Monday, March 01, 2010

അഴീക്കോടും ടെലിഫോണും പ്രൈവസിയും

അഴീക്കോട്-മോഹന്‍‌ലാല്‍ വിവാദത്തില്‍ (തിലകനൊക്കെ എന്നേ ഔട്ട്) നമ്മള്‍ പതിവുപോലെ മറക്കുന്നത് പതിവു സംഗതി തന്നെയാണ്

മൂലകാരണം.

ഇവിടെ പ്രശ്‌നങ്ങളുടെ തുടക്കം (പത്ര-ടിവി മാധ്യമങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയിടത്തോളം) മോഹന്‍‌ലാല്‍ അഴീക്കോടിനോട് നടത്തിയ ഒരു ടെലിഫോണ്‍ സംഭാഷണമാണ്. അതാവട്ടെ, തികച്ചും വ്യക്തിപരമായി മോഹന്‍‌ലാല്‍ അഴീക്കോടിനെ വിളിച്ചതുമാണ്. സ്വര്‍ണ്ണക്കടയുടെ പരസ്യത്തില്‍ മോഹന്‍‌ലാല്‍ അഭിനയിക്കുന്നതിനെ അഴീക്കോട് വിമര്‍ശിച്ചപ്പോള്‍ ജീവിച്ചുപൊക്കോട്ടെ മാഷേ, എന്റെ മേലൊക്കെ എന്തിനു കുതിരകയറുന്നു എന്നോ മറ്റോ മോഹന്‍‌ലാല്‍ ചോദിച്ചു. അഴീക്കോടാകട്ടെ,അപ്പോളേ തിലകന്‍ പ്രശ്നം എടുത്തിട്ടു. ലാല്‍ ഇന്ന് മമ്മൂട്ടി പറഞ്ഞപോലെ അഴീക്കോടിനോട് അതൊക്കെ തീര്‍ക്കാമെന്ന് പറഞ്ഞു (എന്ന് അഴീക്കോട് മാധ്യമങ്ങളോട് പറഞ്ഞു-താനങ്ങിനെ പറഞ്ഞിട്ടില്ല എന്ന് ലാലും പറഞ്ഞു).

വ്യക്തിപരമായി ഒരാള്‍ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന കാര്യങ്ങള്‍ പരസ്യപ്പെടുത്തരുത് എന്ന ധാര്‍മ്മികത തെറ്റിച്ചതാണിവിടെ മൊത്തം പ്രശ്നമായത്. ഏതോ വിവരങ്ങള്‍ തനിക്ക് കിട്ടി എന്ന് അഴീക്കോട് പറഞ്ഞപ്പോള്‍ അത് എവിടെനിന്നാണ് കിട്ടിയത് എന്ന് മനോരമയിലെ വേണു ചോദിച്ചപ്പോള്‍ അതൊന്നും പറയാന്‍ പറ്റില്ല, അത് രഹസ്യമായിട്ട് തന്നെയിരിക്കും എന്ന് ധാര്‍മ്മികതിച്ചയാളാണ് അഴീക്കോട്. അദ്ദേഹം മോഹന്‍‌ലാലിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ടെലിഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തരുതായിരുന്നു. അത് തെറ്റിച്ചതാണ് ഇവിടുത്തെ മൂലകാരണം.

അതുകൊണ്ട് അഴീക്കോടിനെ ഫോണ്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കുക, സംഗതി അടുത്ത ദിവസം നാടുമുഴുവന്‍ അറിയും. മാത്രവുമല്ല, താനൊരു തനി മലയാളിയാണെന്നും ശ്രീ അഴീക്കോട് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഒരാളെ അടിച്ചിരുത്താന്‍ ഏതറ്റം വരെ പോകാനും നമ്മള്‍ മലയാളികള്‍ക്ക് മടിയില്ലല്ലോ. മോഹന്‍‌ലാലിന്റെ കുടുംബകാര്യങ്ങളില്‍ വരെ അദ്ദേഹം ഇടപെട്ടു. ചേട്ടന്റെ സ്വത്തം കൈയ്യേറ്റം ചെയ്യെങ്കില്‍ പരാതിക്കാരന്‍ ചേട്ടനോ ചേട്ടനോട് ബന്ധപ്പെട്ടവരോ ആകണമല്ലോ. സിനിമാ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഏതൊരു ഇന്ത്യന്‍ പൌരനും അവകാശമുണ്ടെന്ന് വാദിക്കാം. പക്ഷേ വല്ലവരുടെയും കുടുംബകാര്യങ്ങളില്‍ മിനിമം അയാളുടെ അനുവാദമെങ്കിലുമില്ലാതെ അഭിപ്രായം പൊതുജനങ്ങളോട് മാധ്യമങ്ങളിലൂടെ പറയാന്‍ എല്ലാ ഇന്ത്യന്‍ പൌരനും അവകാശമുണ്ടോ എന്ന് വക്കീല്‍ മമ്മൂട്ടിയോടുതന്നെ ചോദിക്കാം. ഇല്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത് (അഴീക്കോട് സ്റ്റൈലില്‍ “സെക്രട്ടറിയേറ്റിലെ ആരോ പറഞ്ഞ അടിസ്ഥാനത്തിലാണ് പറയുന്നത്, തെറ്റാണെങ്കില്‍ ഞാന്‍ മാപ്പുപറയാന്‍ തയ്യാറാണ്“).

മാത്രവുമല്ല, ഫാസിസവും തലപൊക്കിത്തുടങ്ങി. മോഹന്‍ലാല്‍ മാനനഷ്ടത്തിന് കേസുകൊടുക്കും എന്ന വാര്‍ത്ത കണ്ടപ്പോള്‍ ലാല്‍ മേലില്‍ വായ തുറക്കാതിരിക്കാനുള്ള പണി ഞാന്‍ കൊടുക്കും എന്ന് അഴീക്കോട് പറഞ്ഞത്രേ (ഇന്ത്യാവിഷന്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍). അത് കൊള്ളാം. എതിരാളികള്‍ മേലില്‍ വായേ തുറക്കരുത് എന്നൊക്കെ ആഗ്രഹിക്കുന്നത് ഏകാധിപതികളും സ്വേച്ഛാധിപതികളും അധികാരം തലയ്ക്കുപിടിച്ചവരുമൊക്കെയല്ലേ. ഇതിനൊക്കെയെതിരെ നമ്മള്‍ സാദാ മലയാളികള്‍ ചുമ്മാ ഒന്ന് പ്രതികരിക്കുകയെങ്കിലും വേണ്ടേ.

മോഹന്‍ലാലിനെതിരെ അഴീക്കോട് പരസ്യമായി പറഞ്ഞപ്പോള്‍ തിരിച്ച് പത്രപ്രസ്താവനകളൊന്നും നടത്താതെ അഴീക്കോടിനെ ഫോണ്‍ ചെയ്ത് കാര്യം ചോദിക്കുക എന്ന മര്യാദയാണ് മോഹന്‍ലാല്‍ കാണിച്ചത്. അഴീക്കോടാകട്ടെ, ലാലിനെക്കൊണ്ട് തിലകന്‍ പ്രശ്നത്തില്‍ അഭിപ്രായം പറയിച്ചിട്ട്, ലാലെന്നേ വിളിച്ചേ, ഇതൊക്കെയാണേ പറഞ്ഞത് എന്ന പരസ്യപ്രസ്താവന നടത്തി. തനിക്ക് അപകീര്‍ത്തികരമെന്ന് തോന്നിയ പ്രസ്താവന അഴീക്കോട് നടത്തിയപ്പോള്‍ മാനനഷ്ടത്തിന് കേസുകൊടുക്കാനാണ്; ലാല്‍ തുനിയുന്നത്. അഴീക്കോടാവട്ടെ ലാലിന്റെ വായ ഇനിയൊരിക്കലും എങ്ങിനെ തുറപ്പിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നു.

ഇതിനെയല്ലേ പ്രായത്തിന്റെ പക്വത എന്ന് വിളിക്കുന്നത്.

(ഈ പ്രശ്നത്തില്‍ ഇനിയൊരു മാറ്റമുണ്ടാവുന്നതുവരെ ഞാന്‍ ലാലേട്ടന്റെ കൂടെ. കാരണം അഴീക്കോട് ഒരു ടെലിഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തി-വിളിച്ചയാളിന്റെ അനുമതിയില്ലാതെ,ലാലിന്റെ കുടുംബകാര്യങ്ങളില്‍ കുടുംബത്തിലെ ആരുടെയും അനുവാദമില്ലാതെ പരസ്യപ്രസ്താവന നടത്തി, ലാല്‍ കേസുകൊടുക്കും എന്ന വാര്‍ത്ത വന്നപ്പോള്‍ ലാലിന്റെ വായ ഇനിയൊരിക്കലും തുറപ്പിക്കാതിരിക്കാനുള്ള വഴികള്‍ നോക്കി)

(മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ടൈപ്പിയത്. “തെറ്റാണെങ്കില്‍ മാപ്പ് ചോദിക്കാന്‍ തയ്യാറാണ്”).

Labels: , ,