Wednesday, December 27, 2006

അനുഭവം ഗുരു എന്ന ചൊല്ല് ശരിതന്നെ?

കളമശ്ശേരിയിലെ പോക്ക് കണ്ടിട്ട് മലയാളികളെ മനസ്സിലാക്കാത്ത ആരോ ഉണ്ടാക്കിയ ഒരു ചൊല്ലാണെന്ന് തോന്നുന്നു അനുഭവമാണ് ഏറ്റവും വലിയ ഗുരുനാഥനെന്നത്. പക്ഷേ ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ എന്ന ചൊല്ല് മലയാളികളെ മുന്നില്‍ കണ്ടുകൊണ്ടു തന്നെ ഉണ്ടാക്കിയതാണെന്നതില്‍ യാതൊരു സംശയവുമില്ല താനും.

കൂടുതല്‍ വിവരങ്ങള്‍ അറിയില്ല- ഈ പത്രവാര്‍ത്തയാണ് ഇങ്ങിനെയൊരു ഉല്‍‌പ്രേക്ഷയ്ക്ക് കാരണം.കടപ്പാട്: മംഗളം ഓണ്‍ലൈന്‍ എഡിഷന്‍

പ്രീമിയര്‍ ടയേഴ്‌സില്‍ തൊഴിലാളി പ്രശ്നം. അതിഭീകരമായ തൊഴിലാളി പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് കമ്പനി പൂട്ടി ആള്‍ക്കാര്‍ ചൊറിയും കുത്തി ഇരുന്നതിനു ശേഷമാണ് അപ്പോളോ ടയേഴ്‌സ് പ്രീമിയര്‍ ടയേഴ്സ് ഏറ്റെടുത്തതും കമ്പനി പിന്നെയും ഓടാന്‍ തുടങ്ങിയതും.

ഇപ്പോള്‍ കരാര്‍ പുതുക്കണമെങ്കില്‍ മറ്റു പല വ്യവസ്ഥകള്‍ക്കുമൊപ്പം ഒരു പ്രധാന വ്യവസ്ഥയും അപ്പോളോ മുന്നോട്ട് വെയ്ക്കുന്നു. കമ്പനി പെരുമ്പാവൂരിനടുത്തേക്ക് മാറ്റും. പക്ഷേ തൊഴിലാളികള്‍ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല.

കാരണം?

നാഷണല്‍ ഹൈവേയുടെ അരികിലുള്ള സ്ഥലം മാനേജ്‌മെന്റ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന് ഉപയോഗിക്കാന്‍ പോകുന്നു. അത് ഒരു കാരണവശാലും തൊഴിലാളികള്‍ അംഗീകരിച്ച് കൊടുക്കില്ല!

അപ്പോളയ്ക്ക് നിയമപ്രകാരം ചെയ്യാവുന്ന എന്ത് കാര്യവും ആ സ്ഥലത്ത് ചെയ്യാമെന്നുണ്ടെങ്കില്‍ അവര്‍ അവിടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുകയോ ആയുര്‍വേദ റിസോര്‍ട്ട് പണിയുകയോ എന്നുള്ളതൊക്കെ അവരുടെ സ്വാതന്ത്ര്യത്തില്‍ പെട്ടതല്ലേ. ഇക്കാര്യത്തിലാണെങ്കില്‍ അവര്‍ ഒരു പത്തമ്പത് കിലോമീറ്റര്‍ അകലെ പെരുമ്പാവൂരാണേ കമ്പനി മാറ്റി സ്ഥാപിക്കുന്നത്. അങ്ങ് ദിസ്പൂരോ ജമ്മുവിലോ ഒന്നുമല്ല. ഇനി അവര്‍ കമ്പനി അങ്ങോട്ടെങ്ങാനും മാറ്റി സ്ഥാപിച്ചാലും ഈ തൊഴിലാളികള്‍ക്ക് എത്രമാത്രം ചോദ്യം ചെയ്യാന്‍ പറ്റും?

ഒരമ്പത് കിലോമീറ്ററും കൂടി (അതും കമ്പനി വണ്ടിയൊക്കെയുണ്ട്) അകലെ പോയി ജോലി ചെയ്യാന്‍ നമുക്ക് വയ്യ. പാവം തൊഴില്‍രഹിതര്‍. അവരോട് പറ- അമ്പതല്ല, നല്ലൊരു ജോലി കിട്ടിയാല്‍ അഞ്ഞൂറോ ആയിരമോ കിലോമീറ്റര്‍ അകലെയാണെങ്കിലും ജോലി ചെയ്യാന്‍ തയ്യാറായി പലരുമിരിപ്പുണ്ട് (കയറിക്കഴിഞ്ഞാല്‍ അവരും കൊടി പിടിക്കുമെന്നത് വേറേ കാര്യം).

പൊടിപ്പും തൊങ്ങലുമൊക്കെയുള്ള, കഴമ്പില്ലാത്ത വാര്‍ത്തകളായിരിക്കും. എന്നാലും പരിപ്പുവടയില്‍ പരിപ്പ് കുറഞ്ഞതിനു പോലും പണ്ട് പ്രീമിയര്‍ ടയേഴ്സ് പൂട്ടിയിട്ടിട്ടുണ്ടത്രേ. മധുര കോട്സിലെ പ്രശ്നങ്ങളുടെയൊക്കെ തുടക്കം ഉഴുന്നവടയുടെ നടുവിലെ ദ്വാരത്തിന്റെ വ്യാസം കുറച്ച് കൂടിപ്പോയതായിരുന്നുവത്രേ (ചുമ്മാതായിരിക്കും, എന്നാലും തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് ചോറുണ്ണാന്‍ പോകാനുള്ള കമ്പനിയുടെ മുന്നിലത്തെ വഴി ഒരു കമ്പനി അടച്ചിട്ട് സൈഡില്‍ പുതിയ വഴി കൊടുത്തപ്പോള്‍ അതിന്റെ പേരില്‍ കമ്പനി പൂട്ടിച്ച നാടാണേ).

ഡല്‍ഹിയില്‍ ഹെഡ്ഡാപ്പീസും ബറോഡയില്‍ നല്ല പ്രൊഡക്ഷന്‍ നടക്കുന്ന പ്ലാന്റും വലിയ പ്രശ്നങ്ങളൊന്നും ഒരു എട്ടൊമ്പത് കൊല്ലമായിട്ടെങ്കിലും ഉണ്ടാക്കാത്ത പേരാമ്പ്രക്കാരുമൊക്കെയുള്ള ടയര്‍ കമ്പനിയാണ് അപ്പോളോ. അവര്‍ ഒരു നാലു മാസം ഈ പേരും പറഞ്ഞ് കമ്പനി പൂട്ടിയിട്ടാല്‍ പോകുന്നത് ഈ വാദിക്കുന്ന നേതാക്കന്മാര്‍ക്കൊന്നുമായിരിക്കില്ല. മാസാമാസം കിട്ടിയ, എടുത്താല്‍ പൊങ്ങാത്ത ശമ്പളത്തിന്റെ ബാക്കി പത്രം കൂടിയാണല്ലോ മദുരാ കോട്‌സ്.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ വേണം. അവരെ മുതലെടുക്കാനും അതുവഴി കൊള്ളലാഭമുണ്ടാക്കാനും ഒരു കമ്പനിയെയും അനുവദിക്കരുത്. പക്ഷേ കളമശ്ശേരിയിലെ കമ്പനി പെരുമ്പാവൂരേക്ക് കൊണ്ടുപോകരുത് എന്ന ആവശ്യം എത്രമാത്രം ന്യായമാണ് എന്നറിയില്ല.

ഇനി ഇതൊക്കെ തൊഴിലാളിവിരട്ടല്‍ തന്ത്രങ്ങളുടെ ഭാഗവും, ആദ്യം ഇതൊന്നും പറ്റില്ല എന്ന് പറഞ്ഞ് വാശി പിടിച്ച് അവസാനം എന്നാല്‍ ശരി പെരുമ്പാവൂരേക്ക് കൊണ്ടുപൊയ്ക്കോ, പക്ഷേ നൂറു രൂപാ കൂടുതല്‍ തരണം എന്ന രീതിയില്‍ കാര്യങ്ങള്‍ ഒത്തുതീര്‍ക്കാനുമാണ് പദ്ധതിയെങ്കില്‍ ശരി. പക്ഷേ കൈവിട്ട് പോകാതെ നോക്കണേ... നമുക്ക് തൊഴില്‍ ഏറ്റവും അത്യാവശ്യമുള്ള സമയമാണ്.

അതോ നമുക്കൊക്കെയുള്ള സ്ഥായിയായ അവിശ്വാസത്തിന്റെ ഫലമാണോ ഇതും? എന്തിലും ദുഷ് കാണാനുള്ള ആ പ്രവണതയുടെ ഫലം? അതോ മറ്റുള്ളവരെക്കാളും നന്നായി നമ്മള്‍ ചിന്തിക്കുന്നതുകാരണം ഇതില്‍ ഒളിച്ചിരിക്കുന്ന അപകടം നമ്മള്‍ മുന്‍‌കൂട്ടി കണ്ടതുകൊണ്ടോ?

എന്തായാലും ഭൂമി പ്രശ്‌നങ്ങള്‍ കരാറിന്റെ ഭാഗമാക്കേണ്ടെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞിട്ടുണ്ട്. അത് തൊഴിലാളികളോടാണോ, മാനേജ്‌മെന്റിനോടാണോ രണ്ട് പേരോടും കൂടിയാണോ എന്നറിയില്ല.

(ഇത് ഈ ഒരു പത്രവാര്‍ത്ത കണ്ടപ്പോള്‍ തോന്നിയ തോന്നലുകള്‍ മാത്രം. ഇതിനെപ്പറ്റി കൂടുതല്‍ ഒന്നും അറിയില്ല; അപ്പോളോയ്ക്ക് നിയമപരമായി കമ്പനി അവിടെനിന്ന് മാറ്റി സ്ഥാപിക്കാനുള്ള അധികാരമുണ്ടോ എന്ന് പോലും. എല്ലാം നല്ലതിനാവട്ടെ).