Saturday, December 17, 2005

ഉമ്മിയിൽ മുട്ടയിടുന്ന കോഴി

ആറാം ക്ലാസ്സു വരെ ട്യൂഷനെന്ന ആഗോളഭീമനെതിരെ വളരെ ധീരമായി പൊരുതിനിന്നെങ്കിലും, ഏഴാംക്ലാസ്സിലെത്തിയപ്പോൾ കണ്ട്രോളു പോയി. എന്തെങ്കിലും തുടങ്ങിക്കിട്ടുക എന്നൊരു പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ട്യൂഷന്റെ ഒരു പെരുമഴക്കാലമായിരുന്നു പിന്നീട്. കണക്ക് ട്യൂഷൻ, കെമിസ്ട്രി ട്യൂഷൻ, ഇംഗ്ലീഷ് ട്യൂഷൻ, ഹിന്ദി ട്യൂഷൻ, ഹിസ്റ്ററി ട്യൂഷൻ, ജ്യോഗ്രഫി ട്യൂഷൻ...... രാവിലെ ആറുമുതൽ എട്ടുവരെ കെമിസ്ട്രി ട്യൂഷൻ, ഓടി വീട്ടിൽ വന്ന് എന്തെങ്കിലും കഴിച്ചെന്നുവരുത്തി സ്കൂളിലേക്കോട്ടം, വൈകുന്നേരം അഞ്ചുമുതൽ ഹിന്ദി ട്യൂഷൻ, അതുകഴിഞ്ഞ് രാത്രി ഏഴുമുതൽ സോഷ്യൽ സ്റ്റഡീസ്.... വളരെ തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു. ഇതിനിടയ്ക്ക് രാവിലെ എട്ടു മുതൽ പത്തുവരെ ഒരു ഗ്യാപ്പുണ്ടെന്നു പറഞ്ഞ് ആ നേരവും ട്യൂഷനുപോയ വീരന്മാരുമുണ്ടായിരുന്നു. ഇപ്പോ ഓർക്കുമ്പം പേടിയാവുന്നു.

എന്തൊക്കെ പറഞ്ഞാലും, ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ, ഓ ട്യൂഷനു പഠിപ്പിക്കുമ്പോൾ പഠിക്കാമെന്ന് വെക്കുകയും, ട്യൂഷനു പഠിപ്പിക്കുന്ന പല സംഗതികളും ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ പഠിക്കാമെന്നു വെച്ചു മാറ്റിവെയ്ക്കുകയും ചെയ്ത് അവസാനം എല്ലാം കുളമാക്കുകയും ചെയ്തിരുന്നെങ്കിലും ഈ ട്യൂഷൻ കൊണ്ടു വളരെ പ്രയോജനുവുമുണ്ടായിരുന്നു. പരീക്ഷയ്ക്കു കുറച്ചു മാർക്കുകൾ വാങ്ങാനും കാര്യങ്ങൾ കുറച്ചു മനസ്സിലാക്കാനും ഈ ട്യൂഷൻ കൊണ്ട് സാധിച്ചു. നല്ലപോലെ ക്ലാസ്സെടുക്കുന്ന കുറെ ട്യൂഷൻ അദ്ധ്യാപകരെയാണ് എനിക്കു ഭാഗ്യവശ്ശാൽ കിട്ടിയത്. സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത് മോശമായതുകൊണ്ടൊന്നുമല്ല ഞാൻ ട്യൂഷനു പോയത്, പക്ഷേ അതാണല്ലോ നാട്ടുനടപ്പ്. കുറെ നല്ല കൂട്ടുകാരെയും ഈ ട്യൂഷൻ മഹാമഹം വഴി കിട്ടി.

സ്കൂൾ ജീവിതം കഴിഞ്ഞ് കോളെജ് ജീവിതം തുടങ്ങിയപ്പോഴും, ട്യൂഷനോടുള്ള ആശ തീർന്നില്ല. ഇംഗ്ലീഷ്, ഫിസിക്സ് തുടങ്ങി കലാപരിപാടികൾ പിന്നെയും തുടർന്നു. ഒരു മോനെങ്കിലും ഒരു ഡാ‍ക്കിട്ടറായെങ്കിൽ എന്നാശിച്ച് എൻ‌ട്രൻസ് ക്യോച്ചിംഗ് എന്നൊരു അത്യുഗ്രൻ കലാപരിപാടിക്കും ഇതിനിടക്ക് എന്നെക്കൊണ്ടുപോയി ചേർത്തു. സമയം എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് ആദ്യമായി പഠിച്ചത് അന്നായിരുന്നു. രാവിലെ ഏഴുമുതൽ പത്തുവരെ “ക്യോം”ച്ചിംഗ്, പതിനൊന്നുമുതൽ ഒന്നര-രണ്ടു വരെ നൂൺഷോ, ഭാഗ്യത്തിനെങ്ങാനും ഒരു ഗ്യാപ്പുകിട്ടിയാൽ ഒരു ചായയും രണ്ടു വടയും അടുത്തുള്ള ഭാരതകാപ്പിക്കടയിൽനിന്ന് (മിക്കാവാറും ഗ്യാപ്പൊന്നുമുണ്ടാകാറില്ല). പിന്നെ ഓടി വന്ന് മാറ്റിനി, ഒരു ചായ, ഫസ്റ്റ് ഷോ, തളർന്നവശനായി വീട്ടിൽ; മോൻ ഡാക്കിട്ടരാവുന്നതും സ്വപ്നം കണ്ട് വീട്ടുകാർ-ഇതായിരുന്നു, സ്കെഡ്യൂൾ.

(കറക്കിക്കുത്ത് എന്ന ശൈലി ശാസ്ത്രീയമായി പരീക്ഷിക്കാൻ പറ്റിയത് എൻ‌ട്രൻസ് പരീക്ഷ എഴുതിയപ്പോഴായിരുന്നു-ചോദ്യം വായിക്കുക, വായിച്ചു തീർന്നാൽ ഉടൻ വാച്ചിൽ നോക്കുക, സെക്കന്റ് സൂചി പന്ത്രണ്ടിനും മൂന്നിനുമിടയ്ക്കാണെങ്കിൽ ‘a’, മൂന്നിനും ആറിനുമിടയ്ക്കാണെങ്കിൽ ‘b’. ആറിനും ഒമ്പതിനും ഇടയ്ക്കാണെങ്കിൽ ‘c’, ഒമ്പതിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ‘d’. ഈ ടെക്നോളജി വളരെ എഫക്ടീവായതുകാരണമാണോ ആവോ, മൂന്നാമത്തെ പ്രാവശ്യം (ശരിയാ, മൂന്നുപ്രാവശ്യം എഴുതി, പിന്നെയും എഴുതണമെന്നുണ്ടായിരുന്നു......) അധികാരികൾ, ‘e' എന്നൊരു അഞ്ചാം ചോയിസും കൂടി വെച്ചു.... നോ പ്രോബ്ലം. സെക്കന്റ് സൂചി കറക്ട് പന്ത്രണ്ടിന്റെയോ, മൂന്നിന്റെയോ, ആറിന്റെയോ, ഒമ്പതിന്റെയോ മോളിലാണെങ്കിൽ, കുത്ത് ‘e' യ്ക്കിട്ട്. “വയ്യാ........, മടുത്തു........, കഷ്ടപ്പെട്ട്........, ബുദ്ധിമുട്ടി.........” എന്നൊക്കെയുള്ള നെടുമുടി വേണു സ്റ്റൈൽ ഡയലോഗടിച്ച് മൂന്നാം‌പ്രാ‍വശ്യത്തോടെ പരിപാടിക്ക് സുല്ലിട്ടു. ഒന്നു പിഴച്ചാൽ മൂന്നാമതും പിഴയ്ക്കുമെന്നും ഇതൊന്നും എനിക്കു പറ്റിയ പണിയേ അല്ലാ എന്നും അന്നു മനസ്സിലായി)

ഫിസിക്സിന്റെ ട്യൂഷൻ വൈകുന്നേരങ്ങളിലായിരുന്നു. സാറാണെങ്കിൽ മഹാ രസികൻ. കോളെജിലെ ക്ലാസ്സുകളിലെല്ലാം ഇരുന്നുറങ്ങിയതിന്റെ ക്ഷീണം തീർക്കാൻ ഒന്നു മയങ്ങാൻപറ്റിയ ഒരു വേദിയായി മാറാൻ എല്ലാവിധ സാധ്യതകളും ഉള്ളൊരു സ്ഥലമായിരുന്നു ഫിസിക്സ് ട്യൂഷൻ ക്ലാസ്സെങ്കിലും, സാറിന്റെ ഇരയായി മാറിയേക്കുമോ എന്നുള്ള ഭയം കാരണം ആരും അവിടെ അങ്ങിനെ ഉറങ്ങാറില്ലായിരുന്നു. എന്നും സാറിനു കൊട്ടാൻ ആരേയെങ്കിലുമൊക്കെ കിട്ടും. അത്യാവശ്യം കൊട്ടുകൾ മേടിക്കുന്നതിനും സാറിന് വിരോധമൊന്നുമില്ലായിരുന്നു താനും.

ഒരു ദിവസം സാറിന്റെ കൊട്ടുകിട്ടിയവരിൽ പ്രമുഖർ ബെന്നി, രങ്കൻ ആൻഡ് പണിക്കർ. ഒരു ചെറിയ കൊട്ട് എനിക്കും.

ബെന്നിയെ ഞാൻ ഓർക്കും. കാരണങ്ങൾ:

1. ബെന്നിയുടെ മൂക്ക്: പെട്രോൾ പമ്പിലെ പെട്രോളടിക്കുന്ന കഴലിന്റെ അറ്റത്തുള്ള, വണ്ടിയുടെ ടാങ്കിന്റെ അകത്തേക്കു കയറ്റുന്ന, ആ ഞെക്കുന്ന സാധനം പോലെയാണ് ബെന്നിയുടെ മൂക്ക്. ഇങ്ങിനെ നീണ്ട് അഗ്രം വളഞ്ഞ്. അതങ്ങിനെതന്നെയാണെന്ന് സമ്മതിക്കുന്നതിനും അവന് വിരോധമൊന്നുമില്ലായിരുന്നു (മറ്റുള്ളവരുടെ ശരീരപ്രകൃതിയെ പരാമർശിക്കുന്നത് ശരിയായ ഒരു നടപടിയല്ലെന്നറിയാം... ക്ഷമിക്കണേ).

2. ജുഗൽബന്ധി: ബാസീഗർ എന്ന ഹിന്ദി സിനിമാ വീഡിയോയിലോ മറ്റോ കണ്ടിട്ട് അടുത്ത ദിവസം ഭരതന്റെ ചുരവും കണ്ട ബെന്നി പാടി

“ചുരമാക്കെ ദിൽ മേരാ................... ഗ്ലൊറിയാ ചലി”

അതുകഴിഞ്ഞുള്ള ബാക്ക്ഗ്രൌണ്ടിനു സമാനമായി എന്തോ കുറേ ശബ്ദങ്ങളും ആൿഷനും.

മൊമന്റത്തിന്റെയോ, ആക്സിലറെഷന്റെയോ, വെലോസിറ്റിയുടേയോ മറ്റോ നിർവ്വചനം ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടു നിന്ന ബെന്നിയോട് സാറ് നൂറ് പ്രാവശ്യം ഇമ്പോശിഷ്യൻ എഴുതിക്കൊണ്ടു വരാൻ പറഞ്ഞപ്പോൾ ഒരു പ്രാ‍വശ്യം സംഗതി എഴുതിയിട്ട് തൊണ്ണൂറ്റൊമ്പത് ഡിറ്റോ അതിനു താഴെ ഇട്ടവനാണ് ബെന്നി. ബുദ്ധിമാൻ. ഗംഭീര ഐഡിയാ ആയതുകാരണം സാറുപോലും സ്തബ്ധനായിപ്പോയി.

ന്യൂട്ടന്റെ ഒന്നാം നിയമത്തിന്റെ ക്ഷീണം തീർക്കാൻ തൊട്ടപ്പുറത്തിരിക്കുന്നുവനുമായി തലേദിവസം കണ്ട സിനിമയെപ്പറ്റി നൂതനമാർഗ്ഗങ്ങളിലൂടെ കമ്മ്യൂണിക്കേറ്റു ചെയ്യുകയായിരുന്നു ഞാൻ. കണ്ണ്, വിരൽ, മൂക്ക് തുടങ്ങിയ അവയവങ്ങളായിരുന്നു പ്രധാനമായും ഉപയോഗിച്ചത്. വായ് ഉപയോഗിക്കാൻ വയ്യ. പത്തുസെക്കന്റുകൾ ഇടവിട്ട് സാറിനെ നോക്കണം, തലയാട്ടണം. നമുക്കെല്ലാവർക്കും അറിയാവുന്ന ആ ടിപ്പിക്കൽ രീതി തന്നെ. ഇതിനിടയ്ക്ക് ക്ലാരിറ്റിക്കുവേണ്ടി ബുക്കിന്റെ കവറിലും കാര്യങ്ങളൊക്കെയെഴുതി ഞങ്ങൾ സംഭാഷണവും ന്യൂട്ടന്റെ ഒന്നാംനിയമപഠനവും സൈമൾട്ടേനിയസായി തുടർന്നു. ഞങ്ങളുടെ കഷ്ടപ്പാട് സാറെപ്പോഴോ കണ്ടു. കണ്ടകാര്യം ഞങ്ങളൊട്ടറിഞ്ഞുമില്ല.

പതിവുള്ള പത്തുസെക്കന്റുകൾക്ക് ശേഷമുള്ള തലയാട്ടൽ ക്രിയയ്ക്കുവേണ്ടി സാറിനെ നോക്കിയപ്പോൾ സാറവിടില്ല. തലയൊന്നോടിച്ച് ചുറ്റും നോക്കിയപ്പോൾ സാറിനെ കണ്ടു. ദേ ഞങ്ങളുടെ അടുത്ത് നിൽക്കുന്നു. ക്ലാസ്സിൽ അങ്ങിനെ വലിയ പ്രശ്നമൊന്നുമുണ്ടാക്കാതെ ഒരു മൂലയ്ക്കൊതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായതുകാരണം, സംസാരത്തിന്റെ സൂത്രധാരൻ ഞാനാണെന്നു സാറ് ധരിച്ചില്ല. എന്റെ അയൽ‌പക്കക്കാരനെ സാറ് പൊക്കിയലക്കി. അവൻ ബുക്കിലെന്തൊക്കെയോ കൂലംകക്ഷമായെഴുതുന്നത് സാറ് കണ്ടിരുന്നു. അതായിരുന്നു സാറിനെ ഞങ്ങളിലേക്കാകർഷിച്ച കാര്യം. ബുക്ക് എന്റേതായിരുന്നു.

സാറ് ബുക്ക് പൊക്കി വായന തുടങ്ങി.

“കൃഷ്ണഗുഡി....... മഞ്ജു വാര്യർ അടിപൊളി........ ബിജു മേനോൻ......... പിന്നെ യുമ്പിന്നെ... ജയറാം......നല്ല പാട്ട്” തുടങ്ങിയ പദ്യശകലങ്ങൾ സാറ് ഉറക്കെ വായിക്കാൻ തുടങ്ങി. വേറൊന്തോ ചിന്ത വന്നതുകൊണ്ടാണോ എന്നറിയാൻ വയ്യ, ഫർദർ ഇൻ‌വെസ്റ്റിഗെഷൻ നടത്താൻ വലിയ താത്പര്യമൊന്നും കാണിക്കാതെ നടന്നകലാൻ തുടങ്ങിയ സാറിനോട് ആകാംക്ഷാഭരിതനായ പണിക്കർ ഉറക്കെ വിളിച്ചു പറഞ്ഞു:

“ആ ബുക്കാരുടേതാണെന്നൊന്ന് നോക്ക് സാറേ.............”

അപ്പഴേ ഞാൻ മനസ്സിൽ കുറിച്ചു.......... പണിക്കരേ എന്നെങ്കിലും നിനക്കും കിട്ടുമെടാ.

അടുത്തിരുന്നവനിട്ട് പെരുമാറിയതുപോലെ എനിക്കിട്ടും പെരുമാറിയാൽ ഞാൻ ബോധം കെടുമെന്നു വിചാരിച്ചാണോ എന്നറിയില്ല, ബുക്കെന്റേതാണെന്നു മനസ്സിലാക്കിയ സാറ് സഹതാപത്തോടെ ഒരു നോട്ടം നോക്കിയിട്ട്, “എന്നാലിനി ന്യൂട്ടന്റെ രണ്ടാം നിയമം” എന്നു പറഞ്ഞു പോവുകയും, ഞാൻ വലിയ പരിക്കൊന്നുമേൽക്കാതെ രക്ഷപെടുകയും ചെയ്തു. ഒരു ചെറിയ കൊട്ടെങ്കിലും പണിക്കർക്ക് കിട്ടിയിരുന്നെങ്കിൽ... എന്റെ ആഗ്രഹം ആത്മാർത്ഥമായിരുന്നു. ഇതിനിടയ്ക്ക് പതിവുപോലെ ക്ലാസ്സിൽ കലപില തുടങ്ങിയപ്പോൾ “മൌനം വിദ്വാനു ഭൂഷണം” എന്ന സാറിന്റെ ആപ്തവാക്യത്തിന് “അതിമൌനം വട്ടിനു തുല്ല്യം‌ന്ന്വാ” എന്ന പണിക്കർ മറുപടിയ്ക്ക് “അതങ്ങു വീട്ടിൽ‌പോയി പറഞ്ഞാൽ മതി“ എന്നുള്ള സാറിന്റെ റിപ്ലൈയും എനിക്കത്ര സാറ്റിസ്‌ഫാൿഷൻ തന്നില്ല. പണിക്കർ ഇതിലും കൂടുതൽ അർഹിക്കുന്നു.

അധികം താമസിച്ചില്ല. പണിക്കരുടെ ഊഴം വന്നു. ന്യൂട്ടന്റെ രണ്ടാം നിയമത്തെപ്പറ്റി രങ്കനോടെന്തോ സാറ് ചോദിച്ചപ്പോൾ വളരെ നിഷ്കളങ്കമായി പണിക്കർ പറഞ്ഞു,

“അവന്റെ ഇനിഷ്യല് കെ.ഓ. എന്നാ”

“ഓഹോ, അങ്ങിനെയാണോ......, പക്ഷേ, നിന്റെ പേര് ഒരു ലൈനിലെഴുതാൻ സ്ഥലം തികഞ്ഞില്ലെങ്കിൽ ദോ ഇങ്ങിനെ എഴുതേണ്ടിവരും” എന്നും പറഞ്ഞ് സാറ് ബോർഡിന്റെ ഒരു മൂലയ്ക്ക് പണിക്കരുടെ പേരെഴുതാൻ തുടങ്ങി.

pa
സ്ഥലം തീർന്നതുകാരണം, അതിനു താഴെ
nicker

പണിക്കരെ സാറ് പി. എ. നിക്കറാക്കിയപ്പോൾ എനിക്കു സ്വല്പം സന്തോഷം കിട്ടിയെന്നു പറയാതെ വയ്യ.

ഇതു കഴിഞ്ഞപ്പോഴായിരുന്നു, പാവം ബെന്നിയുടെ ഊഴം. സ്വല്പം കുടവയറുള്ള സാറിന് മഹോദരമാണെന്ന് ബെന്നി പറഞ്ഞതിന്റെ വിഷമം പുറത്തുകാണിക്കാതെ, സാറ് ന്യൂട്ടന്റെ മൂന്നാം നിയമം പഠിപ്പിക്കുകയായിരുന്നു. മൂന്നാം നിയമപഠനത്തിനിടയ്കെപ്പോഴോ, തലേദിവസം പഠിപ്പിച്ച എന്തോ ഒരു കാര്യം ബെന്നിയോടു ചോദിച്ചപ്പോൾ ബെന്നി വെറുതെ ചിരിച്ചുകൊണ്ട് നിൽക്കുന്നതു കണ്ടപ്പോഴാണ് അവൻ തലേദിവസം ക്ലാസ്സിൽ വന്നിരുന്നില്ലാ എന്ന കാര്യം സാറോർമ്മിച്ചത്.

“മോനിന്നലെ എവിടെയായിരുന്നു?”

സ്നേഹം കൂടിയാൽ പിന്നെ സാറ് മോനേ എന്നേ വിളിക്കൂ.

“ഹിന്ദിയുടെ ട്യൂഷനുണ്ടായിരുന്നു”

“ഏടാകൂടത്തിലെ” അരവിന്ദേട്ടൻ ഗർജ്ജിക്കുന്നതുപോലെയൊരു ഗർജ്ജനമായിരുന്നു പിന്നെ. കാരണം ഹിന്ദിയുടെ ട്യൂഷനല്ലെന്ന് സാറിനും ബെന്നിക്കും പിന്നെ ഞങ്ങൾക്കെല്ലാവർക്കുമറിയാമായിരുന്നു. പക്ഷേ തലേദിവസം, ആ ഒരൊറ്റദിവസം മാത്രം, ഹിന്ദി ട്യൂഷനുപോയില്ലായിരുന്നുവെങ്കിൽ എന്ന് ബെന്നി ആ നേരം ആത്മാർത്ഥമായി ആഗ്രഹിച്ചു.

ഗർജ്ജനങ്ങൾക്കൊടുവിൽ ബോർഡിലോട്ടുതിരിഞ്ഞ് എന്തോ എഴുതാൻ തുടങ്ങിയ സാറ് പറഞ്ഞത് പോരാ എന്നൊരു തോന്നലിൽ പിന്നെയും തിരിഞ്ഞുനിന്ന് ബെന്നിയോട് ചോദിച്ചു.

“നീയൊക്കെ വലിയ ഹിന്ദി വിദ്വാനല്ലേ. ശരി കേൾക്കട്ടെ...........കോഴി ഉമ്മിയിൽ മുട്ടയിടുന്നു എന്നതിന്റെ ഹിന്ദി ഒന്നു പറഞ്ഞേ”

മുർഗി, ഡാലാ, അണ്ഡാ എന്നൊക്കെ പറഞ്ഞൊപ്പിച്ച ബെന്നിയ്ക്ക് ഉമ്മിയുടെ ഹിന്ദി മാത്രം കിട്ടിയില്ല.

അന്നും ഇന്നും എനിക്കും ആ ഹിന്ദി കിട്ടിയിട്ടില്ല.

---------------------------------------------------------------------------------------------
അടിക്കുറിപ്പ്:

ഉമ്മി- അരിയുടെ അപ്പൂപ്പന്റെ മകളുടെ മോൾ, അല്ലെങ്കിൽ തവിടിന്റെ അമ്മയുടെ അനിയത്തിടെ കൂട്ടുകാരി. അവരൊക്കെ തമ്മിൽ വളരെ അടുത്ത ബന്ധമാ. ഉമ്മിയെ ഉമ്മിയെന്നു തന്നെയാണോ ലോകത്തെല്ലായിടത്തും വിളിക്കുന്നത്?

15 Comments:

 1. At Sat Dec 17, 11:21:00 PM 2005, Blogger Reshma said...

  കലക്കി വക്കാരീ കലക്കി!
  ഈ വക്കാരി ഒരു സംഭവം തന്നെ ട്ടോ!

  ഇതു സ്വീകരിച്ചാലും : ര്സ്മ്ക്ഷ്പ്വ്

   
 2. At Sat Dec 17, 11:29:00 PM 2005, Blogger evuraan said...

  വക്കാരീ,

  നന്നായിരിക്കുന്നു.

  ഉമ്മി - ഞങ്ങളുടെ നാട്ടിൽ അത് വെറും “ഉമി”യാകുന്നു.

  --ഏവൂരാൻ.

   
 3. At Sun Dec 18, 02:23:00 AM 2005, Blogger കണക്കൻ said...

  ഞമ്മന്റോടേം ഉമി മാത്രേള്ളൂ. ജോറായീണ്ട്‌ട്ടോ. അന്റെ അട്‌ത്ത കഥ എപ്പഴാണ്ണീ?

   
 4. At Sun Dec 18, 10:51:00 AM 2005, Blogger ദേവന്‍ said...

  ഹിന്ദീ മുഝേ ഭീ കഷ്ടപ്പാട് ഹെ (ഹൂ ഹോ). പണ്ടാറടങാൻ നോറ്ത്തന്മാർക്ക് വേറൊരു സ്റ്റേഷനും പിടിക്കില്ലാ ഹോ. ഇസ് ലിയേ മേം ദൈനം ദിൻ ജീവിത് മേം ബഹുത്ത് കഷ്ടപ്പാട് ഹോത്താ ഹൂം.
  ഉമി- കൊല്ലത്തും .

   
 5. At Sun Dec 18, 11:16:00 AM 2005, Blogger സാക്ഷി said...

  എവിടാര്‍ന്നു വക്കാരി ഇത്രേം നാളും. കാത്തുകാത്തിരുന്നു കണ്ണുകഴച്ചു. ഏതായാലും വന്നൂലോ സന്തോഷം. സംഭവം അടിപൊളി. ഇതൊക്കെ കയ്യിലും വെച്ച് മിണ്ടാതിരുന്നാലെങ്ങനാ?

   
 6. At Sun Dec 18, 11:19:00 AM 2005, Blogger പെരിങ്ങോടന്‍ said...

  വക്കാരിയിഷ്ടോ ഓര്‍മ്മക്കുറിപ്പ് നന്നായിരുന്നു. പലരും പറയുന്നതുപോലെ എനിക്ക് ഓര്‍മ്മകള്‍ അണപൊട്ടി ഒഴുകുന്ന അനുഭവം. എന്‍‌ട്രന്‍സ് കോച്ചിങ്ങിന്റെ നഗരമായ തൃശ്ശൂരില്‍ സത്യത്തില്‍ ഞാന്‍ കോച്ചിങെടുത്തപോലെ ആരും എടുത്തുകാണില്ല. അവസാനം എന്നെ പടിയടച്ചു പണ്ഡം വച്ചപ്പോഴാണു് എല്ലാം ശുഭമായതു്. അഖിലേന്ത്യാ മെഡിക്കല്‍ എന്‍‌ട്രന്‍സ് എഴുതാന്‍ തിരോന്തരത്തെത്തിയ ഞാന്‍ ആദ്യം ചെയ്തത് ന്യൂ തിയേറ്ററില്‍ ചെന്നൊരു പടം കാണുകയായിരുന്നു (ഭഗവാനെ ന്യൂ എന്നത് ഒരു ഊഹം വച്ചു് പറഞ്ഞതാണേ, ഇതിനി തൃശ്ശൂര് ഗിരിജ, കുന്ദംകുളം ജവാഹര്‍ എന്നീ ഗണത്തില്‍ പെട്ടതൊന്നും ആവല്ലേ) മൊത്തമായും ചില്ലറയായും പറഞ്ഞാല്‍ പത്താംതരം കഴിഞ്ഞതോടെ മിക്കവാറും എല്ലാ അദ്ധ്യാപകര്‍ക്കും ഞാന്‍ ചതുര്‍ത്ഥിയായി മാറിയിരുന്നു. പിന്നെ ഞാനൊരു ട്യൂഷന്‍ മാഷാവേണ്ടി വന്നു ചുരുക്കം ചില മാഷന്മാരുടെ ഇടയിലെങ്കിലും എന്നെ പ്രതിയുള്ള അഭിപ്രായങ്ങള്‍ മാറുവാന്‍. ആ കഥ പിന്നീട്.

   
 7. At Mon Dec 19, 06:41:00 PM 2005, Blogger Adithyan said...

  കലക്കി വക്കാരീ :-)

  സമ്മാനമായി ഇതു വെച്ചോ

  ... പാനി കെ ഊപ്പർ ഗ്വാ ഗ്വാ കർത്തെ ചിഡിയെ കാ അണ്ഡാ....

  മൻസിൽ ആയോ? ബേറേ ഒന്നും അല്ല... താറമ്മുട്ടയുടെ ഹിന്ദി...

   
 8. At Mon Dec 19, 07:04:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  വന്ന് സന്ദർശിച്ച് പോയവർക്കും വായിച്ചവർക്കും കമന്റടിച്ചവർക്കും പെരുത്ത നന്ദിയും ബോണസ്സായി ക്രിസ്മസ്-പുതുവത്സരാശംസകളും.

  രേഷ്മേ- നന്ദി. ഞാനെന്നാ വെറുംകൈയോടെ വിടുമോ- ഇന്നാ പിടിച്ചോ: ക്കക്ഷൊബ്വ്

  ഏവൂരാനേ, കണക്കണ്ണോ, ദേവേട്ടോ, ഇനി ഉമിയെന്നു തന്നെയാണോ ഞങ്ങളുടെ നാട്ടിലേയും ഉച്ചാരണമെന്ന് വർണ്ണ്യത്തിലൊരാശങ്ക. കൺഫേം ചെയ്യണം. അടുത്ത കഥ :( സ്റ്റോക്കൊക്കെ തീർന്നുകൊണ്ടിരിക്കുകയാ. ഈ ദിവസവും കഥകളെഴുതുന്ന സൂവിനെയും അതുല്യചേച്ചിയെയുമൊക്കെ സമ്മതിക്കണം. സാരമില്ല. സിനിമാപ്പാട്ടുകളുള്ളിടത്തോളം പോസ്റ്റിനു പഞ്ഞമൊന്നുമുണ്ടാകില്ല. ഒരോ ദിവസവും ഓരോ പാട്ടങ്ങു കാച്ചിയാൽ മതിയല്ലോ.

  ദേവേട്ടോ നന്ദി. കാര്യം നമ്മുടെ രാഷ്ട്രഭാഷയൊക്കെയാണെങ്കിലും ചിരിക്കാൻ ഒത്തിരി വക തന്നിട്ടുണ്ട് ഈ ഹിന്ദി. താങ്കൾ അമർത്യാ സെൻ വാക്യത്തിൽ പ്രയോഗിച്ചതിന്റെ ശ്വാസം മുട്ടൽ ഇതുവരെ മാറിയിട്ടില്ല. ഓഫീസിലിരുന്നാണ് അത് വായിച്ചത്. ശരിക്കും എനിക്കു വയ്യായേ എന്നു വിളിച്ചു പോയി. അടുത്തെങ്ങും ആരുമില്ലായിരുന്നെന്ന് തോന്നുന്നു.

  പൊന്നു സാക്ഷീ, ടൈപ്പു ചെയ്തിട്ട് അടുത്ത സെക്കന്റിൽ പബ്ലിഷ് പോസ്റ്റിൽ ക്ലിക്കു ചെയ്യുകയാ. ഒന്നുകൂടി വായിച്ചാൽ‌പ്പിന്നെ ഒരാളേയും കാണിക്കാൻ തോന്നുകയില്ല. വില്ലിൽനിന്നും കുലച്ച അമ്പും, വായിൽനിന്നു വീണ വാക്കും, സെൻഡിൽ ക്ലിക്കിയ ഈമെയിലും ഇപ്പോ പബ്ലിഷിൽ ക്ലിക്കിയ പോസ്റ്റും തിരിച്ചെടുക്കാൻ മേലന്നല്ലേ...

  പെരിങ്ങോടരേ, അപ്പോ ഈ കലാപരിപാടിയിലുണ്ടായിരുന്നല്ലേ. അഖിലേന്ത്യാ മാമാങ്കത്തിന് ഞാനും പടവെട്ടിയതാ. ഫലം പ്രവചിക്കാവുന്നതുതന്നെയായിരുന്നു. കേരളനും ഇന്ത്യനുമായി നാലഞ്ചുപ്രാവശ്യം പയറ്റി.. ന്യൂ തീയേറ്റർ ആ തമ്പാനൂര് പാലത്തിനടുത്തുള്ളതല്ലേ..

  ആദിത്യണ്ണോ, താറാമുട്ടയുടെ ഹിന്ദി ആദ്യമായി കേൾക്കുകയാ. അതിഷ്ടപ്പെട്ടു..

   
 9. At Tue Dec 20, 09:47:00 AM 2005, Blogger വിശാല മനസ്കന്‍ said...

  എത്രയെത്ര നമ്പറുകൾ. നമിക്കുന്നുഷ്ടാ. അടുത്ത നമ്പറുകളുടെ സമാഹാരത്തിനായി ഞാനും കാത്തിരിക്കുന്നു.

  ഞങ്ങൾക്കും 'ഉമി' ആണ്‌. എരുമക്ക്‌ കുടികൊടുക്കുമ്പോൾ ചിലപ്പോൾ ഞാൻ അറിയാതെ തവിടിന്‌ പകരം ഉമി കൊണ്ടിട്ടുണ്ട്‌. ഒരു സിപ്പ്‌ എടുത്തിട്ട്‌ എരുമ തലയുയർത്തി എന്നെ ഒരു നോട്ടംണ്ട്‌. മനസ്സിലിങ്ങനെയെന്തോ ചോദിക്കുന്ന ഭാവേനെ.

  'ടാ.. എന്തിറ്റ്‌ ഡേഷാ നീ ഇതില്‌ കൊണ്ടിട്ടേക്കണേ... നീ പൊട്ടനല്ലേരിക്ക്വോ... '

   
 10. At Tue Dec 20, 10:07:00 AM 2005, Blogger ചില നേരത്ത്.. said...

  വക്കാരി മാഷേ..
  ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാസ്വദിച്ചു.
  -ഇബ്രു-

   
 11. At Tue Dec 20, 10:42:00 AM 2005, Blogger മന്‍ജിത്‌ | Manjith said...

  ഞാനിവിടെത്താന്‍ വൈകിപ്പോയി വക്കാരീ...
  മലയാളത്തിലെ വളിപ്പുസിനിമാ തമ്പുരാക്കന്മാരെയെല്ലാം വെടിവച്ചു തള്ളിയിട്ട്‌ ഒക്കെ വക്കാരിയെ ഏല്‍പിക്കാന്‍ സാംസ്കാരിക മന്ത്രിക്ക്‌ ഒരു നിവേദനം നല്‍കിയാലോ എന്നൊരാലോചന മനസിലുണ്ട്‌.
  മലയാളീസ്‌ ഉള്ളുതുറന്നൊന്നു ചിരിക്കട്ടെന്നേ...

   
 12. At Tue Dec 20, 12:49:00 PM 2005, Blogger അതുല്യ said...

  വക്കാരി എത്തിയപ്പോ വൈകി. നിക്കർ കഥ പറഞ്ഞപ്പോ, പണ്ടു റേഡിയോ സ്പെല്ലിംഗ്‌ ചോദിച്ചപ്പോ, RAD, RAD....ന്നു പറഞ്ഞ്‌ നിർത്തിയവനു ഒരു പിച്ചു കൊടുത്ത്‌ IO പറയിപ്പിച്ച സന്ദർഭം ഓർമ്മ വന്നു.

  തമാശ കഥ വേണ്ട വക്കാരി, സായിപ്പു ചീത്ത പറയും എന്നെ ചുമ്മ ചിരിച്ചാ.

   
 13. At Tue Dec 20, 01:53:00 PM 2005, Blogger അതുല്യ said...

  വക്കാരി,
  ഉമി = भूसी

  കോഴി भूसी യിൽ മുട്ടയിട്ടു.

  *******

  http://www.shabdkosh.com/cpnt/option,com_enghindi/e,husking

   
 14. At Tue Dec 20, 06:45:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  അടുത്ത സ്വീകരണസ്ഥലത്തേക്ക്....

  വൈശാലിമനസ്കാ... അരുമയായ എരുമയുടെ പരിഭവത്തോടെയുള്ള നോട്ടം മറ്റൊരു എനിക്കു വയ്യായേ സമ്മാനിക്കുന്നെനിക്ക്...

  ഇബ്രു ചിലനേരമായതെന്തേ.... എല്ലാ നേരത്തും വേണം...

  മൻ-ജിത്തേ... വളരെ വളരെ പണ്ട് ഒരു അതിമനോഹരമലയാള സിനിമയിൽ പത്തുസെക്കന്റ് അഭിനയിച്ച ഒരു പാരമ്പര്യമെനിക്കുണ്ട്. നമുക്കൊരു ആറെട്ട് പടം തന്നെയെടുത്തേക്കാം.

  അതുല്യേച്ചീ.. റേഡി അയ്യോ ഇഷ്ടപ്പെട്ടു.

  അപ്പോൾ തവിടിന്റെ ഹിന്ദിയെന്താ..? അതോ ഉമിക്കും തവിടിനും ഒരു ഹിന്ദിയേ ഉള്ളോ.. ആ ലിങ്കിന് വളരെ നന്ദി. അതുപോലൊരെണ്ണം നോക്കിസർഫുകയായിരുന്നു.

   
 15. At Wed Jan 11, 12:28:00 PM 2006, Blogger കലേഷ്‌ കുമാര്‍ said...

  വക്കാരി, കലക്കി! :)
  വർക്കലയും ‘ഉമി’ ആണ്.
  അറബിയിൽ ‘ഉമ്മി’ എന്നു പറഞ്ഞാൽ ‘അമ്മ‘ എന്നാണർത്ഥം എന്നു തോന്നുന്നു.

   

Post a Comment

Links to this post:

Create a Link

<< Home