വിനയന്‍
കുടുംബത്തിലെ മറ്റുള്ളവരെ അപേക്ഷിച്ച് സൌന്ദര്യവും ഗ്ലാമറും നല്ല ബോഡിയും മാത്രമല്ല എനിക്ക് കൂടുതലായി ഉണ്ടായിരുന്നത്, ഒരൊന്നര കിലോ വിനയവും അതിനു തക്ക എളിമയും എനിക്ക് ബാക്കിയുള്ളവരെക്കാള്‍ ഉണ്ടായിരുന്നു എന്നത് എന്റെ സ്വകാര്യമായ ഒരു അഹങ്കാരമായിരുന്നു. സഹജീവികളോടുള്ള (എന്നു പറഞ്ഞാല്‍ മനുഷ്യരോട്) കരുണയും സഹാനുഭൂതിയും അനുകമ്പയും ബോണസ്സായും.
ബസ്സിലൊക്കെ ഇടിച്ച് കയറി, കേയെസ്സാര്‍ട്ടീസീയാണെങ്കില്‍ കണ്‍ഡക്ടറുടെ ഇപ്പുറത്തെ സീറ്റും പ്രൈ വട്ട് ബസ്സാണെങ്കില്‍ പോര്‍ട്ടറുടെ പുറകിലത്തെ സീറ്റും മറ്റാര്‍ക്കും മുന്നേ “ആസനസ്ഥമാക്കി” അമര്‍ന്നിരിക്കുമ്പോള്‍ മുതല്‍ക്കേ ഞാന്‍ ചുറ്റുപാടും നോക്കാന്‍ തുടങ്ങും. അപ്പോളായിരിക്കും പ്രായമായ ഏതെങ്കിലും അപ്പൂപ്പനോ അമ്മൂമ്മയോ, അല്ലെങ്കില്‍ ഒരു കുഞ്ഞിനെയും ഒക്കത്ത് വെച്ച് ഏതെങ്കിലും അച്ഛനോ അമ്മയോ ഒക്കെ ബസ്സില്‍ സീറ്റ് കിട്ടാതെ നില്‍ക്കുന്നത് കാണുന്നത്. അപ്പോള്‍ മുതല്‍ എന്നിലെ സഹാനുഭൂതി എന്റെ തലച്ചോറിനെ ട്രിഗര്‍ ചെയ്യുകയും പിന്നെ എന്റെ സുന്ദരവദനം ഓട്ടോമാറ്റിക്കായി ഒരു വേണുനാഗവള്ളി സ്റ്റൈലാവുകയും ചെയ്യും. ഒരു നാളില്‍ നമ്മളും ഈ അപ്പൂപ്പനെപ്പോലെയാവുമല്ലോ, പാവം എത്ര നേരം ഈ അമ്മൂമ്മ ഇങ്ങിനെ നിക്കണം, ആ കുഞ്ഞുകൊച്ചിനെയുമൊക്കത്ത് വെച്ച് ഒരു കൈകൊണ്ട് ബാലന്‍സ് പിടിച്ച് ആ അച്ഛനുമമ്മയും ഈ വണ്ടിയില്‍ അങ്ങ് ലാസ്റ്റ് സ്റ്റോപ്പ് വരെ നിന്ന് പോകണമല്ലോ എന്നൊക്കെയോര്‍ത്ത് എനിക്ക് ആകപ്പാടെ സഹാനുഭൂതിപ്രാന്താകും, ഞാന്‍ മൊത്തത്തില്‍ വികാര്‍ഭരതനാവും. സീറ്റ് കിട്ടിയ ബാക്കി എല്ലാവരെയും ഞാന്‍ ക്രൂരമായി നോക്കും. മനുഷ്യപ്പറ്റില്ലാത്തവര്‍... നിങ്ങള്‍ക്കൊന്നും നാണമില്ലല്ലോ ആ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ നിന്ന് കാലുകഴച്ച് വിഷമിക്കുമ്പോള്‍ ഇങ്ങിനെ സുഖമായി ചാരിയിരുന്നുറങ്ങാന്‍; നിങ്ങളുടെ വീട്ടിലുമില്ലേ അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൊച്ചു കുഞ്ഞുങ്ങളും, ഇതൊന്നും ശരിയല്ല കേട്ടോ, വല്ലപ്പോഴെങ്കിലും കുറച്ച് നല്ല കാര്യമൊക്കെ ചെയ്തില്ലെങ്കില്‍ പിന്നെന്താ കാര്യം തുടങ്ങി എല്ലാ ക്ലീന്‍ഷേവ് സഹാനുഭൂതി ചിന്തകളും എന്റെ മനസ്സില്‍ അലയടിച്ചടിച്ചടിച്ച് എനിക്കിറങ്ങേണ്ട സ്റ്റോപ്പ് വരെ ഞാന്‍ നിന്നുപോകുന്ന ആ പാവങ്ങളെ ഓര്‍ത്തിരിക്കും, സീറ്റില്‍.
എളിമയുടെ (അമളി യുടെ ളി, അരുമയുടെ രു അല്ല) കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. വിനയവുമതുപോലെ. എല്ലാവരെയും ബഹുമാനിക്കും. ബഹുമാനിക്കണമെന്ന് എനിക്ക് തോന്നുന്ന ആരെക്കണ്ടാലും ഞാന്‍ ഒരു മടിയും കൂടാതെ ബഹുമാനിക്കും. വിനയിച്ച് വിനയിച്ച് ഭിത്തിയുടെ ഒരരിക് ചേര്‍ന്ന് വിനയാന്വിതനായി ഭിത്തിയോട് ചാരിയുള്ള എന്റെ പോക്കുകണ്ട് ഒരു ദിവസം സാറ് പറഞ്ഞു, “ഡേയ്, അത്രയ്ക്ക് വേണ്ടടേ, ആ ഭിത്തിയിടിഞ്ഞു വീഴും”.
എന്റെ വിനയത്തിന്റെ ആദ്യത്തെ ഇര പ്രിയസുഹൃത്ത് കുമാരനായിരുന്നു. അദ്ദേഹമാണെങ്കില്‍ നമ്മള്‍ ഗ്രാജ്വേറ്റ്‌സിന്റെ സമൂഹത്തിലുള്ള വിലയെയും നിലയെയും പറ്റി സ്വല്പം ഓവറായിത്തന്നെ ബോധവാനായതുകാരണം അതിന്റെയൊരു വെയിറ്റൊക്കെ എപ്പോഴുമിട്ട് നടക്കുന്ന ഒരു പാവം.ഒരു ദിവസം നാട്ടിലെ ഒരു പൊതുമേഖലാ ഗവേഷണ സ്ഥാപനത്തില്‍ സീനിയര്‍ മുക്രിയെ കാണാന്‍ സ്കൂട്ടറില്‍ കുമാരനെയും പുറകിലിരുത്തി ഞാന്‍ പറന്ന് പോയി. ആദ്യത്തെ ഗേറ്റില്‍ ഹിന്ദിയില്‍ ബോല്‍ത്തുന്ന സെക്യൂരിറ്റി കൈകാണിച്ചപ്പോള്‍ സംഗതി ഹിന്ദിയായതുകൊണ്ട് മാത്രം ഞാന്‍ മൌനം പാലിച്ച തക്കത്തിന് കിട്ടിയ അവസരം മുതലാക്കി കുമാരന്‍ തന്റെ പ്രാഥമിക്, മാധ്യമിക് ഹിന്ദികളില്‍ കൂടി ആംഗലേയം സമാസമം ചേര്‍ത്ത് സ്സെക്യൂരിറ്റിയോട് എന്തൊക്കെയോ സംസാരിച്ചു. കുമാരന്റെ ഹിന്ദിവഴി സെക്യൂരിറ്റിക്ക് ഒരു ചുക്കും പിടികിട്ടിയില്ല എന്ന് എനിക്ക് മനസ്സിലായെങ്കിലും അവന്റെ തികച്ചും പ്രൊഫഷണല്‍ സ്റ്റൈലിലുള്ള, ഞാനൊരു ഗ്രാജ്വേറ്റാണെന്ന കാര്യം മറക്കെരുതെന്ന രീതിയിലുള്ള എയറുപിടുത്തവും, ശബ്‌ദത്തിന്റെ ഘനഗാംഭീര്യം പോലെന്തോ ഒരു ഒച്ചയും ഗൌരവഭാവവും ഒക്കെ കണ്ട് പേടിച്ചിട്ടാണോ എന്തോ , സെക്യൂരിറ്റി ഞങ്ങളെ അകത്തേക്ക് കടത്തിവിട്ട് രണ്ടാമത്തെ ഗേറ്റിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് രണ്ടാമത്തെ സെക്യൂരിറ്റിയെ കണ്ടപ്പോള്‍ “എന്താ എന്തുവേണം” എന്ന് അദ്ദേഹം മലയാളത്തില്‍ ചോദിച്ചതിന്റെ ധൈര്യത്തില്‍ കുമാരന് ചാന്‍സ് കൊടുക്കാതെ ഞാന്‍ ചോദിച്ചു:
“സാറേ, ഞങ്ങള്‍ ആ ഡിവിഷനിലെ മുക്രിയെ കാണാന്‍ വന്നതാ, ഒന്നകത്തേക്ക് കടത്തിവിടാമോ?”
ഒരു പ്രൊഫഷണല്‍ പ്രൊഫഷണലായി കുറഞ്ഞ പക്ഷം സെക്യൂരിറ്റികളോടെങ്കിലും എങ്ങിനെ പെരുമാറണമെന്ന് എനിക്ക് അരമണിക്കൂര്‍ ക്ലാസ്സെടുത്തതിനുശേഷവും കുമാരന്‍ ഷോക്കില്‍ നിന്നും മുക്തനായില്ല-അത്രയ്ക്ക് ഷോക്കായിപ്പോയി അവന്.
എന്റെ വിനയത്തിന്റെ ആദ്യത്തെ ഇര കുമാരനാണെങ്കിലും ആദ്യത്തെ സാക്ഷി മിക്കവാറും സ്കൂളില്‍ ഒരുമിച്ച് പഠിച്ച ഷുക്കൂറായിരുന്നിരിക്കണം. അവന്റെ കല്ല്യാണമൊക്കെ കഴിഞ്ഞ് പുതിയ വീടൊക്കെ വെച്ചിരിക്കുന്ന സമയം. നാട്ടിലെത്തിയ ഞാന്‍ അവനെ കാണാന്‍ പോയി. വളരെ നാളുകള്‍ക്ക് ശേഷം കണ്ട ഞങ്ങള്‍ സ്കൂള്‍-കോളേജ് വിശേഷങ്ങളൊക്കെ അയവിറക്കിക്കൊണ്ടിരുന്ന സമയത്താണ് അവന്റെ ഭാര്യ വന്നത്. ഇതാണ് നമ്മുടെ ഭാര്യ എന്ന് ഷുക്കൂര്‍ പറഞ്ഞ് തീരുന്നതിനും മുന്‍പ് തികച്ചും വിനയാന്വിതനായി ഞാന്‍ സെറ്റിയില്‍നിന്ന് എഴുന്നേറ്റ് നിന്നു, ഒരു വിനയനുവേണ്ട എല്ലാവിധ ഭാവാദികളോടും കൂടിത്തന്നെ. ഷുക്കൂറിന് ഷോക്കായെന്ന് മാത്രമല്ല അത്‌ഭുത് പരതന്ത്ര് എന്ന ഹിന്ദി സിനിമ കണ്ട ഒരു പ്രതീതിയും കൂടിയായി.
പക്ഷേ എന്റെ വിനയത്തെയും എളിമയെയും അനുകമ്പയെയുമെല്ലാം മൊത്തം പിടിച്ചുലച്ച ഒരു സംഭവമായിരുന്നു അന്നാ ബന്ധുവീട്ടില്‍ നടന്നത്. അനിയനും ചിറ്റയും അമ്മാവനുമെല്ലാമായി ചിറ്റയുടെ ഭര്‍ത്താവിന്റെ ചേച്ചിയുടെ വീട്ടില്‍ പോയി, കാറില്‍. ഞാന്‍ ആദ്യമായി പോവുകയായിരുന്നു അവിടെ. വളരെ അടുപ്പമുള്ള അവരുടെ വീട്ടില്‍ തികച്ചും സ്വാതന്ത്യത്തോടെ അനിയനും അമ്മാവനുമെല്ലാം ഓടിനടന്ന് കഥകളൊക്കെ പറഞ്ഞ് നടന്നപ്പോള്‍ വിനയഭാരത്താല്‍ മുഖം കുനിഞ്ഞിരുന്ന ഞാന്‍ തത്തുല്ല്യമായ ഭാവാദികളോടെ തല തെല്ലുമാത്രം ഉയര്‍ത്തി ഒരു മൂലയ്ക്ക് പതുങ്ങി നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് അവിടുത്തെ അമ്മൂമ്മ വന്ന് ഇരിക്ക് മോനേ എന്ന് പറഞ്ഞപ്പോളും “ഓ വേണ്ടെന്നേ” എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒന്നുകൂടി വിനയകുമ്പിടിയായി. ഇതെല്ലാം കഴിഞ്ഞ് ചായയും ഉപ്പേരിയുമൊക്കെ റെഡിയായി കഴിഞ്ഞപ്പോള്‍ അമ്മൂമ്മ അനിയനോട് അടുക്കളയില്‍ നിന്ന് വിളിച്ച് പറഞ്ഞു:
“മോനേ, ആ ഡ്രൈവര്‍ക്കുംകൂടി ഒരു ഗ്ലാസ്സ് ചായ കൊടുക്ക് കേട്ടോ”
എക്‍സ്‌ക്യൂമീ, എന്നെയാണോ ഉദ്ദേശിച്ചത് എന്നൊന്നും ചോദിക്കേണ്ട ആവശ്യമേ അപ്പോളില്ലായിരുന്നു.
Labels: അനുഭവം, എളിമ, ഓര്‍മ്മ, കഥ, ചവര്‍, ചളം, നര്‍മ്മം, വിനയം, വിനയകുമ്പിടി
48 Comments:
വക്കാരീ.. ഞാന്‍ തേങ്ങയടിച്ച് ഉദ്ഘാടനം ചെയ്തിരിക്കുന്നു.
അമളിയുടെ ള, അരുമയുടെ ര അല്ല അല്ലേ?
മൊത്തത്തില്‍ തകര്‍പ്പന്‍.
ഹഹഹ! (മറ്റേ എതിരവന്‍ കാണണ്ട ഈ ഹഹഹ്..)
അതു മിന്നിച്ചു വക്കാരി ;) (ഹെഡ്‌ലൈറ്റ്..) ഡ്രൈവര്‍ ഭാഷയില്‍ പറഞ്ഞതാ ;)
അപ്പൊ അതി വിനയനായാലും അതും വിനയാണു അല്ലെ വക്കാരി,
ഹ ഹ കലക്കി വക്കാരി. വിനയം കൂടി മതിലിടിച്ചിടാന്‍ പോയതു സൂപ്പറായി..!
വക്കാരി പറഞ്ഞത് പണ്ടത്തെ കാര്യമല്ലേ?:)
അല്ലെന്നൊന്നും പറയരുത് ബൂലോകസമ്മര്‍ദ്ദം താങ്ങാനാവില്ല:)
തകര്‍പ്പന്‍ വക്കാരി..This wordvery!!!
ഹ ഹ...കലക്കി വക്കാരി. ബൈ ദ വേ, ഇന്നു മേയ് 30 അല്ലേ? വക്കാരി എങ്ങനെ 31 നു പോസ്റ്റ് ഇട്ടു? റ്റൈം മെഷീന്‍ വല്ലതും കണ്ടു പിടിച്ചോ? ;)
ശ്രീ വക്കാരി സാാാാര്‍.. താങ്കളുടെ ഈ പോസ്റ്റും വായിക്കുവാന്‍ അടിയന് ഭാഗ്യമുണ്ടായി.. ഈയുള്ളവനെ പോലെ വേറോരു സാറിനെ കണ്ടതില്‍ അടക്കാവാനാവാത്ത സന്തോഷം!!
ഉണ്ണിക്കുട്ടന്‍ സാര്‍ പറഞ്ഞത് പോലെ വിനയം കൊണ്ട് മതിലിടിച്ചു കളഞ്ഞത് ഇഷ്ടപ്പെട്ടു..
ഇനിയും ഇത്തരം കഥകള്‍ പ്രതീക്ഷിക്കാമല്ലോ..
വിനയത്തോടെ,
സാജന്‍
വിനയകുമ്പിടി ഇഷ്ടമായി...:)
ഹ ഹ
ആ ഡ്രൈവര്‍ കലക്കീ
ഇത്രയ്ക്കും എളിമയും എരുമയുമുള്ളയാളാണ് വക്കാരിയെന്നു ഇതു വായിച്ചപ്പോഴാ മനസ്സിലായേ
ഹ.ഹ.ഹ..വക്കാരിയേയ്....
വിശാലന്റെ ഹോഴ്സ് റേസില്‍ ഇട്ട കമന്റ് ഞാന്‍ ഇവിടേം തട്ടുന്നു...കൂടുതല്‍ ഒന്നും പറയാനില്ല.
വിനയം വിത്ത് ബഹുമാനം കാണൂ.....
എന്റെ നാട്ടില്‍ ഒരു സ്ഥലം ബ്രോക്കര്‍ ഉണ്ട്..
പുള്ളി അദ്യമായി ഒരു മുട്ടന്‍ കച്ചവടം നടത്തി...
സ്വന്തം വീട് തന്നെയാ വിറ്റത്..
അത് വേറെ കാര്യം.......
വാങ്ങിച്ച പാര്‍ട്ടി ഒരു കാശ് കാരന്‍...
ഏതോ ഒരു മുഴുത്ത കാറില്‍ വന്നിറങ്ങി.....
എന്നിട്ട് പറഞ്ഞു...
'ഉണ്ണീ കേറു..നമുക്ക് വേറൊരു പ്ലോട്ട് കൂടി കാണാനുണ്ട്.....'
ഉണ്ണി കേറി.....
എന്ത് ചെയ്താല്‍ കാറിനകത്ത് ഇരിക്കൂല്ലാ ...
ബഹുമാനം കൊണ്ടാണേ......
അങ്ങനെ കാറില്‍ 25 കിലോമീറ്റര്‍ കുനിഞ്ഞ് നിന്ന് പോയി ഉണ്ണിച്ചേട്ടന്‍....
കാറില്‍ നിന്ന് ഇറങ്ങിയപ്പഴോ.....
കാലില്‍ ചെരുപ്പില്ലാ....
ചെരുപ്പ് കേറിയ സ്ഥലത്ത് ഊരിയിട്ടു......
മുട്ടന്‍ കാറില്‍ എങ്ങനെയാ ചെരുപ്പിട്ട് കേറണേ...
ബഹുമാനം കൊണ്ടാണേ.......
ഡ്രൈവര്‍ക്ക് ഒരു :)
തീയതിയിലും ഒരു തമാശ ഉണ്ടല്ലോ...
മെയ് 31 നു പോസ്റ്റിയതിലെ കമന്റുകളൊക്കെ മെയ് 30ന്റെ..സാന്‍ഡോസിന്റെ ഒഴിച്ച്...
ചാത്തനേറ്:
നമ്മ സംവിധായകന്‍ വിനയനെപ്പറ്റിയാണെന്ന് തെറ്റിദ്ധരിച്ചാ വന്നത്.. അല്ല അല്ലേ...
ഇപ്പോ വെള്ളേം വെള്ളെം ഡ്രസ്സ് തീരെ ഇടാറില്ലേ?
വക്കാരി സെന്‍,
അലക്ക് തൊടങ്ങീപ്പ തന്നെ കരുതിയതാ..ഇത് ഇങ്ങനെയൊക്കെ അവസാനിക്കൂന്ന്..ഏതായാലും ചായ കിട്ടിയല്ലോ!ചില നാട്ടുമ്പുറങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പോലും കൊടുക്കില്ലാത്രെ!
വക്കാരിജി,
രസിച്ചു,നമിച്ചു, വിനയാന്വിതന്നണ്ണന്‍.:)
ബസ്സിലൊക്കെ ഇടിച്ച് കയറി, കേയെസ്സാര്‍ട്ടീസീയാണെങ്കില്‍ കണ്‍ഡക്ടറുടെ ഇപ്പുറത്തെ സീറ്റും പ്രൈ വട്ട് ബസ്സാണെങ്കില്‍ പോര്‍ട്ടറുടെ പുറകിലത്തെ സീറ്റും മറ്റാര്‍ക്കും മുന്നേ “ആസനസ്ഥമാക്കി” അമര്‍ന്നിരിക്കുമ്പോള്‍ മുതല്‍ക്കേ ഞാന്‍ ചുറ്റുപാടും നോക്കാന്‍ തുടങ്ങും.
രസികന്‍ പരിപാടി തന്നെ.
അത് പപ്പാരസിയുടെ തെറ്റിധാരണയ അഥിതികള്‍ വീട്ടില്‍ ചെന്നാല്‍ ഡ്രൈവര്‍ എവിടെയെന്ന ആദ്യമെ ചോദിക്കും അവരെ സ്വീകരിക്കുകയും ചെയ്യും.
“ഒരൊന്നര കിലോ വിനയവും അതിനു തക്ക എളിമയും എനിക്ക് ബാക്കിയുള്ളവരെക്കാള്‍ ഉണ്ടായിരുന്നു “
വക്കാരി ചേട്ടാ.... നല്ല എഴുത്ത്.....
ഹ ഹ ഹ :) വക്കാരിവിനയം (ഏകലവ്യന്റെ ഗുരുഭക്തി എന്നൊക്കെ പറയും പോലെ) എന്നൊരു ശൈലിതന്നെയുണ്ടാക്കാം. വിനയക്കൂടുതല്‍ കാരണം എന്ത് ക്രെഡിറ്റ് കൊടുത്താലും വിനയപൂര്‍വം നിരസിക്കുന്ന ഒരു കുമാരന്‍, സ്വന്തം കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ട്പോയി. എന്‍റോളിങ്ങ് സമയത്ത് റ്റീച്ചര്‍ ചോദിച്ചു "താങ്കളാണോ കുട്ടിയുടെ പിതാവ്?" വിനയകുനിയന്‍ കുമാരന്‍ "ഏയ് അങ്ങിനെയൊന്നുമില്ല!" വിനയം അത്രയ്ക്ക് വേണ്ടാട്ടോ...
ഹാ ഹാ വക്കാരീ എന്റെ ചിരി നില്‍ക്കുന്നില്ലാല്ലോ :))
വക്കാരീ.....:-))
വിനയം വിനയാകാറുണ്ടൊ വിക്കാരീ ( സോറി- വക്കാരീ)
വക്കാരിമാശ് ത്താ.. ഉഗ്രന്‍ പോസ്റ്റ്.... :-)
'ഡ്രൈവര്‍' സല്ക്കാരം രസിപ്പിച്ചു.
ചിലപ്പോള്‍ വിനയന് വിനയം നയം ആണെന്നും പെണ്ണെന്നും... :)
അതിവിനയം ആപത്ത് :)
ഇന്നലെ ഇതു വായിച്ചപ്പോല്‍ മുതല്‍ കമന്റാന്‍ നോക്കി സാധിച്ചില്ല . ഇന്ന് ഒന്നു കൂടി ശ്രമിക്കുന്നു. ഇതു പറ്റി യാല്‍ പറ്റി. വക്കാരിമാഷേ കലക്കി എഴുത്ത്.
ഇതുപോലെ അതിവിനയാന്വിതയായിരുന്ന ഒരാന്റി എനിയ്ക്കുണ്ട്, അകന്ന ബന്ധു. എനിയ്ക്കൊരു കുഞ്ഞുണ്ടായി, അതിനെ കുളിപ്പിച്ചും കണ്ണെഴുതിച്ചുമൊക്കെ ഞാന്‍ സ്വന്തം വീട്ടില്‍ വിരാജിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കുറെ ബന്ധുക്കള്‍ കുഞ്ഞിനെക്കാണാന്‍ ജോണ്‍സണ്‍'സ് പൗഡറും സോപ്പുമൊക്കെയായി വന്നിരുന്നു. ആന്റി അവര്‍ക്കു വേണ്ട ചായ, കാപ്പി, വട എന്നീ വകകളെല്ലാം ഓടിപ്പോയി എടുത്തുകൊണ്ട് കൊടുത്തു, പിന്നെയും ഉത്തരവുകള്‍ക്കായി കാത്തുനിന്നു..കൂട്ടത്തിലുണ്ണ്ടായിരുന്ന ഒരു വല്യമ്മ " ഇതാണൊ പുതിയ ഹോം നഴ്സ്" എന്നു ആന്റിയുടെ നേര്‍ക്ക് കൈചൂണ്ടി ചോദിച്ചു, അവരുടെ മുഖം ആകെ വിളറിപ്പോയി..വല്യമ്മ ക്ഷമയൊക്കെ ചോദിച്ചെങ്കിലും ആന്റി പിന്നീട് വിനയത്തിന്റെ അളവ് വളരെ വളരെ കുറച്ചുകളഞ്ഞു.
ഡ്രൈവര്‍ പ്രയോഗം കേട്ടപ്പോള്‍ ഇതാണു ഓര്‍മ്മ വന്നത്..:)
എളിമപ്പറമ്പില്‍ വിനയന്‍ വകാരിമാഷേ..
ഇതു കൊള്ളാം :)
എന്റെ ബക്കാര്‍ഡീ മാഷേ... ശ്ശെ വക്കാരീ മാഷേ ...
എനിക്കും ചിരിയങ്ങോട്ട് നില്‍ക്കുന്നില്ല. കുറേക്കാലത്തിനു ശേഷം കുടഞ്ഞിട്ടു ചിരിപ്പിച്ച ഒരു പോസ്റ്റ്...
വക്കാരീ :) ഹിഹിഹി. ഞാനും ഇതുപോലെ വിനയകുനിയ ആയി, അമളി പറ്റിയ കഥകള്‍ പറഞ്ഞാല്‍, ഒരു പോസ്റ്റിലൊന്നും തീരില്ല. എന്തായാലും ഡ്രൈവര്‍ക്ക് ചായയും പലഹാരവും കിട്ടിയിരിക്കുമെന്ന് കരുതുന്നു. ചേട്ടന്റെ കൂടെപ്പഠിച്ച, ഒരാളെ, ഞങ്ങളുടെ വിവാഹത്തിനുശേഷം കാണുന്നത്, ട്രെയിനില്‍ വെച്ചായിരുന്നു. ഇത് സതീശ് എന്ന് ചേട്ടന്‍ പറഞ്ഞ് നിര്‍ത്തുന്നതിനുമുമ്പ്, ലോവര്‍ ബര്‍ത്തില്‍, ഇരിക്കുന്നതിന്റേയും, കിടക്കുന്നതിന്റേയും ഒരു ജോയിന്റ് അവസ്ഥയിലിരുന്ന ഞാന്‍ ചാടിയെണീറ്റ്, മിഡില്‍, ബര്‍ത്തില്‍ തലയിടിച്ചു. നക്ഷത്രമെണ്ണി. അവരു രണ്ടും നില്‍ക്കുന്നത് കൊണ്ട് എനിക്ക് ശരിയ്ക്ക് നില്‍ക്കാന്‍ പറ്റിയില്ല.
വീടിനടുത്തുള്ള, കല്യാണം കഴിച്ച് പോയി വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞൊരു ദിവസം വീട്ടില്‍ വന്ന, ഒരു സ്ത്രീയെക്കൊണ്ട്, അമ്മയോട്, ഇവിടെ ജോലിക്കു നില്‍ക്കുന്ന കുട്ടിയാണോ എന്ന് വരെ എന്റെ വിനയം ചോദിപ്പിച്ചിട്ടുണ്ട്.
വിനയകുനിയ ആയിട്ട് പറ്റിയ ആയിരം അമളികള്‍ എന്നൊരു പുസ്തകം ഞാനിറക്കും. വക്കാരിയ്ക്ക് ഒരു കോപ്പി ഫ്രീ. പത്തെണ്ണം പണം കൊടുത്ത് വാങ്ങണേ. ;)
ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായല്ലോ. പെരിങ്ങോടനോട് കവിത വ്യാഖ്യാനം ചെയ്യാന്‍ പറയുന്ന പോലെ വക്കാരിയോട് വിനയനെ വ്യാഖ്യാനം ചെയ്യാന്‍ പറയേണ്ടി വരുമെന്നാ തോന്നുന്നത്.
കുമാരനും ഷുക്കൂറും ഷോക്കായതെന്തിനാ, ആ അവസരത്തില്‍ വക്കാരി പറഞ്ഞതിനോ ചെയ്തതിനോ എന്തായിരുന്നു കുഴപ്പം എന്നൊന്നും ആലോചിച്ചിട്ട് ഒരു പിടിത്തവും കിട്ടുന്നില്ല. ഡ്രൈവര്‍ സംഭവം വായിച്ചിട്ട് ചിരിയും വന്നില്ല. :-( . എല്ലാവരും എന്തിനാ ചിരിച്ചു മറിയുന്നത് എന്നാലോചിച്ചിട്ട് ഒരു അത്‌ഭുത് പരതന്തൃ്!
ഇത് വക്കാരി എഴുതിയത് തന്നെ ആണോ? (ഞാന്‍ ഇങ്ങനെ ഒരു പ്രതിലോമകാരി ആയിപ്പോയല്ലോ ഭഗവാനേ!)
മിസ്റ്റര്‍. വിനയ് കുമാര്‍ അഥവാ എളിമേഷ് കുമാറെന്നോ മറ്റോ ആണോ ശരിക്കുള്ള പേര്??
സംഭവം തകര്‍ത്തിട്ടുണ്ട്.
ഹഹഹ വിനയ കുനിയാ,
തകര്‍ത്തു... വിനയനല്ല, ആ അമ്മൂമ്മ :)
വക്കാരി, :))
“എളിമ കൂടി ഇളിമ ആവരുത്“ എന്നതായിരുന്നു രാജേഷ് ആ വര്‍മ്മയുടെ നെല്ലിക്ക ബ്ലോഗിനന്റെ തലവാചകം. (ഇത് ഇങ്ങനെ തന്നെയാണോ എന്ന് നോക്കാന്‍ അവിടെ പോയി നോക്കിയപ്പോള്‍ അത് മാറ്റിയിരിക്കുന്നു)
ഹ ഹ ഹ വിനയകുമ്പിടി വക്കാരിമാഷേ, അമ്മൂമ്മ വിനയത്തിന്റെ തലക്കിട്ടടിച്ചു അല്ലേ? :)
‘വിനയന്‍’ വിതച്ച വിന!!
വിനയാ.. :-)
qw_er_ty
വിനയേട്ടാ (‘വിനയം വക്കാരി‘..)...
ഇതു കലക്കി... രസിപ്പിച്ചു..
സാന്‍ഡോസിന്റെ കമന്റും കലക്കി...
:)
വക്കാരിമച്ചാ,
നല്ല പോസ്റ്റ്. വിനയം കാരണം ഇപ്പൊ ഇത്രയേ പറയുന്നുള്ളൂ. :)
Good one. Keep writing.
Read your article in tamil through http://malaiyaruvi.blogspot.com/
സാന്‍ഡോസ് പറഞ്ഞതുപോലെ ചെരിപ്പ് രണ്ടുമൂരി, മുണ്ടിന്റെ മടക്കിക്കുത്തഴിച്ച്, നടുവ വളച്ച് ഓച്ഛാനിച്ച്, കൈകൂപ്പി, ഇടത്തുമാറി വലത്ത് ചവുട്ടി എടുത്തമര്‍ത്തി തിരിഞ്ഞുമറിഞ്ഞ് നടുവൊടിഞ്ഞ് താഴെവീണ് കമഴ്‌ന്ന് കിടന്ന് പൂഴിയും തിന്ന് പൂഴിക്കടകനായി ഞാന്‍ പറയട്ടെ, വിനയാന്വിതനായി, വിനയകുമ്പിടിയായി,
“സാറന്മാരേ, ടീച്ചര്‍മാരേ, ചേച്ചിമാരേ, ചേട്ടന്മാരേ, നാട്ടുകാരേ, കൂട്ടുകാരേ എന്റെ വിനയപ്പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും എന്റെ വിനയീതമായ കൂപ്പുകൈ. വിനയീ ഭവഃ”.
ഇനി “ഇത് വക്കാരി എഴുതിയത് തന്നെ ആണോ?“ എന്ന് കണ്‍ഫൂസായ കണ്ണൂസിനോട്:
കണ്ണൂസേ, വായിച്ചപ്പോള്‍:
1. “കുന്തം ഇത് തീരുന്നില്ലല്ലോ“ എന്നല്ല “തീരുന്നേ ഇല്ലല്ലോ” എന്ന് തോന്നിയോ?
2. രണ്ട് വരി വായിച്ചപ്പോഴേ വായില്‍ കോട്ട കെട്ടാന്‍ തോന്നിയോ?
3. രണ്ടാം പാര വായിച്ചപ്പോള്‍ തന്നെ ധീം തരികിട ധോം എന്ന് പറഞ്ഞ് കിടക്കയില്‍ വീണ് കൂര്‍ക്കം വലിച്ചുറങ്ങിയോ?
4. മൂന്നാം പാര വായിച്ചപ്പോള്‍ പണ്ട് സ്കൂളില്‍ പത്തിലെ പരീക്ഷയ്ക്ക് രാത്രി രണ്ടുമണിക്ക് ജ്യോഗ്രഫി പുസ്തകത്തിന്റെ മൂന്നാം പാഠം വായിച്ചപോലത്തെ ഒരു പ്രതീതി തോന്നിയോ?
5. ഒരു വിധത്തില്‍ പകുതിവരെയെങ്കിലുമെത്തിച്ചെങ്കില്‍ തന്നെ “ഹാ...വൂ, ഇനി കമന്റ് നോക്കാം, അല്ലെങ്കില്‍ അടുത്ത ബ്ലോഗ് നോക്കാം” എന്നൊക്കെ തോന്നിയോ?
6. വായിച്ചുകൊണ്ടിരുന്നപ്പോള്‍ നാട്ടിലെ കാര്യം, നാട്ടുകാരുടെ കാര്യം, വീട്ടിലെ കാര്യം, വീട്ടുകാരുടെ കാര്യം തുടങ്ങി ചിന്തകള്‍ രാജാക്കാട്, പട്ടിക്കാട്, കപിക്കാട്, പാലക്കാട് തുടങ്ങി എല്ലാവിധ കാടുകളിലും കയറി അവസാനം എന്താണ് വായിച്ചുകൊണ്ടിരുന്നത് എന്ന് കമ്പ്ലീറ്റ് മറന്ന് കമ്പുവും ഓഫ് ചെയ്ത് അടുത്ത പണി നോക്കിയോ?
7. ഇനി സൌണ്ട് പ്രൂഫ് മുറിയില്‍ കതകെല്ലാം അടച്ചിട്ട് മെഡിറ്റേറ്റും മെഡിക്കേറ്റും ചെയ്ത് യോഗാസനനായി ഏകാഗ്രചിത്തനായി ഒരു വിധത്തില്‍ ഈ പോസ്റ്റ് വായിച്ച് തീര്‍ത്തെങ്കില്‍ തന്നെ അടുത്ത നിമിഷം കൃതികര്‍ത്താവിനെ ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കില്‍... എന്ന് ജയന്‍ സ്റ്റൈലില്‍ തോന്നിയോ?
ഇതിലേതെങ്കിലുമോ ഇതെല്ലാമോ സംഭവിച്ചിട്ടുണ്ടെങ്കില്‍ സംശയിക്കേണ്ട, എഴുതിയത് ഞാന്‍ തന്നെ :)
ഇത് ശരിയായില്ല വക്കാരിജി, അതും ഒരു വിനയന്‍ പോസ്റ്റില്‍ എല്ലാവര്‍ക്കും പേരെടുത്ത് നന്ദി പറയാണ്ടിരുന്നത് തീരെ ശരിയായില്ല.
അതെന്റെ വിനയം കാരണമല്ലേ ഇഞ്ചീ. ആരുടേയും പേര് മൊത്തത്തിലങ്ങ് പറയാന്‍ തന്നെ.. ആ മൊത്തത്തില്‍ പറയുന്ന കാര്യം പറയാന്‍ തന്നെ...
(ചക്ക-മുയല്‍-ഒരിക്കല്‍):) :)
:)
എഴുത്തില്‍ നര്‍മ്മം കലര്‍ത്തിയിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥ വക്കാരിയില്‍ ഈ വിനയവും ബഹുമാനവും ഉള്ളവനാണെന്ന് അനുഭവിച്ചറിഞ്ഞവനല്ലേ ഈ ഞാന്‍. ഒാര്‍മ്മയുണ്ടോ, വക്കാരീ.
താങ്കളെഴുതുന്ന മിക്ക കമന്റുകളിലും ഈ ബഹുമാനവും, വിനയവും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. (ഞാന്‍ ആരുമല്ല. അതുകൊണ്ട് എന്റെയീ വാക്കുകള്‍ ഒരിടത്തും quote ചെയ്തേക്കല്ലേ).
അങ്കിളേ, നല്ല വാക്കുകള്‍ക്ക് നന്ദി. ആകെമൊത്തം ടോട്ടല്‍ നോക്കിയാല്‍ ഒരു കാപട്യക്കാരനാണ് ഞാനെന്നാണ് എന്നെപ്പറ്റിയുള്ള എന്റെതന്നെ വിശകലനം :)
പിന്നെ എന്നെപ്പറ്റി നല്ല അഭിപ്രായങ്ങള്‍ ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ ഞാന്‍ തന്നെ മുന്‍കൈ എടുത്ത് വലിയ താമസമില്ലാതെ തന്നെ അതൊക്കെ തിരുത്തിച്ചിട്ടുമുണ്ട് :)
qw_er_ty
വക്കാരീ എന്റെ ഗുരോ...
കൊള്ളാം.......
മൂന്നു ചിരി.
:) : ) : )
“മോനേ, ആ ഡ്രൈവര്‍ക്കുംകൂടി ഒരു ഗ്ലാസ്സ് ചായ കൊടുക്ക് കേട്ടോ”
- വക്കാരിയിരിക്കേണ്ടിടത്ത് വക്കാരിയിരുന്നില്ലെങ്കില്‍ അവിടെ വിനയന്‍ കേറിയിരിക്കുമെന്ന് ഗുണപാഠം!
നന്നായി എന്നല്ല കലക്കി, ഡ്രൈവറേ!
യ്യോ ശരിക്കുള്ള വിനയോ, സ്വാഗതം, സ്വാഗതം... ഞാന്‍, ചുമ്മാ... :)
കൈതമുള്ളേ, നന്ദി, നന്ദി. ഒരാനക്കൊട്ടിലില്‍
ശരിക്കും ആട് കിടക്കുന്നത് കണ്ടിട്ടുണ്ട് :)
Post a Comment
<< Home