Tuesday, August 15, 2006

ജയചന്ദ്രന്‍ റ്റാറ്റാ യേശുദാസ് ലൈലാന്റ്

നമ്മള്‍ മലയാളിയുടെ നവരസങ്ങളില്‍ കൈമള്‍ ചേട്ടന്‍ പറഞ്ഞിരുന്നു, അത് എന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കുറിപ്പാണെന്ന്. ആ നവരസങ്ങള്‍ നവം ഗുണം നവം സമം നവസ്ക്വയര്‍ രീതിയില്‍ എന്നില്‍ പ്രതിഫലിക്കുന്നുണ്ട്, ചെറുപ്പകാലം മുതല്‍ തന്നെ.

ആര് എന്തുപറഞ്ഞാലും, അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും, എനിക്കറിയാമെങ്കിലും ഇല്ലെങ്കിലും കണ്ണടച്ചെതിര്‍ക്കുക എന്നുള്ളത് എന്റെ വളരെ നല്ല ഒരു സ്വഭാവമായിരുന്നു (എന്നാണ് ഞാന്‍ കരുതിയിരുന്നത്). എന്ത് കാര്യവും, പ്രത്യേകിച്ചും വീട്ടില്‍ ചേട്ടന്‍, അനിയന്‍ മുതലായവര്‍ പറഞ്ഞാല്‍, ആ നിമിഷം എന്റെ ബീപ്പി കൂടും, നെഞ്ചിടിപ്പ് പതിന്മടങ്ങാകും. കണ്ണുകള്‍ പതിയെ അടയും, ഞരമ്പുകള്‍ വലിഞ്ഞുമുറുകും. പേശികള്‍ ബലവത്താകും, ഉള്ള മസിലുകള്‍ (വളരെ കുറച്ചേ ഉള്ളൂ എങ്കിലുമെന്താ, ഉണ്ടല്ലോ) ദൃഢമാകും- ഞാനെതിര്‍ക്കും, ശക്തിയുക്തം തന്നെ എതിര്‍ക്കും. എന്റെ ലോജിക്ക് സിമ്പിള്‍. പറയുന്നതിന് ഓപ്പോസിറ്റ് പറയുക. അതാണ് ശരിയെന്ന് സ്ഥാപിക്കുക. ഇനി ഓപ്പോസിറ്റ് അറിയില്ലെങ്കില്‍ അവര്‍ പറഞ്ഞതല്ല ശരി, വേറേ എന്തോ (അതെന്താണെന്ന് ചോദിക്കരുതേ) ആണ് ശരി എന്ന് ഉറക്കെയുറക്കെ പറയുക, അലറുക, വേണ്ടിവന്നാല്‍ കരയുക. പലപ്പോഴും എന്റെ ഹിസ്റ്റീരിയ കണ്ട് എതിരാളികള്‍ തോല്‍‌വി എന്റെ മുന്നില്‍ വെച്ച് സമ്മതിച്ചിട്ട് അപ്പുറത്തെ മുറിയില്‍ പോയിരുന്ന് ചിരിക്കും. ചിലപ്പോള്‍ അവര്‍ക്കും വാശിയാകും. അപ്പോള്‍ എന്റെ കാര്യം അവതാളത്തിലാകും. കാരണം, അപ്പോള്‍ നവരസങ്ങളിലെ രണ്ടാം രസമായ പിടിവാശി, മുയല്‍ കൊമ്പ് മൂന്ന് മുതലായവ പ്രയോഗിച്ചേ പറ്റൂ. ഒരിക്കല്‍ അടര്‍ക്കളത്തില്‍ ഇറങ്ങിയാല്‍ തോറ്റു പിന്മാറുന്ന പ്രശ്‌നം ഇല്ലാത്തതുകാരണം ചില മുയലിനെയൊക്കെ കിട്ടിയാല്‍ അതിന്റെ ഇല്ലാത്ത മൂന്നു കൊമ്പിലും പിടിച്ച് വര്‍ഷങ്ങളോളം ഇരിക്കേണ്ടി വന്നിട്ടുണ്ട്. ചില മുയലൊക്കെ ഇപ്പോഴും കയ്യിലിരിപ്പുണ്ട്, അതിന്റെ മൂന്നു കൊമ്പുമായി. പക്ഷേ കാലാന്തരത്തില്‍ അപൂര്‍വ്വം ചില മുയലുകള്‍ക്ക് ഒരു ചെറിയ കൊമ്പൊക്കെ മുളച്ചില്ലേ എന്നൊരു സംശയവുമുണ്ട് കേട്ടോ (ഈ പ്രത്യാശയും നവരസപിടിവാശിയോടനുബന്ധിച്ചുണ്ടാവുന്നതാണോ ആവോ)

അങ്ങിനെ എന്റെ കൈയ്യില്‍ ഇരുന്ന രണ്ട് ഹൈപ്രൊഫൈല്‍ മുയലുകളായിരുന്നു പാട്ടുകാരന്‍ ജയചന്ദ്രനും പാട്ടവണ്ടി ടാറ്റായും.

ഈ ജയചന്ദ്രനും ടാറ്റായും ഒക്കെ ഏതാണ്ട് ഒരേ കാലയളവില്‍ ഉണ്ടായ പ്രതിഭാസങ്ങളാണെന്ന് തോന്നുന്നു-രണ്ടിലോ, മൂന്നിലോ, നാലിലോ അഞ്ചിലോ ആറിലോ ഒക്കെ പഠിക്കുമ്പോള്‍. അക്കാലങ്ങളില്‍ എന്റെ റോള്‍ മോഡല്‍ എന്റെ ചേട്ടനായിരുന്നു (ആരാധനയായിരുന്നോ എന്നറിയില്ല, ചിലപ്പോള്‍ ചിലര്‍ ആരാധന മൂത്ത് വയലന്റാവില്ലേ, അതായിരുന്നിരിക്കും). ചേട്ടന്‍ എന്ത് പറഞ്ഞാലും അതിനെ ശക്തിയുക്തം എതിര്‍ക്കുക എന്നതായിരുന്നു എന്റെ ജീവിത വ്രതം. എന്റെ ബുദ്ധി തന്നെ എനിക്ക് പിടിച്ചാല്‍ കിട്ടുന്നില്ല, അപ്പോള്‍ ചേട്ടച്ചാരുടെ മൂന്നുകൊല്ലം മൂത്ത ബുദ്ധിയുടെ കാര്യം പറയാനുണ്ടോ! പുള്ളിക്ക് കൊള്ളാവുന്ന സാധനങ്ങള്‍ കൊള്ളാവുന്നതാണെന്ന് മനസ്സിലാക്കാന്‍ വലിയ സമയം ഒന്നും വേണ്ടായിരുന്നു. മാത്രവുമല്ല, അതാണ് കൊള്ളാവുന്നതെന്ന് ഉറക്കെ പറയുകയും, അത് കേട്ടാലുടന്‍ മുകളില്‍ പറഞ്ഞ പേശീനാഡീഞരമ്പ്‌മസില്‍ വലിവ് എനിക്കുണ്ടാവുകയും ചെയ്യും. പിന്നെ എനിക്ക് കിട്ടുന്നത് ഏറ്റവും ബെസ്റ്റ് മൈനസ് വണ്‍ സാധനം മാത്രം.

ഒരു ദിവസം റേഡിയോയില്‍ ചിരിയോ ചിരിയിലേയോ മറ്റോ ഒരു പാട്ട് കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ ആ പാട്ട് നന്നായി ആസ്വദിച്ചുകൊണ്ടിരിക്കുന്നു. സംഗീത സംവിധായകന്‍ രവീന്ദ്രന്റെ പാട്ടുകളൊക്കെ തിരിച്ചറിയാന്‍ എളുപ്പമാണെന്നും (മിക്ക പാട്ടുകള്‍ക്കുമിടയ്ക്ക് സ്പീഡില്‍ പാട്ട് പോകുന്ന പരിപാടി രവീന്ദ്രനുണ്ടല്ലോ) ഒക്കെ ചേട്ടച്ചാര്‍ പറഞ്ഞുകൊണ്ടിരുന്നു. അങ്ങിനെ സിനിമ, സംഗീതം, സംഗീത സംവിധായകന്‍ ഇവയെപ്പറ്റിയൊക്കെ പറഞ്ഞ് പറഞ്ഞ് പോകുന്നതിനിടയില്‍ ദേഹം ഒരു പ്രഖ്യാപനം നടത്തി:

“എനിക്കിഷ്ടം യേശുദാസിന്റെ പാട്ടാണ്”

എന്റെ പേശികള്‍, നാഡികള്‍, ഞരമ്പ്, മസില്‍, എല്ലാം വലിഞ്ഞു മുറുകി. എന്റെ ശരീരം ഒരു പ്രത്യേക ആകൃതിപൂണ്ടു. കണ്ണുകളടഞ്ഞു. ഒരു നിമിഷം ചിന്തിച്ചു. ആരാണ് യേശുദാസിന് ബദല്‍. അന്ന് ഒരാളെ മാത്രമെ പരിചയമുള്ളൂ-ജയചന്ദ്രന്‍. ഞാന്‍ അലറി:

“ഒന്ന് പോ, യേശുദാസിന്റെ പാട്ട് എന്തിനു കൊള്ളാം, എനിക്കിഷ്ടം ജയചന്ദ്രന്റെ പാട്ടുകളാണ്, ജയചന്ദ്രന്റെയാണ് ബെസ്റ്റ് പാട്ടുകള്‍”

അന്ന് തുടങ്ങി എന്റെ കഷ്ടകാലം. യേശുദാസ് പത്ത് പാട്ട് പാടുമ്പോഴേ ജയചന്ദ്രന്‍ ഒരു പാട്ട് പാടൂ. അങ്ങിനത്തെ പത്ത് ജയചന്ദ്രന്‍ പാട്ടുകളിലേ എനിക്കുപോലും ഇഷ്ടപ്പെട്ട ഒരു പാട്ട് ഉണ്ടാവൂ (ഇതൊക്കെ അന്നത്തെ അഭിപ്രായം ആണ് കേട്ടോ- ഇപ്പോള്‍ എന്റെ അഭിപ്രായത്തില്‍ എന്റെ ജയചന്ദ്രന്‍ മുയലിനും കൊമ്പൊക്കെ കിളിര്‍ക്കുന്നുണ്ട്). ഒരു രക്ഷയുമില്ല. ഇതിനിടയ്ക്ക് നമ്മളെ ആക്കാന്‍ ചേട്ടച്ചാര്‍ യേശുദാസിന്റെ നല്ല പാട്ടുകളൊക്കെ ഒരു എക്സ്‌ട്രാ എഫര്‍ട്ടെടുത്ത് ആസ്വദിക്കാനും തുടങ്ങി. ഉച്ചയ്ക്കലത്തെ രഞ്ജിനിയില്‍ ഒരു മണിക്കൂര്‍ മൊത്തം റേഡിയോയുടെ കീഴെ (കെല്‍‌ട്രോണിന്റെ നൂറു രൂപയ്ക്ക് കിട്ടുന്ന ടാക്സ് വേണ്ടാത്ത റേഡിയോ ഞങ്ങള്‍ പണിയാതിരിക്കാന്‍ അച്ഛന്‍ വാതിലിന്റെ മുകളില്‍ ചാക്കുനൂലുകൊണ്ട് കെട്ടിവെച്ചിരിക്കുകയായിരുന്നു) കുത്തിയിരുന്നാലേ ഒന്നോ രണ്ടോ ജയചന്ദ്രന്‍ പാട്ട് കിട്ടൂ. അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തലയാട്ടി ആസ്വദിക്കാനായിരുന്നു എന്റെ വിധി.

ഇതിനിടയ്ക്ക് ചില ഗള്‍ഫ് പ്രവാസികളും എനിക്ക് ആവുന്നത്ര പാര വെച്ചു. യേശുദാസിന്റെ “ഓ മൃദുലേ, ഹൃദയമുരളിയിലൊഴുകി വാ” എന്ന പാട്ട് അവരെയൊക്കെ വല്ലാതെ വശീകരിച്ചു എന്നൊക്കെ പറഞ്ഞ് പത്രത്തില്‍ പരസ്യം കൊടുത്തു അണ്ണന്മാര്‍. ഇത്തരം വാര്‍ത്തകളൊക്കെ എല്ലാവരുടേയും മുന്നില്‍ വെച്ച് ഉറക്കെ മാത്രമേ ചേട്ടന്‍ വായിക്കൂ. മനോരമ ഓഫീസ് കത്തിച്ചാലോ എന്നുവരെ ആലോചിച്ച സന്ദര്‍ഭങ്ങള്‍. ചില പാട്ടുകളൊക്കെ നന്നായി ആസ്വദിച്ച് തലയാട്ടിയൊക്കെ ഇരിക്കുമ്പോഴായിരിക്കും മനസ്സിലാവുന്നത്, അത് യേശുദാസ് പാടിയതാണെന്ന്. ചുറ്റും നോക്കും. ആരും തലയാട്ടല്‍ കണ്ടില്ലെങ്കില്‍ സമാധാനമായി. ചില പാട്ടൊക്കെ മൂളി പകുതിയാകുമ്പോള്‍ ചേട്ടന്റെ ആക്കിയുള്ള ചിരി കാണുമ്പോഴാണ് അബദ്ധം മനസ്സിലാവുന്നത്. പെട്ടെന്ന് ട്രാക്ക് മാറ്റും. ചില പാട്ട് പാടിയതാരാണെന്നൊന്നും കേള്‍ക്കാതെ ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍ ചേട്ടച്ചാര്‍ നിഷ്‌കളങ്കമായി ചോദിക്കും:

“ഈ പാട്ടിഷ്ടപ്പെട്ടോടാ”

പിള്ള മനസ്സില്‍ കളങ്കമില്ലല്ലോ. നിഷ്‌കളങ്കമായി ഞാന്‍ ഉത്തരം പറയും:

“പ്യിണ്ണേ... നല്ല ഒന്നാന്തരം പാട്ട്”

എല്ലാവരുടേയും മുന്നില്‍ വെച്ചേ ഇങ്ങനെയൊക്കെ ചോദിക്കൂ. എല്ലാവരും കൂടി പൊട്ടിച്ചിരിയാണ് പിന്നെ. അപ്പോഴാണ് മനസ്സിലാവുന്നത്, സംഗതി പാടിയിരിക്കുന്നത് എന്റെ ആജന്മ എതിരാളിയായ ദാസേട്ടാനാണെന്ന്.

ഇതിനിടയ്ക്ക് നഖക്ഷതങ്ങള്‍ റിലീസായി. പാട്ടൊക്കെ സൂപ്പര്‍ ഹിറ്റ്. പത്രത്തില്‍ വായിച്ച് അതില്‍ ഏതോ ഒരു പാട്ട് ജയചന്ദ്രന്‍ പാടിയതാണെന്ന് അറിയാം. പക്ഷേ ഏത് പാട്ടാണെന്ന് പിടികിട്ടിയില്ല. ആരേയും ഭാവ ഗായകനാക്കും ആകാന്‍ വഴിയില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. പിന്നെയുള്ളത് നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ എന്ന പാട്ടാണ്. കേട്ടിട്ട് ഒരു ജയചന്ദ്രന്‍ ചുവയൊക്കെയുണ്ട്. ഞാനുറപ്പിച്ചു. അത് ജയചന്ദ്രന്‍ പാടിയതു തന്നെ. നല്ല പബ്ലിസിറ്റി കൊടുത്തു. നഖക്ഷതങ്ങളിലെ ബെസ്റ്റ് പാട്ട് നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ തന്നെ. ഭാഗ്യത്തിന് അന്ന് വീട്ടില്‍ കാസറ്റ് പ്ലെയര്‍ തുടങ്ങിയ സംഗതികളൊന്നുമില്ല. പലപ്പോഴും ഈ പാട്ട് റേഡിയോയില്‍ വരുമ്പോള്‍ ആരാണ് പാടിയതെന്ന് ആരും കേള്‍ക്കാറില്ല. ചേട്ടച്ചാര്‍ക്കും കണ്‍‌ഫ്യൂഷനായെന്ന് തോന്നുന്നു. പുള്ളിയും ഇക്കാര്യത്തില്‍ ഉടക്കാന്‍ വന്നില്ല. പക്ഷേ ഒരു ദിവസം അമ്മവീട്ടില്‍ പോയപ്പോള്‍ അവിടെ നഖക്ഷതങ്ങളുടെ കാസറ്റിന്റെ പുറത്ത് എഴുതി വെച്ചിരിക്കുന്നു, നീരാടുവാന്‍- യേശുദാസ്; കേവലം മര്‍ത്യ...- ജയചന്ദ്രന്‍. ഉള്ളത് പറഞ്ഞാല്‍ ആ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാത്ത പാട്ട് ആ ജയചന്ദ്രന്‍ ഗാനമായിരുന്നു.

അമ്മൂമ്മയുടെ പിറന്നാളിനോ മറ്റോ ഒത്തുകൂടിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ഞാന്‍ എന്റെ മുയലിനെ അന്ന് കൂട് തുറന്ന് പുറത്തുവിട്ടു.

(പക്ഷേ അതൊക്കെ കഴിഞ്ഞ് വളരെ നാളുകള്‍ക്ക് ശേഷമാണ് ജയചന്ദ്രന്റെ പല പഴയ നല്ല പാട്ടുകളും ഞാന്‍ കേള്‍ക്കാനും ആസ്വദിക്കാനും തുടങ്ങിയത്. എന്റെ വാദങ്ങളിലും അല്പസ്വല്പം ശരിയൊക്കെയുണ്ടെന്ന് തെളിയാന്‍ ചിലപ്പോള്‍ നൂറ്റാണ്ടുകളെടുത്തേക്കാം എന്ന വിശ്വാസത്തില്‍ ഇപ്പോഴും ഞാന്‍ ചില മുയലുകളുടെയൊക്കെ കൊമ്പില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നു).

അതേ കാലയളവിലുണ്ടായ മറ്റൊരു ദുരന്തമായിരുന്നു, എന്റെ ടാറ്റാവണ്ടി പ്രേമം. ചെറുപ്പത്തിലേ പേരെടുത്ത ഒരു എക്‍സ്‌പീര്യന്‍സ്‌ഡ് ഡ്രൈവര്‍ ആയിരുന്നു ഞാന്‍-അരവിന്ദനെപ്പോലെ. ചേട്ടച്ചാരുടെ ആയതുകാരണം എപ്പോഴും ഊരിപ്പോകുന്ന നിക്കര്‍ വാഴവള്ളികൊണ്ട് കെട്ടിവെച്ച് നാക്ക് പുറത്തേക്ക് നീട്ടി കൈകൊണ്ട് സ്റ്റിയറിംഗ് ഒക്കെ വളച്ച് ഗിയറുകള്‍ അപ്/ഡൌണ്‍ ചെയ്ത് വീടിനു ചുറ്റും വണ്ടിയോടിക്കുമ്പോള്‍ എന്റെ മനസ്സില്‍ എപ്പോഴും ലൈലാന്റ് വണ്ടിയായിരുന്നു. നാക്ക് നേരേ പുറത്തേക്ക് തള്ളി നാക്കിനു മുകളില്‍ കൂടി ശ്വാസം പുറത്തേക്ക് വിട്ട് ശബ്ദമുണ്ടാക്കിയാലേ തിയറിപ്രകാരം ലൈലാന്റിന്റെ ഒച്ച വരൂ. ടാറ്റായുടെ ഒച്ച വരണമെങ്കില്‍ നാക്ക് അകത്തുതന്നെയിട്ട്, ചുണ്ട് രണ്ടും ചേര്‍ത്ത് വെച്ച് വായു പുറത്തേക്ക് വിടണം. ലൈലാന്റിന്റെ ഒച്ചയുടെ ഗാംഭീര്യമൊന്നും ടാറ്റായ്ക്കില്ലായിരുന്നു (വളരെ ചെറുപ്പത്തിലേ ഇതൊക്കെ കണ്ടുപിടിച്ച എന്റെ ബുദ്ധിയില്‍ ഇതെഴുതുമ്പോഴാണ് ആദ്യമായി എനിക്കഭിമാനം തോന്നുന്നത്-പക്ഷേ എന്റെ പല്ലുന്തി ഫോട്ടോ ഫ്രെയിം ചെയ്യാന്‍ പോലും പറ്റാത്ത ഗതിയായത് ആ വണ്ടിയോടിക്കലായിരുന്നു എന്നാണ് വിദഗ്ദമതം). അതുപോലെ ലൈലാന്റിന്റെ പൊങ്ങിനില്‍ക്കുന്ന ആ ഗിയര്‍ ഡൌണ്‍ ചെയ്യുമ്പോളുള്ള സുഖം വല്ലതും ടാറ്റായുടെ ഒന്ന് പൊങ്ങി പിന്നെ വളഞ്ഞ് പിന്നെ ഒന്നുകൂടി പൊങ്ങിയുള്ള ഗിയറിനുണ്ടോ. മാത്രവുമല്ല, ചില കെയെസ്സാര്‍ട്ടീസീ ബസ്സിലെ ഡ്രൈവര്‍മാര്‍ ടാറ്റാ ഗിയര്‍ രണ്ടു കൈകൊണ്ടും പൊത്തോ എന്ന് പറഞ്ഞ് മാറ്റുന്നതിന്റെ ഞങ്ങള്‍ ഗിയര്‍ മാറ്റുക എന്നല്ല ഗിയര്‍ ഇടുക എന്നാണ് പറഞ്ഞിരുന്നത്. ഏതോ വലിയ കുഴിയില്‍ ഈ സാധനം കൊണ്ടുപോയി ഇടുന്ന രീതിയിലായിരുന്നു അവര്‍ അത് ചെയ്തുകൊണ്ടിരുന്നത്. അങ്ങിനെ എന്റെ സങ്കല്പത്തിലൊന്നും ഒരു ടാറ്റാവണ്ടി കടന്നുവന്നിരുന്നില്ല. ഞാനെപ്പോഴും ലൈലാന്റിന്റെ ആരാധകന്‍.

പക്ഷേ ഇവിടേയും ചേട്ടന്‍ എന്നെ തോല്‍‌പിച്ചു. ഇഷ്ടമാണെങ്കില്‍ പിന്നെ അത് ഉടന്‍ തന്നെ പ്രഖ്യാപിക്കണമെന്ന മാനേജ്‌മെന്റ് തത്വം ഞാനോര്‍ത്തില്ല. ഒരു ദിവസം അച്ഛന്റെ വീട്ടില്‍ പോയിട്ട് ആ വഴിയുള്ള ഏക ലൈലാന്റ് ബസ്സിന്റെ മുന്നിലത്തെ സീറ്റില്‍ ഇരുന്ന ഡ്രൈവര്‍ ഗാംഭിര്യത്തോടെ ഗിയര്‍ മാറ്റുന്നതും വളവൊടിക്കുന്നതുമൊക്കെ ആസ്വദിച്ച് പോരുന്ന വഴിയില്‍ ചേട്ടന്‍ പ്രഖ്യാപിച്ചു:

“ലൈലാന്റ് വണ്ടിയുടെ സുഖമൊന്നും ടാറ്റാവണ്ടിക്കില്ല”

പിടിവിട്ടു പോയല്ലോടാ മഹനേ എന്ന് എന്റെ മനസ്സ് പറഞ്ഞു. ചേട്ടച്ചാര്‍ പറഞ്ഞ സ്ഥിതിക്ക് ഇനി ഒരിക്കലും എനിക്ക് മനസ്സ് തുറന്ന് ലൈലാന്റ് വണ്ടിയെ ആരാധിക്കാന്‍ പറ്റില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെന്റ് സ്റ്റീഫന്‍, എക്സ്‌പോ, റോബിന്‍, കാര്‍ത്തിക, ജോളി, മേരിമാതാ, പിന്നെ കേയെസ്സാര്‍ട്ടീസിയുടെ അടിപൊളി എക്സ്‌പ്രസ്സ് ബസ്സുകള്‍ ഇവയെല്ലാം ലൈലാന്റ് വണ്ടികള്‍ മാത്രം. ടൂറിസ്റ്റ് ബസ്സുകളില്‍ ഒന്നുപോലും ടാറ്റാവണ്ടിയില്ല. എനിക്ക് ആകപ്പാടെ വെപ്രാളമായി. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. എല്ലാം കൈവിട്ട് പോയില്ലേ. ഞാന്‍ പതിവുപോലെ പ്രഖ്യാപിച്ചു, എന്റെ എല്ലാവിധ ശരീരപ്രകൃതങ്ങളോടും കൂടി;

“ഒന്ന്, പോ, പിന്നേ... ടാറ്റാ വണ്ടി തന്നെ ബെസ്റ്റ്”

കുന്തം. ഈ ടാറ്റാവണ്ടിയാണെങ്കില്‍ അറുപത് കിലോമിറ്ററില്‍ കൂടുതല്‍ സ്പീഡെടുത്താല്‍ വണ്ടി മൊത്തം വിറയ്ക്കാന്‍ തുടങ്ങും. ഡ്രൈവര്‍മാര്‍ എന്തോ പിറുപിറുത്തുകൊണ്ടു മാത്രമേ അതിന്റെ ഗിയര്‍ മാറുന്നത് ഞാന്‍ കണ്ടിട്ടുള്ളൂ. എന്തായാലും എന്റെ പ്രഖ്യാപനം കഴിഞ്ഞതില്‍ പിന്നെ ടാറ്റാവണ്ടിയില്‍ ഞങ്ങള്‍ ഒരുമിച്ച് പോയാല്‍ ചേട്ടച്ചാര്‍ ഒരു അഡീഷണല്‍ വിറയല്‍ കൂടി വിറയ്ക്കുന്നുണ്ടായിരുന്നോ എന്നൊരു സംശയം. വഴിയില്‍ വല്ല ലൈലാന്റ് വണ്ടിയും കേടായി കിടന്നാല്‍ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു. എന്റെ വാദത്തിനുവേണ്ടി എത്രമാത്രം കഷ്ടപ്പാട് സഹിക്കാനും ഞാനൊരുക്കമായിരുന്നു. വല്ല ലൈലാന്റ് വണ്ടിയിലുമാണ് കയറുന്നതെങ്കില്‍ ഈ കുന്തം വഴിയിലെവിടെയെങ്കിലും കേടാ‍കണേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ മിക്കവാറും ടാറ്റാ വണ്ടികള്‍ ആക്‍സിലൊടിഞ്ഞും, ഗിയര്‍ ബോക്സ് പോയും എഞ്ചിന്‍ ഓഫായുമൊക്കെ വഴിയില്‍ കിടക്കുമ്പോള്‍, ലൈലാന്റ് വണ്ടി മിക്കവാറും ടയര്‍ പഞ്ചറായോ അല്ലെങ്കില്‍ ഡീസല്‍ തീര്‍ന്നോ മാത്രമേ വഴിയില്‍ കിടക്കാറുണ്ടായിരുന്നുള്ളൂ. ഏതു വര്‍ക്‍ഷാപ്പിന്റെ മുന്നില്‍ കൂടി പോയാലും അവിടെ കിടക്കുന്ന വണ്ടികളുടെ കണക്കെടുക്കും. അവിടെയും പലപ്പോഴും ടാറ്റാ വണ്ടികളായിരുന്നു കൂടുതല്‍. എന്റെ ഒരു കഷ്ടകാലം, അല്ലാതെന്തു പറയാന്‍. ലൈലാന്റ് വണ്ടി കീതിരിച്ച് സ്റ്റാര്‍ട്ടാക്കുമ്പോള്‍ ടാറ്റാ വണ്ടി ഒരു സ്വച്ച് ഞെക്കിയാല്‍ സ്റ്റാര്‍ട്ടാകും എന്നുള്ള വാദത്തിനൊന്നും പുല്ലിന്റെ വില പോലുമില്ലായിരുന്നു. ആകപ്പാടെയുള്ള ആശ്വാസം നാട്ടിലെ പന്ത്രണ്ടുപത്തെസ്സീ ലോറികള്‍ ടാറ്റായായിരുന്നു എന്നതു മാത്രമായിരുന്നു. അത് മൂന്നും നാലും ആഞ്ഞിലിമരങ്ങളും ഒക്കെ വെച്ചുകെട്ടി മന്ദം മന്ദം നീങ്ങുന്നത് കാണുമ്പോള്‍ ജാംഷെഡ്‌ജി ടാറ്റായേക്കാളും അഭിമാനമായിരുന്നു എനിക്ക്. തലയുയര്‍ത്തിപ്പിടിച്ച്, നെഞ്ച് വിരിക്കാവുന്നിടത്തോളം വിരിച്ച് (മെഡിക്കല്‍ ചെക്കപ്പിനു പോയപ്പോള്‍ എന്റെ വിരിഞ്ഞ നെഞ്ചിന്റെ അളവ്‌ വിരിയാത്ത നെഞ്ചിന്റെ അളവിനെക്കാളും കുറവാ‍ണെന്ന് ഒരു ഡോക്‍ടര്‍ കണ്ടുപിടിക്കുകയുണ്ടായി) ഞാന്‍ ആ ലോറിയെ നോക്കും, പിന്നെ ചേട്ടനെ നോക്കും. എന്തായാലു ടാറ്റാ-ബിര്‍ളാ കമ്പനിക്കാരേക്കാളും വാശിയായിരുന്നു എനിക്കും ചേട്ടനും പ്രസ്തുത കമ്പനികളെ പ്രൊമോട്ട് ചെയ്യാന്‍.‌

അങ്ങിനെ കാലചക്രം കുറെ ഉരുണ്ടു. പ്രായമായി. പഴയ വാശിയൊക്കെ പോയി ഇങ്ങിനെ ഇരിക്കുമ്പോള്‍ രണ്ടാഴ്‌ച മുന്‍പ് ചേട്ടന്‍ ഒരു ചോദ്യം:

“നിനക്ക് ഏത് കമ്പനിയുടെ കാറാ‍ണെടാ ഇഷ്ടം?”

ഒരു നിമിഷം ഞാന്‍ ഗതകാലത്തിലേക്ക് ഊളിയിട്ടു. പണ്ടത്തെ അഭിമാനക്ഷതങ്ങള്‍ക്കൊക്കെ പകരം വീട്ടാന്‍ കൈവന്നിരിക്കുന്ന സുവര്‍ണ്ണാവസരം. ആദ്യമായി ചേട്ടന്‍ പന്ത് എനിക്ക് ഇട്ടുതന്നിരിക്കുന്നു. എനിക്ക് ആദ്യം പറയാന്‍ ഒരവസരം വന്നിരിക്കുന്നു. ഇത് ഒരിക്കലും മിസ്സാക്കരുത്. ഇവിടെയെങ്കിലും എനിക്ക് ജയിക്കണം.

ജപ്പാനിലെ ബെസ്റ്റ് സെല്ലിംഗ് കാര്‍ ടൊയോട്ട കൊറോള, ജെഡി പവര്‍ പ്രകാരം അമേരിക്കയിലെ ബെസ്റ്റ് കാര്‍ ലെക്സസ്, യൂസ്‌ഡ് കാറിലും ഏറ്റവും ബെസ്റ്റ് ടൊയോട്ട കാറുകള്‍, ഉടന്‍ തന്നെ ജിയെമ്മിനെ കവച്ച് വെച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ കാറുകമ്പനിയാകാന്‍ പോകുന്നവന്‍ ടൊയോട്ട. ഇതൊക്കെ നാഴികയ്ക്ക് നാല്‍‌പതുവട്ടം അവിടെയും ഇവിടെയുമൊക്കെ വായിച്ച് മനഃപാഠമാക്കിയിരുന്ന ഞാന്‍, എന്റെ ഞരമ്പുകള്‍ വലിച്ചുമുറുക്കി, പേശികള്‍ ദൃഢമാക്കി, മസിലുകള്‍ ബലവത്താക്കി, കണ്ണുകള്‍ ഇറുക്കിയടച്ച് ആവേശത്തോടെ പറഞ്ഞു:

“എനിക്കിഷ്ടം മസ്‌ദ”

Sunday, August 06, 2006

നമ്മള്‍ മലയാളികളുടെ നവരസങ്ങള്‍

മലയാളികള്‍ എന്ന സാമൂഹ്യജീവിക്കൂട്ടത്തെ എന്റേതായ വീക്ഷണകോണില്‍ കൂടി അപഗ്രഥിക്കാനൊരു എളിയ ശ്രമം.

ഇത് കൈമള്‍ (ഡിസ്‌ക്ലെ‌യ്‌മര്‍)

1. നമ്മള്‍ എന്ന് ചേര്‍ത്തിട്ടുണ്ടെങ്കിലും ഇത് മുഖ്യമായും ഞാനെന്ന (ബ്ലോഞാനല്ല) മലയാളിയെപ്പറ്റി മാത്രം. പിന്നെ പലര്‍ക്കുമുള്ളതുപോലെ കൂട്ടിന് കുറച്ചുപേരുണ്ടെങ്കില്‍ ഒരു ധൈര്യമൊക്കെയുണ്ടല്ലോ. അതുകൊണ്ട് നമ്മള്‍ എന്ന് ചേര്‍ത്തു എന്നു മാത്രം.

2. താഴെ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും മലയാളികളില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നും തോന്നുന്നു. കുരങ്ങന്‍ ലോപിച്ച് (ലോപിച്ചുതന്നെയല്ലേ? ചിലപ്പോളെങ്കിലും തോന്നാറില്ലേ, കുരങ്ങന്‍ എത്ര ഭേദമെന്ന്?) എന്ന് മനുഷ്യനായോ അന്നുമുതല്‍ ഭൂലോകത്തെ എല്ലാ ജനങ്ങള്‍ക്കും ഉള്ള സ്വഭാവവിശേഷങ്ങള്‍ തന്നെ. പക്ഷേ കുറച്ച് സ്പെസിഫിക്കായാല്‍ എളുപ്പമുണ്ടല്ലോ എന്നോര്‍ത്തു മാത്രം മലയാളികള്‍ എന്ന് ചേര്‍ത്തിരിക്കുന്നു.

3. ഇത് നെഗറ്റീവ് വശം മാത്രം ഫോക്കസ് ചെയ്‌തുകൊണ്ടുള്ള ഒരു വിവരണമാണ്. ഇതിനെ ഓഫ്‌സെറ്റ് ചെയ്ത് കഴിഞ്ഞ് അതിലും കൂടുതലായി പോസിറ്റീവ് വശങ്ങള്‍ നമ്മള്‍ മലയാളികള്‍‌ക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ആ രീതിയില്‍ ഇതിനെ കാണണമെന്നപേക്ഷ (ഡാലിയുടെ കമന്റ് കണ്ടപ്പോളാണ് കൈമള്‍ ചേട്ടന്‍ ഇതും കൂടി പറഞ്ഞേക്കാമെന്ന് കരുതിയത്).

4. ഞാനൊരു സാമൂഹ്യ ശാസ്ത്രജ്ഞനോ പേഴ്‌സണാലിറ്റി പറച്ചിലുകാരനോ ഒന്നുമല്ല- അല്ലേയല്ല-അതൊക്കെയെന്താണെന്ന് പോലും എനിക്കറിയില്ല. ഇത് ചുമ്മാ കുറച്ച് വിവരക്കേട്. യാതൊരു വിധ പ്രാധാന്യവും ഒരു രീതിയിലും കൊടുക്കരുതെന്നപേക്ഷ. ഇതിലെ പല കാര്യങ്ങളും പലപ്പോഴും പലരും പറഞ്ഞതു തന്നെ. പല കാര്യങ്ങളിലും കണ്‍ഫ്യൂഷനുമുണ്ട്.

5. എന്റെ മറ്റെല്ലാ പോസ്റ്റും പോലെ ഇതും ചുമ്മാ ഒരു പോസ്റ്റ്.

അപ്പോള്‍ തുടങ്ങാം.

മറ്റ് മനുഷ്യക്കൂട്ടങ്ങള്‍ക്കില്ലാത്ത ചില സ്വഭാ‍വ വിശേഷങ്ങള്‍ നമ്മള്‍ മലയാളികള്‍ക്കില്ലേ എന്നൊരു സംശയം. പലപ്പോഴും നമുക്കിടയില്‍ ഇത് പാരയാകുമെങ്കിലും മറ്റു പലയിടങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടി (അതെന്ത് കൊടി) പാറിക്കാന്‍ നമുടെ ഈ സ്വഭാവങ്ങള്‍ സഹായിക്കുന്നുമുണ്ട് എന്ന് തോന്നുന്നു (എന്നെപ്പറ്റിത്തന്നെയാണ് പറഞ്ഞിരിക്കുന്നത് എന്ന് മുകളില്‍ കൈമള്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ടെങ്കിലും വിജയത്തിന്റെ വെന്നിക്കൊടി എന്നൊരു സാധനം ഞാനിതുവരെ കണ്ടിട്ടുപോലുമില്ല-പിന്നല്ലേ പാറിക്കുന്നത്!). ഞാന്‍ നിരീക്ഷിച്ച നമ്മള്‍ മലയാളികളുടെ ചില സ്വഭാവങ്ങള്‍- നോട്ട് ഇന്‍ ദ ഓര്‍ഡര്‍ ഓഫ് എനി പ്രിഫറന്‍സ്

1. അഭിപ്രായം രേഖപ്പെടുത്തല്‍

എന്തിനെപ്പറ്റിയും ഏതിനെപ്പറ്റിയും എവിടെയും എങ്ങിനെയും ആരോടും എപ്പോഴും അഭിപ്രായം പറയുക എന്നത് നമ്മുടെ ഒരു ജന്മാവകാശമാനെന്ന് തോന്നുന്നു. അതോക്കേ. പക്ഷേ രസമതല്ല- അഭിപ്രായം പറയുന്ന സംഗതിയെപ്പറ്റി നല്ലവണ്ണം അറിഞ്ഞിരിക്കണം എന്നുള്ള നിര്‍ബന്ധബുദ്ധിയൊന്നും നമുക്കില്ല. അതുകൊണ്ടാണല്ലോ എക്‍സ്‌പ്രസ്സ് ഹൈവെയേപ്പറ്റിയും സ്മാര്‍ട്ട് സിറ്റിയെപ്പറ്റിയും ബയോടെക്‍നോളജിയെപ്പറ്റിയും റോക്കറ്റിനെപ്പറ്റിയും മിസൈലിനെപ്പറ്റിയും സംവരണത്തെപ്പറ്റിയും എന്തിനെപ്പറ്റിയും മുറുക്കാന്‍ കടകളിലും ബാര്‍ബര്‍ ഷോപ്പിലും ഒക്കെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. അത് ചെയ്യരുതന്നല്ല-ചെയ്യണം എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. പക്ഷേ എത്രമാത്രം കാര്യങ്ങളെപ്പറ്റി പഠിച്ചിട്ടാണ് നമ്മള്‍ ഇതൊക്കെ ചര്‍ച്ചാവിഷയം ആക്കുന്നതെന്നൊരു സംശയം മാത്രം. ഇനി ഇതിനെപ്പറ്റിയൊക്കെ മൊത്തത്തില്‍ പഠിച്ചിട്ടു മാത്രമേ അഭിപ്രായങ്ങള്‍ പറയാവൂ എന്നാണെങ്കില്‍ പിന്നെ നമുക്ക് നമ്മുടെ വീട്, നമ്മുടെ പിള്ളാര്‍, നമ്മുടെ തല, നമ്മുടെ മുടി (ബാര്‍ബര്‍ ഷാപ്പിനെപ്പറ്റി പറഞ്ഞതുകൊണ്ടാണേ) മുതലായവയെപ്പറ്റിയൊക്കെ മാത്രമേ വല്ലതും പറയാന്‍ കാണൂ!

എക്‍സ്പ്രസ്സ് ഹൈവേയുടെ ഒരു ചര്‍ച്ചയില്‍ കേട്ടതാണല്ലോ, ഈ ഹൈവേ കോരന്റെ വീട് രണ്ടായി പകുക്കുമെന്നും പിന്നെ കോരന്റെ അമ്മ നാണിക്ക് വെള്ളം കോരണമെങ്കില്‍ (കോരന്‍ വെള്ളം കോരി.. അങ്ങിനെയെങ്കില്‍ കോരി എന്ത് കോരി?) പത്ത് ക്രി.മി അപ്പുറത്ത് പോയി എക്സിറ്റ് എടുത്ത് പിന്നെ പത്തു ക്രി.മി അപ്പുറത്തെ സൈഡില്‍ കൂടി നടന്ന് വെള്ളം കോരി, പിന്നെ പത്ത് ക്രി.മി പിന്നെയും നടന്ന് എക്‍സിറ്റ് എടുത്ത് പിന്നെ ഒരു പത്തു ക്രി.മി കൂടി നടന്ന്... കാരണം എക്‍സ്പ്രസ്സ് ഹൈവേ കോരന്റെ വീടിനെ രണ്ടായി പകുത്തു. വീടിപ്പുറത്തും കിണറപ്പുറത്തും. ഇങ്ങിനെ കുടുംബബന്ധങ്ങളെപ്പോലും കീറി മുറിക്കുന്നതാണ് ഈ ഹൈവേ എന്നൊക്കെ നമ്മള്‍ കോരകോരം (അല്ല, ഘോരഘോരം-കോരനെപ്പറ്റി പറഞ്ഞതുകൊണ്ടാണേ...) പ്രസംഗിച്ചു. പ്രാസംഗികരോട്, “അല്ല ചേട്ടാ, എന്താണീ എക്‍സ്‌പ്രസ്സ് ഹൈവേ, ചേട്ടന്‍ കണ്ടിട്ടുണ്ടോ?” എന്നെങ്ങാനും ചോദിച്ചുപോയാല്‍...

അതുപോലൊരു സംഭവം എന്റെ കണ്‍‌മുന്‍പില്‍ കണ്ടത് ഇവിടെ പറഞ്ഞിട്ടുണ്ട്.

വെറുതെയല്ല, നാട്ടില്‍ ഇത്രമാത്രം എഞ്ചിനീയര്‍മാരുണ്ടെന്ന് ഞാനിപ്പോഴാ മനസ്സിലാക്കിയതെന്ന് ഹൈവേ മന്ത്രിയായിരുന്ന മുനീര്‍ വണ്ടറടിച്ചത് (ഞാന്‍ എക്‍സ്പ്രസ്സ്, വൈപ്രസ്സ് ഹൈലോവേകളുടെ ആളൊന്നുമല്ലേ. നല്ലതാണെങ്കില്‍ വേണം, നല്ലതല്ലെങ്കില്‍ തോട്ടില്‍‌കള-സിമ്പിള്‍).

അതാണ് നമ്മള്‍. അഭിപ്രായം പറയാന്‍ അതിനെപ്പറ്റി അറിഞ്ഞിരിക്കണം എന്ന അഹംഭാവമൊന്നും നമുക്കില്ല. ചുമ്മാ പറയും. ഘോരഘോരം പറയും. ഇതിനെപ്പറ്റിയൊക്കെ ജീവിതകാലം മുഴുവന്‍ പഠിച്ച ആള്‍ക്കാരേക്കാളും ആധികാരികതയോടെ നമ്മള്‍ പറയും. കാരണം മര്‍മ്മമറിയാവുന്നവന് അടിക്കാന്‍ പറ്റില്ല എന്നോ മറ്റോ അല്ലേ.

നമ്മുടെ അഭിപ്രായങ്ങളുടെ കൂരമ്പുകളേറ്റ് പ്രസ്തുത സംഗതി കൊണ്ടുവന്നവര്‍ക്ക് അപാരമായ മനക്കട്ടിയും തൊലിക്കട്ടിയുമില്ലെങ്കില്‍ ജീവിതത്തില്‍ അവര്‍ അതിനെപ്പറ്റി പിന്നീടൊരിക്കലും ചിന്തിക്കുക പോലുമില്ല. ആ രീതിയില്‍ നമ്മള്‍ പറയും. എന്നിട്ടും നമ്മുടെ നാട്ടില്‍ സംഭവങ്ങളൊക്കെ വരുന്നുണ്ടല്ലോ എന്നോര്‍ത്ത് അത്‌ഭുതം. പക്ഷേ നമ്മുടെ അഭിപ്രായ മിസൈലുകളില്‍ തട്ടി തകര്‍ന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്-ഡീപ്പീയിപ്പീ മുതലായവ (അഭിപ്രായം മാത്രമല്ലാ‍യിരുന്നു കാരണം, എങ്കിലും അഭിപ്രായം പറയാന്‍ അവിടെയും നമ്മള്‍ പിശുക്കൊന്നും കാണിച്ചില്ല).

സംഗതി എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ അഭിപ്രായ പ്രകടനങ്ങളുടെ ഏറ്റവും വലിയ സങ്കടം ഇത് എന്താണെന്നൊന്നറിയുവാന്‍ പോലുമുള്ള ക്ഷമയില്ലാത്തതാണ്. കുറച്ച് വെയിറ്റു ചെയ്യുക എന്നുള്ള വക്കാരി ടിപ് (ഇതിനെയാണ് ഡയറക്ട് മാര്‍ക്കറ്റിംഗ് എന്നു പറയുന്നത്!) ഇവിടേയും വേണമെങ്കില്‍ നോക്കാം. സംഗതി എന്താണെന്ന് നോക്ക്, ഒന്ന് പരീക്ഷിക്ക്, എന്നിട്ട് പറയാം എന്നൊന്ന് ചിന്തിക്കാന്‍ കൂടി നമ്മള്‍ തയ്യാറാവുകയില്ല. എന്ത് പുതിയ സംഗതിയെപ്പറ്റി കേട്ടാ‍ലും എന്തോ ഒരു ആവേശം നമ്മളില്‍ കൂടും. എത്രയും പെട്ടെന്ന് അതിനെപ്പറ്റി എന്തെങ്കിലുമൊക്കെ പറയാനുള്ള വ്യഗ്രതയാണ് പിന്നെ. ഇനി പറയുമ്പോഴോ, “ഞാന്‍ മനസ്സിലാക്കിയിടത്തോളം” എന്നോ “എനിക്ക് ശരിക്കറിയില്ല, എങ്കിലും” എന്നോ ഒക്കെയുള്ള ടോളറന്‍സ് വാചകങ്ങള്‍ പോലും നമ്മള്‍ ഉപയോഗിക്കാന്‍ മിനക്കെടാറില്ല. “എനിക്കറിയാം”, “എന്നെക്കഴിഞ്ഞ് ഇതില്‍ നിങ്ങള്‍ക്കൊക്കെ എന്തറിയാം?”, “അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല” എന്നൊക്കെയാണ് പിന്നെ നമ്മുടെ ടോണ്‍; നമുക്കറിയാമെങ്കിലും ഇല്ലെങ്കിലും, പറയുന്നതിനൊക്കെ ഉദാഹരണങ്ങളെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും.ചിലപ്പോഴെങ്കിലും നമ്മുടെ പല അഭിപ്രായങ്ങളും കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാത്തതുകൊണ്ടോ, തെറ്റായി മനസ്സിലാക്കിയതുകൊണ്ടോ, നമുക്ക് വേണ്ടവിധം അറിവില്ലാത്തതുകൊണ്ടോ ഒക്കെയാവാം. നമ്മുടെ അനുഭവം വെച്ച് എല്ലാ കാര്യങ്ങളെയും വിലയിരുത്താനും പറ്റില്ലായിരിക്കാം. നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്നതുപോലെയൊന്നുമായിരിക്കില്ല മൊത്തത്തിലുള്ള കാര്യങ്ങളും വാസ്തവങ്ങളും. പക്ഷേ ഇത്തരം കാര്യങ്ങളൊന്നും നമ്മള്‍ നമ്മുടെ അഭിപ്രായങ്ങളില്‍ പ്രകടിപ്പിക്കില്ല. ചില ഊഹത്തിന്റെ പുറത്തുപോലും (ഇത് ഇങ്ങിനെയാണെങ്കില്‍ പിന്നെ ഇങ്ങിനെയല്ലേ വരൂ-അല്ലാതെ അങ്ങിനെയെങ്ങിനെ വരാന്‍? ഞാന്‍ കണ്ടിടത്തൊക്കെ ഇങ്ങിനെയായിരുന്നല്ലോ-അതുകൊണ്ട് ഇങ്ങിനെതന്നെയേ വരൂ എന്ന സ്റ്റൈലിലുള്ളവ) നമ്മള്‍ അഭിപ്രായങ്ങള്‍ പറയും.

ഈ ഒരു സ്വഭാവവും വെച്ചുകൊണ്ട് വിക്കിയിലോ മറ്റോ അഭിപ്രായം പറയാന്‍ പോയാല്‍ നിരാശയായിരിക്കും ഫലം.

2. പിടിവാശി.

അഭിപ്രായവുമായി ബന്ധപ്പെട്ട സംഗതിയാണ് നമ്മുടെ പിടിവാശി. ഒരിക്കല്‍ ഒരു അഭിപ്രായം പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അത് ഒരു ഇരുമ്പുലക്കയാണെന്ന ധാരണയാണ് നമ്മളില്‍ പലര്‍ക്കും എന്ന് തോന്നുന്നു. ഒരിക്കല്‍ നമ്മുടെ വായില്‍ നിന്നും എന്തെങ്കിലും വീണാല്‍ പിന്നെ അത് മാറ്റുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. അങ്ങിനെ ചെയ്‌താല്‍ നമ്മുടെ വില മൊത്തം പോയില്ലേ എന്നാണ് ചിന്ത (എന്തു വില... ആവൂ ആര്‍ക്കറിയാം). മുയലിന്റെ ചെവിയില്‍ തന്നെയാണ് പിടി വീഴുന്നതെങ്കിലും, അതു പോലും രണ്ടെണ്ണമേ ഉള്ളൂവെങ്കിലും, നമ്മള്‍ പിടിച്ചതല്ലേ, മുയലല്ലേ, കൊമ്പ് മൂന്ന് എന്നാണ് നമ്മുടെ വാദം. പിന്നെ കൊമ്പ് മൂന്നെന്ന് സ്ഥാപിക്കാന്‍ നമ്മള്‍ ചിലവാക്കുന്ന ഊര്‍ജ്ജം മുഴുവന്‍ ഒരു കുഴലില്‍ കൂടി കയറ്റിവിട്ട് നാല് ടര്‍ബൈന്‍ കറക്കിയിരുന്നെങ്കില്‍ നമ്മുടെ ഊര്‍ജ്ജപ്രതിസന്ധിയൊക്കെ എപ്പോള്‍ തീര്‍ന്നൂ എന്ന് ചോദിച്ചാല്‍ മതി. പക്ഷേ നമ്മള്‍ വിട്ടുകൊടുക്കില്ല. നമ്മുടെ മുഴുവന്‍ ശ്രദ്ധയും ഊര്‍ജ്ജവും പിന്നെ അതിനുവേണ്ടിയായിരിക്കും. ഈ പിടിവാശിയും മേമ്പൊടിക്ക് സ്വല്പം ദുരഭിമാനവും കൂടിയുണ്ടെങ്കില്‍ തെറ്റാണെന്ന് ലോകം മുഴുവന്‍ തെളിയിച്ചാലും നമ്മള്‍ പിന്നോട്ട് പോവില്ല. അത്രയ്ക്കാമ്പിയറുണ്ട് നമുക്ക്. ചിലപ്പോളൊക്കെ കഷ്ടം തോന്നും.

ഈ എന്തിനെപ്പറ്റിയും എവിടെയും എങ്ങിനെയും ഉള്ള അഭിപ്രായ പ്രകടനവും അത് ഒരിക്കല്‍ വായില്‍ നിന്നും വീണാല്‍ പിന്നെ ഒരിഞ്ചുപോലും അതില്‍ നിന്നും പിന്നോട്ടില്ല എന്നുള്ള പിടിവാശിയും ഒത്തുചേരുമ്പോളുള്ള ഫലം പലപ്പോഴും ഭയാനകമായിരിക്കും.

3. പ്രതിപക്ഷബഹുമാനം.

നമ്മള്‍ മലയാളികളുള്‍പ്പെട്ട പല ചര്‍ച്ചാവേദികളും നോക്കിക്കോ... എതിര്‍‌കക്ഷിയെ ഏതുവിധേനയും അടിച്ചിരുത്തുക എന്നതാണ് പലപ്പോഴും നമ്മുടെ നയം. ആദ്യത്തെ അടിക്ക് തന്നെ ലെവന്‍ വീഴണം എന്നുള്ളതാണ് നമ്മുടെ സ്ട്രാറ്റജി. അപ്പുറത്തുള്ളവന്‍ പറയുന്നത് എന്താണെന്നൊന്നും ആലോചിക്കാന്‍ സമയമില്ല. അങ്ങിനെ ആലോചിച്ച് സമയം മിനക്കെടുത്തിയാല്‍ അപ്പുറത്തുള്ളവനെങ്ങാനും സ്കോര്‍ ചെയ്‌തെങ്കിലോ. പലപ്പോഴും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനോ, അതിനെപ്പറ്റി ഒന്ന് ആലോചിക്കാനോ ഒന്നും നമ്മള്‍ സമയം മിനക്കെടുത്താറില്ല. അടിക്കുക, അടിച്ചടിച്ചടിവെച്ചടിവെച്ച് മുന്നേറുക. അത് നമുക്ക് തരുന്ന സംതൃപ്തിയും സന്തോഷവും കാരണമാണെന്ന് തോന്നുന്നു, നമ്മളൊക്കെ ഇപ്പോഴും നല്ല ഫിറ്റായി ഇരിക്കുന്നത്. ഈ പ്രതിപക്ഷ ബഹുമാനം മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടതുതന്നെ. എന്തിലും കയറി അഭിപ്രായം പറയുക, പറഞ്ഞാല്‍ പിന്നെ അതില്‍ തന്നെ ഉറച്ചു നില്‍ക്കുക. അതിന്റെ കൂടെ എതിരാളിയെ ഏതുവിധേനയും ഒതുക്കുക എന്നുള്ള നയം കൂടിയാകുമ്പോള്‍ സംഗതി പൂര്‍ത്തിയായി.

ചര്‍ച്ചകളില്‍ വിനയം, എളിമ എന്നീ ചപല വികാരങ്ങള്‍ക്കൊന്നും നമ്മള്‍ വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നു തോന്നുന്നു. ചിലപ്പോഴെങ്കിലും പുച്ഛം, പരിഹാസം തുടങ്ങിയ വടക്കന്‍ പാട്ട് വികാരങ്ങളാണ് നമ്മളെ ഭരിക്കുന്നത്. പലരും അതില്‍ വീഴുകയും ചെയ്യും. ഇനി ഇതൊക്കെ തര്‍ക്കശാസ്ത്രത്തിന്റെ ഭാഗമാണോ ആവോ.

4. കാടുകയറല്‍

ചര്‍ച്ചകള്‍ രാജാക്കാട്, തട്ടേക്കാട്, കപിക്കാട്, പാലക്കാട് തുടങ്ങി എല്ലാവിധ കാടുകളിലും കൊണ്ടുക്കയറ്റുക, മൂലകാരണത്തില്‍ നിന്നും വ്യതിചലിക്കുക എന്നീ കാര്യങ്ങളില്‍ നമ്മള്‍ വളരെ വിദഗ്ദരാണ്. ചര്‍ച്ചയെ ഒരു കയറില്‍ കെട്ടി കാടായ കാടൊക്കെ കയറാന്‍ തുടങ്ങും. ഒബ്‌ജക്റ്റീവ് ചര്‍ച്ചകളില്‍ നമുക്ക് വലിയ വിശ്വാസമൊന്നുമില്ല. ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അവസാനം എന്തിനെപ്പറ്റിയാണ് ചര്‍ച്ചിക്കുന്നതെന്നുപോലും നമ്മള്‍ വിസ്‌മരിക്കും. ഇതിന്റെ വലിയ ഒരു ഗുണമെന്താണെന്ന് ചോദിച്ചാല്‍ ഏതൊരാള്‍ക്കും ഏതു സമയത്തും ഏതു ചര്‍ച്ചയിലും ആത്‌മവിശ്വാസത്തോടെ പങ്കെടുക്കാമെന്നുള്ളതാണ്. എന്തിലും എന്തും കാണും. ആര്‍ക്കും എന്തും പറയാം.എന്തിനെപ്പറ്റിയാണ് തുടങ്ങിയതെന്നൊന്നും ഓര്‍ത്ത് ബേജാറാവേണ്ട കാര്യമില്ല. അല്ലെങ്കില്‍ ആരെങ്കിലും വളരെ എഫര്‍ട്ടെടുത്ത് നാഴികയ്ക്ക് നാല്‍‌പതുവട്ടം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം- പൊന്നു കൂട്ടുകാരാ, നമ്മള്‍ ലതിനെപ്പറ്റിയല്ല, ലിതിനെപ്പറ്റിയാണ് പറയുന്നത്... പ്ലീസ്, പ്ലീസ്... എന്ന്.

ഈ ചര്‍ച്ചാക്കാടുകയറല്‍, ടോപ്പിക് മാറ്റല്‍ എന്നിവയില്‍ ഏറ്റവും രസം കണ്ടെത്തുന്ന കൂട്ടരാണ് രാഷ്ട്രീയക്കാര്‍. ഒരു പോയിന്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ചര്‍ച്ച പലര്‍ക്കും ആലോചിക്കാന്‍ പോലും പറ്റില്ല. അത് ചിലപ്പോള്‍ മാരകമായ കുഴപ്പങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് ഒരു പ്രശ്‌നം ഉണ്ടായാല്‍ എങ്ങിനെ അത് ഡിഫ്ലക്റ്റ് ചെയ്യിക്കാം എന്നുള്ളതാണ് ആദ്യം നോക്കുന്നത്. നമുക്ക് കാട്ടിലേക്ക് പോകാം എന്ന കേയെസ്സ് ഗോപാലകൃഷ്ണേട്ടന്‍ സ്റ്റൈല്‍.

പലപ്പോഴും ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ നോക്കുന്നത് എന്തു പറയുന്നു എന്നതിനെക്കാളും ആര് പറയുന്നു, എന്തിന് പറയുന്നു എന്നൊക്കെയാണ്. നമ്മള്‍ക്ക് അനുകൂലമുള്ള ഒരു കാര്യമാണെങ്കില്‍ കൂടി, ലെവന്‍ ആ സൈഡാണോ, എങ്കില്‍ പിന്നെ ഞാന്‍ ഈ സൈഡ് തന്നെ എന്നുള്ളതാണ് നമ്മുടെ നയം. അവര്‍ അങ്ങിനെ പറഞ്ഞു എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് മാത്രം മഹത്തായ പല സംഗതികളെയും യാതൊരു ദയയുമില്ലാതെ നമ്മള്‍ തള്ളിക്കളയും. എതിരാളിയുടെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയൊക്കെ നമ്മള്‍ ആദ്യമേ നോക്കിവെക്കും. ലെവന്‍ ആ സൈഡാണു കേട്ടോ എന്നുള്ള വാണിംഗ് നമ്മുടെ ബ്രെയിന്‍ തലച്ചോറിന് ആദ്യമേ കൊടുക്കും. അതിലൂന്നിയാണ് പിന്നെ കാര്യങ്ങളൊക്കെ നീങ്ങുന്നത്. അതാണ് ഈ കാടുകയറ്റത്തിന്റെ ഒരു കാരണം. ചിലര്‍ക്കാണെങ്കിലോ, ഉള്ളില്‍ ഉണ്ടെങ്കിലും പബ്ലിക്കായി പറയാനാണ് ബുദ്ധിമുട്ട്-കാരണം എന്തെങ്കിലും ലേബല്‍ വീണാലോ? എതിര്‍പക്ഷമോ, എന്തെങ്കിലും നന്മ ആരെങ്കിലും എന്തിലെങ്കിലും കണ്ടാല്‍ അത് അപ്പുറത്തെ സൈഡുകാരന്റെ എതെങ്കിലും അഭിപ്രായവുമായി കുറച്ചെങ്കിലും യോജിച്ച് പോകുന്നുണ്ടെങ്കില്‍ ഉടനെ ലേബലടിക്കും. അങ്ങിനത്തെ കുറെ ലേബലുകള്‍ നമ്മള്‍ ആവശ്യാനുസരണം ഉണ്ടാക്കിവെച്ചിട്ടുണ്ട്. ആ ലേബലെങ്ങെടുത്ത് വെച്ചാല്‍ പിന്നെ സംഗതി ഈസിയായി. ആ ലേബലിനെപ്പറ്റി ഉള്ളതും അതില്‍ കൂടുതല്‍ ഇല്ലാത്തതും അവര്‍ ആള്‍‌റെഡി പറഞ്ഞ് പരത്തിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ അദ്ധ്വാനത്തിന്റെ ആവശ്യമില്ല. ഒബ്‌ജക്റ്റിവിറ്റിയുടെ പ്രശ്‌നമാണെന്ന് തോന്നുന്നു, മുന്‍‌വിധികളോടുകൂടിയുള്ള പല ചര്‍ച്ചകളും (ഇത് നമ്മള്‍ മലയാളികളുടെ മാത്രം പ്രശ്‌നമല്ല-പക്ഷേ നമ്മള്‍ ഇതില്‍നിന്നും മുക്തരല്ല എന്നു മാത്രം).

(ഇവിടുത്തെ ഒരു ഡിസ്‌കഷന്‍ ഫോറത്തില്‍ ചൈന ആയുധങ്ങള്‍ വാരിക്കൂട്ടുന്നതിന്റെയും അത് ഭാവിയില്‍ അമേരിക്കയെ എങ്ങിനെ ബാധിക്കുമെന്നുമുള്ള ഒരു ചര്‍ച്ചയില്‍ എവിടെയോ ഇട്ട, ചൈന ഇന്ത്യയേയും ആക്രമിച്ചിരുന്നു എന്നുള്ള ഒരു കമന്റ് അവര്‍ നിര്‍ദ്ദയം ഡിലീറ്റ് ചെയ്തു. ആ സമയത്ത് ആ ഒരു സംഗതി അവിടെ പറഞ്ഞതില്‍ ഒരു പ്രശ്‌നവും തോന്നിയില്ല. പക്ഷേ അവരുടെ ന്യായം അമേരിക്ക-ചൈന ചര്‍ച്ചയില്‍ ഇന്ത്യ കയറിവന്നാല്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലേക്കല്ല, കാട്ടിലേക്കാണ് കയറുന്നതെന്നാണ്. അത് പിന്നെ ചൈന നടത്തിയ യുദ്ധക്കാടുകളിലേക്കും, അവിടെനിന്ന് തെയ്‌വാന്‍, ടിബറ്റ്,ജപ്പാന്‍ തുടങ്ങിയ ബാക്കി കാടുകളിലേക്കും കയറുകയും അങ്ങിനെ കാട്ടില്‍ കയറി വഴിതെറ്റി അമേരിക്കയില്‍ എത്തേണ്ടതിനു പകരം നമ്മള്‍ വല്ല അന്റാര്‍ട്ടിക്കയിലോ, എന്തിന് ശൂന്യാകാശത്തില്‍ വരെ പോലുമോ എത്തിപ്പെട്ടേക്കാമെന്നായിരുന്നു അവരുടെ പക്ഷം. പക്ഷേ നമ്മള്‍ മലയാളികള്‍ ഉള്‍പ്പെട്ട ചര്‍ച്ച വല്ലതും ഇവര്‍ കണ്ടിട്ടുണ്ടോ!)

5. കമ്പനി.

ഒരു കമ്പനിയുണ്ടെങ്കില്‍ നമ്മളില്‍ പലരും തൃപ്‌തരായി. ഈ കമ്പനി തേടല്‍ കാടുകയറലുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒരു കാര്യമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെപ്പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ നമ്മള്‍ ആദ്യം നോക്കുന്നത് കൂട്ടിന് കോണ്‍ഗ്രസ്സോ ബി.ജെ.പിയോ ഉണ്ടോ എന്നാണ്. അവരിലാരെങ്കിലും കൂടെ ഉണ്ടെങ്കില്‍ നമുക്ക് പിന്നെ എന്തെന്നില്ലാത്ത ആത്‌മവിശ്വാസമാണ്. അവനിട്ടൊന്ന് താങ്ങാന്‍ കിട്ടുന്നതിന്റെ സന്തോഷവും, അതുപോലെ “ഹോ, ലെവനും ഉണ്ടല്ലോ, അതുകൊണ്ടിനി ആരും നമ്മളെ മാത്രമായി അടിക്കില്ല” എന്നുള്ള ആശ്വാസവും. എവിടെയെങ്കിലും ഒരു ചെറിയ ഓട്ടയെങ്കിലുമിട്ട് നമ്മള്‍ അത് ചര്‍ച്ചയില്‍ കുത്തിക്കയറ്റും. അഴിമതി ചെയ്തോ എന്നതിനെക്കാളും നമുക്ക് അറിയേണ്ടത് ലെവനും മുന്‍‌പ് ഇതേ കാര്യം ചെയ്‌തിട്ടുണ്ടോ എന്നതാണ്. അങ്ങിനെയായാല്‍ പിന്നെ ഉടന്‍ നമുക്ക് ധാര്‍മ്മികബോധം വരും. “നിങ്ങള്‍ക്ക് ഇതിനെപ്പറ്റി പറയാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ല, കാരണം നിങ്ങളുടെ കാലത്തും ഇത് ഇതേപോലെ നടന്നതാണ്” എന്നുള്ള ആ ടിപ്പിക്കല്‍ പ്രസ്താവനയോടു കൂടി രണ്ടുകൂട്ടരും നിശ്ശബ്‌ദരാകും. ഇനിയെങ്ങാനും നേരാംവണ്ണം അഴിമതി കിട്ടിയില്ലെങ്കില്‍ നമ്മള്‍ ക്യാമറായും മറ്റുമൊക്കെ വെച്ച് മാസങ്ങളോളം കാത്തിരുന്ന്, പുറകെ നടന്ന് പിടിച്ച് വാങ്ങിപ്പിച്ച്, അതുമല്ലെങ്കില്‍ “കട്ടിട്ടവനെ കിട്ടിയില്ലെങ്കിലും വേണ്ട, ലെവന്റെ വീട്ടില്‍ വേറേ ആരേക്കൊണ്ടെങ്കിലും കക്കിച്ചാലും മതി” എന്നുള്ള സ്റ്റൈലിലെങ്കിലും നമ്മള്‍ ഒരു പോയിന്റൊപ്പിക്കും. ഇവിടെ പറഞ്ഞിട്ടുണ്ട് (ഡയറക്‍ട് മാര്‍ക്കറ്റിംഗ് -രണ്ട്).

ഇതിനോട് ബന്ധപ്പെട്ട് തന്നെയാണ് ചിലര്‍ക്കുള്ള ഈ രീതി-കുഞ്ഞിക്കിളിയേ പാടിയാല്‍ ദേവേട്ടന് ആ നിമിഷം തകണം പൊകണം വരുന്നതുപോലെ, അല്ലെങ്കില്‍ സാഗരങ്ങളെ പാടിയാല്‍ ആ നിമിഷം ഡും ഡും എന്ന് തബല എനിക്ക് വരുന്നതുപോലെ ചിലര്‍ക്ക് ചിലരെപ്പറ്റിയോ ചില പ്രസ്ഥാനങ്ങളെപ്പറ്റിയോ എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം എതിര്‍പക്ഷത്തെപ്പറ്റിയുള്ള എന്തെകിലും പരാമര്‍ശം കൂടി ഓട്ടോമാറ്റിക്കായി വരും; അതിന് പ്രസ്തുത ചര്‍ച്ചയില്‍ എന്തെങ്കിലും കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും. അതും കൂടെ ഒന്ന് പറഞ്ഞില്ലെങ്കില്‍ ഒരു സുഖമില്ലാത്തതുപോലെ. ചിലര്‍ ഇത് ഒരു സോഷ്യലിസ്റ്റ് രീതിയായിട്ടാണ് കൊണ്ടുപോകുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി പറയുമ്പോള്‍ ആര്‍.എസ്സ്.എസ്സിനെപ്പറ്റിയും പറഞ്ഞിരിക്കും. അല്ലെങ്കില്‍ ഏതാണ്ടുപോലെ. എതിര്‍ പക്ഷമാണെങ്കിലും അവസാനം കൂട്ടിന് അവര്‍ തന്നെ വേണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോയപോലത്തെ ഒരു പ്രതീതിയാണ്. അങ്ങിനെ ആര്‍.എസ്സ്. എസ്സ് എങ്ങാനും ചിത്രത്തില്‍ വന്നാല്‍ ആ സെക്കന്റില്‍ നമ്മള്‍ തൊട്ടടുത്ത കാട്ടിലേക്ക് കയറുകയായി. കാട്ടില്‍ കയറിയാല്‍ പിന്നെ തോന്നിയപോലെയാണല്ലോ. വഴിയും അറിയാന്‍ വയ്യ, മൊത്തം ഇരുട്ട്, കാട്ടുമൃഗങ്ങള്‍ പതുങ്ങിയിരിക്കുന്നു... എന്തും സംഭവിക്കാം. എവിടെയെങ്കിലും കേടൊന്നും കൂടാതെ എത്തിയാലായി. അതാണ് പിന്നെ ചര്‍ച്ചയുടെ ഗതി.

6. ധാരണ

നമ്മള്‍ എന്തോ അടിപൊളിയാണെന്ന ഒരു ധാരണ നമുക്കെപ്പോഴും ഉണ്ടെന്ന് തോന്നുന്നു. അത് നല്ലതുതന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിനു വെളിയില്‍ പല കാര്യങ്ങളിലും നമുക്ക് പല രീതിയിലും വിജയിക്കാന്‍ കഴിയുന്നതിനുള്ള ഒരു കാരണം ചിലപ്പോള്‍ ഈ ധാരണ നല്‍‌കുന്ന ആത്‌മവിശ്വാസവുമായിരിക്കാം. കേരളത്തില്‍ നമ്മളില്‍ ചിലരെങ്കിലും പരാജയപ്പെടുന്നതിനുള്ള കാരണം ഈ അടിപൊളി ധാരണ എല്ലാവര്‍ക്കുമുണ്ടെന്നുള്ളതായിരിക്കാം. അവിടെ ഒരുത്തനും ഒരുത്തനേയും വകവെച്ച് കൊടുക്കില്ലല്ലോ.

പക്ഷേ ഈ ധാരണയുടെ ഒരു മാനുഷിക വശം നോക്കിയാല്‍ ചെറിയ രീതിയിലുള്ള പുച്ഛം നമുക്ക് മറ്റു പലരോടുമില്ലേ എന്നുള്ളതാണ്. സൂര്യോദയത്തിന്റെ ഈ പോസ്റ്റിലെ കമന്റുകളില്‍ അതിനെപ്പറ്റിയുള്ള കുറച്ച് പരാമര്‍ശങ്ങള്‍ കിട്ടും. തമിഴ്‌നാട്ടുകാരെ നമ്മള്‍ പാണ്ടി എന്ന് വിളിക്കുന്നതില്‍ ബഹുമാനമോ വെറുതെ ഒരു സംബോധനാരീതിയോ മാത്രമാണോ ഉള്ളതെന്ന് ഒരു സംശയം. അതുപോലെ മറ്റു പല നാട്ടുകാരോടും നമുക്കതുണ്ട് എന്നാണ് തോന്നുന്നത്. കൂട്ടിന് ഒരു പത്തുപേരെക്കൂടി കിട്ടിയാല്‍ മറുനാട്ടിലും നമ്മള്‍ ഇത് ഒളിഞ്ഞും തെളിഞ്ഞും കാണിക്കും. ചൈനക്കാര്‍ക്ക് യാതൊരു വൃത്തിയുമില്ലെന്നേ എന്ന് പറഞ്ഞ ഞങ്ങളുടെ ടോയ്‌ലറ്റ് ക്ലീനാക്കാന്‍ നാലുപേര്‍ നാലുമണിക്കൂര്‍ പണിയേണ്ടി വന്നു!

7. മുഖം‌മൂടി

എന്തൊക്കെയോ മുഖം മൂടികള്‍ നമുക്കില്ലേ എന്നൊരു സംശയം. പല കാര്യങ്ങളും നമ്മള്‍ ചെയ്യും-പക്ഷേ പലതിനെപ്പറ്റിയും എവിടെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ പറയുമ്പോള്‍ നമ്മള്‍ അത് സമ്മതിക്കില്ല. ഹിപ്പോക്രിസി എന്ന് വിളിക്കാമോ എന്നറിയില്ല. ചെയ്യാം-പക്ഷേ പുറത്തറിയരുത് എന്നുള്ള ഒരു രീതി. നമ്മുടെ അറിവിനെപ്പറ്റിയും വിജ്ഞാനത്തെപ്പറ്റിയും വിദ്യാഭ്യാസത്തെപ്പറ്റിയുമെല്ലാം എന്തൊക്കെയോ ഒരു ധാരണ നമ്മള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പക്ഷേ അത് അങ്ങിനെയൊക്കെത്തന്നെയാണോ എന്ന് ചോദിച്ചാല്‍... വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍ അതിനനുസൃതമായി നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്ന സംസ്കാരം നമ്മള്‍ കാണിക്കുന്നുണ്ടോ? നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മുടേതെന്ന് നമ്മള്‍ പറയുന്ന വിദ്യാസമ്പന്നതയെ സാധൂകരിക്കുന്നുണ്ടോ?(ഇതില്‍ പലതിനും വിദ്യാഭ്യാസവുമായി വലിയ ബന്ധമൊന്നുമില്ല, ഉള്ളവനും ഇല്ലാത്തവനും എല്ലാം കാണിക്കുന്ന കാര്യങ്ങള്‍ തന്നെ, എങ്കിലും)

ഇങ്ങിനത്തെ മുഖം‌മൂടികളുടേയും ദുരഭിമാനത്തിന്റെയും ഫലമാണോ നാട്ടിലെ ആത്‌മഹത്യയുള്‍പ്പടെയുള്ള പല പ്രശ്‌നങ്ങളുടെയും ഒരു കാരണം?

8. പരസ്യപ്രകടനം

ഉള്ളില്‍ ബഹുമാനമൊക്കെയുണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് എന്തോ ഒരു മടിയില്ലേ എന്നൊരു സംശയം. പ്രായമാവരെയും മറ്റും ഒരു ചമ്മലും കൂടാതെ അവരുടെ പ്രായത്തെപ്പറഞ്ഞുതന്നെ നമ്മള്‍ കളിയാക്കും. കരുണാകരന്‍, ഗൌരിയമ്മ മുതലായവര്‍ ഇപ്രാവശ്യവും അത് ധാരാളം കേട്ടു. അതുപോലെ വീട്ടിലാണെങ്കിലും പ്രായമായവര്‍ വന്നാല്‍ എഴുന്നേറ്റ് നില്‍ക്കുക എന്നൊക്കെയുള്ള ചില പബ്ലിക് എക്സ്‌പ്രഷന്‍സ് ചിലരെങ്കിലും കാണിക്കുന്നില്ല എന്നാണ് തോന്നുന്നത്. ഉത്തരേന്ത്യയിലൊക്കെ അച്ഛന്റെയും അമ്മയുടേയും ടീച്ചര്‍മാരുടെയും ഒക്കെ കാല്‍ തൊട്ട് വന്ദിക്കല്‍ ഒരു സ്ഥിരം പരിപാടിയാണ്. വലിയ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും അത് കണ്ടിട്ടുണ്ട്. ഇവിടെയെങ്ങാനും നമ്മള്‍ യൂണിവേഴ്‌സിറ്റിയിലോ കോളേജിലോ അങ്ങിനെയെങ്ങാനും ചെ‌യ്താല്‍ ആദ്യം ഞെട്ടുന്നത് സാറായിരിക്കും. ചുറ്റും നില്‍ക്കുന്നവര്‍ക്കൊക്കെ ചിരീം വരും. അങ്ങിനെയൊക്കെ ചെയ്യണമെന്നല്ല, പക്ഷേ പല നല്ല കാര്യങ്ങളും പരസ്യമായി പ്രകടിപ്പിക്കാന്‍ നമുക്കെന്തോ വിമുഖതയുണ്ടെന്ന് തോന്നുന്നു. മുകളില്‍ പറഞ്ഞ മുഖം മൂടിയുമായി ബന്ധപ്പെട്ടതാണോ ഈ പ്രശ്‌നവും?

അതുപോലെതന്നെ ബസ്സുകളില്‍ പ്രായമായവര്‍ വന്നാല്‍ സീറ്റ് കൊടുക്കുക-പക്ഷേ ഇത് പലരും ചെയ്യുന്നത് കണ്ടിട്ടുണ്ട് കേട്ടോ.

9. പാര

പാരകളിക്ക് നമ്മള്‍ മറ്റെല്ലാവരേയും പോലെ മിടുമിടുക്കര്‍. പക്ഷേ പാരകള്‍ ശരിക്കും പാരകളാവുന്നത് നാട്ടില്‍ തന്നെയാണെന്ന് തോന്നുന്നു. ബാക്കി നാട്ടുകാര്‍ നാടും വീടും ഒന്നും നോക്കാതെ പാരകള്‍ പണിയുമ്പോള്‍ നമ്മുടെ പാരകള്‍ കുറെയെങ്കിലും നാട്ടില്‍ തന്നെയായി കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് തോന്നും. മൊത്തം കട്ടപ്പാരയായിരുന്നെങ്കില്‍ ഇത്രയധികം പ്രവാസി മലയാളികള്‍ ഈ ലോകത്ത് ഉണ്ടാവില്ലായിരുന്നല്ലോ. പക്ഷേ നാട്ടില്‍ “നമ്മള്‍ നന്നായില്ലെങ്കിലും വേണ്ട ലെവന്‍ നന്നാകരുത്” എന്നുള്ള ആപ്‌തവാക്യം നമ്മള്‍ പലപ്പോഴും അതിന്റെ എല്ലാ അര്‍ത്ഥത്തിലും പാലിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. നാടിനു വെളിയില്‍ ആരുടേയും കാലു പിടിക്കാനും നാട്ടില്‍ ആരുടേയും കാലുവാരാനും മലയാളികളോളം മിടുക്കര്‍ വേറേ ആരുമില്ല എന്ന് പണ്ടാരാണ്ടോ നമ്മളെപ്പറ്റി പറഞ്ഞിരുന്നു.

ഹാവൂ, മലയാളികളെ പത്ത് ചീത്ത പറഞ്ഞപ്പോള്‍ എന്താ രസം :) കെമ്മെ പസ്സിശാസ് ഹിഹഷനഴിശും. യുച്ചിചുഹേറ്റ്... കിപെമ്‌പാഞെമ്മഴിശഞനെമ്‌ഇസ് കുനേര്‌ഡിശുചെ നൂസധബ്ര മോഉഅ.

ഈയിടെയായി മൂലഭദ്രയുടെ ചെറിയ ഒരു അസ്കിതയുണ്ടേ... ഉമേഷ് വൈദ്യരെ ഒന്ന് കാണണം.

Wednesday, August 02, 2006

ഊര്‍ജ്ജതന്ത്രം

ആശയദാരിദ്ര്യം മൂലം ചുമ്മാ ഒരു പോസ്റ്റ്. വലിയ കാര്യമൊന്നുമില്ല.

ഞായറാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഗൂഡ് മോണിംഗ് പറഞ്ഞ് എഴുന്നേറ്റ് എന്നാപ്പിന്നെ കുറച്ചുനേരം കൂടി കിടന്നേക്കാം എന്നും വിചാരിച്ച് കിടക്കുന്ന വഴിക്ക് ഡിസ്‌കവറി ചാനല്‍ ഇട്ടപ്പോള്‍ കിട്ടിയ വിജ്ഞാനമാണിത്. എങ്ങിനെയൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഊര്‍ജ്ജം ഉത്‌പാദിപ്പിക്കാമെന്നുള്ള ഊര്‍ജ്ജതന്ത്രമാര്‍ഗ്ഗങ്ങള്‍. സംഗതി കുറച്ച് പഴയതാണ്. എങ്കിലും പലതും എനിക്ക് പുതുമയായിരുന്നു.

വായിക്കാന്‍ താത്‌പര്യമുള്ളവര്‍ ഞാനിന്റെ ബ്ലോഗും കൂടി വായിക്കുക. ഇത്തരം കുറെ കാര്യങ്ങള്‍ അവിടേയും പറഞ്ഞിട്ടുണ്ട് (അദ്ദേഹം തലക്കെട്ടില്‍ ചോദിച്ചിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി കരുതുന്നത് നന്നായിരിക്കും:) ).

1. ബാറ്ററി കാര്‍

വലിയ പുതുമയൊന്നുമില്ല. ബാറ്ററി കാറെന്ന് കേട്ടാല്‍ നമ്മുടെയൊക്കെ മനസ്സില്‍ വരുന്നത് നിരങ്ങി നിരങ്ങി പോകുന്ന, സ്പീഡ് ഒട്ടുമേ ഇല്ലാത്ത കാറുകളാണല്ലോ. പക്ഷേ ഈ ബാറ്ററി കാറിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍ നാലു സെക്കന്റ് കൊണ്ട് 100 km/hour സ്പീഡ് ഇതെടുക്കും എന്നുള്ളതാണ് (ഇപ്പോഴത്തെ അടിപൊളി സ്പോര്‍‌ട്ട്‌സ് കാറിനേക്കാളും വേഗത). ഇത് ഇപ്പോള്‍ 370 km/hour വേഗത വരെ കൈവരിച്ചു. ഇവനെ 400 km/hour കൂടുതല്‍ വേഗത്തില്‍ പറത്താനാണ് ഇതിന്റെ ഉപജ്ഞാതാക്കളായ ജപ്പാനിലെ കെയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഹിരൊഷി ഷിമിസുവും കൂട്ടരും ശ്രമിക്കുന്നത്.

എലിക്ക (Eliica) എന്ന് പേരുള്ള ഈ കാറില്‍ ലാപ് ടോപ് കമ്പ്യൂട്ടറിലും പല ഡിജിറ്റല്‍ ക്യാമറകളിലുമൊക്കെ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ലിഥിയം അയണ്‍ ബാറ്ററികളുടെ ഗുണങ്ങളായ ഭാരക്കുറവ്, ചാര്‍ജ്ജ് നഷ്ടപ്പെടാതിരിക്കല്‍ മുതലായവ ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നു (ലിഥിയം അയണ്‍ ബാറ്ററിക്കുള്ള ഒരു പ്രധാന കുഴപ്പം അതിന്റെ ലൈഫ് ആണ്. 25 ഡിഗ്രി സെല്‍‌ഷ്യസില്‍ ഇരിക്കുന്ന ഒരു ബാറ്ററിയുടെ കപ്പാസിറ്റി ഒരു കൊല്ലത്തില്‍ 20 ശതമാനത്തോളം കുറയുമെന്നാണ്-നമ്മള്‍ ബാറ്ററി ഉപയോഗിച്ചാലും ഇല്ലെങ്കിലും. ഈ നഷ്ടം ബാറ്ററി ഉണ്ടാക്കുന്ന സമയം മുതല്‍‌ക്കാണ് തുടങ്ങുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഈ വിക്കിപീഡിയ ലേഖനത്തില്‍). ബാറ്ററി ഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞാല്‍ 200 കിലോമീറ്റര്‍ വരെ ഓടും. ഈ കാറിന്റെ തന്നെ വേഗത കുറഞ്ഞ മറ്റൊരു മോഡല്‍ 320 കിലോമീറ്റര്‍ ഒരു ചാര്‍ജ്ജിംഗില്‍ ഓടും.

കുഴപ്പം അപാരമായ വിലയാണ്. അത് കുറയ്ക്കാമായിരിക്കും. വേറൊരു കുഴപ്പം ബാറ്ററിയുടെ വില. നാല്‍‌പതോ മറ്റോ വലിയ ലിഥിയം അയണ്‍ ബാറ്ററികളാണ് ഇതില്‍ ഉപയോഗിക്കുന്നത്. പിന്നെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുമ്പോളുണ്ടാവുന്ന പ്രശ്‌നങ്ങളെല്ലാമുണ്ട്. എങ്കിലും ഇവിടുത്തെ ഗവേഷകര്‍ വലിയ പ്രതീക്ഷയിലാണ്.

എലിക്കയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടേയും ഇവിടേയും

ഔദ്യോഗിക പേജ് ഇവിടെ. വീഡിയോയുമുണ്ട് അവിടെ. അതിന്റ് പടം കണ്ടിട്ട് ഏതാണ്ടുപോലെ. എട്ടുകാലിയാണ് സംഗതി.

2. കാറ്റ് കാര്‍

ഫ്രാന്‍‌സിലെ അണ്ണന്മാര്‍ വെറുതേയിരിക്കുമോ. ജപ്പാനില്‍ ബാറ്ററിയൊക്കെ വെച്ച് കാറോടിക്കുമ്പോള്‍ ഫ്രാന്‍സില്‍ വെറും വായുകൊണ്ട് കാറോടിക്കാമോ എന്നാണ് അണ്ണന്മാരുടെ പരീക്ഷണം. കാറ്റുകൊണ്ടോടുന്ന കാര്‍ അവര്‍ അവിടെ ഉണ്ടാക്കിക്കഴിഞ്ഞു. കമ്പ്രസ്സ്‌ഡ് എയര്‍ ആണ് ഇത്തരം കാറുകളില്‍ ഉപയോഗിക്കുന്നത്. കമ്പ്രസ്സ്‌ഡ് എയര്‍ വെച്ച് മോട്ടോറിനെ കറക്കും. ടയറില്‍ അടിക്കുന്ന കാറ്റിന്റെ നൂറ്റമ്പത് ഇരട്ടി പ്രഷറാണ് വേണ്ടത്. കാറില്‍ തന്നെയുള്ള എയര്‍ കമ്പ്രസ്സര്‍ വെച്ച് നാലുമണിക്കൂര്‍ കൊണ്ട് ടാങ്കില്‍ കാറ്റ് നിറയ്ക്കാം. അല്ലെങ്കില്‍ അവര്‍ വികസിപ്പിച്ചെടുത്ത വേറൊരു ടെക്‍നോളജി കൊണ്ട് മൂന്നുമിനിറ്റുകൊണ്ട് ടാങ്കില്‍ കാറ്റ് നിറയ്ക്കാം-പെട്രോള്‍ പമ്പുകള്‍ പോലുള്ള ഫില്ലിംഗ് സ്റ്റേഷനുകളില്‍ നിന്നും. ഇതൊക്കെ പക്ഷേ ഉണ്ടായി വരണം.

അന്തരീക്ഷ മലിനീകരണം ഇല്ല എന്നതുതന്നെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മണിക്കൂറില്‍ 60 കി.മീ സ്പീഡില്‍ പോകും. അത് കഴിഞ്ഞ് വേണമെങ്കില്‍ പെട്രോളിലേക്ക് മാറുകയുമാവാം. വില ഏഴായിരം ഡോളറോളം മാത്രം. സിറ്റിയിലെ ഡ്രൈവിംഗിനൊക്കെ ഉപയോഗിക്കാമായിരിക്കും.

എയര്‍ ഫ്രാന്‍‌സിനെപ്പറ്റി ഇവിടെയും ഇവിടെയും. സംഗതി കുറച്ച് പഴയതാണെങ്കിലും ഞാന്‍ അറിഞ്ഞത് ഇപ്പോള്‍ മാത്രം.

3. കാറ്റാടി.

ഇതിലെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ. പക്ഷേ ഇവിടെ കാറ്റാടി നദിയുടെ അടിത്തട്ടിലാണെന്ന് മാത്രം. നദിയുടെ അടിത്തട്ടില്‍ കാറ്റാടിയുടെ ബ്ലേഡുകള്‍ പിടിപ്പിച്ചിട്ട് വെള്ളം ഒഴുകുന്ന ബലത്തില്‍ അവനെ കറക്കി അതില്‍‌നിന്നും വൈദ്യുതി ഉണ്ടാക്കുക എന്നുള്ള പരീക്ഷണമാണ് പ്രാപ്രയുടെ ന്യൂയോര്‍ക്കില്‍ നടക്കുന്നത്. വെള്ളത്തിനടിയിലായതുകാരണം ഇവനെ വേണമെങ്കില്‍ ജലാടിയെന്നോ വെള്ളാടിയെന്നോ വിളിക്കാം. ന്യൂയോര്‍ക്കിലെ ഈസ്റ്റ് റിവറില്‍ ഇപ്പോള്‍ തന്നെ 6 ബ്ലേഡുകള്‍ വെച്ച് പരീക്ഷണം തുടങ്ങി. പതിനെട്ടു മാസം പരീക്ഷിച്ചിട്ട് സംഗതി വിജയിക്കുകയാണെങ്കില്‍ മുന്നൂറോ മറ്റോ ബ്ലേഡുകള്‍ പിടിപ്പിക്കാനാണ് പ്ലാന്‍.

നന്ദിയുടെ പ്രതലത്തില്‍ നിന്നും ഒമ്പതോ പത്തോ മീറ്റര്‍ അടിയിലായിട്ടാണ് ഈ ജലാടികള്‍ പിടിപ്പിക്കുന്നത്. കാറ്റിനേക്കാളും സാന്ദ്രത വെള്ളത്തിനുള്ളതുകാരണം കൂടുതല്‍ വൈദ്യുതി ഇതില്‍‌നിന്നും ഉത്‌പാദിപ്പിക്കാമെന്നാണ് ഇതിന്റെ ഉപജ്ഞാതാക്കളുടെ പ്രതീക്ഷ. ഇപ്പോള്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റും പാര്‍ക്കിംഗ് സ്പേസും ഇതില്‍‌നിന്നും ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നു. യു.എന്‍. ആസ്ഥാനം തുടങ്ങി പലരും ഈ വൈദ്യുതി ഉപയോഗിക്കുന്നതില്‍ താത്‌പര്യം പ്രകടിപ്പിച്ചുണ്ട്.

ഇതിലെ ഒരു അപകടം മീനുകളൊക്കെ ഈ ബ്ലേഡില്‍ തട്ടി ചത്തുപോകുമോ എന്നുള്ളതാണ്. പക്ഷേ അത്രയ്ക്ക് സ്പീഡില്‍ കറങ്ങാത്തതുകൊണ്ടും ബ്ലേഡുകള്‍ ആ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതുകൊണ്ടും മീനുകള്‍ക്കൊന്നും പ്രശ്‌നം വരില്ല എന്നാണ് വിലയിരുത്തല്‍. വെള്ളത്തിന്റെ മര്‍ദ്ദം താങ്ങാന്‍ മാത്രം ശക്തിയുള്ള ബ്ലേഡുകള്‍ ഉണ്ടാക്കിക്കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ ഇവിടേയും ഇവിടേയും.

4. എന്തിനധികം...

നടത്തത്തില്‍നിന്നുപോലും പോലും കറണ്ടുണ്ടാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. നമ്മുടെ പുറം സഞ്ചിയില്‍ ഒരു മുപ്പതുകിലോ കട്ടി സ്പ്രിംഗില്‍ കെട്ടിത്തൂക്കിയിടുക. എന്നിട്ട് അത് നടക്കുമ്പോള്‍ മുകളിലോട്ടും താഴോട്ടും ചലിക്കത്തക്ക രീതിയില്‍ വെക്കുക. നടക്കുമ്പോള്‍ ഉള്ള ഊര്‍ജ്ജം (കൈനെറ്റിക് എനര്‍ജി)മൂലം സ്പ്രിംഗ് വടി മുകളിലേക്കും താഴേക്കും ചലിക്കും. ആ ചലനം കൊണ്ട് സഞ്ചിയിലുള്ള ഒരു ചെറിയ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയും അങ്ങിനെ വൈദ്യുതി ഉല്‍‌പാദിപ്പിക്കും ചെയ്യും. ഈ വൈദ്യുതി സെല്‍‌ഫോണ്‍, ഐപ്പോഡ് ഇവയൊക്കെ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ബാറ്ററിയില്‍ ശേഖരിക്കാം. കുറച്ച് നേരാംവണ്ണം നടന്നാല്‍ 7 വാട്ട് കറന്റുവരെ ഉത്‌പാദിപ്പിക്കാം. സെല്‍‌ഫോണൊക്കെ പ്രവര്‍ത്തിക്കാന്‍ ഒരു വാട്ട് കറന്റൊക്കെ മതിയാവും.

ഇത്തരം വൈദ്യുതികൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. പട്ടാളക്കാര്‍ക്കൊക്കെ വളരെ വിദൂര സ്ഥലങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ അവരുടെ അനുസരണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി ഉപയോഗിക്കാം. അതുപോലെ എന്തെങ്കിലുമൊക്കെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരുമ്പോള്‍ വൈദ്യുതിയില്ലെങ്കിലും അത്യാവശ്യമൊക്കെ പിടിച്ചുനില്‍ക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പറ്റും. ഇപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തകരുടെ സഞ്ചികള്‍ക്ക് നാല്‍‌പതു കിലോവരെയൊക്കെ ഭാരമുണ്ട്. അതില്‍തന്നെ നല്ലൊരു ഭാഗം ബാറ്ററികളുടെ ഭാരമാണ്. അങ്ങിനെയൊക്കെയുള്ളവര്‍ക്ക് ഇത് സൌകര്യമായിരിക്കും.

നടവൈദ്യുതിയെപ്പറ്റി ഇവിടെ

മിന്നല് പുറപ്പെട്ട് പാഞ്ഞുപോയപ്പോള്‍ ഇതുപോലൊരു സഞ്ചിയും കെട്ടിത്തൂക്കിക്കൊണ്ടാണ് ഓടിയിരുന്നെങ്കില്‍, അതുപോലെ മിന്നലിനെ പിടിക്കാന്‍ പോയ ഇടിവാളിന്റെ പുറത്തും പുറകെ പോയ അച്ഛന്റെ പുറത്തും ഇതുപോലുള്ള സഞ്ചികള്‍ ഉണ്ടായിരുന്നെങ്കില്‍ വെങ്കിട് ഭാഗത്ത് ഒരാഴ്‌ചത്തേക്കുള്ള കറന്റ് ഫ്രീയായി കിട്ടിയേനെ.

ദിവസവും ജോഗ്ഗിംഗ് ശീലമാക്കിയ ദേവേട്ടനും ഗന്ധര്‍വ്വനും ഒരു സഞ്ചിയും കെട്ടിത്തൂക്കി നടന്നാല്‍ ദുബായിയില്‍ മൊത്തം വേണ്ട് കറന്റ് അവരുടെ സഞ്ചിയില്‍നിന്നും ഉത്‌പാദിപ്പിക്കാം. ചില പരിപാടികള്‍ക്കിടയില്‍ ചിലരുടെ നടത്തവും വെപ്രാളവും കണ്ടാല്‍ അവരുടെ “സഞ്ചി”യില്‍ നിന്നാ‍ണ് ആ പരിപാടിക്കുള്ള മൊത്തം കറന്റും ഉണ്ടാക്കുന്നത് എന്ന് തോന്നില്ലേ.