ഡീപ്പീയീപ്പീ
ഒരു ദിവസം വൈകുന്നേരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്‌പ്രസ്സിൽ ഇരിക്കുകയായിരുന്നു. വഞ്ചിനാടിൽ കയറൽ കലാപരിപാടിയിൽ വിജയശ്രീലാളിതനായതു കാരണം ഇരിക്കാൻ ഒരു സീറ്റ് കിട്ടി. മൂന്നുനാലുമണിക്കൂർ കഴിഞ്ഞാലേ വീട്ടിലെത്തൂ.
ലോകകാര്യങ്ങളും നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ഓർത്തിങ്ങിനെ ഇരിക്കുമ്പോൾ ഇതാ വരുന്നൂ കുറെ യുവതീയുവാക്കൾ. ലഖുലേഖ വിതരണമാണ്, ഡീപ്പീയീപ്പിക്കെതിരെ (അതിപ്പോഴുമുണ്ടോ ആവോ).
അവർ വളരെ ആത്മാർത്ഥമായി ലഖുലേലകൾ വിതരണം ചെയ്യുകയും ഡീപ്പീയീപ്പീയുടെ ദോഷവശങ്ങളെക്കുറിച്ച് ആൾക്കാരെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഈ ഡീപ്പീയീപ്പീ നമ്മുടെ കൊച്ചുകേരളത്തിൽ രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കും. കാശുള്ള വീട്ടിലെ പിള്ളേർ ഡോക്ടറും എഞ്ചിനീയറുമൊക്കെ ആകുമ്പോൾ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന പട്ടിണിപ്പാവങ്ങൾ തേങ്ങ മാവിലാണോ കായ്ക്കുന്നത്, വേണമെങ്കിൽ ചക്ക വേരേലും കായ്ക്കുമോ, കാക്കേ കാക്കേ കൂടെവിടെ എന്നൊക്കെ തപ്പി പാടത്തും പാടശേഖരങ്ങളിലും വയലേലകളിലും കൂടി കറങ്ങിയടിച്ച് ക്ലാസ്സിലും കയറാതെ തെക്കുവടക്കു നടക്കുകയേ ഉള്ളൂ എന്നൊക്കെ അവർ വെച്ചുകാച്ചുന്നുണ്ട്. അതുകൊണ്ട് എന്തു വിലകൊടുത്തും ഡീപ്പീയീപ്പീയെ നാട്ടിൽനിന്നും കെട്ടുകെട്ടിച്ച് അറബിക്കടലിൽ കൊണ്ടുപോയി താഴ്‌ത്തണം എന്നുള്ളതാണ് അവരുടെ വിനീതമായ അഭ്യർഥന.
ലഖുലേഖവിതരണം ഞാനിരിക്കുന്ന സീറ്റുകളുടെ അടുത്തെത്തി. എനിക്കഭിമുഖമായിരിക്കുന്ന കണ്ണടവെച്ച മാന്യന്റെ മടിയിൽ ലഖുലേഖ ഇടാൻ തുടങ്ങിയതേ ഉള്ളൂ, അദ്ദേഹം പൊട്ടിത്തെറിച്ചു…
“എനിക്കു വേണ്ട നിങ്ങളുടെ ഈ പേപ്പറു കഷണം. എന്തു പുതിയ പരിപാടി വന്നാലും അതെന്താണെന്നുപോലും അറിയുന്നതിനുമുമ്പ് അതിനെ കണ്ണടച്ച് എതിർക്കുക എന്ന ഈ പരിപാടിയാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം” അദ്ദേഹം രോഷം കൊള്ളുകയാണ്.
ഡീപ്പീയീപ്പീയെപ്പറ്റിയൊക്കെ കൂലംകക്ഷമായി പഠിച്ച ഒരാൾ. നാടിന്റെ അധോഗതിയിൽ ഉത്കണ്ഠാകുലനായ കണ്ണടവെച്ച മാന്യൻ. എനിക്കദ്ദേഹത്തിനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. നോട്ടീസു വിതരണം ചെയ്ത യുവരക്തങൾ അദ്ദേഹത്തെ “ലെവനൊക്കെ യെവിടുന്നു വരുന്നടേ” എന്ന മട്ടിൽ ഒന്നുഴിഞ്ഞുനോക്കിയിട്ട് തങ്ങളുടെ കലാപരിപാടികൾ തുടർന്നു.
ആ മാന്യന്റെ തൊട്ടപ്പുറത്തിരുന്ന ദേഹം ആ നോട്ടീസ് വളരെ ശ്രദ്ധാപൂർവ്വം വായിക്കുന്നതുകണ്ടു. വളരെനാളുകൾക്കുശേഷം കേരളനാട്ടിലെത്തിയ ഒരു പ്രവാസിയാണെന്നു കണ്ടാലേ തോന്നും.
വിശദമായ നോട്ടീസ് വായനയൊക്കെ കഴിഞ്ഞ് നമ്മുടെ പ്രവാസി തലയുയർത്തി നോക്കി. അദ്ദേഹത്തിന്റെ കണ്ണുകൾ കണ്ടാലേ അറിയാം, അദ്ദേഹത്തിന് ഡീപ്പീയീപ്പീയെപ്പറ്റി ഇനിയും എന്തൊക്കെയോ അറിയണമെന്നുണ്ടെന്ന്. ചോദിക്കാൻ പറ്റിയ ആൾ തന്നെ തൊട്ടടുത്തിരിപ്പുണ്ടല്ലോ. രോഷം കൊണ്ട മാന്യന്റെ രോഷം അപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്തു പരിപാടി വന്നാലും എന്താണെന്നുപോലും അറിയുന്നതിനുമുൻപേ അതിനെ കണ്ണടച്ച് എതിർക്കുന്ന പരിപാടിയെ അദ്ദേഹം പിന്നെയും പിന്നെയും ചീത്ത പറഞ്ഞുകൊണ്ടിരുന്നു.
“അല്ലാ….ഈ ഡീപ്പീയീപ്പീയെന്നു പറഞ്ഞാൽ ശരിക്കും സംഗതിയെന്താ?” പ്രവാസി ദേഹം രോഷംകൊണ്ട മാന്യനോടു നിഷ്കളങ്കമായി ചോദിച്ചു.
“അതെനിക്കറിയാൻ മേല…..പക്ഷേ, എന്തിനേയും എന്താണെന്നുപോലും അറിയുന്നതിനുമുൻപ് കണ്ണടച്ചെതിർക്കുന്ന ഈ പരിപാടി എന്തായാലും ശരിയല്ല” അദ്ദേഹം ജ്വലിച്ചു.
ആ പാവം യുവരക്തങ്ങൾ കൊടുത്ത നോട്ടീസ്സിൽ എന്താണെഴുതിയിരിക്കുന്നതെന്ന് നോക്കുകപോലും ചെയ്യാതെ കണ്ണടച്ചെതിർത്തുകൊണ്ടാണ് അദ്ദേഹം ജ്വലിച്ചത്……..
7 Comments:
dpep ഇപ്പോഴില്ല.വികസനം എന്നു പറഞ്ഞ് എന്തെങ്കിലുമൊക്കെ തട്ടികൂട്ടാൻ ശ്രമിക്കുമ്പോൾ അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചിവിടെ ആരെങ്കിലും ഒച്ചയുണ്ടാക്കിയാൽ അവരെയൊക്കെ വികസന വിരുദ്ധരായി മുദ്ര കുത്തുന്നതും ഇതു പോലെ പൊട്ട കണ്ണട വെയ്ക്കുന്നവരാണ്
ശരിയാണു തുളസീ...വികസനം കൊണ്ടുവരുന്നവരെയാണോ, വികസനത്തെ എതിർക്കുന്നവരെയാണോ വിശ്വസിക്കേണ്ടതെന്ന സംശയത്തിലാണ് പാവം പൊതുജനം. രണ്ടുകൂട്ടരും ഈ സംശയത്തെ നന്നായി മുതലെടുക്കുന്നില്ലേ എന്നൊരു സംശയവും. സന്ദർശിച്ചതിനു വളരെയധികം നന്ദി.
പതിവുപോലെ തന്നെ നന്നായിട്ടുണ്ട് ! :)
ഡി.പി.ഈ.പി ശരിക്കും ഇമ്പ്ലിമെന്റ് ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. അതെന്താണെന്ന് മനസ്സിലാക്കാതെ അതിനെ നമ്മുടെ നാട്ടുകാർ എതിർത്തു. ഇനി ഭാവിയിൽ അത് തീർച്ഛയായും നമ്മുടെ നാട്ടിൽ നടപ്പാകും - വളരെ വൈകി. കമ്പ്യൂട്ടർ വന്നതുപോലെ.
കുട്ടികളുടെ ഓർമ്മ ശക്തി പരീക്ഷിക്കലാണോ അതോ എന്തെങ്കിലും മനസ്സിലാക്കി പഠിക്കലാണോ ആവശ്യം എന്ന് ചിന്തിക്കാൻ നമ്മുടെ പ്രബുദ്ധ ജനതയ്ക്ക് കഴിയാതെ പോയി.
വളരെ ശരി കലേഷേ... പുസ്തകം കാണാപ്പാഠം പഠിച്ചെഴുതി പരീക്ഷയ്ക്ക് മാർക്കുമേടിക്കുന്നതു മാത്രമാണ് മിടുക്ക് എന്ന വിചാരം പോയാൽ മാത്രമേ അടുത്ത തലമുറയെങ്കിലും നന്നാവൂ. പക്ഷേ ആ വിചാരം ആദ്യം പോവേണ്ടത് മാതാപിതാക്കന്മാരിൽനിന്നാണ്. “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ” എന്ന ആപ്തവാക്യം പോലെ ഡി.പി.ഇ.പി യും വരും ഒരു കാലത്ത്; രണ്ടു തലമുറ അതിനുള്ള വില കൊടുക്കേണ്ടിവന്നാൽ തന്നെയും. എന്തിനേയും കണ്ണടച്ചെതിർക്കുന്നവരും, കണ്ണടച്ചെതിർക്കുന്നതിനെ കണ്ണടച്ചെതിർക്കുന്നവരും ഇടയ്ക്കെങ്കിലുമൊക്കെ ഒന്നു കണ്ണു തുറന്നിരുന്നെങ്കിൽ.
അഭിപ്രായത്തിനു വളരെയധികം നന്ദി.
ഇഷ്ടാ(ഇങ്ങനെ വിളിക്കാനാണെളുപ്പം)
മക്കളെ പഠിപ്പിക്കേണ്ടത് സ്കൂളുകാരാണ് എന്ന് ചിന്തിക്കുന്നവരുടെയിടയില്‍ DPEP പരാജയമാണ്.
സ്വാര്‍ത്ഥന്റെ മക്കളെ ഡീപ്പീയീപ്പീ പടിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
മൂത്തയാള്‍ക്ക് സ്കൂളില്‍ ചേരാന്‍ പ്രായമായി. അടുത്തുള്ള മലയാളം പള്ളിക്കൂടത്തില്‍ നാലാം ക്ലാസ് വരെ പഠിപ്പിക്കാനാണ് തീരുമാനം.
വളരെ നല്ല തീരുമാനം സ്വാർത്‌ഥൻജീ (എന്നിട്ടും താങ്കളുടെ പേര് സ്വാർത്‌ഥൻ!!). കുട്ടികൾ പഠനം ആസ്വദിക്കട്ടെ. എന്താണു പഠിക്കുന്നതെന്നും എന്തിനാണു പഠിക്കുന്നതെന്നും മനസ്സിലാക്കി അവർ പഠിക്കട്ടെ. ഞാനും പരമാവധി ആൾക്കാരോട് അപേക്ഷിക്കാറുണ്ട്, താങ്കൾ ചെയ്യുന്നതുപോലെ ചെയ്യാൻ....കിം ഫലം. താങ്കളുടെ ഓമനകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ഡീപ്പിയീപ്പി എപ്പറ്റി എഴുതിയത് വക്കാരിമാഷായത് കണ്ടപ്പൊളാണ് ഒരു കാര്യം ഒറ്്മ വന്നത്..ജപ്പാനില്‍ ഒരു സ്ത്രീ ഉണ്ട്..തെസ്തുസ്കോ കുറയോനഗ്ഗി..(എന്നാണെന്നു തോന്നുന്നു) പേര്..ടൊട്ടോചാന്‍ എന്ന ഒരു പുസ്തകമെഴുതിയിട്ടുണ്ട്..മലയാളത്തിലും ആംഗലേയത്തിലും പരിഭാഷ വന്നിട്ടുണ്ട്...(നാഷണല്‍ ബുക്ക് ട്രസ്റ്റ്)...എന്തെങ്കിലും അറിവുകള്‍ തരാമോ?
narahdi@gmail.com
സമയമുണ്ടെങ്കില്‍..
Post a Comment
<< Home