@#$%$#@&%*!!@#
തലേക്കെട്ടില്‍ മലയാളം അക്ഷരമാലയിലെ ഇഷ്ടമുള്ള അക്ഷരങ്ങള്‍ ഇഷ്ടമുള്ളതുപോലെയൊക്കെ വെച്ച് ഇഷ്ടമുള്ളതുപോലെ പറയാം.
അല്ലാതെ പിന്നെ.
വിദ്യാഭ്യാസനയമോ ദീര്‍ഘവീക്ഷണമോ ഒന്നുമില്ല. ഒരു സര്‍വ്വകലാശാലയോ ഗവേഷണ സ്ഥാപനമോ നേരാംവണ്ണം നടത്തിക്കൊണ്ടുപോകാനുള്ള പൈസയുമില്ല, നയവുമില്ല, വിഷനുമില്ല ഒന്നുമില്ല. എന്നാല്‍ പിന്നെ ഇങ്ങോട്ട് താ ഞങ്ങള്‍ നടത്തിക്കൊള്ളാം എന്ന് കേന്ദ്രം പറയുമ്പോള്‍ ലോകത്തൊരിടത്തുമില്ലാത്ത വാദങ്ങള്‍.
പണ്ട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.എസ്.റ്റിയോ ഐസറോ ഒക്കെ ആക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ പാവപ്പെട്ടവനും സാധാരണക്കാരനും പഠിക്കാനുള്ളതാണ് സര്‍വ്വകലാശാലകള്‍, അതൊക്കെ ഐ.ഐ.റ്റിയാക്കിയാല്‍ പിന്നെ സാധാരണക്കാരൊക്കെ എന്ത് ചെയ്യും എന്നുള്ളതായിരുന്നു വാദം (കുസാറ്റ് തുടങ്ങിയത് സാധാരണക്കാര്‍ക്ക് സാധാരണ വിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്ദേശത്തില്‍ മാത്രമല്ല. ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി മാത്രമുള്ള സര്‍വ്വകലാശാലയായിട്ടായിരുന്നു. തുടങ്ങിയപ്പോള്‍ (ഇപ്പോഴുമങ്ങിനെ തന്നെയാണോ) ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് മാത്രമായുള്ള ഇന്ത്യയിലെ ഏക സര്‍വ്വകലാശാലയായിരുന്നു കുസാറ്റ്. അവിടെ ആകപ്പാടെയുണ്ടായിരുന്ന രണ്ട് ബി.ടെക് കോഴ്സുകള്‍ പോളിമറും ഷിപ്പുമായിരുന്നു. അതില്‍ തന്നെ പോളിമറിന്റെ അടിസ്ഥാന യോഗ്യത ബി.എസ്.സി ഡിഗ്രിയായിരുന്നു. പിന്നെ അവിടെ ബാക്കി ബി.ടെക് കോഴ്സുകള്‍ തുടങ്ങിയപ്പോളോ, സാധാരണക്കാരന് വളരെ പ്രാപ്യമായ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളും. അപ്പോള്‍ പിന്നെ സാധാരണക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം വേണ്ടേ എന്ന് ചോദിച്ചേക്കാം. സമ്മതിച്ചു. കുസാറ്റ് അങ്ങിനെ തന്നെ നിന്ന് വിസിയുടെ മുറിയില്‍ തള്ളിക്കയറ്റവും പത്തിന് പകരം ഇരുപത് സിന്‍ഡിക്കേറ്റ് മെമ്പര്‍മാരും ഒക്കെയായി തുടരട്ടെ).
പക്ഷേ രാജീവ് ഗാന്ധി ബയോടെക്‍നോളജി സെന്ററോ?
അത് പഠനത്തിനല്ല, ഗവേഷണത്തിന് മാത്രമായുള്ള സ്ഥാപനം. കഴിഞ്ഞ ബഡ്ജറ്റില്‍ കേന്ദ്രഗവണ്മെന്റ് ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. പിന്നെ ഭരണം മാറി. എന്തൊക്കെയോ നിഗൂഢ കാരണങ്ങളാല്‍ സംഗതി അങ്ങ് കേന്ദ്രത്തിലേക്ക് പോകുന്നില്ല. അത് കേന്ദ്രത്തിലേക്ക് പോയി എന്ന് പറഞ്ഞ് ഒരു സാധാരണക്കാരനും അപ്രാപ്യമാകാനും പോകുന്നില്ല.
ഇപ്പോള്‍ അവസാനമായി കേട്ടത് കേന്ദ്രം ഏറ്റെടുത്ത് ഇനി അതെങ്ങാനും പൂട്ടിക്കെട്ടി പോയാല്‍ സ്ഥലം കേന്ദ്രത്തിന്റെ കൈയ്യിലിരിക്കില്ലേ. അത് പാടില്ല. അതുകൊണ്ട് സ്ഥലം ഞങ്ങള്‍ വെച്ചോളാം. നടത്തിപ്പ് നിങ്ങളായിക്കോ എന്ന്.
അത് കേന്ദ്രം ഏറ്റെടുത്താല്‍ ആ സെന്ററിനും നാട്ടുകാര്‍ക്കും ഉണ്ടാകുന്ന ഗുണങ്ങളെ കവച്ച് വെച്ചു, നമ്മുടെ സര്‍ക്കാരിന്റെ സ്വതസിദ്ധമായ ചിന്ത-പൂട്ടിക്കെട്ടിപ്പോയാലോ...
സമ്മതിച്ച് കൊടുക്കണം ഇവരെയൊക്കെ.
ആദ്യം ഭരണത്തില്‍ പകുതി വേണമെന്നായിരുന്നു, പിന്നെ വേറേ എന്തൊക്കെയോ ആയിരുന്നു, അവസാനം ഇപ്പോള്‍ ഇതായി കാരണം. വികസനം സെക്കന്റ് സെക്കന്റ് വെച്ചാണ് ലോകത്തെല്ലായിടത്തും. നമ്മുടെ നാട്ടില്‍ ഒരു കൊല്ലം കഴിഞ്ഞു, രാജീവ് ഗാന്ധി സെന്റര്‍ ഇപ്പോഴും വികസിച്ചിട്ടില്ല. വികസിക്കാന്‍ കേന്ദ്രം വേണമെന്നൊന്നുമില്ല. പക്ഷേ സംസ്ഥാന സര്‍ക്കാറായിട്ട് എങ്ങിനെ വികസിപ്പിക്കുമെന്നൊന്ന് പറഞ്ഞാല്‍ മതി. മുന്‍കാല അനുഭവങ്ങള്‍ ധാരാളമുണ്ടല്ലോ.
ചന്ദ്രനില്‍ വരെ ചായക്കട തുടങ്ങും നമ്മള്‍ മലയാളികള്‍. ലോകത്തിന്റെ ഏത് മൂലയിലും നമ്മള്‍ പോകും. പക്ഷേ നമ്മുടെ നാട്ടില്‍ ഒരു കേന്ദ്രസ്ഥാപനം വരണമെങ്കില്‍ അതില്‍ എഴുപത്, അറുപത് ശതമാനമൊക്കെ നമ്മള്‍ മലയാളികള്‍ തന്നെ വേണം. പക്ഷേ നടത്തിപ്പും പൈസയും മൊത്തമായി കേന്ദ്രം കൊടുക്കുകയും വേണം-തീര്‍ന്നില്ല, ഭരണസമതിയില്‍ പകുതിയെങ്കിലും നമ്മളുടെ സര്‍ക്കാരിന്റെ ആള്‍ക്കാരായിരിക്കണം. അല്ലെങ്കില്‍ ബീഹാറികളും മദ്രാസികളും ഇടിച്ച് കയറില്ലേ. പക്ഷേ ഇതേപോലത്തെ കേന്ദ്രസ്ഥാപനങ്ങള്‍, അതങ്ങ് ആസ്സാമിലായാലും, പോയി പഠിക്കാനുള്ള നമ്മുടെ അവകാശങ്ങളെപ്പറ്റി നമുക്ക് നല്ല ബോധമുണ്ട് താനും. അവിടെയെങ്ങാനും ഒരു പ്രാദേശിക സംവരണം കൊണ്ടുവന്നാല്‍ നമ്മള്‍ ഇവിടെയിരുന്ന് മുഖപ്രസംഗമെഴുതും.
ഇതൊക്കെ നമ്മുടെ ഉദാത്തമായ മലയാളിസ്നേഹമാണെന്നും പലരും നമ്മളെ പറ്റിച്ചതിന്റെ തിരിച്ചറിവാണെന്നുമാണോ?
മാരിടൈം വാഴ്‌സിറ്റി ബംഗാളില്‍ വേണമെന്ന് പറഞ്ഞ് ബംഗാളെമ്പിമാരുടെ കൂടെ കൂക്കിവിളിച്ചത് ആരായിരുന്നു? നമ്മുടെ യെമ്പീയണ്ണന്മാര്‍. സംഗതി എവിടെയൊക്കെ അതിന്റെ ക്യാമ്പസ് തുടങ്ങുമെന്ന് തീരുമാനിച്ചപ്പോഴൊന്നും നമ്മുടെ ഒരു യെമ്പീം പറഞ്ഞില്ല, കേരളത്തിലും വേണം ഒരെണ്ണമെന്ന്. പക്ഷേ മന്ത്രിയുടെ കുത്തിനുപിടിക്കാന്‍ നമ്മളുമുണ്ടായിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ ഒരു കേന്ദ്രീയ വിദ്യാലയം തുടങ്ങാന്‍ ശുപാര്‍ശ വന്നപ്പോള്‍ പോലീസ് ക്യാമ്പിനകത്തെങ്ങാണ്ടായിരുന്നു തുടങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ നമുക്ക് ഒരൊറ്റ പിടിവാശി. സംഗതി തുടങ്ങുകയാണെങ്കില്‍ അമ്പതോ മറ്റോ ശതമാനം സീറ്റ് പോലീസുകാരുടെ മക്കള്‍ക്ക് കിട്ടണം-അല്ലെങ്കില്‍ വേണ്ട. അവര്‍ പത്ത് ശതമാനം വരെയോ മറ്റോ കൊടുക്കാമെന്ന് പറഞ്ഞു- നമ്മള്‍ വിട്ടുകൊടുക്കുമോ? നോക്കണേ, അത് വന്നാല്‍ നമ്മുടെ നാട്ടിലെ തന്നെ, നമ്മള്‍ മലയാളികളുടെ തന്നെ, മക്കള്‍ക്കാണ് ഗുണം. പക്ഷേ നമ്മളാരാ മക്കള്‍.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.റ്റി പോലെയെന്തോ ആക്കാന്‍ തുടങ്ങിയത് തട്ടിത്തട്ടി നമ്മള്‍ പാലക്കാട് വരെ കൊണ്ടെത്തിച്ചു. അവിടെനിന്ന് സംഗതി വായു. മദ്രാസ് ഐ.ഐ.റ്റിയുടെ എക്‍സ്‌റ്റന്‍ഷന്‍ തുടങ്ങാന്‍ അവരെ തിരുവനന്തപുരത്ത് സ്ഥലമൊക്കെ കാണിച്ചിട്ട് അവര്‍ പോയപ്പോള്‍ അത് വേറേ എവിടെയോ തുടങ്ങുമെന്നൊന്ന് പറഞ്ഞ് ഇപ്പോള്‍ അതും ഏതാണ്ട് ഗോപി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐസര്‍ സ്ഥാപനമാക്കനുള്ള പരിപാടി നമ്മള്‍ തട്ടി തട്ടി തിരുവനന്തപുരം വരെ എത്തിച്ചിട്ടുണ്ട്. അവിടെനിന്ന് ഒന്നുകില്‍ നാഗര്‍ കോവില്‍, അല്ലെങ്കില്‍ അറബിക്കടല്‍. കേന്ദ്രം തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്, കലക്ടറോട് സ്ഥലം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ശ്രീ അച്യുതാനന്ദന്‍ പറഞ്ഞത്. ഐസര്‍ എന്ന് കേട്ടതേ പൂനയും കല്‍ക്കട്ടയും ഉള്ള സ്ഥലമൊക്കെ തട്ടിക്കൂട്ടി സംഗതി പരിപാടി ആരംഭിച്ചു. ഒറീസയ്ക്ക് കിട്ടേണ്ട ഐസറാണ് കല്‍ക്കട്ടയണ്ണന്മാര്‍ തട്ടി അങ്ങോട്ടിട്ടതെന്നും ആരോപണം (എന്നാലും ഒറീസ്സക്കാര്‍ അതുപോലൊന്ന് വാങ്ങിച്ചെടുത്തു-അവര്‍ക്ക് അത്രയൊക്കെയല്ലേ വിവരമുള്ളൂ. നമ്മളൊക്കെ ആരാ മക്കള്‍). നമ്മള്‍ പതുക്കെ സ്ഥലം തപ്പാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനി സ്ഥലമൊക്കെ കിട്ടിക്കഴിഞ്ഞാലോ, പിന്നെ മലയാളി സംവരണം, ഭരണപങ്കാളിത്തം... കേന്ദ്രത്തിന് കേരളത്തില്‍ തന്നെ തുടങ്ങിയേ പറ്റൂ എന്നുള്ള എന്തെങ്കിലും പിടിവാശി തന്നെ വേണ്ടിവരും അത് ഒന്ന് തുടങ്ങിക്കിട്ടാന്‍. ഇനി അതും കൂടെ അങ്ങ് തമിഴ്‌നാട്ടിലായാല്‍ എന്താ കരുണാനിധിക്ക് കൈയ്ക്കുമോ?
നമുക്ക് വേറേ എന്തൊക്കെ ആഗോള പ്രശ്‌നങ്ങള്‍ കിടക്കുന്നു അല്ലേ, വെടിയുണ്ട, പിണറായി, അച്യുതാനന്ദന്‍... അതിനിടയ്ക്കാണ് ഈ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും. പോകാന്‍ പറ.
നമിച്ചിരിക്കുന്നു കേരളാ സര്‍ക്കാരേ, നമിച്ചിരിക്കുന്നു.
Labels: നമുക്കിതൊക്കെ മതിയെന്നേ ഇതുതന്നെ കൊണ്ടുപോകാനുള്ള പാട്
26 Comments:
ഉഗ്രന്‍ പോസ്റ്റ് !
പക്ഷെ എന്തു ചെയ്യാം. ഈ വായിക്കുന്ന നമ്മളൊന്നുമല്ലല്ലോ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളത്. ചെയ്യാനുള്ളവര്‍ ഇതു വായിക്കുമോ (അവര്‍ക്ക് വായിക്കാനറിയുമൊ??) എന്നൊക്കെ ആര്‍ക്കറിയാം !
കിടിലം പോസ്റ്റ്. രാജേഷ് പറഞ്ഞപോലെ വായിക്കുന്നവര്‍ നമ്മളായിപ്പോയി, എന്തു ഗുണം? എഴുതിയവന്റെ സമയം പാഴ് പിന്നെ വായിച്ച നമ്മളുടേയും..... എന്നാലും പ്രതികരിക്കൂ....
വക്കാരീ ജീ
സമ്മതിച്ചു തന്നിരിക്കുന്നു, പഠിക്കാന്‍ വിട്ട കാലത്ത് പഠിത്തം മാത്രം മതി , എന്നു പറഞ്ഞ വാക്കുകല്‍ അനുസരിച്ചു നടന്നതു കൊണ്ട് ഈ തരം കളികളെല്ലാം കണ്ട് വിഡ്ഢികളായി ജീവിക്കേണ്ടി വന്ന ഞങ്ങളുടെ മനസ്സില്‍ തോന്നിയത് വക്കാരിക്കെങ്ങനെ മനസ്സിലായി?
വക്കാരി,
100% യോജിക്കുന്നു......
നമ്മുടെ സുന്ദരകേരളം നന്നാകാന്‍ കുറച്ചു പാടാ ....
അല്ലാ നന്നായാല്‍ പലര്‍ക്കും ഈവിടെ നിലനില്പില്ല......അതാണു സത്യം
വക്കാരിമാഷേ...
എലിയച്ചാരെത്ര കരിഞ്ഞിട്ടേന്താ... പൂച്ച മൊതലാളിക്ക് കണ്ണീര് പൊട്ടണ്ടേ എന്ന് പറഞ്ഞ പോലെ ‘ഇത് തോന്നണ്ടവര്‍ക്ക് തോന്ന്‌ണില്ലല്ലോ...’ (കടപ്പാട് ജഗതിശ്രീകുമാര്‍. ചിത്രം കാബൂളിവാല)
അത്യുഗ്രന്‍ എന്ന് പറയേണ്ടതില്ലല്ലോ... ലേബലടക്കം.
വക്കാരിമാഷേ, വളരെ നല്ല ലേഖനം.
ദൈവത്തിന്ടെ സ്വന്തം നാടല്ലേ? ഇങ്ങനെയൊക്കെയേ നടക്കൂ. വികസനത്തിലും സാക്ഷരതയിലും മറ്റു സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ മുമ്പിലെത്തുന്ന കാലം വിദൂരമല്ല.
ഭരണയന്ത്രം നന്നായില്ലെങ്കിലും...
നന്നാവും നന്നാവും എന്നു പ്രതീക്ഷിയ്ക്കാം.
ആ പ്രതീക്ഷയിലാണല്ലൊ നാടിന്റെ ഭാവി.
ലേഖനം നന്നായി വക്കാരി.
വക്കാരി, രാജീവ് ഗാന്ധി സെന്റര്‍ കേന്ദ്രം ഏറ്റെടുത്തില്ലേ? പത്രങളുണ്ടാക്കിയ പുകിലിനുശേഷമാണെങ്കിലും? -സു-
തോല്‍വിയുടെ അവസാന നിമിഷം വരെ ശുഭാപ്തിവിശ്വാസം വളരെ നല്ലതാണ് - തൈപ്പറമ്പില്‍ അശോകന്‍ (യോദ്ധാ)
“എല്ലാം നടക്കേണ്ട സമയത്ത് നടക്കേണ്ട പോലെ നടക്കും” എന്നു പറഞ്ഞു കൈകെട്ടിയിരിക്കുവല്ലേ നമ്മളെല്ലാം. നടക്കുമായിരിക്കും.
വായ്ക്കരി മസ്റ്റാ നല്ല പോസ്റ്റ് :)
-സുല്‍
വക്കാരിജീ
“കൊക്കരക്കോ കോ” കേട്ടിട്ടു വന്നു നോക്കിയതാ.
കണ്ടു, ലേഖനം (ഇനി ലേഖനം തലക്കെട്ടതുതന്നെയല്ലേ:-)
വിസ്തരിച്ച വായന പിന്നീട്.
വക്കാരി... പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ്.
പക്ഷെ ഭരണപക്ഷം പറയുന്നത് പ്രതിപക്ഷം എതിര്‍ക്കും, പ്രതിപക്ഷം പറയുന്നത് ഭരണപക്ഷം കേള്‍ക്കുകപോലുമില്ലാ..
ഇതല്ലേ വര്‍ഷങ്ങളായിട്ട് തുടരുന്ന ജനങ്ങളെ പറ്റിക്കുന്ന (രാഷ്ട്രീയ) പണി.
പിന്നെ വിദ്യാഭ്യാസം, വികസനം.. എന്ത് വികസനം.. കീശ വികസിപ്പിക്കുന്ന കാര്യമാണോ പറഞ്ഞത്? വിദ്യാഭ്യാസം..? അതല്ലെ ഞങ്ങള്‍ ഇവിടെ കാട്ടുന്ന അഭ്യാസങ്ങള്‍.. അതു കണ്ടു പഠിക്കൂ..
വക്കാരി, നല്ല കുറിപ്പ്.
പറഞ്ഞ വാക്കുകള്‍ സൗകര്യം പോലെ വിഴുങ്ങുന്ന ഗവണ്മെന്റുകള്‍ മാറിമാറി ഭരിക്കുന്ന നമ്മുടെ നാട്ടില്‍ ഇതൊക്കയേ സംഭവിക്കുകയുള്ളൂ.
ഇക്കഴിഞ്ഞ ബജറ്റ് ചര്‍ച്ചയില്‍ ഒരു ചാനല്‍ ന്യൂസില്‍ കേട്ടത്-
കേരളത്തിലെ മൊത്തം വരുമാനത്തിന്റെ 93% ചിലവഴിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും.
വികസന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി ചിലവഴിക്കുന്നത് ബാക്കി വരുന്ന 7% !!!
നമ്മളും തമിഴരെപ്പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഒരു മുഖ്യനും 19 മന്ത്രിമാരും എന്നിടത്ത് ഒരു പ്രധാനമന്ത്രിയും അനുസാരികളും പിന്നെ പതിനാലു മുഖ്യന്മാരും ആകും. പിന്നെ സ്വന്തം ബി എസ് എഫ്, സ്വന്തം പട്ടാളം, വിദേശനയം (അതു വേണ്ടിവരില്ല, തമിഴര്‍ പിടിച്ചെടുത്തോളും...)
കഞ്ചിക്കോട് കഴിഞ്ഞാല്‍ മാത്രമല്ലേ മലയാളി പ്രവര്‍ത്തനക്ഷമമാകൂ. അതിനാല്‍ സ്ഥാപനങ്ങള്‍ സംസ്ഥാനം കടന്നുപോകുന്നതാണു നല്ലത്. സമരംചെയ്യാതെ പിള്ളേര്‍ പഠിക്കട്ടെ.
പണ്ട് യൂനിവേഴ്സിറ്റി ഓഫ് റൂര്‍ക്കി എന്ന ഒരു സ്ഥാപനമുണ്ടായിരുന്നു. അന്ന് അതില്‍ 70% പേരും ഉത്തര്‍പ്രദേശുകാരായിരുന്നു. പിന്നീട് അത് ഐഐറ്റി ആക്കി. ഇപ്പോ അത് ഉത്തര്‍ഖണ്ഡിലാണ്. അഞ്ച് ശതമാനം പോലുമില്ല ആ നാട്ടുകാര്‍...
പറയാം അവര്‍ക്ക് ഒരു ഐഐറ്റി ഉണ്ടെന്ന്. പിന്നെ അവിടുത്തെ കുറേ റിക്ഷാക്കാര്‍ക്ക് ജോലി കിട്ടി എന്നും. അതിനപ്പുറം എന്ത് നല്‍കുന്നു അവരുടെ കോടിക്കണക്കിനു രൂപ ചിലവൊഴിച്ചുണ്ടാക്കിയ സ്ഥാപനം ആ നാട്ടിന്?
നമ്മുടെ ഇആര്‍&ഡിസിഐ ഇപ്പോ കേന്ദ്രത്തിന്റെ കയ്യിലാണല്ലോ. കോടികളുടെ പ്രൊജക്ടുകള്‍ നടക്കുന്നുണ്ട്. കേരളത്തിന് (അതിലെ ജീവനക്കാര്‍ക്കൊഴികെ) ആ കൈമാറ്റം ലാഭമോ നഷ്ടമോ?
നമ്മുടെ കൂസാറ്റിനെ പൂര്‍ണ്ണമായും കേന്ദ്രത്തിനുകൊടുത്താല്‍ എന്താണ് നമ്മുടെ സമൂഹത്തിന് ലാഭം? നമ്മുടെ നിരവധിക്കുട്ടികള്‍ക്ക് ജോലിനേടിക്കൊടുക്കുന്നില്ലേ ആ സ്ഥാപനം?
രാജീവ് ഗാന്ധി സെന്റര്‍ കേന്ദ്രത്തിനു കൊടുത്താല്‍ കേരളത്തിനുകിട്ടുന്ന ലാഭമൊന്നു പറഞ്ഞുതരാമോ? (കോടികളുടെ കണക്കല്ല, സമൂഹത്തിനു കിട്ടുന്ന ലാഭമാണ് വിവക്ഷ)
പൂതിയ കേന്ദ്ര സ്ഥാപനങ്ങളുണ്ടാക്കണം. അതാവണം ലക്ഷ്യം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്ന് വിട്ടുകൊടുക്കുന്നുവെങ്കില്‍ നമുക്ക് ഭാവിയിലും ഉപകാരപ്പെടുന്ന രീതിയിലാവണം. (നഷ്ടത്തിലോടുന്ന ചില കമ്പനികളെ കേന്ദ്രത്തോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടാറുണ്ട്, അതു വേറെ...)
വക്കാരി ജീ...
ചങ്കൂറ്റമുള്ള ഭരണകര്‍ത്താക്കള്‍ നമുക്കില്ലാതെ പോയി..അചുതാനന്ദനായിരുന്നു ഒരു പ്രതീക്ഷ..അതും പോയി..ബംഗാളി ഇടത്പക്ഷ എം പി മാരെപ്പോലെ അവകാശപ്പെട്ടത് തട്ടിയെടുക്കുംബോള്‍ പ്രതികരിക്കാന്‍ അറിയാവുന്നവര്‍ ഇല്ലാതെ പോയി..
വര്‍ക്കല രാധാക്രിഷ്ണന്റെ പകുതി ചുണ ഉള്ള ഭരണകര്‍ത്താക്കള്‍ എങ്കിലും
നമുക്ക് ഉണ്ടായിരുന്നു എങ്കില്‍ കേരളത്തിന്റെ മുഖഛായ മറ്റൊന്നയേനെ...
സജിത്തേ, പെട്ടെന്നൊരു മറുപടി.
വി.എസ്.എസ്.സി കേരളത്തിലാണേ. അത് ഇവിടെയുള്ളതുകൊണ്ടുള്ള ഒരു ഗുണം എങ്ങിനെയെങ്കിലും അവിടെ കയറി പറ്റണം എന്ന ചിന്തയില്‍ എം.എസ്.സിയും ബി.ടെക്കുമൊക്കെ എടുത്ത് പഠിക്കുന്ന കാലം തൊട്ട് തന്നെ അത് ലക്ഷ്യമാക്കി പഠിക്കുന്ന കുറെ നമ്മുടെ നാട്ടുകാര്‍ തന്നെയുണ്ട്. അത് തന്നെ അതിന്റെ ഒരു ഗുണം.
പി.എച്ച്.ഡി എടുത്താല്‍ ആര്‍.ആര്‍.എല്ലില്‍ സയന്റിസ്റ്റായി നാട്ടില്‍ തന്നെ കഴിയാം എന്ന് കരുതി പി.എച്ച്.ഡിക്ക് പോകുന്നവരുമുണ്ട് നമ്മുടെ നാട്ടില്‍. ആ ആര്‍.ആര്‍.എല്‍ ഇവിടെയില്ലായിരുന്നെങ്കില്‍ അവരില്‍ ചിലരെയെങ്കിലും കെട്ടിച്ച് വിട്ടേനെ.
വി.എസ്.എസ്.സി കേരളത്തിലായതുകൊണ്ട് മാത്രം അവിടെ പോയി ഒരു പ്രൊജക്റ്റ് ചെയ്ത്, അതിന്റെ അടിസ്ഥാനത്തില്‍ മറുനാട്ടിലെ പോയി പി.എച്ച്.ഡി എടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് തുടര്‍ ഗവേഷണം നടത്തി അങ്ങിനെ ജീവിക്കുന്നവരുമുണ്ട് നാട്ടില്‍.
വി.എസ്.എസ്.സി കേരളത്തിലായതുകാരണം തിരുവനന്തപുരത്ത് ബീഹാറികളെ മുട്ടി നടക്കാന്‍ വയ്യ എന്നില്ലല്ലോ.
ഒരു മാതൃകാ സ്ഥാപനം നാട്ടിലുണ്ടെങ്കില്‍ അതിനെ ലക്ഷ്യമാക്കി പഠിക്കും, ചിലരെങ്കിലും. ഖരഗ്‌പൂര്ര് ഐ.ഐ.റ്റി ഉള്ളതുകൊണ്ട് മാത്രം രക്ഷപെട്ട ഇഷ്ടം പോലെ ബംഗാളികളും ഒറീസ്സക്കാരുമുണ്ട്- പോക്രിത്തരം പോസ്റ്റില്‍ ഇതിനെപ്പറ്റി പറഞ്ഞിരുന്നു. അവിടെ ഗവേഷണത്തിന് അമ്പത് ശതമാനത്തില്‍ കൂടുതലും ബംഗാളികള്‍ തന്നെയാണ്. അവരില്‍ പലരും രക്ഷപെട്ടിട്ടുമുണ്ട്. അങ്ങിനെയൊന്നും നാട്ടില്‍ ഇല്ലാത്തത് കാരണം നമ്മള്‍ ഇപ്പോഴും ആ പഴയ പീഡീസി, ബീയെസ്സീ, യെമ്മെസ്സീ... ആ സ്ഥാപനം ഖരഗ്‌പൂരില്‍ ഉള്ളതുകാരണം എങ്ങിനെയെങ്കിലും ജെ.യീ.യീ പാസ്സാകണമെന്ന് ലക്ഷ്യമിട്ട് അവിടുത്തെ പിള്ളേര്‍.
നമുക്ക് ഇപ്പോഴും സര്‍വ്വകലാശാലകള്‍ എന്ന് പറഞ്ഞാല്‍ വെറും ഡിഗ്രി കൊടുപ്പ് സ്ഥാപനങ്ങള്‍ മാത്രം. അവിടുത്തെ ഫണ്ടിംഗിനെപ്പറ്റിയോ സൌകര്യങ്ങളെപ്പറ്റിയോ നമുക്ക് വേവലാതിയേ വേണ്ട. പക്ഷേ അതെങ്ങാനും കേന്ദ്രസ്ഥാപനമായല്‍ നമുക്ക് നഷ്ടപ്പെടാന്‍ പോകുന്നതിനെപ്പറ്റി വളരെ ബോധവാന്മാരാവുകയും ചെയ്യും. അത് കേന്ദ്രസ്ഥാപനമായാല്‍ ഒരു ബീഹാറി ഇങ്ങോട്ട് വന്നാല്‍ ഒരു മലയാളിക്ക് അങ്ങോട്ട് പോവുകയും ചെയ്യാം. പക്ഷേ അവിടെ പോയാല്‍ ചിലപ്പോള്‍ കൊടി പിടിക്കാന്‍ പറ്റി എന്ന് വരില്ല. അതുകൊണ്ട് ഇവിടുത്തെ സാദാ ഡിഗ്രിയൊക്കെ എടുത്ത് കഴിഞ്ഞ് നമ്മള്‍ പോകും, ബീഹാറിലേക്ക്, പണിയന്വേഷിച്ച്. അതിന് കുഴപ്പമില്ല.
വിശദമായി പിന്നീട് പറയാം. പക്ഷേ നമുക്ക് ബോംബെയിലും ഡല്‍ഹിയിലും എല്ലാം എല്ലാം വേണം. അവിടെ ആരും പ്രാദേശിക വാദം ഉന്നയിക്കരുത്. പക്ഷേ നമുക്ക് നാട്ടില്‍ എന്തെങ്കിലും വേണമെങ്കില്‍ അവിടെയും നമുക്ക് തന്നെ വേണം. ആരും ഇങ്ങോട്ട് വരരുത്. വേണ്ട കാര്യത്തിനൊന്നും പ്രാദേശിക വാദമൊട്ടില്ല താനും. മുല്ലപ്പെരിയാര്‍ കാക്കത്തൊള്ളായിരം വര്‍ഷം പാട്ടത്തിന് കൊടുക്കാന്‍ നമുക്ക് ഒരു മടിയുമില്ല.
കൊടുത്താലേ കൊല്ലത്താണെങ്കിലും കിട്ടുകയുള്ളൂ എന്നല്ലേ.
വികസനത്തെ പറ്റി പറഞ്ഞാല്‍ എനിക്കും ഒന്നു കമന്റാന്‍ തോന്നുന്നു.
സ്മാറ്ട് സിറ്റിക്കാര് മടങ്ങിയോ ആവോ? പണ്ട് ആറന്മുളയെങ്ങാണ്ട് മിനി എയറ്പോറ്ട്ട് വരുന്നു എന്ന് കേട്ടു. എയര് പോറ്ട് മുക്കും റെഡിയായി. അപ്പോളല്ലെ കളി, ഫ്ലൈറ്റ് ഇറങ്ങുന്നെങ്കില്‍ അത് തിരുവല്ലയില്‍ ആയിക്കോട്ടെന്ന് ഒരു വിഭാഗം, അതല്ല്ല കോട്ടയത്ത് മതി എന്ന് വേറെ ചിലറ്. ചുരുക്കത്തില്‍ സറ്‌വേയും, തറക്കല്ലും, പരീക്ഷണവുമായി സംഭവം (ഭരണം) 2 വറ്ഷം കഴിയാറായി. ഇനി മൂന്നു വര്‍ഷം. കേരളത്തില്‍ പുതിയ പാറ്ട്ടി വല്ലതും അധികാരത്തില്‍ വരുമോ ആവോ?
എനിക്ക് കിട്ടിയില്ലേലെന്താ, അവന്‍ കൊണ്ടു പോകാതിരുന്നാല്‍ മതി???
ഈ ചെകുത്താനും കടലുമല്ലാതെ ജയിപ്പിച്ച് വിടാന്‍ വേറെ ഒരു തെണ്ടിയേയും കിട്ടത്തതാണ് സങ്കടം. :-(
നമ്മുടെ സ്ഥാപനനങള്‍ ദേശീയ നിലവാരത്തില്‍ അല്ല അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരുകതന്നെ വേണം.അവിടെ മലയാളികളൊ,ബീഹാറികളോ,..അല്ല ബുദ്ധിയുള്ള പ്രതിഭയുളള ഇന്ത്യാക്കാര്‍ പഠിക്കട്ടെ.. പൊട്ടക്കിണറ്റിലെ തവളയാകാതെ വിശാലമായ ലോകത്തേക്ക് മലയാളി ഉയരണം..അതിന്‍ അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനങള്‍ ഇവിടെ വന്നേ തീരൂ...
നല്ല ലേഖനം, പറയാന്‍ തുടങ്ങിയാല്‍ കുറേ സമയം വേണം, അതിനാല്‍ മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യട്ടെ (അല്ലാതെ വിവരമില്ലാഞ്ഞിട്ടൊന്നുമല്ല വക്കാരി:)
വസ്തുനിഷ്ടമായ വിലയിരുത്തലുകള്‍.
കൂടുതല്‍ പറയുന്നില്ല,കാരണം കുറുമാനോടു യോജിക്കുന്നു. :)
‘എന്തായാലും തോണി മുങ്ങാന്‍ പോകുവല്ലേ, എന്നാപ്പിന്നെ ആ വല്ല്യമ്മെയും കൂടി കയറ്റരുതോ’ ന്ന് പണ്ടൊരുത്തന്‍ ചോദിച്ചിരുന്നു. ഏകദേശം ആ മട്ടിലാണ്‍ കേരളത്തിലെ രാഷ്ട്രീയക്കാരുടെ കാര്യം. ഏത് പാര്‍ട്ടിയായാലും ഒരേ കണക്കാ!
പിന്നെ ഓരോ നാട്ടിനും അവിടത്തെ ജനങ്ങളാര്‍ഹിക്കുന്ന് ഭരണകൂടമാണ്‍ കിട്ടുക (people gets the government they deserve ) ന്ന്‍ പറയാറില്ലേ! അതുതന്നെ!
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു ഉപദേശിക്കാന്‍ ഒരു പാടു ബുദ്ധിജീവികളും, think tanks ഉം പരിഷത്തും ഒക്കെ ഉണ്ടായിട്ടും വിദ്യാഭ്യാസ കാരയങ്ങളില്‍ എങ്കിലും ഒരു ദീര്‍ഘ വീക്ഷണം ഇല്ലാത്തതു നിരാശാജനകമാണ്..
ജാതിയും രാഷ്ട്രീയവും പങ്കുവക്കലുകളും അഴിമതിയും എല്ലാം കൂടി കുഴഞ്ഞു 'നാടിന്റെ വികസനം' ഒരു സ്വപ്നം മാത്രമാക്കുന്നു.. 5 വര്‍ഷം കഴിഞ്ഞാല്‍ ഭരണം കിട്ടുമെന്ന ഉരപ്പു രണ്ടുകൂട്ടര്‍ക്കുമുണ്ടല്ലൊ ..പിന്നെന്തു ചെയ്താലെന്താ?
IIT,railway ,expressway ഇതൊക്കെ ചിന്തിക്കന്‍ പോലും സമയമില്ല.. മന്ത്രിസ്ഥാനം, ചെയര്‍മാന്‍ സ്ഥാനം ഇവയുടേ ഒക്കെ ജാതി തിരിച്ചുള്ള സമവക്യങ്ങള്‍ തെറ്റിയോ ,വെള്ളപ്പള്ളി പിണങ്ങുമോ ,പള്ളി പിണങ്ങുമോ , പണിക്കര്‍ or തങ്ങള്‍ എന്തു പറയുന്നു എന്നൊക്കെയുള്ള വേവലാതികള്‍ ഒഴിഞ്ഞിട്ടുവേണ്ടെ ..
പിന്നെ എന്തെങ്കിലും ഓര്‍ക്കാപ്പുറത്തു അനുവദിച്ചു കിട്ടിയാല്‍ പങ്കുവയ്ക്കണ്മെങ്കില്‍ അതിന്റെ മുഴു പങ്കു കിട്ടണ്ടെ? ഭരണം കിട്ടിയാലെ അതിന്റെ പങ്കപ്പാടറിയൂ..ഹും.
qw_er_ty
എല്ലാവര്‍ക്കും നന്ദി.
സുനിലേ, രാജീവ് ഗാന്ധി സെന്ററിനെപ്പറ്റിയുള്ള ലേയ്‌റ്റസ്റ്റ് വാര്‍ത്തകള്‍ വായിച്ചിരിക്കുമല്ലോ. സംസ്ഥാനത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ച് ഏറ്റെടുക്കില്ല എന്നാണ് കേന്ദ്രം പറഞ്ഞത്. കഴിഞ്ഞകൊല്ലം ഒറ്റപ്പൈസ പോലും കേന്ദ്രത്തില്‍ നിന്ന് കിട്ടിയില്ല എന്ന് തോന്നുന്നു. കേന്ദ്രത്തിന്റെ കത്ത് വരട്ടെ, എന്നിട്ട് മറുപടി പറയാം എന്ന് ശ്രീ അച്യുതാനന്ദന്‍ പറഞ്ഞതുകൊണ്ട് നമുക്ക് ആ മറുപടിക്കായി കാത്തിരിക്കാം. ഇതിനിടയ്ക്ക് മാരിടൈം സര്‍വ്വകലാശാല കേരളത്തിലും വേണം എന്നും ശ്രീ അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ട് (അതിന്റെ കണക്കെടുപ്പും എന്ത് എവിടെ എങ്ങിനെയൊക്കെ വേണം എന്നുമൊക്കെയുള്ള ചര്‍ച്ചകളും എല്ലാം കഴിഞ്ഞ് അതിന്റെയൊക്കെ കാര്യത്തില്‍ തീരുമാനമായി അവസാനം സംഗതി തമിഴ്‌നാട്ടില്‍ സ്ഥാപിക്കും എന്ന് തീരുമാനിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നേരത്ത് ബംഗാള്‍ എമ്പീമാരുടെ കൂടെ നിന്ന് ബാലുവിന്റെയോ വേലുവിന്റെയോ കോളറിന് പിടിച്ച് കലാപരിപാടികളൊക്കെ നടത്തി ആഴ്ച രണ്ട് കഴിഞ്ഞപ്പോഴാണ് നമ്മള്‍ “ആവശ്യപ്പെട്ടിരിക്കുന്നത്”. കഷ്ടം എന്ന് പോലും പറയാന്‍ മരവിപ്പ് സമ്മതിക്കുന്നില്ല.
സജിത്തേ, ഗവേഷണം നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് അത്യാവശ്യം വേണ്ടതായ സ്വാതന്ത്ര്യം, പൈസാ, നല്ല നല്ല പ്രൊജക്റ്റുകള്‍, കൊടിപിടിക്കല്‍, കല്ലേറ് ഇവയില്‍ നിന്നൊക്കെ മോചനം കിട്ടണമെങ്കില്‍ നമ്മള്‍ ഇതുവരെ കണ്ടുപരിചയിച്ച അനുഭവം വെച്ച് സംസ്ഥാനത്തിന്റെ കണ്ട്രോളില്‍ അതത്ര ശരിയാവില്ല എന്നാണ് എന്റെ വ്യക്തിപരമായ അനുഭവം. രാജീവ് ഗാന്ധി സെന്റര്‍ നല്ല രീതിയില്‍ നടന്നു-സംസ്ഥാനത്തിന്റെ കീഴില്‍ തന്നെ. പക്ഷേ കഴിഞ്ഞ ഒന്നുരണ്ട് കൊല്ലമായി അതിനും പ്രശ്‌നമായി എന്നാണ് തോന്നുന്നത്. വിഷന്‍ എന്ന സംഗതി ഇല്ലാത്തതുള്‍പ്പടെ കുറെയേറെ പ്രശ്‌നങ്ങള്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ/ഗവേഷണ മേഖലകളില്‍ ഉണ്ട് എന്നാണ് എന്റെ അഭിപ്രായം. ഒരു ഗവേഷണ സ്ഥാപനം നടന്നു പോകണമെങ്കില്‍ നല്ല പേര്-അങ്ങിനെ കിട്ടുന്ന നല്ല പ്രൊജക്റ്റുകള്‍-അത് ചെയ്യാന്‍ നല്ല ഗവേഷകര്‍-അവര്‍ക്ക് കൊടുക്കാന്‍ നല്ല പൈസ-അവര്‍ ചെയ്യുന്ന നല്ല ഗവേഷണങ്ങള്‍-അങ്ങിനെ കിട്ടുന്ന നല്ല പേര്... ഇതുമൊക്കെ കൂടി വേണം, സംസ്ഥാനത്തിന്റെ താത്‌പര്യങ്ങളായി.
തിരുവനന്തപുരത്ത് ആര്‍.ആര്‍.എല്‍ എന്ന ഒരു ഗവേഷണ സ്ഥാപനം (ഈയിടെ അതിന്റെ പേര് മാറ്റി) ഉണ്ട് എന്ന് തിരുവനന്തപുരം കാര്‍ പോയിട്ട് പല പാപ്പനം കോട് കാര്‍ക്കുകൂടി അറിയില്ലായിരുന്നു. ആ സ്റ്റോപ്പിന്റെ പേരു പോലും ഞാന്‍ അറിഞ്ഞ നാളുകള്‍ വരെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നായിരുന്നു. ആര്‍.ആര്‍.എല്ലില്‍ കൊടി, ഏറ്, ഘൊരാവോ, ഇവയൊന്നും ഇല്ലാത്തതുകാരണം നമ്മളില്‍ പലരും അതിനെപ്പറ്റി കേട്ടിട്ടേ ഇല്ല. പക്ഷേ ഒരു ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റാവുമ്പോള്‍ പിന്നെ ബാക്കി പറയേണ്ടല്ലോ (ന്യായമായ സമരങ്ങളെയോ സമരമാര്‍ഗ്ഗങ്ങളെയോ അധിക്ഷേപിക്കുകയല്ല; പക്ഷേ നമ്മുടെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന പല സമരങ്ങളും സര്‍വ്വകലാശാലയുടെ ഉന്നമനത്തിനോ അവിടെയുള്ള ആള്‍ക്കാരുടെ ഉന്നമനത്തിനോ ഒന്നും വേണ്ടിയല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സമരം നടത്തേണ്ട പല കാര്യങ്ങള്‍ക്കും നമ്മള്‍ ഒരു സമരവും നടത്തിയിട്ടില്ല. ലൈബ്രറിയില്‍ എല്ലാ ജേണലുകളും ഓണ്‍ലൈനായി വേണമെന്ന് പറഞ്ഞോ, അല്ലെങ്കില്‍ ലാബില്‍ എല്ലാ കെമിക്കലുകളും വേണമെന്ന് പറഞ്ഞോ, അതുമല്ലെങ്കില്‍ ഗവേഷണത്തിന്റെ നിലവാരം കൂട്ടണമെന്ന് പറഞ്ഞോ, അതുമല്ലെങ്കില്‍ നല്ല നല്ല അദ്ധ്യാപകര്‍ വേണമെന്ന് പറഞ്ഞോ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ ഏതെങ്കിലും പാര്‍ട്ടി സമരം നടത്തിയതായി കേട്ടിട്ടുണ്ടോ?)
qw_er_ty
ദില്‍ബാസുരാ ...
കടലിനും ചെകുത്താനും എന്നു പറയാതെ അണ്ടനും അടകോണനും എന്നു പറ..
അതല്ലെ ഞാന്‍ കഴിഞ്ഞ കുറേ നാളായി വോട്ട് ചെയ്യാന്‍ പോയിട്ട് , എന്റെ വോട്ട് കിട്ടാന്‍ യോഗ്യത ഉള്ള എത്ര പേര്‍ ഉണ്ടിവിടെ..
അവര്‍ വികസിപ്പിക്കുന്നത് അവരുടെ പോക്കറ്റല്ലേ....
Post a Comment
<< Home