പറഞ്ഞിട്ട് കാര്യമില്ല, എന്നാലും...
പറഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ലെങ്കിലും പോക്രിത്തരം, ഐറോണിക്ക ഇവയുടെയൊക്കെ തുടര്‍ച്ചയായി ചുമ്മാ പറയുന്നു- പറയാതിനി വയ്യ, പറയാനും വയ്യ, പറഞ്ഞിട്ടൊട്ട് കാര്യവുമില്ല എന്ന മഴപ്പാട്ട് പാടി.
സംഗതി പിന്നെയും കുസാറ്റ്. സംഭവം ഈ പത്രവാര്‍ത്ത
കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷന്‍, 30-06-2007
ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി എന്നിവയില്‍ പുതിയ കോഴ്സുകള്‍ തുടങ്ങാനുള്ള തീരുമാനം സര്‍വ്വകലാശാല “തല്‍ക്കാലം“ മാറ്റിവെച്ചു. കാരണം, പ്രതീക്ഷിച്ചതുപോലെ സാമ്പത്തികം. പക്ഷേ മുന്‍ വി.സിയോടുള്ള വ്യക്തിവൈരാഗ്യമായിരിക്കാം കാരണമെന്നും പത്രം പറയുന്നുണ്ട്. കാര്യം പത്രം പറഞ്ഞതാണെങ്കിലും വ്യക്തിവൈരാഗ്യം എത്രമാത്രം മനഃസുഖം തരുന്ന ഒരു കാര്യമാണെന്ന് നമ്മള്‍ മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. എനിക്ക് പോയാലും വേണ്ടില്ല, അവന് കിട്ടരുതെന്ന ചോരത്തിളപ്പല്ലേ നമ്മള്‍ പല മലയാളികളെയും മുന്നോട്ട് നയിക്കുന്ന ചേതോവികാരം. അതുകൊണ്ട് അത് ഒരു കാരണം തന്നെയാവാം.
പോക്രിത്തരപ്പോസ്റ്റില്‍ കുസാറ്റ് ഐ.ഐ.റ്റിയോ അതുപോലുള്ള സ്ഥാപനമോ ആക്കുന്നതിനെതിരെയുണ്ടായിരുന്ന ഒരു വാദമായിരുന്നു, സാധാരണക്കാര്‍ക്ക് പിന്നെ ഇത്തരം സ്ഥാപനങ്ങള്‍ അപ്രാപ്യമാകുമെന്നത് (അതിന് നാട്ടിലുള്ള എല്ലാ സര്‍വ്വകലാശാലയും ഒരു സുപ്രഭാതത്തില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കണമെന്നല്ലായിരുന്നു ആഗ്രഹം-ചില പ്രത്യേക ലക്ഷ്യങ്ങളോടെ തുടങ്ങിയ കുസാറ്റ് മാത്രം ആക്കുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച). ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഒരു സര്‍വ്വകലാശാലയ്ക്ക് ഏറ്റവും അത്യാവശ്യം വേണ്ട സംഗതിയാണ് പണം. ഇപ്പോളിതാ, ആ പണമില്ലായ്മ തന്നെ കാരണമാക്കി അഡ്‌വാന്‍സ്‌ഡ് ആയ മൂന്ന് കോഴ്സുകള്‍ തുടങ്ങേണ്ട എന്ന് കുസാറ്റ് തീരുമാനിച്ചിരിക്കുന്നു. അതേ സമയം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ലോകമെമ്പാടും ഒരുമാതിരിപ്പെട്ട സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും ഏറ്റവും അധികം മുന്‍തൂക്കം കൊടുക്കുന്ന കോഴ്‌സുകളാണ് നാനോടെക്‍നോളജി മുതലായവ. പതിവുപോലെ നമ്മള്‍ മലയാളികള്‍ ഇവിടെയും മാതൃക കാട്ടി. ഇനി അണ്ണന്‍ തുണ- ലേറ്റായിട്ട് വന്നാലും ലേയ്റ്റസ്റ്റായി വരുമായിരിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുക.
കുസാറ്റ് കേന്ദ്രഭരണസ്ഥാപനമായാല്‍ നമ്മുടെ നാടിനുണ്ടാവുന്ന അതിഭീകരമായ കുഴപ്പങ്ങളെല്ലാമോര്‍ത്ത് ആ കാര്യമേ ഇനി മിണ്ടുന്നില്ല. പക്ഷേ സാധാരണക്കാരന് ഡിഗ്രി കൊടുക്കേണ്ട സ്ഥാപനത്തില്‍ എന്തേ സാധാരണക്കാരന്‍ ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി ഇവയൊന്നും പഠിക്കേണ്ടേ? നമ്മളുടെ രാഷ്ട്രീയ പ്രബുദ്ധതയാണല്ലോ അല്ലേ ആര്‍ എന്തൊക്കെ പഠിക്കണം എന്ന് തീരുമാനിക്കുന്നത്. ഈ കോഴ്സ് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇടതുപക്ഷ സിന്‍ഡിക്കേറ്റംഗങ്ങള്‍ അതിന്റെ ഫീസ് ഉയര്‍ന്നതാണ് കുറയ്ക്കണം എന്ന് പറഞ്ഞിരുന്നു. നല്ല കാര്യം. പക്ഷേ അവസാനം എന്തുണ്ടായി?-പ്രായോഗികമായി ചിന്തിച്ചു, അവര്‍. പ്രായോഗികമായി നോക്കിയാല്‍ ഫീസ് കുറച്ച് സര്‍വ്വകലാശാലയ്ക്ക് ഈ കോഴ്സുകള്‍ തുടങ്ങാന്‍ പറ്റില്ല. സര്‍ക്കാരിന്റെ കൈയ്യില്‍ അഞ്ച് പൈസയില്ല. കേന്ദ്രത്തിന് കൊടുത്താല്‍ തീര്‍ന്നു പിന്നെ (അക്കാര്യമേ മിണ്ടുന്നില്ല). അപ്പോള്‍ പിന്നെ എന്തുവഴി? ഏറ്റവും എളുപ്പവഴി- കോഴ്സേ തുടങ്ങേണ്ട. തീര്‍ന്നില്ലേ കാര്യം (സെമിനാര്‍ പോസ്റ്റില്‍ സാബു ചെയ്തതുപോലെ-ഇക്വേഷനിലെ ഒരു സിംബലിന്റെ കാര്യത്തില്‍ ടീച്ചര്‍മാര്‍ തമ്മില്‍ ഭയങ്കര വാഗ്വാദം. പുള്ളിയെന്തു ചെയ്തു, കുറച്ചുനേരം പറഞ്ഞുനോക്കി, അതുകഴിഞ്ഞും സംഗതി സോള്‍വാകുന്നില്ല എന്ന് കണ്ടപ്പോള്‍ ആ സിംബലേ അങ്ങ് മായ്ച്ചു കളഞ്ഞു-സോ സിമ്പിള്‍).
ഇനി ഈ കോഴ്സുകളൊക്കെ പഠിക്കണമെന്ന് അത്രയ്ക്ക് മുട്ടിനില്‍ക്കുന്നവരുണ്ടെങ്കില്‍ നാടിനു വെളിയില്‍ പോയി പഠിക്കട്ടെ. അതാരു പോകും? കാശുള്ള പത്ത് പേര് പോകുമ്പോഴായിരിക്കും, കാശില്ലാത്ത ഒരാള്‍ പോകുന്നത്. അങ്ങിനെ കാശുള്ളവന്‍ വെളിയില്‍ പോയി ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി ഇവയൊക്കെ പഠിക്കും. പഠിച്ച് കഴിഞ്ഞാലോ? അദ്ധ്യാപകര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കുമെന്നും ജന്മം പോയാലും നമ്മള്‍ നല്ല ശമ്പളം കൊടുക്കില്ല. അതേ സമയം ബഹുരാഷ്ട്രന്മാരുടെ സോഫ്റ്റ് വെയറും ഹാര്‍ഡു വെയറും കമ്പനികളൊക്കെ പതിനായിരവും ലക്ഷവും കൊടുക്കുകയും ചെയ്യും. അവര്‍ക്ക് കിട്ടുന്നതിന്റെ പത്തിലൊന്ന് മതി എന്ന് പറഞ്ഞാല്‍ പോലും നമ്മള്‍ കേള്‍ക്കില്ല. അപ്പോള്‍ പിന്നെ ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി ഇവയൊക്കെ പഠിച്ചവര്‍ എന്ത് ചെയ്യും? കിട്ടുന്ന ഫ്ലൈറ്റിന് നാടുവിടും.
അവിടെ കിട്ടി നമുക്ക് പോയിന്റ്.
“കണ്ടോ, കണ്ടോ, സര്‍ക്കാര്‍ ഇത്രയും കാശുമുടക്കി ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി ഇവയൊക്കെ ഇവന്മാരെ പഠിപ്പിച്ച് കഴിഞ്ഞപ്പോള്‍ ഒരു നാണവുമില്ലാതെ ഇവരൊക്കെ അമേരിക്കയിലേക്കും ആഫ്രിക്കയിലേകുമൊക്കെ പോകുന്നു. ഇതാണ് പറഞ്ഞത് നാട്ടില്‍ ഐ.ഐ.റ്റികളൊന്നും വേണ്ടെന്ന്. നമുക്ക് ഐ.റ്റി.ഐ കള്‍ മതി. അതാകുമ്പോള്‍ എല്ലാവരും ഇവിടെത്തന്നെ കിടന്നുകൊള്ളുമല്ലോ”- ഇതായിരിക്കും നമ്മള്‍ പറയുന്നത്.
അങ്ങിനെ സാധാരണക്കാര്‍ക്ക് വേണ്ടി തികച്ചും സാധാരണമായ കോഴ്സുകള്‍ പഠിപ്പിച്ച് അതിലും സാധാരണമായ ഡിഗ്രികള്‍ കൊടുത്ത് സാധാരണപോലെ നമുക്കങ്ങ് പോകാം. അതാണല്ലോ സര്‍വ്വകലാശാലകളുടെ (കേരളാ) നിര്‍വ്വചനം. നമ്മള്‍ അങ്ങിനെ ഏയ്‌റോസ്പേസ് ടെക്‍നോളജിയും എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സും നാനോടെക്നോളജിയും ഒന്നും പഠിക്കേണ്ട. അതൊന്നുമല്ല നമുക്ക് വേണ്ടത്, നാടിനു വേണ്ടത്. ഈ നാട്ടില്‍ വേറേ എന്തൊക്കെ പഠിക്കാനും പഠിക്കാതിരിക്കാനും പഠിപ്പിക്കാനുമൊക്കെ കിടക്കുന്നു. അപ്പോളാ ലെവന്റെയൊരു നാനോടെക്‍നോളജി...
വി.സിയോട് ആദര്‍ശത്തിന്റെയും നിലവാരത്തിന്റെയുമൊക്കെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക്. പക്ഷേ എന്തായാലും സയന്‍സിനും ടെക്‍നോളജിയ്ക്കും വേണ്ടിയുള്ള ഒരു സര്‍വ്വകലാശാലയ്ക്ക് അതില്‍ എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്നുണ്ടെങ്കില്‍ ഏറ്റവും അത്യാവശ്യം വേണ്ടത് പണമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതിനായി ഐ.ഐ.റ്റി ആക്കാനും അല്ലെങ്കില്‍ അതുപോലുള്ളവ ആക്കാനും പുതിയ പുതിയ കോഴ്സുകള്‍ തുടങ്ങി ഗവണ്മെന്റും പ്രൈവറ്റുമായ പ്രൊജക്റ്റുകള്‍ കിട്ടി അങ്ങിനെ സര്‍വ്വകലാശാലയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുമൊക്കെ അദ്ദേഹം നോക്കി (അദ്ദേഹത്തിന്റെ ആ ശ്രമങ്ങള്‍ക്കൊക്കെ കാക്കത്തൊള്ളായിരം കോണ്‍സ്പിരസിയും നോണ്‍ കോണ്‍സ്പിരസിയും ആയിട്ടുള്ള തിയറികള്‍ കാണുമായിരിക്കും-അതെന്തെങ്കിലുമാവട്ടെ). പക്ഷേ നമ്മള്‍ തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല, ഇങ്ങിനെ മുറുമുറുത്തുകൊണ്ടിരിക്കും.
ഇനി സാധാരണക്കാര്‍ക്കും കൂടി പ്രാപ്യമാക്കാന്‍ വേണ്ടി കോഴ്സിന്റെ ഫീസ് കുറയ്ക്കാമെന്ന് വെച്ചാലോ? പണ്ട് മുരളീ മനോഹര്‍ ജോഷി ഐ.ഐ.റ്റികളുടെയും ഐ.ഐ.എമ്മുകളുടെയും ഫീസ് കുറച്ചപ്പോള്‍ നമ്മള്‍ എല്ലാവരും ബഹളം വെച്ചു-ഫീസ് കുറച്ചാല്‍ നിലവാരം പോകുമെന്നും പറഞ്ഞ്. ഇതാണ് നമ്മള്‍.
എന്ത് സിമ്പിളായിട്ടാണ് നമ്മുടെ സിന്‍ഡിക്കേറ്റംഗങ്ങള്‍ വിദ്യാഭ്യാസത്തെയൊക്കെ കാണുന്നത്. വി.സിയോട് വൈരാഗ്യം. അതുകൊണ്ട് വളരെയധികം സ്കോപ്പ് ഇപ്പോഴത്തെ നിലയിലുള്ള മൂന്ന് കോഴ്‌സുകള്‍ വേണ്ട എന്നങ്ങ് വെച്ചു. എന്തെളുപ്പം. പണ്ട് പ്രൊഫസര്‍ രാജശേഖരന്‍ പിള്ളയോട് വൈര്യാഗ്യം വന്നപ്പോള്‍ കോടതി വരെ കുറ്റവിമുക്തനാക്കിയ ആളെ ഡല്‍ഹിയില്‍ പോയി തമ്പടിച്ച് യു.ജി.സി. ചെയര്‍മാനാക്കിയില്ല. അവിടെയും നമ്മള്‍ ജയിച്ചു.
നമ്മള്‍ മലയാളികളേ, നമിക്കുന്നു, നമിക്കുന്നു, നമിക്കുന്നു. വാശിയാണ് നമുക്കേറ്റവും വലുത്. വാശിയാണ് താരം. വാശി വന്നാല്‍ പിന്നെ നമ്മള്‍ എന്തൊക്കെ ചെയ്യുമെന്ന് നമുക്ക് പോലും ബോധമില്ല എന്ന് പറയാന്‍ വരട്ടെ- വളരെ കാല്‍ക്കുലേറ്റഡായി, മെറ്റിക്കുലസായി, സിസ്റ്റമാറ്റിക്കായി, പ്ലാനും പദ്ധതിയുമൊക്കെ തയ്യാറാക്കി കഠിനാധ്വാനം ചെയ്ത് ക്ഷമയോടെ കാത്തിരുന്ന് നമ്മള്‍ നമ്മുടെ വാശി നടപ്പാക്കും-ബോധപൂര്‍വ്വം തന്നെ. ഓരോ നീക്കവും തികച്ചും ഫൂള്‍ പ്രൂഫായിരിക്കും. ഒരു തെറ്റും വരില്ല. അങ്ങിനെ ഓരോ വാശിസാക്ഷാത്ക്കാരത്തിനും ശേഷം നമുക്ക് കിട്ടുന്ന ആ ആശ്വാസം, അതിന് പകരം വെക്കാന്‍ വേറേ എന്തുണ്ട് ഈ ലോകത്ത്!
Labels: കഷ്ടം, കുസാറ്റ്, കോഴ്സ്, പറഞ്ഞിട്ട് കാര്യമില്ല, മലയാളികള്‍, വാശി, വിസി
13 Comments:
മാറില്ല നമ്മുടെ നാട്. മാറ്റങ്ങളേ ഒള്‍കൊള്ളാന്‍ നമ്മുടെ നാട്ടുകാര്‍ക്ക് കഴിയില്ല. മാറുവാന്‍ രാഷ്ട്രീയക്കാര്‍ സമ്മദിക്കുമില്ല.
കേരളം എന്തിനു മാറണം ? മാറിയാല്‍ നേതാക്കന്മാര്‍ എന്തു ചെയ്യും ? മറ്റുള്ളവര്‍ക്ക് കേരളത്തിനു പുറത്തു പോയി ജോലി ചെയ്ത് നാട്ടിലേക്ക് കാശയക്കാം. നേതാക്കള്‍ക്കത് കഴിയുമോ ? പാവം അവര്‍ക്കും മണിമന്ദിരങ്ങള്‍ ഉണ്ടാക്കി ജീവിയ്ക്കണ്ടേ ? കേരളം മാറണമെന്ന് മാത്രം പറയരുത്. മാറാന്‍ കേരളത്തിനു പുറത്ത് ഒരു വലിയ ലോകം തന്നെ ഇല്ലേ ?
തകര്‍ക്കാന്‍ പറ്റാത്ത വാശി - കേരളീയരുടെ വാശി. ആ വാശിയില്‍നിന്ന് പല നല്ല കാര്യങ്ങളും ഉണ്ടായിട്ടുമുണ്ട്.
“അങ്ങിനെ സാധാരണക്കാര്‍ക്ക് വേണ്ടി തികച്ചും സാധാരണമായ കോഴ്സുകള്‍ പഠിപ്പിച്ച് അതിലും സാധാരണമായ ഡിഗ്രികള്‍ കൊടുത്ത് സാധാരണപോലെ നമുക്കങ്ങ് പോകാം. അതാണല്ലോ സര്‍വ്വകലാശാലകളുടെ (കേരളാ) നിര്‍വ്വചനം.“
നല്ല പോസ്റ്റ്.
വക്കാരിജീ, പഠിക്കുന്നവര്‍ക്കുപോലും അവരെന്തിനിതു പഠിക്കുന്നു എന്നു നിശ്ചയമില്ലാത്ത ബി.എ. പൊളിറ്റിക്സ്, ചരിത്രം, തുടങിയ പുണ്യ പുരാതന കോഴ്സുകള്‍ ഇഷ്ടം പോലെ നമ്മുടെ കലാശാലകളുടെ കൈവശം ഉണ്ടല്ലോ. പിന്നെന്തിനാ ഈ ആധുനികന്മാര്‍? ഈ നാട് ഒരിക്കലും നേരെയാവില്ല വക്കാരിമാഷേ.
ഡാ..വക്കാരി...നമ്പൂരിയാടാ ഞാന്‍..
ന്റെ ബ്ലോഗ് പോയി വായിക്കെഡാ ശപ്പാ...
വക്കാരിജീ ഓഫിന് മാപ്പ്.
അഞ്ചാം നമ്പര്‍ കമന്റ് അറപ്പുളവാക്കുന്നു. കാരണം കമന്റിന്റെ ഉറവിടം നോക്കി പോയപ്പോള്‍ ഒരു മുനിസിപാലിറ്റി കച്ചറ ഡബ്ബ. വേണ്ടത് ചെയ്യുക.
നന്നായിരിക്കുന്നു വക്കാരീ,,,
നമ്മള്‍ ഇപ്പോഴും സര്‍ക്കാര്‍ മേഘലയിലായാലും സ്വകാര്യമേഘലയിലായാലും, ഇത്തരം കോഴുസുകളൊന്നും തുടങ്ങിയിട്ടില്ലെന്നത് കഷ്ടം തന്നെ. തൊട്ടടുത്ത കര്‍ണ്ണാടകത്തില്‍, സ്വകാര്യമേഘലയില്‍ ( സ്വാശ്രയം ) പോലും ഇത്തരം കോഴ്സുകളും കോളേജുകളും തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, ബാംഗ്ലൂരിലെ, ഷാ-ഷിബ് ഇന്‍സ്റ്റിറ്റ്യൂട്ട്. എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിനും എയര്‍ക്രാഫ്റ്റ് മെയിന്റനെന്‍സിനും പ്രത്യേകമായുള്ള കോളേജ്. സ്വന്തമായി എയര്‍സ്ട്രിപ്പും, എയര്‍ക്രാഫ്റ്റും ഉള്ള അവര്‍ അടുത്ത സെന്റര്‍ കൊച്ചിയിലാണെത്രെ തുടങ്ങുന്നത്. കാശുള്ളവര്‍ അവിടെ ചേരും. അങ്ങനെ മറുനാട്ടുകാര്‍ നമ്മുടെ മക്കളെ പിഴിയും, അവര്‍ തടിച്ചു കൊഴുക്കുകയും ചെയ്യും. അതിനു നമുക്കു ചേതമേതുമില്ല...
വളരെ നന്നായ നിരീക്ഷണം, അഭിനന്ദനങ്ങള്‍!!
വളരെ പ്രധാന്യമുള്ള ഒരു കാര്യത്തെപ്പറ്റി നല്ല ഒരു പോസ്റ്റ്. ഏതൊരു നല്ല കാര്യത്തേയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുകയും അനിവാര്യമായ മാറ്റങ്ങള്‍ പോലും അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. വാശികള്‍ വളര്‍ത്തി വലുതാക്കി പുരോഗമനാത്മകമായ നീക്കങ്ങളെ പമ്പയും കാവേരിയും കന്യാകുമാരിയുമൊക്കെ കടത്തി ബാംഗ്ലൂരിലും, ഹൈദ്രാബാദിലും കോയമ്പത്തൂരുമൊക്കെ എത്തിക്കുന്നു നമ്മള്‍. ഭാരതത്തിലെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനമായ ISRO, Indian Institute of Space Tchnology എന്ന IITകള്‍ക്ക് തുല്യമായ ഒരു സ്ഥാപനം തുടങ്ങാന്‍ തെരഞ്ഞെടുത്തത് 100% സാക്ഷര സസ്ഥാനമായ കേരളം (vikram sarabhai space centre കേരളത്തിലായതാവാം ഈ തെരഞ്ഞെടുപ്പിന് ഒരു കാരണം, ഇന്നായിരുന്നെങ്കില്‍ vsscയും കര്‍ണ്ണാടകത്തിലോ തമിഴ്നാട്ടിലോ ആയേനേ). ഇക്കൊല്ലത്തെ IIT പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഈ സ്ഥാപനത്തിലേക്ക് പ്രവേശനവും നടന്നു കഴിഞ്ഞു. പക്ഷേ പത്രങ്ങളിലൂടെ പരസ്യം ചെയ്തിട്ടും അതിന് കാമ്പസ് തുടങ്ങാനുള്ള സ്ഥലം മലയാളികള്‍ നല്‍കിയില്ല എന്നാണ് കേട്ടത്. ഒടുവില്‍ അറിഞ്ഞത് പ്രസ്തുത കാമ്പസ് താല്‍ക്കലികമയി vsscയോട് അനുബന്ധിച്ച് തുടങ്ങുമെന്നാണ്. ഇതാണ് നമ്മള്‍!
ഈ പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യം,
സര്‍ക്കാര്‍ ഇത്രയും കാശുമുടക്കി ഏയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ്, നാനോടെക്‍നോളജി ഇവയൊക്കെ ഇവന്മാരെ പഠിപ്പിച്ച് കഴിഞ്ഞപ്പോള്‍ ഒരു നാണവുമില്ലാതെ ഇവരൊക്കെ അമേരിക്കയിലേക്കും ആഫ്രിക്കയിലേകുമൊക്കെ പോകുന്നു. ഇതില്‍ കുറെയൊക്കെ സത്യമില്ലേ?
മിടുക്കന്മാര്‍ വിദേശങ്ങളിലേക്കും ഐ. ടി, സോഫ്ട്വെയര്‍ രംഗങ്ങളിലേക്കും ചേക്കേറുമ്പോള്‍ അടിസ്ഥാന മേഖലകളിലും സേവന രംഗത്തും മികവ് കുറയുന്നില്ലേ? ഒന്ന് രണ്ട് തലമുറകള്‍ കഴിഞ്ഞാല്‍ ഈ രംഗങ്ങളിലേക്ക് വിദേശികളെ ഇറക്കുമതി ചെയ്യേണ്ട അവസ്ഥ ഉണ്ടാവില്ലേ?
അഞ്ചല്‍കാരാ, മാറുമെന്ന് തന്നെ തോന്നുന്നു, പക്ഷേ മുടിഞ്ഞ സംശയങ്ങളാണ് നമുക്ക്. അത് മാറ്റമുള്‍ക്കൊള്ളാനുള്ള പേടിമൂലവുമാണോ എന്ന് സംശയം. പിന്നെ ഉന്നതവിദ്യാഭ്യാസരംഗം, അതിന്റെ ആവശ്യകതയെപ്പറ്റി ബോധവാന്മാരാകണമെങ്കില്‍ അത്തരം മൂന്നുനാല് സ്ഥാപനങ്ങള്‍ നാട്ടിലുണ്ടായി അയല്പകത്തും അപ്പുറത്തും ഇപ്പുറത്തുമുള്ളവര്‍ അവിടൊക്കെ പഠിച്ച് നല്ല ജോലിയൊക്കെ കിട്ടി പേരെടുക്കണം. നാട്ടില്‍ ഇപ്പോള്‍ അങ്ങിനത്തെ പ്രസ്ഥാനങ്ങളേ ഇല്ലല്ലോ. അതാണ് ഞാന്‍ കാണുന്ന ഒരു പ്രശ്‌നം.
സുകുമാരന്‍ മാഷേ, നന്ദി. പ്രശ്‌നം എല്ലാവരിലുമുണ്ടെന്ന് തോന്നുന്നു. ജനങ്ങളുടെ തന്നെ പ്രതിഫലനമാണല്ലോ രാഷ്ട്രീയക്കാര്‍. നമ്മള്‍ ഇന്നതൊക്കെ വേണമെന്ന് വാശിപിടിച്ചാല്‍, അല്ലെങ്കില്‍ കസേര കാണില്ല എന്ന് നമ്മള്‍ ഭീഷണിപ്പെടുത്തിയാല്‍ അവര്‍ നമുക്ക് വേണ്ടതൊക്കെ കൊണ്ടുവന്നു തരും.
ശാലിനി, അപ്പോള്‍ വാശിക്ക് നാശമെന്ന പഴഞ്ചൊല്ലില്‍ പതിരുണ്ടെന്നാകുകയും അങ്ങിനെ പഴഞ്ചൊല്ലില്‍ പതിരുണ്ടെങ്കില്‍ പഴഞ്ചൊല്ലില്‍ പതിരില്ല എന്ന പഴഞ്ചൊല്ലിലും പതിരില്ലേ എന്ന് ഉല്‍പ്രേക്ഷാഖ്യയലംകൃതിയായി മൊത്തം കുളമാവും :). പോസിറ്റീവ് വാശി നല്ലതിനു തന്നെ. പക്ഷേ നെഗറ്റീവ് ആന്‍ഡ് ഡിസ്ട്രക്റ്റീവ് വാശി ഭീകരം.
അപ്പുമാഷേ, എല്ലാം വേണം നമുക്ക്. പക്ഷേ അതിനുള്ള സാഹചര്യമാണ് ഈ നേതാക്കന്മാര്‍ ചില വ്യക്തിവൈരാഗ്യങ്ങളുടെയും അജണ്ടകളുടെയും കാരണങ്ങളാല്‍ തട്ടിത്തെറിപ്പിക്കുന്നത്. ക്രൂരം തന്നെ.
മഹിമേ, നന്ദി. നാട്ടിലും വരുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ പ്രശ്‌നം ഒരു വിദ്യാവിഷന്‍ 2010 ഓ 2020 ഓ ഒന്നും നാട്ടിലെ ഒരു വിദ്യാഭ്യാസമന്ത്രിക്കുമില്ല. അന്നന്നത്തെ കാര്യങ്ങള്‍ പോലും നേരാംവണ്ണം ഓടിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. പിന്നെ നാട്ടുകാര്‍ എങ്ങിനെയെങ്കിലുമൊക്കെ സര്‍വൈവ് ചെയ്തുകൊള്ളും എന്നുള്ള ശുഭാപ്തി വിശ്വാസം കാരണമാണെന്ന് തോന്നുന്നു, അവരെല്ലം വളരെ ഹാപ്പിയുമാണ്.
ആപ്പിള്‍കുട്ടാ, നന്ദി. ഐ.ഐ.എസ്.റ്റി തിരുവനന്തപുരത്ത് തന്നെ തുടങ്ങുമെന്ന് തോന്നുന്നു. തുടങ്ങട്ടെ. അതുപോലെ ഒരു ഐസറും തിരുവനന്തപുരത്ത് അനുവദിച്ചിട്ടുണ്ട്. ഇനി അതിന് മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നുമില്ലാത്ത കേരളത്തിന് എഴുപത് ശതമാനം സീറ്റ്, ഭരണസമതിയില്‍ സംസ്ഥാന പങ്കാളിത്തം (പക്ഷേ കാശ് മുഴുവന്‍ കേന്ദ്രം തരികയും വേണം) തുടങ്ങിയ വാദഗതികള്‍ കൊണ്ടുവന്ന് അതും കുളമാക്കുമോ എന്നാണ് പേടി. ഇത്തരം കാര്യങ്ങള്‍ തുടങ്ങി ആദ്യ ദിനം പ്രവര്‍ത്തിച്ചാല്‍ മാത്രം പ്രവര്‍ത്തിച്ചു എന്ന് പറയാന്‍ പറ്റുന്ന സംസ്ഥാനം കേരളം മാത്രമേ ഉള്ളൂ. മന്ത്രിമാരെ വഴിതെറ്റിക്കുന്നതില്‍ ഉദ്യോഗസ്ഥന്മാര്‍ക്കുള്ള പങ്ക് വളരെ പ്രധാനവും കുപ്രസിദ്ധവും.
ആപ്പിള്‍ കുട്ടന്‍ പറഞ്ഞത് ശരിയാണ്. നാട് മുടക്കുന്ന പൈസകൊണ്ട് പഠിക്കുന്ന പലരും നാടിന് വെളിയിലേക്ക് പോകുന്നുണ്ട്. പക്ഷേ അവരില്‍ ചിലരെങ്കിലും ഇപ്പോള്‍ തിരിച്ച് നാട്ടിലേക്ക് പോകാന്‍ താത്പര്യം കാണിക്കുന്നുണ്ട്. അതുപോലെ തന്നെ പുറത്തേക്ക് പോയേ പറ്റൂ എന്നുള്ള അദമ്യമായ ആഗ്രഹം വെച്ചു പുലര്‍ത്തുന്ന ഉന്നതവിദ്യാഭ്യാസക്കാരുടെ ശതമാനം വളരെ ചെറുതായിട്ടാണെങ്കിലും കുറഞ്ഞിട്ടുമുണ്ട് എന്നാണ് എന്റെ ഒരു നിരീക്ഷണം (ഡാറ്റയൊന്നുമില്ല). അവരെ എങ്ങിനെ നാട്ടില്‍ തന്നെ നിര്‍ത്താം എന്നുള്ള ഒരു സ്‌ട്രാറ്റജിയും കൂടി വേണം സര്‍ക്കാരിന്. നാനോടെക്‍നോളജി മുതലായ മേഖലയില്‍ സോഫ്റ്റ്‌വെയര്‍ ജോലികള്‍ക്ക് സമാനമായ ശമ്പളം കൊടുക്കുന്ന വിദേശകമ്പനികള്‍ നാട്ടിലുള്ളപ്പോള്‍ പൊതുമേഖലയിലെയും മറ്റും ഗവേഷണശാലകള്‍ അത്രയും കൊടുത്തില്ലെങ്കിലും ഇപ്പോളുള്ളതിനെക്കാളും കുറച്ചുകൂടി മെച്ചമായ സാഹചര്യങ്ങളും ശമ്പളവും കൊടുത്താല്‍ പുറത്തേക്കുള്ള ഒഴുക്ക് കുറച്ചെങ്കിലും തടയാം എന്ന് എന്റെ ഒരു തോന്നല്‍.
എല്ലാവര്‍ക്കും നന്ദി. ശുഭാപ്തിവിശ്വാസത്തോടെ...
:)
വക്കാരീ, വളരെ നല്ല ലേഖനം. പറയേണ്ടത് വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു.
ആപ്പിള്‍കുട്ടാ:IITയില്‍ അഡ്മിഷന്‍ കിട്ടുന്നവര്‍ക്ക് അവര്‍ നിശ്‌ചിത കാലം ഇന്ത്യയില്‍ ജോലി ചെയ്ത് കൊള്ളാം എന്ന് ഒരു ബോണ്ട് ഒക്കെ വാങ്ങാന്‍ ഉദ്ദേശിക്കുന്നു എന്ന് കേട്ടിരുന്നു.(ഇനി അതും ഒരു റൂമര്‍ ആണോ ആവോ?)
വേറൊന്ന്, കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(CIAL)ന്റെ മേല്‍നോട്ടത്തില്‍ DGCAയുടെ അംഗീകാരത്തോടെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കോഴ്സ് തുടങ്ങുന്നുണ്ട്. ഫീസും താരതമ്യേന കുറവും ആകും എന്നും കരുതുന്നു.
ശരിയാണ്, കേരളം മാറണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു, മാറ്റേണ്ട കാലം എന്നു പറയുന്നതാണ് ശരി. കോടികള്‍ കോഴ വാങ്ങിയ്ക്കുന്ന പാര്‍ടി ഭരിയ്ക്കുമ്പോള്‍ അതു നടക്കില്ല. ഭേദം കത്തനാരന്മാരെ ഏല്‍പ്പിക്കുകയാണെന്നു തോന്നിപ്പോകും....
കാണാന്‍ വൈയ്കി. ഗഹനമായ കാര്യങ്ങള്‍ ലളിതമായും സരസമായും പറഞ്ഞു വച്ചിരിയ്ക്കുന്നു.
വക്കാരിയ്ക്ക് ഒരു അവാര്‍ഡ് തരണമെന്ന ആഗ്രഹമില്ലാഞ്ഞിട്ടല്ല.....
Post a Comment
<< Home