Wednesday, December 28, 2005

സാക്ഷിയണ്ണോ

വെറുതെ കൊതിപ്പിച്ചു. അഡോബില്ലുസ്ട്രേട്ടറുടെ (ഏതാണ്ട് മജിസ്ട്രേട്ടെന്നൊക്കെ പറയുന്നതുപോലെ) ട്രയൽ വേർഷൻ അട്ടിമറിച്ചു (കടപ്പാടാർക്കാ...... മറന്നുപോയി). സാക്ഷിയണ്ണന്റെ പോലത്തെ ഒരു അമ്മൂമ്മയെ വരയ്ക്കാമെന്നു വെച്ച് ചെവി വരച്ചപ്പോൾ ആനച്ചെവിയായിപ്പോയി. എന്നാൽ ദേവേട്ടന്റെ ആനയാകട്ടേ എന്നു വിചാരിച്ച് ആനവര തുടങ്ങി. ഒരു തരത്തിലും അടുക്കുന്നില്ലാ‍....അവസാനം കിട്ടിയത് വിഷാദ മൂക്കനായ ഈ ജീവിയെ...........



എന്നെ വെറുതെ കൊതിപ്പിച്ചു. മൌസിട്ട് ഓടിക്കളിച്ചാൽ പടം വരുമെന്നൊക്കെ പറഞ്ഞ്.... തലവരയും ജന്മനാ ഉള്ള ആ സുഗന്ധവും ഒക്കെക്കൂടി വേണം......

Thursday, December 22, 2005

സമകാലികോൽ‌പ്രേക്ഷ

ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന ചില സമകാലിക സംഭവ വികാസങ്ങൾ എന്നിൽ മറ്റൊരു ഉൽ‌പ്രേക്ഷയുണ്ടാക്കുന്നില്ലിയോ എന്നു വർണ്ണ്യത്തിലൊരാശങ്ക.

പല പല സംഭവങ്ങൾ. .. നമ്മളൊക്കെ വോട്ട് ചെയ്ത് “നിന്റേം നിന്റെ കുടുംബത്തിന്റേയും കമ്പ്ലീറ്റ് പ്രശ്നങ്ങൾ ഞാനേറ്റൂന്ന്” എന്ന് ടി.ജി.രവി സ്റ്റൈലിൽ പറഞ്ഞ് ഡൽഹിക്കു വണ്ടി കയറിയ എംപീ അണ്ണന്മാർ കുറച്ച് കാശും കൂടി മേടിച്ചിട്ടാണത്രേ പാർലമെന്റിൽ നമുക്ക് വേണ്ടി ഘോരഘോരം കണ്ണീരൊഴുക്കുന്നത്.. ഇതൊക്കെ ലേറ്റസ്റ്റ് ടെക്നോളജി വെച്ച് ടി. വി യണ്ണന്മാർ എക്സ്പോസ് ചെയ്തുപോലും.

വേറേ ചില അണ്ണന്മാർ എമ്പീ ഫണ്ട് വിനിയോഗിക്കുന്നതിലും തിരിമറിയൊക്കെ നടത്തിയത്രേ. അത് എക്സ്പോസ് ചെയ്തതും നമ്മുടെ ടിവീയണ്ണന്മാർ..

ഇതൊക്കെ ഇങ്ങിനെ തുണിയില്ലാതെ കാണിച്ചുതന്ന ടിവീയണ്ണന്മാർ രാജ്യസ്നേഹികൾ, മിടുക്കന്മാർ. അവരില്ലായിരുന്നെങ്കിൽ ഇതൊക്കെ നമ്മളെന്നെങ്കിലും അറിയുമായിരുന്നോ.........

അങ്ങിനെ അവർക്ക് മനസ്സുകൊണ്ട് ഒരു അഭിവാദ്യമൊക്കെ അർപ്പിച്ച് സംഭവം മടക്കിവെയ്കാൻ തുടങ്ങിയപ്പോൾ തുടങ്ങി, ഉൽ‌പ്രേക്ഷയുടെ കളി.. വിവിധതരം ഉൽ‌പ്രേക്ഷകൾ...

1. ധാർമ്മികോൽ‌പ്രേക്ഷ.

രാവിലെ ഷർട്ടും പാന്റുമിട്ട് ഇൻസേർട്ടൊക്കെ ചെയ്ത് ഷൂസൊക്കെയിട്ട് വീട്ടിൽനിന്നിറങ്ങുന്നതിന് മുൻപ് ഈ ടീവീയണ്ണന്മാർ ഒരു പ്രതിജ്ഞ ചെയ്യുന്നു.

“ഹെന്റെ ഇൻസാറ്റ് മഹേശ്വരാ, എന്റെ ക്യാമറയാണേ സത്യം, ഇനിയൊരഴിമതിക്കഥ കിട്ടാതെ ഞാൻ താടിവടിക്കില്ല, തലമുടി വെട്ടില്ല.. ഇത് ടി.വി........ ടി.വി............ ടി.വി...........”

പിന്നെ അഴിമതിക്കഥകൾ തപ്പി ഇറങ്ങുകയായി. സ്രാവുകൾ രണ്ടുതരം, വലിയ അഴിമതികൾ കാണിക്കുന്ന വമ്പൻ സ്രാ‍വുകളും, കുഞ്ഞ് കുഞ്ഞ് അഴിമതികൾ കാണിക്കുന്ന കുഞ്ഞു കുഞ്ഞു സ്രാവുകളും (പരൽമീനുകളെന്നും വിളിക്കാം). വലിയ സ്രാ‍വുകളെ തൊട്ടാൽ വിവരമറിയും. മാത്രവുമല്ല ഏതു നേരറിയാൻ സി.ബി.ഐ. വിചാരിച്ചാലും കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിലാണല്ലോ അവരുടെയൊക്കെ അഴിമതി. അതുകൊണ്ട് ഇരകൾ പരൽ മീനുകൾ.

ലോജിക്ക്: കൈക്കൂലി, അത് ഒരു രൂപയാണെങ്കിലും ഒരു കോടി രൂപയാണെങ്കിലും കൈക്കൂലി കൈക്കൂലി തന്നെ... ഞങ്ങൾ അതിനെതിരെ പടപൊരുതും. അതാണ് ധർമ്മം. അതാണ് നീതി...

പിന്നെ പാവങ്ങൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു നടപ്പാണ്. അഴിമതിക്കാണോ നമ്മുടെ നാട്ടിൽ പഞ്ഞം. പക്ഷേ ഒരു സെൻസേഷനില്ലാത്ത അഴിമതിക്കെന്താണൊരു രസം. ഒരു നേരത്തെ അരി വാങ്ങിക്കാൻ കെല്പില്ലാത്തവന്റെ കൈയിൽനിന്നോ വാർദ്ധക്യ പെൻഷൻ വാങ്ങിക്കുന്ന പാവപ്പെട്ട അമ്മൂമ്മയപ്പൂപ്പന്മാരുടെ കൈയിൽനിന്നോയൊക്കെ പൈസാ പിടിച്ചുവാങ്ങിക്കുന്ന സർക്കാരോഫീസണ്ണന്മാരുടെ തോന്ന്യവാസങ്ങൾക്കൊക്കെ ഒരു ത്രില്ലുപോര... അതിനെയൊക്കെ എക്സ്പോസു ചെയ്യേണ്ട ആവശ്യം തന്നെയില്ല. അല്ല ഇനി അതിനാണ് പരിപാടിയെങ്കിൽ ഒരു പ്രത്യേക അഴിമതി ചാനൽ തന്നെ തുടങ്ങേണ്ടി വരും.

പിന്നെന്തു ചെയ്യും..

വഴിയുണ്ടല്ലോ... ഒരു അഴിമതി അങ്ങ് സ്ക്രിപ്റ്റ് ചെയ്യുക. തിരക്കഥയൊക്കെ തയ്യാറാക്കുക... അങ്ങിനെ തയ്യാറാക്കിയ തിരക്കഥകളല്ലേ ഈ തെഹൽക്ക, ഓപ്പറേഷൻ ദുര്യോധനൻ, ഓപ്പറേഷൻ ചക്രവ്യൂഹൻ എന്നൊക്കെ എന്ന് വർ‌ണ്ണ്യത്തിലൊരാശങ്ക...

പുറകേ നടക്കുക, പിന്നെയും നടക്കുക, പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്നതുവരെ നടക്കുക, പ്രലോഭിപ്പിക്കുക, പിന്നെയും പ്രലോഭിപ്പിക്കുക, സഹികെട്ടോ, ഒരു ദുർബ്ബലനിമിഷത്തിലോ, കാശിനാർത്തികൊണ്ടോ അങ്ങിനെ ഏതെങ്കിലുമൊരു കാരണംകൊണ്ട് ഒരെമ്പിയോ, സെക്രട്ടറിയോ, മന്ത്രിയോ കാശെങ്ങാനും വാങ്ങിച്ചാൽ.......... ഓപ്പറേഷൻ സക്സസ്... ചാനലിന്റെ റേറ്റിങ്ങ് ഹിമാലയത്തിനും മുകളിൽ... പൊതുജനങ്ങളുടെയൊക്കെ വിരൽ മൂക്കിൻ‌തുമ്പത്ത്..


ശരിക്കും എന്താണ് ഈ അണ്ണന്മാർ ചെയ്യുന്നത്. നമ്മുടെ എമ്പീമാരും എമ്മെല്ലേമാരുമെല്ലം പ്രലോഭനങ്ങളിൽ വീഴുന്ന മനുഷ്യജീവികളാണെന്ന് തെളിയിക്കുകയോ... അവരാരും സന്യാസിമാരല്ല, വെറും പച്ചയായ മനുഷ്യന്മാർ എന്ന പരമാർത്ഥം നമ്മളെ ബോധ്യപ്പെടുത്തുകയോ? “ഹേയ്, ഞാൻ കാശിനോട് യാതൊരു ആർത്തിയുമില്ലാത്തവൻ” എന്നവർ പലപ്പോഴും പറയുന്നുണ്ടെങ്കിലും നമ്മളെല്ലാവരും അത് അങ്ങിനെയങ്ങ് വിശ്വസിച്ചിട്ടില്ലല്ലോ.

കേട്ടത് ഏഴെട്ടുമാസം കഷ്ടപ്പെട്ടിട്ടാണത്രേ അണ്ണന്മാർ ഇതൊന്ന്‌ ഈ രീതിയിലാക്കിയെടുത്തതത്രേ.. പാവങ്ങൾ. സിനിമാ ഡയറക്ട് ചെയ്യുന്നതുപോലെ.. സംവിധായകന് ഒരു അഴിമതി അത്ര പെർ‌ഫെക്ടായില്ലാ എന്നു തോന്നിയാൽ........ “ഡേയ്, നീ ഒന്നുകൂടി ആ എമ്പീയുടെ വീട്ടിൽ പോ, സംഗതിക്കൊരു നാച്ചുറാലിറ്റിയില്ല” എന്ന് പറഞ്ഞ് ഒരു ടേക്കുകൂടിയെടുക്കുന്ന ഒരു സ്റ്റൈൽ.

തെഹൽക്ക സംവിധാനം ചെയ്തപ്പോഴും ഇതുപോലൊക്കെ സംഭവിച്ചൂവത്രേ. ജോർജ്ജ് ഫെർണ്ണാണ്ടസ് കാശുവാങ്ങുന്നതും നോക്കി അണ്ണന്മാർ കണ്ണിലെണ്ണയുമൊഴിച്ച് നോക്കിയിരുന്നത്രേ.. പക്ഷേ കിട്ടിയില്ല. എങ്കിലും കിട്ടിയത് മോശമല്ലായിരുന്നു. അദ്ദ്യേത്തിന്റെ വീട്ടിലിരുന്ന് ജെയാ ജെറ്റ്ലി മേടിച്ചു. പക്ഷേ മേടിച്ചത് പാർട്ടിക്കുവേണ്ടിയാണെന്ന് അവരും. എന്തായാലും മേടിച്ചല്ലോ. ടീവീയണ്ണന്മാർക്ക് അതു മതിയല്ലോ.. അതിന്റെ സൂത്രധാരന്മാർ തന്നെ പറഞ്ഞത് വളരെ കഷ്ടപ്പെട്ടിട്ടാണ് ചില അണ്ണന്മാരെ അതിൽ കുടുക്കിയതെന്ന്. എല്ലാത്തരം വേലത്തരങ്ങളും കാണിച്ചൂവത്രേ. “സാർ ഈ കാശ് വാങ്ങിച്ചില്ലെങ്കിൽ എന്റെ കുടുംബം പട്ടിണിയായിപ്പോകും, പ്ലീസ്” എന്നൊക്കെ പറയേണ്ടി വന്നോ എന്നറിയില്ല.

(എന്തായാലും അതിന്റെ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ട് വന്നപ്പോൾ, “ഛായ്, ഇത് ഞങ്ങളുദ്ദെശിച്ചതുപോലത്തെ റിപ്പോർട്ടേ അല്ലാ” എന്നു പറഞ്ഞ് സംഗതി ചവറ്റുകൊട്ടയിലെറിഞ്ഞു എന്നുള്ളത് ഈ അഴിമതിക്കെതിരേക്കുരിശുയുദ്ധപ്പരിപാടിയുടെ ബാക്കി പത്രം. അന്ന് അതിലെ കഥാപാത്രങ്ങൾ വാങ്ങിച്ച ആകെമൊത്തടോട്ടൽ പൈസായുടെ ആയിരം ഇരട്ടി ആ അന്വേഷണക്കമ്മീഷന് ചിലവായീ എന്നുള്ളത് വേറൊരു ബാക്കിപത്രം).

ഇതിന്റെ ധാർമ്മികതെയെപ്പറ്റി ആലോചിച്ചിട്ട് ഉൽ‌പ്രേക്ഷയായത് മിച്ചം.. ഇവരിങ്ങിനെ ചെയ്യുന്നത് ശരിയോ.......... പക്ഷേ ഇവരിങ്ങിനെ ചെയ്തതുകൊണ്ടല്ലേ പൊതുജനം നമ്മുടെ എമ്പീയണ്ണന്മാരൊക്കെ ഏതുതരക്കാരാണെന്ന് നന്നായി മനസ്സിലാക്കിയത്... പക്ഷേ അത് മനസ്സിലാക്കിക്കാൻ ഒരാളുടെ പുറകെ നടന്ന് നടന്ന് പൈസാ കൈയിൽ പിടിച്ചേൽ‌പ്പിച്ചിട്ട് അത് ക്യാമറയിൽ പകർത്തലാണോ ശരിയായ നടപടി?.... പക്ഷേ, നമ്മുടെ യെമ്പീയണ്ണന്മാർ അങ്ങിനെ ഒരു ദുർബ്ബലനിമിഷത്തിൽ കാശുവാങ്ങിപ്പോയ ദുർബ്ബലന്മാരാണോ......... പച്ചവെള്ളം ചവച്ചുകുടിക്കുന്നവന്മാർ തെന്നേ അവർ? അതോ ഭൂലോകവീരന്മാരാണോ? ഇവരെയൊക്കെ പൊതുജനമധ്യത്തിൽ തുറന്നുകാണിക്കാൻ ഇതേ ഉള്ളോ ഒരു വഴി...... അല്ല ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാ ഇവന്മാരേയൊക്കെ ഒന്ന് തുറന്നു കാണിക്കുന്നത്.........? അങ്ങിനെ പോകുന്നു സംശയങ്ങൾ..

ഇങ്ങിനെയൊരു ഓപ്പറേഷൻ വിദേശ രാജ്യങ്ങളിലാണ് നടക്കുന്നതെങ്കിൽ അവിടുത്തെ വിദേശ നാട്ടുകാർ ഇതിനെ എങ്ങിനെയെടുക്കും, അവിടുത്തെ നീതിന്യായ വ്യവസ്ഥകൾ ഇങ്ങിനത്തെ ഓപ്പറേഷനുകൾക്ക് എന്ത് സ്ഥാനമാണ് കൊടുക്കുന്നത് എന്നൊക്കെയറിയാൻ ഒരാകാംക്ഷയും ഇതിന്റെ കൂടെ.

2. ഫലോൽ‌പ്രേക്ഷ.

ഇനി എന്താണ് ഇങ്ങിനെയൊക്കെ ചെയ്തതിന്റെ അനന്തരഫലം........ നാട്ടിലെ അഴിമതിയൊക്കെ തീരുമോ... അണ്ണാറക്കണ്ണനും തന്നാലായത് എന്ന തിയറിവെച്ച് ഇത്രയെങ്കിൽ ഇത്രയെങ്കിലുമായി എന്നതായാലോ..... അഴിമതി വീരന്മാരാണ് ആ കാശുമേടിച്ചവരെങ്കിൽ കുറഞ്ഞ പക്ഷം അത്രയും അണ്ണന്മാർക്ക് ഇനി കൈക്കൂലി കൊടുക്കേണ്ടല്ലോ.. പക്ഷേ അവർ മേടിച്ച കൈക്കൂലിയോ......... പതിനായിരം, ഇരുപതിനായിരം, അമ്പതിനായിരം, അയ്യായിരം...........

ശ്...ശ്.... “കൈക്കൂലി, അത് ഒരു രൂപയാണെങ്കിലും ഒരു കോടി രൂപയാണെങ്കിലും കൈക്കൂലി കൈക്കൂലി തന്നെ... ഞങ്ങൾ അതിനെതിരെ പടപൊരുതും. അതാണ് ധർമ്മം. അതാണ് നീതി....”

ഓ ശരി....

പക്ഷേ, ഇനി ഈ ബഹളത്തിനിടയ്ക്ക് വമ്പൻ സ്രാവുകളുടെ ലീലാവിലാസങ്ങളൊക്കെ നമ്മൾ മറന്നു പോവില്ലേ.... കോടിക്കണക്കിന് കിലോഗ്രാം കാലിത്തീറ്റ ഒറ്റയടിക്ക് തിന്നു തീർത്ത ഭീമന്മാരും, കൊള്ളയും കൊലപാതകവും, ചാരവൃത്തിയും എല്ലാമെല്ലാം ഒരു വിനോദമെന്നപോലെ കൊണ്ടുനടക്കുന്ന അണ്ണന്മാരും പിടികിട്ടാ‍പ്പുള്ളികളുമൊക്കെ ഇപ്പോഴും ആ പാർലമെന്റ് ജലാശത്തിൽ ഇങ്ങിനെ ഒഴുകി നടപ്പുണ്ടല്ലോ.. ഇനി അവരെപ്പറ്റി എന്തെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും ഉന്നുരിയാടാൻ തുടങ്ങിയാൽ അപ്പോൾത്തന്നെ, “ മിണ്ടരുത്.... ചോദ്യം ചോദിക്കാൻ കാശുവാങ്ങിയ, നമ്മുടെ പവിത്രമായ പാർലമെന്റിനെ കളങ്കപ്പെടുത്തി കുളമാക്കിയ ആ യെമ്പീമാരെപ്പറ്റി പറയൂ” എന്ന് പറഞ്ഞ് സംഗതിയങ്ങ് ഡൈവേർട്ട് ചെയ്ത് വിട്ടാൽ മതിയല്ലോ.

പക്ഷേ ഈ അഴിമതി തോന്ന്യവാസം അവസാനിപ്പിക്കാൻ പിന്നെന്താണൊരു വഴിയെന്നു പറഞ്ഞുതരൂ വക്കാരീ എന്നാരെങ്കിലും ചോദിച്ചാൽ..................

അപ്പോൾ എനിക്കെന്നെത്തന്നെ ഒരു സംശയം വരും... ശരിക്കും നമ്മൾക്കൊക്കെ ഇന്നത്തെ ഈ ദയനീയ പരിതസ്ഥിതിക്ക് എത്രമാത്രം പങ്കുണ്ട്.. ഈ പല എമ്പീയണ്ണന്മാരും ഇത്തരക്കാരൊക്കെത്തന്നെ എന്നറിയാതെയാണൊ നമ്മൾ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം സ്റ്റൈലിൽ തിരഞ്ഞെടുത്ത് തിരഞ്ഞെടുത്ത് വിടുന്നത്? ഇനി ഇത്തരം തോന്ന്യവാസങ്ങളൊക്കെ കാണിക്കുന്നതിൽ നമ്മളെന്താ മോശമാണോ? നമ്മളെന്താ കൈക്കൂലി ഒട്ടുമേ ജീവിതത്തിൽ കൊടുക്കാത്ത പരമസാധുക്കളാണോ.... ഇനി അതിൽത്തന്നെ നിവൃത്തികേടുകൊണ്ട് മാത്രമേ നമുക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടുള്ളൂ?

നേരാംവണ്ണം വണ്ടിയോടിക്കാൻ പഠിച്ചതിനുശേഷം മാത്രം നേരാംവണ്ണം വണ്ടിയോടിച്ചുമാത്രം ഡ്രൈവിംഗ് ലൈസൻസ് എടുത്ത എത്ര പേരുണ്ട് ഈ കേരള മഹാരാജ്യത്ത്? പത്തുപേർക്ക് മാത്രം കൊടുക്കാനുള്ള സാധനത്തിന് മുപ്പത്തഞ്ചാമനായി അപേക്ഷിച്ചിട്ട് അഞ്ചാമനായി കിട്ടാൻ വെളുപ്പിനേ മുതൽ ക്യൂ നിന്ന പാവം അഞ്ചാമനെ തട്ടി നമ്മുടെ പേരവിടെ ചേർക്കാൻ കൈക്കൂലി കൊടുക്കുന്നവരും നമ്മുടെയിടയിലില്ലേ... “ഓ ആർട്ടിയോ ഓഫീസിൽ ഭയങ്കര അഴിമതിയാ” എന്ന് നെടുവീർപ്പിടുന്ന നമ്മളൊക്കെത്തന്നെയല്ലേ അവിടെ കൊണ്ടുപോയി കാശ് കൊടുത്ത് കാര്യം സാധിക്കുന്നത്... സ്വല്പമൊന്ന് കഷ്ടപ്പെടാനും ബുദ്ധിമുട്ടാനുമുള്ള നമ്മുടെ മടികളുംകൂടിയല്ലേ ഈ പാവം ടി.വീയണ്ണന്മാർക്ക് ഇത്രയും കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടാക്കിക്കൊടുക്കുന്നത്? നമ്മുടെ നാട്ടിലെ പല അഴിമതിക്കും ഞാനാദ്യം എനിക്കാദ്യം എന്ന നമ്മുടെ സ്വഭാവവും വഴിവെക്കുന്നുല്ലേ.. ഈ അഴിമതിയണ്ണന്മാർ പലരും നമ്മുടെ ആ വീക്ക്നെസ്സും മുതലെടുക്കുന്നില്ലേ..

അഴിമതി വീരന്മാരെന്ന് പത്രങ്ങളും നാട്ടുകാരും രാഷ്ട്രീയക്കാരുമെല്ലാം മുദ്രകുത്തിയവരും കാടൊക്കെ വെട്ടിത്തെളിച്ചവരും നദിയൊക്കെ തീറെഴുതിയവരും പിന്നെയും പിന്നെയും അതേ നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തുകൊണ്ടേയിരിക്കുകയല്ലേ

“ ഓ ഏതാണ്ട് വലിയ കാര്യം പറയുന്നു.... ഇതൊക്കെ എത്ര പ്രാവശ്യം പറഞ്ഞതാ....... ഇതൊക്കെ ആർക്കാടേ അറിയാൻ വയ്യാത്തത്.............?

ശരിയാ നമുക്കെല്ലാവർക്കും അറിയാം.... നമ്മളെല്ലാവരും ഇനിയും ഇതൊക്കെ ചെയ്യും....... എന്നിട്ട് നമ്മളെല്ലാവരും ഇനിയും ചീത്ത പറയും, അഴിമതിയെയും അഴിമതിക്കാരേയും....

കാരണം, അവരൊക്കെ അഴിമതിക്കാരയിങ്ങിനെ നിൽക്കുന്നതുകൊണ്ട് നമുക്ക് കുറച്ചൊക്കെ പ്രയോജനമുണ്ട്. ഒരൊറ്റ അഴിമതിക്കാരനും ഞങ്ങളിനി വോട്ടു തരില്ലാ എന്ന പ്രാഖ്യാപനം നടത്താൻ മാത്രം മഹാന്മാരൊന്നുമല്ലല്ലോ നമ്മൾ... “എന്തൊക്കെ പറഞ്ഞാലും ആ അണ്ണൻ കേറിയാലേ നമുക്കെന്തെങ്കിലും പ്രയോജനമുള്ളൂ” എന്ന് പറഞ്ഞ് വോട്ടു കുത്തുന്നവരും നമ്മുടെയിടയിൽത്തന്നെ ധാരാളമില്ലേ....... ന്യായം നോക്കിയും നിക്കുന്ന ആളുടെ സ്വഭാവം നോക്കിയും അയാൾ നാടിനു വേണ്ടി ചെയ്തതു നോക്കിയൊന്നുമല്ലല്ലോ നമ്മൾ ഈ കുത്തൽ പരിപാടി ചെയ്യുന്നത്.. കുറഞ്ഞപക്ഷം നമ്മളിൽ കുറച്ചുപേരെങ്കിലും..............

എങ്കിൽ‌പ്പിന്നെ ഒരു കാര്യം ചെയ്യ്.... കൈക്കൂലി കൊടുക്കുകയേ വേണ്ടാ എന്നൊരു തീരുമാനമെടുക്ക്..

“അത്......... അത് നടക്കുമോ?

അപ്പോപ്പിന്നെ?

ആവൂ ആർക്കറിയാം... നാം നന്നായാൽ നാടു നന്നാകും. പക്ഷേ, എന്താണ് നന്നാകലിന്റെ നിർവ്വചനം..? നമ്മളെങ്ങിനെ നന്നാകും...? ആരാണ് ഈ നമ്മൾ? കൈക്കൂലി കൊടുക്കുന്നവരും മേടിക്കുന്നവരും എല്ലാം ഈ നമ്മളിൽ പെടുകയില്ലേ...?

“ഈ രാജ്യത്തുള്ള മൊത്തം അഴിമതിയും തുടച്ചു നീക്കി വടിച്ചു നക്കാനൊന്നും പറ്റുകയില്ല”

അങ്ങിനെയാണോ........? അപ്പോപ്പിന്നെ അണ്ണാറക്കണ്ണനും തന്നാലായത് തിയറി എവിടെ തുടങ്ങണം. നൂറുകോടി രൂപയുടെ നൂറഴിമതി കാണിക്കുന്ന വമ്പൻ സ്രാവുകളിൽ നിന്നോ, ഒരു നേരത്തെ അരിയ്ക്ക് വകയില്ലാത്ത അല്ലെങ്കിൽ എഴുന്നേറ്റു നടക്കാൻപോലും വയ്യാത്ത പാവങ്ങളുടെ അടുക്കൽനിന്നുപോലും യാതൊരു ചമ്മലുമില്ലാതെ കൈക്കൂലി വാങ്ങിക്കുന്ന ചെറിയ പരൽമീനുകളിൽനിന്നോ? ഈ രാഷ്ട്രീയക്കാർ വമ്പൻ സ്രാവുകൾക്ക് ജനാധിപത്യം, ഇലൿഷൻ തുടങ്ങിയ ടെക്നോളജി വഴി നമുക്കുതന്നെ വേണമെങ്കിൽ ഒരു ഡോസു കൊടുക്കാമല്ലോ... നമ്മളതു ചെയ്യാത്തതുകൊണ്ടല്ലേ..

ഇപ്പോ കുറച്ചൊക്കെ മറയുണ്ട് ഈ കൈക്കൂലി ടെക്നോളജിക്ക്. പാവങ്ങൾക്ക് നേരേ ചൊവ്വേ കൈക്കൂലി മേടിക്കാൻ പറ്റുകയില്ലാ എന്നൊരു സ്ഥിതിവിശേഷം ഈ ടീവീയണ്ണന്മാരുടെ പേനാക്യാമറകൾ ചെയ്യാൻ തുടങ്ങിയാൽ കുറച്ചു കഴിയുമ്പോൾ കൈക്കൂലിയണ്ണന്മാരൊക്കെ പരസ്യമായി ചിരിച്ചുകൊണ്ട് കാശൊക്കെ എണ്ണിമേടിച്ചിട്ട് പറയും:

“ക്യാ” മറ?

ഒരു മറയും വേണ്ടന്ന്.

അപ്പോൾ എന്റെ ഉൽ‌പ്രേക്ഷകൾ:

1. ഈ ടീവീയണ്ണന്മാർ കാണിച്ചതിനെ കണ്ണടച്ചഭിനന്ദിക്കണോ, അതോ ഒരു പിഞ്ച് ഉപ്പതിനകത്തിടണോ?

2. കൈക്കൂലി ഒരു രൂപയായാലും ഒരു കോടി രൂപയായാലും കൈക്കൂലി കൈക്കൂലി തന്നെ എന്ന ആപ്തവാക്യം മനസ്സാ വഹിച്ചുകൊണ്ട് ഒരു രൂപാ കൈക്കൂലി വാങ്ങിക്കുന്ന പാവം സെക്യൂരിറ്റിയേയും, ഒരു പതിനായിരം രൂപാ അമക്കിയ പാവം എമ്പീയേയും ഒരു കോടി രൂപാ അമക്കുന്ന പാവം വമ്പൻ സ്രാവിനേയും ഒരേ ത്രാസിലിട്ടു തൂക്കണോ?

3. അഴിമതിയുണ്ട് എന്ന് കാണിക്കാനുള്ള മാർഗ്ഗം ഒരു അഴിമതി തിരക്കഥ രചിച്ച് കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കുന്നതുപോലെ ആക്കിത്തീർക്കുക എന്നുള്ളതാണോ, ഒരഴിമതിക്കാരൻ അവൻ ശരിക്കും അഴിമതിക്കാരനാണെങ്കിൽ അവന്റെ അഴിമതിവഴിതന്നെ അവനെ കുടുക്കുന്നതാണോ, രണ്ടും കൂടിയാണോ.. ഇവരെയൊക്കെ കുടുക്കാൻ ഇതുതന്നെയാണോ മാർഗ്ഗം? അതോ ഇതും ഒരു മാർഗ്ഗം തന്നെയാണോ?

4. ഇതിനെപ്പറ്റിയൊക്കെ ഇത്രയ്ക്കും എഴുതിക്കൂട്ടനൊക്കെ ഉണ്ടായിരുന്നോ? സർവ്വസാധാരണമായ കാര്യങ്ങളൊക്കെത്തന്നെയല്ലേ ഇത്?

5. ഈ വലിയ ഡയലോഗ്സ് അടിക്കുന്ന നീ എത്ര പ്രാവശ്യം വോട്ടു ചെയ്യാൻ പോയിട്ടുണ്ടെൻ വക്കാരീ>

“.... ഓ, പിന്നെ എല്ലാം തികഞ്ഞവന്മാർ തന്നെ വേണം ഇതിനെപ്പറ്റിയൊക്കെ അഭിപ്രായം പറയാൻ എന്നുവെച്ചാൽ....................??”

തീർന്നു: ഇനി സ്വല്പം കൂടി.

ഇനി മുതൽ ബസ്റ്റ് സ്റ്റോപ്പിൽ ബസ്സ് കയറാനോ അല്ലെങ്കിൽ വെറുതെ മണ്ണും ചാരി നിൽക്കുമ്പോളോ ഒക്കെ വളരെ സൂക്ഷിക്കണം. നാട്ടിലൊക്കെ ധാരാളം കേബിൾ വിഷനുള്ള സമയമാണ്. ഒരു വിഷന് ഒരു രാത്രിയിൽ ഒരു നൈറ്റ് വിഷൻ തോന്നി റേറ്റിംഗ് എങ്ങാനും കൂട്ടണമെന്ന് തോന്നിയാൽ, അടുത്തെ ദിവസം രാവിലെ പേനപോലെത്തെ ക്യാമറയും പോക്കറ്റിലിട്ട് ഇറങ്ങും. നമ്മളെയെങ്ങാനും കണ്ടാൽ അണ്ണൻ “ചേട്ടാ ഒരു നൂറു രൂപയുടെ ചേയ്ഞ്ചുണ്ടോ” എന്നു ചോദിച്ച് വന്നിട്ട് നമ്മൾക്ക് കാശെടുത്ത് തരും. അടുത്ത ദിവസം രാവിലെ ലോക്കൽ കേബിൾ വിഷനിൽ ബ്രേക്കിംഗ് ന്യൂസ്:

“മണ്ണും ചാരി നിന്നവൻ നൂറു രൂപാ കൈക്കൂലി വാങ്ങിച്ചിരിക്കുന്നു”.

നമ്മളിങ്ങനെ ചിരിച്ചുകൊണ്ട് കാശ് മേടിക്കുന്നു. കൊടുത്ത ചേയ്ഞ്ചിന്റെ പടം കാണുകയില്ല. ഇതൊക്കെ വേണ്ട രീതിയിൽ കത്രിക വെക്കാവുന്ന ടെക്നോളജിയാണല്ലോ....

സൂക്ഷിക്കണം. ഇവർ പല രീതിയിൽ വരും........ പാൽക്കാരനായോ, പത്രക്കാരനായോ, ബസ് കണ്ടക്ടറായോ, ലോട്ടറിക്കാരനായോ.......

Wednesday, December 21, 2005

അര്‍ത്ഥാപത്തി

ഉദയസൂര്യന്റെ നാട്ടിൽ വന്ന വക്കാരി നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ നടക്കുന്നു - അലങ്കാരം ഉപമ;

ഉദയസൂര്യന്റെ നാട്ടിൽ വന്ന വക്കാരി നിലാവത്തഴിച്ചുവിട്ട ഒരു കോഴിയായിപ്പോയോ എന്നു വർണ്ണ്യത്തിലാശങ്ക - അലങ്കാരം ഉൽ‌പ്രേക്ഷ.
(ഏതെങ്കിലും അലങ്കാരത്തിന് കൺഫ്യൂഷനുണ്ടെങ്കിൽ വർണ്ണന കഴിഞ്ഞ് അവസാനം “എന്നു വർണ്ണ്യത്തിലാശങ്ക” എന്ന് ചേർത്തിട്ട് ഉൽ‌പ്രേക്ഷ എന്ന് തട്ടുക)

ഉദയസൂര്യന്റെ നാട്ടിൽ വന്ന വക്കാരി നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ (ഉപമ) നടന്ന് നടന്ന് അവസാനം നിലാവത്തഴിച്ചുവിട്ട ഒരു കോഴിതന്നെ ആയിപ്പോയോ എന്ന് മൊത്തത്തിലാശങ്ക: അലങ്കാരം ഊളമ്പാറ (ഉപമോൽ‌പ്രേക്ഷ എന്ന അലങ്കാരം കണ്ടുപിടിക്കുന്നതുവരെ).

ഇനി താഴെ വിവരിക്കാൻ പോകുന്ന സംഗതിയുടെ അലങ്കാരം അര്‍ത്ഥാപത്തി. മാലോകരെല്ലാവരും അവരുടെ പലരീതിയിലുള്ള പ്രചോദനങ്ങൾക്ക് എന്നെ ഉദാഹരണമാക്കിയ കദനകഥ. നിലവാരോമീറ്ററിന്റെ ഏറ്റവും കീഴെക്കിടക്കുന്ന വക്കാരിക്കാവാമെങ്കിൽ‌പിന്നെ ഞങ്ങൾക്കെന്തുകൊണ്ടായിക്കൂടാ എന്നുള്ള പ്രചോദനം. പലരും പലരീതിയിലും അങ്ങിനെ രക്ഷപെട്ടിട്ടുണ്ട്.

ഇതിന് ഉപമ എന്ന തലക്കെട്ടായിരുന്നു ആദ്യം കൊടുത്തിരുന്നത്. ശ്രീ ഉമേഷിന്റെ നിർദ്ദേശപ്രകാരം ഇങ്ങിനെയുള്ള പരിതാപകരമായ അവസ്ഥയിൽ‌‌പെടുന്ന എന്നെ വിവരിക്കാൻ അര്‍ത്ഥാപത്തിയോളം പറ്റിയ അലങ്കാരമില്ലാ എന്ന തിരിച്ചറിവിൽ ഇതിന്റെ തലക്കെട്ട് മാറ്റി, പഴയ വീഞ്ഞ് പഴയകുപ്പിയിലാക്കി പുനഃപ്രസിദ്ധീകരിക്കുന്നു.

ബ്ലോഗെത്തിക്സ് കമ്മിറ്റിയുടെ ഗൈഡ്‌ലൈൻസ് മുഴുവനും വായിച്ചിട്ടില്ലാത്തതുകാരണം പഴയ വീഞ്ഞ് ഇങ്ങിനെ പഴയ കുപ്പിയിൽത്തന്നെയാക്കി പഴഃപ്രസിദ്ധീകരിക്കുന്നത് എത്ര കൌണ്ട് കുറ്റമാണെന്നറിയാൻ പാടില്ല. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ എത്തിക്സ് കമ്മിറ്റിയുമായി ബന്ധപ്പെടുവാനപേക്ഷ.

ഇത് നേരത്തെ വായിച്ചിട്ടുള്ളവർ ഒന്നുകൂടി വായിപ്പാനപേക്ഷ. വായിച്ചിട്ടില്ലാത്തവർ തീർച്ചയായും വായിപ്പാനപേക്ഷ.

എന്നെ ഉദാഹരണമാക്കിയതിന്റെ കാര്യങ്ങളോർത്താൽ പഴയ ക്രിക്കറ്റ് ജീവിതമൊക്കെ ഓർമ്മ വരും. വളരെ സംഭവബഹുല(മല്ലാത്ത) ഒരു ക്രിക്കറ്റ് ജീവിതമായിരുന്നല്ലോ എനിക്കുണ്ടായിരുന്നത്. “എന്റെ ഓർമ്മ ശരിയാണെങ്കിൽ“ ഞാൻ ആദ്യമായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് ഒമ്പതാം ക്ലാസ്സിന്റെ മദ്ധ്യവേനലവധിക്കാലത്താണ് (ഓർമ്മയൊക്കെ ശരിതന്നെയാണ്. വളരെ നല്ലതുപോലെ അന്നത്തെ കാര്യങ്ങളൊക്കെ ഓർത്തിരിപ്പുണ്ട്. പിന്നെ ഒരു സ്റ്റൈലിനു പറയുന്നതല്ലെ!). ആ സമയത്താണ് ഞങ്ങൾ ടിവി വാങ്ങിച്ചത്. അതിനും കൊല്ലങ്ങൾക്കു മുമ്പ് ഇന്ത്യക്ക് ലോകകപ്പ് ഒക്കെ കിട്ടിയിരുന്നെങ്കിലും അതൊന്നും എന്നിൽ ഒരു ചലനവും ഉണ്ടാക്കിയിരുന്നില്ല. പക്ഷേ ടിവി വാങ്ങിക്കഴിഞ്ഞ് അതിൽ ക്രിക്കറ്റ് കാണിക്കാൻ തുടങ്ങിയപ്പോൾ ഒരു ആകാംക്ഷ. അയൽ‌വക്കത്തുള്ള ഒരാൾ ക്രിക്കറ്റ് കാണാൻ വന്നിരുന്ന് “ഔട്ട്”, “സിക്സർ”, “ഛേ കൊണ്ടുപോയിക്കളഞ്ഞു”, “അയ്യോ” ,“ശ്ശൊ” എന്നൊക്കെ വിളിച്ചു കൂവുകയും ഇടക്കിടെ അക്ഷമനായി ഉലാത്തുകയും ചെയ്യുന്നതുകണ്ടപ്പോൾ എനിക്കു തോന്നി ഇതെന്തോ ഒരു മഹാസംഭവമാണെന്ന്. ഇതിനെപ്പറ്റി നേരംവണ്ണം പഠിച്ചില്ലെങ്കിൽ ഭാവിയിൽ അത് വളരെയധികം ദോ‍ഷം ചെയ്യുമെന്ന് എനിക്ക് തോന്നിത്തുടങ്ങി. പിന്നെ ക്ലാസ്സുകളെയും പരീക്ഷകളെയും എന്നെത്തന്നെയും മറന്ന് ക്രിക്കറ്റ് കാണാൻ തുടങ്ങി. അയൽ‌വക്കത്തെ കൊച്ചുകുട്ടി മുതൽ തൊട്ടടുത്ത കമ്പനിയിലെ വമ്പൻ മാനേജർ വരെ എനിക്കു കൂട്ടുണ്ടായിരുന്നു, കളികാണാൻ.

എന്റെ അന്നും ഇന്നുമുള്ള വളരെയധികം സവിശേഷവും “അനുകരണീയവുമായ“ ഒരു സ്വഭാവവിശേഷം, എന്തെങ്കിലും കാര്യം എന്റെ തലയിൽ കയറിയാൽ പിന്നെ അതിൽ ഉസ്താദായാലും ഇല്ലെങ്കിലും ആദ്യം തന്നെ അതിന്റെ അനുസരണികളെല്ലാം വാങ്ങിച്ചുകൂട്ടുക എന്നുള്ളതാണ്. ക്രിക്കറ്റിനെപ്പറ്റി പഠിച്ചും കേട്ടും വരുന്നതേ ഉള്ളൂ, ഓടിപ്പോയി BDM ന്റെ ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങിച്ചു. അതുവരെ ഒരൊറ്റ ക്രിക്കറ്റു കളിപോലും കളിച്ചിട്ടില്ല. എങ്ങിനെയാണ് ബാറ്റു പിടിക്കേണ്ടതെന്നുപോലും അറിയില്ല. ഒരു ബാറ്റേ വാങ്ങിച്ചുളളൂ എന്നു കരുതിയെങ്കിൽ തെറ്റി. ആദ്യത്തെ ബാറ്റിനു വലിപ്പം ലേശം കമ്മിയാണോ എന്നൊരു ശങ്ക വന്നതുകാരണം SG യുടെ ഒരു ബാറ്റും കൂടി വാങ്ങിച്ചു. അന്നൊക്കെ ഓയിൽ ബാറ്റ് എന്നൊരു സംഭവം കൂടിയുണ്ടായിരുന്നു. കേട്ടിരുന്നത് വലിയ വലിയ കളിക്കാരൊക്കെ ഓയിൽ ബാറ്റാണ് ഉപയോഗിച്ചിരുന്നതെന്നാണ്. അതാണത്രെ അവർക്കൊക്കെ ഇത്രയും റൺസ് എടുക്കാൻ കഴിയുന്നത് (ആർക്കറിയാം?!!). എന്തായാലും ഓയിൽ ബാറ്റ് ഒരു കടയിലും ആ സമയം കണ്ടില്ല. അല്ലായിരുന്നെങ്കിൽ ബാറ്റുകൾ മൂന്നായേനേ.

ഇനി ബാറ്റുകൾ മാത്രമേ വാങ്ങിച്ചുകൂട്ടിയുള്ളൂ എന്നു കരുതിയെങ്കിൽ പിന്നെയും തെറ്റി. ഗ്ലൌസും ബോളും, എന്തിന്, ബാറ്റിഗ് പാഡും കീപ്പറുടെ പാഡും വരെ വാങ്ങിച്ചുകൂട്ടി. ഈ ബാറ്റിഗ് പാഡും കീപ്പിഗ് പാഡും ഒരുമിച്ചു വാങ്ങിച്ചതെന്തിനാണെന്ന് ഇപ്പോഴും എനിക്കൊരു പിടിയും കിട്ടിയിട്ടില്ല. ബാറ്റ് ചെയ്യുമ്പോൾ ഏതായാലും കീപ്പ് ചെയ്യാൻ പറ്റുകയില്ല-കീപ്പു ചെയ്യുന്ന ആൾക്ക് ഒരു കാരണവശാലുംആ സമയം ബാറ്റുചെയ്യാനും പറ്റുകയില്ല. എങ്കിലും ഞാൻ ഇതെല്ലാം വാങ്ങിച്ചു. സ്റ്റമ്പ് വാങ്ങിച്ചില്ല. അതിന്റെ കാരണവും ഇപ്പോഴങ്ങോട്ട് ആലോചിച്ചിട്ട് പിടി കിട്ടുന്നില്ല. സാധാരണഗതിക്ക് വാങ്ങിക്കേണ്ടതായിരുന്നു.

പക്ഷേ ഇതുകൊണ്ടൊക്കെ ഉണ്ടായ ഗുണം അടുത്തുള്ള ക്രിക്കറ്റ് ക്ലബ്ബിൽ കളിക്കാൻ പോയപ്പോഴായിരുന്നു. മലയാളികളുള്ള, ലോകത്തെവിടെയുമുള്ള, ഏതൊരു പ്രസ്ഥാനവും പോലെ ഞങ്ങളുടെ നാട്ടിലെ ക്ലബ്ബും വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനമായിരുന്നു. ഓരോ പ്രാവശ്യവും പിളരാൻ തുടങ്ങുമ്പോഴേ പിളർപ്പിന്റെ സൂത്രധാരന്മാർ ഏറ്റവും അധികം തലപുകയ്ക്കുന്നത് വക്കാരിയെ എങ്ങിനെ തങ്ങളുടെ ഗ്രൂപ്പിലേക്ക് വലിക്കാമെന്നുള്ളതിനെക്കുറിച്ചാലോചിച്ചാണ്. അവരുടെ ചിന്തകളും, അലോചനകളും തലപുകയ്ക്കലുമൊക്കെ കാണുന്ന മൂന്നാമനു തോന്നും ഈ വക്കാരി ഏതോ വലിയ ബാറ്റ്സ്‌മാനോ ബൌളറോ, കീപ്പറോ മറ്റോ ആണെന്ന്. പക്ഷെ വക്കാരി അതൊന്നുമല്ല. എങ്കിലും വക്കാരിയില്ലെങ്കിൽ ക്ലബ്ബ് പൂട്ടും. കാരണം ബാറ്റും ബോളും പാഡും എല്ലാം വക്കാരിയുടെ കയ്യിലല്ലേ ഉള്ളൂ. വക്കാരിയില്ലെങ്കിൽ സ്റ്റമ്പെന്ന മൂന്നുകോലും വെച്ചുള്ള കളിയല്ലേ നടക്കൂ. അതുകൊണ്ട് കൂട്ടത്തിലെ ഏറ്റവും ബെസ്റ്റ് ബൌളറെയോ, ബാറ്റ്സ്‌മാനേയോ, ഫീൽഡറേയോ ആർക്കും വേണ്ട, പക്ഷേ, വക്കാരിയുടെ സ്‌ഥാനം എന്നും സുരക്ഷിതമായിരുന്നു. എന്തു രസം....

പതിനേഴുകൊല്ലത്തെ ക്രിക്കറ്റ് ജീവിതത്തിനിടക്ക് മൊത്തം എടുത്ത റൺസ് പന്ത്രണ്ട്. ബൌളിംഗിൽ ഷൂട്ടർ എന്ന അതിഗംഭീരമായ ടെക്ക്നിക്ക് കണ്ടുപിടിച്ചതുകാരണം ഒന്നുരണ്ടു വിക്കറ്റുകളൊക്കെ കിട്ടി. ഷൂട്ടർ ഒരു ഭങ്കര ടെക്ക്നിക്കാണ് . ഭയങ്കര ആക്ഷനൊക്കെ കാണിച്ച് പന്തെറിയുക. ബാറ്റ്സുമാന്റെ അടുത്തുവരെ എത്തിക്കാനുള്ള ശക്തി ഏറിനില്ലാത്തതുകാരണം പിച്ചിന്റെ കാൽഭാഗമെത്തുന്നതിനുമുമ്പുതന്നെ പന്ത് നിലത്തുകുത്തും. പിന്നെ അത് മന്ദം മന്ദം ഉരുണ്ടുരുണ്ട് ഒരു പോക്കാണു് ബാറ്റ്സുമാന്റെ അടുത്തേക്ക്. ബാറ്റ്സ്‌മാൻ അക്ഷമനായി പന്തിപ്പവരും പന്തിപ്പവരും എന്നും പ്രതീക്ഷിച്ച് നോക്കിനിൽ‌ക്കും. അപ്പോഴൊന്നും പന്തു വരികയില്ല. കുറച്ചുകഴിയുമ്പോൾ ആ പാവം അങ്ങോടോ ഇങ്ങോ‍ട്ടോ ഒന്നു നോക്കും. എത്രനേരമെന്നു വെച്ചാ ഈ പന്തിനെത്തന്നെ നോക്കിയിങ്ങിനെ നിൽക്കുന്നത്. പക്ഷേ അപ്പോളാണ് പന്തിന്റെ ഉരുണ്ടുരുണ്ടുള്ള ആ വരവ്. ഏറു നേരെയാണെങ്കിൽ അതു സ്റ്റമ്പിൽ കൊള്ളും, വിക്കറ്റും കിട്ടും. എന്നിട്ടും എന്തേ വിക്കറ്റുകൾ വാരിക്കൂട്ടിയില്ലാ എന്നു ചോദിച്ചാൽ പലപ്പോഴും പന്ത് ബാറ്റ്സ്‌മാന്റെ അടുത്തുവരെ ചെല്ലാറില്ല. പിച്ചിന്റെ നടുക്കെത്തുമ്പോഴേക്കും അതിന്റെ ഉരുളലൊക്കെ തീരും. ഇനി എങ്ങിനെയെങ്കിലും പിച്ചിന്റെ അങ്ങേയറ്റം വരെ ചെന്നാലും അത് ക്രീസിന്റെ നാലയല്പക്കത്തുകൂടെയൊന്നുമായിരിക്കുകയല്ല പോകുന്നത്. ഫീൽഡിങ്ങായിരുന്നെങ്കിൽ രോമാഞ്ചജനകമായിരുന്നു. എന്റെ രണ്ടു കാലുകളുടെയും ഇടയിൽക്കൂടി പന്തിങ്ങിനെ ഉരുണ്ടുരുണ്ടു പോകുന്നത് ആളുകൾ ആകംക്ഷയോടെയും സർവ്വോപരി അത്‌ഭുതത്തോടെയും നോക്കിനിന്നിട്ടുണ്ട്. ബൌണ്ടറിയിൽചെന്നേ പലപ്പോഴും ആ ഉരുളൽ നിൽക്കാറുള്ളൂ.

അങ്ങിനെ സംഭവബഹുലമായ ഹൈസ്കൂൾ ക്രിക്കറ്റ് ജീവിതമൊക്കെ കഴിഞ്ഞ് യൂണിവേഴ്സിറ്റിയിൽ ചെന്നപ്പോഴും ക്രിക്കറ്റ് കളിക്കാനുള്ള അവസരങ്ങളൊക്കെ ധാരാളം കിട്ടി. ഒരു ദിവസം അത്യന്തം ആവേശകരമായ ഒരു ക്രിക്കറ്റ് കളി നടന്നുകൊണ്ടിരിക്കുകയാണ്, എന്റെ ടീമും എതിർ ടീമും തമ്മിൽ. കളിക്കിടയ്ക്ക് എപ്പോഴോ ഒരു പ്രാവശ്യം പന്ത് എന്റെ കാലിൽ തട്ടി നിൽക്കുകയും ആൾക്കാരൊക്കെ ഭയങ്കരമായി കൈയടിക്കുകയും ചെയ്തു. അപ്പോളാണു മനസ്സിലായത്, ആ പന്ത് ബൌണ്ടറിയിലേക്കു പോകേണ്ടവനായിരുന്നെന്ന്. അങ്ങിനെ സൊല്പം വെയിറ്റൊക്കെ ഇട്ടിങ്ങിനെ നിൽക്കുകയാണ്. അപ്പോഴാണ് വേറൊരുത്തൻ മിസ്‌ഫീൽഡ് ചെയ്ത് പന്ത് ബൌണ്ടറിയിലേക്ക് തട്ടിയിട്ടത്. ഞങ്ങളുടെ ക്യാപ്റ്റന് വന്ന ദേഷ്യം ചില്ലറയല്ല. ആ പാവത്തോട് ക്യാപ്റ്റൻ ദേഷ്യപ്പെട്ടു പറഞ്ഞു....

“നീയൊക്കെ എവിടെ നോക്കിയാടേ ഫീൽഡു ചെയ്യുന്നത്? ദേ, ആ വക്കാരി വരെ നിന്നെക്കാളും നന്നായി ഫീൽഡ് ചെയ്തല്ലോ...............”

എനിക്കുണ്ടായ പ്രചോദനം ചില്ലറയല്ലായിരുന്നു.

ഇതുപോലെ ഞാൻ പിന്നെയും പലതവണ ഉദാഹരിക്കപ്പെട്ടിട്ടുണ്ട്. വളരെ കഷ്‌ടപ്പെട്ട് ഇഗ്നൌവിന്റെ എം.ബി.എ എൻ‌‌ട്രൻസ് എഴുതി. ആദ്യത്തെ പ്രാവശ്യം പതിവുപോലെ പൊട്ടി. പക്ഷേ രണ്ടാമത്തെ പ്രാവശ്യം മഹാത്‌ഭുതം സംഭവിച്ചു-ഞാൻ പാസ്സായി. പിന്നെ ഞാനായി കമ്പനിയിലെ ഉദാഹരണവസ്തു. ആർ ആരേക്കണ്ടാലും ചോദിക്കും:

“ഇഗ്നൌവിന്റെ എൻ‌ട്രൻസ് എഴുതിയില്ലേ........? വെറുതെ എഴുതാൻ വയ്യായിരുന്നോ....ദേ ആ വക്കാരിയ്ക്കു വരെ കിട്ടിയല്ലോ.............”

എന്തൊരു കഷ്ടപ്പാടാണെന്നു നോക്കിക്കേ.

Monday, December 19, 2005

മഞ്ഞിവിടെയും...........

ഇവൻ കഴിഞ്ഞകൊല്ലത്തെവൻ... ഇവിടുത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ ഇവൻ കൊല്ലത്തിൽ ഒന്നോ രണ്ടോ മൂന്നോ തവണയേ വീഴൂ.... പക്ഷേ വേറേ ചിലയിടങ്ങളിൽ കാടാറുമാസം, നാടാറുമാസം രീതിതന്നെ... 250-300 സെന്റിമീറ്റർ കനത്തിൽ..

ഇത്തവണ അണ്ണൻ കുറച്ചു മൂക്കുന്ന ലക്ഷണമാ... ഇപ്പോൾത്തന്നെ ചിലയിടത്തൊക്കെ റിക്കോർഡ് ഭേദിച്ചു.






ഞാൻ ബെസ്റ്റ് ഫോട്ടോഗ്രാഫർ തന്നെ, പക്ഷേ, മഞ്ഞല്ലേ, തണുപ്പല്ലേ, തണുപ്പത്തങ്ങിനെ വിറയ്ക്കുവല്ലേ, പോരാത്തതിന് കൈയ്യൊക്കെ മരച്ചിരിക്കുവല്ലേ.................

Saturday, December 17, 2005

ഉമ്മിയിൽ മുട്ടയിടുന്ന കോഴി

ആറാം ക്ലാസ്സു വരെ ട്യൂഷനെന്ന ആഗോളഭീമനെതിരെ വളരെ ധീരമായി പൊരുതിനിന്നെങ്കിലും, ഏഴാംക്ലാസ്സിലെത്തിയപ്പോൾ കണ്ട്രോളു പോയി. എന്തെങ്കിലും തുടങ്ങിക്കിട്ടുക എന്നൊരു പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ട്യൂഷന്റെ ഒരു പെരുമഴക്കാലമായിരുന്നു പിന്നീട്. കണക്ക് ട്യൂഷൻ, കെമിസ്ട്രി ട്യൂഷൻ, ഇംഗ്ലീഷ് ട്യൂഷൻ, ഹിന്ദി ട്യൂഷൻ, ഹിസ്റ്ററി ട്യൂഷൻ, ജ്യോഗ്രഫി ട്യൂഷൻ...... രാവിലെ ആറുമുതൽ എട്ടുവരെ കെമിസ്ട്രി ട്യൂഷൻ, ഓടി വീട്ടിൽ വന്ന് എന്തെങ്കിലും കഴിച്ചെന്നുവരുത്തി സ്കൂളിലേക്കോട്ടം, വൈകുന്നേരം അഞ്ചുമുതൽ ഹിന്ദി ട്യൂഷൻ, അതുകഴിഞ്ഞ് രാത്രി ഏഴുമുതൽ സോഷ്യൽ സ്റ്റഡീസ്.... വളരെ തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു. ഇതിനിടയ്ക്ക് രാവിലെ എട്ടു മുതൽ പത്തുവരെ ഒരു ഗ്യാപ്പുണ്ടെന്നു പറഞ്ഞ് ആ നേരവും ട്യൂഷനുപോയ വീരന്മാരുമുണ്ടായിരുന്നു. ഇപ്പോ ഓർക്കുമ്പം പേടിയാവുന്നു.

എന്തൊക്കെ പറഞ്ഞാലും, ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ, ഓ ട്യൂഷനു പഠിപ്പിക്കുമ്പോൾ പഠിക്കാമെന്ന് വെക്കുകയും, ട്യൂഷനു പഠിപ്പിക്കുന്ന പല സംഗതികളും ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ പഠിക്കാമെന്നു വെച്ചു മാറ്റിവെയ്ക്കുകയും ചെയ്ത് അവസാനം എല്ലാം കുളമാക്കുകയും ചെയ്തിരുന്നെങ്കിലും ഈ ട്യൂഷൻ കൊണ്ടു വളരെ പ്രയോജനുവുമുണ്ടായിരുന്നു. പരീക്ഷയ്ക്കു കുറച്ചു മാർക്കുകൾ വാങ്ങാനും കാര്യങ്ങൾ കുറച്ചു മനസ്സിലാക്കാനും ഈ ട്യൂഷൻ കൊണ്ട് സാധിച്ചു. നല്ലപോലെ ക്ലാസ്സെടുക്കുന്ന കുറെ ട്യൂഷൻ അദ്ധ്യാപകരെയാണ് എനിക്കു ഭാഗ്യവശ്ശാൽ കിട്ടിയത്. സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത് മോശമായതുകൊണ്ടൊന്നുമല്ല ഞാൻ ട്യൂഷനു പോയത്, പക്ഷേ അതാണല്ലോ നാട്ടുനടപ്പ്. കുറെ നല്ല കൂട്ടുകാരെയും ഈ ട്യൂഷൻ മഹാമഹം വഴി കിട്ടി.

സ്കൂൾ ജീവിതം കഴിഞ്ഞ് കോളെജ് ജീവിതം തുടങ്ങിയപ്പോഴും, ട്യൂഷനോടുള്ള ആശ തീർന്നില്ല. ഇംഗ്ലീഷ്, ഫിസിക്സ് തുടങ്ങി കലാപരിപാടികൾ പിന്നെയും തുടർന്നു. ഒരു മോനെങ്കിലും ഒരു ഡാ‍ക്കിട്ടറായെങ്കിൽ എന്നാശിച്ച് എൻ‌ട്രൻസ് ക്യോച്ചിംഗ് എന്നൊരു അത്യുഗ്രൻ കലാപരിപാടിക്കും ഇതിനിടക്ക് എന്നെക്കൊണ്ടുപോയി ചേർത്തു. സമയം എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് ആദ്യമായി പഠിച്ചത് അന്നായിരുന്നു. രാവിലെ ഏഴുമുതൽ പത്തുവരെ “ക്യോം”ച്ചിംഗ്, പതിനൊന്നുമുതൽ ഒന്നര-രണ്ടു വരെ നൂൺഷോ, ഭാഗ്യത്തിനെങ്ങാനും ഒരു ഗ്യാപ്പുകിട്ടിയാൽ ഒരു ചായയും രണ്ടു വടയും അടുത്തുള്ള ഭാരതകാപ്പിക്കടയിൽനിന്ന് (മിക്കാവാറും ഗ്യാപ്പൊന്നുമുണ്ടാകാറില്ല). പിന്നെ ഓടി വന്ന് മാറ്റിനി, ഒരു ചായ, ഫസ്റ്റ് ഷോ, തളർന്നവശനായി വീട്ടിൽ; മോൻ ഡാക്കിട്ടരാവുന്നതും സ്വപ്നം കണ്ട് വീട്ടുകാർ-ഇതായിരുന്നു, സ്കെഡ്യൂൾ.

(കറക്കിക്കുത്ത് എന്ന ശൈലി ശാസ്ത്രീയമായി പരീക്ഷിക്കാൻ പറ്റിയത് എൻ‌ട്രൻസ് പരീക്ഷ എഴുതിയപ്പോഴായിരുന്നു-ചോദ്യം വായിക്കുക, വായിച്ചു തീർന്നാൽ ഉടൻ വാച്ചിൽ നോക്കുക, സെക്കന്റ് സൂചി പന്ത്രണ്ടിനും മൂന്നിനുമിടയ്ക്കാണെങ്കിൽ ‘a’, മൂന്നിനും ആറിനുമിടയ്ക്കാണെങ്കിൽ ‘b’. ആറിനും ഒമ്പതിനും ഇടയ്ക്കാണെങ്കിൽ ‘c’, ഒമ്പതിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ‘d’. ഈ ടെക്നോളജി വളരെ എഫക്ടീവായതുകാരണമാണോ ആവോ, മൂന്നാമത്തെ പ്രാവശ്യം (ശരിയാ, മൂന്നുപ്രാവശ്യം എഴുതി, പിന്നെയും എഴുതണമെന്നുണ്ടായിരുന്നു......) അധികാരികൾ, ‘e' എന്നൊരു അഞ്ചാം ചോയിസും കൂടി വെച്ചു.... നോ പ്രോബ്ലം. സെക്കന്റ് സൂചി കറക്ട് പന്ത്രണ്ടിന്റെയോ, മൂന്നിന്റെയോ, ആറിന്റെയോ, ഒമ്പതിന്റെയോ മോളിലാണെങ്കിൽ, കുത്ത് ‘e' യ്ക്കിട്ട്. “വയ്യാ........, മടുത്തു........, കഷ്ടപ്പെട്ട്........, ബുദ്ധിമുട്ടി.........” എന്നൊക്കെയുള്ള നെടുമുടി വേണു സ്റ്റൈൽ ഡയലോഗടിച്ച് മൂന്നാം‌പ്രാ‍വശ്യത്തോടെ പരിപാടിക്ക് സുല്ലിട്ടു. ഒന്നു പിഴച്ചാൽ മൂന്നാമതും പിഴയ്ക്കുമെന്നും ഇതൊന്നും എനിക്കു പറ്റിയ പണിയേ അല്ലാ എന്നും അന്നു മനസ്സിലായി)

ഫിസിക്സിന്റെ ട്യൂഷൻ വൈകുന്നേരങ്ങളിലായിരുന്നു. സാറാണെങ്കിൽ മഹാ രസികൻ. കോളെജിലെ ക്ലാസ്സുകളിലെല്ലാം ഇരുന്നുറങ്ങിയതിന്റെ ക്ഷീണം തീർക്കാൻ ഒന്നു മയങ്ങാൻപറ്റിയ ഒരു വേദിയായി മാറാൻ എല്ലാവിധ സാധ്യതകളും ഉള്ളൊരു സ്ഥലമായിരുന്നു ഫിസിക്സ് ട്യൂഷൻ ക്ലാസ്സെങ്കിലും, സാറിന്റെ ഇരയായി മാറിയേക്കുമോ എന്നുള്ള ഭയം കാരണം ആരും അവിടെ അങ്ങിനെ ഉറങ്ങാറില്ലായിരുന്നു. എന്നും സാറിനു കൊട്ടാൻ ആരേയെങ്കിലുമൊക്കെ കിട്ടും. അത്യാവശ്യം കൊട്ടുകൾ മേടിക്കുന്നതിനും സാറിന് വിരോധമൊന്നുമില്ലായിരുന്നു താനും.

ഒരു ദിവസം സാറിന്റെ കൊട്ടുകിട്ടിയവരിൽ പ്രമുഖർ ബെന്നി, രങ്കൻ ആൻഡ് പണിക്കർ. ഒരു ചെറിയ കൊട്ട് എനിക്കും.

ബെന്നിയെ ഞാൻ ഓർക്കും. കാരണങ്ങൾ:

1. ബെന്നിയുടെ മൂക്ക്: പെട്രോൾ പമ്പിലെ പെട്രോളടിക്കുന്ന കഴലിന്റെ അറ്റത്തുള്ള, വണ്ടിയുടെ ടാങ്കിന്റെ അകത്തേക്കു കയറ്റുന്ന, ആ ഞെക്കുന്ന സാധനം പോലെയാണ് ബെന്നിയുടെ മൂക്ക്. ഇങ്ങിനെ നീണ്ട് അഗ്രം വളഞ്ഞ്. അതങ്ങിനെതന്നെയാണെന്ന് സമ്മതിക്കുന്നതിനും അവന് വിരോധമൊന്നുമില്ലായിരുന്നു (മറ്റുള്ളവരുടെ ശരീരപ്രകൃതിയെ പരാമർശിക്കുന്നത് ശരിയായ ഒരു നടപടിയല്ലെന്നറിയാം... ക്ഷമിക്കണേ).

2. ജുഗൽബന്ധി: ബാസീഗർ എന്ന ഹിന്ദി സിനിമാ വീഡിയോയിലോ മറ്റോ കണ്ടിട്ട് അടുത്ത ദിവസം ഭരതന്റെ ചുരവും കണ്ട ബെന്നി പാടി

“ചുരമാക്കെ ദിൽ മേരാ................... ഗ്ലൊറിയാ ചലി”

അതുകഴിഞ്ഞുള്ള ബാക്ക്ഗ്രൌണ്ടിനു സമാനമായി എന്തോ കുറേ ശബ്ദങ്ങളും ആൿഷനും.

മൊമന്റത്തിന്റെയോ, ആക്സിലറെഷന്റെയോ, വെലോസിറ്റിയുടേയോ മറ്റോ നിർവ്വചനം ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടു നിന്ന ബെന്നിയോട് സാറ് നൂറ് പ്രാവശ്യം ഇമ്പോശിഷ്യൻ എഴുതിക്കൊണ്ടു വരാൻ പറഞ്ഞപ്പോൾ ഒരു പ്രാ‍വശ്യം സംഗതി എഴുതിയിട്ട് തൊണ്ണൂറ്റൊമ്പത് ഡിറ്റോ അതിനു താഴെ ഇട്ടവനാണ് ബെന്നി. ബുദ്ധിമാൻ. ഗംഭീര ഐഡിയാ ആയതുകാരണം സാറുപോലും സ്തബ്ധനായിപ്പോയി.

ന്യൂട്ടന്റെ ഒന്നാം നിയമത്തിന്റെ ക്ഷീണം തീർക്കാൻ തൊട്ടപ്പുറത്തിരിക്കുന്നുവനുമായി തലേദിവസം കണ്ട സിനിമയെപ്പറ്റി നൂതനമാർഗ്ഗങ്ങളിലൂടെ കമ്മ്യൂണിക്കേറ്റു ചെയ്യുകയായിരുന്നു ഞാൻ. കണ്ണ്, വിരൽ, മൂക്ക് തുടങ്ങിയ അവയവങ്ങളായിരുന്നു പ്രധാനമായും ഉപയോഗിച്ചത്. വായ് ഉപയോഗിക്കാൻ വയ്യ. പത്തുസെക്കന്റുകൾ ഇടവിട്ട് സാറിനെ നോക്കണം, തലയാട്ടണം. നമുക്കെല്ലാവർക്കും അറിയാവുന്ന ആ ടിപ്പിക്കൽ രീതി തന്നെ. ഇതിനിടയ്ക്ക് ക്ലാരിറ്റിക്കുവേണ്ടി ബുക്കിന്റെ കവറിലും കാര്യങ്ങളൊക്കെയെഴുതി ഞങ്ങൾ സംഭാഷണവും ന്യൂട്ടന്റെ ഒന്നാംനിയമപഠനവും സൈമൾട്ടേനിയസായി തുടർന്നു. ഞങ്ങളുടെ കഷ്ടപ്പാട് സാറെപ്പോഴോ കണ്ടു. കണ്ടകാര്യം ഞങ്ങളൊട്ടറിഞ്ഞുമില്ല.

പതിവുള്ള പത്തുസെക്കന്റുകൾക്ക് ശേഷമുള്ള തലയാട്ടൽ ക്രിയയ്ക്കുവേണ്ടി സാറിനെ നോക്കിയപ്പോൾ സാറവിടില്ല. തലയൊന്നോടിച്ച് ചുറ്റും നോക്കിയപ്പോൾ സാറിനെ കണ്ടു. ദേ ഞങ്ങളുടെ അടുത്ത് നിൽക്കുന്നു. ക്ലാസ്സിൽ അങ്ങിനെ വലിയ പ്രശ്നമൊന്നുമുണ്ടാക്കാതെ ഒരു മൂലയ്ക്കൊതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായതുകാരണം, സംസാരത്തിന്റെ സൂത്രധാരൻ ഞാനാണെന്നു സാറ് ധരിച്ചില്ല. എന്റെ അയൽ‌പക്കക്കാരനെ സാറ് പൊക്കിയലക്കി. അവൻ ബുക്കിലെന്തൊക്കെയോ കൂലംകക്ഷമായെഴുതുന്നത് സാറ് കണ്ടിരുന്നു. അതായിരുന്നു സാറിനെ ഞങ്ങളിലേക്കാകർഷിച്ച കാര്യം. ബുക്ക് എന്റേതായിരുന്നു.

സാറ് ബുക്ക് പൊക്കി വായന തുടങ്ങി.

“കൃഷ്ണഗുഡി....... മഞ്ജു വാര്യർ അടിപൊളി........ ബിജു മേനോൻ......... പിന്നെ യുമ്പിന്നെ... ജയറാം......നല്ല പാട്ട്” തുടങ്ങിയ പദ്യശകലങ്ങൾ സാറ് ഉറക്കെ വായിക്കാൻ തുടങ്ങി. വേറൊന്തോ ചിന്ത വന്നതുകൊണ്ടാണോ എന്നറിയാൻ വയ്യ, ഫർദർ ഇൻ‌വെസ്റ്റിഗെഷൻ നടത്താൻ വലിയ താത്പര്യമൊന്നും കാണിക്കാതെ നടന്നകലാൻ തുടങ്ങിയ സാറിനോട് ആകാംക്ഷാഭരിതനായ പണിക്കർ ഉറക്കെ വിളിച്ചു പറഞ്ഞു:

“ആ ബുക്കാരുടേതാണെന്നൊന്ന് നോക്ക് സാറേ.............”

അപ്പഴേ ഞാൻ മനസ്സിൽ കുറിച്ചു.......... പണിക്കരേ എന്നെങ്കിലും നിനക്കും കിട്ടുമെടാ.

അടുത്തിരുന്നവനിട്ട് പെരുമാറിയതുപോലെ എനിക്കിട്ടും പെരുമാറിയാൽ ഞാൻ ബോധം കെടുമെന്നു വിചാരിച്ചാണോ എന്നറിയില്ല, ബുക്കെന്റേതാണെന്നു മനസ്സിലാക്കിയ സാറ് സഹതാപത്തോടെ ഒരു നോട്ടം നോക്കിയിട്ട്, “എന്നാലിനി ന്യൂട്ടന്റെ രണ്ടാം നിയമം” എന്നു പറഞ്ഞു പോവുകയും, ഞാൻ വലിയ പരിക്കൊന്നുമേൽക്കാതെ രക്ഷപെടുകയും ചെയ്തു. ഒരു ചെറിയ കൊട്ടെങ്കിലും പണിക്കർക്ക് കിട്ടിയിരുന്നെങ്കിൽ... എന്റെ ആഗ്രഹം ആത്മാർത്ഥമായിരുന്നു. ഇതിനിടയ്ക്ക് പതിവുപോലെ ക്ലാസ്സിൽ കലപില തുടങ്ങിയപ്പോൾ “മൌനം വിദ്വാനു ഭൂഷണം” എന്ന സാറിന്റെ ആപ്തവാക്യത്തിന് “അതിമൌനം വട്ടിനു തുല്ല്യം‌ന്ന്വാ” എന്ന പണിക്കർ മറുപടിയ്ക്ക് “അതങ്ങു വീട്ടിൽ‌പോയി പറഞ്ഞാൽ മതി“ എന്നുള്ള സാറിന്റെ റിപ്ലൈയും എനിക്കത്ര സാറ്റിസ്‌ഫാൿഷൻ തന്നില്ല. പണിക്കർ ഇതിലും കൂടുതൽ അർഹിക്കുന്നു.

അധികം താമസിച്ചില്ല. പണിക്കരുടെ ഊഴം വന്നു. ന്യൂട്ടന്റെ രണ്ടാം നിയമത്തെപ്പറ്റി രങ്കനോടെന്തോ സാറ് ചോദിച്ചപ്പോൾ വളരെ നിഷ്കളങ്കമായി പണിക്കർ പറഞ്ഞു,

“അവന്റെ ഇനിഷ്യല് കെ.ഓ. എന്നാ”

“ഓഹോ, അങ്ങിനെയാണോ......, പക്ഷേ, നിന്റെ പേര് ഒരു ലൈനിലെഴുതാൻ സ്ഥലം തികഞ്ഞില്ലെങ്കിൽ ദോ ഇങ്ങിനെ എഴുതേണ്ടിവരും” എന്നും പറഞ്ഞ് സാറ് ബോർഡിന്റെ ഒരു മൂലയ്ക്ക് പണിക്കരുടെ പേരെഴുതാൻ തുടങ്ങി.

pa
സ്ഥലം തീർന്നതുകാരണം, അതിനു താഴെ
nicker

പണിക്കരെ സാറ് പി. എ. നിക്കറാക്കിയപ്പോൾ എനിക്കു സ്വല്പം സന്തോഷം കിട്ടിയെന്നു പറയാതെ വയ്യ.

ഇതു കഴിഞ്ഞപ്പോഴായിരുന്നു, പാവം ബെന്നിയുടെ ഊഴം. സ്വല്പം കുടവയറുള്ള സാറിന് മഹോദരമാണെന്ന് ബെന്നി പറഞ്ഞതിന്റെ വിഷമം പുറത്തുകാണിക്കാതെ, സാറ് ന്യൂട്ടന്റെ മൂന്നാം നിയമം പഠിപ്പിക്കുകയായിരുന്നു. മൂന്നാം നിയമപഠനത്തിനിടയ്കെപ്പോഴോ, തലേദിവസം പഠിപ്പിച്ച എന്തോ ഒരു കാര്യം ബെന്നിയോടു ചോദിച്ചപ്പോൾ ബെന്നി വെറുതെ ചിരിച്ചുകൊണ്ട് നിൽക്കുന്നതു കണ്ടപ്പോഴാണ് അവൻ തലേദിവസം ക്ലാസ്സിൽ വന്നിരുന്നില്ലാ എന്ന കാര്യം സാറോർമ്മിച്ചത്.

“മോനിന്നലെ എവിടെയായിരുന്നു?”

സ്നേഹം കൂടിയാൽ പിന്നെ സാറ് മോനേ എന്നേ വിളിക്കൂ.

“ഹിന്ദിയുടെ ട്യൂഷനുണ്ടായിരുന്നു”

“ഏടാകൂടത്തിലെ” അരവിന്ദേട്ടൻ ഗർജ്ജിക്കുന്നതുപോലെയൊരു ഗർജ്ജനമായിരുന്നു പിന്നെ. കാരണം ഹിന്ദിയുടെ ട്യൂഷനല്ലെന്ന് സാറിനും ബെന്നിക്കും പിന്നെ ഞങ്ങൾക്കെല്ലാവർക്കുമറിയാമായിരുന്നു. പക്ഷേ തലേദിവസം, ആ ഒരൊറ്റദിവസം മാത്രം, ഹിന്ദി ട്യൂഷനുപോയില്ലായിരുന്നുവെങ്കിൽ എന്ന് ബെന്നി ആ നേരം ആത്മാർത്ഥമായി ആഗ്രഹിച്ചു.

ഗർജ്ജനങ്ങൾക്കൊടുവിൽ ബോർഡിലോട്ടുതിരിഞ്ഞ് എന്തോ എഴുതാൻ തുടങ്ങിയ സാറ് പറഞ്ഞത് പോരാ എന്നൊരു തോന്നലിൽ പിന്നെയും തിരിഞ്ഞുനിന്ന് ബെന്നിയോട് ചോദിച്ചു.

“നീയൊക്കെ വലിയ ഹിന്ദി വിദ്വാനല്ലേ. ശരി കേൾക്കട്ടെ...........കോഴി ഉമ്മിയിൽ മുട്ടയിടുന്നു എന്നതിന്റെ ഹിന്ദി ഒന്നു പറഞ്ഞേ”

മുർഗി, ഡാലാ, അണ്ഡാ എന്നൊക്കെ പറഞ്ഞൊപ്പിച്ച ബെന്നിയ്ക്ക് ഉമ്മിയുടെ ഹിന്ദി മാത്രം കിട്ടിയില്ല.

അന്നും ഇന്നും എനിക്കും ആ ഹിന്ദി കിട്ടിയിട്ടില്ല.

---------------------------------------------------------------------------------------------
അടിക്കുറിപ്പ്:

ഉമ്മി- അരിയുടെ അപ്പൂപ്പന്റെ മകളുടെ മോൾ, അല്ലെങ്കിൽ തവിടിന്റെ അമ്മയുടെ അനിയത്തിടെ കൂട്ടുകാരി. അവരൊക്കെ തമ്മിൽ വളരെ അടുത്ത ബന്ധമാ. ഉമ്മിയെ ഉമ്മിയെന്നു തന്നെയാണോ ലോകത്തെല്ലായിടത്തും വിളിക്കുന്നത്?

Friday, December 09, 2005

ചരിത്രോൽ‌പ്രേക്ഷ

നമ്മുടെ ചരിത്രമാണെന്നു തോന്നുന്നു, ഉൽ‌പ്രേക്ഷയ്ക്ക് എറ്റവും പറ്റിയ ഒരു ഉദാഹരണം.

നമ്മുടെ ചരിത്രമെന്നു പറഞ്ഞാൽ നമ്മുടെ കഴിഞ്ഞൊരു കോമായോടുകൂടിയ ചരിത്രവുമാകാം (നമ്മുടെ, ചരിത്രം), നമ്മുടെ ചരിത്രമെന്ന് ഒരൊറ്റവാക്കിലൊതുക്കാവുന്ന ചരിത്രവുമാകാം (ഇന്ത്യാ ചരിത്രം). എല്ലാ ചരിത്രവും ഇങ്ങിനെയൊക്കെത്തന്നെയാണെന്നു തോന്നുന്നു.

മൊത്തം ആശങ്കയാണ് ഈ ചരിത്രങ്ങൾ വായിച്ചാൽ. അതുതാനല്ലിയോ ഇതും എന്നും അതല്ലല്ലോ ഇത് എന്നും ഇനി ഏതാണാവോ അത് എന്നുമെല്ലാമുള്ള ഉഗ്രൻ ആശങ്ക.

ഈ ചരിത്രാശങ്ക കൊല്ലങ്ങളായി എന്നെ ഇങ്ങിനെ വേട്ടായാടുന്നു. ടിപ്പു സുൽത്താൻ അടിപൊളി ടീമായിരുന്നു എന്നാണ് പണ്ട് പഠിച്ചത്. മൈസൂരൊക്കെ പോയി ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരെ വെള്ളം മുക്കിക്കൊന്ന സ്ഥലമൊക്കെ കണ്ട് (ബ്രിട്ടീഷുകാരെത്തന്നെയല്ല്ലേ) രോമഞ്ചം കൊണ്ടിട്ടുണ്ട്.

കുറെ കഴിഞ്ഞപ്പോൾ കേട്ടു, ഈ ടിപ്പ്വണ്ണൻ ആളത്ര നല്ലവനൊന്നുമല്ലായിരുന്നെന്ന്. നമ്മുടെ മലബാറിലൊക്കെ വന്ന് അണ്ണൻ കുറെ തോന്ന്യാസങ്ങളൊക്കെ കാണിച്ചിട്ടുണ്ടത്രേ... അപ്പം മൊത്തം കൺഫ്യൂഷനായി. കുറേപ്പേർ അടിപൊളിയെന്ന്........ വേറേ കുറേപ്പേർ അടിക്കടാ എന്ന്... അടിപൊളി ടീംസ് പറയുന്നത് കേട്ടാൽ അടിപൊളിയാണെന്നതിന് യാതൊരു സംശയുമില്ല. ഉൽ‌പ്രേക്ഷയ്ക്ക് ഒരു സ്കോപ്പുമില്ലാതെയാണ് അവരുടെ വിവരണങ്ങൾ. എല്ലാം കേട്ട് തിരിച്ച് വീട്ടിൽ പോകുന്ന വഴിക്ക് കുറച്ച് അടിയടാ ടീംസിനെ കണ്ടാൽ എല്ലാം കുളമാകും. അവര് പറയുന്നത് കേട്ടാൽ “ശ്ശെടാ, ഈ ടിപ്പ്വണ്ണൻ ഇങ്ങിനത്തെ ടീമാ” എന്നു തോന്നിപ്പോകും.

“ഡേയ്, അവരവരുടെ രീതിയിൽ പറയും, ഇവരിവരുടെ രീതിയിൽ പറയും,രണ്ടും കേട്ടിട്ട് നീ തീരുമാനിക്ക് “എന്നൊരു മധ്യസ്ഥൻ പറഞ്ഞാൽ, നമ്മള് രണ്ടു രീതിയിലും പഠിച്ചിട്ടില്ലല്ലോ, സ്ക്കൂളില്. ആ രീതിയല്ലല്ലോ, നമ്മുടെ സ്ക്കൂളിലുള്ളത്. ഇനി ഇങ്ങിനത്തെ ഓരോ ചരിത്രത്തിനും നമ്മുടെ രീതിയിൽ പോയി ഗവേഷണം നടത്താൻ പറ്റുമോ, അതും പറ്റില്ല. ചരിത്രമല്ലല്ലോ നമ്മുടെ പണി, ഇതു വെറും ടൈം പാസല്ലേ. “നിനക്ക് വേറേ പണിയൊന്നുമില്ലേഡേ, നീ എന്തിനാ വെറുതെ ഇതൊക്കെ അന്വേഷിക്കാൻ പോണത്?” എന്നുള്ള സ്റ്റാൻ‌ഡാ ബെസ്റ്റെന്നു തോന്നും, ചിലപ്പോൾ. എന്നാലും ഇതൊക്കെ അറിഞ്ഞിരിക്കേണ്ടേ എന്നു തോന്നിയാൽ പിന്നെയും കുടുങ്ങി.

നമ്മുടെ നാട്ടിലെ ആംഗലേയ മലയാള പത്രമാസികകളെങ്ങാനും വായിച്ചാൽ കുടുങ്ങാൻ ഇതിൽ‌പരം വേറൊന്നും വേണ്ട. ഇടതുപക്ഷാനുഭാവ പത്രങ്ങൾ വായിച്ചാൽ അവര് പറയുന്നതിനപ്പുറം ശരിയൊന്നുമില്ലാ എന്നു തോന്നും. ഇനി വലതുപക്ഷപ്പത്രങ്ങളായാലോ, കൺഫ്യൂഷന് പിന്നെ വേറൊന്നും വേണ്ട. ഹിന്ദുപ്പത്രം ഒന്നെങ്കിൽ ഹിന്ദുക്കളെപ്പറ്റി എഴുതണം, അല്ലെങ്കിൽ പേരുമാറ്റണം എന്നാണ് വലുതുപക്ഷത്തിന്റെ ഡിമാൻഡ്. ഹിന്ദു-ഫ്രണ്ട്‌ലൈനാണെങ്കിലോ, വലതുപക്ഷത്തെ കൊട്ടാ‍ൻ കിട്ടുന്ന ഒരവസരവും പാഴാക്കുന്നുമില്ല. ഇതിനിടയ്ക്ക് നിഷ്‌പക്ഷമാണെന്ന് വെച്ച് ഇന്ത്യൻ എക്സ്പ്രസ്സിലെ ഒരു വാർത്ത വായിച്ചു. നല്ല്ല ഒരു നിഷ്‌പക്ഷതയുടെ മണം കിട്ടിയതുകാരണം, റിപ്പോർട്ടറുടെ പേര് ഒരു ഗൂഗിൾ സേർച്ച് നടത്തി. മുന്നാമത്തെ സേർച്ച് റിസൾട്ട് തന്നെ കിടക്കുന്നു.... “both husband and wife are committed communists" !!

ഈയിടെ ബ്ലോഗുകളിൽ കണ്ട ഹാരപ്പയിലെ കുതിരയെപ്പറ്റി വായിച്ചപ്പോഴും ഉൽ‌പ്രേക്ഷ ഓർമ്മ വന്നു. ഫ്രണ്ട്‌ലൈനിലെ ഒന്നു രണ്ടു ലേഖനങ്ങൾ വായിച്ചപ്പോൾ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു സംശയവും തോന്നിയില്ല. നമ്മുടെ ചരിത്രത്തെ വളച്ചൊടിച്ച് കുളമാക്കിയവരോട് എന്തെന്നില്ലാത്ത ദേഷ്യവും തോന്നി. പക്ഷേ ഗൂഗിൾ എന്നൊരു സാധനം ഉള്ളിടത്തോളം കാലം മനുഷ്യന് കൺഫ്യൂഷനും കാണുമെന്നുള്ള ഭൂലോകസത്യം നിലവിലുള്ള കാരണം, ഒരു ഗൂഗിൾ സേർച്ച് നടത്തി എല്ലാം കുളമാക്കി.

ഹാരപ്പയിൽ കുതിരയുണ്ടായിരുന്നെന്നും, ഇല്ലായിരുന്നെന്നും, ഉണ്ടായിരുന്നത് കുതിരയല്ല, ഒട്ടകമായിരുന്നുവെന്നും അങ്ങിനെ ഒന്നും പറയേണ്ട. കുതിരയുണ്ടായിരുന്നുവെന്ന് പറഞ്ഞവരൊക്കെ ഏതു തരക്കാരാണെന്ന് ഞങ്ങൾക്കറിയാമെന്ന മട്ടിൽ കുതിര ഇല്ലെന്ന് പറഞ്ഞവർ. അവിടെ കുതിര ഇല്ലായിരുന്നുവെന്ന് പറഞ്ഞവർക്ക് അങ്ങിനെ പറയാൻ പോലും എന്തവകാശമെന്ന മട്ടിൽ എതിർകക്ഷികൾ. അങ്ങോട്ടുമിങ്ങോട്ടുമുള്ള വാദപ്രതിവാദങ്ങൾ ധാരാളം. കുതിരയില്ലെന്നു പറഞ്ഞ ഒരണ്ണൻ, വേറേതോ കാര്യത്തിന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ മാലോകരെ മുഴുവൻ വെല്ലും വിളിച്ചിരിക്കുന്നു. “ബെറ്റുവെക്കാനുണ്ടോഡേ” എന്ന മട്ടിൽ... ആകപ്പാടെ ബഹു രസം. പക്ഷേ സത്യമേതാണ്?

..............ആവൂ, ആർക്കറിയാം?

ഈ ഹാരപ്പയുടെ കാര്യം തന്നെയെടുത്താൽ, ഹിന്ദുവും ഫ്രണ്ട്‌ലൈനും മാത്രം വായിച്ചുകൊണ്ടിരുന്നാൽ കുതിരയുണ്ട് എന്നുള്ള കാര്യം ഒരു കാരണവശാലും വിശ്വസിച്ചുപോയേക്കരുതേ എന്നുള്ള കുതിരയില്ലാക്കാര്യം മാത്രമല്ലേ മാലോകരറിയൂ ? (പക്ഷേ, ഗൂഗിളിൽ തപ്പിതപ്പി ചെന്നപ്പോൾ കുതിരയില്ലാത്തവരെ ഖണ്ഡിച്ചുകൊണ്ടുള്ള ലേഖനവും ഹിന്ദുവിൽത്തന്നെ കണ്ടു). ഇനി കുതിരക്കാരുടെ ലേഖനങ്ങൾ മാത്രം വായിക്കുന്നവർ, കുതിരയില്ലാ എന്നുള്ള വാദഗതിയും നിലവിലുണ്ട് എന്നുള്ള കാര്യം എന്നെങ്കിലും അറിയുമോ. ഗൂഗിൾ ഉള്ളതുകാരണം ഇതിനെപ്പറ്റിയൊക്കെ അഭിപ്രായം പറയുന്നവരുടെ ഭൂതകാലത്തെപ്പറ്റിയും, ഭൂമിശാസ്ത്രത്തെപ്പറ്റിയുമൊക്കെ ഒരു ചെറിയ ഐഡിയാ കിട്ടും.

കണക്കന്റെ ബ്ലോഗ് വായിച്ചപ്പോൾ അമർത്യാ സെന്നും കുതിരക്കാര്യത്തെപ്പറ്റി പറഞ്ഞിരിക്കുന്നു എന്നു കണ്ടു. അമർത്യാ സെന്നല്ലേ, നോബൽ പ്രൈസല്ലേ എന്നൊക്കെ ഓർത്ത് കണക്കൻ കൊടുത്ത ലിങ്കിൽ ക്ലിക്കി വായന തുടങ്ങി. (നോബൽ പ്രൈസ് എന്നെങ്കിലും എനിക്ക് കിട്ടുകയാണെങ്കിൽ അടിപൊളിയാണ്. അത്രയും കാലം വരെ എനിക്കെന്തോ ചെറിയൊരു അസ്കിത അതിനോടുണ്ട്, സമാധാനത്തിന്റെ കാര്യത്തിൽ മാത്രം. ഒരു കല്ലുപോലും എറിയാതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിച്ചുതന്ന മഹാത്മാഗാന്ധിക്ക് “കലക്കീട്ടോ, ഇന്നാ പിടിച്ചോ” എന്നുപറഞ്ഞ് ഒരു സമ്മാനം കൊടുക്കാതെ, അടീം, ഇടീം, വെടീം, കുത്തും, തൊഴീമെല്ലാം കുലത്തൊഴിലാക്കിയ ചില അണ്ണന്മാർക്ക് “സമാധാന” സമ്മാനം കൊടുത്താദരിക്കുന്നവരല്ലേ, ഈ നോബലുകാര്.).

അമരത്തണ്ണന്റെ പുസ്തകത്തെപ്പറ്റിയുള്ള വിവരണമാണ് ലിങ്കിൽ. വായിച്ചു വായിച്ചു വന്നപ്പോൾ നോബോളുകിട്ടിയ നായിപ്പൂളണ്ണൻ പറയുന്നതിന് വിപരീതമായിട്ടാണത്രേ അമരത്തണ്ണൻ പറയണതെന്ന്. കൺഫ്യൂഷന് ഇനി വേറേ വല്ലതും വേണോ. അൿബർ അടിപൊളി ടീമെന്ന് അമരത്തണ്ണൻ. ഇന്ത്യയെ മുടിപ്പിച്ചവന്മാരാണ് മുഗളന്മാരെന്ന് നായിപ്പൂളണ്ണൻ. ആരു പറയുന്നതാണ് ശരി?

................ ആവൂ, ആർക്കറിയാം?

ഒരാളെങ്കിലും നോബോളെറിഞ്ഞില്ലായിരുന്നെങ്കിൽ നോബോളിന്റെ ആനുകൂല്ല്യത്തിൽ ഔ‌ട്ട് വിളിക്കാതിരിക്കാമായിരുന്നു. ഇതിപ്പോ രണ്ടുപേരും നോബോളെറിഞ്ഞു; അല്ല രണ്ടുപേർക്കും നോബോളുണ്ട്.

നമ്മളെ സ്കൂളിൽ ഈ ചരിത്രമൊക്കെ പഠിപ്പിക്കുമ്പോൾ ഇങ്ങിനത്തെ രണ്ടു വാദഗതികളുള്ള സംഗതികളാണെങ്കിൽ, നമ്മൾ പഠിക്കുന്നതൊക്കെ ശരിയാ‍യ കാര്യങ്ങളായിരിക്കുമോ? (പിന്നെയും, ആവൂ, ആർക്കറിയാം). അതെങ്ങിനെയാ, ശരിയായിട്ടുള്ള കാര്യം പഠിക്കട്ടേ എന്നുവെച്ചാണോ പുസ്തകക്കമ്മറ്റിക്കാര് ഈ പുസ്തകങ്ങളൊക്കെ പടച്ചു വിടുന്നത്? മന്ത്രിസഭ മാറുമ്പോൾ മാറുന്ന ചരിത്രമല്ലേ നമ്മുടെ ചരിത്രം. ഉൽ‌പ്രേക്ഷയ്ക്കിനിയെന്തുവേണം!!!

ഭാവിയിൽ ഈ ഹാരപ്പക്കുതിരച്ചരിത്രം സ്കൂളിൽ പഠിപ്പിക്കുകയാണെങ്കിൽ, കുട്ടികളേ, ഈ ചരിത്രത്തിന് അങ്ങിനെയും ഇങ്ങിനെയും വാദഗതികളുണ്ടു കേട്ടോ, അതുകൊണ്ട് നിങ്ങൾ രണ്ടും പഠി എന്നു പറഞ്ഞ് രണ്ടു വാദങ്ങളും പഠിക്കാൻ കൊടുത്തിരുന്നെങ്കിലോ. പരീക്ഷ വരുമ്പോൾ ഹാരപ്പയെപ്പറ്റിയുള്ള രണ്ടു വാദങ്ങളും ഒരോ പുറത്തിൽ കവിയാതെ ഉപന്യസിച്ചിട്ട് (ഒരു പുറത്തിൽ കവിയാതെയുള്ള ഉപന്യാസത്തിന്റെ കാര്യം പറഞ്ഞപ്പോൾ തോമസ് പാലായുടെ പള്ളിക്കൂടം കഥകൾ ഓർമ്മ വരുന്നു..... നമുക്കെല്ലാം ഒരു പുറമുണ്ട്, പുറം ഒന്നിൽ കവിഞ്ഞാൽ ആകെ പ്രശ്നമാണ്.....രണ്ടു പുറമുള്ള ഒരാൾക്ക് പുറം ചൊറിയണമെന്നു തോന്നിയാലുള്ള പ്രശ്നങ്ങൾ അതിഭീകരമാണ്.........) നിങ്ങൾ നിങ്ങളുടെ അഭിപ്രായം അരപ്പുറത്തിൽ ഉപന്യസിക്കുക എന്നു പറഞ്ഞിരുന്നെങ്കിലോ? കുട്ടി കുട്ടിയുടേതായ അഭിപ്രാ‍യമൊക്കെ ഉണ്ടാക്കി എഴുതുമോ? അങ്ങിനെയാണെങ്കിൽ എങ്ങിനെ മാർക്കിടും? ചരിത്രത്തിനോ അതോ അത് കുട്ടി അവതരിപ്പിച്ച രീതിക്കോ, അതോ....

..............ആവൂ, ആർക്കറിയാം?

വിവരസാങ്കേതികവിദ്യയൊക്കെ വളർന്ന് വികസിച്ച് ഗൂഗിൾ ഉണ്ടായതുകൂടി വേണമെന്നുള്ളവർക്ക് കുറഞ്ഞപക്ഷം ഈ ചരിത്രങ്ങളിലൊക്കെ എന്തെങ്കിലും തർക്കങ്ങളുണ്ടോ എന്നു നോക്കാൻ സൌകര്യമായി. മാത്രമല്ല വലിയ വെയിറ്റൊക്കെ ഇട്ട് ചരിത്രം പറയുന്ന അണ്ണന്മാരുടെ യഥാർത്ഥ നിലപാടുകളെപ്പറ്റിയുള്ള ഒരേകദേശ ധാരണയും ഗൂഗിൾ വഴി ചിലപ്പോൾ കിട്ടും. പക്ഷേ സത്യം മാത്രം അന്വേഷിക്കാൻ നിൽക്കരുത്. കൺഫ്യൂഷനാകാൻ വേറൊരു കാര്യവും വേണ്ട.

ഏറ്റവും സങ്കടകരമായ വസ്തുത, ഈ ചരിത്രമെന്നു പറയുന്ന കാര്യം സത്യമാണെന്നുള്ളതാണ്. പക്ഷേ ആ സത്യം നടന്ന കാലത്തുമാത്രമേ അതിനെ യഥാർത്ഥ രീതിയിൽ ആൾക്കാർ അറിയുന്നുള്ളൂ എന്നാണ് തോന്നുന്നത്. കാലം ചെല്ലുന്തോറും ആ സത്യത്തിൽ വെള്ളം ചേർന്നുകൊണ്ടിരിക്കും. കുറെ കഴിയുമ്പോൾ അത് സത്യം തന്നെയാണോ എന്ന്‌ വർണ്ണ്യത്തിലാശങ്ക ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും ചില ചരിത്രകാരന്മാർ.

ഒന്നുകിൽ സത്യം പഠിപ്പിക്കുക, അല്ലെങ്കിൽ പഠിപ്പിക്കാതിരിക്കുക എന്നുള്ള സിമ്പിൾ ലോജിക്കിറക്കിയാൽ പഠിച്ച് ചരിത്രത്തിൽ പി.എച്ച്.ഡിയൊക്കെ എടുത്ത വലിയ വലിയ ആൾക്കാർ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വരും. ഏതായാലും ചരിത്രത്തിൽ ഗവേഷണം നടത്തുന്നവരെ ഞാൻ നമിക്കുന്നു. ഒന്നോ രണ്ടോ ചരിത്ര സത്യങ്ങൾ തേടി കസേരയിൽ ചാരിയിരുന്ന് വെറുതേ ഒരു ഗൂഗിൾ സേർച്ച് നടത്തിയ എന്റെ അവസ്ഥ ഇതാണെങ്കിൽ മൂന്നുനാലുകൊല്ലം ഈ സേർച്ച് തന്നെ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷകരേ, നിങ്ങൾക്ക് സ്തുതി. അവസാനം, അയാൾ കഥ എഴുതുകയാണിൽ ലാലേട്ടൻ പറഞ്ഞതുപോലെ “എഴുതി വെച്ചിരിക്കുന്നതൊക്കെ സത്യമാകണമെന്നുണ്ടോ............? ഉദാഹരണത്തിന് എന്റെ കഥാപാത്രങ്ങൾ, എല്ലാം വെറും ഭാവന, ഭാവന മാത്രം” എന്ന അവസ്ഥയാകും. ഗൂഗിൾ അഡിക്ടായ അണ്ണന്മാർക്കും ഈ ചൊല്ല് ബാധകമാണ്.

അതുകൊണ്ട് ഞാൻ മനസ്സിലാക്കിയ ചരിത്രസത്യങ്ങൾ.

1. ചരിത്രസത്യം അന്വേഷിച്ച് മിനക്കെടാതിരിക്കുക. നിഷ്‌പക്ഷനാകുക വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അതിന് ഈ വാദഗതികളെല്ലാം വളരെ കൂലംകക്ഷമായി പഠിച്ച് അപഗ്രഥിച്ച് പിന്നെ നമ്മുടേതായ ഒരു അഭിപ്രായമൊക്കെ രൂപപ്പെടുത്തിയെടുത്ത്.... അയ്യോ വലിയ പാട് (അപഗ്രധനമാണോ അപഗ്രഥനമാണോ വേറേ വല്ലതുമാണോ-ആവൂ, ആർക്കറിയാം).ആകപ്പാടെ ചെയ്യാവുന്നത് ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ കൂടെ കൂടുക. അവർ പറയുന്നത് മാത്രം കേൾക്കുക. മറ്റുള്ളവരെ പറ്റുകയാണെങ്കിൽ ഓടിക്കുക; അല്ലെങ്കിൽ ഓടുക.

2. ചരിത്രത്തിൽ ഗൂഗിളാന്വേഷണം നടത്താതിരിക്കുക. കൺഫ്യൂഷനാകും.

3 (a) . പല ചരിത്ര സത്യാന്വേഷണങ്ങളും അവസാനം ചെന്നെത്തിനിൽക്കുന്നത് ഒരുത്തരത്തിലാണ്....

..............ആവൂ.............. ആർക്കറിയാം?? (അതെ, ചോദ്യചിഹ്‌നത്തോടുകൂടിയ ഒരുത്തരം).

3 (b) . “വേറേ പണിയൊന്നുമില്ലേഡേ..... പോയിക്കിടന്നുറങ്ങഡേ..........”

“................... ഓ ശരി”

Wednesday, December 07, 2005

ആവ്വൂ......എനിക്കറിയില്ല

സിനിമാക്കഥകൾ ധാരളമുണ്ട്, ഗതകാലസ്മരണകളിൽ. എറണാകുളം നഗരത്തോടു ചേർന്നായിരുന്നു ഞങ്ങളുടെ യൂണിയനുകളെക്കൊണ്ട് വേഴ്സ്റ്റായ സിറ്റി (കടപ്പാട്, കുഞ്ഞുണ്ണി അദ്ദേഹത്തോട്) എങ്കിലും, ഞങ്ങളിൽ പലരും തനി നാട്ടിൻപുറത്തുകാരായിരുന്നു, സിനിമയുടെ കാര്യത്തിലെങ്കിലും. ഞങ്ങളുടെ ഹീറോമാർ മമ്മൂട്ടിയും മാമുക്കോയയും ലാലേട്ടനുമൊക്കെ മാത്രം. വിശ്വവിഖ്യാത ഫ്രഞ്ച് സംവിധായകൻ ഴ്യാഗ് ഴ്യാവോ ഹ്യൂഗിനെപ്പറ്റിയോ, ജപ്പാനിലെ അക്കിടിപറ്റിയോ കുറോച്ചിലായോയെപ്പറ്റിയോ ഇറ്റാലിയൻ സംവിധായകൻ ബ്രഡ്ഡിൽ ബട്ടറൂച്ചിയെപ്പറ്റിയോ ഒന്നും കേട്ടിട്ടും കൂടിയില്ല. ഹോളിവുഡ്, ഓസ്കാർ എന്നൊക്കെ പത്രത്തിൽ വായിച്ചിട്ടുണ്ടെങ്കിലും, അതൊന്നും ഞങ്ങളിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല. അതേ സമയം, ആനി ഷാജി കൈലാസിനെ കല്ല്യാണം കഴിച്ചപ്പോൾ ഞങ്ങളിൽ പലരും ഭക്ഷണം കഴിക്കാതെയായി. ദിലീപ് മഞ്‌ജു വാര്യരെ കെട്ടിയതെങ്ങിനെയാണെന്ന് അന്വേഷിച്ച് നടന്ന് പല ഇന്റേണൽ പരീക്ഷകളും ഞങ്ങൾ കുളമാക്കിയിട്ടുമുണ്ട്.

റിക്ഷാക്കാരൻ, മാമാക്കാരൻ, സൈക്കിൾക്കാരൻ, കൂലിക്കാരൻ, കാവൽക്കാരൻ, വേലക്കാരൻ, ലോറിക്കാരൻ, ഓട്ടോക്കാരൻ, പഠിച്ചവൻ, പഠിക്കാത്തവൻ, പഠിച്ചുകൊണ്ടിരിക്കുന്നവൻ, ഇനിയും പഠിക്കുന്നവൻ, വേണേൽ പഠിക്കുന്നവൻ, പഠിച്ചിട്ടും പഠിക്കാത്തവൻ, ക്ലാസ്സിൽ കയറാത്തവൻ, പടയപ്പ, ഇടിയപ്പ, വെടിയപ്പ, ഇരിയപ്പ തുടങ്ങിയ തമിഴ് ക്ലാസ്സിക്കുകളും, എല്ലാവിധ മലയാളം പടങ്ങളും, ദില്ല്വാലെ നില്ലനിയാ ഇപ്പക്കൊണ്ടുവരാം തുടങ്ങിയ അപൂർവ്വം രാഷ്ട്രഭാഷാ ചിത്രങ്ങളുമായിരുന്നു ഞങ്ങളുടെ എക്കാലത്തെയും ആവേശം. പക്ഷെ ഒരു കൊച്ചിക്കാരനുമാത്രം ഇംഗ്ലീഷ് സിനിമകളെപ്പറ്റി അല്പം പരിഞ്ജാനമൊക്കെ ഉണ്ടായിരുന്നു. ഹോളിവുഡ് സിനിമകളുടെ ടെക്നിക്കുകളെപ്പറ്റിയൊക്കെ അവൻ വളരെ കലാപരമായി പറയുന്നത് ഞങ്ങളെല്ലാവരും നാക്കും കടിച്ച് കേട്ടിരുന്നിട്ടുണ്ട്.

ഇങ്ങിനെയിരിക്കെ ഒരു ദിവസം അത്യുജ്ജ്വലമായ ഒരു ഇംഗ്ലീഷ് സിനിമ ഷേണായീസിൽ വന്നു. ടെർമിനേറ്റർ. അതിന്റെ ടെക്നിക്കുകൾ വിവരിക്കുകയായി, നമ്മുടെ കൊച്ചിക്കാരന്റെ പിന്നീടുള്ള ജോലി. അവൻ പറഞ്ഞതെല്ലാം തന്നെ ഞങ്ങൾക്ക് മനസ്സിലായെങ്കിലും അതിലെ നായകന്റെ പേരുമാത്രം ഒരു കാരണവശാലും നാക്കിനു വഴങ്ങുന്നില്ലായിരുന്നു. അവസാനം ഞങ്ങൾ അദ്ദേഹത്തെ ശിവശങ്കരൻ എന്നു വിളിച്ചു. ആർനോൾഡ് ശിവശങ്കരൻ.

ഒരു ദിവസം ഞങ്ങളെല്ലാവരും കൂടി ശിവശങ്കരന്റെ സിനിമ കാണാൻ ഷേണായീസിൽ പോയി. കൊച്ചിക്കാരന്റെ മുറിയൻ മാത്രം വന്നില്ല. സിനിമ തുടങ്ങിയപ്പോൾ മുതൽ കൊച്ചിക്കാരൻ ആവേശംകൊണ്ടു. “എന്റമ്മോ എന്തൊരു ടെക്നിക്ക്, അച്ഛോ, അമ്മോ, ശ്ശോ” തുടങ്ങിയ ശബ്ദങ്ങളിലുള്ള ആവേശപ്രകടനങ്ങൾ ഇങ്ങിനെ നിർബാധം തുടർന്നുകൊണ്ടിരിക്കുകയാണ്. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് എന്താണ് ആ സിനിമയിൽ സംഭവിക്കുന്നതെന്ന്‌ കാര്യമായൊന്നും പിടികിട്ടിയില്ല. സിനിമ കഴിയുമ്പോൾ കൊച്ചിക്കാരനോടുതന്നെ ചോദിച്ചു മനസ്സിലാക്കാമെന്നു വിചാരിച്ചു. തിരിച്ചു ഹോസ്റ്റലിലേയ്ക്കു പോകുന്ന വഴി മുഴുവൻ ഞങ്ങൾ “ശ്ശോ, എന്റമ്മോ, എന്റച്ഛോ” മുതലായ ശബ്ദങ്ങളാൽ അനുഗമമായ വിവരണങ്ങൾ അവനിൽനിന്നും കേട്ടുകൊണ്ടിരുന്നു.

ഹോസ്റ്റലിലെത്തിയതിനുശേഷം സ്വന്തം മുറിയനോടും, കൊച്ചിക്കാരൻ തന്റെ ആവേശോജ്ജ്വലമായ വിവരണങ്ങൾ തുടർന്നു. ആ സിനിമയിലെ ടെക്നിക്കുകളെപ്പറ്റിയും, സംവിധാനത്തെപറ്റിയും മറ്റുമുള്ള വിവരണം കേട്ട് കൊച്ചിക്കാരനെക്കാളും ആവേശം കൊണ്ട് മുറിയൻ ചോദിച്ചു:

“കഥയെന്താടാ?”

എന്റമ്മോ, അച്ഛോ, ശ്ശോ തുടങ്ങിയ ശീൽക്കാരങ്ങളാൽ സിനിമയുടെ ടെക്നിക്ക് വിവരിക്കുകയായിരുന്ന കൊച്ചിക്കാരൻ ഇടയ്ക്കെപ്പോഴോ പറഞ്ഞു..

“……ആവ്വൂ എനിക്കറിയില്ല “

Thursday, December 01, 2005

ചതുരമത്തൻ

ദേ കണ്ടോ..നല്ല ചതുരത്തിലിരിക്കുന്ന തണ്ണിമത്തൻ


ഫോട്ടോയ്ക്ക് കടപ്പാട്: ജപ്പാന്‍ ടുഡെ ഓണ്‍ലൈന്‍ പത്രം (ലിങ്ക് ഇവിടെ)

സാധാരണ മത്തന് നൂറു രൂപാ (ഇവിടുത്തെ കണക്കിന്) കൊടുക്കുമ്പോൾ ചതുരമത്തന് വെറും നാലായിരം രൂപാ മാത്രം.

എല്ലാ കൊല്ലവും ഇവൻ വരും.

പത്രധർമ്മം, ദേ പിന്നെയും

ദീപികപ്പത്രത്തിന്റെ സെൻസേഷന് വിശ്വത്തിന്റെയും, ഇബ്രുവിന്റെയും ഏവൂരാന്റെയും കമന്റുകൾ വായിച്ച്, ഏവൂരാന്റെ കമന്റിലുള്ള ലിങ്കിൽ ക്ലിക്കി ഏവൂരാന്റെ കടംകഥയാകുന്ന വാർത്തകൾ വായിച്ചിട്ട് ഇന്നത്തെ മംഗളം പത്രം വായിച്ചപ്പോൾ ദേ കിടക്കുന്നു, പിന്നെയും പത്രധർമ്മം. മലയാളം പത്രക്കാരുടെ ധർമ്മത്തെപ്പറ്റി ബ്ലോഗാൻ തുടങ്ങിയാൽ പിന്നെ ബ്ലോഗെഴുതാൻ ടോപ്പിക്കില്ല എന്നൊരു പ്രശ്നം ഉണ്ടാവില്ല. എങ്കിലും........

“പണമുണ്ടാക്കാത്തവർ ഇനി മത്സരിക്കട്ടെ” അതാണ് തലക്കെട്ട്.

ഇന്നലത്തെ കഥാപാത്രം, ശ്രീ വക്കം പുരുഷോത്തമൻ തന്നെ ഇവിടെയും ഉദാഹരണം. അദ്ദേഹം ഇനി മത്സരിക്കാനില്ല എന്നു പ്രഖ്യാപിച്ചതുപോലെ, നാട്ടിലെ പല പ്രമാണിമാരും പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു എന്നാണ് മംഗളം പറയുന്നത്. വളരെ നല്ല കാര്യം. കാര്യമായ ആസ്തിയൊന്നുമില്ലാതെ പൊതുജനസേവനത്തിന് വർഷങ്ങൾക്കുമുമ്പിറങ്ങിയ രാഷ്ട്രീയക്കാരിൽ പലരും ഇന്ന് ആ അവസ്ഥയിലല്ലത്രേ. വളരെ ശരി.

പിന്നെ മംഗളം ഉദാഹരണങ്ങൾ തുടങ്ങുകയായി. ഏവൂരാൻ പറഞ്ഞതുപോലെ, വ്യംഗ്യസാഹിത്യത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള മനോഹര വിവരണങ്ങൾ. എന്തോ, ഈ കലയിൽ അത്ര നൈപുണ്യം നേടാത്തതുകൊണ്ടാണെന്നു തോന്നുന്നു, ചിലപ്പോഴൊക്കെ ആൾക്കാരുടെ ഐഡൻ‌റ്റിറ്റിയും പുറത്തായിട്ടുണ്ട്.

ആദ്യ വിവരണം അടുത്തയിടെ മാതൃസംഘടന വിട്ട പ്രമുഖനായ നേതാവിനെയും മകനെയും പറ്റി. പേരൊഴിച്ച് ബാക്കിയെല്ലാ വിവരണവുമുണ്ട്. പക്ഷെ, എഴുതിവന്നപ്പോൾ കണ്ട്രോളു പോയി. അടുത്ത ഖണ്ഡികയിൽ പേരും പറഞ്ഞു-തൊട്ടു മുൻപിലത്തെ ഖണ്ഡികയോടനുബന്‌ധിച്ചല്ലെങ്കിലും.

പിന്നത്തെ വിവരണങ്ങൾ ബഹുരസമാണ്. കപ്പടാമീശക്കരനായ മുൻ‌മന്ത്രി, വെളുത്തുരുണ്ട് തടിച്ച മന്ത്രി, എറണാകുളം അച്ചായൻ, അദ്ദേഹത്തിനൊപ്പം പാറപോലെനിന്ന നേതാവ്, വടക്കൻ ദേശക്കാരനായ ഇപ്പോഴത്തെ മന്ത്രി, കേരളത്തിന്റെ തെക്കേ അറ്റത്ത് മീശപിരിച്ച് ദാദായായി നിൽക്കുന്ന നേതാവ്, മദ്യമാഫിയാകളുമായി ബന്ധമുള്ള വടക്കൻ സഖാവ്, മാസപ്പടിയുടെ പേരിൽ പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ട മുൻ എം.എൽ.എ, പട്ടാള ട്രക്കിന്റെ വളയം തിരിച്ചിരുന്ന നേതാവ്, പതിവായി വൻ‌കിട തൊഴിൽശാലകളിലെ തൊഴിൽതർക്കം തീർക്കുന്ന നേതാവ്, ബാറ്റൺ മകനു കൈമാറിയ മന്ത്രി...................

നമ്മുടെ നാട്ടിലെ സകല നേതാക്കന്മാരുടെയും, രാഷ്ട്രീയ പശ്ചാത്തലവും, കുടുംബപശ്ചാത്തലവും, അതും പോരാഞ്ഞിട്ട് അവരുടെ ശരീരശാസ്ത്രവും കാണാപ്പാഠം പഠിച്ചാൽ പോലും, ഇതുപോലത്തെ വിവരണങ്ങളിൽ പറഞ്ഞിരിക്കുന്ന മുഴുവൻ ആൾക്കരേയും പാവം സാധാരണക്കാരനായ വായനക്കാരന് മനസ്സിലാവുകയില്ല. ഒരു ക്വിസ്സ് മത്സരം നടത്തിയാൽ മുഴുവൻ മാർക്കും ലേഖകന്. ആരാണപ്പാ ഈ പട്ടാള ട്രക്കിന്റെ വളയം പിടിച്ചിരുന്ന നേതാവും കപ്പടാമീശക്കാരനായ മന്ത്രിയുമൊക്കെ!

എന്തൊക്കെ പറഞ്ഞാലും, മറ്റു പത്രഭീമന്മാരെ അപേക്ഷിച്ച് സമീപകാലത്ത് ഇത്രയെങ്കിലും തുറന്നെഴുതുന്ന പത്രം മംഗളമാണെന്നു തോന്നുന്നു.... അധികമാരും വായിക്കില്ല എന്നുറപ്പുള്ളതുകൊണ്ടായിരിക്കുമോ? പക്ഷേ, ഇതുപോലുള്ള “തുറന്ന”വിവരണങ്ങളാണോ, ശരിക്കുള്ള തുറന്ന വിവരണങ്ങളാണോ, അതോ ഒന്നും വിവരിക്കാതിരിക്കലാണോ ശരിയായ പത്രധർമ്മം എന്നു ചോദിച്ചാൽ.....................ആവൂ, ആർക്കറിയാം.

വലിയ വീമ്പിളക്കുന്ന വക്കാരീ............നിന്റെ സ്വന്തം പേരുവെച്ചു തന്നെയാണല്ലോ അല്ലേ നീ ഈ ഡയലോഗൊക്കെ അടിക്കുന്നത് എന്നാരെങ്കിലും ചോദിച്ചാൽ..............നെഞ്ചിൽ കൈ വെച്ച് ഉറച്ച ശബ്ദത്തിൽ ഞാൻ പറയും..........

............അല്ലേ അല്ല.