പത്രധർമ്മം, ദേ പിന്നെയും
ദീപികപ്പത്രത്തിന്റെ സെൻസേഷന് വിശ്വത്തിന്റെയും, ഇബ്രുവിന്റെയും ഏവൂരാന്റെയും കമന്റുകൾ വായിച്ച്, ഏവൂരാന്റെ കമന്റിലുള്ള ലിങ്കിൽ ക്ലിക്കി ഏവൂരാന്റെ കടംകഥയാകുന്ന വാർത്തകൾ വായിച്ചിട്ട് ഇന്നത്തെ മംഗളം പത്രം വായിച്ചപ്പോൾ ദേ കിടക്കുന്നു, പിന്നെയും പത്രധർമ്മം. മലയാളം പത്രക്കാരുടെ ധർമ്മത്തെപ്പറ്റി ബ്ലോഗാൻ തുടങ്ങിയാൽ പിന്നെ ബ്ലോഗെഴുതാൻ ടോപ്പിക്കില്ല എന്നൊരു പ്രശ്നം ഉണ്ടാവില്ല. എങ്കിലും........
“പണമുണ്ടാക്കാത്തവർ ഇനി മത്സരിക്കട്ടെ” അതാണ് തലക്കെട്ട്.
ഇന്നലത്തെ കഥാപാത്രം, ശ്രീ വക്കം പുരുഷോത്തമൻ തന്നെ ഇവിടെയും ഉദാഹരണം. അദ്ദേഹം ഇനി മത്സരിക്കാനില്ല എന്നു പ്രഖ്യാപിച്ചതുപോലെ, നാട്ടിലെ പല പ്രമാണിമാരും പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു എന്നാണ് മംഗളം പറയുന്നത്. വളരെ നല്ല കാര്യം. കാര്യമായ ആസ്തിയൊന്നുമില്ലാതെ പൊതുജനസേവനത്തിന് വർഷങ്ങൾക്കുമുമ്പിറങ്ങിയ രാഷ്ട്രീയക്കാരിൽ പലരും ഇന്ന് ആ അവസ്ഥയിലല്ലത്രേ. വളരെ ശരി.
പിന്നെ മംഗളം ഉദാഹരണങ്ങൾ തുടങ്ങുകയായി. ഏവൂരാൻ പറഞ്ഞതുപോലെ, വ്യംഗ്യസാഹിത്യത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള മനോഹര വിവരണങ്ങൾ. എന്തോ, ഈ കലയിൽ അത്ര നൈപുണ്യം നേടാത്തതുകൊണ്ടാണെന്നു തോന്നുന്നു, ചിലപ്പോഴൊക്കെ ആൾക്കാരുടെ ഐഡൻറ്റിറ്റിയും പുറത്തായിട്ടുണ്ട്.
ആദ്യ വിവരണം അടുത്തയിടെ മാതൃസംഘടന വിട്ട പ്രമുഖനായ നേതാവിനെയും മകനെയും പറ്റി. പേരൊഴിച്ച് ബാക്കിയെല്ലാ വിവരണവുമുണ്ട്. പക്ഷെ, എഴുതിവന്നപ്പോൾ കണ്ട്രോളു പോയി. അടുത്ത ഖണ്ഡികയിൽ പേരും പറഞ്ഞു-തൊട്ടു മുൻപിലത്തെ ഖണ്ഡികയോടനുബന്‌ധിച്ചല്ലെങ്കിലും.
പിന്നത്തെ വിവരണങ്ങൾ ബഹുരസമാണ്. കപ്പടാമീശക്കരനായ മുൻമന്ത്രി, വെളുത്തുരുണ്ട് തടിച്ച മന്ത്രി, എറണാകുളം അച്ചായൻ, അദ്ദേഹത്തിനൊപ്പം പാറപോലെനിന്ന നേതാവ്, വടക്കൻ ദേശക്കാരനായ ഇപ്പോഴത്തെ മന്ത്രി, കേരളത്തിന്റെ തെക്കേ അറ്റത്ത് മീശപിരിച്ച് ദാദായായി നിൽക്കുന്ന നേതാവ്, മദ്യമാഫിയാകളുമായി ബന്ധമുള്ള വടക്കൻ സഖാവ്, മാസപ്പടിയുടെ പേരിൽ പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ട മുൻ എം.എൽ.എ, പട്ടാള ട്രക്കിന്റെ വളയം തിരിച്ചിരുന്ന നേതാവ്, പതിവായി വൻകിട തൊഴിൽശാലകളിലെ തൊഴിൽതർക്കം തീർക്കുന്ന നേതാവ്, ബാറ്റൺ മകനു കൈമാറിയ മന്ത്രി...................
നമ്മുടെ നാട്ടിലെ സകല നേതാക്കന്മാരുടെയും, രാഷ്ട്രീയ പശ്ചാത്തലവും, കുടുംബപശ്ചാത്തലവും, അതും പോരാഞ്ഞിട്ട് അവരുടെ ശരീരശാസ്ത്രവും കാണാപ്പാഠം പഠിച്ചാൽ പോലും, ഇതുപോലത്തെ വിവരണങ്ങളിൽ പറഞ്ഞിരിക്കുന്ന മുഴുവൻ ആൾക്കരേയും പാവം സാധാരണക്കാരനായ വായനക്കാരന് മനസ്സിലാവുകയില്ല. ഒരു ക്വിസ്സ് മത്സരം നടത്തിയാൽ മുഴുവൻ മാർക്കും ലേഖകന്. ആരാണപ്പാ ഈ പട്ടാള ട്രക്കിന്റെ വളയം പിടിച്ചിരുന്ന നേതാവും കപ്പടാമീശക്കാരനായ മന്ത്രിയുമൊക്കെ!
എന്തൊക്കെ പറഞ്ഞാലും, മറ്റു പത്രഭീമന്മാരെ അപേക്ഷിച്ച് സമീപകാലത്ത് ഇത്രയെങ്കിലും തുറന്നെഴുതുന്ന പത്രം മംഗളമാണെന്നു തോന്നുന്നു.... അധികമാരും വായിക്കില്ല എന്നുറപ്പുള്ളതുകൊണ്ടായിരിക്കുമോ? പക്ഷേ, ഇതുപോലുള്ള “തുറന്ന”വിവരണങ്ങളാണോ, ശരിക്കുള്ള തുറന്ന വിവരണങ്ങളാണോ, അതോ ഒന്നും വിവരിക്കാതിരിക്കലാണോ ശരിയായ പത്രധർമ്മം എന്നു ചോദിച്ചാൽ.....................ആവൂ, ആർക്കറിയാം.
വലിയ വീമ്പിളക്കുന്ന വക്കാരീ............നിന്റെ സ്വന്തം പേരുവെച്ചു തന്നെയാണല്ലോ അല്ലേ നീ ഈ ഡയലോഗൊക്കെ അടിക്കുന്നത് എന്നാരെങ്കിലും ചോദിച്ചാൽ..............നെഞ്ചിൽ കൈ വെച്ച് ഉറച്ച ശബ്ദത്തിൽ ഞാൻ പറയും..........
............അല്ലേ അല്ല.
2 Comments:
രാഷ്ട്രീയക്കാരെപ്പറ്റി ഇനി എന്തെഴുതിയാലും അതിൽ പുതുമ വരില്ല വക്കാരീ..
മലയാള ഭാഷാ മഹാസാഗരത്തിൽ ഇനി വാക്കുകളുണ്ടാവില്ല എഴുതാൻ..!
ശരിയാണ് മേഘങ്ങളേ.... അവരുടെ ഇപ്പോഴത്തെ ഗതികേടിന് അവർത്തന്നെ ഉത്തരവാദികൾ.. ഈ പത്രക്കാരും കുറച്ചുകൂടിയൊക്കെ ഉത്തരവാദിത്തം കാണിക്കേണ്ടതല്ലേ....? പക്ഷേ, ഈ സാധാരണക്കാരെന്നും പാവങ്ങളെന്നും പറയുന്ന നമ്മൾ പൊതുജനങ്ങൾ വേണ്ട ഉത്തരവാദിത്തബോധമൊക്കെ കാണിക്കുന്നുണ്ടോ? സ്വന്തം വീട്ടിലെ എച്ചിൽപോലും റോഡിൽ തള്ളിയിട്ട് ഇനി ജോലി പഞ്ചായത്തിന്റേതെന്നു പറയുന്നവരല്ലേ നമ്മൾ. പരിസരം മലിനമാക്കുന്നതിനോ, പബ്ലിക്കായി പുകവലിക്കുന്നതിനോ ഒരമ്പതുരൂപാ ഏതെങ്കിലും പഞ്ചായത്ത് ഫൈനായി ഇടട്ടെ, നമ്മളൊക്കെത്തന്നെകാണും, ഏറ്റവും മുൻപിൽ, പഞ്ചായത്തിനെതിരെ സമരം ചെയ്യാനും, പഞ്ചായത്ത് പ്രസിഡന്റിനെ താഴെയിറക്കാനും. നമ്മൾ നന്നായാലേ നാടു നന്നാവൂ. കസേരയിൽ ചാരിയിരുന്ന് രോഷം കൊണ്ടിട്ട് യാതൊരു കാര്യവുമില്ല. [ഞാൻ കുറച്ച് ഓവറായോ?...ക്ഷമിക്കണം, കണ്ട്രോളു പോയി :))]
Post a Comment
<< Home