Sunday, May 11, 2008

ലേബലുത്പ്രേക്ഷ

ദിസ് കൈമള്‍, ദിസീസ് കൈമള്‍:

ഇത് തികച്ചും ഒരു വ്യക്തിപരപ്പോസ്റ്റ്. എന്നെ ഒരു അനോണി ലേബലടിച്ചപ്പോള്‍, അടിക്കപ്പെട്ട ആ പര്‍ട്ടിക്കുലര്‍ ലേബല്‍ എന്തെങ്കിലും കുളിരോ ചമ്മലോ എന്നില്‍ ഉണ്ടാക്കിയതുകൊണ്ടല്ല, പക്ഷേ എന്റെ അറിവോ സമ്മതമോ കൂടാതെ എന്നില്‍ ഒരു ലേബലടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ചെറിയ ഒരു ചൊറിച്ചിലിന്റെ ഫലം മാത്രം ഈ പോസ്റ്റ്. മലയാളം ബ്ലോഗ് “നീ എന്നെ പറഞ്ഞു, ഞാന്‍ ഇതാ നിന്നെയും പറയുന്നു” എന്നുള്ള വാടാ-പോടാ ലെവലിനൊക്കെ ബഹുദൂരം അപ്പുറം എത്തിയെന്ന സത്യം മനസ്സിലാക്കിയിട്ടും ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് വക്കാരീസ് ടിപ്സ് പ്രകാരം സ്വല്പം കൂടുതല്‍ വെയിറ്റു ചെയ്തിട്ടും എന്റെ ചൊറിച്ചില്‍ മാറുന്നില്ല എന്നതുകൊണ്ട് മാത്രം. അതുകൊണ്ട് സമയത്തിന് അതിന്റേതായ വിലകൊടുക്കുന്ന ബഹുമാനപ്പെട്ട ബ്ലോഗെഴുത്തുകാര്‍/വായനക്കാര്‍ ആരും ഈ പോസ്റ്റ് വായിക്കാനായി അവരുടെ സമയം മെനക്കെടുത്തരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. എന്റെ മറ്റനേകം ബ്ലോഗ് പോസ്റ്റുകള്‍ പോലെ ഈ പോസ്റ്റും മലയാളം ബ്ലോഗിനോ മലയാളം ഭാഷയ്ക്കോ ഒരു രീതിയിലുമുള്ള സംഭാവനയും നല്‍‌കുന്നില്ല എന്നത് നൂറുതരം. എന്റെ ആത്മ സംതൃപ്തി എന്ന സ്വാര്‍ത്ഥചിന്ത മാത്രമേ ഈ പോസ്റ്റിനും ഇതിനെ തുടര്‍ന്നു വരുന്ന എല്ലാ പോസ്റ്റിനുമുള്ളൂ.

തുടങ്ങി:

നമ്മള്‍ ഒരു സ്ട്രോംഗ് ഇടതുപക്ഷപ്രീണനവാദിയാണെന്ന് കരുതുക. നമുക്ക് ജീവിതത്തില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തവര്‍ വലതുപക്ഷപ്രീണനവാദികളും. വലതുപക്ഷ പ്രീണനവാദം തികച്ചും അപകടകരമാണ്, അതുകൊണ്ട് ആരും വലതുപക്ഷത്തേക്ക് ചായയരുത് എന്നുമാണ് സ്ട്രോംഗ് ഇടതുപക്ഷപ്രീണനവാദികള്‍ കരുതുന്നത് എന്നും കരുതുക അപ്പോള്‍ നരവംശശാസ്ത്രപ്രകാരവും ഹുമയൂണ്‍ സൈക്കളോളജിപ്രകാരവും സാധാരണക്കാരനായ ഒരു ആവറേജ് ഇടതുപക്ഷപ്രീണനവാദിയുടെ ചിന്ത എങ്ങിനെയായിരിക്കും?

തനിക്ക് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയാത്ത വലതുപക്ഷത്തേക്ക് ഒരാളെങ്കില്‍ ഒരാള്‍ കുറച്ചേ പോകാവൂ; ഈ ലോകത്ത് എത്രയും കുറവ് വലതുപക്ഷക്കാരാണോ ഉള്ളത്, അത്രയും നല്ലത്; അങ്ങിനെയങ്ങിനെ വലതുപക്ഷത്ത് ആരുമില്ലാതെ ആ പക്ഷം വംശം നിന്നുപോവുകയും അങ്ങിനെ സമത്വസുന്ദരമായ ഒരു ലോകം ഉണ്ടാവുകയും ചെയ്യും എന്നൊക്കെയായിരിക്കുമല്ലോ ഇടതുപക്ഷപ്രീണനവാദിയായ ഒരു സാധാരണക്കാരന്റെ ചിന്ത പോവേണ്ടത് (അല്ലാതെ ഇടതു പക്ഷവും വേണം, വലതു പക്ഷവും വേണം, നിഷ് പക്ഷവും വേണം, ഇവയിലെല്ലാം എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അതെല്ലാം വേണം, ഇവയിലൊക്കെയുള്ള ദോഷങ്ങള്‍ നമുക്ക് വേണ്ട എന്നതൊക്കെ അരാഷ്ട്രീയവാദമാവുമെന്നാണല്ലോ കുറഞ്ഞപക്ഷം ഇടതുപക്ഷപ്രീണനവാദികളില്‍ ചിലരെങ്കിലും (ചിലര്‍ എന്നത് എടുത്ത് വായിക്കാനപേക്ഷ) ചിന്തിക്കുന്നത്).

ഇനി മുകളില്‍ പറഞ്ഞതാണ് ഒരു സാധാരണ ഇടതുപക്ഷപ്രീണനവാദിയുടെ ചിന്തയെങ്കില്‍, അതായത് ഒരാളെങ്കില്‍ ഒരാള്‍ കുറച്ച് വലതുപക്ഷപ്രീണനവാദിയാവുന്നതാണ് ഈ ലോകത്തിന് നല്ലതെന്നാണ് ഒരു സാധാരണ ഇടതുപക്ഷപ്രീണനവാദിയുടെ ചിന്തയെങ്കില്‍, അറിഞ്ഞോ അറിയാതെയോ തനിക്കറിയാനോ അറിയാന്‍ വയ്യാത്തതോ ആയ ഒരാളെ ഒരു ഇടതുപക്ഷപ്രീണനവാദിക്ക് വലതുപക്ഷപ്രീണനവാദിയാക്കാന്‍ കഴിയുമോ? ഇല്ലതന്നെ.

ഒരു ഇടതുപക്ഷപ്രീണനവാദിയോ ഒരു നിഷ്‌പക്ഷപ്രീണനവാദിയോ യാതൊരു നിവൃത്തിയുമില്ലെങ്കിലേ ഒരാളെ വലതുപക്ഷപ്രീണനവാദിയാക്കാന്‍ നോക്കൂ. ആ പക്ഷത്തേക്ക് ആരെങ്കിലും പോവുന്നത് അയാള്‍ക്ക് വല്ലാത്ത മനോവേദന തന്നെയുണ്ടാക്കും. എന്നിട്ടും ആരെങ്കിലും , ലവന്‍ വലതുപക്ഷം തന്നെ എന്ന് പറഞ്ഞാല്‍ പോലും പിന്നെയും നൂറുവട്ടം വെരിഫൈ ചെയ്തിട്ടേ മനസ്സില്ലാ മനസ്സോടെയെങ്കിലും ആ സത്യം അംഗീകരിക്കൂ.

എന്നെ വലതുപക്ഷപ്രീണനവാദിയായി ലേബലടിച്ച്, ആ അസുലഭ മുഹൂര്‍ത്തങ്ങള്‍ കാണാന്‍ പറ്റാത്തവരോടൊക്കെ സഹതപിച്ച ഈ അനോണി അത്രയും എഫര്‍ട്ട് എടുത്തിരിക്കുമോ? എടുത്തായിരിക്കുമല്ലേ? അല്ലെങ്കില്‍ സ്വന്തം പക്ഷത്തേക്ക് ആളെ കൂട്ടാന്‍ നടക്കുന്ന ഒരു വലതുപക്ഷപ്രീണനവാദി തന്നെയാവണം അദ്ദേഹം. അങ്ങിനെ ലേബലടിച്ച് ലേബലടിച്ച് മാക്സിമം ആള്‍ക്കാരെ വലതുപക്ഷ പ്രീണനവാദികളാക്കി വര്‍ഷാവസാനം യു.എന്‍ ലോകത്തിലെ പ്രീണനവാദികളുടെ കണക്കെടുക്കുമ്പോള്‍ നമ്മള്‍ ലേബലടിച്ച കാക്കത്തൊള്ളായിരം ആള്‍ക്കാരുടെ എണ്ണം കൂടി കൂട്ടി ഈ ലോകത്ത് വലതുപക്ഷപ്രീണനവാദികളുടെ എണ്ണം മറ്റുള്ളവരുടെ എണ്ണത്തേക്കാളും ആയിരം മടങ്ങ് എന്നൊക്കെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതില്‍ അനോണി ലേബലടിച്ച ഞാനും കൂടി വരും. അങ്ങിനെയെങ്കിലും കണക്കുപുസ്തകത്തില്‍ കയറാന്‍ പറ്റുമല്ലോ.

അപ്പോള്‍ ഒന്നുകില്‍ അനോണിയുടെ ആ എഫര്‍ട്ടിനു മുന്നില്‍ നമിക്കുന്നു, അല്ലെങ്കില്‍ എന്റെ കൂട്ടുകാരന്‍ വലതുപക്ഷപ്രീണനവാദിയനോണിക്ക് എന്റെ ഷേക്ക് ഹാന്‍ഡ്. ഞാന്‍ വലതുപക്ഷം കീ എന്ന് വിളിക്കുമ്പോള്‍ അനോണി കൂടെ ചേര്‍ന്ന് “ജായ്” എന്ന് വിളിക്കണം.

(കൃഷ്ണമൂര്‍ത്തീ എന്ന് പറയാന്‍ പത്താം ക്ലാസ്സ് പാസ്സാവുകയൊന്നും വേണ്ട, ഒന്ന് നാക്ക് വടിച്ചാല്‍ മതി എന്ന് വിയറ്റ്നാം കോളനിയില്‍ ഇന്നസെന്റ് കേപ്പീയേസീ ലളിതയോട് പറയുന്നതുപോലെ നീ നല്ല ഒന്നാന്തരം വലതുപക്ഷവര്‍ഗ്ഗീയഭീകരപ്രീണനവാദിയാണെന്നറിയാന്‍ ഇത്രയും എഫര്‍ട്ടൊന്നും എടുക്കേണ്ട ആവശ്യമില്ല, ചുമ്മാ ഒന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കിയാല്‍ മതി എന്ന് പറയാന്‍ വരുന്നവരോട് എന്റെ ഒരു ഹല്ലോ ഹൌവ്വാര്‍‌യ്യൂ).

സീരിയസ് അലി:

ഇടതുപക്ഷം എന്തോ കൂടിയ പക്ഷമാണെന്നോ വലതുപക്ഷം എന്തോ മോശം പക്ഷമാണെന്നോ നിഷ്പക്ഷമാണ് വേണ്ടപക്ഷമെന്നോ ഉള്ള ചിന്തയൊന്നും എനിക്കില്ല. പക്ഷങ്ങളിലെ ബ്രാഹ്‌മണപക്ഷമാണ് ഇടതുപക്ഷമെന്നോ തൊട്ടുകൂടാനും തീണ്ടിക്കൂടാനും പറ്റാത്ത അയിത്തം പാലിക്കേണ്ട പക്ഷമാണ് വലതുപക്ഷമെന്നോ ഉള്ള ചിന്തയൊക്കെ കുറഞ്ഞ പക്ഷം പുരോഗമനമെന്ന് പറയുന്ന ഇടതുപക്ഷക്കാര്‍ക്കെങ്കിലും ഉണ്ടാവാനും പാടില്ലാത്തതാണ്. എല്ലാ പക്ഷക്കാരുടെയും ചില വാദങ്ങള്‍ ശരിയും ചിലത് തെറ്റും ചിലത് ശുദ്ധമണ്ടത്തരവുമാണെന്നാണ് എന്റെ ഒരു നിരീക്ഷണം.

പക്ഷേ ഒരാളുടെ അറിവോ സമ്മതമോ കൂടാതെ അയാളെ ലേബലടിച്ച് ഏതെങ്കിലും ഒരു പക്ഷത്തേക്ക് ഒതുക്കുന്നത് പക്ഷാവകാശലംഘനമാണെന്നേ ഞാന്‍ പറയൂ. ഇടതുപക്ഷക്കാരന്‍ ഈ ലോകത്തിലുള്ള എല്ലാത്തിനെപ്പറ്റിയും അഭിപ്രായം പറഞ്ഞിട്ട് അതില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ഒരാള്‍ ഇടതുപക്ഷത്തിന്റെ അഭിപ്രായവുമായി യോജിക്കുന്നുണ്ടെങ്കില്‍ അതുകാരണം ലെവന്റെ പക്ഷവും ഇടതാണ് എന്ന് പറഞ്ഞ് ലെവനെ ഇടതുപക്ഷപ്രീണനവാദിയായി ലേബലടിക്കുമ്പോള്‍ അടിക്കുന്നവന്റെ മാനസിക സംതൃപ്തിക്കപ്പുറം അതിന് കുറഞ്ഞ പക്ഷം (ദേ പിന്നേം പക്ഷം-ആ പക്ഷമല്ല ഈ പക്ഷം) ഈ നൂറ്റാണ്ടിലെങ്കിലും വലിയ കാര്യമില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ആള്‍ക്കാര്‍ക്കൊക്കെ നമുക്കുപോലും പിടിച്ചാല്‍ കിട്ടാത്തത്ര വിവരം വെച്ചുവരുന്ന കാലമല്ലേ. ഒരുത്തന്‍ ഒരുത്തനെ ലേബലടിച്ചാല്‍ ആ ലേബല്‍ കണ്ടുമാത്രം കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന ആ കാലമൊക്കെ പോയില്ലേ.

മാത്രവുമല്ല ഈ ലേബലടി ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒളിച്ചോട്ടമോ, അദ്ധ്വാനിക്കാനുള്ള (അദ്ധ്വാനിയാണ്- എന്റെ നേതാവ് അഡ്വാനിയല്ല) മടിയോ ഒക്കെയുമാണെന്നാണ് എന്റെയൊരു തോന്നല്‍. ലേബലടിച്ചുകഴിഞ്ഞാല്‍ പിന്നെ ആ ലേബലിന്റെ പൊതുസ്വഭാവമനുസരിച്ച് അങ്ങ് പോയാല്‍ മതിയല്ലോ. അയാള്‍ പിന്നെ പറയുന്നതെന്താണെന്നൊന്നും കേള്‍ക്കേണ്ട കാര്യമേ ഇല്ല. ലേബലടിക്കപ്പെട്ടവന്‍ ഇങ്ങ് കന്യാകുമാരിയുടെ മൂലയിലാണ് ഇരിക്കുന്നതെങ്കിലും കാശ്മീരിന്റെ അങ്ങേ മൂലയിലിരുന്ന് ആ സെയിം ലേബലുള്ളവന്‍ എന്തെങ്കിലും എന്നെങ്കിലും പറഞ്ഞാല്‍ അതും ഇങ്ങേയറ്റത്ത് കന്യാകുമാരിയിലിരിക്കുന്നവന്റെ തലയിലും വീഴും. അതും കൂടി ചേര്‍ത്തായിരിക്കും പിന്നെ ലേബലടിക്കുന്നവര്‍ കന്യാകുമാരിക്കാരനോട് പ്രതികരിക്കുന്നെങ്കില്‍ പ്രതികരിക്കുന്നത്. സംഗതി വളരെ എളുപ്പം. കണ്ണൂരില്‍ സി.പി.എം പോക്രിത്തരം കാണിച്ചെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞപ്പോള്‍ ബി.ജെ.പി ക്കാരും അതു തന്നെയാണ് പറഞ്ഞത്, അതുകൊണ്ട് കോണ്‍‌ഗ്രസ്സ് ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്നു എന്നാണ് പിണറായിപോലും പറഞ്ഞത്. പിന്നെന്തു വേണം?

അതാണ് ലേബലടിയുടെ ഫാസിസ്റ്റ് മുഖവും. വലതുപക്ഷമെന്നെക്കെ പറഞ്ഞ് ഒരു പക്ഷത്തെ മൊത്തം ലേബലടിച്ചൊതുക്കിയാല്‍ എന്നെപ്പോലെ വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ചിലരൊഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ മിക്കവാറും ഇനിയും ലേബലടിക്കപ്പെടുമോ എന്നോര്‍ത്ത് മിണ്ടാതിരിക്കും. “ലെവന്‍ കാണിച്ചത്, ശുദ്ധ പോക്രിത്തരം. പക്ഷേ പറഞ്ഞാല്‍ യ്യേ, ഞാനും ലെവരെപ്പോലെയാണെന്ന് ആരെങ്കിലും പറഞ്ഞാലോ, അത് മോശമല്ലേ” എന്നോര്‍ത്ത് അടുത്ത പ്രാവശ്യവും മറുപക്ഷം പോക്രിത്തരം കാണിക്കുമ്പോള്‍ പലരും മിണ്ടാതിരിക്കും. പോക്രിത്തരം കാണിക്കുന്നവര്‍ക്ക് വേണ്ടത് എക്സാറ്റ്‌ലി അതാണുതാനും- മിണ്ടാതിരിപ്പിക്കുക. ആള്‍കാരുടെ “യ്യേ മോശമാവില്ലേ, ലെവരെന്തു കരുതും, ഇമേജ് പോവൂല്ലേ” എന്ന ദൌര്‍ബ്ബല്യചിന്ത പരമാവധി മുതലെടുക്കുക.

ഈയൊരു ലേബല്‍ പരിപാടി പത്തറുപത് കൊല്ലമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണു താനും. നമുക്കിഷ്ടമില്ലാത്ത പക്ഷം മോശം പക്ഷം എന്നൊരു ചിന്ത ആള്‍ക്കാരുടെ മനസ്സിലുറപ്പിക്കാന്‍ ഒന്നോ രണ്ടോ ലേബലൊന്നും പോരല്ലോ. അങ്ങമേരിക്കയില്‍ വലതുപക്ഷവും ഇങ്ങിന്ത്യയില്‍ ഇടതുപക്ഷവുമാണ് പ്രധാനമായും ഈ കര്‍മ്മങ്ങളില്‍ പ്രാവീണ്യം നേടിയവരെന്നത് എന്റെ പരിമിതമായ വിവരക്കേടില്‍ ഞാന്‍ തന്നെ കണ്ടെത്തിയ, യാതൊരു ബായ്ക്ക് അപ്പുമില്ലാത്ത ഒരു വാദം (തെറ്റാണെങ്കില്‍ എപ്പോള്‍ തിരുത്തിയെന്ന് ചോദിക്കുകപോലും വേണ്ട). അങ്ങിനെയൊരു ഇമേജ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ നമ്മുടെ പോക്രിത്തരത്തിനെതിരെ ആര് സംസാരിച്ചാലും ആദ്യം “നിങ്ങള്‍ ലെവന്റെ ഭാഷയില്‍ സംസാരിക്കുന്നു” എന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കും. മിക്കവാറും വിജയിക്കും. എന്നിട്ട് അടങ്ങുന്നില്ലെങ്കില്‍ “നിങ്ങള്‍ ലെവന്‍ തന്നെ” എന്നങ്ങ് പ്രഖ്യാപിക്കും. അതോടെ സംഗതി സക്സസ്സ്.കണ്ണൂരില്‍ മാര്‍ക്കലിസ്റ്റുകാര്‍ കാണിക്കുന്ന പോക്രിത്തരത്തെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ്സുകാര്‍ വാ പൊളിക്കുമ്പോഴേ “നിങ്ങള്‍ ആറെസ്സെസ്സിന്റെ ഭാഷയില്‍ സംസാരിക്കുന്നു” എന്ന് പിണറായി വിജയന്‍ പറയുന്നതിന്റെ മനഃശാസ്ത്രം അറിയാന്‍ പത്താം ക്ലാസ്സ് പാസ്സാവുന്നത് പോയിട്ട് നാക്കുവടിക്കുക പോലും വേണ്ട. അത് തന്നെ.

എന്തായാലും ഈ അനോണി എത്രമാത്രം എഫര്‍ട്ട് ഇക്കാര്യത്തില്‍ എടുത്തു എന്നെനിക്കറിയില്ല. കഥയറിയാതെ ആട്ടം കാണുന്നവരെയോര്‍ക്കുമ്പോള്‍ അവര്‍ കഥയെന്താണെന്നറിയാനായിരിക്കും ആട്ടം മൊത്തം കാണുന്നതെന്നെങ്കിലും കരുതി സമാധാനിക്കാം. പക്ഷേ കഥ മൊത്തം അറിഞ്ഞിട്ടും ആട്ടം കാണുന്നവരോ... അവരോട് സഹതാപം മാത്രം. അതുകൊണ്ട് കഥമൊത്തമറിയുന്നവര്‍ ഏതെങ്കിലും ഭാഗം മിസ്സാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി എന്റെ ചില വലതുപക്ഷപ്രീണനതീവ്രവാദ സാമ്പിള്‍ വെടിക്കെട്ടുകള്‍ (ഇത് എന്നെ വിടാതെ പിന്തുടരുന്ന, എന്റെ ഓരോ വാക്കും നോക്കും നോക്കിവെയ്ക്കുന്ന അനോണിതന്നെ ചെയ്യേണ്ടതായിരുന്നു):

ഉദാ: ഒന്ന് - സമയമുള്ളവര്‍ക്കായി-അവിടെ അജിത് എന്നോട് പറഞ്ഞത് വായിക്കുക (ശ്രീ. വക്കാരിമഷ്ടായുടെ "ലാപുടേ, ടോപ്പിക്കില്‍ നിന്നു ഞാന്‍ ..." എന്നു തുടങ്ങുന്ന കമന്റിനുള്ള മറുപടി എന്ന കമന്റ്)
. അതിനുശേഷം കണ്ണൂര്‍ കലാപത്തെപ്പറ്റിയും മറ്റുമുള്ള വലതുപക്ഷക്കാരുടെ ഇപ്പോഴത്തെ പോസ്റ്റുകള്‍ക്കുള്ള ഇടത്/നിഷ്പക്ഷക്കാരുടെ മറുപടികള്‍ വായിക്കുക. അതിനുശേഷം അജിത് എന്നോട് പറഞ്ഞത് ഒന്നുകൂടി വായിക്കുക. ഭൂമി ഉരുണ്ടതാണെന്നുള്ളതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണം? :)

ഉദാ: രണ്ട് - . ആ പോസ്റ്റിനോടനുബന്ധിച്ചുള്ള ഈ പോസ്റ്റില്‍ ആരും എന്റെ വലതുഫാസിസ്റ്റ് നിലപാടുകള്‍ കാണാതെ പോകുന്നതിലും ഒരു അനോണി പരിതപിച്ചു കളഞ്ഞു. മലയാളം ബ്ലോഗുകാരുടെയൊക്കെ ഒരു കാര്യം. ഓരോ തവണയും അനോണി തന്നെ വേണം എല്ലാവരെയും എല്ലാം കാണിച്ച് കൊടുക്കാന്‍ :)

ഉദാ: മൂന്ന് - ഇത് മൊത്തം വായിച്ചിട്ട്, അവരവരുടെ വിശ്വാസങ്ങള്‍ വരുമ്പോള്‍ അവരവര്‍ പ്രതികരിക്കുന്നത് എങ്ങിനെ എന്ന് ഒന്ന് വിശകലിച്ചാല്‍ അത് ഒരു നേരം‌പോക്കായിരിക്കും-വിശ്വാസം മതമായാലും മറ്റെന്താണെങ്കിലും. അതിനുശേഷം മറ്റുള്ള വിശ്വാസങ്ങളുടെ കാര്യത്തില്‍ അവരവരുടെ നിലപാടുകളും കൂടി നോക്കിയാല്‍ സംഗതി ഡബിള്‍ നേരം‌പോക്കായിരിക്കും.

നാല്: മലയാളം ബ്ലോഗുകളിലുള്ള ഞാനിട്ട കാക്കത്തൊള്ളായിരം കമന്റുകള്‍. നേരത്തെ പറഞ്ഞതുപോലെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നോക്കിയാല്‍ ഇഷ്ടം പോലെ കിട്ടും. നാക്കുപോലും വടിക്കണമെന്നില്ല.

മുകളില്‍ കൊടുത്ത ഉദാഹരണങ്ങള്‍ “ഹേയ ഞാന്‍ ആ ടൈപ്പല്ല“ എന്നോ “ഹായ്, ഞാന്‍ ആ ടൈപ്പുതന്നെ” എന്നോ കാണിക്കാനോ ആരെയെങ്കിലും എന്തെങ്കിലും ബോധ്യപ്പെടുത്താനോ എന്തെങ്കിലും നയം വ്യക്തമാക്കാനോ അല്ല. ലേബലടിയോടുള്ള എന്റെ പ്രതികരണം എന്റേതായ രീതിയില്‍ എന്റെ സ്വന്തം ബ്ലോഗില്‍ രേഖപ്പെടുത്തിയെന്ന് മാത്രം.

എന്‍.ബി.

ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയായ ഞാന്‍ സ്വാഭാവികമായും ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഒരു പാരമ്പര്യവാദിയുമായിരിക്കുമല്ലോ. ആ എനിക്ക് നാസയില്‍ 38% ഇന്ത്യന്‍ വംശജരില്ല, 3 ശതമാനമേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ ശരിക്കും വിഷമമായി (വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വിഷമം). ഒരു ആഗോളപൌരനാവാന്‍ മാത്രം ഇടതുപക്ഷാനുഭാവിയൊന്നുമല്ലാത്തതുകാരണം നാസയില്‍ ശരിക്കും 38-ഓ 50-ഓ ശതമാനം ഇന്ത്യന്‍ വംശജര്‍ ഉണ്ടായിരുന്നെങ്കില്‍ അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചേനെ. നാസയില്‍ മാത്രമല്ല, ലോകത്ത് ശാസ്ത്രമേഖലയിലായാലും സാങ്കേതികമേഖലയിലായാലും വൈദ്യശാസ്ത്രത്തിലായാലും കലയിലായാലും സാഹിത്യത്തിലായാലും കായികത്തിലായാലും നല്ലൊരു ശതമാനം ആള്‍ക്കാരും ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആയാല്‍ എനിക്ക് സന്തോഷം തന്നെ. അങ്ങിനെ ലോകത്തിന്റെ പുരോഗതിക്ക് ഇന്ത്യകാരും ഇന്ത്യന്‍ വംശജരും അവരുടേതായ സംഭാവനകള്‍ നല്‍‌കണം എന്നുതന്നെ എന്റെ ആഗ്രഹം. അങ്ങിനെ തികച്ചും പോസിറ്റീവായ രീതിയില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ മേഖലയിലും അവര്‍ ഉണ്ടാവണം. അത്, പക്ഷേ, പണ്ട് സായിപ്പ് കാണിച്ചതുപോലെ ഏതെങ്കിലും രാജ്യത്തെ കായികമായോ മാനസികമായോ കീഴടക്കി ആധിപത്യം സ്ഥാപിക്കാനോ, പിന്നീട് അവരെ കാണുമ്പോള്‍ കവാത്ത് ഓര്‍മ്മിപ്പിക്കാതിരിക്കാനോ അല്ല. നാസയില്‍ 38 ശതമാനം ഇന്ത്യന്‍ വംശജരുണ്ടെങ്കില്‍ അവര്‍ ആത്യന്തികമായി നാസയ്ക്കും അമേരിക്കയ്ക്കും തന്നെയാണല്ലോ പ്രയോജനപ്പെടുന്നത്. പക്ഷേ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ അവരുടെ നേട്ടങ്ങള്‍ എന്നെപ്പോലുള്ള പാരമ്പര്യവാദിക്ക് പോസിറ്റീവായ പ്രചോദനം നല്‍‌കുന്നു എന്ന് മാത്രം. നാസയില്‍ ശരിക്കും 38 ശതമാനം ഇന്ത്യക്കാരുണ്ടെങ്കില്‍ തന്നെ അതില്‍നിന്നും എന്ത് പ്രചോദനം ഉള്‍ക്കൊള്ളാന്‍ എന്നോ, അങ്ങിനെയുള്ളതൊന്നും പ്രചോദിക്കാനുള്ള സംഗതികളല്ല എന്നോ ഒക്കെ പറഞ്ഞാല്‍ എനിക്കുത്തരം മുട്ടും.

അതുകൊണ്ട് നാസയില്‍ 38 ശതമാനം ഇന്ത്യന്‍ വംശജരില്ല, 3 ശതമാനമേ ഉള്ളൂ എന്ന വാസ്തവം അറിയുമ്പോള്‍, കണ്ടോ, ഞാനപ്പോഴേ പറഞ്ഞില്ലേ, നമ്മളെക്കൊണ്ട് ഇതൊക്കെയേ പറ്റൂ എന്നോര്‍ത്ത് അഭിമാനിക്കാന്‍ എന്നെപ്പോലുള്ള വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസപാരമ്പര്യവാദിക്ക് സാധിക്കില്ല. ആ മൂന്ന് ശതമാനം മുപ്പത് ശതമാനമാക്കാന്‍ പറ്റിയാല്‍ അടിപൊളി (എന്ന് വെച്ച് അങ്ങിനെയാക്കിയാക്കി നാസ അടുത്ത റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ അതില്‍ ഇന്ത്യയുടെ കൊടി പാറിച്ച് നാസ കീഴടക്കി ഇന്ത്യാ സര്‍ക്കാരിന്റെ കീഴിലാക്കാനൊന്നുമല്ല, സ്വകാര്യമായി ഒന്ന് അഹങ്കരിക്കണം, ത്രേള്ളൂ). അതേസമയം അമൃത കോളേജുകാര്‍ കാണിക്കുന്നത് പോലെ ഇല്ലാത്ത മാഹാത്മ്യം ഉണ്ടാക്കിപ്പറയുകയും വേണ്ട. ഇപ്പോള്‍ മൂന്നേ ഉള്ളൂവെങ്കില്‍ മൂന്ന്. അവിടെ ഇല്ലാത്ത 38‌ന്റെ കണക്കൊക്കെ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞാല്‍ അടുത്ത പ്രാവശ്യം അവിടെ പഠിപ്പിക്കുമ്പോള്‍ നാസയില്‍ 3 ശതമാനം ഇന്ത്യന്‍ വംശജരാണ് എന്ന് തന്നെ അഭിമാനപൂര്‍വ്വം കുട്ടികളെ പ്രചോദിപ്പിക്കാന്‍ പഠിപ്പിക്കണമെന്ന് ഞാന്‍ പറയും. ആര്‍ക്കെങ്കിലും അതുകൊണ്ട് എന്തെങ്കിലും പ്രയോജനം/പ്രചോദനം കിട്ടുന്നെങ്കില്‍ കിട്ടട്ടെ. മാത്രമല്ല, നിങ്ങളൊക്കെ നല്ലപോലെ പഠിച്ച് ആ മൂന്ന് ശതമാനം ഉയര്‍ത്തി മുപ്പതാക്കാന്‍ നോക്കണം എന്നും പഠിപ്പിക്കാം (അമേരിക്കയുടെ ആന്റിമാര്‍ ക്ഷമിക്കുക). പിന്നെ മൂന്ന് ശതമാനമേ ഉള്ളൂ എങ്കിലും ഇതില്‍ പറഞ്ഞിരിക്കുന്നതുപോലെ (ആ സൈറ്റ് വെറുമൊരു സൈറ്റ്, ആധികാരികത അറിയില്ല) ആ മൂന്ന് ശതമാനത്തില്‍ നല്ല തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ ഉണ്ട് എന്നതും ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിക്ക് അഭിമാനം പകരുന്ന വസ്തുത തന്നെ (എന്തായാലും ഈ ബ്ലോഗില്‍ കണ്ട “According to the Forbes magazine, Sanskrit is the most suitable language for computer software " എന്ന വാക്ക് ഗൂഗിളില്‍ കൊടുത്ത് സേര്‍ച്ച് ചെയ്തപ്പോള്‍ ക്ഷീരമുള്ള അകിടില്‍ എനിക്ക് വേണ്ട ചോരയൊക്കെ ഇവിടെനിന്നും (ജോണും രാജും തമ്മിലുള്ള സംവാദം ശ്രദ്ധിക്കുക) ഇവിടെനിന്നുമൊക്കെ കുഴിച്ചെടുത്തു (ഈ പേപ്പര്‍ ബോണസ്സും). അതില്‍ ഒരു ഗവേഷണം നടത്താനുള്ള കപ്പാസിറ്റിയൊന്നുമില്ല. അപ്പോള്‍ പിന്നെ നമുക്ക് മനഃസമാധാനം കിട്ടുന്നതൊക്കെ ചികഞ്ഞെടുത്ത് വായിച്ച് അഭിമാനം കൊള്ളുക-അത്രതന്നെ). സംസ്കൃതം മാത്രമല്ല, എന്ത് പാരമ്പര്യവാദത്തിലും സീസര്‍-ഈശ്വരന്‍ പ്രിന്‍സിപ്പിളാണ് എന്റെ പ്രിന്‍‌സിപ്പിള്‍. കാവിമുണ്ടുടുത്ത് ചുമന്ന കുറിയുമിട്ട് വഴിവക്കില്‍ വക്കാരി സംസ്കൃതത്തെ പൊക്കി പറഞ്ഞതുകൊണ്ട് മാത്രം എന്ത് വന്നാലും സംസ്കൃതത്തെ ഞാന്‍ അംഗീകരിക്കില്ല, സംസ്കൃതം എന്ന വാക്കുച്ചരിക്കുന്നവനെ ഞാന്‍ യാതൊരു ദയയുമില്ലാതെ ലേബല്‍ പച്ചകുത്തും എന്നൊക്കെയുള്ള നിലപാടുകാരോട് എന്റെ നല്ല നമസ്കാരം.

(ഉള്ള കണക്കുകള്‍ കൊണ്ട് തന്നെ അഭിമാനിക്കണമെന്നുള്ളവര്‍ക്ക് അഭിമാനിക്കാമെന്നുള്ളപ്പോള്‍ ഇല്ലാത്ത കണക്കുകള്‍ ഊതിപ്പെരുപ്പിച്ച് പറഞ്ഞ് പരത്തി അപഹാസ്യരാകുന്നത് ആത്യന്തികമായി നമ്മള്‍ തന്നെയാണെന്നതിനാല്‍ അതിനോട് ഒട്ടും യോജിപ്പില്ല എന്ന് ഞാന്‍ എന്നോട് തന്നെ ഒന്ന് പറയുന്നു-ഇനി ഇങ്ങിനെയൊന്നുമല്ലെങ്കില്‍ കൂടി നമുക്ക് ഉള്ളതുകൊണ്ട് ഓണം, അത്രതന്നെ)

അനോണിക്ക് നന്ദി. ഇനി തുടരെത്തുടരെ (നെറ്റ് സൌകര്യത്തിന് കിട്ടുന്ന മുറയ്ക്ക്) കുറെ വലതുപക്ഷപ്രീണനവര്‍ഗ്ഗീയവാദഫാസിസപ്പോസ്റ്റുകള്‍ കൂടിയിടാം. സംഗതി മൊത്തം ഭീകരമായിരിക്കും :)

ലേബലുകളെപ്പറ്റി പണ്ട് പറഞ്ഞത് ഇവിടെ.

ആക്ക് നോളജ് മെന്റല്‍

തലക്കെട്ടിലെ തെറ്റ് ചൂണ്ടിക്കാട്ടി അത് തിരുത്തിത്തന്നതിന് ഉമേഷ്‌ജിക്ക് നന്ദി.

എന്നെ ഒരു നിഷ്‌പക്ഷവാദിയായോ നിഷ്‌പക്ഷം കളിക്കാന്‍ ശ്രമിക്കുന്നവനായോ ആരെങ്കിലും ഒരു നാനോസെക്കന്റെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവരുടെ ആ തെറ്റിദ്ധാരണയ്ക്ക് ഞാന്‍ മാപ്പൊന്നും ചോദിക്കുന്നില്ല. കണക്കായിപ്പോയി :)

എന്റെ പോസ്റ്റുകളും കമന്റുകളും വായിച്ച് ഇനിയെങ്കിലും ആരെങ്കിലും തെറ്റിദ്ധരിക്കപ്പെടുകയാണെങ്കില്‍ അവരുടെ തലയ്ക്കകത്തൊന്നും കിഡ്‌നിയില്ല എന്ന് ഞാന്‍ പറയും :)

Labels: , , , , ,