Tuesday, July 10, 2007

നിഗമനോല്‍‌പ്രേക്ഷ

ഉല്‍‌പ്രേക്ഷ സീരീസിലെ പുതിയ എന്‍‌ട്രി. ആള്‍ക്കാരൊക്കെ എങ്ങിനെയൊക്കെയാണ് ഓരോരോ നിഗമനങ്ങളിലെത്തുന്നത് എന്നോര്‍ത്തുള്ള അത്‌ഭുതത്തില്‍ നിന്നും ഉടലെടുത്ത ഉല്‍‌പ്രേക്ഷ. കണ്‍‌ഫ്യൂഷ്യസ് വര്‍ഗ്ഗത്തില്‍ പെട്ട ഞാനൊക്കെ അതിസങ്കീര്‍ണ്ണമാണെന്ന് കരുതുന്ന ചില സമസ്യകള്‍ക്കൊക്കെ അതങ്ങിനെതന്നെയാണ്, അതിങ്ങനെയല്ലാതെപിന്നെങ്ങിനെ, അതു പിന്നെ പറയാനുണ്ടോ എന്നൊക്കെയുള്ള ഒറ്റവാക്ക് നിഗമനങ്ങള്‍ കാണുമ്പോള്‍ കണ്‍ഫ്യൂഷന്‍ ഡബിളാകുന്നു. ഏറ്റവും പുതുതായി എനിക്ക് ഡബിള്‍ കണ്‍ഫ്യൂഷന്‍ തന്നത് ജോസഫ് ആന്റണിയുടെ ഹോമിയോപ്പതി ലേഖനങ്ങളും (ഒന്ന്, രണ്ട്), അതിലെ കമന്റുകളും.

എന്റെ അഭിപ്രായത്തില്‍ ഭൂമി ഉരുണ്ടതാണ്, സൂര്യന്‍ കിഴക്കുദിക്കുന്നു, തീക്കട്ടയില്‍ ഉറുമ്പരിക്കില്ല, മുറ്റത്തെ മുല്ലയ്ക്ക് മണമില്ല, കാക്ക കുളിച്ചാല്‍ കൊക്കാവില്ല, ഞാന്‍ പരമസുന്ദരനാണ്, ആന നമ്പ്ര് റ്റു നടത്തുന്ന ഫോഴ്‌സില്‍ ആട് ആ പരിപാടി നടത്താന്‍ നോക്കിയാല്‍ ആസനം കീറും തുടങ്ങിയ കാര്യങ്ങള്‍ ഒരു ഉല്‍പ്രേക്ഷയുമുണ്ടാക്കാത്ത നിഗമനങ്ങളാണ്. അതങ്ങിനെയേ വരൂ. അപ്പോള്‍ അതങ്ങിനെയല്ലാതെപിന്നെങ്ങിനെ, അതുപിന്നെ പറയാനുണ്ടോ, വാഹ്-വാഹ്, അരേ വാഹ്, കൊടുകൈ, കൈകൊട് എന്നീ നിഗമനവാചകങ്ങള്‍ അത്തരം കാര്യങ്ങളെ വിശേഷിപ്പിക്കുന്നതില്‍ യാതൊരു ഉല്‍‌പ്രേക്ഷയുമില്ല- അതുതാനല്ലിയോ ഇത് എന്നൊരു തോന്നലേ അവിടില്ല; അതുതന്നെ അതും ഇതും.

പക്ഷേ മൂന്നാറില്‍ സീപ്പീയൈ ഭൂമി കൈയ്യേറിയിട്ടുണ്ടോ, ലൌവ്‌ലിന്‍ കേസില്‍ പിണറായിയ്ക്ക് പങ്കുണ്ടോ, ആര്യന്മാര്‍ ഇന്ത്യയില്‍ വന്നിട്ടുണ്ടോ, ഹോമിയോപ്പതി തട്ടിപ്പോ ഒറിജിനലോ, അക്യുപം‌ക്‍ചര്‍ ശരിയോ തെറ്റോ എന്നിവ പോലത്തെ കാര്യങ്ങളില്‍ നമ്മള്‍ എങ്ങിനെയാണ് വാഹ്-വാഹ്, അരേ വാഹ്, കൈ‌കൊടുകൈ ടൈപ്പ് നിഗമനങ്ങളിലൊക്കെയെത്തിച്ചേരുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതിനെപ്പറ്റിയൊക്കെ വായിക്കാന്‍ നോക്കിയാല്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഒരേ രീതിയില്‍ വാദങ്ങള്‍ കാണാം. ഒരു ത്രാസിലിട്ട് തൂക്കിയാല്‍ സൂചി പൂജ്യത്തില്‍നിന്ന് ഒരു നാനോഗ്രാം പോലും മാറില്ല, പലപ്പോഴും. ചിലപ്പോഴൊക്കെ ഒരുമാതിരി ഒരു നിഗമനത്തിലൊക്കെ എത്തി എന്ന് തോന്നുമ്പോഴായിരിക്കും വിശ്വാസയോഗ്യമായ ഒരിടത്ത് കണ്‍ഫ്യൂഷനാക്കാന്‍ എന്തെങ്കിലും ഒരു കാര്യം കാണുന്നത്. ഇങ്ങിനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പും ഇരിപ്പും എന്നിരുന്നാലും ചിലപ്പോള്‍ നമ്മള്‍ കാണുന്നത് തികച്ചും വ്യക്തവും ആത്മവിശ്വാസം തുളുമ്പുന്നതുമായ നിഗമനങ്ങളാണ്-ചിലര്‍ പൂര്‍ണ്ണമായും അനുകൂലിച്ചും മറ്റു ചിലര്‍ പൂര്‍ണ്ണമായും പ്രതികൂലിച്ചും. അതെങ്ങിനെ പറ്റുന്നു എന്ന് യാതൊരു പിടിയും കിട്ടുന്നില്ല. മൊത്തം കണ്‍‌ഫ്യൂഷന്‍.

ഉദാഹരണത്തിന് ഹോമിയോപ്പതിയെപ്പറ്റിയുള്ള ജോസഫ് ആന്റണിയുടെ ലേഖനം നോക്കാം. അദ്ദേഹത്തിന്റെ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ കണ്‍ഫ്യൂഷനൊന്നുമില്ലാതെ ഹോമിയോപ്പതി ഇതുവരെയുള്ള അറിവ് വെച്ച് പൂര്‍ണ്ണമായും തെറ്റാണോ എന്ന് പറയാന്‍ പറ്റുമോ എന്നൊന്ന് നോക്കി. എന്തായാലും ഹോമിയോപ്പതി മേഡ് ഇന്‍ ഇന്ത്യ അല്ലാത്തതുകാരണം സ്വദേശിവികാരം, സായിപ്പ് നമ്മളെ പറ്റിക്കുന്നു തുടങ്ങിയ വികാരങ്ങളൊന്നും അതിന്റെ കാര്യത്തിലെങ്കിലും ഉണ്ടാവില്ലല്ലോ. അതുകൊണ്ട് അധികം ബീപ്പീ കൂട്ടാ‍തെതന്നെ അതിനെപ്പറ്റി അന്വേഷിക്കാമല്ലോ എന്ന് കരുതി. ശരിയാണെങ്കിലും തെറ്റാണെങ്കിലും രണ്ടുമാണെങ്കിലും രണ്ടുമല്ലെങ്കിലും നോ പിരോബിളം.

പതിവുപോലെ ഇവിടെയും എന്റെ ആശ്രയം ഇന്റര്‍നെറ്റ് മാത്രം. അവിടാണെങ്കില്‍ നെല്ലും പതിരും തിരിച്ചറിയുക എന്ന് പറഞ്ഞാല്‍ ഹോമിയോപ്പതി സ്വല്പമെങ്കിലും കൊള്ളാമോ മൊത്തത്തില്‍ തട്ടിപ്പാണോ എന്ന് തെളിയിക്കുന്നതിനെക്കാളും പാട്. എന്തായാലും ഇത്തരം കാര്യങ്ങളില്‍ സേര്‍ച്ച് നടത്തി ആദ്യം നോക്കുന്നത് കിട്ടുന്ന സൈറ്റുകള്‍ എത്രമാത്രം ആധികാരികമാണെന്നും വിശ്വാസയോഗ്യമാണെന്നും നിര്‍വികാരമാണെന്നുമാണ്. നിര്‍വികാരം വളരെ പ്രധാനമാണെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് ഹോമിയോപ്പതി തെറ്റാണെന്ന് തെളിയിക്കാന്‍ വേറേ എങ്ങും പോകണ്ട-ജയിംസ് റാണ്ടിയുടെ അടുത്ത് പോയാല്‍ മതി. പക്ഷേ പ്രശ്‌നം ബെറ്റാണ്. അദ്ദേഹം ബെറ്റ് വെച്ചിരിക്കുന്നതുകൊണ്ട് ഹോമിയോപ്പതി ബൈ ഡിഫോള്‍ട്ട് ശരിയാണ് എന്നൊന്നുമില്ല. എങ്കിലും ഈ ബെറ്റ് വെച്ചൊക്കെ വെല്ലുവിളിക്കുന്നവരോട് എന്തോ ഒരിത്-സംഗതി പുള്ളി നൂറുശതമാനം ശരിയാണെങ്കില്‍ തന്നെ. കാരണം ബെറ്റ് വെക്കലൊക്കെ പിന്നെ സത്യം അറിയുക എന്നതിനെക്കാള്‍ ബെറ്റില്‍ ഫോക്കസ് ചെയ്യുമോ എന്നൊരു കണ്‍‌ഫ്യൂഷന്‍. അങ്ങിനെയൊന്നുമില്ലായിരിക്കും. എന്തായാലും റാന്‍ഡിയുടെ മില്ല്യണ്‍ ഡോളര്‍ ആരും ഇതുവരെ വാങ്ങിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ വാങ്ങിച്ചിട്ടില്ല എന്നേ ഞാന്‍ തല്‍ക്കാലം കരുതൂ-ഹോമിയോപ്പതി ശരിയാണോ തെറ്റാണോ എന്ന് അതുകൊണ്ട്, ആ ഒരു കാര്യം കൊണ്ട് മാത്രം, അര്‍ത്ഥമാക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

പിന്നെ ആ ചര്‍ച്ചകളില്‍ കണ്ട സൈറ്റുകളില്‍ American Council on Science and Health ഉം The National Council Against Health Fraud ഉം സ്വല്പം വിവാദങ്ങളിലൊക്കെ അകപ്പെട്ട് അത്ര നിഷ്‌പക്ഷമല്ല എന്ന തോന്നലില്‍ അവയും നോക്കിയില്ല. ACSH-നെപ്പറ്റിയുള്ള വിക്കിലേഖനം ഇവിടെ. NCAHF-നെപ്പറ്റിയുള്ളത് ഇവിടെ. ഇവരുടെയൊക്കെ വിമര്‍ശകരില്‍ ഹോമിയോപ്പതിക്കാരും അക്യുപങ്‌ചറുകാരുമൊക്കെ ധാരാളമുണ്ടെങ്കിലും മൊത്തത്തില്‍ എനിക്ക് കിട്ടിയ ഒരു ഫീലിംഗ് അവര്‍ അത്ര നിഷ്‌പക്ഷരല്ല എന്നാണ്.

അങ്ങിനെ നെല്ലാണോ പതിരാണോ എന്നൊന്നുമറിയാതെ ഒരു വിധത്തില്‍ ഒരു വേര്‍തിരിവൊക്കെ നടത്തി അവസാനം അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, വിക്കിപ്പീഡിയ എന്നീ സൈറ്റുകളിലൊക്കെയെത്തി. എന്‍.ഐ.എച്ച് ഹോമിയോപ്പതിയെപ്പറ്റി പറയുന്ന പേജ് ഇവിടെ. അതും വായിച്ച് പിന്നെ വിക്കിയും വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഹോമിയോപ്പതി ആക് മൊത്ത് ടോട്ടല്‍ തട്ടിപ്പാണ് എന്ന് പറയാന്‍ എന്തോ ഒരു പ്രശ്‌നം. അതുതന്നെ, കണ്‍ഫ്യൂഷന്‍. ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വം തന്നെ തെറ്റാണെങ്കില്‍ പിന്നെ എന്തിനാണ് എന്‍.ഐ.എച്ച് പിന്നെയും അതിലെ ഗവേഷണങ്ങള്‍ക്ക് കാശ് മുടക്കുന്നത്? എന്തുകൊണ്ടാണ് അവര്‍ ഇത് തട്ടിപ്പാണ്, ആരും ഇതില്‍ വിശ്വസിക്കരുത് എന്നൊക്കെ അമേരിക്കക്കാരോട് പറയാത്തത് എന്നൊക്കെയായി കണ്‍ഫ്യൂഷന്‍.

ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വം അതേപടി തെറ്റാണെങ്കില്‍ തന്നെയും അത് തെറ്റാണോ എന്ന് നോക്കാന്‍ Professor Madeleine Ennis ലാബില്‍ ചെയ്ത് നോക്കിയപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷനായി (ഇവിടുണ്ട് - പഴയ വാര്‍ത്തയാണേ).പിന്നെ റാന്‍ഡിയുടെ സാന്നിദ്ധ്യത്തില്‍ ചെയ്ത് നോക്കിയപ്പോള്‍ അവര്‍ക്ക് പിന്നെയും കണ്‍ഫ്യൂഷനായി-കാരണം ലാബില്‍ ചെയ്ത റിസല്‍ട്ടല്ല റാന്‍ഡിയുടെ സാന്നിദ്ധ്യത്തില്‍ ചെയ്തപ്പോള്‍ (ദോ ഇവിടെ).

(പക്ഷേ ഹോമിയോപ്പതി വേണ്ട മോഡേണ്‍ മെഡിസിനിലെയോ മോഡേണ്‍ സയന്‍സിലെയോ കാക്കത്തൊള്ളായിരം പരീക്ഷണങ്ങള്‍ ഇങ്ങിനെ ആള്‍ക്കാരൊക്കെ നോക്കിനില്‍‌ക്കെ ചെയ്താല്‍ പലര്‍ക്കും കൈവിറയ്ക്കും. ബില്‍‌ഗേറ്റ്‌സ് നോക്കി നിക്കെയായിരുന്നെങ്കില്‍ വിന്‍ഡോസൊക്കെ ഇതുപോലെ ഉണ്ടാവുമായിരുന്നോ? - തമാശയാണേ. പരീക്ഷണങ്ങളുടെ റിപ്പീറ്റബിലിറ്റിയും റീപ്രൊഡ്യൂസബിലിറ്റിയും വളരെ പ്രധാനം. വൈദ്യശാസ്ത്രമേഖലകളില്‍ കാക്കത്തൊള്ളായിരം ട്രയലും മറ്റും നടത്തി കണ്‍ഫേം ചെയ്ത് തന്നെ വേണം മരുന്നൊക്കെ റിലീസ് ചെയ്യാന്‍. കൈവിറ, കാല്‍‌വിറ മുതലായ ഒഴിവുകഴിവുകളെയൊന്നും ന്യായീകരിക്കുകയല്ല).

എന്തൊക്കെയായാലും കഴിഞ്ഞ ഒരാഴ്ചയായി ഹോമിയോപ്പതിയെപ്പറ്റിയുള്ള ഓണ്‍ലൈന്‍ ഗവേഷണം നടത്തിക്കഴിഞ്ഞപ്പോള്‍ എന്‍.ഐ.എച്ച്, വിക്കി മുതലായ സൈറ്റുകളൊക്കെ സന്ദര്‍ശിച്ചതിനു ‍ശേഷവും എങ്ങിനെ നമ്മളില്‍ ചിലര്‍ ഇത്ര ആത്മവിശ്വാസത്തോടെ ഹോമിയോപ്പതി ശരിയല്ല എന്നൊക്കെ പറയുന്നൂ എന്നോര്‍ത്ത് എനിക്ക് കണ്‍ഫ്യൂഷനായി.

ഇതുപോലെതന്നെ, ജോസഫ് ആന്റണിയുടെ ആ പോസ്റ്റുകളിലെ കമന്റുകളില്‍ അക്യുപങ്‌ചറിനെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. അവിടെയും ഞാന്‍ ഒരു ഓണ്‍ലൈന്‍ സേര്‍ച്ച് നടത്തിക്കഴിഞ്ഞപ്പോള്‍ എന്‍.ഐ.എച്ച് ഇവിടെ പറയുന്നത് ഇങ്ങിനെയൊക്കെയാണ് (ഇത് പത്ത് കൊല്ലം പഴക്കമുള്ള റിപ്പോര്‍ട്ടാണ്):

Acupuncture as a therapeutic intervention is widely practiced in the United States. While there have been many studies of its potential usefulness, many of these studies provide equivocal results because of design, sample size, and other factors. The issue is further complicated by inherent difficulties in the use of appropriate controls, such as placebos and sham acupuncture groups. However, promising results have emerged, for example, showing efficacy of acupuncture in adult postoperative and chemotherapy nausea and vomiting and in postoperative dental pain. There are other situations such as addiction, stroke rehabilitation, headache, menstrual cramps, tennis elbow, fibromyalgia, myofascial pain, osteoarthritis, low back pain, carpal tunnel syndrome, and asthma, in which acupuncture may be useful as an adjunct treatment or an acceptable alternative or be included in a comprehensive management program. Further research is likely to uncover additional areas where acupuncture interventions will be useful

അവര്‍ ഇങ്ങിനെ കണ്‍ക്ലൂഡ് ചെയ്ത് കണ്‍ഫ്യൂസ് ചെയ്യിക്കുന്നു‍:

There is sufficient evidence of acupuncture's value to expand its use into conventional medicine and to encourage further studies of its physiology and clinical value.

ഇതൊക്കെ വായിച്ച് കഴിഞ്ഞ് എങ്ങിനെ നമ്മള്‍ യാതൊരു ഉല്‍‌പ്രേക്ഷയുമില്ലാതെ ഇത് ശരിയാണോ തെറ്റാണോ എന്നുള്ള നിഗമനങ്ങളില്‍ എത്തും എന്നാലോചിച്ച് പിന്നെയും കണ്‍ഫ്യൂഷന്‍. ഹോമിയോപ്പതിയുടെ കാര്യത്തിലാണെങ്കില്‍ പലതും തെളിയിക്കാന്‍ പറ്റുന്നില്ല എന്നത് ശരിതന്നെ. പക്ഷേ തെളിയിക്കാന്‍ പറ്റുന്നില്ല എന്നത് തെറ്റാണെന്നതിന് തെളിവല്ലല്ലോ. അതുപോലെ പ്ലാസിബോ ഇഫക്റ്റ് ആണ് ഹോമിയോപ്പതിയുടെ വിജയത്തിന് ഒരു പ്രധാനകാരണമായി പറയുന്നത്. പക്ഷേ ഇഞ്ചി ഇവിടെ പറഞ്ഞതുപോലെ കുഞ്ഞുങ്ങളില്‍ പ്ലാസിബോ ഇഫക്റ്റ് വര്‍ക്ക് ചെയ്യണമെന്നില്ലല്ലോ. അവര്‍ക്കെങ്ങിനെ ഹോമിയോപ്പതി പലപ്പോഴും ഇഫക്റ്റീവ് ആയി കാണുന്നു? ഈ ചോദ്യങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ എങ്ങിനെ ആത്മവിശ്വാസത്തോടെ ഹോമിയോപ്പതി ശരിയല്ല എന്ന് നമുക്ക് പറയാന്‍ പറ്റും എന്നതാണ് എന്റെ കണ്‍‌ഫ്യൂഷന്‍. അതുപോലെതന്നെ അക്യുപങ്‌ചറും.

ജ്യോതിഷതെപ്പറ്റി പണ്ട് നടന്ന ചര്‍ച്ചകളില്‍ കേട്ട ഒരു കാര്യം അതൊക്കെ കപടശാസ്ത്രമായതുകാരണം സായിപ്പൊക്കെ പണ്ടേ അതിനെപ്പറ്റിയുള്ള പഠനങ്ങളൊക്കെ നിര്‍ത്തി, നമ്മളും അതൊക്കെ കണ്ട് പഠിക്കണമെന്നായിരുന്നു. ആ ലോജിക്ക് ഇവിടെ കൊണ്ടുവന്നാല്‍ ഹോമിയോപ്പതിയെപ്പറ്റിയൊക്കെ സായിപ്പ് ഇപ്പോഴും പഠനം നടത്തുന്നുണ്ടല്ലോ. അതുകൊണ്ട് അതൊക്കെ മൊത്തത്തില്‍ കപടമാണെന്ന് പറയാന്‍ പറ്റുമോ?

കൈമള്‍: ഹോമിയോപ്പതിയെപ്പറ്റിയും അക്യുപങ്‌ചറിനെപ്പറ്റിയും ഞാന്‍ ഒരു പഠനവും നടത്തിയിട്ടില്ല. അതിനെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഉള്ള വിവരം അക്കാര്യങ്ങളില്‍ എനിക്കില്ല. ഹോമിയോപ്പതി ശരിയല്ല എന്ന് എനിക്ക് തോന്നിയ രീതിയില്‍ ചില കമന്റുകള്‍ കണ്ടപ്പോള്‍ അത്രയ്ക്കങ്ങ് ഉറപ്പിക്കാമോ എന്ന് നോക്കി, അതിന്റെ അടിസ്ഥാനത്തില്‍‍ നടത്തിയ വെറും ഇന്റര്‍നെറ്റ് അന്വേഷണങ്ങളില്‍ നിന്ന് മാത്രം ഉടലെടുത്ത കണ്‍ഫ്യൂഷന്‍ ഇവിടെ പറഞ്ഞു എന്ന് മാത്രം. പ്രധാനമായും എന്‍.ഐ.എച്ചിന്റെ സൈറ്റാണ് എനിക്ക് കണ്‍ഫ്യൂഷന്‍ തന്നത്, കുറയൊക്കെ വിക്കിപ്പീഡിയയും. ഞാന്‍ മനസ്സിലാക്കിയിടത്തോളം ആധികാരികമായ ഒരു പ്രസ്ഥാനമാണ് അമേരിക്കയിലെ എന്‍.ഐ.എച്ച്. ഹോമിയോപ്പതി തെറ്റാണെന്ന് ശാസ്ത്രീയമായി, അസന്നിഗ്ദമായി തെളിയിക്കാന്‍ പറ്റിയാല്‍ എന്റെ പൂര്‍ണ്ണ പിന്തുണ അതിന്. പക്ഷേ അവിടെയും കണ്‍ഫ്യൂഷനുണ്ടെങ്കില്‍ പിന്നെ ഇത് തെറ്റുതന്നെ എന്ന് നമുക്ക് എങ്ങിനെ പറയാന്‍ പറ്റും എന്നതാണ് എന്റെ കണ്‍ഫ്യൂഷന്‍. എന്തായാലും ഞാന്‍ ഇക്കാര്യത്തില്‍ ഫൂള്‍‌ലി ഓപ്പണ്‍.

Labels: , , , , ,