Friday, May 12, 2006

എന്നാലിനി....

നമുക്ക് അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യത ഒന്നളക്കാം. ഇലക്ഷന്‍‌കാല റിപ്പോര്‍ട്ടുകള്‍ തന്നെയായിക്കൊള്ളട്ടെ.

ആദ്യമായി നമുക്ക് വിശ്വാസയോഗ്യമായ ഒരു വാര്‍ത്ത തന്നത് ദീപിക പത്രമാണ്. ഇലക്‍ഷന്‍ പ്രവചനരംഗത്തെ അതികായന്മാരായ, ഏറ്റവും നൂതനസങ്കേതങ്ങളുപയോഗിച്ച് മാത്രം പ്രവചനങ്ങള്‍ നടത്തുന്ന ദില്ലിയിലെ ടുഡേസ് ചാണക്യ പൊളിറ്റിക്കല്‍ റിസേര്‍ച്ച് ഡിവിഷന്റെ ഏറ്റവും വിശ്വസനീയമായ സര്‍വ്വേ ഫലമാണ് ദീപിക വിശ്വാസയോഗ്യമായ രീതിയില്‍ നമുക്ക് വിളമ്പിയത്. ദോ ഇവിടെ.

ചാണക്യനെപ്പറ്റി കൂടുതല്‍ അറിയണമെങ്കിലോ (വേണ്ടിവരും-കാരണം നമ്മള്‍ ആദ്യമായിട്ടാണല്ലോ അങ്ങിനെയൊരു ലോകപ്രശസ്ത പ്രവചനഗവേഷണസ്ഥാപനത്തെപ്പറ്റി കേള്‍ക്കുന്നത്), ഏതെങ്കിലും പ്രവചനം എന്നെങ്കിലും നടത്തണമെങ്കിലോ, എപ്പോള്‍ വേണമെങ്കിലും നമുക്ക് അവരെ സന്ദര്‍ശിക്കാം, ദോ ഇവിടെ. അവരുടെ ഏറ്റവും പുതിയ പ്രവചനഫലങ്ങള്‍ ആ സൈറ്റില്‍ക്കൂടി ഓടിക്കളിക്കുന്നതും കാണാം, നമുക്ക്.

മനോരമയെന്താ മോശമാണോ. കുറച്ചുകൂടി വിശ്വാസയോഗ്യമായ ഒരു സര്‍വ്വേ ഫലമാണ് അവര്‍ തികച്ചും വിശ്വസനീയമായ രീതിയില്‍ നമുക്ക് നല്‍കിയത്. ദോ ഇവിടെ. എയര്‍ കണ്ടീഷണ്ട് നീല്‍മോന്‍-ഒ.ആര്‍.ജി മാര്‍ഗ്ഗിന്റെ ഏറ്റവും പുതിയ സര്‍വ്വേ ഫലം. 98/42 എന്നുള്ളതാണ് ഒപ്പത്തിനൊപ്പം എന്ന വിശ്വാസയോഗ്യമായ ഒരു കണക്കും അവര്‍ നമുക്ക് വിളമ്പി. മനോരമയുടെ പല പ്രവചങ്ങളും സര്‍വ്വേകളും നടത്തുന്ന നീല്‍‌മോന്‍ പറയുന്നത് ഇനിമുതല്‍ എത്രമാത്രം വിശ്വസിക്കാമെന്നും നമുക്ക് ഇതില്‍നിന്നും മനസ്സിലാക്കാം.

ഇതിനിടയ്ക്ക് വയലാര്‍ രവി തുടങ്ങിയ നേതാക്കന്മാരുടെ വിശ്വസനീയമായ ആത്‌മവിശ്വാസങ്ങളും മനോരമ നമുക്കു വിളമ്പി. ദോ ഇവിടെ. കൊല്ലത്ത് അഞ്ചുസീറ്റെന്ന ശ്രീ രവിയുടെ ആത്‌മവിശ്വാസമാണ് യു.ഡി.എഫിന് കൊല്ലത്ത് ഒരൊറ്റ സീറ്റെന്ന യാഥാര്‍ഥ്യമായത്. ശ്രീ രവി പറഞ്ഞത് തികച്ചും വിശ്വാസയോഗ്യമാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ളതുകൊണ്ടാണല്ലോ, മനോരമ ആ വാര്‍ത്ത, “അല്ല രവ്വ്യേ, ശരിതന്നെ?” എന്നൊന്ന് തിരിച്ചു ചോദിക്കുകപോലും ചെയ്യാതെ നമുക്ക് വിളമ്പിയത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കണക്കുകള്‍ മുഴുവന്‍ ആ വാര്‍ത്തയിലുണ്ട്.

പക്ഷേ ഇതില്‍ ഏറ്റവും മിടുക്കന്‍ ശ്രീ കെ.വി. തോമസ് ആണെന്ന് ഞാന്‍ പറയും. വോട്ടെടുപ്പെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞ് കാറ്റൊക്കെ എങ്ങിനെ എന്നുള്ള ഏകദേശ ധാരണകിട്ടിയിട്ടും, ശ്രീ തോമസ് പറഞ്ഞു, യു.ഡി.എഫിന് നേരിയ മുന്‍‌തൂക്കമെന്ന്. മാത്രവുമല്ല, ഈ വിവരം അദ്ദേഹം ഡല്‍ഹിയില്‍ മാഡം സമക്ഷം അറിയിക്കുകയും ചെയ്തു. കോഴിക്ക് തൂക്കം വരുന്നപോലത്തെ തൂക്കമാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂ. എന്തായാലും ആ വിശ്വാസയോഗ്യമായ വാര്‍ത്തയും മനോരമ വിശ്വസനീയമായ രീതിയില്‍ നമുക്കു വിളമ്പി. ദോ ഇവിടെ. അദ്ദേഹത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന മുഖമാണ് ആ വാര്‍ത്തയുടെ ഹൈലൈറ്റ്.

ഇനി ഇതൊക്കെ, ഞങ്ങള്‍ പത്രങ്ങള്‍ ആര്‍ എന്തു പറഞ്ഞാലും എഴുതും, അത് പത്രധര്‍മ്മം എന്നൊക്കെ പറഞ്ഞാല്‍, നമ്മള്‍ ഇവിടെ പത്രങ്ങളുടെ വിശ്വാസ്യതയാണല്ലോ ചര്‍ച്ച ചെയ്യുന്നത്. പ്രത്യേകിച്ചും ബ്ലോഗുകളെ അപേക്ഷിച്ച്.

ഇതിനിടയ്ക്ക് ബെന്നി പറഞ്ഞ ചില ദീപികക്കളികളും നോട്ട് ചെയ്തു. ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ അന്നു രാവിലെ ദീപികയില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ വന്ന വാര്‍ത്ത ദോ ഇവിടെ . ഇതിന്റെ കൂടെ ബെന്നിയുടെ നേരത്തത്തെ കുറെ കമന്റുകളും ചേര്‍ത്തു വായിച്ചാല്‍ നമുക്ക് എന്തൊക്കെയോ മനസ്സിലായി വരും. അതിന്റെ കൂടെത്തന്നെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ മുതലായവരുടെ നിര്‍ദ്ദോഷമായ ചില നിരീക്ഷണങ്ങളും ദീപിക ഒന്നുമറിയാത്തതുപോലെ പ്രസിദ്ധീകരിച്ചു. ഇലക്ഷന്‍ ഫലം ശ്രീ നടേശന്‍ പ്രവചിച്ചതിന്റെയും അപ്പുറമായിപ്പോയി എന്നതും, ഒരു പത്രക്കാരനല്ലാത്ത ശ്രീ നടേശന്‍ പത്രഭീമന്മാരേക്കാളും നന്നായി പ്രവചിച്ചു എന്നുള്ളതും ഈ വിശ്വാസ്യതക്കളിയുടെ ബാക്കിപത്രം.

എന്തായാലും പത്രങ്ങള്‍ പറയുന്നത് കണ്ണുമടച്ചങ്ങ് വിശ്വസിക്കാമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. കുറച്ചുനേരം കൂടി കുത്തിയിരുന്നെങ്കില്‍ കുറേക്കൂടി വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ കാണാമായിരുന്നു. ഇനി ഇതിന് ഇലക്‍ഷന്‍ കാലം തന്നെ വേണമെന്നൊന്നുമില്ല.