Monday, June 01, 2009

കമ്മിന്റിംഗ് പോളിസി-വിത്തിമ്മീഡിഡിയറ്റിഫക്ട്

ശ്രീ ഉമേഷിന്റെ ഈ പോസ്റ്റിനും അതിലെ കമന്റുകള്‍ക്കും ശേഷം എമര്‍ജാന്‍സി കമ്മിറ്റി കൂടി എടുത്ത കമന്റിംഗ് പോളിസ്- വിത്തിമ്മീഡിയറ്റ് സ്പെഷ്യല്‍ ഇഫക്ടോടു കൂടി.

ചരിത്രം ഭൂമിശാസ്ത്രം, ചാരിതാര്‍ത്ഥ്യം തമോഗുണം

കുറച്ച് ഭവം തുടങ്ങുന്നതിവിടെ. വിരോധാഭാസന്‍ പിള്ള കാലേകൂട്ടി സ്ഥലത്തെത്തി, കാലും കൈയ്യും കൂട്ടിക്കെട്ടിക്കുത്തിയിരുപ്പായി. നര്‍മ്മമെന്ന ലേബലടിച്ച പോസ്റ്റില്‍ക്കയറി ആള്‍ക്കാര്‍ സീരിയസ്സ് ആസ്സായപ്പോഴേ തോന്നിയിരുന്നു സംഭവം സംഭവമായി സംഭവാമി യൂക്കേ യൂക്കേ ആവുമെന്ന്. അതുപോലെതന്നെ സംഭവിച്ചു. വിരോധാഭാസന്‍ പിള്ള ചാരിതാര്‍ത്ഥ്യന്‍ പിള്ളയായി.

പതിനഞ്ചാം തീയതി ഇട്ട പോസ്റ്റിന് പതിനാറാം തീയതി ചുമ്മാ ഒരോഫടിച്ചിട്ട് സ്വന്തം പണിയൊന്നും നോക്കാനില്ലാത്തതുകാരണം മറ്റുള്ളവര്‍ക്ക് പണിയാവാന്‍ പറ്റുമോ എന്ന് നോക്കി ചുറ്റിപ്പറ്റി നിന്ന ഞാന്‍ പിന്നെ ചില പ്രത്യേക സാഹചര്യങ്ങളില്‍ (സാഹചര്യം ഇവിടെ 38-ആം കമന്റായി ചുരുക്കത്തില്‍ പറഞ്ഞിട്ടുണ്ട്. സമയമേ ഉള്ളൂ എന്ന് തോന്നുന്നവര്‍ക്കാവാം. അതേ സാഹചര്യം നാല്പത്തൊന്നും നാല്പത്തിമൂന്നും കമന്റുകളില്‍ ആദ്യത്യന്‍ കാണാതെപോലെ പോയിട്ടുമുണ്ട്)ഇരുപത്തൊന്നാം കമന്റായി ഇരുപത്തേഴാം തീയതി രണ്ട് കമന്റുകളിട്ട് പിന്നെ ഇരുപത്താറാം കമന്റായി ഇരുപത്തെട്ടിനിരുപത്തെട്ട് മാത്രം കെട്ടിയ കോലത്തില്‍ നിന്ന് ഒന്ന് കമന്റിയപ്പോള്‍, ദോ കിടക്കണൂ, ധിം തരികിട ധോം (ചാന്ത് പൊട്ടിലെ ദിലീപ് സ്റ്റൈലില്‍).

പ്രശ്‌നം പ്രശ്‌നശാസ്ത്രം.

പുത്തനൊന്നുമല്ല. വളരെ പഴകിയത് തന്നെ. ഞാന്‍ ബ്ലോഗിന്റെ പിച്ചില്‍ പിച്ചും പേയും പറഞ്ഞ് പിച്ച വെച്ച് നടന്ന കാലം തൊട്ടുള്ള കലാപപരിപാടിതന്നെ- ഡൈവേഴ്സ് ചെയ്യാനുള്ള ടാക്റ്റിക്ക് അഥവാ കൊഞ്ഞനം കുത്തല്‍. പ്രശ്ണം പ്രശ്‌നശാസ്ത്രമാവുന്നത് നര്‍മ്മമെന്ന ലേബലടിച്ച് പതിനഞ്ചാം തീയതിയിട്ട പോസ്റ്റില്‍ ഇരുപത്താറാം കമന്റായി ഇരുപത്തെട്ട് കെട്ടി ഇരുപത്തെട്ടാം തീയതി കമന്റുകളിട്ടപ്പോള്‍ മാത്രം പണ്ടേയുള്ള ദുര്‍ബ്ബലന്‍ ഗര്‍ഭിണിപ്പരുവത്തില്‍ പണ്ടുമുതലേ കാണിക്കുന്ന കൊഞ്ഞനം കുത്തലിന് ഇപ്പോള്‍ വന്ന പ്രാധാന്യം തന്നെ- ഇതിലും വലിയ തോന്ന്യവാസങ്ങള്‍ ഇതിലിലിതിലും മുട്ടന്‍ പോസ്റ്റുകളില്‍ ഇതിലിതിലിലിതിലും വൃത്തികേടായി കാണിച്ചപ്പോഴും ആള്‍ക്കാര്‍ക്കെല്ലാം ഇതായിരുന്നോ വികാരം എന്നോര്‍ത്തപ്പോള്‍ ഒരിത് . ഞാനോര്‍ത്തു, എന്റെ കമന്റുകളൊക്കെ വായിച്ച് ആള്‍ക്കാരൊക്കെ കൂലം കക്ഷത്തില്‍ വെച്ചാലോചിച്ച്... (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍, ഇന്നസെന്റ്, തമിഴ്‌നാട്ടുകാരന്‍, മുല്ലപ്പെരിയാര്‍, ഇടി, തിരിച്ചിടി, ബോംബ്).

പുതിയ കമന്റിംഗ് പോളിസി- ജീവന്‍ അനുരാഗ്, ജീവന്‍ കിഷോര്‍, കോമള്‍ ജീവന്‍, ജീവന്‍ ഭാരതി

ജാത്യാലുള്ളത് തൂത്യാല്‍ പോകൂല്ല, പട്ടിയാക്കിയ ആടിന്റെ വാലെടുത്ത് കുഴലിലിട്ടാല്‍ ആട് പട്ടിയായാല്‍ പോലും വാല് വളഞ്ഞ് തന്നെയിരിക്കും എന്നീ ശാസ്ത്രസത്യങ്ങള്‍ കാരണം, ഇത്രയൊക്കെയായി, ഈ നിലയിലൊക്കെയായി, ഇനിയിപ്പം പോസ്റ്റിട്ട ആളുദ്ദേശിച്ച രീതിയിലൊക്കെ കമന്റണമെന്ന് പറഞ്ഞാല്‍, എന്നെക്കൊണ്ട് വയ്യേ... ആ പ്രായമൊക്കെ കഴിഞ്ഞു. പാലില്‍ ചാലിച്ചതല്ലേ ശീലിക്കാന്‍ പാടുള്ളൂ, ബാക്കിയൊന്നും ശീലിക്കാന്‍ അത്ര ബുദ്ധിമുട്ടില്ലല്ലോ. അതുകൊണ്ട് ഞാനേതായാലും മാറില്ല. എന്നാല്‍ പോസ്റ്റിട്ട ആളിന്റെ പോസ്റ്റിടാനുള്ള ആ എഫര്‍ട്ടിനെയെങ്കിലും മാനിക്കുകയും വേണം. അതുകൊണ്ട് ഇനിമുതല്‍ ഇടിവെട്ട് പോസ്റ്റുകള്‍ കണ്ടാല്‍, എനിക്ക് കമന്റാന്‍ മുട്ടിയിരിക്കുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് ആദ്യം ഇങ്ങിനെ ചോദിക്കും

മഹാനുഭവന്‍, താങ്കളുടെ പോസ്റ്റ് വായിച്ചു. ശരിക്കും എന്തായിരുന്നു ഈ പോസ്റ്റിന്റെ വിഷയം?

എന്റെ ഈ ചോദ്യം കാണുമ്പോഴേ അദ്ദേഹം രോമാഞ്ചം കൊള്ളുകയും ഉടന്‍ തന്നെ എനിക്ക് എന്തായിരുന്നു ആ പോസ്റ്റിന്റെ വിഷയം എന്ന് എനിക്കുപോലും മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞ് തരികയും ചെയ്യും. എനിക്ക് മനസ്സുണ്ടെങ്കില്‍ ആ വിഷത്തിലൂന്നിയൂന്നി ഞാന്‍ കമന്റും (സോറി, മനസ്സുണ്ടെങ്കില്‍ എന്നത് സ്വല്പം ജ്യാഡയ്ക്ക് പറഞ്ഞതാ, വിഷയം എന്തെന്ന് മനസ്സിലാക്കാനുള്ള പാങ്ങൊന്നും എനിക്കില്ലെന്ന് എനിക്കറിയാന്‍ വയ്യേ. അതൊക്കെ മനസ്സിലാക്കിയെങ്കില്‍ വിഷയത്തിലൂന്നിയൂന്നിത്തന്നെ ഞാന്‍ കമന്റുകയും ഈ പോസ്റ്റു തന്നെ ഉണ്ടാവാതിരിക്കുകയും ചെയ്യുമായിരുന്നല്ലോ).

അപ്പോള്‍ ഞാന്‍ അടുത്ത ചോദ്യം ചോദിക്കും.

മഹാനുഭവന്‍, താങ്കളുടെ മറുപടിക്ക് നന്ദി. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. താങ്കള്‍ ഒരു ഉപകാരം കൂടി ചെയ്യുമോ? ഈ പോസ്റ്റിലെ താരതമ്യേന പ്രസക്തമായ ഭാഗങ്ങള്‍ ഏതൊക്കെയെന്നും താരതമ്യേന അപ്രസക്തമായ ഭാഗങ്ങള്‍ ഏതൊക്കെയെന്നും ഒന്ന് പറഞ്ഞ് തരുമോ? ഒന്ന് പര്‍വ്വതീകരിക്കാനായിരുന്നു.

മഹനുഭവന്‍ ഉടന്‍ തന്നെ ഒരു ടേബിള്‍ ഉണ്ടാക്കി ഇടത്തെ കോളത്തില്‍ പ്രസക്തമായ ഭാഗങ്ങളും വലത്തെ കോളത്തില്‍ അപ്രസക്തമായ ഭാഗങ്ങളും ഇട്ട് എന്നെ കാണിക്കും. ജാത്യാ തൂത്ത്യാ. ഞാന്‍ ചാടിവീഴൂല്ലേ. വലത്തെ (നോട്ട് താന്‍ പോയിന്റ്- വലത്തെ, ഇടത്തെയല്ല) കോളത്തിലെ അപ്രസക്തമായ ഭാഗമെടുത്ത് ഞാന്‍ പേറ്റുനോവെടുത്ത് പേറ്റന്റെടുത്ത ആ പര്‍വ്വതീകരിക്കല്‍ ടെക്‍നോളജി വെച്ച് ഞാന്‍ പ്രസ്തുത പോസ്റ്റിലെ താരതമ്യേന അപ്രസക്തമായ ഭാഗങ്ങളെടുത്തങ്ങ് പര്‍വ്വതീകരിക്കാന്‍ തുടങ്ങും. മാത്രവുമല്ല, ലോക ബ്ലോഗിംഗ് രംഗത്ത് എനിക്ക് മാത്രമറിയാവുന്ന, പിന്നെയുള്ള കമന്റുകളിലും അതിനെ ആവർത്തിച്ചു് ആവർത്തിച്ചു് വായനക്കാരന്റെ തലയിൽ അതുമാത്രം അടിച്ചേൽ‌പ്പിക്കുകയും ബാക്കിയുള്ളവയെ മറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ടെക്നിക്കും കൂടി ഞാന്‍ ആ പോസ്റ്റില്‍ നടത്തും.

ശ്രീ ഉമേഷ് പറഞ്ഞത് പ്രകാരം പോസ്റ്റൊരുവഴിക്കാകുമെന്ന് തീര്‍ച്ചയാണല്ലോ.

ഇതാണ് എന്റെ പുതിയ കമന്റിംഗ് പോളിസി. ഈ പറഞ്ഞതൊക്കെ, വാക്കുകളെ രസകരമായ രീതിയിൽ മുറിക്കുകയും ഒന്നാക്കുകയും അതുപോലെയുള്ള മറ്റു വാക്കുകൾ ഉപയോഗിക്കുകയും ചില വാക്കുകൾ ആവർത്തിക്കുകയും മറ്റിടങ്ങളിൽ നിന്നു ക്വോട്ട് ചെയ്യുകയും ഒക്കെ ചെയ്തു് വായന രസകരമാക്കുന്ന (ഹായ് എന്തുരസം കേള്‍ക്കാന്‍, ഒന്നൂടെ പറയൂന്ന്), സാഹിത്യത്തിൽ വി. കെ. എൻ., ബഷീർ, മലയാറ്റൂർ തുടങ്ങിയവർക്കു സ്വന്തമായ ശൈലിയുണ്ടായിരുന്നതു പോലെഅനുപമമായ ഒരു ശൈലി , ബ്ലോഗുലകത്തിൽ എനിക്കുള്ള ആ ശൈലി, ആ ശൈലി മൂലം ഇപ്പോള്‍ തന്നെ വഴിതെറ്റി വഴിയാധാരമായ എന്റെ ആരാധകര്‍ക്കായി ഞാന്‍ ചുരുക്കത്തില്‍ എന്റെ കമന്റിംഗ് പോളിസി ഒന്നുകൂടി.


കമന്റിംഗ് പോളിസി ചുരുക്കത്തില്‍:


ഒരു പോസ്റ്റ് കണ്ടാല്‍ പോസ്റ്റുടമയോട് രണ്ടേ രണ്ട് ചോദ്യങ്ങള്‍ ചോദിക്കും

1. മഹാനുഭവന്‍, താങ്കളുടെ പോസ്റ്റ് വായിച്ചു. ശരിക്കും എന്തായിരുന്നു ഈ പോസ്റ്റിന്റെ വിഷയം?

2. മഹാനുഭവന്‍, താങ്കളുടെ മറുപടിക്ക് നന്ദി. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. താങ്കള്‍ ഒരു ഉപകാരം കൂടി ചെയ്യുമോ? ഈ പോസ്റ്റിലെ താരതമ്യേന പ്രസക്തമായ ഭാഗങ്ങള്‍ ഏതൊക്കെയെന്നും താരതമ്യേന അപ്രസക്തമായ ഭാഗങ്ങള്‍ ഏതൊക്കെയെന്നും ഒന്ന് പറഞ്ഞ് തരുമോ? ഒന്ന് പര്‍വ്വതീകരിക്കാനായിരുന്നു.

ഫുഡ് നോട്ട്, ഫുഡ് ഫോര്‍ തോട്ട്

1. എന്നാലും എന്റെ പ്രിയ മലയാളം ബ്ലോഗ് കാരേ, കാരീ, നിങ്ങളൊക്കെ ഇത്ര ദുര്‍ബ്ബലഹൃദയന്മാരാണെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ഓര്‍ത്തില്ല എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമായും ശരിയല്ല, എന്നാലും എന്റെ സകല പ്രതീക്ഷകളെയും നിങ്ങള്‍ തെറ്റിച്ച് കുളമാക്കിയല്ലോ.

ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന് അടവെക്കാന്‍ നോക്കിയ തവളയെപ്പോലെ ഞാന്‍ ഇല്ലാത്ത മസ്സിലൊക്കെ പെരുപ്പിച്ച് താരതമ്യേന അപ്രസക്തമായ ഭാഗങ്ങളൊക്കെയെടുത്ത് ഒന്ന് പര്‍വ്വതീകരിച്ചപ്പോഴേക്കും കണ്ട്രോളു പോയി വഴിതെറ്റിപ്പോകുന്നവരായിപ്പോയല്ലോ എന്റെ പൊന്നു ബ്ലോഗര്‍മാരേ നിങ്ങളൊക്കെ... ഇത്രയ്ക്കും മനക്കട്ടിയില്ലാത്തവരായിരുന്നോ നിങ്ങള്‍? സത്യമായും ഞാന്‍ ഇത്രയ്ക്കും ഓര്‍ത്തില്ല. കഴിഞ്ഞ രണ്ടുമൂന്നുകൊല്ലമായി ഞാന്‍ വഴിതെറ്റിച്ചവരുടെ കണക്കൊക്കെ പതുക്കെ എടുത്തുവരുന്നു. ചെയ്യുന്ന പ്രവര്‍ത്തി ഇത്രയ്ക്കും ഭീകരമാണെന്നറിയാന്‍ വയ്യാതിരുന്ന ഒരു ടെററിസ്റ്റ് മാത്രമായിരുന്നു ഞാന്‍. നിങ്ങള്‍ ദയവായി എന്നോട് ക്ഷമിക്കുക. വഴിതെറ്റിപ്പോയവരൊക്കെ ഇപ്പോള്‍ ഏതൊക്കെ വഴിയ്ക്കായിക്കാണുമോ ആവോ. ഒരു അന്താരാഷ്ട്രപോസ്റ്റിന്റെ വിഷയത്തിലൂന്നി നടക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്കിടയ്ക്ക് വിലങ്ങനെ കിടന്ന് ഞാന്‍ പര്‍വ്വതീകരിച്ചപ്പോള്‍ മഹാ സാധുക്കളായ ഭൂരിപക്ഷം കമന്റേറ്റര്‍ മാരും ആ പര്‍വ്വതത്തിന്റെ ഇടതുവശത്തുകൂടിയും വലതുവശത്തുകൂടിയും പോയി കുറച്ച് കഴിഞ്ഞപ്പോള്‍ പലവഴി കണ്ട് പലവഴിക്കായി അങ്ങിനെ പോയി. അസാമാന്യ മനക്കട്ടിയുള്ള അരയോ ഒന്നോ പേര്‍ മാത്രം വളരെ കഷ്ടപ്പെട്ട് നേര്‍‌രേഖാമേനോന്മാരായി പര്‍വ്വതം കയറി അപ്പുറത്തിറങ്ങി വഴിതെറ്റാതെ നേരേ വാ, നേരെ പോയി, നേരം പോയ് നേരം പോയ് നടകാളെ വീണ്ടും വീണ്ടും...അവര്‍ ഭാഗ്യവാന്മാര്‍, അവന്‍ ചാണ്ടിയുടെ മകന്‍, എന്തെന്നാല്‍ അവര്‍ക്ക് പോസ്റ്റിന്റെ വിഷയത്തിലൂന്നി പിന്നെയും പിന്നെയും സംസാരിക്കാന്‍ പറ്റി. പക്ഷേ അവര്‍ക്ക് കമ്പനി കൊടുത്തുകൊണ്ടിരുന്ന പലരും വഴിതെറ്റി വഴിക്കടവിലെത്തി, പുഴയൊഴുകും വഴിയിലെത്തി. പലര്‍ക്കും അത് കുരിശിന്റെ വഴിയായി. സോറി.

എന്തായാലും നിങ്ങളെങ്ങിനെയുള്ളവരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കിലും കുഴപ്പമില്ല, മറ്റുള്ളവര്‍ നിങ്ങളെ നന്നായി മനസ്സിലാക്കിയിരിക്കുന്നു. നിങ്ങളവരോട് ചോദിക്ക് നിങ്ങള്‍ ഏത് ടൈപ്പാണെന്ന്.

എന്താണ് നിഷ്‌കളങ്കത?

മൂന്ന് നാല് കൊല്ലമായി കാണിച്ചുകൊണ്ടേയിരിക്കുന്ന സ്ഥിരം കലാപരിപാടി,നര്‍മ്മമെന്ന ലേബലടിച്ച പോസ്റ്റില്‍ പതിനഞ്ചാം തീയതി ഇട്ട പോസ്റ്റിന് , ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം (ലോ പിന്നേം ലത് തന്നെ, ഇയാള്‍ക്ക് ഇതില്‍‌നിന്നും പിടിവിടാറാ‍യില്ലേ?) പരസ്യമായി ഇടുന്നത് ശരിയല്ല എന്ന് പറഞ്ഞയാള്‍, കമന്റിട്ട ഒരാള്‍ പരസ്യമായി ഇടുന്നത് ശരിയല്ലാത്ത സംവാദത്തിലെ ഏയേയോ ബീയേയോ സീയേയോ അവരുടെ വീട്ടുകാരേയോ പരാമര്‍ശിക്കുകയോ പരാമര്‍ശിക്കാതിരിക്കുകയോ എന്തൊക്കെയോ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്തപ്പോള്‍ ലാരാണ് ഇവിടെ വ്യക്തികളെ വലിച്ചിഴച്ചതെന്ന് ലെല്ലാവര്‍ക്കും അറിയാം എന്ന് പ്രഖ്യാപിച്ചപ്പോള്‍, ഇരുപത്താറാം കമന്റായി ഇരുപതെട്ടാം തീയതി, ലണ്ണാ, ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി ഇടുന്നത് ശരിയല്ലെങ്കില്‍ പിന്നെ ലത് ഇടാതിരിക്കുന്നതിന് പകരം, ലണ്ണന്‍ ലതിട്ടിട്ട് പിന്നെ ലാരെങ്കിലും ലതില്‍ പിടിച്ച് തൂങ്ങുമ്പോള്‍, ലണ്ണന്‍ ലയാളോട് വയലന്റായിട്ട് എന്തിര് കാര്യം, ലണ്ണാ, ലണ്ണന്‍ ലതിട്ടതുകൊണ്ടല്ലിയോ ഈ പുകിലെല്ലാം എന്ന് പറഞ്ഞപ്പോള്‍, ഡേയ് പോഡേയ്, പര്‍വ്വതീകരിക്കാതെഡേയ്, കരിക്കുന്നതിന് മുന്‍പെടുത്താല്‍ തിന്നാനെങ്കിലും കൊള്ളാമെഡേയ് എന്ന് പറഞ്ഞിട്ട്, പര്‍വ്വതീകരണത്തെപ്പറ്റി വറീതായ ചേട്ടന്‍ നര്‍മ്മമെന്ന ലേബലടിച്ച പോസ്റ്റില്‍ പതിനഞ്ചാം തീയതിയിട്ട പോസ്റ്റില്‍ ഇരുപത്താറാം കമന്റായി ഇരുപത്തെട്ടാം തീയതി, ലണ്ണന്‍ തന്നെ പറഞ്ഞ ചില പ്രഖ്യാപനങ്ങളിലെ ധാര്‍മ്മികാത്മീയ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയതിനു പിന്നെലെ സാഹചര്യം പറഞ്ഞിട്ടും ലത് മൈന്‍ഡ് ചെയ്യാതെ ധാര്‍മ്മികാന്തീയ വൈരുധ്യം തന്നെയെടുത്ത് പര്‍വ്വതീകരിക്കുന്ന ആ പ്രവര്‍ത്തിയെയാണ് നാം നിഷ്കളങ്കത എന്ന് വിളിക്കേണ്ടത്.

എന്താണ് നൈര്‍മല്ല്യം?

ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ... (ഒന്നിട്ടേച്ച് പോടേയ്, കുറേ നേരമായല്ലോ) സംവാദത്തെപ്പറ്റി വയലന്റാവാനുള്ള കാരണമെന്തെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടും പിന്നെയും പിന്നെയും എന്തേ പതിനഞ്ചിനും ഇരുപത്തഞ്ചിനുമിടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലൊന്നും ഇതിനെപ്പറ്റി അണ്ണന്‍ ചോദിക്കാതെ ഇരുപത്തെട്ട് കെട്ടാന്‍ പോയതെന്ന് ചോദിക്കുന്ന ആ ഹൃദയനൈര്‍മ്മല്യമുണ്ടല്ലോ, ലതാണ് നൈര്‍മല്ല്യ- വിജയ് മല്ല്യയുടെ അളിയനായിട്ട് വരും, ചേട്ടനായിട്ട് പോകും.

എന്താണ് ഡൈവേഴ്സ് ടാക്കീസ് അഥവാ പര്‍വ്വതീകരണത്തടി,

ഒരു ക്ലോസ്ഡ് ഗ്രൂപ്പ് (ഹെന്റമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മ്...മ്..മ്) സംവാദം പരസ്യമായി ഇടുകയോ രഹസ്യമായി പതുക്കെ വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം, അത് അവരുടെ കാര്യം. പക്ഷേ അത് ഇടുന്നത് ശരിയല്ല എന്ന് ഇട്ടോ പൊത്തോ എന്നിട്ടയാള്‍ തന്നെ ഇട്ടിട്ട് പറയുകയും പിന്നെ ആ സംവാദത്തെ ചുറ്റിപ്പറ്റി സംവാദങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ സംവദിക്കുന്ന ആരോടെങ്കിലും, ഇവിടെ വ്യക്തികളെ വ്യക്തികളാക്കിയത് ആരാണെന്ന് ആര്‍ക്കാണ്ടൊക്കെയോ അറിയാം എന്നൊക്കെ പറയുമ്പോള്‍, അണ്ണന്‍ ഇട്ടോ പൊത്തോ എന്നിട്ടിട്ടല്ലേ ഇതിപ്പോള്‍ ഈ ഗതിയായത്, അങ്ങിനെയാകരുതെന്നുണ്ടായിരുന്നെങ്കില്‍ ഇടുന്നത് ശരിയല്ല എന്ന് തോന്നിയ അണ്ണന്‍ അതങ്ങ് ഇടാതിരിക്കണമായിരുന്നു. ഇതിപ്പം, ഇടും, അതെന്റെ ധാര്‍മ്മികാധര്‍മ്മികത, പക്ഷേ പിന്നെ ആരും അതില്‍ പിടിച്ച് തൂങ്ങാന്‍ പാടില്ല എന്ന് പറയുന്നത് എന്തിര് നീതി എന്ന് ചോദിക്കുമ്പോള്‍ ഒരു ക്ലോസ്ഡ് ഗ്രൂപ്പ് ...(ഇതിപ്പം എത്ര പ്രാവശ്യമായെഡേയ്)സംവാദം പരസ്യമായിട്ട ധാര്‍മ്മികതയില്‍ പിടിച്ച് തൂങ്ങുകയാണെന്ന അപ്രസക്തമായ കാര്യം പര്‍വ്വതീകരിക്കുകയും, അതില്‍ തൂങ്ങാനുണ്ടായ കാരണം അണ്ണന്റെ തന്നെ കമന്റുകളാണെന്ന പ്രസക്തമായ കാര്യം മറച്ചപോലെ വെക്കുകയും ചെയ്യുന്നതല്ല ഡൈവേഴ്സ് ടാക്കീസ്. പിന്നെയോ...?

ക്ലോസ്ഡ് സര്‍ക്യൂട്ട് ടീവീ വാങ്ങിച്ചോ ഇല്ലയോ എന്നതല്ല പ്രശ്നം, അത് വാങ്ങിച്ചയാള്‍ രഹസ്യക്യാമറ വെച്ച് ആള്‍ക്കാരെ കാണുമ്പോള്‍ അത് കണ്ട വേറൊരാള്‍, ദോ അയാളേം ഇതില്‍ കണ്ടല്ലോ എന്ന് പറഞ്ഞോ ഇല്ലയോ എന്ന് തീരുമാനം പോലുമാകാതെയിരിക്കുമ്പോള്‍ വാങ്ങിച്ചയാള്‍, ഇതില്‍ കണ്ടവരുടെ കാര്യമൊക്കെ എന്തിനാണ് വിളിച്ച് കൂവുന്നത് എന്ന് ചോദിച്ചതുകൊണ്ട് മാത്രം കടക്കാരന്‍, ദോ ലണ്ണന്‍ ഈ ടീവീ ഇവിടെനിന്ന് വാങ്ങിച്ചതുകൊണ്ടല്ലേ മറ്റേയാള്‍ മറ്റേയാളേ കണ്ട കാര്യം പറഞ്ഞോ ഇല്ലയോ എന്നുള്ള തര്‍ക്കം നടക്കുന്നതെന്ന് പറഞ്ഞപ്പോള്‍, ദോ കടക്കാരന്‍ രഹസ്യ ക്യാമറ വെച്ച് ക്ലോസ്ഡ് സര്‍ക്യൂട്ട് റ്റീവീയില്‍ ആള്‍ക്കാരെ കാണുന്നതിന്റെ ധാര്‍മ്മികതയില്‍ പിടിച്ച് തൂങ്ങുന്നു, കൂടുതല്‍ തൂങ്ങിയാല്‍ ധാര്‍മ്മികത ഒടിഞ്ഞങ്ങ് വീഴുമെന്ന് പറഞ്ഞ് ആ കാര്യം പര്‍വ്വതീകരിക്കുകയും, ആ പാവം കടക്കാരന്‍ അത് ചോദിക്കാനുണ്ടായ കാരണം “ഇതില്‍ കണ്ടവരുടെ കാര്യമൊക്കെ എന്തിനാണ് വിളിച്ച് കൂവുന്നത് “എന്ന് വാങ്ങിച്ചയാള്‍ ചോദിച്ചതുകൊണ്ട് മാത്രമാണെന്ന കാര്യം ഒരു സൈഡില്‍ ഒതുക്കിവെക്കുകയും ചെയ്യുന്നതിനെയാണ് ഹീബ്രൂവില്‍ ഡൈവേഴ്സ് ചെയ്യാനുള്ള ടാക്കീസ് എന്ന് പറയുന്നത്.

ഒതുക്കത്തില്‍ പറഞ്ഞാല്‍ അണ്ണന്മാര്‍ പറയുന്നത് തന്നെ അണ്ണാന്മാര്‍ ചെയ്യുന്നു. അണ്ണാന്മാര്‍ ചെയ്യുന്നത് തന്നെ അണ്ണന്മാര്‍ പറയുന്നു. ഉദാഹരണങ്ങളും പറച്ചിലുകളും ഒരേ ഖണ്ഡിയയില്‍ ഒരുമിച്ചിരിക്കുന്ന അസുലഭ മൂഹൂര്‍ത്തം.

എന്താണ് നമിക്കല്‍ അഥവാ നാമക്കല്‍?

വക്കാരിയുടെ ഭാഷ വരമൊഴിയിലെ കൊഞ്ഞനം കുത്താണെന്നു പറഞ്ഞ സീയോടു യോജിച്ചില്ലെങ്കിലും, കൊഞ്ഞനം കുത്തൽ വക്കാരിയുടെ സാമാന്യസ്വഭാവമാണു് എന്നതിനു സംശയമൊന്നുമില്ല. ദാ ഈ കമന്റു തന്നെ ഉദാഹരണം.. മിക്ക ആളുകളും ഉത്തരം മുട്ടുമ്പോഴാണു് മേൽ‌പ്പടി കലാപരിപാടി നടത്തുന്നതു്. വക്കാരിക്കു് അങ്ങനെ വ്യത്യാസമൊന്നുമില്ല. ഉത്തരമോ കഴുക്കോലോ മുട്ടുകയൊ മുട്ടാതിരിക്കുകയോ തട്ടുകയോ തട്ടാതിരിക്കുകയോ ചെയ്യുമ്പോഴും വക്കാരി കൊഞ്ഞനം കുത്തിക്കൊണ്ടു തന്നെ ഇരിക്കും.

എന്നാല്‍

വക്കാരിയുടെ ശൈലിയെ പരിഹസിച്ചതാണെന്നതു ശരി. എങ്കിലും അതു് കൊഞ്ഞനം കുത്തലാണെന്നല്ല, വക്കാരിയുടെ സ്വതസ്സിദ്ധമായ ശൈലിയാണെന്നാണു് എന്റെ അഭിപ്രായം. മലയാളം ബ്ലോഗിൽ വക്കാരിക്കു മാത്രമുള്ള ആ ശൈലിയെ എനിക്കിഷ്ടമാണു്. പൊതുവേ പ്രതിപക്ഷബഹുമാനം പുലർത്തുന്നവയാണു വക്കാരിയുടെ അഭിപ്രായങ്ങൾ. എങ്കിലും വായനക്കാരെ കൺഫ്യൂസ് ചെയ്യിക്കാൻ പദങ്ങളെക്കൊണ്ടു പന്താടുന്നതും ഒരു വാക്കിനു് ഒമ്പതും അമ്പതും വാക്കെഴുതുന്നതും വക്കാരിയുടെ സ്റ്റൈലാണെന്നതു സമ്മതിക്കുന്നു.

കാരണം

“വക്കാരിമഷ്ടാ, വാക്കാലരിഷ്ടം തീർക്കുന്നു നീ!” എന്നു പണ്ടു വിശ്വപ്രഭ പ്രശംസിച്ച ഒരു ശൈലിയുണ്ടു വക്കാരിക്കു്. വാക്കുകളെ രസകരമായ രീതിയിൽ മുറിക്കുകയും ഒന്നാക്കുകയും അതുപോലെയുള്ള മറ്റു വാക്കുകൾ ഉപയോഗിക്കുകയും ചില വാക്കുകൾ ആവർത്തിക്കുകയും മറ്റിടങ്ങളിൽ നിന്നു ക്വോട്ട് ചെയ്യുകയും ഒക്കെ ചെയ്തു് വായന രസകരമാക്കുന്ന അനുപമമായ ഒരു ശൈലി. സാഹിത്യത്തിൽ വി. കെ. എൻ., ബഷീർ, മലയാറ്റൂർ തുടങ്ങിയവർക്കു സ്വന്തമായ ശൈലിയുണ്ടായിരുന്നതു പോലെ, ബ്ലോഗുലകത്തിൽ വക്കാരിക്കും ഇങ്ങനെ ഒരു ശൈലിയുണ്ടു്. ആ ശൈലിയുടെ ഒരു ആരാധകനാണു ഞാൻ. അതിനെയാണു സി കൊഞ്ഞനം കുത്തൽ എന്നു വിളിച്ചതു്.

എന്നാലോ

ഞാൻ പറഞ്ഞതു്, ദാ ഇവിടെത്തന്നെ ഞാൻ മുകളിൽ പറഞ്ഞതു പോലെ ചെറിയ കാര്യത്തെ പർവ്വതീകരിക്കുന്ന സ്വഭാവത്തെപ്പറ്റിയാണു്. ശൈലിയിലെ കൊഞ്ഞനം കുത്തലല്ല, ആശയത്തിലെ കൊഞ്ഞനം കുത്തലാണു ഞാൻ ഉദ്ദേശിച്ചതു്. വക്കാരി മാത്രമല്ല ഇത്തരം കൊഞ്ഞനം കുത്തലുകൾ നടത്തുന്നതു്. രാഷ്ട്രീയം, മതം, ശാസ്ത്രം തുടങ്ങിയവ ചർച്ച ചെയ്യുന്ന പല ബ്ലോഗുകളിലും ഇത്തരം ആർജ്ജവമില്ലാത്ത കൊഞ്ഞനം കുത്തലുകൾ ധാരാളം കാണാറുണ്ടു്. അവർക്കാർക്കും വക്കാരിയുടെ ശൈലിയില്ല. വക്കാരി എഴുതുന്ന 100% കമന്റുകളിലും ശൈലി തെളിഞ്ഞുകാണാമെങ്കിലും ഈ കൊഞ്ഞനം കുത്തൽ കാണാറില്ല. വക്കാരിക്കു വിയോജിപ്പുള്ള കാര്യങ്ങളിലാണു് ഇതു പ്രകടമായി കാണുക.

വ്യത്യാസം മനസ്സിലായല്ലോ.

സാഹിത്യത്തില്‍ വീക്കേയെന്നും മലയാറ്റൂരിനും ബഷീറിനും സ്വന്തമായി ശൈലിയുണ്ടായിരുന്നതുപോലെ, ബ്ലോഗില്‍ സ്വന്തമായി ഒരു കൈലിയുള്ള വക്കാരിയുടെ ആ കൈലീശേഖരത്തില്‍ നിന്ന്, കൊഞ്ഞനം കുത്തലും കുത്തലം കൊഞ്ഞലും കൊഞ്ചിക്കുഴയലും കിറ്റക്സും എംസീയാറും എല്ലാമുള്‍പ്പെട്ട ആ മഹത്തായ കൈലീശേഖരത്തില്‍ നിന്ന് ചർച്ച ചെയ്യുന്ന വിഷയത്തിലെ താരതമ്യേന അപ്രസക്തമായ ഒരു ഭാഗമെടുത്തു് അതിനെ പർവ്വതീകരിച്ചു് ബാക്കിയുള്ള ചർച്ചകളുടെ ആകെത്തുകയേക്കാളും കൂടുതൽ അതിനെപ്പറ്റി എഴുതി അതൊരു വലിയ കാര്യമാണെന്നു തോന്നിപ്പിച്ചു്, പിന്നെയുള്ള കമന്റുകളിലും അതിനെ ആവർത്തിച്ചു് ആവർത്തിച്ചു് വായനക്കാരന്റെ തലയിൽ അതുമാത്രം അടിച്ചേൽ‌പ്പിക്കുകയും ബാക്കിയുള്ളവയെ മറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആ ടെക്നിക് ഫില്‍റ്റര്‍ ചെയ്ത് എന്റെ കൈലി മാത്രം ആരാധിക്കാന്‍ കഴിയുന്ന ആ കഴിവുണ്ടല്ലോ, അതിനെയാണ് നമ്മള്‍ നമിക്കേണ്ടത്.

മുതുകു നേരെയാവാൻ അതിനു ശേഷം ചക്രാസനം കൂടി ചെയ്താൽ മതി


പരസ്യം

നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും മറക്കണമെന്ന് തോന്നുന്നുണ്ടോ? വരൂ, ഒരു പോസ്റ്റിടൂ. ഞാന്‍ വന്ന് നിങ്ങള്‍ ചർച്ച ചെയ്യുന്ന വിഷയത്തിലെ താരതമ്യേന അപ്രസക്തമായ ഒരു ഭാഗമെടുത്തു് അതിനെ പർവ്വതീകരിച്ചു് ബാക്കിയുള്ള ചർച്ചകളുടെ ആകെത്തുകയേക്കാളും കൂടുതൽ അതിനെപ്പറ്റി എഴുതി അതൊരു വലിയ കാര്യമാണെന്നു തോന്നിപ്പിച്ചു്, പിന്നെയുള്ള കമന്റുകളിലും അതിനെ ആവർത്തിച്ചു് ആവർത്തിച്ചു് നിങ്ങളുടെ സോഫ്റ്റ് തലയിൽ അതുമാത്രം ഞാന്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ചുറ്റിക വെച്ച് അടിച്ചേൽ‌പ്പിച്ച് ബാക്കിയുള്ളതെല്ലാം മറക്കാൻ ഞാന്‍ പ്രേരിപ്പിക്കാം. ഈ അമൂല്ല്യ ടെക്നിക് അറിയാവുന്ന, ലോക ബ്ലോഗിംഗ് ഫെഡറേഷനിലെ ഏക വ്യക്തി ഞാന്‍. വരൂ, ഇരിക്കൂ, ഒരു ചായ കുടിക്കൂ.

Labels: