Tuesday, August 21, 2007

സര്‍ക്കാര്‍ സ്കൂളുകളും ധാര്‍മ്മികതയും

ദീപികയില്‍ ഇന്നലെ വന്ന വാര്‍ത്തയാണ്


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍, 20-08-2007

സര്‍ക്കാര്‍ സ്കൂളുകളിലും ഭൂരിപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകളിലും ധാര്‍മ്മികത നഷ്ടമായിരിക്കുകയാണെന്ന് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞിരിക്കുന്നു.

എന്താണ് അദ്ദേഹം ആ പ്രസ്താവനകൊണ്ട് ഉദ്ദേശിച്ചതെന്ന് വാര്‍ത്തയുടെ ബാക്കി ഭാഗത്തുനിന്നും വ്യക്തമല്ല. എന്താണ് ധാര്‍മ്മികതകൊണ്ട് ഉദ്ദേശിച്ചതെന്നും വ്യക്തമല്ല. പക്ഷേ ധാര്‍മ്മികബോധം ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തേണ്ട സംഗതിയാണെന്നതില്‍ ഒരു സംശയവുമില്ല. മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് ഇത് ഏറ്റവും നന്നായി ചെയ്യുവാനും കഴിയുക.

പഠനമെന്നാല്‍ പരീക്ഷയ്ക്ക് മാത്രമുള്ള പഠനം എന്ന ചിന്ത എങ്ങിനെയോ തലയില്‍ കയറിയിരുന്നതുകാരണം സ്കൂളില്‍ പഠിപ്പിച്ചിരുന്ന മോറല്‍ സയന്‍സിന് പരീക്ഷ ഇല്ലാത്തതുകാരണം എന്താണ് പഠിപ്പിച്ചതെന്നുകൂടി ഓര്‍മ്മയില്ല. പക്ഷേ കുട്ടികളില്‍ ധാര്‍മ്മിക ബോധം ഒന്നാം ക്ലാസ്സില്‍ ഇത്ര പാഠങ്ങളില്‍ കൂടി, രണ്ടാം ക്ലാസ്സില്‍ കുറച്ചുകൂടി എന്ന രീതിയിലല്ല വളര്‍ത്തേണ്ടതെന്ന് തോന്നുന്നു. ഒന്നാം ക്ലാസ്സില്‍ പഠനം തുടങ്ങുന്ന കുട്ടി പത്താം ക്ലാസ്സ് കഴിയുമ്പോഴേക്കും അവന്റെ മനസ്സില്‍ അത്തരം കാര്യങ്ങള്‍ വേരൂന്നിയിരിക്കണം. അത് പാഠപുസ്തകങ്ങളില്‍ കൂടിയാവാം-പക്ഷേ അവയില്‍ കൂടി മാത്രമായി പറ്റില്ല എന്ന് തോന്നുന്നു. മറ്റുള്ളവരെ ബഹുമാനിക്കാനും പ്രായമായവരെ ഏറ്റവും നന്നായിത്തന്നെ ബഹുമാനിക്കാനും നമുക്കുള്ള എല്ലാ അവകാശങ്ങളും നമ്മളെപ്പോലെ തന്നെ മറ്റുള്ളവര്‍ക്കുമുണ്ട് എന്നുമൊക്കെയുള്ള ചിന്തകളും കരുണ, സഹാനുഭൂതി മുതലായ വികാരങ്ങളുമൊക്കെ‍ ചെറിയ ചെറിയ ഉദാഹരണങ്ങള്‍ വഴിയും അദ്ധ്യാപകരും മാതാപിതാക്കളും മാതൃകകളായും കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കണം. അങ്ങിനെ പലതുള്ളി പെരുവെള്ളമായി മാത്രമേ ശരിയായ ഒരു ധാര്‍മ്മിക ബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ പറ്റൂ.

പക്ഷേ കുട്ടികളില്‍ ധാര്‍മ്മികബോധം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ഒരു രീതി സര്‍ക്കാര്‍ സ്കൂളുകളിലും ഭൂരിപക്ഷസമുദായങ്ങളുടെ സ്കൂളുകളിലും മാത്രമേ ഇല്ലാതെയുള്ളോ എന്നറിയില്ല. അങ്ങിനെയാണെങ്കില്‍ മറ്റ് സമുദായങ്ങളുടെ സ്കൂളുകളിലെ രീതികള്‍, അത് മാതൃകാപരമാണെങ്കില്‍, സര്‍ക്കാര്‍ സ്കൂളുകളിലും ഇതരവിഭാഗങ്ങള്‍ നടത്തുന്ന സ്കൂളുകളിലും തീര്‍ച്ചയായും പ്രാവര്‍ത്തികമാക്കണം. കാരണം എല്ലാ വിഭാഗങ്ങളിലും പെട്ട നല്ലൊരു ശതമാനം ജനങ്ങളും ആശ്രയിക്കുന്നതാണല്ലോ സര്‍ക്കാര്‍ സ്കൂളുകളും മറ്റും. ഏത് സ്കൂളിലാണെങ്കിലും കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഒരു ലെവല്‍ വരെയെങ്കിലും തുല്ല്യമായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. ധാര്‍മ്മികത മുതലായ കാര്യങ്ങള്‍ തീര്‍ച്ചയായും ഏത് വിഭാഗം നടത്തുന്ന സ്കൂളാണെങ്കിലും കുട്ടികള്‍ക്ക് ഒരേ രീതിയില്‍ പകര്‍ന്ന് കിട്ടണം. അതില്‍ വേര്‍തിരിവുണ്ടാകാന്‍ പാടില്ല. പ്രത്യേകിച്ച് മുടക്കുമുതലൊന്നും കൂടാതെതന്നെ ചെയ്യാവുന്ന കാര്യങ്ങളായതുകാരണം അതിന് സ്കൂളുകളുടെ സാമ്പത്തിക സ്ഥിതിയോ നിലവാരമോ ഒന്നും ഒരു കാരണമാവേണ്ട കാര്യമേ ഇല്ലല്ലോ.

പ്രൊഫസര്‍ കലാം പറഞ്ഞതുപോലെ ഒരാളുടെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്താന്‍ പറ്റിയ ആള്‍ക്കാരാണ് മാതാപിതാക്കളും പ്രൈമറി സ്കൂള്‍ ടീച്ചറും. ആ ഒരു ഉത്തരവാദിത്തബോധം ആ രണ്ട് കൂട്ടരും കാണിച്ചാല്‍ അടുത്ത തലമുറയെ നല്ലരീതിയില്‍ തന്നെ വാര്‍ത്തെടുക്കാന്‍ പറ്റും-അവര്‍ ഏത് തരം സ്കൂളുകളില്‍ പഠിച്ചാലും.

(ദീപികയില്‍ വന്നതിനെക്കാളും വിശദമായി മുകളിലത്തെ വാര്‍ത്ത മംഗളം ദിനപത്രത്തില്‍ വന്നത് കിരണ്‍ കമന്റായി ഇട്ടിട്ടുണ്ട്. ദയവായി കിരണിന്റെ കമന്റില്‍ കൊടുത്തിരിക്കുന്ന ആ വാര്‍ത്തകൂടി വായിക്കാനപേക്ഷ. മംഗളം വാര്‍ത്ത വായിച്ചപ്പോള്‍ മാര്‍ പവ്വത്തില്‍ പറഞ്ഞതെന്താണെന്ന് ഒന്നുകൂടി വ്യക്തമായി. മാര്‍ പവ്വത്തിലിന്റെ ഒരു പ്രസ്താവന ദീപിക പ്രസിദ്ധീകരിച്ചത് വ്യക്തമായി മനസ്സിലാക്കാന്‍ മംഗളം ദിനപത്രം നോക്കേണ്ടി വരിക എന്നതിനെയാണോ കലികാലം എന്നൊക്കെ പറയുന്നത്? വാര്‍ത്ത ഇവിടെ കമന്റായി ഇട്ട കിരണിന് പ്രത്യേക നന്ദി)

എന്തായാലും ആ വാര്‍ത്ത വായിച്ചപ്പോള്‍ കുട്ടികളില്‍ ധാര്‍മ്മികബോധം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളൊന്നും സര്‍ക്കാര്‍ സ്കൂളുകളില്‍ ഇല്ലേ എന്നോര്‍ത്ത് സ്വല്പം വിഷമിച്ചെങ്കിലും ഇന്നലത്തെതന്നെ മനോരമ ഞായറാഴ്ചപ്പതിപ്പില്‍ കുട്ടികളെ മുങ്ങാ‍ന്‍ പഠിപ്പിക്കുന്ന, കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടം പഞ്ചായത്തിലെ ശങ്കരനെല്ലൂര്‍ യു.പി. സ്കൂളിനെപ്പറ്റിയുള്ള (ആ സ്കൂള്‍ സര്‍ക്കാര്‍ സ്കൂളാണോ എന്നറിയില്ല-എന്തായാലും കുഴപ്പമില്ല) വാര്‍ത്ത നല്ല സന്തോഷം തന്നു. ഇപ്പോഴത്തെ പല ഹൈ-ടെക് സ്കൂളുകളിലും ചിലപ്പോള്‍ ശാസ്ത്രീയമായ (എന്ന് പറഞ്ഞാല്‍ സ്വമ്മിംഗ് പൂളിലുള്ള) നീന്തല്‍ പഠനങ്ങളൊക്കെയുണ്ടായിരിക്കും. പക്ഷേ ആ സ്കൂളിലെ കുഞ്ഞിക്കൃഷ്ണന്‍ മാഷിന് അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ ഒക്കെ സഹായത്തിനും സൌകര്യത്തിനും നോക്കി നില്‍‌ക്കാതെ തന്നെ അദ്ദേഹം കുട്ടികളെ നീന്താന്‍ പഠിപ്പിക്കാന്‍ തുടങ്ങി-സ്വന്തം കുട്ടികളെ തന്നെ ആദ്യമായി കുളത്തിലിറക്കിക്കൊണ്ട് തന്നെ. ഷൂസും കോട്ടും ടൈയ്യുമൊക്കെ ഇട്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ കുട്ടികള്‍ അച്ചടക്കത്തോടെ ക്ലാസ്സിലിരിക്കുന്നത് മാത്രമാണ് നിലവാരമെന്ന് കരുതുന്ന സ്കൂളുകളെ അപേക്ഷിച്ച് എന്റെ അഭിപ്രായത്തില്‍ ഒന്നുകൂടി നിലവാരമുള്ള കുട്ടികളായിരിക്കും ഇത്തരം സ്കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നത്. പഠനത്തോടൊപ്പം നീന്താനും പഠിക്കുന്നു എന്നത് മാത്രമല്ല, ആ സമയങ്ങളിലൊക്കെയുള്ള കുട്ടികളുടെ എല്ലാം മറന്നുള്ള ഉല്ലാസം മാത്രം മതി അവരെ ഭാവിയില്‍ നല്ല പൌരന്മാരാക്കി മാറ്റാന്‍. പ്രത്യേകിച്ചുള്ള അച്ചടക്കവാളുകളും ഉറക്കെ സംസാരിച്ചാലോ മലയാളം സംസാരിച്ചാലോ ഫൈനടിയുമൊന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് ഉറക്കെ വിളിച്ച് കൂവി നീന്തല്‍ പഠിക്കുമ്പോള്‍ ഏറ്റവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു വിദ്യ തികച്ചും സ്വാഭാവികമായി പഠിക്കുക മാത്രമല്ല കുട്ടികള്‍ ചെയ്യുന്നത്, അവരറിയാതെ തന്നെ അവരുടെ മനസ്സും തലച്ചോറും വികസിക്കുക കൂടിയാണ്. അങ്ങിനെയുള്ള കുട്ടികള്‍ തന്നെയാണ് ഭാവിയിലെ നിലവാരമുള്ള കുട്ടികളായി മാറുന്നത്.

വേണമെങ്കില്‍ എല്ലാ പഞ്ചായത്തിലും നമുക്ക് ഒന്നോ രണ്ടോ കുഞ്ഞിക്കൃഷ്ണന്‍ മാഷുമാരെ ഉണ്ടാക്കാം. രക്ഷകര്‍ത്താക്കളുടെ മുന്‍‌വിധികള്‍ ഒന്ന് മാറ്റിയാല്‍ മാ‍ത്രം മതി.

Labels: , , ,

11 Comments:

 1. At Tue Aug 21, 02:53:00 AM 2007, Blogger മൂര്‍ത്തി said...

  അതൊരു പ്രൈവറ്റ് എയ്ഡഡ് സ്കൂള്‍ ആണ്. ലിങ്ക് ഇവിടെ
  കുഞ്ഞികൃഷ്ണന്‍ മാഷന്മാരുടെ എണ്ണം വര്‍ദ്ധിക്കട്ടെ. പിള്ളാര്‍ പഠിക്കേണ്ടതൊക്കെ പഠിക്കട്ടെ.

   
 2. At Tue Aug 21, 03:20:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  വൌ മൂര്‍ത്തീ, ആ ലിങ്കിന് ഒരു പ്രത്യേക നന്ദി.

   
 3. At Tue Aug 21, 04:45:00 AM 2007, Blogger തമ്പിയളിയന്‍ said...

  പണ്ടു ജൂതന്മാരു വരെ പേടിച്ചോടി ഇന്ത്യയില്‍ വന്നത് ധാര്‍മ്മികത കുറവായിട്ടാണോ:)

  ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തും ന്യൂനപക്ഷ ആനുകൂല്യങ്ങളില്ലല്ലോ? അപ്പോ അത് ഭൂരിപക്ഷ ധാര്‍മ്മികത അല്ലെങ്കില്‍ ആരുടെ സംസ്കാരമാണെങ്കിലും ആ സംസ്കാരത്തിന്റെ മഹത്വമല്ലെ?

   
 4. At Tue Aug 21, 05:52:00 AM 2007, Blogger മൂര്‍ത്തി said...

  Affirmative Action എന്നതിനെ ന്യൂനപക്ഷാനുകൂല്യങ്ങള്‍ എന്നു പറയാന്‍ പറ്റില്ല അല്ലേ?

   
 5. At Tue Aug 21, 09:49:00 AM 2007, Blogger പുള്ളി said...

  ശരി തന്നെ. പ്രൈമറിസ്കൂള്‍ മാഷ്മാരെല്ലാവരും ഈ പുസ്തകം ഒന്നു വായിച്ചെങ്കില്‍...

   
 6. At Tue Aug 21, 10:21:00 AM 2007, Blogger തമ്പിയളിയന്‍ said...

  affirmative action അടിച്ചമര്‍ത്തപ്പെട്ടവന്, അടിച്ചമര്‍ത്തിയന്റെ പ്രായശ്ചിത്തം മൂര്‍ത്തി മാഷെ :), അതിവിടെ കൊണ്ടവരണോ ?

   
 7. At Tue Aug 21, 12:48:00 PM 2007, Blogger കിരണ്‍ തോമസ് തോമ്പില്‍ said...

  ന്യൂനപക്ഷ വിദ്യാലയങ്ങളിലുള്ള ധാര്‍മ്മികതയൊക്കെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഉണ്ട്‌ എന്നാണ്‌ എന്റെ വിശ്വാസം. സന്മാര്‍ഗ്ഗം വേദപാഠം എന്നിങ്ങനെ രണ്ട്‌ അഡീഷ്ണല്‍ പാഠ്യ വിഷയങ്ങള്‍ ന്യൂനപക്ഷ (ക്രിസ്ത്യന്‍) വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ അധികമായുണ്ട്‌ എന്നതൊഴിച്ചാല്‍ എന്ത്‌ അഡീഷ്ണല്‍ ധാര്‍മ്മിക കോഴ്‌സാണ്‌ നടത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാലയത്തിലേ കുട്ടികള്‍ക്ക്‌ AEO തലയെണ്ണാന്‍ വരുമ്പോള്‍ പ്രോട്ടക്റ്റഡ്‌ അധ്യപകരെ രക്ഷിക്കാന്‍ വേണ്ടി ക്ലാസ്‌ മാറി ഇരിക്കുകയോ ഒന്നും ചെയ്യേണ്ടല്ലോ. പക്ഷെ ഇതൊക്കെ ധാര്‍മ്മികത മുറ്റി നില്‍ക്കുന്ന സര്‍ക്കാര്‍ എയ്ഡഡ്‌ ന്യൂനപക്ഷ വിദ്യാലയത്തില്‍ ചെയ്യുന്നുണ്ട്‌ താനും. ഇനി വിദ്യാലയത്തിന്റെ പേര്‌ നിലനിര്‍ത്താന്‍ ഒരു സര്‍ക്കാര്‍ വിദ്യാലയവും തോല്‍ക്കാന്‍ സാധ്യത കൂടിയ കുട്ടികളേ പരീക്ഷ എഴുതാതിരിക്കാന്‍ നിര്‍ബന്ധിക്കുകയും ഇല്ല.

   
 8. At Tue Aug 21, 01:22:00 PM 2007, Blogger കിരണ്‍ തോമസ് തോമ്പില്‍ said...

  വക്കാരി ഈ വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങള്‍ മംഗളം പത്രത്തില്‍ നിന്ന്. പൌവ്വത്തില്‍ ഇത്രയേ ഉദ്ദ്യേശിച്ചിട്ടുള്ളൂ സഭാ വിശ്വാസികളുടെ കുട്ടികളേ സഭയുടെ സ്വയാശ്രയ സ്ഥാപങ്ങളില്‍ പഠിപ്പിക്കണം. കര്‍ണ്ണാടകത്തിലോ മറ്റ്‌ മാനേജ്‌മന്റ്‌ കോളെജിലോ പോകരുത്‌.  സഭാവിശ്വാസികളുടെ കുട്ടികളെ സഭയുടെ സ്ഥാപനങ്ങളില്‍ പഠിപ്പിക്കണം: മാര്‍ പൌവത്തില്‍

  എടത്വാ: സഭാവിശ്വാസികള്‍ കുട്ടികളെ സഭയുടെ കീഴിലുള്ള സ്കൂളുകളിലും കോളജുകളിലും പഠിപ്പിക്കാന്‍ തയാറാകണമെന്ന് മാര്‍ ജോസഫ് പൌവത്തില്‍. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ദളിത് കത്തോലിക്ക മഹാസഭ എടത്വായില്‍ സംഘടിപ്പിച്ച ജസ്റ്റീസ് സണ്‍ഡേദിനാചരണ പരിപാടിയില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  ധാര്‍മ്മികത നഷ്ടമായ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ചാല്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ കഴിയില്ല. ന്യൂനപക്ഷസ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സര്‍ക്കാര്‍ സ്കൂളുകളെ ഉയര്‍ത്താന്‍ ശ്രമിക്കണം. ദളിത് സമൂഹത്തിന് നീതി കിട്ടുന്നില്ല. ഈ സമൂഹത്തെ തള്ളി ഒരു സര്‍ക്കാരിനും മുമ്പോട്ടുപോകാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളെ ഒതുക്കാന്‍ശ്രമിക്കുന്നത് നേരിടുകതന്നെ ചെയ്യും.

  സാമൂഹിക അവബോധവും മുന്നേറ്റവുമുണ്ടാകാന്‍ വിദ്യാഭ്യാസ ഉന്നതിയാണ് ആവശ്യം. ഇതിന് ധാര്‍മ്മികതയിലൂന്നി പ്രവര്‍ത്തിക്കുന്ന സഭാസ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കണമെന്നും മാര്‍ ജോസഫ് പൌവത്തില്‍ പറഞ്ഞു.

  ഡി.സി.എം.എസ് അതിരൂപതാ പ്രസിഡന്റ് ഷാജി കല്ലുകണ്ടം അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസ് പി. കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി. എന്‍.സി ജോമോന്‍, അല്‍ഫോന്‍സാ ജോസഫ് വി.ജെ ബാബു, പി.ജെ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

   
 9. At Tue Aug 21, 05:58:00 PM 2007, Anonymous Anonymous said...

  your blog is listed in this page :)

  http://blogs.oneindia.in/

   
 10. At Wed Aug 22, 04:11:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  മൂര്‍ത്തി, തമ്പിയളിയന്‍സ്, പുള്ളി, കിരണ്‍, അനോണിമസ് എല്ലാവര്‍ക്കും നന്ദി. കിരണേ, ആ വാര്‍ത്ത ഇവിടെ ഇട്ടതിന് പ്രത്യേക നന്ദി. ആ വിവരം കൂടി ഉള്‍ക്കൊള്ളിച്ച് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

  അനോണിമസേ, യ്യോ, നന്ദി :)

  എല്ലാവര്‍ക്കും നന്ദി. കൂത്തുപറമ്പിലെ സ്കൂളിലെപ്പോലെ പ്രചോദനം നല്‍‌കുന്ന വാര്‍ത്തകള്‍ ഇനിയുമിനിയും വരട്ടെ എന്നാഗ്രഹിക്കുന്നു.

   
 11. At Wed Aug 22, 07:50:00 AM 2007, Blogger മൂര്‍ത്തി said...

  ഗുരുവേ..ച്ചേ ഗുരവേ നമഃ !

   

Post a Comment

Links to this post:

Create a Link

<< Home