Wednesday, March 14, 2007

@#$%$#@&%*!!@#

തലേക്കെട്ടില്‍ മലയാളം അക്ഷരമാലയിലെ ഇഷ്ടമുള്ള അക്ഷരങ്ങള്‍ ഇഷ്ടമുള്ളതുപോലെയൊക്കെ വെച്ച് ഇഷ്ടമുള്ളതുപോലെ പറയാം.

അല്ലാതെ പിന്നെ.

വിദ്യാഭ്യാസനയമോ ദീര്‍ഘവീക്ഷണമോ ഒന്നുമില്ല. ഒരു സര്‍വ്വകലാശാലയോ ഗവേഷണ സ്ഥാപനമോ നേരാംവണ്ണം നടത്തിക്കൊണ്ടുപോകാനുള്ള പൈസയുമില്ല, നയവുമില്ല, വിഷനുമില്ല ഒന്നുമില്ല. എന്നാല്‍ പിന്നെ ഇങ്ങോട്ട് താ ഞങ്ങള്‍ നടത്തിക്കൊള്ളാം എന്ന് കേന്ദ്രം പറയുമ്പോള്‍ ലോകത്തൊരിടത്തുമില്ലാത്ത വാദങ്ങള്‍.

പണ്ട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.എസ്.റ്റിയോ ഐസറോ ഒക്കെ ആക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ പാവപ്പെട്ടവനും സാധാരണക്കാരനും പഠിക്കാനുള്ളതാണ് സര്‍വ്വകലാശാലകള്‍, അതൊക്കെ ഐ.ഐ.റ്റിയാക്കിയാല്‍ പിന്നെ സാധാരണക്കാരൊക്കെ എന്ത് ചെയ്യും എന്നുള്ളതായിരുന്നു വാദം (കുസാറ്റ് തുടങ്ങിയത് സാധാരണക്കാര്‍ക്ക് സാധാരണ വിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്ദേശത്തില്‍ മാത്രമല്ല. ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി മാത്രമുള്ള സര്‍വ്വകലാശാലയായിട്ടായിരുന്നു. തുടങ്ങിയപ്പോള്‍ (ഇപ്പോഴുമങ്ങിനെ തന്നെയാണോ) ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് മാത്രമായുള്ള ഇന്ത്യയിലെ ഏക സര്‍വ്വകലാശാലയായിരുന്നു കുസാറ്റ്. അവിടെ ആകപ്പാടെയുണ്ടായിരുന്ന രണ്ട് ബി.ടെക് കോഴ്സുകള്‍ പോളിമറും ഷിപ്പുമായിരുന്നു. അതില്‍ തന്നെ പോളിമറിന്റെ അടിസ്ഥാന യോഗ്യത ബി.എസ്.സി ഡിഗ്രിയായിരുന്നു. പിന്നെ അവിടെ ബാക്കി ബി.ടെക് കോഴ്സുകള്‍ തുടങ്ങിയപ്പോളോ, സാധാരണക്കാരന് വളരെ പ്രാപ്യമായ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളും. അപ്പോള്‍ പിന്നെ സാധാരണക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം വേണ്ടേ എന്ന് ചോദിച്ചേക്കാം. സമ്മതിച്ചു. കുസാറ്റ് അങ്ങിനെ തന്നെ നിന്ന് വിസിയുടെ മുറിയില്‍ തള്ളിക്കയറ്റവും പത്തിന് പകരം ഇരുപത് സിന്‍ഡിക്കേറ്റ് മെമ്പര്‍മാരും ഒക്കെയായി തുടരട്ടെ).

പക്ഷേ രാജീവ് ഗാന്ധി ബയോടെക്‍നോളജി സെന്ററോ?

അത് പഠനത്തിനല്ല, ഗവേഷണത്തിന് മാത്രമായുള്ള സ്ഥാപനം. കഴിഞ്ഞ ബഡ്ജറ്റില്‍ കേന്ദ്രഗവണ്മെന്റ് ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. പിന്നെ ഭരണം മാറി. എന്തൊക്കെയോ നിഗൂഢ കാരണങ്ങളാല്‍ സംഗതി അങ്ങ് കേന്ദ്രത്തിലേക്ക് പോകുന്നില്ല. അത് കേന്ദ്രത്തിലേക്ക് പോയി എന്ന് പറഞ്ഞ് ഒരു സാധാരണക്കാരനും അപ്രാപ്യമാകാനും പോകുന്നില്ല.

ഇപ്പോള്‍ അവസാനമായി കേട്ടത് കേന്ദ്രം ഏറ്റെടുത്ത് ഇനി അതെങ്ങാനും പൂട്ടിക്കെട്ടി പോയാല്‍ സ്ഥലം കേന്ദ്രത്തിന്റെ കൈയ്യിലിരിക്കില്ലേ. അത് പാടില്ല. അതുകൊണ്ട് സ്ഥലം ഞങ്ങള്‍ വെച്ചോളാം. നടത്തിപ്പ് നിങ്ങളായിക്കോ എന്ന്.

അത് കേന്ദ്രം ഏറ്റെടുത്താല്‍ ആ സെന്ററിനും നാട്ടുകാര്‍ക്കും ഉണ്ടാകുന്ന ഗുണങ്ങളെ കവച്ച് വെച്ചു, നമ്മുടെ സര്‍ക്കാരിന്റെ സ്വതസിദ്ധമായ ചിന്ത-പൂട്ടിക്കെട്ടിപ്പോയാലോ...

സമ്മതിച്ച് കൊടുക്കണം ഇവരെയൊക്കെ.

ആദ്യം ഭരണത്തില്‍ പകുതി വേണമെന്നായിരുന്നു, പിന്നെ വേറേ എന്തൊക്കെയോ ആയിരുന്നു, അവസാനം ഇപ്പോള്‍ ഇതായി കാരണം. വികസനം സെക്കന്റ് സെക്കന്റ് വെച്ചാണ് ലോകത്തെല്ലായിടത്തും. നമ്മുടെ നാട്ടില്‍ ഒരു കൊല്ലം കഴിഞ്ഞു, രാജീവ് ഗാന്ധി സെന്റര്‍ ഇപ്പോഴും വികസിച്ചിട്ടില്ല. വികസിക്കാന്‍ കേന്ദ്രം വേണമെന്നൊന്നുമില്ല. പക്ഷേ സംസ്ഥാന സര്‍ക്കാറായിട്ട് എങ്ങിനെ വികസിപ്പിക്കുമെന്നൊന്ന് പറഞ്ഞാല്‍ മതി. മുന്‍‌കാല അനുഭവങ്ങള്‍ ധാരാളമുണ്ടല്ലോ.

ചന്ദ്രനില്‍ വരെ ചായക്കട തുടങ്ങും നമ്മള്‍ മലയാളികള്‍. ലോകത്തിന്റെ ഏത് മൂലയിലും നമ്മള്‍ പോകും. പക്ഷേ നമ്മുടെ നാട്ടില്‍ ഒരു കേന്ദ്രസ്ഥാപനം വരണമെങ്കില്‍ അതില്‍ എഴുപത്, അറുപത് ശതമാനമൊക്കെ നമ്മള്‍ മലയാളികള്‍ തന്നെ വേണം. പക്ഷേ നടത്തിപ്പും പൈസയും മൊത്തമായി കേന്ദ്രം കൊടുക്കുകയും വേണം-തീര്‍ന്നില്ല, ഭരണസമതിയില്‍ പകുതിയെങ്കിലും നമ്മളുടെ സര്‍ക്കാരിന്റെ ആള്‍ക്കാരായിരിക്കണം. അല്ലെങ്കില്‍ ബീഹാറികളും മദ്രാസികളും ഇടിച്ച് കയറില്ലേ. പക്ഷേ ഇതേപോലത്തെ കേന്ദ്രസ്ഥാപനങ്ങള്‍, അതങ്ങ് ആസ്സാമിലായാലും, പോയി പഠിക്കാനുള്ള നമ്മുടെ അവകാശങ്ങളെപ്പറ്റി നമുക്ക് നല്ല ബോധമുണ്ട് താനും. അവിടെയെങ്ങാനും ഒരു പ്രാദേശിക സംവരണം കൊണ്ടുവന്നാല്‍ നമ്മള്‍ ഇവിടെയിരുന്ന് മുഖപ്രസംഗമെഴുതും.

ഇതൊക്കെ നമ്മുടെ ഉദാത്തമായ മലയാളിസ്നേഹമാണെന്നും പലരും നമ്മളെ പറ്റിച്ചതിന്റെ തിരിച്ചറിവാണെന്നുമാണോ?

മാരിടൈം വാഴ്‌സിറ്റി ബംഗാളില്‍ വേണമെന്ന് പറഞ്ഞ് ബംഗാളെമ്പിമാരുടെ കൂടെ കൂക്കിവിളിച്ചത് ആരായിരുന്നു? നമ്മുടെ യെമ്പീയണ്ണന്മാര്‍. സംഗതി എവിടെയൊക്കെ അതിന്റെ ക്യാമ്പസ് തുടങ്ങുമെന്ന് തീരുമാനിച്ചപ്പോഴൊന്നും നമ്മുടെ ഒരു യെമ്പീം പറഞ്ഞില്ല, കേരളത്തിലും വേണം ഒരെണ്ണമെന്ന്. പക്ഷേ മന്ത്രിയുടെ കുത്തിനുപിടിക്കാന്‍ നമ്മളുമുണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഒരു കേന്ദ്രീയ വിദ്യാലയം തുടങ്ങാന്‍ ശുപാര്‍ശ വന്നപ്പോള്‍ പോലീസ് ക്യാമ്പിനകത്തെങ്ങാണ്ടായിരുന്നു തുടങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ നമുക്ക് ഒരൊറ്റ പിടിവാശി. സംഗതി തുടങ്ങുകയാണെങ്കില്‍ അമ്പതോ മറ്റോ ശതമാനം സീറ്റ് പോലീസുകാരുടെ മക്കള്‍ക്ക് കിട്ടണം-അല്ലെങ്കില്‍ വേണ്ട. അവര്‍ പത്ത് ശതമാനം വരെയോ മറ്റോ കൊടുക്കാമെന്ന് പറഞ്ഞു- നമ്മള്‍ വിട്ടുകൊടുക്കുമോ? നോക്കണേ, അത് വന്നാല്‍ നമ്മുടെ നാട്ടിലെ തന്നെ, നമ്മള്‍ മലയാളികളുടെ തന്നെ, മക്കള്‍ക്കാണ് ഗുണം. പക്ഷേ നമ്മളാരാ മക്കള്‍.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐ.ഐ.റ്റി പോലെയെന്തോ ആക്കാന്‍ തുടങ്ങിയത് തട്ടിത്തട്ടി നമ്മള്‍ പാലക്കാട് വരെ കൊണ്ടെത്തിച്ചു. അവിടെനിന്ന് സംഗതി വായു. മദ്രാസ് ഐ.ഐ.റ്റിയുടെ എക്‍സ്‌റ്റന്‍ഷന്‍ തുടങ്ങാന്‍ അവരെ തിരുവനന്തപുരത്ത് സ്ഥലമൊക്കെ കാണിച്ചിട്ട് അവര്‍ പോയപ്പോള്‍ അത് വേറേ എവിടെയോ തുടങ്ങുമെന്നൊന്ന് പറഞ്ഞ് ഇപ്പോള്‍ അതും ഏതാണ്ട് ഗോപി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഐസര്‍ സ്ഥാപനമാക്കനുള്ള പരിപാടി നമ്മള്‍ തട്ടി തട്ടി തിരുവനന്തപുരം വരെ എത്തിച്ചിട്ടുണ്ട്. അവിടെനിന്ന് ഒന്നുകില്‍ നാഗര്‍ കോവില്‍, അല്ലെങ്കില്‍ അറബിക്കടല്‍. കേന്ദ്രം തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്, കലക്ടറോട് സ്ഥലം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ശ്രീ അച്യുതാനന്ദന്‍ പറഞ്ഞത്. ഐസര്‍ എന്ന് കേട്ടതേ പൂനയും കല്‍ക്കട്ടയും ഉള്ള സ്ഥലമൊക്കെ തട്ടിക്കൂട്ടി സംഗതി പരിപാടി ആരംഭിച്ചു. ഒറീസയ്ക്ക് കിട്ടേണ്ട ഐസറാണ് കല്‍ക്കട്ടയണ്ണന്മാര്‍ തട്ടി അങ്ങോട്ടിട്ടതെന്നും ആരോപണം (എന്നാലും ഒറീസ്സക്കാര്‍ അതുപോലൊന്ന് വാങ്ങിച്ചെടുത്തു-അവര്‍ക്ക് അത്രയൊക്കെയല്ലേ വിവരമുള്ളൂ. നമ്മളൊക്കെ ആരാ മക്കള്‍). നമ്മള്‍ പതുക്കെ സ്ഥലം തപ്പാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനി സ്ഥലമൊക്കെ കിട്ടിക്കഴിഞ്ഞാലോ, പിന്നെ മലയാളി സംവരണം, ഭരണപങ്കാളിത്തം... കേന്ദ്രത്തിന് കേരളത്തില്‍ തന്നെ തുടങ്ങിയേ പറ്റൂ എന്നുള്ള എന്തെങ്കിലും പിടിവാശി തന്നെ വേണ്ടിവരും അത് ഒന്ന് തുടങ്ങിക്കിട്ടാന്‍. ഇനി അതും കൂടെ അങ്ങ് തമിഴ്‌നാട്ടിലായാല്‍ എന്താ കരുണാനിധിക്ക് കൈയ്ക്കുമോ?

നമുക്ക് വേറേ എന്തൊക്കെ ആഗോള പ്രശ്‌നങ്ങള്‍ കിടക്കുന്നു അല്ലേ, വെടിയുണ്ട, പിണറായി, അച്യുതാനന്ദന്‍... അതിനിടയ്ക്കാണ് ഈ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും. പോകാന്‍ പറ.

നമിച്ചിരിക്കുന്നു കേരളാ സര്‍ക്കാരേ, നമിച്ചിരിക്കുന്നു.

Labels: