Tuesday, July 31, 2007

ഛലോ ഛലോ സര്‍ക്കാര്‍ സ്കൂള്‍ (നടക്കാത്ത ഒരു സ്വപ്നം)

സ്വാശ്രയപ്രശ്‌നങ്ങളെപ്പറ്റിയും സ്വകാര്യ മാനേജ്‌മെന്റുകള്‍ കേരള വിദ്യാഭ്യാസത്തിനു നല്‍‌കിയ സംഭാവനകളെപ്പറ്റിയുമൊക്കെ വായിച്ച് വന്നപ്പോഴാണ് നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി ഞാന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയത്. അതിനോടൊപ്പം കുറെ അവിയല്‍ ചിന്തകളും കൂടിയായപ്പോള്‍ ഈ പോസ്റ്റായി. ഇതിന് വളം വെച്ചതോ ബിനീഷ് മാത്യുവിന്റെ ഈ പോസ്റ്റും. അവിടെ അദ്ദേഹം വളരെ പ്രധാനപ്പെട്ട കുറെ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു/കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു:

1. ഒരു കാറ്റ് വന്നാല്‍ പറന്നു പോകുന്ന മേല്കൂര ഉള്ള, മഴ വന്നാല്‍ ഇടിഞ്ഞു വീഴുന്ന, നല്ലൊരു ടോയിലേറ്റ് ഇല്ലാത്ത, ഒരു അധ്യാപകന് തന്നെ മൂന്നും നാലും വിഷയങ്ങള്‍ എടുക്കുന്ന, ഇഴ ജന്തുക്കളും , സാമൂഹ്യ വിരുദ്ധന്മാരും കയറി ഇറങ്ങുന്ന, സ്കൂളിലെനെക്കാള്‍ കൂടുതല് ട്യൂഷന് കൂടുതല് പ്രാധാന്യം നല്കുന്ന അധ്യാപകര്‍ ഉള്ള, എന്തിനേരെ പറയുന്നു, വളരെ പരിതാപകാരം ആയ അവസ്ഥകളില്‍ ഉള്ള ഗവണ്മെന്റ് സ്കൂളുകളില്‍ തങ്ങളുടെ കുട്ടിയെ അയക്കാന്‍ മക്കളെ സ്നേഹിക്കുന്ന, അവരുടെ ഭാവിയെ പറ്റി ചിന്തിക്കുന്ന ഒരു മാതാപിതാക്കളും തയ്യാറാവില്ല എന്നതാണു വാസ്തവം.

ശരിയല്ലേ...

2. കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ , ഇവിടെ ലാബ് ഉണ്ടോ?, കമ്പ്യൂട്ടര്‍ ഉണ്ടോ?, എന്റെ കുട്ടിയ്ക്ക് പ്രാക്റ്റീസ് ചെയ്യാന്‍ വലിയ മൈതാനം ഉണ്ടോ?, നല്ല മൂത്രപ്പുര ഉണ്ടോ? ജിം ഉണ്ടോ? മാങ്ങ ഉണ്ടോ? മാങ്ങ തൊലി ഉണ്ടോ? എന്നെലാം ചോദിക്കാതെ , അവയെല്ലാം ഉണ്ടെന്നു ഉറപ്പ് വരുത്തി അല്ലാതെ, ഇപ്പോഴത്തെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്കൂളില് ചേര്ക്കാറുണ്ടോ?

ശരിയാണോ?

അദ്ദേഹം നാട്ടിലെ പല സര്‍ക്കാര്‍ സ്ക്കൂളുകളുടെയും ദയനീയ ചിത്രം വരച്ച് കാട്ടിയിരിക്കുന്നു, തന്റെ പോസ്റ്റില്‍. എല്ലാ സ്കൂളുകളുമല്ലെങ്കിലും നാട്ടിലെ പല സര്‍ക്കാര്‍ സ്കൂളുകളുടെയും അവസ്ഥ ഏതാണ്ട് ബിനീഷ് മാത്യു പറഞ്ഞതുപോലൊക്കെത്തന്നെ. എന്തായിരിക്കും അതിന് കാരണം? ഞാന്‍ നോക്കിയിട്ട്:

1. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന മലയാളിചിന്ത.
2. സര്‍ക്കാരിനെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന മലയാളി ചിന്ത.
3. നല്ല “നിലവാരമുള്ള” പ്രൈവറ്റ് മാനേജ്‌മെന്റ് സ്കൂളുകളുണ്ടല്ലോ, പിന്നെന്തിന് മുകളില്‍ പറഞ്ഞ സ്ഥിതിവിശേഷങ്ങളൊക്കെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ അയച്ച് കുട്ടികളുടെ ഭാവി കുളമാക്കണമെന്ന ചിന്ത.

ഇവയൊക്കെയാണ് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇപ്പോഴത്തെ ഗതിവരാനുള്ള കാരണം.

ഞാന്‍ ഒരിക്കലും സ്വകാര്യത്തിന് എതിരല്ല. സ്വകാര്യന്മാര്‍ക്ക് എന്തൊക്കെയോ മാനേജ്‌മെന്റ് തിയറി പ്രകാരം സര്‍ക്കാര്‍ പരിപാടികളെക്കാളും കാര്യങ്ങള്‍ കൊണ്ടുപോകാന്‍ പറ്റും എന്നാണ് കേട്ടിരിക്കുന്നത് (പക്ഷേ ആ പ്രതിഭാസം ഇന്ത്യയില്‍ മാത്രമേ ഉള്ളോ എന്നും സംശയമുണ്ട്-പല വിദേശ രാജ്യങ്ങളിലെയും സര്‍ക്കാര്‍ സംരംഭങ്ങള്‍ സ്വകാര്യന്മാരുമായി കിടപിടിക്കുന്നത് തന്നെയല്ലേ). എന്തായാലും നമ്മുടെ നാട്ടില്‍ എന്തും സ്വകാര്യമായാലേ ശരിയാവൂ എന്നൊരു ചിന്ത വന്നിട്ടുണ്ട് എന്ന് തന്നെ തോന്നുന്നു- ആ ചിന്തയിലെ ശരി എത്രമാത്രമുണ്ട് എന്നെനിക്കറിയില്ല-മൊത്തം ശരിയാണോ, ഭാഗികമായി ശരിയാണോ എന്നൊന്നും വലിയ പിടിപാടില്ല.

പക്ഷേ എന്റെ ഒരു നിരീക്ഷണം സ്വകാര്യന്മാര്‍ക്ക് സ്വകാര്യപ്രതിബദ്ധതയാണ് സാമൂഹ്യപ്രതിബദ്ധതയെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതെന്നാണ്. അതിനവരെ കുറ്റം പറയാനും പറ്റില്ല. കാരണം കൈയ്യില്‍നിന്നും കാശിറക്കിയാല്‍ മുടക്കിയ മുതലും പലിശയും ലാഭവും തിരിച്ച് കിട്ടണം. അങ്ങിനെ വരുമ്പോളാണ് നാട്ടില്‍ കെ.എസ്.ആര്‍.ട്ടീ.സി ബസ്സുകളുടെയൊക്കെ മുന്‍പിലായിത്തന്നെ അതേ റൂട്ടില്‍ പ്രൈവറ്റ് ബസ്സുകള്‍ വരുന്നതും അത് ആള് മുഴുവന്‍ അടിച്ചുകൊണ്ട് പോകുന്നതും കേയെസ്സാര്‍ട്ടീസീ എന്നും നഷ്ടത്തിലാവുകയും ചെയ്യുന്നത്. പിന്നെ സ്വതസിദ്ധമായ സര്‍ക്കാരല്ലേ, നമ്മളെ നോക്കുക എന്നതല്ലേ സര്‍ക്കാരിന്റെ കടമ എന്നൊക്കെയുള്ള ചിന്തകള്‍ വഴി അവിടുത്തെ ജീവനക്കാരുടെ നിര്‍ലോഭമായ സഹകരണം കൂടിയാവുമ്പോള്‍ നാശം പൂര്‍ണ്ണമായി. പക്ഷേ പ്രശ്‌നം മുകളില്‍ പറഞ്ഞ സാമൂഹ്യപ്രതിബദ്ധതയാണ്. രാത്രി പത്തരയുടെ ട്രിപ്പിന് ആളില്ലെങ്കില്‍ സ്വകാര്യന്മാര്‍ ഓടില്ല. ആരുമില്ലെങ്കിലും രാത്രി പതിനൊന്നരയുടെ ട്രിപ്പ് കേയെസ്സാര്‍ട്ടീസീ ഓടിക്കും. പക്ഷേ നമ്മളോ? രാത്രി പതിനൊന്നരയുടെ കേയെസ്സാര്‍ട്ടീസീയെപ്പറ്റി മാത്രമേ നമുക്കെപ്പോഴും ആവലാതിയുള്ളൂ. ബാക്കിയുള്ള സമയത്തൊക്കെ നമ്മള്‍ സ്വകാര്യന്മാരില്‍ തന്നെ കയറും. കാരണം നല്ല സീറ്റ്, നല്ല കുഷ്യന്‍, ഭയങ്കര സ്പീഡ്, പാട്ട്...

ഈയൊരു സ്വകാര്യമനോഭാവം എങ്ങിനെയാണ് നമ്മളില്‍ ആഴത്തില്‍ പതിഞ്ഞതെന്നറിയില്ല. കോണ്‍‌സ്പിരസി തിയറിപ്രകാരം സ്വകാര്യന്മാര്‍ വന്നാലേ കാര്യം നടക്കൂ എന്നൊരു ചിന്താജീന്‍ എന്നോ ഒരു കാലത്ത് നമ്മളില്‍ കയറിപ്പറ്റിക്കാണും. അതിന്റെകൂടെത്തന്നെ സര്‍ക്കാരിനെക്കൊണ്ട് ഇതൊക്കെ എങ്ങിനെ പറ്റിക്കാന്‍ എന്നുള്ള ചിന്തയും. അതിന്റെ കൂടെ സ്വകാര്യന്മാര്‍ ലാഭം മുന്നില്‍ കണ്ട് സര്‍ക്കാരായ സര്‍ക്കാരുകളെയൊക്കെ സ്വാധീനിച്ച് എല്ലാ കേയെസ്സാര്‍ട്ടീസീ ബസ്സിന്റെയും മുന്നില്‍ തന്നെ റൂട്ട് സംഘടിപ്പിച്ചു, വേണ്ടിവന്നാല്‍ അവിടുത്തെ ഡ്രൈവറെയും കണ്ടക്ടറെയും വരെ സ്വാധീനിച്ചു... അങ്ങിനെ സ്വകാര്യന്മാരില്ലെങ്കില്‍ ഒന്നും നടക്കില്ല എന്നൊരു ചിന്താവേവ് നമ്മളിലെല്ലാവരിലും ഉറപ്പിച്ചു.

ഇതിന്റെയൊക്കെ ഒരു വകഭേദം തന്നെയല്ലേ നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സംഭവിച്ചത്? സ്വകാര്യ മാനേജ്‌മെന്റുകള്‍ നല്ല കെട്ടിടങ്ങളും ലാബുകളും മറ്റുമായി പ്രൊഫഷണല്‍ രീതിയില്‍ കാര്യങ്ങള്‍ നടത്തി നാട്ടിലെ വിദ്യാഭ്യാസത്തിന്റെ കുത്തക അവര്‍ ഏറ്റെടുത്തു. ഇത്രയും കാലം ആര്‍ക്കും വലിയ പരാതിയൊന്നുമില്ലായിരുന്നു-കാരണം വിദ്യാഭ്യാസചിലവുകള്‍ സര്‍ക്കാരിലും സ്വകാര്യത്തിലും വലിയ വ്യത്യാസമില്ലായിരുന്നു. സര്‍ക്കാര്‍ കാര്യം മുറപോലെയാക്കി സ്വകാര്യ സ്കൂളുകള്‍ വെച്ചടി വെച്ചടി കയറി, സര്‍ക്കാര്‍ സ്കൂളുകള്‍ എല്ലാം ചോര്‍ന്നൊലിച്ചു. സ്കൂളുകളിലെ ഡിവിഷനുകള്‍ ഫാളായി, സ്കൂള്‍ മൊത്തത്തില്‍ തന്നെ ഫാളായി. പാവപ്പെട്ട വീടുകളിലെ, അന്നന്നത്തെ അരിയുടെ കാര്യത്തിന് മറ്റെന്തിനെക്കാളും പ്രാധ്യാന്യം കൊടുക്കുന്ന വീടുകളിലെ, കുട്ടികള്‍ മാത്രം സര്‍ക്കാര്‍ സ്കൂളുകളില്‍ വന്നു. അവര്‍ അവരുടെ കാര്യം നോക്കിപ്പോയി, ടീച്ചര്‍മാര്‍ ആരുടെയും തന്നെ കാര്യം ഒട്ട് നോക്കിയുമില്ല. ഇപ്പുറത്ത് സ്വകാര്യ സ്കൂളുകള്‍ ടൈ, ഷൂ, സോക്സ്, യൂണിഫോം തുടങ്ങി എല്ലാവിധ പരിപാടികളുമായി ചിട്ടയായി ചിട്ടയായി മുന്നേറി. ഇപ്പോള്‍ അവരില്ലാതെ കാര്യങ്ങള്‍ നടക്കില്ല എന്നൊരു സ്ഥിതിവിശേഷമായി. അപ്പോള്‍ അവര്‍ സ്വല്പം അധികാരത്തോടുതന്നെ കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അവര്‍ അവരുടെ അവകാശങ്ങളെപ്പറ്റി കൂടുതല്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി (അതിനെ ഒരു രീതിയിലും എതിര്‍ക്കുന്നില്ല-പക്ഷേ ചിലപ്പോഴെങ്കിലും അവര്‍ സമൂഹത്തെ മറന്ന് അവരുടെ അവകാശങ്ങളെപ്പറ്റി മാത്രം ബോധവാന്മാരാവുന്നോ എന്നൊരു സംശയം).

അങ്ങിനെ സ്വകാര്യമാനേജ്‌മെന്റുകള്‍ ഇല്ലെങ്കില്‍ കേരളവിദ്യാഭ്യാസരംഗം സ്തംഭിക്കും എന്നൊരു സ്ഥിതിവിശേഷമായി എന്ന് തന്നെ തോന്നുന്നു. ഇതിങ്ങനെ പോയാല്‍ മതിയോ? അതോ ഒരു വശത്ത് സ്വകാര്യസ്കൂളുകളും മറുവശത്ത് സര്‍ക്കാര്‍ സ്കൂളുകളുമായി ആരോഗ്യകരമായ ഒരു മത്സരം വേണ്ടേ? അതല്ലേ നല്ലത്? അപ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഒന്നുകൂടി ചോയ്‌സ് കിട്ടില്ലേ? ഇപ്പോള്‍ ബാലന്‍സ് എന്തായാലും ഭയങ്കരമായി സ്വകാര്യസ്കൂളുകളിലേക്ക് തിരിഞ്ഞിരിക്കുന്നു. അവര്‍ വിചാരിക്കുന്നതുപോലയേ കാര്യങ്ങള്‍ നടക്കൂ എന്നായി അവസ്ഥ.

എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ “പുനര്‍‌ജനിക്കുകയും” അവിടെ ആരോഗ്യകരമായ ഒരു പഠനരീതി നിലവില്‍ വരികയും ചെയ്താല്‍ അത് നല്ലൊരു കാര്യമാണ്. പക്ഷേ അതിനാദ്യം വേണ്ടത് “ഒരു സേവ് സര്‍ക്കാര്‍ സ്കൂള്‍” മൂവ്‌മെന്റാണ്. ആദ്യം തന്നെ സര്‍ക്കാര്‍ സ്കൂളുകള്‍ അവയുടെ വിശ്വാസ്യത വീണ്ടെടുക്കണം. അതിന് ഏറ്റവും അത്യാവശ്യം വേണ്ടത് അവിടെ പഠിക്കാനുള്ള കുട്ടികളാണ്. ഇപ്പോള്‍ പല സര്‍ക്കാര്‍ സ്കൂളുകളിലും ഡിവിഷനുകളേ ഇല്ല എന്നതാണ് അവസ്ഥ. തൊട്ടപ്പുറത്ത് അടിച്ചുപൊളിച്ച് സ്വകാര്യസ്കൂളുകള്‍ ഉള്ളപ്പോള്‍ ആരെങ്കിലും സര്‍ക്കാര്‍ സ്കൂളുകളില്‍, ഇപ്പോഴത്തെ അവസ്ഥയില്‍, കുട്ടികളെ വിടുമോ? എന്റെ ഒരു ബന്ധുവിനോട് മകനെ സര്‍ക്കാര്‍ സ്കൂളില്‍ വിട്ടുകൂടേ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിനും താത്‌പര്യമാണ്, പക്ഷേ ഉഴപ്പിയുഴപ്പിയുഴപ്പി നടക്കുന്ന ഒരുകൂട്ടം കുട്ടികള്‍ക്കിടയില്‍ എങ്ങിനെ മകനെ ഇരുത്തും എന്നാണ് അദ്ദേഹം ചോദിച്ചത്. ബിനീഷ് മാത്യു പറഞ്ഞതുപോലെ മക്കളുടെ ഭാവിയില്‍ താത്‌പര്യമുള്ള എത്ര മാതാപിതാക്കള്‍ അങ്ങിനത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കും?

അപ്പോള്‍ ഏറ്റവും അത്യാവശ്യമായി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വേണ്ടത് വിശ്വാസ്യതയാണ്. എങ്ങിനെ ആ വിശ്വാസ്യത കൊണ്ടുവരാം? അവിടെയാണ് നമ്മള്‍ മലയാളികളുടെ എക്കാലത്തെയും വലിയ വീക്ക്‍നെസ്സുകളില്‍ ഒന്നായ അനുകരണം എന്ന വികാരത്തെ ചൂഷണം ചെയ്യേണ്ടത്. നിലയും വിലയും ഒക്കെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന കുറെ ആള്‍ക്കാര്‍ ഏത് നാട്ടിലും കാണുമല്ലോ. സാധാരണയായി ഡോക്‍ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അദ്ധ്യാപകര്‍... മുതലായവരൊക്കെ (ഓര്‍മ്മയില്‍ വന്ന മൂന്ന് പ്രൊഫഷണുകള്‍ പറഞ്ഞു എന്ന് മാത്രം. നില/വില ഇവയൊക്കെ ആപേക്ഷികമാണെന്നും ചെയ്യുന്ന ജോലിയും ഇവയും തമ്മില്‍ ഭയങ്കര ബന്ധമൊന്നുമില്ലെന്നുമാണ്...). എന്തായാലും അങ്ങിനത്തെ വീടുകളിലെ കുറെ കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പോയിത്തുടങ്ങിയാലുള്ള ഗുണം അത് കണ്ട് മറ്റുള്ളവരും തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്കയക്കും എന്ന് മാത്രമല്ല, അവിടുത്തെ അദ്ധ്യാപകരും ഒന്നുണരും. നിലയും വിലയുമൊക്കെ ഉണ്ട് എന്ന് കരുതുന്ന ഒരു ജനവിഭാഗം കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്കയച്ചാല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് പിന്നെ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന രീതിയില്‍ ഈസിയായി ഇരിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നു. ഒരു പാവപ്പെട്ട വീട്ടിലെ അച്ഛന്‍ വന്ന് “സാറേ പിള്ളേരെയൊക്കെ ഉത്തരവാദിത്തബോധത്തോടെ പഠിപ്പിക്കണം കേട്ടോ” എന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നതിനെക്കാള്‍ “നിലയും വിലയും” ഉള്ള ഒരച്ഛന്‍ വന്ന് അതേ കാര്യം പറഞ്ഞാല്‍ പലരും കേള്‍ക്കും. മനുഷ്യത്വപരമായി ആ രീതി ശരിയല്ല. പക്ഷേ നാട്ടിലെ ഒരു സ്ഥിതിവിശേഷം അതായിപ്പോയി.

അത്തരം ആള്‍ക്കാര്‍ കുട്ടികളെ സ്കൂളുകളിലേക്കയക്കുന്നതിനോടൊപ്പം തന്നെ അവര്‍ സ്കൂളുകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുകയും വേണം. അത്തരം വിജിലന്റായിട്ടുള്ള ഇടപെടലുകള്‍ അവിടുത്തെ അദ്ധ്യാപകരെ കുറച്ചുകൂടി ഉത്തരവാദിത്തബോധമുള്ളവരാക്കി മാറ്റും എന്നാണ് തോന്നുന്നത്. അങ്ങിനെ ഒന്നൊത്തുപിടിച്ചാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ സ്കൂളുകളുടെ റിസള്‍ട്ട് ഉയരും. ഒന്നോ രണ്ടോ കൊല്ലം ആ രീതി തുടര്‍ന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികള്‍ കൂടുതല്‍ കൂടുതല്‍ വരാന്‍ തുടങ്ങും. അദ്ധ്യാപകരെയും ഓര്‍മ്മിപ്പിക്കണം, അവരുടെ കൂടെ നിലനില്‍‌പിന്റെ പ്രശ്‌നമാണ് സര്‍ക്കാര്‍ സ്കൂളുകള്‍ നല്ല രീതിയില്‍ നടന്നുപോവുക എന്നതെന്ന്.

ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ഗവണ്മെന്റ് ഇത്തരം ഒരു സേവ് സര്‍ക്കാര്‍ സ്കൂള്‍ പരിപാടിക്ക് നല്ല പിന്തുണ നല്‍‌കേണ്ടതാണ്. സ്ഥലത്തെ പഞ്ചായത്തും ജനപ്രതിനിധികളുമൊക്കെ ചേര്‍ന്നുള്ള ഒരു മൂവ്‌മെന്റാവണം ഇത്. അവര്‍ മുന്നിട്ടിറങ്ങി രക്ഷിതാക്കളെ ബോധവല്‍ക്കരിക്കണം. ഇത് സ്വകാര്യസ്കൂളുകള്‍ക്ക് എതിരായുള്ള ഒരു നീക്കമാക്കി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യരുത്. അതേ സമയം സ്വകാര്യ മാനേജ്‌മെന്റുകള്‍ ഏതെങ്കിലും രീതിയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ തെറ്റായ രീതിയില്‍ ഇടപെടുന്നുണ്ടെങ്കില്‍ അത് അനുവദിക്കുകയുമരുത്. പിന്നെ ഏറ്റവും അത്യാവശ്യം വേണ്ടത് സമരങ്ങളോടുള്ള സമീപനം. സമരം നടക്കുകയാണെങ്കില്‍ അതില്‍ സോഷ്യലിസം വേണം. സര്‍ക്കാര്‍ സ്കൂള്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ സ്വകാര്യ സ്കൂളുകളും പ്രവര്‍ത്തിക്കരുത്. അതിന് വിദ്യാര്‍ത്ഥിനേതാക്കന്മാര്‍ എന്തെങ്കിലും ചെയ്യണം. സര്‍ക്കാര്‍ സ്കൂളുകളില്‍ സ്ഥിരമായി ക്ലാസ്സുകള്‍ മുടങ്ങുകയും സ്വകാര്യസ്കൂളുകള്‍ എന്നും ചിട്ടയായി ക്ലാസ്സുകള്‍ നടക്കുകയും ചെയ്താല്‍ ചിട്ടയായി ഒമ്പത് മുതല്‍ അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന സ്കൂളാണ് നിലവാരമുള്ള സ്കൂള്‍ എന്നൊക്കെ കരുതുന്ന മാതാപിതാക്കന്മാര്‍ പിന്നെ കുട്ടികളെ അവിടെയല്ലേ അയയ്ക്കൂ.

ഈയിടെ മനോരമയില്‍ തിരുവനന്തപുരത്തെ, ഗുണ്ടകളുടെയും കള്ളുകുടിക്കാരുടെയുമൊക്കെ വിഹാരകേന്ദ്രമായിരുന്ന ഒരു സര്‍ക്കാര്‍ സ്കൂള്‍ അവിടുത്തെ ഹെഡ്‌മിസ്‌ട്രസ്സിന്റെയും ടീച്ചര്‍മാരുടെയും മിടുക്ക് കൊണ്ട് എങ്ങിനെ നന്നാക്കിയെടുത്തു എന്നൊരു ലേഖനം വായിച്ചിരുന്നു. അവിടെ അത് നടക്കുമെങ്കില്‍ എവിടെയും നടപ്പാക്കാവുന്നതേ ഉള്ളൂ.

ഇതൊരു മനോഹരമായ നടക്കാത്ത സ്വപ്‌നമാണെന്നറിയാം. എങ്കിലും രക്ഷിതാക്കളേ, കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ അയയ്ക്കൂ. ആദ്യത്തെ ഒരു കൊല്ലം അത്ര സുഗമമായിരിക്കില്ല കാര്യങ്ങള്‍. പക്ഷേ നിങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകളും സര്‍ക്കാര്‍-രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹകരണവുമുണ്ടെങ്കില്‍ നമുക്ക് നല്ല നല്ല സര്‍ക്കാര്‍ സ്കൂളുകളെ വാര്‍ത്തെടുക്കാം. എന്റെ വ്യക്തിപരമായ നോട്ടത്തില്‍ ഈ സര്‍ക്കാരാണ് ഇതിന് ഏറ്റവും നല്ലത്. യു.ഡി.എഫ് ഗവണ്മെന്റ് സ്വകാര്യ മാനേജ്‌മെന്റുകളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു നയമായിരുന്നു എന്നതാണ് എന്റെ ഒരു നിരീക്ഷണം (പക്ഷേ കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ പി.ജെ.ജോസഫ് കാണിച്ചത് യു.ഡി.എഫിനെ കവച്ചു വെക്കുന്ന പരിപാടികളായിരുന്നു എന്നും ഒരു ആരോപണമുണ്ട്). മാത്രവുമല്ല, മുഖ്യപാര്‍ട്ടിയിലെ ഒരാള്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതും വളരെ നാളുകള്‍ക്ക് ശേഷമാണല്ലോ. ഈ സ്വാശ്രയ പ്രശ്‌നത്തിലും മറ്റും കേസ് നടത്തി വക്കീലിന് കൊടുക്കുന്ന കാശുണ്ടെങ്കില്‍ ഒരു ജില്ലയിലെയെങ്കിലും സര്‍ക്കാര്‍ സ്കൂളുകള്‍ പുനരുദ്ധരിക്കാന്‍ പറ്റും. അതുകൊണ്ട് നമ്മള്‍ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന് പറഞ്ഞിരിക്കാതെ സ്വകാര്യ സ്കൂളുകളോട് കിടപിടിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടാവാന്‍ പ്രയത്നിക്കൂ. അടിസ്ഥാന വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനം. അത് തരാന്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് കഴിവുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. അവരെ പ്രോത്സാഹിപ്പിക്കൂ. നിലവാരം എന്ന് പറഞ്ഞാല്‍ പരിക്ഷയ്ക്ക് മാര്‍ക്ക് വാങ്ങിക്കലും രാവിലെ തൊട്ട് വൈകുന്നേരം വരെ സ്കൂളുകളില്‍ ഇരിക്കുന്നതും മാത്രമല്ല എന്ന് രക്ഷിതാക്കളും കുട്ടികളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാം ക്ലാസ്സ് തൊട്ട് പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസത്തിനുശേഷം മാത്രമേ ഒരു കുട്ടിയുടെയും അതുവഴി സ്കൂളിന്റെയും നിലവാരം അളക്കാവൂ.

Labels: , , ,

Wednesday, July 25, 2007

തങ്കമ്മ സാര്‍- പാര്‍ട്ട് റ്റൂ

ഒന്നാം ഭാഗം ഇവിടെ- അത് വായിക്കാതെ ഇത് വായിച്ചാല്‍... ഇത് വായിച്ചിട്ട് അത് വായിച്ചാലും മതി :)

ഒന്നാം ഭാഗം തിരക്കഥയൊക്കെ എഴുതി നാട്ടില്‍ പോയി ഒരു പാലുകാച്ചല്‍ ചടങ്ങിന് പോയപ്പോള്‍ അമ്മ പരിചയപ്പെടുത്തിത്തന്നു, തങ്കമ്മ സാറിനെ. താനൊരു ആബ്ലോഗപ്രശസ്തയായ താരമായ കാര്യമൊന്നും തങ്കമ്മ സാര്‍ അറിഞ്ഞിട്ടില്ല (അറിയരുതേ ഭഗവാനേ). അവിടെ അഞ്ചാറുപേര്‍ ഒന്നിച്ചിരുന്ന് കത്തിവെക്കുന്ന സദസ്സില്‍ ചെന്നിട്ട് നടുക്കിരുന്ന ആളോട് തന്നെ ടീച്ചര്‍ ചോദിച്ചു:

“ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞായിരിക്കുമല്ലേ...”

ഒരു ദിവസം തങ്കമ്മസാര്‍ സാറിന്റെ കുടുംബവീട്ടില്‍ പോയി-അമ്മയെയും അച്ഛനെയും കാണാന്‍. വീട്ടില്‍ ചെന്ന് അടുക്കളയിലൊക്കെ പോയി അമ്മയോട് വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ഇതിനിടയ്ക്ക് സ്വീകരണമുറിയിലേക്ക് വന്ന സാറിന്റെ അച്ഛന്‍ നോക്കിയപ്പോള്‍ മേശപ്പുറത്ത് ഒരു കണ്ണടയിരിക്കുന്നു. അച്ഛന്‍ അതെടുത്ത് അലമാരയ്ക്കുള്ളില്‍ വെച്ചു. ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് തിരികെപ്പോരാന്‍ നേരം തങ്കമ്മസാര്‍ കണ്ണട വെച്ചിടത്ത് കണ്ടില്ല. നോക്കിയപ്പോള്‍ സംഭവം അപ്പുറത്തിരിപ്പുണ്ട്. അതുമെടുത്തുകൊണ്ട് സാര്‍ സാറിന്റെ വീട്ടിലേക്കും പോയി. വീട്ടില്‍ ചെന്ന് പതിവുപോലെ പത്രപാരായണം നടത്താന്‍ നേരം സാറിന് ഒന്നും തന്നെ വായിക്കാന്‍ പറ്റുന്നില്ല. തലേ ദിവസം വരെ ഒരു കുഴപ്പവുമില്ലാതിരുന്നതാണ്. അപ്പോളതാ സാറിന്റെ കുടുംബവീട്ടില്‍ നിന്ന് അമ്മയുടെ ഫോണ്‍. അമ്മയ്ക്കും സെയിം പ്രോബ്ലം. ഒന്നും വായിക്കാന്‍ പറ്റുന്നില്ല. ഉടനെ രണ്ടുപേരും കൂടി നാട്ടിലെ കണ്ണുഡോക്ടറുടെ അടുത്ത് പോയി പ്രശ്‌നമവതരിപ്പിച്ചു. ഡോക്ടര്‍ക്കും കണ്‍ഫ്യൂഷന്‍. കഴിഞ്ഞ മാസം കണ്ണ് ടെസ്റ്റ് ചെയ്യിച്ചപ്പോളും കണ്ണട മാറ്റേണ്ട സമയമൊന്നുമായിരുന്നില്ല. ഡോക്ടര്‍ പിന്നെയും പിന്നെയും ടെസ്റ്റ് നടത്തി-അപ്പോഴൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ കണ്ണട വെച്ചാല്‍ പിന്നെ രണ്ടുപേര്‍ക്കും ഒന്നും വായിക്കാന്‍ പറ്റുന്നില്ല. അവസാനം ഡോക്ടര്‍ തങ്കമ്മ സാറിന്റെ കണ്ണടയെടുത്ത് അമ്മയുടെ മുഖത്തും അമ്മയുടെ കണ്ണടയെടുത്ത് തങ്കമ്മ സാറിന്റെ മുഖത്തും ഫിറ്റ് ചെയ്തിട്ട് പേപ്പറെടുത്ത് രണ്ടുപേര്‍ക്കും വായിക്കാന്‍ കൊടുത്തു-പ്രശ്‌നം സോള്‍വ്‌ഡ്.

തങ്കമ്മസാറും കുടുംബവും സിക്സ്തും പാസ്സായി കല്‍ക്കട്ടായില്‍ ചെന്നപ്പോള്‍-ടൂറിനു പോയി,കല്‍ക്കട്ടയില്‍. ഒരു ഹോട്ടലില്‍ മുറിയൊക്കെയെടുത്ത് അടുത്ത ദിവസം രാവിലെ പല്ല് തേക്കാന്‍ പേസ്റ്റ് ബ്രഷില്‍ തേച്ച് തേപ്പു തുടങ്ങി-ഭയങ്കര വീര്യം പേസ്റ്റിന്. ഉടനെ തന്നെ സാര്‍ ഭര്‍ത്താവിനെ ചീത്ത പറയാന്‍ തുടങ്ങി-“അല്ലേലും ഈ ചേട്ടനിങ്ങിനെയാ, എന്തിനാ ഇത്രയും വീര്യമുള്ള പേസ്റ്റൊക്കെ വാങ്ങിക്കുന്നത്, വായ മൊത്തം പൊള്ളി, വല്ല കോള്‍ഗേറ്റും പോരായിരുന്നോ etc. etc..." രാവിലത്തെ ഉറക്കം പോയ ദേഷ്യത്തിന് സാറിന്റെ ഭര്‍ത്താവ് വന്ന് പേസ്റ്റ് നോക്കി - സംഗതി MOOV ആയിരുന്നു തങ്കമ്മ സാര്‍ പേസ്റ്റാണെന്നും വിചാരിച്ച് തേച്ചുകൊണ്ടിരുന്നത്.

പല്ലുതേപ്പും കാപ്പികുടിയുമൊക്കെ കഴിഞ്ഞ് രാവിലെ തന്നെ അവരെല്ലാവരും കല്‍ക്കട്ട കാണാനിറങ്ങി. ഒരു ഗൈഡിനെയും കിട്ടി. ഒരു അമ്പലത്തിന്റെ മുന്നില്‍ ചെന്നിട്ട് ഗൈഡ് വിശദീകരിക്കാന്‍ തുടങ്ങി - “ യേ തോ ശിവ്‌ജീ കാ മന്ദിര്‍ ഹൈ”

തങ്കമ്മസാറിന് അത്‌ഭുതം. “ഓ ശിവാജിക്കും അമ്പലമുണ്ടോ കല്‍‌ക്കട്ടയില്‍”

ഗൈഡ്, ഭഗവാന്‍ ശിവനെ ബഹുമാനപുരസ്സരം ശിവ്‌ജി എന്ന് വിളിച്ചതായിരുന്നു.

Labels:

Tuesday, July 10, 2007

നിഗമനോല്‍‌പ്രേക്ഷ

ഉല്‍‌പ്രേക്ഷ സീരീസിലെ പുതിയ എന്‍‌ട്രി. ആള്‍ക്കാരൊക്കെ എങ്ങിനെയൊക്കെയാണ് ഓരോരോ നിഗമനങ്ങളിലെത്തുന്നത് എന്നോര്‍ത്തുള്ള അത്‌ഭുതത്തില്‍ നിന്നും ഉടലെടുത്ത ഉല്‍‌പ്രേക്ഷ. കണ്‍‌ഫ്യൂഷ്യസ് വര്‍ഗ്ഗത്തില്‍ പെട്ട ഞാനൊക്കെ അതിസങ്കീര്‍ണ്ണമാണെന്ന് കരുതുന്ന ചില സമസ്യകള്‍ക്കൊക്കെ അതങ്ങിനെതന്നെയാണ്, അതിങ്ങനെയല്ലാതെപിന്നെങ്ങിനെ, അതു പിന്നെ പറയാനുണ്ടോ എന്നൊക്കെയുള്ള ഒറ്റവാക്ക് നിഗമനങ്ങള്‍ കാണുമ്പോള്‍ കണ്‍ഫ്യൂഷന്‍ ഡബിളാകുന്നു. ഏറ്റവും പുതുതായി എനിക്ക് ഡബിള്‍ കണ്‍ഫ്യൂഷന്‍ തന്നത് ജോസഫ് ആന്റണിയുടെ ഹോമിയോപ്പതി ലേഖനങ്ങളും (ഒന്ന്, രണ്ട്), അതിലെ കമന്റുകളും.

എന്റെ അഭിപ്രായത്തില്‍ ഭൂമി ഉരുണ്ടതാണ്, സൂര്യന്‍ കിഴക്കുദിക്കുന്നു, തീക്കട്ടയില്‍ ഉറുമ്പരിക്കില്ല, മുറ്റത്തെ മുല്ലയ്ക്ക് മണമില്ല, കാക്ക കുളിച്ചാല്‍ കൊക്കാവില്ല, ഞാന്‍ പരമസുന്ദരനാണ്, ആന നമ്പ്ര് റ്റു നടത്തുന്ന ഫോഴ്‌സില്‍ ആട് ആ പരിപാടി നടത്താന്‍ നോക്കിയാല്‍ ആസനം കീറും തുടങ്ങിയ കാര്യങ്ങള്‍ ഒരു ഉല്‍പ്രേക്ഷയുമുണ്ടാക്കാത്ത നിഗമനങ്ങളാണ്. അതങ്ങിനെയേ വരൂ. അപ്പോള്‍ അതങ്ങിനെയല്ലാതെപിന്നെങ്ങിനെ, അതുപിന്നെ പറയാനുണ്ടോ, വാഹ്-വാഹ്, അരേ വാഹ്, കൊടുകൈ, കൈകൊട് എന്നീ നിഗമനവാചകങ്ങള്‍ അത്തരം കാര്യങ്ങളെ വിശേഷിപ്പിക്കുന്നതില്‍ യാതൊരു ഉല്‍‌പ്രേക്ഷയുമില്ല- അതുതാനല്ലിയോ ഇത് എന്നൊരു തോന്നലേ അവിടില്ല; അതുതന്നെ അതും ഇതും.

പക്ഷേ മൂന്നാറില്‍ സീപ്പീയൈ ഭൂമി കൈയ്യേറിയിട്ടുണ്ടോ, ലൌവ്‌ലിന്‍ കേസില്‍ പിണറായിയ്ക്ക് പങ്കുണ്ടോ, ആര്യന്മാര്‍ ഇന്ത്യയില്‍ വന്നിട്ടുണ്ടോ, ഹോമിയോപ്പതി തട്ടിപ്പോ ഒറിജിനലോ, അക്യുപം‌ക്‍ചര്‍ ശരിയോ തെറ്റോ എന്നിവ പോലത്തെ കാര്യങ്ങളില്‍ നമ്മള്‍ എങ്ങിനെയാണ് വാഹ്-വാഹ്, അരേ വാഹ്, കൈ‌കൊടുകൈ ടൈപ്പ് നിഗമനങ്ങളിലൊക്കെയെത്തിച്ചേരുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതിനെപ്പറ്റിയൊക്കെ വായിക്കാന്‍ നോക്കിയാല്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഒരേ രീതിയില്‍ വാദങ്ങള്‍ കാണാം. ഒരു ത്രാസിലിട്ട് തൂക്കിയാല്‍ സൂചി പൂജ്യത്തില്‍നിന്ന് ഒരു നാനോഗ്രാം പോലും മാറില്ല, പലപ്പോഴും. ചിലപ്പോഴൊക്കെ ഒരുമാതിരി ഒരു നിഗമനത്തിലൊക്കെ എത്തി എന്ന് തോന്നുമ്പോഴായിരിക്കും വിശ്വാസയോഗ്യമായ ഒരിടത്ത് കണ്‍ഫ്യൂഷനാക്കാന്‍ എന്തെങ്കിലും ഒരു കാര്യം കാണുന്നത്. ഇങ്ങിനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പും ഇരിപ്പും എന്നിരുന്നാലും ചിലപ്പോള്‍ നമ്മള്‍ കാണുന്നത് തികച്ചും വ്യക്തവും ആത്മവിശ്വാസം തുളുമ്പുന്നതുമായ നിഗമനങ്ങളാണ്-ചിലര്‍ പൂര്‍ണ്ണമായും അനുകൂലിച്ചും മറ്റു ചിലര്‍ പൂര്‍ണ്ണമായും പ്രതികൂലിച്ചും. അതെങ്ങിനെ പറ്റുന്നു എന്ന് യാതൊരു പിടിയും കിട്ടുന്നില്ല. മൊത്തം കണ്‍‌ഫ്യൂഷന്‍.

ഉദാഹരണത്തിന് ഹോമിയോപ്പതിയെപ്പറ്റിയുള്ള ജോസഫ് ആന്റണിയുടെ ലേഖനം നോക്കാം. അദ്ദേഹത്തിന്റെ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ കണ്‍ഫ്യൂഷനൊന്നുമില്ലാതെ ഹോമിയോപ്പതി ഇതുവരെയുള്ള അറിവ് വെച്ച് പൂര്‍ണ്ണമായും തെറ്റാണോ എന്ന് പറയാന്‍ പറ്റുമോ എന്നൊന്ന് നോക്കി. എന്തായാലും ഹോമിയോപ്പതി മേഡ് ഇന്‍ ഇന്ത്യ അല്ലാത്തതുകാരണം സ്വദേശിവികാരം, സായിപ്പ് നമ്മളെ പറ്റിക്കുന്നു തുടങ്ങിയ വികാരങ്ങളൊന്നും അതിന്റെ കാര്യത്തിലെങ്കിലും ഉണ്ടാവില്ലല്ലോ. അതുകൊണ്ട് അധികം ബീപ്പീ കൂട്ടാ‍തെതന്നെ അതിനെപ്പറ്റി അന്വേഷിക്കാമല്ലോ എന്ന് കരുതി. ശരിയാണെങ്കിലും തെറ്റാണെങ്കിലും രണ്ടുമാണെങ്കിലും രണ്ടുമല്ലെങ്കിലും നോ പിരോബിളം.

പതിവുപോലെ ഇവിടെയും എന്റെ ആശ്രയം ഇന്റര്‍നെറ്റ് മാത്രം. അവിടാണെങ്കില്‍ നെല്ലും പതിരും തിരിച്ചറിയുക എന്ന് പറഞ്ഞാല്‍ ഹോമിയോപ്പതി സ്വല്പമെങ്കിലും കൊള്ളാമോ മൊത്തത്തില്‍ തട്ടിപ്പാണോ എന്ന് തെളിയിക്കുന്നതിനെക്കാളും പാട്. എന്തായാലും ഇത്തരം കാര്യങ്ങളില്‍ സേര്‍ച്ച് നടത്തി ആദ്യം നോക്കുന്നത് കിട്ടുന്ന സൈറ്റുകള്‍ എത്രമാത്രം ആധികാരികമാണെന്നും വിശ്വാസയോഗ്യമാണെന്നും നിര്‍വികാരമാണെന്നുമാണ്. നിര്‍വികാരം വളരെ പ്രധാനമാണെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് ഹോമിയോപ്പതി തെറ്റാണെന്ന് തെളിയിക്കാന്‍ വേറേ എങ്ങും പോകണ്ട-ജയിംസ് റാണ്ടിയുടെ അടുത്ത് പോയാല്‍ മതി. പക്ഷേ പ്രശ്‌നം ബെറ്റാണ്. അദ്ദേഹം ബെറ്റ് വെച്ചിരിക്കുന്നതുകൊണ്ട് ഹോമിയോപ്പതി ബൈ ഡിഫോള്‍ട്ട് ശരിയാണ് എന്നൊന്നുമില്ല. എങ്കിലും ഈ ബെറ്റ് വെച്ചൊക്കെ വെല്ലുവിളിക്കുന്നവരോട് എന്തോ ഒരിത്-സംഗതി പുള്ളി നൂറുശതമാനം ശരിയാണെങ്കില്‍ തന്നെ. കാരണം ബെറ്റ് വെക്കലൊക്കെ പിന്നെ സത്യം അറിയുക എന്നതിനെക്കാള്‍ ബെറ്റില്‍ ഫോക്കസ് ചെയ്യുമോ എന്നൊരു കണ്‍‌ഫ്യൂഷന്‍. അങ്ങിനെയൊന്നുമില്ലായിരിക്കും. എന്തായാലും റാന്‍ഡിയുടെ മില്ല്യണ്‍ ഡോളര്‍ ആരും ഇതുവരെ വാങ്ങിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ വാങ്ങിച്ചിട്ടില്ല എന്നേ ഞാന്‍ തല്‍ക്കാലം കരുതൂ-ഹോമിയോപ്പതി ശരിയാണോ തെറ്റാണോ എന്ന് അതുകൊണ്ട്, ആ ഒരു കാര്യം കൊണ്ട് മാത്രം, അര്‍ത്ഥമാക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

പിന്നെ ആ ചര്‍ച്ചകളില്‍ കണ്ട സൈറ്റുകളില്‍ American Council on Science and Health ഉം The National Council Against Health Fraud ഉം സ്വല്പം വിവാദങ്ങളിലൊക്കെ അകപ്പെട്ട് അത്ര നിഷ്‌പക്ഷമല്ല എന്ന തോന്നലില്‍ അവയും നോക്കിയില്ല. ACSH-നെപ്പറ്റിയുള്ള വിക്കിലേഖനം ഇവിടെ. NCAHF-നെപ്പറ്റിയുള്ളത് ഇവിടെ. ഇവരുടെയൊക്കെ വിമര്‍ശകരില്‍ ഹോമിയോപ്പതിക്കാരും അക്യുപങ്‌ചറുകാരുമൊക്കെ ധാരാളമുണ്ടെങ്കിലും മൊത്തത്തില്‍ എനിക്ക് കിട്ടിയ ഒരു ഫീലിംഗ് അവര്‍ അത്ര നിഷ്‌പക്ഷരല്ല എന്നാണ്.

അങ്ങിനെ നെല്ലാണോ പതിരാണോ എന്നൊന്നുമറിയാതെ ഒരു വിധത്തില്‍ ഒരു വേര്‍തിരിവൊക്കെ നടത്തി അവസാനം അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, വിക്കിപ്പീഡിയ എന്നീ സൈറ്റുകളിലൊക്കെയെത്തി. എന്‍.ഐ.എച്ച് ഹോമിയോപ്പതിയെപ്പറ്റി പറയുന്ന പേജ് ഇവിടെ. അതും വായിച്ച് പിന്നെ വിക്കിയും വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഹോമിയോപ്പതി ആക് മൊത്ത് ടോട്ടല്‍ തട്ടിപ്പാണ് എന്ന് പറയാന്‍ എന്തോ ഒരു പ്രശ്‌നം. അതുതന്നെ, കണ്‍ഫ്യൂഷന്‍. ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വം തന്നെ തെറ്റാണെങ്കില്‍ പിന്നെ എന്തിനാണ് എന്‍.ഐ.എച്ച് പിന്നെയും അതിലെ ഗവേഷണങ്ങള്‍ക്ക് കാശ് മുടക്കുന്നത്? എന്തുകൊണ്ടാണ് അവര്‍ ഇത് തട്ടിപ്പാണ്, ആരും ഇതില്‍ വിശ്വസിക്കരുത് എന്നൊക്കെ അമേരിക്കക്കാരോട് പറയാത്തത് എന്നൊക്കെയായി കണ്‍ഫ്യൂഷന്‍.

ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വം അതേപടി തെറ്റാണെങ്കില്‍ തന്നെയും അത് തെറ്റാണോ എന്ന് നോക്കാന്‍ Professor Madeleine Ennis ലാബില്‍ ചെയ്ത് നോക്കിയപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷനായി (ഇവിടുണ്ട് - പഴയ വാര്‍ത്തയാണേ).പിന്നെ റാന്‍ഡിയുടെ സാന്നിദ്ധ്യത്തില്‍ ചെയ്ത് നോക്കിയപ്പോള്‍ അവര്‍ക്ക് പിന്നെയും കണ്‍ഫ്യൂഷനായി-കാരണം ലാബില്‍ ചെയ്ത റിസല്‍ട്ടല്ല റാന്‍ഡിയുടെ സാന്നിദ്ധ്യത്തില്‍ ചെയ്തപ്പോള്‍ (ദോ ഇവിടെ).

(പക്ഷേ ഹോമിയോപ്പതി വേണ്ട മോഡേണ്‍ മെഡിസിനിലെയോ മോഡേണ്‍ സയന്‍സിലെയോ കാക്കത്തൊള്ളായിരം പരീക്ഷണങ്ങള്‍ ഇങ്ങിനെ ആള്‍ക്കാരൊക്കെ നോക്കിനില്‍‌ക്കെ ചെയ്താല്‍ പലര്‍ക്കും കൈവിറയ്ക്കും. ബില്‍‌ഗേറ്റ്‌സ് നോക്കി നിക്കെയായിരുന്നെങ്കില്‍ വിന്‍ഡോസൊക്കെ ഇതുപോലെ ഉണ്ടാവുമായിരുന്നോ? - തമാശയാണേ. പരീക്ഷണങ്ങളുടെ റിപ്പീറ്റബിലിറ്റിയും റീപ്രൊഡ്യൂസബിലിറ്റിയും വളരെ പ്രധാനം. വൈദ്യശാസ്ത്രമേഖലകളില്‍ കാക്കത്തൊള്ളായിരം ട്രയലും മറ്റും നടത്തി കണ്‍ഫേം ചെയ്ത് തന്നെ വേണം മരുന്നൊക്കെ റിലീസ് ചെയ്യാന്‍. കൈവിറ, കാല്‍‌വിറ മുതലായ ഒഴിവുകഴിവുകളെയൊന്നും ന്യായീകരിക്കുകയല്ല).

എന്തൊക്കെയായാലും കഴിഞ്ഞ ഒരാഴ്ചയായി ഹോമിയോപ്പതിയെപ്പറ്റിയുള്ള ഓണ്‍ലൈന്‍ ഗവേഷണം നടത്തിക്കഴിഞ്ഞപ്പോള്‍ എന്‍.ഐ.എച്ച്, വിക്കി മുതലായ സൈറ്റുകളൊക്കെ സന്ദര്‍ശിച്ചതിനു ‍ശേഷവും എങ്ങിനെ നമ്മളില്‍ ചിലര്‍ ഇത്ര ആത്മവിശ്വാസത്തോടെ ഹോമിയോപ്പതി ശരിയല്ല എന്നൊക്കെ പറയുന്നൂ എന്നോര്‍ത്ത് എനിക്ക് കണ്‍ഫ്യൂഷനായി.

ഇതുപോലെതന്നെ, ജോസഫ് ആന്റണിയുടെ ആ പോസ്റ്റുകളിലെ കമന്റുകളില്‍ അക്യുപങ്‌ചറിനെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. അവിടെയും ഞാന്‍ ഒരു ഓണ്‍ലൈന്‍ സേര്‍ച്ച് നടത്തിക്കഴിഞ്ഞപ്പോള്‍ എന്‍.ഐ.എച്ച് ഇവിടെ പറയുന്നത് ഇങ്ങിനെയൊക്കെയാണ് (ഇത് പത്ത് കൊല്ലം പഴക്കമുള്ള റിപ്പോര്‍ട്ടാണ്):

Acupuncture as a therapeutic intervention is widely practiced in the United States. While there have been many studies of its potential usefulness, many of these studies provide equivocal results because of design, sample size, and other factors. The issue is further complicated by inherent difficulties in the use of appropriate controls, such as placebos and sham acupuncture groups. However, promising results have emerged, for example, showing efficacy of acupuncture in adult postoperative and chemotherapy nausea and vomiting and in postoperative dental pain. There are other situations such as addiction, stroke rehabilitation, headache, menstrual cramps, tennis elbow, fibromyalgia, myofascial pain, osteoarthritis, low back pain, carpal tunnel syndrome, and asthma, in which acupuncture may be useful as an adjunct treatment or an acceptable alternative or be included in a comprehensive management program. Further research is likely to uncover additional areas where acupuncture interventions will be useful

അവര്‍ ഇങ്ങിനെ കണ്‍ക്ലൂഡ് ചെയ്ത് കണ്‍ഫ്യൂസ് ചെയ്യിക്കുന്നു‍:

There is sufficient evidence of acupuncture's value to expand its use into conventional medicine and to encourage further studies of its physiology and clinical value.

ഇതൊക്കെ വായിച്ച് കഴിഞ്ഞ് എങ്ങിനെ നമ്മള്‍ യാതൊരു ഉല്‍‌പ്രേക്ഷയുമില്ലാതെ ഇത് ശരിയാണോ തെറ്റാണോ എന്നുള്ള നിഗമനങ്ങളില്‍ എത്തും എന്നാലോചിച്ച് പിന്നെയും കണ്‍ഫ്യൂഷന്‍. ഹോമിയോപ്പതിയുടെ കാര്യത്തിലാണെങ്കില്‍ പലതും തെളിയിക്കാന്‍ പറ്റുന്നില്ല എന്നത് ശരിതന്നെ. പക്ഷേ തെളിയിക്കാന്‍ പറ്റുന്നില്ല എന്നത് തെറ്റാണെന്നതിന് തെളിവല്ലല്ലോ. അതുപോലെ പ്ലാസിബോ ഇഫക്റ്റ് ആണ് ഹോമിയോപ്പതിയുടെ വിജയത്തിന് ഒരു പ്രധാനകാരണമായി പറയുന്നത്. പക്ഷേ ഇഞ്ചി ഇവിടെ പറഞ്ഞതുപോലെ കുഞ്ഞുങ്ങളില്‍ പ്ലാസിബോ ഇഫക്റ്റ് വര്‍ക്ക് ചെയ്യണമെന്നില്ലല്ലോ. അവര്‍ക്കെങ്ങിനെ ഹോമിയോപ്പതി പലപ്പോഴും ഇഫക്റ്റീവ് ആയി കാണുന്നു? ഈ ചോദ്യങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ എങ്ങിനെ ആത്മവിശ്വാസത്തോടെ ഹോമിയോപ്പതി ശരിയല്ല എന്ന് നമുക്ക് പറയാന്‍ പറ്റും എന്നതാണ് എന്റെ കണ്‍‌ഫ്യൂഷന്‍. അതുപോലെതന്നെ അക്യുപങ്‌ചറും.

ജ്യോതിഷതെപ്പറ്റി പണ്ട് നടന്ന ചര്‍ച്ചകളില്‍ കേട്ട ഒരു കാര്യം അതൊക്കെ കപടശാസ്ത്രമായതുകാരണം സായിപ്പൊക്കെ പണ്ടേ അതിനെപ്പറ്റിയുള്ള പഠനങ്ങളൊക്കെ നിര്‍ത്തി, നമ്മളും അതൊക്കെ കണ്ട് പഠിക്കണമെന്നായിരുന്നു. ആ ലോജിക്ക് ഇവിടെ കൊണ്ടുവന്നാല്‍ ഹോമിയോപ്പതിയെപ്പറ്റിയൊക്കെ സായിപ്പ് ഇപ്പോഴും പഠനം നടത്തുന്നുണ്ടല്ലോ. അതുകൊണ്ട് അതൊക്കെ മൊത്തത്തില്‍ കപടമാണെന്ന് പറയാന്‍ പറ്റുമോ?

കൈമള്‍: ഹോമിയോപ്പതിയെപ്പറ്റിയും അക്യുപങ്‌ചറിനെപ്പറ്റിയും ഞാന്‍ ഒരു പഠനവും നടത്തിയിട്ടില്ല. അതിനെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഉള്ള വിവരം അക്കാര്യങ്ങളില്‍ എനിക്കില്ല. ഹോമിയോപ്പതി ശരിയല്ല എന്ന് എനിക്ക് തോന്നിയ രീതിയില്‍ ചില കമന്റുകള്‍ കണ്ടപ്പോള്‍ അത്രയ്ക്കങ്ങ് ഉറപ്പിക്കാമോ എന്ന് നോക്കി, അതിന്റെ അടിസ്ഥാനത്തില്‍‍ നടത്തിയ വെറും ഇന്റര്‍നെറ്റ് അന്വേഷണങ്ങളില്‍ നിന്ന് മാത്രം ഉടലെടുത്ത കണ്‍ഫ്യൂഷന്‍ ഇവിടെ പറഞ്ഞു എന്ന് മാത്രം. പ്രധാനമായും എന്‍.ഐ.എച്ചിന്റെ സൈറ്റാണ് എനിക്ക് കണ്‍ഫ്യൂഷന്‍ തന്നത്, കുറയൊക്കെ വിക്കിപ്പീഡിയയും. ഞാന്‍ മനസ്സിലാക്കിയിടത്തോളം ആധികാരികമായ ഒരു പ്രസ്ഥാനമാണ് അമേരിക്കയിലെ എന്‍.ഐ.എച്ച്. ഹോമിയോപ്പതി തെറ്റാണെന്ന് ശാസ്ത്രീയമായി, അസന്നിഗ്ദമായി തെളിയിക്കാന്‍ പറ്റിയാല്‍ എന്റെ പൂര്‍ണ്ണ പിന്തുണ അതിന്. പക്ഷേ അവിടെയും കണ്‍ഫ്യൂഷനുണ്ടെങ്കില്‍ പിന്നെ ഇത് തെറ്റുതന്നെ എന്ന് നമുക്ക് എങ്ങിനെ പറയാന്‍ പറ്റും എന്നതാണ് എന്റെ കണ്‍ഫ്യൂഷന്‍. എന്തായാലും ഞാന്‍ ഇക്കാര്യത്തില്‍ ഫൂള്‍‌ലി ഓപ്പണ്‍.

Labels: , , , , ,