Thursday, September 20, 2007

അമേരിക്കന്‍ വിശേഷങ്ങള്‍...സ്വല്പം യൂറോപ്പും

The land of freedom എന്നാണ് അമേരിക്കയെ ചിലരൊക്കെ വിശേഷിപ്പിക്കുന്നത് (അമേരിക്കന്‍ വിരുദ്ധതയും നേതാവിനോടുള്ള ആരാധനയും മൂത്ത് ചിലരൊക്കെ The land of freedumb എന്നും വിളിക്കുന്നുണ്ടെങ്കിലും). പക്ഷേ ഇന്നലത്തെ ജോണ്‍ കെറിയുടെ പ്രസംഗത്തിനിടെ ആന്‍ഡ്രൂ മെയെര്‍ എന്ന വിദ്യാര്‍ത്ഥിയുടെ പ്രകടനവും പോലീസിന്റെ പ്രകടനവും കണ്ടാല്‍ പതിവുപോലെ കണ്‍ഫ്യൂഷനായി. ഒരേ സംഭവം വീഡിയോയില്‍ നേരിട്ട് കണ്ടാല്‍ തന്നെ, ചിത്രീകരിക്കുന്ന രീതി വെച്ചും എഡിറ്റിംഗ് മൂലവും നമ്മുടെ അഭിപ്രായങ്ങള്‍ എങ്ങിനെ മാറിവരാം എന്നും ആ സംഭവത്തോടനുബന്ധിച്ചുള്ള വീഡിയോകള്‍ കാണിക്കുന്നു.

ഈ വീഡിയോ കാണുക:


കടപ്പാട്: http://www.youtube.com/watch?v=giZspLXXBPs


ഇത് കണ്ടാല്‍ ആന്‍ഡ്രൂ മെയെര്‍ അങ്ങിനെയൊരു സ്ഥിതിവിശേഷം നേരിടേണ്ട ആളാണ് എന്നൊരു അഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. സ്ഥിതിവിശേഷം എന്താണെന്നാല്‍ സെനറ്റര്‍ കെറിയുടെ പ്രസംഗത്തിനോടനുബന്ധിച്ചുള്ള ചോദ്യോത്തരവേളയില്‍ മെയെര്‍ കുറച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നു, വികാ‍രഭരിതനായി. ചോദ്യത്തിനിടയ്ക്ക് പുള്ളി ഇങ്ങിനെയും ഡയലോഗടിച്ചു:

“You will take my question because I have been listening to your crap for two hours," (അമേരിക്കന്‍ രീതിയാവാം. അസ്വഭാവികത തോന്നേണ്ട കാര്യമില്ല. പക്ഷേ നാട്ടില്‍ പിണറായി വിജയന്റെ പ്രസംഗത്തിന്റെ സമയത്ത് ആരെങ്കിലും ഇതുപോലെ ചോദ്യം ചോദിക്കാന്‍ തുടങ്ങിയാലറിയാം ഇന്ത്യന്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ രീതികള്‍).

എന്തായാലും അനുവദിക്കപ്പെട്ട സമയത്തിനു ശേഷവും മെയെര്‍ ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ പോലീസ് മൈക്ക് ഓഫാക്കി, പിന്നെയും പുള്ളി പ്രസംഗം തുടര്‍ന്നപ്പോള്‍ പോ‍ലീസ് പൊക്കി-ലിറ്ററലി (വീഡിയോയില്‍ കാണാം). പിന്നെ അവിടുത്തെ പോലീസിന്റെ ആയുധമായ ടേയ്‌സറും പ്രയോഗിച്ചു (സാധാരണ ഭയങ്കര വയലന്റാവുന്നവരെ നിലയ്ക്ക് നിര്‍ത്താനാണ് ടേയ്‌സര്‍ ഉപയോഗിക്കുന്നതെങ്കിലും അമേരിക്കയില്‍ അത്ര വയലന്റല്ലാത്തവരുടെയടുത്തും ഇത് പ്രയോഗിക്കുന്നുണ്ട് എന്നൊരാരോപണമുണ്ട്. ഒരു ഉദാഹരണം ഇവിടെ. അത്രയ്ക്ക് വലിയ പ്രശ്‌നമാണോ മെയെര്‍ ഉണ്ടാക്കിയതെന്ന് മുകളിലത്തെ വീഡിയോ കണ്ടാല്‍ തോന്നില്ല. തികച്ചും ഒരു അഭിപ്രായസ്വാതന്ത്ര്യപ്രശ്‌നം. നമ്മുടെ സഹതാപം മെയെറിന്.

പക്ഷേ ഈ വീഡിയോ കണ്ടാലോ...


കടപ്പാട്: http://www.youtube.com/watch?v=6bVa6jn4rpE

പൊക്കപ്പെട്ട മെയെര്‍ കുതറിയോടി. പിന്നെയും കുതറി. പിന്നെയുമോടി. അപ്പോള്‍ പിന്നെ പോലീസ് എന്ത് ചെയ്യും? വീഡിയോയില്‍ കണ്ടതുപോലൊക്കെ ചെയ്യും. പോലീസ് നില്‍ക്കാന്‍ പറഞ്ഞാല്‍ നിന്നില്ലെങ്കില്‍ പിന്നെ നിക്കാന്‍ പറഞ്ഞ കാരണം എന്തുതന്നെയാണെങ്കിലും -ന്യായമാണെങ്കിലും അന്യായമാണെങ്കിലും- നിന്നേ പറ്റൂ. അല്ലെങ്കില്‍ ഇതുപോലൊക്കെ സംഭവിച്ചേക്കാം. അപ്പോള്‍ പിന്നെയും സംഗതി ന്യൂട്രലായി കണ്‍ഫ്യൂഷനായി. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ എന്താണ്? മെയെര്‍ ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തത്- അത് പ്രൊവൊക്കേറ്റീവാണെങ്കിലും അല്ലെങ്കിലും. ഏതെങ്കിലും രീതിയില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന ചോദ്യങ്ങളൊന്നുമല്ല പുള്ളി ചോദിച്ചതും (കെറിക്കും ബുഷിനും ഏതോ ഒരു സീക്രട്ട് യൂണിയനില്‍ പണ്ട് പഠിക്കുന്ന കാലത്ത് അംഗത്വമുണ്ടായിരുന്നോ എന്നും പുള്ളി ചോദിച്ചിരുന്നു). എന്നിട്ടും പുള്ളിക്കീഗതി വന്നു. പക്ഷേ പോലീസ് പറയുന്നതുപോലെ ചെയ്തില്ലെങ്കിലോ? പോലീസ് പിന്നെന്ത് ചെയ്യും? നാട്ടിലായിരുന്നെങ്കില്‍ ഏതെങ്കിലും നേതാവിനോട് കണ്‍‌സള്‍ട്ട് ചെയ്യാമായിരുന്നു പോലീസിന്. അമേരിക്കന്‍ പോലീസിനൊക്കെ അന്നേരത്തെ സാഹചര്യമനുസരിച്ച് ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് തോന്നുന്നു. കണ്‍ഫ്യൂഷന്‍ എനിക്ക് മാത്രമല്ല; വാര്‍ത്ത മൊത്തത്തില്‍ അവലോകനം ചെയ്താല്‍ ആള്‍ക്കാരുടെ അഭിപ്രായം evenly divided ആണെന്നാണ് ഇവിടെ പറയുന്നത്.

എന്നാലും ആ മെലിഞ്ഞ മെയെറിനെ ഒതുക്കാന്‍ തടിമാടന്മാരായ അഞ്ചോ ആറോ പോലീസ് വേണ്ടിവന്നുവെന്നതാണ് ഇതിലെ അത്ഭുതപ്പോയിന്റ്.

എന്തായാലും സംഗതി ഇന്റര്‍നെറ്റില്‍ തകര്‍ത്തോടുന്നുണ്ട്. ഇതിനിടയ്‌ക്ക് മെയെര്‍ ഇതെല്ലാം പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു പരിപാടികള്‍ ആസൂത്രണം ചെയ്തത് എന്നും കേള്‍ക്കുന്നുണ്ട്. വീഡിയോ ഓണല്ലേ എന്നുറപ്പ് വരുത്തിയിട്ടാണ് പുള്ളി പ്രസംഗം ആരംഭിച്ചത് തന്നെ. പ്രകടനങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ പുള്ളി പോലീസിനോട് പറഞ്ഞത്രേ, “എനിക്ക് നിങ്ങളോട് യാതൊരു പ്രശ്‌നവുമില്ല, നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടി ചെയ്തു” എന്ന്. അതുപോലെ പോലീസ് സ്റ്റേഷനിലും വീഡിയോ കാണുമോ എന്നും പുള്ളി ചോദിച്ചെന്ന്! ആദ്യത്തെ വീഡിയോയില്‍ കക്ഷിയുടെ പ്രകടനം കണ്ടാല്‍ കെറിയുടെ ഉത്തരം കേള്‍ക്കുന്നതിനെക്കാള്‍ തനിക്ക് ചോദിക്കാനുള്ളതൊക്കെ ചോദിച്ചുകൊണ്ടേയിരിക്കുക എന്നതായിരുന്നു കക്ഷിയുടെ ഉദ്ദേശമെന്നും തോന്നും.

ഇതിനു മുന്‍പ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ രാത്രി ഐഡി ചെക്കിനു വന്ന സെക്യൂരിറ്റിയെ ഐഡി കാര്‍ഡ് കാണിക്കാത്തപ്പോള്‍ പുറത്ത് പോകാന്‍ പറഞ്ഞത് കൂട്ടാക്കാത്ത ഒരു വിദ്യാര്‍ത്ഥിയെയും ഇതുപോലെ ടേയ്‌സര്‍ ഉപയോഗിച്ചത് അമേരിക്കയില്‍ വിവാദമായിരുന്നു. മെയെര്‍ സംഭവം ഒരു പുതിയ അമേരിക്കന്‍ സ്ലോഗനുമുണ്ടാക്കി - “Don't Tase Me Bro"

ഗുണപാഠം - സംഗതിയൊക്കെ ശരി, പക്ഷേ മര്യാദയ്ക്ക് നടന്നുകൊള്ളണം.

(ഒരേ സംഭവം എങ്ങിനെ പല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് മലയാളം ബ്ലോഗില്‍ തന്നെ കിരണും നകുലനുമൊക്കെ കാണിച്ച് തന്നിട്ടുണ്ട്. ഒരു ചെറിയ ഉദാഹരണം എന്റെ വകയും).

തീര്‍ന്നില്ല. വേറൊരു വാര്‍ത്ത ഇവിടെ. സ്വന്തം വീടിനു മുന്നിലെ ലോണ്‍ നേരാംവണ്ണം നോക്കാത്തതിന് എഴുപത് വയസ്സായ ഒരമ്മൂമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും അറസ്റ്റ് ചെയ്തത് അമ്മൂമ്മയോട് പേരുവിവരങ്ങള്‍ ചോദിക്കാന്‍ ഒരു പോലീസ് ചെന്നപ്പോള്‍ പുള്ളിക്കാരി ഒന്നും പറയാത്തതുകൊണ്ടാണ്. അതിന്റെ പേരില്‍ ചില്ലറ പിടിവലിയൊക്കെ നടന്ന് അമ്മൂമ്മ വീണ് മൂക്കുപൊട്ടി. പക്ഷേ പോലീസ് എന്നാലും പിടിവിട്ടില്ല. അമ്മൂമ്മയെ കൊണ്ടുപോയി സ്റ്റേഷനിലേക്ക്. കേസ് ഇപ്പോഴും നടക്കുന്നു.

ഗുണപാഠം - സംഗതിയൊക്കെ കൊള്ളാം, പക്ഷേ അമ്മൂമ്മയാണെങ്കിലും പോലീസിനോട് വേണ്ട കളി.

കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് അകലെ യൂറോപ്പില്‍ നടന്നത് ബഹുരസം. ഒരു പുള്ളിക്കാരന്‍ ഒരു കടയുടെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു. പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലം തന്നെ. വേറെ വണ്ടിയൊന്നുമില്ല. പ്രശ്‌നമൊന്നുമില്ല. പക്ഷേ സാധനം വാങ്ങിച്ച് തിരിച്ച് വന്നപ്പോള്‍ ദോ പാര്‍ക്കിംഗ് ഫൈന്‍. പുള്ളി വണ്ടറടിച്ചു. നോക്കിയപ്പോഴല്ലേ, അവിടെ “ഡിസേബിള്‍ഡ് പാര്‍ക്കിംഗ്” എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നു. പുള്ളിക്ക് മൊത്തം കണ്‍ഫ്യൂഷനായി. അപ്പോഴാണ് അപ്പുറത്തെ കടക്കാരന്‍ വിവരം പറയുന്നത്. പുള്ളി വണ്ടി പാര്‍ക്ക് ചെയ്തപ്പോള്‍ അത് നോര്‍മല്‍ പാര്‍ക്കിംഗ് ഏരിയായായിരുന്നു. അണ്ണന്‍ കടയ്ക്കകത്ത് കയറിയ സമയത്ത് പാര്‍ക്കിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓര്‍ഡര്‍ പ്രകാരം ആള്‍ക്കാര്‍ വന്ന് അത് ഡിസേബിള്‍ഡ് പാര്‍ക്കിംഗ് ഏരിയായാക്കി മാര്‍ക്ക് ചെയ്തു. മാത്രമോ, അവര്‍ മാര്‍ക്കിംഗ് കഴിഞ്ഞ് പോയ പുറകെ ട്രാഫിക് വാര്‍ഡനണ്ണന്‍ വന്ന് ഡിസേബിള്‍ഡ് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഏബിള്‍ വണ്ടി കണ്ട് ഫൈനുമിട്ടു. എല്ലാം പെട്ടെന്നായിരുന്നു.

ഇതല്ലേ വെള്ളരിക്കാപ്പട്ടണം.

(അമേരിക്കന്‍ വാര്‍ത്തകള്‍ക്ക് കടപ്പാട് സി.എന്‍.എന്‍; യൂറോപ്പ് വാര്‍ത്തയ്ക്ക് കടപ്പാട് ബി.ബി.സി)

ഗുണപാഠം: ഇത്തരം പോസ്റ്റുകള്‍ കാണുമ്പോഴേ സ്ക്രീനില്‍ ഒരു കമ്പിളിപ്പുതപ്പെടുത്തിടുക:)

Labels: , , , ,

4 Comments:

  1. At Thu Sep 20, 09:26:00 PM 2007, Blogger മൂര്‍ത്തി said...

    വീഡിയോ കാണാനുള്ളത്ര സ്പീഡ് നെറ്റ് കണക്ഷനില്ലാത്തതുകൊണ്ട് ആ ഭാഗം വിട്ടു...എഴുതിയത് മാത്രം വായിച്ചു..‍ പുതപ്പ് തപ്പിയിട്ട് കിട്ടാത്തതുകൊണ്ട്..കമന്റിട്ടിട്ട് പോകുന്നു..:)

    പോസ്റ്റ് കൊള്ളാം എന്തായാലും..

     
  2. At Fri Sep 21, 04:39:00 AM 2007, Blogger myexperimentsandme said...

    ഹ...ഹ... മൂമൂന്നേ, കമ്പിളി വേണമെന്നില്ല. ഒരു വലിയ കുട്ടയായാലും മതി :)

    ആ സംഭവത്തിന്റെ വീഡിയോ നെറ്റില്‍ ഇഷ്ടം‌പോലെയുണ്ട്.

     
  3. At Fri Sep 21, 11:59:00 AM 2007, Blogger കൈയൊപ്പ്‌ said...

    'പോലീസ് നില്‍ക്കാന്‍ പറഞ്ഞാല്‍ നിന്നില്ലെങ്കില്‍ പിന്നെ നിക്കാന്‍ പറഞ്ഞ കാരണം എന്തുതന്നെയാണെങ്കിലും -ന്യായമാണെങ്കിലും അന്യായമാണെങ്കിലും- നിന്നേ പറ്റൂ. അല്ലെങ്കില്‍ ഇതുപോലൊക്കെ സംഭവിച്ചേക്കാം' ഹെല്‍മെറ്റിടാതെ വണ്ടിയോടിച്ച ഒരു പാവത്തിനെ പോലീസുകാര്‍ ജീപ്പിടിച്ച് കേരളത്തില്‍ നിന്ന് പരലോകത്തയച്ചതും ഇതേ ന്യായത്തിലാണു.

    'അവര്‍ ക്കൊക്കെ എന്തും ആവാമല്ലോ!' (കട:സത്യന്‍ അന്തിക്കാട്)

     
  4. At Fri Sep 21, 03:01:00 PM 2007, Blogger myexperimentsandme said...

    അതേ കൈയ്യൊപ്പേ. ചില യാഥാര്‍ത്ഥ്യങ്ങളൊക്കെ അംഗീകരിക്കണമെന്ന് തോന്നുന്നു-പോലീസ് നില്‍‌ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കുക എന്നതുള്‍പ്പടെ. ഒരു വിപ്ലവമോ സമരമോ ഒന്നുമല്ലല്ലോ. പോലീസ് ചെക്കിംഗിനിടയ്ക്കോ അല്ലെങ്കില്‍ അതുപോലുള്ള സമയത്തോ നമ്മളോട് സ്റ്റോപ് എന്ന് പറഞ്ഞാല്‍ എന്താണ് കാര്യം എന്ന് ചോദിക്കാനായിട്ടെങ്കിലും നില്‍‌ക്കുന്നത് തന്നെയായിരിക്കും നല്ലത്.

    പൌരാവകാശങ്ങളെപ്പറ്റി പൌരന്മാര്‍ തന്നെ ബോധവാന്മാരായ നാട്ടിലും പോലീസ് നില്‍‌ക്കാന്‍ പറഞ്ഞാല്‍ ആള്‍ക്കാര്‍ നില്‍‌ക്കുന്നതായിട്ടാണ് കണ്ടുവന്നിരിക്കുന്നത്. ആ സമയത്ത് അതായിരിക്കും നല്ലത്. അവരുടെ കൈയ്യില്‍ തോക്കുണ്ട്, ജീപ്പുണ്ട്, പിന്നെ “ഞങ്ങള്‍ ഞങ്ങളുടെ ഡ്യൂട്ടി ചെയ്യുകയായിരുന്നു” എന്ന് പറയുവാനുള്ള വകുപ്പുമുണ്ട്. നമ്മളെല്ലാവരും കൂടിയാണ് അവരുടെ ഡ്യൂട്ടികള്‍ നിര്‍വ്വചിച്ചിരിക്കുന്നതും അത് ചെയ്യാതിരുന്നാല്‍ അവരെ ചീത്ത വിളിക്കുന്നതും.

     

Post a Comment

<< Home