Thursday, May 01, 2008

ഏഷ്യാനൈറ്റ് ശ്യാമളനും ബിയെസെന്നെല്ലും പതിരും

സംഭവം ഒന്ന്:

നമ്മുടെയൊക്കെ ജീവിതം സുന്ദരവും സുരഭിലവും സുഖദായകവുമാക്കാനും അതിനും പുറമെ നമ്മുടെ നികുതിപ്പണംകൊണ്ട് തടിച്ച് കൊഴുത്ത് വീര്‍ത്ത് കിടപ്പാടമില്ലാത്തവനോടു പോലും കടപ്പാടൊന്നുമില്ലാതെ കഴിയുന്ന പൊതുമേഖലാ മേലാളന്മാരെ മര്യാദ പഠിപ്പിക്കാനും വേണ്ടി പൊതുജനസേവനം നടത്തുന്ന സ്വകാര്യസേവനദാതാവ് ഏഷ്യാനെറ്റ്.

ഒരു വിശാലവലക്കണക്‍ഷന്‍ വേണം. പൊതുമേഖലയെ പിന്തുണയ്ക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും വീട്ടിലും നാട്ടിലുമെല്ലാം പൊതുമേഖലയിലെ ബീയെസ്സെന്നെല്ലിന്റെ നെറ്റും ഫോണുമെല്ലാം എടുത്തതിന്റെയും എടുപ്പിച്ചതിന്റെയുമൊക്കെ കഥകള്‍ ഗദ്ഗദകണ്ഠേശ്വരനായി പറഞ്ഞ് വികാര്‍ ഭരിതനായതുമൊക്കെ ഒരു മിനിറ്റുകൊണ്ട് മറന്ന് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഏഷ്യാനെറ്റെന്ന മലയാളക്കുത്തകയെ സമീപിക്കാന്‍ കാരണം ബീയെസ്സെന്നെല്ലിന്റെ വരട്ടുവാദ നാടന്‍ പാട്ടായ

വലവേണേല്‍ ഫോണ്‍ വേണം,
ഫോണ്‍ വേണേല്‍ വഴിവേണം,
വഴിയാല്‍ കുഴിവേണം,
കുഴിയില്‍ പോസ്റ്റും‌വേണം

എന്ന കവിതാ ശകലമായിരുന്നു. വലഞ്ഞതുതന്നെ. പറഞ്ഞതൊക്കെ ഒരുമിനിറ്റുകൊണ്ട് മറന്ന് ഏഷ്യാനെറ്റിലെ സുന്ദരനെ ഫോണ്‍ ചെയ്തു.

“സ്വാറേ, ഞാനെപ്പോ വന്നൂ എന്ന് ചോദിച്ചാല്‍ മതി”

“എപ്പോ വന്നൂന്നാ ചോദിക്കേണ്ടത്?” തിരിച്ചു ചോദിച്ചു, അപ്പോള്‍ തന്നെ. പുള്ളി ചമ്മി.

“നാളെ രാവിലെതന്നെയായിക്കൊള്ളട്ടെ സുന്ദരാ. അതേ ഒരു ഏഴുമണിഓടടുപ്പിച്ച് വരണം. എനിക്ക് ഏഴേകാലോടെ പോകേണ്ടതാണ്”

സുന്ദരന്‍ ആവേശം കയറി ഉജ്ജ്വല്‍ കുമാറായി.

“നാളെ രാവിലെ ആറിനുതന്നെ ഞാനെത്തും സാര്‍”

ഹെന്റമ്മോ, ഇത്രയ്ക്കും ഡെഡിക്കേഷനോ. പൊതുമേഖലാമ്മയെ പിന്തുണച്ച് ചമ്മലായോ... സുന്ദരനെ മീറ്റാന്‍ ഞാന്‍ അക്ഷമാക്ഷന്‍ പിള്ളയായി. സുന്ദരനെക്കാളും ആവേശ്വോജ്ജലനായി ഞാന്‍ അലാം അഞ്ചരയ്ക്ക് തന്നെ വെച്ചു.

സുന്ദരന്‍ വന്നു കൃത്യസമയത്ത് തന്നെ. കൃത്യം ഏഴരയ്ക്ക്. എട്ടുമണിയ്ക്ക് പോകേണ്ട ഞാന്‍ ഏഴേകാലിനു പോകണമെന്ന് പറഞ്ഞത് സുന്ദരന്‍ ടെലിപ്പതിവഴി പിടിച്ചെടുത്തുകാണും. സുന്ദരന്റെ ഫസ്റ്റപ്പോയിന്റ്‌മെന്റ് കുളമായപ്പോഴേ എന്തൊക്കെയോ ശുഭസൂചനകള്‍ ഞാന്‍ മണത്തു.

“അതേ സുന്തരാ സുന്തരാ... എനിക്ക് വിശാലമായ ഒരു ബാന്‍ഡ്‌മേളമാണ് വേണ്ടത്. തങ്കമേ കേരളമേ, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവലവിരിപ്പുകാരായി ഞങ്ങളെ മാറ്റിയതിന് നന്ദി കേരളമേ എന്ന് താങ്ക്യൂ കേരള (എന്നിട്ട് ഫുള്‍ സ്റ്റോപ്പ്) പിന്നെ ഫോര്‍ മേക്കിംഗ് അസ് ദ നമ്പ്ര് വണ്‍ ഐയ്യെസ് പി എന്ന് ഗ്രാമാറ്റിക്കലി മിസ്റ്റേക്കലിയായി സ്വകാര്യന്മാര്‍ പരസ്യമായി തീവണ്ടിയിലൊക്കെ പരസ്യം ചെയ്തത് കണ്ടാണ് ഞാന്‍ ഏഷ്യാവല തന്നെ വിരിച്ചേക്കാമെന്ന് വെച്ചത്. കുളമാവുമോ സുന്തരാ” എന്ന് ചോദിച്ചപ്പോളേ സുന്ദരന്‍ ചാടിവീണു:

“എപ്പോ കിട്ടിയെന്ന് ചോദിച്ചാല്‍ മതി സാര്‍”

(എപ്പോ കിട്ടിയെന്നാണ് ചോദിക്കേണ്ടതെന്ന് തിരിച്ച് ചോദിച്ചില്ല).

“അതേ സുന്ദരാ, എങ്ങിനെയൊക്കെയാണ് ഇതിന്റെ വരവുചിലവുകള്‍?”

“സാര്‍, മാസം 532 രൂപാ. രണ്ടര ജീബീ സൌജന്യം. പിന്നെ മോഡത്തിന്റെ കാശ് ആയിരം സംതിംഗ്. സാര്‍ ആറുമാസം ഒരുമിച്ചടച്ചാല്‍ മോഡം അഞ്ഞൂറ് രൂപയ്ക്ക് തരാം. വേറേ യാതൊരു പ്രശ്‌നവുമില്ല, മൊത്തം സുന്ദരം”

“അതേ സുന്ദരാ... സപ്പോസ്, ഞാന്‍ രണ്ടുമാസം കഴിഞ്ഞ് സംഭവം വേണ്ടാന്ന് വെച്ചാല്‍ എന്തെങ്കിലും തലവേദനകള്‍ ഉണ്ടാവുമോ?”

“ഒന്നുമുണ്ടാവില്ല സാര്‍. എപ്പോള്‍ വേണമെങ്കിലും സാറിന് വേണ്ടാ എന്ന് വെക്കാം. ഹാസില്‍ ഫ്രീ”

“ശരിക്കും?” എനിക്ക് വിശ്വാസമായില്ല.

“ശരിക്കും സാര്‍, ശരിശരിക്കും”

“പിന്നെ സുന്ദരാ, എന്റെ കൈയ്യില്‍ ഒരു കേബിള്‍ മോഡമുണ്ട്. അതുകൊണ്ട് നിങ്ങളുടെ മോഡം വേണ്ട. അതുകൊണ്ട് എന്തെങ്കിലും തലവേദനകള്‍?”

“ഏഷ്യാനെറ്റിന്റെ മോഡമാണോ സാര്‍?”

“അല്ല സുന്ദരാ, വേറേ നെറ്റിന്റേതാണ്”

സുന്ദരന്‍ ഒരു നാനോസെക്കന്റ് ആലോചിച്ചു.

“നോ പ്രോബ്ലം സാര്‍. സാറിന്റെ മോഡം ഇവിടെ വര്‍ക്ക് ചെയ്യുമെങ്കില്‍ പിന്നെ ആര്‍ക്കെന്ത് ചേതം? സാറിന് ധൈര്യമായി ആ മോഡം ഉപയോഗിക്കാം. ഒരു തലവേദനയുമില്ല. അത് വര്‍ക്ക് ചെയ്യുമോ ഇല്ലയോ എന്നൊന്ന് നോക്കണം. അത് കണക്ഷന്‍ കിട്ടി അപ്പോള്‍ തന്നെ അറിയാമല്ലോ. വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ ഞങ്ങടെ മോഡം കൊണ്ടുവരികയും ചെയ്യാം. എത്ര സുന്ദരം”.

കണ്ണുനിറഞ്ഞുപോയി. ഇത്ര സേവനസന്നിധാനന്ദനായി നില്‍ക്കുന്ന സുന്ദരന്മാരുള്ള പ്രസ്ഥാനങ്ങളെയാണല്ലോ ഞാന്‍ കുത്താ, കുത്തക എന്നൊക്കെ വിളിച്ച് അപമാനിച്ചതെന്നോര്‍ത്ത് എനിക്ക് സങ്കടം സഹിക്കാന്‍ പറ്റാതായി. സുന്ദരനെ കെട്ടിപ്പിടിച്ച് ഒന്ന് കരഞ്ഞാലോ എന്നാലോചിച്ചു. അല്ലെങ്കില്‍ വേണ്ട, ആ കാലില്‍ വീണ് ഒന്ന് മാപ്പ് പറഞ്ഞാലോ എന്നുപോലും ആലോചിച്ചു.

“അപ്പോള്‍ സുന്ദരാ, എപ്പോക്കിട്ടും?”

“എന്ത് ചോദ്യം സാര്‍. നാളെ വൈകുന്നേരം സംഭവം റെഡി”.

“സുന്ദരാ, നീ സുന്ദരനല്ല, അതിസുന്ദരന്‍... അപ്പോള്‍ നമുക്ക് നാളെ വൈകുന്നേരം കാണാം”

“സാര്‍, സ്വല്പം അഡ്വാന്‍സ് വേണം. അതില്ലാതെ ലെവന്മാര്‍ സംഭവം ഫിറ്റ് ചെയ്യൂല്ല”.

“അതിനെന്താ സുന്ദരാ, ഇന്നാ പിടി ആദ്യമാസ വാടക അഞ്ഞൂറ്റിമുപ്പത്തിരണ്ട്”

“ശരി സാര്‍, നാളെക്കാണാം”

സുമുഖനായ സുന്ദരനോട് അഡ്വാന്‍സിന്റെ ബില്ല് പോലും വാങ്ങിച്ചില്ല. സുന്ദരന്‍ പോയി.

ദിവസം അടുത്ത്, അടുത്ത ദിവസമായി. വൈകുന്നേരം നെറ്റ് കിട്ടി മുടങ്ങിയ ബ്ലോഗിംഗ് ഒക്കെ പുനരാരംഭിച്ച് ബ്ലോഗിലെ സംവാദങ്ങളിലൊക്കെ പങ്കെടുത്ത് ചീത്തകേള്‍ക്കാന്‍ കൊതിയായി ഓടിപ്പിടിച്ച് വീട്ടിലെത്തി സുന്ദരനെയും കാത്തിരിപ്പായി.

സുന്ദരനുമില്ല, സുമുഖനുമില്ല. സമയം എട്ടായി.

“സുന്ദരാ...സുന്ദരോ...” ഫോണ്‍ വിളിച്ചു.

“സാര്‍ നാളെക്കിട്ടും സാര്‍?”

“സുന്ദരാ, ഗണപതീ, മരമാക്രീ. ഇന്ന് തരാമെന്നും പറഞ്ഞല്ലേഡോ കാശും വാങ്ങിച്ച് പോയത്, പുല്ലേ...” എനിക്കാകപ്പാടെ ചൊറിഞ്ഞ് വന്നു. “നാളെ എന്നൊരു ദിവസമുണ്ടെങ്കില്‍ നാളെ വൈകുന്നേരം സംഭവം ഇവിടെ എത്തിച്ചില്ലെങ്കില്‍...”

നാളെ വൈകുന്നേരമായി. വീട്ടില്‍ വന്നപ്പോള്‍ സംഭവം കേബിളൊക്കെ റെഡി. ഭീഷണി ഫലിച്ചു. കളി നമ്മളോടോ...

സ്വന്തം കേബിള്‍ മോഡവും ഫിറ്റ് ചെയ്ത് തനിമലയാളം ഡോട്ടോര്‍ഗിലേക്ക് നേരേ ചാടി, നടുവും കുത്തി വീണു. പിന്നേം ചാടി, പിന്നേം വീണു. കഷ്ടം മര്‍ക്കെയറിലേക്ക് വിളിച്ചു:

“സാറേ, ഓണ്‍ മോഡമാണോ ഞങ്ങടെ മോഡമാണോ?”

ഓണ്‍ മോഡം. പുതിയൊരു വാക്ക് പഠിച്ചു.

“ഓണ്‍ മോഡമാണ്”

“ഓ...ഹോ, അത് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഇപ്പ ശരിയാക്കിത്തരാം”

വെള്ളാനകളുടെ നാട്ടിലെ പപ്പുവിനെപ്പോലൊന്നുമല്ലായിരുന്നു. സംഭവം അപ്പോള്‍ തന്നെ ശരിയായി.

ഹായ്, തനിമലയാളം, എന്റെ പടബ്ലോഗ്, കോഴിബ്ലോഗ്, കഴുതബ്ലോഗ് എല്ലാം ഇങ്ങിനെ ഒന്നൊന്നായി രണ്ടെം‌ബീബീയെസ് സ്പീഡില്‍...

അഞ്ചുമിനിറ്റായിക്കാണും. സുന്ദരന്റെ ഫോണ്‍.

“ഹലോ സുന്ദരാ, താങ്കൂ വെരി മെച്ച്. ഞാന്‍ ഇന്നലെ സ്വല്പം ചൂടായതില്‍ അലോഹ്യമൊന്നുമില്ലല്ലോയല്ലേ”

“അതേ, സാറേ, നിങ്ങള് സ്വന്തം മോഡമല്ലേ ഉപയോഗിക്കുന്നത്. സ്വന്തം മോഡമാണെങ്കില്‍ അണ്ണാ, എണ്ണൂറ് രൂപാ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജുണ്ട്. അതിങ്ങ് തന്നേര്”

“എന്തോന്ന് സുന്ദരാ? ഞാന്‍ മിനിങ്ങാ‍ന്ന് വളരെ വ്യക്തമായി പറഞ്ഞതല്ലേ, ഞാന്‍ സ്വന്തം മോഡമാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന്? അപ്പോള്‍ ഉജ്ജ്വല്‍ കുമാറായി സുന്ദരന്‍ എന്താ പറഞ്ഞേ? ഒരു പ്രശ്‌നവുമില്ല, ധൈര്യമായി ഉപയോഗിച്ചോന്ന്. കാശിന്റെ കാര്യമൊന്നും സുന്ദരന്‍ അപ്പോള്‍ പറഞ്ഞില്ലല്ലോ. എണ്ണൂറ് രൂപാ തന്ന് സ്വന്തം മോഡമുപയോഗിക്കാനാണെങ്കില്‍ ആറുമാസത്തെ കാശ് ഒന്നിച്ചടച്ച് അഞ്ഞൂറ് രൂപയ്ക്ക് സുന്ദരന്റെ മോഡം ഉപയോഗിക്കുന്നതല്ലേ ലാഭം. അത് സുന്ദരനറിയാവുന്നതല്ലായിരുന്നോ. എന്നിട്ടെന്തുകൊണ്ട് സുന്ദരന്‍ അപ്പോള്‍ പറഞ്ഞില്ല?” എനിക്ക് പ്രാന്തായി.

“അതേ സാറേ, അതൊക്കെ ആ ബ്രോഷറില്‍ എഴുതിയിട്ടുണ്ടല്ലോ?”

“എന്തോന്ന്? സ്വന്തം മോഡമാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ കാശ് വാങ്ങിക്കുമെന്ന് ബ്രോഷറില്‍ എഴുതിയിട്ടുണ്ടെന്നോ? ഒരു മിനിറ്റ്, ഞാന്‍ ബ്രോഷറൊന്ന് വായിക്കട്ടെ”

ബ്രോഷറ് മൊത്തം സുന്ദരനെ വായിച്ച് കേള്‍പ്പിച്ചു.

“ഇതിലെവിടെയാ സുന്ദരാ സുന്ദരന്‍ പറഞ്ഞതൊക്കെ പറഞ്ഞിരിക്കുന്നത്?”

“അതേയ്, എണ്ണൂറ് രൂപാ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് തന്നില്ലെങ്കില്‍ നിങ്ങളുടെ മോഡം ഞങ്ങള്‍ ബാനും. പിന്നെ കേരളത്തിലൊരിടത്തും നിങ്ങള്‍ക്ക് നിങ്ങളുടെ മോഡം ഉപയോഗിക്കാന്‍ പറ്റില്ല. പറഞ്ഞില്ലാന്ന് വേണ്ട”

സുന്ദരന്‍ ഫോണ്‍ കട്ടി. പാലല്ലേ, തേനല്ലേ പഞ്ചാ‍രയല്ലേ എന്ന് ചോദിച്ച് വിനയകുമ്പിടിയായി രണ്ടുദിവസം മുന്‍പ് കുമ്പിട്ട് നിന്ന സുന്ദരന്‍ തന്നെയോ ഇതെന്ന് വര്‍ണ്ണ്യത്തിലാകാശശങ്ക.

സുന്ദരന്റെ ബോസിനെ വിളിച്ചു.

“സാറേ, സുന്ദരന്‍ ഞങ്ങളുടെ ടീമിലെ ഏറ്റവും എഫിഷ്യന്റും സുന്ദരനുമായ ആളാണ്”

ബെസ്റ്റ് (മനസ്സില്‍ പറഞ്ഞു).

“ഓണ്‍ മോഡം യൂസ് ചെയ്യുകയാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജുണ്ടെന്നത് ഈ നാട്ടിലെ ഏത് കൊച്ചുകുഞ്ഞിനുപോലും അറിയാവുന്ന കാര്യമാണ്”

ഞാന്‍ ചമ്മി. ഇത്തരം ഭരണഘടനാ തത്വങ്ങളൊക്കെ പഠിക്കാത്ത ഞാന്‍ ശരിക്കും ചമ്മി.

“അണ്ണേ, ബോസണ്ണേ, ഒരുകാര്യം ചെയ്യ്. എനിക്ക് മതിയായി, അഞ്ചുമിനിറ്റുകൊണ്ട് തന്നെ. സുന്ദരന്‍ ഒരൊറ്റ രാത്രികൊണ്ട് ഇത്രകണ്ട് വിരൂപനാവുമെന്ന് ഞാനോര്‍ത്തില്ല. സുന്ദരന്റെ ഭീഷണിയില്‍ ഇനി എന്റെ സ്വന്തം മോഡം കേരളത്തില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ തന്നെ എനിക്ക് പേടിയായി. ഞാന്‍ നിര്‍ത്തി. എനിക്കൊന്നും വേണ്ട. അണ്ണന്‍ അണ്ണന്റെ വയറും കമ്പിയുമെല്ലാം അഴിച്ചുകൊണ്ട് പൊയ്ക്കോ”

“സുന്ദരന് അങ്ങിനെയൊരു അബദ്ധം പറ്റാന്‍ യാതൊരു വഴിയുമില്ല സാറേ. എന്തായാലും ഞാന്‍ ഒരു കാര്യം ചെയ്യാം. ഓണ്‍ മോഡം യൂസ് ചെയ്യുകയാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് വേണമെന്ന് സുന്ദരന്‍ സാറിനോട് പറഞ്ഞിട്ടില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ സാറിന്റെ അഞ്ഞൂറ്റിമുപ്പത്തിരണ്ട് രൂപാ തിരിച്ച് തരീപ്പിക്കാം. ചന്തുവാണ് പറയുന്നത്. ചന്തുവിന്റെ വാക്ക് വെറുംവാക്കല്ല എന്നോ മറ്റോ അല്ലേ”

“ശരി ചന്തുരാ. എനിക്കെന്റെ പൈസാ തിരിച്ചിങ്ങ് തന്നാല്‍ മതി. സുന്ദരന്‍ എന്നോട് പറഞ്ഞിട്ടില്ല എന്നത് പകല്‍ പോലെ വ്യക്തം. നിങ്ങള്‍ കണ്‍ഫേമിച്ചിട്ട് കാശും തിരിച്ച് തന്ന് വയറും കമ്പിയുമെല്ലാം ഊരി സ്ഥലം കാലിയാക്ക്”

അടുത്ത ദിവസം വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ വയറുമില്ല, കമ്പിയുമില്ല, കാശുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ചന്തുരന്റെ ഫോണ്‍.

“സാറേ, ഒരു മുന്നൂറ് രൂപയെങ്കിലും തരുമോ? ആ വയറിന്റെയും കമ്പിയുടെയും കാശെങ്കിലും. അതുമതി,ഞങ്ങള്‍ക്ക്. സാര്‍ സാറിന്റെ മോഡേണ്‍ മോഡം തന്നെ ഉപയോഗിച്ചോ?” (കിലുക്കത്തിലെ മോഹന്‍‌ലാലും ജഗതിയും തമ്മിലുള്ള ബാര്‍ഗെയിനിംഗ് ഓര്‍മ്മ വന്നു)

“അതിന് വയറെവിടെ വയറെവിടെ വയറെവിടെ ചന്തുരാ, എല്ലാം ലെവന്മാര്‍ ഊരിക്കൊണ്ട് പോയല്ലോ. ഇനി കാശേ കാശേ എന്നും പറഞ്ഞ് ഞാന്‍ ചന്തുരന്റെ പുറകെ നടക്കില്ല. ചന്തുരന്‍ ആ അഡ്വാന്‍സ് തിരിച്ച് തരീക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. വാക്കിന് വിലയുണ്ടെങ്കില്‍ ചന്തുരന്‍ അങ്ങിനെ ചെയ്യുക. ഗുഡ് ബായ്”

അഞ്ചുമിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ സുന്ദരന്റെ ഫോണ്‍.

“സാറേ, മുന്നൂറ് രൂപായെങ്കിലും...”

“അതേ ബോസ് ചന്തുരന്‍ വിളിച്ചിരുന്നു. എല്ലാം പെറുക്കിക്കെട്ടിക്കൊണ്ട് പോയല്ലോ. എനിക്ക് നിങ്ങളുടെ നെറ്റും വേണ്ട, പറ്റും വേണ്ട”

“അപ്പോള്‍ സാറ് തന്ന അഡ്വാന്‍സ് പോവൂല്ലേ?”

ഞാന്‍ ഞെട്ടി. ചന്തുരന്‍ എല്ലാം വാങ്ങിച്ച് തിരിച്ച് തരാമെന്നാണല്ലോ പറഞ്ഞത്.

മാസങ്ങള്‍ പോയതറിയാതെ എന്ന പുതിയ സിനിമയിറങ്ങി. ഇതുവരെ അഡ്വാന്‍സ് കൊടുത്ത അഞ്ഞൂറ്റിമുപ്പത്തിരണ്ട് രൂപയുമില്ല, ആട് കിടന്നിടത്ത് പൂട പോയിട്ട് ആട്ടിന്‍‌കാട്ടം പോലുമില്ല.

അപ്പോള്‍ അതാണ് പൊതുമേഖലാവെള്ളാനകളുടെ നാട്ടില്‍ നിന്നും നമ്മളെയൊക്കെ രക്ഷിക്കാന്‍ അവതരിക്കുന്ന സ്വകാര്യമനുഷ്യത്വപ്രസ്ഥാനങ്ങളുടെ കാര്യം.പാലം കടക്കുന്നത് പോയിട്ട് പാലത്തിന്റെ പകുതിവരെ നാരായണ, നാരായണ, പകുതി കഴിഞ്ഞാല്‍ പിന്നെ താളവട്ടത്തില്‍ ജഗതി സോമനെ വിളിച്ചതുപോലെ “കൂരായണ”

നാട്ടില്‍ നെറ്റിന്റെ കുത്തകപോലുമല്ലാത്ത ഏഷ്യാനൈറ്റ് ശ്യാമളനാണ് ഇത്തരം കണ്ണില്‍ പൊടിയിടല്‍ തട്ടിപ്പുകളുമായിട്ട് നടക്കുന്നത്.

തീര്‍ന്നില്ല...

സംഭവം രണ്ട്:

അങ്ങിനെ പവനായി ശവമായി സ്റ്റൈലില്‍ കസ്റ്റമറീസ്‌ദകിംഗ് മമ്മൂട്ടി സ്റ്റൈലില്‍ നൈറ്റില്‍ പോലും നെറ്റില്ലാതെ നെറ്റിയ്ക്ക് കൈയ്യും കൊടുത്ത് കൊതുകുകടികൊള്ളാതിരിക്കാന്‍ നെറ്റിനകത്ത് നെറ്റും പ്രതീക്ഷിച്ച് ഡേയും നൈറ്റും നെറ്റും നോക്കിയിരിക്കുന്നതിനിടയ്ക്ക് മരുഭൂമിയിലെ പെരിയാറ് പോലെ പത്രത്തില്‍ പരസ്യം:

ബീയെസ്സെന്നല്ലിന്റെ പുതിയ സംഭാരം. വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷന്‍-ഈ‌വീഡീയോ. കേരളത്തില്‍ എവിടെയും, നിങ്ങള്‍ വണ്ടിയിലാണെങ്കിലും വീട്ടിലാണെങ്കിലും ബാര്‍ബര്‍ ഷോപ്പിലാണെങ്കിലും ബാറില്‍ ഷോപ്പിംഗിലാണെങ്കിലും, രണ്ട് എം‌ബീബീയെസ് സ്പീഡില്‍ നെറ്റ് കിട്ടാന്‍ ആറായിരത്തിയഞ്ഞൂറ് രൂപാ അന്യായ വിലകൊടുത്ത് വാങ്ങിക്കൂ, ഈ വീഡിയോ.

സ്വല്പം വെയിറ്റു ചെയ്യുക എന്ന വക്കാരീസ് ടിപ് പ്രകാരം സ്വല്പം വെയിറ്റു ചെയ്തു-ആറായിരത്തിയഞ്ഞൂറ് രൂപാ ശ്ശടേ എന്ന് മൂവായിരത്തിയഞ്ഞൂറായി. ഓടിപ്പോയി വാങ്ങിച്ചു. വാങ്ങിച്ചപ്പോള്‍ കണ്ണടച്ച് കണ്‍ഫേം ചെയ്തു, എന്റെ സ്ഥലത്ത് സംഭവം സംഭവബാഹുലേയനാവുമെന്നും വെറുതെ സംഭാവാമി യുഗേയുഗേയാവില്ലായെന്നും.

ഓടിവന്ന് ഇന്‍സ്റ്റാള്‍ ചെയ്തു. പടപേടിച്ച് പാപി പാതാളത്ത് ചെന്നപ്പോള്‍ പാതാളം മൊത്തത്തോടെ പാപിയുടെ തലയിലായതുപോലെ രണ്ട് എംബീബീയെസ്സ് പോയിട്ട് ഒരു കാലെംബീബീയെസ്സ് പോലുമില്ലെന്നതോ പോകട്ടെ, മുക്കാല്‍ മണിക്കൂറെടുത്ത് ഇരുനൂറ് കേബീയുടെ ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് 99.999 ശതമാനമാവുമ്പോള്‍ സംഗതി കണക്ഷനും പോകും വട്ടുമാവും. ഊതിനോക്കി, തീപ്പെട്ടി കത്തിച്ച് ചൂടാക്കി നോക്കി, നോ രക്ഷാബന്ധന്‍. എന്ത് ചെയ്യും?

ആ അവിവേകം തന്നെ ചെയ്യാന്‍ തീരുമാനിച്ചു. ബീയെസ്സെന്നിലിന്റെ തലപ്പത്തുള്ളവരെത്തന്നെ വിളിക്കാന്‍ തീരുമാനിച്ചു. തെല്ലൊരു സങ്കോചത്തോടെ ഒരു വലിയ ഓഫീസറെ വിളിച്ചു. പൊതുമേഖലാസ്ഥാപനമാണ്... ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്ക് മാത്രമേ അറിയാവൂ. അതുകൊണ്ട് എന്നോട് ക്ഷമിക്കാനുള്ള യാതൊരു സ്കോപ്പുമില്ല. എന്നാലും വിളിച്ചു. ബ്ലോഗിലൊക്കെ എന്തൊക്കെയാണ് നടക്കുന്നതെന്നറിയാതെ ആകപ്പാടെ ശ്വാസം മുട്ടി്യിരിക്കുകയല്ലേ.

ഒരു പൊട്ടിത്തെറിയും പൊട്ടലും ചീറ്റലും പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് തികഞ്ഞ ആത്മാര്‍ത്ഥതയുള്ള (രാവിലെ ഏഴുമണിയോടു കൂടി വരണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആറിനു തന്നെ എത്തിയേക്കാം സാര്‍ എന്ന് പറഞ്ഞിട്ട് ഏഴരയ്ക്ക് വരുന്ന തരം സ്വകാര്യ ആത്മാര്‍ത്ഥതയായി തോന്നിയില്ല) ഒരു സംസാരമായിരുന്നു. അദ്ദേഹം വേറൊരു ഓഫീസറുടെ നമ്പര്‍ തന്നു. അദ്ദേഹത്തെ വിളിച്ചപ്പോള്‍ കാര്യം കാര്യമായി പറഞ്ഞു-അതായത് എന്റെ ഏരിയായില്‍ ഈവീഡീയോ ഒരു സംഭവബാഹുലേയന്‍ ആയിട്ടില്ല. പക്ഷേ തന്നാലാവുന്നത് അദ്ദേഹം ചെയ്യാം എന്നും ഉറപ്പ് തന്നു. എന്തായാലും ആ രണ്ട് പേരോടും സംസാരിച്ചപ്പോള്‍ തികച്ചും പ്രതീക്ഷിക്കാത്തതുകൊണ്ടാണോ ആവോ, വളരെ നല്ല പെരുമാറ്റമായി തോന്നി. വിളിച്ചതോ, രാത്രി എട്ടിനും ഒമ്പതിനുമൊക്കെ.

പക്ഷേ സംതൃപ്തിയും സമാധാനവും സംസാരത്തില്‍ മാത്രം പോരല്ലോ. പിന്നേം പിന്നേം വിളിച്ചുകൊണ്ടിരുന്നു. ഒരു തവണ പോലും, ലെവനൊരു ശല്യരും ശകുനിമായല്ലോ എന്ന് രീതിയിലുള്ള പെരുമാറ്റമൊന്നും അവര്‍ രണ്ടുപേരും അവരുടെ സംസാരത്തിലൂടെ പ്രകടിപ്പിച്ചില്ല. എന്തായാലും വിളിയോ വിളി വിളിയോ, പൊന്നാവണി വിളിവിളി വിളിച്ചു എന്ന ഓണഗാനം പോലെ വിളിച്ച് വിളിച്ച് വിളിച്ച്....

.....

അവസാനം ഒറ്റയടിക്ക് പടബ്ലോഗില്‍ ഈ പോസ്റ്റിടാന്‍ പാകത്തിന് (സൂത്രത്തില്‍ പരസ്യം-കണ്ടുപടി) ബീയെസ്സെന്നല്ലിന്റെ ഈവീഡീയോ സ്പീഡായി. ഓര്‍ക്കണം, പണിതാലും പണിതില്ലെങ്കിലും മാസാമാസം ശമ്പളം വാങ്ങിച്ച് ജോലിയോട് യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്ത ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന... എന്നൊക്കെ മാത്രം ഒരു ഇമേജ് അവരായിട്ടും നമ്മളായിട്ടും ഉണ്ടാക്കിക്കൊടുത്തിട്ടുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്, സാര്‍, ഞാന്‍ ബീയെസ്സെന്നല്ലിന്റെ ഒരു ഈവീഡീയോ കസ്റ്റമറാണ്, എന്നെ ഒന്ന് രക്ഷിക്കണം എന്ന് ഫോണ്‍ വഴി മാത്രം പറഞ്ഞപ്പോള്‍ എന്റെ പ്രശ്‌നം പരിഹരിച്ചുതന്നത്.

അതേ സമയം, നമ്മുടെ നാട്ടില്‍ പാലും തേനുമൊഴുക്കാന്‍ പഞ്ചാരവര്‍ത്തമാനം മാത്രം പറഞ്ഞ് നമ്മളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി വന്നിരിക്കുന്നവര്‍ എന്നൊരു ഇമേജ് അവരായും നമ്മളായും ഉണ്ടാക്കിക്കൊടുത്ത സ്വകാര്യന്മാരില്‍ ഒരാളായ ഏഷ്യാനെറ്റിന്റെ കൈയ്യില്‍ അവര്‍ക്ക് ഒരുതരത്തിലും അവകാശമില്ലാത്ത എന്റെ സ്വന്തം പൈസയായ അഞ്ഞൂറ്റിമുപ്പത്തിരണ്ട് രൂപാ ഒരു ചമ്മലുമില്ലാതെ ഇപ്പോഴും ഇരിക്കുന്നു. അവരുടെ സേവനം ഞാന്‍ ആകപ്പാടെ ഉപയോഗിച്ചത് അഞ്ച് മിനിറ്റ് മാത്രം-അതും ഓണ്‍ മോഡം ഒരു ഉളുപ്പുമില്ലാതെ ഉപയോഗിക്കാം എന്ന ഒരൊറ്റ ഉറപ്പിന്മേല്‍ മാത്രം എടുത്ത കണക്ഷന്‍. ആ ഓണ്‍ മോഡത്തിന് തന്നെ ലെവന്മാര്‍ അവസാനം കണക്കും സയന്‍സും പറഞ്ഞു-ചരിത്രമൊട്ട് മിണ്ടിയതുമില്ല.

ഹോം വര്‍ക്ക്:

ഏഷ്യാനെറ്റിന്റെ ആകര്‍ഷകമായ ബ്രോഷര്‍ നോക്കുക. അവരുടെ സര്‍വ്വീസ് നമ്മള്‍ സ്വീകരിച്ചാല്‍ നമുക്ക് പൈസ എങ്ങിനെയൊക്കെ ചിലവാകും എന്ന് ഒറ്റനോട്ടത്തിലോ രണ്ട് നോട്ടത്തിലോ പോകട്ടെ, തോട്ടത്തില്‍ പോയി പത്ത് നോട്ടം നോക്കിയാലും നമുക്ക് പിടികിട്ടില്ല. ഉദാഹരണത്തിന്, ഇന്‍‌സ്റ്റലേഷന്‍ ചാര്‍ജ്ജ് ഫ്രീ എന്ന് വെണ്ടയ്ക്കാ അക്ഷരത്തിലെഴുതും. ആറുമാസത്തിനുള്ളില്‍ കണക്ഷന്‍ നമ്മള്‍ വേണ്ടെന്ന് വെക്കുകയാണെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് തരേണ്ടിവരുമെന്ന് മുരിങ്ങക്കാ അക്ഷരത്തില്‍ മാത്രം മൂലയ്ക്കെഴുതി വെക്കും. ഓണ്‍ മോഡം ഉപയോഗിക്കുകയാണെങ്കില്‍ പുലിവാല് പിടിക്കുമെന്ന് എങ്ങുമെഴുതിവെക്കില്ല.

ഇനി ബീയെസ്സെന്നല്ലിന്റെ സര്‍ക്കാര്‍ കടലാസിലുള്ള മങ്ങിയും പൊടിഞ്ഞുമൊക്കെയുള്ള ബ്രോഡ്ബാന്‍ഡ് ബ്രോഷര്‍ വാങ്ങി നോക്കുക. ഏതൊക്കെ ചാ‍ര്‍ജ്ജുകള്‍ എങ്ങിനെയൊക്കെ എന്ന് വളരെ വ്യക്തമായി അതില്‍ കാണും. അതിലുള്ളതൊക്കെ എവിടെയുമുണ്ട്; അതിലില്ലാത്തതോ, സാധാരണഗതിയില്‍ എങ്ങും കാണില്ല. ആ തരത്തിലായിരിക്കും അവര്‍ അവരുടെ ചാര്‍ജ്ജുകളെപ്പറ്റി പറയുന്നത്. അതാണ് പൊതുമേഖലയ്ക്ക് ഇപ്പോഴും പൊതുജനങ്ങളോടുള്ള കടപ്പാട്. ഇനി അടുത്ത തവണ നമ്മളെ നോക്കി ചിരിച്ചുകാണിക്കാത്ത പൊതുമേഖലയിലെ അണ്ണനെയും അതുവഴി പൊതുമേഖലയെ മൊത്തത്തിലും ചീത്ത വിളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളും കൂടി കണക്കിലെടുക്കുക.

ചില വരട്ടുതത്വവാദങ്ങളായ ഫോണ്‍ വേണമെങ്കില്‍ പത്ത് നാല്പത് ഡോക്യുമെന്റ്സ് വേണം, പോസ്റ്റ് വേണമെങ്കില്‍ കുഴിക്കണം, ഞങ്ങള്‍ കുഴിക്കും കഴികളെല്ലാം നിങ്ങളുടേതല്ലോ പൈങ്കിളിയേ, അതുകൊണ്ട് കുഴി ഞങ്ങളുടെ വക, കുഴി മൂടല്‍ നിങ്ങളുടെ വക (സാറേ, കുഴിക്കാനറിയാവുന്നവര്‍ക്ക് അത് മൂടാനും അറിയണമല്ലോ, അതുകൊണ്ട് മൂടല്‍ കാശ് തന്നേക്കാം, ഞാന്‍ ഇനി ഈ പാതിരായ്ക്ക് കുഴി മൂടാന്‍ ആരേ തപ്പി പോകും എന്നൊക്കെയുള്ള സംസാരവും ഇതിനിടയ്ക്ക് ഉണ്ടായി. അതൊക്കെ കാരണമാണ് അവരുടെ വയര്‍ ബ്രോഡ്ബാന്‍ഡ് എടുക്കേണ്ട എന്ന് വെച്ചതും) എന്നൊക്കെയുള്ള പതിരുകളൊക്കെ മാറ്റി, എന്തെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുണ്ടോ, ബോധ്യപ്പെട്ടോ, ഇന്നാ പിടിച്ചോ കണക്ഷന്‍ എന്ന രീതിയിലൊക്കെ ആയി വരികയാണെങ്കില്‍ സംഭവം തീര്‍ച്ചയായും ബാഹുലേയനാവും.

എന്തായാലും ഇടയ്ക്ക് മനഃസാക്ഷിയെ വഞ്ചിച്ച് കുത്താ കാ കുത്തകയുടെ പുറകെ പോയതിന് പശ്ചാത്താപമായി ഒരു സുഹൃത്തിനെക്കൊണ്ട് കൂടി ബീയെസ്സെന്നല്ലിന്റെ ഈവീഡീയോ എടുപ്പിച്ചു ധന്യനായി.

ചേര്‍ത്ത് വായിക്കാവുന്നത്:

1. മൂര്‍ത്തിയുടെ പോസ്റ്റ്
2. പ്രദീപിന്റെ പോസ്റ്റിലെ ബീയെസ്സെന്നല്‍ കമന്റുകള്‍.

പതിരൊക്കെ ഒന്ന് മാറ്റിക്കഴിഞ്ഞാല്‍ എന്റെ ഇതുവരെയുള്ള അനുഭവത്തില്‍ ഇപ്പോഴും ബീയെസെന്നെല്ല് തന്നെ നല്ല നെല്ല്. എത്രനാള്‍ ഈ അഭിപ്രായം കാണുമോ ആവോ. പിടിച്ച മുയലിന്റെ നാലാം കൊമ്പ് തപ്പുന്നവനാണ് ഞാനെന്നതും ഒരു കാര്യം.

(ഞാന്‍ എന്തിനെപ്പറ്റി നല്ലത് പറഞ്ഞാലും വിതിന്‍ സെക്കന്‍‌ഡ്‌സ്, ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റന്‍ഡ് ആക്കാന്‍ ഞാന്‍ തന്നെ അതിനെ ചീത്തയും പറയേണ്ടി വരും എന്നത് ഒരു ആധുനിക ശാസ്ത്രത്തിനും ഇതുവരെ തെളിയിക്കാന്‍ പറ്റാത്ത കാര്യം. അതുകൊണ്ട് ഇതൊക്കെ ചുരുട്ടിക്കൂട്ടി അടുപ്പിലിട്ടിട്ട്, എന്നെങ്കിലും പിന്നെ നെറ്റ് കിട്ടുമ്പോള്‍ ആ സംഭവവും ഞാന്‍ തന്നെ എഴുതേണ്ടിവരുമോ ഈശ്വരാ...)

കുടിക്കുറിപ്പ്:

വാള്‍മാര്‍ട്ട്, റിലയന്‍സ്, ബിഗ് ബസാര്‍, സ്പെന്‍സര്‍ മുതലായ കുത്തകമാര്‍ നാട്ടില്‍ വന്നാല്‍ സാധാരണക്കാരന് ന്യായവിലയ്ക്ക് സാധനം കിട്ടുമെന്നും വ്യാപാരി വ്യവസായി എന്ന വമ്പന്‍ കുത്തകയുടെ മടിക്കുത്തഴിയുമെന്നുമൊക്കെയുള്ള രീതിയിലുള്ള വാദങ്ങള്‍ ഇവിടെയും ഇവിടെയും പിന്നെ എവിടെയോയൊക്കെയും നടന്നിരുന്നു. ഒരു വമ്പന്‍ കുത്തകയില്‍ ചുമ്മാ വായില്‍ നോക്കാന്‍ പോയി (ക്ഷമിക്കണം, കുത്തകവിരോധം അസ്ഥിക്ക് പിടിക്കാത്തതിനാല്‍ കുറച്ച് സാധനങ്ങളും വാങ്ങിച്ചു- ഒരുമാതിരി ലോ ക്വാളിറ്റി ചൈനീസ് സംഭവങ്ങള്‍ തന്നെ മിക്കതും. തൊട്ടപ്പുറത്തെ ചന്തയില്‍ പല പല കടകളിലായി നല്ല ഒന്നാന്തരം സംഭവങ്ങളും കിട്ടി). സാധാരണക്കാരന്‍ എന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ചുമട്ടുതൊഴിലാളിയെയോ കല്‍‌പണിക്കാരനെയോ, തൂപ്പുകാരനെയോ ഒന്നും ആ വന്‍‌കിട പ്രസ്ഥാനത്തില്‍ കണ്ടില്ല. പിന്നെയും പോയി, പിന്നെയും പോയി, പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്ന് അകത്തുകയറി പിന്നെയും നോക്കി. അവിടെ കാണാന്‍ കഴിഞ്ഞത് സുസുക്കിഹോണ്ടാക്കൊറോളകളിലും അല്ലാതെയും വരുന്ന ആഢ്യന്മാരെയും ആഷ് പൂഷുകളെയും പിന്നെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ എന്നെയുമാണ്. സാധാരണക്കാരുടെയൊക്കെ ജീവിതനിലവാരമൊക്കെ ഉയര്‍ന്ന് അവര്‍ ആഢ്യന്മാരായതായിരിക്കും എന്ന് സമാധാനിച്ചു. ഒന്നോര്‍ത്ത് നോക്കിക്കേ, വൈകുന്നേരം വരെ പാടത്ത് പണിയെടുത്ത് വൈകുന്നേരം വീട്ടിലേക്കുള്ള അരിയും പച്ചക്കറിയും വാങ്ങിക്കാന്‍ ഷര്‍ട്ടൊന്നുമിടാതെ ഒരു തോര്‍ത്ത് മാത്രം തോളിലിട്ട് റിലയന്‍സ് റീട്ടെയിലിലേക്ക് കയറിപ്പോകുന്ന ഒരു അപ്പൂപ്പനെ? ഓര്‍ക്കാനല്ലേ പറ്റൂ? അതേ സമയം തൊട്ടപ്പുറത്തെ നാണപ്പന്റെ പലചരക്കുകടയില്‍ ആ അപ്പൂപ്പനെ ഇപ്പോഴും കാണാം. അതുകൊണ്ട് എന്ന് അത്തരം അപ്പൂപ്പന്മാര്‍ക്ക് തികച്ചും സ്വാഭാവികമായി ഇത്തരം ബിഗ് ബസാറുകളില്‍ പോകാന്‍ പറ്റുന്നോ, അന്ന് പറയാം ഇതൊക്കെ സാധാരണക്കാരന്റെ നല്ലതിനുവേണ്ടിയാണെന്ന്. അതുവരെ ഇത് മറ്റേത് സാമൂഹ്യനീതിപ്രക്രിയകളും പോലെ തന്നെ-സമൂഹത്തിലെ മേല്‍‌ത്തട്ടുകാര്‍ ഇതൊക്കെ ഹൈജാക്ക് ചെയ്തുകൊണ്ടങ്ങ് പോകും. കോരന് വൈകുന്നേരം ഒരു കുമ്പിളില്‍ കഞ്ഞി ഒഴിച്ചുകൊടുക്കുകയും ചെയ്യും.

Labels: , , , ,

14 Comments:

  1. At Fri May 02, 04:35:00 AM 2008, Blogger ഗുപ്തന്‍ said...

    ഇതുകൂടി നോക്കൂ

     
  2. At Fri May 02, 06:11:00 AM 2008, Blogger Santhosh said...

    കുത്തകകള്‍ക്കും ജീവിക്കേണ്ടേ വക്കാര്‍ജീ? :)

     
  3. At Fri May 02, 08:14:00 AM 2008, Blogger അതുല്യ said...

    വക്കാരി ചതിച്ച് ! അന്ന് പണ്ടെങോ വക്കാരി പറഞ പോലെ, പോസ്റ്റ് ഇടണംന്ന് തോന്നിയ അപ്പോഴ് ഇട്ടോണം.! അല്ലെങ്കിലിങ്ങനേ ഇരിയ്ക്കും!

    സേം സേമ്ം പിച്ച് റ്റു യൂ വക്കാരിയേയ്. കഴിഞാശ്ഛ എത്തിയിവിടെ. അതിന്റെ ഇടയ്ക്ക് അയല്വാസിയേ വിളിച്ചപ്പോഴ് പറഞ്, വി.എസ്.എന്‍.എല്‍ ഒന്നും നടക്കൂ‍ലാഇവിടെ, ഇപ്പോ റിലയന്‍സ് ആളുകള്‍ ഫ്ലാറ്റില്‍ എക്സ്ചേഞ്ച് സ്ഥാപിച്ചിട്ടുണ്ട്, ഫോണും അവരുടെത്, നെറ്റും അവരുടേത്. അത് കൊണ്ട്, അതുല്യ ഡോണ്ട് വറി, എന്ത് വേണം എപ്പോഴ് വേണമെന്ന് പറഞാല്‍ മതി. ഞാന്‍ പറഞ് ഓക്കെ. ഫോണും നെറ്റും ഞാന്‍ വരുന്നതിനു മുമ്പ് ഒരാശ്ചയ്ക് മുമ്പ് വേണം, സായിപ്പിന്റെ പണി റ്റു ബി കണ്ടിന്യൂഡ്,ഫോണ്‍ ഇല്ലേലും സെല്ല് ഓക്കെ, പക്ഷെ നെറ്റ് വേഗം സ്ഥാപിയ്ക്കണം. അപ്പോ റിലയന്‍സിന്റെ ഫ്ലാറ്റിലെ “റ്റീം മാനേജര്‍“ ആരാണു? ഒരു മിസ്റ്റര്‍ ഡാനി. പിറ്റേന്ന് നോക്കിയപ്പോഴ്, ഡാനിദഹാന്ദ്സം എന്ന ആളുടെ ഒരു മെയില്‍, മാഡം, അയല്വാസി പറഞു, നെറ്റിന്റെ കാര്യം, ഒരു നെറ്റ് കണക്ഷനും ഒരു പടം വേണം. പിന്നെ ബാക്കി ഇതൊക്കെ ആണു ഡീറ്റേയിത്സ്, .. വിവരങ്ങള്‍ ഒക്കെ നോക്കിയപ്പോഴ്, ശര്‍മാജി പറഞു, ഈ കണക്ഷ്നും, ഈ സ്പീഡും കൊണ്ട് നിന്റെ സായിപ്പിന്റെറ്റ് എല്‍.സീടെ ഒരു സ്കാന്‍ഡ് ഫയല്‍ തുറക്കുകയോ അയയ്ക്കുയഓ പറ്റില്ല, നിന്റെ പണി പോയാല്‍ പോട്ടെ, സായിപ്പിനെ ബാങ്ക് ആളുകളു കൊണ്ട് പോകുമെന്ന്! മെയില്‍ കണ്ട്, അതിലെ ലാങ്ങ്വേജും കണ്ട്, ഞാന്‍ കരുതി, ഓക്കെ, ഡാനി ഇത്രയും ഒക്കെ കഷ്ടപെട്ട് എഴുതിയതല്ലെ കുറെ വിവരങ്ങള്‍, ചാറ്റില്‍ ചേര്‍ത്താല്‍, കൂടുതല്‍ ചോദിച്ച്, ദ് ബെസ്റ്റ് എടുക്കാലോ ന്ന്! ഉവ്വ, ചാറ്റില്‍ വന്ന്, ഞാന്‍ പറഞ്, ഹി ഡാനി, ദിസ് ഈസ് അതുല്യ, ജെ.എം ഫ്ലാറ്റിലെ 29 ലെ ആള്‍ ആണു. കുറെ നേരം റ്റ്യെപിങ് ന്ന് കണ്ട്മ്, വാ പൊളിച്ചിരുന്ന് ഞാന്‍. പിന്നെ വന്ന്, ഓക്കെ മാഡം. ഗുഡ് ഈവിനിങ് മാഡം. ഞാന്‍ എന്ത് ചോദിയ്ക്കുന്നുവോ അതിനൊക്കെ ഒക്കെ ഒക്കെ മാഡം ന്ന് മാത്രം മറുപടി. ഞാന്‍ ചോദിച്ചു, ഡാനി, ക്യാന്‍ യു പ്ലീസ് കണ്‍ഫേം മൈ റിക്വര്‍മെന്‍സ്? ഡാനി സെഡ്... സോറി മാഡം, ഇംഗ്ലീഷ് ചാറ്റ് നോ. ലിറ്റില്‍ ഇംഗ്ലീഷ്. ഞാന്‍ പറഞ്, ഓക്കെ സാരമില്ല, ഞാന്‍ മംഗ്ലീഷില്‍ എഴുതാം, അപ്പോ പറഞ് മനസ്സിലാവുന്നില്ല. അപ്പോ ഞാന്‍ ചോദിച്ച്, അപ്പോ ഇത്രേം ഡീറ്റേയില്‍ഡ് ആയിട്ട് ഡാനി മെയില്‍ വിട്ടതോ? അപ്പോ പറഞ്, അത് ഞങ്ങളുടെ ഇന്റ്രൊഡക്ഷന്‍ മെയിലാണെന്ന്! ഈശ്വര.... ചുരുക്കത്തില്‍ അന്ന് ചാറ്റില്‍ കണ്ട, ഇക്കാസിന്റേം കുമാറിന്റെം തല തിന്നും ഇiതിന്റെ സ്പീഡും സര്‍വ്വീസുമൊക്കെ ചോദിച്ച്. സംഗതി ഇങ്ങനെ ഇരിയ്ക്കേ, ഡാനിയോട് ഞാന്‍ പറഞ് ഒപ്പിച്ച് ഡാനി സ്പീഡുള്ള നെറ്റ് വേണം, ഞാന്‍ എത്തിയാല്‍ അന്ന് തന്നെ. ഒക്കെ മാഡം. പെട്ടീം പടുക്കേം ഒക്കെ ആയി ബുധനാഴ്ച്ച എത്തി, വൈകുന്നേരമായപ്പോഴ്, രണ്ട് കുഞി പിള്ളേര്‍ ഫ്ലാറ്റില്‍ വന്നു. പുയര്‍ തമിഴന്‍ പിള്ളേരു. റോഡില്‍ കുഴി കുഴിയ്ക്കുന്ന ജോലിയ്ക്ക് നിക്കുന്ന വേഷം. അവര്‍ പറഞു, അമ്മാ, ഉങ്ക നെറ്റ് കണക്ഷന്‍ തര വന്തത്. ഞാന്‍ ഞെട്ടി. ഇത്രേമ്ം പുരോഗതിയോ നാട്ടിലു. ഫോണ്‍ ബോക്സ് ഊരി, എന്തൊക്കെയോ ചെയ്തു, പച്ചയും നീലയും വയറ് ഒക്കെ വേര്‍പടുവിച്ച്. ഒക്കെ കമ്പ്യൂട്ട്ടര്‍ എങ്കെ വയ്ക പോറേങ്ക? ഞാന്‍ പറഞ്, രണ്ട് ലാപ് റ്റോപ്പ്, മിക്കവാറും നാന്‍, ശാപ്പിട മേശയൈലേ വയ്പ്പേന്‍, പുള്ളെ, തെരിയാത്,.. അപ്പോ വയര്‍ എത്ര നീളം വേണമമ്മ? ബെസ്റ്റ്! അപ്പോ വീടും മുഴോനും വയറ് അളക്കണമാ ഞാന്‍? 20 മീറ്റര്‍ കുടൂപ്പാ. ഒക്കെ. 20 മിറ്റര്‍. അപ്പോ മാഡം സിസ്റ്റം ഇങ്കെ, വന്ന പെട്ടീന്ന്, സിസ്റ്റമ കൊടുത്ത് ഞാന്‍. ഇതൈ തുറങ്കോ.... അപ്പോ നീങ്ക കണക്റ്റ് പണ്ണി പരിചയില്ലയ്യാ... അത് വന്ത്, ലാപ്പ് ടോപ്പ് ഓണ്‍ ആ‍്ക്കിനത് കടയാത്, ലാപ് റ്റോപ്പ് ഉള്ള വീട്ടിലെ എല്ലാരും അവ അവ ഹസ്ബന്‍ഡേ താന്‍ എല്ലാമ പണ്ണുവാങ്കാ... ഓഹ് അപ്പോ എനിക്ക് ഹസ്ബഡ് ഇല്ല എന്നത് കുറ്റ്മ്! രണ്ടും തുറന്ന് വച്ച് ഞാന്‍. പിന്നെ ഒരു ചോദ്യം, ഇതിലേ “റണ്‍” എങ്കേ അമമാ.. അതും എന്നോട്!! അപ്പോ ഞാന്‍ ചോദിച്ച്, നീങ്ക ശരിയ്ക്കും ആരു? അത് വന്ത് അമ്മാ, നാങ്കള്‍ കേബിള്‍ കുഴിക്കറ ആളുകളു താന്‍. ആനാ ഇപ്പോ ഇത് പണ്ണികിന്റ് ഇരുക്കറോം. റ്റെക്ക്നീഷ്യനെ ഫോണ്‍ പണ്ണീ പണ്ണി ഒരോ ലൈന്‍ ആ കേട്ട് കണകറ്റ് പണ്ണുവോം. ഞാന്‍ പറഞ്, നീങ്ക കമ്പ്യൂട്ടര്‍ ഒന്നുമേ തെരിയാമാല്‍ ഇത് എല്ലാം പണ്ണലാമാ? ചുരുക്കത്തില്‍ 1 മണിക്കൂര്‍ അവര്‍ റണ്‍ തിരഞ് എന്റെ സിസ്റ്റത്തില്‍, സ്റ്റാര്‍ട്ട് മെനുവിലുണ്ടെന്ന് പറഞതൊന്നും അവര്‍ കേട്ടീല്ലെ, ഒരു 18 കോള്‍ വിളിച്ചിട്ടൂണ്ടാവും. ചുരുക്കത്തില്‍ അന്ന് അവര്‍ നെറ്റ് ഓണ്‍ ആക്കി. 999 രുപ മാസം 300 കെബിപിസ്. 32 രുപ് ദിവസം, അണ്‍ ലിമിറ്റഡ്! ഓഹ് ശരി, ഓട്ട്ലുക്ക് ശരി, വിന്‍ഡോ മെസ്സഞ്ചറില്‍ സായിപ്പ് വന്ന്, ഹര്‍ഷാരവം! ദിസ് ഈസ് അതുല്യ, സീ 3 ഹവേഴ്സ് ആഫ്ടര്‍ ലാന്‍ഡിങ്, ഷീ ഈസ് ഇന്റു വര്‍ക്ക്! ഉവ്വ. ഹര്‍ഷരവും, എഇ. .മിസ്സ് യൂ വും ഒക്കേനും കഴിഞ്, ഞാന്‍ മോണിറ്ററും പൂട്ടി, കിടന്നുറങി, അസാദ്ധ്യ ചൂടും, കൊതുകും. രാവിലെ നാലു മണി. സായിപ്പ്ന്റെ മെസ്സേജ്, കാന്‍ വീ ഹവ് ആ ചാ‍റ്റ് ഫോറ് 30 മിനിറ്റ്സ്? എ ആം ഫ്ല്യൈയിങ് ഇന്‍ 3 ഹവേര്‍സ്. പിന്നേ, എന്താ പാട്? അപ്പടീം സുഖമല്ലേ. വേഗം എണീറ്റ്,തമിഴ് തമ്പികള്‍ പറഞ പോലെ കുത്തി ശരിയാക്കി. റില്യായ്സ്നിന്‍സിറ്റെ വെല്‍ക്കം പേജ് വന്നില്ല്! 2 മണിക്ക്കൂര്‍ കഴിഞിട്ടും ലോഗ് ഓണ്‍ പേജ് ഇല്ല! കുഴഞ് മറിഞ്, ഹര്‍ഷാരവം, പിന്നെ എന്തായേഎന്ന് പറയണ്ടല്ലോ. രാവിലെ തന്നെ അവര്‍ തന്ന നമ്പ്രൈല്‍ വിളിച്ച്, അവര്‍ പറഞു, പുതിയ കണക്ഷന്‍, അതൊണ്ട്, അപ്ഡേറ്റ് ആയില്ല മാഡം, അതൊണ്ട്, ഞങ്ഗള്‍ക്ക് പ്രോബ്ബ്ലം പറയാന്‍ പറ്റില്ല. ഇത് മൂന്ന് ദിവസം തുടര്‍ന്ന്, പുതിയ കണക്ഷന്‍ സിസ്റ്റം അപ്ഡേറ്റ് ആക്കീട്ടില്ല, പറയാന്‍ പറ്റില്ല! ഇങ്ങനെ ഇരിയ്ക്കുമ്പോ, കറങി തിരിഞ് ഡാനിദഹാന്‍ഡ്സം വന്ന് ഫ്ലാറ്റില്‍, മാഡം,എല്ലാം ശരിയഅയില്ലേ? നല്ല സ്പീഡ് അല്ലേ? പറയാനുള്ളതൊക്കേനും ഞാന്‍ പറഞ് അയാളോട്. എന്നിട്ട് പറഞ്, ഒന്ന്നോക്ക് ഡാനി, എന്താവും പ്രോബ്ബ്ലം, ലോഗ് ഓണ്‍ പേജ് വരുന്നില്ല, ഞാന്‍ അപ്പുറത്തേ വീട്ടില്‍ പോയാണു എന്റെ കാര്യം ചെയ്യുന്നത്! ഡാനി സത്യം പറഞ്! മാഡം, എനിക്ക് കമ്പ്യൂട്ടറെ പറ്റിഒന്നും അറിഞൂടാ, ഞാന്‍ വെറും സെയിത്സിന്റെ ആള്‍ ആണു. എനിക്ക് ഭ്രാന്താവുമോന്ന് തന്നെ തോന്നി പോയി. പിന്നേം വിളിച്ച് കസ്റ്റമര്‍ കയര്‍. അപ്പൊഴും പറഞ്, അപ്ഡേട് ആയില്ല ആയില്ല്. സഹി കേട്ട് ഞാന്‍ പറഞ് അതിരിയ്ക്കട്ടെ, എeന്താവും കാരണം, മോഡത്തില്‍ എല്ലാ ലെറ്റും കാണൂമ്പോഴും ലോഗ് ഓണ്‍ പേജ്ജ് വരാത്തതിന്റെ കാരണമ? മാഡം ഒരു കാര്യം ചെയ്യ്, ആദ്യം മോഡം ഓണ്‍ ചെയ്ത്, വയ്ക്കു. പിന്നെ ലാപ് റ്റോപ്പ്പ് ഓണ്‍ ചെയ്യ്. രണ്ടും ഓണ്‍ ആക്കി, 5 മിനിറ്റിനു ശേഷം മാത്രം നെറ്റ് കേബിള്‍ കുത്തൂ! കാരണം, രണ്ടിന്റേമ്യും എന്താണ്ടോ കോണ്‍ഫിഗറേഷന്‍ ക്ലാഷ് ഉണ്ടാവുന്നുണ്ടാവും അതൊണ്ട് ആവുംന്ന്. സംഗതി, ക്ലീന്‍, ആദ്യം രണ്ടും ഓണ്‍ ആക്കും പിന്നെ കുത്തും, ,നെറ്റ് വരും, സ്പീഡ് ഓക്കെ. അത് ശരി, ഇത് ഒക്കേനും ചെയ്തിട്ട്, പകല്‍ മിക്കവാറൂം നെറ്റ് ഇല്ലല്ലോ ഡാനി? ഞാന്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫ്ലാറ്റ് റേട് അല്ലേ? 32 രുപ വ്ച്ച തരണ്ടേ? നിങള്‍ടേ ഫോണും വീട്ടില്‍ വച്ചത് ഡേഡ് ആണല്ലോ മിക്കപ്പോഴും? അത് മാഡം, എക്സ്ചേഞ്ചിന്റെ പണി നടക്കുവാ താഴെ, ഈ ബ്ലോക്ക് മാത്രം ആണു ത്രൂ ആയത്, അപ്പോഴ് മറ്റേ ബ്ലോക്കിലേ ഒരോ കണക്ഷന്‍ ആവുമ്പോഴും, ഞങള്‍ റ്റോട്ടല്‍ ഷട്ട് ഡൌണ്‍ ആക്കും! ഹ ഹ എനിക്ക് ഭ്രാന്തായി വക്കാരി. ഇപ്പോഴ് മുഴു ബ്രാന്തായി. കോണ്‍ഫിഡന്‍സോടു കൂടി രാത്രി മാത്രമാണു സായിപ്പ് വിളിച്ചാല്‍ ഞാന്‍ ഓണ്‍ലെലെന്‍ ആയിട്ട് വരാം ന്ന് പറയുന്നത്. പകല്‍ മിക്കപ്പോഴും ഓഫ് ആന്ദ് ഓണ്‍ ആണു. വീ.എസ്.എന്‍.എല്‍ ഇവിഡിയോ ശരിയാവുമെന്ന് കേള്‍ക്കുന്നു. ഈ ഏരിയാ എക്സ്ചേഞ്ചില്‍ അവയിലബ്ബല്‍ ഉണ്ടാവണം എന്നോക്കെ കേള്‍ക്കുന്നു. അതിനു പോണോങ്കി ഒരു ദിവസം സിറ്റിയ്ക്കിറങ്ങി, നടക്കണം. എന്നാലും അയല്വാസീടെ വാക്കില്‍ ഉടനടി റിലയന്‍സ് വരു, അഴിക്കു കുത്തൂ നെറ്റ് റേഡി എന്നുള്ള വാ‍ക്കില്‍ വീണതാണു. എന്നാലും തീരെ പ്രവര്‍ത്തി പരിചയമോ/കമ്പ്യൂട്ടര്‍ പരിചയമോ ഒന്നുമില്ലാത്ത തൊഴിലാളികളേ വച്ച് എക്സ്ചേഞ്ചും,നെറ്റും ഒക്കെ പ്രവര്‍ത്തിയ്ക്കുന്നുണ്ടല്ലോ പ്രിയ റിലയന്‍സേ... നിനക്ക് അഭിവാദ്യങ്ങള്‍! പാവം എന്റെ നാട്. ഇനി കുട്ടിച്ചോറാവാന്‍ എന്ത് ബാക്കി?

     
  4. At Fri May 02, 08:26:00 AM 2008, Blogger അതുല്യ said...

    .

     
  5. At Fri May 02, 08:29:00 AM 2008, Anonymous Anonymous said...

    അയ്യാ, ഓടി വരുങ്കോ അതുല്ല്യക്ക് വയറെളവിയേ. നല്ല ലൂസായിട്ടാണേ പോണത്. ഇവിടൂന്ന് പോയാലെങ്കിലും രക്ഷപ്പെട്ടന്ന് വിചാരിച്ചതാണേ നാട്ടിപ്പോയിട്ടും അസുഖം തീര്‍ന്നിട്ടില്ലേ. അയ്യാ ആരങ്കിലും രക്ഷിക്കണേ

     
  6. At Fri May 02, 09:01:00 AM 2008, Blogger അനംഗാരി said...

    ഹഹഹ! വരക്കാരീ ദുഷ്ടാ...ഇത് തന്നെ വേണം.
    എനിക്കും പറ്റി ഇതുപോലൊന്ന്.5മാസക്കാലം നാട്ടില്‍ നില്‍ക്കാന്‍ കണക്കാക്കി ചെന്നപ്പോള്‍ ഈ ചിലന്തി വല കിട്ടുമോന്ന് അറിയാന്‍ ആദ്യം ഏഷ്യാനെറ്റ്.വര്‍ത്തമാ‍നം കേട്ടപ്പോഴെ രണ്ടെണ്ണം പൊട്ടിക്കണമെന്ന് തോന്നി.പിന്നെ വി.എസ്.എന്‍.എല്‍.അന്വേഷിച്ചപ്പോഴല്ലെ കാര്യം മനസ്സിലായത്.അതിപ്പോള്‍ ടാറ്റയുടെ കാ‍..ലാണെന്ന്!എന്തും വരട്ടെ എന്ന് കരുതി.4500 രൂപക്ക്,നാലുമാസം അനിയന്ത്രിതമായി ഉപയോഗിക്കം.
    നല്ല വേഗത!യാതൊരു വിധത്തിലുള്ള വിലയീടാക്കലുമില്ല.ഒപ്പിട്ട് നല്‍കി.പിന്നെ ഒരു കാത്തിരുപ്പായിരുന്നു.24 മണിക്കൂര്‍ പറഞ്ഞ അഞ്ചാമത്തെ ദിവസം കാര്യം സാധിച്ചു.അവനെ വിളിച്ച തെറിക്ക് കയ്യും കണക്കുമില്ല.പിന്നെ മുടിഞ്ഞ കുറെ പ്രമാണങ്ങളുടെ പരിശോധനയും.എന്നാലും കുറ്റം പറയരുതല്ലൊ.സംഗതി ഗംഭീരമായിരുന്നു.പോരുമ്പോള്‍ ബാക്കി തുക തിരിച്ചും തന്നു.

     
  7. At Fri May 02, 02:12:00 PM 2008, Blogger മൂര്‍ത്തി said...

    യോജിപ്പേ...യോജിപ്പേ..വക്കാരിയോട് യോജിപ്പേ..

    വൈകീട്ട് വരാം..(ഇത് ചര്‍ച്ച ജിമെയിലില്‍ കിട്ടാന്‍)

     
  8. At Fri May 02, 03:02:00 PM 2008, Blogger കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ബാംഗ്ലൂരും ഇതൊക്കെത്തന്നെ പിന്നെ കുറേ എണ്ണമുള്ളതോണ്ട് കോമ്പിറ്റീഷന്‍ ഉണ്ട് അതോണ്ട് കസ്റ്റമര്‍ക്കിത്തിരി ലാഭോം. ഇവിടെ ഏരിയാ തിരിച്ചാ പ്രൈവറ്റ് കണക്‌‌ഷന്‍...

     
  9. At Fri May 02, 10:52:00 PM 2008, Blogger myexperimentsandme said...

    അതുല്ല്യേച്ച്യേ, അനങ്ങാതിരീ, വി.എസ്.എന്‍.എല്‍ ഇപ്പോള്‍ സ്വകാര്യന്‍. ടാറ്റായുടെ സ്വന്തം. കുത്താ കാ കുത്തക.

    ഇ.വി.ഡി.ഓ നമ്മുടെ പൊതുമേഖലന്‍, ബി.എസ്.എന്‍. എല്ലിന്റെ.(ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്).

    അതുല്ല്യേച്ചീ, എറണാകുളം സിറ്റിയിലൊക്കെ ഇ.വി.ഡി.ഓ കിട്ടേണ്ടതാണ്,നല്ല സ്പീഡില്‍. ഇപ്പോള്‍ തൃശ്ശൂര്‍ ടൌണിലാണ് ഗൌതം ഗംഭീര്‍ സ്പീഡെന്നാണ് അറിഞ്ഞത് (അനൌദ്യോഗികം-ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റിയ വിവരമല്ല)-അവിടെ 1.4 എം.ബീ.ബീ.എസ് സ്പീഡുണ്ടെന്നാണ് കേട്ടത്. റിലയന്‍സ് നമ്മുടെ പോക്കറ്റ് ചോര്‍ത്താതിരിക്കുന്നതില്‍ ഒട്ടും റിലയബിലിറ്റി കാണിക്കുന്നില്ല എന്ന് ഞാന്‍ തന്നെ അങ്ങ് തീരുമാനിച്ചതിനാല്‍ ആ ഏരിയായിലേക്ക് പോയില്ല.

    ഗുപ്ത്‌സ്, വെള്ളേഴ്‌സിന്റെ നേരേ വിപരീതാനുഭവ് കണ്ടില്ലായിരുന്നു. നന്ദി. പോസ്റ്റില്‍ അപ്ഡേറ്റിടാം.

    സന്തോഷ്‌ജീ. കുത്തകള്‍ കുത്തകകളെപ്പോലെ ജീവിക്കണം. നാട്ടിലെ അണ്ണാര്‍ കുത്തകകളില്‍ ചിലര്‍ കുത്തകളെപ്പോലെ ജീവിക്കാന്‍ നോക്കുന്നത് കാണുമ്പോളുള്ള സങ്കടം മാത്രം :)

    മൂത്ത്രീ, ചുമ്മാ ബാ (കഃട് ദേവേട്ടന്‍),

    കുട്ട്‌സ്, സ്വകാര്യന്മാരെ സൂക്ഷിക്കണം. ഒട്ടകത്തെവരെ ലെവന്മാര്‍ സൂചിക്കുഴയിലൂടെ കയറ്റും. ഒട്ടകത്തിന്റെ വാലില്‍ കെട്ടിട്ടിട്ടും കാര്യമില്ല, സ്മൂത്തായി ഒട്ടകം ഇങ്ങ് പോരും. ലെവന്മാരോട് സംസാരിക്കുമ്പോള്‍ ഒരു വക്കീലും കൂടിയുള്ളത് നന്നായിരിക്കും. ബി.എസ്.എന്‍.എല്‍ പിന്നെ കാട്ടിലെ തടി, തേവര്‍, തേവര, തലവര സ്റ്റൈലാ‍യതുകാരണം നമ്മുടെ കൈയ്യില്‍ നിന്ന് കാശ് പിടുങ്ങാനുള്ള സര്‍ക്കാര്‍ തല ബൈലോ പ്രകാരമുള്ള സംഭവങ്ങളൊന്നും കാണില്ല (എന്ന് തോന്നുന്നു). അതുകൊണ്ട് ഏതേതൊക്കെയാണെന്നും ആരാരൊക്കെയാ‍ണെന്നും അവര്‍ വ്യക്തമായി പറയുന്നുണ്ട്, ബ്രോഷറില്‍ (എന്റെ വ്യക്തിപരമായ നിരീക്ഷണം-തെറ്റാവുമോ?)

    അഞ്ചു പുറത്തില്‍ കവിയാതെ ഉപന്യസിക്കാന്‍ പിന്നെ വരാം. നെറ്റ് തീരും :)

     
  10. At Sat May 03, 04:17:00 AM 2008, Blogger ദിവാസ്വപ്നം said...

    ഓണ്‍ മോഡം. പുതിയൊരു വാക്ക് പഠിച്ചു.

    :-)

    ഏഷ്യാനെറ്റില്‍ നിന്നും ഞങ്ങള്‍ക്ക് നല്ല അനുഭവമായിരുന്നു.

     
  11. At Sat May 10, 12:35:00 PM 2008, Blogger Haree said...

    :)
    ഏഷ്യാനെറ്റ് ഓഫീസിലെടുത്തിരുന്നു... സില്‍‌വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നൊക്കെയാണ്... ഏറ്റവും കൂടിയതു തന്നെയെടുത്തു... അണ്‍‌ലിമിറ്റഡ്, മാക്സിമം സ്പീഡ്, മാക്സിമം കാശ്... എന്നിട്ടെന്താ! ചിലപ്പോള്‍ അത് പണ്ടത്തെ ഡയലപ്പിലും കഷ്ടമാവും... കാറ്റടിച്ചാല്‍, മഴവന്നാലൊക്കെ നെറ്റ് പോവും, വരും! കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ നെറ്റ് സ്ഥിരം സ്ലോ, വിളിച്ചപ്പോള്‍ പറയുകയാണ്, അത് കണക്ഷന്‍ കൂടിയതുകൊണ്ടാണെന്ന്... ആ കൂടിയ കണക്ഷന്‍ നേരിട്ടാണ്, അതില്‍ നിന്നും ആര്‍ക്കും പങ്കിട്ടുകൊടുക്കില്ല എന്നൊക്കെയാണ് തുടക്കത്തില്‍ പറഞ്ഞിരുന്നതേ... അതു ചോദിച്ചപ്പോള്‍ പറയുകയാണ്, നെറ്റ് കണക്ഷനല്ല... കേബിള്‍ ടി.വി. കണക്ഷന്‍ കൂടിയതുകൊണ്ടാണെന്ന്... കേബിള്‍ ടി.വി. കണക്ഷനുകളുടെ എണ്ണം കൂടിയാല്‍ നെറ്റ് സ്ലോ ആവുമോ? ഏതായാലും ഒരു ലാസ്റ്റ്-വാണിംഗ് ഒക്കെ നല്‍കി സംഭാഷണം അവസാനിപ്പിച്ചു... ഇപ്പോള്‍ ഞാന്‍ ആ ഓഫീസീന്നു മാറി, മാറുന്നവരെയും ലാസ്റ്റ്-വാണിംഗുകള്‍ റിപ്പീറ്റ് ചെയ്തോണ്ടിരുന്നു...

    അങ്ങിനെ,
    വീട്ടില്‍ ഒരു ബി.എസ്.എന്‍.എല്‍. ബ്രോഡ് ബാന്റണെ തന്നെ മേടിച്ചു വെച്ചു. 500 രൂപ മാസം, രണ്ടര ജി.ബി. ഫ്രീ... ബാക്കിയുള്ളതിനു 80 പൈസ/എം.ബി. വല്ലപ്പോഴും നെറ്റ് പോവുന്നുണ്ട് (സെര്‍വര്‍ ഡൌണ്‍) എന്നതൊഴിച്ചാല്‍, മിക്കവാറും എല്ലാ സമയവും വിശാലവല ലഭ്യമാവുന്നുണ്ട്, അതും നല്ല സ്പീ‍ഡില്‍ തന്നെ.

    ഇടയ്ക്ക് മോഡത്തിലെ ലൈറ്റെല്ലാം കത്തുന്നില്ല. കസ്റ്റമര്‍ കെയറില്‍ വിളിച്ചു, അവര്‍ പറഞ്ഞ സംഭവങ്ങളെല്ലാം ചെക്ക് ചെയ്തു... നോ രക്ഷ. അടുത്ത ദിവസം, കേബിള്‍ കറക്ടാണോ എന്നു നോക്കാന്‍ വരുന്നവരെത്തി, സൈക്കിളില്‍... അവര്‍ മോഡം വരെ കേബിള്‍ കണക്ഷന്‍ പെര്‍ഫക്ട് എന്ന് സര്‍ട്ടിഫൈ ചെയ്തു. (ടെലിഫോണ്‍ ചത്താലും വരുന്നതവരാണ്, ചായ കുടിക്കാന്‍ 50 കൊടുക്കണം എന്നാണ് വ്യവസ്ഥ... എനിക്ക് ചോദിക്കുവാനുള്ള/കൊടുക്കുവാനുള്ള ചമ്മല്‍+എതിര്‍പ്പ് കാരണം ചോദിക്കാറുമില്ല, കൊടുക്കാറുമില്ല... ) വീണ്ടും വിളിച്ചു. മോഡം വരെ കണക്ഷന്‍ ഒ.കെ., ബട്ട് നെറ്റ് സ്റ്റില്‍ നോട്ട് അവൈലബിള്‍ എന്നു കെയറില്‍ ധരിപ്പിച്ചു. അടുത്ത ദിവസം, നെറ്റ് ടെക്നീഷ്യന്‍ മാര്‍ ക്വാളിസില്‍ വന്നു. മോഡത്തിന്റെ പ്രശ്നമാണെന്നായിരുന്നു ആദ്യ വിധി. അവരുടെ മോഡം കണക്ട് ചെയ്തു, നെറ്റ് കിട്ടുന്നു... മോഡം മാറ്റുകയേ ഉള്ളൂ വഴി! വാറണ്ടിയൊക്കെ കൃത്യമായി ഒരു മാസം മുന്‍പ് കഴിഞ്ഞു, പിന്നെയും 1000 രൂപ മുടക്കി മോഡം വാങ്ങണം. ഹമ്മേ, കാശു പോയീന്നു കരുതി. ഏതായാലും ആ ടെക്നീഷ്യന്‍ പഴയ മോഡം അവരുടെ ലാപ്‌‌ടോപ്പിലും കൂടി കണക്ട് ചെയ്തു നോക്കാമെന്നു പറഞ്ഞു, അങ്ങിനെ നോക്കി. അപ്പോളവിടെ നെറ്റ് കിട്ടുന്നു... അപ്പോള്‍ മോഡത്തിന്റെയല്ല പ്രശ്നം... അതു കഴിഞ്ഞ് മോഡത്തില്‍ നിന്നും സിസ്റ്റത്തിലേക്കുള്ള കേബിള്‍ മാറ്റി നോക്കി, അപ്പോള്‍ നെറ്റ് കിട്ടുന്നു. ചുരുക്കത്തില്‍, കേബിളിന്റെയായിരുന്നു പ്രശ്നം. പഴയ കേബിളില്‍ ചിലപ്പോള്‍ നെറ്റ് കിട്ടും, ചിലപ്പോള്‍ കിട്ടില്ല; കേബിളിന്റെ അഗ്രത്തിലുള്ള പോര്‍ട്ടില്‍ ലൂസ് കണക്ഷന്‍. പുതിയ മോഡം വെച്ചപ്പോള്‍ അത് കിട്ടുന്ന അവസ്ഥയിലായിരുന്നിരിക്കണം... ഏതായാലും കേബിള്‍ മാറ്റിയപ്പോള്‍ സംഭവം ഓ.കെ. ഏതായാലും, ഞാന്‍ ചോദിച്ചു, ‘കേബിളിന് എത്രയാണ് വില? കൂടാതെ സര്‍വ്വീസ് ചാര്‍ജ്ജ് എന്തെങ്കിലുമുണോ?’ അപ്പോള്‍ ടെക്നീഷ്യന്‍... ‘സര്‍വ്വീസ് ചാര്‍ജ്ജോ... അതൊന്നും വേണ്ട, ഇതു ഞങ്ങളുടെ ഡ്യൂട്ടിയാണ്... കേബിള്‍, അതിനും ഒന്നും വേണ്ട. മാസാമ്മാസം ഇത്രയും രൂപ ബി.എസ്.എന്‍.എല്‍-നു നല്‍കി നെറ്റ് ഉപയോഗിക്കുന്ന ഒരു ഉപഭോക്താവിനു, ഒരു കേബിളെങ്കിലും സൌജന്യമായി നല്‍കേണ്ടേ...’ എന്നു, കൂട്ടത്തില്‍ ഒരു ചിരിയും, ഒരു ഷേക്ക് ഹാന്‍ഡും... പ്രശ്നമുണ്ടായാല്‍ വിളിച്ചാല്‍ മതീന്നൊരു ആശ്വാസവാക്കും...

    ഹൊ, കോരിത്തരിച്ചുപോയി... ബി.എസ്.എന്‍.എല്‍ എന്നു കേട്ടാലോ, അഭിമാനപൂരിതമാവണമന്തരംഗം... എന്നുറപ്പിച്ചു... :)

    ഓഫ്: ഇതു ബ്രോഡ്‌ബാന്‍ഡിന്റെ കാര്യത്തിലാണേ... മൊബൈല്‍ സര്‍വ്വീസിന്റെ കാര്യത്തില്‍ അഭിപ്രായം മാറും... അതില്‍ എയര്‍‌ടെല്ലാണ് എനിക്ക് പഥ്യം. അവരുടെ മൊബൈല്‍ സര്‍വ്വീസുകള്‍ തൃപ്തികരം... അനുബന്ധ കസ്റ്റമര്‍ കെയറും തൃപ്തികരം. പക്ഷെ, ജി.പി.ആര്‍.എസ്. ഇന്റര്‍നെറ്റ് വരുമ്പോള്‍ എയര്‍ടെല്ലിനെപ്പറ്റിയും അഭിപ്രായമില്ല... അവരുടെ കസ്റ്റമര്‍ കെയറും ദയനീയം! ഇനി മൊബൈല്‍ ഇന്റര്‍നെറ്റിനു വേണ്ടി ഇ.വി.ഡി.ഓ. പരീക്ഷിച്ചു നോക്കാമെന്നു കരുതുന്നു.

    വിവരം വെയ്ക്കുവാനുള്ള ലിങ്കുകള്‍:
    ബി.എസ്.എന്‍.എല്‍. ഡാറ്റ കാര്‍ഡ് - ഇതൊരു അണ്‍‌ഒഫീഷ്യല്‍ സൈറ്റാണേ... ആലപ്പുഴക്കാരനായ ആരോ ഒരാള്‍ ഉണ്ടാക്കിയതാണ്... ആലപ്പുഴക്കാരനായ സുഹൃത്തിന് അഭിവാദനങ്ങള്‍. :)
    ബി.എസ്.എന്‍.എല്‍. ഇ.വി.ഡി.ഓ. ക്ലബ്ബ് - ഇതും അണ്‍‌ഒഫീഷ്യല്‍... അതിന്റെ ഗുണമുണ്ട്. ;)
    --

     
  12. At Sun May 11, 04:41:00 PM 2008, Blogger A Cunning Linguist said...

    ഡേറ്റാവണ്‍ ബ്രോഡ്‍ബാന്‍ഡിന്റെ ഒരു ആദ്യകാല കസ്റ്റമര്‍ ആണ് ഞാന്‍. മാസത്തിലൊരിക്കല്‍ ഒരു ദിവസം കണക്ഷന്‍ കാണില്ല എന്നതൊഴിച്ചാല്‍ (എനിക്കു വേറെന്തൊക്കെയോ കുസൃതികള്‍ ഓര്‍മ്മ വരുന്നു...:D) മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ആവശ്യത്തിന് സ്പീഡും റിലയബിലിറ്റിയുമൊക്കെ തരുന്നുണ്ട് (ആയിരുന്നു...ഇപ്പോള്‍ എങ്ങനെ എന്നറിയില്ല, വീട്ടിലാണെ സംഗതി, ഞാനിപ്പോ ചെന്നൈയിലാ). കണക്ഷന് ആപ്ലിക്കേഷന്‍ കൊടുത്ത് ഏകദേശം ഒരു മാസത്തിനുള്ളില്‍ സംഗതി ശരിയാവുകയും ചെയ്തു.

    (ഒട്ടും ശരിയാകത്തത് ബില്ലുകള്‍ മാത്രമായിരുന്നു :) )

     
  13. At Thu May 22, 09:30:00 AM 2008, Anonymous Anonymous said...

    Reported in Mathrubhumi 22 may 08(vaaNijyam)
    ബി.എസ്‌.എന്‍.എല്‍. ചരിത്രം സൃഷ്ടിച്ചു

    തിരുവനന്തപുരം: 2313363 എന്ന ടെലിഫോണ്‍ ഉപഭോക്താവ്‌ (ഹൗസ്‌ നമ്പര്‍ 18, വെസ്റ്റ്‌ ക്ലിഫ്‌ ഗാര്‍ഡന്‍സ്‌, നന്ദന്‍കോട്‌, തിരുവനന്തപുരം) ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 2.30ന്‌ അപേക്ഷിച്ച ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വൈകുന്നേരം 5 മണിക്ക്‌ കസ്റ്റമര്‍ക്ക്‌ നല്‍കിക്കൊണ്ട്‌ ബി.എസ്‌.എന്‍.എല്‍. തിരുവനന്തപുരം എസ്‌.എസ്‌.എ. ചരിത്രം സൃഷ്ടിച്ചു.

    തിരുവനന്തപുരം വെള്ളയമ്പലം സബ്‌ ഡിവിഷന്റെ കീഴില്‍ വരുന്നതാണ്‌ ഈ കണക്ഷന്‍. സബ്‌ ഡിവിഷണല്‍ എന്‍ജിനീയര്‍ ജി.ചന്ദ്രശേഖരന്‍നായര്‍, ജൂനിയര്‍ ടെലികോം ഓഫീസര്‍ ജോണ്‍, ഫോണ്‍ മെക്കാനിക്ക്‌ രാജാമണി എന്നിവരുടെ നേതൃത്വത്തിലാണ്‌ കണക്ഷന്‍ നല്‍കിയത്‌.

     
  14. At Thu May 29, 10:14:00 PM 2008, Blogger ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

    അണ്ണാ, ഞമ്മളും ആദ്യം ഐഷാ നെറ്റിനെ എടുത്താലോ എന്നാലോചിച്ചതാ. ദൈവാധീനത്തിന്, അവര്‍ എന്നെ പീഡിപ്പിക്കും മുമ്പ് ബി.എസ്സ്.എന്‍.എല്‍-നിന്നും ഒരു കണക്ഷന്‍ കിട്ടി. ഇതു വരെ ഒരു കുഴപ്പവുമില്ല. ഒരു തവണ ചീത്തയായ മോഡം , "ടപ്പേ"ന്ന് മാറ്റിത്തന്ന് സഹായിക്കുകയും ചെയ്തു. അപ്പം പൊതുമേഖല കുഴപ്പക്കാരനൊന്നുമ്മല്ല. അല്ലേ?

     

Post a Comment

<< Home