Thursday, September 20, 2007

അമേരിക്കന്‍ വിശേഷങ്ങള്‍...സ്വല്പം യൂറോപ്പും

The land of freedom എന്നാണ് അമേരിക്കയെ ചിലരൊക്കെ വിശേഷിപ്പിക്കുന്നത് (അമേരിക്കന്‍ വിരുദ്ധതയും നേതാവിനോടുള്ള ആരാധനയും മൂത്ത് ചിലരൊക്കെ The land of freedumb എന്നും വിളിക്കുന്നുണ്ടെങ്കിലും). പക്ഷേ ഇന്നലത്തെ ജോണ്‍ കെറിയുടെ പ്രസംഗത്തിനിടെ ആന്‍ഡ്രൂ മെയെര്‍ എന്ന വിദ്യാര്‍ത്ഥിയുടെ പ്രകടനവും പോലീസിന്റെ പ്രകടനവും കണ്ടാല്‍ പതിവുപോലെ കണ്‍ഫ്യൂഷനായി. ഒരേ സംഭവം വീഡിയോയില്‍ നേരിട്ട് കണ്ടാല്‍ തന്നെ, ചിത്രീകരിക്കുന്ന രീതി വെച്ചും എഡിറ്റിംഗ് മൂലവും നമ്മുടെ അഭിപ്രായങ്ങള്‍ എങ്ങിനെ മാറിവരാം എന്നും ആ സംഭവത്തോടനുബന്ധിച്ചുള്ള വീഡിയോകള്‍ കാണിക്കുന്നു.

ഈ വീഡിയോ കാണുക:


കടപ്പാട്: http://www.youtube.com/watch?v=giZspLXXBPs


ഇത് കണ്ടാല്‍ ആന്‍ഡ്രൂ മെയെര്‍ അങ്ങിനെയൊരു സ്ഥിതിവിശേഷം നേരിടേണ്ട ആളാണ് എന്നൊരു അഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. സ്ഥിതിവിശേഷം എന്താണെന്നാല്‍ സെനറ്റര്‍ കെറിയുടെ പ്രസംഗത്തിനോടനുബന്ധിച്ചുള്ള ചോദ്യോത്തരവേളയില്‍ മെയെര്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നു, വികാ‍രഭരിതനായി. ചോദ്യത്തിനിടയ്ക്ക് പുള്ളി ഇങ്ങിനെയും ഡയലോഗടിച്ചു:

“You will take my question because I have been listening to your crap for two hours," (അമേരിക്കന്‍ രീതിയാവാം. അസ്വഭാവികത തോന്നേണ്ട കാര്യമില്ല. പക്ഷേ നാട്ടില്‍ പിണറായി വിജയന്റെ പ്രസംഗത്തിന്റെ സമയത്ത് ആരെങ്കിലും ഇതുപോലെ ചോദ്യം ചോദിക്കാന്‍ തുടങ്ങിയാലറിയാം ഇന്ത്യന്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ രീതികള്‍).

എന്തായാലും അനുവദിക്കപ്പെട്ട സമയത്തിനു ശേഷവും മെയെര്‍ ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ പോലീസ് മൈക്ക് ഓഫാക്കി, പിന്നെയും പുള്ളി പ്രസംഗം തുടര്‍ന്നപ്പോള്‍ പോ‍ലീസ് പൊക്കി-ലിറ്ററലി (വീഡിയോയില്‍ കാണാം). പിന്നെ അവിടുത്തെ പോലീസിന്റെ ആയുധമായ ടേയ്‌സറും പ്രയോഗിച്ചു (സാധാരണ ഭയങ്കര വയലന്റാവുന്നവരെ നിലയ്ക്ക് നിര്‍ത്താനാണ് ടേയ്‌സര്‍ ഉപയോഗിക്കുന്നതെങ്കിലും അമേരിക്കയില്‍ അത്ര വയലന്റല്ലാത്തവരുടെയടുത്തും ഇത് പ്രയോഗിക്കുന്നുണ്ട് എന്നൊരാരോപണമുണ്ട്. ഒരു ഉദാഹരണം ഇവിടെ. അത്രയ്ക്ക് വലിയ പ്രശ്‌നമാണോ മെയെര്‍ ഉണ്ടാക്കിയതെന്ന് മുകളിലത്തെ വീഡിയോ കണ്ടാല്‍ തോന്നില്ല. തികച്ചും ഒരു അഭിപ്രായസ്വാതന്ത്ര്യപ്രശ്‌നം. നമ്മുടെ സഹതാപം മെയെറിന്.

പക്ഷേ ഈ വീഡിയോ കണ്ടാലോ...


കടപ്പാട്: http://www.youtube.com/watch?v=6bVa6jn4rpE

പൊക്കപ്പെട്ട മെയെര്‍ കുതറിയോടി. പിന്നെയും കുതറി. പിന്നെയുമോടി. അപ്പോള്‍ പിന്നെ പോലീസ് എന്ത് ചെയ്യും? വീഡിയോയില്‍ കണ്ടതുപോലൊക്കെ ചെയ്യും. പോലീസ് നില്‍ക്കാന്‍ പറഞ്ഞാല്‍ നിന്നില്ലെങ്കില്‍ പിന്നെ നിക്കാന്‍ പറഞ്ഞ കാരണം എന്തുതന്നെയാണെങ്കിലും -ന്യായമാണെങ്കിലും അന്യായമാണെങ്കിലും- നിന്നേ പറ്റൂ. അല്ലെങ്കില്‍ ഇതുപോലൊക്കെ സംഭവിച്ചേക്കാം. അപ്പോള്‍ പിന്നെയും സംഗതി ന്യൂട്രലായി കണ്‍ഫ്യൂഷനായി. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ എന്താണ്? മെയെര്‍ ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തത്- അത് പ്രൊവൊക്കേറ്റീവാണെങ്കിലും അല്ലെങ്കിലും. ഏതെങ്കിലും രീതിയില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന ചോദ്യങ്ങളൊന്നുമല്ല പുള്ളി ചോദിച്ചതും (കെറിക്കും ബുഷിനും ഏതോ ഒരു സീക്രട്ട് യൂണിയനില്‍ പണ്ട് പഠിക്കുന്ന കാലത്ത് അംഗത്വമുണ്ടായിരുന്നോ എന്നും പുള്ളി ചോദിച്ചിരുന്നു). എന്നിട്ടും പുള്ളിക്കീഗതി വന്നു. പക്ഷേ പോലീസ് പറയുന്നതുപോലെ ചെയ്തില്ലെങ്കിലോ? പോലീസ് പിന്നെന്ത് ചെയ്യും? നാട്ടിലായിരുന്നെങ്കില്‍ ഏതെങ്കിലും നേതാവിനോട് കണ്‍‌സള്‍ട്ട് ചെയ്യാമായിരുന്നു പോലീസിന്. അമേരിക്കന്‍ പോലീസിനൊക്കെ അന്നേരത്തെ സാഹചര്യമനുസരിച്ച് ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് തോന്നുന്നു. കണ്‍ഫ്യൂഷന്‍ എനിക്ക് മാത്രമല്ല; വാര്‍ത്ത മൊത്തത്തില്‍ അവലോകനം ചെയ്താല്‍ ആള്‍ക്കാരുടെ അഭിപ്രായം evenly divided ആണെന്നാണ് ഇവിടെ പറയുന്നത്.

എന്നാലും ആ മെലിഞ്ഞ മെയെറിനെ ഒതുക്കാന്‍ തടിമാടന്മാരായ അഞ്ചോ ആറോ പോലീസ് വേണ്ടിവന്നുവെന്നതാണ് ഇതിലെ അത്ഭുതപ്പോയിന്റ്.

എന്തായാലും സംഗതി ഇന്റര്‍നെറ്റില്‍ തകര്‍ത്തോടുന്നുണ്ട്. ഇതിനിടയ്‌ക്ക് മെയെര്‍ ഇതെല്ലാം പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു പരിപാടികള്‍ ആസൂത്രണം ചെയ്തത് എന്നും കേള്‍ക്കുന്നുണ്ട്. വീഡിയോ ഓണല്ലേ എന്നുറപ്പ് വരുത്തിയിട്ടാണ് പുള്ളി പ്രസംഗം ആരംഭിച്ചത് തന്നെ. പ്രകടനങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ പുള്ളി പോലീസിനോട് പറഞ്ഞത്രേ, “എനിക്ക് നിങ്ങളോട് യാതൊരു പ്രശ്‌നവുമില്ല, നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടി ചെയ്തു” എന്ന്. അതുപോലെ പോലീസ് സ്റ്റേഷനിലും വീഡിയോ കാണുമോ എന്നും പുള്ളി ചോദിച്ചെന്ന്! ആദ്യത്തെ വീഡിയോയില്‍ കക്ഷിയുടെ പ്രകടനം കണ്ടാല്‍ കെറിയുടെ ഉത്തരം കേള്‍ക്കുന്നതിനെക്കാള്‍ തനിക്ക് ചോദിക്കാനുള്ളതൊക്കെ ചോദിച്ചുകൊണ്ടേയിരിക്കുക എന്നതായിരുന്നു കക്ഷിയുടെ ഉദ്ദേശമെന്നും തോന്നും.

ഇതിനു മുന്‍പ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ രാത്രി ഐഡി ചെക്കിനു വന്ന സെക്യൂരിറ്റിയെ ഐഡി കാര്‍ഡ് കാണിക്കാത്തപ്പോള്‍ പുറത്ത് പോകാന്‍ പറഞ്ഞത് കൂട്ടാക്കാത്ത ഒരു വിദ്യാര്‍ത്ഥിയെയും ഇതുപോലെ ടേയ്‌സര്‍ ഉപയോഗിച്ചത് അമേരിക്കയില്‍ വിവാദമായിരുന്നു. മെയെര്‍ സംഭവം ഒരു പുതിയ അമേരിക്കന്‍ സ്ലോഗനുമുണ്ടാക്കി - “Don't Tase Me Bro"

ഗുണപാഠം - സംഗതിയൊക്കെ ശരി, പക്ഷേ മര്യാദയ്ക്ക് നടന്നുകൊള്ളണം.

(ഒരേ സംഭവം എങ്ങിനെ പല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് മലയാളം ബ്ലോഗില്‍ തന്നെ കിരണും നകുലനുമൊക്കെ കാണിച്ച് തന്നിട്ടുണ്ട്. ഒരു ചെറിയ ഉദാഹരണം എന്റെ വകയും).

തീര്‍ന്നില്ല. വേറൊരു വാര്‍ത്ത ഇവിടെ. സ്വന്തം വീടിനു മുന്നിലെ ലോണ്‍ നേരാംവണ്ണം നോക്കാത്തതിന് എഴുപത് വയസ്സായ ഒരമ്മൂമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും അറസ്റ്റ് ചെയ്തത് അമ്മൂമ്മയോട് പേരുവിവരങ്ങള്‍ ചോദിക്കാന്‍ ഒരു പോലീസ് ചെന്നപ്പോള്‍ പുള്ളിക്കാരി ഒന്നും പറയാത്തതുകൊണ്ടാണ്. അതിന്റെ പേരില്‍ ചില്ലറ പിടിവലിയൊക്കെ നടന്ന് അമ്മൂമ്മ വീണ് മൂക്കുപൊട്ടി. പക്ഷേ പോലീസ് എന്നാലും പിടിവിട്ടില്ല. അമ്മൂമ്മയെ കൊണ്ടുപോയി സ്റ്റേഷനിലേക്ക്. കേസ് ഇപ്പോഴും നടക്കുന്നു.

ഗുണപാഠം - സംഗതിയൊക്കെ കൊള്ളാം, പക്ഷേ അമ്മൂമ്മയാണെങ്കിലും പോലീസിനോട് വേണ്ട കളി.

കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് അകലെ യൂറോപ്പില്‍ നടന്നത് ബഹുരസം. ഒരു പുള്ളിക്കാരന്‍ ഒരു കടയുടെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു. പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലം തന്നെ. വേറെ വണ്ടിയൊന്നുമില്ല. പ്രശ്‌നമൊന്നുമില്ല. പക്ഷേ സാധനം വാങ്ങിച്ച് തിരിച്ച് വന്നപ്പോള്‍ ദോ പാര്‍ക്കിംഗ് ഫൈന്‍. പുള്ളി വണ്ടറടിച്ചു. നോക്കിയപ്പോഴല്ലേ, അവിടെ “ഡിസേബിള്‍ഡ് പാര്‍ക്കിംഗ്” എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നു. പുള്ളിക്ക് മൊത്തം കണ്‍ഫ്യൂഷനായി. അപ്പോഴാണ് അപ്പുറത്തെ കടക്കാരന്‍ വിവരം പറയുന്നത്. പുള്ളി വണ്ടി പാര്‍ക്ക് ചെയ്തപ്പോള്‍ അത് നോര്‍മല്‍ പാര്‍ക്കിംഗ് ഏരിയായായിരുന്നു. അണ്ണന്‍ കടയ്ക്കകത്ത് കയറിയ സമയത്ത് പാര്‍ക്കിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓര്‍ഡര്‍ പ്രകാരം ആള്‍ക്കാര്‍ വന്ന് അത് ഡിസേബിള്‍ഡ് പാര്‍ക്കിംഗ് ഏരിയായാക്കി മാര്‍ക്ക് ചെയ്തു. മാത്രമോ, അവര്‍ മാര്‍ക്കിംഗ് കഴിഞ്ഞ് പോയ പുറകെ ട്രാഫിക് വാര്‍ഡനണ്ണന്‍ വന്ന് ഡിസേബിള്‍ഡ് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഏബിള്‍ വണ്ടി കണ്ട് ഫൈനുമിട്ടു. എല്ലാം പെട്ടെന്നായിരുന്നു.

ഇതല്ലേ വെള്ളരിക്കാപ്പട്ടണം.

(അമേരിക്കന്‍ വാര്‍ത്തകള്‍ക്ക് കടപ്പാട് സി.എന്‍.എന്‍; യൂറോപ്പ് വാര്‍ത്തയ്ക്ക് കടപ്പാട് ബി.ബി.സി)

ഗുണപാഠം: ഇത്തരം പോസ്റ്റുകള്‍ കാണുമ്പോഴേ സ്ക്രീനില്‍ ഒരു കമ്പിളിപ്പുതപ്പെടുത്തിടുക:)

Labels: , , , ,

Sunday, May 13, 2007

കെന്‍‌ഗോ നികാവയുടെ വാച്ച്



മകന്‍ കാസുവോ സമ്മാനമായി കൊടുത്ത വാച്ച് കിട്ടിയതില്‍ പിന്നെ കെന്‍‌ഗോ നികാവയെ ആ വാച്ചില്ലാതെ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. 1945 ആഗസ്റ്റ് 6ന് രാവിലെ 8.15ന് ആ വാച്ച് നിലച്ചു. അതിന് ഒരിക്കല്‍ കൂടി കീ കൊടുക്കാനാവാതെ ആഗസ്റ്റ് 22ന് കെന്‍‌ഗോ നികാവ മരിക്കുകയും ചെയ്തു; കാരണമായതോ-1945 ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ കെന്‍‌കോ നികാവയുടെ ജോലിസ്ഥലത്തിനും ഒന്നര കിലോമീറ്ററപ്പുറം അമേരിക്ക നടത്തിയ ചില പരീക്ഷണങ്ങള്‍.

നമ്മുടെ നാട്ടില്‍ നിന്നും പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറം നടന്ന ഒരു സംഭവമാണെങ്കിലും, നടന്നിട്ട് അമ്പത് കൊല്ലങ്ങളില്‍ കൂടുതലായെങ്കിലും, ആ സംഭവം നടന്ന സമയത്ത് നമ്മളില്‍ പലരും ജനിച്ചിട്ടുകൂടിയില്ലെങ്കിലും ഹിരോഷിമ മ്യൂസിയത്തിലെ ഓരോ ദൃശ്യവും നമുക്ക് തരുന്നത് വിവരിക്കാവുന്നതിലും അപ്പുറത്തുള്ള ചില വികാരങ്ങളാണ്.

കഴിഞ്ഞ കൊല്ലം ഹിരോഷിമ മ്യൂസിയത്തില്‍ പോകണമെന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ചില ജപ്പാന്‍‌കാര്‍ക്ക് അത്‌ഭുതമായിരുന്നു. അതിനടുത്തുള്ള പൂന്തോട്ടങ്ങളും പ്രകൃതി ദൃശ്യവുമൊക്കെയുള്ള സ്ഥലത്തും കൂടി പോകുന്നുണ്ടോ എന്നും അറിയണമായിരുന്നു ചിലര്‍ക്ക്. പക്ഷേ ചിലര്‍ പറഞ്ഞു-നമ്മള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ആ മ്യൂസിയം എന്ന്. കഴിഞ്ഞതെല്ലാം മറക്കാനുള്ള ശ്രമവും, ഇത്രയും വലിയ ഒരു ആഘാതം തങ്ങള്‍ക്ക് സമ്മാനിച്ചിട്ടും അത് നല്‍‌കിയ അമേരിക്കയോട് പൊറുക്കാനും (അതിന്റെ ഉള്ളിലെ വികാരങ്ങള്‍ എനിക്കറിയില്ല), ആ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് let's move on എന്ന രീതിയില്‍ മുന്നോട്ട് പോകാനുമൊക്കെയുള്ള ജപ്പാന്‍‌കാരുടെ ശ്രമങ്ങള്‍ ആ പ്രതികരണങ്ങളില്‍ കാണാന്‍ സാധിച്ചു. അവിടം സന്ദര്‍ശിച്ചപ്പോള്‍ അത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലം തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

ഉത്സവത്തിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ ഹിരോഷിമയെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഈ ചിത്രം തന്നെ.



ഇതാണ് ഹിരോഷിമയിലെ അറ്റോമിക് ബോംബ് ഡോം. ഈ കെട്ടിടം ഒരു സ്മാരകമായി നിര്‍ത്തണോ അതോ ആറ്റം ബോംബിംഗിന്റെ ഓര്‍മ്മകള്‍ മറക്കാനായി നശിപ്പിച്ച് കളയണോ എന്നുള്ള സംശയം ഹിരോഷിമയ്ക്കുണ്ടായിരുന്നു. അവസാനം ഇത് നിലനിര്‍ത്താന്‍ തന്നെയാണ് സിറ്റി കൌണ്‍സില്‍ തീരുമാനിച്ചത്. ഈ കെട്ടിടം Hiroshima Prefectural Industrial Promotion Hall എന്നായിരുന്നു ബോംബിംഗിന് മുന്‍പ് അറിയപ്പെട്ടിരുന്നത്. ഹിരോഷിമയിലെ വ്യാവസായിക പ്രദര്‍ശന ഹാളോ മറ്റോ ആയിരുന്നു, ആ കെട്ടിടം. പക്ഷേ 1944-ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ട് ഗവണ്മെന്റ് ഓഫീസോ മറ്റോ ആക്കി മാറ്റി ഈ കെട്ടിടം.

ഈ കെട്ടിടത്തിന് 150 മീറ്റര്‍ അകലെയായിരുന്നു ബോംബിംഗിന്റെ ഹൈപോസെന്റര്‍ എന്ന് വിക്കിപ്പീഡിയയും, ഈ കെട്ടിടത്തിന്റെ 600 മീറ്റര്‍ ഉയരത്തിലായിട്ടാണ് വിസ്‌ഫോടനം നടന്നതെന്ന് അതിനുമുന്നിലെ ലിഖിതത്തിലും പറയുന്നു (രണ്ടും ഒരേ അളവിനെത്തന്നെയാണോ കാണിക്കുന്നതെന്നറിയില്ല). അറ്റോമിക് ബോംബ് വീണ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ മൊത്തമായി നശിക്കാതെ നിന്ന ചുരുക്കം ചില കെട്ടിടങ്ങളിലൊന്നാണ് ഇത്. ഇത് ഇപ്പോള്‍ യുനെസ്‌കോയുടെ വേള്‍ഡ് ഹെരിറ്റേജ് സൈറ്റുകളില്‍ ഒന്നാണ്. പ്രതീക്ഷിച്ചതുപോലെ ഇത് വേള്‍ഡ് ഹെരിറ്റേജ് സൈറ്റാക്കുന്നതില്‍ ചൈനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു (ഇവിടെ വിശദീകരിച്ചിട്ടുണ്ട്). അമേരിക്കയ്ക്കും അതില്‍ താല്‍‌പര്യമില്ലായിരുന്നു എന്നാണ് വിക്കിപ്പീഡിയ പറയുന്നത്. എന്തായാലും മറ്റനേകം പേരെപ്പോലെ ആ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരും ആ നിമിഷത്തില്‍ തന്നെ മരിച്ചു.

ഷിന്‍ ഇച്ചിയുടെ ട്രൈസിക്കിള്‍



തന്റെ വീടിനു മുന്നില്‍ ട്രൈസിക്കിളില്‍ കളിച്ചുകൊണ്ടിരുന്ന ഷിന്‍ ഇച്ചിക്ക് അന്ന് നാലു വയസ്സോളമായിരുന്നു പ്രായം. ഒന്നര കിലോമീറ്റര്‍ അകലെ ഉണ്ടായ ബോംബ് സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരൊറ്റ സെക്കന്റില്‍ ഷിന്‍ ഇച്ചിയുടെ വീട് തകര്‍ന്ന് വീണ് കത്താന്‍ തുടങ്ങി. ഷിന്‍ ഇച്ചിയുടെ അച്ഛന്‍ ഒരുവിധത്തില്‍ ഷിന്നിന്റെ അമ്മയെയും എടുത്ത് വീടിനു പുറത്ത് കടന്നു. ഷിന്നിച്ചിയുടെ അമ്മൂമ്മയാണ് ഷിന്‍‌ഇച്ചിയെ വീടിനു വെളിയില്‍ നിന്നും എടുത്തത്. അന്ന് രാത്രി ഷിന്‍ ഇച്ചി മരിച്ചു. തന്റെ മകനെ ദൂരെയുള്ള കല്ലറയില്‍ ആരും കൂട്ടിനില്ലാതെ അടക്കം ചെയ്യാന്‍ മനസ്സനുവദിക്കാത്ത അച്ഛന്‍ തന്റെ മകന്റെ കൈ അടുത്ത വീട്ടിലെ മരിച്ചുപോയ ഷിന്നിന്റെ കളിക്കൂട്ടുകാരിയുടെ കൈയ്യുമായി ബന്ധിച്ച് ഷിന്നിച്ചിയുടെ സന്തതസഹചാരിയായ ട്രൈസൈക്കിളിനോടൊപ്പം അടക്കം ചെയ്തു. ഷിന്‍ ഇച്ചിയുടെ ഏഴുവയസ്സുള്ള ചേച്ചിയും ഒരു വയസ്സുള്ള അനുജനും കത്തിച്ചാരമായി. നാല്‍‌പത് കൊല്ലങ്ങള്‍ക്ക് ശേഷം ഷിന്‍‌ഇച്ചിയുടെ അച്ഛന്‍ കല്ലറയില്‍ നിന്നും ഈ ട്രൈസൈക്കിള്‍ കുഴിച്ചെടുത്ത് പീസ് മെമ്മോറിയല്‍ മ്യൂസിയത്തിന് കൈമാറി.

അണുബോംബിന്റെ ഭീകരത മനസ്സിലാക്കിത്തരുന്ന ഇത്തരത്തിലുള്ള ധാരാളം ദൃശ്യങ്ങള്‍ ഹിരോഷിമയിലെ പീസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ ലഭ്യമാണ്.

എന്തുകൊണ്ട് ഹിരോഷിമ?

ക്യോട്ടോ, ഹിരോഷിമ, യോകൊഹാമ, കൊക്കുര എന്നീ സ്ഥലങ്ങളായിരുന്നു അണുബോംബിംഗിനുള്ള ലക്ഷ്യങ്ങളായി ആദ്യം നിശ്ചയിച്ചത്. ക്യോട്ടോയില്‍ ബോംബിട്ടാല്‍ ആ സ്ഥലത്തോട് ജപ്പാന്‍‌കാര്‍ക്കുള്ള ബൌദ്ധികവും സാംസ്കാരികവുമായ അടുപ്പം വളരെ നല്ലൊരു ഇഫക്ട് കൊടുക്കുമെന്ന കണക്കുകൂട്ടലുമുണ്ടായിരുന്നു. എന്തെങ്കിലും സൈനിക കേന്ദ്രങ്ങളിലോ ചെറിയ സ്ഥലങ്ങളിലോ ബോംബിട്ടാല്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല എന്നതുകൊണ്ട് നഗരങ്ങളില്‍ തന്നെ ഇടണമെന്നതായിരുന്നു ബോംബ് കമ്മറ്റിയുടെ തീരുമാനം. പക്ഷേ ബോംബിംഗിന്റെ ആസൂത്രകരില്‍ ഒരാളായ ഹെന്‍‌റി സ്റ്റിംസണിന്റെ താത്‌പര്യപ്രകാരം ക്യോട്ടോ ഒഴിവാക്കി. സ്റ്റിംസണ്‍ വളരെ പണ്ട് ക്യോട്ടോയില്‍ ആഘോഷിച്ച മധുവിധുവും ഒരു കാരണമായിരുന്നത്രേ (ഇവിടെയും ചെറിയ ഒരു ചര്‍ച്ച ഇതിനെപ്പറ്റി നടന്നിരുന്നു).

ഹിരോഷിമ തിരഞ്ഞെടുത്തതിനും ധാരാളം കാരണങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ടോക്കിയോ മുതലായ സ്ഥലങ്ങളില്‍ ഫയര്‍ ബോംബിംഗ് ഉള്‍പ്പടെയുള്ളവ നടത്തിയത് കാരണം അണുബോംബിന്റെ യഥാര്‍ത്ഥ ഫലങ്ങള്‍ അറിയണമെങ്കില്‍ ബോംബിംഗ് നടത്താത്ത ഒരു സ്ഥലം വേണമെന്നായിരുന്നത്രേ “ഗവേഷകര്‍ക്ക്”(കുറച്ച് കാര്യങ്ങള്‍ ഇവിടെ). വല്ല കാട്ടിലും മലയിലും ബോംബിടുന്നതിലും അവര്‍ക്ക് താത്‌പര്യമില്ലായിരുന്നു, കാരണം ഭീകരതയും ആള്‍നാശവുമുള്‍പ്പടെയുള്ള നാശനഷ്ടങ്ങള്‍ എത്രയും കൂടുന്നോ അത്രയും പെട്ടെന്ന് ജപ്പാന്‍ കീഴടങ്ങുമെന്നുള്ളതായിരുന്നു ഇതിന്റെ സംഘാടകരുടെ കണക്കുകൂട്ടല്‍. മുന്‍‌കൂട്ടി അറിയിച്ചിട്ട് അണുബോംബിട്ടാല്‍ ജപ്പാന്‍ ചിലപ്പോള്‍ യുദ്ധത്തടവുകാരെ അവിടെ കൊണ്ടുപോയി നിര്‍ത്താനുള്ള സാധ്യതയുമുണ്ടാവുമായിരുന്നത്രേ. സൈനികമായും വ്യാവസായികമായും പ്രാധാന്യമുള്ള സ്ഥലവുമായിരുന്നു ഹിരോഷിമ. അണുബോംബ് “പരീക്ഷണം” മനസ്സില്‍ വെച്ചുകൊണ്ടായിരുന്നോ എന്നറിയില്ല, മറ്റുള്ള ബോംബിഗ് ഒന്നും ഇവിടെ നടത്തിയിരുന്നില്ല. കൊല്ലാന്‍ പോകുന്ന ജീവിക്ക് നല്ല ഭക്ഷണമൊക്കെ കൊടുത്ത് സുഖിപ്പിച്ച് നിര്‍ത്തുന്ന തരം രീതി! ഹിരോഷിമയുടെ വേറൊരു ഗുണം അവര്‍ കണ്ടത്, പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സ്ഥലമായതുകൊണ്ട് നല്ലൊരു ഫോക്കസിംഗ് ഇഫക്റ്റ് കിട്ടുമത്രേ, അവിടെ ബോംബിട്ടാല്‍.

എന്തുകൊണ്ട് ജപ്പാന്‍?

ഇവിടെയും പല കാരണങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നു. പേള്‍ ഹാര്‍ബറില്‍ ജപ്പാന്റെ ആക്രമണം, ബോംബിട്ടില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന സഖ്യകക്ഷികളുടെ സൈനിക നഷ്ടം, റഷ്യയുമായി ജപ്പാന്‍ ഉണ്ടാക്കിയേക്കുമോ എന്ന് ഭയന്ന ഉടമ്പടി മുതല്‍ റേസിസം/മതം വരെ കാരണമായി പറയുന്നുണ്ട്. ഇത്രയും ഭയാനകമായ ഒരു സംഭവമാകുമ്പോള്‍ വാദങ്ങളും മറുവാദങ്ങളും കോണ്‍‌സ്പിരസി തിയറികളും ധാരാളമുണ്ടാവുമല്ലോ. ജപ്പാനിലല്ല, ജര്‍മ്മനിയിലായാലും പൊലിയുന്നത് ഒന്നുതന്നെയാണല്ലോ. അതുകൊണ്ട് എന്തുകൊണ്ട് ജപ്പാന്‍ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല എന്ന് തോന്നുന്നു-അതിന്റെ സൂത്രധാരന്മാരുടെ മനഃശാസ്ത്രത്തെപ്പറ്റി കുറച്ചുകൂടി പഠിക്കാം എന്നതൊഴിച്ചാല്‍. എന്തായാലും ജപ്പാന്‍ യുദ്ധത്തില്‍ ഒരുമാതിരി തോറ്റ രീതി തന്നെയായിരുന്നു ബോംബിംഗിനു മുന്‍പ്. പക്ഷേ സഖ്യകക്ഷികള്‍ക്ക് വേണ്ടിയിരുന്നത് യാതൊരു ഉപാധികളുമില്ലാതെയുള്ള ജപ്പാന്റെ കീഴടങ്ങള്‍ പ്രഖ്യാപനമായിരുന്നു. അതിന് ജപ്പാന്‍ തയ്യാറായുമില്ല. അതിന്റെ കൂടെ വാശി, വൈരാഗ്യം, ആകാംക്ഷ (ന്യൂക്ലിയര്‍ ബോംബിട്ടാല്‍ എന്തൊക്കെ സംഭവിക്കുമെന്നൊന്നറിയണമല്ലോ) തുടങ്ങിയ വികാരങ്ങളും പ്രചോദനമായിക്കാണണം. ഐന്‍സ്റ്റൈനെയും ഓര്‍ക്കണം, മറ്റു പലരേയും ഓര്‍ക്കണം അണുബോംബിന്റെ കാര്യത്തില്‍.

എന്തായാലും ആ ബോംബിംഗിലേക്ക് നയിച്ച ഒരു ചരിത്രം ജപ്പാനുണ്ടായിരുന്നു എന്നതും ദുഃഖകരമായ വസ്തുത. കൊറിയയിലും ചൈനയിലും ഫിലിപ്പീന്‍‌സിലുമുള്‍പ്പടെ ജാപ്പനീസ് സൈനികര്‍ നടത്തിയ അതിക്രമങ്ങളെപ്പറ്റിയും അവര്‍ തടവിലാക്കിയ ആയിരക്കണക്കിന് യുദ്ധത്തടവുകാരെയും ഇത്തരുണത്തില്‍ ഓര്‍ക്കണം. പക്ഷേ ചൈനയും കൊറിയയുമൊക്കെ ഇപ്പോള്‍ സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനും ഇടയ്ക്കിടയ്ക്ക് ആ സംഭവങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. നാട്ടില്‍ സ്വല്പം അസ്വസ്ഥത എവിടെയെങ്കിലുമുണ്ടായാല്‍ ചൈന ചെയ്യുന്നത് ഒരു ജപ്പാന്‍ വിരുദ്ധ വികാരം ഇളക്കി വിടുക എന്നതാണ്. അത് കേട്ടാ‍ല്‍ ചൈനക്കാര്‍ ബാക്കി എല്ലാം മറക്കും.

(ജപ്പാന്‍‌കാര്‍ക്ക് ചക്രവര്‍ത്തി എന്ന് പറഞ്ഞാല്‍ ദൈവതുല്ല്യമായിരുന്നു. അതുകൊണ്ട് ജപ്പാന്‍ കീഴടങ്ങി എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലത്രേ. സുപ്പീരിയര്‍ ഓഫീസറില്‍‌നിന്നും ഉത്തരവൊന്നും കിട്ടാത്തതുകാരണം യുദ്ധം തീര്‍ന്നു എന്നംഗീകരിക്കാതെ യുദ്ധത്തിനു ശേഷം 29 കൊല്ലത്തോളം ഫിലിപ്പൈന്‍‌സില്‍ത്തന്നെ കഴിഞ്ഞ ജാപ്പനീസ് സൈനികരിലൊരാളാണ് ഹിരൂ ഒനോഡ (ഇവിടെയുമുണ്ട്). വളരെ വിഷമിക്കേണ്ടി വന്നു, അദ്ദേഹത്തെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍. ഒരു വിധത്തില്‍ പുള്ളിയുടെ സുപ്പീരിയര്‍ ഓഫീസറെ (അയാളാണെങ്കില്‍ ജപ്പാനില്‍ ബുക്ക് കച്ചവടക്കാരനായിരുന്നു അപ്പോഴേക്കും) കണ്ടുപിടിച്ച് പുള്ളിയെയും കൊണ്ട് ഫിലിപ്പൈന്‍സില്‍ പോയി ആയുധം താഴെവെയ്ക്കാന്‍ പറഞ്ഞ ശേഷമാണ് ഹിരു ഒനോഡ കീഴടങ്ങിയത്).

ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇവിടെ. വെര്ച്വല്‍ ടൂറുമുണ്ട്.

ഹിരോഷിമയിലെ ആറ്റം ബോംബിംഗിനു ശേഷമുള്ള ചില ദൃശ്യങ്ങളും പ്രദര്‍ശന വസ്തുക്കളും ഇവിടെ കാണാം. സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണപാത്രങ്ങള്‍ ഭക്ഷണത്തോടെ കരിഞ്ഞുപോയതും ഹൈപ്പോസെന്ററിന് ഇരുനൂറ്ററുപത് മീറ്റര്‍ മാത്രമകലെ ബാങ്കിന്റെ നടയില്‍ ഇരുന്നയാളുടെ നിഴല്‍‌പ്പാടുകള്‍ അവിടെ സ്ഥിരമായി പതിഞ്ഞതും എന്തിന് മനുഷ്യന്റെ നഖത്തിന് അണുവിസ്‌ഫോടനം എന്ത് മാറ്റമുണ്ടാക്കും എന്നുവരെ ഇവിടെ കാണാം. പഠനവസ്തുക്കള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്തയിടം.

അറ്റോമിക് ബോംബിന്റെ ശക്തിയെപ്പറ്റിയുള്ള ലഘുവിവരണം ഇവിടെ. ഉരുകിച്ചേര്‍ന്ന കുപ്പിഗ്ലാസ്സുകളും (ഗ്ലാസ്സ് ഉരുകുന്നത് 1400-1600 ഡിഗ്രി സെല്‍‌ഷ്യസില്‍) തയ്യല്‍ സൂചികളും സെറാമിക് കപ്പുകളും അണുവിസ്ഫോടനം ഉണ്ടാക്കിയ ചൂടിന്റെ ചെറിയ സൂചികകള്‍ മാത്രം.

അണുവിസ്ഫോടനത്തിനു ശേഷമുള്ള ഒരു ദൃശ്യത്തിന്റെ ഫോട്ടോയുടെ ഫോട്ടോ.



ഈ പോസ്റ്റ് ഇടാനുള്ള പ്രചോദനം ഉത്സവത്തിന്. അദ്ദേഹത്തിനെ ഈ പോസ്റ്റില്‍ ഹിരോഷിമയെപ്പറ്റി കാര്യമാത്രപ്രസക്തമായി പറഞ്ഞിരിക്കുന്നു. അവിടുത്തെ ഏവൂരാന്റെ കമന്റും കൂടിയായപ്പോള്‍ പിന്നെ ഒന്നുമാലോചിച്ചില്ല, ഞാനുമിട്ടു :) ഉത്സവമേ, ഏവൂരാനേ, നന്ദി.

Labels: , , , ,