ഇരട്ടത്തൊപ്പികള്‍
ക്രിക്കറ്റ് തരകന്‍ ശ്രീശാന്തിനെ മലയാളികള്‍ ചീത്ത വിളിക്കേണ്ടതിന്റെ കാരണങ്ങള്‍ എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.
ശ്രീശാന്ത് മലയാളികളെ ചീത്ത വിളിച്ചിരുന്നോ?
ഈ നാട്ടില്‍ ജനിച്ചുപോയതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്നദ്ദേഹം വിലപിച്ചോ?
മറുനാട്ടില്‍ വെച്ച് മലയാളിയെ കണ്ടാല്‍ കണ്ടപാതി കാണാത്ത പാതി നടന്നോ?
ഇതൊന്നുമല്ലെങ്കില്‍ പിന്നെന്തായിരിക്കും കാരണം എന്ന് നാഴികയ്ക്ക് നാല്പത്തിമൂന്ന് വട്ടം ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പിന്നെ നാല്പത്തിനാലാം വട്ടം ആലോചിച്ചപ്പോള്‍ പിടികിട്ടി:
മലയാളികളായതാണ് കാരണം. നമ്മുടെ ആ ഫേമസ് ഇരട്ടത്തൊപ്പി.
അതായത് ശ്രീശാന്ത് ഫേമസായി, ശ്രീശാന്ത് കാശുണ്ടാക്കി, ശ്രീശാന്തിന്റെ പടം പത്രത്തിലും റ്റി.വിയിലും; പോരാത്തതിന് മനോരമ ശ്രീശാന്തിനെ ആശംസിക്കാനും പറഞ്ഞിരിക്കുന്നു. ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ പരസ്യമായി ഗോപുമോന്‍ എന്നൊക്കെ വിളിച്ചിരിക്കുന്നു. എന്റെ മകന്‍ മിടുക്കനാണ് എന്നൊക്കെ പറഞ്ഞിരിക്കുന്നു. മലയാളിയുടെ കണ്ണിലെ കരടാകാന്‍ ഇതൊക്കെ ധാരാളം പോരേ?
ശ്രീശാന്തിനെ ചീത്തവിളിക്കാനുള്ള ഒരു കാരണമായി ഒരണ്ണന്‍ പറഞ്ഞത് അദ്ദേഹം മാത്യു ഹെയ്‌ഡനോട് കളിക്കളത്തില്‍ അപമര്യാദയായി പെരുമാറിയെന്നതാണ്. അത് മനോരമയുടെ പേജ് വഴി ആ മാന്യദേഹം പറഞ്ഞത് എത്ര മര്യാദയോടെയാണെന്ന് നോക്കിക്കേ. അതാണ് നമ്മള്‍ മലയാളികള്‍. ഒരു പൊതുസ്ഥലത്ത് മാത്യു ഹെയ്‌ഡനെപ്പോലുള്ള ഒരു കളിക്കാരനോട് ശ്രീശാന്ത് എങ്ങിനെ പെരുമാറണമെന്ന് മനോരമ തന്ന ഒരു പൊതുസ്ഥലത്ത് നമ്മള്‍ നമ്മുടേതായ രീതിയില്‍ പെരുമാറിത്തന്നെ കാണിക്കും. പിന്നെ കണ്‍ഫ്യൂഷനില്ലല്ലോ.
ശ്രീശാന്തിന്റെ വേറൊരു പ്രശ്‌നം ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ ഗോപുമോന്‍, പൊന്നുമോന്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നു, ഓമനിക്കുന്നു എന്നതൊക്കെയാണ്. ഒരമ്മയും ഒരു മകനേയും അങ്ങിനെയൊന്നും വിളിച്ചുകൂടാ. ഇനി വിളിക്കണമെന്നുണ്ടെങ്കില്‍ ആരും കേള്‍ക്കാതെ വീടിന്റെ അകത്തിരുന്ന് പയ്യെ വിളിച്ചുകൊള്ളണം. സ്നേഹം, വാത്സല്യം മുതലായ വികാരങ്ങള്‍ ആരെങ്കിലും പരസ്യമായി പ്രകടിപ്പിച്ചാല്‍ അത് മലയാളീ കോഡ് ഓഫ് കണ്‍ഡക്ട് പ്രകാരം നമുക്ക് ഇറിട്ടേഷന്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്ന് ഇത്രനാളും കേരളത്തില്‍ ജീവിച്ച ശ്രീശാന്തിന്റെ അമ്മയ്ക്ക് അറിയില്ലേ? ഉദാഹരണത്തിന് ലാലേട്ടന്റെ അമ്മ ലാലേട്ടനാണ് ഏറ്റവും മികച്ച നടന്‍, അവനെ കഴിഞ്ഞേ ഉള്ളൂ ബാക്കിയെല്ലാവരും എന്നൊന്നും പരസ്യമായി പറയുന്നില്ലല്ലോ. അതാണ് വേണ്ടത്. അതു തന്നെയാണ് വേണ്ടത്. കാക്കയ്ക്കും തന്‍കുഞ്ഞ് കാക്കക്കുഞ്ഞൊക്കെ തന്നെ. പക്ഷേ എത്രനേരമെന്ന് വെച്ചുകൊണ്ടാണ് ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്. കുറച്ച് കഴിയുമ്പോള്‍ പിന്നെ ഒരു...ഒരു... ഇതൊക്കെ ആര്‍ക്കും വരും. നമ്മള്‍ മലയാളികള്‍ ശുദ്ധന്മാരായതുകാരണം ഉടന്‍ തന്നെ മനോരമയുടെ പേജില്‍ പോയി ചീത്ത പറയും. അത്രയേ ഉള്ളൂ. അല്ലാതെ പിന്നെ ഇതൊക്കെ മനസ്സില്‍ വെച്ചുകൊണ്ടിരിക്കണമെന്നാണോ? അത് കാപട്യമല്ലേ.
ശ്രീശാന്തിന്റെ അമ്മ ശ്രീശാന്തിനെ ഗോപുമോന്‍, പൊന്നുമോന്‍, പുന്നാരമോന്‍ എന്നൊക്കെ പരസ്യമായി നാട്ടുകാര്‍ എല്ലാവരും കാണ്‍കെ റ്റി.വി ക്യാമറയുടെ മുന്നില്‍ നിന്നുകൊണ്ട് വിളിച്ചപ്പോള്‍ നമ്മള്‍ മനോരമ തന്ന പേജിന്റെ സൌകര്യം പരമാവധി മുതലെടുത്ത്‍ ഒളിഞ്ഞിരുന്ന് ആരും അറിയാതെ ഡാഷ് മോന്‍, പരഡാഷ് മോന്‍, ആ ഡാഷ് മോന്‍ എന്നൊക്കെ ശ്രീശാന്തിനെ വിളിച്ച് പ്രതിഷേധം അറിയിച്ചു. അതാണ് നമ്മള്‍. അത് തന്നെയാണ് നമ്മള്‍. നമ്മള്‍ മലയാളികളുടെ ഇരട്ടത്തൊപ്പിയിലെ പൊന്‍തൂവല്‍.
കളിസ്ഥലത്ത് ഒരുമാതിരിയൊക്കെ പെരുമാറി ശ്രീശാന്ത് മലയാളികളുടെ മാനം കെടുത്തി. ഇനി എന്തായിരിക്കും മലയാളികളെപ്പറ്റി മറ്റുനാട്ടുകാര്‍ക്കുള്ള ഇമേജ്? ഇമേജ് കോണ്‍ഷ്യസ്സായ നമ്മള്‍ മലയാളികള്‍ക്കെല്ലാം ടെന്‍ഷനായി. അത് ശരിയാണ്. തമിഴ്‌നാട്ടുകാരനെ പാണ്ടി എന്നല്ലാതെ നമ്മള്‍ വിളിക്കില്ല. അതും നല്ല ബഹുമാനത്തോടെ തന്ന. വേറേ നാട്ടുകാരെപ്പറ്റിയെല്ലാം നമുക്ക് നല്ല അഭിപ്രായമാണു താനും. കൊച്ചി സര്‍വ്വകലാശാല ഐ.ഐ.ടി. പോലൊന്നും ആക്കരുതെന്ന് പറയാനുള്ള ഒരു കാരണവും മറ്റു നാട്ടുകാരോടുള്ള നമ്മുടെ ഈ സ്നേഹമാണല്ലോ. അങ്ങിനെ നമ്മള്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന ഈ ഇമേജ് മുഴുവനുമല്ലേ ശ്രീശാന്ത് കൊണ്ടുപോയി കളഞ്ഞത്? ഇനി അത് നമ്മള്‍ പ്രകടിപ്പിച്ചതോ- യുണീക്കോഡ് മലയാളത്തില്‍ പോലുമല്ല, നല്ല മംഗ്ലീഷിലും ഇംഗ്ലീഷിലും തന്നെ. ഏതെങ്കിലും സായിപ്പ് അതൊക്കെ വായിച്ചിട്ട് അടുത്തിരിക്കുന്ന മലയാളിയോട് "അണ്ണേ ഇതെന്താണ് ഈ എഴുതിവെച്ചിരിക്കുന്നത്" എന്ന് ചോദിക്കുമ്പോള്‍ മലയാളി അത് അതേ പടി പറഞ്ഞാലും കുഴപ്പമില്ലായിരുന്നു, സായിപ്പ് അതിന്റെ അര്‍ത്ഥം കൂടി ചോദിക്കുമ്പോള്‍ മലയാളികളെപ്പറ്റി നല്ലൊരു ഇമേജ് തന്നെ കിട്ടും. ഓ, ഇതൊക്കെ സായിപ്പ് എങ്ങിനെ അറിയാനാണല്ലേ. അത് തന്നെ. ആരും അറിയാതിരുന്നാല്‍ മതി, പിന്നെ എന്തും ചെയ്യാം. മലയാളി ധാര്‍മ്മികത.
ശ്രീശാന്ത് കൂടിവന്നാല്‍ കേരളാ ടീമിനു വേണ്ടി രഞ്ജി കളിക്കുക. നമ്മള്‍ മലയാളികള്‍ സമ്മതിക്കും. അതില്‍ കൂടുതല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുക, നാലുപേരറിയുക എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ വിടുമോ? ഏത് കോണ്ട്രാക്ടും പൊട്ടിച്ച് കൂടുതല്‍ ശമ്പളം കിട്ടുന്ന കമ്പനിയില്‍ കൂടുതല്‍ ശമ്പളത്തിനായി പണിയൊക്കെയെടുക്കാന്‍ വലിയ മടിയൊന്നുമില്ലെങ്കിലും കാശുള്ളവരോട് നമുക്ക് എന്നും ഒരുതരം ആരാധന കലര്‍ന്ന മനോഭാവം തന്നെയാണ്. ഒരാള്‍ കാശുകാരനായാല്‍ നമ്മള്‍ ആദ്യം ഒരു തൊപ്പിയെടുത്ത് തലയില്‍ വെച്ചിട്ട് അയാളെ നോക്കിയിരിക്കും. അയാള്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു സമൂഹവിവാഹമോ ഭവനരഹിതര്‍ക്ക് വീടുവെച്ചുകൊടുക്കുകയോ ഒക്കെ ചെയ്ത് അയാളെ നാലുപേരറിയാന്‍ തുടങ്ങിയാല്‍ നമ്മള്‍ അയാളെ മൊത്തം താത്വികമായി അവലോകനം ചെയ്യും. “അല്ലെങ്കിലും അയാള്‍ ഇങ്ങിനെയൊക്കെ ചെയ്യണമെങ്കില്‍ എന്തെങ്കിലും കാരണം കാണണമല്ലോ. ചുമ്മാ ആരെങ്കിലും ഇങ്ങിനെയൊക്കെ ചെയ്യുമോ? അതിനു കാരണം ഇത് തന്നെയായിരിക്കും...” എന്നൊക്കെയുള്ള മട്ടില്‍. ഇതെല്ലാം കേട്ട് “എന്നാല്‍ പോട്ടെ കുന്തം, ഞാനുണ്ടാക്കിയ കാശ്, ഞാന്‍ തന്നെ അനുഭവിക്കും” എന്ന് വിചാരിച്ച് അയാള്‍ ലാവിഷായങ്ങ് ജീവിക്കാന്‍ തുടങ്ങിയലോ... നമ്മള്‍ അടുത്ത തൊപ്പിയെടുത്ത് ആദ്യത്തേതിന്റെ മുകളില്‍ വെച്ച് ഇരട്ടത്തൊപ്പിയുമായി അയാളെ ചീത്ത പറയും “ഹും... അയാള്‍ ഇത്രയും മിടുക്കനായതെങ്ങിനെ? മറ്റുള്ളവര്‍ക്ക് അയാളുടെയത്രയും മിടുക്കില്ലാത്തതുകൊണ്ട്. മറ്റുള്ളവര്‍ക്ക് അയാളുടെയത്രയും മിടുക്കില്ല എന്ന അവസ്ഥ ചൂഷണം ചെയ്തല്ലേ പുള്ളി ഇങ്ങിനെ കാശുകാരനായത്? അതല്ലല്ലോ സോഷ്യലിസം. അവിടെ ഒന്നുകില്‍ എല്ലാവരും മിടുക്കന്മാരാവുക. അല്ലെങ്കില്‍ ഒരുത്തനുമാവേണ്ട. അപ്പോള്‍ മറ്റുള്ളവരുടെ മിടുക്കില്ലായ്മ എന്ന ഔദാര്യം കൊണ്ട് കാശുകാരനായ അയാള്‍ ആ മറ്റുള്ളവരെയും ഓര്‍ക്കേണ്ടതല്ലേ. അവര്‍ക്ക് ഒരു സമൂഹവിവാഹം നടത്തിക്കൊടുക്കുക, വീട് വെച്ചുകൊടുക്കുക ഇതൊന്നും ചെയ്യാതെ സ്വന്തമായുണ്ടാക്കിയ കാശുകൊണ്ട് സ്വന്തമായി സുഖിക്കുന്നു. ദുഷ്ടന്‍. അയാള്‍ ആ ഇമ്പാലാ കാറില്‍ എന്നും നമ്മുടെ മുന്‍പില്‍ കൂടി പോകുമ്പോള്‍ കാശില്ലാത്ത നമ്മളെയൊക്കെ യഥാര്‍ത്ഥത്തില്‍ അപമാനിക്കുകയല്ലേ ചെയ്യുന്നത്? പിന്നെയും ദുഷ്ടന്‍”
ഇതാണ് നമ്മള്‍. ഇത് തന്നെയാണ് നമ്മള്‍. ഒരുത്തനെയും അത്രപെട്ടെന്നൊന്നും അംഗീകരിച്ച ചരിത്രം മലയാളികള്‍ക്കില്ല. പിന്നല്ലേ ശ്രീശാന്ത്. കളിച്ചോ, പക്ഷേ മര്യാദയ്ക്ക് നമ്മള്‍ വിചാരിക്കുന്നതുപോലെയൊക്കെ നടന്നുകൊള്ളണം. നമ്മള്‍ ഹായ് എന്ന് പറഞ്ഞാല്‍ ഹലോ എന്ന് പറഞ്ഞുകൊള്ളണം. അല്ലെങ്കിലത് തലക്കനമാവും. നമ്മള്‍ മൈന്‍ഡ് ചെയ്യുകയുമൊന്നുമില്ല. ഇവനെയൊക്കെ മൈന്‍ഡ് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍... മോശമല്ലേ. പക്ഷേ നമ്മള്‍ ഒളികണ്ണിട്ട് നോക്കും, നമ്മളെ മൈന്‍ഡ് ചെയ്യുന്നുണ്ടോ എന്ന്. ഉണ്ടെങ്കില്‍ ഓക്കെ. അല്ലെങ്കിലോ, വിവരമറിയും. ഒരച്ചിയോടും നമുക്ക് അത്ര പെട്ടെന്നൊന്നും ഇഷ്ടം വരില്ല. അപ്പോള്‍ ഒരു പുത്തനച്ചി വളരെ കഷ്ടപ്പെട്ട് ചൂലും കൊണ്ട് പുരപ്പുറത്ത് കയറി അവിടം തൂക്കാന്‍ തുടങ്ങിയാലോ? നമ്മള്‍ പറയും "...ഉം...ഉം... പുത്തനച്ചിയല്ലേ പുരപ്പുറവും തൂക്കും... കുറച്ച് കഴിഞ്ഞാല്‍ കാണാം..."
പാവം അച്ചി.
തലയില്‍ തൊപ്പി രണ്ടേ വെക്കാവൂ എന്നൊന്നുമില്ലല്ലോ. വേണമെങ്കില്‍ മൂന്നും നാലും നമ്മള്‍ വെക്കും. അതാണ് നമ്മള്‍. നമ്മള്‍ മലയാളികള്‍.
ഇനി കൈമള്‍-വെറും കൈമള്‍: ഞാന്‍ ശ്രീശാന്തിനെ അറിയുകയില്ല എന്നത് പോകട്ടെ, അദ്ദേഹത്തിന്റെ ക്രിക്കറ്റ് കളി ലൈവായി റ്റി.വിയില്‍ കണ്ടിട്ടും കൂടിയില്ല. എനിക്ക് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റിയോ സ്വഭാവത്തെപ്പറ്റിയോ ഒന്നും അറിയുകയുമില്ല (അദ്ദേഹത്തെ ചീത്ത വിളിച്ചവര്‍ക്കൊക്കെ അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരിക്കുമോ എന്നും അറിയില്ല). ആര്‍ക്കെങ്കിലും അദേഹത്തെ ചീത്ത പറയണമെന്നുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യം. പക്ഷേ ശ്രീശാന്തിന് ആശംസയര്‍പ്പിക്കാന്‍ മനോരമ ഒരുക്കിത്തന്ന ഒരു പേജിനെ മലയാളികള്‍ അലങ്കരിച്ചത് കണ്ടപ്പോളുണ്ടായൊരിണ്ടല്‍ മിണ്ടാനേ പറ്റുന്നില്ല. അതുകൊണ്ട് എഴുതി, അത്രമാത്രം. ഞാനും ഒരു ടിപ്പിക്കല്‍ മലയാളി.
Labels: ആശംസ, ജയ് മലയാളി, മനോരമ, മലയാളം, മലയാളി, ശ്രീശാന്ത്
23 Comments:
കിട്ടിയ ജോലിയും കൊണ്ട് സ്വന്തം നാടിനേയും ഇവിടത്തെ ദാരിദ്രവാസി രേഖയേയും തള്ളിപ്പറഞ്ഞ് പ്ലെയിന്‍ കയറി ഏഴാംകടലിനക്കരെ പോയി സുഖിച്ചു് നടക്കുന്ന ഇയാളാരപ്പാ ഞങ്ങള്‍ പാവം മലയാളികളെ പറയാന്‍?
ഞങ്ങ നാട്ടുകാരു് തീരുമാനിക്കും ആരെ മൈന്ദ് ചെയ്യണം, ആരെ തെറിവിളിക്കണം എന്ന്. മനസ്സിലായാ?
ങ്ഹേ?
മലയാളികള്‍, അങ്ങനെ പലതും പറയാന്‍ അവകാശമുള്ളവരാണ്. ശ്രീശാന്ത്, ഇപ്പോള്‍ അമ്മയുടേത് മാത്രമല്ല, ഇന്ത്യയുടേതാണ്. മലയാളിയുടേതാണ്. അതുകൊണ്ട് ശ്രീശാന്തിനെപ്പറ്റി എന്ത് അഭിപ്രായം പറയാനും, വിളിക്കാനും അവകാശം ഉണ്ട്.
കുറച്ച് പേര്‍ വിളിച്ച തെറിയെ ജനറലൈസ് ചെയ്യാമോ എന്നറിയില്ല. ശ്രീശാന്തിന്റെ ഫീല്‍ഡിലെ പെരുമാറ്റം പൊതുവേ ആളുകള്‍ക്ക് ഇഷ്ടമല്ല.
അതിന്റെ ‘കലിപ്പ്’ ചിലര്‍ തീര്‍ത്തതായിരിക്കാം.
തെറി വിളിച്ചത് ശരിയല്ല എന്ന അഭിപ്രായം എനിക്കും ഉണ്ട്.
This comment has been removed by the author.
കളിക്കളത്തിലെ ചില പ്രവര്‍ത്തികള്‍ മൂലം ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെറിയ രീതിയില്‍ കേള്‍ക്കാന്‍ അര്‍ഹതയില്ലേ എന്നു തോന്നും ശ്രീയുടെ ചില സമയത്തെ കാണിക്കല്‍ കണ്ടാല്‍. പിന്നെ അമ്മ ഗോപൂന്നു വിളിച്ചത്. എന്തു ചെയ്യാം അതു നമ്മുടെ രക്തത്തില്‍ കലര്‍ന്ന് പോയതാ. പണ്ട് നമ്മുടെ ബഹു: കേന്ദ്ര മന്ത്രി എ.കെ. ആന്റണി സ്വന്തം അമ്മയുടെ കല്ലറയില്‍ ചെന്ന്‍ ഒന്ന് വിതുമ്പിയപ്പോള്‍ ആളുകളെ കാണിക്കാനുള്ള അഭിനയമാണ് എന്നുവരെ പറഞ്ഞു കളഞ്ഞവരല്ലെ,
വക്കാരീ, നല്ല ലേഖനം. ഇവിടെ ശ്രീശാന്തിന്‍ നമ്മുടെ വകയായി കിട്ടിയ ‘പ്രോത്സാഹനം’ അല്ലല്ലോ വിഷയം!
പ്രശസ്തനാവാനുള്ള അപാരമായ ത്വര, എന്നാല്‍ അതേ സമയം പ്രശസ്തനായവനോടുള്ള ധ്വരയും പുച്ഛവും. കൈക്കൂലി വാങ്ങുന്നവനോട് പരമപുച്ഛം എന്നിട്ട്, ഒന്നോ രണ്ടോ ലക്ഷം കൊടുത്താലും സാരമില്ല കൈക്കൂലിക്ക് സ്കോപ്പുള്ള സ്ഥലത്തേക്ക് സ്പെഷല്‍ പോസ്റ്റിങ്ങ് വാങ്ങാന്‍ നെട്ടോട്ടം.. അങ്ങനെ ഏത് മേഖലയില്‍ നോക്കിയാലും നമ്മള്‍ക്ക് ഒരു കപടധാറ്മ്മികതയുടെ ഒരു മുഖം ഉണ്ട്. മലയാളിയുടെ രക്തത്തില്‍ അലിഞ്ഞതാണ്‍ അത്.
നമ്മള്‍ നന്നാവാന്‍ കാലം കുറെ കഴിയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും നമ്മള്‍ നന്നാവണമെന്ന് നമുക്ക് പ്രത്യേകമൊരു ആഗ്രഹമൊന്നും ഇല്ലാത്ത സ്ഥിതിക്ക്! :)
ഓടോ: കിട്ടിയ ജോലിയും കൊണ്ട് സ്വന്തം നാടിനേയും ഇവിടത്തെ ദാരിദ്രവാസി രേഖയേയും തള്ളിപ്പറഞ്ഞ് പ്ലെയിന്‍ കയറി ഏഴാംകടലിനക്കരെ പോയി സുഖിച്ചു് നടക്കുന്ന ഇയാളാരപ്പാ ഞങ്ങള്‍ പാവം മലയാളികളെ പറയാന്‍?
ഓഹോ.. വക്കാരീ, നാട്ടില്‍ അങ്ങനെയും ഒരു പ്രശ്നമുണ്ടായിരുന്നോ..? എന്തായാലും ആ രേഖയെ തള്ളിപ്പറഞ്ഞത് മഹാമോശമായിപ്പോയി. അവള്‍ക്കെന്തു വിഷമം തോന്നിക്കാണും! :)
നന്നായിട്ടുണ്ട് ഗുരോ ലേഖനം!
മലയാളികള്‍ ഞണ്ടുകളെ പോലാ... ഒരുത്തന്‍ രക്ഷപ്പെടുന്നത് അടുത്തവന്‍ സുഖിക്കില്ല.
സ്ലെഡ്ജിംഗിന്റെ ആശാന്മാരാ ആസ്റ്റ്രേലിയക്കാര്‍... അവന്മാരോട് തിരിച്ച് സ്ലെഡ്ജ് ചെയ്യാനോ അല്ലേല്‍ അതേ ആറ്റിറ്റ്യൂഡില്‍ പെരുമാറാനോ ഒരു മലയാളി ഉണ്ടായതില്‍ ഞാന്‍ അഭിമാനിക്കുന്നു.
അല്ല, ഈ സായിപ്പന്മാര്‍ക്കെന്താ കൊമ്പുണ്ടോ? സായിപ്പുമാരെ കാണുമ്പം മുട്ട് വിറയ്ക്കുന്ന ആ ആറ്റിറ്റ്യൂഡ് മാറാതെ നമ്മുടെ നാട് ഒരിക്കലും രക്ഷപ്പെടില്ല.
ഞാനിന്നലേം കൂടി എന്റെ സുഹൃത്തിനോടു് പറഞ്ഞതേയുള്ളൂ, മാന്‍ ഒഫ് ദ മാച്ചായതു് ഇര്‍ഫാന്‍ പത്താന്‍ , ഗ്രേഡ് കൂടിയതു് ശ്രീശാന്തിനു്.. ഇയാക്കെന്തോ കൂടിയ കണക്ഷനുണ്ടെന്നു്.
അസൂയ, കുശുമ്പ് , കഷണ്ടി ഇതൊക്കെ എനിക്കും പാടില്ലേ.
വക്കാരിമാഷ് ആണീടെ തലയ്ക്കു് തന്നെ അടിച്ചു. അഭിനന്ദനങ്ങള്‍!
(ഇതൊക്കെപ്പറയാന്‍ ആരെടാ ഈ വക്കാരി? ദൈവമോ?)
ഫ, ഡാഷ് മോനേ,
മലയാളികളെ പ്രതികരിക്കാന്‍ പഠിപ്പിക്കാന്‍ നീയാരെടാ. ബ്ലോഗിനകത്ത് ഒളിച്ചിരുന്നാണോടാ ന്യായം പറയുന്നത്. പരമ......റീ. ചൊണയുണ്ടെങ്കില്‍ വെളിയിലിറങ്ങി വാടാ..... നേ....
ശ്രീശാന്തിനെയും അമ്മയെയും വേണ്ടി വന്നാല്‍ അവന്റെ അമ്മൂമ്മയെയും പറയും. നീയാരെടാ ചോദിക്കാന്‍....
എവിടെയാണ് ദക്ഷിണാഫ്രിക്കയെന്ന് നിനക്കറിയാമോ? നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയെ കരണക്കുറ്റിക്കടിച്ച നാട്. വിപ്ലവകാരി നെല്‍സണ്‍ മണ്ടേലയെ ഇരുട്ടറയില്‍ തളളിയ ശവക്കോട്ട. അവിടെച്ചെന്ന് ട്വെന്റിട്വെന്റിയെന്നും പറഞ്ഞ് കുറേ പന്തെറിഞ്ഞ മൂരാച്ചി ശ്രീശാന്ത് മലയാളികള്‍ക്ക് അപമാനമല്ലേ. പന്തേറിന് അവന് കിട്ടിയതോ ഏതാണ്ട് രണ്ടുകോടിയോളം രൂപയും പിന്നെ കുറേ പരസ്യക്കരാറും. അതും പോയിട്ട് മമ്മൂട്ടിയ്ക്കൊപ്പം സിനിമയിലഭിനയിക്കുന്നുവത്രേ. സിനിമയെക്കുറിച്ച് സഖാവ് ലെനിന്‍ പറഞ്ഞിട്ടുളളതെന്തെന്ന് നിനക്കറിയാമോടാ. ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ സിനിമാതാരമായിരിക്കും സാംസ്ക്കാരിക നായകന്‍ എന്ന്. അതും പോരാഞ്ഞിട്ട് കവിതയെഴുതി അളിയന്‍ മധു ബാലകൃഷ്ണനെക്കൊണ്ട് പാടിച്ച് കാസെറ്റിറക്കാന്‍ പോകുന്നത്രേ, വിപ്ലവത്തെ ഒറ്റികൊടുത്ത ചെറ്റ.
മേലാല്‍ ബ്ലോഗില്‍ മലയാളികളെക്കുറിച്ച് ഇമ്മാതിരി തോന്നിയവാസം എഴുതിയാലുണ്ടല്ലോ. ഇതവസാനത്തെ വാണിംഗാണ്.
മലയാളി.
ഇങ്ങനെയൊരു കമന്റു കിട്ടാനുളള യോഗമുണ്ട് വക്കാരിയേ. എന്നാലും ആ ചെക്കന്റെ പോക്കറ്റില്‍ വന്നു വീഴുന്ന കോടികള്‍ ഓര്‍ത്തിട്ട് ചങ്കു കഴയ്ക്കുന്നു.
ഇന്ത്യന്‍ ഐഡോള്‍ പ്രശാന്ത് തമാംഗിനെ ഏതോ റേഡിയോ ജോക്കി ജാതി വിളിച്ചാക്ഷേപിച്ചെന്നും പറഞ്ഞ് പശ്ചിമബംഗാളില്‍ ബന്ത്, ഹര്‍ത്താല്‍, കലാപം. ഇവിടെയോ?
മരിച്ചന്‍ സാര്‍! ഹ്ഹ്ഹ്ഹ് ! നമിച്ചു നമിച്ചു!
“ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ സിനിമാതാരമായിരിക്കും സാംസ്ക്കാരിക നായകന്‍ എന്ന്. അതും പോരാഞ്ഞിട്ട് കവിതയെഴുതി അളിയന്‍ മധു ബാലകൃഷ്ണനെക്കൊണ്ട് പാടിച്ച് കാസെറ്റിറക്കാന്‍ പോകുന്നത്രേ, വിപ്ലവത്തെ ഒറ്റികൊടുത്ത ചെറ്റ.” - :) തങ്കലിപികളില്‍ എഴുതിവെക്കണം ഇത്...ഹ്ഹ്ഹ്!:)
ഈ വക്കാരിജിക്ക് വ്യക്തിസ്വാതന്ത്ര്യം പ്രതികരണശേഷി ഇതൊന്നും അറിയില്ലല്ലേ? ഞങ്ങള്‍ മലയാളികള്‍ക്ക് ഇതൊക്കെ അല്പം കൂടുതലാണേ. ആരുടെ അമ്മക്കും അപ്പനും ഞങ്ങള്‍ വിളിക്കും, മറ്റുള്ളവര്‍ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ആസ്വദിക്കുകയും ചെയ്യും!
വക്കാരിമാഷേ കലക്കി... !! കൊടുകൈ.
“ഇതാണ് നമ്മള്‍. ഇത് തന്നെയാണ് നമ്മള്‍. ഒരുത്തനെയും അത്രപെട്ടെന്നൊന്നും അംഗീകരിച്ച ചരിത്രം മലയാളികള്‍ക്കില്ല“
ഇതേ പ്രശ്നങ്ങളൊക്കെത്തന്നെയല്ലേ ഒരാള്‍ നാട്ടില്‍ ഒരു നല്ല വീടുവച്ചാല്‍, കുറച്ചു കാശുണ്ടാക്കിയാല്‍ അത് കള്ളനോട്ടടിയും ചാരായംവില്‍പ്പനയുമാക്കി മാറ്റുന്ന മലയാളിമനസ്സിനു പിന്നിലുള്ളത്.
ഞങ്ങള്‍ നന്നാവില്ല വക്കാരീ.
ഐന്‍ജി പെന്നു സാര്‍,
മരിച്ചനല്ല, മാരീചന്‍. മാ - രീ - ച - ന്‍. പണ്ട് മാനായി വന്ന് സീതയെ വഴിയാധാരമാക്കിയ കക്ഷിയില്ലേ. ലവന്‍ തന്നെ.
ഒടിഞ്ഞുകുത്തി സ്പിന്നേഴ്സും, പൂജ്യത്തിനു പുറത്താകുന്ന ടെണ്ടുല്‍ക്കര്‍ ദൈവങ്ങളുമൊക്കെയുള്ള ടീമിലേക്ക് ഒരു ചോണയുള്ള പയ്യന്‍ വന്നപ്പോ അറിയാതെ പറ്റിപ്പോയതാ മാഷെ..ക്ഷമി
മൂന്നു സ്റ്റെപ്പുവെച്ച് ബോള്‍ചെയ്യുന്ന പേസ്-ബോളേര്‍ഴ്സിനെയാ ഞങ്ങക്കിഷ്ടം!
തൊപ്പികളണിയാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
വിശ്വേട്ടാ, സതീഷ് പറഞ്ഞതുപോലെ രേഖയെയും തള്ളിപ്പറഞ്ഞോ, ദുഷ്ടന്മാര്‍ :)
സൂ, അത് തന്നെ. നാലുപേരറിഞ്ഞാല്‍ പിന്നെ അയാള്‍ പബ്ലിക്ക് പ്രോപ്പര്‍ട്ടിയാണ്. ആ പബ്ലിക്കില്‍ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ ഒന്ന് ചിരിച്ചെങ്കിലും കാണിച്ചില്ലെങ്കില്‍... :)
മൂര്‍ത്തീ, അതാണല്ലോ ഇരട്ടത്തൊപ്പി. ക്രിക്കറ്റ് ഫീല്‍ഡിലെ ശ്രീശാന്തിന്റെ പെരുമാറ്റത്തിന്റെ ഇഷ്ടക്കേട് മനോരമ ഫീല്‍ഡില്‍ ശ്രീശാന്തിന്റെ അപ്പുറം പെരുമാറി തീര്‍ക്കും. ജയ് ജവാന്‍ ജയ് നിസ്സാന്‍, ജയ് മലയാളി :)
നജീമേ, നന്ദി. ടിറ്റിന് ടാറ്റ് വരെയാണെങ്കിലും ഓക്കേ, ടാറ്റിനപ്പുറം ടാറ്റൂ ആവുമ്പോളാണ് നമുക്കും ഒരു ഇതൊക്കെ വരുന്നത്. എന്ത് ചെയ്യാന്‍ ഞാനും ഒരു മലയാളി :)
സതീഷ്, വളരെ ശരി. നമ്മളല്ലാതെ ലോകത്ത് വേറേ ആര് എന്ത് ചെയ്താലും നമ്മള്‍ വിമര്‍ശിക്കും. എന്നിട്ട് നമ്മള്‍ അത് തന്നെ ചെയ്യുകയും ചെയ്യും. ഇനി ആ ചെയ്ത്തിനെ വിമര്‍ശിച്ചാലോ, സന്ദേശത്തിലെ ശങ്കരാടിയാവുകയും ചെയ്യും :)
കലുമാഷേ, തന്നെ തന്നെ. നിര്‍വ്വചിക്കാന്‍ വളരെ പാടുള്ള സ്വഭാവമാണ് മലയാളി സ്വഭാവമെന്നാണ് ചിലപ്പോള്‍ തോന്നുന്നത്. ചിലപ്പോള്‍ മറ്റുനാട്ടുകാര്‍ക്കൊന്നുമില്ലാത്ത കൂട്ടായ്മയും സ്നേഹവും കാണാം. തിരിഞ്ഞിപ്പുറത്തേക്ക് നോക്കുമ്പോള്‍ ലോകത്തെങ്ങുമില്ലാത്ത പാരവെപ്പും കാണാം. പക്ഷേ ചിലപ്പോള്‍ തോന്നും, മലയാളിയെ നിര്‍വ്വചിക്കാന്‍ ഒരൊറ്റ വാക്ക് തന്നെ ധാരാളമെന്നും.
റാല്‍മിനോവേ, ഹ...ഹ... കൊമ്പില്‍ പിടിച്ച് തൂങ്ങിയതാണെങ്കിലും വേണ്ടില്ലായിരുന്നു :)
മുടിയന്‍സ്... ആണിയുടെ തലയ്ക്കടിച്ച് ആണി തലയില്‍ തന്നെ കയറാതിരുന്നാല്‍ മതിയായിരുന്നു. ഇതൊക്കെ പറയാന്‍ മാത്രം പറ്റുന്നതുകൊണ്ടല്ലേ ഞാനും ഒരു ടിപ്പിക്കല്‍ മലയാളിയായത് :)
ഹ...ഹ... മാരീചാ, അത് തകര്‍ത്തു. ഒരുത്തനും ശരിയല്ല എന്നതാണ് നമ്മുടെ മുദ്രാവാക്യം. കൃഷിന്റെ ഇന്ത്യന്‍ ഐഡിളിനെപ്പറ്റിയുള്ള പോസ്റ്റില്‍, ഇനി മിക്കവാറും അതിനെച്ചൊല്ലി അടിയും ഹര്‍ത്താലിന്റെയും കുറവേ ഉള്ളൂ എന്ന് പറഞ്ഞ് കമന്റിട്ടതിന്റെ അടുത്ത ദിവസം ദോ കിടക്കുന്നു പത്രത്തില്‍ പട്ടാളമിറങ്ങിയെന്ന്.
ഇഞ്ചീ, ആരെങ്കിലും ഇങ്ങോട്ട് അതുപോലെ വിളിക്കുമ്പോള്‍ കേള്‍ക്കാനുള്ള മനക്കട്ടിയുണ്ടായിട്ടാണെനങ്കിലും വേണ്ടില്ലായിരുന്നു. അപ്പോള്‍ മൊത്തം തകരും. പാവങ്ങളാണ് ഞങ്ങള്‍ മലയാളികള്‍. ഉള്ളിലൊന്നുമില്ല. എന്നാല്‍ എല്ലാമുണ്ട് താനും.
അത് തന്നെ അപ്പൂ. റാല്‍മിനോവിന്റെ ഒരു പോസ്റ്റുമുണ്ടായിരുന്നു, ഈയിടെയിട്ടത്.
തമ്പിയളിയന്‍സ്. അത് മാത്രമല്ല പ്രശ്‌നം എന്നാണ് തോന്നുന്നത്. ചുമ്മാ ഒരു ഇതില്ലേ. അത് തന്നെ. അതാണ് പ്രശ്‌നം. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചാല്‍ എന്താണെന്ന് പറയാനും പറ്റില്ല. ആ ഒരു സന്നിഗ്ദാവസ്ഥ :)
എല്ലാവര്‍ക്കും നന്ദി.
വക്കാരി മാഷേ.. സത്യമായ പോസ്റ്റ്. ഹ. അങ്ങനൊരുത്തന്‍ നന്നായിപ്പോകാമോ? ഛേ..
well written... :)
long back... before he became this big a star, once he was blaming some airlines for not letting him check-in
(apparantly, he arrived much after the permitted time)
and some malayalam daily had supported his claim that he should have been permitted even though he was late.
this is the only not-so-positive thing i've ever felt. Anyway I'm not so fond of cricket (in the past few years), hence know clue about how well he behaves in the ground.
- sands.
please read "no" instead of "know" in the last line of the above comment.
- sandeep
ഇതിപ്പഴാ കണ്ടേ...
എന്റെ മനസ്സിലുള്ളതാണ് വക്കാരി പറഞ്ഞു വെച്ചത്...
എന്താണതിന് കാരണം എന്ന് എത്ര ആലോചിചിട്ടും മനസ്സിലാകുന്നില്ല. അവന്റെ അമ്മ അതിയായ സന്തോഷം മൂലം എന്തൊക്കെയോ പറയുന്നതാണത്രേ . അതിലെന്താ, അവരുടെ മകന്‍ കളിക്കുന്നതില്‍ അവര്‍ക്ക് സന്തോഷം, അത് മറച്ചു വെയ്കാന്‍ ആവുന്നില്ല, അത്രയേ ഞാന്‍ കരുതിയുള്ളൂ.
പിന്നെ ശ്രീയുടെ ഓണ്‍ ഫീല്‍ഡ് പ്രകടനങ്ങള്‍ ഇപ്പോഴും വെറും നാട്യമായേ ഞാന്‍ കരുതുന്നുള്ളൂ. (റിക്കി പോണ്ടിങ് പറഞ്ഞത് തന്നെ) ഒരു മൈന്‍ഡ് ഗെയിം.
സായിപ്പ്‍ ഇംഗ്ലീഷ് സിനിമയിലെ പോലെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ തന്തക്ക് വിളിക്കും. ഇന്ത്യക്കാര്‍ ബൊളിവുഡ് പടം പോലെ വികാരവിക്ഷുബ്ധമായി തിരിച്ച് വിളിക്കും. അതേ നടക്കുന്നുള്ളൂ.
നല്ല പോസ്റ്റ്. :-)
Well put!!Well put...
KSHA ....pidichu...
I love this....article...
Post a Comment
<< Home