അരിയെത്രയുണ്ട് സഖാവേ ഒരു പയറഞ്ഞാഴിയെടുക്കാന്‍
എനിക്ക് ഒരു കമ്പിനിയുണ്ട്. ഡിഫി നേതാവ്.
1. സംഭവം പാതിവഴിക്കേ കേട്ടുള്ളൂ. അതുകൊണ്ടുള്ള പ്രശ്നങ്ങളെല്ലാമുണ്ടാവാം. ക്ഷമിക്കണം.
2. ഇതിലെഴുതിയിരിക്കുന്നതുപോലെയൊന്നു മല്ലായിരുന്നു സംഭാഷണം. എന്റെ ഇന്‍പുട്ടും കുറ്റിപ്പുട്ടും ചിരട്ടപ്പുട്ടും ധാരാളം. താഴത്തെ വിവരണം ഞാന്‍ മനസ്സിലാക്കിയതിന്റെ ഏകദേശരൂപം മാത്രം.
ആത്മീയ സ്ഥാപനങ്ങള്‍ സ്വാശ്രയസ്ഥാപനങ്ങളും മറ്റും ഉണ്ടാക്കി കാശ് വാരുന്നതായിരുന്നു സംഭാഷണവിഷമെന്ന് തോന്നുന്നു (ഉറപ്പില്ല,
എങ്കിലും പാതിയറിഞ്ഞത് പറയാനൊട്ടറപ്പുമില്ല)
ചാനലവതാരം: ശ്രീ രമേഷ്, എന്താണ് താങ്കള്‍ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്?
ശ്രീ രമേഷ് (ബി.ജെ.പി): ശ്രീ പിണറായി വിജയന്‍ എന്തിന് സ്വന്തം മകളെ അമൃതാനന്ദമയിയുടെ കോളേജില്‍ തന്നെ പഠിപ്പിച്ചു? ഇത്തരം പ്രസ്ഥാനങ്ങളോടും ആള്‍ക്കാരോടും യോജിപ്പില്ലെങ്കില്‍ അദ്ദേഹത്തിന് തന്റെ മകളെ അവിടെ പഠിപ്പിക്കാതിരിക്കാമായിരുന്നല്ലോ? ഇതിപ്പം മോളെ അവിടെ പഠിപ്പിക്കുകയും ചെയ്യും, പിന്നെ മാറിനിന്ന് ചീത്ത പറയുകയും ചെയ്യും. ഇത് ഇരട്ടത്താപ്പാനയല്ലേ? ഇതല്ലേ ഇരട്ടത്താപ്പാന?
ചാനലവതാരം: ശ്രീ രാജേഷ്?
ശ്രീ രാജേഷ് (എന്റെ കൂട്ടുകാരന്‍, ഡിഫി): വളരെ ബാലിശമായ ഒരു മറുപടിയല്ലേ ഇത്? അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നതുപോലെ ബാലിശം. ഇതിനെ ബാലിശമെന്ന് വിളിച്ചാല്‍ ബാലിക്ക് പോലും ഫീല്‍ ചെയ്യൂല്ലേ? ഒരു സ്വാശ്രയകോളേജില്‍ പ്രവേശനം കിട്ടിയാല്‍ പിന്നെ അത് ആരാണ് നടത്തുന്നതെന്നൊക്കെ നോക്കിയാണോ അവരെ മക്കളെ പഠിപ്പിക്കുന്നത്? (അതിപ്പം സന്തോഷ് മാതേവന്‍ ഒരു സ്വാശ്രയ കോളേജ് നടത്തി സഖാവിന്റെ പുത്രന് അവിടെ പ്രവേശനം കിട്ടിയാലും കൊണ്ടുപോയി ചേര്‍ക്കും, അത്ര തന്നെ). പ്രവേശനം കിട്ടി, പഠിപ്പിച്ചു, അതിലപ്പുറം ഇതിലെന്ത്? ഇവിടെ ചോദ്യം സര്‍വ്വസംഗപരിത്യാഗികളായ ആത്മീയാചാര്യന്മാര്‍ക്കും ആചാര്യകള്‍ക്കും എന്തിനാണ് സ്വാശ്രയ കോളേജുകളുടെ ആവശ്യകത? (ഉത്തരം: സഖാക്കളുടെ മക്കള്‍ക്കും അവിടെ പഠിക്കാം, അത് തന്നെ). ശ്രീ രമേഷ് അതിനാണ് ഉത്തരം തരേണ്ടത്. അല്ലാതെ പിണറായി വിജയന്റെ മകള്‍ എന്തിന് അമൃതാനന്ദമയിയുടെ പേരിലുള്ള കോളേജില്‍ പഠിച്ചു എന്ന അരിപ്പയര്‍ ഉത്തരമല്ല.
(ഇനി ഇതിനെ ഒന്ന് മറിച്ചിട്ട് തിരിച്ചിട്ടാല്‍, ഇത്തരം ശാന്തിതീരങ്ങളും സോമതീരങ്ങളും ഉണ്ടെങ്കില്‍ സഖാക്കളുള്‍പ്പടെയുള്ളവര്‍ അവിടെ പോയെന്നിരിക്കും. അതിനെന്ത്? ചോദ്യം സര്‍വ്വസംഗപരിത്യാഗികളായ ആത്മീയാചാര്യന്മാര്‍ എന്തിന് ഇത്തരം തീരങ്ങള്‍ നടത്തുന്നു എന്നതാണ്. അവര്‍ക്കെന്തിന് ആശ്രമം?)
(ശ്രീ രാജേഷ് സ്വല്പം തപ്പിത്തടഞ്ഞോ എന്ന് വര്‍ണ്ണ്യത്തിലാകാശശങ്ക എനിക്ക് മാത്രം; അകിട്ടില്‍ ക്ഷീരം നോക്കിയിരിക്കുന്നവന്‍ പിന്നെ കാണുന്നതെല്ലാം മഞ്ഞച്ചാണല്ലോ).
ചാനലവതാരം: ശ്രീ രമേഷ്, ഇടതുസര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളെപ്പറ്റി സമഗ്രമായ ഒരു അന്വേഷണം നടത്താന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ അതിനെ പിന്താങ്ങുമോ?
ശ്രീ രമേഷ്: ശ്രീ രാജേഷിന് ആത്മീയതയെപ്പറ്റി വലിയ വിവരമില്ല. പണ്ടും ഭാരതത്തില്‍ ആത്മീയാചാര്യന്മാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഗുരുകുല സമ്പ്രദായം ഉദാഹരണം. ഇപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്തുന്നു. അത്രമാത്രം. അല്ലാതെ ആത്മീയത എന്നാല്‍ എല്ലാം ഉപേക്ഷിച്ചുള്ള തെക്കുവടക്ക് നടത്തം മാത്രമല്ല. അന്വേഷണം നടക്കട്ടെ, നിയമവിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കില്‍ നടപടിയെടുക്കട്ടെ. പക്ഷേ ഇത്തരം സ്ഥാപനങ്ങളോട് എതിര്‍പ്പുള്ളവര്‍ എന്തിന് ഇത്തരം സ്ഥാപനങ്ങളില്‍ തന്നെ സ്വന്തം മക്കളെ പഠിപ്പിക്കണം? വേറെ എത്രയോ സ്ഥാപനങ്ങളുണ്ട് നാട്ടില്‍? അവര്‍ കാണിക്കുന്നത് ഇരട്ടത്താപ്പല്ലേ.
ചാനലവതാരം: ശ്രീ രമേഷ്, വളരെ വ്യക്തമാണ് താങ്കളുടെ നിലപാട്. ശ്രീ രാജേഷ്, ഇടതുസര്‍ക്കാര്‍ ഒരന്വേഷണം പ്രഖ്യാപിച്ചാല്‍ ഡിഫിക്കാര്‍ ഇവരെ ജനകീയ വിചാരണ ചെയ്യുമോ?
(ചാനലവതാരം വളരെ സമര്‍ത്ഥമായി ചോദ്യം മാറ്റി. പിണറായി വിജയന്റെ മകള്‍ അമൃതാനന്ദമയിയുടെ കോളേജില്‍ പഠിച്ചതും ആത്മീയസ്ഥാപനങ്ങളെ ചീത്ത പറയുന്നതും പരസ്പരം ബന്ധപ്പെടാതെയിരിക്കുന്ന ഇരട്ടപെറ്റ താപ്പാനയാണോ എന്ന് എനിക്കിപ്പോഴും വര്‍ണ്ണ്യത്തിലാകാശശങ്ക).
ചോരയുള്ള അകിട്ടില്‍ ക്ഷീരത്തിന് ഫര്‍തര്‍ സ്കോപ്പ് കാണാത്ത ഞാന്‍ ഒറ്റ ഞെക്ക്, അടുത്ത ചാനലിലേക്ക്.
-------------------------------------------------------
വായനക്കാരെ മണ്ടന്മാരാക്കാന്‍ ശ്രമിക്കുന്ന മണ്ടശിരസ്സോമണിയാണ് ഞാനെന്ന അഭിപ്രായക്കാര്‍ക്ക് വേണ്ടി:
മുകളിലത്തെ സംവാദത്തില്‍ ഡിഫി നേതാവിന്റെ മറുപടിയാണ് ബി.ജെ.പി നേതാവിന്റെ, അരിയെത്രയെന്ന ചോദ്യത്തിന് പയറഞ്ഞാഴിയെന്ന മറുപടിയെക്കാള്‍ ഉരുണ്ടുകളിയായി എനിക്ക് തോന്നിയത്. കോര്‍പ്പറേറ്റ് ആത്മീയതയും സ്വാശ്രയകോളേജും ഒക്കെയുള്ള ഒരു ചര്‍ച്ചയില്‍ കോര്‍പ്പറേറ്റ് ആത്മീയതക്കെതിരെ പൊരുതുന്ന പാര്‍ട്ടിയുടെ നേതാവിന്റെ മക്കള്‍ കോര്‍പ്പറേറ്റ് ആത്മീയതയില്‍ തന്നെ പഠിച്ചിറങ്ങുന്നതിനെപ്പറ്റിയുള്ള ചോദ്യം ഒരു ഔട്ട് ഓഫ് സിലബസ്സ് ആയി എനിക്ക് തോന്നിയില്ല. എന്നാല്‍ അതിന് ശ്രീ രാജേഷ് നല്‍കിയ മറുപടി അത്യാവശ്യം ഉരുണ്ടുകളിക്കലായി തോന്നിതാനും. ഇത് ടി.വിയില്‍ കേട്ടത് എന്റേതായ രീതിയില്‍ എഴുതിയത് മാത്രം.
ഇത്രയും ഓക്കേ. ഇതിനപ്പുറത്തേക്കുള്ള എത്തിനോട്ടമാണ് പ്രശ്നം :)
18 Comments:
അതിപ്പോ വക്കാരി അങ്ങിനെ ചോദിച്ചാല്‍..
ആള്‍ദൈവങ്ങള്‍ സ്വാശ്രയ കോളെജ് നടത്തുന്നതാണോ അതോ അതില്‍ ആള്‍ദൈവങ്ങളെ എതിര്‍ക്കുന്നവര്‍ കുട്ടികളെ പഠിപ്പിക്കുന്നതാണോ കൂടുതല്‍ തെറ്റ് എന്ന് എനിക്ക് നല്ല ഉറപ്പില്ല. ഇനി എനിക്ക് നല്ല ഉറപ്പില്ലാത്ത കാര്യം, മറ്റുള്ളവര്‍ക്ക് ഉറപ്പുണ്ടാകുമോ എന്നും എനിക്കറിയില്ല. എനിക്കുറപ്പില്ല എന്ന് ഉറപ്പുണ്ടെങ്കിലും, അതില്‍ ഒരു അഭിപ്രായം പറയേണ്ടതുണ്ടോ എന്ന് ചെറിയ ഒരു സംശയം ബാക്കി നില്‍ക്കുന്നുണ്ട് എന്നത് വേറൊരു കാര്യമാണ്.
ഈ സ്വാശ്രയ കോളെജുകളുടെ കാര്യം തന്നെ എടുക്കുകയാണെങ്കില്‍, ശരിയായ ഒരു പഠനം ഇവയുടെ മേല്‍ നടന്നിട്ടുണ്ടോ എന്നാണ് എന്റെ ഒരു സംശയം. സംശയം മാത്രമാണ്‍` കേട്ടോ. നടന്നിട്ടുണ്ടാവാം ചിലപ്പോള്‍. അതായത് ഈ സ്വാശ്രയ കോളെജുകളില്‍ പഠിക്കുന്നതു കൊണ്ട് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് പ്രൊഫഷണല്‍ കോളെജുകളേക്കാള്‍ എന്തെങ്കിലും മേന്മ കിട്ടുന്നുണ്ടോ, അവര്‍ കൊടുക്കുന്ന ഫീസിനനുസരിച്ച് എത്ര ശതമാനം അവര്‍ മറ്റു കുട്ടികളേക്കാള്‍ പ്രബുദ്ധരാണ്, ഈ ശതമാനം മേന്മ അവര്‍ക്ക് പഠനത്തില്‍ കിട്ടുന്നുണ്ടെങ്കില്‍ തന്നെ ഒരു ജോലിക്ക് ശ്രമിക്കുമ്പോള്‍ അവര്‍ക്ക് അതിന്റെ ആനുകൂല്യം കിട്ടുന്നുണ്ടോ, ഇനി ജോലി കിട്ടിയാല്‍ അവര്‍ സ്ഥാപനത്തിന് കൊടുക്കുന്ന ഔട്ട്പുട്ട് അവര്‍ ആദ്യം കൊടുത്ത ഫീസിനെ ന്യായീകരിക്കുന്നുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ തിരക്കേണ്ടതുണ്ട്.
പിന്നെ ആള്‍ദൈവങ്ങളുടെ കാര്യം പറയുകയാണെങ്കില്‍, വലിയൊരു ശതമാനം ആളുകള്‍ ഈ ദൈവങ്ങളിലുള്ള വിശ്വാസം ഒന്നു കൊണ്ടു മാത്രമാണ് അങ്ങോട്ട് കുട്ടികളെ അയക്കുന്നത്. വലിയൊരു ശതമാനം എന്ന് പറയാന്‍ പറ്റുമോ എന്നെനിക്കറിയില്ല, പക്ഷേ നല്ലൊരു ശതമാനം വരും അത്. ഇങ്ങനെ അയക്കുന്ന ആള്‍ക്കാര്‍ അവരുടെ കുട്ടികളുടെ പഠനത്തില്‍ എത്ര കണ്ട് ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയില്ല. അതുകൊണ്ട്, അവിടെ പഠിക്കാന്‍ വരുന്ന, ഈ ശതമാനത്തില്‍ പെടാത്ത ശതമാനത്തിന്റെ കുട്ടികള്‍ക്ക് ഇവര്‍ എത്ര ഉപദ്രവമുണ്ടാക്കുന്നുണ്ട് എന്നു കൂടി അറിയേണ്ടതുണ്ട്. ഒരു രാഷ്ട്രീയ നേതാവ് ഇതില്‍ രണ്ടാമത്തെ ശതമാനത്തില്‍ പെട്ട ആളാണെങ്കിലും, അയാളുടെ ഭാര്യ ആദ്യശതമാനത്തില്‍ പെടാനുള്ള സാധ്യതയും നമുക്ക് തള്ളിക്കളയാന്‍ പറ്റില്ലല്ലോ. കേരളീയ കുടുംബങ്ങളില്‍ പൊതുവേ നല്ലൊരു വിഭാഗത്തിലും, ഭാര്യമാര്‍ക്ക് ആധിപത്യം ഉണ്ട്. ഈ നല്ലൊരു വിഭാഗം തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ സ്വാധീനിച്ച് തങ്ങളുടെ കുട്ടികളെ അങ്ങോട്ട് അയക്കാനുള്ള സാധ്യത കൂടുതലാണ്. പൊതുവെ ആദ്യം പറഞ്ഞപോലെയുള്ള പഠനം ഒന്നും നടന്നിട്ടില്ലാത്തതിനാല്‍, ഈ ഭാര്യമാര്‍ ചിന്തിക്കുന്നത് സ്വാശ്രയ കോളെജുകളിലെ പഠന നിലവാരം മറ്റു കോളെജുകളിനേക്കാള്‍ മുകളിലായിരിക്കുമെന്നാണല്ലോ. ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം പഠന നിലവാരത്തേക്കാള്‍ മുകളില്‍ അയാളുടെ ആദര്‍ശങ്ങള്‍ നില്‍ക്കേണ്ടതാണെങ്കിലും, വലിയൊരു വിഭാഗം രാഷ്ട്രീയക്കാരിലും നമുക്ക് ഈ ഗുണം കാണാന്‍ പറ്റില്ല. അങ്ങിനെ ആള്‍ദൈവങ്ങളെ ഭക്തിയുള്ള ഒരു വിഭാഗം ഭാര്യമാര്‍, അതില്‍ തന്നെ ഒരു വിഭാഗം ഭര്‍ത്താക്കന്‍മാരില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവര്‍, ഭര്‍ത്താക്കന്മാരില്‍ ഒരു വിഭാഗം ആദര്‍ശത്തേക്കാള്‍ ഭാര്യമാരില്‍ പേടിയുള്ളവര്‍ ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ ഒരു ചെറിയ വിഭാഗം ഇത്തരം കുട്ടികള്‍ സ്വാശ്രയ കോളെജുകളില്‍ പഠിച്ചുവെന്നിരിക്കാം. അത് തെറ്റാണോ എന്നെനിക്കറിയില്ല, അതിന്റെ പേരില്‍ കൂടുതല്‍ വ്യക്തമായി ചര്‍ച്ചകള്‍ നടത്തി അഭിപ്രായം രൂപികരിക്കേണ്ടതുണ്ട്.
വക്കാരീ... ആദര്‍ശത്തിന്റെ പേരില്‍ സ്വന്തമായി പല ത്യാഗങ്ങളും ചെയ്യുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നിരവധി ആളുകളുണ്ട്... പക്ഷേ, ആ ആദര്‍ശത്തിന്റെ പേരില്‍ തന്റെ വീട്ടുകാരേയും അത്തരം സാഹചര്യങ്ങള്‍ തന്നെ അടിച്ചേല്‍പ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
ഒരു ഉദാഹരണം പറഞ്ഞാല്‍... എന്റെ അച്ഛന്‍ ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനും അദ്ധ്യാപകനും ആയതിനാല്‍ തന്നെ തന്റെ മക്കളെ പ്രൈവറ്റ് സ്കൂളുകളില്‍ പഠിപ്പിക്കില്ലെന്ന് തീരുമാനിക്കുകയും അങ്ങനെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു... പക്ഷേ, മക്കള്‍ മുതിര്‍ന്ന് കഴിഞ്ഞാല്‍ അവര്‍ അവരുടേതായ വഴികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിനെ സ്വാധീനിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
വ്യക്തിപരമായി, സര്‍ക്കാര്‍ സ്കൂളുകളില്‍ നല്ല നിലവാരം ഉണ്ടാവണമെന്നും അങ്ങനെ പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടണമെന്നും ആഗ്രഹമുള്ള ഞാന്‍ എന്റെ കുട്ടിയെ ഒരു ഗവര്‍ണ്‍മന്റ് സ്കൂളില്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ, എന്റെ ഭാര്യയും മറ്റ് ബന്ധുക്കളും ഇതിന്റെ ശക്തിയായി എതിര്‍ക്കുന്നു. കുട്ടിക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യലാണ് പ്രധാനം, അല്ലാതെ ആദര്‍ശത്തിന്റെ പേരില്‍ കുട്ടിയുടെ ഭാവി തുലയ്ക്കലല്ല എന്നതാണ് കാരണം. ഒരു പരിധിവരെ അവരുടെ അഭിപ്രായവും ശരിതന്നെ.
ഈ പറഞ്ഞതെന്തെന്നാല്‍, വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആശയങ്ങള്‍ക്കനുസരിച്ച് അവനവന്റെ വീട്ടുകാരെയും നിയന്ത്രിക്കാന്‍ കഴിയുക ബുദ്ധിമുട്ടാണ്.. അങ്ങനെ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്‍...
പ്രിയ വക്കാരീ എസ് എഫ് ഐ, ഡിഫി, സീ പീ എം എന്നിവര്‍ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലത്തവര്‍ മാത്രമല്ല എന്തു നെറികേടും ധൈര്യപൂറ്‍ വ്വം ചെയ്യുകയും കണ്ടുപിടിച്ചാല്‍ കളി അല്ലെങ്കില്‍ കാര്യം , അതിനെ ഏതു രീതിയിലും ന്യായീകരിക്കുകയും ചെയ്യും, വാന്‍ തോതില്‍ കള്ളവോട്ടു ചെയ്യും, സ്വാതന്ത്യ്രം ജനാധിപത്യം സോഷ്യലിസം എന്നു പ്രസംഗിക്കും പക്ഷെ എതിരെ ഒരുത്തന്‍ ഇലക്ഷന്‍ നില്‍ക്കാന്‍ സമ്മതിക്കില്ല ഇതൊക്കെയാണു പണ്ടെ ഇവരുടെ പ്രവര്‍ത്തികള്‍ ഈ എം എസിണ്റ്റെ മകള്‍ രാധക്കു ഒറീസ സ്റ്റേറ്റിണ്റ്റെ ക്വാട്ടയില്‍ മെഡിസിനു അഡ്മിഷന്‍ നടത്തിയതാണു ആദ്യ വിദ്യാഭ്യാസ അഴിമതി പിന്നെ അച്ചുതാനന്ദന്‍ മകനു തങ്ങള്‍ കുഞ്ഞു മുസലിയാര്‍ കോളെജില്‍ അഡ്മിഷന്‍ ഒപ്പിച്ചു, ഐ എച്ച് ആര്‍ ഡീ എന്ന സ്ഥാപനത്തിണ്റ്റെ എം ഡീ ആക്കി അതു നശിപ്പിച്ചു പിണറായി അഡ്മിഷന്‍ മാത്രമല്ല പത്തു ലക്ഷം ലോണും എടുത്തു വിദ്യാഭ്യാസ ലോണ്‍ തിരിച്ചടക്കണ്ടല്ലോ ഇതു വല്ല ഉമ്മന്‍ ചാണ്ടിയുടെ മകളോ കരുണാകരണ്റ്റെ മകനോ ചെയ്താല്‍ എന്തൊരു പ്രക്ഷോഭണം ആയിരിക്കും ഇവിടെ.
അഴകൊഴാന്നു കാര്യങ്ങളെ എങ്ങനെ കൊഴയ്ക്കണമെന്ന് കാര്‍ന്നോമ്മാരു പറഞ്ഞു കൊടുത്തിട്ടുണ്ട് പിള്ളാര്‍ക്ക്.
ഡെമോളിഷന്‍ ടീം ചാനലില്‍ പറഞ്ഞതില്‍ ഇങ്ങനെയുമുണ്ടായിരുന്നു പൊതു ജനബോധവത്കരണം,ജനത്തെ സംഘടിപ്പിച്ചു മുന്നേറും എന്നും.അപ്പോള്‍ കരുതി ഓ നടക്കട്ടെ എന്ന്.ഇന്നലെ കണ്ടു ദേ കോങ്ക്രസ്സുകാരുടെ ജാഥയെ കക്കട്ടില്‍ തടഞ്ഞു അക്രമിച്ചു എന്ന്.എന്തു ബോധവത്കരണം? സ്വബോധമുള്ളവനല്ലേ മറ്റുള്ളവരെ ബോധവത്കരിയ്ക്കാന്‍ പറ്റൂ.
കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു യുവമോര്‍ച്ചറി കാര്യക്കാരന്റെ സ്വത്തു വിവരം വെളിപ്പെടുത്തണമെന്നാണു പുതിയ ആവശ്യം.ഇനി ആശാന്റെ നെഞ്ഞെത്തു കളിപഠിക്കാം എന്നുതോന്നിയാല്‍ ചെലപ്പോ പിണശേഖരന്റെ പുതിയ വീടിന്റെ നിര്‍മ്മാണച്ചെലവും ചോദിച്ചേയ്ക്കുമെന്നു തോന്നുണു.
വക്കാരീ, ആദര്‍ശത്തെ കുറിച്ചുള്ള മലയാളിയുടെ സാമാന്യ കാഴ്ചപ്പാടിന്റെ കുഴപ്പം ആണിത്. അമൃതനന്ദ മയി യുടെ കോളേജില്‍ പഠിപ്പിക്കുന്നത് അമൃത വചനം അല്ലല്ലോ എഞ്ചിനീയറിംഗ് ടോപ്പിക് തന്നെ അല്ലെ. അത് നല്ല കോളേജ് ആണെന്ന് തോന്നിയാല്‍ അവിടെ പഠിക്കണം. അവിടെ പഠിച്ചു എന്നത് കൊണ്ടു അമൃതനന്ദ മയി യോട് അനുഭവം ഉണ്ടെന്നോ അവിടെ പടിക്കതിരുന്നത് കൊണ്ടു അവരോട് എതിര്‍പ്പ് ആണെന്നോ ന്യയീകരികാന്‍ പറ്റുമോ? ഞാന്‍ തങ്ങള്‍ കുഞ്ഞു മുസല്‍യാര്‍ ഉണ്ടാകിയ കോളേജില്‍ പഠിച്ചത് വീടിനടുത്ത് കിട്ടാവുന്ന ഏറ്റോം നല്ല വിദ്യാഭ്യാസ സ്ഥാപനം ആയതു കൊണ്ടാണ്. പകരം സന്തോഷ് മാധവന്റെ അതിലും നല്ല സ്ഥാപനം ഉണ്ടേല്‍ അവിടെ പോയേനെ. പത്തു വര്ഷം കഴിഞ്ഞു അയാളെ പിടിച്ചു അകത്തിടുമ്പോള്‍ അവിടെ പഠിച്ചത് കൊണ്ടു ഞാന്‍ അയാളെ ന്യയീകരികണം എന്ന് പറയുന്നതു എത്ര ബാലിശം ആണ്. ഞാന്‍ യുക്തിവാദി ആണ്, അതുകൊണ്ട് എന്റെ ഭാര്യക്ക് പള്ളീല്‍ പോകാന്‍ പാടില്ല എന്ന് ഞാന്‍ എങ്ങനെ പറയും. എന്നെ പോലെ സ്വതന്ത്രമായി ചിന്തിക്കാന്‍ എന്റെ ഭാര്യക്കും അവകാശം ഇല്ലേ? പിണറായി യുടെ മകള്‍ അവള്ക്ക് ഇഷ്ടം ഉള്ളത് ചെയ്യട്ടെ. ഭക്തി ഉണ്ടെന്കില്‍ അമ്പലത്തില്‍ പോകട്ടെ, രാഷ്ട്രീയം തെറ്റാണെന്ന് തോന്നിയാല്‍ അരാഷ്ട്രീയ വാദി ആകട്ടെ, എല്ലാം പിണറായി ചെയ്യുന്ന പോലെ അല്ലെന്കില്‍ ചിന്തിക്കുന്ന പോലെ ചെയ്യാന്‍ ആണെന്കില്‍ ആ പാവം കുട്ടിക്ക് എന്തിനാണ് സ്വന്തം ബുദ്ധി. പറഞ്ഞു വന്നത് ആരെങ്കിലും പൊതു പ്രവര്‍ത്തകര്‍ ഉണ്ടെന്കില്‍ അവരുടെ കുടുംബം മൊത്തം 'അയാളെ പോലെ പ്രവര്തികുകയും ചിന്തികുകയും ചെയ്യുനതാണ് അയാളുടെ ആദര്‍ശത്തിന്റെ അളവ് കോല്‍' എന്ന ധാരണ മലയാളിയുടെ കാഴ്ചപ്പാടിന്റെ കുഴപ്പം തന്നെ ആണ്.
തങ്ങള്‍ കുഞ്ഞു മുസലിയാരുടെ കോളേജില്‍ മെറിറ്റില്‍ സീറ്റു കിട്ടി പഠിക്കുന്നതിനു ആര്‍ക്കെതിര്‍പ്പു , ഇതു മെറിറ്റ് അല്ലല്ലോ ഒരു ലക്ഷം രൂപ കാപിറ്റേഷന്‍ കൊടുക്കാന്‍ ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്ന സീറ്റ് എങ്ങിനെ നമ്മള്‍ക്കു ഫ്രീ കിട്ടി, ഒരു ലക്ഷം കൊടുക്കാന്‍ പണം ഇല്ലായിരുന്നല്ലോ മുസലിയാര്‍ വെറുതെ മോനു സീറ്റ് തരുമോ തിരിച്ചു ഉപകാരം ഇല്ലാതെ അതുപോലെ മാനേജുമെണ്റ്റ് സീറ്റില്‍ ആണു പിണറായി മക്കള്‍ പഠിക്കുന്നത് വലിയ നിലവാരം ഇല്ല പഠിത്തതിനും എന്താ കണ്ണൂറ്‍ എഞ്ചിനീയറിംഗ് കാളേജില്‍ അല്ലെങ്കില്‍ എം വീ രാഘവണ്റ്റെ കോളേജില്‍ പഠിക്കാത്തത് അവിടെ പണം കൊടുക്കണം ഇവിടെ കൊടുക്കണ്ട ഇതും ഒരു മാറി നിന്നുള്ള ഭൂതപ്പണം വാങ്ങല്‍ അല്ലേ എന്നേ ചോദിച്ചുള്ളൂ
കേരളത്തിലെ CPM നേതൃത്വവും SFI യും സ്വയാശ്രയ കോളെജുകള്‍ക്കെതിരെ നിലപാടെടുക്കുന്ന കാലത്താണ് പിണറായുടെ മക്കള്‍ സ്വയാശ്രയ സ്ഥാപനങ്ങളില്‍ പഠിച്ചത്. മാത്രവുമല്ല SEMS ഇല്‍ മകനു പഠിക്കാന്‍ പിണറായി ലോണ്‍ എടുത്ത് കൊടുത്തിട്ടുമുണ്ട്. VS ന്റ മകനും സ്വയാശ്രയ സ്ഥാപനത്തില്‍ തന്നെയാണ് മകന്റ വിദ്യാഭ്യാസം നടത്തിയത്. അപ്പോള്‍ ഈ ഇരട്ടത്താപ്പ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അപ്പോള്‍ ഇതും ഇതിലപ്പറവും കാണേണ്ടി വരും
ജനതയുടെ ആസ്‌മാവിഷ്‌കാരങ്ങള്‍ ഇങ്ങനെ എന്തല്ലാം കാണിക്കുമോ ആവോ. ആദര്‍ശം മാത്രം കൊണ്ടുനടന്നവന്‍ ഇന്നും അവിടെത്തന്നെയുണ്ട്. രാഷ്‌ട്രീയത്തിന്റെ അടിത്തട്ടില്‍. ഇവനൊക്കെ ജയ് വിളിക്കാന്‍ എവിടേം കൊണ്ടുപോകും. ഇവരിലൊരുത്തന്റെ സീറ്റാവും ഈ നേതാക്കന്മാരും/കുട്ടിനേതാക്കന്മാരും തട്ടിയെടുത്തിട്ടുണ്ടാവുക എന്നത് ഓര്‍ക്കാറില്ല.
ചെറിയ ഒരു സംഭവം കൂടി:
രാവിലെ മുതല്‍ വൈകിട്ടുവരെ ജയ് വിളിച്ച് ഒച്ചയടഞ്ഞ് നില്‍ക്കുന്നു കുറെ മലയോരകോണ്‍ഗ്രസുകാര്‍. നേതാവ് വന്നപ്പോ കുട്ടിനേതാവിന്റെ കൈയില്‍ സംഘാംഗങ്ങളുടെ ചെലവിലേക്ക് കുറച്ച് (ചെറിയൊരു കെട്ട്!)പണം കൊടുത്തു. കുട്ടിനേതാവും സംഘവും തിരിച്ചുപോരുന്നു. വഴിയില്‍ വച്ച് വണ്ടി നിര്‍ത്തി കുട്ടിനേതാവ് എല്ലാവര്‍ക്കും ചായയും പരിപ്പുവടയും വാങ്ങിക്കൊടുത്ത് വീട്ടിലാക്കി. ബാക്കി പണം പോക്കറ്റിലുമിട്ട് ഇഷ്ടന്‍ പോയി.
അന്ന് ജയ് വിളിച്ച 3 പേര്‍ പാര്‍ട്ടിയില്‍ നിന്നു മാറി ഒറ്റ ചെറ്റത്തരം കാരണം.
സമയമില്ല അപ്പോ വക്കാരീ അരിയെത്രയുണ്ട്? :)
ഇത്രയ്ക്ക് ഡീസന്‍സിയുള്ള അനോണികളെ അടുത്തകാലത്തുകണ്ടിട്ടില്ല. ലാല്‍സലാം!
വക്കാരിയേ...
കലക്കി. പിന്നെ കിരണ്‍ ഇവിടെയും പിണറായിയെ ന്യായീകരിക്കുക എന്ന പതിവു ജോലി ഭംഗിയായി നിര്‍വഹിച്ചു.
പിണറായീടെ മക്കള്‍ മാത്രമല്ല വി.എസിന്‍റെ മകനും സ്വാശ്രയ സ്ഥാപനത്തിലാണ് പഠിച്ചത് എന്ന ചൂണ്ടിക്കാട്ടുന്ന കിരണ്‍ ലോണെടുത്ത് കഷ്ടപ്പെട്ടാണ് പാവം പിണറായി മകനെ പഠിപ്പിച്ചതെന്ന നഗ്നസത്യവും വിളിച്ചോതുന്നു.
എന്തായാലും തമ്മില്‍ ഭേദം പിണറായിതന്നെ!!!!!!!!!!!
കിരണ്‍ പറഞ്ഞത് ശരി.
അമൃതാനന്ദമയി അല്ല ആരു സ്വാശ്രയകോളേജ് നടത്തിയാലും അതിനെ (സ്വാശ്രയകോളേജിനെ) എതിര്‍ക്കുന്നവര്‍ അവിടെ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ല.അവര്‍ അവിടെ പഠിക്കുമ്പോള്‍ സാധാര്‍ണക്കാരയ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ കിടന്ന് തല്ല് കൊള്ളുകയായിരുന്നു.ഇതിന് പാര്‍ട്ടിയുടെ മറുപടി സ്വാശ്രയത്തെ എതിര്‍ക്കുന്നില്ല,അവിടുത്തെ കാപിറ്റേഷന്‍ ഫീസ് തുടങ്ങിയ സംഗതികളെ മാത്രമേ എതിര്‍ക്കുന്നുള്ളൂ എന്നതാവാം.
അനോണി പറഞ്ഞ പോലെ ഭാര്യക്കും മക്കള്‍ക്കും ഒക്കെ വേറെ നിലപാടെടുക്കാം.നമ്പൂതിരിപ്പാടിന്റെ ഭാര്യ അമ്പലത്തില്‍ പോകും എന്നതിനോട് പ്രതികരിച്ച ഒരു നോണ്‍ കേരളീയ സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു-സ്വന്തം ഭാര്യയെ പോലും സ്വാധീനിക്കാനോ മാറ്റാനോ കഴിയാത്ത ഇദ്ദേഹമാണോ ജനലക്ഷങ്ങളെ സ്വാധീനിച്ച് വിപ്ലവം വരുത്താന്‍ പോകുന്നത്.അവന്‍ തമാശ പറഞ്ഞതാണെങ്കിലും അതിലെ കൊള്ളിവാക്ക് എനിക്ക് നന്നായി കൊണ്ടു.
മക്കള്‍ സ്വന്തം ഇഷ്ടപ്രകാരം സ്വാശ്രയത്തില്‍ പഠിച്ചതാണെങ്കിലും സ്പോണ്‍സര്‍ സ്വന്തം പിതാവ് തന്നെയാണല്ലോ.കാശ് കൊടുക്കുന്നവനാകണം നിയന്ത്രണം എന്നാണല്ലോ ഐസക്ക് മാഷിന്റെ ധനതത്വശാസ്ത്രം.
ഒരു ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ ഇഴുകി മുഴുകി ജീവിക്കുകയും വിപ്ലാവനന്തര ഭരണകൂടത്തെ സ്വപ്നം കാണുകയും ചെയ്യുന്നതില്‍ തന്നെ ഒരു വൈരുദ്ധ്യമുണ്ട്.അത് ഇരട്ടത്തപ്പായി വ്യാഖ്യാനിക്കപ്പെടാം
ഞാനും ഈ വാര്‍ത്താപരിപാടി കേട്ടു. ആദര്‍ശം പറയുന്നവര്‍ മക്കളുടെ കാര്യത്തില്‍ അതുവേണ്ടെന്ന് വെക്കുന്നത് ആദ്യമായിട്ടൊന്നും അല്ലല്ലോ? ഗവണ്‍മണ്റ്റ് ക്വോട്ടയില്‍ ഉള്ള പ്രവേശനം അപ്പോള്‍ അത് ആരുനടത്തുന്നു എന്നത് സഖാക്കള്‍ക്ക് വിഷയമല്ലത്രേ!
സഖാക്കള്‍ അമൃതാനനന്ദമയി കോളേജില്‍ പഠിയ്ക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്.കേള്‍വികേട്ട സീ പീ എം നേതാക്കള്‍ അമൃതാനന്ദമയിയുടെ ആശുപത്രിയില്‍ ചികിത്സയ്ക്കും വന്നിട്ടുണ്ട് . കൊച്ചിയിലോ കോഴിക്കോട്ടോ തിരുവനന്തപുരത്തോ വേറേയൊരു ആശുപത്രിയിലും ഇല്ലാത്ത ചികിത്സയ്ക്കല്ല അവര്‍ അവിടെ വന്നത്. സാധാരണ രോഗികളേപ്പോലെ ചികിത്സയ്ക്ക് വരിക മാത്രമാണേങ്കില്‍ ശരി..അവര്‍ വന്ന് മഠം നല്‍കുന്ന വീ ഐ പീ ട്രീറ്റ്മെന്റും വാങ്ങിയാണ് തിരിച്ച് പോയത്.
എന്റെ പരമാവധി അറിവില്‍ പെട്ടിടത്തോളം അമൃതാനന്ദമയി മഠം ഉണ്ടാക്കുന്ന പണം പൂര്‍ണ്ണമായും നിയമപരമായി തന്നെയാണ്. വന്ന് കഴിഞ്ഞ് ടാക്സോ മറ്റോ കുറയ്ക്കാന്‍ വല്ലതും നടക്കുന്നുണ്ടോ എന്നറിയില്ല. അത് എല്ലാ സീ ഏ ക്കാരും എല്ലാവര്‍ക്കും വേണ്ടി ചെയ്യുന്നതിലപ്പുറമൊന്നും ആയിരിയ്ക്കാന്‍ വഴിയില്ല.പതിനായിരക്കണക്കിനു വരുന്ന എന്‍ ആര്‍ ഐ ഭാരതീയര്‍ ചില്ലറയല്ല മഠത്തിനു സംഭാവന നല്‍കുന്നത്.വിദേശീയര്‍ വേറേ.സ്വദേശികള്‍ വീടും വസ്തുവും മുഴുവന്‍ എഴുതിവിറ്റ് മഠത്തില്‍ കൊടുത്ത് അവിടെ ഒരു ഫ്ലാറ്റ് വാങ്ങി ഒരു അന്തേവാസിയായി താമസിയ്ക്കുന്നവര്‍ വേറേ.ഇവരുടേയെല്ലാം പണമാണ് മഠം ചിലവാക്കുന്നത്. വള്ളിക്കാവില്‍ പോയി നോക്കൂ. അവിടേയുള്ള ഓരോ ഫ്ലാറ്റിലും താമസിയ്ക്കുന്നവര്‍ അവരുടെ മിക്ക സ്വത്തും മഠത്തിനു നല്‍കിയവരാണ്. അഞ്ഞൂറോളം വരുന്ന ബ്രഹ്മചാരി ബ്രഹ്മചാരിണികള്‍ എല്ലാവരും അവരുടേ പണം മുഴുവന്‍..24/7 അധ്വാനം മുഴുവന്‍ മഠത്തിനു നല്‍കുന്നവരാണ്. ഐ ഐ ടീ,ആര്‍ ഈ സീ/ മറ്റ് പ്രമുഖ എഞിനീയറിംഗ് കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ എത്രയെങ്കിലും ആള്‍ക്കാര്‍ ബ്രഹ്മചാരീ ചാരിണിമാരായി അവിടെയുണ്ട്. അവരുടെ അധ്വാനത്തിന്റെ വില തന്നെ കോടിക്കണക്കിനു രൂപാ മഠത്തിനു ലാഭം ഉണ്ടാക്കുന്നുണ്ട്. എനിയ്ക്ക് നേരിട്ടറിയാവുന്നവരില്‍ തന്നെ അഞ്ചോളം സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ബ്രഹ്മചാരികളാായി അമൃതാ ആശുപത്രിയിലുണ്ട്. മാസം ഒരു ലക്ഷം വച്ച് ശമ്പളം( ഏറ്റവും കുറഞ്ഞ റേറ്റാണ് അത്) ലാഭിച്ചാല്‍ മഠം അഞ്ച് ലക്ഷം രൂപാ ആ സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ ബ്രഹ്മചാരികളുടെ അധ്വാനത്തില്‍ നിന്ന് മാത്രം ഉണ്ടാക്കുന്നുണ്ട്.മറ്റ് വിദഗ്ധര്‍ വേറേ.പ്രേം നായരെപ്പോലെയുള്ള ഡോക്ടര്‍മാര്‍ വേറേ, ഡൊ. ഭാസ്കര പിള്ളയെപ്പോലെയുള്ള ശാസ്ത്രജ്ഞര്‍ വേറേ..ചിലവ് മൂന്നു നേരം രണ്ട് ചപ്പാത്തി വീതവും നാലു ചായയും അല്‍പ്പം കറിയും മാത്രം. കിടക്കുന്നത് ഇലക്ടിക്കല്‍ റൂമിന്റെ ചായ്പ്പില്‍.അല്ലെങ്കില്‍ വാര്‍ഡിലെ ഒഴിഞ്ഞ കട്ടിലുകളില്‍.
മഠത്തിലും ആശുപത്രിയിലും ഉപയോഗിയ്ക്കുന്ന സോഫ്റ്റ്വേരുകള്‍ മുഴുവന്‍ മഠത്തില്‍ തന്നെ ഡെവലപ് ചെയ്തതാണ്. അതും കോടിക്കണക്കിനു രൂപയുടേ ലാഭം മാസം തോറും ഉണ്ടാക്കിക്കൊടുക്കുന്നു.സിമന്‍സിന്റെ ഹോസ്പിറ്റല്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം ഒരു കൊല്ലം എത്ര രൂപ വച്ച് ലീസ് വാങ്ങുന്നുവെന്ന് ഈ ബ്ലോഗിലുള്ള വിദഗ്ധര്‍ പറയട്ടേ. അതിന്റെ നൂറിരട്ടി മെച്ചമാണ് അമൃതാ ഹോസ്പിറ്റല്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം എന്ന സോഫ്റ്റ് വേര്‍. ആ സോഫ്റ്റ്വേറുകള്‍ ഔട്ട് സോഴ്സ് ചെയ്യുന്നത് കൊണ്ട് മാത്രം പിന്നേയും കോടികള്‍ വരുമാനമുണ്ടാകുന്നു.പല കമ്പനികളും ഉപകരണങ്ങള്‍ സൌജന്യമായി നല്‍കുന്നു.
അമൃതാനന്ദമയി മഠം പൂര്‍ണ്ണമായും അവരുടേ കഴിവിനനുസരിച്ച് അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുന്നില്ലെങ്കിലും സമൂഹ നന്മയെക്കരുതി കുറച്ചെങ്കിലും പണം ചിലവഴിയ്ക്കുകയും ചെയ്യുന്നുണ്ട്. തീര്‍ച്ച.ചിലര്‍ സേവനം ചെയ്യുമ്പോള്‍ ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയില്ല. ചിലര്‍ ലോകം മുഴുവന്‍ വിളിച്ച് പറയും. അത് വ്യത്യാസം.
അമൃതാനന്ദമയി മഠം അവരുടേ അഞ്ഞൂറോളം വരുന്ന ബ്രഹ്മചാരി/ ചാരിണിമാരുടെ,ആയിരത്തോളം വരുന്ന അവിടേ അന്തേവാസികളായ ആള്‍ക്കാരുടെ, പതിനായിരക്കണക്കിനുള്ള പുറത്തുള്ള വോളണ്ടിയര്‍ ആയുള്ള ശിഷ്യന്മാരുടെ അധ്വാനത്തിന്റെ ഫലമാണ്. അത് മാത്രമാണ്‍.അത് മതം എന്ന മയക്കിലെങ്കില്‍ അങ്ങനെ. അത് കണ്‍സ്ട്രക്റ്റീവ് ആയുള്ള അധ്വാനം ആണ്‍. അതില്‍ PARAM സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിയ്ക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച Dr P.Venkat Rangan മുതല്‍ അമൃതപുരിയില്‍ കക്കൂസ് കഴുകാന്‍ നില്‍ക്കുന്ന സായിപ്പ് വരെയുണ്ട്.അവന്മാര്‍ക്കെ 24/7 പണിയെടുക്കുന്നുണ്ട്.
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ലോകത്തിലെ ഏറ്റവും മിടുക്കിയായ ഹ്യൂമന്‍ റിസോഴ്സ് മാനേജറാണ്‍ അമൃതാനന്ദമയി.അതാണ്‍ അവരുടേ ഏറ്റവും വലിയ സിദ്ധി.
ലക്ഷക്കണക്കിനു വരുന്ന യുവജനതയുടെ കഴിവുകള്‍ വായുവില്‍ മുഷ്ഠിചുരുട്ടി എറിഞ്ഞും, പൊതുമുതല്‍ കത്തിച്ചും, സംഘടനാബലം എന്ന ഗുണ്ടായിസ മയക്ക് നല്‍കിയും ഡിസ്ട്രക്റ്റീവ് ആയി നശിപ്പിച്ച് കളയുന്ന ഡിഫി നേതാവിന്‍ മസ്സിലാവില്ല, കണ്‍സ്ട്രക്റ്റീവ് ആയുള്ള അധ്വാനത്തിന്റെ ലാഭം.കൂടെയുള്ളവരില്‍ പരിഷത്ത് എന്ന ചെറു സംഘടന ഒന്നു മാത്രം ഈ കേരളത്തില്‍ നല്‍കിയ സംഭാവനകള്‍ പരിശോധിച്ചാല്‍ കണ്‍സ്ട്രക്റ്റീവ് അധ്വാനവും ഡിസ്ട്രക്റ്റീവ് അധ്വാനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും.പരിഷത്ത് എന്നത് ഡി്ഫിയേക്കാളും എത്ര ചെറുതാണ്? പക്ഷേ അവര്‍ കേരളത്തിലുണ്ടാക്കിയ പുരോന്മുഖമായ ഇടപെടലുകള്‍ ശ്രദ്ധിയ്ക്കുക. ഡിഫിക്കാരൊക്കെ കേരളത്തില്‍ ചെയ്തു എന്ന് പറയുന്ന സാക്ഷരതയും ജനകീയാസ്യൂത്രണവും ശാസ്ത്രീയ ചിന്തരീതി വളര്‍ത്തലുമൊക്കെ പരിഷത്തിന്റെ പരിപാടികളായിരുന്നു. ഡിഫിയും സീ പീ എമും അതിനെ നശിപ്പിച്ച് നാശകോടാലിയാക്കിയതും നമ്മള്‍ കണ്ടു.ജനകീയാസൂത്രണമൊക്കെ സീ പീ എം ആട് കോഴി ആക്കി നശിപ്പിച്ചതും പരിഷത്തിന്റെ നിരാശയും ഒക്കെ എനിയ്ക്ക് നേരിട്ടറിയാം.ഇനി പരിഷത്തില്‍ മുഴുവന്‍ ഡിഫിക്കാരായിരുന്നു എന്ന് പറഞ്ഞോണ് വരരുത്. ആര്‍ വീ ജീ യും, അണ്ണനും, ശിവദാസ് സാറും, പ്രസാദ് സാറും, ഒക്കെ ഇപ്പഴും ജീവനത്തോടെ തന്നെയുണ്ട്.
അമൃതാനന്ദമയി അവരുടെ ‘കുഞ്ഞുങ്ങളുടെ‘ അധ്വാനത്തിന്റെ ഫലം ഞാനുദ്ദേശിയ്ക്കുന്ന രീതിയില്‍ സകലര്‍ക്കും തുല്യ മനസ്സ് വച്ച് തുല്യമായി സേവനം ചെയ്യുന്നില്ല എന്നത് ഞാന്‍ കണ്ടുപിടിച്ച കുറ്റം. പക്ഷേ അത് എന്നെ അവരെ അടച്ചാക്ഷേപിയ്ക്കാന്‍ അത് പ്രാപ്തനാക്കുന്നില്ല.ഞാന്‍ ഇത്തിരിയെങ്കിലും ചെയ്യാത്തിടത്തോളം.
അധ്വാനത്തിന്റെ ഫലമാണ്‍ ഈ സമൂഹവും സിവ്വിലിസേഷനും എന്ന് മാര്‍ക്സ് പറഞ്ഞത് നേരിട്ട് കണ്ടത് അമൃതയില്‍ വച്ചാണ്‍. കൂട്ട് കമ്യൂണിന്റെ ചില ദോഷവശങ്ങള്‍ കണ്ടതും അവിടെ വച്ച്. അത് കാര്യം വേറേ.:)
ഇതൊക്കെ ഇവിടുത്തെ നാറിയ രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്യുന്നതു കൊണ്ടല്ലെ ഓരോ മാധവന്‍മാരും ഉടലെടുക്കുന്നതു?
പാതാലിക്ക് ഒരു ചെറിയ തിരുത്തല്‍ ആവശ്യമാണ്. ഇവിടെ ഞാന്‍ പിണറായിയേ ന്യായികരിച്ചതല്ല. കുറ്റപ്പെടുത്തിയതാണ്. രാധേയന് അത് മനസിലായി (അല്ലതൊരു ധ്വനി കണ്ടെത്തിയ പാതലിക്ക് അഭിനന്ദനങ്ങള്‍) . CPM നേതാക്കള്‍ കുടുംബക്കാരുടെ കാര്യം വരുമ്പോള്‍ പറയുന്ന ഒരു പൊതു ന്യായമുണ്ട് ഞങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു എന്ന്. ഒരു പരിധി വരെ നമ്മള്‍ക്ക് അത് അംഗീകരിച്ച് കൊടുക്കുകയും വേണം. ഉദാഹരണമായി ആത്മിയ കാര്യങ്ങളിലൊക്കെ അത് നിര്‍ബന്ധവും ആണ്. എന്നാല്‍ സ്വന്തം പ്രസ്ഥാനവും വിദ്യാര്‍ത്ഥി സംഘടനയുമൊക്കെ എതിര്‍ക്കുന്ന ഒരു കോളേജില്‍ മകന്‍ പഠിക്കാന്‍ പോകുന്നതിനെ തനിക്ക് തടയാന്‍ കഴിയില്ല എന്ന വാദം അംഗീകരിക്കമെങ്കിലും അതിന് ലോണ്‍ ശരിയാക്കി കൊടുക്കുമ്പോള്‍ അതില്‍ തെറ്റുണ്ട് എന്നാണ് ഞാന്‍ ഉദ്ദ്യേശിച്ചത്. പഴയ ഒരു വൈരാഗ്യം പാതാലി ഇങ്ങനെ തീര്‍ക്കുമെന്ന് കരുതിയില്ല. എങ്കിലും അതിനുള്ള സ്വാതന്ത്യത്തെ ഞാന്‍ അംഗീകരിക്കുന്നു. വക്കാരി ഓഫിന് മാപ്പ്.
പിന്നെ ഈ വിഷയത്തിലേക്ക് വരുമ്പോള്‍ സ്വന്തം കാര്യത്തിനും വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുമൊക്കെ രാഷ്ട്രിയക്കാര്‍ ആള്‍ ദൈവങ്ങളുടെ തിണ്ണ നിരങ്ങിയതാണ് ഇപ്പോള്‍ പ്രശ്നമായത്. ആര്‍ജ്ജവത്തോടെ ആള്‍ദൈവങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ഇവരെല്ലാവരും കളഞ്ഞു കുളിച്ചതാണ്. എന്തിന് നമ്മുടെ സുധാകരന്‍ വരെ പ്രതിരോധത്തിലായത് കണ്ടല്ലോ. അതാണ് വിതച്ചത് കൊയ്യും.
അമൃതാനന്ദമയിയും ധ്യന കേന്ദ്രങ്ങളും ഒക്കെ അന്വേഷണ പരിധിയില്‍ വരട്ടേ മടിയില്‍ കനമുള്ളവനെ വഴിയില്‍ സൂക്ഷിക്കാനുള്ളൂ. അമ്പി പങ്കുവച്ച വിവരങ്ങള്‍ അതിന്റ പ്രധാന്യത്തോടെ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും
1)ഒരു കാര്യം കൂടി പറഞ്ഞോട്ടേ..അന്വേഷണം വരുന്നത് എന്തുകൊണ്ടും നല്ലതുതന്നെ. ആരെങ്കിലും അനധികൃത സ്വത്ത് സമ്പാദിയ്ക്കുന്നു എന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തോന്നിയാല്‍ അന്വേഷിയ്ക്കണം. അത് പിണറായിയായാലും,, ജയരാജനായാലും, രമേഷ് ആയാലും, അമൃത ആയാലും.
2) അമൃതയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ന്ടത്തിപ്പിനോട് യാതൊരു അനുഭാവവും എനിയ്ക്കില്ല.കൃസ്ത്യന്‍ മിഷനറി ജോലിക്കാര്‍ ലോകമെങ്ങും നടത്തിവന്ന നടത്തിപ്പ് രീതി തന്നെയാണ് അമൃതയ്ക്കുമുള്ളത്. ചെമ്മാച്ചന്‍-ബ്രഹ്മചാരി, അച്ചന്‍- സ്വാമി..അതിന്റെ തന്നെ പല ഗ്രേഡുകളും വെള്ള മഞ്ഞ കാവി വരെയുള്ള തികച്ചും ഹൈറാര്‍ക്കിയല്‍ ആയുള്ള മിഷന്‍.കൃസ്തുവിനു പകരം ദൈവപുത്രിയായി അമൃതാനന്ദമയി. അത്രേയുള്ളൂ വ്യത്യാസം.ലോകം മുഴുവനും അതാതിടത്തെ പാരമ്പര്യമതക്കാര്‍ക്ക് കൃസ്തുമതം എങ്ങനെ അന്യമായിരുന്നോ അതുപോലെതന്നെ അമൃതമതവും ഈ നാട്ടില്‍ അന്യം. അവര്‍ ഇവിടെ നിലനില്‍ക്കുന്ന ഹിന്ദു എന്ന് പേരുവിളിച്ചുപോരുന്ന പല പല ജാതികളുടെ കൂട്ടത്തിന്റെ മതമല്ല പ്രചരിപ്പിയ്ക്കുന്നത്..ദൈവം- അവതാരം- എന്ന രീതിയില്‍ ഒരു പുതിയ അമൃതമതമാണ്. അതിന്റെ സൈഡുവാരം നുഴഞ്ഞ് കയറുന്ന അസഹിഷ്ണുതയും മത സ്പര്‍ദ്ധയും(അമ്മ എപ്പോഴും പല നിറത്തിലുള്ള പൂവുകളുടെ ബൊക്കേ എന്നൊക്കെ പറയുമെങ്കിലും മഠത്തിന്റെ പ്രവര്‍ത്തനങ്ങളുടെ കീഴിലൂടെ മതത്തിന്റെ പ്രത്യേകിച്ചും അതി ഹൈന്ദവികതയുടെ പേരിലുള്ള മുതലെടുപ്പും പ്രൊപ്പഗാണ്ടയും നല്ലവണ്ണം നടക്കുന്നുണ്ട്.) കാശെവിടെ നിന്നു വരുന്നു എന്നതിനേക്കാള്‍ അത് എങ്ങനെ വരുന്നു എന്ന് അന്വേഷിയ്ക്കുകയാണ് യധാര്‍ത്ഥ മനുഷ്യ സ്നേഹികള്‍ ചെയ്യേണ്ടത്.രാജേഷിന്റെ സംഘടനയ്ക്ക് അതിനുള്ള ശേഷിയില്ല. നേരത്തേ പറാഞ്ഞ ഡിസ്ട്രക്ടിവിസം ശീലിച്ച് പോയി. സെന്‍സേഷണലിസം മാത്രമാണ്‍ രാജേഷിന്റെ ആവശ്യം. വെറുതേയിരുന്ന ഡിഫി സംഘടനാ യന്ത്രം ഒന്ന് ചലിച്ച് കിട്ടുകയും ചെയ്തു.
അല്ല..ഇങ്ങനെ ആള്‍ക്കാരുടെ ശ്രദ്ധ തിരിച്ച് വിട്ടിട്ട് വലുതെന്തെങ്കിലും അടിവാരം നടക്കുന്നുണ്ടോ എന്ന് സംശയവുമുണ്ട്. അല്ലേല്‍ ഇപ്പൊ ഇങ്ങനൊരു പുകമറയും ബഹളാവുമൊന്നും ഉണ്ടാക്കാന്‍ യാതൊരു കാര്യവും കാണുന്നില്ല.
രാധേയന് പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു. സ്വന്തം കുടുംബത്തും, മക്കള്‍ക്കും നാട്ടില്‍ നടപ്പുള്ള നിയമങ്ങള്‍ ഒന്നും ബാധകമല്ല. അതിനാണ്, hypocrisy എന്ന് പറയുന്നതു :-)
ഗംഭീരം വക്കാരീ ഗംഭീരം!
നകുലനു ശേഷം ബ്ലോഗില്‍ ആര്‍ എസ് എസ്സിന്റെ പരിപാവനാദര്‍ശങ്ങള്‍ക്ക് താങ്ങും തണലും ആര് എന്ന ചോദ്യത്തിനേതായാലും ഉത്തരമായല്ലോ. ഹാവൂ !നന്നായി.
ആകെമുങ്ങിയാല്‍ (ലേബലടിച്ചടിച്ചടിച്ച്) പിന്നെ കുളിരില്ലല്ലോ അല്ലേ ?
എം.ടി.രമേഷ്, കൃഷ്ണദാസ്,കുമ്മനം രാജശേഖരന്‍, ശശികല, പര്‍വീണ്‍ തൊഗ്ഗാഡിയ, നരേന്ദ്രമോഡി തുടങ്ങിയവരുമായി കൈരളി-പീപ്പിള്‍-മനോരമ-ഇന്‍ഡ്യാവിഷന്‍ ആദിയായ ചാനലുകളില്‍ ഭാവിയില്‍ പ്രകാശ് കാരാട്ട്, യച്ചൂരി, ഗുരുദാസ് ഗുപ്ത, ചന്ദ്രചൂഡന്‍, ബൃന്ദാ കാരാട്ട് എന്നിവര്‍ നടത്തിയേക്കാവുന്ന മുഖാമുഖങ്ങള്‍ കൂടി ഇതുപോലെ ‘പയറഞ്ഞാഴി’യാക്കി അവതരിപ്പിക്കണേ....പ്ലീസ്.
നമ്മക്ക് ആ ലേബലങ്ങോട്ട് ഓറപ്പിക്കണ്ടേ താറാവേ ?
ന്യൂനപക്ഷ സ്റ്റാറ്റസിന്റെയും ‘അന്യായ’ ഷെയറുകളുടേയും പേരില്‍ പട്ടക്കാരേം ‘മതം മാറ്റ’ക്കാരേം തെറീം പറഞ്ഞുനടന്നിട്ട് മിഷനറി-കോണ്‍ വെന്റ് സ്കൂളുകളിലും കോളെജുകളിലും പിള്ളാരെ പഠിപ്പിക്കാനയക്കുന്ന സംഘപരിവാര്‍ നേതാക്കളുടെ ഒരു കണക്കു കൂടി എടുക്കണം അല്ലേ വക്കാരീ ? ‘ആ ശതമാനത്തില്‍ പെടുന്ന ശതമാനത്തിന്റെ’ ഒരു ശതമാനക്കണക്കിലെ ശത’മാനം’ കൂടി ഗവേഷിക്കാം വക്കാരീ.
അഞ്ചാം കമന്റിട്ട രണ്ടാം അനോണീ,
പറയുന്നത് ആരെന്ന് നോക്കേണ്ട, പറയുന്നത് എന്തെന്ന് നോക്കിയാല്‍ മതി എന്നാണ് പലപ്പോഴും എന്റെയും നിലപാട്. നൂറ് ശതമാനം ആദര്‍ശം ഉള്ളവര്‍ മാത്രം പറഞ്ഞാലേ കേള്‍ക്കൂ എന്നത് ഒരുതരം ഒഴിവുകഴിവായിരിക്കും എന്നും തോന്നുന്നു.
പക്ഷേ, ഇവിടെ പ്രശ്‌നം കുറച്ചുകൂടി സ്പെസിഫിക് ആണ്. ആത്മീയക്കാര്‍ നടത്തുന്ന കോളേജുകള്‍ക്കെതിരെ സമരം നടത്തുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ പ്രവര്‍ത്തികളും വാക്കുകളും തമ്മില്‍ എത്രമാത്രം ആ സ്പെസിഫിക് കാര്യത്തില്‍ പൊരുത്തപ്പെടുന്നുണ്ട് എന്ന് ആള്‍ക്കാര്‍ നോക്കും. ബ്ലോഗിലൊക്കെയാണെങ്കില്‍ നമുക്ക് സമയമെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കാം. പക്ഷേ നേരത്തെ പറഞ്ഞതുപോലെ സാധാരണക്കാരനെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ ഏറ്റവും സിമ്പിളായ ഉദാഹരണങ്ങളേ പറ്റൂ. പിണറായി വിജയന്‍ മകളെ അമൃതാനന്ദമയിയുടെ കോളേജിലയച്ചു-ഓക്കേ. പക്ഷേ ആത്മീയക്കാര്‍ നടത്തുന്ന കോളേജിനെതിരെ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച ഡിഫി നേതാവ് പിണറായി വിജയന്റെ മകളുടെ കോളേജിനെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി എത്രമാത്രം അവരുടെ സമരത്തെ സഹായിക്കും? അഡ്‌മിഷന്‍ കിട്ടിയാല്‍ പിന്നെ കോളേജൊന്നും നോക്കേണ്ട കാര്യമില്ല എന്നതാണ് മറുപടിയെങ്കില്‍, എന്നാല്‍ ഞങ്ങളും നോക്കുന്നില്ല എന്ന് നാട്ടുകാര്‍ പറയുകയാണെങ്കില്‍ പിന്നെ ആ സമരം എങ്ങിനെ വിജയിക്കും? ഡിഫി നേതാവിന് വേണമെങ്കില്‍ പറയാമായിരുന്നു- ഞങ്ങളുടെ രാഷ്ട്രീയ നേതൃത്വം ഇനിയെങ്കിലും മക്കളെയും സ്വന്തക്കാരെയും ഇത്തരം കോളേജുകളില്‍ പഠിപ്പിച്ച് പ്രത്യക്ഷമായോ പരോക്ഷമായോ ഇത്തരം കോളേജുകള്‍ക്ക് പിന്തുണ കൊടുക്കില്ല എന്ന്-അതിനായി നേതൃത്വത്തോട് ശുപാര്‍ശ ചെയ്യും എന്നോ മറ്റോ. ആ ഒരു ധൈര്യം പോലും കാണിക്കാതെ സ്വന്തം നേതാവിന്റെ ചെയ്തിയെ ന്യായീകരിക്കാന്‍ ഉരുണ്ടുകളിക്കുന്ന ഒരു നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരം എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം-അദ്ദേഹം ആത്മാര്‍ത്ഥമായാണ് ഇത്തരമൊരു സമരപരിപാടി ആസൂത്രണം ചെയ്യുന്നതെങ്കില്‍.
ഇനി ആദര്‍ശത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അറിയാന്‍ വയ്യാത്ത നേതാവല്ല ശ്രീ പിണറായി വിജയന്‍. നാട്ടുനടപ്പനുസരിച്ച് ഒരു സദ്യയൊക്കെ കൊടുത്ത് നടത്തുന്നതാണ് മക്കളുടെ കല്ല്യാണങ്ങള്‍. പക്ഷേ അദ്ദേഹത്തിന്റെ മകളുടെ കല്ല്യാണത്തിന് ചായയും പായസവും മാത്രം വിളമ്പിയത് ആദര്‍ശത്തിന്റെ പേരില്‍ തന്നെയല്ലേ? ചിലപ്പോള്‍ ആദര്‍ശം, ചിലപ്പോള്‍ അതൊട്ടില്ല താനും. ആദര്‍ശാത്മീയ വൈരുധ്യവാദം :)
പതിനേഴാം കമന്റിട്ട നാലാം അനോണീ, സുഖം തന്നെ? കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നോര്‍ത്തിരിക്കുകയായിരുന്നു. സ്വല്പം വൈകിയാണെങ്കിലും എത്തിയല്ലോ :)
Post a Comment
<< Home