Thursday, April 12, 2007

@#$%$#@&%*!!@# - പര്‍ദ്ദ 2

ഒന്നാം പര്‍ട്ട് ഇവിടെ

സംഗതി ഇപ്പോഴും ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് മറുപടിയായി രാജീവ് ഗാന്ധി സെന്റര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നതെന്ന് ശ്രീ അച്യുതാനന്ദന്‍ പറഞ്ഞെന്ന് ദീപിക പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ യു.ഡി.ഏഫ് സര്‍ക്കാരിന്റെ കാലത്ത് അവിടെ നടന്ന അഴിമതികളില്‍ നടപടികളെടുത്തതില്‍ അസ്വസ്ഥരായവരാണ് കേന്ദ്രം ഏറ്റെടുക്കുന്നതില്‍ വേഗത പോരെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നതെന്ന്.

അത് ശരിയാണെങ്കില്‍ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇനി കേന്ദ്രം ഏറ്റെടുത്ത് കഴിഞ്ഞാല്‍ അഴിമതിക്കാരെയൊക്കെ കേന്ദ്രത്തില്‍ ചെന്നേ പിടിക്കാന്‍ പറ്റൂ എന്നുള്ള സ്ഥിതിവിശേഷമുണ്ടാവും എന്നോര്‍ത്താണ് എത്രയും വേഗം കേന്ദ്രം ഏറ്റെടുക്കണം എന്ന് യു.ഡി.എഫ് മുറവിളി കൂട്ടുന്നതെങ്കില്‍ അത് അനുവദിച്ച് കൊടുത്തുകൂടാ. പക്ഷേ സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും അഴിമതി അഴിമതി തന്നെയല്ലേ. അതോ തങ്ങള്‍ കൂടി പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്മെന്റ് അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കില്ല എന്ന് ശ്രീ അച്യുതാനന്ദന് സംശയമുണ്ടോ. അഴിമതിക്കാര്‍ക്കെതിരെ വേണ്ട നടപടികള്‍ തുടങ്ങിവെച്ച് ഏറ്റെടുക്കാന്‍ പോകുമ്പോള്‍ ആ നടപടി ക്രമങ്ങള്‍ കേന്ദ്രത്തോട് പറഞ്ഞ് അവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ എടുക്കും എന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് വരുത്താമല്ലോ. അതോ ഇനി ഇതൊക്കെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ചെയ്താലേ ഒരു “ഇത്” വരികയുള്ളൂ എന്നതുകൊണ്ടാണോ? ആവൂ എനിക്കറിയില്ല. സംഗതി എന്തായാലും ആ പ്രസ്ഥാനം നല്ല രീതിയില്‍ നടക്കുകയും നല്ല നല്ല ഗവേഷണങ്ങള്‍ അവിടെ തടസ്സം കൂടാതെ നടക്കുകയും ചെയ്താല്‍ മതിയായിരുന്നു.

പക്ഷേ ഇന്നത്തെ ദീപിക വാര്‍ത്തയില്‍ രസം തോന്നിയ ഒരു കാര്യം കൂടിയുണ്ട്. ശ്രീ അച്യുതാനന്ദന്റെ മകളുടെ രാജീവ് ഗാന്ധി സെന്ററിലെ നിയമനവുമായി ബന്ധപ്പെട്ട്. അവരുടെ നിയമനവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് കൊടുത്തയാള്‍ക്ക് കോടതിയില്‍നിന്ന് തന്നെ മറുപടി ലഭിച്ചിട്ടുണ്ടെന്നാണ് ശ്രീ അച്യുതാനന്ദന്‍ പറഞ്ഞത്. ശ്രീമതി ആശാ തങ്കരാജ് നിയമിതയായി പത്തുകൊല്ലമായില്ലേ, നിങ്ങള്‍ ഇതേ വരെ എവിടെയായിരുന്നു എന്ന് കോടതി ചോദിച്ചു. അതിനുശേഷം കേസ് പിന്‍‌വലിക്കുന്നോ ഇല്ലയോ എന്ന് കോടതി ചോദിച്ചപ്പോള്‍ കേസ് കൊടുത്തയാള്‍ കേസും പിന്‍‌വലിച്ച് തടിതപ്പി എന്നാണ് ശ്രീ അച്യുതാനന്ദന്‍ പറഞ്ഞത്.

പക്ഷേ ചോദ്യം അപ്പോളും നിലനില്‍ക്കുന്നു. ശ്രീമതി ആശാ തങ്കരാജിന്റെ നിയമനത്തില്‍ അഴിമതിയുണ്ടോ? ഇനി അഴിമതിയുണ്ടെങ്കില്‍ തന്നെ പത്ത് കൊല്ലം കഴിഞ്ഞാല്‍ പിന്നെ അതിനെ കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ പാടില്ലേ?

പത്ത് കൊല്ലം കഴിഞ്ഞാണ് കേസ് കൊടുത്തതെന്ന സങ്കേതികത്വത്തില്‍ പിടിച്ച് ആ കാര്യത്തെപ്പറ്റി കേസ് കൊടുത്തയാള്‍ കേസ് പിന്‍‌വലിച്ചു എന്ന് പറയുമ്പോഴും മകളുടെ നിയമനക്കാര്യത്തില്‍ അഴിമതിയുണ്ടോ ഇല്ലയോ എന്ന് ശ്രീ അച്യുതാനന്ദന്‍ പറയുന്നില്ല. മുന്‍‌പെങ്ങോ ആരോ ഇക്കാര്യം ചോദിച്ചപ്പോള്‍ ശ്രീ അച്യുതാനന്ദന്റെ മറുപടി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അവരെ നിയമിച്ചത് എന്നാണ് (ശരിക്കോര്‍ക്കുന്നില്ല-ഓര്‍മ്മയില്‍ നിന്ന് എഴുതുന്നത്).

അവരുടെ നിയമനക്കാര്യത്തില്‍ യാതൊരു അഴിമതിയുമില്ലാതെയിരിക്കട്ടെ. എല്ലാം നേരാംവണ്ണം തന്നെയാവട്ടെ അവിടെ നടന്നത്. അത്തരം കാര്യങ്ങളൊന്നും ആ സെന്ററിന്റെ വളര്‍ച്ചയെ ബാധിക്കാതെയിരിക്കട്ടെ. മാത്രവുമല്ല നാടിന്റെ വികസനം പോലുള്ള കാര്യങ്ങളിലൊക്കെ വെറും രാഷ്ട്രീയലക്ഷ്യം വെച്ചുള്ള പ്രചാരണങ്ങളിലൊക്കെ എനിക്ക് ശക്തിയായ എതിര്‍പ്പുമുണ്ട്. അഴിമതിയുണ്ടെങ്കില്‍ നടപടിയെടുക്കണം. അല്ലാതെ അഴിമതികള്‍ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്നതിനോട് ഒട്ടുമേ യോജിപ്പില്ല-യു.എഡി.എഫാണെങ്കിലും എല്‍.ഡി.എഫാണെങ്കിലും ആരാണെങ്കിലും.

പിന്നെ ഇതെല്ലാം ദീപിക വാര്‍ത്തയാണെന്നതും ദീപികയ്ക്ക് ശ്രീ അച്യുതാനന്ദനോടുള്ള സ്നേഹവാത്സല്യങ്ങളെപ്പറ്റി മലയാളികളെ ഇനി പ്രത്യേകിച്ച് പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമില്ല എന്നതിനാലും നല്ലവണ്ണം ഉപ്പിട്ട് മാത്രമേ ഇത്തരം വാര്‍ത്തകളൊക്കെ വിശ്വസിക്കേണ്ടതുള്ളൂ.

പോരാത്തതിന് ഇത്തരം വാര്‍ത്തകളും നമ്മുടെ തന്നെ പത്രങ്ങളില്‍ വരുമ്പോള്‍‍.

ദീപികയില്‍


കടപ്പാട്- ദീപിക ഓണ്‍ലൈന്‍ എഡിഷന്‍, ഏപ്രില്‍ 12, 2007


മനോരമയില്‍.


കടപ്പാട്-മനോരമ ഓണ്‍ലൈന്‍ എഡിഷന്‍, ഏപ്രില്‍ 12, 2007


ദീപിക വായിച്ച് അടുത്ത ദിവസം ക്ലാസ്സില്‍ വരുന്നവന്‍ അടുത്തിരിക്കുന്നവനോട് “കണ്ടോ കണ്ടോ, ഡോ. വേണുഗോപാലിനെ എയിംസിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി” എന്ന് പറയുമ്പോള്‍ മനോരമ വായിച്ച് വന്ന അപ്പുറത്തിരിക്കുന്നവന്‍ “പോടാ ചുമ്മാ പുളുവടിക്കാതെ, ഡോ. വേണുഗോപാലിനെ അവിടുത്തെ കാര്‍ഡിയോ-തൊറാസിക് സര്‍ജറി വകുപ്പിന്റെ പ്രൊഫസര്‍-തലവന്‍ സ്ഥാനത്തൂന്നാ മാറ്റിയത്” എന്ന് പറഞ്ഞ് ബെറ്റ് വെച്ച് അടിയായി, ഇടിയായി...

വെറുതെ ഇങ്ങിനെയൊരു ഗൂഗിള്‍ സേര്‍ച്ചിന്റെ കാര്യമേ ഉള്ളൂ, ഇതിങ്ങിനെതന്നെയാണോ എന്നുറപ്പിക്കാന്‍. പക്ഷേ റിപ്പോര്‍ട്ടറെ വിശ്വസിക്കുക എന്ന കര്‍മ്മം ചെയ്യുമ്പോള്‍ പിന്നെ അതിനൊക്കെ എവിടെ നേരം. എന്നാല്‍ റിപ്പോര്‍ട്ടര്‍ക്ക് ഒരു ഗൂഗിള്‍ സേര്‍ച്ച് നടത്തി മറ്റ് പത്രങ്ങളൊക്കെ എന്ത് പറയുന്നു എന്നൊന്ന് നോക്കാന്‍ വയ്യേ. പക്ഷേ അങ്ങിനെ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യേണ്ട രീതിയില്‍ ചെയ്തിരുന്നെങ്കില്‍ നമ്മളൊക്കെ ആരായിപ്പോയേനേ. എന്തായാലും രണ്ട് പത്രവും വായിക്കാന്‍ പോയ വായനക്കാരനെ വേണം പറയാന്‍.

-------------------------------------------------------

കൊച്ചിന്‍ യൂണിവേഴ്സിറ്റി കേന്ദ്രസ്ഥാപനമാക്കാനുള്ള അവസാന അവസരമായി ഒന്നുകൂടി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ടെന്ന് മാതൃഭൂമി പറയുന്നു. അഞ്ഞൂറ്റിപതിനെട്ട് കോടിയോ മറ്റോ ആണ് കേന്ദ്രം ആദ്യം മുതല്‍‌മുടക്കാന്‍ പോകുന്നത്. പക്ഷേ സംഗതി പൂര്‍ണ്ണമായും കേന്ദ്രത്തിന് കീഴില്‍ വരും. യൂണിയന്റെ അധികാരങ്ങളുള്‍പ്പടെ പലതും നഷ്ടപ്പെടും. എന്താവുമോ എന്തോ (ഏറ്റെടുക്കുന്നത് കേന്ദ്രമാണേ, അമേരിക്കയോ ബ്രിട്ടനോ ഒന്നുമല്ല-ഇനി അവിടെ വരുമെന്ന് ഭയപ്പെടുന്നത് ബംഗാളികളും ബീഹാറികളുമൊക്കെയാണേ, അമേരിക്കക്കാരനോ ബ്രിട്ടീഷുകാരനോ ഒന്നുമല്ല). എന്തായാലും നടക്കട്ടെ. വികസനം വരുന്ന അവസാന നിമിഷം വരെയും ശ്വാസമടക്കി പിടിച്ച് വികസിച്ച് അതിന്റെ അവസാനം കണ്ടതിനു ശേഷം മാത്രം വികസിച്ചു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന സ്ഥിതിവിശേഷം നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ നാട്ടില്‍ മാത്രം.

Labels: , , ,

Monday, April 09, 2007

നാടും ഗവേഷണവും

നിഷാദിന്റെ ഈ പോസ്റ്റും അതിലെ കമന്റുകളും വായിച്ച് കഴിഞ്ഞപ്പോഴാണ് മനോരമ ഏപ്രില്‍ ഒന്നാം തീയതയിലെ ഞായറാഴ്‌ചപ്പതിപ്പില്‍ മള്‍ടി ഫ്യൂവല്‍ കമ്മത്ത് എന്ന ലേഖനം കണ്ടത്. നാട്ടിലെ ഗവേഷണങ്ങളെപ്പറ്റിയൊക്കെ ഒന്നോര്‍ത്തുപോയി.

ആ ലേഖനത്തില്‍ ദാസ് അജി കമ്മത്ത് എന്ന എഞ്ചിനീയറുടെ പുതിയ തരം എഞ്ചിന്‍ ഉണ്ടാക്കാനുള്ള ആശയത്തെപ്പറ്റിയും അത് അദ്ദേഹം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന രീതിയെപ്പറ്റിയുമാണ് പ്രതിപാദിച്ചിരിക്കുന്നത്. അദ്ദേഹം ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണെന്ന് തോന്നുന്നു (അക്കാര്യം വ്യക്തമായി ലേഖനത്തില്‍ കണ്ടില്ല). പല മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരേയും പോലെ അദ്ദേഹവും ഐ.സി എഞ്ചിനുകളെപ്പറ്റി പഠിച്ചു. പക്ഷേ പിന്നെ അദ്ദേഹം നമ്മള്‍ പലരെയും പോലെ എഞ്ചിനീയറിംഗ് ബിരുദം-ജോലി-സ്വസ്ഥം-ഗൃഹഭരണം ലൈനായില്ല. അതാണ് വ്യത്യാസവും.

പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ഒരു ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ കത്തി. ഐസി എഞ്ചിനെ എങ്ങിനെ ഏത് ഇന്ധനത്തിലും പ്രവര്‍ത്തിക്കുന്ന എഞ്ചിനാക്കി മാറ്റാം എന്ന ആശയം. ആ ആശയത്തിന് പ്രചോദനം മിക്കവാറും പെട്രോള്‍ പമ്പുകളായിരുന്നിരിക്കാം. അവിടെ ഡീസലിന് ഒരു പമ്പും പെട്രോളിന് വേറൊരു പമ്പും ഒക്കെ കണ്ടപ്പോള്‍ തോന്നിയ ചിന്തയായിരുന്നിരിക്കാം അദ്ദേഹത്തിന് പ്രചോദനമായത്-എന്തുകൊണ്ട് ഏത് തരം ഇന്ധനത്തിലും സുഖമായി ഓടുന്ന ഒരു എഞ്ചിന്‍ ഉണ്ടായിക്കൂടാ?

ഇതിന്റെ രസം എന്താണെന്ന് ചോദിച്ചാല്‍ നമ്മളില്‍ പലര്‍ക്കും ചിലപ്പോഴെങ്കിലും ഇതുപോലെയോ ഇതിലും അടിപൊളിയായതോ ഒക്കെയായ ചിന്തകള്‍ കത്തും-മിക്കവാറും ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശം മാത്രമേ അത്തരം ചിന്തകള്‍ക്ക് ആയുസ്സുണ്ടായിരിക്കുകയുള്ളൂ എന്ന് മാത്രം. പക്ഷേ ദാസ് അജി കമ്മത്തിന് അദ്ദേഹത്തിന് കത്തിയ ചിന്ത അസ്ഥിക്ക് തന്നെ പിടിച്ചു. നമുക്കും ഉണ്ട് ഈ അസ്ഥിക്ക് പിടുത്തം. ബ്ലോഗില്‍ പലപ്പോഴും കാണാമല്ലോ അതിന്റെ പ്രതിഫലനം. ചില ചര്‍ച്ചകളൊക്കെ തുടങ്ങിയാല്‍ നമ്മള്‍ എങ്ങിനെയെങ്കിലും അതിലൊക്കെ നുഴഞ്ഞ് കയറി എതിരഭിപ്രായക്കാരെയൊക്കെ അടിച്ചിരുത്തും. ലെവന്മാര്‍ ഇടുന്ന കമന്റുകള്‍ക്കൊക്കെ ഉടന്‍ തന്നെ മറുപടിയെഴുതി അണ്ടര്‍ഗ്രൌണ്ടില്‍ സമാനചിന്താഗതിക്കാരെയൊക്കെ സംഘടിപ്പിച്ച് തന്ത്രങ്ങള്‍ മിനഞ്ഞ് ഓരോ സെക്കന്റിലും മറുകമന്റുകള്‍ വരുന്നുണ്ടോ എന്നൊക്കെ നോക്കി അപ്പോള്‍ തന്നെ കുത്തിയിരുന്ന് മറുപടിയെഴുതി... അപ്പോള്‍ നമുക്കുമുണ്ട് ഈ അസ്ഥിക്ക് പിടുത്തം. ദാസ് അജി കമ്മത്തിനുമുണ്ട് അസ്ഥിക്ക് പിടുത്തം. ദാസ് അജി കമ്മത്ത് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നിയ ആശയം അദ്ദേഹത്തിന്റെ അസ്ഥിക്ക് പിടിപ്പിച്ച് അതിന്റെ പുറകെ തന്നെ നടന്ന്, കൂട്ടത്തില്‍ കിട്ടിയ ജോലിയും ചെയ്ത് ബാക്കി സമയങ്ങളില്‍ അദ്ദേഹത്തിന്റെ ആശയം പ്രാവര്‍ത്തികമാക്കാനുള്ള പരീക്ഷണങ്ങളൊക്കെ നടത്തി പേറ്റന്റുമെടുത്ത് ഇപ്പോള്‍ ടാറ്റായുമായി സഹകരിച്ച് തന്റെ ആശയത്തെ പ്രാവര്‍ത്തികമാക്കാനുള്ള അവസാനവട്ട മിനുക്കുപണികളില്‍ എത്തി നില്‍‌ക്കുമ്പോള്‍ നമ്മളില്‍ പലരും എതിരാളിയെ കമന്റടിച്ചും വിമര്‍ശിച്ചും പരിഹസിച്ചും അടിച്ചിരുത്തി അടുത്ത അവസരത്തിനായി കാത്തിരിക്കുന്നു. വ്യത്യാസം അത്രയേ ഉള്ളൂ.

എല്ലാവര്‍ക്കും ദാസ് അജി കമ്മത്ത് ആകാന്‍ സാധിക്കില്ല. പക്ഷേ ആര്‍ക്കുവേണമെങ്കിലും ആ രീതിയിലുമൊക്കെ ഒന്ന് ചിന്തിക്കുകയും ശ്രമിക്കുകയും ആകാമല്ലോ-ചര്‍ച്ചകളും വിമര്‍ശനങ്ങളുമൊക്കെ കഴിഞ്ഞുള്ള കുറച്ച് സമയമെങ്കിലും. പക്ഷേ അതുപോലും നമ്മളില്‍ എത്ര പേര്‍ ചെയ്യുന്നുണ്ട്? എന്തുകൊണ്ട് അങ്ങിനെയൊന്നും ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍ നമ്മള്‍ എത്ര മനോഹരമായി കാരണങ്ങള്‍ നിരത്തും-സര്‍ക്കാര്‍, സൌകര്യങ്ങള്‍, അസൌകര്യങ്ങള്‍, ഇല്ലായ്മ, പീഡനം, സംവരണം, വര്‍ഗ്ഗീയം, രാഷ്ട്രീയം... എന്ത് പ്രശ്‌നത്തിനും നമുക്ക് ഇഷ്ടം പോലെ കാരണങ്ങളുണ്ട്-പരിഹാരം മാത്രമില്ല.

എങ്ങിനെയെങ്കിലും ഒരു ബിരുദം സമ്പാദിച്ച് ഒരു ജോലി കിട്ടി കുടുംബം പോറ്റേണ്ട ധാരാളം ആള്‍ക്കാര്‍ ഉള്ള നാട്ടില്‍ എല്ലാവരും റോട്ടറി വേരിയബിള്‍ കമ്പ്രഷന്‍ റേഷ്യോയെപ്പറ്റിയും മറ്റും ചിന്തിച്ച് നടക്കണം എന്ന് പറയുന്നതില്‍ കാര്യമില്ല. അതുകൊണ്ട് തന്നെ എല്ലാവരും വേണ്ട-പക്ഷേ സ്വന്തമായി അദ്ധ്വാനിച്ച് കുടുംബം പോറ്റേണ്ടതായ സാഹചര്യം തല്‍ക്കാലമെങ്കിലും നിലവിലില്ലാത്തവരാ‍യ കുറച്ചെങ്കിലും ആള്‍ക്കാരും ഉണ്ടല്ലോ നമ്മുടെയിടയില്‍. സാമാന്യം തരക്കേടില്ലാത്ത നിലയില്‍ കഴിയുന്നവരുമുണ്ടല്ലോ നമ്മുടെയിടയില്‍. പക്ഷേ അവര്‍ പോലും സാധാരണ തിരഞ്ഞെടുക്കുന്ന പാത എന്താണ്?

ഇന്ത്യയിലെ കാര്‍ഷിക രംഗത്ത് ആധുനിക സാങ്കേതിക വിദ്യയും മറ്റും കൊണ്ടുവരാനായിട്ടാണ് ഐ.ഐ.റ്റിയില്‍ അഗ്രികള്‍ച്ചറിനു മാത്രമായിത്തന്നെ ബി.ടെക് തുടങ്ങിയത്. പക്ഷേ അവിടുന്ന് കാര്‍ഷികസാങ്കേതികവിദ്യയൊക്കെ അഭ്യസിച്ചിറങ്ങുന്നവരും ചെന്ന് ചേരുന്നത് ഏതെങ്കിലും ബഹുരാഷ്ട്ര ഐ.റ്റി കമ്പനിയില്‍. പഠിച്ചതെന്ത്? പ്രവര്‍ത്തിക്കുന്നതെന്ത്? അവിടെയും എല്ലാവരെയും നമ്മള്‍ കാര്‍ഷികസാങ്കേതികവിദ്യാരംഗത്തൊന്നും പ്രതീക്ഷിക്കേണ്ട-പക്ഷേ എത്രപേരുണ്ട് ആ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലക്ഷ്യം നിറവേറ്റുന്നവര്‍ (ശരിക്കും ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ല-ആ ഡിപ്പാര്‍ട്ട്‌മെന്റും അതില്‍ പഠിച്ചിറങ്ങുന്നവരും അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞതിന് മാപ്പ്).

ഒരു ഗവേഷകനൊന്നുമാകാന്‍ താത്‌പര്യമില്ലങ്കിലും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ തന്നെ ഒരു ജോലി വേണമെന്ന് ആഗ്രഹമുണ്ടായിരുന്ന എന്റെ ഒരു ബന്ധുവിന് കോഴ്സ് തീരുന്നതിന് ആറുമാസം മുന്‍പ് തന്നെ ഒരു പ്രമുഖ ഐ.റ്റി കമ്പനി ജോലി കൊടുത്തു. ഇനി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഒക്കെ പോകാന്‍ പറ.

സ്കോളര്‍ഷിപ്പോടുകൂടിയുള്ള ബി.ടെക് പഠനത്തിന്‍ ഷാനവാസിന് ആ സ്കോളര്‍ഷിപ്പ് കിട്ടാനുള്ള ഉപാധി ബി.ടെക് കഴിഞ്ഞ് എം.ടെകും ചെയ്യണമെന്നതായിരുന്നു. പക്ഷേ ഡിഗ്രി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗള്‍ഫില്‍ പോകാന്‍ വേണ്ടിയുള്ള മോഹത്തില്‍ ആ സ്കോളര്‍ഷിപ്പ് ഷാനവാസ് വേണ്ട എന്ന് വെച്ചു. “എടാ, ആ സ്കോളര്‍ഷിപ്പ് വേണ്ടെന്ന് വെച്ചത് മണ്ടത്തരമല്ലേ, നീ ഗള്‍ഫില്‍ പോയി പണിയൊന്നും കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും?” എന്ന് ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന വിദ്യാലാല്‍ ഷാനവാസിനോട് ചോദിച്ചപ്പോള്‍ ഒന്നാലോചിച്ചിട്ട് ഷാനവാസ് പറഞ്ഞു-“ഒരു പണിയും കിട്ടിയില്ലെങ്കില്‍ ഞാന്‍ ലാലേട്ടനെപ്പോലെ ഇവിടെ വന്ന് റിസേര്‍ച്ച് ചെയ്യും”

നമ്മുടെ നാട്ടില്‍ ഇപ്പോഴും ഗവേഷണം പലപ്പോഴും ബിരുദത്തിനും ജോലിക്കുമിടയ്ക്കുള്ള ഒരു ഗ്യാപ് ഫില്ലിംഗ് പരിപാടിയാണ് (എല്ലാവര്‍ക്കുമല്ല, ചിലര്‍ക്കെങ്കിലും). അതിന് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല-കാരണം പലര്‍ക്കും ഒരു ജോലി ആര്‍ഭാടത്തേക്കാളുപരി ആവശ്യവും അത്യാവശ്യവുമാണ്. പക്ഷേ ഒരു ന്യൂനപക്ഷമെങ്കിലുമുണ്ട്, ബിരുദം കഴിഞ്ഞാല്‍ ഉടന്‍ ഒരു ജോലി അത്യാവശ്യമില്ലാത്തവര്‍. അതിലും ഒരു ന്യൂനപക്ഷമുണ്ട്, നല്ല അറിവും ആശയങ്ങളും പഠിക്കുന്ന വിഷയത്തില്‍ പഠിക്കുമ്പോള്‍ തന്നെ ഉള്ളവര്‍. പക്ഷേ പലപ്പോഴും അവരും ഒഴുക്കിനനുസരിച്ച് തന്നെ നീന്തുന്നു-ഇപ്പോഴത്തെ സാഹചര്യത്തില്‍ നോക്കുകയാണെങ്കില്‍ കഴിയുമെങ്കില്‍ ഏതെങ്കിലും ബഹുരാഷ്ട്ര ഐ.റ്റി കമ്പനിയില്‍ ജോലിക്ക് ചേരുന്നു, അങ്ങിനെയങ്ങ് പോകുന്നു. പലപ്പോഴും അങ്ങിനെയുള്ള ആ ന്യൂനപക്ഷത്തെയും അങ്ങിനെയൊരു തീരുമാനമെടുപ്പിക്കാനുള്ള കാരണം ഗവേഷണ സൌകര്യങ്ങളും അതിന് കിട്ടുന്ന പ്രതിഫലവും ബഹുരാഷ്ട്രക്കമ്പനികളും അവര്‍ കൊടുക്കുന്ന ശമ്പളവും തമ്മിലുള്ള താരതമ്യം തന്നെ.

രാഷ്ട്ര/അന്താരാഷ്ട്ര മികവുള്ള മൂന്ന് നാല് ഗവേഷണ സ്ഥാപനങ്ങള്‍ നാട്ടിലുണ്ടെങ്കില്‍ തന്നെ അവിടെയൊക്കെ കയറിപ്പറ്റിയാല്‍ എങ്ങിനെയിരിക്കും എന്നുള്ള ജിജ്ഞാസ നമ്മള്‍ നാട്ടുകാര്‍ക്കുണ്ടാവും. തമിഴ്‌നാട്ടുകാരനും ബംഗാളിക്കുമൊക്കെ നമ്മളെക്കാള്‍ കൂടുതല്‍ അത്തരം ആഗ്രഹങ്ങളും ജിജ്ഞാസകളും ഉണ്ടാകാനുള്ള ഒരു കാരണം അത്തരം ധാരാളം സ്ഥാപനങ്ങള്‍ അവരുടെ നാട്ടില്‍ ഉള്ളതും കൂടിയാണ്. ഇവിടെയും ഇവിടെയും അതിനെപ്പറ്റി പറഞ്ഞിരുന്നു. നമ്മുടെ നാട്ടില്‍ ഇപ്പോഴും എങ്ങിനെയെങ്കിലും പഠിക്കുക, എങ്ങിനെയെങ്കിലും ഒരു ജോലി സമ്പാദിക്കുക എന്നത് തന്നെയാണ് മുഖ്യമായ രീതി. എന്നാല്‍ നാട്ടില്‍ തന്നെ നടപ്പാക്കാവുന്ന എത്രയെത്ര ഗവേഷണ സാധ്യതകളുണ്ട്? വൈദ്യുതിയുടെ പ്രസരണ നഷ്ടം മുപ്പത് ശതമാനമോ മറ്റോ ആണെന്ന് പണ്ടെന്നോ വായിച്ചിരുന്നു (ശരിക്കുള്ള കണക്ക് അറിയില്ല)- ഇത് കുറയ്ക്കാനുള്ള എന്തെങ്കിലും സാങ്കേതികവിദ്യയെപ്പറ്റി പഠിച്ചിറങ്ങുന്ന കാക്കത്തൊള്ളായിരം വൈദ്യുതവിദഗ്ദരില്‍ രണ്ടോ മൂന്നോ പേര്‍ക്കെങ്കിലും ചിന്തിക്കാനും ആ ചിന്ത അസ്ഥിക്ക് പിടിപ്പിക്കാനും പറ്റില്ലേ? ചെമ്പുകമ്പിക്ക് പകരം ചെമ്പും ഏതെങ്കിലും പ്ലാസ്റ്റിക്കോ റബ്ബറോ ചേര്‍ത്ത് പുതിയൊരു സങ്കരം ഉണ്ടാക്കിയാല്‍ ഇതിനെങ്ങാനും കുറവുണ്ടാക്കാന്‍ പറ്റുമോ (ചുമ്മാ തോന്നിയ പൊട്ടത്തരം), അല്ലെങ്കില്‍ ഏതെങ്കിലും പുതിയ ഒരു സിദ്ധാന്തപ്രകാരം ഇത് കുറയ്ക്കാന്‍ പറ്റുമോ? വേണമെങ്കില്‍ ഒരു ഇലക്‍ട്രിക്കല്‍ എഞ്ചിനീയര്‍ക്കും ഒരു കെമിക്കല്‍ എഞ്ചിനീയര്‍ക്കും കൂടിയിരുന്ന് ചിന്തിച്ച് അസ്ഥിച്ച് പിടിച്ച് പ്രാന്താകാന്‍ പറ്റില്ലേ? വേണമെങ്കില്‍ ചക്ക പ്ലാവേലും കായ്ക്കുമെന്നാണല്ലോ.

പക്ഷേ ഇങ്ങിനത്തെ കാര്യങ്ങളെപ്പറ്റിയൊക്കെ പറയുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ വരുന്ന വില്ലന്മാര്‍ നമ്മുടെ സര്‍ക്കാരും, നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചറും അതും ഇതുമൊക്കെയാണ്. അതൊക്കെ യാഥാര്‍ത്ഥ്യങ്ങളായി അംഗീകരിച്ച് അതിനെയും കീഴടക്കാനുള്ള ഒരു തീരുമാനവും ഇച്ഛാശക്തിയും വേണം നല്ലൊരു ഗവേഷണത്തിനും ഗവേഷണഫലത്തിനും. ഒഴിവുകഴിവുകളും കാരണങ്ങളും ധാരാളമുണ്ടല്ലോ. പക്ഷേ വേണമെങ്കില്‍ ഇവിടെയും നമുക്ക് ചക്ക പ്ലാവില്‍ തന്നെ കായ്പിക്കാം. അല്ലെങ്കില്‍ പിന്നെ അങ്ങിനെയൊരു ചൊല്ലുണ്ടാവില്ലായിരുന്നല്ലോ :)

വിവരസാങ്കേതികവിദ്യയിലെ ഗവേഷണങ്ങളെപ്പറ്റി പറയുമ്പോള്‍ തന്നെ നമ്മള്‍ ചിന്തിക്കുന്നത് ഈ കുഞ്ഞുകേരളത്തിലും ഇമ്മിണി വലിയ ഇന്ത്യയിലുമിരുന്ന് ഗൂഗിളിനെയും മൈക്രോസോഫ്റ്റിനെയും വിന്‍‌ഡോസിനെയുമൊക്കെ പൊട്ടിക്കാമെന്ന് വിചാരിക്കുന്നത് തന്നെ മണ്ടത്തരം എന്നാണ്. വേണ്ട, പൊട്ടിക്കേണ്ട. പക്ഷേ ഏത് സാധാരണക്കാരനും, വൈകുന്നേരത്തെ പണിയൊക്കെ കഴിഞ്ഞ് കവലയില്‍ ബീഡി വാങ്ങിക്കാന്‍ പോകുന്ന കൂട്ടത്തില്‍ തൊട്ടടുത്ത കമ്പ്യൂട്ടര്‍ ശാലയില്‍ കയറിയിരുന്ന് രണ്ട് ക്ലിക്കില്‍ അന്നത്തെ വാര്‍ത്തകളും വായിച്ച് അടയ്ക്കേണ്ട കറന്റ് ബില്ലും ഫോണ്‍ ബില്ലും ഓണ്‍ലൈനായി അടച്ച് കൊങ്ങാണ്ടൂരുള്ള ആള്‍ക്ക് കോത്താഴത്തുള്ള ആളുടെ അക്കൌണ്ടിലേക്ക് ഒരു നൂറു രൂപാ ട്രാന്‍സ്‌ഫര്‍ ചെയ്ത് ബീഡിയും വാങ്ങിച്ച് വീട്ടില്‍ പോകത്തക്ക തരത്തിലുള്ള ഒരു വിപ്ലവത്തെപ്പറ്റിയുള്ള ചിന്ത അസ്ഥിക്ക് പിടിപ്പിക്കാന്‍ പറ്റില്ലേ. ഏറ്റവും വില കുറഞ്ഞ കമ്പ്യൂട്ടര്‍ തൊട്ട് ഓണ്‍‌ലൈന്‍ ഫ്രോഡുകള്‍ കുറയ്ക്കുന്നത് വരെയുള്ള കാര്യങ്ങളെപ്പറ്റി ഗവേഷിക്കാം-നമ്മുടെ നാട്ടിന്‍ പുറത്തെ സാധാരണക്കാരനെ മനസ്സില്‍ കണ്ടുകൊണ്ട് (ഇപ്പോഴേ ഉണ്ട്-പറയാന്‍ വേണ്ടി മാത്രം പറയുന്നു). കമ്പ്യൂട്ടര്‍ കേയ്‌സിന്റെ പ്ലാസ്റ്റിക്കിന്റെ കനം കുറച്ചും കട്ടി കുറച്ചും വരെ വേണമെങ്കില്‍ നമുക്ക് നമ്മുടേതായ സംഭാവനകള്‍ നല്‍‌കാം (വിവരസാങ്കേതികവിദ്യയെപ്പറ്റിയുള്ള വിവരങ്ങള്‍ കമ്മിയെന്ന് മാത്രമല്ല ഒട്ടുമേ ഇല്ലാത്തതിനാല്‍ അതിലുള്ള ഗവേഷണ മേഖലകളെപ്പറ്റിയും സാധ്യതകളെപ്പറ്റിയുമൊക്കെയുള്ള പൊട്ടത്തരങ്ങള്‍ക്ക് ദയവായി ക്ഷമിക്കണേ).

ശുദ്ധമായ ഹൈഡ്രജന്‍ ഏതെങ്കിലും രീതിയില്‍ ഉണ്ടാക്കി അതിനെ വിഘടിപ്പിച്ച് അതുവഴി മോട്ടോര്‍ കറക്കി വണ്ടിയോടിക്കാനുള്ള ഗവേഷണം നാട്ടില്‍ വിജയിപ്പിക്കാന്‍ പറ്റിയാല്‍ ഗള്‍ഫുകാരൊക്കെ എപ്പോള്‍ നാട്ടിലെത്തിയെന്ന് ചോദിച്ചാല്‍ മതി. പിന്നെ പെട്രോളിന്റെ ആവശ്യമേ ഇല്ല. അതുവഴിയുണ്ടാകുന്ന ഉപോല്‍‌പന്നമോ, നല്ല ശുദ്ധമായ വെള്ളവും.

മുകളില്‍ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളില്‍ ചിലതൊക്കെ തികച്ചും പൊട്ടത്തരങ്ങളാണെങ്കിലും സാധാരണക്കാര്‍ക്ക് ആവശ്യവും പ്രയോജനപ്രദവുമായ ഗവേഷണങ്ങള്‍ക്ക് ധാരാളം സാദ്ധ്യതകള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. അതേ സമയം തെങ്ങിന്റെ മണ്ഡരിബാധ തുടങ്ങി കര്‍ഷകന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നാട്ടിലുള്ള ഗവേഷണസ്ഥാപനങ്ങള്‍ എന്തൊക്കെ ചെയ്തു/ചെയ്യുന്നു എന്നതും ഒരു ചോദ്യം-നേരാംവണ്ണം ഒന്നും ചെയ്യുന്നില്ലെങ്കില്‍/നടക്കുന്നില്ലെങ്കില്‍ അതിന് കാരണമായി ഗവേഷകരുടെ ഉത്സാഹം, അര്‍പ്പണബോധം തുടങ്ങി ധാരാളം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. പക്ഷേ പുതു തലമുറയ്ക്ക് ഈ മേഖലയിലേക്ക് വരാനും കാര്യങ്ങള്‍ ചെയ്യാനും അതൊന്നുമൊരു കാരണമാവേണ്ട കാര്യമില്ല-കാരണം അര്‍പ്പണബോധം, താത്പര്യം തുടങ്ങി ഒരു ഗവേഷണത്തിന് വേണ്ട പലകാര്യങ്ങളും ഉണ്ടാക്കേണ്ടത് ഗവേഷകന്‍ തന്നെ. നമുക്ക് വേണമെന്ന് തോന്നുകയും ഒരു കാര്യം നമ്മുടെ അസ്ഥിക്ക് പിടിക്കുകയും ചെയ്താല്‍ അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതിനൊക്കെ സിനിമയില്‍ കാണുന്നതുപോലെ താടിയും മുടിയും നീട്ടുകയും ഇരുപത്തിനാല് മണിക്കൂറും ലാബില്‍ തന്നെ കഴിച്ചുകൂട്ടുകയുമൊന്നും വേണ്ട. പല അന്താരാഷ്ട്ര ഗവേഷകരും സ്വകാര്യ ജീവിതവും ഗവേഷണവും സമന്വയിപ്പിച്ച് തന്നെയാണ് പോകുന്നത്. പക്ഷേ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയങ്ങളിലൊക്കെ ചെയ്യേണ്ട രീതിയില്‍ തന്നെ ചെയ്യും-അര്‍പ്പണ ബോധവും അതിലുള്ള ഇന്‍‌വോള്‍‌വ്‌മെന്റും തന്നെ ഏറ്റവും പ്രധാനം.

മുകളില്‍ പറഞ്ഞതുപോലെ, ആശയങ്ങള്‍ അസ്ഥിക്ക് പിടിക്കാത്തതാണ് നമ്മളില്‍ പലരുടെയും പ്രശ്‌നം. ഒരുകാലത്ത് വെളിച്ചെണ്ണ എഞ്ചിന്‍ ഓയിലാക്കിയതിനെപ്പറ്റിയൊക്കെ ധാരാളം വാര്‍ത്തകള്‍ കണ്ടു. ഇപ്പോള്‍ എന്തായോ. ഇത്തരം പലതും ഒരു ചൂടിന് തുടങ്ങും-പിന്നെ തീരും. എന്ത് സംഗതിക്കും ആദ്യം ഒരു കയറ്റമുണ്ട്-പിന്നെ ഒരു ഇറക്കമുണ്ട്. പലരും ആ ഇറക്കം ഇറങ്ങി അങ്ങ് പോകും. പക്ഷേ ആ ഇറക്കത്തില്‍ നല്ലപോലെ ബ്രേക്ക് പിടിച്ച് ഇറങ്ങിയാല്‍ പിന്നെ കാണാം, സംഗതി പതുക്കെപ്പതുക്കെ പിന്നെയും വെച്ചടി വെച്ചടി കയറാന്‍ തുടങ്ങുന്നത്. ടൈപ്പ് റൈറ്റിംഗ് ക്ലാസ്സുകളില്‍ എ.എസ്.ഡി.എഫ് ; എല്‍.കെ.ജെ ‍അടിച്ച് തുടങ്ങുമ്പോള്‍ എല്ലാവരും വളരെ ഹാപ്പിയാണ്. പക്ഷേ രണ്ടുമാസം അതുതന്നെ അടിച്ചടിച്ച് ബോറടിച്ച് പലരും സംഗതി ഇട്ടിട്ട് പോകും. ആദ്യത്തെ രണ്ടുമാസം ടൈപ്പ് റൈറ്റിംഗ് ക്ലാസ്സില്‍ സ്ഥിരമായി വരാന്‍ പറ്റിയാല്‍ പിന്നെ ലോവറും പാസ്സായേ പലരും നിര്‍ത്തൂ. പലരും അത് കഴിഞ്ഞ് ഹയറും പാസ്സാകും. പക്ഷേ ആ ആദ്യരണ്ടുമാസങ്ങള്‍ കഴിഞ്ഞുകിട്ടാനാണ് പാട്. ഗവേഷണത്തിലും അങ്ങിനെതന്നെ. സംഗതി അസ്ഥിക്ക് പിടിപ്പിക്കാതെ രക്ഷയില്ല.

ഇക്കാര്യത്തില്‍ നമ്മുടെ സര്‍ക്കാരിനെയും വിദ്യാഭ്യാസ രിതിയെയും കുറ്റം പറയാതിരിക്കാനും പറ്റുന്നില്ല. ഒരു ഗവേഷണ മനസ്സ് കുട്ടികളില്‍ കുഞ്ഞുന്നാളിലേ ഉണ്ടാക്കുന്ന ഒരു വിദ്യാഭ്യാ‍സ രീതിയല്ലായിരുന്നു നാട്ടിലേത്. ഡി.പി.ഈ.പി യൊക്കെ ആ ദിശയില്‍ നല്ലൊരു മുന്നേറ്റമായിരുന്നു. പക്ഷേ പുസ്തകം കാണാതെ പഠിപ്പിച്ച് ഒന്നാം റാങ്കും നൂറുശതമാനവും കൊടുപ്പിക്കുന്ന പ്രൈവറ്റ് മാനേജ്‌മെന്റ് സ്കൂളുകളില്‍ അത് നിര്‍ബന്ധമാക്കാതെ രണ്ട് തരം കുട്ടികളെ ഉണ്ടാക്കുമെന്നും മറ്റും പറഞ്ഞ് നമ്മള്‍ രക്ഷകര്‍ത്താക്കള്‍ തന്നെ അതിന് പാരവെച്ചു. പ്രൊജക്റ്റ് തുടങ്ങിയ പല പരിപാടികളും വളരെ വൈകി ഇപ്പോഴാണ് സ്കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റേതായ മാറ്റം ഭാവിയില്‍ ഉണ്ടാകുമായിരിക്കും. സ്വന്തന്ത്രമായി ചിന്തിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതില്‍ നിന്നാണ് നല്ല നല്ല ഗവേഷണങ്ങള്‍ക്ക് അടിത്തറയുണ്ടാവുന്നത്.

പിന്നെ പഠിച്ച് പഠിച്ച് വന്നിട്ട് ബിരുദാനന്തരം ബഹുരാഷ്ട്രക്കമ്പനിയിലെ പ്രതിമാസം അമ്പതിനായിരം രൂപാ ശമ്പളം വേണോ പ്രതിമാസം എണ്ണായിരമോ പതിനായിരമോ ഗവേഷണ ഫെലോഷിപ്പ് വേണോ എന്നുള്ള ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും നമുക്ക് വേണം. ആ എണ്ണായിരം ഫെലോഷിപ്പില്‍ നാലഞ്ചുകൊല്ലം ഗവേഷിച്ച് കഴിഞ്ഞിട്ട് എന്ത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കൂടിയുണ്ടെങ്കില്‍ മനസ്സമാധാനത്തോടെ ഗവേഷിക്കാം. ഇനി ആ ഗവേഷണങ്ങളില്‍ തന്നെ നാടിനും നാട്ടുകാര്‍ക്കും നേരിട്ടോ അല്ലാതെയോ പ്രയോജനം കിട്ടുന്ന ഗവേഷണമാണെങ്കില്‍ ആ ഒരു സം‌തൃപ്തിയെങ്കിലുമുണ്ടാവും ഭാവിയില്‍. പക്ഷേ ഒരു ജോലിക്കുവേണ്ടിയുള്ള ഗവേഷണവും ജോലി കിട്ടുന്നതിനിടയ്ക്കുള്ള ഗവേഷണവുമൊക്കെയാകുമ്പോള്‍ എല്ലായ്പ്പോഴും അതൊന്നും പറ്റിയെന്ന് വരില്ല. ഇനി അതിനൊക്കെ തയ്യാറാ‍ണെങ്കില്‍ തന്നെ ചക്കയ്ക്കുള്ള ഗവേഷണ ആശയമാണ് നമ്മുടെ അസ്ഥിക്ക് പിടിച്ചിരിക്കുന്നതെങ്കില്‍ തന്നെ പലപ്പോഴും നമ്മള്‍ക്ക് ഫെലോഷിപ്പ് കിട്ടുന്നത് മാങ്ങയെപ്പറ്റി ഗവേഷിക്കാനായിരിക്കും. അല്ലെങ്കില്‍ പിന്നെ ദാസ് അജി കമ്മത്തിനെപ്പോലെ സ്വന്തമായി ഗവേഷിക്കണം. എന്നാലും ഡോക്ടര്‍ സഹോദരന്മാരെപ്പോലെ ആകാതിരുന്നാല്‍ മതി.

Labels: , , ,