Friday, November 25, 2005

കുമാരസംഭവം.

ഗതകാലസ്മരണകൾ അയവിറക്കി വേറേ പണിയൊന്നുമില്ലാതെ ഇവിടിങ്ങിനെ ഇരിക്കുമ്പോൾ, ചില സമയമെങ്കിലും പ്രിയസുഹൃത്ത് കുമാരനെപ്പറ്റി ഓർക്കാതിരിക്കാൻ വയ്യ…

കുമാരൻ…….നേരത്തെ പറഞ്ഞതുപോലെ ക്ലാസ്സിൽ രണ്ടു കുമാഴ്സ് ഉണ്ടായതുകാരണവും, ഇനിഷ്യൽ “എൻ” ആയതുകാരണവും, കുമാരനെന്നു വിളിപ്പേരു വീണവൻ. സ്നേഹാധിക്യം കൊണ്ട് ചില പശുസ്നേഹികൾ അവനെ കൌമാരനെന്നും വിളിച്ചു.

ഇദ്ദേഹം അപരിചിതരെ പരിചയപ്പെടുന്നത് ഒരു പ്രത്യേക പാറ്റേണിലാണ്.

“പേരെന്താ………..?” (അപരിചിതൻ)

“ന്റെ പേര് കുമാറെന്നാ”

“വീട്……………….?”

“വീടങ്ങ്‌ട് തൃശ്ശൂരാ”

“ഓഹോ….തൃശ്ശൂരാണോ?............തൃശ്ശൂരെവിടെയാ?”

“പ്രോപ്പർ തൃശ്ശൂരല്ല്യാ………കുറച്ചങ്ങ്ട് മാറിയാ……”

“കുറച്ചു മാറിയെന്നു പറഞ്ഞാൽ………..??”

“ചാലക്കുടീന്നു പറയും”

“ഓ ചാലക്കുടീലാണോ…………ചാലക്കുടീലെവിടായിട്ടു വരും?”

“പ്രോപ്പർ ചാലക്കുടീല്ല്യാ………… കുറച്ചങ്ങ്‌ട് മാറിയാ……”

“കുറച്ചു മാറീന്നു പറഞ്ഞാൽ………..??”

“ആളൂർന്നു പറയും”

“ങാഹാ…….....എങ്കിൽ പിന്നെ അതങ്ങ്ട് ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ?……..ഞാനും ആളൂക്കാരനാ” (അപരിചിതൻ).

കുമാരൻ...............ആളൂരിന്റെ പ്രശസ്തിയൊന്നും തലക്കു പിടിക്കാത്ത ഒരു തൃശ്ശൂർക്കാരൻ. മധ്യതിരുവിതാംകൂർ മലയാളം മാത്രം കേട്ട്, അതാണ് ഉത്തമ മലയാളമെന്നൊക്കെ വിചാരിച്ച് അഹങ്കരിച്ചിരുന്ന എനിക്കൊക്കെ വളരെ രസകരമായിരുന്നു, അദ്ദേഹത്തിന്റെ തൃശ്ശൂർ ഭാഷ.

കോഴ്സിന്റെ ആപ്ലിക്കേഷൻ ഫോം വാങ്ങാൻ വന്നപ്പോൾത്തന്നെ കുമാരനെക്കണ്ട് സീനിയേഴ്സ് ചുറ്റും കൂടി.ഫിസിക്സ് ബിരുദധാരിയായ അദ്ദേഹത്തെ അസറ്റിക് ആസിഡ് ഉണ്ടാവുന്നതെങ്ങിനെയാണെന്നും, ഫ്യുരിഡാനിന്റെ അകത്തെ കെമിക്കൽ എന്താണെന്നും, പൊട്ടാസ്യം ക്ലോറൈഡിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർത്തിട്ട് അതുരണ്ടും കൂടി നൈട്രിക് ആസിഡിൽ ഒഴിച്ചിട്ട് ഇതെല്ലാം കൂടി സൾഫ്യൂരിക് ആസിഡിലോട്ടു കമത്തിയാൽ എന്തു സംഭവിക്കുമെന്നും മറ്റും ചോദിച്ച് വട്ടം കറക്കിയപ്പോൾ പുള്ളി ഒരു ഡിക്ലറേഷൻ നടത്തി.

“മൈ കെമിസ്ട്രി ഈസ് ഇൻ കോൾഡ് സ്റ്റോറേജ് “

അവരപ്പോഴേ അവനെ നോട്ടമിട്ടിരുന്നു. ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞുള്ള പതിവു ജൂനിയർ-സീനിയർ കലാപരിപാടിയുടെ സമയത്ത് കുമാരന്റെ കോൾഡ് സ്ടോറേജിന്റെ തണുപ്പൊക്കെ കം‌പ്ലീറ്റ് മാറ്റി അവർ അതിനെ ചൂടു ദോശയും ഹോട്ട് ആം‌പ്ലേറ്റും വിൽക്കുന്ന തട്ടുകടയാക്കി മാറ്റി. ഒരു പ്രേമഗാനം പാടാൻ പറഞ്ഞപ്പോൾ കുമാരൻ പാടി...

“രാമ രാമ രാമ രാമ രാമ രാമ പാഹിമാ
രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാ ”

ഓർമ്മവെക്കുന്നതിനും വളരെ വളരെക്കൊല്ലങ്ങൾക്കുമുമ്പെങ്ങോ ഉത്തരേന്ത്യയുടെയും ബാംഗ്ലൂരിന്റെയുമൊക്കെ ഏഴയൽ‌വക്കത്തുകൂടിയെങ്ങോ പോയിട്ടുണ്ട് എന്നും അവകാശപ്പെട്ട് കുമാരൻ ഇടയ്ക്കിടെ ഹിന്ദിയിൽ ബോൽത്തും. പക്ഷേ, ഹിന്ദി ഡിപ്പർട്ട്മെന്റിന്റെ മുമ്പിലെത്തുമ്പോഴും, ഹിന്ദി എമ്മേക്കാരേ കാണുമ്പോഴും കുമാരൻ ശുദ്ധമായ തൃശ്ശൂർ ഭാഷയിൽ മാത്രമേ സംസാരിക്കൂ. ഒരു അഖിലേന്ത്യാ വിജ്‌ഞാനസഞ്ചാര പരിപാടിക്കിടെ ഹിന്ദി ഭാഷ മാത്രം സംസാരിക്കുന്ന ഡൽഹി, യുപി, മുംബൈ തുടങ്ങിയ പ്രദേശങ്ങളിൽ‌വെച്ച് അദ്ദേഹത്തിന്റെ ഹിന്ദി എക്സ്പോസ്‌ഡ് ആയി എന്നൊരു അപവാദവും നിലനിൽ‌ക്കുന്നുണ്ട് (അഖിലേന്ത്യാ വിജ്‌ഞാനസഞ്ചാര പരിപാടി-ക്ലാസ്സിൽ പഠിച്ചതൊക്കെ നേരിൽ കണ്ടാസ്വദിക്കുന്നതിനുവേണ്ടി വ്യാവസായികനഗരങ്ങളിലെ വ്യവസായശാലകളൊക്കെ സന്ദർശിച്ച് വിജ്‌ഞാനം വർദ്ധിപ്പിക്കുന്ന പരിപാടി. സന്ദർശിച്ച വ്യവസായ ശാലകൾ: ഡൽഹി-താജ്‌മഹൾ, കുത്തബ്‌മിനാർ, ചുവപ്പുകോട്ട; ബോംബെ-ഇന്ത്യാ ഗേറ്റ്, ഖാഢ്‌ഹോപ്പറിലെ പൊട്ടിപ്പൊളിഞ്ഞ ഒരു തീയറ്ററിൽ സുനിൽ ഷെട്ടി സെന്റിയടിച്ചഭിനയിക്കുന്ന ഒരു അറുബോറൻ പടം; മദ്രാസ്-മെറീനാ ബീച്ച്, കുറെ പശുക്കൾ, കാള, പോത്ത്, പിന്നെ ഒരു സ്റ്റൈലൻ തമിഴ് പടവും).

അഖിലേന്ത്യാ വിജ്‌ഞാനസഞ്ചാര പരിപാടിക്കിടെ , വിജ്‌ഞാനവർദ്ധനപരിപാടികളിൽ നിന്നും, വിമുക്തി നേടുന്ന ഇടവേളകളൊന്നിൽ നടത്തിയ ഷോപ്പിംഗിനിടയിൽ, ഏതോ ഒരു സാധനത്തിന് കടക്കാരൻ ഒരു ഇരുപതു രൂപാ ലാഭം കിട്ടട്ടെ എന്നു വിചാരിച്ച് “പച്ചീസ്” എന്നു പറഞ്ഞപ്പോൾ, വളരെയധികം ആവേശത്തോടെ, നിങ്ങൾ എന്റെ ചുറ്റും നിൽക്കുന്നവന്മാർക്ക് ഹിന്ദി അറിയില്ലാ എന്നോർത്ത് പറ്റിക്കാമെന്നു വിചാരിക്കുന്നതുപോലെ എന്നെ പറ്റിക്കാമെന്നു വിചാരിക്കേണ്ടാ എന്ന സ്റ്റൈലിൽ “പച്ചാസ്” എന്ന് ഉറപ്പിച്ചു പറയുകയും, ഞെട്ടിത്തരിച്ച കടക്കാരൻ ഒന്നും മിണ്ടാതെ പച്ചാസിന് കച്ചവടം ഉറപ്പിക്കുകയും തദ്വാരാ കോരിത്തരിക്കുകയും ചെയ്തു എന്നുള്ളത് കുമാരനെപ്പറ്റിയുള്ള ഒരു കഥ.

യൂത്ത് ഹോസ്റ്റലിൽ കണക്കെടുത്ത വാർഡൻ “നാരായൺ കുട്ടി കിധർ ഗയാ” എന്നലറിയപ്പോൾ, നാരായണൻ കുട്ടി എങ്ങോ പോയി എന്നതിന്റെ കറക്ട് ഹിന്ദി ആ നിമിഷം കിട്ടാതെ വന്നതുകാരണം “നാരായൺ കുട്ടി കിധറോം ഗയാ” എന്നു പറഞ്ഞു എന്നുള്ളത് കുമാരനെപ്പറ്റിയുള്ള വേറൊരു കഥ.

(ഒരു ബ്ലോഗൻ വീരഗാഥയിൽ മമ്മൂട്ടി ചോദിച്ചതുപോലെ ഇനിയെന്തൊക്കെയാണ് വക്കാരീ നെറ്റിൽ ബ്ലോഗന്മാർ എന്നെക്കുറിച്ച് ബ്ലോഗി നടക്കുന്നതെന്ന് ഗദ്ഗദകണ്ഠനായി ചോദിച്ചാൽ ഇത്രയൊക്കെപ്പോരേ എന്നെങ്ങാനുമുള്ള എന്റെ മറുപടി കേട്ടാൽ അവനുണ്ടാകുന്ന വികാരം ഓർത്തും, ഈ കഥകളൊക്കെ അൺ‌വേരിഫൈഡ് ആയതുകാരണവും ഞാൻ ഊരുന്നു. കൌമാരോ, തൽക്കാലം ക്ഷമി).

പക്ഷേ, ഒരു ദിവസം, എന്റെ റൂമിൽ വന്ന്, “അരേ തുമ്‌ഹാരേ പാസ് എഞ്ചിനീയറിംഗ് മെക്കാനിക്സ് കാ കിതാബ് ഹെ ക്യാ” എന്നു ചോദിച്ചപ്പോൾ ഞാൻ “ഹാം ജി” എന്നു പറഞ്ഞ് പുസ്തകം കൊടുക്കുകയും, റൂമിനു വെളിയിലേക്കിറങ്ങേണ്ട നിമിഷം അവന്റെ പുറകു നോക്കി ആഞ്ഞൊരു തൊഴി കൊടുക്കുകയും ചെയ്തപ്പോൾ അവന്റെ വായിൽനിന്നും ആദ്യം വന്നത് ‘ഹെന്റമ്മോ” എന്നായിരുന്നു. അപകടം ഉടനടി മനസ്സില്ലാക്കിയ കുമാരൻ ഹം ആപ്‌കെ ഹെ കോൻ സിനിമയിൽ സൽമാൻ‌ഖാന്റെ ഏറു പുറകിനുകൊണ്ട മാധുരി ദീക്ഷിത് സ്റ്റൈലിൽ തിരിഞ്ഞുനിന്ന് പാടി.....

“ദീദീ തേരാ ജേവർ ദിവാനാ..................”

കോഴ്സ് കഴിഞ്ഞ് ജ്വാലികളൊക്കെ കിട്ടിയപ്പോഴും കുമാരൻ ഞങ്ങളുടെ കൂടെയുണ്ട്. വീട്ടിൽനിന്നും പോയിവരാമെന്നുള്ള സൌകര്യം കാരണം ഒരു അന്തേവാസിയുടെ റോൾ ഏറ്റെടുത്തില്ലെങ്കിലും ഫസ്റ്റ് ഷിഫ്റ്റുള്ള ദിവസങ്ങളിൽ തലേദിവസം രാത്രിയിൽതന്നെ ഞങ്ങളുടെ ആശുപത്രി കൺ‌വേർട്ടഡ് വാടകവീട്ടിൽ അദ്ദേഹം ഹാജർ വെക്കുമായിരുന്നു. മൂന്നുകൊല്ലത്തെ എറണാകുളം വാസത്തിനിടെ ആളൂരിന്റെ ഭൂലോകപ്രശസ്തിയെപ്പറ്റിയുള്ള ഒരുമാതിരി ധാരണയൊക്കെ കിട്ടിയതുകാരണം സ്വല്പം വെയിറ്റൊക്കെ ഇട്ടായിരുന്നു ഇഷ്ടന്റെ നടപ്പ്. പക്ഷേ രാവിലെ ആറുമണിക്ക് കമ്പനിയിലെത്തിക്കുന്ന വണ്ടികളൊന്നും കുമാരന്റെ നാട്ടിൽ അപ്പോളുമില്ലായിരുന്നു.

എന്റെ ഇരുന്നുറ്റമ്പതു രൂപാ വിലയുള്ള ടൈറ്റാന്റെ ടൈംപീസിൽ ഒരു ദിവസം പണിത പണി കണ്ടപ്പോളാണ് കുമാരന്റെ എഞ്ചിനീയറിംഗ് വൈദഗ്‌ധ്യം ഞാൻ നല്ലവണ്ണം മനസ്സിലാക്കിയത്. അടുത്ത ദിവസം രാവിലത്തെ ഷിഫ്റ്റിൽ പോകാൻ വേണ്ടി തലേദിവസം രാത്രിതന്നെ അദ്ദേഹം വീട്ടിൽ ഹാജർ വെച്ചു. വീട്ടിൽ വേറേ ആരുമില്ല. രാവിലെ അഞ്ചുമണിയിലേക്കായി അലാം വെക്കണം. ടൈം‌പീസിൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അലാം ഓണാക്കുന്ന സ്വിച്ചല്ലാതെ സമയം അഡ്ജസ്റ്റ് ചെയ്യുന്ന സൂചി പുള്ളിക്ക് കാണാൻ പറ്റിയില്ല. എന്തു ചെയ്യും? കുമാരന്റെ ഭാവന വിടർന്നു. വളരെ ശൃദ്ധാപൂർവ്വം അദ്ദേഹം ടൈം‌പീസിന്റെ മുൻപിലത്തെ ഗ്ലാസ്സ് ഇളക്കിമാറ്റി. എന്നിട്ട് കൈകൊണ്ട് സൂചി തിരിച്ച് അഞ്ചുമണിക്കുനേരേ വെച്ചു. പിന്നെ അതിലും ശൃദ്ധാപൂർവ്വം ആ ഗ്ലാസ്സ് പൂർവ്വസ്ഥാനത്ത് പ്രതിഷ്ഠിച്ചു.

ഒരു ഈമെയിൽ അയച്ചിട്ട് ഒരാഴ്ച കഴിഞ്ഞ് ഫോൺ വിളിച്ചു് മെയിൽ കിട്ടിയായിരുന്നോ എന്നു ചോദിച്ചാൽ‌പോലും റിപ്ലൈ മെയിൽ അയക്കാത്തവനായതുകാരണം ഇന്റർനെറ്റ്, ബ്ലോഗുവായന തുടങ്ങിയ ദു:ശ്ശീലങ്ങൾ ടിയാനില്ലെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഞാൻ ഈ കാച്ചൊക്കെ കാച്ചുന്നത്. കൌമാരാ..... നീ ഇതെങ്ങാനും വായിക്കാനിടയായാൽ...........

“ഞാനാരാണെന്ന് നിനക്കറിയാൻ‌മേലെങ്കിൽ നീ എന്നോടു ചോദിക്ക് ഞാൻ ആരാണെന്ന് ..................

................ഞാൻ പറയൂല്ല”

9 Comments:

  1. At Sat Nov 26, 11:27:00 AM 2005, Blogger വര്‍ണ്ണമേഘങ്ങള്‍ said...

    കൊള്ളാം..!
    ശൈലി കിടിലൻ..!
    വക്കാരി സംഭവം...!
    വക്കാരി ഒരു 'സംഭവം' ആണെന്നല്ല..കുമാരനെ വക്കാരി ഒരു
    'സംഭവം' ആക്കിയ ആ 'സംഭവം' ഇല്ലേ അത്‌ ഒരു 'സംഭവം'തെന്നെ!

    വല്ലതും സംഭവിച്ചോ..??

     
  2. At Sun Nov 27, 08:44:00 AM 2005, Blogger Visala Manaskan said...

    "പൊട്ടാസ്യം ക്ലോറൈഡിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർത്തിട്ട് അതുരണ്ടും കൂടി നൈട്രിക് ആസിഡിൽ ഒഴിച്ചിട്ട് ഇതെല്ലാം കൂടി സൾഫ്യൂരിക് ആസിഡിലോട്ടു കമത്തിയാൽ എന്തു സംഭവിക്കുമെന്നും"....

    “നാരായൺ കുട്ടി കിധറോം ഗയാ” ...

    എഴുതാൻ, എന്തെല്ലാമെല്ലാം കാര്യങ്ങളാണെന്നോ.. ല്ലേ?

    കമന്റ്‌ വക്കുന്നില്ലെന്ന് കരുതി വായിക്കുന്നില്ലെന്നും ചിരിക്കുന്നില്ലെന്നും തെറ്റിദ്ധരിക്കരുത്‌

     
  3. At Sun Nov 27, 06:15:00 PM 2005, Blogger myexperimentsandme said...

    വർണ്ണമേഘങ്ങളെ...നന്ദി. കുമാരൻ ശരിക്കും ഒരു സംഭവം ആകാൻ പോകുന്നത് അവൻ ഈ ബ്ലോഗ് വായിക്കുമ്പോഴാണ്.അവനിതൊന്നും വായിക്കില്ല എന്നുള്ള ഉറച്ച വിശ്വാസത്തിലല്ലേ ഈ കാച്ചൊക്കെ കാച്ചുന്നത്. അവനിതൊക്കെ വായിച്ചാൽ വല്ലതും സംഭവിക്കും..........എന്റെ ബ്ലോഗും പൂട്ടും.

    ഒരു പ്രശ്നവുമില്ല വിശാലമനസ്കാ...വേറേ പണിയൊന്നുമില്ലാതെ ഇങ്ങിനെ ഇരിക്കുമ്പോൾ പടച്ചുവിടുന്നതല്ലേ...താങ്കളുടെ യോഹന്നാൻ വായിച്ചു. നാളത്തെ ഓഫീസും കുളമാകുന്ന ലക്ഷണമാണ് :)

     
  4. At Tue Nov 29, 02:13:00 PM 2005, Blogger Kalesh Kumar said...

    പ്രിയ വക്കാരിമസ്റ്റാ,
    കുമാര സംഭവം അടിപൊളി!
    വിശ്രമ വേളകളെ ഉല്ലാസഭരിതമാക്കൂ.....

     
  5. At Tue Nov 29, 05:19:00 PM 2005, Blogger സു | Su said...

    വക്കാ‍രിമഷ്ടാ :) ഇതു വായിച്ച് ചിരിച്ച് ചിരിച്ച് എനിക്കെന്താ പറ്റിയതെന്ന് വക്കാരിമഷ്ടാ-ല്ല.

     
  6. At Tue Nov 29, 07:35:00 PM 2005, Blogger myexperimentsandme said...

    വളരെ നന്ദി കലേഷേ....അണ്ണാറക്കണ്ണനും തന്നാലായത് :))

    സു..ചിരിച്ചല്ലോ....ദോമോ അരിഗത്തോ ഗൊസായിമഷ്ടാ (വളരെ വളരെ നന്ദി- ദോണ്ടെ, അരികത്തേതോ ഗോസായി നിൽപ്പുണ്ടെന്നാ ഇതാദ്യം
    കേട്ടപ്പോൾ എനിക്കു തോന്നിയത്). “മനസ്സിലായില്ലാ” യുടെ ജാപ്പനീസ് പറഞ്ഞാൽ നാക്കുളുക്കും - “വക്കാരിമസേൻ‌ദെഷ്‌ടാ”

     
  7. At Sat May 13, 12:09:00 AM 2006, Blogger പാപ്പാന്‍‌/mahout said...

    (ഭേഷ്, വക്കാരീ, ബലേ ഭേഷ്. ഞാന്‍ വായിച്ചു വളര്‍ന്നു തുടങ്ങീട്ടേ ഉള്ളൂ. ഇനീം ഒരു പാടു പോസ്റ്റ് വായിക്കാന്‍ കിടക്കുന്നു)

     
  8. At Mon May 15, 10:09:00 AM 2006, Blogger myexperimentsandme said...

    ഹോ, ഇതിനിടയ്ക്ക് പാപ്പാന്‍ എന്നെ തപ്പി ഇവിടേം വന്നോ... ഈ പാപ്പാന്‍ ആളു മിടുക്കനാണല്ലോ. ആന എവിടെയൊക്കെയുണ്ടെന്ന് കൃത്യമായി അറിയാം.

    (ഉറവയൊക്കെ വറ്റി പഴയ പോസ്റ്റൊക്കെ നോക്കി നെടുവീര്‍പ്പിടുന്നതിനിടയ്ക്കാ ഇവിടേം വന്നത്. അപ്പം ദേ നിക്കണൂ, ഒരു നറുപുഞ്ചിരിയുമായി, തോട്ടിയൊക്കെ പിടിച്ച്, തോളത്തൊരു തോര്‍ത്തുമായി പാപ്പാന്‍. സന്തോഷായീ.. എന്നാ എന്നെ അങ്ങ് വിലങ്ങിക്കോ)

     
  9. At Tue May 16, 11:32:00 AM 2006, Blogger പാപ്പാന്‍‌/mahout said...

    [തോളത്തെ തോര്‍ത്തുമാത്രമല്ലാ അരയില്‍ കള്ളിമുണ്ടും ഉണ്ടേ. വക്കാരി detailed ആയിട്ടെഴുതീല്ല്ലാന്നേ ഉള്ളൂ]

     

Post a Comment

<< Home