Wednesday, December 27, 2006

അനുഭവം ഗുരു എന്ന ചൊല്ല് ശരിതന്നെ?

കളമശ്ശേരിയിലെ പോക്ക് കണ്ടിട്ട് മലയാളികളെ മനസ്സിലാക്കാത്ത ആരോ ഉണ്ടാക്കിയ ഒരു ചൊല്ലാണെന്ന് തോന്നുന്നു അനുഭവമാണ് ഏറ്റവും വലിയ ഗുരുനാഥനെന്നത്. പക്ഷേ ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ എന്ന ചൊല്ല് മലയാളികളെ മുന്നില്‍ കണ്ടുകൊണ്ടു തന്നെ ഉണ്ടാക്കിയതാണെന്നതില്‍ യാതൊരു സംശയവുമില്ല താനും.

കൂടുതല്‍ വിവരങ്ങള്‍ അറിയില്ല- ഈ പത്രവാര്‍ത്തയാണ് ഇങ്ങിനെയൊരു ഉല്‍‌പ്രേക്ഷയ്ക്ക് കാരണം.



കടപ്പാട്: മംഗളം ഓണ്‍ലൈന്‍ എഡിഷന്‍

പ്രീമിയര്‍ ടയേഴ്‌സില്‍ തൊഴിലാളി പ്രശ്നം. അതിഭീകരമായ തൊഴിലാളി പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് കമ്പനി പൂട്ടി ആള്‍ക്കാര്‍ ചൊറിയും കുത്തി ഇരുന്നതിനു ശേഷമാണ് അപ്പോളോ ടയേഴ്‌സ് പ്രീമിയര്‍ ടയേഴ്സ് ഏറ്റെടുത്തതും കമ്പനി പിന്നെയും ഓടാന്‍ തുടങ്ങിയതും.

ഇപ്പോള്‍ കരാര്‍ പുതുക്കണമെങ്കില്‍ മറ്റു പല വ്യവസ്ഥകള്‍ക്കുമൊപ്പം ഒരു പ്രധാന വ്യവസ്ഥയും അപ്പോളോ മുന്നോട്ട് വെയ്ക്കുന്നു. കമ്പനി പെരുമ്പാവൂരിനടുത്തേക്ക് മാറ്റും. പക്ഷേ തൊഴിലാളികള്‍ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല.

കാരണം?

നാഷണല്‍ ഹൈവേയുടെ അരികിലുള്ള സ്ഥലം മാനേജ്‌മെന്റ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന് ഉപയോഗിക്കാന്‍ പോകുന്നു. അത് ഒരു കാരണവശാലും തൊഴിലാളികള്‍ അംഗീകരിച്ച് കൊടുക്കില്ല!

അപ്പോളയ്ക്ക് നിയമപ്രകാരം ചെയ്യാവുന്ന എന്ത് കാര്യവും ആ സ്ഥലത്ത് ചെയ്യാമെന്നുണ്ടെങ്കില്‍ അവര്‍ അവിടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുകയോ ആയുര്‍വേദ റിസോര്‍ട്ട് പണിയുകയോ എന്നുള്ളതൊക്കെ അവരുടെ സ്വാതന്ത്ര്യത്തില്‍ പെട്ടതല്ലേ. ഇക്കാര്യത്തിലാണെങ്കില്‍ അവര്‍ ഒരു പത്തമ്പത് കിലോമീറ്റര്‍ അകലെ പെരുമ്പാവൂരാണേ കമ്പനി മാറ്റി സ്ഥാപിക്കുന്നത്. അങ്ങ് ദിസ്പൂരോ ജമ്മുവിലോ ഒന്നുമല്ല. ഇനി അവര്‍ കമ്പനി അങ്ങോട്ടെങ്ങാനും മാറ്റി സ്ഥാപിച്ചാലും ഈ തൊഴിലാളികള്‍ക്ക് എത്രമാത്രം ചോദ്യം ചെയ്യാന്‍ പറ്റും?

ഒരമ്പത് കിലോമീറ്ററും കൂടി (അതും കമ്പനി വണ്ടിയൊക്കെയുണ്ട്) അകലെ പോയി ജോലി ചെയ്യാന്‍ നമുക്ക് വയ്യ. പാവം തൊഴില്‍രഹിതര്‍. അവരോട് പറ- അമ്പതല്ല, നല്ലൊരു ജോലി കിട്ടിയാല്‍ അഞ്ഞൂറോ ആയിരമോ കിലോമീറ്റര്‍ അകലെയാണെങ്കിലും ജോലി ചെയ്യാന്‍ തയ്യാറായി പലരുമിരിപ്പുണ്ട് (കയറിക്കഴിഞ്ഞാല്‍ അവരും കൊടി പിടിക്കുമെന്നത് വേറേ കാര്യം).

പൊടിപ്പും തൊങ്ങലുമൊക്കെയുള്ള, കഴമ്പില്ലാത്ത വാര്‍ത്തകളായിരിക്കും. എന്നാലും പരിപ്പുവടയില്‍ പരിപ്പ് കുറഞ്ഞതിനു പോലും പണ്ട് പ്രീമിയര്‍ ടയേഴ്സ് പൂട്ടിയിട്ടിട്ടുണ്ടത്രേ. മധുര കോട്സിലെ പ്രശ്നങ്ങളുടെയൊക്കെ തുടക്കം ഉഴുന്നവടയുടെ നടുവിലെ ദ്വാരത്തിന്റെ വ്യാസം കുറച്ച് കൂടിപ്പോയതായിരുന്നുവത്രേ (ചുമ്മാതായിരിക്കും, എന്നാലും തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് ചോറുണ്ണാന്‍ പോകാനുള്ള കമ്പനിയുടെ മുന്നിലത്തെ വഴി ഒരു കമ്പനി അടച്ചിട്ട് സൈഡില്‍ പുതിയ വഴി കൊടുത്തപ്പോള്‍ അതിന്റെ പേരില്‍ കമ്പനി പൂട്ടിച്ച നാടാണേ).

ഡല്‍ഹിയില്‍ ഹെഡ്ഡാപ്പീസും ബറോഡയില്‍ നല്ല പ്രൊഡക്ഷന്‍ നടക്കുന്ന പ്ലാന്റും വലിയ പ്രശ്നങ്ങളൊന്നും ഒരു എട്ടൊമ്പത് കൊല്ലമായിട്ടെങ്കിലും ഉണ്ടാക്കാത്ത പേരാമ്പ്രക്കാരുമൊക്കെയുള്ള ടയര്‍ കമ്പനിയാണ് അപ്പോളോ. അവര്‍ ഒരു നാലു മാസം ഈ പേരും പറഞ്ഞ് കമ്പനി പൂട്ടിയിട്ടാല്‍ പോകുന്നത് ഈ വാദിക്കുന്ന നേതാക്കന്മാര്‍ക്കൊന്നുമായിരിക്കില്ല. മാസാമാസം കിട്ടിയ, എടുത്താല്‍ പൊങ്ങാത്ത ശമ്പളത്തിന്റെ ബാക്കി പത്രം കൂടിയാണല്ലോ മദുരാ കോട്‌സ്.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ വേണം. അവരെ മുതലെടുക്കാനും അതുവഴി കൊള്ളലാഭമുണ്ടാക്കാനും ഒരു കമ്പനിയെയും അനുവദിക്കരുത്. പക്ഷേ കളമശ്ശേരിയിലെ കമ്പനി പെരുമ്പാവൂരേക്ക് കൊണ്ടുപോകരുത് എന്ന ആവശ്യം എത്രമാത്രം ന്യായമാണ് എന്നറിയില്ല.

ഇനി ഇതൊക്കെ തൊഴിലാളിവിരട്ടല്‍ തന്ത്രങ്ങളുടെ ഭാഗവും, ആദ്യം ഇതൊന്നും പറ്റില്ല എന്ന് പറഞ്ഞ് വാശി പിടിച്ച് അവസാനം എന്നാല്‍ ശരി പെരുമ്പാവൂരേക്ക് കൊണ്ടുപൊയ്ക്കോ, പക്ഷേ നൂറു രൂപാ കൂടുതല്‍ തരണം എന്ന രീതിയില്‍ കാര്യങ്ങള്‍ ഒത്തുതീര്‍ക്കാനുമാണ് പദ്ധതിയെങ്കില്‍ ശരി. പക്ഷേ കൈവിട്ട് പോകാതെ നോക്കണേ... നമുക്ക് തൊഴില്‍ ഏറ്റവും അത്യാവശ്യമുള്ള സമയമാണ്.

അതോ നമുക്കൊക്കെയുള്ള സ്ഥായിയായ അവിശ്വാസത്തിന്റെ ഫലമാണോ ഇതും? എന്തിലും ദുഷ് കാണാനുള്ള ആ പ്രവണതയുടെ ഫലം? അതോ മറ്റുള്ളവരെക്കാളും നന്നായി നമ്മള്‍ ചിന്തിക്കുന്നതുകാരണം ഇതില്‍ ഒളിച്ചിരിക്കുന്ന അപകടം നമ്മള്‍ മുന്‍‌കൂട്ടി കണ്ടതുകൊണ്ടോ?

എന്തായാലും ഭൂമി പ്രശ്‌നങ്ങള്‍ കരാറിന്റെ ഭാഗമാക്കേണ്ടെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞിട്ടുണ്ട്. അത് തൊഴിലാളികളോടാണോ, മാനേജ്‌മെന്റിനോടാണോ രണ്ട് പേരോടും കൂടിയാണോ എന്നറിയില്ല.

(ഇത് ഈ ഒരു പത്രവാര്‍ത്ത കണ്ടപ്പോള്‍ തോന്നിയ തോന്നലുകള്‍ മാത്രം. ഇതിനെപ്പറ്റി കൂടുതല്‍ ഒന്നും അറിയില്ല; അപ്പോളോയ്ക്ക് നിയമപരമായി കമ്പനി അവിടെനിന്ന് മാറ്റി സ്ഥാപിക്കാനുള്ള അധികാരമുണ്ടോ എന്ന് പോലും. എല്ലാം നല്ലതിനാവട്ടെ).

21 Comments:

  1. At Wed Dec 27, 12:40:00 PM 2006, Blogger ശാലിനി said...

    അങ്ങനെ കേരളമക്കളുടെ മിടുക്കുകൊണ്ട് ഒരു കമ്പനി കൂടി തമിഴ്നാട്ടിലേക്കു കെട്ടുകെട്ടാന്‍ പോകുന്നു. കുറെ പാവം തൊഴിലാളികള്‍ക്ക് പട്ടിണിയുടെ നാളുകള്‍ തുടങ്ങാന്‍ പോകുന്നു. നേതാക്കള്‍ക്ക് ഘോരഘോരം പ്രസംഗിക്കാന്‍ വേദി ഒരുങ്ങുന്നു.

     
  2. At Wed Dec 27, 10:42:00 PM 2006, Blogger myexperimentsandme said...

    ശാലിനീ, നന്ദി. തമിഴ്‌നാട്ടിലേക്ക് പോകില്ലായിരിക്കും (അതും അറിയില്ല). ഇപ്പോഴത്തെ പ്രശ്‌നം പെരുമ്പാവൂരേക്ക് പോലും മാറ്റാന്‍ തൊഴിലാളികള്‍ സമ്മതിക്കില്ല എന്നതാണ്. ഇങ്ങിനത്തെ ചെറിയ ചെറിയ വാശികളൊക്കെയാണ് നാട്ടിലെ പല കമ്പനികളുടെയും സ്ഥിരമായ പൂട്ടലില്‍ കലാശിച്ചത്. അതുകൊണ്ടുള്ള പേടി. പ്രീമിയര്‍ മാത്രമല്ല അപ്പോളോയ്ക്ക് ഉള്ളതെന്ന തിരിച്ചറിവും.

    പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ നാട്ടിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അത്ര വലിയ ബാര്‍ഗേനിംഗ് പവറില്ല എന്ന് തോന്നുന്നു, ഇത്തരം കാര്യങ്ങളില്‍ (എന്റെ കാഴ്‌ചപ്പാടില്‍-തെറ്റായിരിക്കാം). ധാരാളം വിട്ടുവീഴ്‌ചകള്‍ ചെയ്യേണ്ടിയിരിക്കുന്നു. മാനേജ്‌മെന്റുകളെ പാഠം പഠിപ്പിക്കാന്‍ പോയി പോയി ഇപ്പോള്‍ സ്വയം പാഠം പഠിച്ചോ എന്ന് ചോദിക്കേണ്ട അവസ്ഥ.

     
  3. At Wed Dec 27, 10:46:00 PM 2006, Blogger ബിന്ദു said...

    ഏതപ്പാ കോതമംഗലം... ഏതാണീ ബൂലോകം..? അനുഭവത്തില്‍ കൂടി പഠിക്കട്ടെ എന്നാശ്വസിക്കാം.:)

     
  4. At Wed Dec 27, 10:52:00 PM 2006, Blogger myexperimentsandme said...

    കോതമംഗലമല്ല ബിന്ദൂ, പതിനഞ്ച് കിമീ ഇപ്പുറം പെരുമ്പാവൂര് :)

    കോടനാടന്‍ മലയിലേ എന്ന പാട്ട് കേട്ടിട്ടില്ലേ... അല്ലെങ്കില്‍ കല്ലിലമ്പലം? ഒത്തിരി എല്‍ദോ ബസ്സുകളുള്ള നാട്. വൃത്താകൃതിയിലുള്ള കേയെസ്സാര്‍ട്ടീസീ ബസ്സ് സ്റ്റാന്റ് (ലോകത്ത് ഇത്രയും കണ്‍ഫ്യൂഷനുണ്ടാക്കുന്ന സ്റ്റാന്‍ഡ് വേറൊരിടത്തുമില്ല. അണ്ണന്‍ വണ്ടി വീശി വളച്ച് എവിടെ നിര്‍ത്തുമെന്ന് യാതൊരു പിടുത്തവുമില്ല. ചിലപ്പോള്‍ ഒരു ഫുള്‍ സര്‍ക്കിള്‍ പൂര്‍ത്തിയാക്കി തുടങ്ങിയിടത്ത് തന്നെ ചവിട്ടും. പാവം ആള്‍ക്കാരെല്ലാം ആ ഫുള്‍ സര്‍ക്കിള്‍ വണ്ടിക്ക് പുറകേ ഓടും).

    അങ്കമാലി മൂവാറ്റുപുഴ റോഡ് ഇപ്പോള്‍ അന്താരാഷ്ട്ര നിലവാരം. നല്ല സുഖം അതിലേയുള്ള യാത്ര.

    (ചുമ്മാതാണേ... ഇന്നത്തെ ക്വോട്ടാ തികയ്ക്കാന്‍ മാത്രം).

     
  5. At Wed Dec 27, 11:00:00 PM 2006, Blogger ബിന്ദു said...

    വക്കാരി, കോടനാട്, കല്ലിലമ്പലം എന്നൊക്കെ പറഞ്ഞാല്‍ എന്റെ ഓര്‍മ്മകള്‍ കൈവള ചാര്‍ത്തി ഡാന്‍സ് തുടങ്ങും. ഡോണ്ട് ഡൂ... :)

     
  6. At Thu Dec 28, 06:34:00 AM 2006, Blogger അനംഗാരി said...

    വക്കാരിയേ..യൂണിയനുകളെ മാത്രം കുറ്റം പറയരുത്.എനിക്ക് സഹിക്കൂല..
    പക്ഷെ യൂണിയന്‍ കാരെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന പാ‍വം തൊഴിലാളികള്‍ എങ്ങിനെ ഇത്ര ദൂരം പോയി ജോലി ചെയ്യും.അവര്‍ക്ക് ഉച്ചയൂണ് വീട്ടില്‍ പോയി കഴിക്കാന്‍ പറ്റുമോ?അവര്‍ക്ക് ഇടക്കിടെ വീട്ടില്‍ പോയി ഭാര്യയെ(കുട്ടികളില്ലാത്ത സമയത്ത്)കാണാന്‍ കഴിയുമോ?പിന്നെന്തെല്ലാം കാര്യങ്ങള്‍.വക്കാരി ഇങ്ങനെ തൊഴിലാളി പിന്തിരിപ്പന്‍ ആകരുത്.(മുന്‍‌തിരിപ്പന്‍ ആകൂ).

    ഓ:ടോ:ബിന്ദു. കാനഡയില്‍ നിന്ന് ഒരു പെരുമ്പാവൂര്‍ കാരി ഇന്നലെ വീട്ടില്‍ വന്ന് പോയതേയുള്ളൂ.പെരുമ്പാവൂര്‍ എവിടാ?

     
  7. At Thu Dec 28, 07:05:00 AM 2006, Blogger myexperimentsandme said...

    ഹ...ഹ... അനംഗാരിയേ, ദോ ഇതിന്റെ ഒരു ടൊയോട്ടാ കൊറോളറി കഞ്ചിക്കോട്ട് (ഇന്നത്തെ മംഗളത്തിലുണ്ട്).

    ഒരണ്ണന്‍ എല്ലാവിധ നിബന്ധനകളും പാലിച്ച് കിട്ടേണ്ട ലൈസന്‍സുകളായ പൊല്യൂഷന്‍ കണ്ട്രോളില്ലാ ബോര്‍ഡ്, സൊലൂഷന്‍ ഇല്ലാ ബോര്‍ഡ്, ഫാക്ടറി, ബോയിലര്‍ ചിക്കന്‍, ഭൂഗര്‍ഭം, ജലം, പഞ്ചായത്ത്, വൈദ്യുതി, വില്പന നികുതി, എക്സൈസ് (ഹെന്റമ്മോ, ഒരു കമ്പനി തുടങ്ങാനേ) തുടങ്ങി കാക്കത്തൊള്ളായിരത്തിയൊന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും അനുമതി വാങ്ങിച്ച് നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.

    ഇതുവരെ കറന്റും കൊടുത്തിട്ടില്ല-ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയും കൊടുത്തിട്ടില്ല. സംഗതി പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയാല്‍ നല്ലൊരു തുക സര്‍ക്കാരിന് നികുതി കിട്ടും-ധാരാളം പേര്‍ക്ക് പണിയും കിട്ടും.

    പക്ഷേ ഇപ്പോള്‍ പണികിട്ടിയത് മുതലാളിക്ക്.

    ഏതോ ഒരു ഡിപ്പാര്‍ട്ട്‌മെന്റിലെ ഏതോ ഒരു പ്യൂണിന് കിട്ടേണ്ടത് കിട്ടിക്കാണില്ല. പാവം മുതലാളി. ഇത്രയും ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കൊടുത്ത് കൊടുത്ത് ഇയാളെ മാത്രം വിട്ടുപോയിക്കാണും. അനുഭവിക്കട്ടെ, ദുഷ്ടന്‍. ജീവിതത്തില്‍ ഇനിയൊരിക്കലും അയാള്‍ ഈ തെറ്റ് ആവര്‍ത്തിക്കരുത്. ദുഷ്ടന്‍.

    അതാണ് നമ്മുടെ നാട്. കേരളം മനോഹരം.

     
  8. At Thu Dec 28, 01:18:00 PM 2006, Blogger കുറുമാന്‍ said...

    എന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവില്ല്യാന്നു പറയുന്ന തൊഴിലാളികളും അല്ലെങ്കില്‍ അവരെ കൊണ്ടതു പറയിക്കുന്ന നേതാക്കന്മാരുമുള്ളിടത്തോളം കാലം നമ്മുടെ മലയാളനാട് നേരെയാവില്ല.

    ശാപം കിട്ടിയതാ ഗോഡ്സ് ഓണ്‍ കണ്ട്രിക്ക്. പരശ്വേട്ടന്‍ (കേരളത്തിന്റെ സൃഷ്ടി കര്‍ത്താവോ, അതോ മുതലാളിയോ) കൈപൊക്കി മഴുവെറിഞ്ഞിട്ടല്ലേ കേരളം ഉണ്ടായത്, അപ്പോ തൊഴിലാളി വര്‍ഗവും കൈപൊക്കും, കൊടിപിടിക്കും, കുളം തോണ്ടും. ഹമ്പട മുതലാളിത്വമേ.

     
  9. At Thu Dec 28, 01:41:00 PM 2006, Blogger Unknown said...

    വക്കാരിമസ്താനേ,
    പത്രവാര്‍ത്തയില്‍ ഞാന്‍ ശ്രദ്ധിച്ച വാചകം കമ്പനി സ്ഥലത്ത് റിസോര്‍ട്ട് തുടങ്ങാനാണുദ്ദേശമെന്ന് തൊഴിലാളികള്‍ ‘കുറ്റപ്പെടുത്തി’ എന്നുള്ളതാണ്. എന്താണ് അതിലുള്ള കുറ്റം എന്ന് മനസ്സിലാവുന്നില്ല. കമ്പനിയുടെ സ്വന്തം സ്ഥലം, അവര്‍ മുതല്‍ മുടക്കിയ കമ്പനി, എപ്പോള്‍ വേണമെങ്കിലും എന്ത് മാറ്റം വേണമെങ്കിലും വരുത്താനുള്ള അവകാശം കമ്പനിയ്ക്കില്ലേ? നിയമപ്രകാരം തൊഴിലാളികള്‍ക്കുള്ള എല്ലാ അവകാശങ്ങളും സംരക്ഷിയ്ക്കപ്പെടണം എന്നത് നിര്‍ബന്ധമാണെന്ന് മാത്രം.

    ഇനി അതല്ല കമ്പനി ടയര്‍ പരിപാടി നിര്‍ത്തി ഹോസ്പിറ്റാലിറ്റിയിലേയ്ക്ക് മാറുകയാണെങ്കില്‍ തന്നെ അത് തടയാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ടോ? കമ്പനി പൂട്ടിയാല്‍ ഒരു പ്രശ്നവുമില്ല, തൊഴിലാളികള്‍ക്ക് രസിക്കാത്ത മാറ്റം വരുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന് പറയുന്നത് തെമ്മാടിത്തമല്ലേ?

    കുത്തക മുതലാളിമാരെ ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലല്ലോ. ഇപ്പ ഉള്ളവന്മാരെങ്ങാനും തന്നെ കുത്തകയാണോന്നറിയാനുള്ള ടെസ്റ്റ് എങ്ങനെ നടത്തുമെന്നറിയില്ല. റിസ്ക് എടുക്കണ്ട,കേരളത്തിലുള്ള മൊത്തം മുതലാളിമാരേയുമങ്ങ് നിലം പരിശാക്കിക്കളയാം. പിന്നെ (a-b)ഹോള്‍സ്ക്വയര്‍ ഈസീക്വല്‍റ്റു ജബായ് നിയമപ്രകാരം കേരളത്തില്‍ ബാക്കി കിടക്കുന്ന സാധനം തീപ്പെട്ടിയുരച്ചാല്‍ കത്തുന്ന രീതിയില്‍ വാറ്റിയ സോഷ്യലിസവും കമ്മ്യൂണിസവുമാവണമല്ലോ. യേത്? ഇനി കൃഷി മുതലാളിമാരെങ്ങാനും കുത്തകന്മാരായാലോ? ഏയ് .. അത് പ്രശ്നമില്ല. ഏതെങ്കിലും ലവന്മാര്‍ ബ്രേക്ക് ഈവനെങ്കിലുമാവാന്‍ പാടത്ത് പാര്‍ട്ടി കരട് പ്രമേയം പാസാക്കാത്ത റബ്ബറോ വാനിലയോ നട്ടാല്‍ അത് മാന്തിപ്പറിച്ച് കളയാന്‍ ഭരണഘടന പാര്‍ട്ടിയ്ക്ക് അധികാരം നല്‍കിയിട്ടുണ്ടല്ലോ.

    ഓടോ: മൂരാച്ചി ഗള്‍ഫന്‍ പണമുണ്ടാക്കി പണമുണ്ടാക്കി കേരളം കണ്‍സ്യൂമര്‍ സ്റ്റേറ്റായി.അവനെ വേണം തല്ലാന്‍.അല്ലേ? :-)

     
  10. At Thu Dec 28, 01:54:00 PM 2006, Blogger ശാലിനി said...

    “അനുഭവിക്കട്ടെ, ദുഷ്ടന്‍. ജീവിതത്തില്‍ ഇനിയൊരിക്കലും അയാള്‍ ഈ തെറ്റ് ആവര്‍ത്തിക്കരുത്. ദുഷ്ടന്‍.

    അതാണ് നമ്മുടെ നാട്. കേരളം മനോഹരം.“

    ഹാ...ഹാ..ഹ.

    ഇതുപോലെ ഒരു തെറ്റ് ചെയ്തിട്ട് സമസ്താപരാധവും പൊറുക്കണെ എന്നു പറഞ്ഞ് നാടുവിട്ടവരാണ് ഞങ്ങള്‍. ഇവിടെയിരുന്ന് ‘നൊവാള്‍ജിയ’തോന്നുമ്പോള്‍ പഴയ വീരചരിതം ഓര്‍ത്താല്‍ മതി, എല്ലാം പറപറക്കും.

     
  11. At Thu Dec 28, 02:18:00 PM 2006, Blogger ചില നേരത്ത്.. said...

    This comment has been removed by a blog administrator.

     
  12. At Thu Dec 28, 02:34:00 PM 2006, Blogger ചില നേരത്ത്.. said...

    കേരളത്തില്‍,
    തൊഴിലാളി മുതലാളി ബന്ധം തീരെ ആരോഗ്യകരമല്ലാതെയിരിക്കുന്നതിന്റെ മന:ശാസ്ത്രപരമായ പഠനം വളരെ അടിയന്തിരമായി വേണ്ടതുണ്ട്. വിവിധ ശാസ്ത്രശാഖകളെ വേണ്ടവിധം കേരളാ സമൂഹത്തില്‍ ഇനിയും പ്രയോഗിച്ച് കണ്ടിട്ടില്ല.സൈദ്ധാന്തികമായ ആശയകുഴപ്പങ്ങളുടെ ഭൂമികയിലിനി അവയ്ക്കേ മറുമരുന്ന് നല്‍കാനാവൂ എന്ന് തോന്നുന്നു.

    ഓഫ് : വെല്‍ഡിംഗ് യൂണിറ്റ് തുടങ്ങാന്‍ വേണ്ടി എന്റെയൊരു സുഹൃത്ത് നടത്തിയ അക്ഷീണപരിശ്രമം പഞ്ചായത്തധികൃതരുടെ നിയമതടസ്സവാദങ്ങള്‍ മൂലം ഇല്ലാതായത്, വ്യക്തമായ രാഷ്ട്രീയസ്വാധീനം ഉണ്ടായിട്ട് പോലും ദു:ഖത്തോടെ നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഏതോ നേരത്ത് അദ്ദേഹം തമിഴ്നാട്ടിലൊരിടത്ത് മറ്റൊരു ബിസിനസ്സ് ആരംഭിച്ച് തരക്കേടില്ലാതെ ജീവിക്കുന്നത് സന്തോഷത്തോടെ നോക്കി കാണുന്നുമുണ്ട്.
    കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ പറ്റാതാവുക, തമിഴ്നാട്ടിലേക്ക് മാറുക, വിജയിക്കുക എന്നത് ഒരു ക്ലീഷെ ആയിരിക്കുന്നു

     
  13. At Thu Dec 28, 02:49:00 PM 2006, Blogger സു | Su said...

    നന്നായി നടക്കുന്ന ഒരു കമ്പനി സ്ഥലം മാറി കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്‍, തൊഴിലാളികളെ അത് കാര്യമായ വിധത്തില്‍ ബാധിക്കുമോ? ഓരോ കമ്പനിയും പൂട്ടിപ്പിക്കുന്നത് നേതാക്കന്മാരാണെന്നും, അവര്‍ക്ക് ജീവിക്കാനുള്ളതൊക്കെ അവര്‍ ആദ്യമേ ഉണ്ടാക്കിയിട്ടുണ്ടാകുമെന്നും ഓരോ തൊഴിലാളിയും കരുതണം. അപ്പോളോക്കാര്‍ക്ക്, കമ്പനി ഒന്ന് പൂട്ടി, വേറെ എവിടെയെങ്കിലും തുടങ്ങാന്‍ അപ്പോളോ ഇപ്പോളോ ഒരു പ്രശ്നവും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അവരുടെ സ്ഥലം, അവര്‍ക്കിഷ്ടമുള്ളതിന് ഉപയോഗിക്കും. കമ്പനി ഇപ്പോള്‍ ഉള്ള സ്ഥലവും, പെരുമ്പാവൂരും തമ്മില്‍, കുറേ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് വ്യത്യാസം ഉണ്ടോ? അതൊക്കെ ജോലി ചെയ്യാന്‍ പോവാന്‍ പറ്റാത്ത ഒരു ദൂരമാണോ?

    കേരളം, എന്തു കാര്യത്തില്‍ പിന്നിലായാലും, എന്തെങ്കിലും കാണുന്നതിനുമുമ്പെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒന്നാംസ്ഥാനത്ത് ആയിരിക്കും. എതിര്‍ത്തിട്ട് നടന്നില്ലെങ്കില്‍ രണ്ട് ഹര്‍ത്താലും പ്രഖ്യാപിക്കും. ആര്‍ക്കാ ഇതിനൊക്കെ നഷ്ടം?

     
  14. At Thu Dec 28, 06:07:00 PM 2006, Blogger പ്രിയംവദ-priyamvada said...

    സിറ്റിയില്‍ കണ്ണായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഫാക്റ്ററികള്‍ക്കു ഇന്ത്യയിലെ ഇപ്പോഴത്തെ real estate boom ഒരു ഭീഷണി തന്നെയ്യാനു. ഇയിടെ ബോംബെ നഗരമധ്യത്തില്‍ ഉള്ള ഒരു ടെക്സ്റ്റിലെ മില്ലിന്റെ കാര്യം വായിച്ചതോര്‍കുന്നു. നഷ്ടത്തിലോടുന്ന ഇത്തരം ഫാക്റ്ററികള്‍ക്കുള്ള take over bid നുള്ള പോലും പ്രധാന ആകര്‍ഷണം ചുറ്റുമുള്ള ഭൂമിയുടെ വന്‍ വില്‍പ്പന സാധ്യതയാണത്രേ.

    തൊഴിലാളികള്‍ക്കു ഫാക്റ്ററി അത്ര ദൂരെ സ്ഥാപികുന്നതില്‍ സ്വാഭാവികമായ ബുദ്ധിമുട്ടുകള്‍ കാണും. അടുത്തു വീടു വച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ യാത്ര , പെരുമ്പാവൂരേക്കു മാറി താമസിച്ചാല്‍ കുട്ടികളുടെ വിദ്യാഭ്യാസം,നഷ്ടപ്പെടുന്ന നഗരസാമീപ്യം എന്നിങ്ങനെ ചിലതു പറയാനുണ്ടാവും. പിന്നെ തൊഴിലാളികളേക്കാള്‍ ചിലപ്പോള്‍ സമീപ്പത്തുള്ള ബാര്‍ ,റ്റീ ഷോപ്പ്‌ ...etc ആള്‍ക്കാര്‍ക്കായിരുക്കും കൂടുതല്‍ എതിര്‍പ്പ്‌.
    ജോലിയെക്കാള്‍ വലുതാണൊ ഈ നഷ്ടങ്ങള്‍ എന്നു അല്‍പം വിവേകത്തൊടെ ആലോചിച്ചല്‍ അവര്‍ക്കു ശരിയായ തീരുമാനത്തില്‍ എത്താനാവും!
    പക്ഷെ "മുതലാളിയെമുട്ടുകുത്തിക്കുന്ന" വീര കേരള പരമ്പരയില്‍പ്പെട്ടവരണല്ലൊ അവരും.

    ഇവിടെ സിംഗപൂരില്‍ കണ്ട ഒരു കാര്യം പറയാതിരിക്കാന്‍ തോന്നുന്നില്ല . ലൈഫ്‌ സയന്‍സിന്റെ വര്‍ദ്ധിച്ചു വരുന്ന സധ്യതകളെ പരിഗണിച്ചു വരുന്ന പുതിയ കെട്ടിടങ്ങള്‍ക്കു വെണ്ടി എത്ര appartment block കര്‍ വീടൊഴിഞ്ഞു കൊടുക്കെണ്ടി വന്നുവെന്നൊ..അവര്‍ക്കു പക്ഷെ 3 വര്‍ഷത്തെ മുന്നറിയിപ്പു കൊടുത്ത്‌, പുതിയ appartments & സൗകര്യങ്ങലുമാണു ആണു കിട്ടുക ..യതോരു ബഹളവും ഇവിടെ കണ്ടില്ല..
    നമ്മുടെ നാട്ടില്‍ democracy അല്ല democrazy ആനെന്നു പറയുന്നതു ശരിയല്ലെ എന്നു തോന്നും ചിലപ്പ്പൊള്‍.

     
  15. At Thu Dec 28, 08:49:00 PM 2006, Blogger ibnu subair said...

    എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

     
  16. At Fri Dec 29, 01:39:00 AM 2006, Blogger myexperimentsandme said...

    കുറുമാന്‍, ദില്‍മാന്‍, ഇബ്രുമാന്‍, സു, പ്രിയംവദ നന്ദി. സംഗതി പ്രീമിയര്‍ പ്രശ്‌നം ഒത്തുതീര്‍ന്നു എന്ന് പത്രവാര്‍ത്തയുണ്ട്. ചിലപ്പോള്‍ ഈ സ്ഥലപ്രശ്‌നമൊക്കെ വിലപേശല്‍ തന്ത്രങ്ങളായിരുന്നിരിക്കും. പക്ഷേ നേരത്തെ പറഞ്ഞതുപോലെ നമ്മുടെ വിലപേശല്‍ പവര്‍ ഒത്തിരി കുറഞ്ഞിരിക്കുകയാണെന്ന് തോന്നുന്നു. അതുകൊണ്ട് അമിതാവേശം കാണിച്ചാല്‍ ചിലപ്പോള്‍ ഗതി മദുരാ കോട്സിന്റെയാവാനും മതി.

    ഇബ്‌നൂ, തനിമലയാളത്തിലൊക്കെ ബ്ലോഗ് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ താത്‌പര്യമുള്ളവര്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നതാണ് ഇതുവരെ കണ്ടിരിക്കുന്ന പതിവ്.

     
  17. At Fri Dec 29, 11:47:00 AM 2006, Blogger ibnu subair said...

    ഞാനല്ല, എന്റെ കൂടെയുള്ള ഒരു പയ്യനാണ` ആ കമന്റുകളൊക്കെയിട്ടത്‌, എല്ലാവരോടും മാപ്പ്‌

     
  18. At Fri Dec 29, 11:56:00 AM 2006, Blogger sandoz said...

    ഏലൂര്‍-മഞ്ഞുമ്മല്‍ പ്രദേശത്ത്‌ നിന്ന് വളരെയധികം ചെറുപ്പക്കാര്‍ ഈ കമ്പനിയില്‍ ജോലി എടുക്കുന്നുണ്ട്‌.അപ്പോളോ ടയേഴ്സ്‌ കമ്പനി ഏറ്റെടുത്തതിനു ശേഷം മാത്രം ജോലിയില്‍ പ്രവേശിച്ചവര്‍.യൂണിയന്‍ ക്വാട്ടയിലും മാനേജ്‌ മെന്റിനു കാശ്‌ കൊടുത്തും ജോലിയില്‍ പ്രവേശിച്ചവര്‍.പക്ഷേ അവരെ ഇപ്പോഴും സ്ഥിരമാക്കിയിട്ടില്ലാ.ദിവസക്കൂലിക്ക്‌ അതായത്‌, 85 രൂപക്ക്‌/ദിനം മൂന്ന് കൊല്ലമായി പണിയെടുക്കുന്നവര്‍ ഉണ്ടത്രേ.ഇതും തൊഴിലാളികളുടെ പ്രതിഷേധത്തിനു ഒരു കാരണമായിരിക്കാം.

     
  19. At Mon Jan 01, 10:21:00 AM 2007, Blogger വിചാരം said...

    എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
    സ്നേഹവും സന്തോഷവും
    കരുണയും ദയയും
    നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
    പുതുവത്സരാശംസകള്‍
    നേരുന്നു

     
  20. At Tue Jan 09, 06:02:00 PM 2007, Blogger paarppidam said...

    നഷ്ടങ്ങളുടെം സമരങ്ങളുടേയും കഥമാത്രം വിളമ്പുന്ന പൊതുമേഘലാസ്ഥാപനങ്ങള്‍ പൊളിച്ച്‌ വിറ്റ്‌ ആ സ്ഥലം കിട്ടിയകാശിനു വിറ്റാല്‍ മതിയെന്ന് പലപ്പോഴും തോന്നാറുണ്ട്‌. എന്നും സമരങ്ങളും കൊടിതോരണങ്ങളുമായി തികച്ചും വൃത്തിയില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്കൂടെ പൊളിച്ചു വില്‍ക്കാന്‍ വല്ല പരിപാടിയും ഉണ്ടോ ആവോ?

    തൊഴിളാളിനേതാക്കന്മാരെന്ന അന്യന്റെ ചിലവില്‍ കഴിയുന്ന താപ്പാനകളെ തൊഴിലാളികള്‍ എന്ന് തള്ളിക്കളയുന്നോ അന്നേ കേരളം നന്നാകൂ,അധ്വാനത്തിന്റെ വില അധ്വാനിക്കുന്നവനേ അറിയൂ. പ്രസംഗിക്കുന്നവനും പ്രസ്താവനതൊഴിലാളിക്കും അതു അറിയില്ല.

     
  21. At Sat Jan 13, 05:41:00 AM 2007, Blogger myexperimentsandme said...

    സാന്‍ഡോസ്, വിചാരം, കുമാര്‍. നന്ദി. കമ്പനിയിലെ യൂണിയന്‍ ക്വോട്ടാ, യൂണിയന് കാശ് കൊടുക്കല്‍, മാനേജ്‌മെന്റിന് കാശ് കൊടുക്കല്‍ ഇവയൊക്കെ എത്രമാത്രം നല്ലതാണെന്നറിയില്ല. എന്തായാലും പ്രീമിയര്‍ പ്രശ്‌നം പരിഹരിച്ചു. കമ്പനി മാറ്റപ്പരിപാടി എത്രമാത്രമായി എന്നറിയില്ല.

    എല്ലാവര്‍ക്കും നന്ദി.

     

Post a Comment

<< Home