Tuesday, July 10, 2007

നിഗമനോല്‍‌പ്രേക്ഷ

ഉല്‍‌പ്രേക്ഷ സീരീസിലെ പുതിയ എന്‍‌ട്രി. ആള്‍ക്കാരൊക്കെ എങ്ങിനെയൊക്കെയാണ് ഓരോരോ നിഗമനങ്ങളിലെത്തുന്നത് എന്നോര്‍ത്തുള്ള അത്‌ഭുതത്തില്‍ നിന്നും ഉടലെടുത്ത ഉല്‍‌പ്രേക്ഷ. കണ്‍‌ഫ്യൂഷ്യസ് വര്‍ഗ്ഗത്തില്‍ പെട്ട ഞാനൊക്കെ അതിസങ്കീര്‍ണ്ണമാണെന്ന് കരുതുന്ന ചില സമസ്യകള്‍ക്കൊക്കെ അതങ്ങിനെതന്നെയാണ്, അതിങ്ങനെയല്ലാതെപിന്നെങ്ങിനെ, അതു പിന്നെ പറയാനുണ്ടോ എന്നൊക്കെയുള്ള ഒറ്റവാക്ക് നിഗമനങ്ങള്‍ കാണുമ്പോള്‍ കണ്‍ഫ്യൂഷന്‍ ഡബിളാകുന്നു. ഏറ്റവും പുതുതായി എനിക്ക് ഡബിള്‍ കണ്‍ഫ്യൂഷന്‍ തന്നത് ജോസഫ് ആന്റണിയുടെ ഹോമിയോപ്പതി ലേഖനങ്ങളും (ഒന്ന്, രണ്ട്), അതിലെ കമന്റുകളും.

എന്റെ അഭിപ്രായത്തില്‍ ഭൂമി ഉരുണ്ടതാണ്, സൂര്യന്‍ കിഴക്കുദിക്കുന്നു, തീക്കട്ടയില്‍ ഉറുമ്പരിക്കില്ല, മുറ്റത്തെ മുല്ലയ്ക്ക് മണമില്ല, കാക്ക കുളിച്ചാല്‍ കൊക്കാവില്ല, ഞാന്‍ പരമസുന്ദരനാണ്, ആന നമ്പ്ര് റ്റു നടത്തുന്ന ഫോഴ്‌സില്‍ ആട് ആ പരിപാടി നടത്താന്‍ നോക്കിയാല്‍ ആസനം കീറും തുടങ്ങിയ കാര്യങ്ങള്‍ ഒരു ഉല്‍പ്രേക്ഷയുമുണ്ടാക്കാത്ത നിഗമനങ്ങളാണ്. അതങ്ങിനെയേ വരൂ. അപ്പോള്‍ അതങ്ങിനെയല്ലാതെപിന്നെങ്ങിനെ, അതുപിന്നെ പറയാനുണ്ടോ, വാഹ്-വാഹ്, അരേ വാഹ്, കൊടുകൈ, കൈകൊട് എന്നീ നിഗമനവാചകങ്ങള്‍ അത്തരം കാര്യങ്ങളെ വിശേഷിപ്പിക്കുന്നതില്‍ യാതൊരു ഉല്‍‌പ്രേക്ഷയുമില്ല- അതുതാനല്ലിയോ ഇത് എന്നൊരു തോന്നലേ അവിടില്ല; അതുതന്നെ അതും ഇതും.

പക്ഷേ മൂന്നാറില്‍ സീപ്പീയൈ ഭൂമി കൈയ്യേറിയിട്ടുണ്ടോ, ലൌവ്‌ലിന്‍ കേസില്‍ പിണറായിയ്ക്ക് പങ്കുണ്ടോ, ആര്യന്മാര്‍ ഇന്ത്യയില്‍ വന്നിട്ടുണ്ടോ, ഹോമിയോപ്പതി തട്ടിപ്പോ ഒറിജിനലോ, അക്യുപം‌ക്‍ചര്‍ ശരിയോ തെറ്റോ എന്നിവ പോലത്തെ കാര്യങ്ങളില്‍ നമ്മള്‍ എങ്ങിനെയാണ് വാഹ്-വാഹ്, അരേ വാഹ്, കൈ‌കൊടുകൈ ടൈപ്പ് നിഗമനങ്ങളിലൊക്കെയെത്തിച്ചേരുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതിനെപ്പറ്റിയൊക്കെ വായിക്കാന്‍ നോക്കിയാല്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഒരേ രീതിയില്‍ വാദങ്ങള്‍ കാണാം. ഒരു ത്രാസിലിട്ട് തൂക്കിയാല്‍ സൂചി പൂജ്യത്തില്‍നിന്ന് ഒരു നാനോഗ്രാം പോലും മാറില്ല, പലപ്പോഴും. ചിലപ്പോഴൊക്കെ ഒരുമാതിരി ഒരു നിഗമനത്തിലൊക്കെ എത്തി എന്ന് തോന്നുമ്പോഴായിരിക്കും വിശ്വാസയോഗ്യമായ ഒരിടത്ത് കണ്‍ഫ്യൂഷനാക്കാന്‍ എന്തെങ്കിലും ഒരു കാര്യം കാണുന്നത്. ഇങ്ങിനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പും ഇരിപ്പും എന്നിരുന്നാലും ചിലപ്പോള്‍ നമ്മള്‍ കാണുന്നത് തികച്ചും വ്യക്തവും ആത്മവിശ്വാസം തുളുമ്പുന്നതുമായ നിഗമനങ്ങളാണ്-ചിലര്‍ പൂര്‍ണ്ണമായും അനുകൂലിച്ചും മറ്റു ചിലര്‍ പൂര്‍ണ്ണമായും പ്രതികൂലിച്ചും. അതെങ്ങിനെ പറ്റുന്നു എന്ന് യാതൊരു പിടിയും കിട്ടുന്നില്ല. മൊത്തം കണ്‍‌ഫ്യൂഷന്‍.

ഉദാഹരണത്തിന് ഹോമിയോപ്പതിയെപ്പറ്റിയുള്ള ജോസഫ് ആന്റണിയുടെ ലേഖനം നോക്കാം. അദ്ദേഹത്തിന്റെ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ കണ്‍ഫ്യൂഷനൊന്നുമില്ലാതെ ഹോമിയോപ്പതി ഇതുവരെയുള്ള അറിവ് വെച്ച് പൂര്‍ണ്ണമായും തെറ്റാണോ എന്ന് പറയാന്‍ പറ്റുമോ എന്നൊന്ന് നോക്കി. എന്തായാലും ഹോമിയോപ്പതി മേഡ് ഇന്‍ ഇന്ത്യ അല്ലാത്തതുകാരണം സ്വദേശിവികാരം, സായിപ്പ് നമ്മളെ പറ്റിക്കുന്നു തുടങ്ങിയ വികാരങ്ങളൊന്നും അതിന്റെ കാര്യത്തിലെങ്കിലും ഉണ്ടാവില്ലല്ലോ. അതുകൊണ്ട് അധികം ബീപ്പീ കൂട്ടാ‍തെതന്നെ അതിനെപ്പറ്റി അന്വേഷിക്കാമല്ലോ എന്ന് കരുതി. ശരിയാണെങ്കിലും തെറ്റാണെങ്കിലും രണ്ടുമാണെങ്കിലും രണ്ടുമല്ലെങ്കിലും നോ പിരോബിളം.

പതിവുപോലെ ഇവിടെയും എന്റെ ആശ്രയം ഇന്റര്‍നെറ്റ് മാത്രം. അവിടാണെങ്കില്‍ നെല്ലും പതിരും തിരിച്ചറിയുക എന്ന് പറഞ്ഞാല്‍ ഹോമിയോപ്പതി സ്വല്പമെങ്കിലും കൊള്ളാമോ മൊത്തത്തില്‍ തട്ടിപ്പാണോ എന്ന് തെളിയിക്കുന്നതിനെക്കാളും പാട്. എന്തായാലും ഇത്തരം കാര്യങ്ങളില്‍ സേര്‍ച്ച് നടത്തി ആദ്യം നോക്കുന്നത് കിട്ടുന്ന സൈറ്റുകള്‍ എത്രമാത്രം ആധികാരികമാണെന്നും വിശ്വാസയോഗ്യമാണെന്നും നിര്‍വികാരമാണെന്നുമാണ്. നിര്‍വികാരം വളരെ പ്രധാനമാണെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് ഹോമിയോപ്പതി തെറ്റാണെന്ന് തെളിയിക്കാന്‍ വേറേ എങ്ങും പോകണ്ട-ജയിംസ് റാണ്ടിയുടെ അടുത്ത് പോയാല്‍ മതി. പക്ഷേ പ്രശ്‌നം ബെറ്റാണ്. അദ്ദേഹം ബെറ്റ് വെച്ചിരിക്കുന്നതുകൊണ്ട് ഹോമിയോപ്പതി ബൈ ഡിഫോള്‍ട്ട് ശരിയാണ് എന്നൊന്നുമില്ല. എങ്കിലും ഈ ബെറ്റ് വെച്ചൊക്കെ വെല്ലുവിളിക്കുന്നവരോട് എന്തോ ഒരിത്-സംഗതി പുള്ളി നൂറുശതമാനം ശരിയാണെങ്കില്‍ തന്നെ. കാരണം ബെറ്റ് വെക്കലൊക്കെ പിന്നെ സത്യം അറിയുക എന്നതിനെക്കാള്‍ ബെറ്റില്‍ ഫോക്കസ് ചെയ്യുമോ എന്നൊരു കണ്‍‌ഫ്യൂഷന്‍. അങ്ങിനെയൊന്നുമില്ലായിരിക്കും. എന്തായാലും റാന്‍ഡിയുടെ മില്ല്യണ്‍ ഡോളര്‍ ആരും ഇതുവരെ വാങ്ങിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ വാങ്ങിച്ചിട്ടില്ല എന്നേ ഞാന്‍ തല്‍ക്കാലം കരുതൂ-ഹോമിയോപ്പതി ശരിയാണോ തെറ്റാണോ എന്ന് അതുകൊണ്ട്, ആ ഒരു കാര്യം കൊണ്ട് മാത്രം, അര്‍ത്ഥമാക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

പിന്നെ ആ ചര്‍ച്ചകളില്‍ കണ്ട സൈറ്റുകളില്‍ American Council on Science and Health ഉം The National Council Against Health Fraud ഉം സ്വല്പം വിവാദങ്ങളിലൊക്കെ അകപ്പെട്ട് അത്ര നിഷ്‌പക്ഷമല്ല എന്ന തോന്നലില്‍ അവയും നോക്കിയില്ല. ACSH-നെപ്പറ്റിയുള്ള വിക്കിലേഖനം ഇവിടെ. NCAHF-നെപ്പറ്റിയുള്ളത് ഇവിടെ. ഇവരുടെയൊക്കെ വിമര്‍ശകരില്‍ ഹോമിയോപ്പതിക്കാരും അക്യുപങ്‌ചറുകാരുമൊക്കെ ധാരാളമുണ്ടെങ്കിലും മൊത്തത്തില്‍ എനിക്ക് കിട്ടിയ ഒരു ഫീലിംഗ് അവര്‍ അത്ര നിഷ്‌പക്ഷരല്ല എന്നാണ്.

അങ്ങിനെ നെല്ലാണോ പതിരാണോ എന്നൊന്നുമറിയാതെ ഒരു വിധത്തില്‍ ഒരു വേര്‍തിരിവൊക്കെ നടത്തി അവസാനം അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, വിക്കിപ്പീഡിയ എന്നീ സൈറ്റുകളിലൊക്കെയെത്തി. എന്‍.ഐ.എച്ച് ഹോമിയോപ്പതിയെപ്പറ്റി പറയുന്ന പേജ് ഇവിടെ. അതും വായിച്ച് പിന്നെ വിക്കിയും വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഹോമിയോപ്പതി ആക് മൊത്ത് ടോട്ടല്‍ തട്ടിപ്പാണ് എന്ന് പറയാന്‍ എന്തോ ഒരു പ്രശ്‌നം. അതുതന്നെ, കണ്‍ഫ്യൂഷന്‍. ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വം തന്നെ തെറ്റാണെങ്കില്‍ പിന്നെ എന്തിനാണ് എന്‍.ഐ.എച്ച് പിന്നെയും അതിലെ ഗവേഷണങ്ങള്‍ക്ക് കാശ് മുടക്കുന്നത്? എന്തുകൊണ്ടാണ് അവര്‍ ഇത് തട്ടിപ്പാണ്, ആരും ഇതില്‍ വിശ്വസിക്കരുത് എന്നൊക്കെ അമേരിക്കക്കാരോട് പറയാത്തത് എന്നൊക്കെയായി കണ്‍ഫ്യൂഷന്‍.

ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വം അതേപടി തെറ്റാണെങ്കില്‍ തന്നെയും അത് തെറ്റാണോ എന്ന് നോക്കാന്‍ Professor Madeleine Ennis ലാബില്‍ ചെയ്ത് നോക്കിയപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷനായി (ഇവിടുണ്ട് - പഴയ വാര്‍ത്തയാണേ).പിന്നെ റാന്‍ഡിയുടെ സാന്നിദ്ധ്യത്തില്‍ ചെയ്ത് നോക്കിയപ്പോള്‍ അവര്‍ക്ക് പിന്നെയും കണ്‍ഫ്യൂഷനായി-കാരണം ലാബില്‍ ചെയ്ത റിസല്‍ട്ടല്ല റാന്‍ഡിയുടെ സാന്നിദ്ധ്യത്തില്‍ ചെയ്തപ്പോള്‍ (ദോ ഇവിടെ).

(പക്ഷേ ഹോമിയോപ്പതി വേണ്ട മോഡേണ്‍ മെഡിസിനിലെയോ മോഡേണ്‍ സയന്‍സിലെയോ കാക്കത്തൊള്ളായിരം പരീക്ഷണങ്ങള്‍ ഇങ്ങിനെ ആള്‍ക്കാരൊക്കെ നോക്കിനില്‍‌ക്കെ ചെയ്താല്‍ പലര്‍ക്കും കൈവിറയ്ക്കും. ബില്‍‌ഗേറ്റ്‌സ് നോക്കി നിക്കെയായിരുന്നെങ്കില്‍ വിന്‍ഡോസൊക്കെ ഇതുപോലെ ഉണ്ടാവുമായിരുന്നോ? - തമാശയാണേ. പരീക്ഷണങ്ങളുടെ റിപ്പീറ്റബിലിറ്റിയും റീപ്രൊഡ്യൂസബിലിറ്റിയും വളരെ പ്രധാനം. വൈദ്യശാസ്ത്രമേഖലകളില്‍ കാക്കത്തൊള്ളായിരം ട്രയലും മറ്റും നടത്തി കണ്‍ഫേം ചെയ്ത് തന്നെ വേണം മരുന്നൊക്കെ റിലീസ് ചെയ്യാന്‍. കൈവിറ, കാല്‍‌വിറ മുതലായ ഒഴിവുകഴിവുകളെയൊന്നും ന്യായീകരിക്കുകയല്ല).

എന്തൊക്കെയായാലും കഴിഞ്ഞ ഒരാഴ്ചയായി ഹോമിയോപ്പതിയെപ്പറ്റിയുള്ള ഓണ്‍ലൈന്‍ ഗവേഷണം നടത്തിക്കഴിഞ്ഞപ്പോള്‍ എന്‍.ഐ.എച്ച്, വിക്കി മുതലായ സൈറ്റുകളൊക്കെ സന്ദര്‍ശിച്ചതിനു ‍ശേഷവും എങ്ങിനെ നമ്മളില്‍ ചിലര്‍ ഇത്ര ആത്മവിശ്വാസത്തോടെ ഹോമിയോപ്പതി ശരിയല്ല എന്നൊക്കെ പറയുന്നൂ എന്നോര്‍ത്ത് എനിക്ക് കണ്‍ഫ്യൂഷനായി.

ഇതുപോലെതന്നെ, ജോസഫ് ആന്റണിയുടെ ആ പോസ്റ്റുകളിലെ കമന്റുകളില്‍ അക്യുപങ്‌ചറിനെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. അവിടെയും ഞാന്‍ ഒരു ഓണ്‍ലൈന്‍ സേര്‍ച്ച് നടത്തിക്കഴിഞ്ഞപ്പോള്‍ എന്‍.ഐ.എച്ച് ഇവിടെ പറയുന്നത് ഇങ്ങിനെയൊക്കെയാണ് (ഇത് പത്ത് കൊല്ലം പഴക്കമുള്ള റിപ്പോര്‍ട്ടാണ്):

Acupuncture as a therapeutic intervention is widely practiced in the United States. While there have been many studies of its potential usefulness, many of these studies provide equivocal results because of design, sample size, and other factors. The issue is further complicated by inherent difficulties in the use of appropriate controls, such as placebos and sham acupuncture groups. However, promising results have emerged, for example, showing efficacy of acupuncture in adult postoperative and chemotherapy nausea and vomiting and in postoperative dental pain. There are other situations such as addiction, stroke rehabilitation, headache, menstrual cramps, tennis elbow, fibromyalgia, myofascial pain, osteoarthritis, low back pain, carpal tunnel syndrome, and asthma, in which acupuncture may be useful as an adjunct treatment or an acceptable alternative or be included in a comprehensive management program. Further research is likely to uncover additional areas where acupuncture interventions will be useful

അവര്‍ ഇങ്ങിനെ കണ്‍ക്ലൂഡ് ചെയ്ത് കണ്‍ഫ്യൂസ് ചെയ്യിക്കുന്നു‍:

There is sufficient evidence of acupuncture's value to expand its use into conventional medicine and to encourage further studies of its physiology and clinical value.

ഇതൊക്കെ വായിച്ച് കഴിഞ്ഞ് എങ്ങിനെ നമ്മള്‍ യാതൊരു ഉല്‍‌പ്രേക്ഷയുമില്ലാതെ ഇത് ശരിയാണോ തെറ്റാണോ എന്നുള്ള നിഗമനങ്ങളില്‍ എത്തും എന്നാലോചിച്ച് പിന്നെയും കണ്‍ഫ്യൂഷന്‍. ഹോമിയോപ്പതിയുടെ കാര്യത്തിലാണെങ്കില്‍ പലതും തെളിയിക്കാന്‍ പറ്റുന്നില്ല എന്നത് ശരിതന്നെ. പക്ഷേ തെളിയിക്കാന്‍ പറ്റുന്നില്ല എന്നത് തെറ്റാണെന്നതിന് തെളിവല്ലല്ലോ. അതുപോലെ പ്ലാസിബോ ഇഫക്റ്റ് ആണ് ഹോമിയോപ്പതിയുടെ വിജയത്തിന് ഒരു പ്രധാനകാരണമായി പറയുന്നത്. പക്ഷേ ഇഞ്ചി ഇവിടെ പറഞ്ഞതുപോലെ കുഞ്ഞുങ്ങളില്‍ പ്ലാസിബോ ഇഫക്റ്റ് വര്‍ക്ക് ചെയ്യണമെന്നില്ലല്ലോ. അവര്‍ക്കെങ്ങിനെ ഹോമിയോപ്പതി പലപ്പോഴും ഇഫക്റ്റീവ് ആയി കാണുന്നു? ഈ ചോദ്യങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ എങ്ങിനെ ആത്മവിശ്വാസത്തോടെ ഹോമിയോപ്പതി ശരിയല്ല എന്ന് നമുക്ക് പറയാന്‍ പറ്റും എന്നതാണ് എന്റെ കണ്‍‌ഫ്യൂഷന്‍. അതുപോലെതന്നെ അക്യുപങ്‌ചറും.

ജ്യോതിഷതെപ്പറ്റി പണ്ട് നടന്ന ചര്‍ച്ചകളില്‍ കേട്ട ഒരു കാര്യം അതൊക്കെ കപടശാസ്ത്രമായതുകാരണം സായിപ്പൊക്കെ പണ്ടേ അതിനെപ്പറ്റിയുള്ള പഠനങ്ങളൊക്കെ നിര്‍ത്തി, നമ്മളും അതൊക്കെ കണ്ട് പഠിക്കണമെന്നായിരുന്നു. ആ ലോജിക്ക് ഇവിടെ കൊണ്ടുവന്നാല്‍ ഹോമിയോപ്പതിയെപ്പറ്റിയൊക്കെ സായിപ്പ് ഇപ്പോഴും പഠനം നടത്തുന്നുണ്ടല്ലോ. അതുകൊണ്ട് അതൊക്കെ മൊത്തത്തില്‍ കപടമാണെന്ന് പറയാന്‍ പറ്റുമോ?

കൈമള്‍: ഹോമിയോപ്പതിയെപ്പറ്റിയും അക്യുപങ്‌ചറിനെപ്പറ്റിയും ഞാന്‍ ഒരു പഠനവും നടത്തിയിട്ടില്ല. അതിനെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഉള്ള വിവരം അക്കാര്യങ്ങളില്‍ എനിക്കില്ല. ഹോമിയോപ്പതി ശരിയല്ല എന്ന് എനിക്ക് തോന്നിയ രീതിയില്‍ ചില കമന്റുകള്‍ കണ്ടപ്പോള്‍ അത്രയ്ക്കങ്ങ് ഉറപ്പിക്കാമോ എന്ന് നോക്കി, അതിന്റെ അടിസ്ഥാനത്തില്‍‍ നടത്തിയ വെറും ഇന്റര്‍നെറ്റ് അന്വേഷണങ്ങളില്‍ നിന്ന് മാത്രം ഉടലെടുത്ത കണ്‍ഫ്യൂഷന്‍ ഇവിടെ പറഞ്ഞു എന്ന് മാത്രം. പ്രധാനമായും എന്‍.ഐ.എച്ചിന്റെ സൈറ്റാണ് എനിക്ക് കണ്‍ഫ്യൂഷന്‍ തന്നത്, കുറയൊക്കെ വിക്കിപ്പീഡിയയും. ഞാന്‍ മനസ്സിലാക്കിയിടത്തോളം ആധികാരികമായ ഒരു പ്രസ്ഥാനമാണ് അമേരിക്കയിലെ എന്‍.ഐ.എച്ച്. ഹോമിയോപ്പതി തെറ്റാണെന്ന് ശാസ്ത്രീയമായി, അസന്നിഗ്ദമായി തെളിയിക്കാന്‍ പറ്റിയാല്‍ എന്റെ പൂര്‍ണ്ണ പിന്തുണ അതിന്. പക്ഷേ അവിടെയും കണ്‍ഫ്യൂഷനുണ്ടെങ്കില്‍ പിന്നെ ഇത് തെറ്റുതന്നെ എന്ന് നമുക്ക് എങ്ങിനെ പറയാന്‍ പറ്റും എന്നതാണ് എന്റെ കണ്‍ഫ്യൂഷന്‍. എന്തായാലും ഞാന്‍ ഇക്കാര്യത്തില്‍ ഫൂള്‍‌ലി ഓപ്പണ്‍.

Labels: , , , , ,

23 Comments:

  1. At Tue Jul 10, 08:29:00 AM 2007, Blogger Santhosh said...

    പല വാദങ്ങളും കാണുമ്പോള്‍ എനിക്കുണ്ടാകുന്ന വികാരത്തിന്‍റെ പേരു പിടികിട്ടി: നിഗമനോല്പ്രേക്ഷ.

    ഒരു കാര്യം പറയാം: “ബില്‍‌ഗേറ്റ്‌സ് നോക്കി നിക്കെയായിരുന്നെങ്കില്‍ വിന്‍ഡോസൊക്കെ ഇതുപോലെ ഉണ്ടാവുമായിരുന്നോ?” -- തീര്‍ച്ചയായും ഇല്ല. ആ മനുഷ്യന്‍റെ കണ്ണെത്താത്തതിനാല്‍ ഇവിടെ എന്തൊക്കെയാണെന്നോ കാട്ടി വയ്ക്കുന്നത്:)

     
  2. At Tue Jul 10, 08:38:00 AM 2007, Blogger സു | Su said...

    നിഗമനോമാനിയ എന്നും വിളിക്കാം. ഹോമിയോപ്പതി ശരിയല്ലെന്ന് പറഞ്ഞത് തെറ്റാണെന്ന് ഞാന്‍ പറഞ്ഞാല്‍ അതും ഒരു ഒരു നിഗമനം എന്നേ പറയാന്‍ പറ്റൂ. വാദങ്ങള്‍ എവിടെയെങ്കിലുമെത്തുമ്പോഴാകും, നമ്മുടെ നിഗമനങ്ങളുടെ ശരിയായ പോക്കും തെറ്റായ പോക്കും തമ്മിലുള്ള അനുപാതം കണ്ട് നമ്മള്‍ എന്തായിരുന്നു ആലോചിച്ച് കൂട്ടിയത് എന്ന് മനസ്സിലാവുന്നത്. ഓരോ കാര്യത്തിനും അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്തിയാല്‍ അവിടെ നിര്‍ത്തണം നിഗമനം.

     
  3. At Tue Jul 10, 10:38:00 AM 2007, Blogger കരീം മാഷ്‌ said...

    മാന്യ ശ്രീ,ശ്രീ.. വക്കാരിജീ.
    അഭിനന്ദിക്കാന്‍ വിക്കുകാരണം വാക്കു കിട്ടുന്നില്ല.
    ഇത്രേം ലിങ്കുകള്‍ ഒരു പോസ്റ്റില്‍ ഇട്ട മഹാന്‍ അങ്ങു തന്നെ!
    ഈ ലിന്‍ങ്കിലൊക്കെ പോയി പ്രദക്ഷിണം വെച്ചു വരട്ടെ!
    വല്ലാത്ത ഓര്‍മ്മശക്തി തന്നെ ( ഇത്തിരി ഉപ്പും മുളകും കടുകും,തേങ്ങയും ഊതി അടുപ്പിലിട്ടേക്കൂ. അല്ലങ്കില്‍ എന്റെ കരിന്നാക്കെന്നു കുറ്റം പറയാനിടവരും)

     
  4. At Tue Jul 10, 01:29:00 PM 2007, Anonymous Anonymous said...

    ഗവേഷണോമാനിയ എന്നും പറയാം ല്ലേ ഗവേഷകാ??
    കേമന്‍ ന്നേ ഞാന്‍ പറയൂ. -സു-

     
  5. At Tue Jul 10, 03:52:00 PM 2007, Blogger കാളിയമ്പി said...

    വക്കാരിയണ്ണാ..ചില ലിങ്കുകള്‍ തരട്ടേ.

    NICAM(National Centre for Complimentary and alternative medicine)

    അക്യപംക്‍‌ചര്‍ ടി സൈറ്റ് തന്നെ

    ബ്രിട്ടിഷ് മെഡിയ്ക്കല്‍ ജേര്‍ണല്‍(അവിടെ സെര്‍ച് ചെയ്യുക.)

    ഹോമിയോപ്പൊതി മരുന്നുകളില്‍ എനിയ്ക്കെന്തോ അത്രയൊന്നും വിവരമില്ല.പക്ഷേ അത് ശരിയല്ല എന്നുള്ളത് കൊണ്ട് എല്ലാം ശരിയല്ല എന്ന് വരരുത്..

    മാത്രമല്ല ഈ ആര്‍ട്ടിക്കിളുകള്‍
    കാണുക..

    ലിങ്കുകള്‍ സഹായകമായി എന്നു കരുതട്ടേ.ഗവേഷണം എന്നത് ഈ ബുദ്ധിയാണണ്ണാ.അപ്ലാസു..:)

     
  6. At Tue Jul 10, 04:13:00 PM 2007, Blogger കാളിയമ്പി said...

    പിന്നെ ഹൊമിയോപ്പതി ഫലപ്രദമല്ലെങ്കില്‍‍(അല്ലെങ്കില്‍മാത്രം) എന്തുകൊണ്ട് പഞ്ചസാരഗുളിക കഴിയ്ക്കുമ്പോള്‍ രോഗങ്ങള്‍ സുഖപ്പെടുന്നു എന്ന ചോദ്യത്തിന് എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ ഉത്തരം..

    ഹോമിയോ ഡൊക്ടര്‍മാര്‍ നാനോ റ്റെക്നോളജിയെന്നൊക്കെ പറഞ്ഞിരിയ്ക്കുകയാണ്.അവരിതില്‍ ശ്രദ്ധ വച്ചിരുന്നെങ്കില്‍.

     
  7. At Tue Jul 10, 05:36:00 PM 2007, Blogger ഡാലി said...

    വക്കാരിജി,
    ഈയടുത്ത കാലത്ത് എനിക്കുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍ ആണ് ഈ ഹോമിയോപതി.

    കുറീഞ്ഞിയിലെ ലേഖനത്തില്‍ ഹോമിയോപതിയ്ക്ക് അടിസ്ഥാനം ഇല്ല എന്നതിന്‍ രണ്‍റ്റ് വാദങ്ങളാണ്.
    ഒന്ന് സദൃശം സദൃശത്തെ ഭേദപ്പെടുത്തുന്നു (സിങ്കോണ തൊലിയും മറ്റും വായിച്ചു വരുന്നതേ ഉള്ളൂ. വാക്സിനേഷന്‍ ഒക്കെ വായിച്ച് വരുന്നു)
    രണ്ട്.നേര്‍പിക്കുന്തോറും വീര്യം കൂടും . ഇത് വിശ്വസിക്കാന്‍ എനിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. ഈയടുത്തകാലത്ത് ഒരു ഗവേഷകനു വേണ്ടി കുറേ കാര്യങ്ങള്‍ കണ്ടെടുക്കേണ്ടി വന്നു. അതില്‍ ഒരു ജേര്‍ണലില്‍ (the berlin Journal on Research in Homeopathy vol. 1 No3 June 1991)
    7c നേര്‍പ്പിച്ച മരുന്നിന്റെ ഗവേഷണ ഫലങ്ങള്‍ ഉണ്ട്. എലികളില്‍ ക്യാന്‍സറിനാണ് പഠനം. ഒരാഴ്ച രണ്‍റ്റ് പ്രാവശ്യം വച്ച് 7c KLH കുത്തിവയ്ക്കുന്നു. എട്ട് ആഴ്ച്ച കൊണ്ട് 48 തന്മാത്ര എലികളില്‍ എത്തും എന്നാണ് കണക്ക് കൂട്ടല്‍. 48 തന്മാത്ര പ്രീട്രീറ്റ്മെന്റ് കൊണ്ട് തന്നെ ഇമ്മ്യൂണ്‍ സിസ്റ്റം പ്രതികരിച്ച് IgM antibody ഉത്പാദനം കൂടി എന്നാണ് ആ ഗവേഷണ ഫലം. (ഇതൊന്നും ഹോമിയോ പതി മരുന്നുകള്‍ അല്ല KLH ഇമ്മ്യൂണ്‍സ്റ്റിമുലന്റ് ഗവേഷണങ്ങള്‍ക്ക് ധാരാളമായി ഉപയോഗിക്കുന്നതാണ്) 7c യ്ക്ക് മുകളില്‍ ഉള്ള മരുന്നൊന്നും ഹോമിയോക്കാര്‍ ഉപയോഗിക്കാന്‍ സാധ്ദ്യത ഇല്ല. ഞാന്‍ കണ്‍റ്റിരിക്കുന്ന ഡോസ് 15x-30x ആണ്. ഈ ഗവേഷണക്കാര്‍ 7c KLH എങ്ങനെ ഉണ്ടാക്കി എന്ന് പറയുന്നില്ല.

    ഇങ്ങനത്തെ കുറേ വായിച്ച് ഞാനും ആകെ കണ്‍ഫ്യൂലാണ്. ഇപ്പോഴത്തെ അസ്വസ്ഥത നേര്‍പ്പിക്കലും സദൃശ്യം സദൃശ്യത്തെ ഭേദപ്പെടുത്തുന്നു എന്നതല്ല, ഹോമിയോ ഉപയോഗിക്കുന്നു എന്ന് കേള്‍ക്കുന്ന ഹെവിമെറ്റല്‍‌സ് ആണ്. :(.

    എന്തായാലും ഒരു നിവര്ത്തി ഉണ്ടേല്‍ മരുന്ന് തൊടരുത് എന്ന അന്ധവിശ്വാസത്തിലാണ് ഇപ്പോ ജീവിതം.

    വാല്‍കഷ്ണം: ഭൂമി ഉരുണ്ടതാണെന്ന് ശരിക്കും ഉല്പ്രേഷ ഇല്ലാ? മൂര്‍ത്തിടെ ഈ കമന്റ് ഒന്ന് നോക്കൂ. :)

     
  8. At Wed Jul 11, 03:05:00 AM 2007, Blogger Paradeshi said...

    Happy to know that there are some "scientific" discussion about homeopathy is happening in malayalam blogs. It is clear that, so far, we haven't got any theory or statistically valid clinical evidences to support homeopathy. This is not opposing the efficacy of this system of medicines.

    We are yet to understand the response of human immune system fully, which is evident from the recent clinical trial failure in UK .

    There are a number of research happening around the globe and is being published and one of the famous journal from Elsevier is
    Homeopathy
    .
    Anyhow, we have to travel a long way to prove either of the argument.

     
  9. At Wed Jul 11, 02:10:00 PM 2007, Blogger chithrakaran ചിത്രകാരന്‍ said...

    വക്കാരി നന്നായിരിക്കുന്നു.

     
  10. At Wed Jul 11, 11:53:00 PM 2007, Blogger Inji Pennu said...

    എവിടെ? വക്കാരീന്റെ ഫോട്ടൊ എവിടെ? നന്നായിരിക്കുന്നു എന്ന് ചിത്രകാരന്‍ മാഷ് പറേണു? :)

    http://www.iees.ch/EcoEng003/EcoEng003_F.html
    - ഇന്നാ പിടിച്ചൊ ഒരു ലിങ്കൂടെ...

     
  11. At Thu Jul 12, 01:53:00 AM 2007, Anonymous Anonymous said...

    എന്നെയാകെ കണ്‍ഫ്യൂഷനാക്കിയല്ലോ വക്കാരീ‍..

     
  12. At Thu Jul 12, 03:55:00 AM 2007, Blogger myexperimentsandme said...

    എന്റെ കണ്‍ഫ്യൂഷന്‍ പോസ്റ്റ് വാ‍യിച്ച് കണ്‍ഫ്യൂഷനായവരോട് നന്ദി പറയണോ വേണ്ടയോ എന്നുള്ള കണ്‍ഫ്യൂഷനില്‍ കണ്‍ഫ്യൂഷനായി... കാരണം നന്ദി പറഞ്ഞാല്‍ അവരും എന്നെപ്പോലെ കണ്‍ഫ്യൂഷ്യസാവില്ലേ, ഇനി നന്ദി പറഞ്ഞില്ലെങ്കില്‍ മോശമാവില്ലേ (മോശമാവില്ലേലെന്താ, ദോശമാവില്ലേ)...ആകപ്പാടെ കണ്‍ഫ്യൂഷനായി...

    സന്തോഷേ, നന്ദി. ഒന്നും ഒന്നും രണ്ടെന്ന് സിമ്പിളായി തെളിയിച്ചിട്ട് സാറിനോട് പോയി “സാറേ, ഒന്നുമൊന്നും രണ്ടാണെന്ന് പ്രൂവ് ചെയ്തു” എന്ന് പറയുമ്പോള്‍ സാര്‍ “തന്നെ?” എന്നെങ്ങാനും ചോദിച്ചാല്‍ കണ്‍ഫ്യൂഷനാവുന്ന ആളാണ് ഞാന്‍... :)

    സൂ, “ഓരോ കാര്യത്തിനും അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്തിയാല്‍ അവിടെ നിര്‍ത്തണം നിഗമനം“ വളരെ ശരി.

    കരീം മാഷേ, വളരെ നന്ദി :) ഏത് ലിങ്കില്‍ പോയില്ലെങ്കിലും “ഞാന്‍ സുന്ദരനാണ്” എന്ന് തെളിയിക്കുന്ന ആ ലിങ്കില്‍ ക്ലിക്കാന്‍ മറക്കരുതേ :)

    ഹ...ഹ... സുനില്‍‌ജീ, ഇത് വെറും സമയം കൊല്ലി മാനിയാ :)

    അംബീ, ലിങ്കുകള്‍ക്ക്, പ്രത്യേകിച്ചും ബീയെംജെയുടെ ലിങ്കുകള്‍ക്ക്, വളരെ നന്ദി. എന്തോ പൂര്‍ണ്ണമായും എഴുതിത്തള്ളാറായോ എന്നൊരു സംശയം ഹോമിയോപ്പതിയെപ്പറ്റി ഇല്ലാതില്ല.

    ഡാലീ, ലാബില്‍ തെളിയിക്കുന്നതിലുപരി റിപ്പീറ്റബിലിറ്റിയും റീപ്രൊഡ്യൂസബിലിറ്റിയുമൊക്കെയാണ് റാന്‍ഡിയും മറ്റും ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് തോന്നുന്നു. കാരണം ഒരു പ്രൊഫസര്‍ ബാസോഫിലില്‍ ഹോമിയോയുടെ പ്രിന്‍സിപ്പിള്‍ വര്‍ക്ക് ചെയ്യുന്നു എന്ന് തെളിയിച്ചത് റാന്‍ഡിയുടെ സാന്നിദ്ധ്യത്തില്‍ ചെയ്തപ്പോള്‍ കിട്ടിയില്ല. പക്ഷേ പല ആധുനിക ശാസ്ത്ര പരീക്ഷണ റിപ്പോര്‍ട്ടുകളും പബ്ലിക്കേഷന്‍സും ആ രീതിയില്‍ ഒരു പുനര്‍‌പരീക്ഷണത്തിന് വിധേയമാക്കിയാല്‍ ചിലപ്പോള്‍ പലരും ചുറ്റില്ലേ എന്നൊരു പേടിയുമില്ലാതില്ല.

    ഭൂമിയെപ്പറ്റി മൂര്‍ത്തി പിന്നെയും കണ്‍ഫ്യൂഷ്യസാക്കിയല്ലോ :)

    പരദേശി, വളരെ നന്ദി. ഹോമിയോപ്പതിയെപ്പറ്റി നടന്ന ചര്‍ച്ചയുടെ വളരെ നല്ല ഒരു സംഗ്രഹമായി തോന്നി താങ്കളുടെ കമന്റ്. “Anyhow, we have to travel a long way to prove either of the argument“ തീര്‍ച്ചയായും. പക്ഷേ അതിനും മുന്‍പേ നിഗമനങ്ങളിലേക്ക് എടുത്ത് ചാടുന്നതാണ് എനിക്ക് കണ്‍ഫ്യൂഷനുണ്ടാക്കുന്നത്. എല്‍സെവീര്‍ ഹോമിയോപ്പതിയെപ്പറ്റി ജേണല്‍ ഇറക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു. കപടശാസ്ത്രമാണെന്ന് തെളിയിക്കപ്പെട്ട ഒരു സംഗതിയാണെങ്കില്‍ അവരെപ്പോലുള്ള പ്രസാധകര്‍ ഹോമിയോപ്പതിയെപ്പറ്റി ജേണല്‍ പബ്ലിഷ് ചെയ്യുമോ എന്നത് പിന്നെയും സംശയമുണ്ടാക്കുന്നു.

    ചിത്രകാരാ, നന്ദി കേട്ടോ.

    ഇഞ്ചീ, യ്യോ, എന്റെ ഫോട്ടോ കണ്ടില്ലേ. ആ കലുങ്കില്‍ ഞെക്ക്, കാണ്, കണ്ടാസ്വദിക്ക്... ഒത്തിരിനേരം നോക്കിയിരുന്ന് കണ്ണുവെച്ചാലുണ്ടല്ലോ... :) ലിങ്കിന് നന്ദി. ലിങ്കുകളല്ല പ്രശ്‌നം. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുള്ളപ്പോള്‍ എങ്ങിനെ നമ്മള്‍ ഈയൊരു അവസ്ഥയില്‍ ഇത്തരം കാര്യങ്ങളില്‍ നിഗമനങ്ങളിലെത്തുന്നു എന്നാലോചിച്ച് കണ്‍ഫ്യൂഷനായി.

    തൃശ്ശൂര്‍ക്കാരാ, അപ്പോള്‍ പിന്നെ എന്റെ കാര്യം പറയാനുണ്ടോ? :)

    എന്തായാലും അന്തിമമായി ഒരു തീരുമാനം ഹോമിയോപ്പതിയെപ്പറ്റിയും അക്യുപങ്‌ചറിനെപ്പറ്റിയുമൊക്കെ എടുക്കാറായോ എന്ന് എനിക്കിപ്പോഴും സംശയമുണ്ട്. പക്ഷേ ഒരു കാര്യം ശാസ്ത്രീയമായി തെറ്റാണെന്നോ ശരിയാണെന്നോ തെളിയിക്കേണ്ടത് വെല്ലുവിളികളില്‍ കൂടിയും ബെറ്റുവെക്കലുകളില്‍ കൂടിയുമല്ല എന്നതാണ് എന്റെ കണ്‍ഫ്യൂഷനൊന്നുമില്ലാത്ത ഉറച്ച അഭിപ്രായം. തികഞ്ഞ ശാന്തതയോടും സംയമനത്തോടും കൂടി ഒട്ടും ബീപ്പീ കൂട്ടാതെ തന്നെ വേണം ഇക്കാര്യങ്ങള്‍ പഠിക്കാനും തെളിയിക്കാനും. അതുകൊണ്ട് ജയിംസ് റാന്‍ഡിയുടെ വെല്ലുവിളികള്‍ക്ക് അതിന്റേതായ പ്രാധാന്യം കൊടുത്താല്‍ മതി എന്നതാണ് എന്റെ നിലപാട്. അത് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നോ ശരിയാണെന്നോ ഉള്ള വിലയിരുത്തലല്ല, പക്ഷേ അദ്ദേഹത്തിന്റെ രീതിയല്ല ശാസ്ത്രവിഷയങ്ങള്‍ തെളിയിക്കാന്‍ വേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

     
  13. At Thu Jul 12, 03:29:00 PM 2007, Blogger കാളിയമ്പി said...

    പിന്നെ കോട്ടയംകാരനെന്ന് എവിടേയോ കേട്ടതു കൊണ്ട് (അല്ലേ?)എം ജീ സര്‍‌വകലാശാലയില്‍ എന്തെങ്കിലും പരിചയമുണ്ടാവുമെന്ന ഉല്പേക്ഷയില്‍ ചോദിയ്ക്കുവാണ്. വ്യക്തിപരമായ ചോദ്യങ്ങള്‍ വക്കാരിയണ്ണനോട് ചോയിയ്ക്കാന്‍പാടില്ല എന്നറിയാം..പയസ് സാറിനെ അറിയാമോ.സ്കൂള്‍ ഓഫ് കെമിയ്ക്കല്‍ സയന്‍സിലാണെന്നു തോന്നുന്നു ..ഹോമിയോ വിദഗ്ധനുമാണ്..

     
  14. At Fri Jul 13, 09:12:00 AM 2007, Blogger അശോക് said...

    വക്കാരി,

    You are right when you said it is not through challenges and bets the veracity of a disputed subject should be proved. James Randi is a rationalist and their aim is to make awareness among the general public against the so called paranormal phenomena. Apparently, people pay more attention to that than the finding in any reputed journals. And Randi is not the only one to do so. In India, Premanand also play this sort of games. But the money is not so attractive, only Rs. 100000.
    I believe it was Kovoor who first started this kind of challenges.

     
  15. At Fri Jul 13, 11:06:00 PM 2007, Blogger myexperimentsandme said...

    അംബീ, അപ്പോള്‍ പിന്നെ ഞാനാരാണെന്നാ ഓര്‍ത്തേ :)

    അശോക് നന്ദി. കോവൂരിന്റെ കാര്യം ഞാന്‍ ആദ്യം എഴുതിയതായിരുന്നു, റാന്‍ഡിയെ പരാമര്‍ശിച്ചിടത്ത്, പിന്നെ ഡിലീറ്റ് ചെയ്തു. കോവൂരിനുള്ള ഒരു ന്യായീകരണം എന്റെ തോന്നലില്‍, അദ്ദേഹം ഇടപെട്ടിരുന്നത് ആ തലങ്ങളിലുള്ള ആള്‍ക്കാരുമായിട്ടായിരുന്നു-സിദ്ധന്മാരും, മന്ത്രവാദികളും കൂടോത്രക്കാരും ചാത്തനേറുകാരും, അവരെ വിശ്വസിക്കുന്ന സാധാരണക്കാരും. അവരോട് ശാസ്ത്രം, ലാബ്, പരീക്ഷണം, സ്റ്റാറ്റിസ്റ്റിക്സ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ലാത്തതുകാരണം അവര്‍ക്ക് എളുപ്പം മനസ്സിലാകുന്ന രീതിയില്‍ ബെറ്റുവെക്കലുകള്‍ അദ്ദേഹം നടത്തിയതായിരിക്കാം. പക്ഷേ റാന്‍ഡിയുടെ കാര്യം അങ്ങിനെയല്ലല്ലോ. അദ്ദേഹം ഇടപെടുന്നത് മോഡേണ്‍ സയന്‍സില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ശാത്രജ്ഞരും പ്രൊഫസര്‍മാരുമൊക്കെയായിട്ടും കൂടിയല്ലേ. അവരുടെ അടുത്ത് വെല്ലുവിളികളുടെയും മറ്റും ആവശ്യമില്ലല്ലോ.

    പിന്നെ റാന്‍ഡിയെപ്പറ്റിയുള്ള വിക്കി ലേഖനത്തില്‍ അദ്ദേഹത്തെനെതിരെയുള്ള വിമര്‍ശനമായി അദ്ദേഹത്തിന്റെ തെളിയിക്കല്‍ വെല്ലുവിളികളില്‍ പുള്ളി എന്തോ മാജിക്കൊക്കെ കാണിച്ച് ആരും ഒരിക്കലും വിജയിക്കാത്ത രീതി ഉണ്ടാക്കുന്നു എന്ന രീതിയില്‍ എന്തോ എഴുതിയിരിക്കുന്നതും കണ്ടു. അത് ഒരു കോണ്‍‌സ്പിരസി തിയറിയോ വെല്ലുവിളികളില്‍ തോറ്റവര്‍ കിട്ടാത്ത മുന്തിരങ്ങാ പുളിക്കും എന്ന രീതിയില്‍ പറഞ്ഞതോ ആവാം. പക്ഷേ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് റാന്‍ഡിയുടെ ഹോമിയോപ്പതിയിലെ വെല്ലുവിളി ആരും വിജയിച്ചിട്ടില്ലെങ്കില്‍ വിജയിച്ചിട്ടില്ല എന്ന് മാത്രമാണ്.

    എങ്കിലും നേച്ചറിന്റെ എഡിറ്റര്‍ റാന്‍ഡിയെയും ഹോമിയോപ്പതിയുടെ പരീക്ഷണത്തിന്റെ വലിഡിറ്റി പ്രൂവ് ചെയ്യാന്‍ ക്ഷണിച്ചു എന്നറിഞ്ഞതില്‍ എനിക്ക് അത്‌ഭുതം. പക്ഷേ കൊറിയയിലെ ശാസ്ന്ത്രജ്ഞന്‍ ഹ്യൂമന്‍ എംബ്രിയോ ക്ലോണ്‍ ചെയ്തു എന്നുള്ള പേപ്പര്‍ അയച്ചപ്പോള്‍ അത് പബ്ലിഷ് ചെയ്തതും സയന്‍സ് പോലുള്ള മാഗസിന്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ ഞെട്ടലില്ല :)

     
  16. At Sat Jul 14, 12:41:00 AM 2007, Blogger പതാലി said...

    പോസ്റ്റ് വായിച്ചു സന്തോഷം.
    ഇവിടെയും എല്ലാവര്‍ക്കും സുഖം‍
    പിന്നെ ഉള്ളതു പറഞ്ഞാല്‍.....
    അല്ല പറയണോ? വേണ്ട

    പിന്നെ വക്കാരിയേ ഈ ദിവസങ്ങളില്‍ ഭയങ്കര തിരക്കിലാണെന്ന് അറിഞ്ഞു. പണപ്പൊതി തേടി ടോയ് ലറ്റുകള്‍ തോറും കയറിയിറങ്ങുകയാണല്ലേ. എല്ലാം എന്നോട് മറ്റേപ്പുള്ളി പറഞ്ഞു..ഷിന്‍സോ അബേയേ..

     
  17. At Sat Jul 14, 03:18:00 AM 2007, Blogger myexperimentsandme said...

    ഹ...ഹ... പതാലിയേ ഈ ആബേലച്ചന്റെ ഒരു കാര്യം. ഞാന്‍ പോയാല്‍ ഇട്ടേക്കാമേ എന്ന് പറഞ്ഞ് കണ്ട ടോയ്‌ലറ്റിലെല്ലാം കൊണ്ടുപോയി കാശിടും. എന്നിട്ട് ഞാനത് തപ്പിനടക്കുകയാണെന്ന് പതാലിയോടൊക്കെ പറയുകയും ചെയ്യും.

    ഉള്ളത് പറഞ്ഞാല്‍ ഉറിയും ഊറിച്ചിരിക്കുമെന്നല്ലേ. അതുകൊണ്ട് ഉള്ളത് പറയെന്ന്... :)

     
  18. At Tue Jul 24, 10:50:00 AM 2007, Blogger The Prophet Of Frivolity said...

    The debate as to whether Homeopathy has scientific basis is one thing but the way you present the matter is eminently readable and extremely hilarious. When i go through what you write i reach to a sustainable point about human life and everything associated with it..The 'laughability' of everything. How amusing is it to watch the assumed sobriety of things falling apart! You got style man. De omnibus dubitandum!
    Good going.

     
  19. At Wed Jul 25, 03:27:00 AM 2007, Blogger myexperimentsandme said...

    അബ്‌ദുള്‍, നന്ദി കേട്ടോ. വിനയത്തിന്റെ അലവന്‍സ് മാറ്റി നിര്‍ത്തിയാല്‍ താങ്കളുടെ കമന്റ് നല്ല സന്തോഷം തന്നു എന്ന് പറയാന്‍ എന്റേതായ കാപട്യമൊക്കെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ ഒരു മടിയുമില്ല :)

    താങ്കള്‍ എന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നത് തോന്നുന്നു. ഹൃദയം നിറഞ്ഞ സ്വാഗതവും.

     
  20. At Fri Dec 25, 02:29:00 PM 2009, Anonymous Anonymous said...

    folder lock 5.1.5 serial crack
    system mechanic pro 5.5 a crack
    music polyphonic crack
    xoftspy registration crack
    modelsim se crack
    advanced gif animator 2.2 crack
    pda warez
    rise of nations nocd crack
    crack code for registry mechanic
    motu machfive crack




    avs converter 3.4 crack
    quickbooks uk crack
    mcafee virus scan v9.0 crack
    ipodsync warez
    crossover office 4.1 download warez
    microsoft office 97 cd key crack
    the settlers iv crack
    omnis studio 4 crack
    slow gold crack
    easyboot 5.0 crack
    game crack code
    gtr racing crack
    icuii crack 7.0
    camtasia crack key
    aim sniffer 1.1 crack
    realguitar crack
    video edit majic 4.0 crack
    softcam 1.5.2 keygen

     
  21. At Tue Jan 19, 03:32:00 AM 2010, Anonymous Anonymous said...

    Sale cipro Buy glucophage Drug premarin Order heart shield heart disease Canadian vicodin es Canadian speman

     
  22. At Thu Feb 28, 03:48:00 AM 2013, Anonymous Anonymous said...

    [url=http://www.microgiving.com/profile/ribavirin]virazole 100 mg
    [/url] purchase copegus online
    virazole buy
    order copegus online

     
  23. At Fri Mar 29, 11:40:00 PM 2013, Anonymous Anonymous said...

    [url=http://www.freewebs.com/biaxinclarithromycin/]clarithromycin purchase online
    [/url][url=http://www.freewebs.com/online-biaxin/]biaxin buy online
    [/url][url=http://www.freewebs.com/buy-sustiva-efavirenz/]purchase Sustiva 600 mg online
    [/url][url=http://www.freewebs.com/buy-asacol-mesalamine/]where to buy lialda
    [/url]

     

Post a Comment

<< Home