Tuesday, August 21, 2007

സര്‍ക്കാര്‍ സ്കൂളുകളും ധാര്‍മ്മികതയും

ദീപികയില്‍ ഇന്നലെ വന്ന വാര്‍ത്തയാണ്


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍, 20-08-2007

സര്‍ക്കാര്‍ സ്കൂളുകളിലും ഭൂരിപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകളിലും ധാര്‍മ്മികത നഷ്ടമായിരിക്കുകയാണെന്ന് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞിരിക്കുന്നു.

എന്താണ് അദ്ദേഹം ആ പ്രസ്താവനകൊണ്ട് ഉദ്ദേശിച്ചതെന്ന് വാര്‍ത്തയുടെ ബാക്കി ഭാഗത്തുനിന്നും വ്യക്തമല്ല. എന്താണ് ധാര്‍മ്മികതകൊണ്ട് ഉദ്ദേശിച്ചതെന്നും വ്യക്തമല്ല. പക്ഷേ ധാര്‍മ്മികബോധം ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തേണ്ട സംഗതിയാണെന്നതില്‍ ഒരു സംശയവുമില്ല. മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് ഇത് ഏറ്റവും നന്നായി ചെയ്യുവാനും കഴിയുക.

പഠനമെന്നാല്‍ പരീക്ഷയ്ക്ക് മാത്രമുള്ള പഠനം എന്ന ചിന്ത എങ്ങിനെയോ തലയില്‍ കയറിയിരുന്നതുകാരണം സ്കൂളില്‍ പഠിപ്പിച്ചിരുന്ന മോറല്‍ സയന്‍സിന് പരീക്ഷ ഇല്ലാത്തതുകാരണം എന്താണ് പഠിപ്പിച്ചതെന്നുകൂടി ഓര്‍മ്മയില്ല. പക്ഷേ കുട്ടികളില്‍ ധാര്‍മ്മിക ബോധം ഒന്നാം ക്ലാസ്സില്‍ ഇത്ര പാഠങ്ങളില്‍ കൂടി, രണ്ടാം ക്ലാസ്സില്‍ കുറച്ചുകൂടി എന്ന രീതിയിലല്ല വളര്‍ത്തേണ്ടതെന്ന് തോന്നുന്നു. ഒന്നാം ക്ലാസ്സില്‍ പഠനം തുടങ്ങുന്ന കുട്ടി പത്താം ക്ലാസ്സ് കഴിയുമ്പോഴേക്കും അവന്റെ മനസ്സില്‍ അത്തരം കാര്യങ്ങള്‍ വേരൂന്നിയിരിക്കണം. അത് പാഠപുസ്തകങ്ങളില്‍ കൂടിയാവാം-പക്ഷേ അവയില്‍ കൂടി മാത്രമായി പറ്റില്ല എന്ന് തോന്നുന്നു. മറ്റുള്ളവരെ ബഹുമാനിക്കാനും പ്രായമായവരെ ഏറ്റവും നന്നായിത്തന്നെ ബഹുമാനിക്കാനും നമുക്കുള്ള എല്ലാ അവകാശങ്ങളും നമ്മളെപ്പോലെ തന്നെ മറ്റുള്ളവര്‍ക്കുമുണ്ട് എന്നുമൊക്കെയുള്ള ചിന്തകളും കരുണ, സഹാനുഭൂതി മുതലായ വികാരങ്ങളുമൊക്കെ‍ ചെറിയ ചെറിയ ഉദാഹരണങ്ങള്‍ വഴിയും അദ്ധ്യാപകരും മാതാപിതാക്കളും മാതൃകകളായും കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കണം. അങ്ങിനെ പലതുള്ളി പെരുവെള്ളമായി മാത്രമേ ശരിയായ ഒരു ധാര്‍മ്മിക ബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ പറ്റൂ.

പക്ഷേ കുട്ടികളില്‍ ധാര്‍മ്മികബോധം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ഒരു രീതി സര്‍ക്കാര്‍ സ്കൂളുകളിലും ഭൂരിപക്ഷസമുദായങ്ങളുടെ സ്കൂളുകളിലും മാത്രമേ ഇല്ലാതെയുള്ളോ എന്നറിയില്ല. അങ്ങിനെയാണെങ്കില്‍ മറ്റ് സമുദായങ്ങളുടെ സ്കൂളുകളിലെ രീതികള്‍, അത് മാതൃകാപരമാണെങ്കില്‍, സര്‍ക്കാര്‍ സ്കൂളുകളിലും ഇതരവിഭാഗങ്ങള്‍ നടത്തുന്ന സ്കൂളുകളിലും തീര്‍ച്ചയായും പ്രാവര്‍ത്തികമാക്കണം. കാരണം എല്ലാ വിഭാഗങ്ങളിലും പെട്ട നല്ലൊരു ശതമാനം ജനങ്ങളും ആശ്രയിക്കുന്നതാണല്ലോ സര്‍ക്കാര്‍ സ്കൂളുകളും മറ്റും. ഏത് സ്കൂളിലാണെങ്കിലും കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഒരു ലെവല്‍ വരെയെങ്കിലും തുല്ല്യമായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. ധാര്‍മ്മികത മുതലായ കാര്യങ്ങള്‍ തീര്‍ച്ചയായും ഏത് വിഭാഗം നടത്തുന്ന സ്കൂളാണെങ്കിലും കുട്ടികള്‍ക്ക് ഒരേ രീതിയില്‍ പകര്‍ന്ന് കിട്ടണം. അതില്‍ വേര്‍തിരിവുണ്ടാകാന്‍ പാടില്ല. പ്രത്യേകിച്ച് മുടക്കുമുതലൊന്നും കൂടാതെതന്നെ ചെയ്യാവുന്ന കാര്യങ്ങളായതുകാരണം അതിന് സ്കൂളുകളുടെ സാമ്പത്തിക സ്ഥിതിയോ നിലവാരമോ ഒന്നും ഒരു കാരണമാവേണ്ട കാര്യമേ ഇല്ലല്ലോ.

പ്രൊഫസര്‍ കലാം പറഞ്ഞതുപോലെ ഒരാളുടെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്താന്‍ പറ്റിയ ആള്‍ക്കാരാണ് മാതാപിതാക്കളും പ്രൈമറി സ്കൂള്‍ ടീച്ചറും. ആ ഒരു ഉത്തരവാദിത്തബോധം ആ രണ്ട് കൂട്ടരും കാണിച്ചാല്‍ അടുത്ത തലമുറയെ നല്ലരീതിയില്‍ തന്നെ വാര്‍ത്തെടുക്കാന്‍ പറ്റും-അവര്‍ ഏത് തരം സ്കൂളുകളില്‍ പഠിച്ചാലും.

(ദീപികയില്‍ വന്നതിനെക്കാളും വിശദമായി മുകളിലത്തെ വാര്‍ത്ത മംഗളം ദിനപത്രത്തില്‍ വന്നത് കിരണ്‍ കമന്റായി ഇട്ടിട്ടുണ്ട്. ദയവായി കിരണിന്റെ കമന്റില്‍ കൊടുത്തിരിക്കുന്ന ആ വാര്‍ത്തകൂടി വായിക്കാനപേക്ഷ. മംഗളം വാര്‍ത്ത വായിച്ചപ്പോള്‍ മാര്‍ പവ്വത്തില്‍ പറഞ്ഞതെന്താണെന്ന് ഒന്നുകൂടി വ്യക്തമായി. മാര്‍ പവ്വത്തിലിന്റെ ഒരു പ്രസ്താവന ദീപിക പ്രസിദ്ധീകരിച്ചത് വ്യക്തമായി മനസ്സിലാക്കാന്‍ മംഗളം ദിനപത്രം നോക്കേണ്ടി വരിക എന്നതിനെയാണോ കലികാലം എന്നൊക്കെ പറയുന്നത്? വാര്‍ത്ത ഇവിടെ കമന്റായി ഇട്ട കിരണിന് പ്രത്യേക നന്ദി)

എന്തായാലും ആ വാര്‍ത്ത വായിച്ചപ്പോള്‍ കുട്ടികളില്‍ ധാര്‍മ്മികബോധം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളൊന്നും സര്‍ക്കാര്‍ സ്കൂളുകളില്‍ ഇല്ലേ എന്നോര്‍ത്ത് സ്വല്പം വിഷമിച്ചെങ്കിലും ഇന്നലത്തെതന്നെ മനോരമ ഞായറാഴ്ചപ്പതിപ്പില്‍ കുട്ടികളെ മുങ്ങാ‍ന്‍ പഠിപ്പിക്കുന്ന, കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടം പഞ്ചായത്തിലെ ശങ്കരനെല്ലൂര്‍ യു.പി. സ്കൂളിനെപ്പറ്റിയുള്ള (ആ സ്കൂള്‍ സര്‍ക്കാര്‍ സ്കൂളാണോ എന്നറിയില്ല-എന്തായാലും കുഴപ്പമില്ല) വാര്‍ത്ത നല്ല സന്തോഷം തന്നു. ഇപ്പോഴത്തെ പല ഹൈ-ടെക് സ്കൂളുകളിലും ചിലപ്പോള്‍ ശാസ്ത്രീയമായ (എന്ന് പറഞ്ഞാല്‍ സ്വമ്മിംഗ് പൂളിലുള്ള) നീന്തല്‍ പഠനങ്ങളൊക്കെയുണ്ടായിരിക്കും. പക്ഷേ ആ സ്കൂളിലെ കുഞ്ഞിക്കൃഷ്ണന്‍ മാഷിന് അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ ഒക്കെ സഹായത്തിനും സൌകര്യത്തിനും നോക്കി നില്‍‌ക്കാതെ തന്നെ അദ്ദേഹം കുട്ടികളെ നീന്താന്‍ പഠിപ്പിക്കാന്‍ തുടങ്ങി-സ്വന്തം കുട്ടികളെ തന്നെ ആദ്യമായി കുളത്തിലിറക്കിക്കൊണ്ട് തന്നെ. ഷൂസും കോട്ടും ടൈയ്യുമൊക്കെ ഇട്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ കുട്ടികള്‍ അച്ചടക്കത്തോടെ ക്ലാസ്സിലിരിക്കുന്നത് മാത്രമാണ് നിലവാരമെന്ന് കരുതുന്ന സ്കൂളുകളെ അപേക്ഷിച്ച് എന്റെ അഭിപ്രായത്തില്‍ ഒന്നുകൂടി നിലവാരമുള്ള കുട്ടികളായിരിക്കും ഇത്തരം സ്കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നത്. പഠനത്തോടൊപ്പം നീന്താനും പഠിക്കുന്നു എന്നത് മാത്രമല്ല, ആ സമയങ്ങളിലൊക്കെയുള്ള കുട്ടികളുടെ എല്ലാം മറന്നുള്ള ഉല്ലാസം മാത്രം മതി അവരെ ഭാവിയില്‍ നല്ല പൌരന്മാരാക്കി മാറ്റാന്‍. പ്രത്യേകിച്ചുള്ള അച്ചടക്കവാളുകളും ഉറക്കെ സംസാരിച്ചാലോ മലയാളം സംസാരിച്ചാലോ ഫൈനടിയുമൊന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് ഉറക്കെ വിളിച്ച് കൂവി നീന്തല്‍ പഠിക്കുമ്പോള്‍ ഏറ്റവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു വിദ്യ തികച്ചും സ്വാഭാവികമായി പഠിക്കുക മാത്രമല്ല കുട്ടികള്‍ ചെയ്യുന്നത്, അവരറിയാതെ തന്നെ അവരുടെ മനസ്സും തലച്ചോറും വികസിക്കുക കൂടിയാണ്. അങ്ങിനെയുള്ള കുട്ടികള്‍ തന്നെയാണ് ഭാവിയിലെ നിലവാരമുള്ള കുട്ടികളായി മാറുന്നത്.

വേണമെങ്കില്‍ എല്ലാ പഞ്ചായത്തിലും നമുക്ക് ഒന്നോ രണ്ടോ കുഞ്ഞിക്കൃഷ്ണന്‍ മാഷുമാരെ ഉണ്ടാക്കാം. രക്ഷകര്‍ത്താക്കളുടെ മുന്‍‌വിധികള്‍ ഒന്ന് മാറ്റിയാല്‍ മാ‍ത്രം മതി.

Labels: , , ,

Tuesday, July 31, 2007

ഛലോ ഛലോ സര്‍ക്കാര്‍ സ്കൂള്‍ (നടക്കാത്ത ഒരു സ്വപ്നം)

സ്വാശ്രയപ്രശ്‌നങ്ങളെപ്പറ്റിയും സ്വകാര്യ മാനേജ്‌മെന്റുകള്‍ കേരള വിദ്യാഭ്യാസത്തിനു നല്‍‌കിയ സംഭാവനകളെപ്പറ്റിയുമൊക്കെ വായിച്ച് വന്നപ്പോഴാണ് നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി ഞാന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയത്. അതിനോടൊപ്പം കുറെ അവിയല്‍ ചിന്തകളും കൂടിയായപ്പോള്‍ ഈ പോസ്റ്റായി. ഇതിന് വളം വെച്ചതോ ബിനീഷ് മാത്യുവിന്റെ ഈ പോസ്റ്റും. അവിടെ അദ്ദേഹം വളരെ പ്രധാനപ്പെട്ട കുറെ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു/കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു:

1. ഒരു കാറ്റ് വന്നാല്‍ പറന്നു പോകുന്ന മേല്കൂര ഉള്ള, മഴ വന്നാല്‍ ഇടിഞ്ഞു വീഴുന്ന, നല്ലൊരു ടോയിലേറ്റ് ഇല്ലാത്ത, ഒരു അധ്യാപകന് തന്നെ മൂന്നും നാലും വിഷയങ്ങള്‍ എടുക്കുന്ന, ഇഴ ജന്തുക്കളും , സാമൂഹ്യ വിരുദ്ധന്മാരും കയറി ഇറങ്ങുന്ന, സ്കൂളിലെനെക്കാള്‍ കൂടുതല് ട്യൂഷന് കൂടുതല് പ്രാധാന്യം നല്കുന്ന അധ്യാപകര്‍ ഉള്ള, എന്തിനേരെ പറയുന്നു, വളരെ പരിതാപകാരം ആയ അവസ്ഥകളില്‍ ഉള്ള ഗവണ്മെന്റ് സ്കൂളുകളില്‍ തങ്ങളുടെ കുട്ടിയെ അയക്കാന്‍ മക്കളെ സ്നേഹിക്കുന്ന, അവരുടെ ഭാവിയെ പറ്റി ചിന്തിക്കുന്ന ഒരു മാതാപിതാക്കളും തയ്യാറാവില്ല എന്നതാണു വാസ്തവം.

ശരിയല്ലേ...

2. കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ , ഇവിടെ ലാബ് ഉണ്ടോ?, കമ്പ്യൂട്ടര്‍ ഉണ്ടോ?, എന്റെ കുട്ടിയ്ക്ക് പ്രാക്റ്റീസ് ചെയ്യാന്‍ വലിയ മൈതാനം ഉണ്ടോ?, നല്ല മൂത്രപ്പുര ഉണ്ടോ? ജിം ഉണ്ടോ? മാങ്ങ ഉണ്ടോ? മാങ്ങ തൊലി ഉണ്ടോ? എന്നെലാം ചോദിക്കാതെ , അവയെല്ലാം ഉണ്ടെന്നു ഉറപ്പ് വരുത്തി അല്ലാതെ, ഇപ്പോഴത്തെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്കൂളില് ചേര്ക്കാറുണ്ടോ?

ശരിയാണോ?

അദ്ദേഹം നാട്ടിലെ പല സര്‍ക്കാര്‍ സ്ക്കൂളുകളുടെയും ദയനീയ ചിത്രം വരച്ച് കാട്ടിയിരിക്കുന്നു, തന്റെ പോസ്റ്റില്‍. എല്ലാ സ്കൂളുകളുമല്ലെങ്കിലും നാട്ടിലെ പല സര്‍ക്കാര്‍ സ്കൂളുകളുടെയും അവസ്ഥ ഏതാണ്ട് ബിനീഷ് മാത്യു പറഞ്ഞതുപോലൊക്കെത്തന്നെ. എന്തായിരിക്കും അതിന് കാരണം? ഞാന്‍ നോക്കിയിട്ട്:

1. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന മലയാളിചിന്ത.
2. സര്‍ക്കാരിനെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന മലയാളി ചിന്ത.
3. നല്ല “നിലവാരമുള്ള” പ്രൈവറ്റ് മാനേജ്‌മെന്റ് സ്കൂളുകളുണ്ടല്ലോ, പിന്നെന്തിന് മുകളില്‍ പറഞ്ഞ സ്ഥിതിവിശേഷങ്ങളൊക്കെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ അയച്ച് കുട്ടികളുടെ ഭാവി കുളമാക്കണമെന്ന ചിന്ത.

ഇവയൊക്കെയാണ് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇപ്പോഴത്തെ ഗതിവരാനുള്ള കാരണം.

ഞാന്‍ ഒരിക്കലും സ്വകാര്യത്തിന് എതിരല്ല. സ്വകാര്യന്മാര്‍ക്ക് എന്തൊക്കെയോ മാനേജ്‌മെന്റ് തിയറി പ്രകാരം സര്‍ക്കാര്‍ പരിപാടികളെക്കാളും കാര്യങ്ങള്‍ കൊണ്ടുപോകാന്‍ പറ്റും എന്നാണ് കേട്ടിരിക്കുന്നത് (പക്ഷേ ആ പ്രതിഭാസം ഇന്ത്യയില്‍ മാത്രമേ ഉള്ളോ എന്നും സംശയമുണ്ട്-പല വിദേശ രാജ്യങ്ങളിലെയും സര്‍ക്കാര്‍ സംരംഭങ്ങള്‍ സ്വകാര്യന്മാരുമായി കിടപിടിക്കുന്നത് തന്നെയല്ലേ). എന്തായാലും നമ്മുടെ നാട്ടില്‍ എന്തും സ്വകാര്യമായാലേ ശരിയാവൂ എന്നൊരു ചിന്ത വന്നിട്ടുണ്ട് എന്ന് തന്നെ തോന്നുന്നു- ആ ചിന്തയിലെ ശരി എത്രമാത്രമുണ്ട് എന്നെനിക്കറിയില്ല-മൊത്തം ശരിയാണോ, ഭാഗികമായി ശരിയാണോ എന്നൊന്നും വലിയ പിടിപാടില്ല.

പക്ഷേ എന്റെ ഒരു നിരീക്ഷണം സ്വകാര്യന്മാര്‍ക്ക് സ്വകാര്യപ്രതിബദ്ധതയാണ് സാമൂഹ്യപ്രതിബദ്ധതയെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതെന്നാണ്. അതിനവരെ കുറ്റം പറയാനും പറ്റില്ല. കാരണം കൈയ്യില്‍നിന്നും കാശിറക്കിയാല്‍ മുടക്കിയ മുതലും പലിശയും ലാഭവും തിരിച്ച് കിട്ടണം. അങ്ങിനെ വരുമ്പോളാണ് നാട്ടില്‍ കെ.എസ്.ആര്‍.ട്ടീ.സി ബസ്സുകളുടെയൊക്കെ മുന്‍പിലായിത്തന്നെ അതേ റൂട്ടില്‍ പ്രൈവറ്റ് ബസ്സുകള്‍ വരുന്നതും അത് ആള് മുഴുവന്‍ അടിച്ചുകൊണ്ട് പോകുന്നതും കേയെസ്സാര്‍ട്ടീസീ എന്നും നഷ്ടത്തിലാവുകയും ചെയ്യുന്നത്. പിന്നെ സ്വതസിദ്ധമായ സര്‍ക്കാരല്ലേ, നമ്മളെ നോക്കുക എന്നതല്ലേ സര്‍ക്കാരിന്റെ കടമ എന്നൊക്കെയുള്ള ചിന്തകള്‍ വഴി അവിടുത്തെ ജീവനക്കാരുടെ നിര്‍ലോഭമായ സഹകരണം കൂടിയാവുമ്പോള്‍ നാശം പൂര്‍ണ്ണമായി. പക്ഷേ പ്രശ്‌നം മുകളില്‍ പറഞ്ഞ സാമൂഹ്യപ്രതിബദ്ധതയാണ്. രാത്രി പത്തരയുടെ ട്രിപ്പിന് ആളില്ലെങ്കില്‍ സ്വകാര്യന്മാര്‍ ഓടില്ല. ആരുമില്ലെങ്കിലും രാത്രി പതിനൊന്നരയുടെ ട്രിപ്പ് കേയെസ്സാര്‍ട്ടീസീ ഓടിക്കും. പക്ഷേ നമ്മളോ? രാത്രി പതിനൊന്നരയുടെ കേയെസ്സാര്‍ട്ടീസീയെപ്പറ്റി മാത്രമേ നമുക്കെപ്പോഴും ആവലാതിയുള്ളൂ. ബാക്കിയുള്ള സമയത്തൊക്കെ നമ്മള്‍ സ്വകാര്യന്മാരില്‍ തന്നെ കയറും. കാരണം നല്ല സീറ്റ്, നല്ല കുഷ്യന്‍, ഭയങ്കര സ്പീഡ്, പാട്ട്...

ഈയൊരു സ്വകാര്യമനോഭാവം എങ്ങിനെയാണ് നമ്മളില്‍ ആഴത്തില്‍ പതിഞ്ഞതെന്നറിയില്ല. കോണ്‍‌സ്പിരസി തിയറിപ്രകാരം സ്വകാര്യന്മാര്‍ വന്നാലേ കാര്യം നടക്കൂ എന്നൊരു ചിന്താജീന്‍ എന്നോ ഒരു കാലത്ത് നമ്മളില്‍ കയറിപ്പറ്റിക്കാണും. അതിന്റെകൂടെത്തന്നെ സര്‍ക്കാരിനെക്കൊണ്ട് ഇതൊക്കെ എങ്ങിനെ പറ്റിക്കാന്‍ എന്നുള്ള ചിന്തയും. അതിന്റെ കൂടെ സ്വകാര്യന്മാര്‍ ലാഭം മുന്നില്‍ കണ്ട് സര്‍ക്കാരായ സര്‍ക്കാരുകളെയൊക്കെ സ്വാധീനിച്ച് എല്ലാ കേയെസ്സാര്‍ട്ടീസീ ബസ്സിന്റെയും മുന്നില്‍ തന്നെ റൂട്ട് സംഘടിപ്പിച്ചു, വേണ്ടിവന്നാല്‍ അവിടുത്തെ ഡ്രൈവറെയും കണ്ടക്ടറെയും വരെ സ്വാധീനിച്ചു... അങ്ങിനെ സ്വകാര്യന്മാരില്ലെങ്കില്‍ ഒന്നും നടക്കില്ല എന്നൊരു ചിന്താവേവ് നമ്മളിലെല്ലാവരിലും ഉറപ്പിച്ചു.

ഇതിന്റെയൊക്കെ ഒരു വകഭേദം തന്നെയല്ലേ നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സംഭവിച്ചത്? സ്വകാര്യ മാനേജ്‌മെന്റുകള്‍ നല്ല കെട്ടിടങ്ങളും ലാബുകളും മറ്റുമായി പ്രൊഫഷണല്‍ രീതിയില്‍ കാര്യങ്ങള്‍ നടത്തി നാട്ടിലെ വിദ്യാഭ്യാസത്തിന്റെ കുത്തക അവര്‍ ഏറ്റെടുത്തു. ഇത്രയും കാലം ആര്‍ക്കും വലിയ പരാതിയൊന്നുമില്ലായിരുന്നു-കാരണം വിദ്യാഭ്യാസചിലവുകള്‍ സര്‍ക്കാരിലും സ്വകാര്യത്തിലും വലിയ വ്യത്യാസമില്ലായിരുന്നു. സര്‍ക്കാര്‍ കാര്യം മുറപോലെയാക്കി സ്വകാര്യ സ്കൂളുകള്‍ വെച്ചടി വെച്ചടി കയറി, സര്‍ക്കാര്‍ സ്കൂളുകള്‍ എല്ലാം ചോര്‍ന്നൊലിച്ചു. സ്കൂളുകളിലെ ഡിവിഷനുകള്‍ ഫാളായി, സ്കൂള്‍ മൊത്തത്തില്‍ തന്നെ ഫാളായി. പാവപ്പെട്ട വീടുകളിലെ, അന്നന്നത്തെ അരിയുടെ കാര്യത്തിന് മറ്റെന്തിനെക്കാളും പ്രാധ്യാന്യം കൊടുക്കുന്ന വീടുകളിലെ, കുട്ടികള്‍ മാത്രം സര്‍ക്കാര്‍ സ്കൂളുകളില്‍ വന്നു. അവര്‍ അവരുടെ കാര്യം നോക്കിപ്പോയി, ടീച്ചര്‍മാര്‍ ആരുടെയും തന്നെ കാര്യം ഒട്ട് നോക്കിയുമില്ല. ഇപ്പുറത്ത് സ്വകാര്യ സ്കൂളുകള്‍ ടൈ, ഷൂ, സോക്സ്, യൂണിഫോം തുടങ്ങി എല്ലാവിധ പരിപാടികളുമായി ചിട്ടയായി ചിട്ടയായി മുന്നേറി. ഇപ്പോള്‍ അവരില്ലാതെ കാര്യങ്ങള്‍ നടക്കില്ല എന്നൊരു സ്ഥിതിവിശേഷമായി. അപ്പോള്‍ അവര്‍ സ്വല്പം അധികാരത്തോടുതന്നെ കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അവര്‍ അവരുടെ അവകാശങ്ങളെപ്പറ്റി കൂടുതല്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി (അതിനെ ഒരു രീതിയിലും എതിര്‍ക്കുന്നില്ല-പക്ഷേ ചിലപ്പോഴെങ്കിലും അവര്‍ സമൂഹത്തെ മറന്ന് അവരുടെ അവകാശങ്ങളെപ്പറ്റി മാത്രം ബോധവാന്മാരാവുന്നോ എന്നൊരു സംശയം).

അങ്ങിനെ സ്വകാര്യമാനേജ്‌മെന്റുകള്‍ ഇല്ലെങ്കില്‍ കേരളവിദ്യാഭ്യാസരംഗം സ്തംഭിക്കും എന്നൊരു സ്ഥിതിവിശേഷമായി എന്ന് തന്നെ തോന്നുന്നു. ഇതിങ്ങനെ പോയാല്‍ മതിയോ? അതോ ഒരു വശത്ത് സ്വകാര്യസ്കൂളുകളും മറുവശത്ത് സര്‍ക്കാര്‍ സ്കൂളുകളുമായി ആരോഗ്യകരമായ ഒരു മത്സരം വേണ്ടേ? അതല്ലേ നല്ലത്? അപ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഒന്നുകൂടി ചോയ്‌സ് കിട്ടില്ലേ? ഇപ്പോള്‍ ബാലന്‍സ് എന്തായാലും ഭയങ്കരമായി സ്വകാര്യസ്കൂളുകളിലേക്ക് തിരിഞ്ഞിരിക്കുന്നു. അവര്‍ വിചാരിക്കുന്നതുപോലയേ കാര്യങ്ങള്‍ നടക്കൂ എന്നായി അവസ്ഥ.

എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ “പുനര്‍‌ജനിക്കുകയും” അവിടെ ആരോഗ്യകരമായ ഒരു പഠനരീതി നിലവില്‍ വരികയും ചെയ്താല്‍ അത് നല്ലൊരു കാര്യമാണ്. പക്ഷേ അതിനാദ്യം വേണ്ടത് “ഒരു സേവ് സര്‍ക്കാര്‍ സ്കൂള്‍” മൂവ്‌മെന്റാണ്. ആദ്യം തന്നെ സര്‍ക്കാര്‍ സ്കൂളുകള്‍ അവയുടെ വിശ്വാസ്യത വീണ്ടെടുക്കണം. അതിന് ഏറ്റവും അത്യാവശ്യം വേണ്ടത് അവിടെ പഠിക്കാനുള്ള കുട്ടികളാണ്. ഇപ്പോള്‍ പല സര്‍ക്കാര്‍ സ്കൂളുകളിലും ഡിവിഷനുകളേ ഇല്ല എന്നതാണ് അവസ്ഥ. തൊട്ടപ്പുറത്ത് അടിച്ചുപൊളിച്ച് സ്വകാര്യസ്കൂളുകള്‍ ഉള്ളപ്പോള്‍ ആരെങ്കിലും സര്‍ക്കാര്‍ സ്കൂളുകളില്‍, ഇപ്പോഴത്തെ അവസ്ഥയില്‍, കുട്ടികളെ വിടുമോ? എന്റെ ഒരു ബന്ധുവിനോട് മകനെ സര്‍ക്കാര്‍ സ്കൂളില്‍ വിട്ടുകൂടേ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിനും താത്‌പര്യമാണ്, പക്ഷേ ഉഴപ്പിയുഴപ്പിയുഴപ്പി നടക്കുന്ന ഒരുകൂട്ടം കുട്ടികള്‍ക്കിടയില്‍ എങ്ങിനെ മകനെ ഇരുത്തും എന്നാണ് അദ്ദേഹം ചോദിച്ചത്. ബിനീഷ് മാത്യു പറഞ്ഞതുപോലെ മക്കളുടെ ഭാവിയില്‍ താത്‌പര്യമുള്ള എത്ര മാതാപിതാക്കള്‍ അങ്ങിനത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കും?

അപ്പോള്‍ ഏറ്റവും അത്യാവശ്യമായി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വേണ്ടത് വിശ്വാസ്യതയാണ്. എങ്ങിനെ ആ വിശ്വാസ്യത കൊണ്ടുവരാം? അവിടെയാണ് നമ്മള്‍ മലയാളികളുടെ എക്കാലത്തെയും വലിയ വീക്ക്‍നെസ്സുകളില്‍ ഒന്നായ അനുകരണം എന്ന വികാരത്തെ ചൂഷണം ചെയ്യേണ്ടത്. നിലയും വിലയും ഒക്കെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന കുറെ ആള്‍ക്കാര്‍ ഏത് നാട്ടിലും കാണുമല്ലോ. സാധാരണയായി ഡോക്‍ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അദ്ധ്യാപകര്‍... മുതലായവരൊക്കെ (ഓര്‍മ്മയില്‍ വന്ന മൂന്ന് പ്രൊഫഷണുകള്‍ പറഞ്ഞു എന്ന് മാത്രം. നില/വില ഇവയൊക്കെ ആപേക്ഷികമാണെന്നും ചെയ്യുന്ന ജോലിയും ഇവയും തമ്മില്‍ ഭയങ്കര ബന്ധമൊന്നുമില്ലെന്നുമാണ്...). എന്തായാലും അങ്ങിനത്തെ വീടുകളിലെ കുറെ കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പോയിത്തുടങ്ങിയാലുള്ള ഗുണം അത് കണ്ട് മറ്റുള്ളവരും തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്കയക്കും എന്ന് മാത്രമല്ല, അവിടുത്തെ അദ്ധ്യാപകരും ഒന്നുണരും. നിലയും വിലയുമൊക്കെ ഉണ്ട് എന്ന് കരുതുന്ന ഒരു ജനവിഭാഗം കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്കയച്ചാല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് പിന്നെ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന രീതിയില്‍ ഈസിയായി ഇരിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നു. ഒരു പാവപ്പെട്ട വീട്ടിലെ അച്ഛന്‍ വന്ന് “സാറേ പിള്ളേരെയൊക്കെ ഉത്തരവാദിത്തബോധത്തോടെ പഠിപ്പിക്കണം കേട്ടോ” എന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നതിനെക്കാള്‍ “നിലയും വിലയും” ഉള്ള ഒരച്ഛന്‍ വന്ന് അതേ കാര്യം പറഞ്ഞാല്‍ പലരും കേള്‍ക്കും. മനുഷ്യത്വപരമായി ആ രീതി ശരിയല്ല. പക്ഷേ നാട്ടിലെ ഒരു സ്ഥിതിവിശേഷം അതായിപ്പോയി.

അത്തരം ആള്‍ക്കാര്‍ കുട്ടികളെ സ്കൂളുകളിലേക്കയക്കുന്നതിനോടൊപ്പം തന്നെ അവര്‍ സ്കൂളുകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുകയും വേണം. അത്തരം വിജിലന്റായിട്ടുള്ള ഇടപെടലുകള്‍ അവിടുത്തെ അദ്ധ്യാപകരെ കുറച്ചുകൂടി ഉത്തരവാദിത്തബോധമുള്ളവരാക്കി മാറ്റും എന്നാണ് തോന്നുന്നത്. അങ്ങിനെ ഒന്നൊത്തുപിടിച്ചാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ സ്കൂളുകളുടെ റിസള്‍ട്ട് ഉയരും. ഒന്നോ രണ്ടോ കൊല്ലം ആ രീതി തുടര്‍ന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികള്‍ കൂടുതല്‍ കൂടുതല്‍ വരാന്‍ തുടങ്ങും. അദ്ധ്യാപകരെയും ഓര്‍മ്മിപ്പിക്കണം, അവരുടെ കൂടെ നിലനില്‍‌പിന്റെ പ്രശ്‌നമാണ് സര്‍ക്കാര്‍ സ്കൂളുകള്‍ നല്ല രീതിയില്‍ നടന്നുപോവുക എന്നതെന്ന്.

ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ഗവണ്മെന്റ് ഇത്തരം ഒരു സേവ് സര്‍ക്കാര്‍ സ്കൂള്‍ പരിപാടിക്ക് നല്ല പിന്തുണ നല്‍‌കേണ്ടതാണ്. സ്ഥലത്തെ പഞ്ചായത്തും ജനപ്രതിനിധികളുമൊക്കെ ചേര്‍ന്നുള്ള ഒരു മൂവ്‌മെന്റാവണം ഇത്. അവര്‍ മുന്നിട്ടിറങ്ങി രക്ഷിതാക്കളെ ബോധവല്‍ക്കരിക്കണം. ഇത് സ്വകാര്യസ്കൂളുകള്‍ക്ക് എതിരായുള്ള ഒരു നീക്കമാക്കി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യരുത്. അതേ സമയം സ്വകാര്യ മാനേജ്‌മെന്റുകള്‍ ഏതെങ്കിലും രീതിയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ തെറ്റായ രീതിയില്‍ ഇടപെടുന്നുണ്ടെങ്കില്‍ അത് അനുവദിക്കുകയുമരുത്. പിന്നെ ഏറ്റവും അത്യാവശ്യം വേണ്ടത് സമരങ്ങളോടുള്ള സമീപനം. സമരം നടക്കുകയാണെങ്കില്‍ അതില്‍ സോഷ്യലിസം വേണം. സര്‍ക്കാര്‍ സ്കൂള്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ സ്വകാര്യ സ്കൂളുകളും പ്രവര്‍ത്തിക്കരുത്. അതിന് വിദ്യാര്‍ത്ഥിനേതാക്കന്മാര്‍ എന്തെങ്കിലും ചെയ്യണം. സര്‍ക്കാര്‍ സ്കൂളുകളില്‍ സ്ഥിരമായി ക്ലാസ്സുകള്‍ മുടങ്ങുകയും സ്വകാര്യസ്കൂളുകള്‍ എന്നും ചിട്ടയായി ക്ലാസ്സുകള്‍ നടക്കുകയും ചെയ്താല്‍ ചിട്ടയായി ഒമ്പത് മുതല്‍ അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന സ്കൂളാണ് നിലവാരമുള്ള സ്കൂള്‍ എന്നൊക്കെ കരുതുന്ന മാതാപിതാക്കന്മാര്‍ പിന്നെ കുട്ടികളെ അവിടെയല്ലേ അയയ്ക്കൂ.

ഈയിടെ മനോരമയില്‍ തിരുവനന്തപുരത്തെ, ഗുണ്ടകളുടെയും കള്ളുകുടിക്കാരുടെയുമൊക്കെ വിഹാരകേന്ദ്രമായിരുന്ന ഒരു സര്‍ക്കാര്‍ സ്കൂള്‍ അവിടുത്തെ ഹെഡ്‌മിസ്‌ട്രസ്സിന്റെയും ടീച്ചര്‍മാരുടെയും മിടുക്ക് കൊണ്ട് എങ്ങിനെ നന്നാക്കിയെടുത്തു എന്നൊരു ലേഖനം വായിച്ചിരുന്നു. അവിടെ അത് നടക്കുമെങ്കില്‍ എവിടെയും നടപ്പാക്കാവുന്നതേ ഉള്ളൂ.

ഇതൊരു മനോഹരമായ നടക്കാത്ത സ്വപ്‌നമാണെന്നറിയാം. എങ്കിലും രക്ഷിതാക്കളേ, കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ അയയ്ക്കൂ. ആദ്യത്തെ ഒരു കൊല്ലം അത്ര സുഗമമായിരിക്കില്ല കാര്യങ്ങള്‍. പക്ഷേ നിങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകളും സര്‍ക്കാര്‍-രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹകരണവുമുണ്ടെങ്കില്‍ നമുക്ക് നല്ല നല്ല സര്‍ക്കാര്‍ സ്കൂളുകളെ വാര്‍ത്തെടുക്കാം. എന്റെ വ്യക്തിപരമായ നോട്ടത്തില്‍ ഈ സര്‍ക്കാരാണ് ഇതിന് ഏറ്റവും നല്ലത്. യു.ഡി.എഫ് ഗവണ്മെന്റ് സ്വകാര്യ മാനേജ്‌മെന്റുകളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു നയമായിരുന്നു എന്നതാണ് എന്റെ ഒരു നിരീക്ഷണം (പക്ഷേ കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ പി.ജെ.ജോസഫ് കാണിച്ചത് യു.ഡി.എഫിനെ കവച്ചു വെക്കുന്ന പരിപാടികളായിരുന്നു എന്നും ഒരു ആരോപണമുണ്ട്). മാത്രവുമല്ല, മുഖ്യപാര്‍ട്ടിയിലെ ഒരാള്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതും വളരെ നാളുകള്‍ക്ക് ശേഷമാണല്ലോ. ഈ സ്വാശ്രയ പ്രശ്‌നത്തിലും മറ്റും കേസ് നടത്തി വക്കീലിന് കൊടുക്കുന്ന കാശുണ്ടെങ്കില്‍ ഒരു ജില്ലയിലെയെങ്കിലും സര്‍ക്കാര്‍ സ്കൂളുകള്‍ പുനരുദ്ധരിക്കാന്‍ പറ്റും. അതുകൊണ്ട് നമ്മള്‍ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന് പറഞ്ഞിരിക്കാതെ സ്വകാര്യ സ്കൂളുകളോട് കിടപിടിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടാവാന്‍ പ്രയത്നിക്കൂ. അടിസ്ഥാന വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനം. അത് തരാന്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് കഴിവുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. അവരെ പ്രോത്സാഹിപ്പിക്കൂ. നിലവാരം എന്ന് പറഞ്ഞാല്‍ പരിക്ഷയ്ക്ക് മാര്‍ക്ക് വാങ്ങിക്കലും രാവിലെ തൊട്ട് വൈകുന്നേരം വരെ സ്കൂളുകളില്‍ ഇരിക്കുന്നതും മാത്രമല്ല എന്ന് രക്ഷിതാക്കളും കുട്ടികളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാം ക്ലാസ്സ് തൊട്ട് പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസത്തിനുശേഷം മാത്രമേ ഒരു കുട്ടിയുടെയും അതുവഴി സ്കൂളിന്റെയും നിലവാരം അളക്കാവൂ.

Labels: , , ,