Thursday, May 31, 2007

വിനയന്‍

കുടുംബത്തിലെ മറ്റുള്ളവരെ അപേക്ഷിച്ച് സൌന്ദര്യവും ഗ്ലാമറും നല്ല ബോഡിയും മാത്രമല്ല എനിക്ക് കൂടുതലായി ഉണ്ടായിരുന്നത്, ഒരൊന്നര കിലോ വിനയവും അതിനു തക്ക എളിമയും എനിക്ക് ബാക്കിയുള്ളവരെക്കാള്‍ ഉണ്ടായിരുന്നു എന്നത് എന്റെ സ്വകാര്യമായ ഒരു അഹങ്കാരമായിരുന്നു. സഹജീവികളോടുള്ള (എന്നു പറഞ്ഞാല്‍ മനുഷ്യരോട്) കരുണയും സഹാനുഭൂതിയും അനുകമ്പയും ബോണസ്സായും.

ബസ്സിലൊക്കെ ഇടിച്ച് കയറി, കേയെസ്സാര്‍ട്ടീസീയാണെങ്കില്‍ കണ്‍‌ഡക്ടറുടെ ഇപ്പുറത്തെ സീറ്റും പ്രൈ വട്ട് ബസ്സാണെങ്കില്‍ പോര്‍ട്ടറുടെ പുറകിലത്തെ സീറ്റും മറ്റാര്‍ക്കും മുന്നേ “ആസനസ്ഥമാക്കി” അമര്‍ന്നിരിക്കുമ്പോള്‍ മുതല്‍ക്കേ ഞാന്‍ ചുറ്റുപാടും നോക്കാന്‍ തുടങ്ങും. അപ്പോളായിരിക്കും പ്രായമായ ഏതെങ്കിലും അപ്പൂപ്പനോ അമ്മൂമ്മയോ, അല്ലെങ്കില്‍ ഒരു കുഞ്ഞിനെയും ഒക്കത്ത് വെച്ച് ഏതെങ്കിലും അച്ഛനോ അമ്മയോ ഒക്കെ ബസ്സില്‍ സീറ്റ് കിട്ടാതെ നില്‍‌ക്കുന്നത് കാണുന്നത്. അപ്പോള്‍ മുതല്‍ എന്നിലെ സഹാനുഭൂതി എന്റെ തലച്ചോറിനെ ട്രിഗര്‍ ചെയ്യുകയും പിന്നെ എന്റെ സുന്ദരവദനം ഓട്ടോമാറ്റിക്കായി ഒരു വേണുനാഗവള്ളി സ്റ്റൈലാവുകയും ചെയ്യും. ഒരു നാളില്‍ നമ്മളും ഈ അപ്പൂപ്പനെപ്പോലെയാവുമല്ലോ, പാവം എത്ര നേരം ഈ അമ്മൂമ്മ ഇങ്ങിനെ നിക്കണം, ആ കുഞ്ഞുകൊച്ചിനെയുമൊക്കത്ത് വെച്ച് ഒരു കൈകൊണ്ട് ബാലന്‍സ് പിടിച്ച് ആ അച്ഛനുമമ്മയും ഈ വണ്ടിയില്‍ അങ്ങ് ലാസ്റ്റ് സ്റ്റോപ്പ് വരെ നിന്ന് പോകണമല്ലോ എന്നൊക്കെയോര്‍ത്ത് എനിക്ക് ആകപ്പാടെ സഹാനുഭൂതിപ്രാന്താകും, ഞാന്‍ മൊത്തത്തില്‍ വികാര്‍‌ഭരതനാവും. സീറ്റ് കിട്ടിയ ബാക്കി എല്ലാവരെയും ഞാന്‍ ക്രൂരമായി നോക്കും. മനുഷ്യപ്പറ്റില്ലാത്തവര്‍... നിങ്ങള്‍ക്കൊന്നും നാണമില്ലല്ലോ ആ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ നിന്ന് കാലുകഴച്ച് വിഷമിക്കുമ്പോള്‍ ഇങ്ങിനെ സുഖമായി ചാരിയിരുന്നുറങ്ങാന്‍; നിങ്ങളുടെ വീട്ടിലുമില്ലേ അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൊച്ചു കുഞ്ഞുങ്ങളും, ഇതൊന്നും ശരിയല്ല കേട്ടോ, വല്ലപ്പോഴെങ്കിലും കുറച്ച് നല്ല കാര്യമൊക്കെ ചെയ്തില്ലെങ്കില്‍ പിന്നെന്താ കാര്യം തുടങ്ങി എല്ലാ ക്ലീന്‍‌ഷേവ് സഹാനുഭൂതി ചിന്തകളും എന്റെ മനസ്സില്‍ അലയടിച്ചടിച്ചടിച്ച് എനിക്കിറങ്ങേണ്ട സ്റ്റോപ്പ് വരെ ഞാന്‍ നിന്നുപോകുന്ന ആ പാവങ്ങളെ ഓര്‍ത്തിരിക്കും, സീറ്റില്‍.

എളിമയുടെ (അമളി യുടെ ളി, അരുമയുടെ രു അല്ല) കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. വിനയവുമതുപോലെ. എല്ലാവരെയും ബഹുമാനിക്കും. ബഹുമാനിക്കണമെന്ന് എനിക്ക് തോന്നുന്ന ആരെക്കണ്ടാലും ഞാന്‍ ഒരു മടിയും കൂടാതെ ബഹുമാനിക്കും. വിനയിച്ച് വിനയിച്ച് ഭിത്തിയുടെ ഒരരിക് ചേര്‍ന്ന് വിനയാന്വിതനായി ഭിത്തിയോട് ചാരിയുള്ള എന്റെ പോക്കുകണ്ട് ഒരു ദിവസം സാറ് പറഞ്ഞു, “ഡേയ്, അത്രയ്ക്ക് വേണ്ടടേ, ആ ഭിത്തിയിടിഞ്ഞു വീഴും”.

എന്റെ വിനയത്തിന്റെ ആദ്യത്തെ ഇര പ്രിയസുഹൃത്ത് കുമാരനായിരുന്നു. അദ്ദേഹമാണെങ്കില്‍ നമ്മള്‍ ഗ്രാജ്വേറ്റ്‌സിന്റെ സമൂഹത്തിലുള്ള വിലയെയും നിലയെയും പറ്റി സ്വല്പം ഓവറായിത്തന്നെ ബോധവാനായതുകാരണം അതിന്റെയൊരു വെയിറ്റൊക്കെ എപ്പോഴുമിട്ട് നടക്കുന്ന ഒരു പാവം.ഒരു ദിവസം നാട്ടിലെ ഒരു പൊതുമേഖലാ ഗവേഷണ സ്ഥാപനത്തില്‍ സീനിയര്‍ മുക്രിയെ കാണാന്‍ സ്കൂട്ടറില്‍ കുമാരനെയും പുറകിലിരുത്തി ഞാന്‍ പറന്ന് പോയി. ആദ്യത്തെ ഗേറ്റില്‍ ഹിന്ദിയില്‍ ബോല്‍‌ത്തുന്ന സെക്യൂരിറ്റി കൈകാണിച്ചപ്പോള്‍ സംഗതി ഹിന്ദിയായതുകൊണ്ട് മാത്രം ഞാന്‍ മൌനം പാലിച്ച തക്കത്തിന് കിട്ടിയ അവസരം മുതലാക്കി കുമാരന്‍ തന്റെ പ്രാഥമിക്, മാധ്യമിക് ഹിന്ദികളില്‍ കൂടി ആംഗലേയം സമാസമം ചേര്‍ത്ത് സ്സെക്യൂരിറ്റിയോട് എന്തൊക്കെയോ സംസാരിച്ചു. കുമാരന്റെ ഹിന്ദിവഴി സെക്യൂരിറ്റിക്ക് ഒരു ചുക്കും പിടികിട്ടിയില്ല എന്ന് എനിക്ക് മനസ്സിലായെങ്കിലും അവന്റെ തികച്ചും പ്രൊഫഷണല്‍ സ്റ്റൈലിലുള്ള, ഞാനൊരു ഗ്രാജ്വേറ്റാണെന്ന കാര്യം മറക്കെരുതെന്ന രീതിയിലുള്ള എയറുപിടുത്തവും, ശബ്‌ദത്തിന്റെ ഘനഗാംഭീര്യം പോലെന്തോ ഒരു ഒച്ചയും ഗൌരവഭാവവും ഒക്കെ കണ്ട് പേടിച്ചിട്ടാണോ എന്തോ , സെക്യൂരിറ്റി ഞങ്ങളെ അകത്തേക്ക് കടത്തിവിട്ട് രണ്ടാമത്തെ ഗേറ്റിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് രണ്ടാമത്തെ സെക്യൂരിറ്റിയെ കണ്ടപ്പോള്‍ “എന്താ എന്തുവേണം” എന്ന് അദ്ദേഹം മലയാളത്തില്‍ ചോദിച്ചതിന്റെ ധൈര്യത്തില്‍ കുമാരന് ചാന്‍സ് കൊടുക്കാതെ ഞാന്‍ ചോദിച്ചു:

“സാറേ, ഞങ്ങള്‍ ആ ഡിവിഷനിലെ മുക്രിയെ കാണാന്‍ വന്നതാ, ഒന്നകത്തേക്ക് കടത്തിവിടാമോ?”

ഒരു പ്രൊഫഷണല്‍ പ്രൊഫഷണലായി കുറഞ്ഞ പക്ഷം സെക്യൂരിറ്റികളോടെങ്കിലും എങ്ങിനെ പെരുമാറണമെന്ന് എനിക്ക് അരമണിക്കൂര്‍ ക്ലാസ്സെടുത്തതിനുശേഷവും കുമാരന്‍ ഷോക്കില്‍ നിന്നും മുക്തനായില്ല-അത്രയ്ക്ക് ഷോക്കായിപ്പോയി അവന്.

എന്റെ വിനയത്തിന്റെ ആദ്യത്തെ ഇര കുമാരനാണെങ്കിലും ആദ്യത്തെ സാക്ഷി മിക്കവാറും സ്കൂളില്‍ ഒരുമിച്ച് പഠിച്ച ഷുക്കൂറായിരുന്നിരിക്കണം. അവന്റെ കല്ല്യാണമൊക്കെ കഴിഞ്ഞ് പുതിയ വീടൊക്കെ വെച്ചിരിക്കുന്ന സമയം. നാട്ടിലെത്തിയ ഞാന്‍ അവനെ കാണാന്‍ പോയി. വളരെ നാളുകള്‍ക്ക് ശേഷം കണ്ട ഞങ്ങള്‍ സ്കൂള്‍-കോളേജ് വിശേഷങ്ങളൊക്കെ അയവിറക്കിക്കൊണ്ടിരുന്ന സമയത്താണ് അവന്റെ ഭാര്യ വന്നത്. ഇതാണ് നമ്മുടെ ഭാര്യ എന്ന് ഷുക്കൂര്‍ പറഞ്ഞ് തീരുന്നതിനും മുന്‍പ് തികച്ചും വിനയാന്വിതനായി ഞാന്‍ സെറ്റിയില്‍‌നിന്ന് എഴുന്നേറ്റ് നിന്നു, ഒരു വിനയനുവേണ്ട എല്ലാവിധ ഭാവാദികളോടും കൂടിത്തന്നെ. ഷുക്കൂറിന് ഷോക്കായെന്ന് മാത്രമല്ല അത്‌ഭുത് പരതന്ത്ര് എന്ന ഹിന്ദി സിനിമ കണ്ട ഒരു പ്രതീതിയും കൂടിയായി.

പക്ഷേ എന്റെ വിനയത്തെയും എളിമയെയും അനുകമ്പയെയുമെല്ലാം മൊത്തം പിടിച്ചുലച്ച ഒരു സംഭവമായിരുന്നു അന്നാ ബന്ധുവീട്ടില്‍ നടന്നത്. അനിയനും ചിറ്റയും അമ്മാവനുമെല്ലാമായി ചിറ്റയുടെ ഭര്‍ത്താവിന്റെ ചേച്ചിയുടെ വീട്ടില്‍ പോയി, കാറില്‍. ഞാന്‍ ആദ്യമായി പോവുകയായിരുന്നു അവിടെ. വളരെ അടുപ്പമുള്ള അവരുടെ വീട്ടില്‍ തികച്ചും സ്വാതന്ത്യത്തോടെ അനിയനും അമ്മാവനുമെല്ലാം ഓടിനടന്ന് കഥകളൊക്കെ പറഞ്ഞ് നടന്നപ്പോള്‍ വിനയഭാരത്താല്‍ മുഖം കുനിഞ്ഞിരുന്ന ഞാന്‍ തത്തുല്ല്യമായ ഭാവാദികളോടെ തല തെല്ലുമാത്രം ഉയര്‍ത്തി ഒരു മൂലയ്ക്ക് പതുങ്ങി നില്‍‌ക്കുകയായിരുന്നു. ഇടയ്ക്ക് അവിടുത്തെ അമ്മൂമ്മ വന്ന് ഇരിക്ക് മോനേ എന്ന് പറഞ്ഞപ്പോളും “ഓ വേണ്ടെന്നേ” എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒന്നുകൂടി വിനയകുമ്പിടിയായി. ഇതെല്ലാം കഴിഞ്ഞ് ചായയും ഉപ്പേരിയുമൊക്കെ റെഡിയായി കഴിഞ്ഞപ്പോള്‍ അമ്മൂമ്മ അനിയനോട് അടുക്കളയില്‍ നിന്ന് വിളിച്ച് പറഞ്ഞു:

“മോനേ, ആ ഡ്രൈവര്‍ക്കുംകൂടി ഒരു ഗ്ലാസ്സ് ചായ കൊടുക്ക് കേട്ടോ”

എക്‍സ്‌ക്യൂമീ, എന്നെയാണോ ഉദ്ദേശിച്ചത് എന്നൊന്നും ചോദിക്കേണ്ട ആവശ്യമേ അപ്പോളില്ലായിരുന്നു.

Labels: , , , , , , , ,