Thursday, April 12, 2007

@#$%$#@&%*!!@# - പര്‍ദ്ദ 2

ഒന്നാം പര്‍ട്ട് ഇവിടെ

സംഗതി ഇപ്പോഴും ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് മറുപടിയായി രാജീവ് ഗാന്ധി സെന്റര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നതെന്ന് ശ്രീ അച്യുതാനന്ദന്‍ പറഞ്ഞെന്ന് ദീപിക പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ യു.ഡി.ഏഫ് സര്‍ക്കാരിന്റെ കാലത്ത് അവിടെ നടന്ന അഴിമതികളില്‍ നടപടികളെടുത്തതില്‍ അസ്വസ്ഥരായവരാണ് കേന്ദ്രം ഏറ്റെടുക്കുന്നതില്‍ വേഗത പോരെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നതെന്ന്.

അത് ശരിയാണെങ്കില്‍ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇനി കേന്ദ്രം ഏറ്റെടുത്ത് കഴിഞ്ഞാല്‍ അഴിമതിക്കാരെയൊക്കെ കേന്ദ്രത്തില്‍ ചെന്നേ പിടിക്കാന്‍ പറ്റൂ എന്നുള്ള സ്ഥിതിവിശേഷമുണ്ടാവും എന്നോര്‍ത്താണ് എത്രയും വേഗം കേന്ദ്രം ഏറ്റെടുക്കണം എന്ന് യു.ഡി.എഫ് മുറവിളി കൂട്ടുന്നതെങ്കില്‍ അത് അനുവദിച്ച് കൊടുത്തുകൂടാ. പക്ഷേ സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും അഴിമതി അഴിമതി തന്നെയല്ലേ. അതോ തങ്ങള്‍ കൂടി പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്മെന്റ് അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കില്ല എന്ന് ശ്രീ അച്യുതാനന്ദന് സംശയമുണ്ടോ. അഴിമതിക്കാര്‍ക്കെതിരെ വേണ്ട നടപടികള്‍ തുടങ്ങിവെച്ച് ഏറ്റെടുക്കാന്‍ പോകുമ്പോള്‍ ആ നടപടി ക്രമങ്ങള്‍ കേന്ദ്രത്തോട് പറഞ്ഞ് അവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ എടുക്കും എന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് വരുത്താമല്ലോ. അതോ ഇനി ഇതൊക്കെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ചെയ്താലേ ഒരു “ഇത്” വരികയുള്ളൂ എന്നതുകൊണ്ടാണോ? ആവൂ എനിക്കറിയില്ല. സംഗതി എന്തായാലും ആ പ്രസ്ഥാനം നല്ല രീതിയില്‍ നടക്കുകയും നല്ല നല്ല ഗവേഷണങ്ങള്‍ അവിടെ തടസ്സം കൂടാതെ നടക്കുകയും ചെയ്താല്‍ മതിയായിരുന്നു.

പക്ഷേ ഇന്നത്തെ ദീപിക വാര്‍ത്തയില്‍ രസം തോന്നിയ ഒരു കാര്യം കൂടിയുണ്ട്. ശ്രീ അച്യുതാനന്ദന്റെ മകളുടെ രാജീവ് ഗാന്ധി സെന്ററിലെ നിയമനവുമായി ബന്ധപ്പെട്ട്. അവരുടെ നിയമനവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് കൊടുത്തയാള്‍ക്ക് കോടതിയില്‍നിന്ന് തന്നെ മറുപടി ലഭിച്ചിട്ടുണ്ടെന്നാണ് ശ്രീ അച്യുതാനന്ദന്‍ പറഞ്ഞത്. ശ്രീമതി ആശാ തങ്കരാജ് നിയമിതയായി പത്തുകൊല്ലമായില്ലേ, നിങ്ങള്‍ ഇതേ വരെ എവിടെയായിരുന്നു എന്ന് കോടതി ചോദിച്ചു. അതിനുശേഷം കേസ് പിന്‍‌വലിക്കുന്നോ ഇല്ലയോ എന്ന് കോടതി ചോദിച്ചപ്പോള്‍ കേസ് കൊടുത്തയാള്‍ കേസും പിന്‍‌വലിച്ച് തടിതപ്പി എന്നാണ് ശ്രീ അച്യുതാനന്ദന്‍ പറഞ്ഞത്.

പക്ഷേ ചോദ്യം അപ്പോളും നിലനില്‍ക്കുന്നു. ശ്രീമതി ആശാ തങ്കരാജിന്റെ നിയമനത്തില്‍ അഴിമതിയുണ്ടോ? ഇനി അഴിമതിയുണ്ടെങ്കില്‍ തന്നെ പത്ത് കൊല്ലം കഴിഞ്ഞാല്‍ പിന്നെ അതിനെ കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ പാടില്ലേ?

പത്ത് കൊല്ലം കഴിഞ്ഞാണ് കേസ് കൊടുത്തതെന്ന സങ്കേതികത്വത്തില്‍ പിടിച്ച് ആ കാര്യത്തെപ്പറ്റി കേസ് കൊടുത്തയാള്‍ കേസ് പിന്‍‌വലിച്ചു എന്ന് പറയുമ്പോഴും മകളുടെ നിയമനക്കാര്യത്തില്‍ അഴിമതിയുണ്ടോ ഇല്ലയോ എന്ന് ശ്രീ അച്യുതാനന്ദന്‍ പറയുന്നില്ല. മുന്‍‌പെങ്ങോ ആരോ ഇക്കാര്യം ചോദിച്ചപ്പോള്‍ ശ്രീ അച്യുതാനന്ദന്റെ മറുപടി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അവരെ നിയമിച്ചത് എന്നാണ് (ശരിക്കോര്‍ക്കുന്നില്ല-ഓര്‍മ്മയില്‍ നിന്ന് എഴുതുന്നത്).

അവരുടെ നിയമനക്കാര്യത്തില്‍ യാതൊരു അഴിമതിയുമില്ലാതെയിരിക്കട്ടെ. എല്ലാം നേരാംവണ്ണം തന്നെയാവട്ടെ അവിടെ നടന്നത്. അത്തരം കാര്യങ്ങളൊന്നും ആ സെന്ററിന്റെ വളര്‍ച്ചയെ ബാധിക്കാതെയിരിക്കട്ടെ. മാത്രവുമല്ല നാടിന്റെ വികസനം പോലുള്ള കാര്യങ്ങളിലൊക്കെ വെറും രാഷ്ട്രീയലക്ഷ്യം വെച്ചുള്ള പ്രചാരണങ്ങളിലൊക്കെ എനിക്ക് ശക്തിയായ എതിര്‍പ്പുമുണ്ട്. അഴിമതിയുണ്ടെങ്കില്‍ നടപടിയെടുക്കണം. അല്ലാതെ അഴിമതികള്‍ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്നതിനോട് ഒട്ടുമേ യോജിപ്പില്ല-യു.എഡി.എഫാണെങ്കിലും എല്‍.ഡി.എഫാണെങ്കിലും ആരാണെങ്കിലും.

പിന്നെ ഇതെല്ലാം ദീപിക വാര്‍ത്തയാണെന്നതും ദീപികയ്ക്ക് ശ്രീ അച്യുതാനന്ദനോടുള്ള സ്നേഹവാത്സല്യങ്ങളെപ്പറ്റി മലയാളികളെ ഇനി പ്രത്യേകിച്ച് പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമില്ല എന്നതിനാലും നല്ലവണ്ണം ഉപ്പിട്ട് മാത്രമേ ഇത്തരം വാര്‍ത്തകളൊക്കെ വിശ്വസിക്കേണ്ടതുള്ളൂ.

പോരാത്തതിന് ഇത്തരം വാര്‍ത്തകളും നമ്മുടെ തന്നെ പത്രങ്ങളില്‍ വരുമ്പോള്‍‍.

ദീപികയില്‍


കടപ്പാട്- ദീപിക ഓണ്‍ലൈന്‍ എഡിഷന്‍, ഏപ്രില്‍ 12, 2007


മനോരമയില്‍.


കടപ്പാട്-മനോരമ ഓണ്‍ലൈന്‍ എഡിഷന്‍, ഏപ്രില്‍ 12, 2007


ദീപിക വായിച്ച് അടുത്ത ദിവസം ക്ലാസ്സില്‍ വരുന്നവന്‍ അടുത്തിരിക്കുന്നവനോട് “കണ്ടോ കണ്ടോ, ഡോ. വേണുഗോപാലിനെ എയിംസിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി” എന്ന് പറയുമ്പോള്‍ മനോരമ വായിച്ച് വന്ന അപ്പുറത്തിരിക്കുന്നവന്‍ “പോടാ ചുമ്മാ പുളുവടിക്കാതെ, ഡോ. വേണുഗോപാലിനെ അവിടുത്തെ കാര്‍ഡിയോ-തൊറാസിക് സര്‍ജറി വകുപ്പിന്റെ പ്രൊഫസര്‍-തലവന്‍ സ്ഥാനത്തൂന്നാ മാറ്റിയത്” എന്ന് പറഞ്ഞ് ബെറ്റ് വെച്ച് അടിയായി, ഇടിയായി...

വെറുതെ ഇങ്ങിനെയൊരു ഗൂഗിള്‍ സേര്‍ച്ചിന്റെ കാര്യമേ ഉള്ളൂ, ഇതിങ്ങിനെതന്നെയാണോ എന്നുറപ്പിക്കാന്‍. പക്ഷേ റിപ്പോര്‍ട്ടറെ വിശ്വസിക്കുക എന്ന കര്‍മ്മം ചെയ്യുമ്പോള്‍ പിന്നെ അതിനൊക്കെ എവിടെ നേരം. എന്നാല്‍ റിപ്പോര്‍ട്ടര്‍ക്ക് ഒരു ഗൂഗിള്‍ സേര്‍ച്ച് നടത്തി മറ്റ് പത്രങ്ങളൊക്കെ എന്ത് പറയുന്നു എന്നൊന്ന് നോക്കാന്‍ വയ്യേ. പക്ഷേ അങ്ങിനെ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യേണ്ട രീതിയില്‍ ചെയ്തിരുന്നെങ്കില്‍ നമ്മളൊക്കെ ആരായിപ്പോയേനേ. എന്തായാലും രണ്ട് പത്രവും വായിക്കാന്‍ പോയ വായനക്കാരനെ വേണം പറയാന്‍.

-------------------------------------------------------

കൊച്ചിന്‍ യൂണിവേഴ്സിറ്റി കേന്ദ്രസ്ഥാപനമാക്കാനുള്ള അവസാന അവസരമായി ഒന്നുകൂടി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ടെന്ന് മാതൃഭൂമി പറയുന്നു. അഞ്ഞൂറ്റിപതിനെട്ട് കോടിയോ മറ്റോ ആണ് കേന്ദ്രം ആദ്യം മുതല്‍‌മുടക്കാന്‍ പോകുന്നത്. പക്ഷേ സംഗതി പൂര്‍ണ്ണമായും കേന്ദ്രത്തിന് കീഴില്‍ വരും. യൂണിയന്റെ അധികാരങ്ങളുള്‍പ്പടെ പലതും നഷ്ടപ്പെടും. എന്താവുമോ എന്തോ (ഏറ്റെടുക്കുന്നത് കേന്ദ്രമാണേ, അമേരിക്കയോ ബ്രിട്ടനോ ഒന്നുമല്ല-ഇനി അവിടെ വരുമെന്ന് ഭയപ്പെടുന്നത് ബംഗാളികളും ബീഹാറികളുമൊക്കെയാണേ, അമേരിക്കക്കാരനോ ബ്രിട്ടീഷുകാരനോ ഒന്നുമല്ല). എന്തായാലും നടക്കട്ടെ. വികസനം വരുന്ന അവസാന നിമിഷം വരെയും ശ്വാസമടക്കി പിടിച്ച് വികസിച്ച് അതിന്റെ അവസാനം കണ്ടതിനു ശേഷം മാത്രം വികസിച്ചു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന സ്ഥിതിവിശേഷം നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ നാട്ടില്‍ മാത്രം.

Labels: , , ,

3 Comments:

  1. At Thu Apr 12, 09:07:00 AM 2007, Blogger G.MANU said...

    goood........

     
  2. At Thu Apr 12, 02:14:00 PM 2007, Blogger സു | Su said...

    അതായത്, എന്തെങ്കിലുമൊക്കെ ഏറ്റെടുത്ത്, അത് വികസിപ്പിച്ച് നന്നാക്കിക്കൊണ്ടുവരുമ്പോഴേക്കും, ഏറ്റെടുക്കണം, വികസിപ്പിക്കണം എന്നു പറഞ്ഞിരുന്നവര്‍ക്ക് ചിലപ്പോള്‍ കാണാന്‍ പറ്റിയെന്നു വരില്ല എന്നര്‍ത്ഥം.

    അഴിമതിയുണ്ടെങ്കില്‍ നടപടിയെടുക്കണം എന്ന് തന്നെ എല്ലാവര്‍ക്കും അഭിപ്രായം വേണം. യു.ഡി. എഫ്. ഭരിച്ചപ്പോള്‍, അവിടെ ആള്‍ക്കാര്‍ അഴിമതി നടത്തിയിരുന്നു, അവരെ കണ്ടുപിടിച്ച് ശിക്ഷിച്ചിട്ടേ ഇനി കേന്ദ്രം ഏറ്റെടുക്കാവൂ എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍, അതും ഇതും ഇല്ല എന്നൊരു ഘട്ടത്തില്‍ എത്തും.


    നാട് വികസിക്കണോ, പാര്‍ട്ടി വികസിക്കണോ എന്നൊക്കെ ചോദ്യം, പൊതുജനങ്ങളില്‍ ചിലര്‍ക്ക് മാത്രമേ ഉള്ളൂ. രാഷ്ട്രീയക്കാര്‍ക്ക് ഇല്ല. അവര്‍ കൊടിയും പിടിച്ച്, ഹര്‍ത്താലും നടത്തി, എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്ന് വരുത്തി, അടുത്ത പ്രാവശ്യം വീണ്ടും വോട്ടും ചോദിച്ച് വരും.

    വികസനം നടത്തിയിട്ടുണ്ടോ എന്ന് നോക്കിയിട്ട് വോട്ട് കൊടുക്കാമെന്ന് ജനങ്ങള്‍ കരുതണം. നാടിന്റെ പുരോഗതിയാണ് ലക്‍ഷ്യം വേണ്ടത്.


    ഗവേഷണം നടത്താനുള്ള സൌകര്യത്തിന് ഒരു സ്ഥാപനം തുടങ്ങിയിട്ട്, അത് ശരിക്കും നടത്താന്‍ കഴിയില്ലെങ്കില്‍, നടത്തുന്നവര്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ എന്താണിത്ര വിഷമം എന്ന് ആരു ചോദിക്കും? ഗവേഷണം നടത്താന്‍ ആഗ്രഹിച്ചിരിക്കുന്നവരോ? അവരൊക്കെ സമയം വെറുതെ കളയാതെ വേറെ എവിടെയെങ്കിലും പോകും.

     
  3. At Sun Apr 15, 03:04:00 AM 2007, Blogger myexperimentsandme said...

    മനു, ജിഷാദ്, സൂ. നന്ദി. എന്തായാലും ഈ മെല്ലെപ്പോക്കും ഒളിച്ചുകളിയും അങ്ങോട്ടുമിങ്ങോട്ടുമുള്ള ചീത്തവിളിയും ബീപ്പി കൂട്ടുന്നു. ലേയ്റ്റായാലും ലേയ്‌റ്റസ്റ്റായിത്തന്നെ വരുമായിരിക്കുമെന്ന പടയപ്പപ്രതീക്ഷ മാത്രം ഇപ്പോള്‍ :)

    എല്ലാവര്‍ക്കും വിഷു ആശംസകള്‍.

     

Post a Comment

<< Home