Wednesday, May 28, 2008

അരിയെത്രയുണ്ട് സഖാവേ ഒരു പയറഞ്ഞാഴിയെടുക്കാന്‍

എനിക്ക് ഒരു കമ്പിനിയുണ്ട്. ഡിഫി നേതാവ്.

1. സംഭവം പാതിവഴിക്കേ കേട്ടുള്ളൂ. അതുകൊണ്ടുള്ള പ്രശ്നങ്ങളെല്ലാമുണ്ടാവാം. ക്ഷമിക്കണം.

2. ഇതിലെഴുതിയിരിക്കുന്നതുപോലെയൊന്നു മല്ലായിരുന്നു സംഭാഷണം. എന്റെ ഇന്‍പുട്ടും കുറ്റിപ്പുട്ടും ചിരട്ടപ്പുട്ടും ധാ‍രാളം. താഴത്തെ വിവരണം ഞാന്‍ മനസ്സിലാക്കിയതിന്റെ ഏകദേശരൂപം മാത്രം.

ആത്മീയ സ്ഥാപനങ്ങള്‍ സ്വാശ്രയസ്ഥാപനങ്ങളും മറ്റും ഉണ്ടാക്കി കാശ് വാരുന്നതായിരുന്നു സംഭാഷണവിഷമെന്ന് തോന്നുന്നു (ഉറപ്പില്ല,
എങ്കിലും പാതിയറിഞ്ഞത് പറയാനൊട്ടറപ്പുമില്ല)

ചാനലവതാരം: ശ്രീ രമേഷ്, എന്താണ് താങ്കള്‍ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്?

ശ്രീ രമേഷ് (ബി.ജെ.പി): ശ്രീ പിണറായി വിജയന്‍ എന്തിന് സ്വന്തം മകളെ അമൃതാനന്ദമയിയുടെ കോളേജില്‍ തന്നെ പഠിപ്പിച്ചു? ഇത്തരം പ്രസ്ഥാനങ്ങളോടും ആള്‍ക്കാരോടും യോജിപ്പില്ലെങ്കില്‍ അദ്ദേഹത്തിന് തന്റെ മകളെ അവിടെ പഠിപ്പിക്കാതിരിക്കാമായിരുന്നല്ലോ? ഇതിപ്പം മോളെ അവിടെ പഠിപ്പിക്കുകയും ചെയ്യും, പിന്നെ മാറിനിന്ന് ചീത്ത പറയുകയും ചെയ്യും. ഇത് ഇരട്ടത്താപ്പാനയല്ലേ? ഇതല്ലേ ഇരട്ടത്താപ്പാന?

ചാനലവതാരം: ശ്രീ രാജേഷ്?

ശ്രീ രാജേഷ് (എന്റെ കൂട്ടുകാരന്‍, ഡിഫി): വളരെ ബാലിശമായ ഒരു മറുപടിയല്ലേ ഇത്? അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നതുപോലെ ബാലിശം. ഇതിനെ ബാലിശമെന്ന് വിളിച്ചാല്‍ ബാലിക്ക് പോലും ഫീല്‍ ചെയ്യൂല്ലേ? ഒരു സ്വാശ്രയകോളേജില്‍ പ്രവേശനം കിട്ടിയാല്‍ പിന്നെ അത് ആരാണ് നടത്തുന്നതെന്നൊക്കെ നോക്കിയാണോ അവരെ മക്കളെ പഠിപ്പിക്കുന്നത്? (അതിപ്പം സന്തോഷ് മാതേവന്‍ ഒരു സ്വാശ്രയ കോളേജ് നടത്തി സഖാവിന്റെ പുത്രന് അവിടെ പ്രവേശനം കിട്ടിയാലും കൊണ്ടുപോയി ചേര്‍ക്കും, അത്ര തന്നെ). പ്രവേശനം കിട്ടി, പഠിപ്പിച്ചു, അതിലപ്പുറം ഇതിലെന്ത്? ഇവിടെ ചോദ്യം സര്‍വ്വസംഗപരിത്യാഗികളായ ആത്മീയാചാര്യന്മാര്‍ക്കും ആചാര്യകള്‍ക്കും എന്തിനാണ് സ്വാശ്രയ കോളേജുകളുടെ ആവശ്യകത? (ഉത്തരം: സഖാക്കളുടെ മക്കള്‍ക്കും അവിടെ പഠിക്കാം, അത് തന്നെ). ശ്രീ രമേഷ് അതിനാണ് ഉത്തരം തരേണ്ടത്. അല്ലാതെ പിണറായി വിജയന്റെ മകള്‍ എന്തിന് അമൃതാനന്ദമയിയുടെ പേരിലുള്ള കോളേജില്‍ പഠിച്ചു എന്ന അരിപ്പയര്‍ ഉത്തരമല്ല.

(ഇനി ഇതിനെ ഒന്ന് മറിച്ചിട്ട് തിരിച്ചിട്ടാല്‍, ഇത്തരം ശാന്തിതീരങ്ങളും സോമതീരങ്ങളും ഉണ്ടെങ്കില്‍ സഖാക്കളുള്‍പ്പടെയുള്ളവര്‍ അവിടെ പോയെന്നിരിക്കും. അതിനെന്ത്? ചോദ്യം സര്‍വ്വസംഗപരിത്യാഗികളായ ആത്മീയാചാര്യന്മാര്‍ എന്തിന് ഇത്തരം തീരങ്ങള്‍ നടത്തുന്നു എന്നതാണ്. അവര്‍ക്കെന്തിന് ആശ്രമം?)

(ശ്രീ രാജേഷ് സ്വല്പം തപ്പിത്തടഞ്ഞോ എന്ന് വര്‍ണ്ണ്യത്തിലാകാശശങ്ക എനിക്ക് മാത്രം; അകിട്ടില്‍ ക്ഷീരം നോക്കിയിരിക്കുന്നവന്‍ പിന്നെ കാണുന്നതെല്ലാം മഞ്ഞച്ചാണല്ലോ).

ചാനലവതാരം: ശ്രീ രമേഷ്, ഇടതുസര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളെപ്പറ്റി സമഗ്രമായ ഒരു അന്വേഷണം നടത്താന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ അതിനെ പിന്താങ്ങുമോ?

ശ്രീ രമേഷ്: ശ്രീ രാജേഷിന് ആത്മീയതയെപ്പറ്റി വലിയ വിവരമില്ല. പണ്ടും ഭാരതത്തില്‍ ആത്മീയാചാര്യന്മാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഗുരുകുല സമ്പ്രദായം ഉദാഹരണം. ഇപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്തുന്നു. അത്രമാത്രം. അല്ലാതെ ആത്മീയത എന്നാല്‍ എല്ലാം ഉപേക്ഷിച്ചുള്ള തെക്കുവടക്ക് നടത്തം മാത്രമല്ല. അന്വേഷണം നടക്കട്ടെ, നിയമവിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കില്‍ നടപടിയെടുക്കട്ടെ. പക്ഷേ ഇത്തരം സ്ഥാപനങ്ങളോട് എതിര്‍പ്പുള്ളവര്‍ എന്തിന് ഇത്തരം സ്ഥാപനങ്ങളില്‍ തന്നെ സ്വന്തം മക്കളെ പഠിപ്പിക്കണം? വേറെ എത്രയോ സ്ഥാപനങ്ങളുണ്ട് നാട്ടില്‍? അവര്‍ കാണിക്കുന്നത് ഇരട്ടത്താപ്പല്ലേ.

ചാനലവതാരം: ശ്രീ രമേഷ്, വളരെ വ്യക്തമാണ് താങ്കളുടെ നിലപാട്. ശ്രീ രാജേഷ്, ഇടതുസര്‍ക്കാര്‍ ഒരന്വേഷണം പ്രഖ്യാപിച്ചാല്‍ ഡിഫിക്കാര്‍ ഇവരെ ജനകീയ വിചാരണ ചെയ്യുമോ?

(ചാനലവതാരം വളരെ സമര്‍ത്ഥമായി ചോദ്യം മാറ്റി. പിണറായി വിജയന്റെ മകള്‍ അമൃതാനന്ദമയിയുടെ കോളേജില്‍ പഠിച്ചതും ആത്മീയസ്ഥാപനങ്ങളെ ചീത്ത പറയുന്നതും പരസ്പരം ബന്ധപ്പെടാതെയിരിക്കുന്ന ഇരട്ടപെറ്റ താപ്പാനയാണോ എന്ന് എനിക്കിപ്പോഴും വര്‍ണ്ണ്യത്തിലാകാശശങ്ക).

ചോരയുള്ള അകിട്ടില്‍ ക്ഷീരത്തിന് ഫര്‍തര്‍ സ്കോപ്പ് കാണാത്ത ഞാന്‍ ഒറ്റ ഞെക്ക്, അടുത്ത ചാനലിലേക്ക്.
-------------------------------------------------------

വാ‍യനക്കാരെ മണ്ടന്മാരാക്കാന്‍ ശ്രമിക്കുന്ന മണ്ടശിരസ്സോമണിയാണ് ഞാനെന്ന അഭിപ്രായക്കാര്‍ക്ക് വേണ്ടി:

മുകളിലത്തെ സംവാദത്തില്‍ ഡിഫി നേതാവിന്റെ മറുപടിയാണ് ബി.ജെ.പി നേതാവിന്റെ, അരിയെത്രയെന്ന ചോദ്യത്തിന് പയറഞ്ഞാഴിയെന്ന മറുപടിയെക്കാള്‍ ഉരുണ്ടുകളിയായി എനിക്ക് തോന്നിയത്. കോര്‍പ്പറേറ്റ് ആത്മീയതയും സ്വാശ്രയകോളേജും ഒക്കെയുള്ള ഒരു ചര്‍ച്ചയില്‍ കോര്‍പ്പറേറ്റ് ആത്മീയതക്കെതിരെ പൊരുതുന്ന പാര്‍ട്ടിയുടെ നേതാവിന്റെ മക്കള്‍ കോര്‍പ്പറേറ്റ് ആത്മീയതയില്‍ തന്നെ പഠിച്ചിറങ്ങുന്നതിനെപ്പറ്റിയുള്ള ചോദ്യം ഒരു ഔട്ട് ഓഫ് സിലബസ്സ് ആയി എനിക്ക് തോന്നിയില്ല. എന്നാല്‍ അതിന് ശ്രീ രാജേഷ് നല്‍‌കിയ മറുപടി അത്യാവശ്യം ഉരുണ്ടുകളിക്കലായി തോന്നിതാനും. ഇത് ടി.വിയില്‍ കേട്ടത് എന്റേതായ രീതിയില്‍ എഴുതിയത് മാത്രം.

ഇത്രയും ഓക്കേ. ഇതിനപ്പുറത്തേക്കുള്ള എത്തിനോട്ടമാണ് പ്രശ്നം :)

Labels: