മോബ് ജസ്റ്റിസും മോഹന്‍ലാലും
ദേവേട്ടന്റെ ദേവപഥത്തിലെ മോബ് ജസ്റ്റിസ് പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ കരാളപ്പിറവി ചിന്തകള്‍
പണ്ട് പണ്ട്, എന്നുപറഞ്ഞാല്‍ മോഹന്‍ലാല്‍ സവാളഗിരിഗിരി എന്ന് പറഞ്ഞ് സബോളയുടെ തൊലി പൊളിക്കുന്നതിനും വളരെ പണ്ട്; അതായത് ഇന്നത്തെപോലെ പത്തും നൂറും ചാനലുകള്‍ പോയിട്ട് ദൂരദര്‍ശന്‍ തിരുവനന്തപുരത്ത് ഒരു ചുറ്റുവട്ടത്ത് മാത്രം പ്രക്ഷേപണം തുടങ്ങണോ എന്നാലോചിച്ചുകൊണ്ടിരുന്ന കാലത്ത്; അതായത് ലാലേട്ടന്‍ മീശപിരിക്കുന്നത് പോയിട്ട് മുണ്ട് ഒന്ന് മടക്കിപ്പോലും കുത്താതെ അയല്‍പക്കത്തെ നല്ലപയ്യനായി തീയറ്ററുകളില്‍ മാത്രം വാഴുന്ന കാലത്ത്; ഒന്നുകൂടി പണ്ട് പറഞ്ഞാല്‍ ഞാന്‍ നിക്കര്‍ മാത്രമിട്ട് അതിനുമുകളില്‍ മുണ്ടുടുക്കാന്‍ തുടങ്ങുന്നതിനും മുന്‍പുള്ള പ്രായം മാത്രമെത്തിയ കാലത്ത് ഒരു രാത്രിയില്‍ വീടിനു മുന്നില്‍ ഒരു ബഹളം കേട്ട് ഇറങ്ങി നോക്കി. ഒരു പാണ്ടിലോറിയും അതിലെ ഡ്രൈവറും ഒരു ഓട്ടോറിക്ഷയും അതില്‍ വന്ന നാലുപേരും നില്‍ക്കുന്നു വീടിനു മുന്നില്‍. (നിവൃത്തിയുണ്ടെങ്കില്‍ തമിഴ്‌നാട്ടുകാരെ പാണ്ടി എന്ന് വിശേഷിപ്പിക്കില്ല എന്നൊരു മൃദുപ്രതിജ്ഞയെടുത്തിരുന്നു, പണ്ട്. പക്ഷേ മൂക്ക് നീളാത്ത അത്തരം ലോറികളെ പാണ്ടിലോറിയെന്ന് പേരിട്ട ആ കൊട്ടാരത്തില്‍ ശങ്കുണ്ണിയെ നമിക്കുന്നു). പാണ്ടിലോറിക്കാരന്‍ കൈകൂപ്പി അണ്ണാ, അണ്ണാ എന്നൊക്കെ വിളിച്ച് കരയുന്നു. ഓട്ടോയില്‍ വന്നവരുടെ രക്തം തിളയ്ക്കുന്നതിന്റെ സ്വരം ഗേറ്റില്‍ വെച്ചേ കേട്ടു. സംഭവം കണ്ട് നാലഞ്ച് വഴിയാത്രക്കാരും കൂടി. സംഭവം എന്താണെന്നന്വേഷിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു, ആ പാണ്ടിലോറി ഓട്ടോയില്‍ മുട്ടി. അതാണ് കാരണം. അന്നത്തെ എന്റെ പിഞ്ച് മനസ്സില്‍ തോന്നിയ ഒരു ആകാംക്ഷ കാരണം പാണ്ടി മുട്ടിയ ഓട്ടോ ഒന്നുരണ്ടുതവണ ഞാന്‍ പരിശോധിച്ചു. അത്രയും വലിയ പാണ്ടിലോറിയുടെ കാറ്റടിച്ചാല്‍ പോലും ഓട്ടോ പറന്ന് പറന്ന് പറന്ന് എന്ന സിനിമ കാണാന്‍ പോകേണ്ടതാണ്. പക്ഷേ നല്ല പുത്തന്‍ ബജാജ് പിന്നെഞ്ചിന്‍ ഓട്ടോ. തെരുവ് വിളക്കിന്റെ വെളിച്ചത്തിലാണ് നോക്കിയതെന്ന പോരായ്മയുണ്ടെങ്കിലും ഓട്ടോയ്ക്ക് ഒരു ഒടിവോ ചതവോ പോയിട്ട് ഇട്ട ക്യൂട്ടക്സ് പോലും ഇളകിയിട്ടില്ല. പക്ഷേ ഓട്ടോയില്‍ വന്നവരുടെ രക്തം തിളച്ചുകൊണ്ടേയിരിക്കുന്നു.
ആ പാണ്ടിലോറിക്കാരനെ കണ്ടപ്പോള്‍ ശരിക്കും സഹതാപം തോന്നി. ലിറ്ററലി (മഞ്ഞള്‍ കുളം അലിയുടെ അനിയന്‍, കെമിക്കലിയുടെ ചേട്ടന്‍) അയാള്‍ കൈകൂപ്പി തൊഴുതുകൊണ്ട് കരഞ്ഞുകൊണ്ട് നില്‍ക്കുന്നു. അയാള്‍ കരഞ്ഞു പറയുന്നു, “അണ്ണാ, എന്റെ വണ്ടി തട്ടിയിട്ടില്ല ഈ ഓട്ടോയില്‍. വണ്ടി തട്ടിയിരുന്നെങ്കില്‍ ഈ ഓട്ടോ ഇപ്പോള്‍ ഈ ഷേപ്പിലായിരിക്കില്ല, എന്നെ വിശ്വസിക്കണ്ണാ” എന്നൊക്കെ. ചോര തിളയ്ക്കുന്ന മലയാളികള്‍ അമ്പിനും വില്ലിനും അയയുന്നില്ല. കാഴ്ചക്കാരായ ഞാനുള്‍പ്പടെ (എനിക്ക് പയ്യന്‍ അലവന്‍സുണ്ട്) ഒരു കാഴ്ച കാണുന്ന രസത്തില്‍ നില്‍ക്കുന്നു. അവസാനം മോബ് ചീഫ് ജസ്റ്റിസ് ആയി ഒരു വഴിപോക്കന്‍ അവതരിക്കുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്നു- “അഞ്ഞൂറു രൂപാ കൊട്“(അന്തക്കാലത്തെ അഞ്ഞൂറാണെന്ന് ഓര്‍ക്കണം). പാണ്ടിലോറിക്കാരന്‍ കരഞ്ഞുപറഞ്ഞു-അയാളുടെ കൈയ്യില്‍ അത്രയും പൈസയില്ലെന്നും കൈയ്യിലുള്ള പൈസ മുതലാളിയുടേതാണെന്നും മറ്റും. അവസാനം പറഞ്ഞ കാശ് ഒരുമാതിരി പിടിച്ച് തന്നെ വാങ്ങിച്ചിട്ടേ അയാളെ പോകാന്‍ അനുവദിച്ചുള്ളൂ, മലയാളി വഴിപോക്ക ന്യായാധിപന്മാരും വാളെടുത്ത എല്ലാ വെളിച്ചപ്പാടുകളും. ആ സംഭവം നടന്നപ്പോള്‍ എനിക്ക് തോന്നിയ ഒരേയൊരു വികാരം, ആ ഡ്രൈവര്‍ അയാളുടെ നാട്ടില്‍ ചെന്ന് ഈ വിവരം പറഞ്ഞ് ഇനി ഏതെങ്കിലും മലയാളികള്‍ ആ വഴി പോകുമ്പോള്‍ പ്രതികാരം വീട്ടില്ലേ എന്ന ചോദ്യമായിരുന്നു. അങ്ങിനെയെങ്ങാനും സംഭവിച്ചോ എന്നറിയില്ല.
പറഞ്ഞ് വന്നത്, മോബ് ജസ്റ്റിസ് മലയാളികള്‍ക്ക് പുത്തരിയൊന്നുമല്ല. “പണ്ടൊക്കെ ഇപ്പോഴത്തെ കാലത്തെപ്പോലത്തെ അസുഖങ്ങളൊന്നുമില്ലായിരുന്നല്ലേ, ഇപ്പോള്‍ എന്തൊക്കെ തരം അസുഖങ്ങളാണ് പലര്‍ക്കും” എന്ന് ഒരു ഡോക്ടറോട് പറഞ്ഞപ്പോള്‍ “പണ്ടും ഉണ്ടായിരുന്നു അസുഖങ്ങള്‍, പക്ഷേ പലതും അസുഖമാണെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു, അങ്ങിനെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ എത്രയെത്ര അസുഖങ്ങളും അതുമൂലമുള്ള പ്രശ്നങ്ങളും” എന്ന ക്ലീന്‍ ഷേവ് മറുപടി ആ ഡോക്‍ടര്‍ പറഞ്ഞതുപോലെ ചാനലുകളും മാധ്യമങ്ങളും കാക്കത്തൊള്ളായിരമായപ്പോള്‍ മാത്രമാണ് നമ്മള്‍ മലയാളികളുടെ ഈ കലാപപരിപാടിയെപ്പറ്റിയും നമ്മളില്‍ പലരും അറിഞ്ഞതെന്ന് മാത്രം. പിന്നെ നമ്മള്‍ മലയാളികളുടെ ട്രേഡ് മാര്‍ക്കായ “ആരെങ്കിലുമറിഞ്ഞാല്‍ മോശമല്ലേ” ചിന്തയും പലതും നമ്മളില്‍ പലരും ഇത്തരം പലകാര്യങ്ങളും അറിയാതെ പോകാന്‍ കാരണമായിരിക്കാം. ചാനലുകളുടെ എണ്ണം കൂടി എന്തെങ്കിലും കിട്ടിയാല്‍ അത്രയെങ്കിലുമായി എന്ന നില വന്നപ്പോളാണ് ഇത്തരം പല കാര്യങ്ങളും നമ്മുടെ നാട്ടില്‍ നിലവിലുണ്ട് എന്നകാര്യം പലരും അറിയാന്‍ തുടങ്ങിയത്. അതുകൊണ്ട് “അയ്യോ മലയാളികളും തുടങ്ങിയോ ഇങ്ങിനെയൊക്കെ” എന്നൊക്കെ അത്‌ഭുതപ്പെടാന്‍ വരട്ടെ; ചാനലുകള്‍ സംഭവം അവതരിപ്പിക്കുമ്പോഴുള്ള ആ നാടകീയതയുടെ അലവന്‍സ് ഒന്ന് മാറ്റിവെച്ച് നോക്കിയാല്‍ നമ്മളില്‍ പലരും പലപ്പോഴും പലയിടത്തും കണ്ടുകാണണം പണ്ടുമുതല്‍ക്കേ ഈ മ്വോബ് ജസ്റ്റിന്‍ പതാലിയെ.
പക്ഷേ ഈ മോബ് ജസ്റ്റിസ് കലാപപരിപാടിയിലും ആ മലയാളി ടച്ച് കൊടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുന്നു. ഉദാഹരണത്തിന് മലയാളിയെയും ബീഹാറിയെയും താരതമ്യപ്പെടുത്തിയാല്‍ ദേഷ്യം വന്നാല്‍ ബീഹാറിക്ക് പിന്നെ കല്ലെറിയുന്നത് ബീഹാറിയെ തന്നെയാണോ, എറിയുന്നവന്റെ നാട്ടുകാരനാണോ, സ്വന്തം ജാതിയാണോ, മതമാണോ എന്നൊന്നും നോട്ടമില്ല- അങ്ങെറിയും, അടിച്ച് എല്ലൊടിക്കും, അത്രമാത്രം. പക്ഷേ മലയാളി മിടുക്കനാണ്. ഒരു മലയാളിയാണ് പ്രതിസ്ഥാനത്തെന്ന് മനസ്സിലായാല്‍ നമ്മള്‍ പതുക്കെ മനുഷ്യാവകാശം, പോലീസ്, പോട്ടെ പാവമല്ലേ, വിട്ടേക്കെന്ന്, ഇപ്രാവശ്യത്തേക്ക് ക്ഷമിച്ചേക്ക് എന്നൊക്കെയുള്ള പതിവുലൈനില്‍ പോകും. നമ്മുടെ പ്രബുദ്ധതയും മറ്റും അപ്പോള്‍ രംഗത്ത് വരും. പക്ഷേ ഒരു നാടോടിയോ തമിഴ്‌നാട്ടുകാരനോ ബീഹാറിയോ മറ്റോ ആണെങ്കില്‍ പിന്നെ നമ്മള്‍ മുന്നും പിന്നും നോക്കില്ല. ഗര്‍ഭിണിയാണോ എന്ന് പോലും നോക്കില്ല (ഏടപ്പാള്‍ സംഭവത്തിന്റെ ലേയ്‌റ്റസ്റ്റ് ട്വിസ്റ്റ് മര്‍ദ്ദനമേറ്റ സ്ത്രീ ഗര്‍ഭിണിയല്ലായിരുന്നു എന്നതാണെന്ന് തോന്നുന്നു-ചില ചാനലുകാര്‍ക്കെങ്കിലും സ്വല്പം ഇച്ഛാഭംഗം വന്നുകാണുമോ ആവോ). നമ്മളെപ്പോലെ മിടുക്കന്മാര്‍ ഈ ലോകത്ത് വേറേ ആരുണ്ട്. അതുകൊണ്ട് മോബ് സൈക്കോളജിയാണെങ്കിലും ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശത്തില്‍ തോന്നുന്ന വികാരത്തള്ളിച്ചയാണെങ്കിലും നമുക്കൊരു നീതിയും മറുനാട്ടുകാര്‍ക്ക് വേറൊരു നീതിയും എന്ന ലൈന്‍ നോക്കാനൊക്കെ നമ്മള്‍ മലയാളികള്‍ക്ക് പറ്റും. അതനുസരിച്ചേ മോബ് ജസ്റ്റിസാണെങ്കിലും മറ്റെന്താണെങ്കിലും നമ്മള്‍ പ്രവര്‍ത്തിക്കൂ (ഇപ്പറഞ്ഞത് ആധികാരികമായ റഫറന്‍സ് ഒന്നുമില്ലാതെ ചുമ്മാതുള്ള ഒരു തോന്നലില്‍ പറഞ്ഞത് മാത്രം. മലയാളി മലയാളികളില്‍ തന്നെ മോബ് ജസ്റ്റിസ് നടപ്പാക്കിയതിന്റെ ഉദാഹരണങ്ങള്‍ ധാരാളമുണ്ടെങ്കില്‍ സങ്കടത്തോടെ അത് അംഗീകരിക്കുന്നു).
ഇനി എന്താണ് മോബ് ജസ്റ്റിസിന്റെ കാരണം? എനിക്കറിയില്ല. മാധ്യമങ്ങള്‍ക്ക് വലരെ വലുതായ ഒരു പങ്കുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശരിയായിരിക്കും. എന്തായാലും ഈ മോബ് ജസ്റ്റിസിന്റെ ആള്‍ക്കാര്‍ ജനിച്ച് വീണ സമയത്തുതന്നെ ഇത്തരം വികാരങ്ങള്‍ അവര്‍ക്കുണ്ടാകണമെങ്കില്‍ ജീനായിരിക്കും കാരണം (ഡോ. വാട്‌സണെ ഓര്‍മ്മ വന്നു). അല്ലെങ്കില്‍ പിന്നെ വളര്‍ന്നുവരുന്ന സാഹചര്യം, കണ്ടും കേട്ടും പഠിക്കുന്ന കാര്യങ്ങള്‍ തുടങ്ങി കാക്കത്തൊള്ളായിരം കാരണങ്ങള്‍ കാണുമായിരിക്കും. എന്തായാലും ഒരു കാര്യം ഏറെക്കുറെ ഉറപ്പാണ്. പോക്രിത്തരം കാണിച്ചാല്‍ വിവരമറിയും എന്നുള്ള കാര്യം ഒരു റിയാലിറ്റിയായി നിലനില്‍ക്കുന്ന നാടുകളില്‍ മോബ് ജസ്റ്റിസ് നടപ്പാക്കണമെന്ന് ആഗ്രഹമുള്ള ആള്‍ക്കാര്‍ പോലും മിക്കവാറും ആ പണിക്ക് പോവില്ല. ഇതിനൊക്കെ വേണ്ടത് ശാശ്വത പരിഹാരമാണ്, നിയമം കൊണ്ട് ഒരു പരിമിത ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമേ പ്രയോജനമുള്ളൂ എന്നൊക്കെയുള്ള പതിവു വാദഗതികളാണെങ്കില്‍ അത് താത്വികമായി ശരിയായിരിക്കാം. പക്ഷേ പോക്രിത്തരം കാണിച്ചാല്‍ ഏത് പോലീസുകാരനും അകത്തുപോകും എന്ന ചിന്ത കുറഞ്ഞപക്ഷം പോലീസുകാര്‍ക്കെങ്കിലും ഉണ്ടാവണമെങ്കില്‍ കര്‍ശനമായ നിയമപരിപാലനം തന്നെ വേണം. ശാശ്വതപരിഹാരത്തെപ്പറ്റിയൊക്കെ സമാന്തരമായി ചിന്തിക്കാം. എന്തായാലും എടപ്പോള്‍ സംഭവത്തിനുശേഷം ഇനി ഇത്തരം സംഭവങ്ങള്‍ ചാനലുകാര്‍ അറിഞ്ഞോ അറിയാതെയോ നാട്ടില്‍ നടക്കുന്നുണ്ടോ എന്ന് നോക്കുക, നടക്കുന്നുണ്ടെങ്കില്‍, അത് ചെറുതാണെങ്കിലും വലുതാണെങ്കിലും സംഭവം ബോബ് ചെയ്ത ജസ്റ്റിന്‍ പതാലിയാണെങ്കില്‍ ഓര്‍ത്തുകൊള്ളുക, മലയാളി ഇക്വവാലന്റൈന്‍സ് ഡേ ബീഹാറി ഇക്വവാലന്റ് റ്റു ആഫ്രിക്കക്കാരന്‍.
മോബ് ജസ്റ്റിസ്, ആള്‍ക്കാര്‍ വഴി തെറ്റുന്നു മുതലായ സാമൂഹ്യ പ്രശ്‌നങ്ങളിലെല്ലാം നമ്മള്‍ കാണുന്നതാണ് സിനിമാ നായകന്മാരെയും മറ്റും ചീത്ത പറയുന്നത്. ശരിയായിരിക്കാം. ലാലേട്ടന്‍ സബോള ഗിരി ഗിരി എന്ന് പറഞ്ഞ് സബോളയുടെ തൊലി പൊളിക്കുമ്പോള്‍ നമുക്കും തോന്നും എവിടെയെങ്കിലും ഇതൊക്കെ ഒന്ന് പയറ്റിയാലോ എന്ന്. പക്ഷേ അങ്ങിനെ പയറ്റാന്‍ കൈ പൊക്കുമ്പോള്‍ മുകളിലത്തെ ഖണ്ഡികയില്‍ പറഞ്ഞ നിയമപരിപാലനത്തെപറ്റി ഓര്‍ക്കാന്‍ മാത്രം (ശരിയായ, നീതിയുക്തമായ) നിയമപരിപാലനം നാട്ടിലുണ്ടെങ്കില്‍ മിക്കവാറും വീട്ടിലെ അനിയനിട്ടോ അല്ലെങ്കില്‍ മതിലിനിട്ടോ മറ്റോ സബോളഗിരിഗിരി തീര്‍ത്ത് നമ്മള്‍ സായൂജ്യമടയാനാണ് സാധ്യത.
പിന്നെ എനിക്കിതുവരെ ശരിയായ ഒരുത്തരം കിട്ടാത്ത പ്രശ്‌നവുമുണ്ട് ഈ മോബ് ജസ്റ്റിസ്-വഴിതെറ്റല്‍-നായകചീത്തപറച്ചില്‍ പ്രശ്‌നത്തില്‍. നാട്ടില്‍ ഒരു ആശുപത്രിയില്‍ പോയപ്പോള്‍ ദേ ഭിത്തിയില്‍ ദിവസവും ഷിറ്റടിക്കുന്ന സുരേഷ് ഗോപിയണ്ണന്‍ ചിരിച്ചുകൊണ്ടിരിക്കുന്നു. അടുത്തു ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അദ്ദേഹം ചിക്കുന്‍ഗുനിയയ്ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന ഒരു പോസ്റ്ററാണ്. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യണം തുടങ്ങി നാലഞ്ച് കാര്യങ്ങള്‍ ഷിറ്റ് പറയുന്ന അതേ വായ കൊണ്ടുതന്നെ അദ്ദേഹം പറയുന്നു. പക്ഷേ അതൊന്നും അദ്ദേഹം പറഞ്ഞോ എന്നുപോലും ഓര്‍ക്കാതെ വഴിയില്‍ തുപ്പുകയും എച്ചില്‍ വലിച്ചെറിയുകയും മറ്റും ചെയ്യുന്ന നമ്മള്‍ അദ്ദേഹത്തിന്റെ ജസ്റ്റ് റിമമ്പര്‍ ദാറ്റും ഷിറ്റും ഒരുമയുണ്ടോ ആമുഖവും മാത്രം വളരെ കറക്ടായി ഓര്‍ത്തിരിക്കുകയും മോബ് ജസ്റ്റിസ് നടപ്പാക്കുകയും ചെയ്യുന്നു. അതുപോലെ വൈകിട്ടെന്താ പരിപാടിയെന്ന് ചോദിച്ച് നാട്ടുകാരെ മുഴുവന്‍ വെള്ളം കുടിപ്പിക്കുന്ന ലാലേട്ടന്‍ റെയില്‍വേ സുരക്ഷയെപ്പറ്റിയും എയ്‌ഡ്‌സിനെപ്പറ്റിയുമൊക്കെയും നമ്മളെ ബോധവല്‍ക്കരിക്കുന്നു. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുമ്പോഴും ഓടുന്ന ട്രെയിനില്‍നിന്ന് ഓടിയിറങ്ങുമ്പോഴും എയ്‌ഡ്‌സിനായി വഴിതെറ്റി നടക്കാന്‍ തോന്നുമ്പോഴുമൊന്നും നമ്മള്‍ ലാലേട്ടനെ ഓര്‍ക്കില്ല; പക്ഷേ നമ്മള്‍ വൈകിട്ട് ഒരിറ്റ് ദാഹജലം കുടിക്കാന്‍ കാരണം ലാലേട്ടന്‍ അങ്ങിനെ ചോദിച്ചു എന്നത് മാത്രം. ഇതെന്ത് മോബ് സൈക്കളോളജിയെന്ന് മാത്രം പിടികിട്ടുന്നില്ല (എന്തെങ്കിലും മനഃശാസ്ത്രകാരണങ്ങള്‍ കാണുമായിരിക്കണം). നായകന്‍ പറയുന്ന സാരോപദേശങ്ങള്‍ക്കൊക്കെ പുല്ലിന്റെ പോലും വിലയില്ല (പുല്ലിനൊക്കെ ഇപ്പോള്‍ എന്താ വില); പക്ഷേ നായകന്‍ വെള്ളം കുടിക്കാന്‍ പറയുമ്പോഴും ഷിറ്റടിക്കാന്‍ പറയുമ്പോഴും നമ്മള്‍ വളരെ കറക്ടായി അതൊക്കെ ചെയ്യുകയും ചെയ്യും. വിമര്‍ശകരൊക്കെ തങ്കക്കുടം പോലുള്ള ലാലേട്ടനെയും കാരിരുമ്പ് പോലുള്ള സുരേഷ് ഗോപിയെയും (ബ്ലാക്ക് ക്യാറ്റ്) നാഴികയ്ക്ക് നാല്‌പത്തിനാലു വട്ടം ചീത്ത പറയുകയും ചെയ്യും. പാവം താരനായകന്മാര്‍. ഇവിടെയും പറഞ്ഞിരുന്നു.
എന്തായാലും എന്റെ നോട്ടത്തില്‍ മോബ് ജസ്റ്റിസ് വികാരത്തിന്റെ പല കാരണങ്ങളിലൊന്നോ രണ്ടോ കാരണങ്ങളാവാം മാധ്യമങ്ങളും നായകന്മാരുടെ സബോളപൊളിക്കലും. അതുമാത്രമാവില്ല കാരണം. ഇനി കാരണങ്ങളെല്ലാം എന്താണെന്നൊക്കെ അറിയണമെങ്കിലും പഠിക്കണമെങ്കിലും പഠിക്കാനും മനസ്സിലാക്കാനും അത്രയെളുപ്പമല്ലാത്ത ഹുമയൂണ്‍ സൈക്കളോളജിതന്നെ പഠിക്കേണ്ടിവരുമായിരിക്കണം. അത് മലയാളിയുടെ മാത്രമായിരിക്കണമെന്നുമില്ല.
ഊപ്പ സംഹാരം
എല്ലാവര്‍ക്കും ഹര്‍ത്താല്‍ പിറവിയാശംസകള്‍
Labels: മോബ് ജസ്റ്റിസ്, മോഹന്‍ലാല്‍, ഷിറ്റ്, സവാളഗിരിഗിരി, സുരേഷ് ഗോപി
11 Comments:
ഭയങ്കര നീളം... വായിച്ചെത്താന്‍ ധാരാളം സമയമെടുത്തു.
‘എന്താ നമ്മളിങ്ങനെ വര വര വഷളായിക്കൊണ്ട്..‘ ഇന്ന് വൈകുന്നേരം പതിനെട്ടര കമ്പനിയിലും ഇതു തന്നെയായിരുന്നു വിഷയം. പ്രാര്‍ത്ഥിക്കാന്‍ കാരണങ്ങളുണ്ട് എന്നു പറയും പോലെ ഓരോര്‍ത്തര്‍ക്കുമുണ്ട് ഓരോ ഉദാഹരണങ്ങള്‍ പറയാന്‍. അവസാനം വാല്യു എജ്യൂക്കേഷന്റെ കുറവാണെന്ന് സമ്മതിച്ച് ഒന്നാം തീയതി ബാറുകള്‍ ഒഴിവാണെന്നതില്‍ കെറുവിച്ച് നേരത്തെ വീടുപറ്റി.
ഞാന്‍ കരുതി മോഹന്‍ലാലിന്റെ ഫോട്ടോ ആണിവിടെ എന്ന്. :)
ഈ മോബ് ജസ്റ്റിസ് എന്താണെന്ന് അറിയണമെങ്കില്‍ നമ്മള്‍ ചിലരുടെ ബ്ലോഗില്‍ പോയി നോക്കണം.ഈയിടെ നടന്ന സംഭവങ്ങള്‍ അവര്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് കാണിച്ച് തരും.
ഇത് മലയാളിയുടെ മാത്രമല്ല,പൊതുവെയുള്ള ഒരു അസുഖമാണ്.പിന്നെ ചില സന്ദര്‍ഭങ്ങളില്‍ ഇത് അനിവാര്യമാണ് താനും.
vakkaari..mob justice..athu kalakki..
ഒരു മലയാളിയാണ് പ്രതിസ്ഥാനത്തെന്ന് മനസ്സിലായാല്‍ ഇപ്രാവശ്യത്തേക്ക് ക്ഷമിച്ചേക്ക് എന്നൊക്കെയുള്ള പതിവുലൈനില്‍ പോകും. അങ്ങിനെയാണോ , എനിക്ക് തോന്നുന്നില്ല. മാല പൊട്ടിച്ച കള്ളനെയും പോക്കറ്റടിക്കാരെയുമൊക്കെ പൊതുജനം കൈകാര്യം ചെയ്യുന്നതു കണ്ടിട്ടില്ലേ?
തിരിച്ചു കിട്ടില്ല എന്നുറപ്പുള്ളയിടത്ത് കേറി അടിക്കാന്‍ നമ്മള്‍ക്കു വല്ല്യ ധൈര്യമാണല്ലോ, അതു തന്നെ കാരണം..
ചേക്കാ : സന്ദീപേ, ഈ പോസ്റ്റിനു ഭയങ്കര നീളമെന്നോ? വക്കാരിയുടെ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ഇതു ചെറിയ പോസ്റ്റാണ് :-)
Vakkaari again in a Serious Subject.
How deep is your memory power remembering even the incidents that happened when you were "mookkolippichchu nadakkunna " age.
No one in this world who are greater than malayaalees in the case of "pidichchu pari"
auto kaar cheythathe athaane..
good. keep going
:)
upaasana
ഗര്‍ഭിണീടെ ഗര്‍ഭത്തെ പറ്റി ബ്ലോഗില്‍ ആദ്യം പറഞ്ഞത് ഞാന്‍..
സംശയമുണ്ടേല്‍ കുട്ടന്‍ മേനന്റെ പനിക്കവിത പോയി കാണൂ...
വെള്ളെഴുത്തേ..
ഒന്നാന്തി എന്തൂട്ട് അവധി...
നിങ്ങക്കെത്ര സാധനം വേണം...ഏത് സാധനം വേണം...
ഇതേ...കേരളാ..കേരളം..
ഈ ചാനലുകള്‍ നിരോധിച്ചാല്‍ തന്നെ പഴേ മനസ്സമാധാനം തിരിച്ച് കിട്ടും...
ഓട്ടോലിരുന്ന പെണ്ണു ശര്‍ദ്ദിച്ചതിന്റെ കാര്യകാരണങ്ങള്‍ ഓട്ടോക്കാരനെ ഇടിച്ച് പറയിപ്പിച്ച നാടാ നമ്മുടെ...
സ്വന്തം അച്ചന്‍ ചത്താലും എക്സ് ക്ലുസീവ് ചമച്ച് മുന്‍ നിരയിലെത്തുന്ന ചാനലുകള്‍ ഉള്ള നാട്...
വക്കാരീ...ഇതൊരു രസോല്ലേ..
ഇങ്ങോട് കിട്ടാത്തടത്തോളം....
ഏതെന്നാ.....
ഇടി കൊടുക്കണതേ..
നാട്ടാരു കൂടി ഒരുത്തനെ ചതക്കണതേ...
എനിക്ക് കൈ തരിച്ചിട്ട് പാടില്ലാ....
സന്ദീപ്, വെള്ളേഴ്‌സ്, ബിന്ദു, അനങ്ങാതിരി, മനൂജി, മാരാര്‍ജി, ഉപാസനാജി ആന്‍ഡ് മണലോസ്‌ജിജി, നന്ദിജി. മണലീപേ, മാരാര്‍ജിജീ പറഞ്ഞതുപോലെ എന്റെ ഒരു നീളം കുറഞ്ഞ പോസ്റ്റല്ലിയോ ഇത് :) സാധാരണ ഞാന്‍ പോലും എന്റെ പോസ്റ്റുകള്‍ വായിക്കുന്നതിനു മുന്‍പ് ഒരു നാലുമണിക്കൂറെങ്കിലും വേറേ പണിയൊന്നും ചെയ്യാനില്ല എന്ന് ഉറപ്പുവരുത്തും. ഒരു മണിക്കൂര്‍ വായിച്ച് തീര്‍ക്കാനും ബാക്കി മൂന്നു മണിക്കൂര്‍ ഈ ചവറ് വായിക്കാന്‍ ഞാന്‍ ഒരു മണിക്കൂര്‍ വേസ്റ്റാക്കിയല്ലോ എന്നുള്ള ഷോക്കില്‍ നിന്ന് പുറത്ത് വരാനും. പിന്നെ വല്ലതും കഴിച്ച് കിടന്നുറങ്ങും :)
മോബ് ജസ്റ്റിസ് എന്നത് മലയാളിയുടെ മാത്രം പ്രത്യേകതയല്ലെന്ന് തോന്നുന്നു. എങ്കിലും,കണ്ടിടത്തോളം ഇവിടത്തെ മോബ് ജസ്റ്റിസ്-ന് തനതായ ഒരു ശൈലിയുണ്ട്. ഒരു പാവത്തിനെ നാലഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കുന്നതു കണ്ടാല്‍, ചുറ്റും വളഞ്ഞുനിന്ന് എല്ലാവരും അത് ആസ്വദിക്കും.അവിടെ സാധാരണഗതിയില്‍ മോബ് ജസ്റ്റിസ് ആപ്‌ളിക്കബിള്‍ ആവുന്ന പ്രശ്നമില്ല. ഇനി മോബ് ജസ്റ്റിസ് എങ്ങാനും ഉണര്‍ന്നാല്‍ അതൊരു സംഭവം തന്നെയായിരിക്കും..! അയ്യോ, ഞാന്‍ പറഞ്ഞത് കേട്ട്, ആരും ആവേശം കൊള്ളല്ലേ !
സീന്‍ ഇങ്ങനെ
സീന്‍ ഒന്ന് :
ഒരു പാവത്തിനെ നാലഞ്ചുപേര്‍ ചേര്‍ന്ന് അകാരണമായി മര്‍ദ്ദിക്കുന്നു.
സീന്‍ രണ്ട് :
ജനം ചുറ്റും വന്നു കൂടുന്നു.
സീന്‍ മൂന്ന് :
ജനത്തിന്റെ മനസ്സില്‍ മോബ് ജസ്റ്റിസ് സട കുടഞ്ഞെണീക്കുന്നു.
സീന്‍ നാല് :
പാവത്തിനെ തങ്ങളാലാവും വിധം മര്‍ദ്ദിച്ച് വിനോദിച്ച് ജനം പിരിഞ്ഞു പോകുന്നു.
അശരീരികള്‍ :“ എവനെയൊക്കെ ഇങ്ങനൊന്നും കൈകാര്യം ചെയ്താല്‍ പോരാ..ഞാന്‍ നടു നോക്കി രണ്ടങ്ങു കൊടുത്തു..ഹല്ല പിന്നെ...”
“എന്താ, എന്താ, പ്രശ്നം?“
“ഒക്കെ കള്ളപ്പരിഷകളാണെന്നേയ്..”
“ ഓഹോ..പോക്കറ്റടിയാവും അല്ലേ?”
“ കാര്യമെന്താണെന്ന് മനസ്സിലായില്ല. ഇതിനൊക്കെ കാര്യം ചോദിച്ചറിയാന്‍ വേറെ പണിയൊന്നുമില്ലേ?“
അശരീരി കട്ട്.
ഇനി എന്റെ ആത്മഗതം : ഇവിടെ ഈ പാവത്തിനോടുള്ള മോബ് ജസ്റ്റിസ് എന്തായിരിക്കുമോ, ആവോ..!!!
എനിക്കീ പോസ്റ്റ് നന്നായി ഇഷ്ട്ടപെട്ടു. വൈകിട്ടെന്താ പരുപാടി എന്നു ചൊദിച്ചതിനു ദാ കേരളം മുഴുവന്‍ മുക്കുടിയന്മാരായി എന്നു പറഞ്ഞവരൊടൊക്കെ എന്നാ പറയാനാ.
Post a Comment
<< Home