Friday, June 30, 2006

വക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ലൈഫ്

..എന്ന 2007ല്‍ പെന്‍‌ഗ്വിന്‍ ബുക്ക്‍സിന്റെ ഏറ്റവും വലിയ എതിരാളിയായ ക്രൌവ് ബുക്ക്‍സിനോട് പബ്ലിഷ് ചെയ്യാമോ എന്ന് ചോദിച്ചിരിക്കുന്ന ബെസ്റ്റ് സെല്ലര്‍ എന്തായാലും ആവുന്ന എല്ലാവരും സൂക്ഷിച്ച് പൊടിപിടിക്കാതെ, തുറക്കാതെ വെക്കേണ്ട ബുക്കില്‍ നിന്ന്.

ഇത് ക്ലബ്ബിലിടണോ, ഇവിടിടണോ എന്ന് ആലോചിച്ച് ടെന്‍‌ഷനടിച്ച് പ്രാന്തുപിടിച്ച് വട്ടായിരിക്കുന്നു. അവസാനം ഇവിടെത്തന്നെ ഇട്ടേക്കാമെന്ന് വിചാരിച്ചു. തലവേദന ഇപ്പോഴും പോയിട്ടില്ല.

ഇതില്‍ പറഞ്ഞിരിക്കുന്നതൊക്കെ നമ്മള്‍ പലപ്പോഴും പലരോടും പറയുകയും നമ്മളായിട്ട് പാലിക്കാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ തന്നെ. പക്ഷേ പാലിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ.

1. സ്വല്‌പം വെയിറ്റു ചെയ്യുക.

അതെ. സ്വല്‌പമെന്നു പറഞ്ഞാല്‍ ഒരു ഒന്നുരണ്ടു മണിക്കൂര്‍ മാത്രം. നമ്മള്‍‌ക്ക് പെട്ടെന്നെന്തെങ്കിലും വികാരവിക്ഷോഭമുണ്ടായാല്‍ ഉടനടി ആ വികാരം പ്രകടിപ്പിച്ചാല്‍ വികാരം വിവേക് ചേട്ടനെ മലര്‍ത്തിയടിക്കും. പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കുമെന്നാണ് ലാലേട്ടന്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് അപ്പോള്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ ശരിയാവൂ എന്ന് പൂര്‍ണ്ണ ബോധ്യമുള്ള വികാരങ്ങളൊഴിച്ച് ബാക്കിയൊക്കെ പ്രകടിപ്പിക്കാന്‍ സംഭവം കഴിഞ്ഞ് കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലുമെടുക്കുക. അപ്പോഴും വികാരം അതേ തീവ്രതയില്‍ നമ്മളില്‍ നില്‍‌പ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ട വികാരം തന്നെ. പക്ഷേ നമ്മുടെ ദൈനം ദിന ജീവിതത്തിലെ പല വികാരപ്രകടനങ്ങളും അപ്പോള്‍ മാത്രമുണ്ടാകുന്നതാണ്. സ്വല്പം ഒന്ന് വെയിറ്റു ചെ‌യ്താല്‍ പലതും നമ്മള്‍ മറന്നുതന്നെ പോകും. ആദ്യത്തെ ചൂട് എന്തായാലും കാണില്ല. അത് നമ്മുടെ പ്രതികരണങ്ങളിലും പ്രതിഫലിക്കും. കേള്‍ക്കുന്നവര്‍ക്കും വലിയ കുഴപ്പമൊന്നും തോന്നില്ല. എല്ലാവരും ഹാപ്പി.

പക്ഷേ നമ്മള്‍ ഇങ്ങിനെയൊക്കെ ചെയ്‌തില്ലെങ്കില്‍ നമ്മള്‍ ആണാണ്, പെണ്ണാണ് എന്നൊക്ക് പറയുന്നതെന്തിനാ എന്നൊരു ചോദ്യം ചോദിച്ചേക്കാം. പക്ഷേ നമ്മളെ വിലയിരുത്തുന്നത് പലപ്പോഴും നമ്മുടെ പക്വതയുടെയും പാകതയുടെയുമൊക്കെ പേരിലാണ്, പെട്ടെന്നുള്ള വികാരപ്രകടനങ്ങളുടെ പേരിലല്ല എന്നുള്ളതാണ് എന്റേതു മാത്രമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്ക് തോന്നിയിരിക്കുന്നത്.

2. ഒന്നു ചിന്തിക്കൂ

അതായത് ആലോചിച്ചു മാത്രം മറുപടി പറയുക. ഇത് ഒരിക്കലും ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ ആശാന്റെ ചന്തിക്ക് നിലയിലാവരുത്. മറുപടി പറയേണ്ട സമയത്ത് പറയണം. അല്ലാതെ എലിപ്പത്തായത്തിലെ കരമന സ്റ്റൈലില്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല. പക്ഷേ ഒന്നാലോചിക്കുക. ഒരു മൂന്നോ നാലോ സെക്കന്റ് എടുത്താല്‍ മതി. ഇത് നേരിട്ടുള്ള സംഭാഷണങ്ങള്‍ക്ക്. ഈ മെയില്‍-ചാറ്റ്-ഡിസ്‌കഷന്‍ ഫോറം ഇവയില്‍ നമുക്ക് ഇതിലും കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. സമയമെടുത്തു തന്നെ പ്രതികരിക്കുക.

പിന്നെ പറ്റുന്നിടത്തൊക്കെ നമ്മളെ നമ്മുടെ എതിരാളിയുടെ സ്ഥാനത്ത് നമ്മള്‍ തന്നെ പ്രതിഷ്ഠിക്കുക. നമ്മള്‍ ആ സ്ഥാനത്തായിരുന്നെങ്കില്‍ എന്തു ചെയ്തേനെ എന്നു ചിന്തിക്കുന്നതിനൊപ്പം തന്നെ നമ്മള്‍ പറയുന്ന ചീത്തകളൊക്കെ നമ്മളുടെ എതിരാളിയില്‍ക്കൂടി നമ്മള്‍ കേട്ടാല്‍ നമുക്ക് എത്രമാത്രം സുഖിക്കും എന്നും കൂടി ഒന്ന് ആലോചിക്കുക.

3. ആ ഫേമസ് ക്വോട്ട്

അതെ. വില്ലില്‍ നിന്നും തൊടുത്ത അമ്പും, വായില്‍ നിന്നു പോയ വാക്കും സെന്റില്‍ ക്ലിക്ക് ചെയ്ത ഈ മെയിലും ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റില്ല. പണ്ടത്തെപ്പോലെ ഇന്‍ലന്റ് എഴുത്തുകളായിരുന്നെങ്കില്‍ ദേഷ്യത്തില്‍ തുടങ്ങിയ എഴുത്ത് മിക്കവാറും എഴുതിക്കഴിയുമ്പോള്‍ ചവറ്റുകൊട്ടയിലായിരിക്കും. പക്ഷേ ഒരു വികാരത്തിന്റെ പുറത്ത് എഴുതുന്ന നാലുവരി ഈമെയില്‍ ടൈപ്പു ചെയ്തു കഴിയുമ്പോള്‍ പോലും ദേഷ്യം നമ്മളില്‍ നിന്നും ഇറങ്ങിയിട്ടുണ്ടാവില്ല. അന്നേരത്തെ വികാരത്തിന്റെ പുറത്ത് എഴുതുന്ന വാക്കുകള്‍ ഒരു പത്തു മിനിറ്റ് കഴിഞ്ഞിട്ടാണെങ്കില്‍ നമ്മള്‍ ചിലപ്പോള്‍ എഴുതുക കൂടിയില്ല. അതുകൊണ്ട് വികാരവിഷോഭനായിട്ടിരിക്കുമ്പോള്‍ ഈമെയില്‍ തുറക്കാതിരിക്കുക. ഒരു പ്രൊവൊക്കേറ്റീവ് മെയില്‍ കണ്ടെങ്കില്‍ അതിന്റെ പ്രിന്റൌട്ട് എടുത്ത് കമ്പ്യൂട്ടര്‍ ഓഫ് ചെയ്തതിനു ശേഷം മാത്രം വായിക്കുക. ഇതൊന്നും പറ്റിയില്ലെങ്കിലും ഉടന്‍ തന്നെ മറുപടി അയക്കാതിരിക്കുക. ഓര്‍ക്കുക-പണ്ടൊക്കെ ഇങ്ങിനത്തെ പ്രൊവൊക്കേറ്റീവ് എഴുത്തുകള്‍ക്കുള്ള പോസ്റ്റല്‍ മറുപടി ആഴ്‌ചകള്‍ കഴിഞ്ഞിട്ടായിരിക്കും എതിര്‍ കക്ഷിക്ക് കിട്ടുന്നത്. അതുകൊണ്ട് ഒരു രണ്ടുമണിക്കൂര്‍ ഡിലേ ഒരു പ്രശ്‌നമേ അല്ല. ചിലപ്പോള്‍ ആ ചെറിയ കാലതാമസം വളരെ നല്ല ഫലങ്ങള്‍ ഉണ്ടാക്കാനും മതി.

ഒരു പത്തു പ്രാവശ്യം ചോദിക്കുക, വേണോ, വേണോ എന്ന്.....

4. സ്വകാര്യമായി പറഞ്ഞ് തീര്‍ക്കാമോ എന്നൊന്ന് നോക്കുക.

പല കാര്യങ്ങളും ഒന്നോ രണ്ടൊ വ്യക്തിയില്‍ തുടങ്ങി അത് പിന്നെ ചുറ്റും കൂടി നില്‍ക്കുന്നവരെല്ലാം ഏറ്റുപിടിച്ചാണ് വഷളാവുന്നത്. ഒരു പ്രശ്നമുണ്ടെങ്കില്‍ കണ്‍സേണ്‍‌ട് വ്യക്തിയോട് പ്രൈവറ്റായി ചോദിച്ചാല്‍ മിക്കപ്പോഴും ആ പ്രശ്‌നം അവിടെത്തന്നെ തീരും-അത്ര വലിയ അഭിമാനപ്രശ്‌നമാക്കണ്ടാത്ത കാര്യമാണെങ്കില്‍ പ്രത്യേകിച്ചും. നമുക്ക് ചുറ്റും ആള്‍ക്കാര്‍ കൂടും തോറും കാര്യങ്ങള്‍ നമ്മുടെ പിടിയില്‍ നിന്നും പോകും. ഏറ്റുപിടിക്കുന്ന പലര്‍ക്കും തുടക്കം എന്താണെന്ന് ഒരു പിടിയും കാണില്ല. അവസാനം നമ്മള്‍ ഔട്ട്. പ്രശ്‌നം പിന്നെയും ബാക്കി. നമുക്ക്, പ്രശ്‌നത്തിന്റെ കാരണക്കാരന്‍ എന്നുള്ള ലേബലും.

5. മിഥ്യാധാരണ.

എന്തിലും കയറി അഭിപ്രായം പറഞ്ഞാലേ ശരിയാവൂ എന്നുള്ളത് ഒരു മിഥ്യാധാരണയാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഒരു കാര്യത്തിലും ഒരു അഭിപ്രായവും പറയാതെയിരിക്കുന്നതും ആളു കൂടുതലുള്ളിടം നോക്കി അഭിപ്രായങ്ങള്‍ മാറ്റുന്നതും ശരിയായ കാര്യമല്ല. അഭിപ്രായം പറഞ്ഞുകൊള്ളൂ. പക്ഷേ വിട്ടുവീഴ്‌ചാ മനോഭാവം ഉണ്ടായാല്‍ മതി. മുയലിന് ഒരൊറ്റ കൊമ്പുപോലുമില്ല എന്നുള്ള വാസ്തവം എപ്പോഴും മനസ്സില്‍ വെക്കുക. നമ്മള്‍ ഇന്ന് അന്താരാഷ്‌ട്ര പ്രശ്നമായി ബീപ്പീകയറ്റി വാദിച്ചടിച്ച് കുളമാക്കുന്ന പല കാര്യങ്ങളും ഒന്നോ രണ്ടൊ കൊല്ലം കഴിഞ്ഞാല്‍ അയ്യേ അതിനായിരുന്നോ അന്നത്ര ബഹളമുണ്ടാക്കിയത് എന്ന് വിചാരിക്കുന്ന കാര്യങ്ങളാണ്. ആക്ടീവായിക്കൊള്ളൂ-പക്ഷേ സ്വല്‍‌പം പാസ്സീവ് മെന്റാലിറ്റികൂടിയുണ്ടെങ്കില്‍ നല്ലത്.

നമ്മളെയോ നമ്മുടെ കുടുംബത്തയോ ബാധിക്കാത്ത കാര്യമാണെങ്കില്‍ കുറച്ച് ടൈമെടുത്ത് (എന്നു പറഞ്ഞാല്‍ ഒരു സെക്കന്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ-സാഹചര്യങ്ങളനുസരിച്ച്) പ്രതികരിച്ചാലും കുഴപ്പമില്ലാ എന്നാണ് എന്റെ സ്വകാര്യമായ ഒരു ചിന്താഗതി. പക്ഷേ നമ്മള്‍ പ്രതികരണശേഷിയുള്ളവരായിരിക്കണം. പ്രതികരിക്കേണ്ടിടത്തൊക്കെ പ്രതികരിക്കുകയും വേണം. ഇതിനെ സ്വാര്‍ത്ഥത, തന്‍‌കാര്യം നോക്കല്‍ തുടങ്ങിയവയുമായി കൂട്ടിക്കുഴയ്ക്കരുതെന്നപേക്ഷ.

6. ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ്.

ഇത് എന്റെ ചേട്ടച്ചാര്‍ വഴി അറിഞ്ഞ് ഞാന്‍ നല്ലവണ്ണം മാര്‍ക്കറ്റ് ചെയ്ത തിയറി. ഒരു കയറ്റത്തിനൊരിറക്കം മുതലായ തിയറിയേക്കാളൊക്കെ യൂണിവേഴ്‌സലായ ഒരു തിയറിയാണിത്. ഒരു കാര്യത്തിലും അമിതമായി സന്തോഷിക്കാതിരിക്കുക; അമിതമായി ദുഃഖിക്കാതെയും. നമുക്ക് ഇന്നുണ്ടാകുന്ന സന്തോഷം പണ്ടുണ്ടായ ഏതോ ഒരു സങ്കടത്തെ ബാലന്‍സ് ചെയ്യാനുള്ളതായിരിക്കും. ഇന്ന് സങ്കടമുണ്ടായാല്‍ ഓര്‍ക്കുക, പണ്ട് നമ്മള്‍ എപ്പോഴൊക്കെയോ സന്തോഷിച്ചിട്ടുണ്ട്. ഇതിന്റെ മറുവശം, ഇന്ന് സന്തോഷമുണ്ടായാല്‍ ഓര്‍ക്കുക വല്ലപ്പോഴും, സങ്കടങ്ങളും നമുക്കുണ്ടാവാം. ഇത് ഇതിന്റെ ഫിലോസഫിക്കല്‍ വശം. പ്രാക്ടിക്കല്‍ വശം താഴെ.

പരീക്ഷയുടെ തലേദിവസം വരെ കളിച്ചു കുളിച്ചു നടക്കുന്ന ഒരുവന്‍ ആ ദിവസം വരെ അനുഭവിക്കുന്ന സന്തോഷം അവര്‍ണ്ണനീയം. പക്ഷേ അന്ന് തൊട്ട് പരീക്ഷ തീരുന്നവരേയും പിന്നെ ഉത്തരക്കടലാസ് കിട്ടുന്ന വരേയും അവന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ആലോചിച്ചാല്‍ ആദ്യകാലങ്ങളിലെ സന്തോഷം കുറച്ച് കുറച്ചിട്ട് വല്ലതും നാലക്ഷരം പഠിച്ചിരുന്നെങ്കില്‍ എന്ന് അവനോര്‍ക്കും. പക്ഷേ അവിടെയും അവന്റെ ടോട്ടല്‍ കോണ്‍‌സ്റ്റന്റായി. മൂന്നു മാസത്തെ സന്തോഷത്തിന്റെ അത്രയും അടുത്ത ഒരു മാസം കൊണ്ട് അവന്‍ ടെന്‍‌ഷനടിച്ചു തീര്‍ത്തു. അത് വീതിച്ചു വേണമായിരുന്നോ ഒറ്റയടിക്കു വേണമായിരുന്നോ എന്ന് അവന് അടുത്ത ടേമില്‍ ആലോചിക്കാം. ഇടിവാളിന്റെ പ്രോഗ്രസ്സ് കാര്‍ഡു് പോസ്റ്റുകള്‍ ഇതിനൊരുദാഹരണം.

റിഡക്ഷന്‍ സെയില്‍‌സ്. കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ. വിലയില്‍ കുറവുണ്ടെങ്കില്‍ അതിനെ ബാലന്‍സ് ചെയ്യാന്‍ എന്തിലെങ്കിലും കൂടി കുറവ് കാണും. ചിലപ്പോള്‍ നിലവാരമായിരിക്കും, ചിലപ്പോള്‍ എണ്ണമായിരിക്കും. ഒന്നും ഈ ലോകത്ത് ഫ്രീയല്ല. നമ്മള്‍ നേരിട്ടോ അല്ലാതെയോ അതിനൊക്കെ പൈസാ ചിലവാക്കുന്ന. അല്ലെങ്കില്‍ നമ്മള്‍ക്ക് പകരം വേറേ ആരെങ്കിലും.

നാലു കിലോമീറ്റര്‍ ലാഭിക്കാന്‍ വേണ്ടി അറിയാത്ത വഴിയില്‍ക്കൂടി പോയി വഴിതെറ്റി ടെന്‍‌ഷനടിച്ച് ലേറ്റായി വീട്ടില്‍ ചെല്ലുന്നതും നാലു കിലോമീറ്റര്‍ കൂടുതല്‍ പോയാലും മനസമാധാനത്തോടെ വീട്ടില്‍ ചെല്ലുന്നതും മറ്റൊരു ഉദാഹരണം. ലാഭിച്ച പെട്രോളിന്റെ അത്രയും നമ്മള്‍ ടെന്‍‌ഷനടിച്ച് തീര്‍ത്തു.

നമ്മുടെ നിത്യ ജീവിതത്തില്‍ ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റന്റ് തിയറിക്ക് ഉദാഹരണങ്ങള്‍ അനവധി. ഇപ്പോള്‍ ഒന്നും ഓര്‍ക്കുന്നില്ല. പക്ഷേ നിങ്ങള്‍ ഒന്ന് ആലോചിച്ചാല്‍ നിങ്ങള്‍ക്കും കിട്ടും.

7. കര്‍മ്മണ്യേവാധികാരസ്തേ.................

അതേ നമ്മള്‍ ചെയ്യാനുള്ളത് ചെയ്യുക. നമുക്ക് കിട്ടാനുള്ളത് കിട്ടും. അമിതമായ പ്രതീക്ഷകള്‍ ഒരു കാര്യത്തിലും വെച്ചുപുലര്‍ത്താതിരിക്കുക. ഡെസ്‌പാവുമെന്നുണ്ടെങ്കില്‍ ഒന്നും തന്നെ പ്രതീക്ഷിക്കാതിരിക്കുക. എന്ത് കിട്ടിയാലും ബോണസ്. കുറച്ച് മനക്കട്ടിയൊക്കെ ഉണ്ടെങ്കില്‍ പ്രതീക്ഷിച്ചുകൊള്ളുക. പക്ഷേ കിട്ടിയില്ലെങ്കില്‍ ഡസ്‌പാവാതിരിക്കുക. നമ്മളുടെ പ്രവര്‍ത്തികളുടെ ഫലം നമുക്ക് എന്തായാലും കിട്ടിയിരിക്കും. ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ് തിയറി ഇവിടേയും ബാധകമാക്കാവുന്നതാണ്. എല്ലാവരും ആര്‍ത്തു ചിരിക്കും എന്ന് പ്രതീക്ഷിച്ച് ഇട്ട എത്ര പോസ്റ്റാണ് എന്റെ ചീറ്റിപ്പോയത്. അതേ സമയം, ഓ, ചുമ്മാ, കിടക്കട്ടെ എന്നൊക്കെയുള്ള രീതിയില്‍ ഒഴുക്കന്‍ മട്ടിലിട്ട ഒന്നു രണ്ട് പോസ്റ്റുകള്‍ക്ക് നല്ല അഭിപ്രായവും കിട്ടി. അത്രയേ ഉള്ളൂ. പക്ഷേ നമുക്ക് എപ്പോഴും ശുഭാപ്തിവിശ്വാസവും പോസിറ്റീവ് പ്രതിക്ഷകളും വേണം. എന്നാലല്ലേ മുന്നോട്ട് പോകാന്‍ പറ്റൂ. പക്ഷേ ഓവറാക്കാതിരിക്കുക.

പിന്നെ നമ്മളൊന്നും ഒന്നുമല്ല, നമ്മളൊക്കെ ഈ നിലയിലൊക്കെ എത്തിയത് നമ്മുടെ മാത്രം കഴിവുകൊണ്ടൊന്നുമല്ല, എപ്പോഴും നമ്മുടെ മുകളില്‍ ഉള്ളവരുമായി നമ്മളെ താരതമ്യപ്പെടുത്തി ഡെസ്പാകാതെ നമ്മളേക്കാളും താഴെ കിടക്കുന്നവരേക്കാളും ഭേദമാണല്ലോ നമ്മള്‍ എന്നോര്‍ത്ത് ആശ്വസിക്കുക, മാളികമുകളിലേറിയ മന്നന്റെ....... തുടങ്ങിയ നമ്മള്‍ കാലാകാലങ്ങളായി കേള്‍ക്കുന്ന ഉപദേശങ്ങളൊക്കെ ഓര്‍ക്കാന്‍ പറ്റുമെങ്കില്‍ ഓര്‍ക്കുക. പാടാ‍ണെങ്കില്‍ ഓര്‍ക്കണ്ട. കാരണം ഇത് സ്ട്രെസ് ഫ്രീ ലൈഫിനുള്ള ഉപദേശങ്ങളാണ്.

ഇത് നേരത്തെ പറഞ്ഞതുപോലെ മൂന്നുകൊമ്പുള്ള മുയലല്ല. ഇതില്‍ എന്ത് മോഡിഫിക്കേഷനും തയ്യാര്‍. ഇത്, എന്തിലും ഏതിലും കയറി മുന്‍‌പിന്‍ നോക്കാതെ അഭിപ്രായം പറഞ്ഞ്, അടി, കുത്ത് ചവിട്ട്, ചീത്ത,തുപ്പ്, തപ്പ് ഇവയെല്ലാം യാതൊരു ചമ്മലുമില്ലാതെ ഏറ്റുവാങ്ങിയ ഒരുവന്റെ അനുഭവസാക്ഷ്യങ്ങള്‍ മാത്രം. ഇതെല്ലാം ഫോളോ ചെയ്ത് ആരെങ്കിലും സന്യാസി, നിര്‍ഗുണപരബ്രഹ്‌മന്‍, ഏ.കെ. ആന്റണി, പി.വി. നരസിംഹറാവു ഇവര്‍ ആയിപ്പോയെങ്കില്‍ ഞാനോ, ക്രൌവ് പബ്ലിഷേഴ്സോ ഉത്തരവാദികളായിരിക്കുന്നതല്ല എങ്കിലും അവരെ അതില്‍ നിന്നും കരകയറ്റാന്‍ വേണ്ട ടിപ്പുകള്‍ സൌകര്യം പോലെ തരാം എന്ന് ഉറപ്പൊന്നുമില്ലാത്ത ഒരു വാഗ്ദാനം മാത്രം തരാമോ എന്ന് നോക്കട്ടെ. അല്ലെങ്കില്‍ ആ ടിപ്പെല്ലാം കൂടി വേറൊരു ബുക്കാക്കാനും മതി.

37 Comments:

  1. At Fri Jun 30, 01:59:00 PM 2006, Blogger അരവിന്ദ് :: aravind said...

    വക്കാര്യേ..ദേ അന്റെ തലക്ക് മുകളില്‍ പ്രഷര്‍ കുക്കറിന്റെ ഗാസ്കറ്റ് പോലെയൊരു വളയം...
    മോനേ..വക്കാരി ആള് ഡീസന്റായിട്ടോ..എന്നാ ഇനി ഞാനും ആയി. :-))

    നല്ല പോയന്റ്സ് വക്കാരി...:-)
    ജെറി മഗ്വൈര്‍ എന്ന എന്റെ ഫേവറിറ്റ് മൂവിയില്‍ ഒരു മൂപ്പിലാന്‍ പറഞ്ഞ സന്ദേശം കൂടെ ഞാന്‍ ഇവിടെ ചേര്‍ക്കട്ടെ..

    In life, we succeed as many times as we fail
    I love my life
    I love my wife
    And i wish you, that kind of success.

     
  2. At Fri Jun 30, 02:01:00 PM 2006, Blogger ഡാലി said...

    വക്കാരി: അപ്പോള്‍ ഞാന്‍ ഊഹിച്ചതു സത്യം.. ഗവേഷണ കാലത്ത് വേണ്ടതിലധികം അനുഭവിച്ചിട്ടുണ്ട് അല്ലേ? ഇതെല്ലാം ഞാന്‍ പഠിച്ചത് ആ കാലത്ത്‌. ഇതു ആരെങ്കിലും വായിച്ചു 2 ദിവസം എങ്കിലും ശ്രമിച്ചാല്‍ വക്കരിക്ക് ധന്യനവാം.
    ആരില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിച്ചു സഹായം ചെയ്യരുത് എന്നും വേണേല്‍ ചേര്‍ക്കാം { അതന്നെ “ ആശയാണ് എല്ലാ ക്ലേശങ്ങള്‍ക്കും കാരണം“....അല്ലെങ്കില്‍ അവളുടെ അനിയത്തി ;-)}

     
  3. At Fri Jun 30, 02:12:00 PM 2006, Blogger Shiju said...

    വക്കാരി,
    നല്ല പോസ്റ്റ്‌ . അഭിനന്ദങ്ങള്‍. ഈ പോസ്റ്റിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പോയിന്റ്‌, "ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ്."

    എന്റെ അഭിപ്രായത്തില്‍ വക്കാരി Philosophyലോ മറ്റോ ആയിരുന്നു ആയിരുന്നു ഗവേഷണം ചെയ്യേണ്ടത്‌.

     
  4. At Fri Jun 30, 02:32:00 PM 2006, Blogger Unknown said...

    ആത്മീയ ഗുരുക്കളായി വക്കാരിമഷ്ടയാനന്ദസ്വാമികളെ സ്വീകരിക്കുന്നു. ഞാനും‍ ഡീസെന്റായി.

     
  5. At Fri Jun 30, 02:41:00 PM 2006, Blogger ഷാജുദീന്‍ said...

    ചാടിക്കേറി കമന്റുന്നതു നല്ല ശീലമല്ലെന്ന ഉപദേശം സ്വീകരിക്കുന്നു . എന്റെ കമന്റ് ഒരാഴ്ച്ച കഴിഞ്ഞ്.

     
  6. At Fri Jun 30, 02:45:00 PM 2006, Blogger myexperimentsandme said...

    ഒന്നും പ്രതീക്ഷിക്കരുത് ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞെങ്കിലും പോസ്റ്റിട്ടപ്പോള്‍ മുതല്‍ ടെന്‍ഷനായിരുന്നു, ആരെങ്കിലും കമന്റുമോ എന്ന്. അരവിന്ദന്‍, ഡാലി, ഷിജു, കുഞ്ഞന്‍സ് സ്തുതി എന്നിവര്‍ക്ക് ഓടിച്ചൊരു നന്ദി, ഇപ്പോള്‍. ഡീറ്റയി‌ല്‍‌ഡ് നന്ദി പതിവുപോലെ പുറകെ.

    സ്തുതിയേ, അത് നമുക്കിട്ടൊരു പാരയായിരുന്നല്ലോ. ഇതൊക്കെ മുന്‍‌കൂട്ടി കണ്ടുകൊണ്ടല്ലേ ഞാന്‍ ആ പാരപ്പോസ്റ്റ് ഇതിനു മുന്‍പ് ഇട്ടത് :)

     
  7. At Fri Jun 30, 02:45:00 PM 2006, Blogger മുല്ലപ്പൂ said...

    നര്‍മ്മത്തില്‍ പൊതിഞ്ഞ നല്ലകാര്യങ്ങള്‍..

    എഴുത്തു കൊള്ളാം :)

     
  8. At Fri Jun 30, 04:20:00 PM 2006, Blogger -B- said...

    ഇതൊക്കെ ഇപ്പഴാണോ പറഞ്ഞ് തരുന്നേ? ശോ... എത്ര വര്‍ഷങ്ങള്‍ ലൈഫില്‍ വേസ്‌റ്റ് ആയി. ആ പോട്ടെ. ഇപ്പഴെങ്കിലും അറിഞ്ഞൂലോ.. ഇമ്പ്ലിമെന്റ് ചെയ്യാം ട്ടാ.. അടുത്ത ഒന്നാം തിയതി ആവട്ടെ.

    എല്ലാ മാസവും ഒന്നാം തിയതി ഉണ്ടല്ലോ.

     
  9. At Fri Jun 30, 05:32:00 PM 2006, Blogger വര്‍ണ്ണമേഘങ്ങള്‍ said...

    വക്കാരീ..
    ഏഴ്‌ കല്‍പനകള്‍ കൊള്ളാം.
    സന്യാസി,നിര്‍ഗുണ...
    ഉഗ്രന്‍ സീക്വെന്‍സ്‌.
    എനിയ്ക്കും ചൂട്‌ കേറി കുറെ അഭിപ്രായങ്ങള്‍ പറയാനുണ്ടായിരുന്നു.
    ഞാന്‍ കുറെ വെയ്റ്റ്‌ ച്യ്തപ്പോള്‍ അതങ്ങ്‌ പോയി.

     
  10. At Fri Jun 30, 05:47:00 PM 2006, Blogger ബിന്ദു said...

    ഇതാണു വക്കാരീ.. ഇതു തന്നെയാണു ഞാന്‍ നിങ്ങളില്‍ കാണുന്ന പ്രത്യേകത.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്നു ചൂടാവുക.. ങേഹേ...

    ദേഷ്യം തോന്നുമ്പോള്‍ 5 മിനിട്ട്‌ നിലത്തു നോക്കിയിരുന്നാല്‍ മതി, ദേഷ്യം പമ്പ കടക്കും. :)

     
  11. At Fri Jun 30, 06:44:00 PM 2006, Anonymous Anonymous said...

    >>എല്ലാവരും ആര്‍ത്തു ചിരിക്കും എന്ന് >>പ്രതീക്ഷിച്ച് ഇട്ട എത്ര പോസ്റ്റാണ്

    അതെവിടെ?എനിക്ക് ആര്‍ത്ത് ചിരിക്കണം?

    പിന്നെ ഞാന്‍ ഇതൊക്കെ ചിലപ്പോഴെങ്കിലും ഫോളൊ ചെയ്യറുണ്ടു.അതോണ്ടാണ് വക്കാരിചേട്ടന്റെ രണ്ടു ജഗജില്ലി കമന്റിനും (ബെന്നി ചേട്ടാന്റെ റിസര്‍വേഷന്‍, സന്തോഷ് ചെട്ടന്റെ ബാലപീഡനം) എന്നിവയില്‍ പിന്നെ കമന്റാണ്ട് ഇരുന്നത്...പിന്നെ ഞാന്‍ വിചാരിക്കും..പോട്ടെ, പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല..ഹിഹിഹിഹി..എന്റെ ഒരു പോളിസി, എന്താണെങ്കിലും സ്ലീപ്പ് ഓവെര്‍ ഇറ്റ് 4 എ ഡേ എന്നാണ് .

    ഇതില്‍ ചേര്‍ക്കാവുന്ന വേറോരു പോയിന്റ്.
    ഞാന്‍ പാലിക്കുന്നുണ്ടൊ എന്ന് എനിക്കറിയില്ല.
    എന്നാലും പറയാന്‍ കുഴപ്പമില്ലല്ലൊ :)
    നമ്മള്‍ ക്രിട്ടിസൈസ് ചെയ്യുമ്പോള്‍ മാന്യമായി ചെയ്യുക. എതിരഭിപ്രാ‍യം നമുക്കു ഉണ്ടാവുക സ്വാഭാവികം. പക്ഷെ അതു പ്രകടിപ്പിക്കേണ്ടതിനു
    ഒരു വിധം ഒരു നയം ഉണ്ട് എന്ന് എനിക്ക് തോന്നുന്നു. അങ്ങിനെ മാന്യമായി ചെയ്യുംബോഴാണ് നമ്മുടെ എതിരഭിപ്രയം ആണെങ്കിലും കൂടി അത് കാര്യമായി ശ്രദ്ധിക്കപ്പെടുന്നത് എന്ന് എനിക്കു തോന്നുന്നു..

    പിന്നെ ഒരു കാര്യം മനസ്സിലാക്കി വാദിക്കുക, ഒരു കാലത്തും ആരുടേയും അഭിപ്രായം നമ്മള്‍ മാറ്റാന്‍ പോവുന്നില്ല. :)

     
  12. At Fri Jun 30, 06:58:00 PM 2006, Blogger Kuttyedathi said...

    വക്കാരിക്കുട്ട്യേ, ഇനി മേലാല്‍ ഉറവ വറ്റി എന്നു പോയിട്ടു ഉറവ എന്നു പോലും മിണ്ടി പോയേക്കരുത്‌. ശുട്ടിടുവേന്‍ :)

    വക്കാരി പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ എല്ലാര്‍ക്കും അറിയുന്ന കാര്യങ്ങള്‍ തന്നെ. പക്ഷേ പ്രാവര്‍ത്തികമാക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നവ. ഇതില്‍ മിക്കവയും, എല്ലാ ന്യൂ ഇയറിനും ഞാന്‍ എടുക്കാരുള്ള ന്യൂ ഇയര്‍ റെസൊല്യൂഷന്‍സ്‌ ആണല്ലോ. ദേഷ്യം വരുമ്പോള്‍ നൂറു മുതല്‍ പുറകോട്ടെണ്ണുകയാണു ഞാന്‍ ചെയ്യാറ്‌. ദേഷ്യം പോകാറുമുണ്ട്‌. എന്നു വച്ച്‌ ഞാനൊരിക്കലും ദേഷ്യപ്പെടാറില്ല എന്നല്ല കേട്ടോ.

    എന്തായാലും, ഇതൊക്കെ എഴുതാന്‍ എറ്റവും അര്‍ഹനായ ഒരു വ്യക്തിയാണു വക്കാരി. ഈ ഏഴെട്ടു മാസത്തെ പരിചയത്തിനിടയില്‍ വക്കാരി ഒരിക്കല്‍ പോലുമൊരിടത്തുമൊരു ഓഫെന്‍സീവ്‌ കമന്റോ, പക്ഷം ചേര്‍ന്നൊരു സംസാരമോ, ഒരു ദേഷ്യപ്പെടലോ, ആവശ്യമില്ലാത്തിടത്തു കേറി അഭിപ്രായം വിളിച്ചു പറയലോ, ഒന്നും കണ്ടിട്ടില്ല. ഗുഡ്‌ ബോയ്‌:) കീപ്പിറ്റപ്‌ :)

    ഓഫ്‌ : ഹന്നമോള്‍ ഓരോ ദിവസവും ഒരഞ്ചു പുതിയ വാക്കെങ്കിലും പഠിച്ചു കൊണ്ടിരിക്കുകയാണിപ്പോ. ഇന്നലത്തെ കൌതുകങ്ങളിലൊന്നു ക്ലോക്കായിരുന്നു. ഭിത്തിയിലിരുന്ന ക്ലോക്കു താഴെ ഇറക്കിച്ചു ഡീറ്റെയില്‍ഡ്‌ സ്റ്റഡി തന്നെ നടത്തി. അമ്മയുടെ കയ്യില്‍ വാച്ചിന്റെ ഡയല്‍ ചൂണ്ടിയും 'കോക്ക്‌' എന്നു പറഞ്ഞു കളഞ്ഞു. രാവിലെ ഉണര്‍ന്നു വന്നപ്പോള്‍ പപ്പ, വക്കാരിയുടെ ബ്ലോഗാണു തുറന്നു വച്ചിരുന്നത്‌. ഭയങ്കര സന്തോഷത്തില്‍ സ്ക്രീനിലേയ്ക്കു നോക്കി, കോക്ക്‌..കോക്ക്‌... റ്റൂ കോക്ക്‌... എന്നു പറഞ്ഞപ്പോള്‍..അവളുടെ സന്തോഷം കാണണമായിരുന്നു. എന്തായാലും ക്ലോക്കില്‍ അവള്‍ പി എച്‌ ഡി എടുത്തു കഴിഞ്ഞു :)

     
  13. At Fri Jun 30, 10:07:00 PM 2006, Blogger സ്നേഹിതന്‍ said...

    സന്‍മനസ്സുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സമാധാനമോതുന്ന കാവല്‍ മാലാഖയാണു നീ വക്കാരി.
    വെറുതെ പറഞ്ഞതല്ല. മുമ്പ് കേള്‍ക്കുകയും മറക്കുകയും ചെയ്ത കാര്യങ്ങളാണെങ്കിലും വക്കാരിയെഴുതിയപ്പോള്‍ മനസ്സിരുത്തി വായിച്ചു. വളരെ നല്ല ലേഖനം എന്ന് പ്രത്യേകം പറയേണ്ടല്ലൊ.

     
  14. At Sat Jul 01, 12:11:00 AM 2006, Blogger രാജ് said...

    ജപ്പാനില്‍ പകലാകുമ്പോഴെല്ലാം (വക്കാരി റിസേര്‍ച്ച് ചെയ്യുന്ന നേരത്തെല്ലാം എന്നും വായിക്കാം) വക്കാരിയെ ബ്ലോഗില്‍ കാണാം, പക്ഷെ ഇ-മെയില്‍, ഇന്‍സ്റ്റന്റ് മെസഞ്ചര്‍ എന്നീ വഹകളിലൂടെ മൂപ്പരായി കമ്യൂണിക്കേഷന്‍ അസാധ്യം. വക്കാരി@ജി-മെയില്‍.കോം എന്ന കള്ള ഐഡിയുമായി നടക്കുന്നനേരം വക്കാരി ഓണ്‍‌ലൈനില്‍ സ്ഥിരമായി കാണുന്ന ഐഡിയുമായി ഒന്നു പ്രത്യക്ഷപ്പെടണം. എനിക്കു ശിക്ഷ്യപ്പെടാനാണു് (സത്യം) :)

     
  15. At Sat Jul 01, 12:16:00 AM 2006, Blogger ഉമേഷ്::Umesh said...

    This comment has been removed by a blog administrator.

     
  16. At Sat Jul 01, 12:19:00 AM 2006, Blogger ഉമേഷ്::Umesh said...

    വക്കാരിയേ,

    പെണ്ണും പിടക്കോഴിയുമൊന്നുമില്ലാത്ത, എടുത്താല്‍ പൊങ്ങാത്ത പണിയും എടുത്തില്ലെങ്കിലും എപ്പോഴും പെങ്ങിക്കൊണ്ടിരിക്കുന്ന ഫാമിലിപ്രശ്നങ്ങളും ഒന്നിച്ചു ബാലന്‍സ് ചെയ്യേണ്ടാത്ത (L & T and പൊണ്ടാട്ടി won't go together എന്നു പറഞ്ഞ ഒരു തമിഴനെ ഓര്‍മ്മവരുന്നു), ആര്‍ക്കും ചെലവിനു കൊടുക്കേണ്ടാത്ത, ബ്ലോഗെഴുതണമെങ്കില്‍ ഭാര്യാപുത്രപൌത്രാദികള്‍ ഉറങ്ങിയതിനു ശേഷം കരിമ്പടത്തിനകത്തു കയറി കൊട്ടേണ്ടാത്ത, “കള്ളിന്നോടു വിരക്തി...” തുടങ്ങിയ നിര്‍വ്വചനങ്ങള്‍ക്കു നിന്നുകൊടുക്കേണ്ടാത്ത, ഓഫീസില്‍ മുകളിലും താഴെയുമുള്ളവരുടെ ചീത്തവിളി ഒരേ സമയത്തു കേള്‍ക്കേണ്ടാത്ത, ആളുകള്‍ “അച്ഛനെയും അമ്മയെയും നാട്ടില്‍ തനിച്ചാക്കിയിട്ടു വിദേശത്തു സുഖിക്കാന്‍ കുറ്റിയടിച്ചിരിക്കുവാണോ” എന്നു ചോദിക്കാത്ത, എനര്‍ജിയുടെ അവസാനകണികയും വറ്റി ഓഫീസില്‍ നിന്നു തിരിച്ചെത്തുമ്പോള്‍ “എന്റെ കൂടെ കളിക്കാന്‍ വയ്യാത്ത താന്‍ ഒരു പിതാവാണോ” എന്നു മകന്റെ ആരോപണം കേള്‍ക്കേണ്ടാത്ത...

    ...തനിക്കെന്തോന്നു ടെന്‍‌ഷന്‍? തന്റെ പ്രായത്തില്‍ ഞങ്ങളൊക്കെ നിഷ്ടെന്‍ഷനായി അറ്റന്‍ഷനായി അലഞ്ഞുനടക്കുകയല്ലായിരുന്നോ.

    അപ്പോള്‍ ടെന്‍ഷനും സ്റ്റ്രെസ്സുമൊക്കെ വിടു്. അതൊക്കെ ഒരു പത്തു കൊല്ലത്തിനു ശേഷം അനുഭവസമ്പത്തു നേടിയിട്ടെഴുതു്.

    പിന്നെ, ഇങ്ങോട്ടെന്തെങ്കിലും പറഞ്ഞവനോടു് അങ്ങോട്ടു് എപ്പോള്‍ എങ്ങനെ എന്തു പറയണം എന്നതിനെപ്പറ്റിയാണു് ഈ ലേഖനമെങ്കില്‍, കൊള്ളാം കേട്ടോ :-)

    പിന്നെ “കര്‍മ്മണ്യേവാധികാരസ്തേ” എന്നാണു ഗീതയില്‍. കര്‍മ്മണി (കര്‍മ്മങ്ങളില്‍) ഏവ (മാത്രമാണു്) തേ (നിന്റെ) അധികാരഃ (അധികാരം) എന്നര്‍ത്ഥം.

     
  17. At Sat Jul 01, 12:32:00 AM 2006, Blogger Ajith Krishnanunni said...

    വക്കാരീ എനിക്കു ഈ ഏഴു ഗുണങ്ങളും ഉണ്ട്‌. പക്ഷെ ഒരെ ഒരു പ്രശ്നം എന്തെന്നു വെച്ചാല്‍ ഇതൊക്കെ ഇടക്കിടെ മറന്നു പോവും..

    എന്തെങ്കിലും പരിഹാരം ഉണ്ടോ കയ്യില്‍??

     
  18. At Sat Jul 01, 12:51:00 AM 2006, Blogger Manjithkaini said...

    വക്കാരി പറഞ്ഞതൊക്കെ ശരിയാണ്. പക്ഷേ ഈ വിഷയത്തില്‍ ആരെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു :) :) :))

    നടത്തിയാലും ഇല്ലെങ്കിലും എനിക്കു തല്‍ക്കാലം വക്കാരിയുടെ ഈ പഠനം മതി കേട്ടോ.

     
  19. At Sat Jul 01, 01:27:00 AM 2006, Blogger ദേവന്‍ said...

    വക്കാരീ. കൊടു കൈ. (വിയറ്റ്നാം കോളനി സ്റ്റൈലില്‍). മൂന്നു ദിവസമായി ഇവിടെ ഒന്നും വായിക്കാന്‍ സമയം കിട്ടിയില്ല. പൂഴിയിട്ടാ താഴാത്ത പുരുഷാരത്തിലും ആന വരുമ്പോ ഇടം കിട്ടുമെന്നു പറഞ്ഞപോലെ വക്കാരിപോസ്റ്റ്‌ വായിക്കാന്‍ റ്റൈം ഉണ്ടായി, ഉണ്ടായ സമയം പാഴായും ഇല്ല. കൊടു കൈ.

    ഈ സംസൃതത്തിലെ കര്‍മ്മണ്ണ്യേവക്കുന്തം നടപ്പിലാക്കിയ നാടാണ്‌ തിരുവനന്തപുരം. ഈ കര്‍മ്മണിപ്രയോഗം അവിടേ "എന്തരോ വരട്ട്‌" എന്ന പച്ച മലയാളത്തില്‍ ദിനം പ്രതി കണ്ടമാനം കേള്‍ക്കാം. എഫര്‍ട്ട്‌ (അയ്യേ ഞാന്‍ ഇപ്പോഴും പാരയിലാ) കൊടുക്കാനുള്ളത്‌ ആത്മാര്‍ത്ഥമായി കൊടുക്കുക, പിന്നെ "എന്തരോ വരട്ട്‌".

    ഒരു വലിയ ഫിലോസഫി ആട്ടോക്കല ഒരിക്കല്‍ പറയുകയുണ്ടായി "ഊര വിട്ട-- (ഗ്രാമ്യപദം, അധോവായു എന്നര്‍ത്ഥം) വയറ്റില്‍ തിരിച്ചു കേറ്റാന്‍ പറ്റുമോ ദേവാ, മറന്നു കള." ആട്ടോക്കു പകരം ലിമോസിനില്‍ പോകുന്ന സ്റ്റീഫന്‍ കൂവാ അത്‌ theres no point crying over spilt milk എന്നോ dont ever brood over disappointing outcome that cannot be undone എന്നോ മറ്റോ പറഞ്ഞ്‌ ബില്ലും തരുമായിരിക്കും.

    ദാ തടിയാലന്‍ ചേട്ടന്റെ സ്റ്റ്രെസ്സ്‌
    "I'm afraid of the dark and suspicious of the light."

     
  20. At Sat Jul 01, 02:24:00 AM 2006, Blogger കുറുമാന്‍ said...

    നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു? വക്കാരിയുടെ പോസ്റ്റ് ഞാന്‍ കവിതയെ വായിച്ചു കേള്‍പിച്ഛപ്പോള്‍ മുതല്‍ സംഭവം ഓ കെ. നന്ദി വക്കാരി.......

     
  21. At Sat Jul 01, 03:18:00 AM 2006, Blogger Santhosh said...

    എന്‍റെ കമ്പനിയില്‍ ഇത് പെര്‍ഫോമെന്‍സ് റിവ്യൂ കാലം. പലര്‍ക്കും മാനേജര്‍മാരോട് ദേഷ്യം, വിരോധം, കണ്ടുകൂടായ്മ. ഇതിന്‍റെയൊക്കെ ഫലമായി അപ്രഖ്യാപിത അവധിയെടുപ്പ്, മെല്ലെപ്പോക്ക്, തൊണ്ടവേദന, മൂത്രശങ്ക...

    ഇനിയെന്ത് എന്ന ചോദ്യവുമായി, ആകെ സ്ട്രെസ്ഡ് ആയി, സ്ക്രീനുകളിലേയ്ക്ക് നോക്കിയിരുന്നപ്പോള്‍ മു. രാ. രാ. ശ്രീ. വക്കാരിയാനന്ദസ്വാമികള്‍ ഫ്രീയായി ഉപദേശം കൊടുക്കുന്നുവെന്ന് കേട്ട് നിലാവത്തെ കോഴിയെത്തേടി പാഞ്ഞുചെന്നു. ഫ്രീയല്ലേ, ഒന്നോ രണ്ടോ വിലയില്ലാത്ത ഉപദേശമായിരിക്കും എന്നു കരുതിയ എനിക്ക് തെറ്റി. സ്വാമികള്‍ സ്വാനുഭവം കോര്‍ത്തിണക്കി ഏഴ് വെടിയുണ്ടകളല്ലേ ഉപദേശം ദാഹിച്ചിരുന്ന എന്‍റെ അണ്ണാക്കിലേയ്ക്ക് ഉരുക്കി ഒഴിച്ചുതന്നത്! ഈ ഏഴിന പരിപാടിയുമായി ഞാന്‍ എന്‍റെ റിവ്യൂവിനെ ഒന്നു റിവ്യൂ ചെയ്തു.

    1. സ്വല്‌പം വെയിറ്റു ചെയ്യുക.
    ചെയ്തു. സ്വല്പമല്ല, ഒരുപാടു വെയുറ്റു ചെയ്തു. യാതൊരു മാറ്റവുമില്ല. ഓരോ കാര്യം ചെയ്യാന്‍ പറയുമ്പോള്‍ ഇങ്ങനെ വെയിറ്റു ചെയ്തതാണ് മറ്റുള്ള ആണ്‍കുട്ടികള്‍ (ടീമില്‍ പെണ്‍കുട്ടികളില്ല) അവ എന്നേക്കാള്‍ മുമ്പേ ചെയ്യാന്‍ കാരണമെന്നും, ഇനിയെങ്കിലും ലൈറ്റിനിംഗ് സ്പീഡില്‍ കാര്യങ്ങള്‍ നടത്തണമെന്നും മറുപദേശം. നിമിഷാര്‍ധത്തില്‍ പ്രതികരിക്കാതിരുന്നാല്‍ മഞ്ഞക്കാര്‍ഡു തരുമെന്നൊരു വാണിംഗും.

    2. ഒന്നു ചിന്തിക്കൂ
    അതു ഞാന്‍ പല പ്രാവശ്യം എന്‍റെ മാനേജരോടും പറഞ്ഞു നോക്കി. ഞാന്‍ കഴിഞ്ഞയാണ്ടു മുഴുവന്‍ ചോര നീരാക്കിയത് ഓര്‍മയില്ലേ? പഹയന്‍റെ മറുപടി: “വെറുതേ അധ്വാനിക്കാന്‍ ആര്‍ക്കും കഴിയും, അതൊക്കെ ചെയ്തുകൂട്ടാന്‍ നിന്നോട് ആരുപറഞ്ഞു? അതില്‍ ചിലതൊന്നും ചെയ്യേണ്ടാ, ചെയ്യേണ്ടാ എന്നു ഞാന്‍ പറഞ്ഞത് നീ തന്നെ ഒന്നു ചിന്തിക്കൂ.”

    3. ആ ഫേമസ് ക്വോട്ട് (പോയ വാക്കും...)
    ആക്ച്വലി, ഇതും എനിക്കെതിരായി വര്‍ത്തിക്കുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. രണ്ടുമൂന്നു മാസം മുമ്പുവരെ, “നീയാണെടാ മച്ചാന്‍” എന്ന് പറഞ്ഞിരുന്ന എന്‍റെ നേതാവ് ഇപ്പോള്‍ അതൊന്നും ഓര്‍ക്കുന്നതുപോലുമില്ല എന്നുമാത്രമല്ല “അതെല്ലാം മറന്നേക്കൂ” എന്ന രീതിയിലാണ് പെരുമാറ്റം. അന്ന് അങ്ങയുടെ വായില്‍ നിന്നു ഇതൊക്കെയാണല്ലോ വന്നത് എന്നോര്‍മിപ്പിച്ചപ്പോള്‍, അത് എഴുതിയൊന്നും തന്നിട്ടില്ലല്ലോ, പറഞ്ഞ വാക്കു മാറാം, ഇ-മെയില്‍ അയച്ച വാക്കേ മാറ്റാന്‍ പ്രയാസമുള്ളൂ എന്ന് എന്നെ മനസ്സിലാക്കിച്ചു.

    4. സ്വകാര്യമായി പറഞ്ഞ് തീര്‍ക്കാമോ എന്നൊന്ന് നോക്കുക.
    നോക്കി. നടക്കുന്നില്ല. അയാള്‍ ആ ടൈപ്പല്ല പോലും!

    5. മിഥ്യാധാരണ
    ഞാന്‍ ജോലി ചെയ്യുന്നില്ല എന്നത് അങ്ങോരുടെ മിഥ്യാധാരണയാണെന്ന് ഞാന്‍ പറഞ്ഞു നോക്കി. ഞാന്‍ ജോലി ചെയ്യുന്നു എന്നത് എന്‍റെ മിഥ്യാധാരണയാണെന്ന് പുള്ളി.

    6. ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ്.
    കറക്ട്. ജോലിക്കയറ്റമില്ല, ശമ്പള വര്‍ധനയില്ല. ബോണസില്ല. എല്ലാം കോണ്‍സ്റ്റന്‍റ്.

    7. കര്‍മ്മണ്ണ്യേ വാദികാരസ്ത്യേ
    വക്കാരിസ്വാമികള്‍ ആയതിനാല്‍ ഇത് മനപ്പൂര്‍വം തെറ്റി എഴുതിയതാണോ അതോ അറിയാതെ തെറ്റിപ്പോയതാണോ എന്ന് ഊഹിക്കാന്‍ പറ്റുന്നില്ല. നാടന്‍ സന്യാസിമാര്‍ ഇവിടങ്ങളില്‍ ചുറ്റിക്കറങ്ങുന്നതു കൊണ്ട് സായിപ്പിന് ഇത് കാണാപ്പാഠം. പക്ഷേ, വടി കൊടുത്ത് അടി വാങ്ങിയപോലെ ആയിപ്പോയി. ഇത്ര അത്യാഗ്രഹം പാടില്ലെന്നും കിട്ടിയതു കൊണ്ട് തൃപ്തിപ്പെടണമെന്നും പറഞ്ഞിട്ട്, ഈ ശ്ലോകം എനിക്കു വേണ്ടി ചൊല്ലി ഏമാന്‍ റിവ്യൂ ക്ലോസ് ചെയ്തു.

     
  22. At Sat Jul 01, 09:05:00 AM 2006, Blogger Adithyan said...

    1. സ്വല്‌പം വെയിറ്റു ചെയ്യുക.
    മൂന്നേമുക്കാലിനു ക്ലാസ്സുവിട്ടാലും അവള്‍ ലാബ് ചെയ്തു തീര്‍ത്തിട്ടു വരാന്‍ വേണ്ടി എത്രയോ ദിവസം ഞാന്‍ അഞ്ചര വരെ വെയിറ്റു ചെയ്തിരിക്കുന്നു.

    2. ഒന്നു ചിന്തിക്കൂ
    ഒന്നോ? ഒമ്പതല്ല, തൊണ്ണൂറു തവണ ചിന്തിച്ചു... ഇനി ജാതകം നോക്കണം, അവള്‍ടെ വീട്ടുകാര്‍ക്കും കൂടെ ഇഷ്ടാവണം

    3. ആ ഫേമസ് ക്വോട്ട്
    സിന്‍ഗിള്‍ ക്വാട്ടാണോ ഡബിള്‍ ക്വാട്ടാണോ?

    4. സ്വകാര്യമായി പറഞ്ഞ് തീര്‍ക്കാമോ എന്നൊന്ന് നോക്കുക.
    അവളോടൊന്നു സ്വകാര്യമായി പറഞ്ഞു തീര്‍ക്കാന്‍ ഞാന്‍ എത്ര തവണ ശ്രമിച്ചിരിയ്ക്കുന്നു... അവളൊന്നു നിന്നു തരണ്ടേ? തുടങ്ങിയിട്ടു വേണ്ടേ തീര്‍ക്കാന്‍...

    5. മിഥ്യാധാരണ.
    അന്നു ഞാന്‍ ക്ലാസ്സില്‍ താമസിച്ചെത്തിയപ്പ അവള്‍ എന്നെ നോക്കിയാണു മന്ദഹസിച്ചെന്നതും പിന്നെ ചാവടി മുക്കില്‍ ഞാന്‍ നിന്നപ്പോ ബസ്സില്‍ പോയ അവള്‍ എന്നെ നോക്കിയാണു കൈ വീശിയതെന്നും ഒക്കെയുള്ളത് എന്റെ വെറും മിഥ്യാധാരണകളാണെന്നു വൈകി മാത്രമാണു മനസിലായത്...

    6. ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ്.
    അതെ... ഒന്നെങ്കില്‍ അവള്‍ക്കടെ ചേട്ടന്മാര്‍ടെ കയ്യീന്നു, അല്ലെങ്കില്‍ അവള്‍ടെ അമ്മാവന്‍ പോലീസുകാരന്റെ കയ്യില്‍ നിന്ന്... രണ്ടാണേലും ട്വോട്ടല്‍ ഇടി എന്നും ക്വാണ്‍സ്റ്റന്റാരുന്നു...

    7. കര്‍മ്മണ്ണ്യേ വാദികാരസ്ത്യേ....
    ചെല കര്‍മ്മങ്ങള്‍ക്കൊക്കെ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ സ്തലകാലബോധമില്ലെങ്കില്‍ വാദി-യല്ല പ്രതിയാ ആവുകാ എന്ന കാര്യം ഈയിടെയാ ഉണ്ടായത്..

    മസ്താനേ, കലക്കീണ്ട്രാ... അലക്കിപ്പോളി പോസ്റ്റ്...

     
  23. At Sat Jul 01, 04:43:00 PM 2006, Blogger Kalesh Kumar said...

    തമാശകള്‍ക്കപ്പുറം:
    ഗുരുനാഥാ, നല്ല ഒന്നാംതരം പോസ്റ്റ്.

     
  24. At Sat Jul 01, 04:56:00 PM 2006, Blogger Unknown said...

    വക്കാര്യേ...
    കലക്കി.
    ഒരാള്‍ക്ക് ഒരു വാക്ക് കൊടുത്താല്‍ അത് വാക്കായിട്ടിരിക്കണം പ്രവര്‍ത്തിച്ച് നാശമാക്കരുത് എന്ന് പറയുന്നത് പോലെയാണ് എനിക്ക് ഉപദേശവും.

     
  25. At Sat Jul 01, 04:59:00 PM 2006, Blogger ഇടിവാള്‍ said...

    വക്കാരി: ഉഗ്രന്‍ !

    പക്ഷേ, മ്മളെക്കൊണ്ടു നടക്കാത്തതാ ഒരുവിധപ്പെട്ടതൊക്കെ...

    കുറേശ്ശെയായി, നോക്കാം..

    ഇനിയെന്റേത്‌ സ്ട്രെസ്സ്‌ ഫ്രീ ലൈഫ്‌ ആണേല്‍, അതു വക്കാരിക്കു കടപ്പെട്ടത്‌ !!

    ആദിത്യ വേര്‍ഷനും കൊള്ളാം ! കൂടുതലെളുപ്പമായി തോന്നി !

     
  26. At Sun Jul 02, 10:59:00 AM 2006, Blogger myexperimentsandme said...

    സ്ടെസ് ഫ്രീ ലൈഫിന്റെ ടിപ്‌സ് വായിച്ച് സ്ട്രെസ്സായ എല്ലാവരോടും ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നതിനോടൊപ്പം സര്‍ക്കുലേഷന്‍ കൂട്ടാന്‍ സഹായിച്ചതിന് നന്ദിയും പറഞ്ഞുകൊള്ളുന്നു.

    അരവിന്ദാ, നന്ദി. അരവിന്ദനെപ്പോലെ, എല്ലാം പോയാലും തമാശ പറയാന്‍ സാധിക്കുന്ന ആള്‍ക്കാര്‍ക്കൊക്കെ എന്ത് സ്ടെസ്സ്. ആ കള്ളനും ടിപ്‌സ് കിട്ടിക്കാണും. അതുകൊണ്ടാണല്ലോ അയാള്‍ ആ ബാഗ് വലിച്ചെറിഞ്ഞത് (വാസ്തവം, അരവിന്ദന്റെ ഫോട്ടോ കണ്ട് ആ പാവം ഞെട്ടിത്തരിച്ചതാണെന്ന് നമുക്കല്ലേ അറിയൂ) :)

    ഡാലി, വളരെ നല്ല ഒരു ഗൈഡിനേയും കോ-ഗൈഡിനേയുമാണ് എനിക്ക് കിട്ടിയത്. അതുകൊണ്ട് അങ്ങിനത്തെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ ടെന്‍‌ഷന്‍ എന്റെ ജന്മാവകാശമാണെന്ന മട്ടിലാണ് ഞാനിപ്പോഴും. അപ്പോള്‍ ആശയുടെ അനിയത്തിയും പ്രശ്‌നക്കാരിയാണല്ലേ.. നന്ദിയുണ്ട് കേട്ടോ :)

    ഷിജൂ, നന്ദി. ഈ ഗവേഷണബിരുദത്തിന്റെ ഒരു കുഴപ്പമാണല്ലോ, സയന്‍സില്‍ ഗവേഷണം ചെയ്‌താലും അവസാനം ഡിഗ്രി കിട്ടുന്നത് ഫിലോസഫിയിലാണെന്നത് :)

    കുഞ്ഞന്‍‌സ്, കുഞ്ഞന്‍‌സ് ഡീസന്റായെങ്കില്‍ നാട്ടിലെ എത്രയെത്ര ആള്‍ക്കാര്‍ക്കാണ് അതിന്റെ പ്രയോജനം :) ഞാന്‍ ധന്യനായി.

    സ്‌തുതിയേ, പാര, പാര... പോസ്റ്റുകളെങ്ങിനെ പാരയാവുന്നു എന്നൊരു ഗവേഷണത്തെപ്പറ്റി ആലോചിക്കുന്നു. താഴോട്ടെണ്ണാന്‍ തുടങ്ങി ഞാന്‍. ഏഴാം ദിവസം കമന്റ് വന്നില്ലെങ്കില്‍..... വന്നില്ലെങ്കില്‍.... ഞാന്‍ കാ തോര്‍ത്തിയിരിക്കും. :) നന്ദിയുണ്ട് കേട്ടോ.

    മുല്ലപ്പൂ, നന്ദി. പിറന്നാളാഘോഷങ്ങളൊക്കെ കേമമായീ എന്ന് വിശ്വസിക്കുന്നു. ഇതിലൊന്നും വലിയ കാര്യമില്ലെന്നും പറഞ്ഞ് പിറന്നാളൊന്നും ആഘോഷിക്കാതിരിക്കരുതേ :)

    ബിരിയാണിക്കുട്ടീ.. സൂക്ഷിച്ച് ഇം‌പ്ലിമെന്റ് ചെയ്യണേ, ആശാന്റെ നെഞ്ച്, അല്ലെങ്കില്‍ ചന്തി. ഇതാണ് ഇതിന്റെയൊക്കെ ഒരു കുഴപ്പം. നന്ദി കേട്ടോ.

    മേഘമേ, ദേ പിന്നെയും പാര. ഉപദേശികള്‍ക്ക് ഉപദേശങ്ങള്‍ ബാധകമല്ല എന്നാണല്ലോ ഭരണഘടന പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വെയിറ്റു ചെയ്യേണ്ട കേട്ടോ. അതുപോലെ എന്തിലും ഏതിലും അങ്ങ് വെയിറ്റു ചെയ്‌താലും പ്രശ്നമാണല്ലോ. ഉദാഹരണത്തിന് ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍... ആമ്പിള്ളേരു കൊണ്ടുപോകും. നന്ദിയുണ്ടേ :)

    ബിന്ദൂ, ആ പറഞ്ഞത് ഒരു പ്രിന്റൊട്ട് എടുത്ത് വീട്ടില്‍ കാണിച്ചാല്‍ വീട്ടുകാര്‍ക്ക് പിന്നെ മൊത്തത്തില്‍ ഒരു വിരക്തിയായിരിക്കും. അതുപോലുള്ള പെര്‍‌ഫോമന്‍സ് അല്ലിയോ വീട്ടില്‍ :) പിന്നെ ദേഷ്യം വരുമ്പോള്‍ നിലത്തു നോക്കി ചേനവരച്ചാല്‍ ചിലപ്പോള്‍ കാണുന്നവര്‍ക്ക് പ്രാന്ത് പിടിക്കാനും മതി. :)

    എല്‍‌ജീ, ആരും ആരുടേയും അഭിപ്രായങ്ങള്‍ മാറ്റാതിരുന്നെങ്കില്‍ പലര്‍ക്കും ഇപ്പോഴും ഭൂമി പരന്നുതന്നെയായിരിക്കുമല്ലോ. നോബഡി ഈസ് പെര്‍‌ഫക്ട്, അഭിപ്രായം ഇരുമ്പുലക്കയല്ല, തെറ്റുകള്‍ മനുഷ്യസഹജമാണ് ഇക്കാര്യങ്ങളൊക്കെ ഓര്‍ത്തു വെച്ച് നമ്മളുടെ വിചാരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ (അങ്ങിനെ ബോധ്യപ്പെടാനാണ് പല കാ‍രണങ്ങള്‍ കൊണ്ടും പാട്)അത് തിരുത്താനും ശരിയായ അഭിപ്രായങ്ങള്‍ രൂപികരിക്കാനും ശ്രദ്ധകാട്ടുന്ന പലരുമുണ്ട് ഈ ലോകത്ത്. എപ്പോഴും ഓര്‍ക്കേണ്ടത് മുയലിന് മൂന്നുകൊമ്പു പോയിട്ട് ഒരൊറ്റ കൊമ്പുപോലുമില്ലാ എന്നുള്ളതാണ്. പിന്നെ നിത്യജീവിതവും ചര്‍ച്ചാവേദികളും രണ്ടും രണ്ടാണല്ലോ.

    കുട്ട്യേടത്ത്യേ, കുട്ട്യേടത്തിയും ബിന്ദുവും പറഞ്ഞത് ഒരു നാലുപ്രാവശ്യമെങ്കിലും വീട്ടില്‍ ഞാന്‍ വായിച്ചു കേള്‍പ്പിച്ചു. ഇനിയും കേള്‍പ്പിക്കും. കാരണം അതുപോലുള്ള പ്രകടനമാണല്ലോ എന്റെ അവിടെ. ഞാനൊരു എടുത്തു ചാട്ടക്കാരനും ചാടിക്കേറി അഭിപ്രായം പറയുന്നവനും ഉടക്കനും.... ഒന്നും പറയേണ്ട. പിന്നെ കഴുതകള്‍ കാമങ്ങള്‍ കരഞ്ഞുതീര്‍ക്കുന്നതുപോലെ ഇതൊക്കെ എഴുതിയെങ്കിലും..അങ്ങിനെയെങ്കിലും... ഹന്നമോള്‍ മിടുമിടുക്കിയായി വരുന്നുണ്ടല്ലേ.. നാക്ക് ഫ്ലെക്സിബിളാകാന്‍ വക്കാരിമഷ്ടാ എന്ന് ദിവസവും പത്തുപ്രാവശ്യം മോളേക്കൊണ്ട് പറയിച്ചാലോ :)

    സ്നേഹിതാ, നന്ദി. ചെയ്യുന്നവന് ഇതൊന്നും പറയേണ്ട കാര്യമില്ല, അവനങ്ങ് ചെയ്‌തോളും, ഇതൊന്നും ഒരു വലിയ കാര്യമല്ല അവന്; എന്നാല്‍ ഇതൊന്നും ചെയ്യാന്‍ കഴിവില്ലാത്തവന്‍ കുറഞ്ഞപക്ഷം ഇതൊക്കെ ഇങ്ങിനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കും എന്നാണല്ലോ ഫിലോസൊഫിക്കല്‍ ചക്രവര്‍ത്തിമാര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട്...

    വഴിപോക്കാ, മിക്കപ്പോഴും, പ്രത്യേകിച്ചും ജപ്പാനില്‍ വന്നതില്‍ പിന്നെ, ചെയ്യുന്ന പലതും യാന്ത്രികം തന്നെ. ഇവിടുത്തെ ആള്‍ക്കാരുടെ നടപ്പും പറച്ചിലും പോലും പലപ്പോഴും റോബോട്ട് പോലെയാണെന്നാണ് തോന്നുന്നത്. നന്ദി കേട്ടോ.

    പെരിങ്ങോടരേ. അന്താരഷ്ട്ര പ്രാധാന്യമുള്ള അതീവ രഹസ്യമായിട്ടുള്ള കാര്യങ്ങള്‍ അതീവ ഗോപ്യമായി ചെയ്ത് ഗോപിവരയ്ക്കുന്നതുകൊണ്ടോ, എന്തെങ്കിലും സുരക്ഷാപ്രശ്നങ്ങളുള്ളതുകൊണ്ടോ ഒന്നുമല്ല കേട്ടോ, ഞാനിങ്ങനെ പമ്മിയിരിക്കുന്നത്. ചമ്മല്‍ മാത്രമാണ് എന്നെ അതിന് പ്രേരിപ്പിക്കുന്നത്. പാപ്പാന്‍ പറഞ്ഞതുപോലെ നാലുപേരെ കണ്ടാല്‍ മുട്ടിടിക്കുന്നവനാണ് ഞാന്‍. ഇങ്ങിനെ ഒരു പൊത്തിലിരുന്ന് അധികമാരും കാണാതെ, എന്നാല്‍ എല്ലാവരേയും കണ്ടുകൊണ്ട് ഇങ്ങിനെയോരോ മണ്ടത്തരങ്ങള്‍ വിളിച്ചുകൂവുമ്പോളുള്ള ഏറ്റവും വലിയ സുഖം ഞാനാരാണെന്ന് ആരും അറിയുന്നില്ലല്ലോ, അതുകൊണ്ട് എന്തുമാവാമല്ലോ എന്നുള്ളതാണ്. തീര്‍ച്ചയായും വക്കാരി ജീമെയിലില്‍ തന്നെ ഓണ്‍ലൈനായി ലൈവായി വരാം :)

    ഉമേഷ്‌ജിയേ, ഹ...ഹ... കുറച്ച് ഫാക്ച്വല്‍ മിസ്റ്റേക്ക്‍സ് ഉണ്ട് കേട്ടോ. കളിയിരിഫൈ ചെയ്യാം. “കര്‍മ്മണ്യേവാധികാരസ്തേ..” യ്ക്ക് കുറഞ്ഞപക്ഷം മാധവന്റെ “ധ” തന്നെയാണ് ഞാനാദ്യം ഇട്ടത്. പിന്നെ ഒരു ദയ തോന്നി അത്രയ്ക്ക് കടുപ്പിക്കേണ്ട എന്നുവെച്ച് “ദയ” യുടെ “ദ” ഇട്ട് കുളമാക്കി. ഇങ്ങിനെ ലാസ്റ്റ് മിനിറ്റില്‍ വരുത്തിയ മാറ്റങ്ങളില്ലായിരുന്നെങ്കില്‍ എന്റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ എനിക്ക് കുറഞ്ഞത് ഒരു ആയിരം മാര്‍ക്കെങ്കിലും കൂടുതല്‍ കിട്ടിയേനേ... പറഞ്ഞിട്ടെന്ത് കാര്യം! തിരുത്തിയിട്ടുണ്ട് കേട്ടോ..

    അജിത്തേ, മറന്നുപോയി എന്ന എക്സ്‌ക്യൂസിനൊഴികെ മറ്റ് ഏതുകാര്യത്തിലും
    മറവി ഒരു വലിയ അനുഗ്രഹമാണ് എന്നുള്ളതാണ് എനിക്ക് തോന്നുന്നത്. ഓവറാക്കാതിരുന്നാല്‍ മതി. ധൈര്യമായിട്ടിരിക്കെന്നേ. എന്റെ ബുക്കിന്റെ അടുത്ത എഡിഷനില്‍ ഞാനതും പ്രതിപാദിക്കാം. നന്ദി കേട്ടോ.

    ഹ..ഹ... മന്‍‌ജിത്തേ, ദേ പിന്നെയും പാര. എന്റെ വാക്കുകള്‍ എനിക്കുതന്നെ പാരയാകുമ്പോഴുള്ള ആ സുഖം ഒന്നു വേറേ തന്നെ. പക്ഷേ ഇതൊക്കെ നൂറ്റാണ്ടുകളായുള്ള ഗവേഷണങ്ങളുടെ ഫലമല്ലേ. പക്ഷേ തെളിവില്ല. കാരണം അജിത്ത് പറഞ്ഞതുപോലെ പലരും വേണ്ട സമയത്ത് ഇതൊക്കെ മറന്നു പോകും. ഇതൊക്കെ ഓര്‍ത്ത് ചെയ്യുന്നവര്‍ക്ക് ഇതിലൊന്നും വലിയ കാര്യമില്ല എന്നുള്ള ഒരു ലൈനായതുകാരണം അവരുടെ കൈയ്യിലൊന്നും ഇതിന്റെയൊരു രേഖയുമില്ല. ആകപ്പാടെ പാടുതന്നെ :)

    ദേവേട്ടാ, അതുകലക്കി. “എന്തിരോ വരട്ട്” തകര്‍പ്പന്‍. പക്ഷേ നാട്ടില്‍ പലരും അത് ഒരു ആപ്തവാക്യമാക്കിയാണല്ലോ നമ്മുടെ നാടും കാടും കൊള്ളയടിക്കുന്നതെന്നോര്‍ക്കുമ്പോള്‍ എന്റെ ചോര തിളയ്ക്കുന്നു, ഒരു നിമിഷം. പിന്നെ ഞാനുമോര്‍ക്കും “എന്തിരോ വരട്ട്”. ആട്ടോക്കലയുടെ ആപ്തവാക്യമാണ് നിത്യജീവിതത്തില്‍ ഒന്നുകൂടി ആപ്റ്റ്. ഒരിക്കലും മറക്കാത്ത ഉദാഹരാണങ്ങളില്ലാത്തതാണ് പല കാര്യങ്ങളും നമ്മള്‍ മറക്കാന്‍ കാരണമെന്നാരോ പറഞ്ഞോ എന്തോ. എന്തായാലും ആട്ടോക്കലയുടെ പോലത്തെ ഉദാഹരണങ്ങളുണ്ടെങ്കില്‍ പിന്നെ ആര് എന്ത് എപ്പോള്‍ മറക്കാന്‍! പിന്നെ സായിപ്പിതൊക്കെ ഒരു മുറക്കാന്‍ കട തുറന്ന് വെച്ച് നൂറു ഡോളറിന് ഉപദേശമൊന്ന് കൊടുത്ത് അതിനെ കൌണ്‍‌സിലിംഗെന്നൊക്കെ പേരിട്ടോമനിക്കുമ്പോള്‍ നമ്മള്‍ ഇതൊന്നും കച്ചവടമാക്കാത്തതിനു കാരണം തന്നെ “കര്‍മ്മണ്യേവാധികാരസ്തേ.........” ആണല്ലോ.

    എന്റെ ഉപദേശങ്ങള്‍ കേള്‍ക്കേണ്ട മാത്രയില്‍ നിത്യജീവിതത്തിലോട്ട് പറിച്ചു നട്ടവര്‍ സന്തോഷ്‌ജിയും ആദിത്‌ജിയും മാത്രം. നിങ്ങള്‍ക്ക് അതിനുള്ള ഗുണം കിട്ടും. സന്തോഷേ, ആദ്യം വേണ്ടത് ഈ ജോലിയിലൊന്നും വലിയ കാര്യമൊന്നുമില്ലന്നേ എന്നുള്ള ചിന്തയാണ്. അപ്പോള്‍, ഉടന്‍ തന്നെ വേതാളം വരും- എന്നാല്‍ പിന്നെ ചടഞ്ഞുകൂടി വീട്ടിലിരുന്നാല്‍ പോരേ-എന്നും ചോദിച്ച്. അപ്പോള്‍ ഉടന്‍ തന്നെ ഉപദേശം ഏഴാം കാലം ഓര്‍ക്കണം ““കര്‍മ്മണ്യേവാധികാരസ്തേ”. ചാടിയെഴുന്നേറ്റ് ഓടും. പിന്നെ എപ്പോഴും ഓര്‍ക്കണം, “ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ്”. ജീവിതം എപ്പോള്‍ സമാധാനപരമായി എന്ന് ചോദിച്ചാല്‍ മതി.

    ആദിത്യാ... പെണ്ണുകേസില്‍ മാത്രമാണ് ഈ നിയമങ്ങള്‍ പാലിക്കാന്‍ പറ്റാത്തതെന്നാണ് അറിവുള്ളവര്‍ പറയുന്നത്. അവിടെ ഒരു നിയമവും ബാധകമല്ലത്രേ. എത്രയെത്ര ഫിലോസഫികളാ, അവിടെ തട്ടി തകര്‍ന്നുപോയിരിക്കുന്നത്. പ്രേമത്തിന് കണ്ണും മൂക്കും ബെല്ലും ബ്രേക്കുമൊന്നുമില്ലന്നല്ലേ. പറഞ്ഞിട്ട് കാര്യമില്ല. അവിടെമാത്രം തോന്നിയതുപോലെ!

    കലേഷേ, നന്ദി കേട്ടോ. ചുമ്മാ കണ്ണുമടച്ച് ഒരു പത്തുമിനിറ്റി ഇരുന്നു നോക്കിക്കേ, ഇതിലും വലുത് വരും. എന്നിട്ട് കണ്ണുതുറന്ന് നോക്കുമ്പോള്‍ കാണാം, ഗോപുവണ്ണന്റെ പുതിയ ബ്ലോഗ്. സാരമില്ല. ഇതിലും വലുതെന്തോ വരാനിരുന്നതാ എന്നോര്‍ത്താല്‍ മതി:)

    അസുരേട്ടാ, വാക്കുകള്‍ വാക്കുകളായിട്ട് തന്നെയിരിക്കണമെന്ന് ഈ ലോകത്തോട് ആദ്യം പ്രഖ്യാപിച്ച ഗുരുവാണല്ലോ, ശ്രീ ജഗദീഷ് ഗുരുക്കള്‍. എന്റെ ഒരൊറ്റ പേടി, ഇതൊക്കെ വായിച്ച് ആര്‍ക്കെങ്കിലും സ്ട്രെസ്സ് പിടിക്കുമോ എന്നുള്ളതാ.. നന്ദി കേട്ടോ.

    ഇടിവാളേ, ഇഡ്ഡലിവാളേ, ഇഡ്ഡലിവടേ, പെരുത്ത് നന്ദി. ഇതൊക്കെ നടത്താന്‍ പറ്റിയാല്‍ നമ്മളൊക്കെ ആരായിപ്പോയേനെ? ആ? ചുമ്മാ ഇപ്പോള്‍ നടക്കുന്നപോലെയൊക്കെത്തന്നെയങ്ങ് നടക്കൂന്നേ.. അല്ലപിന്നെ. പിന്നെയെങ്ങാനും ഡീസന്റായിപ്പോയാല്‍ മാത്രം ഡീസന്റായി അതിനുള്ള നന്ദി ഒരു മണിയോര്‍‌ഡറായി.. (ഒന്നും പ്രതീക്ഷിക്കരുത് എന്നൊക്കെ പറഞ്ഞെങ്കിലും ജീവിക്കണ്ടേ.. ബീ പ്രാക്ടിക്കല്‍)

    അപ്പോള്‍ ശരി!

     
  27. At Sun Jul 02, 05:26:00 PM 2006, Blogger Visala Manaskan said...

    വക്കാരീ, ടിപ്സ് പലയിടത്തും മുന്‍പ് വായിച്ചിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും വായിച്ചു. താങ്ക്സ്.

    ‘ഏതൊരവസ്ഥയിലും പതറാത്ത മനസ്സും, സൂക്ഷ്മമായ ചിന്തയും, സൌമ്യതയൂറുന്ന വാക്കുകളും‘ ഉള്ള വ്യക്തികളാവാന്‍ ശ്രമിക്കുക. എന്ന് ഞങ്ങളോട് അച്ഛന്‍ പലവുരു പറഞ്ഞിട്ടുണ്ട്.

    സ്കൂളില്‍ പഠിക്കുമ്പോള്‍ ‘റ്റച്ച് ദി സകൈ‘ (നൂണ്‍ ഷോ) കാണാന്‍ ചാലക്കുടിക്ക് പോയി തിരുമ്പി വരുമ്പോള്‍ ബസില്‍ , വിഗലാംഗരുടെ സീറ്റില്‍ കുനിഞ്ഞ് ഇരുന്ന എന്നെ അച്ഛന്‍ കാണുകയും തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ എന്നെ തല്ലാന്‍ ഓടിക്കുകയും ചെയ്തപ്പോള്‍ അച്ഛനോട് ചോദിച്ചിരുന്നു ഞാന്‍.

    ‘ഏതൊരവസ്ഥയിലും പതറരുതെന്നും സൌമ്യത വിടരുതെന്നും പറഞ്ഞിട്ട്...?’

    അതുകേട്ടപ്പോള്‍ ആള്‍ ഒന്നുകൂടെ പതറുകയും സൌമ്യത കുറച്ചുകൂടെ പോവുകയും ആ കോട്ടിന് രണ്ടെണ്ണം കൂടി തടയുകയും ചെയ്തു.

    പറഞ്ഞുവന്നത്, ഇതൊക്കെ പറയാന്‍ എളുപ്പമാണ്. വായിച്ച് ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പല്ല. ശ്രമിക്കരുത് എന്നല്ല ഞാന്‍ മീന്‍ ചെയ്തതു. ജന്മനാ കിട്ടേണ്ട ഗുണങ്ങളാണിതില്‍ പലതും. (ഞാന്‍ സീരിയസ്സായോ?)

    ജീവിത ലക്ഷ്യം എന്ത് എന്ന് എന്നോട് ചോദിച്ചാല്‍, വക്കാരി ക്വോട്ട് ചെയ്ത കണ്ട്രോളുകളുള്ള ഒരു വ്യക്തിയാവുക എന്നായിരിക്കും എന്റെ മറുപടി.

     
  28. At Sun Jul 02, 05:47:00 PM 2006, Blogger myexperimentsandme said...

    ഹ..ഹ വിശാലാ, ഇതൊക്കെ പറയാന്‍ വളരെ എളുപ്പമാണെന്നും പറയുന്തോറും ചെയ്യാനുള്ള ത്രാണി കുറഞ്ഞുവരുമെന്നും ദിനം‌പ്രതി തെളിയിക്കുന്ന ഒരുവനാണീ ഞാന്‍! എന്റെ ഈ പോസ്റ്റ് ഇന്നലെ വായിച്ചിട്ട്, ഉപദേശം നമ്പ്ര് വണ്‍ ഞാനെങ്ങിനെ പാലിക്കുന്നു, നമ്പ്ര് ടൂ ഞാനെങ്ങിനെ പാലിക്കുന്നു എന്നൊക്കെ വിശദീകരിച്ച് അമ്മ നമ്പ്ര് ത്രീ കഴിഞ്ഞപ്പോള്‍ ബാക്കി നാളെയാവട്ടെ എന്നു പറഞ്ഞു. അത്രയ്ക്കുണ്ടേ ഉദാഹരണങ്ങള്‍.

    എന്നാലും, സ്വല്പമൊക്കെ ഒന്ന് മസിലുപിടിച്ചാല്‍ ചിലപ്പോള്‍ അല്പമെങ്കിലുമൊക്കെ ഒന്ന് സാധിച്ചാല്‍, ഒരൊറ്റ പ്രാവശ്യമെങ്കിലും പറ്റിയാല്‍ അത്രയെങ്കിലുമായല്ലോ.

    ചോദ്യം. ശ്രീരാമനും ലക്ഷ്‌മണനും കൂടി വനവാസസമയത്ത് കാട്ടില്‍ക്കൂടി നടക്കുന്നതിനുടയ്ക്ക് കാട്ടാറു ക്രോസു ചെയ്യണം. ശ്രീരാമനത് പറ്റിയില്ല, ലക്ഷ്‌മണന്‍ കൂളായി ക്രോസ് ചെയ്‌തു. കാരണം?

    ഉത്തരം: വേര്‍ ദേര്‍ ഈസ് എ വില്‍, ദേര്‍ ഈസ് എ വേയ്. ലക്ഷ്‌മണന്റെ കൈയ്യില്‍ വില്ലുണ്ടായിരുന്നു (ഇനിയെങ്ങാനും രാമന്റെ കൈയ്യിലാണെങ്കില്‍ ചോദ്യവും ഉത്തരവും അതിനനുസരിച്ച് മാറും-രണ്ടുപേരുടേയും കൈയ്യില്‍ ആ സമയത്ത് വില്ലുണ്ടായിരുന്നെങ്കില്‍ പരീക്ഷ ക്യാന്‍‌സല്‍‌ഡ്)

    വളരെ പണ്ട് കേട്ട ഒരു മിമിക്രിയോട് കടപ്പാട്.

     
  29. At Mon Jul 03, 11:04:00 AM 2006, Blogger വികടൻ said...

    വക്കാരി, ഇന്നലെ നമ്മടെ സ്വന്തം ടോക്യോയില്‍ പൊയി തിരിച്ച്‌ വരുന്ന വഴിക്ക്‌ ഒരു പുസ്തകം വായിച്ചു. "ദ മോങ്ക്‌ ഹു സോള്‍ഡ്‌ ഹിസ്‌ ഫെരാരി". അതില്‍ നിന്നും കിട്ടിയ കുറേ ഡയലോഗുകള്‍ കൂട്ടിക്കുഴച്ച്‌ ഇവടെ ആഡ്‌ ചെയ്യട്ടെ. "ഒരു ദിവസം ശരാശരി 60000 ചിന്തകളെങ്കിലും നമ്മുടെ മനസ്സില്‍ വരും. അതിലെ 99 ശതമാനം ചിന്തകളും തലേ ദിവസം നമ്മള്‍ ചിന്തിച്ചതായിരിക്കും. ഇതില്‍ പലതും നമ്മള്‍ ഒഴിവാക്കണ്ടതായിരിക്കും. അതിനു നമ്മള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം, ഇന്നു ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒരു കടലാസില്‍ കുറിച്ചിടുക. ഇത്‌ നമ്മെ ഇന്നിനെ കുറിച്ച്‌ ചിന്തിപ്പിക്കും. ഇന്നിനു കിട്ടിയ ഈ പ്രാധാന്യം ഇന്നലെക്കു നമ്മള്‍ കൊടുക്കുന്ന സമയം കുറക്കും". (പറ്റാത്തതെന്തോ ചെയ്തപോലെ, ഇനി ആവര്‍ത്തിക്കില്ല)

     
  30. At Mon Jul 03, 01:47:00 PM 2006, Blogger കല്യാണി said...

    യ്യോ, ഇതു മുഴുവന്‍ എങ്ങനെ പാലിക്കും എന്നോര്‍ത്ത്‌ ഇപ്പോഴേ സ്ട്രെസ്സ്‌ ആയീല്ലോ വക്കാരീ

     
  31. At Mon Jul 03, 01:55:00 PM 2006, Blogger myexperimentsandme said...

    വികടോ, നന്ദി. കടലാസില്‍ കുറിച്ച് പലകാര്യങ്ങളും ഞാനും വെയ്ക്കുമായിരുന്നു. പക്ഷേ കടലാസെവിടെയാനെന്ന് മറന്നു പോകും. സ്ടെസ്സാകും. അതുകൊണ്ട് പിന്നെ കമ്പ്യൂട്ടറിലാക്കി പരിപാടി. സെയിം പ്രോബ്ലം. പല ഫോള്‍ഡറുകളില്‍ പല കുറിപ്പുകള്‍. ഏതേതൊക്കെയാണെന്നും ആരാരൊക്കെയാണെന്നും യാതൊരു പിടുത്തവുമില്ല. അതും നിര്‍ത്തി. ഇപ്പോള്‍ ദേവേട്ടന്‍ പറഞ്ഞ തിരോന്തരം സ്റ്റൈലില്‍ “എന്തിരോ വരട്ട്“ രീതിയായി.

    കല്ല്യാണി, അലോപ്പതി ഗുളികയൊക്കെ കഴിക്കുന്നതുപോലെ ആദ്യം കുറച്ച് സ്ടെസ്സൊക്കെ തോന്നും ഇതൊക്കെ വായിക്കുമ്പോള്‍. കുറച്ച് കഴിഞ്ഞാല്‍ പിന്നെ ഇതൊരു ശീലമായിക്കൊള്ളും. “എന്തിരോ വരട്ട്” ലെവലാകുന്നിടം വരെ എങ്ങിനെയെങ്കിലും ഉന്തിത്തള്ളിക്കൊണ്ടുപോകാന്‍ പറ്റിയാല്‍ രക്ഷപെട്ടു. പിന്നെ എന്തുവന്നാലും “എന്തിരോ വരട്ട്”.

     
  32. At Tue Jul 11, 10:01:00 PM 2006, Blogger myexperimentsandme said...

    താരേ, അത് മറന്നു.... ശരിയാണ് പ്രാര്‍ത്ഥന.. അത് തീര്‍ച്ചയായും വേണ്ട കാര്യം.

    സംഭവിച്ചതെല്ലാം നല്ലതിന്...

    ഞാന്‍ പലപ്പോഴും ആശ്വാസം കണ്ടെത്താന്‍ ഉപയോഗിക്കുന്ന സന്ദേശം. പക്ഷേ, ഉണ്ടാക്കുന്നത് എപ്പോഴും പ്രശ്‌നങ്ങള്‍ മാത്രം. അതുകൊണ്ട് ആ സന്ദേശത്തെ ഒരു എക്സ്‌ക്യൂസ് ആയി ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുന്നു.

    നന്ദി കേട്ടോ

     
  33. At Tue Jul 11, 11:09:00 PM 2006, Blogger ഉമേഷ്::Umesh said...

    സംഭവിച്ചതെല്ലാം നല്ലതിന്,
    സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്,
    സംഭവിക്കാനിരിക്കുന്നതും നല്ലതിന്!


    പല വീടുകളുടെയും ഭിത്തിയില്‍ ഒരു ഫലകത്തില്‍ കണ്ടിട്ടുള്ള വാക്യങ്ങള്‍. ദാ ഇപ്പോള്‍ താരയും പറയുന്നു...

    ആരെങ്കിലും ഒന്നു പറഞ്ഞുതരുമോ ഭഗവദ്‌ഗീതയീല്‍ ഇതു് എവിടെയാണെന്നു്? അധികം പാഠഭേദങ്ങളില്ലാത്ത പ്രശസ്തമായ പുസ്തകമാണല്ലോ ഭഗവദ്‌ഗീത? അതിലെ ഏതു ശ്ലോകത്തില്‍?

     
  34. At Wed Jul 12, 04:14:00 AM 2006, Blogger Santhosh said...

    ഭഗവദ്ഗീതയിലെ ഏഴാമദ്ധ്യായത്തിലെ ഇരുപത്താറാം ശ്ലോകമാണ് ഇങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് തോന്നുന്നു. ശ്ലോകമിവിടെയുണ്ട്.

    ഇതിനെ ഇങ്ങനെ പരിഭാഷപ്പെടുത്തി കണ്ടിട്ടുണ്ട്:

    O Arjuna, as the Supreme Personality of Godhead, I know everything that has happened in the past, all that is happening in the present, and all things that are yet to come. I also know all living entities; but Me no one knows.

    ഇതിന്‍റെ അപ്പുറവും ഇപ്പുറവും ഒന്ന് ഓടിച്ചു നോക്കി, അവിടെയെങ്ങാനും “എല്ലാം നല്ലതിന്” എന്ന് പറഞ്ഞിട്ടുണ്ടോ എന്ന്. കാണാന്‍ കഴിഞ്ഞിട്ടില്ല. ചിലപ്പോള്‍ വേറേ ഏതോ ദിക്കില്‍ എല്ലാം നല്ലതിനേ സംഭവിക്കൂ എന്ന് പറഞ്ഞിട്ടുണ്ടാവും. അതും ഇതും ചേര്‍ത്ത് വച്ചപ്പോള്‍ ഭിത്തിയില്‍ തൂക്കാന്‍ പറ്റിയ തകരമായതാവാം.

     
  35. At Sat Jul 15, 12:56:00 PM 2006, Blogger അഭയാര്‍ത്ഥി said...

    വക്കാരി മിട്ടായി ഇഷ്ട,

    സ്റ്റ്രെസ്സ്‌ ഫ്രീ ലയ്ഫിനു ഗന്ധര്‍വന്‍ പ്രിസ്ക്രയ്ബ്‌ ചെയ്യുന്നതൊന്നു മാത്രം.

    വക്കാരി മിട്ടായി.

    ഇതു ജെപാനിലെ വക്കാരിമിഷ്ടാ കമ്പനിയില്‍ ഉണ്ടാക്കി ലോകത്തിന്റെ വിവിധകേന്ദ്രങ്ങളില്‍ ബൂലോഗം ഡിസ്റ്റ്രിബൂടേര്‍സ്‌ വഴി വിതരണം ചെയ്യപ്പെടുന്നു.

    വ്യാജന്മാര്‍ നിറയെ ഉള്ളതിനാല്‍ മുദ്ര ശ്രദ്ധിച്ചു നോക്കുക.

    ഗജകേസരി ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പു മുദ്ര ഉണ്ടോ എന്നു നോക്കിയതിനു ശേഷം മാത്രം പേകറ്റ്‌ തുറക്കുക.

    പണി തുടങ്ങുന്നതിനുമുന്‍പും , പണി തീര്‍ന്നതിനു ശേഷവും മനസ്സിരുത്തി മാത്രകളായി കഴിക്കുക.

    നിങ്ങളെ അലട്ടുന്ന ഉറക്കകുറവു, അസംത്രുപ്തി, മനോരോഗങ്ങള്‍, എല്ലാം പമ്പ , മീനച്ചിലാര്‍ കടക്കും.

    കടുത്ത വേനലില്‍ വഴിയരികില്‍ കിട്ടുന്ന ഇളനീര്‍ വെള്ളമ്പോലെയാണു ഇതിന്റെ ഫിസികല്‍ അപ്പിയറന്‍സ്‌. രുചിയിലും അതുപോലെതന്നെ

     
  36. At Sat Jul 15, 01:07:00 PM 2006, Blogger myexperimentsandme said...

    ഈശ്വരാ.... ഗന്ധര്‍വ്വജ്ജീ... :)

     
  37. At Mon Aug 07, 09:34:00 AM 2006, Blogger Rasheed Chalil said...

    നല്ലപോസ്റ്റ്...

     

Post a Comment

<< Home