Monday, March 01, 2010

അഴീക്കോടും ടെലിഫോണും പ്രൈവസിയും

അഴീക്കോട്-മോഹന്‍‌ലാല്‍ വിവാദത്തില്‍ (തിലകനൊക്കെ എന്നേ ഔട്ട്) നമ്മള്‍ പതിവുപോലെ മറക്കുന്നത് പതിവു സംഗതി തന്നെയാണ്

മൂലകാരണം.

ഇവിടെ പ്രശ്‌നങ്ങളുടെ തുടക്കം (പത്ര-ടിവി മാധ്യമങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയിടത്തോളം) മോഹന്‍‌ലാല്‍ അഴീക്കോടിനോട് നടത്തിയ ഒരു ടെലിഫോണ്‍ സംഭാഷണമാണ്. അതാവട്ടെ, തികച്ചും വ്യക്തിപരമായി മോഹന്‍‌ലാല്‍ അഴീക്കോടിനെ വിളിച്ചതുമാണ്. സ്വര്‍ണ്ണക്കടയുടെ പരസ്യത്തില്‍ മോഹന്‍‌ലാല്‍ അഭിനയിക്കുന്നതിനെ അഴീക്കോട് വിമര്‍ശിച്ചപ്പോള്‍ ജീവിച്ചുപൊക്കോട്ടെ മാഷേ, എന്റെ മേലൊക്കെ എന്തിനു കുതിരകയറുന്നു എന്നോ മറ്റോ മോഹന്‍‌ലാല്‍ ചോദിച്ചു. അഴീക്കോടാകട്ടെ,അപ്പോളേ തിലകന്‍ പ്രശ്നം എടുത്തിട്ടു. ലാല്‍ ഇന്ന് മമ്മൂട്ടി പറഞ്ഞപോലെ അഴീക്കോടിനോട് അതൊക്കെ തീര്‍ക്കാമെന്ന് പറഞ്ഞു (എന്ന് അഴീക്കോട് മാധ്യമങ്ങളോട് പറഞ്ഞു-താനങ്ങിനെ പറഞ്ഞിട്ടില്ല എന്ന് ലാലും പറഞ്ഞു).

വ്യക്തിപരമായി ഒരാള്‍ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന കാര്യങ്ങള്‍ പരസ്യപ്പെടുത്തരുത് എന്ന ധാര്‍മ്മികത തെറ്റിച്ചതാണിവിടെ മൊത്തം പ്രശ്നമായത്. ഏതോ വിവരങ്ങള്‍ തനിക്ക് കിട്ടി എന്ന് അഴീക്കോട് പറഞ്ഞപ്പോള്‍ അത് എവിടെനിന്നാണ് കിട്ടിയത് എന്ന് മനോരമയിലെ വേണു ചോദിച്ചപ്പോള്‍ അതൊന്നും പറയാന്‍ പറ്റില്ല, അത് രഹസ്യമായിട്ട് തന്നെയിരിക്കും എന്ന് ധാര്‍മ്മികതിച്ചയാളാണ് അഴീക്കോട്. അദ്ദേഹം മോഹന്‍‌ലാലിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ടെലിഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തരുതായിരുന്നു. അത് തെറ്റിച്ചതാണ് ഇവിടുത്തെ മൂലകാരണം.

അതുകൊണ്ട് അഴീക്കോടിനെ ഫോണ്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കുക, സംഗതി അടുത്ത ദിവസം നാടുമുഴുവന്‍ അറിയും. മാത്രവുമല്ല, താനൊരു തനി മലയാളിയാണെന്നും ശ്രീ അഴീക്കോട് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഒരാളെ അടിച്ചിരുത്താന്‍ ഏതറ്റം വരെ പോകാനും നമ്മള്‍ മലയാളികള്‍ക്ക് മടിയില്ലല്ലോ. മോഹന്‍‌ലാലിന്റെ കുടുംബകാര്യങ്ങളില്‍ വരെ അദ്ദേഹം ഇടപെട്ടു. ചേട്ടന്റെ സ്വത്തം കൈയ്യേറ്റം ചെയ്യെങ്കില്‍ പരാതിക്കാരന്‍ ചേട്ടനോ ചേട്ടനോട് ബന്ധപ്പെട്ടവരോ ആകണമല്ലോ. സിനിമാ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഏതൊരു ഇന്ത്യന്‍ പൌരനും അവകാശമുണ്ടെന്ന് വാദിക്കാം. പക്ഷേ വല്ലവരുടെയും കുടുംബകാര്യങ്ങളില്‍ മിനിമം അയാളുടെ അനുവാദമെങ്കിലുമില്ലാതെ അഭിപ്രായം പൊതുജനങ്ങളോട് മാധ്യമങ്ങളിലൂടെ പറയാന്‍ എല്ലാ ഇന്ത്യന്‍ പൌരനും അവകാശമുണ്ടോ എന്ന് വക്കീല്‍ മമ്മൂട്ടിയോടുതന്നെ ചോദിക്കാം. ഇല്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത് (അഴീക്കോട് സ്റ്റൈലില്‍ “സെക്രട്ടറിയേറ്റിലെ ആരോ പറഞ്ഞ അടിസ്ഥാനത്തിലാണ് പറയുന്നത്, തെറ്റാണെങ്കില്‍ ഞാന്‍ മാപ്പുപറയാന്‍ തയ്യാറാണ്“).

മാത്രവുമല്ല, ഫാസിസവും തലപൊക്കിത്തുടങ്ങി. മോഹന്‍ലാല്‍ മാനനഷ്ടത്തിന് കേസുകൊടുക്കും എന്ന വാര്‍ത്ത കണ്ടപ്പോള്‍ ലാല്‍ മേലില്‍ വായ തുറക്കാതിരിക്കാനുള്ള പണി ഞാന്‍ കൊടുക്കും എന്ന് അഴീക്കോട് പറഞ്ഞത്രേ (ഇന്ത്യാവിഷന്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍). അത് കൊള്ളാം. എതിരാളികള്‍ മേലില്‍ വായേ തുറക്കരുത് എന്നൊക്കെ ആഗ്രഹിക്കുന്നത് ഏകാധിപതികളും സ്വേച്ഛാധിപതികളും അധികാരം തലയ്ക്കുപിടിച്ചവരുമൊക്കെയല്ലേ. ഇതിനൊക്കെയെതിരെ നമ്മള്‍ സാദാ മലയാളികള്‍ ചുമ്മാ ഒന്ന് പ്രതികരിക്കുകയെങ്കിലും വേണ്ടേ.

മോഹന്‍ലാലിനെതിരെ അഴീക്കോട് പരസ്യമായി പറഞ്ഞപ്പോള്‍ തിരിച്ച് പത്രപ്രസ്താവനകളൊന്നും നടത്താതെ അഴീക്കോടിനെ ഫോണ്‍ ചെയ്ത് കാര്യം ചോദിക്കുക എന്ന മര്യാദയാണ് മോഹന്‍ലാല്‍ കാണിച്ചത്. അഴീക്കോടാകട്ടെ, ലാലിനെക്കൊണ്ട് തിലകന്‍ പ്രശ്നത്തില്‍ അഭിപ്രായം പറയിച്ചിട്ട്, ലാലെന്നേ വിളിച്ചേ, ഇതൊക്കെയാണേ പറഞ്ഞത് എന്ന പരസ്യപ്രസ്താവന നടത്തി. തനിക്ക് അപകീര്‍ത്തികരമെന്ന് തോന്നിയ പ്രസ്താവന അഴീക്കോട് നടത്തിയപ്പോള്‍ മാനനഷ്ടത്തിന് കേസുകൊടുക്കാനാണ്; ലാല്‍ തുനിയുന്നത്. അഴീക്കോടാവട്ടെ ലാലിന്റെ വായ ഇനിയൊരിക്കലും എങ്ങിനെ തുറപ്പിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നു.

ഇതിനെയല്ലേ പ്രായത്തിന്റെ പക്വത എന്ന് വിളിക്കുന്നത്.

(ഈ പ്രശ്നത്തില്‍ ഇനിയൊരു മാറ്റമുണ്ടാവുന്നതുവരെ ഞാന്‍ ലാലേട്ടന്റെ കൂടെ. കാരണം അഴീക്കോട് ഒരു ടെലിഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തി-വിളിച്ചയാളിന്റെ അനുമതിയില്ലാതെ,ലാലിന്റെ കുടുംബകാര്യങ്ങളില്‍ കുടുംബത്തിലെ ആരുടെയും അനുവാദമില്ലാതെ പരസ്യപ്രസ്താവന നടത്തി, ലാല്‍ കേസുകൊടുക്കും എന്ന വാര്‍ത്ത വന്നപ്പോള്‍ ലാലിന്റെ വായ ഇനിയൊരിക്കലും തുറപ്പിക്കാതിരിക്കാനുള്ള വഴികള്‍ നോക്കി)

(മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ടൈപ്പിയത്. “തെറ്റാണെങ്കില്‍ മാപ്പ് ചോദിക്കാന്‍ തയ്യാറാണ്”).

Labels: , ,

5 Comments:

  1. At Mon Mar 01, 02:43:00 AM 2010, Blogger സജി said...

    നല്ല, ഏകപക്ഷീയമായ ലേഖനം!

     
  2. At Mon Mar 01, 06:37:00 AM 2010, Blogger Anoni Malayali said...

    ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം, കാര്യമായി ആരും തന്നെ പക്ഷങ്ങള്‍ പിടിച്ചു കാണുന്നില്ല എന്നതാണ്‌. സിനിമതാരങ്ങളാവട്ടെ, തമിഴ്‌നാട്ടിലെപോലെ ആരാധകര്‍ ഇളകും എന്നുവിചാരിച്ചു, അതുണ്ടായില്ല. അഴീക്കോടിനെതിരെ പറയാന്‍ ആരുമില്ല, കാരണം, ആര്‌ എതിരുപറഞ്ഞാലും പറഞ്ഞയാളെ മുഖം നോക്കാതെ പൂരം തെറി വിളിക്കും, അതും പരസ്യമായി (നമ്മുടെയൊരു സാംസ്കാരികനായകന്‍!), എന്തിനു പബ്ലിക്കായിചീത്തകേള്‍ക്കുന്നു. സാംസ്കാരികനായകന്റെ ഓരോ വാക്കും തനിതറ ഭാഷയാണ്‌. താനാണ്‌ ഇവിടുത്തെ സംസ്കാരത്തിന്റെ അവസ്സാന വാക്ക്‌. കഷ്ടം, കേഴുക (പൊങ്ങച്ച) മലയാളമേ

     
  3. At Tue Mar 02, 06:22:00 PM 2010, Blogger മനുഷ്യസ്നേഹി said...

    എനിക്കു പരിചയമുള്ള അഴിക്കലെ സുകുമരനു രണ്ടു അഛന്മാർ ഉണ്ടെന്നു സെക്രടേറീയേറ്റിലെ ഒരാൾ വെറെ ഒരാളോട്‌ പറയുന്നതു കേട്ടൂ. 1000 നോട്ടീസ്‌ ഉടനെ നട്ടിലെല്ലാം ഒട്ടിച്ചു (ശരിയല്ലെങ്ഗിൽ മപ്പു പറയാം)

     
  4. At Wed Mar 03, 09:28:00 PM 2010, Blogger Anoni Malayali said...

    ഇന്ന് യേശുദാസ്‌ പറഞ്ഞു.

    രണ്ടു കൂട്ടര്‍ തമ്മിലുള്ള പ്രശ്നം അവര്‍ തന്നെ പറഞ്ഞുതീര്‍ക്കുന്നതാണ്‌ നല്ലത്‌. മൂന്നാമതൊരാള്‍ അതില്‍ ഇടപെടുന്നത്‌ ശരിയല്ലെന്നാണ്‌ എന്റെ അഭിപ്രായം.

    നാളെ വരാനിടയുള്ള ഒരു പത്രസമ്മേളനത്തില്‍:

    ഈ യേശുദാസ്‌ അത്ര വലിയ പാട്ടുകാരനൊന്നുമല്ല. ഇതിലും നല്ല എത്രയോ പാട്ടുകാര്‍ ചുറ്റുമുണ്ട്‌. അവരുടെ വളര്‍ച്ച തടയുകയാണ്‌ യേശുദാസ്‌ ചെയ്യുന്നത്‌. യേശുദാസിന്റെ താടി മുഴുവന്‍ ഡൈ ചെയ്തതാണ്‌. താടി ഡൈ ചെയ്തവര്‍ പാട്ടുപാടാന്‍ പാടില്ല. ഈ യേശുദാസിന്റെ പാട്ടുകളെല്ലാം മറ്റാരോ പാടിയതാണെന്നാണ്‌ ഞാന്‍ കേട്ടിട്ടുള്ളത്‌. അല്ലെങ്കില്‍ തിരുത്താം.

     
  5. At Thu Mar 04, 07:21:00 PM 2010, Blogger Anoni Malayali said...

    ബെറ്ലിയുടെ പോസ്റ്റ് കാണുക

     

Post a Comment

<< Home