Saturday, September 29, 2007

ഇരട്ടത്തൊപ്പികള്‍

ക്രിക്കറ്റ് തരകന്‍ ശ്രീശാന്തിനെ മലയാളികള്‍ ചീത്ത വിളിക്കേണ്ടതിന്റെ കാരണങ്ങള്‍ എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ശ്രീശാന്ത് മലയാളികളെ ചീത്ത വിളിച്ചിരുന്നോ?

ഈ നാട്ടില്‍ ജനിച്ചുപോയതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്നദ്ദേഹം വിലപിച്ചോ?

മറുനാട്ടില്‍ വെച്ച് മലയാളിയെ കണ്ടാല്‍ കണ്ടപാതി കാണാത്ത പാതി നടന്നോ?

ഇതൊന്നുമല്ലെങ്കില്‍ പിന്നെന്തായിരിക്കും കാരണം എന്ന് നാഴികയ്ക്ക് നാല്പത്തിമൂന്ന് വട്ടം ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പിന്നെ നാല്പത്തിനാലാം വട്ടം ആലോചിച്ചപ്പോള്‍ പിടികിട്ടി:

മലയാളികളായതാണ് കാരണം. നമ്മുടെ ആ ഫേമസ് ഇരട്ടത്തൊപ്പി.

അതായത് ശ്രീശാന്ത് ഫേമസായി, ശ്രീശാന്ത് കാശുണ്ടാക്കി, ശ്രീശാന്തിന്റെ പടം പത്രത്തിലും റ്റി.വിയിലും; പോരാത്തതിന് മനോരമ ശ്രീശാന്തിനെ ആശംസിക്കാനും പറഞ്ഞിരിക്കുന്നു. ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ പരസ്യമായി ഗോപുമോന്‍ എന്നൊക്കെ വിളിച്ചിരിക്കുന്നു. എന്റെ മകന്‍ മിടുക്കനാണ്‌ എന്നൊക്കെ പറഞ്ഞിരിക്കുന്നു. മലയാളിയുടെ കണ്ണിലെ കരടാകാന്‍ ഇതൊക്കെ ധാരാളം പോരേ?

ശ്രീശാന്തിനെ ചീത്തവിളിക്കാനുള്ള ഒരു കാരണമായി ഒരണ്ണന്‍ പറഞ്ഞത് അദ്ദേഹം മാത്യു ഹെയ്‌ഡനോട് കളിക്കളത്തില്‍ അപമര്യാദയായി പെരുമാറിയെന്നതാണ്. അത് മനോരമയുടെ പേജ് വഴി ആ മാന്യദേഹം പറഞ്ഞത് എത്ര മര്യാദയോടെയാണെന്ന് നോക്കിക്കേ. അതാണ് നമ്മള്‍ മലയാളികള്‍. ഒരു പൊതുസ്ഥലത്ത് മാത്യു ഹെയ്‌ഡനെപ്പോലുള്ള ഒരു കളിക്കാരനോട് ശ്രീശാന്ത് എങ്ങിനെ പെരുമാറണമെന്ന് മനോരമ തന്ന ഒരു പൊതുസ്ഥലത്ത് നമ്മള്‍ നമ്മുടേതായ രീതിയില്‍ പെരുമാറിത്തന്നെ കാണിക്കും. പിന്നെ കണ്‍ഫ്യൂഷനില്ലല്ലോ.

ശ്രീശാന്തിന്റെ വേറൊരു പ്രശ്‌നം ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ ഗോപുമോന്‍, പൊന്നുമോന്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നു, ഓമനിക്കുന്നു എന്നതൊക്കെയാണ്. ഒരമ്മയും ഒരു മകനേയും അങ്ങിനെയൊന്നും വിളിച്ചുകൂടാ. ഇനി വിളിക്കണമെന്നുണ്ടെങ്കില്‍ ആരും കേള്‍ക്കാതെ വീടിന്റെ അകത്തിരുന്ന് പയ്യെ വിളിച്ചുകൊള്ളണം. സ്നേഹം, വാത്സല്യം മുതലായ വികാരങ്ങള്‍ ആരെങ്കിലും പരസ്യമായി പ്രകടിപ്പിച്ചാല്‍ അത് മലയാളീ കോഡ് ഓഫ് കണ്‍‌ഡക്ട് പ്രകാരം നമുക്ക് ഇറിട്ടേഷന്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്ന് ഇത്രനാളും കേരളത്തില്‍ ജീവിച്ച ശ്രീശാന്തിന്റെ അമ്മയ്ക്ക് അറിയില്ലേ? ഉദാഹരണത്തിന് ലാലേട്ടന്റെ അമ്മ ലാലേട്ടനാണ് ഏറ്റവും മികച്ച നടന്‍, അവനെ കഴിഞ്ഞേ ഉള്ളൂ ബാക്കിയെല്ലാവരും എന്നൊന്നും പരസ്യമായി പറയുന്നില്ലല്ലോ. അതാണ് വേണ്ടത്. അതു തന്നെയാണ് വേണ്ടത്. കാക്കയ്ക്കും തന്‍കുഞ്ഞ്‌ കാക്കക്കുഞ്ഞൊക്കെ തന്നെ. പക്ഷേ എത്രനേരമെന്ന് വെച്ചുകൊണ്ടാണ്‌ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്‌. കുറച്ച്‌ കഴിയുമ്പോള്‍ പിന്നെ ഒരു...ഒരു... ഇതൊക്കെ ആര്‍ക്കും വരും. നമ്മള്‍ മലയാളികള്‍ ശുദ്ധന്മാരായതുകാരണം ഉടന്‍ തന്നെ മനോരമയുടെ പേജില്‍ പോയി ചീത്ത പറയും. അത്രയേ ഉള്ളൂ. അല്ലാതെ പിന്നെ ഇതൊക്കെ മനസ്സില്‍ വെച്ചുകൊണ്ടിരിക്കണമെന്നാണോ? അത്‌ കാപട്യമല്ലേ.

ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ ഗോപുമോന്‍, പൊന്നുമോന്‍, പുന്നാരമോന്‍ എന്നൊക്കെ പരസ്യമായി നാട്ടുകാര്‍ എല്ലാവരും കാണ്‍‌കെ റ്റി.വി ക്യാമറയുടെ മുന്നില്‍ നിന്നുകൊണ്ട് വിളിച്ചപ്പോള്‍ നമ്മള്‍ മനോരമ തന്ന പേജിന്റെ സൌകര്യം പരമാവധി മുതലെടുത്ത്‍ ഒളിഞ്ഞിരുന്ന് ആരും അറിയാതെ ഡാ‍ഷ് മോന്‍, പരഡാഷ് മോന്‍, ആ ഡാഷ് മോന്‍ എന്നൊക്കെ ശ്രീശാന്തിനെ വിളിച്ച് പ്രതിഷേധം അറിയിച്ചു. അതാണ് നമ്മള്‍. അത് തന്നെയാണ് നമ്മള്‍. നമ്മള്‍ മലയാളികളുടെ ഇരട്ടത്തൊപ്പിയിലെ പൊന്‍‌തൂവല്‍.

കളിസ്ഥലത്ത്‌ ഒരുമാതിരിയൊക്കെ പെരുമാറി ശ്രീശാന്ത്‌ മലയാളികളുടെ മാനം കെടുത്തി. ഇനി എന്തായിരിക്കും മലയാളികളെപ്പറ്റി മറ്റുനാട്ടുകാര്‍ക്കുള്ള ഇമേജ്‌? ഇമേജ്‌ കോണ്‍ഷ്യസ്സായ നമ്മള്‍ മലയാളികള്‍ക്കെല്ലാം ടെന്‍ഷനായി. അത്‌ ശരിയാണ്‌. തമിഴ്‌നാട്ടുകാരനെ പാണ്ടി എന്നല്ലാതെ നമ്മള്‍ വിളിക്കില്ല. അതും നല്ല ബഹുമാനത്തോടെ തന്ന. വേറേ നാട്ടുകാരെപ്പറ്റിയെല്ലാം നമുക്ക്‌ നല്ല അഭിപ്രായമാണു താനും. കൊച്ചി സര്‍വ്വകലാശാല ഐ.ഐ.ടി. പോലൊന്നും ആക്കരുതെന്ന് പറയാനുള്ള ഒരു കാരണവും മറ്റു നാട്ടുകാരോടുള്ള നമ്മുടെ ഈ സ്നേഹമാണല്ലോ. അങ്ങിനെ നമ്മള്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന ഈ ഇമേജ്‌ മുഴുവനുമല്ലേ ശ്രീശാന്ത്‌ കൊണ്ടുപോയി കളഞ്ഞത്‌? ഇനി അത്‌ നമ്മള്‍ പ്രകടിപ്പിച്ചതോ- യുണീക്കോഡ് മലയാളത്തില്‍ പോലുമല്ല, നല്ല മംഗ്ലീഷിലും ഇംഗ്ലീഷിലും തന്നെ. ഏതെങ്കിലും സായിപ്പ്‌ അതൊക്കെ വായിച്ചിട്ട്‌ അടുത്തിരിക്കുന്ന മലയാളിയോട്‌ "അണ്ണേ ഇതെന്താണ്‌ ഈ എഴുതിവെച്ചിരിക്കുന്നത്‌" എന്ന് ചോദിക്കുമ്പോള്‍ മലയാളി അത്‌ അതേ പടി പറഞ്ഞാലും കുഴപ്പമില്ലായിരുന്നു, സായിപ്പ്‌ അതിന്റെ അര്‍ത്ഥം കൂടി ചോദിക്കുമ്പോള്‍ മലയാളികളെപ്പറ്റി നല്ലൊരു ഇമേജ്‌ തന്നെ കിട്ടും. ഓ, ഇതൊക്കെ സായിപ്പ്‌ എങ്ങിനെ അറിയാനാണല്ലേ. അത്‌ തന്നെ. ആരും അറിയാതിരുന്നാല്‍ മതി, പിന്നെ എന്തും ചെയ്യാം. മലയാളി ധാര്‍മ്മികത.

ശ്രീശാന്ത് കൂടിവന്നാല്‍ കേരളാ ടീമിനു വേണ്ടി രഞ്ജി കളിക്കുക. നമ്മള്‍ മലയാളികള്‍ സമ്മതിക്കും. അതില്‍ കൂടുതല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുക, നാലുപേരറിയുക എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ വിടുമോ? ഏത് കോണ്ട്രാക്ടും പൊട്ടിച്ച് കൂടുതല്‍ ശമ്പളം കിട്ടുന്ന കമ്പനിയില്‍ കൂടുതല്‍ ശമ്പളത്തിനായി പണിയൊക്കെയെടുക്കാന്‍ വലിയ മടിയൊന്നുമില്ലെങ്കിലും കാശുള്ളവരോട് നമുക്ക് എന്നും ഒരുതരം ആരാധന കലര്‍ന്ന മനോഭാവം തന്നെയാണ്. ഒരാള്‍ കാശുകാരനായാല്‍ നമ്മള്‍ ആദ്യം ഒരു തൊപ്പിയെടുത്ത് തലയില്‍ വെച്ചിട്ട് അയാളെ നോക്കിയിരിക്കും. അയാള്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു സമൂഹവിവാഹമോ ഭവനരഹിതര്‍ക്ക് വീടുവെച്ചുകൊടുക്കുകയോ ഒക്കെ ചെയ്ത് അയാളെ നാലുപേരറിയാന്‍ തുടങ്ങിയാല്‍ നമ്മള്‍ അയാളെ മൊത്തം താത്വികമായി അവലോകനം ചെയ്യും. “അല്ലെങ്കിലും അയാള്‍ ഇങ്ങിനെയൊക്കെ ചെയ്യണമെങ്കില്‍ എന്തെങ്കിലും കാരണം കാണണമല്ലോ. ചുമ്മാ ആരെങ്കിലും ഇങ്ങിനെയൊക്കെ ചെയ്യുമോ? അതിനു കാരണം ഇത് തന്നെയായിരിക്കും...” എന്നൊക്കെയുള്ള മട്ടില്‍. ഇതെല്ലാം കേട്ട് “എന്നാല്‍ പോട്ടെ കുന്തം, ഞാനുണ്ടാക്കിയ കാശ്, ഞാന്‍ തന്നെ അനുഭവിക്കും” എന്ന് വിചാരിച്ച് അയാള്‍ ലാവിഷായങ്ങ് ജീവിക്കാന്‍ തുടങ്ങിയലോ... നമ്മള്‍ അടുത്ത തൊപ്പിയെടുത്ത് ആദ്യത്തേതിന്റെ മുകളില്‍ വെച്ച് ഇരട്ടത്തൊപ്പിയുമായി അയാളെ ചീത്ത പറയും “ഹും... അയാള്‍ ഇത്രയും മിടുക്കനായതെങ്ങിനെ? മറ്റുള്ളവര്‍ക്ക് അയാളുടെയത്രയും മിടുക്കില്ലാത്തതുകൊണ്ട്. മറ്റുള്ളവര്‍ക്ക് അയാളുടെയത്രയും മിടുക്കില്ല എന്ന അവസ്ഥ ചൂഷണം ചെയ്തല്ലേ പുള്ളി ഇങ്ങിനെ കാശുകാരനായത്? അതല്ലല്ലോ സോഷ്യലിസം. അവിടെ ഒന്നുകില്‍ എല്ലാവരും മിടുക്കന്മാരാവുക. അല്ലെങ്കില്‍ ഒരുത്തനുമാവേണ്ട. അപ്പോള്‍ മറ്റുള്ളവരുടെ മിടുക്കില്ലായ്മ എന്ന ഔദാര്യം കൊണ്ട് കാശുകാരനായ അയാള്‍ ആ മറ്റുള്ളവരെയും ഓര്‍ക്കേണ്ടതല്ലേ. അവര്‍ക്ക് ഒരു സമൂഹവിവാഹം നടത്തിക്കൊടുക്കുക, വീട് വെച്ചുകൊടുക്കുക ഇതൊന്നും ചെയ്യാതെ സ്വന്തമായുണ്ടാക്കിയ കാശുകൊണ്ട് സ്വന്തമായി സുഖിക്കുന്നു. ദുഷ്ടന്‍. അയാള്‍ ആ ഇമ്പാലാ കാറില്‍ എന്നും നമ്മുടെ മുന്‍‌പില്‍ കൂടി പോകുമ്പോള്‍ കാശില്ലാത്ത നമ്മളെയൊക്കെ യഥാര്‍ത്ഥത്തില്‍ അപമാനിക്കുകയല്ലേ ചെയ്യുന്നത്? പിന്നെയും ദുഷ്ടന്‍”

ഇതാണ് നമ്മള്‍. ഇത് തന്നെയാണ് നമ്മള്‍. ഒരുത്തനെയും അത്രപെട്ടെന്നൊന്നും അംഗീകരിച്ച ചരിത്രം മലയാളികള്‍ക്കില്ല. പിന്നല്ലേ ശ്രീശാന്ത്‌. കളിച്ചോ, പക്ഷേ മര്യാദയ്ക്ക്‌ നമ്മള്‍ വിചാരിക്കുന്നതുപോലെയൊക്കെ നടന്നുകൊള്ളണം. നമ്മള്‍ ഹായ്‌ എന്ന് പറഞ്ഞാല്‍ ഹലോ എന്ന് പറഞ്ഞുകൊള്ളണം. അല്ലെങ്കിലത്‌ തലക്കനമാവും. നമ്മള്‍ മൈന്‍ഡ്‌ ചെയ്യുകയുമൊന്നുമില്ല. ഇവനെയൊക്കെ മൈന്‍ഡ്‌ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍... മോശമല്ലേ. പക്ഷേ നമ്മള്‍ ഒളികണ്ണിട്ട്‌ നോക്കും, നമ്മളെ മൈന്‍ഡ്‌ ചെയ്യുന്നുണ്ടോ എന്ന്. ഉണ്ടെങ്കില്‍ ഓക്കെ. അല്ലെങ്കിലോ, വിവരമറിയും. ഒരച്ചിയോടും നമുക്ക്‌ അത്ര പെട്ടെന്നൊന്നും ഇഷ്ടം വരില്ല. അപ്പോള്‍ ഒരു പുത്തനച്ചി വളരെ കഷ്ടപ്പെട്ട്‌ ചൂലും കൊണ്ട് പുരപ്പുറത്ത്‌ കയറി അവിടം തൂക്കാന്‍ തുടങ്ങിയാലോ? നമ്മള്‍ പറയും "...ഉം...ഉം... പുത്തനച്ചിയല്ലേ പുരപ്പുറവും തൂക്കും... കുറച്ച്‌ കഴിഞ്ഞാല്‍ കാണാം..."

പാവം അച്ചി.

തലയില്‍ തൊപ്പി രണ്ടേ വെക്കാവൂ എന്നൊന്നുമില്ലല്ലോ. വേണമെങ്കില്‍ മൂന്നും നാലും നമ്മള്‍ വെക്കും. അതാണ്‌ നമ്മള്‍. നമ്മള്‍ മലയാളികള്‍.

ഇനി കൈമള്‍-വെറും കൈമള്‍: ഞാന്‍ ശ്രീശാന്തിനെ അറിയുകയില്ല എന്നത്‌ പോകട്ടെ, അദ്ദേഹത്തിന്റെ ക്രിക്കറ്റ്‌ കളി ലൈവായി റ്റി.വിയില്‍ കണ്ടിട്ടും കൂടിയില്ല. എനിക്ക്‌ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റിയോ സ്വഭാവത്തെപ്പറ്റിയോ ഒന്നും അറിയുകയുമില്ല (അദ്ദേഹത്തെ ചീത്ത വിളിച്ചവര്‍ക്കൊക്കെ അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരിക്കുമോ എന്നും അറിയില്ല). ആര്‍ക്കെങ്കിലും അദേഹത്തെ ചീത്ത പറയണമെന്നുണ്ടെങ്കില്‍ അത്‌ അവരുടെ വ്യക്തിപരമായ കാര്യം. പക്ഷേ ശ്രീശാന്തിന്‌ ആശംസയര്‍പ്പിക്കാന്‍ മനോരമ ഒരുക്കിത്തന്ന ഒരു പേജിനെ മലയാളികള്‍ അലങ്കരിച്ചത്‌ കണ്ടപ്പോളുണ്ടായൊരിണ്ടല്‍ മിണ്ടാനേ പറ്റുന്നില്ല. അതുകൊണ്ട്‌ എഴുതി, അത്രമാത്രം. ഞാനും ഒരു ടിപ്പിക്കല്‍ മലയാളി.

Labels: , , , , ,