ചരിത്രോൽപ്രേക്ഷ
നമ്മുടെ ചരിത്രമാണെന്നു തോന്നുന്നു, ഉൽപ്രേക്ഷയ്ക്ക് എറ്റവും പറ്റിയ ഒരു ഉദാഹരണം.
നമ്മുടെ ചരിത്രമെന്നു പറഞ്ഞാൽ നമ്മുടെ കഴിഞ്ഞൊരു കോമായോടുകൂടിയ ചരിത്രവുമാകാം (നമ്മുടെ, ചരിത്രം), നമ്മുടെ ചരിത്രമെന്ന് ഒരൊറ്റവാക്കിലൊതുക്കാവുന്ന ചരിത്രവുമാകാം (ഇന്ത്യാ ചരിത്രം). എല്ലാ ചരിത്രവും ഇങ്ങിനെയൊക്കെത്തന്നെയാണെന്നു തോന്നുന്നു.
മൊത്തം ആശങ്കയാണ് ഈ ചരിത്രങ്ങൾ വായിച്ചാൽ. അതുതാനല്ലിയോ ഇതും എന്നും അതല്ലല്ലോ ഇത് എന്നും ഇനി ഏതാണാവോ അത് എന്നുമെല്ലാമുള്ള ഉഗ്രൻ ആശങ്ക.
ഈ ചരിത്രാശങ്ക കൊല്ലങ്ങളായി എന്നെ ഇങ്ങിനെ വേട്ടായാടുന്നു. ടിപ്പു സുൽത്താൻ അടിപൊളി ടീമായിരുന്നു എന്നാണ് പണ്ട് പഠിച്ചത്. മൈസൂരൊക്കെ പോയി ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരെ വെള്ളം മുക്കിക്കൊന്ന സ്ഥലമൊക്കെ കണ്ട് (ബ്രിട്ടീഷുകാരെത്തന്നെയല്ല്ലേ) രോമഞ്ചം കൊണ്ടിട്ടുണ്ട്.
കുറെ കഴിഞ്ഞപ്പോൾ കേട്ടു, ഈ ടിപ്പ്വണ്ണൻ ആളത്ര നല്ലവനൊന്നുമല്ലായിരുന്നെന്ന്. നമ്മുടെ മലബാറിലൊക്കെ വന്ന് അണ്ണൻ കുറെ തോന്ന്യാസങ്ങളൊക്കെ കാണിച്ചിട്ടുണ്ടത്രേ... അപ്പം മൊത്തം കൺഫ്യൂഷനായി. കുറേപ്പേർ അടിപൊളിയെന്ന്........ വേറേ കുറേപ്പേർ അടിക്കടാ എന്ന്... അടിപൊളി ടീംസ് പറയുന്നത് കേട്ടാൽ അടിപൊളിയാണെന്നതിന് യാതൊരു സംശയുമില്ല. ഉൽപ്രേക്ഷയ്ക്ക് ഒരു സ്കോപ്പുമില്ലാതെയാണ് അവരുടെ വിവരണങ്ങൾ. എല്ലാം കേട്ട് തിരിച്ച് വീട്ടിൽ പോകുന്ന വഴിക്ക് കുറച്ച് അടിയടാ ടീംസിനെ കണ്ടാൽ എല്ലാം കുളമാകും. അവര് പറയുന്നത് കേട്ടാൽ “ശ്ശെടാ, ഈ ടിപ്പ്വണ്ണൻ ഇങ്ങിനത്തെ ടീമാ” എന്നു തോന്നിപ്പോകും.
“ഡേയ്, അവരവരുടെ രീതിയിൽ പറയും, ഇവരിവരുടെ രീതിയിൽ പറയും,രണ്ടും കേട്ടിട്ട് നീ തീരുമാനിക്ക് “എന്നൊരു മധ്യസ്ഥൻ പറഞ്ഞാൽ, നമ്മള് രണ്ടു രീതിയിലും പഠിച്ചിട്ടില്ലല്ലോ, സ്ക്കൂളില്. ആ രീതിയല്ലല്ലോ, നമ്മുടെ സ്ക്കൂളിലുള്ളത്. ഇനി ഇങ്ങിനത്തെ ഓരോ ചരിത്രത്തിനും നമ്മുടെ രീതിയിൽ പോയി ഗവേഷണം നടത്താൻ പറ്റുമോ, അതും പറ്റില്ല. ചരിത്രമല്ലല്ലോ നമ്മുടെ പണി, ഇതു വെറും ടൈം പാസല്ലേ. “നിനക്ക് വേറേ പണിയൊന്നുമില്ലേഡേ, നീ എന്തിനാ വെറുതെ ഇതൊക്കെ അന്വേഷിക്കാൻ പോണത്?” എന്നുള്ള സ്റ്റാൻഡാ ബെസ്റ്റെന്നു തോന്നും, ചിലപ്പോൾ. എന്നാലും ഇതൊക്കെ അറിഞ്ഞിരിക്കേണ്ടേ എന്നു തോന്നിയാൽ പിന്നെയും കുടുങ്ങി.
നമ്മുടെ നാട്ടിലെ ആംഗലേയ മലയാള പത്രമാസികകളെങ്ങാനും വായിച്ചാൽ കുടുങ്ങാൻ ഇതിൽപരം വേറൊന്നും വേണ്ട. ഇടതുപക്ഷാനുഭാവ പത്രങ്ങൾ വായിച്ചാൽ അവര് പറയുന്നതിനപ്പുറം ശരിയൊന്നുമില്ലാ എന്നു തോന്നും. ഇനി വലതുപക്ഷപ്പത്രങ്ങളായാലോ, കൺഫ്യൂഷന് പിന്നെ വേറൊന്നും വേണ്ട. ഹിന്ദുപ്പത്രം ഒന്നെങ്കിൽ ഹിന്ദുക്കളെപ്പറ്റി എഴുതണം, അല്ലെങ്കിൽ പേരുമാറ്റണം എന്നാണ് വലുതുപക്ഷത്തിന്റെ ഡിമാൻഡ്. ഹിന്ദു-ഫ്രണ്ട്‌ലൈനാണെങ്കിലോ, വലതുപക്ഷത്തെ കൊട്ടാൻ കിട്ടുന്ന ഒരവസരവും പാഴാക്കുന്നുമില്ല. ഇതിനിടയ്ക്ക് നിഷ്‌പക്ഷമാണെന്ന് വെച്ച് ഇന്ത്യൻ എക്സ്പ്രസ്സിലെ ഒരു വാർത്ത വായിച്ചു. നല്ല്ല ഒരു നിഷ്‌പക്ഷതയുടെ മണം കിട്ടിയതുകാരണം, റിപ്പോർട്ടറുടെ പേര് ഒരു ഗൂഗിൾ സേർച്ച് നടത്തി. മുന്നാമത്തെ സേർച്ച് റിസൾട്ട് തന്നെ കിടക്കുന്നു.... “both husband and wife are committed communists" !!
ഈയിടെ ബ്ലോഗുകളിൽ കണ്ട ഹാരപ്പയിലെ കുതിരയെപ്പറ്റി വായിച്ചപ്പോഴും ഉൽപ്രേക്ഷ ഓർമ്മ വന്നു. ഫ്രണ്ട്‌ലൈനിലെ ഒന്നു രണ്ടു ലേഖനങ്ങൾ വായിച്ചപ്പോൾ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു സംശയവും തോന്നിയില്ല. നമ്മുടെ ചരിത്രത്തെ വളച്ചൊടിച്ച് കുളമാക്കിയവരോട് എന്തെന്നില്ലാത്ത ദേഷ്യവും തോന്നി. പക്ഷേ ഗൂഗിൾ എന്നൊരു സാധനം ഉള്ളിടത്തോളം കാലം മനുഷ്യന് കൺഫ്യൂഷനും കാണുമെന്നുള്ള ഭൂലോകസത്യം നിലവിലുള്ള കാരണം, ഒരു ഗൂഗിൾ സേർച്ച് നടത്തി എല്ലാം കുളമാക്കി.
ഹാരപ്പയിൽ കുതിരയുണ്ടായിരുന്നെന്നും, ഇല്ലായിരുന്നെന്നും, ഉണ്ടായിരുന്നത് കുതിരയല്ല, ഒട്ടകമായിരുന്നുവെന്നും അങ്ങിനെ ഒന്നും പറയേണ്ട. കുതിരയുണ്ടായിരുന്നുവെന്ന് പറഞ്ഞവരൊക്കെ ഏതു തരക്കാരാണെന്ന് ഞങ്ങൾക്കറിയാമെന്ന മട്ടിൽ കുതിര ഇല്ലെന്ന് പറഞ്ഞവർ. അവിടെ കുതിര ഇല്ലായിരുന്നുവെന്ന് പറഞ്ഞവർക്ക് അങ്ങിനെ പറയാൻ പോലും എന്തവകാശമെന്ന മട്ടിൽ എതിർകക്ഷികൾ. അങ്ങോട്ടുമിങ്ങോട്ടുമുള്ള വാദപ്രതിവാദങ്ങൾ ധാരാളം. കുതിരയില്ലെന്നു പറഞ്ഞ ഒരണ്ണൻ, വേറേതോ കാര്യത്തിന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ മാലോകരെ മുഴുവൻ വെല്ലും വിളിച്ചിരിക്കുന്നു. “ബെറ്റുവെക്കാനുണ്ടോഡേ” എന്ന മട്ടിൽ... ആകപ്പാടെ ബഹു രസം. പക്ഷേ സത്യമേതാണ്?
..............ആവൂ, ആർക്കറിയാം?
ഈ ഹാരപ്പയുടെ കാര്യം തന്നെയെടുത്താൽ, ഹിന്ദുവും ഫ്രണ്ട്‌ലൈനും മാത്രം വായിച്ചുകൊണ്ടിരുന്നാൽ കുതിരയുണ്ട് എന്നുള്ള കാര്യം ഒരു കാരണവശാലും വിശ്വസിച്ചുപോയേക്കരുതേ എന്നുള്ള കുതിരയില്ലാക്കാര്യം മാത്രമല്ലേ മാലോകരറിയൂ ? (പക്ഷേ, ഗൂഗിളിൽ തപ്പിതപ്പി ചെന്നപ്പോൾ കുതിരയില്ലാത്തവരെ ഖണ്ഡിച്ചുകൊണ്ടുള്ള ലേഖനവും ഹിന്ദുവിൽത്തന്നെ കണ്ടു). ഇനി കുതിരക്കാരുടെ ലേഖനങ്ങൾ മാത്രം വായിക്കുന്നവർ, കുതിരയില്ലാ എന്നുള്ള വാദഗതിയും നിലവിലുണ്ട് എന്നുള്ള കാര്യം എന്നെങ്കിലും അറിയുമോ. ഗൂഗിൾ ഉള്ളതുകാരണം ഇതിനെപ്പറ്റിയൊക്കെ അഭിപ്രായം പറയുന്നവരുടെ ഭൂതകാലത്തെപ്പറ്റിയും, ഭൂമിശാസ്ത്രത്തെപ്പറ്റിയുമൊക്കെ ഒരു ചെറിയ ഐഡിയാ കിട്ടും.
കണക്കന്റെ ബ്ലോഗ് വായിച്ചപ്പോൾ അമർത്യാ സെന്നും കുതിരക്കാര്യത്തെപ്പറ്റി പറഞ്ഞിരിക്കുന്നു എന്നു കണ്ടു. അമർത്യാ സെന്നല്ലേ, നോബൽ പ്രൈസല്ലേ എന്നൊക്കെ ഓർത്ത് കണക്കൻ കൊടുത്ത ലിങ്കിൽ ക്ലിക്കി വായന തുടങ്ങി. (നോബൽ പ്രൈസ് എന്നെങ്കിലും എനിക്ക് കിട്ടുകയാണെങ്കിൽ അടിപൊളിയാണ്. അത്രയും കാലം വരെ എനിക്കെന്തോ ചെറിയൊരു അസ്കിത അതിനോടുണ്ട്, സമാധാനത്തിന്റെ കാര്യത്തിൽ മാത്രം. ഒരു കല്ലുപോലും എറിയാതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിച്ചുതന്ന മഹാത്മാഗാന്ധിക്ക് “കലക്കീട്ടോ, ഇന്നാ പിടിച്ചോ” എന്നുപറഞ്ഞ് ഒരു സമ്മാനം കൊടുക്കാതെ, അടീം, ഇടീം, വെടീം, കുത്തും, തൊഴീമെല്ലാം കുലത്തൊഴിലാക്കിയ ചില അണ്ണന്മാർക്ക് “സമാധാന” സമ്മാനം കൊടുത്താദരിക്കുന്നവരല്ലേ, ഈ നോബലുകാര്.).
അമരത്തണ്ണന്റെ പുസ്തകത്തെപ്പറ്റിയുള്ള വിവരണമാണ് ലിങ്കിൽ. വായിച്ചു വായിച്ചു വന്നപ്പോൾ നോബോളുകിട്ടിയ നായിപ്പൂളണ്ണൻ പറയുന്നതിന് വിപരീതമായിട്ടാണത്രേ അമരത്തണ്ണൻ പറയണതെന്ന്. കൺഫ്യൂഷന് ഇനി വേറേ വല്ലതും വേണോ. അൿബർ അടിപൊളി ടീമെന്ന് അമരത്തണ്ണൻ. ഇന്ത്യയെ മുടിപ്പിച്ചവന്മാരാണ് മുഗളന്മാരെന്ന് നായിപ്പൂളണ്ണൻ. ആരു പറയുന്നതാണ് ശരി?
................ ആവൂ, ആർക്കറിയാം?
ഒരാളെങ്കിലും നോബോളെറിഞ്ഞില്ലായിരുന്നെങ്കിൽ നോബോളിന്റെ ആനുകൂല്ല്യത്തിൽ ഔട്ട് വിളിക്കാതിരിക്കാമായിരുന്നു. ഇതിപ്പോ രണ്ടുപേരും നോബോളെറിഞ്ഞു; അല്ല രണ്ടുപേർക്കും നോബോളുണ്ട്.
നമ്മളെ സ്കൂളിൽ ഈ ചരിത്രമൊക്കെ പഠിപ്പിക്കുമ്പോൾ ഇങ്ങിനത്തെ രണ്ടു വാദഗതികളുള്ള സംഗതികളാണെങ്കിൽ, നമ്മൾ പഠിക്കുന്നതൊക്കെ ശരിയായ കാര്യങ്ങളായിരിക്കുമോ? (പിന്നെയും, ആവൂ, ആർക്കറിയാം). അതെങ്ങിനെയാ, ശരിയായിട്ടുള്ള കാര്യം പഠിക്കട്ടേ എന്നുവെച്ചാണോ പുസ്തകക്കമ്മറ്റിക്കാര് ഈ പുസ്തകങ്ങളൊക്കെ പടച്ചു വിടുന്നത്? മന്ത്രിസഭ മാറുമ്പോൾ മാറുന്ന ചരിത്രമല്ലേ നമ്മുടെ ചരിത്രം. ഉൽപ്രേക്ഷയ്ക്കിനിയെന്തുവേണം!!!
ഭാവിയിൽ ഈ ഹാരപ്പക്കുതിരച്ചരിത്രം സ്കൂളിൽ പഠിപ്പിക്കുകയാണെങ്കിൽ, കുട്ടികളേ, ഈ ചരിത്രത്തിന് അങ്ങിനെയും ഇങ്ങിനെയും വാദഗതികളുണ്ടു കേട്ടോ, അതുകൊണ്ട് നിങ്ങൾ രണ്ടും പഠി എന്നു പറഞ്ഞ് രണ്ടു വാദങ്ങളും പഠിക്കാൻ കൊടുത്തിരുന്നെങ്കിലോ. പരീക്ഷ വരുമ്പോൾ ഹാരപ്പയെപ്പറ്റിയുള്ള രണ്ടു വാദങ്ങളും ഒരോ പുറത്തിൽ കവിയാതെ ഉപന്യസിച്ചിട്ട് (ഒരു പുറത്തിൽ കവിയാതെയുള്ള ഉപന്യാസത്തിന്റെ കാര്യം പറഞ്ഞപ്പോൾ തോമസ് പാലായുടെ പള്ളിക്കൂടം കഥകൾ ഓർമ്മ വരുന്നു..... നമുക്കെല്ലാം ഒരു പുറമുണ്ട്, പുറം ഒന്നിൽ കവിഞ്ഞാൽ ആകെ പ്രശ്നമാണ്.....രണ്ടു പുറമുള്ള ഒരാൾക്ക് പുറം ചൊറിയണമെന്നു തോന്നിയാലുള്ള പ്രശ്നങ്ങൾ അതിഭീകരമാണ്.........) നിങ്ങൾ നിങ്ങളുടെ അഭിപ്രായം അരപ്പുറത്തിൽ ഉപന്യസിക്കുക എന്നു പറഞ്ഞിരുന്നെങ്കിലോ? കുട്ടി കുട്ടിയുടേതായ അഭിപ്രായമൊക്കെ ഉണ്ടാക്കി എഴുതുമോ? അങ്ങിനെയാണെങ്കിൽ എങ്ങിനെ മാർക്കിടും? ചരിത്രത്തിനോ അതോ അത് കുട്ടി അവതരിപ്പിച്ച രീതിക്കോ, അതോ....
..............ആവൂ, ആർക്കറിയാം?
വിവരസാങ്കേതികവിദ്യയൊക്കെ വളർന്ന് വികസിച്ച് ഗൂഗിൾ ഉണ്ടായതുകൂടി വേണമെന്നുള്ളവർക്ക് കുറഞ്ഞപക്ഷം ഈ ചരിത്രങ്ങളിലൊക്കെ എന്തെങ്കിലും തർക്കങ്ങളുണ്ടോ എന്നു നോക്കാൻ സൌകര്യമായി. മാത്രമല്ല വലിയ വെയിറ്റൊക്കെ ഇട്ട് ചരിത്രം പറയുന്ന അണ്ണന്മാരുടെ യഥാർത്ഥ നിലപാടുകളെപ്പറ്റിയുള്ള ഒരേകദേശ ധാരണയും ഗൂഗിൾ വഴി ചിലപ്പോൾ കിട്ടും. പക്ഷേ സത്യം മാത്രം അന്വേഷിക്കാൻ നിൽക്കരുത്. കൺഫ്യൂഷനാകാൻ വേറൊരു കാര്യവും വേണ്ട.
ഏറ്റവും സങ്കടകരമായ വസ്തുത, ഈ ചരിത്രമെന്നു പറയുന്ന കാര്യം സത്യമാണെന്നുള്ളതാണ്. പക്ഷേ ആ സത്യം നടന്ന കാലത്തുമാത്രമേ അതിനെ യഥാർത്ഥ രീതിയിൽ ആൾക്കാർ അറിയുന്നുള്ളൂ എന്നാണ് തോന്നുന്നത്. കാലം ചെല്ലുന്തോറും ആ സത്യത്തിൽ വെള്ളം ചേർന്നുകൊണ്ടിരിക്കും. കുറെ കഴിയുമ്പോൾ അത് സത്യം തന്നെയാണോ എന്ന് വർണ്ണ്യത്തിലാശങ്ക ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും ചില ചരിത്രകാരന്മാർ.
ഒന്നുകിൽ സത്യം പഠിപ്പിക്കുക, അല്ലെങ്കിൽ പഠിപ്പിക്കാതിരിക്കുക എന്നുള്ള സിമ്പിൾ ലോജിക്കിറക്കിയാൽ പഠിച്ച് ചരിത്രത്തിൽ പി.എച്ച്.ഡിയൊക്കെ എടുത്ത വലിയ വലിയ ആൾക്കാർ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വരും. ഏതായാലും ചരിത്രത്തിൽ ഗവേഷണം നടത്തുന്നവരെ ഞാൻ നമിക്കുന്നു. ഒന്നോ രണ്ടോ ചരിത്ര സത്യങ്ങൾ തേടി കസേരയിൽ ചാരിയിരുന്ന് വെറുതേ ഒരു ഗൂഗിൾ സേർച്ച് നടത്തിയ എന്റെ അവസ്ഥ ഇതാണെങ്കിൽ മൂന്നുനാലുകൊല്ലം ഈ സേർച്ച് തന്നെ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷകരേ, നിങ്ങൾക്ക് സ്തുതി. അവസാനം, അയാൾ കഥ എഴുതുകയാണിൽ ലാലേട്ടൻ പറഞ്ഞതുപോലെ “എഴുതി വെച്ചിരിക്കുന്നതൊക്കെ സത്യമാകണമെന്നുണ്ടോ............? ഉദാഹരണത്തിന് എന്റെ കഥാപാത്രങ്ങൾ, എല്ലാം വെറും ഭാവന, ഭാവന മാത്രം” എന്ന അവസ്ഥയാകും. ഗൂഗിൾ അഡിക്ടായ അണ്ണന്മാർക്കും ഈ ചൊല്ല് ബാധകമാണ്.
അതുകൊണ്ട് ഞാൻ മനസ്സിലാക്കിയ ചരിത്രസത്യങ്ങൾ.
1. ചരിത്രസത്യം അന്വേഷിച്ച് മിനക്കെടാതിരിക്കുക. നിഷ്‌പക്ഷനാകുക വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അതിന് ഈ വാദഗതികളെല്ലാം വളരെ കൂലംകക്ഷമായി പഠിച്ച് അപഗ്രഥിച്ച് പിന്നെ നമ്മുടേതായ ഒരു അഭിപ്രായമൊക്കെ രൂപപ്പെടുത്തിയെടുത്ത്.... അയ്യോ വലിയ പാട് (അപഗ്രധനമാണോ അപഗ്രഥനമാണോ വേറേ വല്ലതുമാണോ-ആവൂ, ആർക്കറിയാം).ആകപ്പാടെ ചെയ്യാവുന്നത് ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ കൂടെ കൂടുക. അവർ പറയുന്നത് മാത്രം കേൾക്കുക. മറ്റുള്ളവരെ പറ്റുകയാണെങ്കിൽ ഓടിക്കുക; അല്ലെങ്കിൽ ഓടുക.
2. ചരിത്രത്തിൽ ഗൂഗിളാന്വേഷണം നടത്താതിരിക്കുക. കൺഫ്യൂഷനാകും.
3 (a) . പല ചരിത്ര സത്യാന്വേഷണങ്ങളും അവസാനം ചെന്നെത്തിനിൽക്കുന്നത് ഒരുത്തരത്തിലാണ്....
..............ആവൂ.............. ആർക്കറിയാം?? (അതെ, ചോദ്യചിഹ്‌നത്തോടുകൂടിയ ഒരുത്തരം).
3 (b) . “വേറേ പണിയൊന്നുമില്ലേഡേ..... പോയിക്കിടന്നുറങ്ങഡേ..........”
“................... ഓ ശരി”
29 Comments:
3(a) ആണ് കൂടുതല്‍ സംതൃപ്തി തരുന്നത്. ച്ചാല്‍ അങ്ങിനെ റാന്‍ മൂളി ഉറങ്ങാന്‍ ഭാവമില്ലെന്ന്. ഇങ്ങിനെ സത്യമന്വേഷിച്ചലയുന്നത് നമ്മുടെ പൈതൃകമെന്നാണ്( അതോ മാതൃകമോ) അമര്‍ത്യന്‍ മേല്‍പ്പറഞ്ഞ പുസ്തകത്തില്‍ ഉല്‍ഘോഷിക്കുന്നത്.
ആവൂ ആര്‍ക്കറിയാം എന്നത് ഋഗ്വേദത്തിലുണ്ടെന്ന് അമര്‍ത്യന്‍ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇതു ജീന്‍സിലുള്ളതാണ്. അങ്ങിനെയങ്ങ് കഴുകിക്കളയാമെന്നു മോഹിക്കണ്ട.
നാമാരുമറിയാതെ സത്യം എന്നും ഈ വഴിയിലൂടെ നടന്നുപോയ്ക്കൊണ്ടിരിക്കുന്നു....
കാറ്റുപോലെ...
പുകമഞ്ഞുപോലെ...
നാമൊരിക്കലുമറിയാതെ...
സത്യം ദൈവത്തിന്റെ വഴിയിലൂടെ നടന്നുപോയ്ക്കൊണ്ടിരിക്കുന്നു...
:)
എതു വർഷമാണെന്നറിയില്ല. കെ എം മാണി ഒരു ബജറ്റ് അവതരിപ്പിച്ചു. മിച്ചബജറ്റെന്ന് കരുണാകരൻ. കുറേപ്പേർ അതു പരിശോധിച്ചു ശരിവച്ചു. കമ്മി ബജറ്റെന്ന് നായനാർ . കുറേപ്പേർ അതു ശരിവച്ചു. മിച്ചമായിരുന്നോ അതോ കമ്മിയായിരുന്നോ. പടച്ച തമ്പുരാനു മാത്രമറിയാമ്. ചരിത്രമെഴുത്ത് അതുപോലൊരു മിച്ചക്കമ്മിക്കുമ്മി. ആകെ ഒരു കാര്യം മാത്രമെനിക്കു മനസ്സിലായി. ചരിത്രമെന്നാൽ മിക്കവാറും തമിഴു സിനിമ പോലെ: കുറെ വെറുതെ ആളുകളിച്ച സ്റ്റണ്ട്, ആര്യന്റെ, ദ്രാവിഡ്ന്റെ സൊറാസ്റ്ററുടെ, സീസറിന്റെ, സിറ്റിങ് ബുള്ളിന്റെ. പിന്നെ ഡൂയറ്റ് മുംതാസ് മഹലിന്റെയും അനശ്വര പ്രണയം ചരിത്രത്തിൽ കാണും. ക്രേയിനും മാങ്ങാത്തൊലിയും ഇല്ലാതിരുന്ന കാലത്ത് കൂറ്റൻ മാർബിൾ പൊക്കാൻ ശ്രമിച്ച് ചതഞു മരിച്ചുപോയ ആയിരം അടിമകളുടെ കഥ കാണില്ല. അവരുടെ കഥ എന്താണിത്ര പറയാൻ? അതെല്ലാക്കാലത്തും ഒന്നു തന്നെ, എല്ലാ നാട്ടിലും.
നാട്ടിൽ ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് ശമ്പളം പരിഷ്കരിച്ചപ്പോ മാനോജരമ്മാറ്ക്കും അതിനു മുകളിലോട്ടും മാത്രമാണു കൂടിയത്. ചീഫ് അക്കൌണ്ടന്റ് കിണി സാറിന്റെ പ്രതികരണം.
“ത്രീ പീസ് സ്യൂട്ടിന്റെ ഫാഷൻ ഓരോ 6 മാസത്തിലും മാറും. കോണകത്തിന്റെ ഫാഷൻ കഴിഞ്ഞ 10000 വർഷമായി മാറിയിട്ടില്ല.“ ലോകമങ്ങനെയാ. കിരീടത്തിന്റെയും പനീരിൽ മാത്രം കുളിക്കുന്ന അപ്സരസ്സിറ്റേതുമല്ലാതെ കോണകത്തിന്റെ കഥ ആരും ചരിത്രമാക്കിയിട്ടില്ല. വായിക്കാൻ ആളുകൾക്ക് താല്പര്യവും കാണില്ല.
ദേവാ,താജ്‌മഹലിനെ കുറിച്ച് ഇതു കൂടി
ye chamanazaar ye jamunaa kaa kinaaraa ye mahal
ye munaqqash dar-o-diivaar, ye maharaab ye taaq
ik shahanashaah ne daulat kaa sahaaraa le kar
ham Gariibon kii muhabbat kaa uDaayaa hai mazaak
(യമുനാ തീരത്ത് പൂന്തോട്ടത്തോടു കൂടിയതും അലങ്കരിച്ച ചുമരുകളും വാതിലുകളുമുള്ള ഈ ശവ കുടീരം പാവപ്പെട്ടവന്റെ പ്രണയത്തെ പരിഹസിക്കലാണ് എന്നു സാരം)
ചിലപ്പോള്‍ മൌനം സാക്ഷിക്കും ഭൂഷണം.
നന്ദി, തുളസി.
ഹിന്ദിയറിയാത്തകാരണം അതുപോലത്തെ കവിതകളൊക്കെ എനിക്ക് തുളസിയെപ്പോലെ ആരെൻകിലും പറയുമ്പോഴേ മനസ്സിലാവൂ. (പക്ഷേ ഹിന്ദി സിനിമ കണ്ടു മനസ്സിലാക്കാൻ ഒന്നുമറിയണ്ടാ :))
ആവൂ ആർക്കറിയാം പലപോഴും മനഃസമാധാനം നൽകുന്ന ഒരു കാര്യമാണെന്നു തോന്നുന്നു. ഈ ചരിത്രം പറയുന്നവർ അതിന്റെ എല്ലാ വശങ്ങളും എല്ലായ്പ്പോഴും പറയേണ്ടതല്ലേ എന്ന് വർണ്ണ്യത്തിലാശങ്ക...
വിശ്വപ്രഭോ.. ഒരു ഫിലോമിനായേയും സോഫിയേയും ഞാനവിടെ കാണുന്നു... :))
നന്ദി സൂ, ഈ ജല്പനങ്ങൾ വായിച്ചതിന്. പുതിയ കഥയും അടിപൊളി കേട്ടോ..
ദേവരാഗമേ, കോണകത്തിന്റെ ആ എക്സാമ്പിൾ ഉഗ്രനായി. ശരിയാ, അവനവന് വേണ്ടത് കിട്ടിയാൽ പലരും ഹാപ്പിയായി, അത് സത്യമായാലും അർദ്ധസത്യമായാലും നുണയായാലും. അതുപോലെ വിളമ്പാൻ ആൾക്കാരുമുണ്ട്. എല്ലാവരും അങ്ങിനെയാണെന്നല്ല കേട്ടോ. പക്ഷേ, പതിര് എല്ലാ മേഖലയിലുമുണ്ടല്ലോ.
തുളസീ.. അതിന്റെ പരിഭാഷ തന്നത് വളരെ നന്നായി. അർത്ഥവത്തായ ഒരു ശകലം.
സാക്ഷീ.. എന്തെങ്കിലുമൊക്കെ പറയെന്നേ..
വായിച്ച് ഞാനും കൺഫൂഷനായി.
വക്കാരി പറഞ്ഞത് ശരിയാ...
Balance Sheetന്റെ കൂടെ വരുന്ന Profit and Loss Statementനെ interpret ചെയ്ത് Profitനെ Lossആയും Lossനെ Profitആയുമൊക്കെ മാറ്റി മറിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്!
ലോകം!
സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ, ചരിത്രം ഐശ്ചിക വിഷയമായിരുന്നില്ലെനിക്ക്. ബാക്കിയുള്ള വിഷയങ്ങളിലൊക്കെ ഭയങ്കര പുലിയായിരുന്നെന്ന ഒരു ധ്വനി ഇപ്പറഞ്ഞ സ്റ്റേയ്റ്റുമെന്റിനുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്.
ഇംഗ്ലീഷ് സെക്കന്റും ഹിന്ദി സെക്കന്റും പോലെ ഒരു കൊല്ലം 'പഠിച്ചിട്ടും' ഒരനക്കവും തട്ടാത്തെ പുസ്തകം ആയിരുന്നു ഇന്ത്യാ ചരിത്രം എന്ന പുസ്തകവും. അതുകൊണ്ട്, പിറ്റേക്കൊല്ലം വിറ്റപ്പോ ഡിപ്രീസിയേഷൻ അധികം വന്നില്ല.
അക്ബർ, ബാബർ, ഔറംഗസീബ്, ഷാജഹാൻ, തുടങ്ങിയ പേരുകൾ ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും ഇതിൽ അപ്പനാര് മോനാര് അളിയനാര് മരുമോനാര് എന്നൊന്നും എനിക്കീയടുത്തുവരെ അറിയില്ലായിരുന്നു.
എന്തായാലും ഇവരെയൊക്കെയൊന്നു പരിചയപ്പെട്ടീട്ടേയുള്ളൂവെന്ന തീരുമാനത്തിൽ പ്രീഡിക്കാരുടെ ഒരു ഇന്ത്യാ ചരിത്രം വാങ്ങി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ.
മനുഷ്യനെ വലയ്ക്കാൻ മാത്രമാണ് ചരിത്രം, ഭൂമിശാസ്ത്രം, സിവിക്സ് എന്നിങ്ങനെയുള്ള വിഷയങ്ങളിറക്കി വിട്ടിരിക്കുന്നതെന്ന് തോന്നുമായിരുന്നു. ചരിത്രത്തിന്റെ കാര്യത്തിൽ ഇപ്പോഴും ചിലപ്പോൾ ഇങ്ങിനെ തോന്നാറുമുണ്ട് പണ്ട് കാലത്ത് അവരത് ചെയ്തു, മറ്റേത് ചെയ്തു, വെല്ലസ്ലി പ്രഭു കണ്ടത്തിൽ പോയി, ആരാണ്ടോടൊക്കെ യുദ്ധം ചെയ്തു എന്നൊക്കെ ഞാൻ പഠിച്ചിട്ട് എന്നാത്തിനാ എന്നതായിരുന്നു നമ്മുടെ വാദം.
ഇന്നത്തെ കാലത്ത് നമുക്ക് വല്ലതും ഞണ്ണാൻ വകയുണ്ടോ എന്നതല്ലേ കാര്യം?
പുരാതന കാലത്ത് നമ്മുടെ നഗരികളിലൂടെ തേനും പാലും ഒഴുകിയിരിക്കാം - പട്ടിണികിടന്നുറങ്ങുന്ന പാവങ്ങൾ, അധഃകൃത്രർ - ഇവരുടെ കാര്യമെന്തേ ചരിത്രത്തിന്റെ മുന്നിലെ ഏടുകളിൽ കാണാതെ പോയി?
പണ്ടതുണ്ടായിരുന്നു, മറ്റേതുണ്ടായിരുന്നു എന്നൊക്കെ പഠിപ്പിക്കുന്നതിനു കൂടെ ഹിസ്റ്ററി ക്ലാസ്സിൽ വേറൊരു പരിപാടിയുണ്ടായിരുന്നു - ആധുനിക ലോകത്തിന്റേതായ ഏത് സംഭാവനയും - ഇത് പണ്ട് ഭാരതത്തിലും ഉണ്ടായിരുന്നു എന്നാക്കൽ. ഉദാഹരണം: icbm ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ: പുരാണ്കാലത്ത് അടരാടവെ നമ്മുടെ ഇതിഹാസങ്ങളിലെ വീര-ധീര പുരുഷന്മാർ തുടരെ തുടരെ തൊടുത്ത് വിട്ടിരുന്നത് icbm-നെക്കാൾ കരുത്തും കൃത്യതയേറിയതുമായിരുന്നത്രെ - ആഫ്റ്റർ ഓൾ, മന്ത്രധ്വനികളുടെ കൃത്യതയോട് കിടപിടിക്കാൻ ആധുനിക ലോകത്തിനാകുമോ?
ന്റെ ഉപ്പൂപ്പാന്റെ വല്യ വല്യ... വല്യ ഉപ്പൂപ്പാമാരെല്ലം ആനക്കാരായിരുന്നു എന്ന് പറയുന്ന പോലെ.
ചരിത്രം വേണം - മനുഷ്യന്റെ പുരോഗതിയുടെ ഭാഗമായി അതിനെ കാണണമെന്നല്ലാതെ അതിന്റെ തലനാരിഴ കീറി പരിശോധിക്കാൻ മിനക്കെടണോ?
ഊറ്റം കൊള്ളാനുള്ള വകകളൊന്നും ഒരു രാജ്യത്തിന്റെ ചരിത്രത്തിനില്ല. അനീതിയും വിവേഷനവുമില്ലാത്ത ലോകം - നമുക്കത് ഇന്നുമില്ല - പിന്നെ പണ്ടത്തെ കാര്യം പറയണോ? പക്ഷെ, പേരിനെങ്കിലും, എല്ലാവരും നിയമത്തിന് മുൻപിൽ തുല്ല്യരെന്ന സ്ഥിതി ഇന്നത്തെ സ്ഥിതിവിശേഷം മാത്രമാണ്. എന്തു കൊണ്ടും, വർത്തമാനകാലമാണ് എന്തിനേക്കാളും നല്ലത്.
അതല്ലേ കണ്ണിനു പകരം കണ്ണെന്നും മറ്റും പറഞ്ഞ് നടക്കുന്നു അറബികളും, നമ്മുടെ ബീഹാറികളും ഒക്കെ മുന്നിൽ വന്ന് നിന്ന് ഞങ്ങൾ പണ്ടതായിരുന്നു, ഇതായിരുന്നു എന്നൊക്കെ പറയുമ്പോൾ ആപാദചൂഢമയാളെ നോക്കിയശേഷം മനസ്സിലുണ്ടാവുന്ന പുച്ഛത്തിന് കാരണം - പണ്ട് നിനക്കെന്തുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടെന്താ-- ഇന്ന് എന്തുണ്ട്? എന്തുമാത്രം വിവരമുണ്ട്? നിന്റെ സമൂഹത്തിന്റെ സുതാര്യതയെന്താണ്?
ചരിത്രം അളവുകോലാകുന്നതാണ് പ്രശ്നം. വർത്തമാനമാണ് അളവുകോലാകേണ്ടത്.
ചരിത്രത്തെ അങ്ങിനെ തള്ളിക്കളയാന്‍ പറ്റില്ല. ഒന്നുമില്ലെങ്കില്‍ പൂര്‍വികര്‍ക്ക് കാണിച്ച അബദ്ധങ്ങള്‍ എന്തെന്നറിയുകയും അത്തരം ബുദ്ധിമോശങ്ങള്‍ ആവര്‍ത്തിക്കാതിരികയും വേണം. ഈ പുത്തകം വായിക്കുന്നതു വരെ എനിക്കും ഏതാണ്ട് ഏവൂരാന്റെ അഭിപ്രായമായിരുന്നു.
സൂരജ് പറഞ്ഞതുപോലെ, ചരിത്രത്തെ അങ്ങിനെ തള്ളിക്കളയാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. പഠിക്കുന്ന കാലത്ത് എനിക്കും ഏവൂരാന്റെ ഒരു ചിന്താഗതി ആയിരുന്നു. പക്ഷേ പിന്നെപ്പിന്നെ അത് മാറിമാറി വന്നു. സായിപ്പന്മാരൊക്കെ ഇപ്പോഴും എവിടെയും പോയി നെഞ്ചുവിരിച്ച് നിൽക്കുന്നതിന്റെയും, അവർക്കുള്ള കോൺഫിഡൻസിന്റെയും ഒരു കാരണം, “ഞങ്ങൾ പണ്ടേ അടിപൊളിയായിരുന്നു” എന്ന് അവരുടെ ഉള്ളിന്റെ ഉള്ളിലുള്ള ഒരു തോന്നലാണെന്നു തോന്നുന്നു. നമ്മൾ സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്നതിനു കാരണവും മറ്റൊന്നല്ല എന്നാണ് തോന്നുന്നത്. കാരണം, നമ്മൾ പഠിച്ചിരിക്കുന്ന ചരിത്രം മുഴുവൻ, മുഗളന്മാർ നമ്മളെ അടിച്ചൊതുക്കി, ബ്രിട്ടീഷുകാർ നമ്മളെ അടിച്ചൊതുക്കി. നമ്മക്ക് ഇപ്പോളുള്ളതുമുഴുവൻ മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും സംഭാവന എന്നൊക്കെയല്ലേ. ഈ ഒരു അടിച്ചൊതുക്കൽ തോന്നൽ നമ്മുടെ ഉപബോധമനസ്സിൽ കിടക്കുമ്പോൽ സായിപ്പിനെയൊക്കെ കാണുമ്പോൾ നമ്മൽ കവാത്തൊക്കെ മറക്കാൻ തുടങ്ങും.
അതേ സമയം “ഡേയ്, ഞങ്ങൾ പണ്ട് നിങ്ങളുണ്ടാക്കിഉഅതിനെക്കാളും കൃത്യതയുള്ള മിസ്സൈലൊക്കെ വിട്ട ടീംസായിരുന്നഡേ” എന്നുള്ള ഒരു തോന്നൽ ഉള്ളിന്റെയുള്ളിൽ ഉണ്ടെങ്കിൽ (ഉള്ളിന്റെയുള്ളിൽ മതി) ഈ സായിപ്പിന്റെയൊക്കെ മുമ്പിൽ നെഞ്ചും വിരിച്ച് കവാത്തു മറക്കാതെ നമ്മക്ക് നിൽക്കാൻ വയ്യേ?
ഇപ്പോൾ നമ്മൾ കവാത്തൊക്കെ കമ്പ്ലീറ്റ് മറക്കാതിരിക്കാൻ കാരണം, നമ്മൾ പഠിച്ചതിന്റെയും അപ്പുറം, കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയതുകൊണ്ടുകൂടിയാണെന്നു തോന്നുന്നു.
കുറച്ചൊക്കെ നാഷണലിസം വേണമെന്നാണ് തോന്നുന്നത്. പക്ഷേ അത് അപകടകരമായ ലെവലിൽ പോയി ഏതവനെയും അടിക്കുന്ന ഒരു നിലയിലാവരുതെന്ന് മാത്രം. ഇപ്പോഴാണെങ്കിലും ഏതെങ്കിലും രണ്ട് രാജ്യങ്ങളെപ്പറ്റിയുള്ള സംവാദങ്ങളിൽ പലപ്പോഴും ആൾക്കാർ അവരുടെ ചരിത്രങ്ങളെയും അവരുടെ പഴയ സംഭാവനകളെയും പറ്റി ഘോരഘോരം പ്രസംഗിക്കുന്നത് കാണാം. പക്ഷേ നമ്മളിൽ പലർക്കും നമ്മുടെ രാജ്യത്തിന്റെ സംഭാവനകളെപ്പറ്റി വലിയ പിടിപാടൊന്നുമില്ലാ എന്ന് തോന്നുന്നു. നമ്മളും അടിപൊളിയായിരുന്നു എന്ന തോന്നൽ നമുക്ക് വളരെ ആത്മവിശ്വാസം നല്കുന്ന ഒരു കാര്യമല്ലേ എന്നു വർണ്ണ്യത്തിലാശങ്ക. പക്ഷേ ആത്മവിശ്വാസം അധികമാകരുതെന്നു മാത്രം. ഏവൂരാൻ പറഞ്ഞതുപോലെ, ചരിത്രം മാത്രം വിളമ്പിയാൽ കാര്യം നടക്കൂല്ല. പക്ഷേ, സൂരജ് പറഞ്ഞതുപോലെ, നമുക്കെന്തായിരുന്നു പറ്റിയത്, ഇനി അങ്ങിനെ പറ്റാതിരിക്കാൻ എന്തു ചെയ്യാം എന്നൊക്കെ അറിയാൻ, ചരിത്രമറിയണം. പക്ഷേ, ശരിയായ ചരിത്രമല്ല അറിയുന്നതെങ്കിൽ കുടുങ്ങി.
ചരിത്രം വേണമെന്നു തന്നെയാണ് തോന്നുന്നത്. പക്ഷേ ഒരു ചരിത്രത്തിന് പല വശങ്ങളുണ്ടെങ്കിൽ ആ എല്ലാ വശങ്ങളെയും പറ്റി ആൾക്കാരോടു പറയണം. അവനവനു വേണ്ട വശം മാത്രം പറഞ്ഞ് ചരിത്രം പഠിപ്പിക്കാൻ തുടങ്ങുമ്പോഴാണ്ചരിത്രത്തിന്റെ വിശ്വാസ്യതയെ ആൾക്കാർ ചോദ്യം ചെയ്യാൻ തുടങ്ങുന്നത്. അപ്പോൾ പിന്നെ അങ്ങിനെയുള്ള ചരിത്രത്തിൽനിന്നും പഠിക്കുന്ന പാഠങ്ങളും വികലമായിരിക്കും.
വിശാലമനസ്കന്റെ കമന്റ് വായിച്ചപ്പോൾ നമ്മുടെ ചരിത്രത്തെപ്പറ്റിയുള്ള വേറൊരു പരാതിയും ഓർമ്മ വന്നു. നമ്മൾ അക്ബറിനെയും ബാബറിനെയും ഔറംഗസീബിനെയും പറ്റി പഠിച്ചതിന്റെയത്രയും ഇന്ത്യൻ രാജാക്കന്മാരെയും മറ്റും പറ്റി പഠിച്ചിട്ടില്ലത്രേ. എന്തായാലും പരീക്ഷ കഴിഞ്ഞാൽ അടുത്ത സെക്കന്റിൽ പഠിച്ചതെല്ലാം കമ്പ്ലീറ്റ് മറക്കുന്ന ഒരു പഠനമാണ് പലരും നടത്തുന്നതെന്നിനാൽ ഇനി പഠിച്ച ചരിത്രം വികലമാണെങ്കിൽ കൂടി അതു കാരണം ആരും വഴി തെറ്റുന്ന പ്രശ്നമില്ല.
കലേഷേ, കൺഫ്യൂഷാനായല്ലോ... ഒരു കൂട്ടു കിട്ടി :))
ഒരൽപം കൺഫ്യൂഷനില്ലാതില്ല കേട്ടോ..
ന്നാലും ഭേഷ്..!
നോം ചരിത്രത്തിൽ 'ബലഹീനൻ'..!
ഇന്നത്തെ വക്കാരി വെരിഫിക്കേഷൻ: 'കീക്ശ്ല്'
വക്കാരീ,
ഇന്ത്യ അടികൊണ്ട ചരിത്രം എടുക്കല്ലേ. ബൈജു “ വല്യ വല്യ മഹാന്മാരു മുതൽ 5 വയസ്സുള്ള കൊച്ചുപിള്ളേരു വരെ എന്നെയടിച്ചിട്ടുണ്ട്” എന്നു പറഞ്ഞപോലെയാകും.
ആകെ നാണക്കേടിന്റെ കഥകളാ ഒക്കെ. അലഞ്ഞു തിരിഞു കില്ലിങ് നടത്തിയിരുന്ന അലാവുദീൻ കിൽജി, ലന്തക്കാർ, ഠാ വഠത്തിലുള്ള പറൻകികൾ, പരന്ത്രീസുകാർ, ശീമക്കാർ, മംഗോളിയർ നോ മാഡന്മാർ അടിമ ചെമ്മാൻ, ചെരുപ്പുകുത്തി ഒക്കെ കേറി നെരങ്ങി വെടിപ്പാക്ക്കി നമ്മളെ.
ശരിയാ ദേവാ, നമ്മൾ ധാരാളം അടികൊണ്ടു. എന്തിനാ ഇങ്ങിനെ കൊണ്ടുകൊണ്ടിരുന്നതെന്ന് ആരും ഒരു ഗവേഷണം നടത്തിയിട്ടില്ലാ എന്നു തോന്നുന്നു..
പക്ഷേ ഈ അടിക്കഥകൾക്കിടയിലും, ചരകന്റെയും സുശ്രുതന്റെയും, ആര്യഭടന്റെയും പൂജ്യത്തിന്റെയുമൊക്കെ കഥകളുമുണ്ട്. അതും നമ്മൾ അടിക്കഥകൾക്കിടയിൽ സമാസമം പഠിക്കുന്നുണ്ടോ ആവോ. “ശ്ശോ, ഇതൊക്കെ സായിപ്പിനേക്കൊണ്ടല്ലേ പറ്റൂ” എന്നാരെങ്കിലും പറഞ്ഞാൽ, “അല്ലഡേ, നമ്മളും പണ്ട് സായിപ്പിനേക്കാളും നന്നായി ഇതൊക്കെ ചെയ്തിട്ടുണ്ടഡേ” എന്നുള്ള വാചകത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട്, “ആഹാ, നമ്മുടപ്പൂപ്പന്മാർക്കാകാമെങ്കിൽ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ” എന്നാരെങ്കിലും ഒരു തീരുമാനമെടുത്ത് ഒരുഗ്രൻ കണ്ടുപിടുത്തം. അതാണെന്റെ പല സ്വപ്നങ്ങളിൽ ഒരു സ്വപ്നം. നടക്കുമോ ആവോ.
വർണ്ണമേഘമേ... കൺഫ്യൂഷനായല്ലേ. ഹൈഡ്രജനും ഓക്സിജനും ചേർന്നാൽ പച്ചവെള്ളമുണ്ടാകുമെന്ന സിമ്പിൾ കാര്യം കൺഫ്യൂഷനാക്കിക്കൊടുത്തവനാ, ഈ പാവം വക്കാരി :)) വേർഡ് വെരിഫിക്കെഷൻ, പുതിയ പുതിയ മലയാളം വാക്കുകൾക്ക് വഴിതെളിക്കുമോ എന്നുള്ള ഗവേഷണത്തിലാണ്.
(അകിശ്മ്ക്ക്സ്)
വക്കാരി ശരിയാ..
മറ്റൂള്ളവറ് കേറി നിരങ്ങിയപ്പോള്‍ നമ്മുടെ പൂറ്വ്വികറ് മുതുകുവളച്ച് കൊടുത്തു. മുഗളന്മാരുടെ കാലത്ത് രാജാധികാരത്തിനെതിരെ പ്രതിഷേധം തുലോം കുറവായിരുന്നു.കൊണ്ടും കൊടുത്തും വളരാനും തളരാനും നാം അന്നേ മോശമാണെന്ന് സാരം.
ശരിയാണിബ്രൂ... പക്ഷേ കാര്യങ്ങൾ കുറേശ്ശേ കുറേശ്ശേ മാറിവരുന്നുണ്ടെന്നു തോന്നുന്നു. ഇതൊക്കെ അല്ലെങ്കിലും ഒരു സർക്കിൾ ആണല്ലോ. കറങ്ങിക്കൊണ്ടേയിരിക്കും. വളരെ പണ്ടത്തേപ്പോലെ ഇനിയും നമ്മൾ നമ്മുടേതായ സംഭാവനകൾ ലോകത്തിന് കൊടുക്കുമായിരിക്കും. അതുകഴിഞ്ഞ് പഴയതുപോലെ ആരെങ്കിലുമൊക്കെ നമ്മളെ പിന്നെയും കയറി മേയുമായിരിക്കും.....
ചരിത്രമെന്നാൽ യുദ്ധകഥകളല്ലേ? ചരിത്രത്തിന്റെ പ്രധാന വഴിത്തിരിവുകളിലെല്ലാം യുദ്ധമുണ്ടു്. കായീനും ആബേലും തമ്മിലുണ്ടായതു മുതൽ, കുരിശുയുദ്ധം, ബദർയുദ്ധം,ലോകമഹായുദ്ധം, ഇറാൻ ഇറാഖ് മുതൽ മുഗളൻ, താഴൻ, ചോളൻ ചേരൻ ചന്ദ്രഗുപ്തമൌര്യൻ പഴശ്ശിരാജ പളനിആണ്ടവൻ..... എല്ലാം യുദ്ധകഥകൾ.
യുദ്ധത്തിൽ തോറ്റവരുടെ പൊടിപോലും കാണില്ല. അപ്പോൽ ഇതൊക്കെയെഴുതാൻ അവശേഷിക്കുന്നതാരു്?
നമ്മളിലാരുടേയെൻകിലും ചരിത്രം വീട്ടിലെ മുതിർന്നവരോടു ചോദിക്കുക. ശൻകരാടി സ്റ്റൈലിൽ, “ഇല്ലത്തെ കാര്യം പറഞ്ഞാൽ നേരം വെളുക്കും“- എന്നാവും മിക്കവാറും കേൾക്കുക അല്ലെൻകിൽ, "ആ കഷ്ടപ്പടിനിടയിലും നിന്റെ മുത്തശ്ശൻ ഒരാൾക്കു മുൻപിലും തലകുനിച്ചിട്ടില്ല" എന്നാവും. അതുമല്ലെൻകിൽ "അവരു നിന്റെ മുത്തശ്ശന്റെ നെഞ്ചത്തേക്കിടിച്ചു മുത്തശ്ശനതു നെഞ്ചു കൊണ്ടു തടുത്തു" എന്നാവും. മോശമായ എന്തെൻകിലും കഥ ആരെൻകിലും പറഞ്ഞു കേൾക്കാൻ സാദ്ധ്യത നന്നേ കുറവായിരിക്കും. അങ്ങനെ കേട്ടെൻകിൽ തന്നെ ഞാനോ നിങ്ങളൊ അതു മറ്റൊരാളോടു പറയാനുള്ള സാദ്ധ്യത വീണ്ടും കുറയും.
മേൽകാണുന്നവരെഴുതിയതുമങ്ങനെ തന്നെയായിരിക്കും.
ചരിത്രത്തെ വിടു്. ഇന്നലെ നടന്ന, അല്ലെൻകിൽ അര മണിക്കൂർ മുൻപു മാത്രം നടന്ന സംഗതികൾ രണ്ടു വ്യത്യസ്ത പത്രങ്ങളിൽ രണ്ടു രീതിയിൽ വരുന്നതു കണ്ടിട്ടില്ലേ? അതു കൊണ്ടു്,ചരിത്രം സത്യമല്ല. എന്നാൽ സത്യം കണ്ടെത്താനുള്ള ഉപാധിയാണു് വക്കാരിമാഷെ. അന്വേഷിപ്പിൻ!
ഉപനിഷത്തുക്കളും ബുദ്ധനും പുരാണങ്ങളും മഹാഭാരതവും ചേർന്നു് നൽകിയ കാഴ്ച്പ്പാടുകൾ കൊണ്ടും,
“നകാംക്ഷേ വിജയം കൃഷ്ണ
ന:ച രാജ്യം സുഖാനി ച”
എന്ന നിലപാടു കൊണ്ടും വാങ്ങിയ അടികളെ നാണക്കേടായി കരുതുന്നതിലർത്ഥമില്ല. പക്ഷേ പല അടികളും അങ്ങനെ വാങ്ങിയതല്ല. അയൽനാട്ടുരാജാവിനെ ജയിക്കാൻ കൂട്ടുപിടിച്ചു് അന്യന്റേതാക്കീക്കൊടുത്ത അത്യാഗ്രഹത്തിനു് ആരെ പഴി പറയും?
കക്കോയി ദേസ് നെ...വക്കാരിമാഷിത സാന്‍. ആപ്പീസില്‍ ഇരുന്നു വായിക്കുന്നത് അപകടമാ! ചിരിച്ചു ഇടപാടു തീര്‍ന്നു. ഇന്നലെ എനിക്കിതു പരിചയപ്പെടുത്തി തന്ന ദേവരാഗത്തിനു നന്ദി.
നീലാ,
മലയാളം ബ്ലോഗ്ഗിലോട്ട് സ്വാഗതം. ഈ വക്കാരീടെ ബ്ലോഗ്ഗും പ്രൊഫൈലുമെല്ലാം കണ്ടപ്പോ ആദ്യം ഞാൻ നീലനാണെന്ന വിചാരിച്ചത്.
റോക്സി ,വക്കാരി, നീലൻ... ഉദയസ്സൂര്യന്റെ നാട്ടിൽ ഒരു വൻപുലിപ്പട ഒരുങ്ങുന്നു!! (പുലി ഒറ്റയാനായോണ്ടാണോ എന്തോ അതിന്റെ കളക്‍റ്റീവ് നൌൺ ഓർമ്മ വരുന്നില്ല- പുലിപ്പറ്റം? പുലിക്കൂട്ടം?)
ദെന്തൊരു പോസ്റ്റളിയാ... :-)
പണ്ടു സ്കൂളിൽ ഹിസ്റ്ററി പുസ്തകങ്ങളോടു പടപൊരുതുന്നതോർമ്മ വന്നു.
നമ്മക്കു പടിച്ചു വെക്കാൻ വേണ്ടി ഈക്കണ്ട യുദ്ധങ്ങൾ എല്ലാം നടത്തിയ ലൊ ലവന്മാരെ കയ്യിൽ കിട്ടിയാൽ ചവിട്ടിക്കൂട്ടിക്കളയും എന്നു പലതവണ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്.
“1871-ഇൽ പാനിപ്പട്ടിൽ എന്തു സംഭവിച്ചു?”
“ഒക്റ്റൊബെർ വിപ്ലവം നടന്നതേതു മാസം?”
“നൂറു വർഷ യുദ്ധം നടന്നതു എത്ര വർഷത്തെക്കു?”
സിദ്ധാർത്ഥാ, ശരിയാ, പക്ഷേ, അടിയില്ലാത്ത ചരിത്രവുമുണ്ടെന്നാണ് തോന്നുന്നത്. അടി മേടിക്കുന്നതിൽ നാണക്കേടൊന്നും തോന്നെണ്ട കാര്യമില്ല. പക്ഷേ, അടിക്കഥകൾക്കിടയിൽ, അടിക്കാൻ വന്നവരെ അടിച്ചോടിച്ചവരെപ്പറ്റിയും പ്രാധാന്യത്തോടെ പറയുന്നുണ്ടോ എന്നൊരു സംശയം. ഇതൊക്കെ മാറണമെങ്കിൽ ചരിത്രങ്ങളിൽനിന്നും മുൻവിധിയും രാഷ്ട്രീയവും സ്വാർത്ഥതാല്പര്യങ്ങളും എടുത്തു കളയണമെന്നു തോന്നുന്നു.
നീലോ, ജപ്പാനിലാണോ? ഞാൻ നാല്പതു മണിക്കൂർ ജാപ്പനീസു പഠിച്ചതാണേ.... പാവം ടീച്ചർ.
എന്നാലങ്ങ് അടിച്ചുപൊളി നീലോ.
ദേവോ, മറ്റൊന്നിൻ ധർമ്മയോഗത്താൽ വക്കാരി താനല്ലിയോ നീലനെന്നു ബ്ലോഗിലാശാനു ശങ്ക, ബ്ലോൽപ്രേക്ഷാഖ്യ കുളംകൃതി.
ആദിയണ്ണോ...അപ്പോ 1870 തിൽ പാണിപ്പെട്ടിലെന്തോ സംഭവിച്ചല്ലേ... എല്ലാം ഓർത്തിരിക്കുവാ,
അത് നവംബറിലാ, പക്ഷേ നൂറുവർഷയുദ്ധം, നൂറുവർഷമല്ലെന്നുള്ളതു തീർച്ചയാ, നൂറിൽ താഴെയാണോ, മുകളിലാണോ എന്നു വർണ്ണ്യത്തിലാശങ്ക.
നല്ല ഒന്നാംതരം വെരിഫിക്കെഷൻ: ക്ഷ്രെകു
വക്കാരീ, എനിക്കൊന്നു വാക്യത്തില്‍ പ്രയോഗിക്കാന്‍ മുട്ടുന്നു:
സൈഡുകൊടുക്കവേ അശോക് ലൈലാന്റ് ട്രക്ക് മതിലിലോട്ട് വച്ച് അമര്‍ത്യ സെന്‍ കാറ് ആന ചവിട്ടിയ മാക്രിപോലെയായിപ്പോയി.
(സ്റ്റൈല്‍ ക്രെഡിറ്റ് റോക്സിക്ക്)
ഏതുചരിത്രം നോക്കിയാലും ഒരു ഭരണപക്ഷവും പ്രതിപക്ഷവും കാണുന്നു.എന്തു ചെയ്യാം സത്യം മാത്രം വട്ടപൂജ്യം ആയിരിക്കും.പിന്നെ മനസമാധാനത്തിനു നമുക്ക് താത്പര്യമുള്ള ഭാഗത്തുള്ളവര്‍ രചിച്ചത് മാത്രം വായിക്കുക. അല്ലാത്തത് വായിച്ചാല്‍ സുന്ദരമായി മറക്കുക..
എങ്കില്‍ കുശാല്‍..
അല്ലെങ്കില്‍ അതുച്ചത്തില്‍ ‘കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്നു പാടുക..‘
അല്ലാതെ എന്തു ചെയ്യാന്‍
വളരെ ശരി റഷീദേ.. മനഃസമാധാനത്തിന് ഏറ്റവും നല്ലത് ഏതെങ്കിലും ഒരു ഭാഗത്തിന്റെ കൂടെ കൂടുക. അല്ലെങ്കില്‍ പ്രാന്താകും. സ്കൂളില്‍ പഠിച്ച ചരിത്രങ്ങള്‍ക്കൊക്കെ വേറൊരു വശവുമുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. എന്തായാലും പഠിക്കുന്നത് പരീക്ഷയ്ക്കപ്പുറം തലയില്‍ നില്‍ക്കാത്തതുകാരണം വലിയ ഡാമേജൊന്നുമുണ്ടായില്ല!
ചരിത്രം നല്ലതാണ്. പക്ഷേ സത്യമല്ല. ചരിത്രമെഴുതുന്നത് മനുഷ്യനാണ്. അതിനാല്‍ എഴുതുന്നവന്റെ നിലപാടുകളും രാഷ്ട്രീയവുമെല്ലാം അതില്‍ പ്രതിഫലിക്കും. മുഗാബെയും ഇദി അമീനും ചരിത്രത്തില്‍ വില്ലന്മാരാണ്. അവരുടെ ചരിത്രമെഴുതുന്നത് വെള്ളക്കാരായതിനാല്‍ മാത്രം. സത്യം ഏതെന്ന് ആര്‍ക്കറിയാം.
വക്കാരീ എന്റെ ചോദ്യം ആവൂ ആര്‍ക്കറിയാം എന്നതല്ല.
“ആ പോ ആര്‍ക്കറിയണം! “ എന്നായിരിക്കുന്നു ഇപ്പോള്‍.
എന്റെ അപ്പൂപ്പന്റെ അപ്പന്റെ പേര്‍ എനിക്ക് അറിയില്ല. പിന്നാ ഹാരപ്പയിലെ കുതിരയെക്കുറിച്ച് പഠിക്കാന്‍ നടക്കണേ.
വക്കാരിയുടെ ലേഖനം വായിച്ചപ്പോള്‍ എനിക്കൊരു ആത്മവിശ്വാസം.:-)
Can u explain about this?
http://www.bbc. co.uk/dna/ h2g2/A5220
Your Blog is Selected By Bloggappas.
Visit http://www.freewebs.com/bloggappa/
Join Yahoo Groups Bloggappas
groups.yahoo.com/group/bloggappas/
Post a Comment
<< Home