Wednesday, August 02, 2006

ഊര്‍ജ്ജതന്ത്രം

ആശയദാരിദ്ര്യം മൂലം ചുമ്മാ ഒരു പോസ്റ്റ്. വലിയ കാര്യമൊന്നുമില്ല.

ഞായറാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഗൂഡ് മോണിംഗ് പറഞ്ഞ് എഴുന്നേറ്റ് എന്നാപ്പിന്നെ കുറച്ചുനേരം കൂടി കിടന്നേക്കാം എന്നും വിചാരിച്ച് കിടക്കുന്ന വഴിക്ക് ഡിസ്‌കവറി ചാനല്‍ ഇട്ടപ്പോള്‍ കിട്ടിയ വിജ്ഞാനമാണിത്. എങ്ങിനെയൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഊര്‍ജ്ജം ഉത്‌പാദിപ്പിക്കാമെന്നുള്ള ഊര്‍ജ്ജതന്ത്രമാര്‍ഗ്ഗങ്ങള്‍. സംഗതി കുറച്ച് പഴയതാണ്. എങ്കിലും പലതും എനിക്ക് പുതുമയായിരുന്നു.

വായിക്കാന്‍ താത്‌പര്യമുള്ളവര്‍ ഞാനിന്റെ ബ്ലോഗും കൂടി വായിക്കുക. ഇത്തരം കുറെ കാര്യങ്ങള്‍ അവിടേയും പറഞ്ഞിട്ടുണ്ട് (അദ്ദേഹം തലക്കെട്ടില്‍ ചോദിച്ചിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി കരുതുന്നത് നന്നായിരിക്കും:) ).

1. ബാറ്ററി കാര്‍

വലിയ പുതുമയൊന്നുമില്ല. ബാറ്ററി കാറെന്ന് കേട്ടാല്‍ നമ്മുടെയൊക്കെ മനസ്സില്‍ വരുന്നത് നിരങ്ങി നിരങ്ങി പോകുന്ന, സ്പീഡ് ഒട്ടുമേ ഇല്ലാത്ത കാറുകളാണല്ലോ. പക്ഷേ ഈ ബാറ്ററി കാറിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍ നാലു സെക്കന്റ് കൊണ്ട് 100 km/hour സ്പീഡ് ഇതെടുക്കും എന്നുള്ളതാണ് (ഇപ്പോഴത്തെ അടിപൊളി സ്പോര്‍‌ട്ട്‌സ് കാറിനേക്കാളും വേഗത). ഇത് ഇപ്പോള്‍ 370 km/hour വേഗത വരെ കൈവരിച്ചു. ഇവനെ 400 km/hour കൂടുതല്‍ വേഗത്തില്‍ പറത്താനാണ് ഇതിന്റെ ഉപജ്ഞാതാക്കളായ ജപ്പാനിലെ കെയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഹിരൊഷി ഷിമിസുവും കൂട്ടരും ശ്രമിക്കുന്നത്.

എലിക്ക (Eliica) എന്ന് പേരുള്ള ഈ കാറില്‍ ലാപ് ടോപ് കമ്പ്യൂട്ടറിലും പല ഡിജിറ്റല്‍ ക്യാമറകളിലുമൊക്കെ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ലിഥിയം അയണ്‍ ബാറ്ററികളുടെ ഗുണങ്ങളായ ഭാരക്കുറവ്, ചാര്‍ജ്ജ് നഷ്ടപ്പെടാതിരിക്കല്‍ മുതലായവ ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നു (ലിഥിയം അയണ്‍ ബാറ്ററിക്കുള്ള ഒരു പ്രധാന കുഴപ്പം അതിന്റെ ലൈഫ് ആണ്. 25 ഡിഗ്രി സെല്‍‌ഷ്യസില്‍ ഇരിക്കുന്ന ഒരു ബാറ്ററിയുടെ കപ്പാസിറ്റി ഒരു കൊല്ലത്തില്‍ 20 ശതമാനത്തോളം കുറയുമെന്നാണ്-നമ്മള്‍ ബാറ്ററി ഉപയോഗിച്ചാലും ഇല്ലെങ്കിലും. ഈ നഷ്ടം ബാറ്ററി ഉണ്ടാക്കുന്ന സമയം മുതല്‍‌ക്കാണ് തുടങ്ങുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഈ വിക്കിപീഡിയ ലേഖനത്തില്‍). ബാറ്ററി ഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞാല്‍ 200 കിലോമീറ്റര്‍ വരെ ഓടും. ഈ കാറിന്റെ തന്നെ വേഗത കുറഞ്ഞ മറ്റൊരു മോഡല്‍ 320 കിലോമീറ്റര്‍ ഒരു ചാര്‍ജ്ജിംഗില്‍ ഓടും.

കുഴപ്പം അപാരമായ വിലയാണ്. അത് കുറയ്ക്കാമായിരിക്കും. വേറൊരു കുഴപ്പം ബാറ്ററിയുടെ വില. നാല്‍‌പതോ മറ്റോ വലിയ ലിഥിയം അയണ്‍ ബാറ്ററികളാണ് ഇതില്‍ ഉപയോഗിക്കുന്നത്. പിന്നെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുമ്പോളുണ്ടാവുന്ന പ്രശ്‌നങ്ങളെല്ലാമുണ്ട്. എങ്കിലും ഇവിടുത്തെ ഗവേഷകര്‍ വലിയ പ്രതീക്ഷയിലാണ്.

എലിക്കയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടേയും ഇവിടേയും

ഔദ്യോഗിക പേജ് ഇവിടെ. വീഡിയോയുമുണ്ട് അവിടെ. അതിന്റ് പടം കണ്ടിട്ട് ഏതാണ്ടുപോലെ. എട്ടുകാലിയാണ് സംഗതി.

2. കാറ്റ് കാര്‍

ഫ്രാന്‍‌സിലെ അണ്ണന്മാര്‍ വെറുതേയിരിക്കുമോ. ജപ്പാനില്‍ ബാറ്ററിയൊക്കെ വെച്ച് കാറോടിക്കുമ്പോള്‍ ഫ്രാന്‍സില്‍ വെറും വായുകൊണ്ട് കാറോടിക്കാമോ എന്നാണ് അണ്ണന്മാരുടെ പരീക്ഷണം. കാറ്റുകൊണ്ടോടുന്ന കാര്‍ അവര്‍ അവിടെ ഉണ്ടാക്കിക്കഴിഞ്ഞു. കമ്പ്രസ്സ്‌ഡ് എയര്‍ ആണ് ഇത്തരം കാറുകളില്‍ ഉപയോഗിക്കുന്നത്. കമ്പ്രസ്സ്‌ഡ് എയര്‍ വെച്ച് മോട്ടോറിനെ കറക്കും. ടയറില്‍ അടിക്കുന്ന കാറ്റിന്റെ നൂറ്റമ്പത് ഇരട്ടി പ്രഷറാണ് വേണ്ടത്. കാറില്‍ തന്നെയുള്ള എയര്‍ കമ്പ്രസ്സര്‍ വെച്ച് നാലുമണിക്കൂര്‍ കൊണ്ട് ടാങ്കില്‍ കാറ്റ് നിറയ്ക്കാം. അല്ലെങ്കില്‍ അവര്‍ വികസിപ്പിച്ചെടുത്ത വേറൊരു ടെക്‍നോളജി കൊണ്ട് മൂന്നുമിനിറ്റുകൊണ്ട് ടാങ്കില്‍ കാറ്റ് നിറയ്ക്കാം-പെട്രോള്‍ പമ്പുകള്‍ പോലുള്ള ഫില്ലിംഗ് സ്റ്റേഷനുകളില്‍ നിന്നും. ഇതൊക്കെ പക്ഷേ ഉണ്ടായി വരണം.

അന്തരീക്ഷ മലിനീകരണം ഇല്ല എന്നതുതന്നെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മണിക്കൂറില്‍ 60 കി.മീ സ്പീഡില്‍ പോകും. അത് കഴിഞ്ഞ് വേണമെങ്കില്‍ പെട്രോളിലേക്ക് മാറുകയുമാവാം. വില ഏഴായിരം ഡോളറോളം മാത്രം. സിറ്റിയിലെ ഡ്രൈവിംഗിനൊക്കെ ഉപയോഗിക്കാമായിരിക്കും.

എയര്‍ ഫ്രാന്‍‌സിനെപ്പറ്റി ഇവിടെയും ഇവിടെയും. സംഗതി കുറച്ച് പഴയതാണെങ്കിലും ഞാന്‍ അറിഞ്ഞത് ഇപ്പോള്‍ മാത്രം.

3. കാറ്റാടി.

ഇതിലെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ. പക്ഷേ ഇവിടെ കാറ്റാടി നദിയുടെ അടിത്തട്ടിലാണെന്ന് മാത്രം. നദിയുടെ അടിത്തട്ടില്‍ കാറ്റാടിയുടെ ബ്ലേഡുകള്‍ പിടിപ്പിച്ചിട്ട് വെള്ളം ഒഴുകുന്ന ബലത്തില്‍ അവനെ കറക്കി അതില്‍‌നിന്നും വൈദ്യുതി ഉണ്ടാക്കുക എന്നുള്ള പരീക്ഷണമാണ് പ്രാപ്രയുടെ ന്യൂയോര്‍ക്കില്‍ നടക്കുന്നത്. വെള്ളത്തിനടിയിലായതുകാരണം ഇവനെ വേണമെങ്കില്‍ ജലാടിയെന്നോ വെള്ളാടിയെന്നോ വിളിക്കാം. ന്യൂയോര്‍ക്കിലെ ഈസ്റ്റ് റിവറില്‍ ഇപ്പോള്‍ തന്നെ 6 ബ്ലേഡുകള്‍ വെച്ച് പരീക്ഷണം തുടങ്ങി. പതിനെട്ടു മാസം പരീക്ഷിച്ചിട്ട് സംഗതി വിജയിക്കുകയാണെങ്കില്‍ മുന്നൂറോ മറ്റോ ബ്ലേഡുകള്‍ പിടിപ്പിക്കാനാണ് പ്ലാന്‍.

നന്ദിയുടെ പ്രതലത്തില്‍ നിന്നും ഒമ്പതോ പത്തോ മീറ്റര്‍ അടിയിലായിട്ടാണ് ഈ ജലാടികള്‍ പിടിപ്പിക്കുന്നത്. കാറ്റിനേക്കാളും സാന്ദ്രത വെള്ളത്തിനുള്ളതുകാരണം കൂടുതല്‍ വൈദ്യുതി ഇതില്‍‌നിന്നും ഉത്‌പാദിപ്പിക്കാമെന്നാണ് ഇതിന്റെ ഉപജ്ഞാതാക്കളുടെ പ്രതീക്ഷ. ഇപ്പോള്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റും പാര്‍ക്കിംഗ് സ്പേസും ഇതില്‍‌നിന്നും ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നു. യു.എന്‍. ആസ്ഥാനം തുടങ്ങി പലരും ഈ വൈദ്യുതി ഉപയോഗിക്കുന്നതില്‍ താത്‌പര്യം പ്രകടിപ്പിച്ചുണ്ട്.

ഇതിലെ ഒരു അപകടം മീനുകളൊക്കെ ഈ ബ്ലേഡില്‍ തട്ടി ചത്തുപോകുമോ എന്നുള്ളതാണ്. പക്ഷേ അത്രയ്ക്ക് സ്പീഡില്‍ കറങ്ങാത്തതുകൊണ്ടും ബ്ലേഡുകള്‍ ആ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതുകൊണ്ടും മീനുകള്‍ക്കൊന്നും പ്രശ്‌നം വരില്ല എന്നാണ് വിലയിരുത്തല്‍. വെള്ളത്തിന്റെ മര്‍ദ്ദം താങ്ങാന്‍ മാത്രം ശക്തിയുള്ള ബ്ലേഡുകള്‍ ഉണ്ടാക്കിക്കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ ഇവിടേയും ഇവിടേയും.

4. എന്തിനധികം...

നടത്തത്തില്‍നിന്നുപോലും പോലും കറണ്ടുണ്ടാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. നമ്മുടെ പുറം സഞ്ചിയില്‍ ഒരു മുപ്പതുകിലോ കട്ടി സ്പ്രിംഗില്‍ കെട്ടിത്തൂക്കിയിടുക. എന്നിട്ട് അത് നടക്കുമ്പോള്‍ മുകളിലോട്ടും താഴോട്ടും ചലിക്കത്തക്ക രീതിയില്‍ വെക്കുക. നടക്കുമ്പോള്‍ ഉള്ള ഊര്‍ജ്ജം (കൈനെറ്റിക് എനര്‍ജി)മൂലം സ്പ്രിംഗ് വടി മുകളിലേക്കും താഴേക്കും ചലിക്കും. ആ ചലനം കൊണ്ട് സഞ്ചിയിലുള്ള ഒരു ചെറിയ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയും അങ്ങിനെ വൈദ്യുതി ഉല്‍‌പാദിപ്പിക്കും ചെയ്യും. ഈ വൈദ്യുതി സെല്‍‌ഫോണ്‍, ഐപ്പോഡ് ഇവയൊക്കെ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ബാറ്ററിയില്‍ ശേഖരിക്കാം. കുറച്ച് നേരാംവണ്ണം നടന്നാല്‍ 7 വാട്ട് കറന്റുവരെ ഉത്‌പാദിപ്പിക്കാം. സെല്‍‌ഫോണൊക്കെ പ്രവര്‍ത്തിക്കാന്‍ ഒരു വാട്ട് കറന്റൊക്കെ മതിയാവും.

ഇത്തരം വൈദ്യുതികൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. പട്ടാളക്കാര്‍ക്കൊക്കെ വളരെ വിദൂര സ്ഥലങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ അവരുടെ അനുസരണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ വൈദ്യുതി ഉപയോഗിക്കാം. അതുപോലെ എന്തെങ്കിലുമൊക്കെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരുമ്പോള്‍ വൈദ്യുതിയില്ലെങ്കിലും അത്യാവശ്യമൊക്കെ പിടിച്ചുനില്‍ക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പറ്റും. ഇപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തകരുടെ സഞ്ചികള്‍ക്ക് നാല്‍‌പതു കിലോവരെയൊക്കെ ഭാരമുണ്ട്. അതില്‍തന്നെ നല്ലൊരു ഭാഗം ബാറ്ററികളുടെ ഭാരമാണ്. അങ്ങിനെയൊക്കെയുള്ളവര്‍ക്ക് ഇത് സൌകര്യമായിരിക്കും.

നടവൈദ്യുതിയെപ്പറ്റി ഇവിടെ

മിന്നല് പുറപ്പെട്ട് പാഞ്ഞുപോയപ്പോള്‍ ഇതുപോലൊരു സഞ്ചിയും കെട്ടിത്തൂക്കിക്കൊണ്ടാണ് ഓടിയിരുന്നെങ്കില്‍, അതുപോലെ മിന്നലിനെ പിടിക്കാന്‍ പോയ ഇടിവാളിന്റെ പുറത്തും പുറകെ പോയ അച്ഛന്റെ പുറത്തും ഇതുപോലുള്ള സഞ്ചികള്‍ ഉണ്ടായിരുന്നെങ്കില്‍ വെങ്കിട് ഭാഗത്ത് ഒരാഴ്‌ചത്തേക്കുള്ള കറന്റ് ഫ്രീയായി കിട്ടിയേനെ.

ദിവസവും ജോഗ്ഗിംഗ് ശീലമാക്കിയ ദേവേട്ടനും ഗന്ധര്‍വ്വനും ഒരു സഞ്ചിയും കെട്ടിത്തൂക്കി നടന്നാല്‍ ദുബായിയില്‍ മൊത്തം വേണ്ട് കറന്റ് അവരുടെ സഞ്ചിയില്‍നിന്നും ഉത്‌പാദിപ്പിക്കാം. ചില പരിപാടികള്‍ക്കിടയില്‍ ചിലരുടെ നടത്തവും വെപ്രാളവും കണ്ടാല്‍ അവരുടെ “സഞ്ചി”യില്‍ നിന്നാ‍ണ് ആ പരിപാടിക്കുള്ള മൊത്തം കറന്റും ഉണ്ടാക്കുന്നത് എന്ന് തോന്നില്ലേ.

29 Comments:

  1. At Wed Aug 02, 07:53:00 PM 2006, Blogger Unknown said...

    വക്കാര്യേ സംഭവം കൊള്ളാലോ.ഇതൊക്കെ ഒന്ന് വേഗം തൊടങ്ങിക്കിട്ടിയാല്‍ മതിയായിരുന്നു.1994ല്‍ എടുത്ത ഡോക്യുമെന്ററി തന്നെയാണ് ഇന്ത്യയില്‍ ഇപ്പോഴും കാറ്റാടിയെ പറ്റി കാണിക്കുന്നത്.

    പക്ഷേ ഏതോ ഒരു ഇന്ത്യന്‍ കമ്പനി കാറ്റാടി കറന്റുണ്ടാക്കുന്നതില്‍ രണ്ടാമനോ മൂന്നാമനോ ആണ് ലോകത്തില്‍.

     
  2. At Wed Aug 02, 08:01:00 PM 2006, Blogger Unknown said...

    ഇതാണ് ഞാന്‍ ഓഫായി പറഞ്ഞ ആ കമ്പനി:
    http://www.indiatodaygroup.com/btoday/20060521/features1.html

     
  3. At Wed Aug 02, 08:02:00 PM 2006, Blogger Unknown said...

    ഇതാ ഓഫായി പറഞ്ഞ ആ കമ്പനിയെ പറ്റി ലിങ്ക്:
    http://www.indiatodaygroup.com/btoday/20060521/features1.html

     
  4. At Wed Aug 02, 08:02:00 PM 2006, Blogger ഉമേഷ്::Umesh said...

    കൊള്ളാം വക്കാരീ. ഇതൊക്കെ പുതിയ അറിവുകള്‍ തന്നെ.

    ഒരു വക്കാരി ടച്ച് ഇല്ലല്ല്ലോ എന്നു വിചാരിച്ചു വായിച്ചപ്പോള്‍ -വെള്ളാടി ഒഴികെ. അവസാനത്തെ വാക്യം വായിച്ചപ്പോള്‍ ആ പരാതി തീര്‍ന്നു.

     
  5. At Wed Aug 02, 08:25:00 PM 2006, Blogger മലയാളം 4 U said...

    വക്കാരി ചേട്ടാ‍,താങ്കളുടെ ലേഖനം നന്നായി. www.howstuffworks.com എന്ന വെബ് സൈറ്റ് സന്ദറ്ശിച്ചാല്‍ ഇത്തരം ധാരാളം പുതിയ അറിവുകള്‍ ലഭിക്കും. ഇത്തരം മറ്റു സൈറ്റുകള്‍ ഉണ്ടെങ്കില്‍ ദയവായി എന്നെ അറിയിക്കൂ.

     
  6. At Wed Aug 02, 08:31:00 PM 2006, Blogger myexperimentsandme said...

    ദിലുബാ, നന്ദി, ലിങ്കതി മൊത്തമായി കമന്റില്‍ വന്നില്ലല്ലോ. ഇന്നത്തെ ബിസിനസ്സുകാരന്‍ കാശുചോദിക്കുന്നു, അവരെ കാണണമെങ്കില്‍..

    ഉമേഷ്‌ജി, നന്ദി. വളരെ വിഷമിച്ച് ഒരു മൈക്രോസെക്കന്റിലാണ് ഒരു സ്മോള്‍ ടച്ച് കൊടുത്തത്. എന്തു പറയാനാ, ഇപ്പോള്‍ ആശയദാരിദ്യമെന്ന് പറയാനും പറ്റില്ല, സംഗതി ആശയമൊട്ട് വരുന്നുമില്ല :)

    താരേ, ഡിസ്‌കവറിയില്‍ അപ്പോള്‍ അങ്ങിനത്തെ പരിപാടികളുമുണ്ടല്ലേ. ഞാന്‍ ആണ്ടിലൊന്നെ സംക്രാന്തിക്കൊന്ന് പിന്നെ കഴിഞ്ഞയാഴ്‌ചയൊന്ന് - ഈ രീതിയിലാണ് ഇത്തരം പരിപാടികള്‍ കാണുന്നത്. എങ്കിലും നാഷണല്‍ ജ്യോഗ്രാഫിക്‍സിനേക്കാളും എനിക്ക് ഒന്നുകൂടി ആധികാരികമായി തോന്നുന്നത് ഡിസ്‌കവറിയാണ്. നാഷണലണ്ണന്റെ വിതരണാവകാശക് ഫോക്സ് വാങ്ങിച്ചതില്‍ പിന്നെ വളരെ ഗോപ്യമായി വല്ലപ്പോഴെങ്കിലും അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയം അവര്‍ തിരുകുന്നുണ്ടോ എന്നൊരു സംശയം-വിതരണത്തില്‍ മാത്രമേ ഉള്ളൂ ഫോക്‍സ്, നിര്‍മ്മാണത്തില്‍ അവരുടെ യാതൊരു ഇടപെടലുമില്ല എന്നൊക്കെ അവര്‍ പറയുന്നുണ്ടെങ്കിലും.

    എന്തായാലും വളരെ വിജ്ഞാനപ്രദമായ സംഗതികള്‍ ഇത്തരം ചാനലുകളില്‍ വരുന്നുണ്ട്. പക്ഷേ ചഞ്ചലചിത്തനായ ഞാന്‍ അതിലൊന്ന് കണ്ണോടിച്ച ശേഷം വീണ്ടും സിനിമയിലേക്കോ പഴയ ഫ്രണ്ട്‌സിലേക്കോ ഒക്കെ കൂപ്പുകുത്തും. മനക്കട്ടിയില്ലേ.. :) വളരെ നന്ദി കേട്ടോ.

    മലയാളം‌നാല്‌യൂ, നന്ദി കേട്ടോ. ഹൌസ്റ്റഫ്‌വര്‍ക്ക്സ് നല്ലൊരു സൈറ്റാണ്. പക്ഷേ ഇതുപോലുള്ള ഗവേഷണ വിഷയങ്ങളേക്കാളും ഉള്ള സംഗതികള്‍ എങ്ങിനെയൊക്കെ വര്‍ക്ക് ചെയ്യുന്നു എന്നാണെന്ന് തോന്നുന്നു, അതില്‍ കൂടുതല്‍ പറയുന്നത്. ഫ്യൂവല്‍ സെല്ലിനെപ്പറ്റിയൊക്കെ നന്നായി അതില്‍ വിവരിച്ചിട്ടുണ്ട്. ഇതുപോലുള്ള സൈറ്റുകളെപ്പറ്റി തീര്‍ച്ചയായും അറിയിക്കാം.

     
  7. At Wed Aug 02, 10:38:00 PM 2006, Blogger വളയം said...

    ഇന്നെതോ ഒരു പത്രത്തില്‍ വായിച്ചല്ലൊ.."ഒരു പയ്യന്‍ നടത്തത്തില്‍ മൊബൈല്‍ ചാര്‍ജ്‌ ചെയ്യാനൊരു ക്‍ണാപ്പി ഉണ്ടാക്കി" എന്ന്.

     
  8. At Wed Aug 02, 10:46:00 PM 2006, Blogger മുസാഫിര്‍ said...

    വക്കാ‍രിജി , പ്രയോജനപ്രദങളായ കാര്യങള്‍ , വളരെ നല്ലത്.നമുടെ മന്ത്രി പും‌ഗവന്‍മാര്‍ ശാസ്ത്രീയമായ തെങു കയറ്റം പഠിക്കാന്‍ അമേരിക്കയിലും ശാസ്ത്രീയമായ കന്നു പൂട്ടു പഠിക്കാന്‍ ജപ്പാനിലും പോകുമ്പോള്‍ ഇങനത്തെ ഒന്നും കാണുന്നില്ലല്ലോ ?

     
  9. At Wed Aug 02, 10:51:00 PM 2006, Blogger സ്നേഹിതന്‍ said...

    ഊര്‍ജ്ജത്തിന്റെ ഏറ്റകുറച്ചിലിലല്ലെ ഈ പ്രപഞ്ചത്തിന്റെ നിലനില്പ്.

    ആശയ ദാരിദ്ര്യവും ഊര്‍ജ്ജ ദാരിദ്ര്യവും തമ്മില്‍ ബന്ധമുണ്ടൊ വക്കാരി :) :)

    വക്കാരിയുടെ ലേഖനം ഊര്‍ജ്ജം പകരുന്നു.

     
  10. At Wed Aug 02, 11:29:00 PM 2006, Anonymous Anonymous said...

    വക്കാരിയേ .. നല്ല ലേഖനം. നാനോ സാങ്കേതിക വിദ്യയായിരിക്കും ഊര്‍ജ്ജരംഗത്തെ അടുത്ത കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുക എന്ന് എന്റെ തൊട്ടപ്പറത്തിരുന്നു ജോലി ചെയ്യുന്ന ഒരു നാനോ പശുവ‍ന്വേഷകന്‍ പറയുകയുണ്ടായി. മൂപ്പരുടെ അവകാശവാദം സ്ഥാപിക്കാന്‍ ദാ കുബേരനും ചെന്നായും ചേര്‍ന്നെഴുതിയ ഈ റിപ്പോര്‍ട്ടും കാണിച്ചു.

    Forbes/
    Wolfe NanoTech Report
    JULY 2006
    VOLUME 5, NUMBER 7
    $50.00
    www.forbesnanotech.com P u b l i s h e d j o i n t l y b y Forbes Inc. & Angstrom Publishing LLC
    Forbes

    ഇതൊന്നു മലയാളത്തിലാക്കിച്ചുരുക്കിക്കളയാം എന്നു വിചാരിച്ചു. അതങ്ങനെ തന്നെ മറക്കുകയും ചെയ്തു.
    അന്‍പത് ഉലുവാ മുടക്കാനുള്ളവര്‍ വാങ്ങൂ, വായിക്കൂ, പ്രബുദ്ധരാകൂ.....എപ്പടി?

     
  11. At Thu Aug 03, 12:35:00 AM 2006, Blogger A Cunning Linguist said...

    ഞാന്‍ വന്നൂ... എന്റെ അഭിപ്രായങ്ങള്‍....

    1.ബാറ്ററി കാര്‍
    ഞാന്‍ പറയുന്ന (പ്രാകുന്ന) ഇലക്ട്രിക് കാറും ബാറ്ററി കാറും എല്ലാം ഒന്നു തന്നെ, അതിനാല്‍ ഇത് വായിച്ചാല്‍ എന്റെ പണി എളുപ്പമാകും.

    2. കാറ്റ് കാര്‍
    ഇതിലും പ്രശ്നം ഇല്ക്ട്രിക് കാറുകളുടെതു തന്നെ. വൈദ്യുതി ഉല്‍പാദിപ്പിക്കുന്പോഴുണ്ടാകുന്ന മലിനീകരണം ഇവിടെ ആരും ശ്രദ്ധിക്കുന്നില്ല. അതിനാല്‍ തന്നെ, റോഡില്‍ ഉണ്ടാകുന്ന മലിനീകരണം, പവര്‍സ്റ്റേഷനുകളിലേക്ക് മാറ്റപ്പെടുന്നൂ എന്നേയുള്ളൂ.... (ഇലക്ട്രിക് കാറുകളുടെ പ്രശ്നവും ഇതു തന്നെ, മുകളിലെ ലിങ്കു ഫോള്ളോ ചെയ്താല്‍ കൂടുതല്‍ അറിയാം)

    3. കാറ്റാടി
    ഇതു കൊള്ളാം...പക്ഷെ സാധാരണ ഹൈഡല്‍ പ്ലാന്റ്റുകളിലും ഇതു തന്നെയല്ലേ നടക്കുന്നത്...???...ടര്‍ബൈന്‍ കറക്കുക, കറന്റുണ്ടാക്കുക.....

    4. എന്തിനധികം..
    ഇറാഖ് യുദ്ധം നടന്ന സമയത്ത്, ഒരു ബി ബി സി റിപ്പോര്‍ട്ടര്‍, ഇതു പോലൊരു സംവിധാനം ഉപയോഗിച്ചതായി അറിയുവാന്‍ കഴിഞ്ഞു...

     
  12. At Thu Aug 03, 07:18:00 AM 2006, Blogger myexperimentsandme said...

    ഞാനേ, കാറ്റ്‌ കാറുകള്‍ എങ്ങിനെയൊക്കെയാണ് പരിസരമലിനീകരണം ഉണ്ടാക്കുന്നതെന്ന് ഒന്ന് വിശദീകരിക്കാമോ? ഞാന്‍ മനസ്സിലാക്കിയിടത്തോളം കാറ്റ് കാറില്‍ നിന്നും മലിനീകരണത്തിനുള്ള സ്കോപ്പ് വളരെ കുറവാണ്. കാറ്റ് കാറുകളില്‍ വൈദ്യുതി ഉല്‍‌പാദിപ്പിക്കുന്നു എന്ന് പറഞ്ഞത് ഏതുതരം വൈദ്യുതിയാണ്?

    ബാറ്ററി കാറുകള്‍ക്കുവേണ്ട വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള്‍ മലിനീകരണം ഉണ്ടാവുന്ന രീതിയില്‍ തന്നെ ബയോഡീസല്‍ ഉല്‍‌പാദിപ്പിക്കുമ്പോഴും ഏതെങ്കിലുമൊക്കെ രീതിയില്‍ മലിനീകരണം ഉണ്ടാവില്ലേ? ഉല്‍‌പാദനപ്രക്രിയയിലെ മലിനീകരണം ഏന്തായാലും പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കുമോ?

    ഇവിടെ പ്രധാനമായും ഉല്‍‌പാദനപ്രക്രിയയിലെ മലിനീകരണത്തേക്കാള്‍ ആള്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത് വണ്ടി ഓടുമ്പോള്‍ ഉള്ള മലിനീകരണത്തിനാണെന്ന് തോന്നുന്നു. പ്രത്യേകിച്ചും നഗരപ്രദേശങ്ങളില്‍ വണ്ടി ഓടുമ്പോഴത്തെ മലിനീകരണം വലിയ പ്രശ്‌നം തന്നെ. ഉല്‍‌പാദനം എന്തെങ്കിലും റിമോട്ട് പ്രദേശങ്ങളിലാണെങ്കില്‍ മലിനീകരണം ഉണ്ടാവും, എങ്കിലും വണ്ടി ഓടുമ്പോള്‍ പുറത്തേക്ക് തള്ളുന്ന മലിനീകരണം എങ്കിലും ഒഴിവാക്കാമല്ലോ.

    കാറ്റ് കാറുകളില്‍ എങ്ങിനെയൊക്കെയാണ് മലിനീകരണം ഉണ്ടാവുന്നതെന്ന് പിടികിട്ടിയില്ല.

     
  13. At Thu Aug 03, 07:47:00 AM 2006, Blogger ബിന്ദു said...

    അയ്യോ ഊര്‍ജതന്ത്രം എന്നും പറഞ്ഞോടാന്‍ തുടങ്ങിയതാണു ഞാന്‍, പിന്നെയോര്‍ത്തു വക്കാരിയുടേതല്ലേ എന്തെങ്കിലും തന്ത്രം കാണാതിരിക്കില്ല എന്നു. അപ്പോള്‍ ഓടുകയാണെങ്കില്‍ ഇതുപോലെ പുറത്തുകെട്ടിയോടണം അല്ലേ? മനസ്സിലായി. എത്രയെത്ര ഓട്ടങ്ങള്‍ ഞാന്‍ വെയിസ്റ്റാക്കി. :)

     
  14. At Thu Aug 03, 11:49:00 AM 2006, Blogger വര്‍ണ്ണമേഘങ്ങള്‍ said...

    പരാതി പുസ്തകം
    പേജ്‌ 1
    മര്യാദയ്ക്ക്‌ പഴയ പോലെ പോസ്റ്റുകള്‍ ഇട്ടില്ലേല്‍ ഊര്‍ജ്ജം കൂട്ടി ഇനിയും പരാതി എഴുതും.
    പേജ്‌ 2
    മര്യാദയ്ക്ക്‌ പഴയ പോലെ പോസ്റ്റുകള്‍ ഇട്ടില്ലേല്‍ ഊര്‍ജ്ജം വീണ്ടും കൂട്ടി ഇനിയും ഇനിയും പരാതി എഴുതും.
    പേജ്‌ 3
    മര്യാദയ്ക്ക്‌ പഴയ പോലെ പോസ്റ്റുകള്‍ ഇട്ടില്ലേല്‍ ഊര്‍ജ്ജം വീണ്ടും വീണ്ടും കൂട്ടി ഇനിയും ഇനിയും ഇനിയും പരാതി എഴുതും.
    .
    .
    .

     
  15. At Thu Aug 03, 12:21:00 PM 2006, Blogger A Cunning Linguist said...

    മാഷെ, നിങ്ങള്‍ കാറ്റ് കംപ്രസ്സ് ചെയ്യുന്ന കാര്യം പറഞ്ഞു, എന്റെ അറിവില്‍ ഇലക്ട്രിക് കംപ്രസ്സറുകള്‍ അല്ലാതെ, വേറെ എന്തെങ്കിലും രീതിയില്‍ ഇത്ര പെട്ടെന്ന് കംപ്രസ്സ് ചെയ്യുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
    ഈ കാറ്റ് കാറുകളില്‍ ഉണ്ടാകുന്ന ഊര്‍ജ്ജം, സിലിണ്ടറുകളില്‍ അതിമര്‍ദ്ദത്തില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന വായുവിന്റെ 'pressure energy' ആണ്. ഈ 'pressure energy' എവിടെ നിന്നു വന്നു എന്ന് ചോദിച്ചാല്‍ അതിനുത്തരം, എയര്‍ കംപ്രസ്സര്‍ വര്‍ക്ക് ചെയ്തു എന്ന് പറയാം. എയര്‍ കംപ്രസ്സറിനു വര്‍ക്ക് ചെയ്യുവാന്‍ ഉര്‍ജ്ജം വേണ്ടെ??....അതെവിടുന്നു കിട്ടി, ഇലക്ട്രിക് കംപ്രസ്സറുകളിലാണെങ്കില്‍ അത് വൈദ്യുതി ആണ് എന്ന് പറയാം...ഇനി ഈ വൈദ്യുതി എങ്ങനെ വന്നു??...പവര്‍ പ്ലാന്റുകളില്‍ നിന്നും,....പവര്‍പ്ലാന്റുകളില്‍ എങ്ങനെ വൈദ്യുതി ഉണ്ടാകുന്നു...ഫോസ്സില്‍ ഇന്ധനങ്ങള്‍ കത്തിച്ചോ, അല്ലെങ്കില്‍ ആണവ പ്രക്രിയകള്‍ വഴിയോ...ആദ്യത്തെ പ്രക്രിയ ആണ് കൂടുതലും ഉപയോഗിക്കുന്നത് എന്നതിനാല്‍ അതു തന്നെ എടുക്കാം....ബാക്കി ഞാന്‍ നേരത്തെ സൂചിപ്പിച്ച എന്റെ പോസ്റ്റില്‍ ഉണ്ടല്ലോ???...
    അപ്പോള്‍ ഈ പ്രക്രിയകളെല്ലാം ഇങ്ങനെ എഴുതാം...

    സൂര്യന്‍-->ചെടികള്‍ capture ചെയ്ത് കാര്‍ബണിക പദാര്‍ത്ഥങ്ങളില്‍ സൂക്ഷിക്കുന്നു-->അവ ഫോസ്സിലൈസ് ചെയ്യപ്പെട്ട് പെട്രോളിയം ആകുന്നു-->അവ കുഴിച്ചെടുത്ത് ഫോസ്സില്‍ ഇന്ധനങ്ങള്‍ ഉണ്ടാക്കുന്നു-->അവ കത്തിച്ച് പവര്‍ പ്ലാന്റുകളില്‍ വൈദ്യുതി ഉണ്ടാക്കുന്നു-->വൈദ്യുതി പലയിടത്തേക്കായി വിതരണം ചെയ്യുന്നു-->ഇതുപയോഗിച്ച് കംപ്രസ്സര്‍ ഓടിക്കുന്നു-->'pressure energy'-->അത്, കാറ്റ് കാര്‍ മെക്കാനിക്കല്‍ ഊര്‍ജ്ജം ആയിട്ട് covert ചെയ്യുന്നു

    ചുരുക്കത്തില്‍, ഇതാണ് കാറ്റ് കാറില്‍ സംഭവിക്കുന്നത്. അവസാനത്തെ 3-4 steps ഒഴിച്ച് ബാക്കി എല്ലാം ഇലക്ട്രിക് കാറിലും നടക്കുന്നു....(അതായത് രണ്ടും ഏകദേശം ഒന്നു തന്നെ)...ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഓരോ step-ഇലും നമ്മുക്ക് , first law of thermodynamics or law of conservation of energy , പ്രകാരം നഷ്ടം സംഭവിക്കുന്നു....(കണ്‍വേഷന്‍ ലോസ്സുകളല്ലാതെ മറ്റൊന്നും ഇപ്പോള്‍ കണ്‍സിഡര്‍ ചെയ്യുന്നില്ല) അതു കൊണ്ട് കാറ്റ് കാറില്‍ 1000 kj ഊര്‍ജജം ഉല്‍പാദിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് പവര്‍പ്ലാന്റ്റുകളില്‍ 10000 kj ഊര്‍ജ്ജം ഉല്‍പാദിപ്പിക്കേണ്ടതായി വരുന്നു.... അതിനനുസരിച്ച് മലിനീകരണവും ഉണ്ടാകുന്നു എന്ന് ഞാന്‍ പറയേണ്ടല്ലോ????
    ഇനി ജൈവ ഇന്ധനങ്ങളുടെ ആ steps ഒന്നു നോക്കാം,...

    സൂര്യന്‍-->ചെടികള്‍ capture ചെയ്ത് കാര്‍ബണിക പദാര്‍ത്ഥങ്ങളില്‍ സൂക്ഷിക്കുന്നു-->നമ്മള്‍ അതു ആട്ടിയെടുക്കുന്നു-->ഇതു വാഹനങ്ങളിലുപയോഗിക്കുന്നു

    ഇപ്പോള്‍ എന്തു മാത്രം മലിനീകരണം ഒഴിവാക്കുവാന്‍ പറ്റി എന്ന് കൂടി നോക്കുക... മാത്രവുമല്ല, സൂര്യന്‍ തരുന്ന ഊര്‍ജ്ജം എന്ത് efficient ആയിട്ട് ജൈവ ഇന്ധനങ്ങളില്‍ കൂടി നമ്മുക്ക് കിട്ടുന്ന് എന്ന് കൂട് മനസ്സിലാകുക.......

    (ഈശ്വരാ എനിക്ക് ബ്ളോഗാക്കന്‍ പറ്റിയൊരു ടോപ്പിക്കാണ്, ഒരു കമന്റായിത്തീരുന്നത്..... വക്കാരീ ചെലവുണ്ട് ട്ടോ!!!)

     
  16. At Thu Aug 03, 12:27:00 PM 2006, Blogger myexperimentsandme said...

    “നമ്മള്‍ അതു ആട്ടിയെടുക്കുന്നു“ - ഈ ആട്ടിയെടുക്കല്‍ പ്രക്രിയ എങ്ങിനെ? വ്യാവസായിക അടിസ്ഥാനത്തില്‍ ജൈവ‌ ഇന്ധനം ഉണ്ടാക്കണമെങ്കില്‍ അവിടേയും പവര്‍ പ്ലാന്റും വൈദ്യുതിയുമൊക്കെ വേണ്ടിവരില്ലേ? അപ്പോള്‍ അവിടേയും മലിനീകരണമുണ്ടാവില്ലേ?

     
  17. At Thu Aug 03, 12:53:00 PM 2006, Blogger A Cunning Linguist said...

    “നമ്മള്‍ അതു ആട്ടിയെടുക്കുന്നു“ - ഈ ആട്ടിയെടുക്കല്‍ പ്രക്രിയ എങ്ങിനെ? വ്യാവസായിക അടിസ്ഥാനത്തില്‍ ജൈവ‌ ഇന്ധനം ഉണ്ടാക്കണമെങ്കില്‍ അവിടേയും പവര്‍ പ്ലാന്റും വൈദ്യുതിയുമൊക്കെ വേണ്ടിവരില്ലേ? അപ്പോള്‍ അവിടേയും മലിനീകരണമുണ്ടാവില്ലേ?

    ഇന്നത്തെ രീതിയില്‍ നിങ്ങള്‍ പറഞ്ഞ പോലെ, അതൊക്കെ വേണ്ടി വരും, എന്നാല്‍ പുറത്തു നിന്നുള്ള ഒരു ഊര്‍ജ്ജ സ്രോതസ്സിനെയും ആശ്രയിക്കാതെ, ഒരു 'self sustainable' ജൈവ ഇന്ധന പ്ലാന്റ് ഉണ്ടാക്കാവുന്നതേയുള്ളൂ....

    ഇനി പോട്ടെ, അങ്ങനെ അല്ലെങ്കില്‍ തന്നെ (ഇന്നത്തെ കാര്യം ആലോചിക്കാം....അല്ലേ), ഇവിടെ ജൈവൈന്ധനം, ഊര്‍ജ്ജം ഉണ്ടാക്കുകയാണ് ചെയ്യുന്നത് (energy path-ല്‍ ഊര്‍ജ്ജം ഇന്ജക്ട് ചെയ്യുന്നു എന്ന് വേണമെങ്കില്‍ പറയാം).... മാഷ് പറഞ്ഞ കേസുകളിലെല്ലാം, ഉണ്ടായ ഊര്‍ജ്ജത്തെ കണ്‍വേര്‍ട്ട് ചെയ്യുകയുകയാണ് ചെയ്യുന്നത്!!!.... രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ട് എന്നോര്‍ക്കുക....

     
  18. At Thu Aug 03, 01:06:00 PM 2006, Blogger myexperimentsandme said...

    ലോ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് എനര്‍ജി പ്രകാരം ഊര്‍ജ്ജം ഉണ്ടാക്കാന്‍ പറ്റുമോ? ഊര്‍ജ്ജം ഒരു ഫോമില്‍ നിന്നും വേറൊരു ഫോമിലേക്ക് കണ്‍‌വെര്‍ട്ട് ചെയ്യാനല്ലേ പറ്റൂ? (അറിവുകള്‍ പരിമിതമാണേ:)) അങ്ങിനെയെങ്കില്‍ ജൈവഇന്ധനം ഊര്‍ജ്ജം ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്നതില്‍‌നിന്നും എന്താണ് ഉദ്ദേശിക്കുന്നത്?

    അപ്പോള്‍ “ഞാന്‍” പറഞ്ഞുവരുന്ന പ്രകാരം ജൈവ ഇന്ധന നിര്‍മ്മാണ പ്രക്രിയയിലും വൈദ്യുതി മുതലായവ ഉപയോഗിക്കുന്നതുമൂലം മലിനീകരണവും മറ്റും വരാം. ബാറ്ററി, കാറ്റ് മുതലായവ വഴിയുള്ള ഉത്‌പാദനപ്രക്രിയയുമായി താരതമ്യം ചെയ്യുമ്പോള്‍ മലിനീകരണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാം. ചിലപ്പോള്‍ ജൈവ ഇന്ധന നിര്‍മ്മാണത്തില്‍ കുറച്ച് മലിനീകരണമേ ഉണ്ടാവുമായിരിക്കുകയുള്ളൂ (അറിയില്ല).

    അതുകൊണ്ട് ഉത്‌പാദനപ്രക്രിയയിലെ മലിനീകരണം മാറ്റിവെച്ച് വണ്ടി ഓടുമ്പോളുള്ള മലിനീകരണത്തെപ്പറ്റി ചിന്തിച്ചാലോ? അവിടെ കാറ്റൂര്‍ജ്ജമായിരിക്കുമോ ജൈവയൂര്‍ജ്ജമായിരിക്കുമോ കുറവ് മലിനീകരണം തരുന്നത്?

    ഇനി ഫ്യൂവല്‍ സെല്ലിനെപ്പറ്റി ആലോചിച്ചാല്‍ അവിടെ ഉത്‌പാദനപ്രക്രിയയിലെ മലിനീകരണവും കുറവായിരിക്കുകയില്ലേ (പ്യുവര്‍ ഹൈഡ്രജന്‍ കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു, എങ്കിലും).

     
  19. At Thu Aug 03, 01:30:00 PM 2006, Blogger A Cunning Linguist said...

    ലോ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് എനര്‍ജി പ്രകാരം ഊര്‍ജ്ജം ഉണ്ടാക്കാന്‍ പറ്റുമോ? ഊര്‍ജ്ജം ഒരു ഫോമില്‍ നിന്നും വേറൊരു ഫോമിലേക്ക് കണ്‍‌വെര്‍ട്ട് ചെയ്യാനല്ലേ പറ്റൂ? (അറിവുകള്‍ പരിമിതമാണേ:)) അങ്ങിനെയെങ്കില്‍ ജൈവഇന്ധനം ഊര്‍ജ്ജം ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്നതില്‍‌നിന്നും എന്താണ് ഉദ്ദേശിക്കുന്നത്?

    ഉണ്ടാകുവാന്‍ പറ്റില്ല (nuclear enrgy ഇതിനൊരു exception ആണെങ്കിലും)...അതു കൊണ്ട് തന്നെയാണ് energy inject ചെയ്യുന്നു എന്ന് ബ്രക്കറ്റില്‍ എഴുതിയത് .... ഇതില്‍ കൂടുതല്‍ വിശദീകരിക്കുവാന്‍ എന്റെ 'ഭാഷാ നൈപുണ്യം' അനുവദിക്കുന്നില്ല....

    അതുകൊണ്ട് ഉത്‌പാദനപ്രക്രിയയിലെ മലിനീകരണം മാറ്റിവെച്ച് വണ്ടി ഓടുമ്പോളുള്ള മലിനീകരണത്തെപ്പറ്റി ചിന്തിച്ചാലോ?

    ...എന്ന് തന്നെയാണ് നമ്മളെല്ലാം ഇപ്പോള്‍ ചിന്തിക്കുന്നത്.... അത് തെറ്റായ ചിന്താഗതി തന്നെയാണ് .... ഉല്‍പാദന്ത്തിലെ മലിനീകരണം നമ്മള്‍ ആലോചിക്കേണ്ടത് തന്നെയാണ് ... എന്നാലെ മലിനീകരണത്തെയും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ പറ്റൂ....

    അവിടെ കാറ്റൂര്‍ജ്ജമായിരിക്കുമോ ജൈവയൂര്‍ജ്ജമായിരിക്കുമോ കുറവ് മലിനീകരണം തരുന്നത്?
    ജൈവൈന്ധനങ്ങള്‍ ഒരു closed loop carbon cycle ആണുണ്ടാക്കുന്നത്, ആയതിനാല്‍ മലിനീകരണം ഉണ്ടാകുന്നില്ല.

    മലിനീകരണം എന്ന് പറയുന്നത്, ജൈവൈന്ധനങ്ങളുടെ ഒരു ചെറിയ പ്ലസ് പോയിന്റ് മാത്രമാണ്.... വേറെ പലതുമുണ്ട്.... ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ???

     
  20. At Thu Aug 03, 01:38:00 PM 2006, Blogger അരവിന്ദ് :: aravind said...

    വക്കാരി ഊര്‍ജ്ജതന്ത്രം എന്ന പേരില്‍ പോസ്റ്റിട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ശാപ്പാടടിക്കുന്ന കാര്യം വല്ലതുമായിരിക്കുമെന്ന്!
    പക്ഷേ സംഗതി സീരിയസ്സാണെന്ന് മന്‍‌സിലായതും ഞാനും സീര്യസ്സായി.
    കൊള്ളാം വക്കാരീ...ഈ എഫേര്‍ട്ട് അഭിനന്ദനീയം. ഡിസ്കവറിയിലെ പല പരിപാടികളും കാണുമ്പൊള്‍ എനിക്കും തോന്നും ഇങ്ങനെ ചില കുറിപ്പുകള്‍ എഴുതിയാലോ എന്ന്..നടക്കാറില്ല. ഇനിയും പ്രതീക്ഷിക്കുന്നു.

    ഡിസ്കവറിയേക്കാള്‍ നല്ല ചില പരിപാടികള്‍ ബി ബി സി പ്രൈമില്‍ കാണിക്കും.
    പണ്ട് Days That Shook the World , Industrial Revolution എന്നൊക്കെ പറഞ്ഞ് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തത്ര ഉഗ്രന്‍ ഡോക്യുമെന്ററികള്‍ ബി ബി സി കാട്ടിയിരുന്നു..പിന്നെയത് ഡിസ്കവറിയിലും വരികയുണ്ടായി.
    ഇപ്പോള്‍ ഞാന്‍ സ്ഥിരം കാണുന്നത് മിത്ത് ബസ്റ്റേര്‍സ്, ബ്രൈയി‌ന്യാക്, ജങ്ക് യാര്‍ഡ് മെഗാ വാര്‍സ് ഇവയൊക്കെ. പക്ഷേ നാറ്റ് ജ്യോ യും മോശമല്ല കേട്ടോ...ചില സൂപ്പര്‍ ഡ്യൂപ്പര്‍ ഡോക്യുസ് ഒക്കെ വരും...ഹിസ്റ്ററിയും തകര്‍പ്പന്‍ തന്നെ.
    ബി ബി സി പ്രൈമില്‍ ഈയിടെ പുടിനെക്കുറിച്ച് ഒരു പരിപാടി കണ്ടു..ഹോ! എന്നാ സൂപ്പര്‍ ഡോക്യുമെന്ററിയാ..

    ഏതായാലും ഇങ്ങനെ വിവരങ്ങള്‍ ശേഖരിച്ച് കുറിപ്പുകളിടുന്ന വക്കാരിക്ക് ഭാവുകങ്ങള്‍.

     
  21. At Thu Aug 03, 01:46:00 PM 2006, Blogger myexperimentsandme said...

    ഞാനേ.. എന്തൊക്കെയോ പുടികിട്ടി വരുന്നു. വരുന്തോറും കണ്‍ഫ്യൂഷന്‍ കൂടുന്നു :)

    1. എന്താണ് എനര്‍ജി ഇന്‍‌ജക്ട് ചെയ്യുക എന്നു പറഞ്ഞാല്‍? ഈ എനര്‍ജി ഇന്‍‌ജക്ട് പ്രക്രിയ ജൈവ ഊര്‍ജ്ജത്തിന് മാത്രമേ സാധിക്കുകയുള്ളോ? അതും മറ്റ് ഊര്‍ജ്ജമാര്‍ഗ്ഗങ്ങളായ കാറ്റ്, ഫ്യൂവല്‍ സെല്‍ ഇവയൊക്കെ തമ്മില്‍ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ആ വ്യത്യാസം എത്രമാത്രം പ്രയോജനപ്രദമാണ് നിര്‍മ്മാണ പ്രക്രിയയ്ക്കും പരിസര മലിനീകരണത്തിനും.

    (ഞാനേ ഇത് വിശദീകരിച്ചില്ലെങ്കിലും കുഴപ്പമില്ല, എവിടെയെങ്കിലും തപ്പി കണ്ടുപിടിക്കാമോ എന്ന് നോക്കട്ടെ. താഴത്തെ ഭാഗങ്ങള്‍ ഒന്ന് നോക്കുക)

    2. “ഞാന്‍” പറഞ്ഞതനുസരിച്ച് ഊര്‍ജ്ജനിര്‍മ്മാണത്തിലുള്ള പരിസരമലിനീകരണം വളരെ പ്രധാനമാണ്. സമ്മതിക്കുന്നു. ഇനി, ഈ പരിസരമലിനീകരണം ഇപ്പോഴത്തെ നില വെച്ച് ജൈവ ഊര്‍ജ്ജമുള്‍പ്പടെ എല്ലാ ഊര്‍ജ്ജനിര്‍മ്മാണപ്രക്രിയകള്‍ക്കുമുണ്ട് (ശരിയല്ലേ). ആ ഒരു സ്ഥിതിവിശേഷത്തില്‍ ജൈവ ഊര്‍ജ്ജനിര്‍മ്മാണത്തിന് മറ്റ് ഊര്‍ജ്ജനിര്‍മ്മാണപ്രക്രിയകളെ അപേക്ഷിച്ച് (കാറ്റ്, ബാറ്ററി, ഫ്യൂവല്‍ സെല്‍ തുടങ്ങിയവ) എത്രമാത്രം മെച്ചമുണ്ട്, ഇന്നത്തെ സാഹചര്യത്തില്‍?

    3. “ഞാന്‍“ പറഞ്ഞു, ജൈവ ഇന്ധനം മലിനീകരണമുണ്ടാക്കില്ല എന്ന്. കാറ്റ് ഇന്ധനവും മലിനീകരണമുണ്ടാക്കുന്നില്ലല്ലോ. ഫ്യൂവല്‍ സെല്ലും ഉണ്ടാക്കുന്നില്ല (എല്ലാം വണ്ടി ഓടുമ്പോള്‍ ഉള്ള കണ്ടീഷനില്‍). അതുകൊണ്ട് ആ ഒരു പോയിന്റില്‍ ഇവയെല്ലാം തുല്ല്യനിലയിലാണോ?

    അതുപോലെ കാറ്റും ജൈവവുമായ താരതമ്യത്തില്‍ “ഞാന്‍” ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്‌നം നിര്‍മ്മാണ പ്രക്രിയയിലെ മലിനീകരണമാണല്ലോ. അത് രണ്ടിനും ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ അതുമൂലം കാറ്റെനര്‍ജി മെച്ചമല്ല എന്ന് പറയാന്‍ പറ്റുമോ?

    ഞാന്‍ ജൈവത്തിന് എതിരല്ലെന്ന് മാത്രമല്ല, അനുകൂലവുമാണ്. പക്ഷേ ശരിക്കുള്ള പോയിന്റ് ബൈ പോയിന്റ് കമ്പാരിസണ്‍ ആവശ്യമാണെന്ന് തോന്നുന്നു. മാത്രവുമല്ല വലിയ കാര്‍ കമ്പനികളൊക്കെ ഹൈബ്രിഡിലും ഫ്യൂവല്‍ സെല്ലിലുമാണല്ലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവയേക്കാളൊക്കെ വളരെ മെച്ചമാണ് ജൈവ ഇന്ധനമെങ്കില്‍ എന്തുകൊണ്ട് അവര്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നൊരു സംശയവും ഉണ്ടാകുന്നു.

    ഞാന്‍ എന്തായാലും ഇതിനെപ്പറ്റി നല്ലപോലെ പഠിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. കൊള്ളാം.

     
  22. At Thu Aug 03, 01:59:00 PM 2006, Blogger myexperimentsandme said...

    ഇനി വൈകി വന്നവര്‍ക്കുള്ള നന്ദിപ്രകടനം. പ്രകടനം മൈതാനത്തിന്റെ ഇടതുവശത്തുനിന്നും ആരംഭിച്ച് വലതുവശത്ത് അവസാനിക്കുന്നതാണ്. ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍‌ഡുലമാടുന്നു സ്റ്റൈലില്‍.

    അപ്പോള്‍ ബിന്ദൂ, ഒരു ചാക്കും ഒരു നാപ്പതുകിലോ കട്ടിയും ഒരു സ്പ്രിംഗും ഒരു കാന്തവും കുറച്ച് ചെമ്പുകമ്പിയും ഒരു ബാറ്ററിയും സ്റ്റോക്ക് ചെയ്‌തേക്കുക. എപ്പം ഓടണമെന്ന് തോന്നിയാലും ലെവനെ എടുത്ത് പുറത്തിടുക. ഓടുക. ഊര്‍ജ്ജപ്രതിസന്ധി വെറും പുല്ലാണെന്ന് തെളിയും :)

    വളയമേ, നമ്മള്‍ മാനത്ത് കാണുന്നത് ലെവന്‍ മരത്തേല്‍ കണ്ടോ. സ്കൂളില്‍ പോകുന്ന പുള്ളാരുടെയൊക്കെ സഞ്ചിയില്‍ ഇതുപോലുള്ള കുറെ ക്‍ണാപ്പുകളുണ്ടെങ്കില്‍...

    സ്നേഹിതന്നേ, ഒരു ഊര്‍ജ്ജവും ഇല്ലാതെ നിര്‍ജ്ജീവമായി ഇരുന്ന സമയത്ത് ഉറക്കം തൂങ്ങിയെഴുതിയതാ, അതില്‍‌നിന്നും സ്നേഹിതന്‍ ഊര്‍ജ്ജമുള്‍ക്കൊണ്ടെങ്കില്‍ ധ്യന്യനായ് നില്‍പ്പൂ ഞാന്‍.. :)

    ബാബുവണ്ണാ, കഴിഞ്ഞ കൊല്ലം ഇവിടെ എക്സ്‌പോ 2005 ഉണ്ടായിരുന്നു. ലോകത്ത് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളും സാങ്കേതിക വിപ്ലവുമൊക്കെ കണ്ടുപഠിക്കാന്‍ ബഹു. വക്കം, ബഹു. മാണി, ബഹു. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ഇവിടെ വന്നിരുന്നു. കണ്ടോ എന്നറിയില്ല. പൊരിവെയിലത്ത് കുറേ നടക്കണമായിരുന്നു, മൊത്തം കാണണമെങ്കില്‍. കണ്ടെങ്കില്‍ തന്നെ എന്താവാനാ...

    കേരളീയാ, കാശുകൊടുക്കണോ? നാനോ സാങ്കേതികവിദ്യകളെപ്പറ്റി നല്ല കുറെ ലേഖനങ്ങള്‍ സീയെസ്സ് ശാസ്ത്രലോകത്തില്‍ എഴുതുന്നുണ്ട്. നാനോ നാനോ എന്ന് എല്ലാവരും പറയുന്നുണ്ട്. ഇപ്പോള്‍ എന്ത് ഫണ്ടിംഗിനും സ്വല്‍‌പം നാനോ മേമ്പൊടിക്കുണ്ടെങ്കില്‍ നല്ലതാണെന്നാണ്. തിരുവനന്തപുരത്ത് രണ്ട് ഡോക്ടര്‍ സഹോദരന്മാര്‍ കാര്‍ ഷെഡ്ഡിലും ഉണ്ടാക്കി നാനോ. ഐ.ബീ.എമ്മൊക്കെ ക്ലീന്‍ റൂമുകളില്‍ അതിഭീകര മൈക്രോസ്കോപ്പൊക്കെ വെച്ച് ഉണ്ടാക്കുന്ന സാധനമാണേ.

    പക്ഷേ നാനോ വികസിക്കും. വികസിച്ചേ പറ്റൂ. എല്ലാം കൈക്കുമ്പിളിലാവുന്ന കാലം വിദൂരമല്ല. എന്‍‌ സൈക്കില്‍ പീഡിക ഒരു മൊട്ടുസൂചിയുടെ വലിപ്പത്തില്‍ കിട്ടുമെന്നാണ് സീയെസ്സ് പറഞ്ഞത്.

    മേഘങ്ങളേ, എന്നെ ഒന്ന് ഊര്‍ജ്ജവല്‍‌ക്കരിക്കൂ. ഇപ്പോള്‍ കമന്റിടാനുള്ള ഊര്‍ജ്ജം പോലുമില്ലാതായിരിക്കുന്നു. പഴയ പ്രതാപകാലത്തേക്ക് ഒരു തിരിച്ച് പോക്ക് ഇനി സാധ്യമല്ലെന്നു തന്നെയാണ് തോന്നുന്നത്. പണ്ടത്തെ വയലൊക്കെ നികത്തി അവിടെ അമ്യൂസ്‌മെന്റ് പാര്‍ക്ക് പണിതത്രേ :)

    അര്‍‌വിന്ദോ, യ്യോ അങ്ങിനത്തെ പരിപാടികളൊക്കെ ഉണ്ടോ? ഞാന്‍ ഒരു വെയിറ്റിന് പറഞ്ഞതാ കേട്ടോ ഇതുകവറി എന്നൊക്കെ. ഞാന്‍ വല്ലപ്പോഴുമേ കാണൂ. ഇതാണെങ്കില്‍ തന്നെ ഞായറാഴ്‌ച എഴുന്നേറ്റിട്ട്, പിന്നെയും കിടന്നിട്ട്, ഉറക്കം വരാത്തതുകൊണ്ട്, സ്ലീപ്പിംഗ് പില്‍‌സിനേക്കാളും ഇഫക്റ്റുള്ള ടി.വി. പ്രോഗ്രാം നോക്കി, എന്നാല്‍ ഇതുകവറി കണ്ടേക്കാം എന്നുവെച്ച് കണ്ട ഒരു പരിപാടിയായിരുന്നു, അത്. അത് തീര്‍ന്നതും ഞാനുറങ്ങി. :)

    ഞാനേ, പോരട്ടെ, കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍. വളരെ നന്ദി കേട്ടോ. ലൈവലി ചര്‍ച്ചകള്‍ നമ്മുടെ വിവരങ്ങള്‍ കുറച്ചെങ്കിലും കൂട്ടിയാലോ..

     
  23. At Thu Aug 03, 02:00:00 PM 2006, Blogger A Cunning Linguist said...

    enery inject ചെയ്യുക എന്ന് search ചെയ്താല്‍ എന്തെങ്കിലൂം കിട്ടുമോ എന്ന കാര്യം സംശയമാണ്....മറ്റൊന്നുമല്ല അത് ഞാന്‍ തന്നെ ഇപ്പോള്‍ ഇറക്കിയതാണ് :D.....അത് literally എടുത്താല്‍ മാത്രം മതി...

    ബാക്കി പിന്നെ പറയാം... (കുറച്ച് അത്യാവശ്യങ്ങളുണ്ട്...'energy injection' നെ പറ്റി warning തരാന്‍ വേണടി മാത്രം എഴുതിയതാണ്)

     
  24. At Thu Aug 03, 02:08:00 PM 2006, Blogger അഭയാര്‍ത്ഥി said...

    എല്ലാം ഉദയസൂര്യ പ്രഭാവം. എല്ലാ ഊര്‍ജ്ജത്തിന്റേയും നാഥനായ സുര്യമേവാര്‍ജയ.
    ഇനി ഗന്ധര്‍വ ഫിലോസഫി സൂപര്‍നാച്ചുറല്‍ ഉട്ടോപിയാനിക.



    നാം എന്തിന്‌ സഞ്ചരിക്കണം?.
    വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍ സംകല്‍പ വായു വിമാനത്തില്‍ ഏറിയാലും എന്നു വള്ളത്തോള്‍ വെറുതെ പാടിയതൊ?.
    ഒരു വാഹനത്തിന്റേയും സഹായം നമുക്കാവശ്യമില്ല സഞ്ചരിക്കുവാന്‍.
    എവിടെ എത്തണം ഒരുനിമിഷം കണ്ണടക്കു. ഇനി എത്തേണ്ടിടത്ത്‌ എത്തിയെന്ന്‌ സങ്കല്‍പ്പിക്കു. യു ആര്‍ ദേര്‍. ഈ വെര്‍ച്ചുല്‍ ഇമേജിന്റെ ക്ലാരിറ്റി അല്‍പം കുറവാണ്‌. അല്‍പ്പം പരിശീലിച്ചാല്‍ ക്ലാരിറ്റി കൂടി വരും. ഏതു സൗരയൂധത്തിലും എത്താം. ആരുമായി സംവദിക്കാം.
    ഊര്‍ജ്ജ ശോഷണം വളരെ കുറവ്‌. ചിന്താതരങ്ങള്‍ക്ക്‌ കാന്തിക വീചികളാകാന്‍ മാത്രം വേണ്ട മിനിമം ഊര്‍ജ്ജം. ഏതു മീഡിയയിലും സഞ്ചരിക്കും.
    ഇപ്പോള്‍ ഇതു വട്ടായി തോന്നും. എംകിലും ഏഡി 2500 ഇല്‍ ഇതൊരു യാഥാര്‍ത്യമായിരിക്കും എന്ന്‌ സത്യമായും ഞാന്‍ നിങ്ങളോട്‌ പറയുന്നു.

    ഇന്നത്തെ സാഹചര്യത്തില്‍ ഇത്‌ ഗന്ധര്‍വ വട്ടന്റെ നിരര്‍ത്ഥക ജല്‍പ്പനം.

    വക്കാരി വര്‍ത്തമാനത്തിന്റെ വാഹന വൃത്താന്തവുമായി വന്നിരിക്കുന്നു.

    എന്തിലും ഒരു വക്കാരി വിരല്‍ സ്പര്‍ശം.

    അണപൈ ചിലാവാകാതെ നമുക്ക്‌ വിവരം പകരുന്നു.

    തേങ്ക്സ്‌ വളരെ ഉപകാരം. (ഇത്‌ എന്റെ മകന്‍ 4 വയസ്സില്‍ എന്നെ അനുകരിച്ച്‌ എപ്പോഴും പറഞ്ഞിരുന്നു. ചായകുടിച്ച കാശ്‌ കൊടുക്കുമ്പോള്‍, എന്റെ അമ്മ സദ്യ ഊട്ടിക്കഴിയുമ്പോള്‍, ബസ്‌ കണ്ടക്റ്റര്‍ റ്റിക്കറ്റ്‌ തരുമ്പോള്‍ എന്നുവേണ്ട എന്തിനും ഏതിനും- ഗന്ധര്‍വ പുത്രന്‍ തന്നെ എന്ന്‌ മുറി ഇംഗ്ലീഷ്‌ വഴി അവന്‍ അന്നേ തെളിയിച്ചു.)

     
  25. At Thu Aug 03, 02:19:00 PM 2006, Blogger Rasheed Chalil said...

    ഓഫ് തൊഴിലാളി യൂണിയന്‍ മെമ്പര്‍ഷിപ്പ് വിതരണം തകൃതിയായി നടക്കുന്നു..

    വക്കാരിമാഷേ ഒരു മെമ്പര്‍ഷിപ്പെടുക്കൂ... അര്‍മാദിക്കൂ....

    ഓഫ് തൊഴിലാളി യൂണിയന്‍ സിന്ദാബാദ്... ?
    തോറ്റിട്ടില്ല..തോറ്റിട്ടില്ല..തോറ്റചര്‍ത്രം കേട്ടിട്ടില്ല..

     
  26. At Fri Aug 04, 09:23:00 AM 2006, Blogger രാജേഷ് പയനിങ്ങൽ said...

    വക്കാരീ....താങ്ക്സുണ്ട് ട്ടോ.....

     
  27. At Fri Aug 04, 06:53:00 PM 2006, Blogger Ajith Krishnanunni said...

    ബള്‍ബില്‍ നിന്നും ഫാനില്‍ നിന്നും കറണ്ട്‌ ഉണ്ടാകി അതു തന്നെ പിന്നും ഉപയോഗിക്കുക.. ഇതൊക്കെ ഇനി ആരാണാവോ കണ്ടുപിടിക്കുക ?
    എനിക്കാണേല്‍ സമയമില്ല.

     
  28. At Mon Aug 07, 04:22:00 PM 2006, Blogger A Cunning Linguist said...

    വക്കാരി മാഷെ...എനിക്ക് പറയാനുള്ളതെല്ലാം ഞാനൊരു powerpoint presentation ആക്കി, ദേ ഇവിടെ ഇട്ടിട്ടുണ്ട്...ഒന്നെ കേറി നോക്കിയാട്ടെ..

    http://www.bestsharing.com/files/ms00192882/bio.zip.html

     
  29. At Mon Aug 07, 04:25:00 PM 2006, Blogger A Cunning Linguist said...

    ഇതാ ഇവിടെ...മുന്പ് ഇട്ടത് മുഴുവന്‍ വന്നില്ല എന്ന് തോന്നുന്നു....

     

Post a Comment

<< Home