ജയചന്ദ്രന്‍ റ്റാറ്റാ യേശുദാസ് ലൈലാന്റ്
നമ്മള്‍ മലയാളിയുടെ നവരസങ്ങളില്‍ കൈമള്‍ ചേട്ടന്‍ പറഞ്ഞിരുന്നു, അത് എന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കുറിപ്പാണെന്ന്. ആ നവരസങ്ങള്‍ നവം ഗുണം നവം സമം നവസ്ക്വയര്‍ രീതിയില്‍ എന്നില്‍ പ്രതിഫലിക്കുന്നുണ്ട്, ചെറുപ്പകാലം മുതല്‍ തന്നെ.
ആര് എന്തുപറഞ്ഞാലും, അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും, എനിക്കറിയാമെങ്കിലും ഇല്ലെങ്കിലും കണ്ണടച്ചെതിര്‍ക്കുക എന്നുള്ളത് എന്റെ വളരെ നല്ല ഒരു സ്വഭാവമായിരുന്നു (എന്നാണ് ഞാന്‍ കരുതിയിരുന്നത്). എന്ത് കാര്യവും, പ്രത്യേകിച്ചും വീട്ടില്‍ ചേട്ടന്‍, അനിയന്‍ മുതലായവര്‍ പറഞ്ഞാല്‍, ആ നിമിഷം എന്റെ ബീപ്പി കൂടും, നെഞ്ചിടിപ്പ് പതിന്മടങ്ങാകും. കണ്ണുകള്‍ പതിയെ അടയും, ഞരമ്പുകള്‍ വലിഞ്ഞുമുറുകും. പേശികള്‍ ബലവത്താകും, ഉള്ള മസിലുകള്‍ (വളരെ കുറച്ചേ ഉള്ളൂ എങ്കിലുമെന്താ, ഉണ്ടല്ലോ) ദൃഢമാകും- ഞാനെതിര്‍ക്കും, ശക്തിയുക്തം തന്നെ എതിര്‍ക്കും. എന്റെ ലോജിക്ക് സിമ്പിള്‍. പറയുന്നതിന് ഓപ്പോസിറ്റ് പറയുക. അതാണ് ശരിയെന്ന് സ്ഥാപിക്കുക. ഇനി ഓപ്പോസിറ്റ് അറിയില്ലെങ്കില്‍ അവര്‍ പറഞ്ഞതല്ല ശരി, വേറേ എന്തോ (അതെന്താണെന്ന് ചോദിക്കരുതേ) ആണ് ശരി എന്ന് ഉറക്കെയുറക്കെ പറയുക, അലറുക, വേണ്ടിവന്നാല്‍ കരയുക. പലപ്പോഴും എന്റെ ഹിസ്റ്റീരിയ കണ്ട് എതിരാളികള്‍ തോല്‍വി എന്റെ മുന്നില്‍ വെച്ച് സമ്മതിച്ചിട്ട് അപ്പുറത്തെ മുറിയില്‍ പോയിരുന്ന് ചിരിക്കും. ചിലപ്പോള്‍ അവര്‍ക്കും വാശിയാകും. അപ്പോള്‍ എന്റെ കാര്യം അവതാളത്തിലാകും. കാരണം, അപ്പോള്‍ നവരസങ്ങളിലെ രണ്ടാം രസമായ പിടിവാശി, മുയല്‍ കൊമ്പ് മൂന്ന് മുതലായവ പ്രയോഗിച്ചേ പറ്റൂ. ഒരിക്കല്‍ അടര്‍ക്കളത്തില്‍ ഇറങ്ങിയാല്‍ തോറ്റു പിന്മാറുന്ന പ്രശ്‌നം ഇല്ലാത്തതുകാരണം ചില മുയലിനെയൊക്കെ കിട്ടിയാല്‍ അതിന്റെ ഇല്ലാത്ത മൂന്നു കൊമ്പിലും പിടിച്ച് വര്‍ഷങ്ങളോളം ഇരിക്കേണ്ടി വന്നിട്ടുണ്ട്. ചില മുയലൊക്കെ ഇപ്പോഴും കയ്യിലിരിപ്പുണ്ട്, അതിന്റെ മൂന്നു കൊമ്പുമായി. പക്ഷേ കാലാന്തരത്തില്‍ അപൂര്‍വ്വം ചില മുയലുകള്‍ക്ക് ഒരു ചെറിയ കൊമ്പൊക്കെ മുളച്ചില്ലേ എന്നൊരു സംശയവുമുണ്ട് കേട്ടോ (ഈ പ്രത്യാശയും നവരസപിടിവാശിയോടനുബന്ധിച്ചുണ്ടാവുന്നതാണോ ആവോ)
അങ്ങിനെ എന്റെ കൈയ്യില്‍ ഇരുന്ന രണ്ട് ഹൈപ്രൊഫൈല്‍ മുയലുകളായിരുന്നു പാട്ടുകാരന്‍ ജയചന്ദ്രനും പാട്ടവണ്ടി ടാറ്റായും.
ഈ ജയചന്ദ്രനും ടാറ്റായും ഒക്കെ ഏതാണ്ട് ഒരേ കാലയളവില്‍ ഉണ്ടായ പ്രതിഭാസങ്ങളാണെന്ന് തോന്നുന്നു-രണ്ടിലോ, മൂന്നിലോ, നാലിലോ അഞ്ചിലോ ആറിലോ ഒക്കെ പഠിക്കുമ്പോള്‍. അക്കാലങ്ങളില്‍ എന്റെ റോള്‍ മോഡല്‍ എന്റെ ചേട്ടനായിരുന്നു (ആരാധനയായിരുന്നോ എന്നറിയില്ല, ചിലപ്പോള്‍ ചിലര്‍ ആരാധന മൂത്ത് വയലന്റാവില്ലേ, അതായിരുന്നിരിക്കും). ചേട്ടന്‍ എന്ത് പറഞ്ഞാലും അതിനെ ശക്തിയുക്തം എതിര്‍ക്കുക എന്നതായിരുന്നു എന്റെ ജീവിത വ്രതം. എന്റെ ബുദ്ധി തന്നെ എനിക്ക് പിടിച്ചാല്‍ കിട്ടുന്നില്ല, അപ്പോള്‍ ചേട്ടച്ചാരുടെ മൂന്നുകൊല്ലം മൂത്ത ബുദ്ധിയുടെ കാര്യം പറയാനുണ്ടോ! പുള്ളിക്ക് കൊള്ളാവുന്ന സാധനങ്ങള്‍ കൊള്ളാവുന്നതാണെന്ന് മനസ്സിലാക്കാന്‍ വലിയ സമയം ഒന്നും വേണ്ടായിരുന്നു. മാത്രവുമല്ല, അതാണ് കൊള്ളാവുന്നതെന്ന് ഉറക്കെ പറയുകയും, അത് കേട്ടാലുടന്‍ മുകളില്‍ പറഞ്ഞ പേശീനാഡീഞരമ്പ്‌മസില്‍ വലിവ് എനിക്കുണ്ടാവുകയും ചെയ്യും. പിന്നെ എനിക്ക് കിട്ടുന്നത് ഏറ്റവും ബെസ്റ്റ് മൈനസ് വണ്‍ സാധനം മാത്രം.
ഒരു ദിവസം റേഡിയോയില്‍ ചിരിയോ ചിരിയിലേയോ മറ്റോ ഒരു പാട്ട് കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ ആ പാട്ട് നന്നായി ആസ്വദിച്ചുകൊണ്ടിരിക്കുന്നു. സംഗീത സംവിധായകന്‍ രവീന്ദ്രന്റെ പാട്ടുകളൊക്കെ തിരിച്ചറിയാന്‍ എളുപ്പമാണെന്നും (മിക്ക പാട്ടുകള്‍ക്കുമിടയ്ക്ക് സ്പീഡില്‍ പാട്ട് പോകുന്ന പരിപാടി രവീന്ദ്രനുണ്ടല്ലോ) ഒക്കെ ചേട്ടച്ചാര്‍ പറഞ്ഞുകൊണ്ടിരുന്നു. അങ്ങിനെ സിനിമ, സംഗീതം, സംഗീത സംവിധായകന്‍ ഇവയെപ്പറ്റിയൊക്കെ പറഞ്ഞ് പറഞ്ഞ് പോകുന്നതിനിടയില്‍ ദേഹം ഒരു പ്രഖ്യാപനം നടത്തി:
“എനിക്കിഷ്ടം യേശുദാസിന്റെ പാട്ടാണ്”
എന്റെ പേശികള്‍, നാഡികള്‍, ഞരമ്പ്, മസില്‍, എല്ലാം വലിഞ്ഞു മുറുകി. എന്റെ ശരീരം ഒരു പ്രത്യേക ആകൃതിപൂണ്ടു. കണ്ണുകളടഞ്ഞു. ഒരു നിമിഷം ചിന്തിച്ചു. ആരാണ് യേശുദാസിന് ബദല്‍. അന്ന് ഒരാളെ മാത്രമെ പരിചയമുള്ളൂ-ജയചന്ദ്രന്‍. ഞാന്‍ അലറി:
“ഒന്ന് പോ, യേശുദാസിന്റെ പാട്ട് എന്തിനു കൊള്ളാം, എനിക്കിഷ്ടം ജയചന്ദ്രന്റെ പാട്ടുകളാണ്, ജയചന്ദ്രന്റെയാണ് ബെസ്റ്റ് പാട്ടുകള്‍”
അന്ന് തുടങ്ങി എന്റെ കഷ്ടകാലം. യേശുദാസ് പത്ത് പാട്ട് പാടുമ്പോഴേ ജയചന്ദ്രന്‍ ഒരു പാട്ട് പാടൂ. അങ്ങിനത്തെ പത്ത് ജയചന്ദ്രന്‍ പാട്ടുകളിലേ എനിക്കുപോലും ഇഷ്ടപ്പെട്ട ഒരു പാട്ട് ഉണ്ടാവൂ (ഇതൊക്കെ അന്നത്തെ അഭിപ്രായം ആണ് കേട്ടോ- ഇപ്പോള്‍ എന്റെ അഭിപ്രായത്തില്‍ എന്റെ ജയചന്ദ്രന്‍ മുയലിനും കൊമ്പൊക്കെ കിളിര്‍ക്കുന്നുണ്ട്). ഒരു രക്ഷയുമില്ല. ഇതിനിടയ്ക്ക് നമ്മളെ ആക്കാന്‍ ചേട്ടച്ചാര്‍ യേശുദാസിന്റെ നല്ല പാട്ടുകളൊക്കെ ഒരു എക്സ്‌ട്രാ എഫര്‍ട്ടെടുത്ത് ആസ്വദിക്കാനും തുടങ്ങി. ഉച്ചയ്ക്കലത്തെ രഞ്ജിനിയില്‍ ഒരു മണിക്കൂര്‍ മൊത്തം റേഡിയോയുടെ കീഴെ (കെല്‍ട്രോണിന്റെ നൂറു രൂപയ്ക്ക് കിട്ടുന്ന ടാക്സ് വേണ്ടാത്ത റേഡിയോ ഞങ്ങള്‍ പണിയാതിരിക്കാന്‍ അച്ഛന്‍ വാതിലിന്റെ മുകളില്‍ ചാക്കുനൂലുകൊണ്ട് കെട്ടിവെച്ചിരിക്കുകയായിരുന്നു) കുത്തിയിരുന്നാലേ ഒന്നോ രണ്ടോ ജയചന്ദ്രന്‍ പാട്ട് കിട്ടൂ. അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തലയാട്ടി ആസ്വദിക്കാനായിരുന്നു എന്റെ വിധി.
ഇതിനിടയ്ക്ക് ചില ഗള്‍ഫ് പ്രവാസികളും എനിക്ക് ആവുന്നത്ര പാര വെച്ചു. യേശുദാസിന്റെ “ഓ മൃദുലേ, ഹൃദയമുരളിയിലൊഴുകി വാ” എന്ന പാട്ട് അവരെയൊക്കെ വല്ലാതെ വശീകരിച്ചു എന്നൊക്കെ പറഞ്ഞ് പത്രത്തില്‍ പരസ്യം കൊടുത്തു അണ്ണന്മാര്‍. ഇത്തരം വാര്‍ത്തകളൊക്കെ എല്ലാവരുടേയും മുന്നില്‍ വെച്ച് ഉറക്കെ മാത്രമേ ചേട്ടന്‍ വായിക്കൂ. മനോരമ ഓഫീസ് കത്തിച്ചാലോ എന്നുവരെ ആലോചിച്ച സന്ദര്‍ഭങ്ങള്‍. ചില പാട്ടുകളൊക്കെ നന്നായി ആസ്വദിച്ച് തലയാട്ടിയൊക്കെ ഇരിക്കുമ്പോഴായിരിക്കും മനസ്സിലാവുന്നത്, അത് യേശുദാസ് പാടിയതാണെന്ന്. ചുറ്റും നോക്കും. ആരും തലയാട്ടല്‍ കണ്ടില്ലെങ്കില്‍ സമാധാനമായി. ചില പാട്ടൊക്കെ മൂളി പകുതിയാകുമ്പോള്‍ ചേട്ടന്റെ ആക്കിയുള്ള ചിരി കാണുമ്പോഴാണ് അബദ്ധം മനസ്സിലാവുന്നത്. പെട്ടെന്ന് ട്രാക്ക് മാറ്റും. ചില പാട്ട് പാടിയതാരാണെന്നൊന്നും കേള്‍ക്കാതെ ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍ ചേട്ടച്ചാര്‍ നിഷ്‌കളങ്കമായി ചോദിക്കും:
“ഈ പാട്ടിഷ്ടപ്പെട്ടോടാ”
പിള്ള മനസ്സില്‍ കളങ്കമില്ലല്ലോ. നിഷ്‌കളങ്കമായി ഞാന്‍ ഉത്തരം പറയും:
“പ്യിണ്ണേ... നല്ല ഒന്നാന്തരം പാട്ട്”
എല്ലാവരുടേയും മുന്നില്‍ വെച്ചേ ഇങ്ങനെയൊക്കെ ചോദിക്കൂ. എല്ലാവരും കൂടി പൊട്ടിച്ചിരിയാണ് പിന്നെ. അപ്പോഴാണ് മനസ്സിലാവുന്നത്, സംഗതി പാടിയിരിക്കുന്നത് എന്റെ ആജന്മ എതിരാളിയായ ദാസേട്ടാനാണെന്ന്.
ഇതിനിടയ്ക്ക് നഖക്ഷതങ്ങള്‍ റിലീസായി. പാട്ടൊക്കെ സൂപ്പര്‍ ഹിറ്റ്. പത്രത്തില്‍ വായിച്ച് അതില്‍ ഏതോ ഒരു പാട്ട് ജയചന്ദ്രന്‍ പാടിയതാണെന്ന് അറിയാം. പക്ഷേ ഏത് പാട്ടാണെന്ന് പിടികിട്ടിയില്ല. ആരേയും ഭാവ ഗായകനാക്കും ആകാന്‍ വഴിയില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. പിന്നെയുള്ളത് നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ എന്ന പാട്ടാണ്. കേട്ടിട്ട് ഒരു ജയചന്ദ്രന്‍ ചുവയൊക്കെയുണ്ട്. ഞാനുറപ്പിച്ചു. അത് ജയചന്ദ്രന്‍ പാടിയതു തന്നെ. നല്ല പബ്ലിസിറ്റി കൊടുത്തു. നഖക്ഷതങ്ങളിലെ ബെസ്റ്റ് പാട്ട് നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ തന്നെ. ഭാഗ്യത്തിന് അന്ന് വീട്ടില്‍ കാസറ്റ് പ്ലെയര്‍ തുടങ്ങിയ സംഗതികളൊന്നുമില്ല. പലപ്പോഴും ഈ പാട്ട് റേഡിയോയില്‍ വരുമ്പോള്‍ ആരാണ് പാടിയതെന്ന് ആരും കേള്‍ക്കാറില്ല. ചേട്ടച്ചാര്‍ക്കും കണ്‍ഫ്യൂഷനായെന്ന് തോന്നുന്നു. പുള്ളിയും ഇക്കാര്യത്തില്‍ ഉടക്കാന്‍ വന്നില്ല. പക്ഷേ ഒരു ദിവസം അമ്മവീട്ടില്‍ പോയപ്പോള്‍ അവിടെ നഖക്ഷതങ്ങളുടെ കാസറ്റിന്റെ പുറത്ത് എഴുതി വെച്ചിരിക്കുന്നു, നീരാടുവാന്‍- യേശുദാസ്; കേവലം മര്‍ത്യ...- ജയചന്ദ്രന്‍. ഉള്ളത് പറഞ്ഞാല്‍ ആ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാത്ത പാട്ട് ആ ജയചന്ദ്രന്‍ ഗാനമായിരുന്നു.
അമ്മൂമ്മയുടെ പിറന്നാളിനോ മറ്റോ ഒത്തുകൂടിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ഞാന്‍ എന്റെ മുയലിനെ അന്ന് കൂട് തുറന്ന് പുറത്തുവിട്ടു.
(പക്ഷേ അതൊക്കെ കഴിഞ്ഞ് വളരെ നാളുകള്‍ക്ക് ശേഷമാണ് ജയചന്ദ്രന്റെ പല പഴയ നല്ല പാട്ടുകളും ഞാന്‍ കേള്‍ക്കാനും ആസ്വദിക്കാനും തുടങ്ങിയത്. എന്റെ വാദങ്ങളിലും അല്പസ്വല്പം ശരിയൊക്കെയുണ്ടെന്ന് തെളിയാന്‍ ചിലപ്പോള്‍ നൂറ്റാണ്ടുകളെടുത്തേക്കാം എന്ന വിശ്വാസത്തില്‍ ഇപ്പോഴും ഞാന്‍ ചില മുയലുകളുടെയൊക്കെ കൊമ്പില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നു).
അതേ കാലയളവിലുണ്ടായ മറ്റൊരു ദുരന്തമായിരുന്നു, എന്റെ ടാറ്റാവണ്ടി പ്രേമം. ചെറുപ്പത്തിലേ പേരെടുത്ത ഒരു എക്‍സ്‌പീര്യന്‍സ്‌ഡ് ഡ്രൈവര്‍ ആയിരുന്നു ഞാന്‍-അരവിന്ദനെപ്പോലെ. ചേട്ടച്ചാരുടെ ആയതുകാരണം എപ്പോഴും ഊരിപ്പോകുന്ന നിക്കര്‍ വാഴവള്ളികൊണ്ട് കെട്ടിവെച്ച് നാക്ക് പുറത്തേക്ക് നീട്ടി കൈകൊണ്ട് സ്റ്റിയറിംഗ് ഒക്കെ വളച്ച് ഗിയറുകള്‍ അപ്/ഡൌണ്‍ ചെയ്ത് വീടിനു ചുറ്റും വണ്ടിയോടിക്കുമ്പോള്‍ എന്റെ മനസ്സില്‍ എപ്പോഴും ലൈലാന്റ് വണ്ടിയായിരുന്നു. നാക്ക് നേരേ പുറത്തേക്ക് തള്ളി നാക്കിനു മുകളില്‍ കൂടി ശ്വാസം പുറത്തേക്ക് വിട്ട് ശബ്ദമുണ്ടാക്കിയാലേ തിയറിപ്രകാരം ലൈലാന്റിന്റെ ഒച്ച വരൂ. ടാറ്റായുടെ ഒച്ച വരണമെങ്കില്‍ നാക്ക് അകത്തുതന്നെയിട്ട്, ചുണ്ട് രണ്ടും ചേര്‍ത്ത് വെച്ച് വായു പുറത്തേക്ക് വിടണം. ലൈലാന്റിന്റെ ഒച്ചയുടെ ഗാംഭീര്യമൊന്നും ടാറ്റായ്ക്കില്ലായിരുന്നു (വളരെ ചെറുപ്പത്തിലേ ഇതൊക്കെ കണ്ടുപിടിച്ച എന്റെ ബുദ്ധിയില്‍ ഇതെഴുതുമ്പോഴാണ് ആദ്യമായി എനിക്കഭിമാനം തോന്നുന്നത്-പക്ഷേ എന്റെ പല്ലുന്തി ഫോട്ടോ ഫ്രെയിം ചെയ്യാന്‍ പോലും പറ്റാത്ത ഗതിയായത് ആ വണ്ടിയോടിക്കലായിരുന്നു എന്നാണ് വിദഗ്ദമതം). അതുപോലെ ലൈലാന്റിന്റെ പൊങ്ങിനില്‍ക്കുന്ന ആ ഗിയര്‍ ഡൌണ്‍ ചെയ്യുമ്പോളുള്ള സുഖം വല്ലതും ടാറ്റായുടെ ഒന്ന് പൊങ്ങി പിന്നെ വളഞ്ഞ് പിന്നെ ഒന്നുകൂടി പൊങ്ങിയുള്ള ഗിയറിനുണ്ടോ. മാത്രവുമല്ല, ചില കെയെസ്സാര്‍ട്ടീസീ ബസ്സിലെ ഡ്രൈവര്‍മാര്‍ ടാറ്റാ ഗിയര്‍ രണ്ടു കൈകൊണ്ടും പൊത്തോ എന്ന് പറഞ്ഞ് മാറ്റുന്നതിന്റെ ഞങ്ങള്‍ ഗിയര്‍ മാറ്റുക എന്നല്ല ഗിയര്‍ ഇടുക എന്നാണ് പറഞ്ഞിരുന്നത്. ഏതോ വലിയ കുഴിയില്‍ ഈ സാധനം കൊണ്ടുപോയി ഇടുന്ന രീതിയിലായിരുന്നു അവര്‍ അത് ചെയ്തുകൊണ്ടിരുന്നത്. അങ്ങിനെ എന്റെ സങ്കല്പത്തിലൊന്നും ഒരു ടാറ്റാവണ്ടി കടന്നുവന്നിരുന്നില്ല. ഞാനെപ്പോഴും ലൈലാന്റിന്റെ ആരാധകന്‍.
പക്ഷേ ഇവിടേയും ചേട്ടന്‍ എന്നെ തോല്‍പിച്ചു. ഇഷ്ടമാണെങ്കില്‍ പിന്നെ അത് ഉടന്‍ തന്നെ പ്രഖ്യാപിക്കണമെന്ന മാനേജ്‌മെന്റ് തത്വം ഞാനോര്‍ത്തില്ല. ഒരു ദിവസം അച്ഛന്റെ വീട്ടില്‍ പോയിട്ട് ആ വഴിയുള്ള ഏക ലൈലാന്റ് ബസ്സിന്റെ മുന്നിലത്തെ സീറ്റില്‍ ഇരുന്ന ഡ്രൈവര്‍ ഗാംഭിര്യത്തോടെ ഗിയര്‍ മാറ്റുന്നതും വളവൊടിക്കുന്നതുമൊക്കെ ആസ്വദിച്ച് പോരുന്ന വഴിയില്‍ ചേട്ടന്‍ പ്രഖ്യാപിച്ചു:
“ലൈലാന്റ് വണ്ടിയുടെ സുഖമൊന്നും ടാറ്റാവണ്ടിക്കില്ല”
പിടിവിട്ടു പോയല്ലോടാ മഹനേ എന്ന് എന്റെ മനസ്സ് പറഞ്ഞു. ചേട്ടച്ചാര്‍ പറഞ്ഞ സ്ഥിതിക്ക് ഇനി ഒരിക്കലും എനിക്ക് മനസ്സ് തുറന്ന് ലൈലാന്റ് വണ്ടിയെ ആരാധിക്കാന്‍ പറ്റില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെന്റ് സ്റ്റീഫന്‍, എക്സ്‌പോ, റോബിന്‍, കാര്‍ത്തിക, ജോളി, മേരിമാതാ, പിന്നെ കേയെസ്സാര്‍ട്ടീസിയുടെ അടിപൊളി എക്സ്‌പ്രസ്സ് ബസ്സുകള്‍ ഇവയെല്ലാം ലൈലാന്റ് വണ്ടികള്‍ മാത്രം. ടൂറിസ്റ്റ് ബസ്സുകളില്‍ ഒന്നുപോലും ടാറ്റാവണ്ടിയില്ല. എനിക്ക് ആകപ്പാടെ വെപ്രാളമായി. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. എല്ലാം കൈവിട്ട് പോയില്ലേ. ഞാന്‍ പതിവുപോലെ പ്രഖ്യാപിച്ചു, എന്റെ എല്ലാവിധ ശരീരപ്രകൃതങ്ങളോടും കൂടി;
“ഒന്ന്, പോ, പിന്നേ... ടാറ്റാ വണ്ടി തന്നെ ബെസ്റ്റ്”
കുന്തം. ഈ ടാറ്റാവണ്ടിയാണെങ്കില്‍ അറുപത് കിലോമിറ്ററില്‍ കൂടുതല്‍ സ്പീഡെടുത്താല്‍ വണ്ടി മൊത്തം വിറയ്ക്കാന്‍ തുടങ്ങും. ഡ്രൈവര്‍മാര്‍ എന്തോ പിറുപിറുത്തുകൊണ്ടു മാത്രമേ അതിന്റെ ഗിയര്‍ മാറുന്നത് ഞാന്‍ കണ്ടിട്ടുള്ളൂ. എന്തായാലും എന്റെ പ്രഖ്യാപനം കഴിഞ്ഞതില്‍ പിന്നെ ടാറ്റാവണ്ടിയില്‍ ഞങ്ങള്‍ ഒരുമിച്ച് പോയാല്‍ ചേട്ടച്ചാര്‍ ഒരു അഡീഷണല്‍ വിറയല്‍ കൂടി വിറയ്ക്കുന്നുണ്ടായിരുന്നോ എന്നൊരു സംശയം. വഴിയില്‍ വല്ല ലൈലാന്റ് വണ്ടിയും കേടായി കിടന്നാല്‍ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു. എന്റെ വാദത്തിനുവേണ്ടി എത്രമാത്രം കഷ്ടപ്പാട് സഹിക്കാനും ഞാനൊരുക്കമായിരുന്നു. വല്ല ലൈലാന്റ് വണ്ടിയിലുമാണ് കയറുന്നതെങ്കില്‍ ഈ കുന്തം വഴിയിലെവിടെയെങ്കിലും കേടാകണേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ മിക്കവാറും ടാറ്റാ വണ്ടികള്‍ ആക്‍സിലൊടിഞ്ഞും, ഗിയര്‍ ബോക്സ് പോയും എഞ്ചിന്‍ ഓഫായുമൊക്കെ വഴിയില്‍ കിടക്കുമ്പോള്‍, ലൈലാന്റ് വണ്ടി മിക്കവാറും ടയര്‍ പഞ്ചറായോ അല്ലെങ്കില്‍ ഡീസല്‍ തീര്‍ന്നോ മാത്രമേ വഴിയില്‍ കിടക്കാറുണ്ടായിരുന്നുള്ളൂ. ഏതു വര്‍ക്‍ഷാപ്പിന്റെ മുന്നില്‍ കൂടി പോയാലും അവിടെ കിടക്കുന്ന വണ്ടികളുടെ കണക്കെടുക്കും. അവിടെയും പലപ്പോഴും ടാറ്റാ വണ്ടികളായിരുന്നു കൂടുതല്‍. എന്റെ ഒരു കഷ്ടകാലം, അല്ലാതെന്തു പറയാന്‍. ലൈലാന്റ് വണ്ടി കീതിരിച്ച് സ്റ്റാര്‍ട്ടാക്കുമ്പോള്‍ ടാറ്റാ വണ്ടി ഒരു സ്വച്ച് ഞെക്കിയാല്‍ സ്റ്റാര്‍ട്ടാകും എന്നുള്ള വാദത്തിനൊന്നും പുല്ലിന്റെ വില പോലുമില്ലായിരുന്നു. ആകപ്പാടെയുള്ള ആശ്വാസം നാട്ടിലെ പന്ത്രണ്ടുപത്തെസ്സീ ലോറികള്‍ ടാറ്റായായിരുന്നു എന്നതു മാത്രമായിരുന്നു. അത് മൂന്നും നാലും ആഞ്ഞിലിമരങ്ങളും ഒക്കെ വെച്ചുകെട്ടി മന്ദം മന്ദം നീങ്ങുന്നത് കാണുമ്പോള്‍ ജാംഷെഡ്‌ജി ടാറ്റായേക്കാളും അഭിമാനമായിരുന്നു എനിക്ക്. തലയുയര്‍ത്തിപ്പിടിച്ച്, നെഞ്ച് വിരിക്കാവുന്നിടത്തോളം വിരിച്ച് (മെഡിക്കല്‍ ചെക്കപ്പിനു പോയപ്പോള്‍ എന്റെ വിരിഞ്ഞ നെഞ്ചിന്റെ അളവ് വിരിയാത്ത നെഞ്ചിന്റെ അളവിനെക്കാളും കുറവാണെന്ന് ഒരു ഡോക്‍ടര്‍ കണ്ടുപിടിക്കുകയുണ്ടായി) ഞാന്‍ ആ ലോറിയെ നോക്കും, പിന്നെ ചേട്ടനെ നോക്കും. എന്തായാലു ടാറ്റാ-ബിര്‍ളാ കമ്പനിക്കാരേക്കാളും വാശിയായിരുന്നു എനിക്കും ചേട്ടനും പ്രസ്തുത കമ്പനികളെ പ്രൊമോട്ട് ചെയ്യാന്‍.
അങ്ങിനെ കാലചക്രം കുറെ ഉരുണ്ടു. പ്രായമായി. പഴയ വാശിയൊക്കെ പോയി ഇങ്ങിനെ ഇരിക്കുമ്പോള്‍ രണ്ടാഴ്‌ച മുന്‍പ് ചേട്ടന്‍ ഒരു ചോദ്യം:
“നിനക്ക് ഏത് കമ്പനിയുടെ കാറാണെടാ ഇഷ്ടം?”
ഒരു നിമിഷം ഞാന്‍ ഗതകാലത്തിലേക്ക് ഊളിയിട്ടു. പണ്ടത്തെ അഭിമാനക്ഷതങ്ങള്‍ക്കൊക്കെ പകരം വീട്ടാന്‍ കൈവന്നിരിക്കുന്ന സുവര്‍ണ്ണാവസരം. ആദ്യമായി ചേട്ടന്‍ പന്ത് എനിക്ക് ഇട്ടുതന്നിരിക്കുന്നു. എനിക്ക് ആദ്യം പറയാന്‍ ഒരവസരം വന്നിരിക്കുന്നു. ഇത് ഒരിക്കലും മിസ്സാക്കരുത്. ഇവിടെയെങ്കിലും എനിക്ക് ജയിക്കണം.
ജപ്പാനിലെ ബെസ്റ്റ് സെല്ലിംഗ് കാര്‍ ടൊയോട്ട കൊറോള, ജെഡി പവര്‍ പ്രകാരം അമേരിക്കയിലെ ബെസ്റ്റ് കാര്‍ ലെക്സസ്, യൂസ്‌ഡ് കാറിലും ഏറ്റവും ബെസ്റ്റ് ടൊയോട്ട കാറുകള്‍, ഉടന്‍ തന്നെ ജിയെമ്മിനെ കവച്ച് വെച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ കാറുകമ്പനിയാകാന്‍ പോകുന്നവന്‍ ടൊയോട്ട. ഇതൊക്കെ നാഴികയ്ക്ക് നാല്‍പതുവട്ടം അവിടെയും ഇവിടെയുമൊക്കെ വായിച്ച് മനഃപാഠമാക്കിയിരുന്ന ഞാന്‍, എന്റെ ഞരമ്പുകള്‍ വലിച്ചുമുറുക്കി, പേശികള്‍ ദൃഢമാക്കി, മസിലുകള്‍ ബലവത്താക്കി, കണ്ണുകള്‍ ഇറുക്കിയടച്ച് ആവേശത്തോടെ പറഞ്ഞു:
“എനിക്കിഷ്ടം മസ്‌ദ”
70 Comments:
വക്കാരിമാഷേ അടിപൊളി...
അങ്ങിനെ എന്റെ കൈയ്യില്‍ ഇരുന്ന രണ്ട് ഹൈപ്രൊഫൈല്‍ മുയലുകളായിരുന്നു പാട്ടുകാരന്‍ ജയചന്ദ്രനും പാട്ടവണ്ടി ടാറ്റായും
അസ്സലായി.. ഒത്തിരി ഇഷ്ടമായി..
എന്നാലും ഞാന്‍ കണ്ട് വക്കരിമാഷിനു കൊമ്പില്ല(എനിക്കും വാശിയുണ്ടേ..).നാളെ കൊമ്പുള്ള ചിത്രം പ്രൊഫൈലില്‍ വരുമോ എന്നു നോക്കട്ടേ..
വെരിഫികേഷന്‍ : pakaqa
ഇഷ്ടമായി...(“ഇഷ്ടമാണെങ്കില്‍ പിന്നെ അത് ഉടന്‍ തന്നെ പ്രഖ്യാപിക്കണമെന്ന മാനേജ്‌മെന്റ് തത്വം“ )
എത്ര വിശദവും സൂക്ഷ്മവുമായാണു വക്കാരീ ഓര്‍മകള്‍ നിന്നില്‍ നിലനില്‍ക്കുന്നത്...അസൂയയുണ്ട് ചെറിയതോതില്‍...
വക്കാരീ, രസിച്ചു :-)
ഈ റ്റാറ്റാ-ലൈലന്റ് വിവാദം ഞങ്ങളുടെ കുട്ടിക്കാലത്തും ഉണ്ടായിരുന്നു. ഞങ്ങള്‍ നെല്ലിത്തറക്കാര്‍ ലൈലന്റുകാരും ഞങ്ങളുടെ അയല്‍ ഗ്രാമമായ തെക്കേത്തറക്കാര്‍ ടാറ്റക്കാരും ആയിരുന്നു. ഒരിക്കല്‍ പൂരത്തിന്, ഞങ്ങളുടെ ഗ്രാമത്തിലേക്ക് മദ്രാസില്‍ നിന്ന് എത്തിയ ഒരു കുടുംബത്തിന്റെ ഡ്രൈവറെ ഞങ്ങള്‍ ഈ വിവാദത്തിന്റെ റഫറി ആക്കാന്‍ തീരുമാനിച്ചു. ആള്‍ടെ കൊമ്പന്‍ മീശ കണ്ട് ആര്‍ക്കും അടുക്കാന്‍ ധൈര്യമുണ്ടായില്ല എന്നു മാത്രം. കൂട്ടത്തില്‍ പട്ടരായതിനാല്‍ തമിഴ് സംസാരിക്കാന്‍ കഴിവുള്ളവനായിരുന്ന ഗണേശനെയാണ് അവസാനം ഞങ്ങള്‍ ദൌത്യം ഏല്‍പ്പിച്ചത്. പതുക്കെ കയ്യൊക്കെ കൂട്ടിത്തിരുമ്മി ഗണേശന്‍ മടിച്ച് മടിച്ച് ചങ്ങായോട് ചോദിച്ചു.
" അണ്ണാച്ചി, എന്ത ബസ്സാക്കും നല്ലത്? ലൈലന്റ് താനേ?"
ഉത്തരം കേള്‍ക്കാന്‍ കാതും കൂര്‍പ്പിച്ച് ഗണേശന്റെ പുറകില്‍ ലൈലന്റ് പക്ഷത്ത് നിന്ന് ആറും, ടാറ്റ പക്ഷത്ത് നിന്ന് അഞ്ചും വാനരന്‍മാര്‍.
മദ്രാസില്‍ നിന്ന് തലേന്ന് രാത്രി മുതല്‍ വണ്ടി ഓടിച്ച ക്ഷീണവും, മീന മാസത്തിലെ പൊരിവെയിലത്ത് ഒന്ന് കയറി ഇരിക്കാന്‍ പോലും വീട്ടുകാര്‍ പറയാത്തതിലുള്ള ദേഷ്യവും 3 മണിയായിട്ടും ഊണ് കിട്ടാത്തതിലുള്ള ഈര്‍ഷ്യയും ഒക്കെ വിറളി പിടിപ്പിച്ചിരുന്ന അണ്ണാച്ചി അലറി.
"പോടാ... ലൈലന്റ് എന്ന ഉങ്ക അപ്പനോടെ കമ്പനിയാ.. വന്തിരുക്കേ തിരുട്ട് പശങ്ക പെരിയ വാര്‍ത്തയേ കേള്‍ക്കറുതുക്ക്.."
കുറേക്കാലം പിന്നെ ഞങ്ങള്‍ ആരും മിണ്ടിയില്ല. പാലക്കാട്-തൃശ്ശൂര്‍ റൂട്ടില്‍ പഴയ 1210E വണ്ടിക്ക് പകരം, PSN കമ്പനിക്കാര്‍ Y തിരിച്ചിട്ട് ഒരു ടാറ്റാ-"മര്‍ക്കഡൈസ്" ബെന്‍സ് ഇറക്കുന്നത് വരെ.
ഞാനും പല മുയലുകള്‍ക്കും കൊമ്പ് പിടിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ പെട്ടെന്ന് തന്നെ അതൂരി കയ്യില്‍ തരുമായിരുന്നു.
എന്റമ്മോ... വക്കാരീ,
ചിരിച്ച് ചിരിച്ച് മണല് കപ്പി.
ഇത് ഒരു വിശാലേട്ടന്‍ ലൈനായല്ലോ.“ചക്രവര്‍ത്തി ഈ ബ്ലോഗിന്റെ നാഥന്‍ എന്നെഴുതി“ ഒരു ഭണ്ഡാരം കൂടി വെയ്. :-)
(ഓടോ: എന്റെ കൈയ്യിലുള്ള മൂന്ന് കൊമ്പ് മുയലുകളെ വെച്ച് ഞാന്‍ ഉടനെ ഒരു ഫാം തുടങ്ങുന്നുണ്ട് :-))
രസിരസിച്ചു വക്കാര്യേ :-)) സൂപ്പര്‍!
അപ്പോ വെടിമരുന്ന് തീര്‍ന്നിട്ടില്ല അല്ലേ?
എവിടെയാണ് ബസ്സ് ആരാധകര്‍ ഇല്ലാത്തത്! ചെറുപ്പത്തില്‍ ശബരിമലയില്‍ പോകുന്ന വഴി ഏറ്റവും ത്രില്ലുള്ള കാര്യമായിരുന്നു, പത്തനംതിട്ടയില്‍ നിന്ന് പമ്പ വരെ ഇഷ്ടമുള്ള ബസ്സില്‍ കയറിപ്പോകുന്നത്. പുത്തന്‍ ലൈലാന്റാണെങ്കില്‍ അതിലേ കയറൂ. ടാറ്റ വലിയ പഥ്യമില്ല. എത്ര ബസ്സുകള്‍ അങ്ങനെ മിസ്സ് ആയിരിക്കുന്നു.
പക്ഷേ ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ടാറ്റ പുതിയ ബസ്സിറക്കിയില്ലേ? ഗിയര്‍ ചെറുതായിട്ട്, “ഷ്‌ശേ...” ന്നൊരു അടച്ചശബ്ദത്തോടെ പോകുന്ന സൂപ്പര്‍ ഫാസ്റ്റുകള്‍? അത് മോശമില്ലെന്ന് തോന്നി. നല്ലോം പറപ്പിക്കാം.
എന്നാലും ലൈലാന്റിന്റെ ആ ശബ്ദസൌകുമാര്യവും, രൂപഭംഗിയും, വടിവും ഒന്നും ടാറ്റക്കില്ല :-)
കാറ് മസ്‌ഡായോ??? “ചെവറലെറ്റ് “ പറയാന്‍ മേലാരുന്നോ ചെവറലെറ്റ്? അല്ലെങ്കില്‍ “പ്യൂജിയറ്റ് “ അല്ലെങ്കില്‍ “റിനോള്‍ട്ട് “ ? ;-))
വക്കാരി ഒന്നൊന്നര വക്കാരിയാണെന്നു പിന്നേം തെളിയിച്ചിരിക്കുന്നു :)
അരവിന്ദോ ചര്‍ച്ചകളില്‍ ടൊയോട്ടായ്ക്കു മറുപടി നിസ്സാനും ഹോണ്ടയുമെല്ലാമാണു്. പ്യൂഷോ -ടെ ഏറ്റവും കുഞ്ഞിക്കാറായ 206 പോലും കൊറോളയെ വെട്ടിക്കും എന്നഭിപ്രായക്കാരനാ ഞാന്‍ ;) എങ്കിലും പോപ്പുലര്‍ കാറുകളുടെ ചര്‍ച്ചയില്‍ എണ്ണത്തില്‍ കൂടുതലുള്ള വക്കാരിനാട്ടിലെ കാറുകളുടെ ബഹളമായിരിക്കും.
ബസ്സിന്റെ കാര്യത്തിലാണെങ്കില്‍ സത്‌ലജ് കമ്പനി ബോഡി പണിഞ്ഞിറക്കുന്ന ഏതു ബസ്സും നമുക്കു പഥ്യം സെന്റ്.തോമസിലേയ്ക്കു പോകുന്ന വഴിയെ കേച്ചേരി കല്ലടബാറിനു മുമ്പില്‍ കല്ലടക്കാരുടെ രണ്ടു വോള്‍വോ-സത്‌ലജ് കിടക്കുന്നതു കണ്ടാല്‍ ആ ദിവസം നന്നാവും :)
വക്കാരിയുടെ വേറിട്ട വീക്ഷണങ്ങള്‍!
വക്കാരീ, ഒരു കാര്യം പറയാന്‍ മറന്നു. ലൈലന്റ് ഹിന്ദൂജയുടെ അല്ലേ, ബിര്‍ളയുടെ അല്ലല്ലോ.
ടയോറ്റാ വളരെ(ഇപ്പോള്‍ ഏറ്റവും അധികം) വിറ്റുപോകുന്ന കാറാണെങ്കിലും , എനിക്കൊരു ഓപ്‌ഷനുണ്ടെങ്കില്‍ ഞാനത് വാങ്ങൂല. പ്രിയസ് എന്നൊക്കെ പറഞ്ഞ് നെക്സ്റ്റ് ജെന്‍ ഫ്യൊവല്‍ എഫിഷ്യന്റ് മോഡല്‍ ഒക്കെ ഉണ്ടെങ്കിലും, ഓ ഇത് എന്നാ ഒക്കെ പറഞ്ഞാലും ടയോറ്റ അല്ലിയോ എന്നുള്ള ചോദ്യം അപ്പോളും നിലനില്‍ക്കുന്നു.
പെരിങ്ങ്‌സ് ,ടയോറ്റക്ക് എതിരാളി ജപ്പാനില്‍ ഹോണ്ടയും നിസാനും സുസുക്കിയും (നിസ്സാന്‍ സുസുക്കിയെ വാങ്ങാന്‍ പോവുകയാണെന്ന് കേട്ടു..അപ്പോ മാരുതീടെ കാര്യം?) ഒക്കെത്തന്നെയാണെങ്കിലും ടയോറ്റക്ക് ലോകത്തില്‍ എതിരാളികള്‍ വേറെയാണ്. അതും നല്ല തലയെടുപ്പുള്ള വീരന്മാര്‍.
ജി.എമ്മിന്റെ ബിയൂഇക്, ഷെവലെ, ഒപെല്‍,
ഫോര്‍ഡിന്റെ വോള്‍വോ, ഫോര്‍ഡ്
വോള്‍ക്സ്വാഗന്റെ സൂപ്പര്‍ ഹിറ്റുകളായ ഔഡി,ഷ്കോഡാ, പിന്നെ വോള്‍ക്സ്‌വാഗണ്‍ തന്നെയും
ക്രൈസലിറിന്റെ മെര്‍ക്
പെരിയുടെ ഫേവറിറ്റ് പെഷോയുടെ സിട്രണ്‍, പെഷോ
ഇവരൊക്കെ കഴിഞ്ഞേയുള്ളൂ ഹോണ്ടായും നിസ്സാനും എന്നു തോന്നുന്നു. ഉറപ്പില്ല.
പക്ഷേ ടയോറ്റ മാര്‍ക്കറ്റുകളില്‍ അങ്ങോട്ട് ചെന്ന് ആക്രമിക്കുകയാണ്. സൌത്ത് ആഫ്രിക്കയില്‍ ടയോറ്റ ഡീലര്‍ഷിപ് 300ല്‍ അധികമാണെങ്കില്‍ നിസ്സാന്‍ ഏതാണ്ട് 100 എണ്ണമേയുള്ളൂ. ഹോണ്ടായും മറ്റും ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത് വര്‍ഷങ്ങള്‍ കൊണ്ട് പടുതുയര്‍ത്തിയ നിച് മാര്‍ക്കറ്റിലൂടെയാണ്. ഇനി എത്രകാലം പക്ഷേ?
എന്റഭിപ്രായത്തില്‍ കാറുകളില്‍ മൂന്ന് കമ്പനിയേ ഉള്ളൂ വാങ്ങാന്‍ ഓപ്‌ഷനായിട്ട്...ചിലപ്പോള്‍ നാല്.(ലക്ഷ്വറി അല്ലാത്തത്)
വോള്‍ക്സ്‌വാഗണ്‍, ഫോര്‍ഡ്, ടയോറ്റ, റെനോ
വക്കാരി”മസ്ദാ”നെ, കിടിലം!!!
നമിച്ചു ഗുരോ!
കണ്ണൂസേ, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഹിന്ദുജയ്ക്ക് മുന്‍പ് അശോക് ലൈലാന്റ് ബിര്‍ളയുടെയല്ലായിരുന്നോ (ഈ മുയലിന് കൊമ്പൊന്നുമില്ല- സംഗതി ഉറപ്പില്ല). ലൈലാന്റും ബിര്‍ളയും തമ്മില്‍ എന്തോ ഒരു കൊണാപ്ലിക്കേഷന്‍ ഇല്ലായിരുന്നോ എന്നൊരു സംശയം :)
ഇത്തിരിവെട്ടമേ, എന്റെ മുയലിന്റെ കൊമ്പുകൊണ്ട് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്തൊക്കെയാണ് പറ്റിയിരിക്കുന്നതെന്നറിയാമോ. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.
ലാപുഡ, നല്ല ഓര്‍മ്മകള്‍ അത്രയധികമൊന്നുമില്ലാത്തതുകൊണ്ടല്ലേ. പിന്നെ അര ഔണ്‍സ് പൊടിപ്പും, രണ്ടരയൌണ്‍സ് തൊങ്ങലും. നല്ല രസം. നന്ദി കേട്ടോ.
ഹ... ഹ... (സന്തോഷ് കാരണം കുത്ത് മൂന്നു തന്നെ വേണം മാറാതോരോ ഹായിലും എന്നായി എന്നാണ് തോന്നുന്നത്), അപ്പോള്‍ ഇത് ആഗോളകേരളവ്യാപകമായി ഉണ്ടായിരുന്ന സംഗതിയാണല്ലേ. എന്റെ പ്രശ്‌നം, ഇഷ്ടമുള്ളത് പരസ്യമായി ആസ്വദിക്കാന്‍ പറ്റിയില്ല എന്നതയിരുന്നു. ദുരയണ്ണാച്ചിയുടെ അഭിമാനപ്രശ്‌നമേ. എന്നാലും ടാറ്റാ അത്ര മോശമൊന്നുമല്ല കേട്ടോ, ങാ...ഹാ... :)
വല്ല്യമ്മായീ, ഞാന്‍ ഭയങ്കര പിടി വാശിക്കാരനായിരുന്നു. അതു കാരണം മുയലിന്റെ കൊമ്പ് മൂന്നും കൂട്ടിയായിരുന്നു, പിടി. :)
ദില്‍ബാസുരാ, ചെറുപ്പകാലങ്ങളിലുള്ള ശീലം, മറന്നുപോയി മാനുഷന്‍ മുതുക്കനായപ്പോള്‍ സ്റ്റൈലില്‍ താങ്ങുന്നതല്ലേ :)
അരവിന്ദോ, കണ്ണൂസിനോട് പറഞ്ഞതുപോലെ അപ്പോള്‍ വെണ്ണിക്കുളം ഏരിയായിലും ഇതുണ്ടായിരുന്നല്ലേ. എന്തോ ലൈലാന്റിന്റെ ആ ഗാംഭീര്യം ടാറ്റായ്ക്കില്ലായിരുന്നു (ചേട്ടന്‍ കേള്‍ക്കേണ്ട). ചെറ്റവറ്റും പ്യൂജവറ്റും പോയിട്ട് ടൊയോട്ട എന്നു പോലും പറഞ്ഞില്ല. അല്ലെങ്കില്‍ ബോണ്ടാ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. അതും പറഞ്ഞില്ല. ഇവിടെ പോലും നാലാം സ്ഥാനക്കാരനായ മസ്‌ദ പറഞ്ഞ വീരനാണ് ഞാന്‍.
പെരിങ്ങോടരേ, ശരിയാണ്. ലോകത്തിലെ ഏറ്റവും ബെസ്റ്റ് കാറൊന്നുമല്ല ടൊയോട്ടയെങ്കിലും പോപ്പുലര്‍ കാറുകളില്‍ ഇപ്പോഴും ടൊയോട്ടയും ഹോണ്ടയുമൊക്കെയാണെന്ന് തോന്നുന്നു. ജെഡി പവറിന്റെ അമേരിക്കന്‍ സര്‍വ്വേ പ്രകാരം ലെക്‍സസ് ആണ് കുറെ നാളുകളായി ഒന്നാം സ്ഥാനം കൈയ്യാളുന്നത്. ഇവിടെ ലെക്സസ് കഴിഞ്ഞ കൊല്ലം മുതലാണ് ടൊയോട്ട ഇറക്കിയത്. ഇവിടെ ഒന്ന്-ടൊയോട്ട, രണ്ട്-ഹോണ്ട, മൂന്ന്-നിസ്സാന്‍, നാല്- മസ്ദ. നമ്മുടെ സുസുക്കി ഇവിടെ മത്തിവണ്ടി :)
അനില്‍ജി, വേറിട്ട അങ്ങിനത്തെ ചിന്തകള്‍ മൊത്തത്തില്‍ നമുക്ക് പാരയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. നാലു പേര്‍ കേള്‍ക്കെ ഒരു പാട്ട് ആസ്വദിക്കാന്‍ പറ്റിയോ, ഒരു യാത്ര ആസ്വദിക്കാന്‍ പറ്റിയോ. ടാറ്റാ വണ്ടി എപ്പോളാണ് വിറയ്ക്കുന്നത് എന്ന് ടെന്‍ഷനടിച്ചിരിപ്പല്ലായിരുന്നോ എപ്പോഴും. എന്ത് പറയാന്‍ :)
ഹ..ഹ.. അരവിന്ദോ, ഇവിടുത്തെ ഡിസ്‌കഷന്‍ ഫോറങ്ങളിലെ സ്ഥിരം അടിയാണ് അമേരിക്കന്‍ കാര്‍ കമ്പനികളുടെയും ജപ്പാന്‍ കാര്‍ കമ്പനികളുടെയും ആരാധകര്‍ തമ്മില്‍ (അത് വെച്ച് നോക്കുമ്പോള്‍ ഞാനും ചേട്ടനും എത്ര ഭേദം).
ഫോഡും ജിയെമ്മും നഷ്ടത്തിലാണ്. അമേരിക്കക്കാര്‍ പോലും ഇപ്പോള്‍ ഒന്നാലോചിച്ചിട്ടേ അവ വാങ്ങൂ എന്നാണ് അമേരിക്കക്കാര്‍ തന്നെ പറയുന്നത്. ജപ്പാന്‍ കാറുകളുടെ ഗുണം അവയുടെ പെര്‍ഫെക്‍ഷന്‍ ഇന്‍ ടെക്‍നോളജിയും കസ്റ്റമറുടെ ആവശ്യം കണ്ടുകൊണ്ടുള്ള ഡിസൈനുമാണെന്നാണ്. ഒരു സ്വിച്ച് നമ്മള്‍ എവിടെ വേണം എന്നാഗ്രഹിക്കുന്നുവോ അവിടെ കാണും, ജപ്പാന്‍ കാറുകളില്‍. പക്ഷേ പല അമേരിക്കന്‍ കാറുകളിലും ഒന്നുകില്‍ അത് നമുക്ക് ഏറ്റവും അപ്രാപ്ര്യമായ സ്ഥലത്തായിരിക്കും, അല്ലെങ്കില്‍ അത് കാണുക തന്നെ ഇല്ലായിരിക്കും (ഇതൊക്കെ അമേരിക്കയിലെ ജപ്പാന്‍ കാര്‍ അനുഭാവികള്‍ ഉവാച കേട്ടോ).
പിന്നെ ജിയെം, പെട്രോള്‍ കുടിവണ്ടിയായ ഹമ്മര്‍ നിര്‍ത്താനും പോകുന്നു.
ജെഡി പവര്‍ സര്‍വ്വേ പ്രകാരം ഒന്നാം സ്ഥാനം പല കാര്യങ്ങള്‍ക്കും ഇപ്പോഴും ലക്‍സസാണ്, അമേരിക്കയില്‍. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച കാറ് ടൊയോട്ടയാണോ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്നായിരിക്കും വിദഗ്ദാഭിപ്രായം.
സുസുക്കി ഇവിടെ ആറാം സ്ഥാനത്തോ മറ്റോ ഉള്ളൂ. നമ്മുടെ നാട്ടില്‍ പെട്ടി ഓട്ടോറിക്ഷകളൊക്കെ ഓടിക്കുന്ന സ്റ്റൈലിലാണ് ഇവിടെ സുസുക്കി. പക്ഷേ വാഗണ്‍ ആറും ആള്‍ട്ടോയും ഇപ്പോള്‍ സ്വിഫ്റ്റും കുറെയുണ്ട് കേട്ടോ.
കലുമാഷേ, ഹ... ഹ... മൊത്തം വീണ് നമിക്കരുതേ, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായാലോ :) വെള്ളരിക്കാക്കുടിയൊക്കെ എവിടം വരെയായി, മിക്സിയൊക്കെ വാങ്ങിച്ചിട്ട് :)
ഈ വക്കാരി ആരാ? ബ്ലോഗിലെ ശ്രീനിവാസനൊ? സ്വന്തം കോമ്പ്ലെക്സ് പോസ്റ്റാക്കി കൈയടി വാങ്ങുന്നു.
എന്തൊക്കെ പറഞ്ഞാലും ശ്രീനി ചേട്ടന്‍ തന്നെ എന്റെ ഫേവരേറ്റ് മലയാള നടന്‍.
കലക്കി വക്കര്യേയ്...
പറഞ്ഞത് പോയന്റ് വക്കാര്യേ...
കാറ് എന്തിന് എന്നൊരു ചോദ്യം വരും അത് റേറ്റ് ചെയുന്നതിന് മുന്‍പ്.
എനിക്ക് കാറ് എന്ന് പറഞ്ഞാല്‍ നല്ല പവറ് വേണം, കുതിക്കണം 0-100 സെക്കന്റുകളില്‍. ടയോട്ടയില്‍ അത് ചെയ്യാന്‍ നോക്കിയാല്‍ ചിലപ്പോ എക്സ്‌ഹോസ്റ്റ് തെറിച്ച് പോകും. ;-)
അവിടെയാണ് ഫോര്‍ഡിന്റെ ഗുണം. അതു പോലെത്തന്നെ റെനോയും, മറ്റും...പക്ഷേ എല്ലാവര്‍ക്കും പവറാവില്ല പഥ്യം.
റ്റയോട്ട ഏറ്റവും സൌകര്യം, ഇന്ധനലാഭം..നമ്മടെ നാട്ടിലെ ബജാജിന്റെ, അല്ലെങ്കില്‍ ടിവീസ്സിന്റെ ലൈനാണ്. ഫില്‍ ഇറ്റ് ഷട്ട് ഇറ്റ് ആന്റ് ഫോര്‍ഗെറ്റ് ഇറ്റ് മോഡല്‍. നല്ല വണ്ടിയാണ്, എക്കണോമിക്കല്‍ വ്യൂ പോയന്റില്‍.റീസേല്‍ വാല്യുവും മോശമല്ല.
എന്നിരുന്നാലും റ്റയോറ്റ ഏറ്റവും നല്ല കാറാവണമെന്നുമില്ല.
പക്ഷേ പറയുമ്പോ എല്ലാം പറയണമല്ലോ...ലക്സസ് സൂപ്പര്‍ വണ്ടിയാണെന്ന് തോന്നുന്നു. പിന്നവരുടെ ഫോര്‍ ബൈ ഫോര്‍ ഉണ്ടല്ലോ, ലാന്‍ഡ് ക്രൂയിസര്‍, അതും ഒന്നാന്തരം. (പക്ഷേ ജീപ്പ് ചെറോക്കീ, ലാന്‍ഡ് റോവര്‍ ഇതുമായ് ഒക്കെ നോക്ക്യാല്‍ ഇത്തിരി പിന്നില്‍ വരും)
മോഡല്‍ നിര്‍ത്തുന്നതില്‍ കാര്യമൊന്നുമില്ല വക്കാരീ...കാമ്രി ടയോറ്റ നിര്‍ത്തിയില്ല്യോ? റ്റയോറ്റാ റ്റാസും? അതങ്ങനെയൊക്കെ കിടക്കും.
ഫോര്‍ഡ് നഷ്ടത്തില്‍ തന്നെ...പക്ഷേ കാറിന്റെ ക്വാളിറ്റി കുറഞ്ഞെന്ന് തോന്നുന്നില്ല. വോള്‍വോ ഒക്കെയല്ലേ ഇപ്പോള്‍ കൈയ്യില്‍? ജാഗ്വാറും പൊടിതട്ടി എഴുന്നേറ്റു വരുന്നു.
സത്യം പറഞ്ഞാല്‍ ജപ്പാനിലെ വേറൊരു അണ്ണന്‍ ഇല്ലേ? ഫിജിയുടെ സുബാരു (റ്റയോറ്റക്കുമുണ്ട് അതില്‍ ഇത്തിരി ഷെയര്‍)?? സൂപ്പര്‍ വണ്ടിയല്യോ ഇറക്കുന്നത്? പെര്‍ഫോര്‍മന്‍സില്‍ അതിനെ വെല്ലാന്‍ ആരുണ്ട്? പക്ഷേ എത്രപേര്‍ വാങ്ങിക്കുന്നുണ്ട് അത്?
അപ്പോള്‍ അതിലൊന്നും കാര്യല്ല്യ..
പിന്നെ, ലൈലാന്റ്..കണ്ണൂസ് പറഞ്ഞതാ ശരി എന്ന് തോന്നുന്നു. ബിര്‍ള അല്ല എന്തായാലും, ഫിയറ്റുമായി എന്തോ കൊളാബറേഷന്‍ ഉണ്ടായിരുന്നു ഇവര്‍ക്ക് എന്ന് പണ്ട് കേട്ടിരുന്നു. മേജര്‍ ഷെയര്‍ ഹൊള്‍ഡര്‍ അശോക് കമ്പനിയാണ്. ഹിന്ദുജ ഗ്രൂപ്പ് ആകാനാണ് സാധ്യത.
കാടുകയറി കമന്റുകള്‍. സാരമില്ല, നമ്മടെ വക്കാരിയല്യോ! ;-))
വക്കാരീ... തകര്‍ത്തൂറാ.. തകര്‍ത്തു..!!
വക്കാരി വീണ്ടും കഥകളുമായെത്തിയതില്‍ ഞാന്‍ വളരെ വളരെ ഹാപ്പി. ഞാന്‍ എന്നും ലൈലാന്റിന്റെ ആളാണ്.
വീട് ഹൈവേക്കരുകിലായതുകൊണ്ട്, എന്നും ‘ബസും കാറും‘ ഒരു മെയിന്‍ കളിയായിരുന്നു ഞങ്ങള്‍ക്ക്. എന്റെ ചേച്ചിയുടെ കല്യാണം നടക്കുന്നത് (അന്ന് ഞാന്‍ ഒന്നില്‍ പഠിക്കുന്നു)കാണാന്‍ പറ്റാതിരുന്നതും ഒറ്റ ഫോട്ടോയിലും പെടാതെ പോയതും അന്നേരം ഞാനും ടീമും തകൃതിയായി ‘ബസും കാറും‘ കളിച്ച് ഇരിക്കുകയായിരുന്നു എന്നതുകൊണ്ടാണ്.
‘അവിടെയാണ് ഫോര്‍ഡിന്റെ ഗുണം‘ അത് തന്നെ അരവിന്ദേ..
ഹാവൂ വക്കാരി ഫോമായി.
അവസാനം കട്ടിയിലെഴുതിയതു് മൂലഭദ്രയാണെന്നായിരുന്നു ആദ്യം വിചാരിച്ചതു്. ഒന്നൂടെ നോക്കേണ്ടി വന്നു തീര്‍പ്പാക്കാന്‍. കലക്കന്‍ സാധനം.
qw_er_ty
വക്കാരിഗുരോ, കുമ്പള്‍ തെറാപ്പിയുടെ ഉദ്ദേശം എനിക്ക് ഒരു പെണ്ണിനെ കിട്ടുക എന്നതായിരുന്നുവെന്ന് അറിയില്ലേ? ഒരുത്തിക്ക് അബദ്ധം പറ്റി! എന്റെ ലക്ഷ്യം നിറവേറി. അതുകൊണ്ട് കുമ്പള്‍ തെറാപ്പി നിര്‍ത്തി!
ഈ മസ്ദ പോസ്റ്റ് വായിച്ചപ്പം എന്റെ സ്വന്തം അളിയന്‍ വിനോദിനെ ഓര്‍മ്മവന്നു.കല്യാണത്തിനു മുന്‍പ് എന്റെ പെങ്ങളെ പെണ്ണുകാണാന്‍ പുള്ളിക്കാരന്‍ യു.ഏ.ഈയില്‍ വന്നു. വിനോദിനെ എയര്‍പോര്‍ട്ടില്‍ നിന്ന് റിസീവ് ചെയ്ത് ഞങ്ങളെല്ലാരും കൂടെ ഞങ്ങടെ ഹോട്ടലിലേക്ക് പോകുകയായിരുന്നു. പെട്ടന്ന് വിനോദ് പൂവങ്കോഴി പിടക്കോഴിയെ നോക്കുന്നതുപോലെ, അല്ലേല്‍ കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ട പയ്യന്മാരെപ്പോലെ രണ്ട് കണ്ണൂം ഉരുട്ടി റോഡിലേക്ക് നോക്കി“മസ്ദ 6, മസ്ദ 6“ എന്നു വിളിച്ചുപറഞ്ഞു. ഈ മസ്ദ കാറുകളെയൊന്നും ഞാന്‍ അതു വരെ മൈന്‍ഡ് ചെയ്തിരുന്നില്ല.
ദൈവമേ, ഒരു വട്ടനാണോ എന്റെ പെങ്ങളെ പെണ്ണൂകാണാന്‍ മലേഷ്യയില്‍ നിന്ന് പ്ലെയിനില്‍ കയറി വന്നത് എന്ന് എനിക്ക് തോന്നി. പിന്നീടാണ് മനസ്സിലായത് വിനോദാണ് മസ്ദയുടെ മാത്രമല്ല, ഇപ്പോള്‍ നിരത്തിലോടുന്ന പല വണ്ടികളുടെയും ഡ്രൈവ് ഷാഫ്റ്റ് ഡിസൈന്‍ ചെയ്തതെന്നും,പുള്ളിയിപ്പോള്‍ മസ്ദയുടെ ഡ്രൈവ് ഷാഫ്റ്റ് ഡിസൈന്റെ ചുമതലയിലാണെന്നും. പുള്ളി ജോലി ചെയ്യുന്നത് ജി.കെ.എന്‍ ഡ്രൈവ്‌ലൈന്‍ എന്ന കമ്പനിയിലാ. പുള്ളിക്കാരന്‍ ഇപ്പോളവിടുത്തെ ക്വാളിറ്റി മാനേജരും മാനേജ്മെന്റ് റെപ്രസെന്റേറ്റീവും ആണ്. മൂപ്പര്‍ മാസത്തില്‍ ഒരു ആഴ്ച്ചയെങ്കിലും ജപ്പാനില്‍ പോകും. പുള്ളിക്കാരന്റെ വീക്ക്നെസ്സ് വണ്ടികളാ! മസ്ദ പ്ലാന്റിന്റെ അടുത്തുവല്ലോമാണോ വക്കാരീ താമസം?
എനിയ്ക്കു വണ്ടികളില്‍ ഭ്രമവും, എന്റെ അനിയനു വരകളില്‍ ഭ്രമവും ഇല്ലാതിരുന്നതു കൊണ്ട് ഞങ്ങള്‍ തമ്മിലുള്ള വഴക്ക് കപീഷാണോ മായാവിയാണോ മിടുക്കന്‍ എന്നതില്‍ മാത്രം ഒതുങ്ങിയിരുന്നു.:)
You have an excellent way of narration, often reminds Subash Chandran,one of the good new generation short story writers.You can write in Mathrubhumi or Kalakaumudi also.You require more attention from readers.
അപ്പടിയാ കലേഷ്‌ജീ, അപ്പോള്‍ അളിയന്‍ ആളു കൊള്ളാമല്ലോ. ഞാന്‍ സുബാരു കമ്പനിക്കാരുടെ അടുത്താണ് താമസം. അവരുടെ കമ്പനിയുടെ മുന്നില്‍ അവര്‍ തന്നെ ഇപ്പോള്‍ യൂസ്‌ഡ് കാറിന്റെ ഒരു ഔട്ട്ലെറ്റ് തുറന്നിട്ടുണ്ട് :)
ഡാല്യേ, നന്ദി കേട്ടോ. വീരചരിതങ്ങളൊന്നും എഴുതാനില്ലാത്ത സ്ഥിതിക്ക് ഇതൊക്കെ തന്നെ ശരണം. ഇതും അധികമൊന്നുമില്ല എന്നുള്ളത് പേടിപ്പിക്കുന്നു :)
അരവിന്ദാ, തന്നെ തന്നെ, പലര്‍ക്കും പല ഇഷ്ടം. എന്റെ വീട് സുബാരുക്കമ്പനിയുടെ അടുത്താണ്. പറഞ്ഞതുപോലെ നല്ല കാര്‍ അവര്‍ ഉണ്ടാക്കുന്നുണ്ട്. ക്യാ ഫലം.
വിശാലോ, നന്ദി, നന്ദി. അപ്പോള്‍ വണ്ടികളി വീക്ക്‍നെസ്സായിരുന്നല്ലേ. ഞാന്‍ വണ്ടി ഓടിച്ച് കളിക്കുമായിരുന്നു, പിന്നെ പേരക്കൊമ്പില്‍ മണി കെട്ടി കൊമ്പിന്റെ മുകളില്‍ കയറിയിരുന്ന് കളിക്കുമായിരുന്നു. ഞാന്‍ കണ്ടക്ടര്‍. പിന്നെ രാത്രിയില്‍ സെറ്റി മൂന്നും വണ്ടിയുടെ സീറ്റാക്കി, ഒരു ജനലിന്റെ കൊളുത്തില്‍ ചരടുകെട്ടി, അത് കമ്പിയില്‍ കൂടി എടുത്ത് മൂന്നാമത്തെ ജനലിന്റെ അറ്റത്ത് കെട്ടി മണിയാക്കി കളിക്കുമായിരുന്നു. ആഹാ, എന്തു രസം. വണ്ടിഭ്രാന്ത് കയറി ഒരു വണ്ടിയുടെ ഡ്രൈവറെ ചട്ടം കെട്ടി അവരുടെ ഉപയോഗിച്ച ടിക്കറ്റ് കുറ്റികള്‍ കുറേ വാങ്ങിച്ചു കൂട്ടി. ആഹാ... ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ത്രില്ലടിക്കുന്നു.
സിദ്ധാര്‍ത്ഥാ, യ്യോ അത് മൂലഭദ്രയല്ല. കഥയുടെ മൂലമാണ്. അത് മിസ്സായാല്‍ തീര്‍ന്നു. എന്തു പറയാനാ, വേറേ ഒരു വണ്ടിയും കണ്ടില്ല, എനിക്കപ്പോള്‍ പറയാന്‍.
ഹ... ഹ... ബിന്ദൂ, ടാറ്റായിലും ജയചന്ദ്രനിലുമൊക്കെ ഫോക്കസ് ചെയ്തിരുന്നതു കാരണം കപീഷിനെയും മായാവിയെയുമൊക്കെ ഞങ്ങള്‍ വെറുതെ വിട്ടു. അല്ലെങ്കില്‍ നല്ല അദ്ധ്വാനമായേനെ. :)
രാധേയന്‍ജീ, ആളു മാറിയോ എന്നൊരു സംശയം:) ഞാന്‍ ആ ടൈപ്പേ അല്ല. ഇതൊക്കെ ഈ ബ്ലോഗെന്നൊരു സംഗതി ഉള്ളതുകൊണ്ട്...ചുമ്മാ... നല്ല വാക്കുകള്‍ക്ക് നന്ദി കേട്ടോ. അതുപോലെ സ്വാഗതവും. ഇവിടുത്തെ സിംഹം, പുലി, കരടി, കടുവ ഇത്യാദികളെയൊക്കെ പരിചയപ്പെട്ടു കാണുമല്ലോ. സാക്ഷി, കുമാര്‍ മുതലായ വരയന്‍ പുലികളുമുണ്ട് :)
കണ്ണൂസ് പറഞ്ഞത് ശരി. വിക്കിപ്പീടികയിലും നോക്കി. ബിര്‍ളായും ലൈലാന്റും തമ്മില്‍ ബന്ധമൊന്നുമില്ല. ആദ്യകാലങ്ങള്‍ കഴിഞ്ഞ് എണ്‍പതുകളിലോ മറ്റോ ഹിന്ദുജയാണ് ലെവനെ എടുത്തത്. ഞാനോര്‍ത്തത് ബിര്‍ളായില്‍ നിന്നാണ് ഹിന്ദുജ ലൈലാന്റ് എടുത്തതെന്നാണ്. പിന്നെ പണ്ടത്തെ ഒരു ഉപ്പായിമാപ്ല കാര്‍ട്ടൂണും ഓര്‍മ്മ വന്നു. ചേടത്തിയോട് കാറില്‍ പോകുന്ന ആരോ ടാറ്റാ പറഞ്ഞപ്പോള്‍, ഒട്ടും കുറയ്ക്കേണ്ട എന്ന് കരുതി ചേടത്തി പറഞ്ഞ്, “ബിര്‍ളാ”
അപ്പം തലേക്കെട്ട് മാറ്റണം. നന്ദി കണ്ണൂസേ, ദോ മാറ്റി.
വക്കാരീ,
കിടിലന്‍. പേരുവായിച്ചപ്പൊള്‍ മേറ്റ്ന്തെല്ലാമോ കരുതി!
ചേട്ടായിയോടുള്ള വാശി, എന്തിനെയും എതിര്‍ത്തു പറയല്‍/ അംഗീകരിക്കതിരിക്കല്‍ അതു ചെറുപ്പത്തിലെ ഒരു സ്വഭാവം!
ഹയ് പ്രൊഫെയില്‍ മുയലുകളോക്കെ കൊള്ളാം. എന്നാലും ദാസേട്ടനൊടും ലെയ്‌ലാന്റിനൊടും ഇതു വെണമായിരുന്നോ?
നല്ല ആഖാനം. വളരെ നന്നായി.
ഇത് കേരളത്തിലെ ഒരു ‘ആഗോള’ പ്രതിഭാസം തന്നെയായിരുന്നു, വക്കാരീ. എന്‍റെ നോട്ടത്തില്‍ അനിയനായിരുന്നു, മാനേജ്‌മെന്റ് തത്വമനുസരിച്ച് ഇഷ്ടമാണെങ്കില്‍ അക്കാര്യം ഉടന്‍ തന്നെ പ്രഖ്യാപിച്ചിരുന്നത്. ചേട്ടന്‍സ് യൂണിയന്‍ സിന്ദാബാദ്!
ഹഹഹ..ഇതു കലക്കി..
ഭാഗ്യം..ഞങ്ങടെ അടി.ഷാരൂക്ക് ഖാനോ അതോ അമീര്‍ ഖാനോ എന്നായിരുന്നു. ഞാന്‍ ഷാരൂക്കിന്റെ സൈഡായിരുന്നു.. ലഗാന്‍ വന്നപ്പോ അതും ഓസ്കാര്‍ നോമിനേഷന്‍...ചില്ലറയൊന്നുമല്ല ഞാന്‍ അന്ന് വിയര്‍ത്തത്. :)
വക്കാരി മാഷേ കലക്കി :)
പണ്ട് വളരെ ചെറുപ്പത്തില്‍ ബസുകളില്‍ കയറുമ്പോള്‍ ഗിയര്‍ പൊസിഷന്‍സ് കണ്ടുപിടിക്കാന്‍ വേണ്ടി ഏന്തി വലിഞ്ഞ് നോക്കിയിരുന്നതൊക്കെ ഓര്‍മ്മ വരുന്നു. :)
ഞാനും പാട്ടും തമ്മില്‍ യാതോരു ബന്ധവുമില്ല. ഏതു പാട്ട് ആരു പാടി അല്ലെങ്കില്‍ ആരു സംഗീതം കൊടുത്തു എന്ന് ഇന്നും എനിക്ക് അറിയില്ല. :)
ഇവിടെ, എവിടെത്തിരഞ്ഞാലും അവിടെല്ലാം
മൂന്ന് കൊമ്പുള്ള മുയലുകളാ നിറയെ....
ആ മൂന്ന് കൊമ്പും കൂട്ടിയൊരു വളയവും തൂക്കിയിട്ടിരിക്കും.
വക്കാരിയേ, ങളൊരു സംഭവം തന്നെ കേട്ടോ . അപ്പോ ഈ മൂന്നു കൊമ്പുള്ള മുയലുകളെയൊക്കെ ജപ്പാനിലേയ്ക്കും കൂടെ കൊണ്ടു പോയല്ലേ ?
എന്റെ വിരിച്ച നെഞ്ചിനു വിരിയ്ക്കാത്ത നെഞ്ചിനെ ക്കാള്‍.... ആഹാ അതുഗ്രന്‍.. വാ കൊണ്ടു ശബ്ദം ഉണ്ടാക്കി, വണ്ടി ഓടിയ്ക്കുന്നതും, ഇടയ്ക്കൊരു കൈ കൊണ്ടു നിക്കര്‍ വലിച്ചു കേറ്റി കെട്ടു മുറുക്കി കെട്ടുന്നതും വായിച്ചപ്പോള്‍, എന്റെ അനിയനെ ഓര്‍മ വന്നു. ഈ നിക്കറിന്റെ ബട്ടണ്‍ പറിഞ്ഞു പോയിട്ടതു കെട്ടി ഇട്ടു നടക്കുന്നതൊരു ആഗോള പ്രതിഭാസമായിരുന്നല്ലേ ?
വക്കാരിയും ചേട്ടനും വളര്‍ന്നപ്പോളെങ്കിലും അടി നിറുത്തി. ഞാനുമെന്റെ ചേച്ചിയും ഇന്നും പൂര്‍വാധികം ശക്തിയോടു കൂടി, ഏറ്റവും ചെറിയ കാര്യത്തിനു മുതല്‍ എറ്റവും വലിയ കാര്യത്തിനു വരെ അടി പിടിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും ദിവസേന എത്ര മണിക്കൂര്‍ വേണമെങ്കിലും 'ഐടിയോളജി കോണ്‍ഫ്ലിക്റ്റ്' എന്ന് ഞാന്‍ വിളിക്കുന്ന, 'ഹോ, ഇവള്‍ക്കിത്രേം പ്രായമായിട്ടും, ഒരു വിവരവും വച്ചില്ലല്ലോ ദൈവമേ, തര്‍ക്കിസ്റ്റ്..കണ്ടില്ലേ വാദിക്കുന്നത്' എന്നു പറഞ്ഞു ചേച്ചി ഫോണ്‍ ഹാങ്ങപ്പ് ചെയ്യുന്ന വരെ, ഞാന്‍ പിടിച്ച മുയലിന്റെ കൊമ്പുകളില്‍ തൂങ്ങിയാടാന്‍ എനിക്കൊരു മടിയുമില്ല. :)
ഇനിയും പോരട്ടെ,ഇന്ത മാതിരി പോസ്റ്റുകള്‍, വക്കാരി.
ചക്കമടല്‍, പഴയ സ്പോഞ്ച് ചെരുപ്പ് തുടങ്ങിയവയില്‍ നിന്നും വെട്ടിയെടുക്കുന്ന ചക്രങ്ങള്‍ കൊണ്ടുള്ള വണ്ടിയുണ്ടാക്കി പറമ്പില്‍ വെള്ളമെത്തിയ്ക്കുന്ന ചാലില്‍ കൂടി ഓടിച്ചു കളിച്ചിരുന്നതെല്ലാം ഓര്‍ത്തു.
ഞാന്‍ വളര്‍ത്തിയിരുന്ന മുയലുകള്‍ക്ക് മൂന്നില്‍ കൂടുതല്‍ കൊമ്പുകളുണ്ടായിരുന്നു!
നന്നായി രസിച്ചു വക്കാരി.
പലരും ഞാന്‍ വിചരിച്ചതു പോലുള്ള കമന്റ് എഴുതിക്കഴിഞ്ഞു.ഒന്നു മാത്രം ഞനും പറയട്ടെ,"ഞനും ഒരു ലയലാന്റ്-കാരനായിരുന്നു.
വക്കാരിയേ
പൊളിച്ചടുക്കിയല്ലോ.
ഞാനും അനിയനും തമ്മിലും ഇതുപോലുള്ള ഒരു ഈഗോ ക്ലാഷ് നിലനിന്നിരുന്നു. എനിക്ക് യേശുദാസിന്റെ പാട്ടാ ഇഷ്ടമെങ്കില്‍ മൂപ്പര്‍ക്ക് എം.ജി. ശ്രീകുമാറിന്റെ. എനിക്ക് മമ്മൂട്ടിയാ ഇഷ്ടമെങ്കില്‍ മൂപ്പര്‍ക്ക് മൂപ്പര്‍ക്ക് മോഹന്‍ലാലിനെ. അങ്ങനെ മിക്കവാറും എല്ലാ കാര്യത്തിലും. ഇപ്പോള്‍ അതൊക്കെ പറഞ്ഞ് ഞങ്ങള്‍ ചിരിക്കാറുണ്ട്.
ചോദിക്കുന്നതു കൊണ്ട് വിഷമം തോന്നരുതു. വക്കാരിക്ക് എത്രയാ പ്രായം. ഈ അനുഭവ പരിഞ്ജാനം കണ്ട് ചോദിച്ചതാണേ. എഴുത്ത് കണ്ടിട്ട് ഒരു 50 വയസ്സുണ്ടെന്ന് തോന്നുന്നു.
വക്കാരിയേ, കലകലക്കന്‍ പോസ്റ്റ്.
വക്കാരിക്കിപ്പോള്‍ ചേട്ടന്‍ ഉമേഷ്ജീയാണോന്നൊരു സംശയം ;)
ഹ ഹ ഹ...
അത് കലക്കി വക്കാരിഭായീ.
ഞാനും എന്റെയൊരു സ്കൂള്‍മേറ്റും തമ്മില്‍ ഇതേ ഗെയിം കളിച്ചിരുന്നു. അവന്‍ പക്ഷേ, ജീനിയസ്സ് വിഭാഗത്തില്‍ പെടുന്ന പുലിയാണ്. സകലകലാവല്ലഭന്‍ കാറ്റഗറി. അതുകൊണ്ടാവും, അവന്റെ ചോയ്സുകള്‍ ആയിരുന്നു കൂടുതല്‍ ശരി എന്ന് ഇപ്പോള്‍ ചിലകാര്യങ്ങളിലെങ്കിലും എനിക്ക് തോന്നാറുണ്ട്.
ചുള്ളന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് റോക്കറ്റ് വിട്ടു കളിക്കുന്നു. ഒരു ബ്ലോഗ് തുടങ്ങിക്കൂടേടാന്ന് ഒന്നു രണ്ട് തവണ ഞാന്‍ ചോദിച്ചിട്ടിരിക്കയാണ്. ഒന്ന് തുടങ്ങിക്കിട്ടിയാല്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.
സോറി, പറഞ്ഞ് വന്ന വിഷയം മാറിപ്പോകുന്നത് ഒരു അസുഖമായിത്തീര്‍ന്നിരിക്കയാണ് :)
വക്കാരിമാഷേ..
വളരെ മനോഹരമായി എഴുതിയിട്ടുണ്ടു കെട്ടോ. വക്കാരീ എന്തെഴുതിയാലും അതിനു ഒരു പ്രത്യേക ഭംഗിയുണ്ട്. ഒത്തിരി ഒത്തിരി ചിരിക്കാനും..
താരേ, അവിടെ “മിനി” കാറിന്റെ കളിയല്ലേ. ഇവിടേം ഉണ്ട്.
അത്തിക്കുര്‍ശീ (ശരിയല്ലേ:)), നന്ദി കേട്ടോ. ഇതൊക്കെ ചെറുപ്പകാലങ്ങളിലെ പിടിവാശികള്‍. എനിക്ക് രണ്ടുപേരുടെയും പാട്ടുകള്‍ ഇഷ്ടം. പക്ഷേ വണ്ടികളില്‍ അന്ന് ലൈലാന്റായിരുന്നു ഇഷ്ടം കൂടുതല്‍. ഒന്നുകൂടി ഗാംഭീര്യം അതിനായിരുന്നില്ലേ എന്നൊരു സംശയം. പക്ഷേ എന്തു പറയാന്‍, ചേട്ടന്‍ കൊണ്ടുപോയില്ലേ :)
സന്തോഷേ, അപ്പോള്‍ അങ്ങിനെയാണല്ലേ. പണ്ടത്തെ സന്തോഷിന്റെ നമ്പരുകളിയിലും എന്തോ ഒരു സാമ്യം കണ്ടിരുന്നു, ഞങ്ങളുടെ വീടുമായിട്ട്. എന്റെ ഗുണം എനിക്ക് ചേട്ടന്‍ യൂണിയനിലും അനിയന്‍ യൂണിയനിലും മെമ്പര്‍ഷിപ്പ് ഉണ്ടെന്നുള്ളതാണ്. കാരണം, ഞാന്‍ നടുവന്‍ :)
ഇഞ്ചിപ്പെണ്ണേ, നന്ദി. ഭാഗ്യത്തിന് ലാലേട്ടന്റെ കാര്യത്തില്‍ ഞങ്ങള്‍ ഹോള്‍ ഫാമിലി ഒറ്റക്കെട്ടായിരുന്നു. അതുകൊണ്ട് അക്കാര്യത്തില്‍ അത്രയ്ക്ക് വിയര്‍ത്തില്ല.
പാട്ടുമായിട്ട് ബന്ധമില്ലാത്ത ആദിത്യാ... ശ്ശോ, കഷ്ടം :)
വളയമേ അതു കലക്കി. അപ്പോള്‍ എന്നെക്കാളും മുടുക്കന്മാര്‍ ഉണ്ടല്ലേ :)
കുട്ട്യേടത്ത്യേ, നാനി, നാനി. പഴയ വീറും വാശിയുമൊന്നുമില്ലെങ്കിലും രണ്ടാഴ്‌ച മുന്‍പുണ്ടായ കാറുകളിയിലാണ് മസ്‌ദ ഭൂതം എന്നെ പിടികൂടിയത്. ധിം തരികിട തോം. എനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം.
സ്നേഹിതനെ, ഓര്‍മ്മയുടെ ടാറ്റാവണ്ടിയില്‍ ജയചന്ദ്രന്റെ പാട്ടും കേട്ട് കുറച്ചു ദൂരം പോയല്ലേ. അത്രയെങ്കിലുമായല്ലോ, നന്ദിയുണ്ട്. അപ്പോള്‍ കൊമ്പുള്ള മുയലുള്ള ധാരാളം പേരുണ്ടല്ലേ :)
രാഘവേട്ടാ, നന്ദിയുണ്ട്. അപ്പോള്‍ ലെയ്‌ലാന്റ് ഫാനായിരുന്നല്ലേ. എനിക്കും അതുതന്നെയായിരുന്നു. പക്ഷേ ചേട്ടന്‍ പറഞ്ഞതുകൊണ്ട് മാത്രം ടാറ്റായെ കയറി പിടിച്ചതല്ലേ. ടാറ്റായും അത്ര മോശമില്ല കേട്ടോ :)
ഷിജുവേ, നന്ദി. ഇഞ്ചിയോട് പറഞ്ഞതുപോലെ ലാലേട്ടന്റെ പിന്നില്‍ ഞങ്ങളെല്ലാവരും ഉറച്ച് നിന്നതുകൊണ്ട് അവിടെമാത്രം അധികം വിയര്‍ത്തില്ല. വയസ്സ്... വയസ്സ്... സന്തൂര്‍ സോപ്പാണ്. അമ്പത് വയസ്സും അമ്പത്തഞ്ച് മാസവും ഒന്നും ആയിട്ടില്ലെന്നേ :)
മന്‍ജിത്തേ... ഹ... ഹ... എന്തു പറയാന്‍ :) :)
ദിവായേ, ഹ... ഹ... നന്ദി, നന്ദി. വിക്രമന്‍ ചേട്ടന്റെ അവിടെയാണോ റോക്കറ്റ് സുഹൃത്ത്. ഞങ്ങളുടെ പിന്നെ വണ്ടി, പാട്ട്, ഇക്കാര്യത്തിലൊക്കെയുള്ള തക്കിട തരികിട പരിപാടികളായിരുന്നു. വിഷയം മാറ്റാനാണ് പലപ്പോഴും ആള്‍ക്കാര്‍ കിടന്ന് വിഷമിക്കുന്നത്. വിഷയം മാറുന്നതോര്‍ത്ത് വിഷമിക്കുകയേ ചെയ്യരുതെന്നാണ് :)
പല്ലിയേ, നീളം കൂടിയല്ലേ. എഴുതിയെഴുതി വന്നപ്പോള്‍ കണ്ട്രോള്‍ കിട്ടിയില്ല. മാത്രവുമല്ല, രണ്ടാക്കിയാല്‍ രണ്ടാമന്റെ പുതുമ (യുടെ കാര്യമൊന്നും അന്നേരം ഓര്‍ത്തില്ല, ചുമ്മാ അങ്ങ് എഴുതി). നന്ദി കേട്ടോ :)
കൈത്തിരിയേ, യ്യോ വീഴല്ലേ, പ്രത്യേകിച്ചും സ്വല്പം വണ്ണം കൂടിയുണ്ടെങ്കില്‍... കലേഷിനോട് ചോദിച്ച് നോക്കിക്കേ. നന്ദി കേട്ടോ.
നീലണ്ണോ, അപ്പോള്‍ ഇവിടെയൊക്കെ ഉണ്ടല്ലേ. ഓണാഘോഷ മഹാമഹങ്ങള്‍ക്ക് കാണുമല്ലോ. നന്ദി കേട്ടോ. ആ ബ്ലോഗില്‍ എന്തെങ്കിലും രണ്ട് വാക്ക്... :)
അപ്പോള്‍ ദമനകന്‍, അപ്പോള്‍ നന്ദി, എല്ലാവര്‍ക്കും. കട പൂട്ടി. :)
അത് നന്നായി. ഇനി പെണ്ണ് കാണാന്‍ പോകുമ്പോള്‍ അവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടതല്ലേ, അതെനിക്ക് വേണ്ട എന്ന് വിചാരിക്കരുതേ ;)
ഹ്ഹഹ..ഈ സൂവേച്ചി ഭയങ്കര
quick-witted ആാണു!
ദാ കിടക്കുന്നു.
എല്ലാരും പോയി.എന്‍റെ കുട്ടന്‍ നായരെ താന്‍ എന്‍റെ രാജാവെന്ന ഇമേജ് കളയും.
രാവിലെയും എന്ങാണ്ടു കൊണ്ടു പോയി ആക്ഷേപം കിട്ടിച്ചു. ദാ ഇവിടെം ബലൂണിന്‍റെ കട പോലും അടച്ചു പോയി.എന്‍റ്ത ഞാന്‍ ചെയ്യെണ്ടതു‍്.
ശരി ശരി,വാതുക്കല്‍ ഒട്ടിച്ചേക്കാം.ഉണരുമ്പോള്‍ ക ണ്ടോട്ടേ നാം വന്നിരുന്നു എന്നു്.
“ചില മുയലിനെയൊക്കെ കിട്ടിയാല്‍ അതിന്റെ ഇല്ലാത്ത മൂന്നു കൊമ്പിലും പിടിച്ച് വര്‍ഷങ്ങളോളം ഇരിക്കേണ്ടി വന്നിട്ടുണ്ട്. ചില മുയലൊക്കെ ഇപ്പോഴും കയ്യിലിരിപ്പുണ്ട്, അതിന്റെ മൂന്നു കൊമ്പുമായി.” പക്ഷേ ഈ രാജാവു് പിടിച്ചുകൊണ്ടിരിക്കുന്ന മുയലിന്‍റെ കൊമ്പു്‍ നാലും അഞ്ചും ഒക്കെ ആകുന്നൊ എന്നു സംശയം.
ആസ്വദിച്ചു .മനോഹരമായി ആസ്വദിച്ചു.
രാജാവ്.
വക്കാരി shijualexAThotmailDOTcom enna ഐ ഡി യിലേക്ക് ഒരു ടെസ്റ്റ് മെയില്‍ അയക്കാമോ. പ്ലീസ്
വക്കാരിചേട്ടാ
ദേ ഇതു വായിച്ചപ്പോ എനിക്കീ പോസ്റ്റ് ഓര്‍മ്മ വന്നു.. ഇതൊന്നെ വായിക്കണെ...നൈസ് ആര്‍ട്ടിക്കിള്‍ ...
വക്കാരി,
വേണുഗോപാലിനും ജോണ്‍സണും വേണ്‍ദി സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങിയത് എന്റെ യേശുദാസ്,രവീന്ദ്രെന്‍ വിരോധം ഇപ്പോഴും അങനെ തന്നെ.പക്ഷെ തര്‍ക്കിക്കാറില്ലാട്ടോ,ഞാനായി എനെറ്റ് പാട്ടായി എന്ന ലൈനാ.ഒരു ചേട്ടനും അനിയനും ഇല്ലാത്തതിന്റെ കുറവേ.. :)
ഹ...ഹ... സൂ, ഇഞ്ചി പറഞ്ഞതുപോലെ ഇടിപിടീന്നാണല്ലോ തമാശകള്‍. നന്ദി കേട്ടോ :)
രാജാവേ, വാതിലില്‍ പള്ളിയൊട്ടിച്ചുവെച്ച പള്ളിക്കുറിപ്പ് കണ്ടു. പള്ളിയാസ്വാദനം നടത്തീ എന്നറിഞ്ഞപ്പോള്‍ സന്തോഷമായി. ഏതു കട എപ്പോള്‍ അടച്ചാലും രാജാവ് വന്നൂന്നറിഞ്ഞാല്‍ തുറക്കാണ്ടിരിക്കുമോ? ധൈര്യമായിട്ട് ഒരു പള്ളിയോര്‍ഡര്‍ അങ്ങിടൂന്ന്. പള്ളിനന്ദി :)
അപ്പപ്പോള്‍ ദമനകകനകനകാ, ശ്ശോ താങ്കളും അപ്പോള്‍ ദമനകനന്‍, അപ്പോള്‍ ലൈലാന്റിന്റെ ആളാണോ? ടാറ്റാ തന്നെ ബെസ്റ്റ്. ടാറ്റാ വണ്ടീടെ മുന്നിലോട്ടൊന്ന് നോക്കിക്കേ, ചിരിച്ചോടിരിക്കുന്നതുപോലെയല്ലേ. ലൈലാന്റിന്റെ പഴയ വണ്ടിയൊക്കെ കണ്ടാല്‍ ഒരുമാതിരി വക്രിച്ച മോന്ത പോലെയല്ലേ :)
ഷിജൂ, അപ്പോള്‍ പറഞ്ഞതുപോലെ.
ഇഞ്ചിപ്പെണ്ണേ, വായിച്ചൂ, വായിച്ചൂ. നല്ല ആര്‍ട്ടിക്കിള്‍. എനിക്കും അഭിമാനിക്കാം. കാരണം എന്നെപ്പറ്റിയും എഴുതുമായിരിക്കും ഇങ്ങിനെയൊക്കെ :)
ഹായ്, തുളസിപ്പടം. തുളസീ, നന്ദി. പക്ഷേ എന്റെ കുഴപ്പം ആസ്വാദനത്തിന്റെയല്ലായിരുന്നു, മുയല്‍ക്കൊമ്പായിരുന്നു. എനിക്ക് അന്തക്കാലത്ത് ചില ജയചന്ദ്രന്‍ പാട്ടുകളും പല യേശുദാസ് പാട്ടുകളും തന്നെയായിരുന്നു ഇഷ്ടം. അതുപോലെ എല്ലാ ലൈലാന്റ് വണ്ടികളും സീറോ ടാറ്റാ വണ്ടികളും. പക്ഷേ ഞാന്‍ അനിയന്‍ ചന്തുവായിപ്പോയി :)
തുറന്ന കട വീണ്ടും പൂട്ടുന്നു. വേണേല്‍ ഇനീം തുറക്കാം.
:) തലക്കെട്ടും കിടു..കഥയും കിടു.. :) ഇതിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാവുമോ??
മുയലിന് real ആയിട്ടും കൊമ്പ് മുളച്ച കാര്യം ഈയിടെ എവിടെയോ വായിച്ചിരുന്നു..മുയല്‍s ഒക്കെ ഇനി കേസ് കൊടുക്കുമോന്നാ പേടി ഈ പഴംചൊല്ലൊക്കെ ഇനി പറഞ്ഞാല്‍...
വക്കാരിമാഷേ, അടിപൊളീന്ന് പറഞ്ഞാ.. കിടിലം
എനിക്കിഷ്ടം ‘ഫെര്‍ഗോ’ വണ്ടികളായിരുന്നു (ആകെ ഒരു ഫെര്‍ഗോ വണ്ടിയെ അക്കാലത്ത് ഞങ്ങടെ നാട്ടീക്കൂടെ ഓടീരുന്നൊള്ളൂ - ശ്രീ നാരായണ).. നിന്നാല്‍ മോളിലെ കമ്പിയില്‍ പിടിക്കാന്‍ കയ്യെത്തും എന്നത് മാത്രമായിരുന്നു ആ ഇഷ്ടത്തിന്‍റെ കാരണം.. മോളിലെ കമ്പിയിലിങ്ങനെ പിടിച്ച് നിക്കുമ്പോ വല്യ ആളായി എന്നായിരുന്നു ധാരണ.
(മെഡിക്കല്‍ ചെക്കപ്പിനു പോയപ്പോള്‍ എന്റെ വിരിഞ്ഞ നെഞ്ചിന്റെ അളവ് വിരിയാത്ത നെഞ്ചിന്റെ അളവിനെക്കാളും കുറവാണെന്ന് ഒരു ഡോക്‍ടര്‍ കണ്ടുപിടിക്കുകയുണ്ടായി).. ഇതും കലക്കി.
സു | Su said...
അത് നന്നായി. ഇനി പെണ്ണ് കാണാന്‍ പോകുമ്പോള്‍ അവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടതല്ലേ, അതെനിക്ക് വേണ്ട എന്ന് വിചാരിക്കരുതേ ;) ഹി.. ഹി.. സൂപ്പര്‍.. സൂ.. സൂപ്പര്‍.
ഹാവൂ വക്കാരീ. കുറച്ചു നേര, ജീവിതം റീവൈന്‍ഡ് ചെയ്ത് കൊച്ചുന്നാള്‍ പ്ലേ ചെയ്ത് ആര്‍മ്മാദിച്ചു.
ഞാനും റ്റാറ്റായുടെ ആളായിരുന്നു. 1210SE പുത്തനൊരെണ്ണം ഞങ്ങള്‍ടെ അയലോക്കത്തെ നാഗപ്പനാചാരിക്ക് ഉണ്ടായിരുന്നു. അതിന്റെ പുറത്ത് കയറി നിന്ന് ഗുണഗണങ്ങള്‍ വര്‍ണ്ണിച്ച് ഞാന്‍ ജയിക്കും!
വിരിഞ്ഞ നെഞ്ചിന്റെ അളവ് വിരിയാത്ത നെഞ്ചിന്റെ അളവിനെക്കാള്‍ കുറവാണെന്നത് "he returned so quickly that athe door he almost bumped into himself coming in" എന്ന് വോഡൌസ് എഴുതിയതിന്റെ അത്ര ഭംഗിയായപ്പാ. മൊത്തത്തില്‍ എന്തരു കലക്കന്‍ എഴുത്തപ്പാ.
ഇതു കാണാന്‍ ഞാന്‍ വൈകിപ്പോയല്ലോ വക്കാരി.എന്തോ എന്റെ മോണീറ്ററില്‍ പലതും കാണാന്‍ കഴിയുന്നില്ല. നന്നായിരിക്കുന്നു.
ആനവക്കാരി, ഏതെങ്കിലും മുയലിനോടു 2 കൊമ്പു തിരിച്ചുചോദിച്ചു സ്വയം ഫിറ്റൂ:-))
വക്കാരിജീ, ലേഖനങ്ങള്‍ നന്നായി പഠിയ്ക്കുന്നുണ്ട്. ഗവേഷണം തുടര്‍ന്നുകൊണ്ടേയിരിയ്ക്കാന്‍-ഉത്സാഹം നിലനിര്‍ത്താന്‍ എന്തുചെയ്യുന്നു? ആന്തരികമായപ്രചോദനം എന്നാണോ ഉത്തരം?
:-)
50thcomment :-), for a change!
വക്കാരി മാഷേ, ഈ ഉറവ വറ്റി ഉറവ വറ്റി എന്നൊക്കെ വെറുതേ നംബര്‍ അടിക്കുന്നതാണല്ലേ? തകര്‍ത്തു. :) എന്നാലും ഇങ്ങനെ ഒരു പോസ്റ്റ് ഇവിടെ കിടന്നിട്ട് ഇത്രയും late ആയിട്ടാണല്ലോ ഞാന്‍ കണ്ടത് :(
qw_er_ty
എനിക്കിഷ്ടം മസ്ദ- അതു വക്കാരിക്കിഷ്ടമെംകില്‍.
വക്കാരി വാശിക്ക് വേണ്ടി വാദിക്കുന്നതാര്‍ക്കുവേണ്ടിയായാലും, എന്തിന് വേണ്ടിയായാലും കണ്ണ്ടച്ചെന്റെ ബെറ്റ് വക്കാരിക്കു വേണ്ടി.
യേശുദാസിന്റെ (ദാസേട്ടന്‍ എന്നു വിളിച് പ്രൊക്സിമിറ്റി കാട്ടുന്നില്ല- ഇതു പറയുന്ന ഞാനെത്ര മഹാന്‍) പാട്ടുകളോട് ആദരവും അതിന്റെ മഹത്വവും അറിയുന്നു. എംകിലും എനിക്കിഷ്ടം ഭാവഗായകനെ.
ഭാവങ്ങള്‍ക്കനുസ്യൂദമായി സ്വര വ്യത്യാസത്തോടെ പാടുന്ന കുട്ടന്റെ( ജയചന്ദ്രന്റെ വിളിപ്പേര്) പാട്ടുകള്‍ മനസ്സില്‍ സ്പന്ദിക്കുന്നു.
എവിടെക്കേട്ടാലും കാതോര്‍ക്കുന്നു.
വക്കാരിയുടെ ഓര്‍മക്കുറിപ്പുകള്‍ മഴക്കാലത്ത് തോട്ടിലൂടെ ഒലിച്ചു പോകുന്ന വെള്ളത്തില്‍ നീരോലി ഇലകൊണ്ട് ലെയ് ലാന്‍ഡും റ്റാറ്റയും വണ്ടികള്‍ മല്‍സരിച്ചോടിപ്പിച്ച നഷ്ടസ്വപ്നങ്ങളിലേക്ക് നടത്തിക്കുന്നു.
കേവല മനുഷ്യന്റെ മനൊവ്യാപാരങ്ങള്‍ മനോഹരമായി ചിത്രീകരിക്കുന്നു മാത്രുഭൂമി ഫെയിം വക്കാരി -സായനോര
വക്കാരീ
വൈകിപ്പോയി,
എന്റെ എക്കാലത്തേയും ഇഷ്ട ഗാനം ഇന്നലെ “നീയൊരു സുന്ദരരാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു”
പക്ഷേ, ജയചന്ദ്രന്റെ ഏതാണ്ടെല്ലാപ്പാട്ടും ഞാനിഷ്ടപ്പെട്ടു. കാരണം കേട്ടാല്‍ വക്കാരി ഞെട്ടരുത്. എന്തുകൊണ്ടാന്ണെന്നു വച്ചാല്‍, എന്റെ ചേട്ടന്‍ ഭയങ്കര യേശുദാസ് ആരാധകനായിരുന്നു!
എന്നാലീ പോസ്റ്റ് വായിച്ചതുകോണ്ടു ഞാന്‍ പറയുന്നു
‘എനിക്കിഷ്ടം ബ്രഹ്മാനന്ദനെയാ’
വക്കാരീ, പറയാന്‍ മറന്നു. കൊച്ചിയില്‍ ബ്ലോഗേഴ്സ് മീറ്റിന്റെ ഇടയ്ക്ക് ജയചന്ദ്രന്‍ വന്നിട്ടുണ്ടായിരുന്നു, ആ ഹോട്ടലില്‍. ദുര്‍ഗ ഒരു പേപ്പറും എടുത്ത് പിന്നാലെ ഓടിയതും ജയചന്ദ്രന്‍ അതുകണ്ട് പേടിച്ച് കാറില്‍ കയറി, തോമസ്‌കുട്ടീ വിട്ടോടാ... ന്ന് പറഞ്ഞു ;)
സൂ, ദുര്‍ഗ്ഗ പണ്ട് വരച്ച പടം സ്റ്റൈലില്‍ ഓട്ടോഗ്രാഫ് വാങ്ങിക്കാന്‍ ചെന്നതാണോ ജയചന്ദ്രന്റെ അടുത്ത്? ഒരു ജഗദീഷ് സ്റ്റൈലില്‍ “എച്ച്യൂസ് മീ” പറഞ്ഞ് ചെന്നിരുന്നെങ്കില്‍ ചിലപ്പോള്‍ പുള്ളി “എന്താ” എന്ന് ചോദിക്കാനെങ്കിലും ഒന്ന് നിന്നേനെ. പണ്ട് ഹോസ്റ്റല്‍ മെസ്സില്‍ ഊണൊക്കെ കഴിഞ്ഞ് കത്തിവെച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരുത്തന്‍ ഒരു സ്റ്റൈലിന് “എക്സ്‌ക്യൂസ് മീ” പറഞ്ഞ് സ്ഥലം കാലിയാക്കാന്‍ നോക്കിയപ്പോള്‍ ആദ്യമായിട്ട് അങ്ങിനെയൊരു പ്രയോഗം കേള്‍ക്കുന്ന ഞങ്ങള്‍ “എന്താടാ പറഞ്ഞത്” എന്ന് തികച്ചും നിര്‍ദ്ദോഷമായി, ആദ്യം പറഞ്ഞത് കേള്‍ക്കാത്തതുകൊണ്ടും മനസ്സിലാകാത്തതുകൊണ്ടും മാത്രം, ഒന്നുകൂടി ചോദിച്ചപ്പോള്‍ ദേഷ്യം വന്ന അവന്‍ ഞങ്ങളുടെ ദേഹത്തേക്ക് കരിങ്ങാലിവെള്ളം കോരിയൊഴിച്ചു :)
പ്രമോദേ, സ്വാഗത നന്ദി. പണ്ട് വീട്ടില്‍ അമ്മാവനും മറ്റും വരുമ്പോള്‍ അവര്‍ അന്നു തന്നെ തിരിച്ചുപോകുമോ എന്നുള്ള പേടി കാരണം, തിരിച്ചുപോവില്ല എന്ന് കണ്‍ഫേം ചെയ്യാന്‍ വേണ്ടി മാത്രം-അതിനുവേണ്ടി തന്നെ, വേറേ ദുരുദ്ദേശമൊന്നുമില്ല- “എപ്പോഴാ നിങ്ങളൊക്കെ പോകുന്നേ” എന്ന് ചോദിക്കുമായിരുന്നു, ഞാന്‍. പിന്നെയാണ് മനസ്സിലായത് അതിഥികള്‍ വരുമ്പോള്‍ തന്നെ അങ്ങിനെ ചോദിച്ചാല്‍ അവര്‍ അധികം താമസിക്കാതെ സ്ഥലം കാലിയാക്കിക്കൊള്ളുമെന്ന്. അപ്പോള്‍ പറഞ്ഞുവന്നത് സ്വാഗതവും നന്ദിയും ഒരുമിച്ച് പറഞ്ഞത് പത്രനയം പ്രകാരം അച്ചടിമഷി/ടൈപ്പടിമഷി ലാഭിക്കാന്‍ മാത്രമാണ് :) യ്യോ രണ്ടാം ഭാഗമൊന്നുമില്ല കേട്ടോ. മുയലിന് ശരിക്കും കൊമ്പ് മുളച്ചോ? എന്റെ കൈയ്യില്‍ ഇപ്പോഴും ഇരുപ്പുണ്ട് കുറച്ച് കൊമ്പുകള്‍ :)
ആഗ്രാ ജാ, നന്ദി കേട്ടോ. ഫര്‍ഗോ കണ്ട വിദൂര ഓര്‍മ്മ മാത്രമേ ഉള്ളൂ. ഭാഗ്യം അതാണ് എനിക്കിഷ്ടമെന്ന് എന്റെ നാവില്‍ വരാതിരുന്നത്. ഒരൊറ്റ മനുഷ്യര്‍ക്ക് പോലും പിന്നെ എന്നോട് സിം പതീം ഭജേ ഉണ്ടാവില്ലായിരുന്നു.
ഹോ ദേവേട്ടാ, അങ്ങിനെ ഒരു ടാറ്റാവാലയെ കിട്ടി. അടിപൊളി. അരവിന്ദന്‍ മാത്രമായിരുന്നു എന്ന് തോന്നുന്നു, സ്വല്പമെങ്കിലും ഒരു ടാറ്റാനുഭാവി. പക്ഷേ എന്റെ കുഴപ്പം ലൈലാന്റിനെ ഉള്ളില്‍ ഇഷ്ടപ്പെട്ട് ടാറ്റായെ പുറമെ...വിശ്വാസ വഞ്ചന. എന്ത് ചെയ്യാം... :)
കുടിയാ, തൂലികാ നാമവുമായി വല്ല ബന്ധവുമുണ്ടോ താങ്കളുടെ ഒരു ബ്ലോഗ് മൂന്നായി കാണുന്നതും ഉള്ള ബ്ലോഗ് കാണാതെ ഇരിക്കുന്നതുമൊക്കെയായി? :) നന്ദി കേട്ടോ. താങ്കളുടെ മനമ്മാട്ടമ്മയും പാച്ചുമ്മാവനുമൊക്കെ കൊളുത്തി വലിക്കുന്നു. അതുപോലത്തെ ഒരു ടെമ്പ്ലേറ്റോമ്പ്ലേറ്റും :)
ജ്യോതിര്‍മയി വലിയ ഗമയ്ക്ക് ജ്യോതിര്‍ഗമ എന്നൊരു ബ്ലോഗൊക്കെ ഉണ്ടാക്കി എന്നറിഞ്ഞു :) അമ്പതിന് കണ്ണ് ഗ്രാം കുല ഏഷണി. ഗവേഷണത്തിന്റെ ഏക പ്രചോദനം ബ്ലോഗ്. പണികളെല്ലാം പെന്‍ഡിംഗായി വട്ട് പിടിച്ചിരിക്കുമ്പോള്‍ ഉഴപ്പുന്ന ഉഴപ്പാണ് ഏറ്റവും സുഖപ്രദം, തമസ്സിനേക്കാളും. അപ്പോളിരുന്ന് ചുമ്മാ അങ്ങ് ബ്ലോഗും. അങ്ങിനെ ഇപ്പോള്‍ ഒരു വഴിക്കായി :)
ആറാറു മുപ്പത്താറേ, 2004 മുതല്‍ സജീവ സഹജീവിയായ താങ്കള്‍ എന്തേ ഒന്ന് രണ്ട് മൂന്ന് നാലുവരി ടൈപ്പിക്കുറിക്കുന്നില്ല എന്നോര്‍ത്തു പോകുന്നു. നന്ദി. കേട്ടോ.
ഗന്ധര്‍വ്വരേ, ചമ്മിപ്പോകുന്നു. നന്ദി കേട്ടോ. താങ്കളുടെയൊക്കെ നോട്ടങ്ങള്‍ ഈ വഴിയൊക്കെ പോകുന്നത് തന്നെ വലിയ കാര്യം. എനിക്ക് അന്ത കാലത്ത് യേശുദാസിന്റെ പാട്ടായിരുന്നു ഇഷ്ടം. പക്ഷേ യേശുദാസിന്റെ അത്രയും തൊണ്ട ഉപയോഗിക്കാത്തതുകൊണ്ടാണെന്ന് തോന്നുന്നു, ജയചന്ദ്രന്റെ ശബ്‌ദം ഇപ്പോഴും പഴയതുപോലെയൊക്കെത്തന്നെയുണ്ട്. സന്തോഷ് പറഞ്ഞതുപോലെ ഈ ടാറ്റാ-ലൈല്ലാ-ന്റ് ഒരു ആഗോളകേരള പ്രശ്‌നമായിരുന്നല്ലേ.
ഷാജുദ്ദീനേ, ശരിക്കും? അതടിപൊളിയായല്ലോ. ഇതിനെയാണോ സെയിം പിഞ്ചെന്ന് പറഞ്ഞ് പിച്ചുന്നത്? എന്നാല്‍ പിടി ഒരു പിച്ച്. കമന്റിന്റെ കളിമാക്സി തകര്‍ത്തു-“എനിക്കിഷ്ടം ബ്രഹ്‌മാനന്ദനെയാ” പക്ഷേ ദേഹവും നല്ല ഒരു ഗായകനായിരുന്നു. അന്നത്തെ പെരുമഴക്കാലത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്ന് തോന്നുന്നു.
കട തല്‍ക്കാലം പൂട്ടുന്നു. ഇനീം തുറക്കാം. നോ പിരോബിളം :)
adipoli :D
:)) * 1000
vakkari mashe, thankalude peru thudagunnathu 'R' enna lettaril aano?
babubharathan@rediffmail.com
“പണ്ട് വീട്ടില്‍ അമ്മാവനും മറ്റും വരുമ്പോള്‍ അവര്‍ അന്നു തന്നെ തിരിച്ചുപോകുമോ എന്നുള്ള പേടി കാരണം, തിരിച്ചുപോവില്ല എന്ന് കണ്‍ഫേം ചെയ്യാന്‍ വേണ്ടി മാത്രം-അതിനുവേണ്ടി തന്നെ, വേറേ ദുരുദ്ദേശമൊന്നുമില്ല- “എപ്പോഴാ നിങ്ങളൊക്കെ പോകുന്നേ” എന്ന് ചോദിക്കുമായിരുന്നു, ഞാന്‍. പിന്നെയാണ് മനസ്സിലായത് അതിഥികള്‍ വരുമ്പോള്‍ തന്നെ അങ്ങിനെ ചോദിച്ചാല്‍ അവര്‍ അധികം താമസിക്കാതെ സ്ഥലം കാലിയാക്കിക്കൊള്ളുമെന്ന്“
വക്കാരിഭായീ... എന്നെ പിഞ്ച്, പിഞ്ച്, പിഞ്ച്...
ഇതേ പറ്റ്, എത്രയോ വട്ടം, ഐ റിപ്പീറ്റ്, എത്രയോ...വട്ടം... എനിക്ക് പറ്റിയിരിക്കുന്നു.
സത്യം പറ ഭായീ... ഭായി ഒരു വ്യക്തിയാണോ അതോ പത്ത് പന്ത്രണ്ട് പേര് കൂടിയിരുന്നെഴുതുന്ന പ്രസ്ഥാനമാണോ :-)
"ജ്യോതിര്‍മയി വലിയ ഗമയ്ക്ക് ജ്യോതിര്‍ഗമ എന്നൊരു ബ്ലോഗൊക്കെ ഉണ്ടാക്കി എന്നറിഞ്ഞു :) അമ്പതിന് കണ്ണ് ഗ്രാം കുല ഏഷണി."
നന്ദി, പഴുപ്പിക്കാന്‍ വെക്കാം, ഓണം വര്‌ായീല്ലോ:-)
കണ്ടൂ അല്ലേ എന്റെ 'ഗമ'. സാ(നാ)രിയായതുകൊണ്ടും പരദേശിയായതുകൊണ്ടും ഒക്കെ വന്നുപോയതാവും. വക്കാരിജിയുടെ ടിപ്സും, നവരസങ്ങളും, ഗവേഷണവും(കയ്യുറയല്ല) ഒക്കെ വായിച്ച്, ഞാനൊരു ഫാനായിത്തുടങ്ങിയിരുന്നു:-) പുലിയാണെന്നൊക്കെ എല്ലാരും പറഞ്ഞപ്പോള്‍ പേടിച്ചാ ഇതുവരെ കമന്റാതിരുന്നത്. എന്നാലും ആ ലേഖനങ്ങളൊന്നും പത്രക്കാര്‍ കണ്ടില്ലേ. അതുപോലെ എഴുതി എഴുതി തഴക്കം വന്ന കുറേ പേരിനിയും ഇവിടുണ്ടല്ലോ. എല്ലാവരേം ഞാനൊന്നു നമിയ്ക്കട്ടെ.
പുലികളെ എനിയ്ക്കുപേടിയാണ്. പിന്നെ കുപ്പിയൊക്കെ കൊണ്ടു നടക്കുന്നവരേം പേടിയാ, വേറേ ഈ ലോകത്തിലാരേം എനിയ്ക്കു പേടിയില്ല:-) അപ്പോ ശരി, എല്ലാവര്‍ക്കും വക്കാരിക്കും നമസ്കാരം!
വക്കാരീ അസ്സലാമു അലൈക്കും!!! -സു-
മാഷേ ഞാന്‍ ക്ഷണനത്തിനായി ഗൂഗിള്‍ ടക്കില്‍ നിന്ന് ഒരു ക്ഷണം അയച്ചിരുന്നു... ഒഴിവ് കിട്ടുമ്പോള്‍ ശല്ല്യം ചെയ്തു കൊല്ലാനാ മാഷേ
മോനൂജ്ജീ, സ്വാഗതനന്ദി :) ബ്ലോഗിലിറങ്ങിക്കാണുമല്ലോ. ബാക്കിയുള്ളവരുടെയൊക്കെ വായിച്ചാല്‍ ഇടാന്‍ പൂജ്യം ആവശ്യത്തിനു കിട്ടാതെ വരും :)
ബാബുസാറേ, ഹേയ്...ഞാനാ ടൈപ്പല്ല, അല്ലേയല്ല :)
ദിവായേ, ശരിക്കും? ഹ...ഹ...ഹ... അതുകൊള്ളാം. ഞാന്‍ പണ്ട് സ്ഥിരം ഇതായിരുന്നു പരിപാടി. പിന്നെ ഞാനല്ലേ, ലെവനല്ലേ എന്നോര്‍ത്ത് ആരും ചെവിക്ക് പിടിച്ചില്ല എന്നു മാത്രം.
ജ്യോതിര്‍മയീ, നമസ്കാരത്തിനൊരു തിരിച്ചു നമസ്കാരം. ബാക്കിയൊക്കെ പുലികള്‍ ക്ഷമിച്ചാലും എന്നെയും പുലിയെയും ചേര്‍ത്ത് പറഞ്ഞാല്‍ പുലികള്‍ക്കുണ്ടാകുന്ന മനോവിഷമത്തിനും മാനഹാനിക്കും പകരം കൊടുക്കാന്‍ ചന്തൂന്റെ കൈയ്യില്‍ ഒന്നുമില്ലെന്നോ മറ്റോ അല്ലേ :) ഞാന്‍, ദോ, എന്താ കുന്തം, എന്തോ കുന്തം എന്ന് അന്തവും കുന്തവുമില്ലാത്ത ഒരു ജീവി. ധൈര്യമായിട്ട് എന്തും പറഞ്ഞോന്ന് :)
സുനില്‍ജീ, വാ അലൈക്കും... തിരിച്ചെത്തിയോ? കൊള്ളാം. അപ്പോള്‍ തുടങ്ങ്വല്ലേ :)
തിത്തിരിവെട്ടമേ, നമുക്ക് പെണ്ണുങ്ങളൊക്കെ പേന്‍ കൊല്ലുന്നതുപോലെ സമയമങ്ങ് കൊല്ലാമന്നേ. ഞാന്‍ താങ്കളുടെ പുതിയ പോസ്റ്റ് വായിച്ചില്ല. ഒന്നിരുത്തി വായിക്കേണ്ടതാണോ എന്നോര്‍ത്ത് പെന്‍ഡിംഗില്‍ വെച്ചു. കമന്റുകള്‍ ആ ഒരു സൂചന തന്നകാരണമാണ്. ഉടന്‍ തന്നെ വായിച്ച് എന്റെ കവുളിറ്റി സര്‍ട്ടിഫിക്കറ്റ് തരുന്നതാണ് :) പിന്നെ ക്ഷണനത്തിന് ഒരു ഇമ്പോശിഷ്യന്‍ എഴുതാന്‍ റെഡിയായിക്കോ. ഉമേഷ്‌മാഷ് ചൂരവടിയുമായി ഇറങ്ങിയിട്ടുണ്ട് :)
vakkari mashe, thankalkku Expo, Merimatha thudagiya busukal koodaathe, prompt, St.Martin, thudagiya busukalum priyankaram alle? Mashinte School Kathakal onnum publish cheyyaathathenthe? Sarovar (Sanathana?) Kathakalum poratte !
Babu
വക്കാര്യേ,
വായിച്ചു മുഴുവന്‍.
മൂന്നു സിറ്റിങ് വേണ്ടി വന്നുട്ടോ.
പഴയ പോസ്റ്റുകളും വായിക്കുന്നു.
വക്കാരിയുടെ ബ്ലോഗ് വായിച്ചു കേട്ടോ... വളരെ നന്നായിട്ടുണ്ട്. താങ്കളുടെ വക്കുകള്‍ക്ക് വല്ലാത്ത ഒരു മൂര്‍ച്ചയുണ്ടു കേട്ടോ... ഇവിടുത്തെ ഒരു പതിവു സന്ദര്‍ശകന്‍ ആയിരിക്കും ഞാന്‍ ഇനി... ജാഗ്രതെ :)
പേരു: വക്കാരി.
യു.ആര്‍.എല്‍.: നിലാവത്തെ ...
തലയില്‍ കെട്ട് : ഉദയസൂര്യന്റെ നാട്ടില്‍.
ബ്ലോഗ് റോളില്‍ എവിടെ പോയി തപ്പണമപ്പാ?
(കഴിഞ്ഞ ദിവസം കുറേ കഷ്ടപ്പെട്ടേ ...)
മുല്ലപ്പൂവേ മലയാളിപ്പെണ്ണേ, ബ്ലോഗ് റോളില്‍ ഞാനൌട്ടായോ. എന്റെ മെഡുല്ലാ മണ്ണാങ്കട്ട ഇതാണ്:
http://nilavathekozhi.blogspot.com/
ഇത് മിസ്സിസ്സായാല്‍ തീര്‍ന്നില്ലേ സംഗതി :)
ഗോപണ്ണാ, വെലക്കം വെലക്കം. ഞാന്‍ ശ്രീനിവാസനോട് പറഞ്ഞിട്ടുണ്ട്, ഒരു ഗൂര്‍ഖായെ ഇടപാടാക്കാന്‍. മിക്കവാറും തോളും ചെരിച്ചുകൊണ്ട് ഒരു ഗൂര്‍ഖാ രണ്ടുദിവസത്തിനകം വരും. അതുകൊണ്ട് ഞാന്‍ നേരറിയാന്‍ സിബിയയ്യേ [ജാഗ്രത കഴിഞ്ഞ് അതല്ലായിരുന്നോ?-അതിന്റെ അഞ്ചാം ഭാഗം ഇറങ്ങുന്നുണ്ടെന്ന് കേട്ടു- ഇനിയെങ്കിലും (ഒന്ന് നിര്‍ത്ത്വോ) സിബീയ്യൈ]
എത്രതെളിഞ്ഞാലും എണ്ണ വറ്റാത്ത ചിത്രവിളക്കുപോലെ , അമ്പൊടുങ്ങാത്ത ഹാസ്യ ശരങ്ങളുടെ ആവനാഴിയുമായ് ഒരേ ഒരു വക്കാരിമിഷ്ട.
സജ്ഞയന്റെ പുനരവതാരമൊ?.
ഞാനിപ്പോള്‍ വന്നത്.
പാരമ്പര്യം മേം ഗന്ധര്‍വ കൂര്‍ക്കാ ഹും ഹായ് ഹാ.
ബച്ച്പന്‍ മേം മലയാളം ബോല്‍ത്താ ഹേ.
പണി എനിക്ക് തരപ്പെടുത്തൂ.
ഏതോ ഒരു കോഴി ബ്ലൊഗ് റോളില്‍നിന്ന് ഇറങ്ങിയോടി എന്ന് കേട്ടല്ലോ.വേറെയെവിടെയെങ്കിലും നിലാവുകണ്ടോ.
ഇനി ഞാനും ഓടി
This comment has been removed by a blog administrator.
ഗന്ധര്‍വ്വന്‍ മാഷേ ജോലി സ്ഥിരമാവാന്‍ കള്ളനെ പിടിക്കണം എന്നു പറഞ്ഞാല്‍ ഒന്നു പറയണേ..
ഇതെല്ലാം ചലഞ്ചായി ഏറ്റെടുക്കാന്‍ ആരക്കെയോ ബൂലോഗത്ത് അലഞ്ഞുതിരിയുന്നുണ്ടേ..
വക്കര്യേ, ന്റെ ഇഷ്ടാ,
ഇത്രേം സംഭവിച്കുള്ളൂ.
ഒരു ദിവസം വരുന്നു. ഇന്നു ജപ്പാന്‍കാരന്റെ ഗവെഷണം വായിക്കാന്‍ ഉള്‍വിളി വരുന്നു. ഞാന്‍ എന്റെ ബ്ലൊഗ് എടുക്കുന്നു. ബ്ലോഗ് റൊളില്‍. വക്കാരിന്നു നൊക്കണു. കണ്ടില്ല പിന്നെ യു.അര്‍.എല്‍.ഓര്‍ത്തു നിലാവത്തെ..
നോക്കണു കാണാനില്ല. പിന്നെ എന്തു നോക്കണം ന്നു ആലോചിച്ച് റൊളിന്റെ വിദഗ്ദ്ധനെ വിളിക്കണു.
വിദഗ്ധന്‍ പറയണു. നിലാവു മാറി ഇപ്പൊള്‍ റോളില്‍ ഉദയം ആണു എന്നു.
‘മഷ്ടാ‘ യുടെ ബ്ലോഗു കണ്ടു പിടിക്കാന്‍ ഉള്ള തത്രപ്പാടേ.
മുല്ലപ്പൂ പറഞ്ഞത് കേട്ടിട്ട് പഴയ ഒരു നമ്പൂരി ഫലിതം ഓര്‍മ്മ വന്നു.
നമ്പൂരി ഇംഗ്ലീഷ് പഠിക്കാന്‍ പോയി. ആദ്യ ദിവസത്തോടെ പഠനം നമ്പൂരി നിര്‍ത്തി. കാരണം ചോദിച്ചപ്പോള്‍ നമ്പൂരി പറഞ്ഞു “മലയാളത്തില്‍ പൂച്ച എന്ന് എഴുതും, പൂച്ച എന്ന് വായിക്കും, പൂച്ച എന്ന് അര്‍ത്ഥവും. എന്നാല്‍ ഇംഗ്ലീഷി സി.എ.റ്റി എന്നെഴുതും, ക്യാറ്റ് എന്ന് വായിക്കും, അര്‍ത്ഥം പൂച്ച എന്നും. എല്ലാം കൂടി ഓര്‍ത്ത് വയ്ക്കാന്‍ പറ്റുവോ”.
ഇവിടേയും അങ്ങിനെ തന്നെ. വക്കാരി എന്ന ബ്ലോഗര്‍, നിലാവത്തെക്കോഴി എന്ന് ബ്ലോഗ് യൂ,ആര്‍,എല്‍, ഉദയസൂര്യന്റെ നാട് എന്ന ബ്ലോഗ് പേര്‍. ഈ ബ്ലോഗിലെത്താന്‍ എന്തെല്ലാം ഓര്‍ത്ത് വയ്ക്കണം ;)
Jayettante paattinu ippoyum arudeyum vakkalathonnum venda .People kwow he is the greatest all the melodies.
Post a Comment
<< Home