Sunday, August 05, 2007

സ്വപ്നങ്ങളൊക്കെയും പങ്ക് വെയ്ക്കാം...

കൈയ്യും കാലും മറന്ന് എന്ന വികലാംഗന്‍ വിനയന്റെ ബ്ലോഗില്‍ മിഡില്‍ ഈസ്റ്റ്-സൌദി ബ്ലോഗര്‍മാര്‍ നാട്ടില്‍ പോകാന്‍ തയ്യാറാവുക! എന്ന പോസ്റ്റില്‍, ആ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന കമന്റ് പ്രകാരം ആ കമന്റ് എങ്ങിനെ ഗള്‍ഫില്‍‌നിന്നുള്ള ബ്ലോഗര്‍മാര്‍ക്ക് മൊത്തത്തില്‍ അപമാനകരമാവും എന്ന ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ അത്‌ഭുത് പരതന്ത്ര് എന്ന ഹിന്ദി സിനിമ പത്താം പ്രാവശ്യവും കണ്ടു.

ഈ രീതിയിലൊക്കെയായിരുന്നു പ്രതികരണങ്ങള്‍:

“ഞാന്‍ ഇത്രയും കാലം ആരാധിച്ചിരുന്ന വക്കാരിയാണോ ഇത്?”
“വക്കാരിയെ ഇത്രയും കാലം ആരാധിച്ചിരുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു”
“വക്കാരിയുടെ സകല ഇമേജും പോയി”
“എന്തേ വക്കാരിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും വരാത്തത്?”
“വക്കാരിയ്ക്ക് അത്യാവശ്യം ബഹുമാനമൊക്കെ തന്നിരുന്നതാണല്ലോ, എല്ലാം പോയില്ലേ?”

ഇതൊക്കെ വായിച്ചപ്പോള്‍ ഉടന്‍ മനസ്സില്‍ വന്നത് അഗ്രജന്റെ ഈ ആഴ്ചക്കുറിപ്പാണ്. അതില്‍ സ്വന്തം മക്കളോടും മറ്റുമുള്ള സ്നേഹം തുറന്ന് പ്രകടിപ്പിക്കാതെ എല്ലാം ഉള്ളിലൊതുക്കിയിരിക്കുന്ന മാതാപിതാക്കളെയും മറ്റും അഗ്രു പരാമര്‍ശിച്ചിരുന്നു. മുകളിലത്തെ കമന്റുകളിട്ടവരോടും എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു-

“നിങ്ങള്‍ എന്നോടുള്ള സ്നേഹവും ബഹുമാനവും ആരാധനയും എല്ലാം ഉള്ളിലൊതുക്കി ഇത്രയും കാലം ഇരുന്നിട്ട് അത് തകര്‍ന്ന് തരിപ്പണമായി എന്നറിഞ്ഞ ഉടന്‍ എന്നോട് അതിനെപ്പറ്റി പറഞ്ഞാല്‍ എനിക്കുണ്ടാകുന്ന നഷ്ടബോധത്തെപ്പറ്റിയും ഇതികര്‍ത്തവ്യതാമൂഢതയെപ്പറ്റിയും നിങ്ങള്‍ ഒരു നിമിഷമെങ്കിലും ആലോചിച്ചോ? ഫീലു ചെയ്തു, ഫീലു ചെയ്തു“ :)

പിന്നെ പതിവുപോലെ വെറും മൂഢനായി ആലോചിച്ചു-എന്തിന് ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയോ, എന്തിന്റെ മോചനത്തിനായി ബ്ലോഗില്‍ വന്നുവോ, അതൊക്കെ തന്നെയാണല്ലോ ആ കമന്റുകളിലും പറഞ്ഞിരിക്കുന്നത്.അങ്ങിനെ ഇരുന്നിരുന്നാലോചിച്ചപ്പോള്‍ അതെല്ലാം കൂടി ഒരു പോസ്റ്റാക്കാമെന്ന് തോന്നി. അത് തന്ന് ഇത്. പതിവുപോലെ ഇത് എഴുതിയത് ഞാനാണെന്നോര്‍ത്ത് അതിനുമാത്രം പോലുമുള്ള പ്രാധാന്യങ്ങള്‍ കൊടുക്കാ തിരിക്കണം എന്നപേക്ഷ.

മുകളില്‍ പറഞ്ഞ ഇമേജ് ഇത്യാദി വികാരങ്ങളോട് ബ്ലോഗുമായി ചേര്‍ത്ത് വെക്കുമ്പോളുള്ള എന്റെ മഹാസങ്കല്‍‌പങ്ങളാണ് ഇന്നത്തെ പ്രതിപാദ്യവിഷയം. ഓരോ സങ്കല്‍‌പത്തിനും ശേഷം പത്ത് മിനിറ്റ് ഇടവേള ഉണ്ടായിരിക്കും. ആ സമയത്ത് ചായ, കാപ്പി, പരിപ്പുവട മുതലായവ അപ്പുറത്തുള്ള സ്റ്റാന്‍ഡില്‍ വിതരണത്തിന് വെച്ചിരിക്കും. കൂപ്പണ്‍ കാണിച്ചാല്‍ മതി, കിട്ടും. ലഞ്ച് ബ്രേക്ക് ഉച്ചയ്ക്കായിരിക്കും. എല്ലാവര്‍ക്കും ലഞ്ച് ഫ്രീ. ഒരുമണിക്കൂറായിരിക്കും ലഞ്ച് ബ്രേക്ക്. ഉച്ച കഴിഞ്ഞ് രണ്ട് സങ്കല്‍‌പങ്ങള്‍ കൂടി വിശദീകരിച്ചതിനു ശേഷം ഉപസംഹാരവും പിന്നെ വെറും സംഹാരവും. അപ്പോള്‍ തുടങ്ങാം:

ഇമേജ്

എല്ലാവരും എന്നെപ്പറ്റി നല്ലത് മാത്രമേ പറയാവൂ, കരുതാവൂ, ഞാന്‍ പറയുന്നതൊക്കെ എല്ലാവരും പഞ്ചയൊന്നുമില്ലെങ്കിലും ഒന്നോ രണ്ടോ പുച്ഛമെങ്കിലും അടക്കി കേട്ടുകൊണ്ടിരിക്കണമെന്നും തിരിച്ചൊന്നും പറയരുതെന്നും ഞാന്‍ ഒരുകാലത്തും ചോദ്യം ചെയ്യപ്പെടരുതെന്നും എനിക്ക് എല്ലായ്പ്പോഴും ലോകത്ത് കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് ഇമേജ് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നും എന്നെ എല്ലാവരും എല്ലായ്പ്പോഴും എപ്പോഴും ഇപ്പോഴും ആരാധിച്ചുകൊണ്ടേ ഇരിക്കണമെന്നും ആ ആരാധനയില്‍ ഒരു കള്ളവും പാടില്ല എന്നും എന്നെ ആരാധിച്ചു എന്നോര്‍ത്ത് ആരും ഒരിക്കലും പശ്ചാത്തപിക്കരുതെന്നും ഒക്കെ അതിയായ ആഗ്രഹമുള്ള ഒരു സാദാ ജീവി തന്നെ ഞാനും- അത് വ്യക്തിജീവിതത്തില്‍.

ഒട്ടുമേ ഇല്ലാതിരുന്ന ഇമേജെന്ന സംഗതിയുടെ സ്വയം നിര്‍മ്മിത തടവറയില്‍ കിടന്നുഴലുകയായിരുന്നു യഥാര്‍ത്ഥ ജീവിതത്തില്‍. പല പോക്രിത്തരങ്ങളും കാണുമ്പോള്‍ നല്ലത് രണ്ട് പറയണമെന്നുണ്ടെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ അതുവരെ ഞാന്‍ മനസ്സില്‍ കെട്ടിപ്പൊക്കിക്കെട്ടിത്തൂക്കിയ എന്നെപ്പറ്റി മറ്റുള്ളവര്‍ക്കൊക്കെയുണ്ടെന്ന് ഞാന്‍ കരുതുന്ന ആ നല്ല ഇമേജെല്ലാം തകര്‍ന്ന് തരിരംഭണമാവില്ലേ എന്നോര്‍ത്ത് പല്ല് പോലും കടിക്കാന്‍ വയ്യാതെ ഇരിപ്പായിരുന്നു പലപ്പോഴും. അതില്‍‌നിന്നൊക്കെയൊരു മോചനമായിരുന്നു ബ്ലോഗ്. പറയാനുള്ളത് പറയണമെന്ന് തോന്നുമ്പോള്‍ പറയേണ്ടയത്രയും പറയുക. നോക്കേണ്ടത് സഭ്യമാണോ, നിയമാനുസൃതമാണോ എന്ന് മാത്രം. നമ്മള്‍ പറയുന്നത് ഒരാള്‍ക്കിഷ്ടപ്പെട്ടില്ലേ? നോ പ്രോബ്ലം. അവിടെനിന്ന് പോരുക, വേറേ എവിടെയെങ്കിലും പറയുക. അങ്ങിനെ സര്‍വ്വസ്വതന്ത്രസഞ്ചാരിയായിരിക്കാനുള്ള ഒരു മാധ്യമമൊക്കെയായി ബ്ലോഗില്‍ വന്നിപ്പോഴാണറിയുന്നത് ഇവിടെയും ഇമേജുകളുടെ തടവറകളുണ്ടെന്ന്. പക്ഷേ അങ്ങിനെയുള്ള ആ തടവറയില്‍ കിടക്കാനാണെങ്കില്‍ പിന്നെന്തിനാണ് ബ്ലോഗ്? എന്റെ ജീവിതം തന്നെയുണ്ടല്ലോ.

അതുകൊണ്ട് “യ്യോ,അവിടെപ്പോയി എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ഇതുവരെ എന്നെപ്പറ്റി വാഹ് വാഹ് മാത്രം പറഞ്ഞിരുന്ന, ഇപ്പോള്‍ അവിടെ ഒരാടിനെ പട്ടിയാക്കിക്കൊണ്ടിരിക്കുന്ന തോമാച്ചന്‍, ഔസേപ്പ്, ഗോപാലകൃഷ്‌ണ ഷേണായ്, ചെറിയാന്‍ നായര്‍ എന്നിവര്‍ക്ക് പിന്നെ എന്നോട് ഭയങ്കര വിരോധമാവൂല്ലേ, അവരുടെ മുന്നില്‍ എന്റെ ആ ഇമേജൊക്കെ തകര്‍ന്ന് പോവൂല്ലേ” എന്നും “കാര്യം മറ്റേ ടീം പറയുന്നതാണ് എന്റെ നോട്ടത്തില്‍ ശരി. പക്ഷേ ആ അണ്ണനോട് ഇപ്പോള്‍ പലര്‍ക്കും എന്തോ ഒരു വിരോധമൊക്കെയുണ്ട്. അതുകൊണ്ട് തല്‍ക്കാലം മിണ്ടാതിരിക്കാം, അല്ലെങ്കില്‍ ലെവന്മാര്‍ക്കെല്ലാം പിന്നെ എന്നോട് എന്തോ ഒരിതായിരിക്കും” എന്നുമൊക്കെ എന്റെ ഓണ്‍ലൈന്‍ ജീവിതത്തിലും ഓര്‍ത്തിരിക്കാനാണെങ്കില്‍ എന്തിനാണ് പണ്ടേ ദുര്‍ബ്ബലനായ ഞാന്‍ പിന്നെ ഒന്നുകൂടി ദുര്‍ബ്ബലനാവുന്നത്? സാധാരണപോലെ അങ്ങ് പോയാല്‍ പോരേ?

എത്ര മലര്‍ന്ന് കിടന്ന് നോക്കിയാലും പിന്നൊന്ന് തുപ്പിയാലും പിന്നെ കമഴ്‌ന്നും ചെരിഞ്ഞും വളഞ്ഞും ഒടിഞ്ഞും നോക്കിയാലും നമുക്ക് ശരിതന്നെ എന്ന് തോന്നുന്ന ഒരു കാര്യം, കുറഞ്ഞ പക്ഷം ശരിയാണ് എന്ന് മാത്രമൊന്ന് പറഞ്ഞിട്ട് പോകുമ്പോള്‍ എല്ലാവരും കൂടി “ഡേയ്, എന്താഡേ ഇവിടെ, വീട്ടിപ്പോഡേ, നിന്നെയിപ്പോ ഇങ്ങോട്ടാരാ വിളിച്ചേ, നീ മാറിനിക്കഡേ” എന്നൊക്കെ ചിലരൊക്കെ പറയുമ്പോള്‍ “ഓ ശരി സാറേ, ഞാന്‍...ചുമ്മാ...ഈ വഴി പോയപ്പോള്‍” എന്നൊക്കെ എന്റെ വ്യക്തിജീവിതത്തില്‍ ഒരു കവലയിലോ ബസ്സിലോ ഒക്കെയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പറഞ്ഞ് ആരും കാണാതെ ഒരരിക് പറ്റി മനസാക്ഷിക്കുത്തോടെ പോകുമെങ്കിലും അങ്ങിനത്തെ അവസ്ഥയില്‍ നിന്നും ഒരു മോചനം വല്ലപ്പോഴും കിട്ടും, ഇവിടെ ധൈര്യമായി തെറ്റെന്ന് എനിക്ക് തോന്നുന്ന കാര്യം തെറ്റെന്ന് തന്നെ പറയാം എന്നൊക്കെയോര്‍ത്ത് വരുമ്പോള്‍ നമ്മുടെ നാട്ടിലെ കവലയും ബസ്സും ചന്തയുമൊക്കെ നല്ല കലാസംവിധാനത്തോടെ ബ്ലോഗിലും സെറ്റപ്പ് ചെയ്ത് വെച്ചിരിക്കുന്നത് കാണുമ്പോള്‍ സ്ഥല്‍ ജല്‍ വിഭ്രന്തി എന്ന ഹിന്ദി സിനിമയാണോ കാണുന്നത് പോലും ഓര്‍ത്ത് പോകും. അങ്ങിനെ, മോചനം തേടി വരുന്നവനെ പിന്നെയും തടവിലാക്കുന്ന ഒരു സ്ഥിതിവിശേഷമാണെങ്കില്‍ പണ്ടത്തെ അറ തന്നെ മതിയായിരുന്നല്ലോ-കുറഞ്ഞ പക്ഷം പരിചയിച്ച സ്ഥലവും പരിചയക്കാരുമൊക്കെ ഉള്ള ഒരിടമാണല്ലോ.

അതുകൊണ്ട് ബ്ലോഗില്‍ ഒരു ഇമേജ് തടവറ ഉണ്ടാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ശരിയാണ് എന്നെനിക്ക് തോന്നുന്ന കാര്യങ്ങള്‍ നമ്മുടെയൊക്കെ സത്യപ്രതിജ്ഞ പോലെ നിര്‍ഭയമായും അങ്ങിനെയുമിങ്ങിനെയുമൊക്കെ ധൈര്യമായി പറയാനുള്ള ഒരു വേദിയാണ് ബ്ലോഗ്. മറ്റുള്ളവരെപ്പോലെ ഞാനും ഒരു മനുഷ്യജീവിയായതുകാരണം എനിക്ക് കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന അഭിപ്രായസ്വാതന്ത്യത്തോടുള്ള ബഹുമാനം, അഭിപ്രായത്തോടുള്ള ബഹുമാനം, വിയോജിക്കാനുള്ള യോജിപ്പ്, വ്യക്തിഹത്യാപരമല്ലാത്ത പെരുമാറ്റങ്ങള്‍, വികാരങ്ങളെ വൃണപ്പെടുത്താതിരിക്കല്‍ , പറയുന്നതൊക്കെ സഭ്യവും നിയമാനുസൃതവുമായിരിക്കണം തുടങ്ങിയ ചുരുക്കം ചില നിബന്ധനകള്‍ ഞാനും പാലിക്കണം എന്നതൊഴിച്ചാല്‍ സര്‍വ്വസ്വതന്ത്രവിഹാരഭൂമിയാണ് എനിക്ക് ബ്ലോഗ്. അതിങ്ങിനെതന്നെയങ്ങ് പോയാലുള്ള ഗുണം ബ്ലോഗ് ഒരിക്കലും നമ്മളെ ഭരിക്കില്ല. നമ്മുടെ ബ്ലോഗിന്റെ സര്‍വ്വാധികാരിയും സര്‍വ്വേക്കലും രാജാവും പ്രജയും സീയീയോയും പ്യൂണും എല്ലാം നമ്മള്‍ തന്നെ. നമുക്ക് തോന്നുമ്പോള്‍ ഇത് വന്ന് തുറക്കും, അടിച്ച് വാരണമെന്ന് തോന്നിയാല്‍ വാരും, അല്ലെങ്കില്‍ അവിടെ കിടക്കും, എന്തെങ്കിലും പറയണമെന്ന് തോന്നിയാല്‍, എവിടെയെങ്കിലും പറയണമെന്ന് തോന്നിയാല്‍ പറയും; ഇല്ലെങ്കില്‍ പറയില്ല. ഇന്നൊന്ന് പറയും, നാളെ ചിലപ്പോള്‍ മാറ്റി പറയും... എന്തും ചെയ്യും-മുകളില്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കാന്‍ ശ്രമിച്ചുകൊണ്ട്.

ബഹുമാനം

മുകളില്‍ പറഞ്ഞതൊക്കെ തന്നെ. എല്ലാവരും എന്നെ ബഹുമാനിക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്. എന്റെ വ്യക്തിജീവിതത്തില്‍ ഞാനെന്ന വ്യക്തിയെത്തന്നെയായിരിക്കണം എല്ലാവരും ബഹുമാനിക്കേണ്ടത് എന്നാണ് എന്റെ വിനീതമായ ആഗ്രഹം. പക്ഷേ ബ്ലോഗില്‍ ഞാന്‍ ബഹുമാനിക്കുന്നത് ആ ബ്ലോഗ് ചെയ്യുന്ന ആള്‍ പറയുന്ന കാര്യങ്ങളുടെ ശരിയും തെറ്റും അയാളുടെ നിരീക്ഷണങ്ങളുടെ രീതിയും അയാള്‍ പറയുന്നതിന്റെ ഉദ്ദേശശുദ്ധിയും എല്ലാം നോക്കിയിട്ടാണ്. അതുകൊണ്ട് അത്തരം ബഹുമാനങ്ങള്‍ മാത്രമേ ബ്ലോഗില്‍ ഞാനും പ്രതീക്ഷിക്കുന്നുള്ളൂ-ശ്രദ്ധിക്കുക. ഇതെല്ലാം പ്രതീക്ഷ മാത്രം. എല്ലാവരും എന്നെ ബഹുമാനിക്കണം എന്നത് എന്റെ ആഗ്രഹം. പക്ഷേ ധാരാളം ശ്രമിച്ചു നോക്കി, കൂലിക്ക് ആളെ വരെ ഇറക്കി. പക്ഷേ എത്ര ശ്രമിച്ചിട്ടും പിടിച്ച് വാങ്ങിക്കാനോ പിടിച്ച് പറിക്കാനോ പറ്റാത്ത ഒരു സംഗതിയാണ് ഈ ബഹുമാനം എന്നൊക്കെ പറയുന്നത് എന്ന ദുഃഖ സത്യം ഞാന്‍ പയ്യെപ്പയ്യെ മനസ്സിലാക്കി. കൊല്ലത്തുകാര്‍ പറയുന്നത് ബഹുമാനം കൊടുക്ക്, ചിലപ്പോള്‍ കൊല്ലത്ത് വന്നാല്‍ കൊടുത്ത അത്രയുമെങ്കിലും തിരിച്ച് കിട്ടിയേക്കാം എന്നാണ്. മറ്റുനാടുകളിലും അതാവും സ്ഥിതി. അതുകൊണ്ട് അത്രയേ ഉള്ളൂ ബഹുമാനത്തെപ്പറ്റിയുള്ള എന്റെ ബ്ലോഗ് സങ്കല്‍‌പങ്ങള്‍.

അഭിപ്രായ സ്വാതന്ത്ര്യം

അതാണല്ലോ ബ്ലോഗിന്റെ ഏറ്റവും വലിയ ഒരു ഗുണമായി ഞാന്‍ കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എന്നത് രണ്ട് വാക്കാണ്. ഇതില്‍ സ്വാതന്ത്ര്യമെന്ന വാക്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് എനിക്ക് തോന്നുന്നത്. ആ സ്വാതന്ത്ര്യം, മുകളില്‍ പറഞ്ഞ ഇമേജ് തടവറകളില്‍ നിന്നും, എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ നമ്മളെ മോശക്കാരനാക്കുമോ എന്നുമൊക്കെയുള്ള ചുമ്മാ പേടികളില്‍ നിന്നും, അങ്ങിനത്തെ കാക്കത്തൊള്ളായിരം കെട്ടുപാടുകളില്‍ നിന്നും മിഥ്യാധാരണകളില്‍ നിന്നുമൊക്കെയുള്ള സ്വാതന്ത്ര്യമാണ്. നിത്യജീവിതത്തില്‍ നിത്യവും കണ്ടുകൊണ്ടിരിക്കുന്നവരോടൊക്കെ നമ്മള്‍ ഇടപെടുമ്പോള്‍ മുഖം നോക്കിയാണ് പലപ്പോഴും അഭിപ്രായങ്ങളൊക്കെ പറഞ്ഞിരുന്നത്. അത് ആണത്ത ഡിഗ്രി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഭവമാണോ എന്നറിയില്ല. പക്ഷേ അങ്ങിനെയേ പറ്റുന്നുള്ളൂ. പക്ഷേ ബ്ലോഗില്‍ എന്റെ ആനമോന്ത മാത്രമുള്ളതുകൊണ്ട് നോ പ്രോബ്‌ളം. ചുമ്മാ പറയാം. കേള്‍ക്കേണ്ടവര്‍ക്ക് കേള്‍ക്കാം, അല്ലാത്തവര്‍ക്ക് കൂവാം. സോ സിമ്പിള്‍.

നാട്ടിലെയൊക്കെ ചില നമ്പരുകള്‍ ഓര്‍മ്മ വരുന്നു. നമ്മള്‍ ഇങ്ങിനെ ഒരു സംഭവത്തെപ്പറ്റി ചര്‍ച്ചിച്ചുകൊണ്ടിരിക്കുമ്പോള്‍, നമ്മുടെ മലയാള രീതിവെച്ച് ചര്‍ച്ച മൂക്കുമ്പോള്‍ സംഭവം അസ്ഥിക്ക് പിടിക്കുമല്ലോ. പിന്നെ എങ്ങിനെയും നമ്മുടെ മുയലിന്റെ കൊമ്പ് നാല് എന്ന കാര്യം സ്ഥാപിച്ചെടുക്കാനായിരിക്കുമല്ലോ നമുക്ക് വ്യഗ്രത. അപ്പോള്‍ നമ്മള്‍ കണക്കുകൂട്ടലൊക്കെ തുടങ്ങും. ആ ഇരിക്കുന്ന രാമകൃഷ്ണന്‍ എന്തായാലും നമ്മുടെ കൂടെ കൂടും. അവന്‍ എന്തായാലും നമ്മളെ സപ്പോര്‍ട്ട് ചെയ്യും. ആ ഒരു ആത്മവിശ്വാസത്തില്‍ നമ്മള്‍ പൂര്‍വ്വാധികം ശക്തിയോടെ കണ്ണൊക്കെ പൂട്ടി വാദിക്കും “ഈ മുയലിന് കൊമ്പ് നാല് തന്നെ” (മനസ്സില്‍ കണക്കു കൂട്ടുന്നത് കൂടിവന്നാല്‍ മൂന്നെന്ന കോമ്പ്രമൈസിന് പോവും. അതില്‍ നിന്ന് ഒരു കൊമ്പ് പോലും കുറയ്ക്കില്ല). അപ്പോഴാണ് ഒരു ഇടിത്തീ പോലെ രാമകൃഷ്ണന്‍ പറയുന്നത്:

“ഓ, ഞാന്‍ നോക്കിയിട്ട് ഈ മുയലിന് കൊമ്പൊന്നും കാണുന്നേ ഇല്ല”

ധിം തരികിട തോം തോം തോം...

എന്ത് ചെയ്യും? അപ്പോള്‍ നമ്മള്‍ നമ്മുടെ സ്ഥിരം കുറെ നമ്പരുകളെടുക്കും.

“ഹെന്ത്... ഞാന്‍ ഏറ്റവും അധികം ബഹുമാനിച്ചിരുന്ന (ചുമ്മാ), എന്റെ ആരാധനാ പാത്രമായിരുന്ന (ഓ പിന്നേ), ഞങ്ങളുടെയൊക്കെ ഇടയില്‍ ഇത്രയും നല്ല ഇമേജുണ്ടായിരുന്ന (പിന്നെ പിന്നേ) രാമകൃഷ്ണന്‍ തന്നെയാണൊ ഈ പറയുന്നത്? എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല... രാമകൃഷ്ണാ... രാമകൃഷ്ണാ... (നാട്ടിലെ നാടക സീനുകള്‍ പശ്ചാത്തലമായി ഓര്‍ക്കുക, പശ്ചാത്തലത്തില്‍ ഡിം ലൈറ്റ്, ശോകമ്യൂസിക്ക്...)

അത്രയ്ക്ക് മനക്കട്ടിയില്ലാത്ത ഏത് രാമകൃഷ്ണനും ഫ്ലാറ്റ്. താന്‍ ഇത്രയും വലിയ പുള്ളിയാണെന്ന് രാമകൃഷ്ണന്‍ അതുവരെ ഓര്‍ത്തതേ ഇല്ലായിരുന്നു. അഗ്രു പറഞ്ഞതുപോലെ ഈ പറഞ്ഞ സംഭവങ്ങള്‍ മുഴുവന്‍ ആ പിഞ്ചുഹൃദയത്തില്‍ ഒതുക്കി വെച്ചുകൊണ്ടല്ലായിരുന്നോ മുകളില്‍ സെന്റി ഡയലോഗടിച്ച തൊമ്മിക്കുഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. ഇതുവല്ലതും രാമകൃഷ്ണന്‍ അറിഞ്ഞോ? ആകപ്പാടെ ടെന്‍‌ഷനടിച്ച് മിക്കവാറും രാമകൃഷ്ണന്‍‌മാര്‍ പ്ലേറ്റ് മാറ്റും.

“അതേ... തൊമ്മിക്കുഞ്ഞേ, ഇങ്ങോട്ട് നോക്കിക്കേ, മുയലിനെ ഞാന്‍ ആ ആംഗിളില്‍ നോക്കിയതുകൊണ്ടല്ലേ കൊമ്പൊന്നും കാണാന്‍ പറ്റാതിരുന്നത്. ദോ ഈ ആംഗിളില്‍ നോക്കിയപ്പോള്‍ കൊമ്പ് പോലെന്തോ ഒക്കെ കാണുന്നുണ്ട്. അത് കൊമ്പ് തന്നെയായിരിക്കണം, കൊമ്പാണ്, ആണ് ആണ്..“

സ്വന്തം ഇമേജ് മുഴുവന്‍ കീപ്പ് ചെയ്യാന്‍ പറ്റിയ രാമകൃഷ്ണന്‍ ഹാപ്പി, സപ്പോര്‍ട്ടിന് കൂട്ട് കിട്ടിയ തൊമ്മിക്കുഞ്ഞ് അതിലും ഹാപ്പി.

പാവം മുയല്‍...

പക്ഷേ നിത്യജീവിതത്തില്‍ പ്രായോഗികമായി നോക്കുമ്പോള്‍ ആ മുയലിന് കൊമ്പ് മൂന്ന് എന്ന് സമ്മതിക്കുന്നത് തന്നെയായിരുന്നിരിക്കണം രാമകൃഷ്ണനും നല്ലത്. അവരൊക്കെ ഒരുമിച്ച് ഒരു ഓഫീസില്‍ ജോലി ചെയ്യുന്നവരോ, വൈകുന്നേരങ്ങളില്‍ ദിവസവും കാണുന്നവരോ ഒക്കെ ആയിരിക്കും. പക്ഷേ ആ ഒരു സ്ഥിതിവിശേഷം ബ്ലോഗിലും എടുത്ത് വെച്ച് ഇവിടെയും തൊമ്മിക്കുഞ്ഞുങ്ങള്‍ അതേ നമ്പര് ഇറക്കി രാമകൃഷ്ണന്മാരെ വരുതിക്ക് നിര്‍ത്താന്‍ നോക്കിയാല്‍ എന്താണ് ബ്ലോഗിന്റേതായ ഒരു പ്രത്യേകത? അതുകൊണ്ട് ബ്ലോഗില്‍ മുയലിന് കൊമ്പ് മൂന്നെന്ന് പറയുമ്പോള്‍ “ഒന്നും കാണുന്നില്ലല്ലോ“ എന്നാരെങ്കിലും പറഞ്ഞാല്‍ ഒന്നുകില്‍ തെളിയിച്ച് കൊടുക്കുക-കൊമ്പ് മൂന്ന് തന്നെ എന്ന്. അതല്ലാതെ “ശരി തന്നേ? എനിക്കങ്ങിനെ തോന്നുന്നില്ലല്ലോ” എന്നാരെങ്കിലും പറയുമ്പോള്‍ കൂക്കി വിളിക്കുക, ചിരിച്ച് കാണിക്കുക, കണ്ണുരുട്ടി കാണിക്കുക, അയ്യേ, അയ്യേ എന്നൊക്കെ വെക്കുക ഇതൊക്കെയാണ് രീതിയെങ്കില്‍ അത് നമ്മള്‍ നാട്ടില്‍ പണ്ടുമുതല്‍‌ക്കേ കണ്ടുവരുന്ന രീതിയല്ലേ. അതിനെന്തിനാണ് ബ്ലോഗ്?

അതുകൊണ്ട് തികച്ചും സ്വാതന്ത്ര്യബോധത്തോടെ സ്വതന്ത്രമായി കെട്ടുപാടുകളില്ലാതെ അഭിപ്രായം പറയുക എന്നതാണ് എന്റെ ബ്ലോഗിലെ അഭിപ്രായസ്വാതന്ത്ര്യ സങ്കല്‍‌പം. ആരുടെയെങ്കിലും സപ്പോര്‍ട്ടോ സപ്പോര്‍ട്ടയ്ക്കായോ പ്രതീക്ഷിച്ചുകൊണ്ട് എന്തെങ്കിലും അഭിപ്രായം ബ്ലോഗില്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല. കൊച്ചിയിലിരുന്ന് ബ്ലോഗില്‍ അഭിപ്രായം പറയുന്ന ഞാന്‍ കോംഗോയിലുള്ള കോദണ്ഡരാമന്‍ എന്ന ബ്ലോഗില്‍ മാത്രം കണ്ടിരിക്കുന്ന ആളുടെ സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? കോദണ്ഡരാമന്‍ ആരാണെന്നോ എന്താണെന്നോ അറിയില്ല. ഇനി എന്റെ അതേ ചിന്താഗതികള്‍ ചില കാര്യങ്ങളില്‍ കോദണ്ഡരാമന്‍ (കുന്തം... വേറേ എന്തെങ്കിലും പേര് ഉദാഹരിക്കാമായിരുന്നു, കോദണ്ഡരാമന്റെ ണ്ഡ എഴുതി കൈയ്യുളുക്കുന്നു) വെച്ചുപുലര്‍ത്തിയിരുന്നെങ്കില്‍ തന്നെ ഇക്കാര്യത്തില്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ അഭിപ്രായം എന്ന് ഞാനെങ്ങിനെ അറിയും? ഇനി ഇക്കാര്യത്തിലും കോദണ്ഡരാമന് എന്റെ തന്നെ അഭിപ്രായമാണെങ്കില്‍ തന്നെ ഞാന്‍ ഇവിടെ അഭിപ്രായം പറയുന്ന സമയത്ത് കോദണ്ഡരാമന്‍ കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുകയാണെങ്കിലോ? അതുകൊണ്ട് നമുക്ക് പറയണമെന്നുണ്ടെങ്കില്‍ നമ്മള്‍ ധൈര്യമായി പറയുക. ആരെങ്കിലും കൂടെ കൂടിക്കൊള്ളും എന്നോര്‍ക്കുന്നതൊക്കെ ബ്ലോഗില്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ നമ്മളെ നിരാശരാക്കാനും മതി.

ലഞ്ച് ബ്രേക്ക് (ലഞ്ചുണ്ടെന്ന് ആദ്യം ചുമ്മാ പറഞ്ഞതാണെന്നാണോ ഓര്‍ത്തത്)
..............
..............

ലഞ്ച് കഴിഞ്ഞു.

കൂട്ടായ്മ

ഇതാണ് മറ്റ് ഭാഷാ ബ്ലോഗുകളുമായി നോക്കിയാലും ബ്ലോഗുകള്‍ മൊത്തത്തില്‍ നോക്കിയാലും മലയാളം ബ്ലോഗിനുള്ള ഏറ്റവും വലിയ പ്രത്യേകത. അതിഭീകരമായ ഒരു കൂട്ടായ്മ സങ്കല്‍‌പം മലയാളം ബ്ലോഗിനുണ്ട് എന്ന് തോന്നുന്നു.

(ലഞ്ച് കഴിഞ്ഞതല്ലേ. ഉറക്കം വരുന്നവര്‍ കൂട്ടായ്മയെ പറ്റി മാത്രമല്ല, ബ്ലോഗിംഗിന്റെ മൊത്തം സംഗതികള്‍ വളരെ ശാസ്ത്രീയമായി ദേവേട്ടന്‍ വിവരിച്ചിരിക്കുന്നത് ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും ഉണ്ട്. അത് വായിക്കുക. എത്ര ഉറക്കം വരുന്ന ആളാണെങ്കിലും ഉറക്കമെല്ലാം പോയി (എന്ന് പറഞ്ഞാല്‍ ഭീകര സ്വപ്നം കണ്ട് ഞെട്ടുമ്പോള്‍ പോകുന്നതല്ല, താത്പര്യം വരുമ്പോള്‍ പോകുന്ന ഉറക്കം) മൊത്തം വായിക്കും. അതാണെങ്കില്‍ ശാസ്ത്രീയവുമാണ്. ഞാനിവിടെ കിടന്ന് പറയുന്ന ബ്ലാ ബ്ലാ ബ്ലാക്ക് ഷീപ്പ് പോലെയല്ല).

എന്റെ അഭിപ്രായത്തില്‍ മലയാളം അക്ഷരങ്ങള്‍ ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്ന ലോകത്താകമാനം ഇരിക്കുന്ന ആള്‍ക്കാരുടെ എല്ലാം തികഞ്ഞ എല്ലാ അര്‍ത്ഥത്തിലുമുള്ള ഒരു കൂട്ടായ്മ എന്ന് പറയുന്നത് ഉട്ടോപ്യയിലോ എത്യോപ്യയിലോ മാത്രം പ്രാവര്‍ത്തികമാക്കാവുന്ന തികച്ചും സാങ്കല്‍‌പികവും ഉദാത്തവുമായ ഒരു പരിപാടി ആണെന്നുള്ളതാണ്. ശരി, സമ്മതിച്ചു, മലയാളം അക്ഷരം ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ട്. അതിന്റെ കടയ്ക്കല്‍, കടപ്പാക്കട, വര്‍ക്കല, ചിറയിന്‍‌കീഴ് മുതലായവയില്‍ കത്തി വെക്കുന്നവരെയും അതിനെ രണ്ടായും മൂന്നായും നടുവെയും കുറുകെയും വെട്ടിമുറിക്കുന്നവരെയും കീറി മുറിക്കുന്നവരെയും വെട്ടിക്കീറുന്നവരെയും കുത്തിക്കീറുന്നവരെയും ഒറ്റപ്പെടുത്തുകയും പെട്ടപ്പെടുത്തുകയും പേടിപ്പെടുത്തുകയും ഒക്കെ വേണ്ടതാണ്. അപ്പോള്‍ നമുക്ക് മലയാളം ബ്ലോഗ് എന്നതിനെ റഫറന്‍സ് ആയി വെക്കാം.

അങ്ങിനെയാണെങ്കില്‍ മലയാളം അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ച് മലയാളം എന്ന ഭാഷ സംസാരിക്കുന്ന ലോകമെമ്പാടും പടര്‍ന്ന് പന്തലിച്ച് പന്തലിനകത്ത് കിടക്കുന്ന മലയാളി എന്ന കൂട്ടായ്മയെപ്പറ്റി ഓര്‍ത്ത് നോക്കിക്കേ? ആ കൂട്ടായ്മയില്‍ കള്ളനുണ്ട്, കൊള്ളക്കാരനുണ്ട്, കൊള്ളിവെയ്പുകാരനുണ്ട്, നല്ലവനുണ്ട്, മാന്യനുണ്ട്, മിടുക്കനുണ്ട്, മാര്‍ക്‍സിസ്റ്റുകാരുണ്ട്, ബീജേപ്പിക്കാരുണ്ട്, കോണ്‍ഗ്രസ്സുകാരുണ്ട്, ലീഗുകാരുണ്ട്, പിന്നെ ആത്യന്തികമായി ഞാനുമുണ്ട്. അങ്ങിനെ പടര്‍ന്ന് പന്തലിച്ചുകിടക്കുന്ന ആ കൂട്ടായ്മയില്‍ കത്തിവെക്കുന്നവരെ നമ്മള്‍ മലയാള ഭാഷ സംസാരിക്കുന്ന മലയാളികള്‍ എന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ എങ്ങിനെയാണ് ഒറ്റപ്പെടുത്തുന്നത്? എന്താണ് അതിന്റെ ഒരു സ്ട്രാറ്റജി?

അല്ലെങ്കില്‍ വേണ്ട, നമ്മളെല്ലാവരും മമ്മൂട്ടിയുടെ ബിഗ് ബി (നിരൂപണം ഇവിടെയുണ്ട്, അത് ആദ്യം വായിക്കണം, എന്നിട്ടേ ഹരീയുടെ ഈ നിരൂപണം വായിക്കാവൂ. ഹരീയുടെ വായിച്ചിട്ടാണെങ്കില്‍ പിന്നെ ആരും എന്റെ നിരൂപണം വായിക്കുമെന്ന് തോന്നുന്നില്ല എന്നുള്ള ആത്മവിശ്വാസം കൊണ്ടാണ് ഈ ഒരു കടുംകൈ - ഡയറക്ട് മാര്‍ക്കറ്റിംഗ് ഒരു പാപമാണോ സാര്‍?) സിനിമ കാണാന്‍ തിരുവനന്തപുരം അജന്ത എല്ലോറ തീയറ്ററില്‍ ഇരിക്കുന്നു. അങ്ങിനെ ബിഗ് ബി എന്ന മമ്മൂട്ടിപ്പടം കാണാന്‍ വന്ന ആള്‍ക്കാരുടെ കൂട്ടായ്മയില്‍ അംഗങ്ങളാണ് നമ്മളെല്ലാവരും. സിനിമയൊക്കെ കണ്ട് വന്നപ്പോള്‍ നമ്മുടെ സീറ്റിന്റെ ഇപ്പുറത്തെ സീറ്റില്‍ ഇരിക്കുന്നവനെ അതിനുമിപ്പുറത്തിരിക്കുന്നവന്‍ പിടിച്ചിടിക്കുന്നു. നമ്മള്‍ എന്ത് ചെയ്യും? ബിഗ് ബി എന്ന സിനിമ കാണാന്‍ വന്ന കൂട്ടായ്മയില്‍ അംഗമല്ലേ ഇടികൊള്ളുന്നവനും; അത് ആ കൂട്ടായ്മയുടെ കടയ്ക്കല്‍ കത്തിവെക്കലല്ലേ എന്നൊക്കെ വിചാരിച്ച് നമ്മള്‍ ചാടി വീഴുമോ? മിക്കവാറും നമ്മള്‍ ചെയ്യുന്നത് മമ്മൂട്ടിയുടെ എന്തെങ്കിലും ഡയലോഗ് ആ ഇടിയില്‍ മിസ്സായാല്‍ ഇടിക്കുന്നവനോട് പറയും “അണ്ണേ, ബഹളമുണ്ടാക്കാതണ്ണേ, സിനിമ കാണട്ടെ” എന്ന്. അല്ലെങ്കില്‍ കൂടി വന്നാല്‍ “എന്താ അണ്ണാ പ്രശ്‌നം?” എന്ന് ചോദിക്കും. ഇടിക്കുന്ന അണ്ണന്‍ പറയുകയാണ് “ദോ ലെവന്‍ എന്റെ പോക്കറ്റടിക്കാന്‍ നോക്കി, അത് തന്നെ പ്രശ്‌നം” എന്നെങ്ങാ‍നും പറഞ്ഞാല്‍ സിനിമയുടെ മൂഡിലാണെങ്കില്‍ “പോലീസിനെ വിളിയണ്ണേ” എന്നെങ്ങാനും പറഞ്ഞ് നമ്മള്‍ ആകാംക്ഷാ ഭരിതരായി ബിഗ് ബി എങ്ങിനെയാണ് വില്ലന്മാരെ പിടിക്കുന്നത്, ടീച്ചറിന്റെ കൊലപാതികള്‍ ആര് എന്നൊക്കെ ആലോചിച്ച് സീറ്റിന്റെ തുമ്പത്തിരുന്ന് പടം കാണും. അല്ലെങ്കില്‍, കൂടി വന്നാല്‍, ആ അണ്ണന്റെ കൂടെ പോയി പോലീസിന് ഫോണ്‍ ചെയ്യുകയോ തീയറ്ററുകാരോട് വിവരം പറയുകയോ ചെയ്യും.

ഈ സംഭവങ്ങളൊക്കെ നടക്കുമ്പോള്‍ ആ കൂട്ടായ്മയിലെ ബാക്കിയുള്ളവരോ? മിക്കവാറും വല്ല ഒച്ചയോ ബഹളമോ ഒക്കെ കേട്ടെന്നിരിക്കും. അല്ലാതെ ബിഗ്‌ബി കൂട്ടായ്മയിലെ ഒരംഗത്തെ ഇടിച്ച് ഈ കൂട്ടായ്മ തകര്‍ക്കാന്‍ നോക്കിയവനേ എന്നൊക്കെ പറഞ്ഞ് പോക്കറ്റടിക്കപ്പെട്ട അണ്ണനെ ഒറ്റപ്പെടുത്താന്‍ എല്ലാവരും കൂടി നോക്കുമോ? അങ്ങിനെയാരെങ്കിലും നമ്മളോട് പറഞ്ഞാല്‍ എന്തായിരിക്കും നമ്മള്‍ അയാളോട് പറയുന്നത്? ഇനി പ്രശ്‌നം മൂത്ത് ആകപ്പാടെ ബഹളമായെങ്കില്‍ ഷോ കുറച്ച് നേരം നിര്‍ത്തി വെക്കുമായിരിക്കും. അതിലപ്പുറം വെല്ലതും അവിടെ നടക്കുമോ?

അത്രയല്ലേ ഉള്ളൂ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരുടെ കൂട്ടായ്‌മ എന്നതും? നമ്മള്‍ മലയാളികളുടെ ഒരു സ്വഭാവമാണെന്ന് തോന്നുന്നു-ഏതെങ്കിലും മറുനാട്ടില്‍ നാല് മലയാളികള്‍ ഒന്നിച്ച് കൂടിയാല്‍ മലയാളത്തില്‍ സംസാരിക്കുന്നു എന്ന ഒറ്റയടിസ്ഥാനത്തില്‍ നമ്മള്‍ കൂട്ടായ്മ ഉണ്ടാക്കും. വളരെ നല്ലതാണ് അത്. മറ്റു പല നാട്ടുകാര്‍ക്കും കാണാത്ത ഒരു സ്വഭാവമാണത്. ഞാനതിനെ ഒരിക്കലും തള്ളിപ്പറയില്ല. പ്രത്യേകിച്ച് അജണ്ടയൊന്നുമില്ലാത്ത, മലയാളം ഭാഷ എന്നത് മാത്രം ആസ്പദമാക്കിയുള്ള ഈ കൂട്ടായ്മ ആ രീതിയില്‍ തന്നെ പോയാല്‍ വളരെ നല്ലത്. പക്ഷേ ഒരു മൂന്നുമാസം കഴിയുമ്പോഴായിരിക്കും കൂട്ടായ്മയിലെ ഒരുത്തന്‍ മനസ്സിലാക്കുന്നത്, മറ്റവന്‍ പക്കാ വലതുപക്ഷ അരാഷ്ട്രീയ നിരക്ഷരകുക്ഷിയാണെന്നത്. ലെവനോ, നല്ല ഒന്നാന്തരം ലെഫ്‌റ്റിസ്റ്റും. മൂന്നാമനാണെങ്കില്‍ മമ്മൂട്ടിയുടെ ചാവേറാവാനും തയ്യാറാണെങ്കില്‍ നാലാമനോ ലാലേട്ടന്‍ പങ്കയൂണിയന്റെ ആള്‍ കേരളാ പ്രസിഡണ്ടും പോരാത്തതിന് ആന്റണിഗ്രൂപ്പും. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളൊക്കെയുണ്ട്. പക്ഷേ കൂട്ടായ്മ ഭൂതം കാരണം, കൂട്ടായ്‌മ നഷ്ടപ്പെടുമോ എന്നുള്ള പേടി കാരണം, എല്ലാം ഉള്ളിലൊതുക്കി കടിച്ച് പിടിച്ചിരിക്കുന്നു. പലപ്പോഴും പലതും പറയണമെന്നുണ്ട്. പറയില്ല. അങ്ങിനെ വനുവന്നുവന്നുവന്ന് ഒരു അഗ്‌നിപര്‍വ്വതമാണ് എല്ലാവരുടെയും ഉള്ളില്‍ പുകയുന്നത്. പക്ഷേ കൂട്ടായ്മ ഭൂതം കാരണം പറയാനും വയ്യ, പറയാതിരിക്കാനും വയ്യ എന്ന മഴഗാനം പാടാന്‍ പോലും പറ്റുന്നില്ല. രാത്രി ഉറങ്ങുമ്പോള്‍ മുറിയില്‍ മൊത്തം “ഘ്രും, ഗ്രും, കുറും, മുറും, ഘ്രൂം” ശബ്ദങ്ങള്‍ മാത്രം (പല്ല് ഞെരിക്കുന്നതിന്റെയാണ്).

അവസാനം ഇതൊരുദിവസം പൊട്ടിത്തെറിക്കും. പക്ഷേ കാരണമെന്താണെന്നറിയേണ്ടേ- വലതുപക്ഷന്റെ പേസ്റ്റ് ലെഫ്റ്റിസ്റ്റ് എടുത്തെന്നോ, മമ്മൂട്ടിച്ചാവേറിന്റെ ദോശ ലാലേട്ടന്‍ പങ്ക തിന്നെന്നോ ഒക്കെപ്പറഞ്ഞ് ലോകത്ത് വേറേ ആര് കേട്ടാ‍ലും മൂക്കത്ത് പോലും വിരല്‍ വെക്കാത്ത ഒരു കാരണത്തിന്റെ പേരില്‍ ഈ കൂട്ടായ്മ മൊത്തത്തില്‍ അടിച്ച് പിരിഞ്ഞ് പല വഴിക്കാകും. പിന്നെ ഒരുകാലത്തും ഈ അണ്ണന്മാര്‍ മിണ്ടില്ലെന്ന് മാത്രമല്ല, നാലണ്ണന്മാരും അതിഭീകര പ്ലാനുകളും പദ്ധതികളും തയ്യാറാക്കി എപ്പോഴും ഒളിഞ്ഞും തെളിഞ്ഞും എതിരാളിയെ ആക്രമിച്ചാക്രമിച്ചാക്രമിച്ചുകൊണ്ടിരിക്കുകയും അതില്‍‌നിന്നും മാക്സിമം മാനസിക സംതൃപ്തി അനുഭവിക്കുകയും ചെയ്യും. അങ്ങിനെ മറ്റ് പല നാട്ടുകാര്‍ക്കുമില്ലാത്ത, മാഗി റ്റു മിനിറ്റ്സ് നൂഡിത്സ് പോലെ വെറും രണ്ട് മിനിറ്റുകൊണ്ട് ഒരു കൂട്ടായ്മ ഉണ്ടാവുകയും രണ്ട് മാസം കഴിയുമ്പോള്‍ ഒരു മിനിറ്റ് പോലും എടുക്കാതെ അത് മൊത്തം അടിച്ച് പിരിയുകയും ചെയ്യും. കാരണം ഞാന്‍ ആദ്യം പറഞ്ഞ പരസ്പരവിശ്വാസബഹുമാനാഭിപ്രായസ്വാതന്ത്യമംഗീകരിക്കല കലപില.... പ്രശ്‌നങ്ങള്‍.

പക്ഷേ ബ്ലോഗില്‍ കൂട്ടായ്മ പറ്റില്ലേ? തീര്‍ച്ചയായും. മലയാളം ഭാഷ സംസാരിക്കുന്ന മലയാളികള്‍ക്കിടയിലുമുണ്ടല്ലോ കാക്കത്തൊള്ളായിരം കൂട്ടായ്മകള്‍. മാര്‍ക്സില്‍ വിശ്വാസമുള്ളവര്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൂട്ടായ്മ (ഇക്കാലത്ത് തന്നെ അത് പറയണം), കോണ്‍ഗ്രസ്സുകാരുടെ കൂട്ടായ്മ (ദോ വരുന്നു അടുത്തത്), ബി.ജെ.പി കൂട്ടായ്മ (കൂട്ടമുണ്ടായിട്ട് വേണ്ടേ സാര്‍ കൂട്ടായ്മ ഉണ്ടാവാന്‍?)... ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൂട്ടായ്മയില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുള്ളവര്‍ ചേര്‍ന്ന് ജനശക്തി കൂട്ടായ്മ ഉണ്ടാക്കും, ബി.ജെ.പി പാര്‍ട്ടി കൂട്ടായ്മയില്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ ചേര്‍ന്ന് ജനപക്ഷക്കൂട്ടായ്മയുണ്ടാക്കും... (കോണ്‍ഗ്രസ്സില്‍ അഭിപ്രായവ്യത്യാസമുള്ളവര്‍ മാത്രം എന്തുണ്ടാക്കുമെന്ന് ചോദിക്കരുത്. അതിനെപ്പറ്റി വിശദീകരിക്കാന്‍ നമ്മളൊന്നും പോര).

അതുപോലെ ബ്ലോഗിലും പറ്റും. പകര്‍പ്പവകാശം സംരക്ഷിക്കാന്‍ കൂട്ടായ്മയുണ്ടാക്കാം, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ്മ ഉണ്ടാക്കാം, ഒരു പ്രദേശത്തുനിന്ന് ബ്ലോഗ് ചെയ്യുന്നവരുടെ കൂട്ടായ്മ ഉണ്ടാക്കാം... അങ്ങിനെ എന്തെങ്കിലും വ്യക്തമായ ഒരു അജണ്ടയുടെ പേരില്‍ കാക്കത്തൊള്ളായിരം കൂട്ടായ്മകള്‍ ഉണ്ടാക്കാം. എന്ത് കാരണമായാലും ശരി അതിനോട് യോജിക്കുന്നവര്‍ കൂട്ടു ചേര്‍ന്നാലത് കൂട്ടായ്മയായി എന്നല്ലേ ന്യൂട്ടണ്‍ പറഞ്ഞിരിക്കുന്നത്. അങ്ങിനെ ഒരു മൈക്രോ ലെവല്‍ കൂട്ടായ്മയുണ്ടായാല്‍ അതിന്റെ കടക്കല്‍ കത്തിവെക്കുന്നവനെയും അതിനെ വിഭജിക്കാന്‍ നോക്കുന്നവനെയും കുത്തി, പിന്നെ തിരിപ്പുണ്ടാക്കാന്‍ നോക്കുന്നവനെയും ഒറ്റപ്പെടുത്താന്‍ ഒരു പ്രശ്‌നവുമില്ല. അങ്ങിനെ ഒറ്റപ്പെടുന്നവര്‍ക്ക് വേണമെങ്കില്‍ അടുത്ത ഒരു കൂട്ടായ്‌മയും ഉണ്ടാക്കാം. ഇനി ഈ കൂട്ടായ്മക്കാര്‍ക്കെല്ലാം അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെടുകയോ സഹകരിക്കുകയോ എന്തുവേണമെങ്കിലും ആവുകയുമാവാം. അതല്ലാതെ മലയാളം അക്ഷരം ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്ന, കാക്കത്തൊള്ളായിരം രീതികളും സ്വഭാവങ്ങളും അജണ്ടകളും ജണ്ടകളും ചെണ്ടകളും ഉള്ള, എല്ലാവരും ഒരുമിച്ച് ചേര്‍ന്നുള്ള ഒരുആഗോള ഭൂഗോള കൂട്ടായ്മ എന്ന് പറയുന്നത് എത്രമാത്രം പ്രായോഗികമാണ്? അതുകൊണ്ട് തന്നെ അതിന്റെ കടയ്ക്കല്‍ ആരോ കത്തി വെച്ചു, അത് വിഭജിച്ചു, അവിടെ ഗ്രൂപ്പ് ഉണ്ടാക്കി, അങ്ങിനെയുള്ളവരെയൊക്കെ ഒറ്റപ്പെടുത്തണം എന്ന് പറയുന്നത് ഇല്ലാത്ത എന്തോ ഉണ്ടെന്നോര്‍ത്തുള്ള വര്‍ണ്ണ്യത്തിലാശങ്കയില്‍‌നിന്നുടലെടുക്കുന്ന ഇല്ലൂസിനേഷനാല്‍ അലംകൃതമായ ഒരു ഹാലൂസിനേഷന്‍ മാത്രമല്ലേ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു.

അതുകൊണ്ട് തന്നെ “പണ്ടൊക്കെ ഒരു കൂട്ടായ്മയുണ്ടായിരുന്നു, അപ്പോള്‍ ബ്ലോഗ് ചെയ്യാന്‍ നല്ല രസമായിരുന്നു, ഇപ്പോള്‍ ആകപ്പാടെ മടുത്തു, എല്ലാവരും അടിയാണ്, ഞാന്‍ നിര്‍ത്തുകയാണ്” എന്നൊക്കെ പറയുന്നവര്‍ എന്റെ അഭിപ്രായത്തില്‍ മുകളില്‍ പറഞ്ഞ ഇല്ലൂസിനേഷന്‍ കാരണമാണ് അങ്ങിനെയൊക്കെ ഓര്‍ക്കുന്നതെന്നാണ്. ഓരോ ബ്ലോഗും സര്‍വ്വസ്വതന്ത്രസാമ്രാജ്യങ്ങളാണ്. വിഭജിക്കാന്‍ പറ്റാത്തത്ര സ്വതന്ത്രം. പല ബ്ലോഗിന്റെയും അടിയില്‍ കാണാന്‍ മേലേ “ആറ്റം” എന്നൊക്കെ എഴുതിവെച്ചിരിക്കുന്നത്? എന്താണ് ആറ്റത്തിന്റെ ഗ്രീക്കിലുള്ള അര്‍ത്ഥം?- വിഭജിക്കാന്‍ പറ്റാത്തത്. അതേ, ആറ്റമൊക്കെ പോലെ അത്രയ്ക്ക് ശക്തിയുള്ളതും വിഭജിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ് ഓരോ ബ്ലോഗും. അവിടെ “കൂട്ടായ്മ പോയി, അടികണ്ട് മടുത്തു“ എന്നൊക്കെയോര്‍ത്ത് നമുക്ക് മടുപ്പ് വന്നെങ്കില്‍ ബ്ലോഗിന്റെ സങ്കല്പം നമ്മള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടില്ല എന്നേ ഞാന്‍ പറയൂ. ബ്ലോഗില്‍ നമുക്ക് മടുപ്പ് വന്നെങ്കില്‍ ബ്ലോഗ് ചെയ്യാന്‍ മടുത്തു എന്നേ ഉള്ളൂ. ഇല്ലാത്ത കൂട്ടായ്മ ഉണ്ടെന്നോര്‍ത്ത് ബ്ലോഗ് ചെയ്യുന്നതിനോ അതിന്റെ പേരില്‍ മടുപ്പുണ്ടാകുന്നതിനോ ബ്ലോഗര്‍ ഡോട്ട് കോം ഉത്തരവാദിയല്ല എന്ന് ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു. വേഡ് പ്രസ്സിന്റെ കാര്യം ഞാന്‍ ചോദിച്ചിട്ട് പറയാം.

ഉപസംഹാരാഹ്വാനം

അതുകൊണ്ട് എന്റെ എത്രയും പ്രിയപ്പെട്ട നാട്ടുകാരേ, വീട്ടുകാരേ, കൂട്ടുകാരേ, വെറും കാരേ, ക്ലാരേ,

ബ്ലോഗിംഗിലേക്ക് വരൂ, അതിന്റെ എല്ലാവിധ സാധ്യതകളും പൂര്‍ണ്ണമായും ഉപയോഗിക്കൂ, അത് ആസ്വദിക്കൂ. ഇമേജുകളുടെയും ഇല്ലാത്ത കൂട്ടായ്മയുടെയും തടവറയില്‍ നിന്നും മുക്തമായി പറയാനുള്ളതൊക്കെ ശക്തവും വ്യക്തവുമായി പറയാനും, അങ്ങിനെയൊരു ബ്ലോഗ് വ്യക്തിത്വം ഉണ്ടാക്കിയെടുക്കാനുമായും കൂടി ഉപയോഗിക്കൂ ഈ മാധ്യമം. ഇത് നമ്മള്‍ കണ്ട് പരിചയിച്ചിരിക്കുന്ന ക്ലബ്ബ്, അസോസിയേഷന്‍ മുതലായവ പോലെയുള്ള, ഇന്ന് കൂടി, നാളെ ഒന്നുകൂടി കൂടി മറ്റന്നാള്‍ തല്ലുണ്ടാക്കി അടിച്ച് പിരിയാന്‍ പറ്റുന്ന ഒന്നല്ല. ഇത് അതില്‍നിന്നൊക്കെ വ്യത്യസ്‌തമായ, ശക്തവും വ്യക്തവുമായ ഒരു മാധ്യമമാണ്. അടിക്കാനോ പിരിക്കാനോ ശാസ്ത്രീയമായി അസാധ്യമായ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഒരു ആഗോള പ്രതിഭാസമാണ് ബ്ലോഗ്. എന്തെന്നാല്‍ ഒരോ ബ്ലോഗിന്റെയും ആശയും ആമാശയവും കിഡ്‌നിയും തലച്ചോറും എല്ലാം ആ ബ്ലോഗിന്റെ ഉടമ മാത്രമാണ്. നിങ്ങള്‍ക്ക് എന്തും പറയാം, എന്തും എഴുതാം. നിങ്ങള്‍ ബ്ലോഗുന്നത് സഭ്യവും നിയമാനുസൃതവുമാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നെ ഒന്നിനെയും പേടിക്കാനുമില്ല. നാളത്തെ താളിയോലകളാണ് ഇന്നത്തെ ബ്ലോഗുകള്‍ എന്ന സത്യം ബ്ലോഗുന്നവരും കമന്റുന്നവരും മനസ്സിലാക്കിയാല്‍ പിന്നെ സംഗതി മൊത്തത്തില്‍ രക്ഷപെട്ടു. അങ്ങിനെ എന്തിന്റെയെങ്കിലുമൊക്കെ തടവറകളില്‍ കിടന്നുഴലുന്നവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പുതുവെളിച്ചം നല്‍‌കുന്ന ഈ മാധ്യമത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും വിനിയോഗിച്ച് ഓരോ പ്രാവശ്യവും ബ്ലോഗ് ചെയ്യാനും അതില്‍‌നിന്നും പരമാവധി സംതൃപ്തി നേടാന്‍ ശ്രമിക്കാനും നിങ്ങളെയെല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. നന്ദി, നമസ്കാരം, വെറും കാരം.

ദേശീയഗാനം.

Labels: , , , , ,

27 Comments:

  1. At Sun Aug 05, 10:11:00 AM 2007, Blogger Santhosh said...

    പറയേണ്ടതു പറഞ്ഞിട്ടുണ്ട്, വക്കാരി സ്റ്റൈലില്‍ അല്പം പരത്തിത്തന്നെ!

     
  2. At Sun Aug 05, 10:21:00 AM 2007, Blogger സു | Su said...

    ഹോ...ഞാനിതൊക്കെ പറയണമെന്നോര്‍ത്ത് നാവു വളയ്ക്കാന്‍ തുടങ്ങിയതാ. വളഞ്ഞില്ല. ;)

    ഇത് പറഞ്ഞത് നന്നായി.

     
  3. At Sun Aug 05, 11:06:00 AM 2007, Blogger SunilKumar Elamkulam Muthukurussi said...

    എന്റെ ചങാതീ, സമ്മതിച്ചു. ഇത്രയും നീളത്തില്‍ എഴുതാന്‍ ടൈപീങ്, ഔട്സോഴ്സ് ചെയ്തിട്ടുണ്ട്ടോ?

    "പുശ്ചമെങ്കിലും“ ഇതെന്താ മാഷേ സാധനം?

    -സു-

     
  4. At Sun Aug 05, 11:25:00 AM 2007, Blogger evuraan said...

    പറയേണ്ടവ പറയാന്‍ ബ്ലോഗിലൊക്കില്ലെങ്കില്‍ പിന്നെന്തിനാ ബ്ലോഗ്?

    നല്ല ലേഖനം വക്കാരീ, ലേഖനത്തിനു മൃദുത്വം അല്പം കൂടിയെന്നൊരു ദോഷം ഞാന്‍ ഇവിടെ ആരോപിക്കുകയാണു്.

     
  5. At Sun Aug 05, 11:29:00 AM 2007, Blogger Satheesh said...

    പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞു!
    പക്ഷെ വക്കാരി പറയുന്ന ആ ideal ബ്ലോഗര്‍ ലെവലിലെത്തണമെങ്കില്‍ സ്വന്തം identity മറ്റാരും അറിയരുത് എന്നത് ആവശ്യമായി വരുന്നു. വേണ്ടേ?
    Eg. ബഹുവ്രീഹി ഒരുപാട്ടുപാടി പോസ്റ്റുന്നു . ‘ഇതൊക്കെ എന്തോന്നു് പാട്ടെടേ’ ന്നുള്ള സ്റ്റൈലില്‍ ഞാനൊരു കമണ്ടിടുന്നു അതിന് എന്നു വിചാരിക്കുക. പിന്നെ സിംഗപ്പൂര്‍ റോഡ്‌സൈഡില്‍ എന്നെ അങ്ങോര്‍ കണ്ടാല്‍ പിന്നെ ചോദിക്കണോ പൂരം! :)

     
  6. At Sun Aug 05, 01:06:00 PM 2007, Blogger ശാലിനി said...

    വക്കാരി ഈ പോസ്റ്റ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ബഹുത്ത് അച്ഛാ ഹേ ഹു ഹൈ!

    “പക്ഷേ ബ്ലോഗില്‍ ഞാന്‍ ബഹുമാനിക്കുന്നത് ആ ബ്ലോഗ് ചെയ്യുന്ന ആള്‍ പറയുന്ന കാര്യങ്ങളുടെ ശരിയും തെറ്റും അയാളുടെ നിരീക്ഷണങ്ങളുടെ രീതിയും അയാള്‍ പറയുന്നതിന്റെ ഉദ്ദേശശുദ്ധിയും എല്ലാം നോക്കിയിട്ടാണ്.“

    എന്റെ ബ്ലോഗ് വായനയും ഇതുപോലെതന്നെ. ആരെഴുതി എന്നതിനേക്കാള്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നതാണ് പ്രധാനം. അതുകൊണ്ടാവാം, ബ്ലോഗിന്റെ ഉടമസ്ഥന്‍ ആരാണെന്നും അയാളുടെ വിശദമായ ജാതകം അറിഞ്ഞാലേ എനിക്ക് അയാള്‍ എഴുതിയത് അംഗീകരിക്കാന്‍ പറ്റൂ എന്നൊന്നും വാശിയില്ലാത്തത്. പിന്നെ ബ്ലോഗിനുവേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ചിട്ടില്ലാത്തത് കൊണ്ട്, ഒഴിവു കിട്ടുന്ന സമയം മാത്രമേ ഇതിനുവേണ്ടി ചിലവഴിക്കുന്നുള്ളതുകൊണ്ടും, ഓരോരുത്തര്‍ എഴുതുന്ന പോസ്റ്റിനും കമന്റിനും പുറകില്‍ അവര്‍ എന്തൊക്കെ ഉദ്ദേശിച്ചിട്ടുണ്ട് എന്ന് ചികഞ്ഞുനോക്കി അവരുടെ മനസില്‍ കയറി പരതി നോക്കാന്‍ തോന്നാറില്ല.

    കൂട്ടായ്മയെകുറിച്ച് എഴുതിയതും നന്നായി. എവിടൊക്കെ മലയാളി കൂട്ടായ്മയുണ്ടോ (വ്യക്തമായ ഉദ്ദേശ ശുദ്ധിയില്ലാത്ത)അവിടൊക്കെ വഴക്കുകളും ഉണ്ടാവാറുണ്ട്, തനി നാടന്‍ രീതിയിലുള്ള തല്ലുകള്‍.

    നല്ല പോസ്റ്റുകള്‍ എഴുതിയിരുന്ന പലരും ഇന്ന് ബ്ലോഗേ വേണ്ടെന്ന് വച്ചെന്നുതോന്നുന്നു. എല്ലാവരും തിരികെവരട്ടെ, നല്ല പോസ്റ്റുകള്‍ ഇനിയുമുണ്ടാവട്ടെ അറിവുകള്‍ പരസ്പരം പങ്കുവയ്ക്കട്ടെ. ബ്ലോഗുവാ‍യന തുടങ്ങിയതിനുശേഷം വിവിധ വിഷയങ്ങളേകുറിച്ച് അറിയാന്‍ പറ്റി. എനിക്ക് ഒത്തിരി ഉപകാരപ്പെട്ടിട്ടുണ്ട് പല പോസ്റ്റുകളും. എന്റെ ജീവിതത്തില്‍ നല്ല കുറച്ച് മാറ്റങ്ങള്‍ വന്നിട്ടുമുണ്ട്.നല്ലത് കൊള്ളുക, ചീത്തയായത് തള്ളുക.

    നാട്ടില്‍ പരദൂഷണം പറഞ്ഞുനടക്കുന്ന ആള്‍ക്കാരെ കുറിച്ച് എന്റെ അപ്പന്‍ പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, വീട്ടില്‍ ഒരു പണിയുമില്ലെങ്കില്‍ ഇവറ്റയ്ക്ക് വഴിയില്‍ നില്‍ക്കുന്ന പുല്ല് പറിച്ചു വല്ല പശുവിനും കൊടുക്കരുതോ എന്ന് ! പശുവിന് തീറ്റയുമാകും വഴി വ്ര്യത്തിയാകുകയും ചെയ്യും.

    ഒരിക്കല്‍ കൂടി പറയട്ടെ, നല്ല പോസ്റ്റ്.

     
  7. At Sun Aug 05, 01:49:00 PM 2007, Blogger The Prophet Of Frivolity said...

    The disputants, I ween,

    Rail on in utter ignorance

    Of what each other mean,

    And prate about an Elephant

    Not one of them has seen!

    I read it long back...years back..And every passing moment tells me something deeply unsettling: Impossiblilty of making me reach the other. Add to it the modern concepts of the limitations of language...We reach at a kind of awful incommunicability of souls. Words as metaphors: used,prostitued,misused, manipulated...We fail. We go deaf. We get lost. That is the reason why it becomes impossible for you to discern how 'Inji's comment wounds those who live in the Mid-East. The pains of expatriates. The agony of being forced (mark the word 'forced' for that is the key to the whole issue!) to live in countries that temporally belong to 12th or at the most 14th century. I don't know where inji lives but i guess she is in the States. I recall a scene from Mukundan's book,one of the most remakable of literary moment he created.Haridwaril manikal muzhangunnu,thats the book. The main protagonist is having a chat with his mom, when he is on visit to his village. When his mother marvels on joining him in Delhi where he is working, he asks her what she intends to do there. She responds she would make food for him, bathe him, and so on. He replies he is doing all these now and her answer was 'you don't understand my language'.
    The difference is seminal, those who move to another country and those who are moved to another country. The matter at stake is the question of human freedom itself. An element of sarcasm, a look of sneer, a word of derision..can flood the heart with blood. She, inji, should have been more thoughtful.You would be the last person to miss the black sarcasm in her words when she alludes to the loss of limbs. You just could not have missed it. Am i missing something? There are only few ways to look at her comment..only a slow witted person can take it as a warning to those who are in mid-east because the tone betrays the lack of such intention.
    And as of your post to defend(?) your stand, it is at best the age old method: obfuscate by exegesis. Nevertheless the article is brilliantly concieved, masterfully developed, and hilariously expressed...

    Good Going.

    Abdul.

    PS: There are many other points that can be revealed from Inji's comments. But i dont find the interest to do.

     
  8. At Sun Aug 05, 02:47:00 PM 2007, Blogger സിദ്ധാര്‍ത്ഥന്‍ said...

    വക്കാരിയുടെ ക്ഷമ, അക്ഷമ, സൂക്ഷമ അഥവാ സൂക്ഷ്മത, എന്നീ സ്ഥാവരജംഗമങ്ങള്‍ക്കു് ഒരു പ്രണാമം വച്ചില്ലെങ്കില്‍ കമന്റുദേവത പൊറുക്കൂല്ല. അതു കൊണ്ടു മാത്രം ഒരു സലാം.


    ചിന്തിക്കുന്നവര്‍ അവരവര്‍ക്കാകുന്ന വിധത്തില്‍ ബ്ലോഗ് ചെയ്തു കൂടട്ടെ. അതു തന്നെയാണു് കൂട്ടായ്മ. ദേശ-മത-വര്‍ണ്ണാടിസ്ഥാനത്തില്‍ വിഭജനം ചെയ്തു പങ്കു വയ്ക്കുന്ന എന്തെങ്കിലും ഉണ്ടെന്നാരെങ്കിലും ധരിക്കുന്നുണ്ടെകില്‍ മൂഢസ്വര്‍ഗ്ഗത്തില്‍ അവരെ തനിച്ചു വിടുക. ആണായാലും പെണ്ണായാലും മുസ്ലിമായാലും ഹിന്ദുവായാലും കിഴക്കനായാലും പടിഞ്ഞാറനായാലും.

    അറ്റ്ലീസ്റ്റ് ബ്ലോഗിന്റെ കാര്യത്തിലെങ്കിലും നമുക്കതു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എവിടെയാണു് പ്രബുദ്ധരേ നമ്മളിതു ചെയ്യാന്‍ പോകുന്നതു്?

     
  9. At Sun Aug 05, 04:01:00 PM 2007, Blogger myexperimentsandme said...

    അബ്‌ദുളേ, നന്ദി. ഈ പോസ്റ്റ് ആ പോസ്റ്റില്‍ ഞാന്‍ ചോദിച്ച ക്ലാരിഫിക്കേഷനുകള്‍ക്ക് കിട്ടിയ ഭൂരിപക്ഷം മറുപടികളും കണ്ടപ്പോള്‍ എന്റെ ബ്ലോഗിംഗ് സങ്കല്പം പോലെയല്ലല്ലോ അവരില്‍ ചിലരുടേതെങ്കിലും എന്ന വിചാരത്തില്‍ എന്റെ ബ്ലോഗിംഗ് സങ്കല്പങ്ങള്‍ എന്തൊക്കെയാണെന്ന് എഴുതിയ പോസ്റ്റാണ്. അബ്‌ദുള്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് ആ പോസ്റ്റില്‍ തന്നെ മറുപടികള്‍ അബ്ദുളിന്റെ വികാരങ്ങളുമായി യോജിക്കുന്നവരോടും ഞാന്‍ പറഞ്ഞിരുന്നു. അത് ഇനിയും പറയേണ്ട എന്ന് തോന്നുന്നു.

    പക്ഷേ ഏതൊരു നാടിനെപ്പറ്റിയാണെങ്കിലും, അത് ഗള്‍ഫായാലും ഇന്ത്യയായാലും അമേരിക്കയായാലും, ഇല്ലാത്ത വസ്തുതകള്‍ ആള്‍ക്കാര്‍ പറയുമ്പോള്‍ ആ നാട്ടില്‍ വസിക്കുന്നവര്‍ക്കുണ്ടാവുന്ന വേദന അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഞാന്‍ മാനിക്കുന്നു; കാരണം ഞാനും പലപ്പോഴും ആ വേദന അനുഭവിച്ചിട്ടുണ്ട്. അതേ സമയം ഏതൊരു സമൂഹത്തിലും എല്ലാ തലത്തിലുമുള്ള ആള്‍ക്കാരും ഉണ്ടെന്നുള്ള തിരിച്ചറിവില്‍ അവരില്‍ ഒരു ന്യൂനപക്ഷത്തെപ്പറ്റിയുള്ള പരാമര്‍ശം, അത് ആ ന്യൂനപക്ഷത്തെപ്പറ്റിമാത്രമാണെന്ന് വ്യക്തമാണെങ്കില്‍, ആ സമൂഹത്തിനെപ്പറ്റി മൊത്തത്തില്‍ ഉള്ള പരാമര്‍ശമായി എടുക്കേണ്ട എന്നുതന്നെയാണ് എന്റെ എപ്പോഴത്തെയും നിലപാട്. ബ്ലോഗില്‍ ഇതിനു മുന്‍പും ഞാന്‍ അത് പ്രകടിപ്പിച്ചിട്ടുണ്ട്.

    ബ്ലോഗിലാണെങ്കില്‍ തന്നെ ഒരു പോസ്റ്റിനെക്കുറിച്ചുള്ള ആര്‍ക്കും ഏത് രീതിയിലും അവരവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാവുന്ന ഊഹങ്ങളും ഊഹാപോഹങ്ങളും ഒരു പോസ്റ്റ് ഉണ്ടാകാനുള്ള വികാരങ്ങളും അവിടെ കമന്റുകള്‍ ഇടുന്നവരുടെ വികാരങ്ങളുമൊക്കെ ആ പോസ്റ്റും കമന്റുകളും ഇടുമ്പോളുള്ള സമയത്ത് മാത്രമേ കാണൂ. ഒരു അമ്പതോ നൂറോ കൊല്ലം കഴിഞ്ഞ് ആ പോസ്റ്റുകള്‍ വായിക്കുന്ന ഒരാള്‍ അവിടെ എഴുതപ്പെട്ട വാചകങ്ങള്‍ മാത്രമേ കാണൂ-വികാരങ്ങളും ഊഹങ്ങളുമൊന്നും അപ്പോള്‍ കാണില്ല. അങ്ങിനെ ഒരു പോസ്റ്റില്‍ എഴുതപ്പെട്ട വാചകങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്ന ഒരാള്‍ ആ പോസ്റ്റിന്റെയും കമന്റുകളുടെയും അടിസ്ഥാനത്തില്‍, ആ പോസ്റ്റ് ഏതെങ്കിലുമൊരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന രീതിയിലുള്ളതാണെങ്കില്‍ ആ സമൂഹത്തെപ്പറ്റിത്തന്നെ എന്തഭിപ്രായമായിരിക്കും രൂപീകരിക്കുക എന്നതും നമുക്ക് ചിന്തിക്കാവുന്നതാണ്.

    ഒന്നുകൂടി പറയട്ടെ, ആ പോസ്റ്റില്‍ എനിക്ക് ലഭിച്ച മറുപടികളുടെ അടിസ്ഥാനത്തില്‍ എന്റെ ബ്ലോഗിംഗ് സങ്കല്പങ്ങളെന്തൊക്കെയാണെന്ന് ഞാന്‍ തന്നെ ആലോചിച്ചതിന്റെ വെളിച്ചത്തിലുണ്ടായ ഒരു പോസ്റ്റാണ് ഈ പോസ്റ്റ്.

    സന്തോഷ്, അ‌ല്പം പരത്തി എന്ന് പറഞ്ഞ് എന്റെ അദ്ധ്വാനത്തിന്റെ വില കുറച്ച് കണ്ടാല്‍ ഞാന്‍ കരയും. ഇതില്‍ കൂടുതല്‍ പരത്താന്‍ വയ്യാത്തതുകൊണ്ട് മാത്രമാണ് ഇത്രയും മാത്രം പരത്തിയത് :)

    സൂ, എന്തെങ്കിലുമൊക്കെ പറയേണ്ടേ. ആശയദാരിദ്ര്യം :)

    ഒരുവര സു ഒരുവര ഒരു ലംബവര സുനില്‍, നിന്നിഷ്ടം എന്നിഷ്ടത്തില്‍
    “പാപപങ്കിലമജ്ഞീരശിഞ്ചിതം” ഉപയോഗിച്ചതെന്തിനാണെന്ന് യുവകവി ശ്രീനിവാസനോട് പറഞ്ഞതേ എനിക്കും പറയാനുള്ളൂ. ഒരു ജാഡയ്ക്കിട്ടതല്ലേ. അപ്പോള്‍ ഈ പഞ്ചപുശ്ചത്തിന്റെ ശ്ച എന്നാലെന്താ? എന്താ ഈ പഞ്ചപുശ്ചമടക്കുക എന്ന് പറഞ്ഞാല്‍? (പണ്ടെങ്ങോ സുനിലാണോ പറഞ്ഞത് സിനിമാ ഡയലോഗുകള്‍ ഇടുന്നവരെയൊക്കെ ഇടിക്കുമെന്ന്?:))

    ഏവൂര്‍ജീ, കമ്പ്യൂട്ടറിന്റെ കീബോഡില്‍ കഠിനമായി അമര്‍ത്തരുതെന്നാണ് :)

    സതീഷ്, പിന്നില്ലേ. പക്ഷേ ബഹുവിന്റെ പാട്ട് കേട്ടിട്ട് സതീഷ് പറാഞ്ഞതുപോലെ പറഞ്ഞാല്‍ തന്നെ ഒന്ന് കണ്ണുരുട്ടിക്കാണിച്ചാല്‍ കരഞ്ഞുകാണിക്കുന്നയാളല്ലേ ബഹു എന്ന് പറഞ്ഞാല്‍ ബഹു എനിക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുത്താല്‍ പ്രതി മാനമുള്ളവനാണെങ്കിലേ മാനനഷ്ടത്തിന്റെ കേസ് നിലനില്‍ക്കൂ എന്ന് പറഞ്ഞ് കോടതി കേസ് തള്ളാനാണ് സാധ്യത. (പക്ഷേ ബഹുവിന്റെ പാട്ട് കേട്ടിട്ട് സതീഷ് അങ്ങിനെ പറഞ്ഞാല്‍ വിമാനം പിടിച്ച് വന്നാണെങ്കിലും സതീഷിനെ രണ്ട് പറയും) :)

    ശാലിനീ, വളരെ നന്ദി. ഇതൊക്കെ മൊത്തം വായിച്ചെന്നറിയുമ്പോള്‍ അത്ഭുതവും പിന്നെ പോസ്റ്റിന്റെ ആദ്യം അഗ്രജനെ ക്വോട്ട് ചെയ്ത് പറഞ്ഞതുപോലെ എല്ലാവരും എന്റെ പോസ്റ്റുകള്‍ ആദ്യം മുതല്‍ അവസാനം വരെ വായിക്കുന്നുണ്ട് എന്നുള്ള കാര്യവും എന്നോട് യഥാസമയം പറഞ്ഞില്ലെങ്കില്‍ പിന്നെ ഇതെല്ലാം കൂടി ഒന്നിച്ച് കേള്‍ക്കുമ്പോള്‍ കിലുക്കത്തില്‍ ലോട്ടറിയടിച്ചെന്ന് ഇന്നസെന്റിനൊട് പറയുമ്പോള്‍ പുള്ളിക്ക് പറ്റിയതുപോലെയാവും :)

    സിദ്ധാര്‍ത്ഥാ, ബുദ്ധനാണ് സിദ്ധാര്‍ത്ഥന്‍ എന്നുള്ളതുകൊണ്ടാണ് പ്ര”ബുദ്ധ”ത എന്ന വാക്ക് സിദ്ധാര്‍ത്ഥന്‍ ബോള്‍ഡാക്കിയതെന്ന് ഞാന്‍ ആരോപിച്ചാല്‍... (വേറൊന്നും കാണുന്നില്ല) :)

    എല്ലാവര്‍ക്കും നന്ദി.

     
  10. At Sun Aug 05, 05:28:00 PM 2007, Blogger കെ said...

    നമുക്ക് അഭിപ്രായ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍, നമ്മുടെ അഭിപ്രായം മറ്റുളളവരെ അടിച്ചേല്‍പിക്കാനുളള അവകാശവും സ്വാതന്ത്ര്യവുമാകുന്നു.

    സഹിഷ്ണുതയോടെ വിയോജിക്കാനോ, ഇങ്ങനെയും ചിന്തിക്കാമെന്നോ ഒന്നും പ്രതികരിക്കുന്നവര്‍ കരുതാറേയില്ല. ബഹുസ്വരതയുടെ സൗന്ദര്യം മനസിലാക്കാതെ താന്‍ പിടിച്ച മുയലിന് മൂന്നും ഇനി പിടിക്കാന്‍ പോകുന്ന മുയലിന് ആറെന്നും തര്‍ക്കിക്കുന്നവരെ അവരുടെ വഴിക്കു വിടുകയാണ് ബുദ്ധി.

    ഇക്കണ്ട നൂറ്റാണ്ടുകള്‍ മുഴുവന്‍ പലരും പലവഴിയും നോക്കിയിട്ട് നന്നാവാത്തവരാണ് നമ്മള്‍. പിന്നെയാണോ ഏതാനും നിമിഷങ്ങളുടെ പഴക്കം മാത്രമുളള ബ്ലോഗു വഴിയുളള ഉപദേശങ്ങള്‍....കളയെന്നേ... തെറിക്കു തെറി, അടിക്ക് അടി,.... പരിഹാസത്തിനു പരിഹാസം.

    ഇതിനിടയില്‍ എവിടെയെങ്കിലും എപ്പോഴെങ്കിലും നാം തേടി നടക്കുന്ന ഒന്നോ അതിലധികമോ സുഹൃത്തുക്കളെ കിട്ടും. അതുവരെ ഷമി, വക്കാരീ, ഷമീര്....

    ശരിയായ കമ്മ്യൂണിറ്റി ബില്‍ഡിംഗിനുളള പ്രായപരിധി ബ്ലോഗിനായിട്ടില്ല എന്നാണ് മാരീചന്റെ അഭിപ്രായം.

     
  11. At Sun Aug 05, 10:31:00 PM 2007, Blogger അശോക് said...

    വായിച്ച്.. വായിച്ച് ഞാന്‍ ലന്ച് മറന്നു.

     
  12. At Sun Aug 05, 11:29:00 PM 2007, Blogger Cibu C J (സിബു) said...

    പണ്ടത്തേ പോലെ വക്കാരിയോട് വിയോജിക്കാന്‍ എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലാണ് വായന തുടങ്ങിയത്‌. കൂട്ടായ്മയിലെത്തിയപ്പോള്‍ പ്രതീക്ഷ കലശലായി. അവസാനം വടിയായി. ഒന്നും കിട്ടിയില്ല. കക്ഷത്തില്‍ ചിലതൊക്കെ കരുതിവച്ചിരുന്നു. അതും പോയി.

    മാരീചനോടും യോജിക്കുന്നു. ബ്ലോഗില്‍ പല്ലിന് പല്ല്‌ തന്നെ നീതി. ഇനിയിപ്പോ നീതികിട്ടിയില്ലെങ്കിലോ... പുല്ല്‌.

    മുമ്പൊരിക്കെ പെരിങ്ങോടര്‍ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു. മലയാളിയുടെ വ്യക്തിപരത തന്നെ പ്രശ്നം. എല്ലാ ജനതകളും ഒരു പരിധിവരെ വ്യക്തിപരത ആഘോഷിക്കുന്നവരാണെങ്കിലും പരമമായവ്യക്തിപരത മലയാളിയുടേതാവണം. ആശയങ്ങളെ പാടേ മറന്നുള്ളത്. അങ്ങനെയാണല്ലോ ഫാരീസ് മുതല്‍ ഇഞ്ചി വരെയുള്ളവ ടീവിയിലും ബ്ലോഗിലും പരക്കുന്നത്‌.

     
  13. At Mon Aug 06, 12:58:00 AM 2007, Blogger ഗുപ്തന്‍ said...

    മുഴുവന്‍ വായിച്ചില്ല. വായിക്കുന്നുണ്ട്. ഇപ്പോള്‍ തിരക്കുള്ളതുകൊണ്ട് പെട്ടൊന്നൊരു മറുപടി ഇടണമെന്ന് തോന്നി.

    ആദ്യ ഭാഗം വായിച്ചു. അന്നത്തെ കോലാഹലങ്ങള്‍ മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. സമചിത്തത വിടാതെ കൃത്യമായി പറയാനുള്ള കാര്യം മാത്രം പറയാന്‍ കാണിച്ച കഴിവിനോട് ബഹുമാനം മാത്രമല്ല ലേശം അസൂയയും ഉണ്ടെന്ന് കൂട്ടിക്കൊള്ളൂ.

     
  14. At Mon Aug 06, 11:01:00 AM 2007, Blogger മുസ്തഫ|musthapha said...

    "...പല പോക്രിത്തരങ്ങളും കാണുമ്പോള്‍ നല്ലത് രണ്ട് പറയണമെന്നുണ്ടെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ അതുവരെ ഞാന്‍ മനസ്സില്‍ കെട്ടിപ്പൊക്കിക്കെട്ടിത്തൂക്കിയ എന്നെപ്പറ്റി മറ്റുള്ളവര്‍ക്കൊക്കെയുണ്ടെന്ന് ഞാന്‍ കരുതുന്ന ആ നല്ല ഇമേജെല്ലാം തകര്‍ന്ന് തരിരംഭണമാവില്ലേ എന്നോര്‍ത്ത് പല്ല് പോലും കടിക്കാന്‍ വയ്യാതെ ഇരിപ്പായിരുന്നു പലപ്പോഴും..."

    ഈ ആരോപണം എന്നെ പറ്റിയാണ്... എന്നെ പറ്റിതന്നെയാണ്... എങ്കിലും ഞാനിത് ശക്തിയുക്തം മസിലു പിടിച്ച് നിഷേധിക്കുന്നു :)

    ഈ പോസ്റ്റ്, 100% ശുദ്ധമായ വക്കാരി ശൈലിയില്‍ തയ്യാറാക്കിയത്... മായയില്ല... മായേടെ കെട്ട്യോനുമില്ല :)

    ഓ.ടോ: പോസ്റ്റുകളുടെ ലിങ്കുകള്‍ക്കും കോപ്പി റൈറ്റ് ബാധകമാണ്. ആ... സാരമില്ല ആദ്യായതോണ്ട് ഒരു ലിങ്കിന് അയ്മ്പതുറുപ്യ വെച്ച് തന്നാ മതി.
    സ്പെഷ്യല്‍ ഓഫര്‍: രണ്ട് ലിങ്കെടുത്താല്‍ ഒരെണ്ണം ഫ്രീ!

    :)

     
  15. At Mon Aug 06, 11:34:00 AM 2007, Anonymous Anonymous said...

    പഞ്ചപുച്ഛമല്ലേ വക്കാരി? പുഛം നെന്ന്യാ പറയണ്ടത്. പുശ്ചമല്ല. പുശ്ഛം ന്ന് ഞാന്‍ വേറൊരു ബ്ലോഗിലും കണ്ടു. കളിയാക്കി പറഞ് പറഞ് കാര്യമാകുന്നതുപോലെ തോന്നുന്നു. ഇപ്പോ പുശ്ഛം എന്ന ശരി എന്നാ എല്ലാര്ടെയും വിചാരം.

    ഉമേഷ് തിരിച്ചു വരൂ.. സംശയം തീര്‍ക്കൂ.
    -സു-

     
  16. At Mon Aug 06, 11:39:00 AM 2007, Blogger G.MANU said...

    kodu kai!!!

     
  17. At Mon Aug 06, 11:54:00 AM 2007, Blogger Kalesh Kumar said...

    guro, vaichu.
    superb!

     
  18. At Mon Aug 06, 03:33:00 PM 2007, Blogger Ajith Pantheeradi said...

    വക്കാരിയെ സമ്മതിച്ചിരിക്കുന്നു. വിനയന്റെ പോസ്റ്റില്‍ നഷ്ടപ്പെട്ട “ആരാധനാ പാത്ര” സ്ഥാനമാനങ്ങള്‍ വീണ്ടും ഈ പൊസ്റ്റിലൂടെ തിരിച്ചു പിടിച്ചിരിക്കുന്നു. വീണ്ടും എല്ലാവരുടെയും ആരാധന ഈ പാ‍ത്രത്തില്‍ തന്നെ നിറയ്ക്കാം :-)

    വക്കാരി എഴുതിയത് നൂറു ശതമാനം കറകറക്റ്റ്. ബൂലോകത്ത് നമുക്കെന്തു വേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യമുള്ളതല്ലേ ഇതിന്റെ ഈറ്റവും വലിയ ഗുണം. ഇവിടെ നമ്മള്‍ക്ക് ഒരു ഇമേജ് ഉണ്ടാക്കിയിട്ട് ബൂലോക തിരഞ്ഞെടുല്‍പ്പിനു നില്‍ക്കാനോ ബൂലോക മന്ത്രിയാവാനോ വികസന, സുനാമി ഫണ്ടുകളില്‍ നിന്ന് അടിച്ചു മാറ്റാനോ ഒന്നുമില്ലല്ലോ. നമ്മള്‍ ഇഷ്ടമുള്ളതു വായിക്കുക, കമന്റണമെന്നു തോന്നിയാല്‍ കമന്റുക, ബ്ലോഗണമെന്നു തോന്നിയാല്‍ ബ്ലോഗുക. ഇവിടെ ആരും ജീവിത കാലം മുഴുവന്‍ ബ്ലോഗിക്കൊണ്ടിരിക്കാന്‍ പോകുന്നില്ല. ഇന്നു ബ്ലോഗുന്നവനെ നാളെ മഷിയിട്ടു നോക്കിയാല്‍ കാണില്ല. പുതിയ പുതിയ ബ്ലോഗന്മാര്‍ ദിവസം തോറും പൈദാ ഹോ ജായേഗാ. പിന്നെ ആരുടെയിടയിലാണ് ഇമേജ് വളര്‍ത്തേണ്ടത്?

     
  19. At Mon Aug 06, 06:23:00 PM 2007, Blogger Inji Pennu said...

    അയ്യൊ! അപ്പൊ ബ്ലോഗ് ആരാധന ഇമേജ് ഒക്കെ വേണ്ടാന്നാ പറയണെ? ;) എനിക്കാരെയെങ്കിലും ആരാധിക്കണം. പ്ലീസ് തടയരുത്!

     
  20. At Mon Aug 06, 09:40:00 PM 2007, Blogger സു | Su said...

    ഇഞ്ചീ, പ്ലീസ്, എന്റെ ഫോട്ടോയില്‍ മാലയിട്ട് ചന്ദനത്തിരിപുകച്ച് അതിനുമുന്നില്‍ ശോകമൂകരായി നില്‍ക്കുന്ന മനുഷ്യരെ കാണുന്നതിനുമുമ്പ് എനിക്കെന്റെ ഒരു ആരാ-ധികയെ/ധകനെ കാണണം. എന്നെ ഒന്ന് ആരാധിക്കൂ. പ്ലീസ്. വക്കാരീ തടയരുത്.

     
  21. At Wed Aug 08, 03:12:00 AM 2007, Blogger myexperimentsandme said...

    മാരീചാ, സെയിം പിഞ്ച്. പക്ഷേ ബ്ലോഗ് ഒരു പുതുമാധ്യമമായതുകൊണ്ടാണോ മലയാളികള്‍ പണ്ട് മുതല്‍ക്കേ ശീലിച്ചത് മാറ്റാന്‍ ഇവിടെയും തയ്യാറല്ലാത്തതുകൊണ്ടാണോ പ്രശ്നമെന്നൊരു സംശയമുണ്ട്. മാരീചന്‍ പറഞ്ഞതുപോലെ ഈ കോലാഹലങ്ങള്‍ക്കിടയിലും ഒന്നോ രണ്ടോ സമാന ചിന്താഗതിക്കാരെ കിട്ടിയാല്‍ അത് തന്നെ കാര്യം.

    അശോക്, ലഞ്ചുണ്ട്, ലഞ്ച് മറക്കരുത് :)

    സിബൂ, ഒന്നും പറയുന്നില്ല :)

    മനൂ, വേറേ പണിയൊന്നുമില്ലെങ്കില്‍ പിന്നെ ഇതൊക്കെത്തന്നെ പണി :)

    അഗ്രൂ, കാര്യമൊക്കെ ശരി, അഗ്രുവിന്റെ ബ്ലോഗ് ഓരോ പ്രാവശ്യവും വായിക്കുന്നതിന്റെ അഗ്രുവല്‍റ്റി ചോദിച്ചാല്‍ പിന്നെ ദുബായിയിലെ ആ പുതിയ ഹോട്ടല് മൊത്തം അഗ്രുവിന്റെയാണെന്നും കാണിച്ച് അത് വിറ്റുകിട്ടുന്ന കാശ് മൊത്തം കൊടുത്താലും പിന്നെയും കടം കിടക്കുമെന്ന് ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ, തല്ലരുത് :)

    സുനിലേ, പിന്നെയും സംശയം. അപ്പോള്‍ ഏതാണ് ശരി?
    1. പഞ്ചപുച്ഛം
    2. പഞ്ചപുഛം
    എന്തായാലും പഞ്ചപുശ്ചം അല്ലല്ലോ. ഉമേഷ്‌ജീ മേഷ്ജീ ഷ്‌ജീ, ജീ :)

    ജീമനൂ, നന്ദി :)

    കലുമാഷ്, തടികുറഞ്ഞോ? :)

    മാരാര്‍‌ജീ, വളരെ നന്ദി.

    ഇഞ്ചീ, ദോ ഏതോ സിനിമയിലെ ദിലീപ് പോസില്‍ ആരാധിക്കപ്പെടാന്‍ തയ്യാറായി നില്‍‌ക്കുന്നത് കണ്ടില്ലേ, ഈ ഞാന്‍. ധൈര്യമായി ആരാധിക്കൂ :) സൂവിനെയല്ല, എന്നെ ആരാധിക്കൂ. ഭയങ്കര കോമ്പറ്റീഷനായി :)

    എല്ലാവര്‍ക്കും രണ്ടാം നന്ദി.

     
  22. At Wed Aug 08, 04:50:00 PM 2007, Blogger Unknown said...

    ഇല്ലാത്ത കൂട്ടായ്മ ഉണ്ടെന്നോര്‍ത്ത് ബ്ലോഗ് ചെയ്യുന്നതിനോ അതിന്റെ പേരില്‍ മടുപ്പുണ്ടാകുന്നതിനോ ബ്ലോഗര്‍ ഡോട്ട് കോം ഉത്തരവാദിയല്ല എന്ന് ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു. വേഡ് പ്രസ്സിന്റെ കാര്യം ഞാന്‍ ചോദിച്ചിട്ട് പറയാം.

    ഹ ഹ ഹോയ്... വക്കാരി മച്ചാന്‍. സ്ഥിരം ശൈലിയില്‍ തകര്‍ത്തിരിക്കുന്നു. ലോകത്ത് പലരും സാധിച്ചിട്ട് നടക്കാത്ത കാര്യമാണല്ലോ മലയാളി സൈക്കോളജിയുടെ അപഗ്രഥനം (തെറിയാവുമോ?). വക്കാരിച്ചന്‍ അതില്‍ കേമന്‍ തന്നെ. കൊട് കൈ.

    ഇതാ ഒരു പടല പഴം. ലഞ്ചിന് ഷെയര്‍ ചെയ്ത് തിന്നാം. വരൂ.. :-)

     
  23. At Thu Aug 09, 03:47:00 AM 2007, Blogger myexperimentsandme said...

    ദില്‍ബ്‌സ്, താങ്ക്‍സ് :)

     
  24. At Fri Aug 10, 06:36:00 PM 2007, Blogger neermathalam said...

    njan ksheenichu...

    nalla vayanasheelam ellathatintheya...marum..mattikolam...
    :)

     
  25. At Fri Aug 10, 06:38:00 PM 2007, Blogger neermathalam said...

    pinne...the analysis of mallu psyche is too gud :)

     
  26. At Sat Aug 11, 10:35:00 PM 2007, Blogger Haree said...

    ഒരാഴ്ച നെറ്റില്‍ സജീവമല്ലാത്തതിനാല്‍ ഇതൊക്കെ മിസ്സ്ഡ്... അല്ലേല്‍ എന്നെ പൊക്കി പറഞ്ഞിട്ട് ഒരു കമന്റുപോലും തരാതെ പോവുമോ! ;)

    പക്ഷെ, ഞങ്ങളെപ്പോലെ കുറച്ചു പേര്‍ സ്വന്തം ഐഡിയും പടവുമൊക്കെ വെച്ചു തന്നെയാണ് ബ്ലോഗണതേ, ബ്ലോഗില്‍ പറയുന്ന കാര്യം റഫര്‍ ചെയ്ത്, നേരിട്ടു കാണുമ്പോഴും ആര്‍ക്കുവേണമെങ്കിലും സംസാരിക്കാമെന്നു സാരം. എന്തായാലും വേണ്ടൂല്ല, പറയാനുള്ളത് പറയാന്‍ പറ്റുന്നില്ലെങ്കില്‍, പിന്നെ ബ്ലോഗണ്ട കാര്യമൊന്നുമില്ലെന്നത് സത്യം!
    --

     
  27. At Tue Aug 28, 10:19:00 PM 2007, Blogger ഉണ്ണിക്കുട്ടന്‍ said...

    വക്കാരീ ഈ ഒന്നര കിലോമീറ്റര്‍ പോസ്റ്റ് വായിച്ചു ..സന്തോഷമായി..ഞാന്‍ ഒരു പുതിയ കട തുടങ്ങീട്ടുണ്ടെന്ന വിവരം അറിയിക്കുന്നു.

     

Post a Comment

<< Home