Saturday, January 23, 2010

സക്കറിയ സംഭവാവലോകനത്തിന്റെ ശാസ്ത്രീയത

എന്തിലും ഏതിലും ശാസ്ത്രീയത, അതും ആധുനിക ശാസ്ത്രീയത മാത്രം കാണുന്ന, ഉണ്ടോ എന്ന് നോക്കുന്ന നമ്മളൊക്കെ സക്കറിയ വിവാദത്തില്‍ ജ്യോതിഷത്തിലേക്കും കവിടി നിരത്തിലിലേക്കും ആഭിചാരത്തിലേക്കുമൊക്കെ മാത്രം നോക്കുന്നതിന്റെ ശാസ്ത്രീയത എത്ര ആലോചിച്ചിട്ടും അങ്ങ്ട് പിടികിട്ടുന്നില്ല.

പയ്യന്നൂരില്‍ ശരിക്കും എന്തിനാണ് ആ പ്രസംഗം കേട്ട ചിലര്‍ സക്കറിയയുടെ കുത്തിന് പിച്ചതെന്ന് ആര്‍ക്കെങ്കിലുമറിയാമോ? ഇനി അറിയാന്‍ വയ്യെങ്കില്‍ നമ്മളെന്താണ് ചെയ്യേണ്ടത്? മൊത്തം കാര്യങ്ങളെ ശാസ്ത്രീയമായി ഒന്നവലോകിക്കണം. അതല്ലേ വേണ്ടത്?

അതായത് അവിടെ കൂടിയവര്‍ സക്കറിയയെ തടഞ്ഞുവെച്ചതും ചോദ്യം ചെയ്യതും അത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുജീവിതത്തെ പരാമര്‍ശിച്ചതുകൊണ്ടായിരുന്നോ അതോ രാജ്‌മോഹന്‍ ഉണ്ണിത്താനെ മോബ് ജസ്റ്റിന്‍ പതാലി ആക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ നോക്കിയതിനെ സക്കറിയ വിമര്‍ശിച്ചതുകൊണ്ടായിരുന്നോ?

സംഭവം നടന്ന് ഇരുപത്തിനാലു മണിക്കൂറിന് ശേഷം പാര്‍ട്ടിനേതാക്കന്മാര്‍ കൂടി തീരുമാനിച്ച് “ഓക്കേ, നമ്മള്‍ അവിടുത്തെ കുത്തിനു പിടുത്തത്തിനു കാരണം സക്കറിയായുടെ ഈ പരാമര്‍ശമായിരുന്നു, നമ്മള്‍ അതിനെ അങ്ങ് താത്വികിക്കും” എന്ന് തീരുമാനമെടുത്ത് അത് വള്ളിപുള്ളി വിടാതെ നടപ്പാക്കാന്‍ ബ്ലോഗിനകത്തും പുറത്തുമുള്ളവര്‍ നടത്തുന്ന ശ്രമങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ...

ആ‍ക്ക്‍ച്വലി, കുത്തിനുപിടുത്തത്തിനു കാരണം എന്തായിരുന്നു?

ഇനി ഇപ്പോള്‍ ഇതറിയണമെങ്കില്‍ കുത്തിനു പിടിച്ചവരുടെ കുത്തിനു പിടിച്ചിട്ടുപോലും കാര്യമില്ല; കാരണമെന്തെന്ന് പാര്‍ട്ടി ഓള്‍‌റെഡീ തീരുമാനിച്ചു. ഇനി കുത്തിനു പിടിച്ചവര്‍ എന്തിനായിരുന്നു പിടിച്ചതെന്ന് പറഞ്ഞാല്‍ പോലും പാര്‍ട്ടി സമ്മതിക്കില്ല, പാര്‍ട്ടിയെക്കാളും വലിയ പാര്‍ട്ടിഭക്തി കാണിക്കുന്ന ലോക്കല്‍ കമ്മറ്റി മെമ്പ്രമ്മാര്‍ അതിനപ്പുറം അത്
സമ്മതിക്കുകയുമില്ല.

അപ്പോള്‍ പിന്നെ ശാസ്ത്രീയത എന്ന് പറയുന്നത് അന്ന് കുത്തിനുപിടിച്ചവരെയെല്ലാം നാര്‍ക്കോ അനാലിസിസിലിയ്ക്കോ ഗൂഗിള്‍ മാപ്പിംഗിനോ മറ്റോ വിധേയരാക്കുക, അവര്‍ യഥാര്‍ത്ഥത്തില്‍ കുത്തിനു പിടിക്കാനുള്ള കാരണം ശാസ്ത്രീയമായി കണ്ടെത്തുക, എന്നിട്ട് ഇതിനെപ്പറ്റി അവലോകനങ്ങളും വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നടത്തുക - ഇതാണ്, ഇതുമാത്രമാണ് സക്കറിയ വിവാദാവലോകനത്തില്‍ ശാസ്ത്രീയമായാണ് കാര്യങ്ങള്‍ നടത്തേണ്ടതെങ്കില്‍ ചെയ്യേണ്ടത്.

പക്ഷേ ആധുനിക ശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന, ആധുനിക ശാസ്ത്രാന്ധവിശ്വാസച്ചാവേറുകള്‍ എത്രമാത്രം അശാസ്ത്രീയമായാണ് സക്കറിയ സംഭവം വിശകലിച്ചതെന്ന് നോക്കിക്കേ... അവിടുത്തെ ആള്‍ക്കാര്‍ സക്കറിയായുടെ കുത്തിനു പിടിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്തായിരുന്നു എന്ന് ആരും തന്നെ അന്വേഷിച്ച് കണ്ടില്ല. സക്കറിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിജീവിതത്തെ പരാമര്‍ശിച്ചു. അങ്ങിനെ പരാമ‌ര്‍ശിച്ചെങ്കില്‍ പിന്നെ അതുതന്നെ കുത്തിനുപിടിക്കാന്‍ കാരണം എന്നങ്ങ് തീരുമാനിച്ചു ശാസ്ത്രീയരെല്ലാവരും. ബെസ്റ്റ് ശാസ്ത്രീയത തന്നെ.

മാത്രവുമല്ല, ആധുനിക ശാസ്ത്രത്തിന്റെ ശക്തനായ ഒരു വക്താവുതന്നെ പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരെ ഇവിടെ വിലയിരുത്തിയിട്ടുണ്ട്:

“'ഒളിവ് ജീവിതത്തിന്റെ സുഖത്തില് ലൈംഗീകതയോടെ പ്രവര്‍ത്തിച്ച പ്രസ്ഥാനം' എന്നൊക്കെ പറഞ്ഞതിന്റെ സാംസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമൊന്നും നാട്ടുമ്പുറത്തുകാരുടെ തലയില്‍ ഓടിയിട്ടുണ്ടാവില്ല... “

അങ്ങിനെ സാസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമൊക്കെ ഓടാന്‍ മാത്രം വലിപ്പമുള്ള തലയൊന്നുമില്ലാത്ത നാട്ടുമ്പുറത്തുകാരുടെ തലയിലൂടെ ഓടാന്‍ പാകത്തിനുള്ള സംഗതി സക്കറിയ തന്നെ പരാമര്‍ശിച്ച മഞ്ചേരി സംഭവമാണെന്നാണ് എന്റെ പരിമിതമായ ശാസ്ത്രബോധം എന്നോട് പറയുന്നത്. എന്തായാലും അങ്ങിനെയുരു സാധ്യതയെങ്കിലുമുണ്ടെങ്കില്‍ ആ സാധ്യതയും കൂടി കണക്കിലെടുത്ത് യഥാര്‍ത്ഥ കാരണം എന്താണെന്ന് മനസ്സിലാക്കിയിട്ടു വേണ്ടേ പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരുടെ പ്രതികരണത്തെ വിലയിരുത്താന്?.

അല്ലാതെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുജീവിതത്തെപ്പറ്റിയുള്ള പരാമര്‍ശമായിരുന്നു പയ്യന്നൂര്‍ സംഭവത്തിന് കാരണമെന്ന നിഗമനത്തിലെ ശാസ്ത്രീയത എന്താണ്? ആധുനിക ശാസ്ത്രീയര്‍ തന്നെ ഇത്രയും അശാസ്ത്രീയമായി ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ ശാസ്ത്രത്തിന്റെ ഗതി എന്താകുമെന്നറിയാന്‍ പിന്നെ കവിടി നിരത്തുക മാത്രമേ ഒരു മാര്‍ഗ്ഗമുള്ളൂ. ഒരൊറ്റ ശാസ്ത്രീയവാദിയും സക്കറിയായുടെ പ്രസംഗത്തിന്റെ ഏത് ഭാഗമാണ് പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരെ അദ്ദേഹത്തിന്റെ പിടലിക്ക് പിടിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ചോദിക്കുന്നത് ഞാന്‍ ഇതുവരെ കേട്ടില്ല. ആകപ്പാടെ കണ്ട ഒരു ശാസ്ത്രീയത, വീഡിയോയില്‍ കണ്ട കാര്യങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന നിഗമനത്തില്‍ എങ്ങിനെയെത്തി, മഞ്ചേരി സംഭവം പരാമര്‍ശിച്ചതും കാരണമല്ലേ എന്ന് ചോദിച്ചപ്പോള്‍ മഞ്ചേരി സംഭവം പരാമര്‍ശിച്ചതാണ് കാരണമെന്ന് നിഗമനത്തില്‍ താങ്കള്‍ എങ്ങിനെയെത്തി എന്ന മറുചോദ്യമാണ്. നീ ഇങ്ങിനെ ചോദിച്ചാല്‍ ഞാന്‍ ഇങ്ങിനെ ചോദിക്കും എന്ന തികച്ചും സയന്റിഫിക്കായ ഒരു വാദമായിരുന്നു അത്.

പയ്യന്നൂരില്‍ സക്കറിയ ഒരു പ്രസംഗം നടത്തി, എല്ലാവരും വീട്ടില്‍ പോയി, പിന്നെ പയ്യെപ്പയ്യെ ആ പ്രസംഗത്തെ വിശകലനം ചെയ്തു, അപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിജീവിതത്തെപ്പറ്റിയുള്ള സക്കറിയയുടെ പരാമര്‍ശങ്ങള്‍ കണ്ടു, അതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തി, ആള്‍ക്കാര്‍ അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു, ചിലര്‍ തെറ്റായെന്ന് പറഞ്ഞു, ചിലര്‍ ശരിയെന്ന് പറഞ്ഞു, ചിലര്‍ അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞു, കാക്കനാടനും തനിക്ക് പറയാനുള്ളത് പറഞ്ഞു... ഇതെല്ലാം മനസ്സിലാക്കാം ഇതിലെല്ലാം വേണ്ടരീതിയിലുള്ള ശാസ്ത്രീയതയുമുണ്ട്. പക്ഷേ ഇവിടെ ഫോക്കസ് എന്തായിരുന്ന് സക്കറിയായുടെ പിടലിക്ക് പിടിക്കാന്‍ പയ്യന്നൂരിലെ നാട്ടുമ്പുറത്തുകാരുടെ പ്രകോപനം എന്നതാണ്. പയ്യന്നൂരിലെ പ്രകോപനത്തിനു കാരണം തിരുവനന്തപുരത്തും ഉഗാണ്ടയിലും ഇരുന്ന് തീരുമാനിച്ച്, ആ തീരുമാനത്തിനനുസരിച്ച് മാത്രം പ്രതികരിക്കുന്ന ഒരു സ്ഥിതിവിശേഷം ഒരിക്കലും പ്രോത്സാഹിപ്പിച്ചുകൂടാ.

ഡിഫിയും മോബ് ജസ്റ്റിസും

ശരിയാണ്. ജയകൃഷ്ണന്‍ മാഷിനെയൊക്കെ കൊന്നപോലെ വളരെ ആസൂത്രിതമായി, പ്ലാനും പദ്ധതിയുമൊക്കെ തയ്യാറാക്കി നടപ്പാക്കിയ ഒരു സംഭവമല്ലായിരുന്നു പയ്യന്നൂര്‍ സംഭവം. അതുകൊണ്ട് ഡിഫിക്കാര്‍ പയ്യന്നൂരില്‍ ചെയ്തതിനെ ബാംഗ്ലൂരിലും മറ്റും ശ്രീരാമസേനയൊക്കെ ചെയ്ത കാര്യങ്ങളുമായി താരത‌മ്യപ്പെടുത്തുന്നത് തികച്ചും തെറ്റാണ്. അതുപോലെ ഇതിനുമുന്‍പ് ഡിഫിക്കാര്‍ സ്വാമിമാരുടെയൊക്കെ മുടിവെട്ടിയതും താടിവടിച്ചതും ഒട്ടും ആസൂത്രിതമല്ലായിരുന്നു. രാജ്യനന്മയ്ക്കായി ചെയ്യുന്ന ഒരു നല്ലകാര്യമെന്ന രീതിയില്‍ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരില്‍ മാത്രമേ ഡിഫിക്കാര്‍ നിയമം കയ്യിലെടുക്കാറുള്ളൂ. അതിനെ ശ്രീരാമസേനയുടെ പ്രവര്‍ത്തികളുമായി താരത‌മ്യം ചെയ്യുന്നത് ശുദ്ധ പോക്രിത്തരമാണ്. പക്ഷേ ഒരു വലതുപക്ഷ വര്‍ഗ്ഗീയ തീവ്ര ഫാസിസ്റ്റ് വാദിയും വളരെ ആര്‍ജ്ജവത്തോടെ തന്റെ ആറെസ്സെസ്സ് ചായ്‌വ് വ്യക്തമായി പറയുകയും അതിന് ട്യൂട്ടോറിയല്‍ ആര്‍മിയുടെ സ്പെഷല്‍ സല്യൂട്ട് വാങ്ങിക്കുകയും ചെയ്ത എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് ഡിഫിക്കാരുടെ തന്നെ പെറ്റ് സംഭവമായ ഗുജറാത്ത് സംഭവമാണ്. ഞങ്ങളുടെ പൂജനീയ ആദരണീയ നേതാവ് ശ്രീ മോഡിജി തന്നെ പറഞ്ഞിട്ടുണ്ട്, ഗുജറാത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെടുവാനുണ്ടായ കാരണം ഗോധ്ര സംഭവത്തിന്റെ പേരില്‍ പെട്ടുന്നുണ്ടായ ഒരു പ്രകോപനമായിരുന്നുവെന്ന്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ പിന്നെ പാര്‍ട്ടിക്കാര്‍ക്കപ്പീലില്ലാത്തതുപോലെ മോഡിജി പറഞ്ഞാല്‍ പിന്നെ എനിക്കും അപ്പീലില്ല. അതുകൊണ്ട് പയ്യന്നൂര്‍ സംഭവം നമ്മള്‍ താരത‌മ്യം ചെയ്യേണ്ടത് ശ്രീരാമസേനക്കാര്‍ ആസൂത്രിതമായി ചെയ്ത ബാംഗ്ലൂര്‍ സംഭവവുമായിട്ടില്ല, പക്ഷേ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരില്‍ ഗുജറാത്തുകാര്‍ ചെയ്ത കൂട്ടക്കൊലയുമായിട്ടാണ്. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് സംഭവവുമായിട്ടാണോ ഒരു ഈച്ചപോലും കൊല്ലപ്പെടാത്ത പയ്യന്നൂര്‍ സംഭവത്തെ താരത‌മ്യം ചെയ്യുന്നത് എന്നൊക്കെ വികാരിക്കാന്‍ വരട്ടെ- പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നതാണ് ഇവിടുത്തെ ഫോക്കസ്. പയ്യന്നൂരില്‍ ഒരു ഈച്ചപോലും ചത്തില്ലിയായിരിക്കാം. പക്ഷേ പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ നിയമം കയ്യിലെടുത്താല്‍ എന്തും സംഭവിക്കാം എന്ന് ഗുജറാത്ത് തെളിയിച്ചു. ഇനി ഗുജറാത്ത് പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ ഉണ്ടായതൊന്നുമല്ല, വര്‍ഷങ്ങളായി സംഘപരിവാറുകാര്‍ ജനങ്ങളുടെ മനസ്സില്‍ കുത്തിവെച്ച വര്‍ഗ്ഗീയ വിഷത്തിന്റെ പ്രതിഫലനമായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല- കാരണം അവിടെ നടന്നത് മൊത്തം പെട്ടുന്നുള്ള പ്രകോപനത്തിന്റെ പേരില്‍ മാത്രമായിരുന്നു എന്ന് എന്റെ പൂജനീയ നേതാവ് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ പിന്നെ അപ്പീലില്ലെങ്കില്‍ മോഡിജി പറഞ്ഞതിനും അപ്പീലില്ല. നീ ഇങ്ങിനെ പറഞ്ഞാല്‍ ഞാന്‍ അങ്ങിനെ പറയും എന്ന ലൈനാണ് ശാസ്ത്രീയ ലൈനെന്ന് ഇവിടെ അസന്നിഗ്ദമായി തെളിയിച്ചിരിക്കുന്നതിനാല്‍ എന്റെ ഈ വാദത്തിന് എല്ലാ ശാസ്ത്രീയാന്ധതയുമുണ്ട്.

മുട്ടനാടനോഫ് നാട്ടുകാരേ.. ക്ഷമാ കരോ

ഈ ഇടതുപക്ഷസഹാനുഭൂതമനുഷ്യാവകാശമനുഷ്യസ്നേഹമതനിരപേക്ഷ- പ്പഞ്ചപാവങ്ങളുടെ എന്ത് ചോദ്യത്തിനും കമന്റിനും ഉത്തരങ്ങളും മറുപടികളും അവരിലാരെങ്കിലും തന്നെ എവിടെയെങ്കിലുമൊക്കെ കൊടുത്തിട്ടുണ്ടായിരിക്കുമെന്നത് അവരിലെ മനപ്പൊരുത്തം എത്രമാത്രമാണെന്നതിന്റെ ഉത്തമനോദാഹരണമാണ്.

ഉദാഹരണത്തിനെ ഇവിടെ ഇങ്ങിനെ പറഞ്ഞിട്ടുണ്ട്:

വര്‍ഷത്തിലൊരിക്കലൊക്കെ പുറത്ത് കാണുന്ന - അതും ഇടത് പാര്‍ട്ടികള്‍ വല്ല 'കന്നന്തിരുവ് കാണിച്ചെന്ന്' തോന്നുമ്പം മാത്രം പുറത്ത് കാണുന്ന -

ഇതിന്റെ മറുപടി ഇവിടെ ഇങ്ങിനെ തന്നെ കൊടുത്തിട്ടുമുണ്ട്:

പിന്നെ, ഏറെക്കാലം വളരെയധികം ആളുകൾ ഇവിടെ പറഞ്ഞു പഴകിയ ഒരു കാര്യമുണ്ടു്. വേദങ്ങളിൽ കാൽക്കുലസ് ഉണ്ടെന്നു പറയുമ്പോൾ പ്രതികരിക്കുന്ന ഒരാളെന്തേ തേങ്ങാപ്പിണ്ണാക്കിനു ടേയ്സ്റ്റു കുറവാണു് എന്നു പറയുമ്പോൾ പ്രതികരിക്കുന്നില്ല? എന്തേ രണ്ടാമതൊരാൾ വേദങ്ങളിൽ കാൽക്കുലസ് ഉണ്ടായിരുന്നു എന്നു പറയുമ്പോൾ പ്രതികരിക്കുന്നില്ല? വിശാലന്റെ അക്ഷരത്തെറ്റു് തിരുത്തിയ ആൾ എന്തേ കൈപ്പള്ളിയുടേതു തിരുത്തുന്നില്ല?

ഓരോരുത്തനും എന്തൊക്കെ വായിക്കുന്നു എന്നും എന്തിനൊക്കെ പ്രതികരിക്കാൻ തോന്നുന്നു എന്നും എന്തൊക്കെ ചെയ്യാൻ സമയമുണ്ടു് എന്നതും എന്തെഴുതിയാൽ പ്രയോജനമുണ്ടു് എന്തൊക്കെ കണക്കിലെടുത്തായിരിക്കും പ്രതികരണങ്ങൾ. ബ്ലോഗിൽ വരുന്ന സകലമാന സംഭവങ്ങളും വായിച്ചു് അതിനു മുഴുവനും പ്രതികരിക്കണം എന്നു പറഞ്ഞാൽ അതു നടപ്പിലാക്കിയാൽ പണ്ടു വക്കാരി ജപ്പാനിൽ ഗവേഷണം ചെയ്തിരുന്നപ്പോൾ ഉണ്ടായിരുന്നതു പോലെ മനുഷ്യർക്കു് ഇവിടെ സമയമില്ല. ദാറ്റ്സ് ഓൾ!


കണ്ടോ, ഇതാണ് ബ്ലോഗ് സേവനമെന്നൊക്കെ പറയുന്നത്. നമുക്ക് പണി എന്ത് കുറഞ്ഞ് കിട്ടിയെന്ന് നോക്കിക്കേ. ഒട്ടും സമയമില്ലാതെ എഴുതിയ ഒരു പോസ്റ്റില്‍ നിന്നാണ് ഈ മറുപടി എനിക്ക് കിട്ടിയതെന്നത് ഇതിലെ വൈരുദ്ധ്യാത്മീയ മതമൌലികവാദം.

Labels:

11 Comments:

 1. At Sat Jan 23, 12:48:00 PM 2010, Blogger Inji Pennu said...

  ദാണ്ട് അവസാനത്തെ പാര യ്ക്ക് പിന്നേം!

  ആരൊക്കെ എപ്പൊ ഹൈബർനേഷൻ കഴിഞ്ഞ് വരണമെന്നും, എങ്ങിനെയൊക്കെ പ്രതികരിക്കണാമെന്നും ആരൊക്കെ ഏതൊക്കെ കൊടി പിടിക്കണമെന്നും ഒക്കെ തീരുമാനിക്കാൻ ഇവിടെയാളുണ്ടല്ലേ! ഞാൻ ഇപ്പോഴാണ് ആ കമന്റൊക്കെ കണ്ടത്. ശ്ശൊ, ഭൂലോകം എന്തായാലും മെഡിക്കൽ സയൻസിനു ആ തലയുടമയ്ക്ക് സ്തുതിപാടില്ല. തല പരിശോധിക്കാൻ ഓർഡറും ഇടില്ല. ഭൂലോകത്തുള്ളവർക്കൊക്കെ അത്രമാത്രം വിവരക്കേട് ബാധിച്ചിട്ടുണ്ടാവില്ല.

  എന്തായാലും എന്തോ തിരിവ് സിപിം കാണിച്ചിട്ടുണ്ടെന്നിങ്കിലും തിരുവായിൽ നിന്ന് വീണല്ലോ! സ്തുതി! ഭാഗ്യം!

   
 2. At Mon Jan 25, 12:05:00 AM 2010, Anonymous Anonymous said...

  ഈ ചവറൊക്കെ കഷ്ടപ്പെട്ട് വായിച്ച് കമന്റിടുവാന്‍ ഞാനും ഇഞ്ചിപ്പെണ്ണും മാത്രമേയൂള്ളോ ഇവിടെ? ഞാന്‍ വീണ്ടും ഓഫറ് വെയ്ക്കുവാ, സ്ഥലം വിക്കുന്നോ? പറയണ വെല തരാന്നേ...

   
 3. At Mon Jan 25, 12:34:00 AM 2010, Anonymous Anonymous said...

  വക്കാരിയുടെ വെടി തീർന്നോ?
  ഇഞ്ചിമാത്രമല്ലേ ഉള്ളു.
  എന്തായാലും ചേരും.

   
 4. At Mon Jan 25, 10:05:00 AM 2010, Blogger വക്കാരിമഷ്‌ടാ said...

  അനോണിമൌസേഴ്സ് ,

  ഞാന്‍ എന്തിനു വേണ്ടി ബ്ലോഗുന്നു ഇറ്റിസീ ഇറ്റീസീ ഞാന്‍ എവിടെയൊക്കെയോ എപ്പോഴൊക്കെയോ പറഞ്ഞുകൂട്ടിയിട്ടുണ്ട്. ഈ കമന്റും
  വായിക്കാം [എന്റെ പോസ്റ്റുകളും ആരെങ്കിലും വായിക്കുന്നുണ്ട് എന്നയര്‍ത്ഥത്തിലല്ല-ആ‍രും വായിക്കരുതേ എന്ന് തന്നെയാണ് ഇപ്പോഴുള്ള ആഗ്രഹം. കാരണം വായിച്ച് ആരെങ്കിലും ഇതുപോലെയൊക്കെ കമന്റിയാല്‍ വക്കാരീസ് ടിപ്സൊക്കെ അവിടെ നില്‍ക്കട്ടെ, എന്തെങ്കിലുമൊന്ന് തിരിച്ചുപറഞ്ഞില്ലെങ്കില്‍ ഒരു വിമ്മിഷ്ടനാണ് :) ]

  കൂട്ടിനാരെങ്കിലുമുണ്ടല്ലോ എന്നതല്ല, ആരുമില്ല കൂടെ എന്നോര്‍ത്തുവേണം എപ്പോഴും ബ്ലോഗാന്‍ എന്നതാണ് എന്റെ അഭിപ്രായം. അപ്പോള്‍ അഭിപ്രായങ്ങള്‍ക്ക് ഒരു സ്വത്രന്ത്ര്യം വരും എന്നതാണ് എന്റെയൊരു തോന്നത്സ്.

   
 5. At Tue Jan 26, 04:20:00 PM 2010, Blogger Visala Manaskan said...

  This comment has been removed by the author.

   
 6. At Tue Jan 26, 04:21:00 PM 2010, Blogger Visala Manaskan said...

  അല്ലാ ഇദാര്??

  20 കൊല്ലം മുൻപ് പുറപ്പെട്ടുപോയ അമ്മായിടെ മോൻ സോമേട്ടനെ വീണ്ടും കണ്ടപോലെ ഒരു സന്തോഷം. :)

  “കൂട്ടിനാരെങ്കിലുമുണ്ടല്ലോ എന്നതല്ല, ആരുമില്ല കൂടെ എന്നോര്‍ത്തുവേണം എപ്പോഴും ബ്ലോഗാന്‍ എന്നതാണ് എന്റെ അഭിപ്രായം“ ലത് പോയിന്റ്!

  ഇവിടെയൊക്കെയുണ്ടാവണം. ഇടക്ക് ഒരു പോസ്റ്റ് കാണുന്നത് തന്നെ ഒരു വല്യ സന്തോഷമാണ്.

  ഓടോ: സോമേട്ടൻ ഇതുവരേം വന്നില്ല! :(

   
 7. At Tue Jan 26, 05:10:00 PM 2010, Anonymous വേലന്‍ വര്‍മ്മ said...

  അനോണിമസ് ആണെങ്കിലും പറയുന്നതിന്‌ ഒരു മിനിമം ന്യായമെങ്കിലും വേണ്ടേ?

  ക്രൈമും ഫയറും വായിക്കുന്ന ആവേശത്തോടെ വക്കാരിയുടെ പോസ്റ്റുകള്‍ വായിക്കുന്ന കുറേപ്പേരുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കണം. കുറേ പോസ്റ്റില്‍ വക്കാരിക്ക് എട്ടിന്റെ പണി കിട്ടിയിട്ടുണ്ടാവും, കളസോം കീറീട്ടുണ്ടാവും. എന്ന് വെച്ച്? ഒന്നു രണ്ട് തവണ മുക്കാന്‍ നോക്കി പൃഷ്ഠം കീറിപ്പോയെന്ന് വെച്ച് ഒരാളോട് തൂറരുതെന്ന് പറയുന്നത് ഒരുമാതിരി സാംസ്കാരിക ഫാസിസമല്ലേ മിസ്റ്റര്‍?

   
 8. At Wed Jan 27, 01:06:00 AM 2010, Blogger chithrakaran:ചിത്രകാരന്‍ said...

  ഈ വക്കാരിമിഷ്ടനെയൊക്കെ ബ്ലോഗില്‍ കണ്ടകാലം മറന്നല്ലോന്ന് ചിന്തിച്ചിരിക്കെയാണ് ഈ സക്കറിയ വള്ളിയുമായി കാലില്‍ വക്കാരി ചുറ്റിയിരിക്കുന്നത് !!!

  ഏതായാലും കണ്ടതില്‍ സന്തോഷം:).
  വക്കാരി,ഇഞ്ചി,വിശാലന്‍,കുറുമാന്‍,വിശ്വപ്രഭ,അതുല്യ,കൈപ്പള്ളി,ഇക്കാസ്,അഗ്രജന്‍,ഇടിവാള്‍,ലോനപ്പന്‍,ദില്‍ബസുരന്‍,ദേവന്‍,പാച്ചാളം,ഏവൂരാന്‍,സൂ...
  തുടങ്ങിയ കുറെ ദുഷ്ടന്മാര്‍ ഇവിടെ ഉണ്ടായിരുന്നല്ലോ എന്നോര്‍ക്കാന്‍ വേണ്ടിയെങ്കിലും ഇങ്ങനെയൊന്ന് പ്രത്യക്ഷപ്പെടണമേ വക്കാരീസ് ....

  സക്കറിയ വിഷയം വളരെ പഴകിപ്പോയതിനാല്‍
  (ഇപ്പഴേ ഉദയസൂര്യന്റെ നാട്ടില്‍ സൂര്യനുദിച്ചുള്ളോ?)
  മുകളില്‍ പറഞ്ഞ മുട്ടനോഫ് സദയം ക്ഷമിക്കുക :)

   
 9. At Wed Jan 27, 01:06:00 AM 2010, Blogger chithrakaran:ചിത്രകാരന്‍ said...

  This comment has been removed by the author.

   
 10. At Wed Jan 27, 10:24:00 PM 2010, Blogger വക്കാരിമഷ്‌ടാ said...

  വിശാലാക്ഷാ, വിശാലകക്ഷാ, അമ്മായി ഇരുപതുകൊല്ലം പുറപ്പെട്ടുപോയ സന്തോഷം അമ്മായീടെ മോനെ കണ്ടപ്പോള്‍ തീര്‍ത്തോ എന്നാണ് ആദ്യം വായിച്ചത്,
  പിന്നെയല്ലേ മനസ്സിലായത് :)

  ചിത്രകാരാ, ഉദയസൂര്യനെ നോക്കി കല്ലെറിയല്‍ പരിപാടിയൊക്കെ നിര്‍ത്തി; അവിടെനിന്നും കെട്ടുകെട്ടി.

  വേലന്‍ വര്‍മ്മേ, വാ ഒരു ചായകുടിച്ചിട്ട് പോകാം :) ക്രൈം വായിക്കുന്ന ആവേശം ഈയിടെയായി ഫയര്‍ വായിക്കുമ്പോള്‍ കിട്ടുന്നില്ല എന്നാരോ പറഞ്ഞത് ശരിയാണോ?

   
 11. At Mon Feb 01, 03:36:00 AM 2010, Anonymous Anonymous said...

  വക്കാരിയുടെ പോസ്റ്റ് ആരും വായിക്കാറില്ല. ആരും കമന്റെഴുതാറില്ല. പാവം വക്കാരി. എങ്ങിനെ ജീവിക്കുമോ? പിച്ചയെടുക്കേണ്ടി വരും.

  ജനശക്തിയേയും ആരും വായിക്കാറില്ല. അവിടേയും കമന്റുകൾ ഇല്ല.

  ബെർളിതോമസിനെ എല്ലാവരും വായിക്കാറുണ്ട്. കമന്റുകളുടെ പ്രളയം.

   

Post a Comment

Links to this post:

Create a Link

<< Home