Saturday, August 11, 2007

തിരുവാതിര

ഒരു താരമാവണമെന്നത് എന്റെ ചെറുപ്പം മുതല്‍ക്കേ ഉള്ള ആഗ്രഹമായിരുന്നു. ഒരു താരമാവാന്‍ വേണ്ട ശരീരവടിവ് (വടി പോലത്തെ ശരീരമെന്ന് അസൂയക്കാര്‍), മമ്മൂട്ടിയുടെ പോലത്തെ ശബ്‌ദഗാംഭീര്യം, ലാലേട്ടന്റേതുപോലത്തെ അനായാസമായ അഭിയനയമികവ് ഇവയെല്ലാം ആള്‍ക്കൂട്ടത്തിനിടയ്ക്ക് തനിയെ മണ്ണും ചാരി നില്‍‌ക്കുന്നവനിലും ഒറ്റനോട്ടത്തില്‍ തന്നെ കണ്ടു മനസ്സിലാക്കാന്‍ കഴിവുള്ള സംവിധായകരൊക്കെയുള്ളതുകൊണ്ടായിരുന്നല്ലോ മലയാള സിനിമ പണ്ട് കാലത്തൊക്കെ കത്തിജ്വലിച്ച് കെടാവിളക്കായി നിന്നിരുന്നതും ഞാനൊക്കെ ചെറുപ്പത്തില്‍ തന്നെ താരമായതും അതിന്റെ ആത്മസംതൃപ്തിയും ആത്മസംഘര്‍ഷവും ഒന്നിച്ചനുഭവിച്ചതും ചമ്മിയടിച്ചതും. ആ കാലഘട്ടത്തിലെ സംവിധായകരുടെ ഗ്ലാമറൊക്കെ പോയതില്‍ പിന്നെ അവര്‍ക്കൊന്നും പണിയില്ലാതായി, എനിക്കും പണിയില്ലാതായി.

എന്നാലും അഭിനയിക്കണം, പാടണം, സ്റ്റേജില്‍ കയറണം, നാലുപേരറിയണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ എന്റെ മനസ്സില്‍ പിന്നെയും കിടന്നു. അത് അങ്ങിനെ പിറന്ന പടി കിടക്കുന്ന സ്റ്റേജിലാണ് യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നതും ആദ്യമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതും. അവിടെയാണെങ്കില്‍ എങ്ങിനെയും പെര്‍‌ഫോം ചെയ്യണമെന്ന ആഗ്രഹം അസ്ഥിക്ക് പിടിച്ചവന്മാരെ മുട്ടിയിട്ടൊട്ട് നടക്കാനും വയ്യ. കമ്പനിക്കാളെ കിട്ടിയപ്പോള്‍ നീര്‍ക്കോലി-മൂര്‍ഖന്‍ പാമ്പ് സ്റ്റൈലില്‍ ആരുണ്ടെടാ ഞങ്ങളെ തോല്‍‌പിക്കാന്‍ എന്നും പറഞ്ഞ് ഞാനുമിറങ്ങി.

അങ്ങിനെയങ്ങിനെയിങ്ങിനെയങ്ങിനെയൊക്കെയോ ആറ്റും പിന്നെ നോറ്റും പിന്നെയും ആറ്റും വായില്‍‌നോക്കിയിരിക്കുന്ന സമയത്താണ് വാര്‍ഷിക കലാപരിപാടിയായ യുവജനോത്സവം യൂണിവേഴ്‌സിറ്റിയില്‍ വരുന്നതും കലാകാരന്മാരും കലാകാരികളും അരങ്ങെത്തെത്തുന്നതും തൊട്ടപ്പുറത്തെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കല കാണാന്‍ പടയെത്തുന്നതും പെര്‍‌ഫോം ചെയ്യാനുള്ള വെറും ആഗ്രഹം അദമ്യമായങ്ങ് മാറുന്നതും പിടിച്ചാല്‍ കിട്ടാത്തതും കണ്ട്രോളു പോവുന്നതും.

“ഹേയ് ഞാനാ ടൈപ്പല്ല” എന്നൊക്കെ പരസ്യമായി വെയിറ്റിട്ട് പറഞ്ഞിരുന്നെങ്കിലും ഒരു സാദാ കോളേജ് കുമാരനുള്ള എല്ലാ ദുര്‍ബ്ബലവികാരങ്ങളുമുള്ള ഒരു സാദാ കുമാരന്‍ തന്നെയായിരുന്നു ഞാനും. നാലുപേരറിയണം, അത് പെണ്‍കുട്ടികളാവരുത് എന്നുള്ള വലിയ ഭാവമൊന്നുമൊട്ടില്ലതാനും. എന്തെങ്കിലുമാവട്ടെ. പെര്‍ഫോം ചെയ്തേ പറ്റൂ. ഓഡിറ്റോറിയത്തില്‍ കാണികളുടെ കൂട്ടത്തിലിരുന്ന് കുറച്ച് പരിപാടികളൊക്കെ കണ്ടു. ഒരണ്ണന്‍ ശാസ്ത്രീയഗാനം പാടാന്‍ വന്നു. പാടുന്ന ശാസ്ത്രീയഗാനം “ആത്മവിദ്യാലയമേ...”. അത് ചുമ്മാ അങ്ങ് പാടുകയല്ല. അതിനൂതനമായ രീതിയില്‍, ശാസ്ത്രീയ സംഗീതം അറിയാന്‍ വയ്യാത്തവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ തരത്തില്‍, ലൈവ് ഡെമോയൊക്കെയായാണ് പാടുന്നത്. “ആത്‌മവിദ്യാലയമേ“ പാടുമ്പോള്‍ നെഞ്ചത്തടിച്ച് ഒരു സ്കൂളിന്റെ പടം പൊക്കിക്കാണിക്കും. “ആറടി മണ്ണില്‍...” വരുമ്പോള്‍ ആറ് പ്രാവശ്യം കൈയ്യിട്ടടിക്കും, പിന്നെ ഒരു കപ്പില്‍ വെച്ചിരിക്കുന്ന മണ്ണെടുത്ത് കാണിക്കും. “തലയോടായി....” വന്നപ്പോള്‍ ആശാന്‍ ഒന്നാന്തരം തലയോട്ടിയും എടുത്ത് കാണിച്ചു.

അങ്ങിനെ ഓരോരോ മത്സരം കഴിയുമ്പോളും അതില്‍ പ്രകടനം നടത്തുന്നവരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ആ പണിയും നമുക്ക് പറ്റില്ല എന്നായി അവസാനം സ്വന്തം രൂപം പോലും പുറത്ത് കാണിക്കാന്‍ പറ്റാത്ത പ്രച്ഛന്നവേഷമത്സരം, അല്ലെങ്കില്‍ അടച്ചിട്ട മുറിയിലിരുന്നൊക്കെയുള്ള ചിത്രരചന, കഥ, കവിത തുടങ്ങി ഒരൊറ്റ കാണിപോലുമില്ലാത്ത മത്സരങ്ങള്‍ മാത്രമേ ഉള്ളോ ഇനി എന്നുള്ള നെഞ്ചിടിപ്പോടെയിരിക്കുമ്പോഴാണ് സെയിം പിഞ്ചുകാരെല്ലാം ഒന്നിച്ച് കൂടുന്നതും റാപിഡ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതും.

സംഗതി സംഘഗാനം. നിയമപ്രകാരം ടീമില്‍ ഒന്‍പത് പേരേ പാടുള്ളൂ. ചുമ്മാതൊന്നുമല്ല കയറുന്നത്- പ്രാക്ടീസൊക്കെ നടത്തിയിട്ടാണ്. പ്രാക്ടീസിന്റെ സമയത്ത് പത്തും പതിനൊന്നും പന്ത്രണ്ടും പേരൊക്കെ കാണും. നഷ്ടപ്പെടുവാനൊന്നുമില്ലാത്തതുകാരണം ആര്‍ക്കും ടെന്‍‌ഷനില്ല. സ്വന്തമായ ചമ്മല്‍ ഒരു രീതിയിലും അടക്കാന്‍ പറ്റാത്ത ഒന്നോ രണ്ടോ പേരൊക്കെ പൊഴിഞ്ഞ് അവസാനം പത്തായി ആള്‍ക്കാര്‍. പരിപാടി തുടങ്ങി. ആദ്യം വന്ന ഫിസിക്സ് ഡിപ്പാര്‍ട്ട്‌മെന്റും പിന്നെ വന്ന എഞ്ചിനീയറിംഗ് പിള്ളേരുമൊക്കെ നല്ല പ്രൊഫഷണല്‍ സ്റ്റൈലില്‍ ഗിറ്റാര്‍, ഓര്‍ഗന്‍, തബല, ചെണ്ട, മദ്ദളം ഇതൊക്കെ വെച്ച് തകര്‍ക്കുന്നു. ഊഴം ഞങ്ങളുടേതായി. ആകപ്പാടെ ഉള്ള വാദ്യോപകരണം ട്രിപ്പിള്‍. പരിപാടിക്ക് കയറാന്‍ തുടങ്ങിയപ്പോഴേ കുമാരന്‍ വോളന്റിയര്‍ ചെയ്തു-

“എടാ ഒമ്പത് പേരല്ലേ പറ്റൂ, ഞാനങ്ങ് മാറിയേക്കാം. ഇനിയെങ്ങാ‍നും സമ്മാനം കിട്ടിയാലോ, ഡിസ്‌ക്വാളിഫൈഡ് ആവേണ്ട”

സംഘനേതാവ് വിജയന് സഹിച്ചില്ല. സഹിക്കാന്‍ വയ്യാത്ത രണ്ട് കാര്യങ്ങളല്ലേ കുമാരന്‍ ഒറ്റയടിക്ക് പറഞ്ഞിരിക്കുന്നത്. ഒട്ടും സഹിക്കാന്‍ വയ്യാത്തത് “ഇനിയെങ്ങാനും സമ്മാനം കിട്ടിയാലോ” എന്ന ഞങ്ങളുടെ മൊത്തം ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്ന കാര്യം. അതും പോരാഞ്ഞ് അവസാന നിമിഷത്തില്‍ ഒഴിയാനുള്ള കുമാരന്റെ ശ്രമവും.

“നീ പോടേ, ഇനി അങ്ങിനെ നമ്മള്‍ പത്ത് പേരായെന്നും പറഞ്ഞ് നമുക്ക് സമ്മാനം തരാതിരുന്നാല്‍ ഞാന്‍ എനിക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റങ്ങ് തിരിച്ചുകൊടുത്തേക്കാം, അപ്പോള്‍ പിന്നെ ആര്‍ക്കും പ്രശ്‌നമില്ലല്ലോ” വിജയന്‍ യേശുകൃസ്തുവോ ശ്രീബുദ്ധനോ ഇവരെല്ലാം കൂടിയ എന്തൊക്കെയോ ആയി.

(കോളേജ് അഡ്മിഷന് “സീറ്റില്ല” എന്ന് പ്രിന്‍‌സിപ്പാള്‍ പറയുമ്പോള്‍ “സീറ്റില്ലെങ്കിലും സാരമില്ല സാര്‍, ഞാന്‍ നിന്നായാലും പഠിച്ചോളാം” എന്നൊക്കെ പറയുന്നവരെ മിമിക്രിയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും കൂട്ടത്തിലൊരുത്തന്‍ ആ രീതിയില്‍ പറയുമെന്ന് സ്വപ്നത്തില്‍ പോലും ഓര്‍ത്തില്ല).

എന്തായാലും സ്റ്റേജില്‍ കയറി. ജീവിതത്തില്‍ ആദ്യമായി ഒരു സംഘപ്രകടനക്കാരുടെ കൂടെ നില്‍ക്കുന്ന അവസരം. ഉള്ളത് പറയാമല്ലോ നേതാവ് വിജയനുള്‍പ്പടെ നല്ലപോലെ പാടുന്ന രണ്ടോ മൂന്നോ നാലോ പേര്‍ കൂട്ടത്തിലുണ്ടായിരുന്നു. ട്രിപ്പിള്‍ വായിക്കുന്ന ജോസഫ് മാഷും സംഗതി നന്നായി വായിക്കാനറിയാവുന്ന പുള്ളി‍. പക്ഷേ തൊട്ട് മുന്‍പിലത്തെയൊക്കെ ഗിറ്റാര്‍, ഓര്‍ഗന്‍, തബല, ചെണ്ട പ്രകടനങ്ങളുടെ ഹാങ്ങറോവറില്‍ ഇരിക്കുന്ന ജനങ്ങള്‍ പത്തണ്ണന്മാര്‍ ഒരു ട്രിപ്പിള്‍ മാത്രം പൊക്കിപ്പിടിച്ച് വെറും കൈയ്യോടെ കൈയ്യും വീശി സ്റ്റേജിലേക്ക് വരുന്നത് കണ്ടപ്പോള്‍ ഞാന്‍ കാണികളുടെ കൂട്ടത്തിലല്ലായിരുന്നതുകൊണ്ട് അവര്‍ക്ക് തോന്നിയ ഉപമ എന്തായിരിക്കുമെന്ന് യാതൊരു പിടിയുമില്ല. എന്തെങ്കിലും ബെസ്റ്റ് ഉപമ തന്നെ തോന്നിയിരുന്നിരിക്കണം.

പക്ഷേ ആദ്യത്തെ ഹിന്ദിപ്പാട്ട് വിജയരാഘവന്‍ നല്ല ഒന്നാന്തരമായി എടുത്തപ്പോള്‍ തന്നെ ഓഡിറ്റോറിയം മൊത്തത്തില്‍ കിടുങ്ങി, സൂചിയിട്ടാല്‍ കിണിം കിണിം കിണിം എന്ന ശബ്‌ദം പോലും കൃത്യമായി കേള്‍ക്കുന്ന രീതിയിലായി. അത് കഴിഞ്ഞുള്ള നാടന്‍ മലയാളഗാനം കൂടിയായപ്പോള്‍ “എന്തിനേറെ പറയുന്നു, അങ്ങിനെ സള്‍ഫ്യൂരിക്കാസിഡ് ഉണ്ടാവുകയായി” സ്റ്റൈലില്‍ എന്തിനേറെ പറയുന്നു, ഞങ്ങള്‍ക്ക് കിട്ടി ഒന്നാം സമ്മാനം-പക്ഷേ ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം. കാലന്മാര്‍ എഞ്ചിനീയറിംഗ് കാപാലികര്‍ തടിയന്‍ പ്രാഞ്ചിയുടെ പിന്നില്‍ ഒരു മറപറ്റി ഒളിച്ചുനിന്ന എന്നെക്കൂടി കൂട്ടി (എങ്ങിനെ അവന്മാര്‍ എന്നെ കണ്ടുപിടിച്ചോ ആവോ, എന്നെപ്പോലൊരുവന്‍ പ്രാഞ്ചിത്തടിയന്റെ പിന്നില്‍ നിന്നാല്‍ പിന്നെ ഹൈ റെസലൂഷന്‍ സാറ്റലൈറ്റ് ഇമേജിംഗ് വഴിപൊലും കണ്ടുപിടിക്കാന്‍ പറ്റരുതാത്തതാണ്) ഞങ്ങള്‍ പത്തുപേരുണ്ടായിരുന്നു എന്ന് പരാതി കൊടുക്കുകയും ഞങ്ങളെ ഡിസ്കോ കവളിഫൈ ചെയ്യിക്കുകയും ചെയ്തു. ദുഷ്ടന്മാര്‍. ഞങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനമായി വെറും സര്‍ട്ടിഫിക്കറ്റ് മാത്രം. സ്വന്തം സര്‍ട്ടിഫിക്കറ്റ് തിരിച്ച് കൊടുത്ത് പിന്നെയും കവളിഫൈ ചെയ്യിക്കാന്‍ പോയ നേതാവ് വിജയനെ ഒരുവിധത്തിലാണ് കാര്യങ്ങളുടെ നിയമവശം പറഞ്ഞ് മനസ്സിലാക്കിച്ചത്.

ങാ...ഹാ... അങ്ങിനെയായോ. വളരെ പ്രതീക്ഷയോടെ ഘനഗംഭീരമായി പ്രാക്ടീസൊക്കെ നടത്തി നല്ല ഒന്നാന്തരം സംഘഗാനം പാടിയ ഞങ്ങളോട് ഇതാണോ ചെയ്തത്... വെള്ളാനകളുടെ നാട്ടിലെ പപ്പു സ്റ്റൈലില്‍ ഞങ്ങളെല്ലാവരും കോറസ്സായി പറഞ്ഞു - “ഇപ്പം ശരിയാക്കിത്തരാം, ഇപ്പം ശരിയാക്കിത്തരാം”. അങ്ങിനെ ഞങ്ങള്‍ രണ്ടാം പരിപാടി ആസൂത്രണം ചെയ്തു.ഒരു മുഴം മുണ്ടിന്റെ മാത്രം ചിലവുള്ള തനി കേരള കലാരൂപം-തിരുവാതിര.

പിന്നെല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ച് തുറക്കുന്നതിനു മുന്‍പ് നേതാവ് വിജയന്‍ പത്ത് മുണ്ടുമായി വന്നു. ഓടിപ്പോയി പേരു കൊടുത്തു. കമ്മറ്റിയണ്ണന്മാര്‍ പൂര്‍ണ്ണ പിന്തുണ തന്നു (സംഘഗാനസമ്മാനം പോയതിന്റെ സെന്റിയും തുണയായി)-ഒരൊറ്റ കണ്ടീഷന്‍ മാത്രം. മുണ്ടിനടിയില്‍ പാന്റ് വേണം. തെറുത്ത് കയറ്റിയായാലും മതി. കര്‍ട്ടന്‍ ഞങ്ങള്‍ പറയാതെ ഇടുന്ന പ്രശ്‌നവുമില്ല. എല്ലാം ഓക്കേ.

ബയോളജിക്കാരുടെയും സുവോളജിക്കാരുടെയുമൊക്കെ കേരളത്തനിമ മുറ്റിനില്‍‌ക്കുന്ന തിരുവാതിരപ്രകടനത്തിനു ശേഷം അനൌണ്‍‌സ്‌മെന്റ്. “അടുത്തത് സിമന്റോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക തിരുവാതിര”.

ഓഡിറ്റോറിയം മൊത്തം ഗഹനമായ ചിന്തയിലാണ്ടു. സിമന്റോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ആകപ്പാടെ രണ്ടും ഒന്നും മൂന്ന് പെണ്‍കുട്ടികളേ ഉള്ളല്ലോ. ഇനി അവിടുത്തെ ടീച്ചര്‍മാരും ക്ലര്‍ക്കും നോണ്‍‌ടീച്ചിംഗ് സ്റ്റാഫും എല്ലാം കൂടി കൂട്ടിയാലും അഞ്ച് പേരേ ഉള്ളൂ. ഇത് പിന്നെങ്ങിനെ?

കര്‍ട്ടന്‍ പൊങ്ങി. നടുക്ക് വെച്ചിരിക്കുന്ന മെഴുകിതിരിയെ നോക്കി (വിളക്ക് സംഘടിപ്പിക്കാന്‍ പറ്റിയില്ല. അതുകൊണ്ട് ആ വലിയ ബള്‍ബൊക്കെ കത്തിക്കുന്ന ഷേഡ് കമഴ്‌ത്തിവെച്ച് അതിനുമുകളില്‍ അപ്പുറത്തെ മില്‍മയില്‍ നിന്ന് വാങ്ങിച്ച വലിയ ഒരു മെഴുകുതിരി കത്തിച്ചുവെച്ചു) എല്ലാവരും നമ്രശിരസ്കരായി നില്‍ക്കുകയാണ്. ഓഡിറ്റോറിയത്തിലെ ലൈറ്റ് മൊത്തം ഓഫ്. സ്റ്റേജില്‍ ഡിം ലൈറ്റ് മാത്രം.

ഒരു നിമിഷം ഓഡിറ്റോറിയം ആകെ ഞെട്ടി. പണ്ട് കാലങ്ങളിലെ തനി മലയാളിമങ്ക സ്റ്റൈലില്‍ നെഞ്ചിനുമുകള്‍ വരെ കയറ്റി മുണ്ടുടുത്ത് അതിനുമുകളില്‍ ഒന്നും ധരിക്കാതെ ഒന്‍പത് സാദാ മാദകമേനികളും പിന്നെ എന്റെ അതിമാദകമേനിയും‍. നെഞ്ചിനുമുകളില്‍ കയറ്റി മുണ്ടുടുത്താല്‍ സംഗതി മുട്ടു വരയേ എത്തുകയള്ളൂ താനും. അതിനു താഴെയും ഒന്നും കാണുന്നില്ല. സംഘഗാനത്തിന്റെ സമയത്തെപ്പോലെതന്നെയായി ഓഡിറ്റോറിയം അപ്പോഴും. ഒരു സൂചി വീണാല്‍ കിണിം കിണിം കിണിം എന്ന ശബ്ദം പോലും വ്യക്തമായി കേള്‍ക്കാം എന്ന് പറഞ്ഞാല്‍ അത് നുണയാവും. കാരണം എല്ലാവന്റെയും നെഞ്ചിടിക്കുന്ന ശബ്ദം അതിലും ഉച്ചത്തിലായിരുന്നു.

എന്തായാലും കാണികളെ ആകാംക്ഷയുടെ മുള്‍‌മുനയില്‍ അധികം നിര്‍ത്തിയില്ല. പാട്ട് തുടങ്ങി, സ്റ്റേജ് ഫുള്‍ ലൈറ്റിലാക്കി, ഞങ്ങളെല്ലാവരും ഒരൊറ്റത്തിരിയല്‍. മാദകമേനികളുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടതും എല്ലാവരുടെയും കണ്ട്രോള് പോയി. ഞങ്ങള്ണ്ടോ വിടുന്നു. നല്ല പ്രൊഫഷണല്‍ സ്റ്റൈല്‍ തിരുവാതിരയല്ലായിരുന്നോ. “വീരവിരാട...”യുടെയൊക്കെ സമയത്ത് പ്രാഞ്ചിയുടെ ലാസ്യഭാവമൊക്കെ ഒന്ന് കാണേണ്ടതുതന്നെ. കൈയ്യൊക്കെ ഒന്ന് തളര്‍ത്തി മടക്കി മുഖത്തിന് നേരെ കൊണ്ടുവന്ന് എതിരെ നില്‍ക്കുന്നവന്റെ കൈയ്യില്‍ ചാന്തുപൊട്ട് ദിലീപ് സ്റ്റൈലില്‍ അടിക്കുന്നതൊക്കെ കാണേണ്ടതുതന്നെയായിരുന്നു. തടിയന്‍ പ്രാഞ്ചി ഷര്‍ട്ടില്ലാതെ മുണ്ട് നെഞ്ചൊപ്പം ഉടുത്താല്‍ ആരെപ്പോലെയായിരിക്കുമെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ... അത് തന്നെ. ആ പ്രാഞ്ചിയൊക്കെ കളിച്ച തിരുവാതിര കണ്ട് ബയോളജിയിലെയും സുവോളജിയിലെയുമൊക്കെ പ്രൊഫഷണലെന്നഹങ്കരിച്ചിരുന്ന പെണ്‍‌കുട്ടികളൊക്കെ നാണിച്ചുപോയി. സത്യം പറഞ്ഞാല്‍ ആ ഓഡിറ്റോറിയത്തില്‍ നാണമില്ലാതെ അപ്പോള്‍ ഞങ്ങള്‍ പത്ത് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കളിമൂത്ത് അതിനെക്കാളും ഉച്ചത്തില്‍ കൂവലും മൂത്ത് ഞങ്ങളുടെ ആത്മവിശ്വാസം പയ്യെപ്പയ്യെ ചോരാന്‍ തുടങ്ങി. ആകാശം ഇടിഞ്ഞ് വീണാലും ശരി, ഞങ്ങള്‍ പറയാതെ കര്‍ട്ടനിടില്ലെന്ന് ഉറപ്പ് തന്നിരുന്ന കമ്മറ്റി മെമ്പ്ര്‌മാരെയൊക്കെ ഞങ്ങള്‍ ലാസ്യഭാവത്തോടൊപ്പം ദയനീയഭാവത്തോടെയും നോക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് ഏതോ ഒരു സ്റ്റെപ്പ് അര്‍പ്പണമനോഭാവത്തോടെ നൂറ് ശതമാനം പെര്‍‌ഫെക്ട് ആക്കാന്‍ നോക്കിയ കിഷോറ് ഏതോ ഒരു പ്രത്യേക ആംഗിളില്‍ തിരിയുകയും മുണ്ട് കാലിലുടക്കുകയും നെഞ്ചും തല്ലി ഇട്ടിപ്പൊത്തോ എന്ന് വീഴുകയും ചെയ്‌തു. മൊത്തം കണ്ട്രോളു പോയ കിഷോര്‍ ആ വീഴ്ചയില്‍ നിന്നും എഴുന്നേറ്റത് പരിണയം സിനിമയില്‍ തിരുവാതിര കളിച്ച മോഹിനി സ്റ്റൈലിലല്ലായിരുന്നു, വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച സ്റ്റൈലിലായിരുന്നു. എഴുന്നേറ്റിട്ട് നെഞ്ചൊപ്പം ഉടുത്തിരുന്ന മുണ്ട് പറിച്ച് ഒന്ന് കുടഞ്ഞ് നല്ല ഒന്നാന്തരം കോട്ടയം കുഞ്ഞച്ചന്‍ സ്റ്റൈലില്‍ താഴോട്ടിറക്കി ഉടുത്ത് (ഷര്‍ട്ടില്ല ആര്‍ക്കും), അതങ്ങ് സ്റ്റൈലായി മടക്കിക്കുത്തി കിഷോര്‍ നടത്തിയ പ്രകടനത്തെ വെല്ലുന്ന ഒരു പ്രകടനം ആ വേദിയില്‍ പിന്നെ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

മുണ്ടുകള്‍ ഓരോന്നായി ഊര്‍ന്ന് വീഴാന്‍ തുടങ്ങിയപ്പോള്‍ പബ്ലിക്കായുള്ള ഇന്‍ഡീസന്റ് എക്സ്‌പോഷറിന് കൂട്ടുനിന്നു എന്നുള്ള കുറ്റത്തിന് കോടതി കയറേണ്ടി വരുമോ എന്ന് പേടിച്ച് ഞങ്ങളുടെ ഇരുപതാമത്തെ ലാസ്യ-ദയനീയ ഭാവനോട്ടങ്ങളും കൂടി കഴിഞ്ഞപ്പോള്‍ കമ്മറ്റി കര്‍ട്ടനിട്ടു.

അങ്ങിനെ ഞാന്‍ പിന്നെയും താരമായി-തിരുവാതാരം.

Labels: , , , , ,

21 Comments:

 1. At Sat Aug 11, 06:17:00 AM 2007, Blogger മൂര്‍ത്തി said...

  “ഇനിയെങ്ങാനും സമ്മാനം കിട്ടിയാലോ” എന്ന സ്റ്റൈലില്‍ ഞാന്‍ തേങ്ങ ഉടച്ചേക്കാം...

  ഇനിയാരെങ്കിലും തേങ്ങ ഉടയ്ക്കാന്‍ വന്നാലോ?

  :)

   
 2. At Sat Aug 11, 07:42:00 AM 2007, Blogger ഏ.ആര്‍. നജീം said...

  എന്തൊക്കെ പറഞ്ഞാലും ക്യാമ്പസ് സംഭവങ്ങള്‍ കേട്ടിരിക്കാന്‍ ഒരു പ്രത്യേക രസം ആണല്ലേ.. അതു കൊണ്ട് സുഖിച്ചിരുന്നു വായിച്ചപ്പോഴും മനസില്‍ ആ സംഭവങ്ങള്‍ ഇങ്ങനെ വരികയായിരുന്നു..
  ഞാനും സ്കൂളില്‍ വാര്‍ഷികത്തിനു പാടി.. നല്ല സുന്ദരിയായ സുന്ദരി ടീച്ചറെ നൊക്കി സ്‌റ്റേജില്‍ നിന്നും "സുന്ദരീ...നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍..."
  അന്നാ ടിച്ചര്‍ മനസാ അഭിനന്ദിച്ചതു കൊണ്ടോ എന്തൊ ദൈവാനുഗ്രഹത്താല്‍ പാട്ടു പാടാന്‍ ഒരു സ്‌റ്റേജില്‍ പിന്നെ ജീവിതത്തില്‍ കയറേണ്ടി വന്നിട്ടില്ല.

   
 3. At Sat Aug 11, 08:44:00 AM 2007, Blogger സു | Su said...

  അങ്ങനെ വക്കാരിയും താരമായി എന്നു പറഞ്ഞാല്‍ എന്തോ ഒരു തരം ആയിപ്പോകും അത്.

  എന്തായാലും സീമയുടെ കൂടെ അഭിനയിക്കാനുള്ള ചാന്‍സ് ബ്ലോഗ് ലോകത്ത് വേറെ ആര്‍ക്കും കിട്ടിയിട്ടില്ലല്ലോ. നോക്കരുത് എന്ന് മുന്നറിയിപ്പ് തന്നിട്ടും, ക്യാമറയെ നോക്കി, ആകാശത്തെ താരം പോലെ സെവന്റി എം എം ചിരി ചിരിച്ച് നിന്നത്, താരമാവാനുള്ള അത്യാഗ്രഹം കൊണ്ടാണല്ലേ.

  എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ. ;)

  ഹി ഹി ഹി.

   
 4. At Sat Aug 11, 09:46:00 AM 2007, Blogger G.manu said...

  thakarppan vakkari

   
 5. At Sat Aug 11, 10:58:00 AM 2007, Blogger SHAN said...

  watch a new gulf video
  from,

  http://shanalpyblogspotcom.blogspot.com/

   
 6. At Sat Aug 11, 12:09:00 PM 2007, Blogger Rajeesh || നമ്പ്യാര്‍ said...

  വാഹ് ഉസ്താദ് വാഹ് !!
  (വേണ്ട, തല്‍ക്കാലം അവ്ടെത്തന്നെ നിന്നാലും മതി.)
  ;-)

   
 7. At Sat Aug 11, 02:22:00 PM 2007, Blogger Satheesh :: സതീഷ് said...

  രസിച്ചു. പണ്ട് കേട്ട ഒരു തമാശ ഓര്‍ത്തു.

  അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നാടകം ‘ലങ്കാദഹനം’. മരത്തില്‍ നിന്ന് ചാടി, സ്ലോ മോഷനില്‍ താഴെ ശ്രീരാമന്റെ മുന്നിലേക്ക് വരേണ്ട ഹനുമാനായി നാരാണേട്ടന്‍ നേരത്തെ സ്റ്റേജിന്റെ മുകളില്‍ ഒരു കയറൊക്കെ ലൈഫ് ബെല്‍റ്റായി ഇട്ട് കയറി ഇരുന്നു. കയറിന്റെ മറ്റേ അറ്റം സ്റ്റേജിന്റെ മൂലക്കുള്ള വളന്റിയറ് പിടിച്ചിരിക്കുന്നു. കര്‍ട്ടന്‍ പൊന്തി. സ്റ്റേജില്‍ ശ്രീരാമന്‍ വിഷാദവിമൂകനായി ഇരിക്കുന്നു. പെട്ടെന്ന് ‘ഇത്തോ പൊത്തോ’ സ്റ്റൈലില്‍ ദേ കിടക്കുന്നു ഹനുമാന്‍ താഴെ. വീഴ്ചയില്‍ കൈയും കാലും ഒടിഞ്ഞ് ഒരു പരുവമായി അനങ്ങാന്‍ വയ്യാതെ കിടക്കുകയാണ്‍ അവിടെ. ആദ്യം ഒന്നമ്പരന്നെങ്കിലും നാടകത്തെ തിരിച്ച് ട്രാക്കിലേക്കെടുക്കാന്‍ തുനിഞ്ഞിറങ്ങീ ശ്രീരാമന്‍.
  ‘വായുപുത്രാ, താങ്കള്‍ എന്റെ സീതാദേവിയെ കണ്ടുവോ ?’.
  ഹനുമാന്‍ ഒരനക്കവും ഇല്ല. ശ്രീരാമന്‍ വീണ്ടും..
  ‘വായുപുത്രാ, താങ്കള്‍ എന്റെ സീതാദേവിയെ കണ്ടുവോ ?’.
  സകല ഊര്‍ജ്ജവും സംഭരിച്ച് ആ കിടപ്പില്‍ ഹനുമാന്‍ അലറി- ‘ഞാന്‍ ഒരു തെണ്ടിയെയും കണ്ടില്ല.. ഏത് നായിന്റെമോനാടാ ആ കയറ് പിടിച്ചത്? “

   
 8. At Sat Aug 11, 03:38:00 PM 2007, Blogger ജേക്കബ്‌ said...

  :-)

   
 9. At Sat Aug 11, 04:42:00 PM 2007, Blogger Marichan said...

  ഈ അലമ്പുണ്ടാക്കല്‍ പരിപാടി പണ്ടേയുളളതാ അല്ലേ... ആവശ്യമില്ലാതെ സ്റ്റേജില്‍ വലിഞ്ഞു കയറി ആ വിജയന്‍ ചേട്ടന് കിട്ടേണ്ട ഒന്നാം സമ്മാനം കുളമാക്കി. പിന്നെ ചേലയും വാരിച്ചുറ്റി തിരുവാതിര എന്ന പേരില്‍ കാട്ടിക്കൂട്ടിയ തോന്ന്യാസവും.

  നടന്‍ സലിം കുമാറിന്റെ ചീട്ടുകളി നാടകമാണ് വക്കാരിയുടെ തിരുവാതിര വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്. കാണികളെയും പ്രിന്‍സിപ്പലിനെയും വടിയാക്കി ചെണ്ടയടിയുടെ അകമ്പടിയോടെ നാടകമെന്നും പറഞ്ഞ് സ്റ്റേജിലിരുന്ന് ചീട്ടുകളിച്ച ഓര്‍മ്മ എവിടെയോ കക്ഷി എഴുതിയിട്ടുണ്ട്. ശ്രമിച്ചാല്‍ ഒരു സലിം കുമാറാകാം, വക്കാരിക്കും.

  പിന്നേയ്... സര്‍ക്കാര്‍ സ്ക്കൂളുകളെ ഇപ്പോ രക്ഷിക്കുമെന്ന് പറഞ്ഞ് പോയതാണല്ലോ ചേട്ടാ.... പിന്നെ ഒരു വിവരവുമില്ലല്ലോ......

   
 10. At Sat Aug 11, 05:07:00 PM 2007, Blogger ഉറുമ്പ്‌ /ANT said...

  :)

   
 11. At Sat Aug 11, 06:27:00 PM 2007, Blogger മുടിയനായ പുത്രന്‍ said...

  ഒരു താരമാവണമെന്നു് ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ, അവസാനം മുടിഞ്ഞു് ഒരു തരമായി! ആശംസകള്‍!

   
 12. At Sat Aug 11, 06:38:00 PM 2007, Blogger ബിന്ദു said...

  "കമ്പനിക്കാളെ കിട്ടിയപ്പോള്‍"

  കമ്പനിക്കാളയോ? അതെന്തു കാള? ;)

  അപ്പോള്‍ വക്കാരിക്കും തിരുവാതിര അറിയാല്ലേ?

   
 13. At Sat Aug 11, 09:20:00 PM 2007, Blogger Inji Pennu said...

  ഞാന്‍ പൊട്ടിപൊട്ടി ചിരിച്ചില്ല്യ. ഒരു ചിരി പോയിട്ട് ഒരു പുഞ്ചിരി പോലും വന്നില്ല. എന്നിട്ട് ഉടനെ തന്നെ എന്റെ ഒരു കൂട്ടുകാരിയെ വിളിച്ച് വായിപ്പിച്ചും കേപ്പിച്ചില്ല. അവളും കമിഴ്ന്ന് കിടന്ന് ചിരിച്ചില്ല്ല. ചുമ്മാ മനുഷ്യനെ ചിരിപ്പിക്കാന്‍ നടക്കണു! ഹും!

  സ്റ്റേജിലെ ആ ആറ്/പത്ത് മിനിറ്റുകള്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. ആ ടെന്‍ഷനും അതിനു മുന്നത്തെ പ്രിപ്പറേഷന്‍സും. പിന്നെ ഫാന്‍സി ഡ്രെസ്സിനൊക്കെ എനിക്ക് പ്രത്യേകം വേഷം കെട്ടൊ മേക്കപ്പോ വേണ്ടി വരൂല്ലായിരുന്നു. എസ്പ്ഷലി പിച്ചക്കാരി, ആദിവാസി ഇതിനൊക്കെ എനിക്ക് ഫയങ്കര നാച്ചുറാലിറ്റിയുണ്ടായിരുന്നു.അതോണ്ട് ആ പ്രൈസൊക്കെ എനിക്ക് തന്നെ എപ്പോഴും!

   
 14. At Sun Aug 12, 04:54:00 PM 2007, Blogger ചില നേരത്ത്.. said...

  വക്കാരി, സുവോളജിയിലല്ല സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്, ബോട്ടണിയിലാണോ? ഒരു ഓര്‍മ്മക്കുറിപ്പെഴുതുമ്പോഴും ഐഡിന്റിറ്റി കൃത്യമായി ഒളിപ്പിക്കുന്നു, സിമന്റോളജി എന്നൊക്കെയെഴുതിയിട്ട്. ഉദയഭാനുവിന്റെ ചിത്രം എവിടെയെങ്കിലും കാണുമ്പോ ഇപ്പോഴും ഒരു നാണം തോന്നുന്ന രീതിയില്‍ മൂപ്പരുടെ ഒരു പാട്ട് അസോസിയേഷന് ഞങ്ങള്‍ മുപ്പത്ത് പേര് സ്റ്റേജില്‍ കയറി പാടിയിട്ടുണ്ട്.
  വക്കാരീ, തമാശ അടിപൊളി ആയിട്ടുണ്ട്. അരവിന്ദ് ഒക്കെ കഥ ആസ്വദിക്കുന്ന പോലെയുള്ള വിശ്വല്‍ എഫക്ട് കിട്ടുന്നുണ്ട് തിരുവാതിരയ്ക്ക് :)

   
 15. At Mon Aug 13, 01:31:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  ദേവീ, ദേവിയുടെ കമന്റ് താഴെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു, വളരെ ചെറിയ, തികച്ചും നിരുപദ്രവകരമായ ഒരു മാറ്റത്തോടെ. മനസ്സിലാക്കുമല്ലോ :)

   
 16. At Mon Aug 13, 01:33:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  Devi യുടെ കമന്റ്

  pathivupole kalakki. commentonnum vaykathe ellam vaayikkunnundaayirunnu.athu sariyallallo ennuthonni.Njangaleyokke pazhaya campus life ormippichathinu Thanks.
  Pazhaya posts okke palathavana vaayichittundu.Kseerabalapole aavarhikumthorum menma kooduthal.

   
 17. At Mon Aug 13, 02:36:00 AM 2007, Blogger ഡാലി said...

  എല്ലാ യൂണിവേഴിറ്റിയിലും സിമന്റോളജിക്കാരു ഇങ്ങനെ തരികിടകളാണല്ലേ. :)

   
 18. At Mon Aug 13, 10:57:00 PM 2007, Blogger വക്കാരിമഷ്‌ടാ said...

  മൂര്‍ത്തീ, തേങ്ങായ്ക്ക് നന്ദി :)

  നജീമേ, നന്ദി. ഒറ്റയ്ക്ക് സ്റ്റേജില്‍ ഒന്ന് നില്‍‌ക്കാന്‍ തന്നെ വേറേ ആളെ നോക്കണം, എന്റെ കാര്യത്തില്‍ :0

  സൂ, സീമയുടെ കൂടെ അഭിനയിച്ചു എന്നതിലല്ല, ശശിസാറിന് ആ ആള്‍ക്കൂട്ടത്തിനിടയ്ക്ക് എന്നെ മാത്രമേ വിശ്വാസമുണ്ടായിരുന്നുള്ളൂ, സീമയുടെ ഏറ്റവും അടുത്തുകൂടെ അഭിനയിപ്പിക്കാന്‍ എന്നതിലാണ് എനിക്കഭിമാനം (എന്റെ ചേട്ടച്ചാരെ പോലും ശശിയണ്ണന്‍ വിളിച്ചില്ല) :)

  ജീമനൂ, നന്ദിമനൂ :)

  രാജേഷേ, ഓ വാഹ്, വാഹ്- ആദ്യം കത്തിയില്ല :)

  സതീഷ്‌ജീ, ലങ്കാദഹനം കലക്കി. ധിം തരികിട ധോം സിനിമയിലൊക്കെ ഇത്തരം കലക്കന്‍ സീനുകള്‍ ഉണ്ടല്ലോ ധാരാളം. എന്നെ ഏറ്റവും അധികം ചിരിപ്പിച്ച സിനിമകളിലൊന്ന് :)

  ഹല്ല, ഇദാര്, ജേക്കപ്പോ? എന്തുണ്ട് ജേക്കബ്ബേ, വിശേഷങ്ങള്‍. കാണാനെയില്ലല്ലോ :) നന്ദി കേട്ടോ

  മാരീചാ, ഒരു കുറ്റസമ്മതം. ചില ഔദ്യോഗികവും വ്യക്തിപരവുമായ കാരണങ്ങളുടെ പേരില്‍ മുന്‍‌കൈയ്യെടുത്ത് സ്കൂള്‍ ബ്ലോഗ് തുടങ്ങാന്‍ തല്‍‌ക്കാലം പറ്റുന്നില്ല. ഇത് തുടങ്ങിയാല്‍ നല്ലവണ്ണം കുറച്ച് കാലത്തേക്കെങ്കിലും കൊണ്ടുപോകണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ഈ ഒരു സമയത്ത് എന്നെക്കൊണ്ട് അത് പറ്റില്ല. അതുകൊണ്ട് മാത്രമാണ്. മാരീചനോ മറ്റോ തുടങ്ങുകയാണെങ്കില്‍ എന്നാലാവുന്ന എല്ലാ സഹായങ്ങളും നല്‍‌കാം. ഇപ്പോഴും സര്‍ക്കാര്‍ സ്കൂളുകളെ സംബന്ധിച്ച എല്ലാ വാര്‍ത്തകളും ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. ഏറ്റവും അവസാനം ഇപ്രാവശ്യത്തെ മനോരമ വാചകമേളയില്‍ ഒരു അച്ചന്‍ പറഞ്ഞതുള്‍പ്പടെ (കാര്യം അദ്ദേഹം സ്വാശ്രയത്തെ അനുകൂലിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അദ്ദേഹം പറഞ്ഞതില്‍ കാര്യമില്ലാതില്ല). അതുപോലെ കര്‍ണ്ണാടകയില്‍ പാവപ്പെട്ടവരെയും മുന്നില്‍ കണ്ട് നല്ല രീതിയില്‍ നടത്തുന്ന എയ്‌ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും എന്നുള്ള വാര്‍ത്തയും ഇന്നലെയോ മിനിങ്ങാ‍ന്നോ വായിച്ചിരുന്നു. ഇത്തരം വാര്‍ത്തകളും ചര്‍ച്ചകളും സംഭവങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംരംഭമായിരുന്നു മനസ്സില്‍. അതുകൊണ്ട് മാരീചനോ മറ്റോ മുന്‍‌കൈയ്യെടുത്താല്‍ എന്റെ പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്യുന്നു. ഈ ഒരു പോക്രിത്തരത്തിന് മാപ്പ്. പക്ഷേ ഭാവിയില്‍ ഇത്തരമൊരു സംരംഭം തുടങ്ങണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. വ്യക്തിപരമായും കുറച്ച് ഇന്‍‌പുട്ടുകള്‍ എനിക്കും നല്‍കാന്‍ സാധിക്കേണ്ടതാണ് ഇക്കാര്യത്തില്‍.

  ഉറുമ്പേ, നന്ദി.

  മുടിയനായ പുത്രാ, ദുഷ്ടാ, മുടിഞ്ഞ് ഒരു തരമാവാനാണോ ആശംസ :)

  ബിന്ദൂ, ഓ, അതില്‍ കയറി പിടിച്ചു. അല്ല ഇപ്പോള്‍ കമ്പനിക്കാളയാണെങ്കില്‍ എന്താ പ്രശ്‌നം :) ഞാന്‍ നല്ല ഒന്നാന്തരം തിരുവാതാരം അല്ലേ :)

  ഇഞ്ചീ, എളിമയുടെ അവലോസുണ്ടയും വിനയത്തിന്റെ അവലോസുണ്ടയും മാറ്റി വെച്ച് ഒന്നപഗ്രഥിച്ചപ്പോഴും നാച്ചുറാലിറ്റിയുടെ കാര്യം ഇഞ്ചി പറഞ്ഞത് തന്നെയാവാനാണ് സാധ്യതയെന്നാണ് എന്റെ ഒരു കണക്കുകൂട്ടല്‍ (എന്റെ കണക്കുകൂട്ടലുകള്‍ ഇങ്ങിനെ വല്ലപ്പോഴുമൊക്കെയേ ശരിയാവാറുള്ളൂ. ശരിയാവുമ്പോള്‍ അതൊരൊന്നൊന്നര ശരിയുമായിരിക്കും) :)

  ഇബ്രൂ, വളരെ നന്ദി. കൂട്ടത്തിലുള്ളവന്മാര്‍ മാനനഷ്ടത്തിന് കേസുകൊടുത്താല്‍ അവന്മാര്‍ക്കും മാനമൊന്നുമില്ലായിരുന്നെന്ന് കോടതിയില്‍ വാദിച്ചല്ലേ ജയിക്കാന്‍ പറ്റൂ എന്നുള്ള ബുദ്ധിമുട്ടോര്‍ത്തല്ലേ ഒരു ഒളിവിലും മറവിലുമൊക്കെയായി എഴുതുന്നത് :)

  ദേവീ, നല്ലവാക്കുകള്‍ക്ക് വളരെ നന്ദി.

  ഡാലിയേ, സിമന്റോളജി ഡിപ്പാര്‍ട്ട്‌മെന്റുകാര് തരികിടയോ. നല്ല കാര്യമായി. ഞങ്ങളല്ലായിരുന്നോ താരങ്ങള്‍ അവിടുത്തെ :)

  എന്റെ തിരുവാതാരം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

   
 19. At Wed Aug 15, 09:26:00 PM 2007, Blogger സുനില്‍ : എന്റെ ഉപാസന said...

  നല്ല ഹ്യൂമര്‍...
  കൂടുതല്‍ പ്രതീക്ഷിക്കുന്നു.
  :)
  പൊട്ടന്‍

   
 20. At Thu Aug 16, 09:06:00 PM 2007, Blogger ബഹുവ്രീഹി=bahuvreehi said...

  ഹഹഹ

  തിരുവാതിരക്കാരീ... വാതിരക്കാരീ..വക്കാരീ...

  മഷ്ടാ.. രസികന്‍ പോസ്റ്റ്.


  ഒരു “കൊലയുടെ അന്ത്യം“ .. “കാത്തിരിപ്പ്“ എന്നഇവ മാതിരിയുള്ള കലാപങ്ങളായിരുന്നു ഞാന്‍ പ്രതീക്ഷിക്ചത്.


  മേല്‍പ്പറഞ്ഞ നാടകങ്ങള്‍ കണ്ടിട്ടും കേട്ടിട്ടും ഉണ്ടായിരിക്കുമല്ലൊ.

  ( “കൊലയുടെ അന്ത്യം“ - കര്‍ട്ടന്‍ ഉയരുന്നു. സ്റ്റേജിനു നടുവില്‍ കേട്ടിത്തൂക്കിയിരിക്കുന്ന നേന്ത്രക്കൊല അഭിനേതാക്കള്‍ ഒരോന്നോരോന്നായി തിന്നു തീര്‍ക്കുന്നു.അവസാനത്തെ പഴവും തിന്നുകഴിഞ്ഞാല്‍ കര്‍ട്ടന്‍ വീഴുകയായി.

  “കാത്തിരിപ്പ്“- കര്‍ട്ടന്‍ പൊങുന്നതുമുതല്‍ നാടകത്തിനനുവദിച്ച സമയം കഴിഞ്ഞ് കര്‍ട്റ്റ്ന് വീഴും വരെ സ്റ്റേഗിനു നടുവിലെ ബെഞ്ചില്‍ എഴാളുകള്‍ താടിക്കുകൈ വെച്ച് എന്തിനോ കാത്തിരിക്കുക.)

   
 21. At Tue Aug 21, 01:30:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  സുനില്‍ എന്റെ ഉപാസന പൊട്ടനണ്ണാ, നന്ദി :)

  ബഹു ബഹു വ്രീഹീ ഹ്രീഹീ, ഫ്രീഹീ, കുലയുടെ അന്ത്യം കേട്ടിട്ടുണ്ടായിരുന്നെങ്കിലും കാത്തിരിപ്പ് നമ്പരിന് നന്ദി. ഒരു മോഡേണ്‍ നാടകമായി അവതരിപ്പിച്ചാല്‍ ആര്‍ക്കും ഒന്നും പറയാനും പറ്റില്ല.

  എന്റെ അതിമാദകമേനി കാണാന്‍ പിന്നെയും ഓടിവന്ന നിങ്ങള്‍ രണ്ടുപേര്‍ക്കും ഒന്നുകൂടി നന്ദി :)

   

Post a Comment

Links to this post:

Create a Link

<< Home