Thursday, December 22, 2005

സമകാലികോൽ‌പ്രേക്ഷ

ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന ചില സമകാലിക സംഭവ വികാസങ്ങൾ എന്നിൽ മറ്റൊരു ഉൽ‌പ്രേക്ഷയുണ്ടാക്കുന്നില്ലിയോ എന്നു വർണ്ണ്യത്തിലൊരാശങ്ക.

പല പല സംഭവങ്ങൾ. .. നമ്മളൊക്കെ വോട്ട് ചെയ്ത് “നിന്റേം നിന്റെ കുടുംബത്തിന്റേയും കമ്പ്ലീറ്റ് പ്രശ്നങ്ങൾ ഞാനേറ്റൂന്ന്” എന്ന് ടി.ജി.രവി സ്റ്റൈലിൽ പറഞ്ഞ് ഡൽഹിക്കു വണ്ടി കയറിയ എംപീ അണ്ണന്മാർ കുറച്ച് കാശും കൂടി മേടിച്ചിട്ടാണത്രേ പാർലമെന്റിൽ നമുക്ക് വേണ്ടി ഘോരഘോരം കണ്ണീരൊഴുക്കുന്നത്.. ഇതൊക്കെ ലേറ്റസ്റ്റ് ടെക്നോളജി വെച്ച് ടി. വി യണ്ണന്മാർ എക്സ്പോസ് ചെയ്തുപോലും.

വേറേ ചില അണ്ണന്മാർ എമ്പീ ഫണ്ട് വിനിയോഗിക്കുന്നതിലും തിരിമറിയൊക്കെ നടത്തിയത്രേ. അത് എക്സ്പോസ് ചെയ്തതും നമ്മുടെ ടിവീയണ്ണന്മാർ..

ഇതൊക്കെ ഇങ്ങിനെ തുണിയില്ലാതെ കാണിച്ചുതന്ന ടിവീയണ്ണന്മാർ രാജ്യസ്നേഹികൾ, മിടുക്കന്മാർ. അവരില്ലായിരുന്നെങ്കിൽ ഇതൊക്കെ നമ്മളെന്നെങ്കിലും അറിയുമായിരുന്നോ.........

അങ്ങിനെ അവർക്ക് മനസ്സുകൊണ്ട് ഒരു അഭിവാദ്യമൊക്കെ അർപ്പിച്ച് സംഭവം മടക്കിവെയ്കാൻ തുടങ്ങിയപ്പോൾ തുടങ്ങി, ഉൽ‌പ്രേക്ഷയുടെ കളി.. വിവിധതരം ഉൽ‌പ്രേക്ഷകൾ...

1. ധാർമ്മികോൽ‌പ്രേക്ഷ.

രാവിലെ ഷർട്ടും പാന്റുമിട്ട് ഇൻസേർട്ടൊക്കെ ചെയ്ത് ഷൂസൊക്കെയിട്ട് വീട്ടിൽനിന്നിറങ്ങുന്നതിന് മുൻപ് ഈ ടീവീയണ്ണന്മാർ ഒരു പ്രതിജ്ഞ ചെയ്യുന്നു.

“ഹെന്റെ ഇൻസാറ്റ് മഹേശ്വരാ, എന്റെ ക്യാമറയാണേ സത്യം, ഇനിയൊരഴിമതിക്കഥ കിട്ടാതെ ഞാൻ താടിവടിക്കില്ല, തലമുടി വെട്ടില്ല.. ഇത് ടി.വി........ ടി.വി............ ടി.വി...........”

പിന്നെ അഴിമതിക്കഥകൾ തപ്പി ഇറങ്ങുകയായി. സ്രാവുകൾ രണ്ടുതരം, വലിയ അഴിമതികൾ കാണിക്കുന്ന വമ്പൻ സ്രാ‍വുകളും, കുഞ്ഞ് കുഞ്ഞ് അഴിമതികൾ കാണിക്കുന്ന കുഞ്ഞു കുഞ്ഞു സ്രാവുകളും (പരൽമീനുകളെന്നും വിളിക്കാം). വലിയ സ്രാ‍വുകളെ തൊട്ടാൽ വിവരമറിയും. മാത്രവുമല്ല ഏതു നേരറിയാൻ സി.ബി.ഐ. വിചാരിച്ചാലും കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിലാണല്ലോ അവരുടെയൊക്കെ അഴിമതി. അതുകൊണ്ട് ഇരകൾ പരൽ മീനുകൾ.

ലോജിക്ക്: കൈക്കൂലി, അത് ഒരു രൂപയാണെങ്കിലും ഒരു കോടി രൂപയാണെങ്കിലും കൈക്കൂലി കൈക്കൂലി തന്നെ... ഞങ്ങൾ അതിനെതിരെ പടപൊരുതും. അതാണ് ധർമ്മം. അതാണ് നീതി...

പിന്നെ പാവങ്ങൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു നടപ്പാണ്. അഴിമതിക്കാണോ നമ്മുടെ നാട്ടിൽ പഞ്ഞം. പക്ഷേ ഒരു സെൻസേഷനില്ലാത്ത അഴിമതിക്കെന്താണൊരു രസം. ഒരു നേരത്തെ അരി വാങ്ങിക്കാൻ കെല്പില്ലാത്തവന്റെ കൈയിൽനിന്നോ വാർദ്ധക്യ പെൻഷൻ വാങ്ങിക്കുന്ന പാവപ്പെട്ട അമ്മൂമ്മയപ്പൂപ്പന്മാരുടെ കൈയിൽനിന്നോയൊക്കെ പൈസാ പിടിച്ചുവാങ്ങിക്കുന്ന സർക്കാരോഫീസണ്ണന്മാരുടെ തോന്ന്യവാസങ്ങൾക്കൊക്കെ ഒരു ത്രില്ലുപോര... അതിനെയൊക്കെ എക്സ്പോസു ചെയ്യേണ്ട ആവശ്യം തന്നെയില്ല. അല്ല ഇനി അതിനാണ് പരിപാടിയെങ്കിൽ ഒരു പ്രത്യേക അഴിമതി ചാനൽ തന്നെ തുടങ്ങേണ്ടി വരും.

പിന്നെന്തു ചെയ്യും..

വഴിയുണ്ടല്ലോ... ഒരു അഴിമതി അങ്ങ് സ്ക്രിപ്റ്റ് ചെയ്യുക. തിരക്കഥയൊക്കെ തയ്യാറാക്കുക... അങ്ങിനെ തയ്യാറാക്കിയ തിരക്കഥകളല്ലേ ഈ തെഹൽക്ക, ഓപ്പറേഷൻ ദുര്യോധനൻ, ഓപ്പറേഷൻ ചക്രവ്യൂഹൻ എന്നൊക്കെ എന്ന് വർ‌ണ്ണ്യത്തിലൊരാശങ്ക...

പുറകേ നടക്കുക, പിന്നെയും നടക്കുക, പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്നതുവരെ നടക്കുക, പ്രലോഭിപ്പിക്കുക, പിന്നെയും പ്രലോഭിപ്പിക്കുക, സഹികെട്ടോ, ഒരു ദുർബ്ബലനിമിഷത്തിലോ, കാശിനാർത്തികൊണ്ടോ അങ്ങിനെ ഏതെങ്കിലുമൊരു കാരണംകൊണ്ട് ഒരെമ്പിയോ, സെക്രട്ടറിയോ, മന്ത്രിയോ കാശെങ്ങാനും വാങ്ങിച്ചാൽ.......... ഓപ്പറേഷൻ സക്സസ്... ചാനലിന്റെ റേറ്റിങ്ങ് ഹിമാലയത്തിനും മുകളിൽ... പൊതുജനങ്ങളുടെയൊക്കെ വിരൽ മൂക്കിൻ‌തുമ്പത്ത്..


ശരിക്കും എന്താണ് ഈ അണ്ണന്മാർ ചെയ്യുന്നത്. നമ്മുടെ എമ്പീമാരും എമ്മെല്ലേമാരുമെല്ലം പ്രലോഭനങ്ങളിൽ വീഴുന്ന മനുഷ്യജീവികളാണെന്ന് തെളിയിക്കുകയോ... അവരാരും സന്യാസിമാരല്ല, വെറും പച്ചയായ മനുഷ്യന്മാർ എന്ന പരമാർത്ഥം നമ്മളെ ബോധ്യപ്പെടുത്തുകയോ? “ഹേയ്, ഞാൻ കാശിനോട് യാതൊരു ആർത്തിയുമില്ലാത്തവൻ” എന്നവർ പലപ്പോഴും പറയുന്നുണ്ടെങ്കിലും നമ്മളെല്ലാവരും അത് അങ്ങിനെയങ്ങ് വിശ്വസിച്ചിട്ടില്ലല്ലോ.

കേട്ടത് ഏഴെട്ടുമാസം കഷ്ടപ്പെട്ടിട്ടാണത്രേ അണ്ണന്മാർ ഇതൊന്ന്‌ ഈ രീതിയിലാക്കിയെടുത്തതത്രേ.. പാവങ്ങൾ. സിനിമാ ഡയറക്ട് ചെയ്യുന്നതുപോലെ.. സംവിധായകന് ഒരു അഴിമതി അത്ര പെർ‌ഫെക്ടായില്ലാ എന്നു തോന്നിയാൽ........ “ഡേയ്, നീ ഒന്നുകൂടി ആ എമ്പീയുടെ വീട്ടിൽ പോ, സംഗതിക്കൊരു നാച്ചുറാലിറ്റിയില്ല” എന്ന് പറഞ്ഞ് ഒരു ടേക്കുകൂടിയെടുക്കുന്ന ഒരു സ്റ്റൈൽ.

തെഹൽക്ക സംവിധാനം ചെയ്തപ്പോഴും ഇതുപോലൊക്കെ സംഭവിച്ചൂവത്രേ. ജോർജ്ജ് ഫെർണ്ണാണ്ടസ് കാശുവാങ്ങുന്നതും നോക്കി അണ്ണന്മാർ കണ്ണിലെണ്ണയുമൊഴിച്ച് നോക്കിയിരുന്നത്രേ.. പക്ഷേ കിട്ടിയില്ല. എങ്കിലും കിട്ടിയത് മോശമല്ലായിരുന്നു. അദ്ദ്യേത്തിന്റെ വീട്ടിലിരുന്ന് ജെയാ ജെറ്റ്ലി മേടിച്ചു. പക്ഷേ മേടിച്ചത് പാർട്ടിക്കുവേണ്ടിയാണെന്ന് അവരും. എന്തായാലും മേടിച്ചല്ലോ. ടീവീയണ്ണന്മാർക്ക് അതു മതിയല്ലോ.. അതിന്റെ സൂത്രധാരന്മാർ തന്നെ പറഞ്ഞത് വളരെ കഷ്ടപ്പെട്ടിട്ടാണ് ചില അണ്ണന്മാരെ അതിൽ കുടുക്കിയതെന്ന്. എല്ലാത്തരം വേലത്തരങ്ങളും കാണിച്ചൂവത്രേ. “സാർ ഈ കാശ് വാങ്ങിച്ചില്ലെങ്കിൽ എന്റെ കുടുംബം പട്ടിണിയായിപ്പോകും, പ്ലീസ്” എന്നൊക്കെ പറയേണ്ടി വന്നോ എന്നറിയില്ല.

(എന്തായാലും അതിന്റെ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ട് വന്നപ്പോൾ, “ഛായ്, ഇത് ഞങ്ങളുദ്ദെശിച്ചതുപോലത്തെ റിപ്പോർട്ടേ അല്ലാ” എന്നു പറഞ്ഞ് സംഗതി ചവറ്റുകൊട്ടയിലെറിഞ്ഞു എന്നുള്ളത് ഈ അഴിമതിക്കെതിരേക്കുരിശുയുദ്ധപ്പരിപാടിയുടെ ബാക്കി പത്രം. അന്ന് അതിലെ കഥാപാത്രങ്ങൾ വാങ്ങിച്ച ആകെമൊത്തടോട്ടൽ പൈസായുടെ ആയിരം ഇരട്ടി ആ അന്വേഷണക്കമ്മീഷന് ചിലവായീ എന്നുള്ളത് വേറൊരു ബാക്കിപത്രം).

ഇതിന്റെ ധാർമ്മികതെയെപ്പറ്റി ആലോചിച്ചിട്ട് ഉൽ‌പ്രേക്ഷയായത് മിച്ചം.. ഇവരിങ്ങിനെ ചെയ്യുന്നത് ശരിയോ.......... പക്ഷേ ഇവരിങ്ങിനെ ചെയ്തതുകൊണ്ടല്ലേ പൊതുജനം നമ്മുടെ എമ്പീയണ്ണന്മാരൊക്കെ ഏതുതരക്കാരാണെന്ന് നന്നായി മനസ്സിലാക്കിയത്... പക്ഷേ അത് മനസ്സിലാക്കിക്കാൻ ഒരാളുടെ പുറകെ നടന്ന് നടന്ന് പൈസാ കൈയിൽ പിടിച്ചേൽ‌പ്പിച്ചിട്ട് അത് ക്യാമറയിൽ പകർത്തലാണോ ശരിയായ നടപടി?.... പക്ഷേ, നമ്മുടെ യെമ്പീയണ്ണന്മാർ അങ്ങിനെ ഒരു ദുർബ്ബലനിമിഷത്തിൽ കാശുവാങ്ങിപ്പോയ ദുർബ്ബലന്മാരാണോ......... പച്ചവെള്ളം ചവച്ചുകുടിക്കുന്നവന്മാർ തെന്നേ അവർ? അതോ ഭൂലോകവീരന്മാരാണോ? ഇവരെയൊക്കെ പൊതുജനമധ്യത്തിൽ തുറന്നുകാണിക്കാൻ ഇതേ ഉള്ളോ ഒരു വഴി...... അല്ല ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാ ഇവന്മാരേയൊക്കെ ഒന്ന് തുറന്നു കാണിക്കുന്നത്.........? അങ്ങിനെ പോകുന്നു സംശയങ്ങൾ..

ഇങ്ങിനെയൊരു ഓപ്പറേഷൻ വിദേശ രാജ്യങ്ങളിലാണ് നടക്കുന്നതെങ്കിൽ അവിടുത്തെ വിദേശ നാട്ടുകാർ ഇതിനെ എങ്ങിനെയെടുക്കും, അവിടുത്തെ നീതിന്യായ വ്യവസ്ഥകൾ ഇങ്ങിനത്തെ ഓപ്പറേഷനുകൾക്ക് എന്ത് സ്ഥാനമാണ് കൊടുക്കുന്നത് എന്നൊക്കെയറിയാൻ ഒരാകാംക്ഷയും ഇതിന്റെ കൂടെ.

2. ഫലോൽ‌പ്രേക്ഷ.

ഇനി എന്താണ് ഇങ്ങിനെയൊക്കെ ചെയ്തതിന്റെ അനന്തരഫലം........ നാട്ടിലെ അഴിമതിയൊക്കെ തീരുമോ... അണ്ണാറക്കണ്ണനും തന്നാലായത് എന്ന തിയറിവെച്ച് ഇത്രയെങ്കിൽ ഇത്രയെങ്കിലുമായി എന്നതായാലോ..... അഴിമതി വീരന്മാരാണ് ആ കാശുമേടിച്ചവരെങ്കിൽ കുറഞ്ഞ പക്ഷം അത്രയും അണ്ണന്മാർക്ക് ഇനി കൈക്കൂലി കൊടുക്കേണ്ടല്ലോ.. പക്ഷേ അവർ മേടിച്ച കൈക്കൂലിയോ......... പതിനായിരം, ഇരുപതിനായിരം, അമ്പതിനായിരം, അയ്യായിരം...........

ശ്...ശ്.... “കൈക്കൂലി, അത് ഒരു രൂപയാണെങ്കിലും ഒരു കോടി രൂപയാണെങ്കിലും കൈക്കൂലി കൈക്കൂലി തന്നെ... ഞങ്ങൾ അതിനെതിരെ പടപൊരുതും. അതാണ് ധർമ്മം. അതാണ് നീതി....”

ഓ ശരി....

പക്ഷേ, ഇനി ഈ ബഹളത്തിനിടയ്ക്ക് വമ്പൻ സ്രാവുകളുടെ ലീലാവിലാസങ്ങളൊക്കെ നമ്മൾ മറന്നു പോവില്ലേ.... കോടിക്കണക്കിന് കിലോഗ്രാം കാലിത്തീറ്റ ഒറ്റയടിക്ക് തിന്നു തീർത്ത ഭീമന്മാരും, കൊള്ളയും കൊലപാതകവും, ചാരവൃത്തിയും എല്ലാമെല്ലാം ഒരു വിനോദമെന്നപോലെ കൊണ്ടുനടക്കുന്ന അണ്ണന്മാരും പിടികിട്ടാ‍പ്പുള്ളികളുമൊക്കെ ഇപ്പോഴും ആ പാർലമെന്റ് ജലാശത്തിൽ ഇങ്ങിനെ ഒഴുകി നടപ്പുണ്ടല്ലോ.. ഇനി അവരെപ്പറ്റി എന്തെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും ഉന്നുരിയാടാൻ തുടങ്ങിയാൽ അപ്പോൾത്തന്നെ, “ മിണ്ടരുത്.... ചോദ്യം ചോദിക്കാൻ കാശുവാങ്ങിയ, നമ്മുടെ പവിത്രമായ പാർലമെന്റിനെ കളങ്കപ്പെടുത്തി കുളമാക്കിയ ആ യെമ്പീമാരെപ്പറ്റി പറയൂ” എന്ന് പറഞ്ഞ് സംഗതിയങ്ങ് ഡൈവേർട്ട് ചെയ്ത് വിട്ടാൽ മതിയല്ലോ.

പക്ഷേ ഈ അഴിമതി തോന്ന്യവാസം അവസാനിപ്പിക്കാൻ പിന്നെന്താണൊരു വഴിയെന്നു പറഞ്ഞുതരൂ വക്കാരീ എന്നാരെങ്കിലും ചോദിച്ചാൽ..................

അപ്പോൾ എനിക്കെന്നെത്തന്നെ ഒരു സംശയം വരും... ശരിക്കും നമ്മൾക്കൊക്കെ ഇന്നത്തെ ഈ ദയനീയ പരിതസ്ഥിതിക്ക് എത്രമാത്രം പങ്കുണ്ട്.. ഈ പല എമ്പീയണ്ണന്മാരും ഇത്തരക്കാരൊക്കെത്തന്നെ എന്നറിയാതെയാണൊ നമ്മൾ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം സ്റ്റൈലിൽ തിരഞ്ഞെടുത്ത് തിരഞ്ഞെടുത്ത് വിടുന്നത്? ഇനി ഇത്തരം തോന്ന്യവാസങ്ങളൊക്കെ കാണിക്കുന്നതിൽ നമ്മളെന്താ മോശമാണോ? നമ്മളെന്താ കൈക്കൂലി ഒട്ടുമേ ജീവിതത്തിൽ കൊടുക്കാത്ത പരമസാധുക്കളാണോ.... ഇനി അതിൽത്തന്നെ നിവൃത്തികേടുകൊണ്ട് മാത്രമേ നമുക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടുള്ളൂ?

നേരാംവണ്ണം വണ്ടിയോടിക്കാൻ പഠിച്ചതിനുശേഷം മാത്രം നേരാംവണ്ണം വണ്ടിയോടിച്ചുമാത്രം ഡ്രൈവിംഗ് ലൈസൻസ് എടുത്ത എത്ര പേരുണ്ട് ഈ കേരള മഹാരാജ്യത്ത്? പത്തുപേർക്ക് മാത്രം കൊടുക്കാനുള്ള സാധനത്തിന് മുപ്പത്തഞ്ചാമനായി അപേക്ഷിച്ചിട്ട് അഞ്ചാമനായി കിട്ടാൻ വെളുപ്പിനേ മുതൽ ക്യൂ നിന്ന പാവം അഞ്ചാമനെ തട്ടി നമ്മുടെ പേരവിടെ ചേർക്കാൻ കൈക്കൂലി കൊടുക്കുന്നവരും നമ്മുടെയിടയിലില്ലേ... “ഓ ആർട്ടിയോ ഓഫീസിൽ ഭയങ്കര അഴിമതിയാ” എന്ന് നെടുവീർപ്പിടുന്ന നമ്മളൊക്കെത്തന്നെയല്ലേ അവിടെ കൊണ്ടുപോയി കാശ് കൊടുത്ത് കാര്യം സാധിക്കുന്നത്... സ്വല്പമൊന്ന് കഷ്ടപ്പെടാനും ബുദ്ധിമുട്ടാനുമുള്ള നമ്മുടെ മടികളുംകൂടിയല്ലേ ഈ പാവം ടി.വീയണ്ണന്മാർക്ക് ഇത്രയും കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടാക്കിക്കൊടുക്കുന്നത്? നമ്മുടെ നാട്ടിലെ പല അഴിമതിക്കും ഞാനാദ്യം എനിക്കാദ്യം എന്ന നമ്മുടെ സ്വഭാവവും വഴിവെക്കുന്നുല്ലേ.. ഈ അഴിമതിയണ്ണന്മാർ പലരും നമ്മുടെ ആ വീക്ക്നെസ്സും മുതലെടുക്കുന്നില്ലേ..

അഴിമതി വീരന്മാരെന്ന് പത്രങ്ങളും നാട്ടുകാരും രാഷ്ട്രീയക്കാരുമെല്ലാം മുദ്രകുത്തിയവരും കാടൊക്കെ വെട്ടിത്തെളിച്ചവരും നദിയൊക്കെ തീറെഴുതിയവരും പിന്നെയും പിന്നെയും അതേ നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തുകൊണ്ടേയിരിക്കുകയല്ലേ

“ ഓ ഏതാണ്ട് വലിയ കാര്യം പറയുന്നു.... ഇതൊക്കെ എത്ര പ്രാവശ്യം പറഞ്ഞതാ....... ഇതൊക്കെ ആർക്കാടേ അറിയാൻ വയ്യാത്തത്.............?

ശരിയാ നമുക്കെല്ലാവർക്കും അറിയാം.... നമ്മളെല്ലാവരും ഇനിയും ഇതൊക്കെ ചെയ്യും....... എന്നിട്ട് നമ്മളെല്ലാവരും ഇനിയും ചീത്ത പറയും, അഴിമതിയെയും അഴിമതിക്കാരേയും....

കാരണം, അവരൊക്കെ അഴിമതിക്കാരയിങ്ങിനെ നിൽക്കുന്നതുകൊണ്ട് നമുക്ക് കുറച്ചൊക്കെ പ്രയോജനമുണ്ട്. ഒരൊറ്റ അഴിമതിക്കാരനും ഞങ്ങളിനി വോട്ടു തരില്ലാ എന്ന പ്രാഖ്യാപനം നടത്താൻ മാത്രം മഹാന്മാരൊന്നുമല്ലല്ലോ നമ്മൾ... “എന്തൊക്കെ പറഞ്ഞാലും ആ അണ്ണൻ കേറിയാലേ നമുക്കെന്തെങ്കിലും പ്രയോജനമുള്ളൂ” എന്ന് പറഞ്ഞ് വോട്ടു കുത്തുന്നവരും നമ്മുടെയിടയിൽത്തന്നെ ധാരാളമില്ലേ....... ന്യായം നോക്കിയും നിക്കുന്ന ആളുടെ സ്വഭാവം നോക്കിയും അയാൾ നാടിനു വേണ്ടി ചെയ്തതു നോക്കിയൊന്നുമല്ലല്ലോ നമ്മൾ ഈ കുത്തൽ പരിപാടി ചെയ്യുന്നത്.. കുറഞ്ഞപക്ഷം നമ്മളിൽ കുറച്ചുപേരെങ്കിലും..............

എങ്കിൽ‌പ്പിന്നെ ഒരു കാര്യം ചെയ്യ്.... കൈക്കൂലി കൊടുക്കുകയേ വേണ്ടാ എന്നൊരു തീരുമാനമെടുക്ക്..

“അത്......... അത് നടക്കുമോ?

അപ്പോപ്പിന്നെ?

ആവൂ ആർക്കറിയാം... നാം നന്നായാൽ നാടു നന്നാകും. പക്ഷേ, എന്താണ് നന്നാകലിന്റെ നിർവ്വചനം..? നമ്മളെങ്ങിനെ നന്നാകും...? ആരാണ് ഈ നമ്മൾ? കൈക്കൂലി കൊടുക്കുന്നവരും മേടിക്കുന്നവരും എല്ലാം ഈ നമ്മളിൽ പെടുകയില്ലേ...?

“ഈ രാജ്യത്തുള്ള മൊത്തം അഴിമതിയും തുടച്ചു നീക്കി വടിച്ചു നക്കാനൊന്നും പറ്റുകയില്ല”

അങ്ങിനെയാണോ........? അപ്പോപ്പിന്നെ അണ്ണാറക്കണ്ണനും തന്നാലായത് തിയറി എവിടെ തുടങ്ങണം. നൂറുകോടി രൂപയുടെ നൂറഴിമതി കാണിക്കുന്ന വമ്പൻ സ്രാവുകളിൽ നിന്നോ, ഒരു നേരത്തെ അരിയ്ക്ക് വകയില്ലാത്ത അല്ലെങ്കിൽ എഴുന്നേറ്റു നടക്കാൻപോലും വയ്യാത്ത പാവങ്ങളുടെ അടുക്കൽനിന്നുപോലും യാതൊരു ചമ്മലുമില്ലാതെ കൈക്കൂലി വാങ്ങിക്കുന്ന ചെറിയ പരൽമീനുകളിൽനിന്നോ? ഈ രാഷ്ട്രീയക്കാർ വമ്പൻ സ്രാവുകൾക്ക് ജനാധിപത്യം, ഇലൿഷൻ തുടങ്ങിയ ടെക്നോളജി വഴി നമുക്കുതന്നെ വേണമെങ്കിൽ ഒരു ഡോസു കൊടുക്കാമല്ലോ... നമ്മളതു ചെയ്യാത്തതുകൊണ്ടല്ലേ..

ഇപ്പോ കുറച്ചൊക്കെ മറയുണ്ട് ഈ കൈക്കൂലി ടെക്നോളജിക്ക്. പാവങ്ങൾക്ക് നേരേ ചൊവ്വേ കൈക്കൂലി മേടിക്കാൻ പറ്റുകയില്ലാ എന്നൊരു സ്ഥിതിവിശേഷം ഈ ടീവീയണ്ണന്മാരുടെ പേനാക്യാമറകൾ ചെയ്യാൻ തുടങ്ങിയാൽ കുറച്ചു കഴിയുമ്പോൾ കൈക്കൂലിയണ്ണന്മാരൊക്കെ പരസ്യമായി ചിരിച്ചുകൊണ്ട് കാശൊക്കെ എണ്ണിമേടിച്ചിട്ട് പറയും:

“ക്യാ” മറ?

ഒരു മറയും വേണ്ടന്ന്.

അപ്പോൾ എന്റെ ഉൽ‌പ്രേക്ഷകൾ:

1. ഈ ടീവീയണ്ണന്മാർ കാണിച്ചതിനെ കണ്ണടച്ചഭിനന്ദിക്കണോ, അതോ ഒരു പിഞ്ച് ഉപ്പതിനകത്തിടണോ?

2. കൈക്കൂലി ഒരു രൂപയായാലും ഒരു കോടി രൂപയായാലും കൈക്കൂലി കൈക്കൂലി തന്നെ എന്ന ആപ്തവാക്യം മനസ്സാ വഹിച്ചുകൊണ്ട് ഒരു രൂപാ കൈക്കൂലി വാങ്ങിക്കുന്ന പാവം സെക്യൂരിറ്റിയേയും, ഒരു പതിനായിരം രൂപാ അമക്കിയ പാവം എമ്പീയേയും ഒരു കോടി രൂപാ അമക്കുന്ന പാവം വമ്പൻ സ്രാവിനേയും ഒരേ ത്രാസിലിട്ടു തൂക്കണോ?

3. അഴിമതിയുണ്ട് എന്ന് കാണിക്കാനുള്ള മാർഗ്ഗം ഒരു അഴിമതി തിരക്കഥ രചിച്ച് കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കുന്നതുപോലെ ആക്കിത്തീർക്കുക എന്നുള്ളതാണോ, ഒരഴിമതിക്കാരൻ അവൻ ശരിക്കും അഴിമതിക്കാരനാണെങ്കിൽ അവന്റെ അഴിമതിവഴിതന്നെ അവനെ കുടുക്കുന്നതാണോ, രണ്ടും കൂടിയാണോ.. ഇവരെയൊക്കെ കുടുക്കാൻ ഇതുതന്നെയാണോ മാർഗ്ഗം? അതോ ഇതും ഒരു മാർഗ്ഗം തന്നെയാണോ?

4. ഇതിനെപ്പറ്റിയൊക്കെ ഇത്രയ്ക്കും എഴുതിക്കൂട്ടനൊക്കെ ഉണ്ടായിരുന്നോ? സർവ്വസാധാരണമായ കാര്യങ്ങളൊക്കെത്തന്നെയല്ലേ ഇത്?

5. ഈ വലിയ ഡയലോഗ്സ് അടിക്കുന്ന നീ എത്ര പ്രാവശ്യം വോട്ടു ചെയ്യാൻ പോയിട്ടുണ്ടെൻ വക്കാരീ>

“.... ഓ, പിന്നെ എല്ലാം തികഞ്ഞവന്മാർ തന്നെ വേണം ഇതിനെപ്പറ്റിയൊക്കെ അഭിപ്രായം പറയാൻ എന്നുവെച്ചാൽ....................??”

തീർന്നു: ഇനി സ്വല്പം കൂടി.

ഇനി മുതൽ ബസ്റ്റ് സ്റ്റോപ്പിൽ ബസ്സ് കയറാനോ അല്ലെങ്കിൽ വെറുതെ മണ്ണും ചാരി നിൽക്കുമ്പോളോ ഒക്കെ വളരെ സൂക്ഷിക്കണം. നാട്ടിലൊക്കെ ധാരാളം കേബിൾ വിഷനുള്ള സമയമാണ്. ഒരു വിഷന് ഒരു രാത്രിയിൽ ഒരു നൈറ്റ് വിഷൻ തോന്നി റേറ്റിംഗ് എങ്ങാനും കൂട്ടണമെന്ന് തോന്നിയാൽ, അടുത്തെ ദിവസം രാവിലെ പേനപോലെത്തെ ക്യാമറയും പോക്കറ്റിലിട്ട് ഇറങ്ങും. നമ്മളെയെങ്ങാനും കണ്ടാൽ അണ്ണൻ “ചേട്ടാ ഒരു നൂറു രൂപയുടെ ചേയ്ഞ്ചുണ്ടോ” എന്നു ചോദിച്ച് വന്നിട്ട് നമ്മൾക്ക് കാശെടുത്ത് തരും. അടുത്ത ദിവസം രാവിലെ ലോക്കൽ കേബിൾ വിഷനിൽ ബ്രേക്കിംഗ് ന്യൂസ്:

“മണ്ണും ചാരി നിന്നവൻ നൂറു രൂപാ കൈക്കൂലി വാങ്ങിച്ചിരിക്കുന്നു”.

നമ്മളിങ്ങനെ ചിരിച്ചുകൊണ്ട് കാശ് മേടിക്കുന്നു. കൊടുത്ത ചേയ്ഞ്ചിന്റെ പടം കാണുകയില്ല. ഇതൊക്കെ വേണ്ട രീതിയിൽ കത്രിക വെക്കാവുന്ന ടെക്നോളജിയാണല്ലോ....

സൂക്ഷിക്കണം. ഇവർ പല രീതിയിൽ വരും........ പാൽക്കാരനായോ, പത്രക്കാരനായോ, ബസ് കണ്ടക്ടറായോ, ലോട്ടറിക്കാരനായോ.......

22 Comments:

 1. At Fri Dec 23, 03:49:00 PM 2005, Blogger ദേവന്‍ said...

  വക്കാരീ,
  അഴിമതിക്ക് “അഴി” മതിയോ അതോ അടിമതിയോ എന്നൊക്കെയാലോചിച്ചിരുന്നു ഞാനും ഒരു കാലത്ത്- പിന്നെ തോന്നി അഴിമതി ചർച്ചകൾ ചുമ്മാ ബാർബർഷാപ്പിലൊക്കെ ഇരുന്നിട്ട് “മഴ പെയ്യുമോ ഇത്തവണത്തെ ചൂട്” എന്നൊക്കെ പറയുമ്പോലെയേ ഉള്ളെന്ന്. ആരെത്ര ചർച്ചിച്ചാലും ഒരു മാറ്റവും മഴക്കു വരാൻ പോകുന്നില്ലല്ലോ.

  രാവിലെ എഴുന്നേറ്റാൽ കണി കാണുന്നതുപോലെ ഇത്തിരി വൃത്തികേട് കാണുകയും കേൾക്കുകയും വേണമെന്ന് ആളുകൾക്ക് നിർബ്ബന്ധമുള്ളതുകൊണ്ടാണ് ഇത്തരം വാർത്തകൾ വെണ്ടക്കാ ആവുന്നതെന്ന് എനിക്കു തോന്നുന്നു.
  റ്റീവി ചാനൽ മെനു
  സീരിയൽ = സ്ത്രീ പീഡനം+ വ്യഭിചാരം+ ചതി
  പാട്ട് = കാബറേ . പണ്ട് ഇതിനു സ്പെഷ്യൽ നടികൾ ഉണ്ടായിരുന്നു. ഇന്നിപ്പോൾ നായികയും നായകനും നേരിട്ടു കാണിക്കുന്നു
  വാർത്ത : കൊല, ബലാത്സംഗം, അഴിമതി.

  സിനിമ = 50 പരട്ടക്കോമഡി വാങി വയ്ക്കുക അതിങ്ങനെ കാണിച്ചുകൊണ്ടേയിരിക്കാം എന്നും 5 എണ്ണം.
  ചർച്ച : ആഭാസത്തരങ്ങൾ എന്തെല്ലാം, അതെങ്ങനെ നടക്കുന്നു.
  ഇന്ററാക്റ്റീവ്സ്:വർണ്ണമേഘങ്ങളുടെ ബ്ലോഗ്ഗിലുണ്ട്.

  കുടുംബ ജീവിതത്തിൽ വൃത്തികേടു കാണിക്കൻ സീരിയലുകാർ സ്ത്രീകളെയെല്ലാം കുലടകളും പുരുഷന്മാരെയെല്ലാം ചതിയന്മാരും ആക്കുന്നതുപോലെ വാർത്ത നിറക്കാൻ അഴിമതിക്കഥകൾ വേണം.

  T. V. = റെയിൽവേ സ്റ്റേഷൻ കക്കൂസ്.

   
 2. At Fri Dec 23, 05:51:00 PM 2005, Anonymous Anonymous said...

  വക്കാരി, രാഷ്ട്ര ഭാഷക്കാരായ
  ഇന്ത്യാ ടീ വി നടത്തി ശക്തി കപൂര്‍ കുടുങ്ങിയ സ്റ്റിങ്‌ ഓപ്പറേഷനെ കുറിച്ചു കേട്ടിട്ടില്ലെ? സിനിമയില്‍ അവസം ചോദിച്ച്‌ എന്നു പറഞ്ഞ്‌ "എന്തിനും" തയ്യാറായി മനീഷ്‌ മല്‍ ഹോത്ര ഡിസൈന്‍ ചെയ്തതു പോലെ തോന്നിക്കുന്ന ഉടുപ്പും ധരിച്ച്‌ ഇന്ത്യാ ടീ വി യുടെ ഒരു വനിതാ റിപ്പോര്‍ട്ടര്‍ ശക്തി കപൂറിനെ സമീപിച്ച്‌ കൊഞ്ചി കൊഴഞ്ഞു.എന്നിട്ട്‌ എക്സ്‌ക്ലൂസീവായി ഇന്ത്യാ ടീ വീ പറഞ്ഞത്‌ ശക്തി കപൂര്‍ പെണ്ണുങ്ങളെ വഴി തെറ്റിക്കുന്നൂന്ന്‌.

  T. V. = റെയിൽവേ സ്റ്റേഷൻ കക്കൂസ്. അത്രയും വേണോ ദേവേട്ടോ?

  ടീ വിയില്‍ നല്ല പരിപാടികളും ഉണ്ടാകാറുണ്ട്‌.ഇന്ത്യാ വിഷനിലും,എന്‍.ഡി.ടീ വി യിലും കാണിക്കാറുള്ള ഡോക്ക്യുമെന്ററികല്‍ നല്ല നിലവാരം പുലര്‍ത്തുന്നവയല്ലേ?.ഈ വര്‍ഷത്തെ സീ.എന്‍.എന്‍ യുവ ടെലിവിഷന്‍ ക്യാമറമാന്‍ അവാര്‍ദ്‌ ഇന്ത്യാവിഷനില്‍ സം പ്രേക്ഷണം ചെയ്ത്‌ "വടക്കന്‍ ഓണകാഴ്ച്ച" എന്ന ഡോക്ക്യുമെന്ററിയുടെ ക്യാമറാമാനായിരുന്നു.പിന്നെ അമൃതയിലെ സമാഗമം,സ്വാന്ത്വനം,കുക്കു പരമേശ്വരന്റെ sunday spice,വീ.ടി മുരളി മാഷിന്റെ സംഗീത പരിപാടി,ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ അവതരിപ്പിക്കുന്ന സര്‍ഗ്ഗ സംഗീതം.

   
 3. At Fri Dec 23, 06:08:00 PM 2005, Blogger ദേവന്‍ said...

  ആഴക്കു വറ്റുള്ളതിലാശവച്ചിട്ടേഴെട്ടിടങ്ങഴി ജലം വൃദ്ധാ കുടിച്ചു
  കോഴപ്പഴാധരിയൊന്നു പുണർന്നുപോരാൻ തോഴിജ്ജനത്തെയും തഴുകേണ്ടിവന്നു എന്നു പണ്ടാരാണ്ടോ പാടിയപോലെയാണ്‌ ഇവിടെ റ്റീവീ കാണൽ.
  ഇന്ത്യാവിഷൻ, എൻ ഡ് റ്റീ വി അമൃത ഒന്നും കിട്ടില്ല. എന്റെ റ്റീവീകാണൽ ഏഷ്യാനെറ്റ്+ സൂര്യ+ കിരൺ. (കൈരളീടെ ഡിഷ് ഈയിടെ പോയി)

  കാടി കുടിച്ച് കുടിച്ച് അവസ്സാനം
  അടിത്തട്ടിൽ വല്ല സെബാസ്റ്റ്യൻ പോളോ മറ്റോ പൊന്തിയാലായി. (അമൃത ഉൽഘാടിച്ച സമയത്ത് കണ്ടു നോക്കി - ഗോഡ് റ്റീ വിയെക്കാൾ കഷ്ടം) ഈ ഫ്രീ ചാനലുകാരെൻകിലും ഇന്റെർനെറ്റിൽ കൊടുത്തെൻകിൽ....

   
 4. At Fri Dec 23, 06:23:00 PM 2005, Anonymous Anonymous said...

  http://www.ndtv.com
  http://www.indiavisiontv.com/
  http://www.ibnlive.com/

   
 5. At Sat Dec 24, 02:48:00 PM 2005, Blogger സാക്ഷി said...

  ഏതായാലും പാര്‍ലമെന്‍റിലും രാജ്യസഭയിലും നടന്ന കോലാഹലമൊന്നും ഇത്തവണ പൊതുജനങ്ങളുടെയിടയില്‍ കണ്ടില്ല. "ഇതാണോ ഇത്ര വലിയ കാര്യം" എന്ന മനോഭാവമായിരുന്നു എല്ലാവര്‍ക്കും. ഇറാക്കിലെ കുട്ടികളുടെ പിന്നില്‍ പടക്കമെറിഞ്ഞാല്‍ അവരു ഞെട്ട്വോ. തിരിഞ്ഞും കൂടി നോക്കില്ല. നന്നായിട്ടുണ്ട് വക്കാരി.

   
 6. At Mon Dec 26, 08:53:00 AM 2005, Blogger വക്കാരിമഷ്‌ടാ said...

  ദേവേട്ടോ, തുളസി പറഞ്ഞതുപോലെ, നല്ലചില പരിപാടികളും ടീവീയണ്ണന്മാർ കാണിക്കുന്നുടണ്ട്. പക്ഷേ, ആക്രാന്തം മൂത്തുമൂത്ത് ഓരോന്ന് കാണിച്ച് കാണിച്ച് ഇപ്പോ പത്രങ്ങൾക്കു വന്ന ഗതികേടുതന്നെ ഇവന്മാർക്കും വന്നൂ എന്നാണ് തോന്നുന്നത്. ആരും ഒന്നും വിശ്വസിക്കുകയില്ല. ഒരു നുള്ള് ഉപ്പും കൈയ്യിൽ വെച്ചേ ഇവന്മാരുടെയൊക്കെ പരിപാടി കാണാൻ പറ്റൂ എന്ന അവസ്ഥ.

  ഇവിടെയാണെങ്കിൽ മലയാളം ചാനലുകളെപ്പറ്റി ചിന്തിക്കുകയേ വേണ്ട. സർവ്വം നിഹോൺ‌മയമായപ്പോൾ ഇവിടുത്തെ കേബിൾ ടിവിയെടുത്തു. അമേരിക്കയിൽ പത്തുകൊല്ലം മുൻപ് നൂറുപ്രാവശ്യം റിപ്പീറ്റടിച്ചു കാണിച്ച പരിപാടികളാണ് ഇവിടെ ഇവർ പുനഃപുനഃപുനഃ സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. നാഷണൽ ജ്യോഗ്രഫിക്കിലെ ഒരു പരിപാടി ഈയിടെ കണ്ടു. പത്തുകൊല്ലം മുൻപെങ്ങോ ഉണ്ടാക്കിയ പരിപാടിയാണ്. ആ പരിപാടിയ്ക്കിടയ്ക്കെപ്പോഴോ കേട്ടു:

  “ഇതുപോലുള്ള അനേകായിരം വെപ്പൺസ് ഓഫ് മാസ്സ് ഡിസ്ട്രക്ഷനാണ് ഇറാഖിൽ ഉള്ളത്”

  പത്തുകൊല്ലം മുൻപ് ഈ പരിപാടി കണ്ടവരെല്ലാം അതു വിശ്വസിച്ചിരിക്കുമല്ലോ. അതിപ്പോൾ കണ്ടപ്പോഴല്ലേ ഇവരുടെയൊക്കെ ആധികാരികതയെപ്പറ്റി ബോധ്യമായത്.

  അതുകൊണ്ട് വിദേശിയണ്ണന്മാരും സെൻസേഷൻ കൊടുത്ത് അസത്യാർദ്ധസത്യങ്ങൾ വിളമ്പുന്നതിൽ ഒട്ടുമേ മോശമല്ല.

  തുളസീ: മഹാരാഷ്ട്രാ ഉപമുഖ്യനെ കുടുക്കാനും ഈ അണ്ണന്മാർ ഒന്നു ശ്രമിച്ചു നോക്കി, പക്ഷേ പുള്ളി വീണില്ല. അതുപോലെതന്നെ ബോംബേയിലെയോ മറ്റോ ഒരു ഫയർസ്റ്റേഷനിൽ ഈ അണ്ണന്മാർ രാത്രി മതിലുംചാടി കയറിയത്രേ.. ഉറങ്ങുന്നവരുടെ പടം പിടിച്ച് അടുത്ത ദിവസം സെൻസേഷനാക്കാൻ. പക്ഷേ സെൻസേഷനായത് ആ അണ്ണന്മാർ തല്ലുകൊണ്ട് ജീവനുംകൊണ്ടോടിയതാണെന്നു മാത്രം. പക്ഷേ ആഗ്രയിൽ അവർ വിജയിച്ചെന്നാണ് തോന്നുന്നത്. മിസ് ആഗ്ര അവർക്ക് വളരെ നല്ല സെൻസേഷനായത്രേ. രണ്ട് കേബിൾ ചാനലുകൾ തമ്മിലുള്ള കിടമത്സരം... ടിവീധർമ്മം.

  സാക്ഷി പറഞ്ഞത് ശരിയാ.. ഇത്തവണ പൊതുജനം ഇതിനു വലിയ പ്രാധാന്യം കൊടുത്തു കണ്ടില്ല. എനിക്കു തോന്നുന്നത് രാഷ്ട്രീയ പാർട്ടികൾക്കും ഇതൊരു സെൻസേഷനായി നിലനിർത്താൻ വലിയ താത്പര്യം ഇല്ലെന്നു തോന്നുന്നു. കാരണം ഒരു മുപ്പതോ നാല്പതോ കൊല്ലത്തെ മൊത്തം കാശുകച്ചവടത്തിന്റെ കണക്കെടുത്താൽ ധർമ്മം നിലനിർത്താൻ പാർലമെന്റിൽ അധികം ആൾക്കാർ ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്ന കാര്യം തന്നെ. ടീവീക്കാർക്കെന്താ.. അവർ അടുത്ത ടെക്നിക്കുമായിട്ട് വരും അത്രതന്നെ..

   
 7. At Mon Dec 26, 12:08:00 PM 2005, Blogger വര്‍ണ്ണമേഘങ്ങള്‍ said...

  വക്കാരീ..
  കൃസ്തുമസ്‌ അടിപൊളി ആയിരുന്നോ..?
  പോസ്റ്റ്‌ കൊള്ളാം കേട്ടോ..

   
 8. At Mon Dec 26, 12:58:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  മേഘമേ....വർണ്ണമേഘമേ, ക്രിസ്മസ് അടിപൊളി... ഞങ്ങളെല്ലാവരും ഒത്തുകൂടി അങ്ങ് ആഘോഷിച്ചു.. പുതുവത്സരവും മുൻ‌കൂറായി ആഘോഷിച്ചു...

  താങ്കളും ക്രിസ്മസ് അടിച്ചുപൊളിച്ചൊരുത്സവമാക്കിയെന്ന് വിശ്വസിക്കുന്നു.. പുതുവത്സരാശംസകൾ

   
 9. At Mon Dec 26, 01:18:00 PM 2005, Blogger ദേവന്‍ said...

  മാസ്സ്‌ ഡിസ്റ്റ്റക്ഷന്‍!
  വക്കാരി സി എന്‍ എന്‍ എന്ന കോമഡി ചാനല്‍ ആണോ കാശുകൊടുത്തു വാങ്ങിയേ? ഇവിടങ്ങളില്‍ രണ്ടു കോമഡിച്ചാനലും - സി എന്‍ എന്‍ & അല്‍ ജസീറ - ഫ്രീ ആണു കേട്ടോ.

  mass cannot be created or destroyed Lomonosov - Lavoisier തീയറി? പിന്നെ മാസ്‌ ഡിസ്റ്റ്റ്ക്ഷന്‍ മാസ്‌ ഡിസ്റ്റ്രക്ഷന്‍ എന്നു ബുഷ്‌ മാന്‍ ചേട്ടന്‍ വിളിച്ചു കൂകിയപ്പോ എന്നാത്തിനാ എല്ലാരും വിശ്വസിക്കാന്‍ പോയെ??

   
 10. At Mon Dec 26, 01:38:00 PM 2005, Anonymous Anonymous said...

  ദേവാ, അല്‍ ജസീറയും കോമഡി ചാനലാണോ? അതൊരു പുതിയ അറിവാണല്ലോ.

  സി .എന്‍.എന്നും ബി ബി സി യും കാണാത്ത യുദ്ധങ്ങളുടെ മറുവശം അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഇറാഖില്‍ നിന്നും കാണിച്ചു തന്ന അല്‍ ജസീറയോട്‌ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക്‌ നല്ല മതിപ്പാണ്‌. ഹ്യൂഗോ ചാവേസിനെ 'ടെലി സൂര്‍' എന്ന ലാറ്റിന്‍ അമേരിക്കന്‍ ചാനല്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്‌ അല്‍ ജസീറയുടെ റിപ്പോര്‍ട്ടിങ്ങായിരുന്നു പോലും.

  ബി.ബി.സി യുടെ കൂറെ ആള്‍ക്കാരേയും പാശ്‌ചാത്യ മാധ്യമങ്ങളിലെ ചുണകുട്ടികളെ പലരേയും ചാക്കിട്ടു പിടിച്‌ച്‌ അല്‍ ജസീറയുടെ പുതിയ ഇംഗ്ലീഷ്‌ ചാനല്‍ ഉടനെ വരുന്നു എന്നു കേട്ടു.

   
 11. At Mon Dec 26, 02:07:00 PM 2005, Blogger ദേവന്‍ said...

  തുളസീ, സീയെന്നെന്നെന്ന കള്ളനാണയതിനെ മറ്റൊരു പതിപ്പാണ് അൽ ജസീറ എന്നാണ് എന്റെ അഭിപ്രായം. യുദ്ധകാലത്ത് ജസീറ സദ്ദാമിനെ ജനനായകനും അറബ് സമൂഹത്തിന്റെ രക്ഷകനുമായി ചിത്രീകരിച്ചു. ജസീറയുടെ വെബ് പേജിലെ ഇസ്രയേൽ- പലസ്തീൻ പ്രശ്നങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും യാദ്ധാർത്ഥ്യത്തിനപ്പുറമാണ്.

   
 12. At Mon Dec 26, 02:40:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  ദേവേട്ടോ..കേബിളെടുത്തപ്പോൾ മൊത്തത്തിലങ്ങെടുത്തു.. സീയണ്ണനും ബീബീസീയുമെല്ലാമായി.. ബീപ്പി കൂട്ടാൻ പറ്റിയ ഒരു സാധനമാണ് ഇവിടുത്തെ സീയണ്ണൻ. അവരുടെ സ്റ്റൈൽ:

  “ഇന്തോനേഷ്യയിലും, ശ്രീലങ്കയിലും, ഇന്ത്യയിലും”

  പിന്നെ പത്തുമിനിറ്റ് പരസ്യം. അതുകഴിഞ്ഞ് അവരുടെ അവതരണം: “യൂആർ വാച്ചിംഗ് സീയെന്നൻ ലൈവ്, ദിസീസ് സീയണ്ണൻ ബ്ലാ ബ്ലാ ബ്ലാ”

  “സുനാമിയുണ്ടായി അനേകായിരങ്ങൾ”

  പരസ്യം, അവതരണം......

  ഒരു മിനിറ്റ് വാർത്തയ്ക്ക് പത്തു മിനിറ്റ് പരസ്യം. വെറുതെയല്ല നിങ്ങൾക്കിതൊക്കെ ഫ്രീയായിക്കിട്ടുന്നത്.. തള്ളവിരലിൽ കുത്തി ടെൻഷനടിച്ച് വാർത്ത കേൾക്കാൻ നിക്കുന്നവന്റെ ബീപ്പീയെപ്പം കൂടിയെന്നു ചോദിച്ചാൽ മതി.

  ലാവോസീയറിനെയൊക്കെ ഓർത്തിരിപ്പുണ്ടല്ലേ. വിക്കിപ്പീടികയിൽ നോക്കിയപ്പോൾ മനസ്സിലായി, എന്തുകൊണ്ടാണ് വേപ്പെണ്ണ വിനാശകരമാകുന്നതെന്ന്:

  1.Law of conservation of mass, closed system ത്തിലേ വർക്കു ചെയ്യുകയുള്ളൂ അത്രേ. ഇറാഖ് മുഴുവൻ ഭീകരന്മാർക്കായി തുറന്നിട്ടിരിക്കുകയാണെന്നല്ലേ ചൊല്ല്. അവിടെ സിസ്റ്റം ക്ലോസ്‌ഡ് അല്ലത്രേ.

  2. ന്യൂക്ലിയർ പരിപാടിയിൽ ഇവൻ ആപ്ലിക്കബിളല്ലത്രേ.. പിന്നെ ബാക്കി പറയേണ്ടല്ലോ.

  തുളസീ, ചാനലുകളുടെ നന്മ ആപേക്ഷികം മാത്രമാണെന്ന് തോന്നുന്നു. ഫോക്സ് ന്യൂസ് കാണുന്നവർക്ക് അൽ-ജസീറ കോമഡി. സീയണ്ണൻ കാണുന്നവർക്ക് ബീപ്പീസീ കോമഡി. ഏബീസീ കാണുന്നവർക്ക് ഡീയീയെഫ് കോമഡി... ആദ്യ ഗൾഫ് യുദ്ധത്തിന്റെ സമയത്ത് സീയണ്ണനെ എല്ലാവരും പൊക്കി. പിന്നെ താഴ്ത്തി. ആര് പറയുന്നതാണ് ശരിയെന്നാർക്കറിയാം. മസാലകൾ എല്ലായിടത്തും കാണുമായിരിക്കും. പക്ഷേ നമ്മുടെ പ്രശ്നം ഏതെങ്കിലുമൊക്കെ വിശ്വസിക്കണമെന്നുള്ളതാണ്. അതുകൊണ്ട് അപ്പോഴത്തെ മൂഡനുസരിച്ച് ഏതെങ്കിലും ചാനലുകളെ കണ്ണടച്ചങ്ങ് വിശ്വസിക്കുക എന്ന പോളിസിയാണ് മനഃസമാധാനത്തിനുത്തമമെന്നു തോന്നുന്നു.

  ദേവേട്ടോ: ഒരു ഡിസ്കഷൻ ഫോറത്തിൽ ഭയങ്കര അടി. അൽ-ജസീറയുടെ വെബ്‌സൈറ്റിൽ വന്ന ഒരു ആർട്ടിക്കിളിനെപ്പറ്റി. ഒരുത്തൻ വെറുതെ നുണ പറയുകയാണെന്ന് മറ്റവൻ. അൽ-ജസീറയിൽ അങ്ങിനെയൊരു കാര്യമേ ഇല്ലെന്ന്. അൽ-ജസീറ ഇങ്ങിനെയൊക്കെത്തന്നെയെന്ന് ആദ്യത്തെയവൻ. രണ്ടുപേരും കട്ടും പേസ്റ്റും ചെയ്ത് മൂത്തു മൂത്തു വന്നപ്പോഴാണ് സംഗതി പിടികിട്ടിയത്.

  ഒരുത്തന്റെ റെഫറൻസ് വലയിലുള്ള അൽ-ജസീറ (.net); അപരന്റേത് കോമയിലുള്ളതും (ഡോട്ട് കോമ്).

   
 13. At Mon Dec 26, 03:21:00 PM 2005, Blogger ദേവന്‍ said...

  ജസീറയെന്നാൽ ദ്വീപെന്നേ അർത്ഥമുള്ളു. ഏത് ആദിവാസി ദ്വീപുകാരനും ജസീറയെന്ന പേരിൽ സൈറ്റ് തുടങ്ങാം.
  http://english.aljazeera.net/HomePage
  എന്നതാണ് റ്റീ വീ ജസീറക്കാരുടെ സൈറ്റ്.
  (ഫലസ്തീനെക്കുറിച്ച് - എം കൃഷൻ നായർ സ്റ്റൈലിൽ- പാലസ്തീൻ തെറ്റ്, ഫലസ്തിൻ ശരി) വന്ന ലേഖനം പ്രസ്തുത സൈറ്റിൽ വായിക്കാം.)

  വിസ്വസിച്ച് കാണൽ : ഞാൻ നാഷണൽ ജ്യോ, ആനിമൽ പ്ലാനറ്റ് എന്നിവ റെക്കമൻ‍ഡ് ചെയ്യുന്നു, വ വിശ്വസിച്ചു കാണാൻ. അല്ലതെന്തു ചെയ്യും?
  (മനോരമ സ്റ്റൈൽ തമാശ:
  “അക്രമവും അശ്ലീലവുമില്ലാത്തൊരു ബുക്കു തരൂ, എന്റെ മകനു പിറന്നാൾ സമ്മാനം കൊടുക്കാനാ“
  “അക്രമവും അശ്ലീലവുമില്ലാതെന്നു പറഞ്ഞാൽ..... ആഹ് സാറ് PSC ബുള്ളറ്റിൻ ഉണ്ട്, റെയിൽ വേ റ്റൈം റ്റേബീൽ ഉണ്ട്. ഏതാ എടുക്കേണ്ടത്?”

   
 14. At Mon Dec 26, 03:28:00 PM 2005, Blogger ദേവന്‍ said...

  ഇറാക്കിലെ ഗ്ലാസ്റ്റ്നോസ്റ്റിന്റെ കാര്യം ഓർത്തില്ല വക്കാരു മാഷേ. ലാ ഒഫ് മാസ്സ് പിൻ വലിച്ചു :) :)

  പരസ്യത്തിന്റെ കാര്യത്തിൽ ഏഷ്യാനെറ്റിനെ തോൽപ്പിക്കാൻ സീയെന്നാൻ ചേട്ടൻ തല കുത്തി നിന്നാലും നടക്കില്ല. അവർ രണ്ടു പരത്തിനിടയിലെ ഗ്യാപ്പിൽ 30 സെക്കണ്ട് സിനിമാ എന്ന കണക്കില്ല ടെലിക്കാസ്റ്റ്.
  ഇതൊക്കെ പോരാഞ്ഞ് റെജി മേനോൺ കുളിച്ച് ജോൺ ബ്രിട്ടാസാകാനുള്ള ശ്രമവും (ബ്രിട്ടൻ ആളു പുലിയാണുകേട്ടോ)

   
 15. At Mon Dec 26, 06:29:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  അപ്പോൾ ജസീറയെന്നാൽ ദ്വീപ് എന്നാണല്ലേ. പാവങ്ങൾ എന്താ ഏതാ എന്നറിയാതെ തല്ലുകൂടി. നമ്മൾ വിചാരിക്കുന്നതുപോലെയും ആഗ്രഹിക്കുന്നതുപോലെയും കാര്യങ്ങൾ അവതരിപ്പിക്കുന്ന പത്രങ്ങളും ടി.വി കളും നമുക്കടിപൊളി. അതായി ഇപ്പോഴത്തെ നിലവാരത്തിന്റെ അളവുകോൽ. ഒരൊറ്റ പ്രാവശ്യമാണെങ്കിലും നാഷണൽ ജ്യോഗ്രഫിക്കിലും അത്ര നിഷ്പക്ഷമല്ലാത്ത രാഷ്ട്രീയക്കമന്റ് കേട്ടു. എന്നാലും കാണാൻ കൊള്ളാവുന്ന പരിപാടികൾ നാഷണലിലും, ഡിസ്കവറിയിലും ആനിമൽ പ്ലാനറ്റിലുമൊക്കെത്തന്നെ. ഒരു ഹിസ്റ്ററി ചാനലുണ്ട്. ചരിത്രം ഇപ്പോൾത്തന്നെ ആവശ്യത്തിനധികം ആശങ്കകളുണ്ടാക്കിയിട്ടുള്ളതുകാരണം അതു കാണാറില്ല. പിന്നെ ബോറടിക്കുമ്പോൾ കാണാൻ ഗോൾഫ് മാത്രം ഇരുപത്തിനാലു മണിക്കൂറും കാണിക്കുന്ന രണ്ട് ചാനലുകളും ബില്യാർഡ്സിന്റെ ലൈവ് കാണിക്കുന്ന ചാനലുകളുമൊക്കെ ഉണ്ടല്ലോ.... ഇതിനെല്ലാംകൂടിയാണല്ലോ മാസം മാസം യെന്നെണ്ണിക്കൊടുക്കുന്നത്.

   
 16. At Tue Dec 27, 11:35:00 AM 2005, Blogger വിശാല മനസ്കന്‍ said...

  ഇന്ററസ്റ്റിങ്ങ്‌ സബ്ജക്ട്‌. വക്കാരി അങ്ങ്‌ വാചാലനായല്ലോ. ഗുഡ്‌.
  ----
  ചാനൽസ്‌.

  'ഓ.എത്ര നേരാടേയ്‌ ഈ ചവറ്‌ ടിവി പ്രോഗ്രാമുകളും കണ്ടോണ്ട്‌ വീട്ടിലിരിക്ക്യാ? ബോറ്‌.'

  എന്റെ തിരുവായിൽ നിന്നാ നെകളിപ്പൻ ഡൈലോഗ്‌ പുറത്ത്‌ ചാടിയിട്ട്‌ മണിക്കൂറുകളേ ആയിട്ടുണ്ടായിരുന്നുള്ളൂ., ബിൽഡിങ്ങിലെ ഡിഷിന്‌ മലന്ന് കിടന്ന് പുറം കഴച്ചപ്പോൾ, ഗഡി ഒന്ന് ചെരിഞ്ഞ്‌ കിടന്നു.

  ഒരാഴ്ച, അരിയും ഗോപി മണ്ണെണ്ണയും ഗോപി.

  കണ്ണിന്റെ വിലയറിയണമെങ്കിൽ കണ്ണീക്കേടുവരണം. അവസാനം, ഒരു ബംഗാളി ചാനലോ, ഒറിയ ചാനലോ സുഡാനിയോ കിട്ടിയിരുന്നെങ്കിലെന്ന് മുട്ടിപ്പായി മോഹിക്കേണ്ടിവന്നു എല്ലാ മാന്യമഹാ ചാനലുകളും വീട്ടിലേക്ക്‌ മടങ്ങിയെത്താൻ.

  അനുഭവം ഗുരു. ടി.വി.ക്കാരെ തൊട്ടുകളിക്കാൻ ഞാനില്ല പ്രിയരേ..

   
 17. At Tue Dec 27, 12:49:00 PM 2005, Blogger സു | Su said...

  :)

   
 18. At Tue Dec 27, 01:17:00 PM 2005, Blogger അതുല്യ said...

  വക്കാരി വായിച്ചു. നന്നായിട്ടുണ്ട്‌. ക്യു വിലു നിക്കാൻ ക്ഷമ കാട്ടിയാ പകുതി പ്രശ്നം തീരും. പിന്നെ ഒരു തവണ ഇലക്ഷൻ പൊതുജനം ബഹിക്ഷ്കരിക്കുക.

   
 19. At Tue Dec 27, 03:58:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  വിശാലാ... ഇവിടെ ചിലദിവസങ്ങളിൽ ആകപ്പാടെ സംസാരിക്കാൻ കിട്ടുന്നത് വീട്ടിലെ നാലു ചുവരും പിന്നെയൊരു മച്ചും മാത്രം. തറയെപ്പോഴും തറതന്നെയാണല്ലോ... പിന്നെ ഇങ്ങിനെയൊക്കെയല്ലേ വാചാലമാകാൻ പറ്റൂ.. :)) വിശാലൻ പറഞ്ഞത് ശരിയാ.. എന്തൊക്കെ ചീത്ത പറഞ്ഞാലും ഈ അണ്ണന്മാർ പണിമുടക്കിയാൽ എന്തോ ഒരു രസമില്ലാത്തതുപോലെ. നാട്ടിലാണെങ്കിലും ഉടനെ ഫോൺ‌വിളി തുടങ്ങുകയായി... പക്ഷേ ഇവിടെ ചിലപ്പോൾ സങ്കടം വന്നുപോകും. ഒരു സീരിയലിന്റെ അവസാനത്തെ ഭാഗം മൂന്നാമത്തെ തവണയാ ഇവന്മാർ പുനഃ ചെയ്യുന്നത്. അതും അടുപ്പിച്ചടുപ്പിച്ച്. പുതിയ സിനിമയെങ്ങാനും വന്നാൽ പിന്നെ പേടിയാ.കുറഞ്ഞത് ഒരിരുപത്തഞ്ചുപ്രാവശ്യമെങ്കിലും പുനഃയ്ക്കും.

  നന്ദി സൂ...

  അതുല്യേച്ച്യേ, വോട്ടു ബഹിഷ്കരിച്ചില്ലെങ്കിലും നേരാംവണ്ണം അതൊന്ന് ചെയ്താൽ മതിയായിരുന്നു. കഴിഞ്ഞ ഇലക്ഷനാണെന്നു തോന്നുന്നു-വോട്ടിന്റെ സമയത്ത് ബോംബേക്കാരെല്ലാം തലേദിവസവും പിറ്റേദിവസവും ലീവാക്കി അടുത്ത ശനീം ഞായറുംകൂടി കൂട്ടി ആകപ്പാടെ അടിച്ചുപൊളിച്ചു. എന്നിട്ട് പുതിയ ഭരണം വന്നപ്പോൾ ചീത്ത പറച്ചിൽ തുടങ്ങി..... ഞാനും അപ്പടി തന്നെ :(

   
 20. At Tue Dec 27, 04:21:00 PM 2005, Blogger അതുല്യ said...

  വക്കാരി, കോളറ മാറി ക്യാൻസർ വന്നൂന്ന് പറയണപോലെയാവുമ്പോ, ആർക് വോട്ട് ചെയ്തിട്ടെന്തു കാര്യം?

   
 21. At Tue Dec 27, 07:52:00 PM 2005, Blogger വക്കാരിമഷ്‌ടാ said...

  ശരിയാണതുല്യേച്ചീ.... പക്ഷേ ഇവരൊക്കെ നമ്മളെയല്ലേ പ്രതിനിധീകരിക്കുന്നത്? നമ്മുടെയൊക്കെ പ്രതീകങ്ങൾ തന്നെയല്ലേ ഇവരും? നാം കുറച്ചുകൂടെ നന്നായാൽ ഇവരും അതിനനുസരിച്ച് നന്നാവില്ലേ... പിന്നെ ഇതൊക്കെ ഒരു ചക്രം, ഇതെല്ലാം മാറി നല്ലകാലം ഒരിക്കൽ വരും എന്ന് പ്രതീക്ഷിക്കാം

   
 22. At Tue Mar 27, 01:11:00 AM 2007, Anonymous Anonymous said...

  Vkkaari , Unkalude real name entharu ?

   

Post a Comment

Links to this post:

Create a Link

<< Home