Wednesday, December 21, 2005

അര്‍ത്ഥാപത്തി

ഉദയസൂര്യന്റെ നാട്ടിൽ വന്ന വക്കാരി നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ നടക്കുന്നു - അലങ്കാരം ഉപമ;

ഉദയസൂര്യന്റെ നാട്ടിൽ വന്ന വക്കാരി നിലാവത്തഴിച്ചുവിട്ട ഒരു കോഴിയായിപ്പോയോ എന്നു വർണ്ണ്യത്തിലാശങ്ക - അലങ്കാരം ഉൽ‌പ്രേക്ഷ.
(ഏതെങ്കിലും അലങ്കാരത്തിന് കൺഫ്യൂഷനുണ്ടെങ്കിൽ വർണ്ണന കഴിഞ്ഞ് അവസാനം “എന്നു വർണ്ണ്യത്തിലാശങ്ക” എന്ന് ചേർത്തിട്ട് ഉൽ‌പ്രേക്ഷ എന്ന് തട്ടുക)

ഉദയസൂര്യന്റെ നാട്ടിൽ വന്ന വക്കാരി നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ (ഉപമ) നടന്ന് നടന്ന് അവസാനം നിലാവത്തഴിച്ചുവിട്ട ഒരു കോഴിതന്നെ ആയിപ്പോയോ എന്ന് മൊത്തത്തിലാശങ്ക: അലങ്കാരം ഊളമ്പാറ (ഉപമോൽ‌പ്രേക്ഷ എന്ന അലങ്കാരം കണ്ടുപിടിക്കുന്നതുവരെ).

ഇനി താഴെ വിവരിക്കാൻ പോകുന്ന സംഗതിയുടെ അലങ്കാരം അര്‍ത്ഥാപത്തി. മാലോകരെല്ലാവരും അവരുടെ പലരീതിയിലുള്ള പ്രചോദനങ്ങൾക്ക് എന്നെ ഉദാഹരണമാക്കിയ കദനകഥ. നിലവാരോമീറ്ററിന്റെ ഏറ്റവും കീഴെക്കിടക്കുന്ന വക്കാരിക്കാവാമെങ്കിൽ‌പിന്നെ ഞങ്ങൾക്കെന്തുകൊണ്ടായിക്കൂടാ എന്നുള്ള പ്രചോദനം. പലരും പലരീതിയിലും അങ്ങിനെ രക്ഷപെട്ടിട്ടുണ്ട്.

ഇതിന് ഉപമ എന്ന തലക്കെട്ടായിരുന്നു ആദ്യം കൊടുത്തിരുന്നത്. ശ്രീ ഉമേഷിന്റെ നിർദ്ദേശപ്രകാരം ഇങ്ങിനെയുള്ള പരിതാപകരമായ അവസ്ഥയിൽ‌‌പെടുന്ന എന്നെ വിവരിക്കാൻ അര്‍ത്ഥാപത്തിയോളം പറ്റിയ അലങ്കാരമില്ലാ എന്ന തിരിച്ചറിവിൽ ഇതിന്റെ തലക്കെട്ട് മാറ്റി, പഴയ വീഞ്ഞ് പഴയകുപ്പിയിലാക്കി പുനഃപ്രസിദ്ധീകരിക്കുന്നു.

ബ്ലോഗെത്തിക്സ് കമ്മിറ്റിയുടെ ഗൈഡ്‌ലൈൻസ് മുഴുവനും വായിച്ചിട്ടില്ലാത്തതുകാരണം പഴയ വീഞ്ഞ് ഇങ്ങിനെ പഴയ കുപ്പിയിൽത്തന്നെയാക്കി പഴഃപ്രസിദ്ധീകരിക്കുന്നത് എത്ര കൌണ്ട് കുറ്റമാണെന്നറിയാൻ പാടില്ല. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ എത്തിക്സ് കമ്മിറ്റിയുമായി ബന്ധപ്പെടുവാനപേക്ഷ.

ഇത് നേരത്തെ വായിച്ചിട്ടുള്ളവർ ഒന്നുകൂടി വായിപ്പാനപേക്ഷ. വായിച്ചിട്ടില്ലാത്തവർ തീർച്ചയായും വായിപ്പാനപേക്ഷ.

എന്നെ ഉദാഹരണമാക്കിയതിന്റെ കാര്യങ്ങളോർത്താൽ പഴയ ക്രിക്കറ്റ് ജീവിതമൊക്കെ ഓർമ്മ വരും. വളരെ സംഭവബഹുല(മല്ലാത്ത) ഒരു ക്രിക്കറ്റ് ജീവിതമായിരുന്നല്ലോ എനിക്കുണ്ടായിരുന്നത്. “എന്റെ ഓർമ്മ ശരിയാണെങ്കിൽ“ ഞാൻ ആദ്യമായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് ഒമ്പതാം ക്ലാസ്സിന്റെ മദ്ധ്യവേനലവധിക്കാലത്താണ് (ഓർമ്മയൊക്കെ ശരിതന്നെയാണ്. വളരെ നല്ലതുപോലെ അന്നത്തെ കാര്യങ്ങളൊക്കെ ഓർത്തിരിപ്പുണ്ട്. പിന്നെ ഒരു സ്റ്റൈലിനു പറയുന്നതല്ലെ!). ആ സമയത്താണ് ഞങ്ങൾ ടിവി വാങ്ങിച്ചത്. അതിനും കൊല്ലങ്ങൾക്കു മുമ്പ് ഇന്ത്യക്ക് ലോകകപ്പ് ഒക്കെ കിട്ടിയിരുന്നെങ്കിലും അതൊന്നും എന്നിൽ ഒരു ചലനവും ഉണ്ടാക്കിയിരുന്നില്ല. പക്ഷേ ടിവി വാങ്ങിക്കഴിഞ്ഞ് അതിൽ ക്രിക്കറ്റ് കാണിക്കാൻ തുടങ്ങിയപ്പോൾ ഒരു ആകാംക്ഷ. അയൽ‌വക്കത്തുള്ള ഒരാൾ ക്രിക്കറ്റ് കാണാൻ വന്നിരുന്ന് “ഔട്ട്”, “സിക്സർ”, “ഛേ കൊണ്ടുപോയിക്കളഞ്ഞു”, “അയ്യോ” ,“ശ്ശൊ” എന്നൊക്കെ വിളിച്ചു കൂവുകയും ഇടക്കിടെ അക്ഷമനായി ഉലാത്തുകയും ചെയ്യുന്നതുകണ്ടപ്പോൾ എനിക്കു തോന്നി ഇതെന്തോ ഒരു മഹാസംഭവമാണെന്ന്. ഇതിനെപ്പറ്റി നേരംവണ്ണം പഠിച്ചില്ലെങ്കിൽ ഭാവിയിൽ അത് വളരെയധികം ദോ‍ഷം ചെയ്യുമെന്ന് എനിക്ക് തോന്നിത്തുടങ്ങി. പിന്നെ ക്ലാസ്സുകളെയും പരീക്ഷകളെയും എന്നെത്തന്നെയും മറന്ന് ക്രിക്കറ്റ് കാണാൻ തുടങ്ങി. അയൽ‌വക്കത്തെ കൊച്ചുകുട്ടി മുതൽ തൊട്ടടുത്ത കമ്പനിയിലെ വമ്പൻ മാനേജർ വരെ എനിക്കു കൂട്ടുണ്ടായിരുന്നു, കളികാണാൻ.

എന്റെ അന്നും ഇന്നുമുള്ള വളരെയധികം സവിശേഷവും “അനുകരണീയവുമായ“ ഒരു സ്വഭാവവിശേഷം, എന്തെങ്കിലും കാര്യം എന്റെ തലയിൽ കയറിയാൽ പിന്നെ അതിൽ ഉസ്താദായാലും ഇല്ലെങ്കിലും ആദ്യം തന്നെ അതിന്റെ അനുസരണികളെല്ലാം വാങ്ങിച്ചുകൂട്ടുക എന്നുള്ളതാണ്. ക്രിക്കറ്റിനെപ്പറ്റി പഠിച്ചും കേട്ടും വരുന്നതേ ഉള്ളൂ, ഓടിപ്പോയി BDM ന്റെ ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങിച്ചു. അതുവരെ ഒരൊറ്റ ക്രിക്കറ്റു കളിപോലും കളിച്ചിട്ടില്ല. എങ്ങിനെയാണ് ബാറ്റു പിടിക്കേണ്ടതെന്നുപോലും അറിയില്ല. ഒരു ബാറ്റേ വാങ്ങിച്ചുളളൂ എന്നു കരുതിയെങ്കിൽ തെറ്റി. ആദ്യത്തെ ബാറ്റിനു വലിപ്പം ലേശം കമ്മിയാണോ എന്നൊരു ശങ്ക വന്നതുകാരണം SG യുടെ ഒരു ബാറ്റും കൂടി വാങ്ങിച്ചു. അന്നൊക്കെ ഓയിൽ ബാറ്റ് എന്നൊരു സംഭവം കൂടിയുണ്ടായിരുന്നു. കേട്ടിരുന്നത് വലിയ വലിയ കളിക്കാരൊക്കെ ഓയിൽ ബാറ്റാണ് ഉപയോഗിച്ചിരുന്നതെന്നാണ്. അതാണത്രെ അവർക്കൊക്കെ ഇത്രയും റൺസ് എടുക്കാൻ കഴിയുന്നത് (ആർക്കറിയാം?!!). എന്തായാലും ഓയിൽ ബാറ്റ് ഒരു കടയിലും ആ സമയം കണ്ടില്ല. അല്ലായിരുന്നെങ്കിൽ ബാറ്റുകൾ മൂന്നായേനേ.

ഇനി ബാറ്റുകൾ മാത്രമേ വാങ്ങിച്ചുകൂട്ടിയുള്ളൂ എന്നു കരുതിയെങ്കിൽ പിന്നെയും തെറ്റി. ഗ്ലൌസും ബോളും, എന്തിന്, ബാറ്റിഗ് പാഡും കീപ്പറുടെ പാഡും വരെ വാങ്ങിച്ചുകൂട്ടി. ഈ ബാറ്റിഗ് പാഡും കീപ്പിഗ് പാഡും ഒരുമിച്ചു വാങ്ങിച്ചതെന്തിനാണെന്ന് ഇപ്പോഴും എനിക്കൊരു പിടിയും കിട്ടിയിട്ടില്ല. ബാറ്റ് ചെയ്യുമ്പോൾ ഏതായാലും കീപ്പ് ചെയ്യാൻ പറ്റുകയില്ല-കീപ്പു ചെയ്യുന്ന ആൾക്ക് ഒരു കാരണവശാലുംആ സമയം ബാറ്റുചെയ്യാനും പറ്റുകയില്ല. എങ്കിലും ഞാൻ ഇതെല്ലാം വാങ്ങിച്ചു. സ്റ്റമ്പ് വാങ്ങിച്ചില്ല. അതിന്റെ കാരണവും ഇപ്പോഴങ്ങോട്ട് ആലോചിച്ചിട്ട് പിടി കിട്ടുന്നില്ല. സാധാരണഗതിക്ക് വാങ്ങിക്കേണ്ടതായിരുന്നു.

പക്ഷേ ഇതുകൊണ്ടൊക്കെ ഉണ്ടായ ഗുണം അടുത്തുള്ള ക്രിക്കറ്റ് ക്ലബ്ബിൽ കളിക്കാൻ പോയപ്പോഴായിരുന്നു. മലയാളികളുള്ള, ലോകത്തെവിടെയുമുള്ള, ഏതൊരു പ്രസ്ഥാനവും പോലെ ഞങ്ങളുടെ നാട്ടിലെ ക്ലബ്ബും വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനമായിരുന്നു. ഓരോ പ്രാവശ്യവും പിളരാൻ തുടങ്ങുമ്പോഴേ പിളർപ്പിന്റെ സൂത്രധാരന്മാർ ഏറ്റവും അധികം തലപുകയ്ക്കുന്നത് വക്കാരിയെ എങ്ങിനെ തങ്ങളുടെ ഗ്രൂപ്പിലേക്ക് വലിക്കാമെന്നുള്ളതിനെക്കുറിച്ചാലോചിച്ചാണ്. അവരുടെ ചിന്തകളും, അലോചനകളും തലപുകയ്ക്കലുമൊക്കെ കാണുന്ന മൂന്നാമനു തോന്നും ഈ വക്കാരി ഏതോ വലിയ ബാറ്റ്സ്‌മാനോ ബൌളറോ, കീപ്പറോ മറ്റോ ആണെന്ന്. പക്ഷെ വക്കാരി അതൊന്നുമല്ല. എങ്കിലും വക്കാരിയില്ലെങ്കിൽ ക്ലബ്ബ് പൂട്ടും. കാരണം ബാറ്റും ബോളും പാഡും എല്ലാം വക്കാരിയുടെ കയ്യിലല്ലേ ഉള്ളൂ. വക്കാരിയില്ലെങ്കിൽ സ്റ്റമ്പെന്ന മൂന്നുകോലും വെച്ചുള്ള കളിയല്ലേ നടക്കൂ. അതുകൊണ്ട് കൂട്ടത്തിലെ ഏറ്റവും ബെസ്റ്റ് ബൌളറെയോ, ബാറ്റ്സ്‌മാനേയോ, ഫീൽഡറേയോ ആർക്കും വേണ്ട, പക്ഷേ, വക്കാരിയുടെ സ്‌ഥാനം എന്നും സുരക്ഷിതമായിരുന്നു. എന്തു രസം....

പതിനേഴുകൊല്ലത്തെ ക്രിക്കറ്റ് ജീവിതത്തിനിടക്ക് മൊത്തം എടുത്ത റൺസ് പന്ത്രണ്ട്. ബൌളിംഗിൽ ഷൂട്ടർ എന്ന അതിഗംഭീരമായ ടെക്ക്നിക്ക് കണ്ടുപിടിച്ചതുകാരണം ഒന്നുരണ്ടു വിക്കറ്റുകളൊക്കെ കിട്ടി. ഷൂട്ടർ ഒരു ഭങ്കര ടെക്ക്നിക്കാണ് . ഭയങ്കര ആക്ഷനൊക്കെ കാണിച്ച് പന്തെറിയുക. ബാറ്റ്സുമാന്റെ അടുത്തുവരെ എത്തിക്കാനുള്ള ശക്തി ഏറിനില്ലാത്തതുകാരണം പിച്ചിന്റെ കാൽഭാഗമെത്തുന്നതിനുമുമ്പുതന്നെ പന്ത് നിലത്തുകുത്തും. പിന്നെ അത് മന്ദം മന്ദം ഉരുണ്ടുരുണ്ട് ഒരു പോക്കാണു് ബാറ്റ്സുമാന്റെ അടുത്തേക്ക്. ബാറ്റ്സ്‌മാൻ അക്ഷമനായി പന്തിപ്പവരും പന്തിപ്പവരും എന്നും പ്രതീക്ഷിച്ച് നോക്കിനിൽ‌ക്കും. അപ്പോഴൊന്നും പന്തു വരികയില്ല. കുറച്ചുകഴിയുമ്പോൾ ആ പാവം അങ്ങോടോ ഇങ്ങോ‍ട്ടോ ഒന്നു നോക്കും. എത്രനേരമെന്നു വെച്ചാ ഈ പന്തിനെത്തന്നെ നോക്കിയിങ്ങിനെ നിൽക്കുന്നത്. പക്ഷേ അപ്പോളാണ് പന്തിന്റെ ഉരുണ്ടുരുണ്ടുള്ള ആ വരവ്. ഏറു നേരെയാണെങ്കിൽ അതു സ്റ്റമ്പിൽ കൊള്ളും, വിക്കറ്റും കിട്ടും. എന്നിട്ടും എന്തേ വിക്കറ്റുകൾ വാരിക്കൂട്ടിയില്ലാ എന്നു ചോദിച്ചാൽ പലപ്പോഴും പന്ത് ബാറ്റ്സ്‌മാന്റെ അടുത്തുവരെ ചെല്ലാറില്ല. പിച്ചിന്റെ നടുക്കെത്തുമ്പോഴേക്കും അതിന്റെ ഉരുളലൊക്കെ തീരും. ഇനി എങ്ങിനെയെങ്കിലും പിച്ചിന്റെ അങ്ങേയറ്റം വരെ ചെന്നാലും അത് ക്രീസിന്റെ നാലയല്പക്കത്തുകൂടെയൊന്നുമായിരിക്കുകയല്ല പോകുന്നത്. ഫീൽഡിങ്ങായിരുന്നെങ്കിൽ രോമാഞ്ചജനകമായിരുന്നു. എന്റെ രണ്ടു കാലുകളുടെയും ഇടയിൽക്കൂടി പന്തിങ്ങിനെ ഉരുണ്ടുരുണ്ടു പോകുന്നത് ആളുകൾ ആകംക്ഷയോടെയും സർവ്വോപരി അത്‌ഭുതത്തോടെയും നോക്കിനിന്നിട്ടുണ്ട്. ബൌണ്ടറിയിൽചെന്നേ പലപ്പോഴും ആ ഉരുളൽ നിൽക്കാറുള്ളൂ.

അങ്ങിനെ സംഭവബഹുലമായ ഹൈസ്കൂൾ ക്രിക്കറ്റ് ജീവിതമൊക്കെ കഴിഞ്ഞ് യൂണിവേഴ്സിറ്റിയിൽ ചെന്നപ്പോഴും ക്രിക്കറ്റ് കളിക്കാനുള്ള അവസരങ്ങളൊക്കെ ധാരാളം കിട്ടി. ഒരു ദിവസം അത്യന്തം ആവേശകരമായ ഒരു ക്രിക്കറ്റ് കളി നടന്നുകൊണ്ടിരിക്കുകയാണ്, എന്റെ ടീമും എതിർ ടീമും തമ്മിൽ. കളിക്കിടയ്ക്ക് എപ്പോഴോ ഒരു പ്രാവശ്യം പന്ത് എന്റെ കാലിൽ തട്ടി നിൽക്കുകയും ആൾക്കാരൊക്കെ ഭയങ്കരമായി കൈയടിക്കുകയും ചെയ്തു. അപ്പോളാണു മനസ്സിലായത്, ആ പന്ത് ബൌണ്ടറിയിലേക്കു പോകേണ്ടവനായിരുന്നെന്ന്. അങ്ങിനെ സൊല്പം വെയിറ്റൊക്കെ ഇട്ടിങ്ങിനെ നിൽക്കുകയാണ്. അപ്പോഴാണ് വേറൊരുത്തൻ മിസ്‌ഫീൽഡ് ചെയ്ത് പന്ത് ബൌണ്ടറിയിലേക്ക് തട്ടിയിട്ടത്. ഞങ്ങളുടെ ക്യാപ്റ്റന് വന്ന ദേഷ്യം ചില്ലറയല്ല. ആ പാവത്തോട് ക്യാപ്റ്റൻ ദേഷ്യപ്പെട്ടു പറഞ്ഞു....

“നീയൊക്കെ എവിടെ നോക്കിയാടേ ഫീൽഡു ചെയ്യുന്നത്? ദേ, ആ വക്കാരി വരെ നിന്നെക്കാളും നന്നായി ഫീൽഡ് ചെയ്തല്ലോ...............”

എനിക്കുണ്ടായ പ്രചോദനം ചില്ലറയല്ലായിരുന്നു.

ഇതുപോലെ ഞാൻ പിന്നെയും പലതവണ ഉദാഹരിക്കപ്പെട്ടിട്ടുണ്ട്. വളരെ കഷ്‌ടപ്പെട്ട് ഇഗ്നൌവിന്റെ എം.ബി.എ എൻ‌‌ട്രൻസ് എഴുതി. ആദ്യത്തെ പ്രാവശ്യം പതിവുപോലെ പൊട്ടി. പക്ഷേ രണ്ടാമത്തെ പ്രാവശ്യം മഹാത്‌ഭുതം സംഭവിച്ചു-ഞാൻ പാസ്സായി. പിന്നെ ഞാനായി കമ്പനിയിലെ ഉദാഹരണവസ്തു. ആർ ആരേക്കണ്ടാലും ചോദിക്കും:

“ഇഗ്നൌവിന്റെ എൻ‌ട്രൻസ് എഴുതിയില്ലേ........? വെറുതെ എഴുതാൻ വയ്യായിരുന്നോ....ദേ ആ വക്കാരിയ്ക്കു വരെ കിട്ടിയല്ലോ.............”

എന്തൊരു കഷ്ടപ്പാടാണെന്നു നോക്കിക്കേ.

12 Comments:

 1. At Sun Nov 20, 08:38:00 PM 2005, Blogger കലേഷ്‌ കുമാര്‍ said...

  A+ = VERY GOOD
  (കടപ്പാട് : അതുല്യ ഏകാംഗ കമ്മീഷൻ ഗ്രേഡിംഗ് സിസ്റ്റം)

   
 2. At Sun Nov 20, 09:26:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  ശരിക്കും? എന്റെ സർഗവാസനകൾ പലയിടത്തും പയറ്റിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് അക്ഷരമാലയിലെ അവസാനത്തെ അക്ഷരങ്ങൾപ്പോലും ഗ്രേഡായി കിട്ടിയിട്ടില്ല. വളരെ നന്ദി.

   
 3. At Sun Nov 20, 10:26:00 PM 2005, Blogger സു | Su said...

  വക്കാരിമഷ്ടാ സ്വാഗതം.
  വേറൊന്നും പറയുന്നില്ല. പറഞ്ഞാൽ, എന്തിനു പറഞ്ഞു? പറഞ്ഞില്ലെങ്കിൽ, എന്തുകൊണ്ട് പറഞ്ഞില്ല? ഇതാ ഇപ്പോ എന്റെ അവസ്ഥ. മുങ്ങിമരിച്ചാലും കുറ്റം, നീന്തിക്കേറിയാലും കുറ്റം.

  ഈ വക്കാരിമഷ്ടൻ എന്നു വെച്ചാൽ എന്താ ?

   
 4. At Mon Nov 21, 12:13:00 AM 2005, Blogger പെരിങ്ങോടന്‍ said...

  ഓ! ഞാനോർത്തോർത്തു ചിരിച്ചു. ഞാനധികം റണ്ണൊന്നും അടിച്ചിട്ടില്ല അടിച്ചതെല്ലാം ലെഗ്‍ബൈയും ആയിരുന്നു. പിന്നെ ഫുട്‍ബാളിന്റെ കണക്ക് പണ്ടേതോ ബ്ലോഗിൽ എഴുതിയിരുന്നു - ഒരു ഗോളേ അടിക്കുവാൻ കഴിഞ്ഞുള്ളൂ; ഊഹിച്ചിട്ടുണ്ടാവും - അതെ സെൽഫ് ഗോൾ തന്നെ.

   
 5. At Mon Nov 21, 06:46:00 AM 2005, Blogger വക്കാരിമഷ്‌ടാ said...

  സു, ധൈര്യമായിട്ടു പറഞ്ഞോ..എന്തു കേട്ടാലും സന്തോഷം മാത്രം. വക്കാരിമഷ്ടാ എന്നു പറഞ്ഞാൽ ജപ്പനീസിൽ മനസ്സിലായി എന്നർത്‌ഥം. പക്ഷേ, കലേഷിനോടു പറഞ്ഞപോലെ, ഇവിടെ വന്നുകഴിഞ്ഞ്, ആദ്യത്തെ കുറച്ചുനാൽ ഒരു കുന്തവും മനസ്സിലാകുന്നില്ലായിരുന്ന്. പതുക്കെ പതുക്കെ കാര്യങ്ങൾ മനസ്സിലാകാൻ തുടങ്ങിയപ്പോൾ ഒരു സന്തോഷം. അതുകൊണ്ട് വക്കാരിമഷ്ടാ എന്ന് പേരിട്ടു.

  പെരിങ്ങോടാ, നന്ദി. ഫുട്‌ബോളിന്റെ കാര്യം വായിച്ചില്ല. വായിക്കാം. തൊഴുത്തിൽകുത്ത്, ചവിട്ടുനാടകം തുടങ്ങിയ കലാപരിപാടികൾ ധാരാളമുള്ളതുകാരണം, ഫു‌ട്ബോളിനെപ്പറ്റി ചിന്തിച്ചിട്ടേ ഇല്ല.

   
 6. At Mon Nov 21, 02:40:00 PM 2005, Blogger വിശാല മനസ്കന്‍ said...

  തകർത്തു കണ്ണാ തകർത്തു. ഞാൻ ശരിക്കും ചിരിച്ചു. ഷൂട്ടർ ബോൾ ഉരുണ്ടുരുണ്ട്‌ വരണതൊക്കെ സൂപ്പറായിട്ടുണ്ട്‌ട്ടാ ഗഡീ. നല്ല ഭാവിയുള്ള ഒരു ബ്ലോഗനാണെന്ന് തെളിഞ്ഞു. ധൈര്യാട്ട്‌ എഴുതുക...!

  മെയിൻ ഹോബി ക്രിക്കറ്റ്‌ കളിക്കലും കാണലും അഭിപ്രായപ്പെടുലുമായ ഒരു ജന്മമാണെന്റേതും. മൊത്തം വീശലുകളിൽ വെറും 5% മാത്രമേ ബോളിൽ കൊണ്ടിട്ടൂവുള്ളൂവെങ്കിലും എനിക്കൊരു അടിക്കാരൻ റോൾ ഉണ്ടായിരുന്നു.

  "ഈ ബാറ്റിഗ് പാഡും കീപ്പിഗ് പാഡും ഒരുമിച്ചു വാങ്ങിച്ചതെന്തിനാണെന്ന് ഇപ്പോഴും എനിക്കൊരു പിടിയും കിട്ടിയിട്ടില്ല"

  "ബാറ്റ്സ്‌മാൻ അക്ഷമനായി പന്തിപ്പവരും പന്തിപ്പവരും എന്നും പ്രതീക്ഷിച്ച് നോക്കിനിൽ‌ക്കും" hahaha..

   
 7. At Mon Nov 21, 03:36:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  ഓ, വിശാലമനസ്കാ..വളരെയധികം നന്ദി....ബ്ലോഗുലോകത്തെ സൂപ്പർസ്റ്റാറിൽനിന്നുതന്നെ ഇങ്ങനത്തെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു. നന്ദി. താങ്കളുടെ പാപിയും കുടുംബംകലക്കിയുമൊക്കെ വായിച്ച് നടക്കുന്നവഴിയിലൊക്കെ ഇപ്പം ചിരിയാണ്. എന്നാണ് ജപ്പാൻ‌കാരെല്ലാവരുംകൂടി സംഘടിക്കുന്നതെന്നറിയാൻ വയ്യ.

   
 8. At Tue Nov 22, 08:55:00 AM 2005, Blogger വിശാല മനസ്കന്‍ said...

  യ്യോ. അപ്പടിയൊന്നും എന്നെപ്പറ്റി പേസക്കൂടാത്‌.
  ഒരുപാട്‌ പോസ്റ്റിങ്ങുകൾ പ്രതീക്ഷിച്ചുകൊണ്ട്‌...

   
 9. At Tue Nov 22, 11:47:00 AM 2005, Blogger വക്കാരിമഷ്‌ടാ said...

  തീർച്ചയായും ശ്രമിക്കാം, വിശാലമനസ്കാ...ആ വിശാലമായ മനസ്സ് എനിക്കു നന്നായി കാണാൻ കഴിയുന്നു

   
 10. At Tue Dec 20, 07:38:00 AM 2005, Blogger ഉമേഷ്::Umesh said...

  വക്കാരിക്കു്‌,

  വക്കാരിയുടെ വേറേ ഒരു കഥ ഏറ്റവും കിടിലമെന്നു ഞാന്‍ പറഞ്ഞതു തിരിച്ചെടുത്തിരിക്കുന്നു. അതിനു മുമ്പെഴുതിയ ഇതിനു മുമ്പില്‍ അതു വെറും നിഷ്പ്രഭം.

  ബ്ലോഗില്‍ നര്‍മ്മഭാവനകള്‍ കൂടിയതോടുകൂടി പൊട്ടുന്ന ചിരി കുണ്ഡലിനിയില്‍ കൂടി ഉള്ളിലേക്കടക്കി ആമാശയത്തിലെ ഗ്യാസാക്കി മാറ്റുന്ന ഒരു യോഗവിദ്യ ഈയിടെയായി അഭ്യസിച്ചുവരുകയായിരുന്നു - അല്ലെങ്കില്‍ "ഇവനെന്താ വട്ടായോ" എന്നു്‌ ഓഫീസിലുള്ളവരും, "പണി ചെയ്യുകയാണെന്നു പറഞ്ഞു മലയാളത്തിലെ ചളം വിറ്റു വായിക്കുകയാണോ" എന്നു വീട്ടില്‍ ഭാര്യയും ചോദിക്കും. മറ്റുള്ളവരുടെ അടുക്കല്‍ ഇതു പറ്റും; പക്ഷേ വക്കാരിയുടെ അടുക്കല്‍ ഇതൊന്നും നടപ്പില്ല. അതിനാല്‍ വക്കാരിയെ വായിക്കുന്നതിനു മുമ്പു്‌ ഓഫീസ്‌ മുറിയുടെ വാതില്‍ അടയ്ക്കും. പാട്ടുപെട്ടിയില്‍ ഒരു പാട്ടും വെയ്ക്കും. ഇടയ്ക്കു ചിരി കേട്ടാല്‍ യേശുദാസ്‌ ചിരിക്കുന്നതാണെന്നു്‌ ആളുകള്‍ വിചാരിച്ചുകൊള്ളും. (പിന്നെ രണ്ടുപേരുടെയും ശബ്ദം ഒരുപോലെയായതുകൊണ്ടു്‌ വലിയ പ്രശ്നമുണ്ടാവുകയുമില്ല.)

  ഈ "വക്കാരിമിഷ്ടാ" എന്ന പേരു മാറ്റി "വര്‍ണ്ണ്യത്തിലാശങ്ക" എന്നാക്കിക്കൂടേ? അതു്‌ എല്ലായിടത്തും കേറി താങ്ങുന്നുണ്ടല്ലോ. ആകെ ശങ്കയും ആശങ്കയുമാണോ ജീവിതത്തില്‍? കുറഞ്ഞ പക്ഷം ബ്ലോഗിന്റെ പേരെങ്കിലും അതാക്കിക്കൂടേ?

  പിന്നെ, ഈ പോസ്റ്റിലൊരു ചെറിയ തെറ്റുണ്ടു്‌. അതു കൂടി പറഞ്ഞിട്ടാവാം ഈ കൃത്യത്തില്‍ നിന്നു വിരമിക്കുന്നതു്‌.

  ഇതിന്റെ തലക്കെട്ടു്‌ "ഉപമ" എന്നാണല്ലോ. "ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമതു്‌" എന്നു പറയുന്ന ഉപമ തന്നെയാണു്‌ ഉദ്ദേശിച്ചതു്‌, അല്ലേ. എന്നാല്‍ ഇതു്‌ ആ സാധനമല്ല.

  "ജപ്പാനിലെത്തിയ വക്കാരി നിലാവത്തു നടക്കുന്ന കോഴിയെപ്പോലെ ആണു്‌" എന്നു പറഞ്ഞാല്‍ അതു്‌ ഉപമ.

  "ജപ്പാനിലെത്തിയപ്പോള്‍ വക്കാരി ഒരു കോഴിയായിപ്പോയോ എന്നു തോന്നും" എന്നു പറഞ്ഞാല്‍ അതു്‌ ഉത്പ്രേക്ഷ..

  (ഉപമ യഥാര്‍ത്ഥമാണു്‌. ഉത്പ്രേക്ഷയില്‍ നടക്കാത്ത എന്തോ ഒന്നുണ്ടാവും. അതാണു്‌ അവ തമ്മിലുള്ള വ്യത്യാസം - അല്ലാതെ പോലെയും ശങ്കയും തമ്മിലുള്ള വ്യത്യാസമല്ല.)

  ഇവിടത്തെ അലങ്കാരം അതല്ല. "വക്കാരി വരെ ഇതു ചെയ്യും, കോഴിയുടെ കാര്യം പറയേണ്ടതില്ലല്ലോ" എന്നാണു വിവക്ഷിതം. ഈ സാധനത്തിനു്‌ "അര്‍ത്ഥാപത്തി" എന്നാണു പേരു്‌.

  അര്‍ത്ഥാപത്തിയതോ പിന്നെ-
  ച്ചൊല്ലാനില്ലെന്ന യുക്തിയാം


  എന്നു ലക്ഷണം.

  നിന്‍ മുഖം ചന്ദ്രനേ വെന്നു
  പത്മത്തിന്‍ കഥയെന്തുവാന്‍?


  എന്നു്‌ ഉദാഹരണം.

  ഇതിനെത്തന്നെ ദണ്ഡാപൂപന്യായം (ദണ്ഡം = കോല്‍, അപൂപം = അപ്പം) എന്നും പറയും. "അപ്പം കോര്‍ത്തു വെച്ചിരുന്ന കോല്‍ എലി കൊണ്ടുപോയി, അപ്പത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ" എന്നു വിവക്ഷ.

  തലക്കെട്ടു മാറ്റണോ, തലയിലുള്ളതു മാറ്റണോ എന്നു വക്കാരി തന്നെ തീരുമാനിച്ചുകൊള്ളൂ.

   
 11. At Tue Dec 20, 08:55:00 AM 2005, Blogger വക്കാരിമഷ്‌ടാ said...

  ഹെന്റമ്മോ....
  തലയിലുള്ളത് മാറ്റാൻ പറ്റുമായിരുന്നെങ്കിൽ എപ്പോ നോബൽ സമ്മാനം കിട്ടിയെന്ന് ചോദിച്ചാൽ മതിയെന്നുള്ളതുകൊണ്ട് തലേക്കെട്ട് എപ്പോ മാറ്റിയെന്നു ചോദിച്ചാൽ മതി. പക്ഷേ, പിന്നെയും ദേ ആശങ്ക (ജീവിതമാകപ്പാടെ ഉൽ‌പ്രേക്ഷമയം.. ആ ഒരു അലങ്കാരമിലായിരുന്നെങ്കിൽ....)

  1. “വക്കാരി വരെ ഇതു ചെയ്യും“ എന്നതിനേക്കാൾ വക്കാരിക്കു “പോലും” അതു ചെയ്യാമെങ്കിൽ പിന്നെ നിനെക്കെന്താടാ പുല്ലേ പ്രശ്നം എന്നതാണ് എന്റെ സ്ഥാനം. അതായത് നിലവാരോമീറ്ററിൽ വക്കാരിക്കുമുകളിലേ ബാക്കിയുള്ളവരെല്ലാമുള്ളൂ....ഈ “വക്കാരി വരെ” യും വക്കാരിക്കു പോലും” രണ്ടും ഒന്നാണോ, രണ്ടാണോ?

  2. ഉപമോൽ‌പ്രേക്ഷ എന്നൊരു സാധനമുണ്ടോ.. കാരണം, ജപ്പാനിലെത്തി നിലാവത്തഴിച്ചുവിട്ട കോഴിയേപ്പോലെ നടന്ന് നടന്ന് ഒരു കോഴിയായിപ്പോയോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.

  താങ്കളുടെ ശബ്ദം ഇതുവരെ കേൾക്കാൻ സാധിക്കാത്തതുകൊണ്ട് അത് യേശുദാസിനേക്കാളും ബെറ്ററാകാനേ തരമുള്ളൂ എന്നുറച്ച് വിശ്വസിക്കുന്നു. പക്ഷേ, താങ്കളുടെ പടങ്ങൾ കണ്ടതുകൊണ്ട് മമ്മൂട്ടിയാണോ താങ്കളാണോ കൂടുതൽ സ്മാർട്ടെന്ന് വർണ്ണ്യത്തിലാശങ്ക, ദേ പിന്നെയും.

  സമയക്കുറവാണെന്നറിയാം.. എങ്കിലും ബ്ലോഗുവാരഫലമൊന്ന് പുനർജ്ജീവിപ്പിച്ചുകൂടേ...എഴുത്തേതാ, തൊഴുത്തേതാ എന്ന ആശങ്കയുമായി നിലാവത്തഴിച്ചുവിട്ട കോഴിയേപ്പോലെ നടന്ന് നടന്ന് ഒരു കോഴിതന്നെയായിപ്പോയോ എന്ന പിന്നെയും ശങ്കിച്ചുനടക്കുന്ന എന്നേപ്പോലുള്ളവർക്ക് അതൊരു പ്രചോദനമാവില്ലേ എന്ന്....... ദേ പിന്നെയും ആശങ്ക

   
 12. At Wed Dec 21, 07:28:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  2004 ലെ പടമെടുത്ത് 2005ൽ ഇടുന്നവൻ, പണ്ടത്തെ പോസ്റ്റെടുത്ത് വീണ്ടുമിടുന്നവൻ... ഞാനത്തരക്കാരനൊന്നുമല്ലേ....

   

Post a Comment

Links to this post:

Create a Link

<< Home