിന്റെ ഒരു അത്... യേത്)

   
 5. At Wed May 16, 09:02:00 AM 2007, Blogger പ്രിയംവദ said...

  ഞാനും ഇന്നു ദീപികയിലെ ആ വാര്‍ത്ത വായിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി...ഇന്നസെന്റ്‌ പറയുമ്പോലെ 'ഇഷ്ടായി എനിക്കു ഇഷ്ടായി"
  ഈ മലക്കം മറിച്ചില്‍ എന്നും മനസ്സില്‍ കമന്റിട്ടു..

   
 6. At Wed May 16, 09:14:00 AM 2007, Blogger Sul | സുല്‍ said...

  എന്റെ കണ്ണുതള്ളിപ്പോയി വക്കാരി ആ വാര്‍ത്ത കണ്ട്.
  (ഇനി കണ്ണു ശരിയാക്കാന്‍ വല്ല കൊമ്പന്‍ സേഷനും / പ്രൊമോഷന്‍ (മുന്നാര്‍ പ്രമോഷന്‍ എന്നു പേരിടാം) ദീപിക വിതരണം ചെയ്യുന്നുണ്ടോ ആവൊ)
  -സുല്‍

   
 7. At Wed May 16, 10:20:00 AM 2007, Blogger കുട്ടന്‍സ്‌ said...

  അവസരവാദ പത്രപ്രവര്‍ത്തനത്തിന് ബെസ്റ്റ് ഉദാഹരണമാണ് ദീപിക എന്നാണു എനിക്ക് തോന്നുന്നത്..ഒരു പക്ഷെ പള്ളിക്കമ്മറ്റിയില്‍ നീന്നും ബിസിനസ് മാഗ്നറ്റിലേക്കുള്ള വഴിമാറ്റമായിരിക്കാം..
  എന്തായാലും മൂന്നാറിലെ ഒഴിപ്പിക്കല്‍ വാര്‍ത്തകള്‍ തരുന്ന സൂചന ഈ പ്രശ്നത്തില്‍ സോ കാള്‍ഡ് വി.എസ്-പിണറായി ഗ്രൂപ്പിസത്തേക്കാളെറെ, ദീപിക ഭയപ്പെടുന്ന മറ്റെന്തോ ഉണ്ട്..ഒരു പക്ഷെ കയ്യേറ്റഭൂമികളില്‍ ദീപികക്ക് താത്പ്പര്യമുള്ള എന്തിങ്കിലും കാണുമായിരിക്കും.

  എന്തായാലും..നാട്ടില്‍ നിന്നും അകലെ താമസിക്കുന്ന നമ്മള്‍ എപ്പോഴും ആശ്രയിക്കുന്ന ഓണ്‍ലൈന്‍ എഡിഷനുകളുള്ള ദീപികയെ പോലുള്ള (നിഷ്പക്ഷമതികള്‍ എന്നവകാശപ്പെടുന്ന )പത്രങ്ങള്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് നല്ല പ്രവണതയാണെന്നു തോന്നുന്നില്ല..

  ഒ.ടൊ : ഇനി ബ്ലൊഗ്ഗേര്‍സ് പത്രം തുടങ്ങേണ്ടി വരുമോ എന്തൊ ???????????

   
 8. At Wed May 16, 10:40:00 AM 2007, Blogger വിചാരം said...

  പത്ര ധര്‍മ്മത്തിന്‍ നിരക്കാത്ത എഴുത്താണ്, ഫാരിസ് അബുബക്കര്‍ ദീപിക ഏറ്റെടുത്തതിനുശേഷം തുടരുന്നത് പൊതുവെ കമ്മ്യൂണിസ്റ്റ് വിരോധികളായിരുന്നു ദീപികയും അതിന്റെ തലപ്പത്തിരിന്നിരുന്ന അച്ചന്മാരും എന്നാല്‍ എന്റെ ബലമായ സംശയം ഫാരിസ് അബുബക്കര്‍ മാര്ക്സിറ്റ് പാര്ട്ടിയുടെ (പീണറായുടെ) ബിനാമിയാണോ എന്നാണ്‍ കാരണം വകാരിയുടെ വിശകലനത്തില്‍ തന്നെ വ്യക്തമാണല്ലോ , വി.എസ് അധികാരത്തില്‍ കയറിയത് തൊട്ട് തുടങ്ങിയതാണ്. ദീപിക അദ്ദേഹത്തെ ഇകഴ്യ്ത്തുകയും പീണറായിയെ പുകഴ്ത്തുകയും ഒരു കാര്യം കേരള ജനതയ്ക്ക് മനസ്സിലായി ദീപിക എന്ന പത്രം അതിന്റെ മൂല്യം സ്വയം ഇല്ലാതാക്കി അതൊരു കള്ള പ്രചാരണ പത്രമാണന്നും

  വകാരി പ്രശംസ അര്ഹിക്കുന്ന വിശദമായ ഈ കുറിപ്പിന്. ദീപിക സ്വയം മനസ്സിലാക്കി പത്ര ധര്മ്മത്തിന്റെ നേരായ പാതയില്‍ വരുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

   
 9. At Wed May 16, 10:58:00 AM 2007, Blogger സജിത്ത്|Sajith VK said...

  നാണം കെട്ട എഴുത്താണ് ദീപികയുടേത് പലപ്പോഴും. മറ്റ് പത്രങ്ങള്‍ വിഎസിനെ പൊക്കി കാട്ടി, സിപിഎം മ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, ദീപിക പിണറായിയെ ഉപകരണമാക്കുവാന്‍ ശ്രമിക്കുന്നു എന്നതാണ് ശ്രമം. രണ്ട് കൂട്ടരുടേയും ലക്ഷ്യം ഒന്നുതന്നെയാണ്, വര്‍ഗ്ഗ സ്വഭാവവും

   
 10. At Wed May 16, 11:04:00 AM 2007, Blogger നന്ദു said...

  വക്കാരി,
  ദീപിക-വിലയിരുത്തല്‍ നന്നായി.
  ദീപികയെ സംബന്ധിച്ചിടത്തോളം കുട്ടന്‍സ് എഴുതിയതുപോലെ നാട്ടില്‍ നിന്നും ദൂരെ താമസിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് വാര്‍ത്തകള്‍ വേഗമറിയാന്‍ (ഒരു വിധം പെട്ടെന്ന് വാര്‍ത്തകള്‍ ഓണ്‍ലൈന് എഡിഷനില്‍ അപ് ഡേറ്റ് ചെയ്യുന്ന കൂട്ടത്തിലാണ് ദീപിക) സഹായിക്കുന്നുണ്ട്.

  ഉള്ളടക്കത്തിന്റെ കാര്യത്തില്‍ :
  നിഷ്പക്ഷത അവകാശപ്പെടുന്ന എല്ലാ പത്രങ്ങളും അങ്ങനെ പറയുന്നുണ്ടെങ്കിലും പത്ര മാനേജ്മെന്റിന്റെ താല്‍പ്പര്യത്തിനനുസരിച്ചെ വാര്‍ത്തകള്‍ നല്‍കാറുള്ളൂ. മനോരമ, ദേശാഭിമാനി, കേരളകൌമുദി , മാതൃഭൂമി, ഇവയ്ക്കൊക്കെ വ്യക്തമായ രാഷ്ട്രീയ ചായ്‌വ് പരസ്യമായി ത്തന്നെയുണ്ട്. മറ്റള്ളവര്‍ നേരത്തെ പറഞ്ഞപോലെ എഴുതേണ്ടി വരുന്നു.(ഇല്ലെങ്കില്‍ അടൂത്ത ദിവസം രാവിലെ മീറ്റിംഗില്‍ മാനേജിംഗ് എഡിറ്ററുടെ ശകാരം കേള്‍ക്കേണ്ടി വരും !!.)
  ദീപികയ്ക്കും, അവരുടെ മാനേജ് മെന്റിന്റെയും നല്ലൊരു ശതമാനം വരിക്കാരുടെയും (മൂന്നാര്‍ ബന്ധമുള്ളവരും ഉണ്ടായിരിക്കാം)മനസ്സു നേടേണ്ടതുണ്ട്. അതിനാല്‍ അവര്‍ക്കങ്ങനെ എഴുതാനല്ല്ലേ പറ്റൂ?.

   
 11. At Wed May 16, 11:07:00 AM 2007, Blogger Radheyan said...

  കഴിഞ്ഞ കുറച്ച് ദിവസമായി ദീപിക ആവണക്കെണ്ണയില്‍ കടവിറങ്ങിയ ഈ അവസ്ഥയില്‍ തുടരുന്നു.രാജു നാരയണസ്വാമിയെ കോട്ടയത്ത് നിന്നും ഇടുക്കിയിലേക്ക് വിടാതിരിക്കാന്‍ പറഞ്ഞ ന്യായം റേഷന്‍ മാഫിയ കൈയേറ്റ മാഫിയയെക്കാള്‍ കടുപ്പക്കാരാണെന്നായിരുന്നു.വെടക്കാക്കി തനിക്കാക്കുക എന്ന വിദ്യക്ക് ഒരു പാഠഭേദം ദീപിക വഴി,പുകഴ്ത്തി വെടക്കാക്കുക,എന്നിട്ട് തനിക്കാക്കുക എന്ന്.

  പക്ഷേ 3 അംഗസംഘത്തെ മാറ്റാന്‍ ആവശ്യപ്പെട്ടു,മാറ്റണം,മാറ്റി എന്ന നിലയില്‍ എല്ലാ പത്രങ്ങളുടെ റിപ്പോര്‍ട്ടിംഗും പാളി എന്ന് പറയാതെ വയ്യ.രഹസ്യമായി നടന്ന യോഗത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ആരോ മാനിപ്പുലേറ്റ് ചെയ്ത് മീഡിയായ്ക്ക് കൊടുക്കുന്നുണ്ട് എന്ന് വ്യക്തം.ഒടുവില്‍ ഒരു മാറ്റവുമില്ല എന്ന് ഇന്ന് വ്യക്തമാകുന്നു.അപ്പോഴും മാധ്യമങ്ങള്‍ വീണിടത്ത് കിടന്ന് കാബറേ കളിക്കുന്നു.

  മാത്രമല്ല ഇമേജ് ബൂസ്റ്റിംഗ് ഓപ്പറേഷന്‍ ഇതില്‍ ഉണ്ടെന്ന് വ്യക്തമാണ്.1959 ല്‍ അന്നത്തെ സെക്രട്ടറി എം.എന്‍ ഗോവിന്ദന്‍ നായരുടെ പേരില്‍ ചെമ്പ് പട്ടയമുള്ള സ്ഥലത്താണ് സി.പി.ഐ.ഓഫീസ്.പിന്നീട് പട്ടയം പി.കെ.വിയുടെ പേരില്‍ മാറ്റി.ആ സ്ഥലത്ത് ഓഫീസ് പണിയുമ്പോള്‍ ആലുവാ-മൂന്നാര്‍ ഹൈവേ ഉണ്ടായിരുന്നില്ല.പിന്നീട് ഹൈവേ വന്നപ്പോഴാണ് ഓഫീസ് ഹൈവേയോട് നിശ്ചിത അകലം പാലിക്കുന്നില്ല എന്ന സ്ഥിതി വന്നത്.ആ ഭാഗം പൊളിക്കാമെന്ന് പാര്‍ട്ടി ഉറപ്പ് കൊടുത്ത ശേഷവും അത് 3 അംഗസംഘം പൊളിച്ചത് പാര്‍ട്ടിയെ കൈയേറ്റാനികൂലിയായി ചിത്രീകരിക്കനാണ്.താനൊഴിച്ച് ബാകിയെല്ലാവരും കള്ളന്മാര്‍ എന്ന് സന്ദേശം നല്‍കാന്‍ ആരോ ശ്രമിക്കും പോലെ,വാരിയരുടെ വിളക്കത്ത് എമ്പ്രാന്റെ അത്താഴം.സിപിഐയ്യുടെ ചിലവില്‍ അച്ചുതാനന്ദസംഘത്തിന്റെ ഷൈനിംഗ്.

   
 12. At Wed May 16, 11:34:00 AM 2007, Anonymous kuttoosan said...

  ഞാന്‍ വിചരിച്ചിരുന്നു.. ആരെങ്കിലും ദീപികയുടെ ഈ മണ്ടത്തരം ബ്ലൊഗില്‍ എഴുതുമെന്ന്‌ ..
  ദീപികയെപ്പൊലെ ഇത്രയും തരം താണ കളി നടത്തുന്ന വെറൊരു പത്രം നാട്ടിലുണ്ടൊ എന്നു സംശയമാണു. ചിരി വന്നത്‌ ഇന്നത്തെ ഹെഡ്ഡിംഗ്‌ കണ്ടപ്പോഴാണ്‌. ശരിക്കും പ്ലേറ്റ്‌ മാറ്റല്‍. എന്നാലും ഇതെല്ലം വായിചു വിശ്വസിക്കാന്‍ കുറച്ചാളെങ്കിലും ആ ചെറ്റ പത്രത്തിന്റെ കൂടെ ഇണ്ടാവും. അല്ലേ പിന്നെ അവരിങ്ങനൊക്കെ എഴുതൊ?

  നന്ദുവെ: പത്രത്തിനും ഒരു നാണം എന്നൊക്കെ ഉള്ളത്‌ വേണ്ടെ മാഷെ... മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കുന്നതിനെതിരെ പ്രതികരിക്കണ്ടയല്ലെ...

   
 13. At Wed May 16, 11:34:00 AM 2007, Blogger കിരണ്‍ തോമസ് said...

  ഇന്റര്‍ നെറ്റ്‌ എഡീഷനുകള്‍ കൊണ്ടുള്ള ഓരോ പൊല്ലാപ്പുകളെ. പത്രം മാത്രമായിരുന്നെങ്കില്‍ ഈ ഗതിയുണ്ടാകുമായിരിന്നോ. എല്ലാ ദിവസത്തെയും വാര്‍ത്ത വെട്ടിയെടുത്ത്‌ സ്കാന്‍ ചെയ്ത്‌ ഇമേജാക്കി അപ്‌ലോഡ്‌ ചെയ്ത്‌ ഒക്കെ ഒരു പത്രത്തെ വിമര്‍ശിക്കാന്‍ കഴിയുമായിരുന്നോ? ഇവനൊക്കെ കുറച്ച്‌ സഹായമായിക്കോട്ടെ എന്ന് വിചാരിച്ച്‌ സൌജന്യമായി പത്രവും ആര്‍ക്കൈവ്‌സും നല്‍കിയപ്പോള്‍ ഇവന്റെ ഒക്കെ വക്രബുദ്ധി പോയ വഴികണ്ടോ. ഞങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ എഡീഷന്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ പറയുന്ന ഒരുത്തനും ദീപിക കാണുക പോലും ഇല്ലായിരുന്നു. പള്ളി വഴി ജാതി വികാരം ഇളക്കി വിട്ടു പ്രചാരം നടത്തിയപ്പോള്‍ പോലും ഒരുത്തനും സഹകരിച്ചില്ല. ഇപ്പോള്‍ വിമര്‍ശിക്കാന്‍ വന്നിരിക്കുന്നു. ദാനം കിട്ടുന്ന പശുവിന്റെ വായില്‍ പല്ലോണ്ടോന്നൊന്നും നോക്കെണ്ട. വക്കാരിയാണെങ്കിലും വേണ്ടില്ല ആരാണെങ്കിലും വേണ്ടില്ല പറഞ്ഞേക്കാം

   
 14. At Wed May 16, 11:39:00 AM 2007, Blogger yaaro oraal said...

  നല്ല ലേഖനം വക്കാരീ. കാത്തോലിക്കാ സഭയുടെ കയ്യില്‍ നിന്നും വഴുതിപ്പോയ ദീപിക ഇപ്പോള്‍‍ ഫാരീസ് അബൂബക്കര്‍ എന്ന മറുനാടന്‍ വ്യവസായിയുടെ കയ്യില്‍ ആണ്. ഇദ്ദേഹത്തിന്റെ കച്ചോടം എന്തെന്നു പിണറായി വിജയനു മാത്രമേ അറിയൂ. സിങ്കപ്പൂരു ചെന്നാല്‍ അകത്താകും എന്നും കേള്‍ക്കുന്നു. കഴിഞ്ഞ മാസത്തെ ഒരു എഗ്രിമെന്റു പ്രകാരം ദീപിക അച്ചന്‍മാര്‍ക്കും രാഷ്ട്രദീപികയുടെ മറ്റു പ്രസിദ്ധീകരണങ്ങള്‍ ഫാരീസിനുമാണ്. അതു ഇതു വരെ പ്രാവര്‍ത്തികമായിട്ടില്ല. ദീപികയുടെ കോട്ടയം പ്രസ്സില്‍ മാത്രമേ അച്ചന്‍മാര്‍ക്ക് അവകാശം ഉള്ളൂ. ദീപികയുടെ മറ്റു പ്രസ്സുകളില്‍ നീന്നും “വാര്‍ത്ത” എന്ന പേരില്‍ ഒരു പുതിയ “പിണറായി പത്രിക” പ്രസിദ്ധീകരണം ആരംഭിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പിണറായി കേരളമാകെ അടക്കിഭരിക്കുന്ന ഒരു മാഫിയാ നേതാവായി വളര്‍ന്ന് കൊണ്ടേ ഇരിക്കുന്നു.

   
 15. At Wed May 16, 11:43:00 AM 2007, Blogger കേരളഫാർമർ/keralafarmer said...

  ഒ.ടൊ : ഇനി ബ്ലൊഗ്ഗേര്‍സ് പത്രം തുടങ്ങേണ്ടി വരുമോ എന്തൊ ???????????
  ബ്ലോഗുകളില്‍ നിന്ന്‌ ഒരു ദിനപത്രം തുടങ്ങിയത്‌ നിങളാരും അറിഞ്ഞില്ലെ. കാണുക ദിനപത്രം
  ഒരു മലയാള പത്രത്തിനും നല്‍കുവാന്‍ കഴിയാത്ത വാര്‍ത്തകളും വിശകലനങ്ങളുമായി നമ്മുടെ ഈ ദിനപത്രം മെച്ചപ്പെടുത്തുക തന്നെ വേണം. പ്രത്യേകിച്ച്‌ വക്കാരിയെപ്പോലെ പ്രതികരിക്കുവാനും വിമര്‍ശിക്കുവാനും കഴിവുള്ളവര്‍ നമുക്കുള്ളപ്പോള്‍. രാധേയനും, നിത്യനും തുറ്റങ്ങി പലരും നമ്മുടെ മുതല്‍ക്കൂട്ടാണ്.
  വിധേയത്വവും ചായ്‌വും ഇല്ലാതെ ചിലരെയെങ്കിലും നമുക്കിവിടെ കോര്‍ത്തിണക്കാം.

   
 16. At Wed May 16, 11:46:00 AM 2007, Blogger വിഷ്ണു പ്രസാദ് said...

  നന്നായി ഈ പോസ്റ്റ് മോര്‍ട്ടം.ഇഷ്ടമല്ലാത്ത അച്ചു തൊട്ടതെല്ലാം കുറ്റം..:)

   
 17. At Wed May 16, 12:18:00 PM 2007, Blogger chithrakaranചിത്രകാരന്‍ said...

  വീസ്‌ ഇപ്പോള്‍ കക്ഷി രാഷ്ട്രീയതക്കും, പിണറായിയുടെ ഇരുംബുമുഷ്ടികള്‍ക്കും മുകളിലായി ജനമനസ്സുകളുടേ ആഗ്രഹങ്ങളില്‍ ഉയര്‍ന്നു പറക്കുംബോള്‍ ... കേരളീയന്റെ രാഷ്ട്രീയ പ്രബുദ്ധത ലക്ഷ്യം കാണുകയാണോ എന്ന് ചിന്തിച്ചുപോകുന്നു.
  ഇന്നത്തെ മാത്രുഭൂമി പത്രത്തില്‍ സുഗതകുമാരി വീസ്സിനുനേരെ അഭിനന്ദനങ്ങളുടെ പൂക്കള്‍ വര്‍ഷിക്കുന്ന ഒരു ലേഖനമുണ്ട്‌.

   
 18. At Wed May 16, 12:35:00 PM 2007, Blogger സുരലോഗം || suralogam said...

  സുഗതകുമാരിയുടെ പ്രശംസ വികസന(?)വാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ വിറളി പിടിപ്പിക്കാന്‍ സാധ്യതയുണ്ട്.മിക്കവാറും ആദ്യത്തെ പ്രതികരണം സക്കറിയയുടെ വിവാദഫാക്ടറിയില്‍ നിന്നായിരിക്കും വരുന്നത്.

   
 19. At Wed May 16, 01:10:00 PM 2007, Blogger വികടകുമാര്‍... said...

  ഉം,,, വികടന്‍ മനസ്സില്‍ കരുതിയതെല്ലാം താങ്കള്‍ എഴുതിയല്ലൊ...ഭേഷ് വക്കാരി..ഭേഷ്...

  വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് കൊണ്ട് വെബ് എഡിഷനില്‍ ധാരാളം മലയാളികള്‍ ആദ്യം നോക്കുന്നത് ദീപിക ആണു...പക്ഷേ ദീപികയുടെ ചായ്‌വുകളും ഒളിച്ചുകളികളും പച്ചവെള്ളം പോലെ തെളിഞ്ഞതാണ്.

  ദീപിക എന്തു പറഞ്ഞാലും അച്ചുതാനന്ദന്റെ നട്ടെല്ല് നിവര്‍ന്നിരുന്നാല്‍ സാധാ ജനം സന്തോഷിക്കും... അല്ലെങ്കില്‍ 5 വര്‍ഷം കഴിയുമ്പോള്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കും...അത്ര തന്നെ..

  പൊളിക്കല്‍ തുടരട്ടെ ...“ജനം ജയിക്കട്ടെ”

  അടിക്കുറിപ്പ്:
  എല്ലാ മാദ്ധ്യമങ്ങളിലും നിറഞ്ഞു നിന്ന മുരിങ്ങൂര്‍ വിവാദം ഒരിക്കല്‍ പോലും ഒരു വരിയില്‍ പോലും വരാതെ പത്രധര്‍മം നിറവേറ്റുക എന്ന മഹദ്‌കൃത്യവും ഈയിടെ ദീപിക നടത്തുകയുണ്ടായി...ആരൊക്കെ ശ്രദ്ധിച്ചോ ആവോ?

   
 20. At Wed May 16, 01:33:00 PM 2007, Blogger കുടുംബംകലക്കി said...

  ഇടിച്ചു നിരത്തുന്നതു കാണാന്‍ ആനന്ദകരം. വേള്‍ഡ് കപ്പ് കാണുന്ന പോലല്ലേ ദുഷ്ടക്കൂട്ടം റ്റിവിയും തുറന്നുവച്ച് ഡയലോഗും വിട്ടിരിക്കുന്നത്! എന്നാല്‍ അതൊക്കെ വെട്ടിപ്പിടിച്ച പാവം മൊതലാളിമാര്‍ക്കും ഒരു ഹൃദയമുണ്ട്; അതു മറക്കണ്ട! അവര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ‘ശബ്ദമില്ലാത്തവരുടെ ശബ്ദമായ ദീപിക ശ്രമിച്ചു; അത്രയേ ഉള്ളൂ...

   
 21. At Wed May 16, 01:46:00 PM 2007, Blogger തമ്പിയളിയന്‍ said...

  കാശൊണ്ടാക്കാ‍ന്‍ കഴിയാഞ്ഞ് (വായനക്കാരെക്കിട്ടാഞ്ഞിട്ടാണോ?:) ഒരു ഫാമിലിക്കോ മറ്റോ മറിച്ച് വിറ്റ ഒരു പത്രത്തെക്കൂറിച്ചെഴുതി സമയം കളയാത് വക്കാരീ:)

  കിരണ്‍, ഏതായാലും വായനക്കാരില്ല, പിന്നെ ഇതു ഫ്രീ ആക്കിയാലെന്താ?:)

   
 22. At Wed May 16, 01:50:00 PM 2007, Blogger സുശീലന്‍ said...

  ഇടിച്ചു നിരത്തുന്നതു കാണാന്‍ എന്തൊരു രസം... ബി.സി.ജി ഗ്രൂപ്പിന്റെ 22 വില്ലകള്‍ ഇടിച്ചു നിരത്തുന്നതു കാണാന്‍ അതിലേറെ രസം. ഈ 22 വില്ലകളും ഇടത്തരക്കാരായ ഗള്‍ഫുമലയാളികള്‍ക്ക് മാത്രം വിറ്റ ബി.സി.ജി ഗ്രൂപ്പിനു ബഹുത് ഖുശി. ഇടിച്ചു നിരത്തിയാ‍ലും ഇല്ലെങ്കിലും അവരുടെ കാശ് അവര്‍ക്കു കിട്ടിയല്ലോ. ഒരു ഡാഷ് മോനും ചോദിക്കാന്‍ വരില്ല. ഇടത്തരക്കാരനായ ഗള്‍ഫുമലയാളിക്ക് എന്ത് യൂണിയന്‍ ? എന്ത് രാഷ്ട്രീയം ? ബിസിജി ഗ്രൂപ്പ് ഇനി വാഗമണ്ണിലും കൊയിലാണ്ടിയിലും വരെ പീറ ഗള്‍ഫമ്മാരുടെ കാശുകൊണ്ട് വില്ലകള്‍ പണിയും. അതിനായി കൈരളിയിലും പീപ്പിളിലും പരസ്യവും കൊടുക്കും. ഇപ്പോള്‍ വില്ലകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 20 ശതമാനം ഡിസ്കൌണ്ടും കൊടുക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വി.എസിനു ജയ് വിളിക്കും. എന്റെ കേരളം .. എത്ര സുന്ദരം..

   
 23. At Wed May 16, 02:03:00 PM 2007, Blogger സൂര്യോദയം said...

  വക്കാരീ... ഇച്ഛാശക്തിയോടെ ഏതൊരു ഗവര്‍ണ്‍മന്റ്‌ പ്രവര്‍ത്തിച്ചാലും അതിലും കുറ്റങ്ങള്‍ കണ്ടെത്തലും അതിനെ പെരുപ്പിക്കലും കോലാഹലങ്ങളുണ്ടാക്കലുമാണ്‌ ഇവിടെയുള്ള മിക്ക പത്രങ്ങളുടേയും പ്രധാന ജോലി. സ്വതന്ത്രപത്രങ്ങള്‍ എന്നവകാശപ്പെടുന്ന പത്രങ്ങളെയാണ്‌ ഏറ്റവും സൂക്ഷിക്കേണ്ടത്‌. പാര്‍ട്ടിപത്രങ്ങള്‍ അവര്‍ക്കനുസരിച്ച്‌ എഴുതുന്നത്‌ മനസ്സിലാക്കാം. എന്നാല്‍ ഈ സ്വതന്ത്രന്‍ എന്ന പേരിലുള്ള പത്രങ്ങള്‍ നമ്മുടെ നാടന്‍ ഭാഷയിലെ വസ്ത്രസംബദ്ധമായ 'സ്വതന്ത്രന്‍' തന്നെ (അതായത്‌ നാണമില്ലാത്തവ). സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്കാണ്‌ കൂടുതല്‍ എളുപ്പം.

   
 24. At Wed May 16, 05:19:00 PM 2007, Blogger അപ്പു said...

  അവസരവാദം...അല്ലാതെന്താ? പത്രധര്‍മ്മമൊക്കെ ഇക്കലത്ത് പഴങ്കഥ.

   
 25. At Wed May 16, 09:05:00 PM 2007, Blogger ദേവന്‍ said...

  എരണം കെട്ട ദീപിക. ഗവേഷണം അസ്സലായി വക്കാരീ.

   
 26. At Thu May 17, 12:28:00 AM 2007, Anonymous njaan thanne said...

  വാക്കാരീ ദീപികയുടെ വെല്ലുവിളി രണ്ടു മാസം മുന്‍പിലത്തെ വെല്ലു വിളി സ്വീകരിച്ച് തെളിയിക്കാന്‍ നടന്നിട്ട് തെളിയിക്കാന്‍ പറ്റാതെ വി എസിനു രാജിവച്ചു പോകേണ്ടിവന്നിരുന്നെങ്കില്‍ സ്മാര്‍ട്ട് സിറ്റി ഒപ്പിടാനും മൂന്നാറു ക്ലീനാക്കാനും ആരുണ്ടാകുമായിരുന്നു? അല്ലെങ്കില്‍തന്നെ വല്ലതും തെളിഞ്ഞാലും കോടികള്‍ കൊടുക്കാന്‍ ദീപികയുടെ കയ്യിലെവിടാ പൈസ?

   
 27. At Thu May 17, 04:00:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  ഇഞ്ചീ, ഒരു പത്രവാര്‍ത്ത ടൈപ്പ് ചെയ്തിട്ട് അതിന്റെ ക്രെഡിറ്റ് പത്രത്തിനു കൊടുക്കുന്നതും ക്രെഡിറ്റ് പത്രത്തിന് കൊടുത്താല്‍ തന്നെ, ആ പത്രത്തിന്റെ വെബ് പേജ് കട്ട്/പേസ്റ്റ് ചെയ്യുന്നതും ഒന്നുതന്നെയാണോ-വെബ് പേജിന് കോപ്പി റൈറ്റുണ്ടെങ്കില്‍?

  കണ്ണൂരാനേ, നന്ദി. അങ്ങിനെതന്നെയാവട്ടെ.

  സുരലോഗമേ, നന്ദി. മൊത്തത്തില്‍ ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു, ദീപിക. സുഗതകുമാരിയുടെ ലേഖനം വായിച്ചു. എല്ലാവരും ഈ ടെമ്പോ ഒന്ന് നിലനിര്‍ത്തണം- മൂന്നാര്‍ മൊത്തം ക്ലീനാക്കുന്നതുവരെ.

  ഇത്തിരിയേ, നന്ദി. ഹ...ഹ... വാഴ്‌ക വാഴ്ക, വാഴയ്ക്ക. :)

  പ്രിയംവദേ, നന്ദി. ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ടിട്ട് ഐഡന്റിറ്റി ക്രൈസിസിലാണെന്ന് തോന്നുന്നു, ദീപികയിപ്പോള്‍ :)

  ഹ...ഹ... സുല്ലേ, ഉള്ളത് പറഞ്ഞാല്‍ എനിക്ക് ചിരിയാണ് ആ വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയത്. പാവം ദീപിക.

  കുട്ടന്‍‌സേ, ദീപിക നിഷ്പക്ഷമാണോ? ഏത് പക്ഷമെന്ന കണ്‍ഫ്യൂഷനിലാണ് അവരെന്ന് തോന്നുന്നു. അവര്‍ എന്തിനെയൊക്കെയോ ഭയപ്പെടുന്നുണ്ട് എന്നൊരു കോണ്‍‌സ്പിരസി തിയറിയും ഇതിനിടയ്ക്ക് എനിക്കും തോന്നായ്കയല്ല, പക്ഷേ ഊഹം മാത്രമായിരിക്കാം-അങ്ങിനെയാവട്ടെ.

  വിചാരമേ, നന്ദി. ഇടയ്ക്കറിയാതെ, എന്നാലും ക്രെഡിറ്റൊന്നും പിണറായിക്ക് കിട്ടുന്നില്ലല്ലോ എന്ന് വിലപിക്കുകകൂടി ചെയ്യുന്നു, ദീപിക. ക്രെഡിറ്റ് കിട്ടേണ്ടതാണെങ്കില്‍ കിട്ടണം. പക്ഷേ ദീപിക അത് ഇടയ്ക്കിടയ്ക്ക് പിണറായിക്കുവേണ്ടി മാത്രമായി പറയുമ്പോള്‍ എന്തോ ഒരിത്.

  സജിത്തേ, ശരി തന്നെ. മനോരമ മുതലായ മാധ്യമങ്ങളുടെ ശ്രമം വേറൊരു രീതിയിലാണെന്ന് മാത്രം. പക്ഷേ അന്തിമമായി എങ്ങിനെയായിത്തീരും എന്ന് ഉറപ്പില്ലാത്ത ഒരു കളിയാണെന്ന് തോന്നുന്നു എല്ലാവരും. പ്രത്യേകിച്ച് ചാനലുകളും വരികയും പല പല അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആള്‍ക്കാരും സ്വന്തമായ രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങി. ഇനി പത്രങ്ങള്‍ ഇല്ലാത്ത കാര്യം എഴുതിപ്പിടിപ്പിച്ചാല്‍ തെറ്റിദ്ധരിപ്പിച്ചതിന് ഏതെങ്കിലും വരിക്കാരന്‍ കേസു കൊടുക്കാനും മതി-ആ പത്രത്തെ വിശ്വസിച്ചല്ലേ നമ്മള്‍ അത് തന്നെ പൈസ കൊടുത്ത് വാങ്ങിക്കുന്നത്?

  നന്ദൂ, നന്ദി. ആന്ത്യന്തികമായി സംഗതി ബിസിനസ്സ് ആയതുകൊണ്ട് ബിസിനസ്സ് താത്‌പര്യങ്ങളും നോക്കണം.എന്നാലും ഒരു ചമ്മലുമില്ലാതെ വാര്‍ത്തകള്‍ നൂറ്റെണ്‍‌പത് ഡിഗ്രി തിരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇവരെ വായിക്കുന്ന വായനക്കാരെ വിഡ്ഢികളാക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്.

  രാധേയാ, നന്ദി. എല്ലാ പത്രങ്ങളും അവരുടേതായ കോണ്ട്രിബ്യൂഷന്‍ ഇക്കാര്യത്തില്‍ കൊടുക്കുന്നുണ്ട്. നെല്ലും പതിരും നമ്മള്‍ തന്നെ വേര്‍തിരിച്ചെടുക്കണം. മുതലെടുക്കുക എന്നത് രാഷ്ട്രീയക്കാരുടെ ദൌര്‍ബല്ല്യമാണല്ലോ. അത് എന്തായാലും ഇതിനിടയ്ക്ക് നടക്കും.

  കുട്ടൂസാ, നന്ദി. ശരിക്കും, എനിക്കും ഇന്നത്തെ തലക്കെട്ട് കണ്ടപ്പോള്‍ ചിരിയാണ് വന്നത്. ദീപിക, സോ പ്രെഡിക്റ്റബിള്‍ എന്ന നിലയായി.

  ഹ...ഹ... കിരണേ, തന്നെ തന്നെ. പണ്ടൊക്കെ ഇവരെല്ലാം ഇതാണ് വിചാരിച്ചിരുന്നത്. ഈ ഇന്റര്‍നെറ്റ് എഡിഷന്‍ അവരുടെയും ബീപ്പി കൂട്ടും, നമ്മുടേയും ബീപ്പി കൂട്ടും.

  യാരോ യൊരാളേ, എന്താണ് അന്തര്‍‌നാടകങ്ങള്‍ എന്നറിയില്ല. ദീപികയിലെ വീതം വെയ്പ്പിന്റെ ഒരു വാര്‍ത്ത മംഗളത്തിലുണ്ടായിരുന്നു. പതിവുപോലെ അതും പത്രവാര്‍ത്തയായതുകാരണം, അതും മറ്റൊരു പത്രത്തിനെപ്പറ്റിയായതുകാരണം, അതിലെ മംഗളം ഇന്‍‌പുട്ട് എത്രയുണ്ടായിരുന്നു എന്നറിയില്ല.

  ചന്ദ്രേട്ടാ, നന്ദി. ദിനപ്പത്രം നല്ല രീതിയില്‍ മുന്നോട്ട് പോകട്ടെ. കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ വരട്ടെ, ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍.

  വിഷ്ണുപ്രസാദേ, നന്ദി. തന്നെ തന്നെ, ഇഷ്ടമില്ലാത്ത അച്യു തൊടുന്നതെല്ലാം കുറ്റം എന്നതായി ദീപികയുടെ മോട്ടോ.

  ചിത്രകാരാ, നന്ദി. സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ തന്നെ. ഗവണ്മെന്റിന്റെ നാടിന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള പിന്തുണയുണ്ടെങ്കില്‍ ഇതുപോലുള്ള ധാരാളം ഉദ്യോഗസ്ഥന്മാര്‍ വരും മുന്നോട്ട്. അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കി കൊടുത്താല്‍ മതി. അതേ സമയം ഉദ്യോഗസ്ഥന്മാരുടെ തോന്ന്യവാസങ്ങള്‍ക്കെതിരെ സര്‍ക്കാരും ജാഗരൂകരായിരിക്കണം. ഒരു നല്ല തുടക്കമാവട്ടെ.

  വികടോ, ഞാന്‍ ശരിക്കും ആ “ഒമിഷന്‍” ശ്രദ്ധിച്ചിരുന്നു. അന്നേ ദിവസം ദീപിക തന്ത്രപൂര്‍വ്വം വായനക്കാരുടെ ശ്രദ്ധ തിരിച്ചതെങ്ങിനെയെന്നും ശ്രദ്ധിച്ചിരുന്നു. മുരിങ്ങൂരിലെ ഇത്തവണത്തെ സംഭവത്തെപ്പറ്റി ദീപികയില്‍ ആകപ്പാടെ വന്നത് ഉള്‍പ്പേജിലെ നാട്ടുവാര്‍ത്തകളില്‍ ഏതോ ജില്ലയിലെ വാര്‍ത്തയായി രണ്ട് സംഘടനകളുടെയോ മറ്റോ പ്രതിഷേധം മാത്രമാണ്.

  കുടുംബം കലക്കീ, ശരിയാണ്, എല്ലാവര്‍ക്കും വേണ്ടി ശബ്ദിക്കുക എന്നതാണല്ലോ ശരിയായ രീതി :)

  തമ്പിയളിയോ, എന്നാലും ചില സമയത്തെ ദീപികയുടെ ആ പുണ്യവാളന്‍ കളി കാണുമ്പോഴാ ചുമ്മാ ചൊറിഞ്ഞ് വരുന്നത്. ഉള്ളകാര്യം പറഞ്ഞാല്‍ പിന്നെ നമ്മളാ വഴി പോകുമോ :)

  സുശീലാ, മൂന്നാറിലൊക്കെ സ്ഥലം കിട്ടുമെന്ന് കേള്‍ക്കുമ്പോഴേ അത് വാങ്ങിക്കാതെ ഒന്ന് ആലോചിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ പറ്റില്ലായിരുന്നു എന്ന് തോന്നുന്നു. മൂന്നാറിന്റെ പ്രകൃതിഭംഗിയില്‍ താത്പര്മുള്ളവര്‍ അവിടെ സ്ഥലം വാങ്ങിക്കാതെ കൊല്ലത്തിലൊരിക്കല്‍ ആ ഭംഗി ആസ്വദിക്കാനായി പോവുക എന്ന തീരുമാനമെടുത്താല്‍ മതിയായിരുന്നു. കാടൊക്കെ വെട്ടിത്തെളിച്ച് കത്തിച്ച് കളഞ്ഞ സ്ഥലത്ത് താമസിക്കുമ്പോള്‍ എന്ത് സമാധാനമാണ് നമുക്ക് കിട്ടുന്നത്? പക്ഷേ സുഗതകുമാരി മാതൃഭൂമിയില്‍ പറഞ്ഞത് പോലെ ഇതിന് ഒത്താശ കൊടുത്തവര്‍ക്കും റിസോര്‍ട്ടുകാര്‍ക്കും അതിനു തക്ക ശിക്ഷയും കൂടി കൊടുക്കണം.

  സൂര്യോദയമേ, നന്ദി. ദീപിക പണ്ടേ സ്വതന്ത്രയായിരുന്നു, അത് അവര്‍ മാത്രം അറിയുന്നില്ല എന്നേ ഉള്ളൂ എന്ന് തോന്നുന്നു :)

  അപ്പൂ നന്ദി. ഞാനും ഇപ്പോഴും പണ്ട് പഠിച്ച ആ പത്രധര്‍മ്മ പാഠത്തിന്റെ ഹാങോവറിലാ. ബാക്കി പലതും പഠിച്ചോ എന്ന് പോലും ഇപ്പോള്‍ ഓര്‍ക്കുന്നില്ല, പക്ഷേ കുറുക്കുവഴികള്‍ ഉപയോഗിക്കരുത്, പത്രധര്‍മ്മം ഈ പാഠങ്ങളൊക്കെ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു, ബീപ്പിയും കൂടുന്നു :)

  ദേവേട്ടാ‍, നന്ദി. ഇന്നത്തെ ഗ്രൂപ്പ് മീറ്റിംഗിന് പ്രസന്റ് ചെയ്യാന്‍ ഒന്നുമില്ലാതെ ഇരുന്ന എന്നെ എന്റെ പ്രൊഫസര്‍ നോക്കിയ നോട്ടം കണ്ടപ്പോള്‍ ഞാന്‍ ഈ പോസ്റ്റിനെപ്പറ്റി ഓര്‍ത്തു :(

  ഞാന്‍ തന്നേ, പൈസയുള്ളവരെയൊക്കെ ദീപിക നോക്കി വെച്ചിരിക്കുകയല്ലേ. ചൊവ്വാഴ്ചത്തെ സിനിമാ പേജ് നോക്കിയാല്‍ മതിയല്ലോ, പണ്ട് മാണികയായിരുന്ന ദീപിക ഇപ്പോള്‍ മമ്മൂട്ടികയായി :)

   
 28. At Thu May 17, 05:12:00 AM 2007, Blogger SAJAN | സാജന്‍ said...

  This comment has been removed by the author.

   
 29. At Thu May 17, 05:18:00 AM 2007, Blogger SAJAN | സാജന്‍ said...

  ഹൊ എന്തൊരു വിമര്‍ശനമാ വക്കരിജി ഇത് നിങ്ങളിങ്ങനെ വിമര്‍ശിച്ചാല്‍ ഇവന്മാര്‍ നാണക്കേട് കൊണ്ട് ഈ വെബ് എഡിഷന്‍ നിര്‍ത്തലാക്കും പിന്നെ സത്യസന്ധമായ വാര്‍ത്തകള്‍ക്ക്
  ദേശാഭിമാനി വായിക്കേണ്ടി വരും..(പാര്‍ട്ടി പത്രം എന്നുള്ളത് കൊണ്ട് അതിലെന്തും എഴുതാമല്ലോ അല്ലെ)


  ഞാന്‍ നോക്കിയിട്ട് സ്ഥാപിത താല്‍‌പര്യം ഇല്ലാത്ത ഒരു പത്രവും കേരളത്തില്‍ എന്നല്ല ലോകത്തില്‍ ഒരിടത്തും ഇല്ല.. മാനേജ്മെന്റിനോടോ, രാഷ്ട്രിയ പാര്‍ട്ടികളോടോ, മതങ്ങളോടോ, ഏതെങ്കിലും പ്രത്യേക സമൂഹങ്ങളോടോ ഇനി ഇതും അല്ലെങ്കില്‍ വ്യക്തിപരമായോ എല്ലാ പത്രങ്ങളും ഇഷ്ടാനിഷ്ടങ്ങള്‍ കാണീക്കേണ്ടി വരുന്നു...

  ആപേക്ഷികമായി അതിനെ കാണാനാണ് ഇക്കാര്യത്തില്‍ എനിക്കിഷ്ടം.. ഈ ഇഷ്ടാനിഷ്ടങ്ങളുടെ വലുപ്പചെറുപ്പം മുഖാന്തരം ചിലതൊക്കെ നമ്മുടെ കണ്ണില്‍‌പെടും അവ ശ്രദ്ധിക്കപ്പെടും.. ചിലതൊക്കെ എത്ര വാസ്തവ വിരുദ്ധമായാലും നമ്മള്‍ വിശ്വസിക്കുകയും ചെയ്യും..


  ഇതു പോലെ കീന്‍ ഒബ്സേര്‍വ് ചെയ്താല്‍ ആ പത്രങ്ങള്‍ക്ക് താല്പര്യം ഉള്ള വിഷയങ്ങളില്‍ അവരുടെ വാര്‍ത്തകളുടെ ഗതി മാറുന്നത് കാണാം..


  വക്കാരിജിയുടെ സരംഭം അങ്ങനെ നോക്കുമ്പോള്‍ നല്ലതു തന്നെ.. ഇനിയും ഓരോ പത്രത്തേയും ഈ രീതിയില്‍ ഒന്ന് അവലോകനം ചെയ്താല്‍ നന്നായി ഇരിക്കും എന്നു തോന്നുന്നു..:)

   
 30. At Thu May 17, 07:10:00 PM 2007, Blogger കുതിരവട്ടന്‍ | kuthiravattan said...

  നല്ല ലേഖനം.

   
 31. At Fri May 18, 12:20:00 AM 2007, Blogger Snigdha Rebecca Jacob said...

  ഹ ഹ ദീപികയ്ക്കിട്ടുള്ള കൊട്ട് അടിപൊളി

   
 32. At Fri May 18, 11:52:00 AM 2007, Blogger കുറുമാന്‍ said...

  വക്കാരിജീ, അടിപൊളി ലേഖനം. ദീപികയുടെ പേര് മാറ്റിയാലോ നമുക്ക്....ഇരുട്ടികയെന്നോ മറ്റോ.

  വികലമായ, കാമ്പില്ലാത്ത, വളച്ചൊടിച്ച വാര്‍ത്തകള്‍ വായിക്കാന്‍ വിധിക്കപെട്ടവര്‍ നാം. ഇത് പത്ര സ്വാതന്ത്ര്യമോ, അതോ?

   
 33. At Sun May 20, 05:24:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  സാജാ, ദേശാഭിമാനി പാര്‍ട്ടി പത്രമാണെന്ന് അവര്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ദീപികയും ദീപികയുടെ പക്ഷം അംഗീകരിച്ചാല്‍ മതി. അതല്ലാതെയുള്ള നാട്യങ്ങള്‍ കാണുമ്പോള്‍ സ്വതവേ കാപട്യക്കാരനായ എനിക്ക് ചൊറിഞ്ഞ് വരും :)

  കുതിരവട്ടമേ, നന്ദി.

  സെബിനേ, നന്ദി. നന്നാവും എന്ന പ്രതീക്ഷയിലല്ലേ :)

  ഹ...ഹ... കുറുമയ്യാ, ഇരുട്ടിക, നല്ല പേര്. പണ്ടൊക്കെ കൃത്യം പന്ത്രണ്ട് മണിക്ക് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്ന ദീപിക ഇപ്പോള്‍ അതുപോലും നേരാംവണ്ണം ചെയ്യുന്നില്ല. ദീപികയേക്കാള്‍ മുന്നെ മണ്‍‌രമ ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നു, പലപ്പോഴും.

   
 34. At Mon May 21, 01:47:00 PM 2007, Blogger ദമനകന്‍ said...

  ഇന്നലെ ഇന്‍ ഡ്യവിഷണില്‍ ഇതുപോലെഒരു അവലോകനം കണ്ടു. കോപ്പിയടിച്ചതാകുമോ?

   
 35. At Thu May 24, 10:02:00 AM 2007, Blogger പൊതുവാള് said...

  ദാ ഇന്നു വീണ്ടും ദീപിക ഒരിക്കല്‍ക്കൂടി നിലപാടു വ്യക്തമാക്കിയിരിക്കുന്നു.

  മറ്റൊരു പത്രത്തിലും ഇല്ലാത്ത ഒരു വാര്‍ത്ത ദീപിക ഒന്നാം പേജില്‍ വെണ്ടയ്ക്ക നിരത്തിയിരിക്കുന്നു.അതും വി.എസിനെതിരെയുള്ള ആരോപണങ്ങളോടെ.
  ലിങ്ക് ഇതാ.

   
 36. At Sat May 26, 02:44:00 PM 2007, Blogger Sona said...

  നല്ല ലേഖനം.

   
 37. At Sat May 26, 06:26:00 PM 2007, Blogger മഹിമ said...

  ആ ഹാ....

  നന്നായിട്ടുണ്ട്.

  ‘ഹിജൊനി യൊറോഷി’

  “ഒമെലിത്തൊ ഗൊസെയ്മാസ്”

   
 38. At Sun May 27, 05:41:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  ദമനകാ, രണ്ട് പത്രം വായിക്കുന്ന ആര്‍ക്കും തോന്നുന്ന കാര്യങ്ങളല്ലേ ദീപിക എഴുതിപ്പിടിപ്പിക്കുന്നത് :)

  പൊതുവാള്‍‌ജീ, ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല. പക്ഷേ ഞാന്‍ ആ ദീപിക വാര്‍ത്ത മുഴുവന്‍ കട്ട്/പേസ്റ്റ് ചെയ്ത് വെച്ചിട്ടുണ്ട്. പക്ഷേ ദീപികയെ ഇനി നോക്കിയിട്ട് കാര്യമില്ല. മാണികയില്‍ നിന്ന് പിണറായികയിലേക്കുള്ള മാറ്റം ഇന്ന് പൂര്‍ത്തിയായി. ഇനി ദീപികയെ നന്നാക്കാന്‍ നോക്കിയിട്ട് കാര്യമില്ല :)

  സോനാ, നന്ദി.

  മഹിമേ, നന്ദി. ചൈനീസൊക്കെ എനിക്കും കുറച്ചൊക്കെ പിടികിട്ടും കേട്ടോ :)

   
 39. At Tue May 29, 07:37:00 PM 2007, Blogger മനുസ്മൃതി said...

  ദീപികയുടെ അവസരവാദം ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചു നാളുകളായി. ഇതു പോലെ ഒരു പോസ്റ്റിലൂടെ ലോകത്തോടു വിളിച്ചു പറഞ്ഞിതിനു അഭിനന്ദനങ്ങള്‍. മേയ് 28- ലെ ദീപികയിലെ മുഖപ്രസംഗവും കൂടി ഒന്നു നോക്കൂ. വി എസിന്റെയും പിണരായിയുടേയും സസ്പെന്‍ഷന്‍-നെക്കുറിച്ചുള്ള മുഖപ്രസംഗം മാത്രം വായിച്ചാല്‍ മതി അവര്‍ ആരുടെ കൂടെയാണെന്ന് മനസ്സിലാക്കാന്‍.

   

Post a Comment

Links to this post:

Create a Link

<< Home