നാട്ടുവിശേഷങ്ങള്‍
ചിരിക്കാന്‍ മറന്നുപോകുന്നുവോ മലയാളി?
നാട്ടിലെ ഒരു സ്ഥാപനത്തില്‍ ഒരാവശ്യത്തിനായി ചെന്നപ്പോള്‍ ആ ആവശ്യത്തിന്റെ മുക്കാല്‍ പങ്കും ആ സ്ഥാപനത്തിന്റെ തന്നെ വേറൊരു സ്ഥലത്താണ് ചെയ്യേണ്ടതെന്നതിനാല്‍ സ്ഥാപനത്തിന്റെ വണ്ടിയില്‍ തന്നെ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞതിനാല്‍ സ്ഥാപനത്തിന്റെ ബസ്സ് നോക്കി നില്‍ക്കേ സ്ഥാപനത്തിലെ (തന്നെയാണെന്ന് തോന്നുന്നു) ഒരു ജീവനക്കാരന്‍ സ്ഥാപനത്തിന്റെ തന്നെ ബാങ്ക് ശാഖയില്‍ നിന്ന് ഇറങ്ങി പാസ്സ് ബുക്ക് നോക്കി നെടുവീര്‍പ്പിടുന്നത് കണ്ടുകഴിഞ്ഞതിനു ശേഷം മാത്രം ഇത്രാം നമ്പ്ര് ബസ്സ് എനിക്ക് പോകേണ്ട ഏരിയായില്‍ പോകുമോ എന്ന് ചോദിച്ചപ്പോഴാണ് മലയാളി ചിരിക്കാന്‍ മറന്നുപോകുന്നുവോ എന്ന സംശയം ആദ്യമായി ഉണ്ടായത്. തികച്ചും നിര്‍വ്വികാരനായി അദ്ദേഹം എന്തോ പറഞ്ഞുവെങ്കിലും അത് എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഒന്നുകൂടി ചോദിക്കാന്‍, അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയ എനിക്ക് തോന്നിയില്ല. മൂന്നും കല്‍പിച്ച്, പറഞ്ഞ നമ്പ്ര് വണ്ടി വന്നപ്പോള്‍ അതിനകത്ത് കയറി. പോകേണ്ട സ്ഥലം പറഞ്ഞ് തന്നവര്‍ സംശയമുണ്ടെങ്കില്‍ ബസ്സില്‍ അടുത്തിരിക്കുന്ന ആരോടെങ്കിലും ചോദിച്ചോ കേട്ടോ എന്ന് പറഞ്ഞുവെങ്കിലും എന്നെപ്പോലുള്ള ആരെങ്കിലും തന്നെയാണ് എന്റെ അടുത്തുമിരിക്കുന്നതെങ്കിലോ എന്ന ചിന്തയാല്‍ ഡ്രൈവറോളമറിയുമോ യാത്രക്കാര്‍ക്ക് എന്ന ചൊല്ല് ഓര്‍മ്മ വന്നതുകാരണം ഡ്രൈവറോട് തന്നെ ആ വണ്ടി ഇന്ന ഏരിയായില്‍ പോകുമോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ആദ്യം തോന്നിയ സംശയം അരക്കിട്ട്, മുകളില്‍ ഫെവിക്കോളുമിട്ട് ഒന്നുകൂടിയുറപ്പിച്ചു. വിനീതവിധേയനായി, എളിമയോടെ, വിനയകുമ്പിടിയായി ഞാന്‍ ചോദ്യം ചോദിച്ചപ്പോള്‍ കണ്ണ് മിഴിച്ച് എന്റെ നേരെ നോക്കിക്കൊണ്ട് തന്നെ അദ്ദേഹം ആ നേരം മുഴുവന്‍ ഇരുന്നതില്‍നിന്നും എന്റെ ചോദ്യം അദ്ദേഹം എന്തായാലും കേട്ടു എന്ന് ഉറപ്പിച്ച ഞാന്‍ ആദ്യാനുഭവപ്രകാരം ഒരു ചിരിയോ മന്ദതയുള്ള ഒരു സ്മിതമോ ഒന്നും പ്രത്ക്ഷിച്ചില്ലെങ്കിലും ഒരു തലയാട്ടല്‍ (നെഗറ്റീവിനെയോ പോസിറ്റീവിനെയോ സൂചിപ്പിക്കുന്നത്) പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം അതുപോലും പ്രകടിപ്പിക്കാതെ ഫസ്റ്റിലിട്ട് വണ്ടിയെടുത്തു. അങ്ങിനെ അഞ്ച് മിനിറ്റിനകം ഇരുപത് മീറ്റര്‍ ചുറ്റളവില്‍ ചിരിക്കാന്‍ മറന്നുപോയ രണ്ട് മലയാളികളെ കണ്ടു. നാലും കല്‍പിച്ച് വണ്ടിയില്‍ തന്നെയിരുന്നു.
പിന്നെ ഓരോ സ്റ്റോപ്പ് വരുമ്പോഴും പണ്ട് ബോബനും മോളിയും പള്ളിക്കവലയായോ പള്ളിക്കവലയായോ എന്ന് ഓരോ സ്റ്റോപ്പ് വരുമ്പോഴും ചോദിച്ച് ചോദിച്ച് അവസാനം സഹികെട്ട കിളി പള്ളിക്കവലയാകുമ്പോള്‍ പറയാമെന്ന് പറയുകയും പള്ളിക്കവലയെത്തിയപ്പോള്‍ അദ്ദേഹം പറയാന്‍ മറന്ന് പോവുകയും പത്ത് സ്റ്റോപ്പ് കഴിഞ്ഞ് ബോബനും മോളിയും പിന്നെയും പള്ളിക്കവലയായോ എന്ന് ചോദിച്ചപ്പോള്‍ “അയ്യോ പള്ളിക്കവല കഴിഞ്ഞല്ലോ” എന്ന് പറഞ്ഞ് കിളി തലയില്‍ കൈ വെയ്കുകയും “ആ പിള്ളേര്‍ വണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ ചോദിക്കുന്നതാണ്; താനല്ലേ പള്ളിക്കവലയെത്തുമ്പോള്‍ പറയാമെന്ന് പറഞ്ഞത്; അതുകൊണ്ട് അവരെ പള്ളിക്കവലയില്‍ കൊണ്ടുപോയി ഇറക്കണം” എന്ന് ബാക്കി യാത്രക്കാര്‍ ബഹളം വെച്ചതിന്റെ ഫലമായി വണ്ടി തിരിച്ച് പത്ത് കിലോമീറ്റര്‍ ഇപ്പുറത്തുള്ള പള്ളിക്കവലയില്‍ തിരിച്ചെത്തിക്കുകയും “പള്ളിക്കവലയായി, ഇറങ്ങിക്കോ മക്കളേ” എന്ന് കിളി പറഞ്ഞപ്പോള്‍ “ഞങ്ങള്‍ക്ക് ഇവിടെ ഇറങ്ങേണ്ട, പള്ളിക്കവലയെത്തുമ്പോള്‍ പൊതിയിലുള്ളത് കഴിച്ചോളണം എന്ന് അമ്മച്ചി പറഞ്ഞിരുന്നു” എന്ന് പറയുകയും ചെയ്ത മാതിരി ഓരോ സ്റ്റോപ്പെത്തുമ്പോഴും ഞാന്‍ “ഇതാണോ സ്ഥലം, ഇതാണോ സ്ഥലം” എന്ന് ഡ്രൈവറിനോട് ചോദിച്ച് ചോദിച്ച് ചോദിക്കുകയും അദ്ദേഹം ഓരോ തവണയും കൂടുതല്‍ കൂടുതല്‍ നീര്‍ വികാരനാവുകയും ചെയ്തു (അങ്ങിനെ അദ്ദേഹം പറയാതെ തന്നെ അദ്ദേഹത്തിന്റെ പേരും പിടികിട്ടി- മിസ്റ്റര്‍ നിര്‍വ്വികാരന്‍ പിള്ള). അവസാനം ഒരു ചെക്ക് പോയിന്റിലെത്തിയപ്പോള്‍ അകത്ത് കയറ്റാന്‍ പറ്റാത്ത ഒരു സാധനം എന്റെ കയ്യിലുണ്ട് എന്ന് ഞാന്‍ പറഞ്ഞത് പ്രകാരം സെക്യൂരിറ്റി എന്നെ വണ്ടിയില്‍ നിന്ന് ഇറക്കിയപ്പോള്‍ “രാവിലെ തന്നെ മനുഷ്യനെ മിനക്കെടുത്താന്‍ ഓരോരുത്തന്മാര്‍ വരും” എന്ന ടിപ്പിക്കല്‍ മലയാളി ഗോഷ്ഠി നിര്‍വ്വികാരന്‍ പിള്ളച്ചേട്ടന്‍ അദ്ദേഹത്തിന്റെ കണ്ണ്, മൂക്ക്, ചുണ്ട്, മീശ, തല, കഴുത്ത് മുതലായ ശരീരാവയവങ്ങള്‍ വഴി കാണിക്കുകയും കൂടി ചെയ്തപ്പോള്‍ എന്റെ കണ്ട്രോള് പോയെങ്കിലും ഏകേജീ 47 പോലത്തെയോ മറ്റോ ഒരു തോക്ക് പോലത്തെയോ മറ്റോ എന്തോ ആ സെക്യൂരിറ്റിയുടെ കൈയ്യില്‍ കണ്ടതുകൊണ്ട് ഞാന്‍ വിനയകുമ്പിടിയായിത്തന്നെ ആ വണ്ടിയില്‍ നിന്നും ഇറങ്ങി.
(എങ്കിലും ചിരിക്കാന്‍ മറന്നുപോയ ആ രണ്ട് മലയാളികളൊഴിച്ചാല്‍ അവിടുത്തെ സെക്യൂരിറ്റിക്കാരുള്‍പ്പടെ എല്ലാവരും വളരെ നല്ലപോലെ, ആത്മാര്‍ത്ഥമായി ചിരിക്കുന്നവരും സഹായമനസ്കരും ആയിരുന്നു. ഒരു നിമിഷത്തില്‍ കണ്ട്രോള് പോയി ഏകേ 47 നെപ്പൊലും ഓര്‍ക്കാതെ “ഇത് വലിയ കഷ്ടമായല്ലോ” എന്ന് ഞാന്‍ നെടുവീര്‍പ്പിട്ടപ്പോള്‍ പോലും അവര്‍ എന്നോട് ദേഷ്യപ്പെടുകയോ ചൂടാവുകയോ ചെയ്തില്ല. ആ രണ്ട് പേരൊഴിച്ചാല്‍ ബാക്കിയെല്ലാവരും വളരെ നല്ല, ഹൃദ്യം തന്നെയായ അനുഭവമാണ് ആ സ്ഥാപനത്തില്‍ നിന്നും എനിക്ക് തന്നത്).
കാര്യങ്ങളെല്ലാം നടത്തി തിരിച്ച് നഗരത്തില്‍ വന്ന് ഒരു കടയില്‍ സാധനം വാങ്ങാന്‍ വേണ്ടി കയറി ഇന്ന സാധനം അവിടെയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചിരിക്കാന്‍ മറന്നുപോയ മൂന്നാം മലയാളിയെ കണ്ടു. മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്യാതെയായിരുന്നു ആ ബിസിനസ്സ് കാരന്‍ മലയാളിയുടെ പ്രതികരണം. അതും കഴിഞ്ഞ് ഇന്റര്‍നെറ്റില്‍ നിന്നും ഒരു സംഭവത്തിന്റെ പ്രിന്റൌട്ട് എടുക്കാനായി ഒരു ഇന്റര്‍നെറ്റ് കാപ്പിക്കടയില്‍ കയറിയപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ രൂപത്തില്‍ ചിരിക്കാന്‍ മറന്നുപോയ നാലാം മലയാളിയെയും കണ്ടു. അങ്ങിനെ ഒരൊറ്റ ദിവസം പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ആറുമണിക്കൂര്‍ ഗ്യാപ്പില്‍ ചിരിക്കാന്‍ മറന്നുപോയ നാലു മലയാളികള്‍ എന്തായാലും നല്ലൊരു സൂചനയല്ല തരുന്നതെന്ന് തോന്നുന്നു.
അതുകൊണ്ട് മലയാളികളേ സഖാക്കളേ, ഹൃദ്യമായി, ആത്മാര്‍ത്ഥമായി ചിരിക്കൂ, പരിചിതരോടും അപരിചരോടും. ഒന്നും തന്നെ നഷ്ടപ്പെടാനില്ല.
(ഇനി പല്ല് തേക്കുന്നത് ക്ലോസപ്പുകൊണ്ടല്ലാത്തതുകൊണ്ടാവുമോ?)
കസ്റ്റമര്‍ കെയര്‍
പേഷ്യന്റ് കെയര്‍ പ്രകാരം നമ്മള്‍ ഒരാശുപത്രിയില്‍ കിടന്നാല്‍ നേഴ്സുമാര്‍ ഇടയ്ക്കിടയ്ക്ക് നമ്മുടെ ബെഡ്ഡില്‍ വന്ന് നമ്മള്‍ ചോദിക്കാതെ തന്നെ നമ്മോട് വിവരങ്ങള്‍ ആരായുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. ഇനി, പേഷ്യന്റ് കെയറിന്റെ പേഷ്യന്റെ മാറ്റി അവിടെ കസ്റ്റമര്‍ എന്ന വാക്കാക്കിയാലോ? കസ്റ്റമര്‍ കെയര്‍ സെന്ററാണ് രംഗം. ഒരു കൊല്ലം മുന്‍പ് വാങ്ങിച്ച പ്രിന്ററിന്റെ വാറന്റി തീരാന്‍ രണ്ടോ മൂന്നോ ദിവസം മാത്രമുള്ളപ്പോള്‍ മൂന്നാം തവണയും പ്രിന്റര്‍ പണിമുടക്കി. ഉടന്‍ തന്നെ അതും പൊക്കി കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ചെന്നു.
“ഈ പ്രിന്ററിനായിട്ട് ഇത് നാലാം പ്രാവശ്യമാണ് നടക്കുന്നത്” - ഞാന്‍ പറഞ്ഞു
(അശ്വത്ഥാമാവ് എന്ന ആന സ്റ്റൈലിലായിപ്പോയി എന്നത് വാസ്തവം. പ്രിന്റര്‍ വാങ്ങാന്‍ ആദ്യം പോയതും കൂടി കണക്കിലെടുത്താല്‍ ആ പ്രിന്ററിനായി നാല് പ്രാവശ്യം നടന്നു. പക്ഷേ സംഗതി പണി മുടക്കിയത് മൂന്നു തവണ മാത്രം. എന്നാലുമെന്താണ്? ആകപ്പാടെ അത് ഉപയോഗിച്ചത് എട്ടോ പത്തോ തവണ മാത്രം. അതില്‍ തന്നെ എപ്പോഴെക്കെ ആവശ്യമുണ്ടോ അപ്പോഴൊക്കെ അത് പണി മുടക്കിയിട്ടുമുണ്ട്. പിന്നെ ഒരു തവണ നന്നാക്കാന്‍ സംഗതി കൊണ്ടുപോയത് ചേട്ടച്ചാരാണ് താനും. എന്നാലുമെന്താണ്?)
ഞാന്‍ പറഞ്ഞത് കേട്ടതും കസ്റ്റമര്‍ സെന്റര്‍ കശ്‌മലന്‍ എടുത്ത വായ്ക്ക് പറഞ്ഞു:
“ഹേയ്, അങ്ങിനെ വരാന്‍ വഴിയില്ല” (കഴിഞ്ഞ പ്രാവശ്യം അവര്‍ തന്നെ ഓക്കെയാക്കി എന്ന് പറഞ്ഞ സാധനം വീട്ടില്‍ കൊണ്ടുപോയി നോക്കിയപ്പോഴേ മനസ്സിലായി ഒട്ടും ഓക്കേയായിട്ടില്ല എന്ന്. പേപ്പറൊന്ന് അകത്ത് കയറിയിട്ട് വേണമല്ലോ പ്രിന്റാന്‍).
ശ്ശെടാ ഇതെന്തുഒരു കൂത്ത്. എന്റെ കൈയ്യിലിരിക്കുന്ന പ്രിന്ററിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഏറ്റവും നന്നായി അറിയുന്നതെന്നതല്ല, എനിക്ക് മാത്രമേ അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഈ ലോകത്ത് അറിയുകയുള്ളൂ. ഞാന്‍ ആ പ്രിന്ററിനായി നാലുപ്രാവശ്യം നടന്നു എന്ന് പറഞ്ഞതും കശ്‌സ്റ്റമര്‍ സെന്റര്‍ കശ്‌മലന്‍ ഒരൊറ്റ നിഷേധം-“അങ്ങിനെ വരാന്‍ വഴിയില്ല”
എനിക്ക് പ്രാന്തായി. എന്റെ ചോര തിളച്ചു. ഞാന്‍ ചൂടായി. ഞാന്‍ ചൂടായപ്പോള്‍ ചേട്ടന്‍ പിന്നെയും പറഞ്ഞു “ഈ കമ്പനിയുടെ ഒരു പ്രിന്ററിനായും ആരും അഞ്ച് പ്രാവശ്യം നടക്കേണ്ടി വരില്ല. എനിക്ക് ശമ്പളം തരുന്ന കമ്പനിയാണ്. അതിനെപ്പറ്റി ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ എനിക്ക് ഫീലാവും”.
എനിക്ക് പിന്നെയും പ്രാന്തായി. ടെക്‍നിക്കലിയായാണെങ്കില്‍ പോലും ഈ പ്രിന്ററിനായി നാലു പ്രാവശ്യം നടന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ “അഞ്ച്” പ്രാവശ്യം അതിനായി നടന്നു എന്ന് പറഞ്ഞു എന്ന് പറഞ്ഞ് കസ്‌റ്റമര്‍ സെന്റര്‍ അണ്ണന്‍ ഫീലടിക്കുന്നു. നാലു തന്നെ വളരെ വിഷമിച്ചേ ഒപ്പിക്കാന്‍ പറ്റൂ. അപ്പോഴാണ് അയാളുടെ ഒരഞ്ച്.
“എന്റെ പൊന്നുചേട്ടാ, ഈ കമ്പനിയിലെ ഏറ്റവും ബെസ്റ്റ് എഞ്ചിനായന്മാര്‍ വന്ന് ഉണ്ടാക്കിയാല്‍ പോലും ചിലപ്പോള്‍ നാലല്ല, നാല്പത് പ്രാവശ്യം ഈ സാധനം കേടായേക്കാം. അതാ അതിന്റെയൊരു ബൂട്ടി. അത് ആരുടെയും കുഴപ്പമല്ല. അതുകൊണ്ട് രാജാവിനെക്കാള്‍ വലിയ രാജഭക്തിയൊക്കെ കാണിച്ച് ഫീലാവല്ലേ” എന്നൊന്നും അദ്ദേഹത്തോട് പറഞ്ഞില്ലെങ്കിലും എന്തൊക്കെയോ പറഞ്ഞു. അതുകാരണം ബില്ലിന്റെ ഫോട്ടോസ്റ്റാറ്റെടുപ്പിക്കാന്‍ എന്നെ അരകിലോമീറ്റര്‍ അവര്‍ നടത്തിക്കുകയും ചെയ്തു.
ആ അങ്കമൊക്കെ കഴിഞ്ഞ് പ്രിന്റര്‍ വാങ്ങിക്കാന്‍ അവിടെ ചെന്നു (രേഖ പ്രകാരം പ്രിന്റര്‍ നന്നാക്കി കഴിഞ്ഞാല്‍ അവര്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പ്രില്‍ മൂന്ന് പ്രാവശ്യം വിളിക്കും, പിന്നെ ഒരു മാസമോ മറ്റോ കാതോര്‍ത്തിരിക്കും എന്നൊക്കെയാണെങ്കിലും വിളിയൊന്നും വരാത്തതിന്റെ ടെക്‍നിക്കാലിറ്റി കൂടി പറഞ്ഞ് വട്ടാവാന്‍ നിക്കാതെ നേരിട്ട് തന്നെ ചെന്നു). സണ്‍ ഫിലിം ഒക്കെ ഒട്ടിച്ച ചില്ല് ഡോറാണെങ്കിലും റിസപ്ഷന് അപ്പുറത്ത് നടക്കുന്ന സംഭവങ്ങളൊക്കെ നല്ലവണ്ണം തെളിഞ്ഞു തന്നെ റിസപ്ഷനില്‍ ഇരിക്കുന്നവര്‍ക്ക് കാണാം. എന്റെ കൈയ്യില്‍ നിന്നും പേപ്പര്‍ വാങ്ങിച്ച് ചേട്ടന്‍ അകത്തേക്ക് പോയതിനുശേഷം സണ്‍ഫിലിമില്‍ കൂടി ഞാന്‍ നോക്കിയപ്പോള്‍ (ഒളിഞ്ഞ് നോട്ടമല്ലേ അധാര്‍മ്മികം. ഇത് ചുമ്മാ നോക്കിയപ്പോള്‍ കണ്ടതല്ലേ) കണ്ടത് ഒരു പുതിയ കൂട് അവര്‍ പൊട്ടിക്കുന്നു, അതില്‍ നിന്നും പ്ലാസ്റ്റിക് കവറിലൊക്കെ പൊതിഞ്ഞ പുതിയ പ്രിന്റര്‍ എടുക്കുന്നു. അകത്തൊക്കെ ഫിറ്റ് ചെയ്തിരിക്കുന്ന തെര്‍മോകോളൊക്കെ എടുത്ത് കളയുന്നു, എന്നിട്ട് കതകും തുറന്ന് അണ്ണന്‍ പുറത്തേക്ക് വരുന്നു...
“പ്രിന്റര്‍ നന്നാക്കി കേട്ടോ, ഇന്നാ കൊണ്ടുപൊയ്‌ക്കൊള്ളൂ” (പുതിയ സാധനം കവറ് പൊട്ടിച്ചെടുക്കുന്നതൊക്കെ ഞാന്‍ കണ്ടേ)
“ഇതൊന്ന് ടെസ്റ്റ് ചെയ്ത് കാണണമായിരുന്നല്ലോ. കഴിഞ്ഞ പ്രാവശ്യവും നിങ്ങള്‍ നന്നാക്കി എന്ന് പറഞ്ഞിരുന്നെങ്കിലും നന്നായില്ലായിരുന്നല്ലോ”
“അല്ല, ടെസ്റ്റ് ചെയ്ത് നോക്കിയതാണ്. ഓക്കേയാണ്. ഒരു കുഴപ്പവുമില്ല”
“എന്നാലും എനിക്കൊന്ന് ഉറപ്പിക്കണമായിരുന്നു. കാരണം ഇനി ഇതിന് വാറാന്റി കിട്ടില്ലല്ലോ” (സംഭവം കേടാവുമ്പോഴൊക്കെ അവര്‍ പുതിയ സാധനമാണ് തരുന്നതെങ്കിലും ഓരോ പുതിയതിനും പുതിയത് കിട്ടുന്ന ദിവസം മുതല്‍ക്കുള്ള ഒരു കൊല്ലം വാറന്റിയില്ല, ആദ്യപ്രിന്റര്‍ വാങ്ങിച്ച അന്നുതൊട്ടുള്ള ഒരു കൊല്ലം വാറന്റിയേ ഒള്ളൂ എന്നാണ് അവരുടെ നിയമമെന്നാണ് അവര്‍ പറഞ്ഞത്).
“ടെസ്റ്റ് ചെയ്ത കമ്പ്യൂട്ടര്‍ ബിസ്സിയാണ്. ഇപ്പോള്‍ പറ്റില്ല”
അതാണ് കശ്‌മലന്‍ കെയര്‍. എന്തായാലും ഒരു മടിമുകള്‍ കൈയ്യിലുണ്ടായിരുന്നതു കാരണം അവിടെവെച്ച് തന്നെ ടെസ്റ്റ് ചെയ്ത് കണ്‍ഫേമാക്കി. എങ്കിലും പുതിയ സാധനം പായ്ക്കറ്റ് പൊട്ടിച്ചെടുത്ത് അതേ പടി എന്നെ ഏല്‍പിക്കുന്നത് മൊത്തം കണ്ടുനിന്ന എന്നോട് “ഇത് അകത്ത് വെച്ച് ടെസ്റ്റ് ചെയ്ത് നോക്കിയതാണോക്കേ” എന്നൊക്കെ ആ അണ്ണന്‍ പറയാന്‍ കാരണം ആ സണ്‍ഫിലിനിന്റെ ഗുണം അദ്ദേഹത്തിന്റെ മനസ്സിലാവാത്തത് മാത്രമായിരിക്കണം. ഞാനും മിണ്ടാന്‍ പോയില്ല.
ടിവി വിശേഷങ്ങള്‍.
റിയാലിറ്റി ഷോ ഏശാത്തതുകാരണം ജീവന്‍ ടീവിയില്‍ റിയല്‍ എസ്റ്റേറ്റ് ഷോകളാണ്. അമൃതയും ഏഷ്യാനെറ്റുമാണ് റിയാലിറ്റി ഷോകളില്‍ മുമ്പന്മാര്‍. എങ്കിലും എന്റെ ചോര ചെറുതായി തിളച്ചത് സ്റ്റാര്‍ പ്ലസ്സിലെ വോയ്സ് ഓഫ് ഇന്ത്യ എന്ന ടൈറ്റില്‍ കണ്ടപ്പോഴാണ്. അതിനു കാരണം നാനാത്വത്തില്‍ ഏകത്വം തിയറി പാലിക്കാന്‍ മറന്നുപോയതുകൊണ്ടും. ഹിന്ദി ഗാനങ്ങള്‍ മാത്രം പാടുന്നവരുള്ള ഒരു മത്സരത്തിന് എങ്ങിനെ വോയ്സ് ഓഫ് ഇന്ത്യ എന്ന പേര് കൊടുക്കും എന്ന് രോഷിച്ചെങ്കിലും മേരാ ഭാരത് മഹാന്‍ എന്ന് ഓര്‍ത്ത് സങ്കുചിതമായ ആ ചിന്ത മനസ്സില്‍ നിന്നും തൂത്ത് കളഞ്ഞ് തൂത്തുക്കുടിയിലിട്ടു. എന്തായാലും ആ പരിപാടിയിലെ പാട്ടുകാരെല്ലാം നന്നായി പാടുന്നവര്‍ തന്നെ.
ലക്സ് സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലും ഐഡിയ സ്റ്റാര്‍ സിംഗറും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ എനിക്കിഷ്ടപ്പെട്ടത് സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ തന്നെ. അതിലെ പാട്ടുകാരെല്ലാവരും തന്നെ ഐഡിയ സ്റ്റാര്‍ സിംഗറിലെ പാട്ടുകാരെക്കാള്‍ നന്നായി പാടുന്നവര്‍. പിന്നെ ജഡ്‌ജസ് തമ്മിലുള്ള ഇന്ററാക്‍ഷനും ഒന്നുകൂടി രസകരവും സൌഹാര്‍ദ്ദപരവും സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലിലാണെന്നാണ് എന്റെ നിരീക്ഷണം. അവരുടെ വിലയിരുത്തലുകളാണ് ഒന്നുകൂടി നന്നായി എനിക്ക് തോന്നിയത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ ജഡ്‌ജസ് എല്ലാവരും അപ്‌നാ അപ്‌നാ സ്റ്റൈലായി തോന്നി. “ദോ ഈ സംഗതി ഇങ്ങിനെ വേണം കേട്ടോ” എന്ന് എം.ജി. ശ്രീകുമാര്‍ സംഗതിക്കുമ്പോള്‍ അദ്ദേഹം അത് മൊത്തം ശ്രീകുമാര്‍വല്‍ക്കരിക്കും. ഉഷാ ഉതുപ്പിനെ അവിടെ എന്തിനിരുത്തിയിരിക്കുന്നു എന്നും ചിലപ്പോളൊന്നും മനസ്സിലാവാറില്ല. രണ്ട് പ്രോഗ്രാമുകളും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ മനോരമ ആഴ്‌ചപ്പതിപ്പും മാതൃഭൂമി ആഴ്ചപ്പതിപ്പും പോലിരിക്കും. ആള്‍ക്കാരെ എങ്ങിനെ കൈയ്യിലെടുക്കണം എന്ന് ഏഷ്യാനെറ്റിന് നന്നായി അറിയാവുന്നത് കാരണം ആവശ്യത്തിനുള്ള മസാലകള്‍ എല്ലാം നിറച്ച് ഐഡിയ സ്റ്റാര്‍ സിംഗര്‍ മുന്നേറുന്നു. എങ്കിലും നല്ല പാട്ടുകള്‍ (ബാക്കി മാനദണ്ഡങ്ങളൊന്നുമില്ലാതെ) കേള്‍ക്കണമെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബലാണ് ഒന്നുകൂടി മെച്ചം എന്ന് തോന്നുന്നു (എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായം).
റിയാലിറ്റി ഷോകളുടെ എസ്. എം. എസ് പരിപാടിയും വിവാദമാവുന്നതും കണ്ടു. അതിനൊപ്പം അമൃത ടി.വി എസ്. എം.എസില്‍ നിന്നും കിട്ടുന്ന വരുമാനം മുഴുവന്‍ ചാരിറ്റിയ്ക്കായി ഉപയോഗിക്കും എന്നും പറയുന്നു. എന്തായാലും ബി.ബി. സി വരെ ഇത്തരം റിയാലിറ്റി ഷോ വിവാദങ്ങളില്‍ (ഇല്ലാത്ത വോട്ട് ഉണ്ടാക്കി, ലൈവ് ഷോ ലൈവല്ലാതാക്കി എന്നൊക്കെ) പെടുന്നതിനാല്‍ കോണ്‍സ്പിരസി തിയറി പ്രകാരമെങ്കിലും അത്തരം വിവാദങ്ങളില്‍ എന്തെങ്കിലും കഴമ്പുകളും കുഴമ്പുകളും ഉണ്ടോ എന്ന് ആലോചിക്കണമോ എന്നും ഒന്നാലോചിക്കാം. റിയാലിറ്റി ഷോകളുടെ ധാര്‍മ്മികതയെപ്പറ്റിയും എസ്.എം.എസ്സില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് നടത്തുന്ന ചാരിറ്റികളുടെ ധാര്‍മ്മികതയെപ്പറ്റിയും എസ്.എം.എസ്സിന്റെ പ്രശ്‌നങ്ങളെപ്പറ്റിയുമൊക്കെ പതിവുപോലെ വിശകലിക്കാം.
ഇതിനൊപ്പം തന്നെ അമൃതയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ പരിപാടിയുടെ നാടകീയതാപരിപാടി മൂലം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താനായി അവതാരക കാണിക്കുന്ന പരിപാടികളും ആ കുഞ്ഞു കുട്ടികളുടെ കരച്ചിലും ടെന്‍ഷനും മറ്റും കണ്ടപ്പോള്‍ ശരിക്കും ദേഷ്യം വരികയും ചെയ്തു. ഓവറാക്കി അവര്‍ അത്, ശരിക്കും. കുട്ടികളുടെ കരയുന്ന മുഖത്തിന്റെ ക്ലോസപ്പൊക്കെ കാണിച്ച് കാണിച്ച് റേറ്റിംഗ് കൂട്ടുന്ന തന്ത്രമായിരിക്കും.
ടിവി പരസ്യം.
ഇറ്റാലിയന്‍ മാര്‍ബിള്‍ കിട്ടുന്ന കേരളത്തിലെ ഏറ്റവും പ്രമുഖ സ്ഥാപനം : സ്വദേശി മെര്‍മര്‍ ഇറ്റാലിയ
(വിദേശിയായ ഇറ്റാലിയന്‍ മാര്‍ബിള്‍ വില്‍ക്കുന്നത് സ്വദേശിയെന്ന് പേരു തുടങ്ങുന്ന സ്ഥാപനത്തില്‍ - ഇനി ഇറ്റാലിയന്‍ മാര്‍ബിളും ഇന്ത്യന്‍ തന്നെയാവുമോ?)
ചക്ക്‍ലേറ്റ്
വളരെ നാളുകള്‍ക്ക് ശേഷം തീയറ്ററില്‍ പോയി കണ്ട ഒരു സിനിമ എന്നതുകൊണ്ടാവുമോ എന്നറിയില്ല, ചോക്‍ളേറ്റ് പടം ഒട്ടും ബോറടിപ്പിച്ചില്ല-ഒട്ടുംതന്നെ വിരസത തോന്നാതെ കണ്ടുകൊണ്ടിരിക്കാന്‍ പറ്റി (ഹരീയുടെ റിവ്യു വായിക്കുക). പ്രഥ്വിരാജിന്റെ കോമഡി സ്പര്‍ശമുള്ള അഭിനയവും ഇഷ്ടപ്പെട്ടു. സിനിമയിലെ ആദ്യഗാനം അവസാനിക്കുന്നതിനു മുന്‍പ് പ്രഥ്വിരാജ് തന്റെ ബൈക്കില്‍ പുതിയ കോളേജില്‍ വരുന്ന സീനൊക്കെ രസകരമായി തോന്നി. അതുപോലെ പടത്തിന്റെ അവസാനം ജയസൂര്യ കരഞ്ഞതിന്റെ കാരണം പറഞ്ഞപ്പോള്‍ ചിരിച്ച് പോയി. ഹരീയുടെ വാക്കുകള്‍ കടമെടുത്താല്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്തിയിരിക്കുന്ന ‘ഫ്രഷ്നസാണ്’, ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ഹരീ പറഞ്ഞതുപോലെ കളിമാക്സ് പ്രതീക്ഷിക്കാവുന്നത് തന്നെയായിരുന്നു. സസ്‌പെന്‍സിന്റെ പിരി ഭയങ്കരമായി മുറുകിയുമില്ല (ബിപ്പി കൂടുതലുള്ളവര്‍ക്ക് അതാണ് നല്ലതെന്ന് തോന്നുന്നു).
സെക്കന്റ് ഷോയ്ക്കാണ് പോയത്. വണ്ടി ഏറ്റവും മുന്നില്‍ തന്നെ പാര്‍ക്ക് ചെയ്തു. ബാല്‍ക്കണി ഫുള്ളായിപ്പോയതിനാല്‍ ഫസ്റ്റ് ക്ലാസ്സില്‍ ഇരുന്നു. ബാല്‍ക്കണി ഫുള്ളായിരുന്നെങ്കിലും ഫസ്റ്റ് ക്ലാസ്സില്‍ ഞങ്ങള്‍ക്ക് മുന്നില്‍ ആരുമില്ലായിരുന്നു. അങ്ങിനെ ഞങ്ങളുടെ വണ്ടി ഏറ്റവും മുന്നില്‍; തീയറ്ററിലും ഞങ്ങള്‍ ഏറ്റവും മുന്നില്‍. ഞങ്ങള്‍ സിനിമ കണ്ടിട്ടേ ബാക്കിയെല്ലാവരും ആ സിനിമ കണ്ടുള്ളൂ. അങ്ങിനെ ഏറ്റവും മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഏറ്റവും ആദ്യം പടം കണ്ടിറങ്ങിയപ്പോഴാണ് ഏതൊരാദ്യത്തിനും ഒരു അവസാനമുണ്ടാവുമെന്ന തിരിച്ചറിവുണ്ടായത്. തീയറ്ററില്‍ പാര്‍ക്ക് ചെയ്തിരുന്ന എല്ലാ വണ്ടികളും എടുത്തതിനു ശേഷം ഏറ്റവും അവസാനമായി മാത്രമേ ഞങ്ങള്‍ക്ക് അവിടെനിന്ന് ഇറങ്ങാന്‍ സാധിച്ചുള്ളൂ.
ഡി.റ്റി.എസ്- (ഇയര്‍)ഡ്രം ടിയറിംഗ് സിസ്റ്റം.
Labels: കസ്റ്റമര്‍ കെയര്‍, നാട്ടുവിശേഷങ്ങള്‍, മലയാളി, സിനിമ, റിയാലിറ്റി ഷോ
17 Comments:
നല്ല വിവരണം
നന്നായിട്ടുണ്ട്! :)
-- സന്ദീപ്.
കണിയാപുരം രാമചന്ദ്രന്റെ പ്രസംഗം പോലെയാണ് വക്കാരിയുടെ ഓരോ പോസ്റ്റും.ഒരു ഒന്നര കിലോമീറ്റര്‍ നീളം!.
പ്രസംഗം ആകുമ്പോള്‍ അത് മാലപടക്കത്തിന് തിരി കൊളുത്തിയപോലെയാണ്.വക്കാരി എഴുതുമ്പോഴും അങ്ങിനെ തന്നെ!.സമയം പോകുന്നത് അറിയില്ല.
പക്ഷെ, എന്റെ ക്ഷമയെ പരീക്ഷിക്കരുത്!
എന്‍റമ്മച്ചിയേ ഇതെന്തോന്ന്? വാരാവലോകനമോ? (വാരവിചാരം, കാളമൂത്രം എന്നീ വാക്കുകള്‍ ധൈര്യമുള്ളവര്‍ക്കു മാത്രം വിധിച്ചിട്ടുള്ളവയാണ്:))
എന്നാലും നിര്‍വ്വികാരന്‍ ‘പിള്ള’ ആയത് എനിക്ക് ഫീലിംഗ്സ്...
സംഗതി കൊള്ളാം. ഏതാണെന്നല്ലേ?
വാങ്ങിയ പ്രിന്ററിന്റെ വാറണ്ടി തീരാന്‍ മൂന്നു ദിനം ബാക്കി. മൂന്ന് ദിനം വാറണ്ടി ബാക്കിയിലെ ആനുകൂല്യം മുതലാക്കി പുതിയ പ്രിന്റര്‍ സ്വന്തമാക്കിയ ബുദ്ധിയെ നമിക്കുന്നു. മുന്നേ രണ്ടു തവണയും പുതിയത് തന്നെയായിരുന്നു അവര്‍ തന്നത് അല്ലേ? സണ്‍ ഫിലീം ഒട്ടിച്ച ഗ്ലാസിനുള്ളില്‍ നടക്കുന്ന നടപടികള്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. അതല്ലേ ശരി.
ഏകേജീ 47 പോലത്തെയോ മറ്റോ ഒരു തോക്ക് പോലത്തെയോ മറ്റോ എന്തോ ആ സെക്യൂരിറ്റിയുടെ കൈയ്യില്‍ കണ്ടതുകൊണ്ട് ഞാന്‍ വിനയകുമ്പിടിയായിത്തന്നെ ആ വണ്ടിയില്‍ നിന്നും ഇറങ്ങി.
ഹ ഹാ..വക്കാരീ ഈ ഏകേജീ എന്ന് തെറ്റി എഴുതിയതാണോ അതോ പേടിച്ചിട്ട് ഒരു ബഹുമാനം കൊടുത്തതാണോ..
കൊള്ളാട്ടോ അവലോകനം..ഇത് ഇങ്ങനെ നമ്മുക്ക് എല്ലാ വാരവും അങ്ങട്ട് തുടര്‍ന്നാലോ വക്കരിജീ
കസ്റ്റമര്‍ കെയറിന്റെ കാര്യം പറഞ്ഞപ്പോഴാ, ഞാനുമൊരണ്ണം വൈകാതെയെഴുതും. പക്ഷെ, ഇപ്പോഴല്ല. ഇപ്പോഴെങ്ങാനുമെഴുതി, അവര്‍ അതെങ്ങാനും വായിച്ച്, ഉള്ള കെയര്‍ കൂടി എന്തിനാ കളയുന്നേ... :P
ചിരിക്കാന്‍ മറന്ന മലയാളി; കസ്റ്റമര്‍ കെയര്‍ ടെന്‍ഷന്‍, റിയാലിറ്റി ഷോ ടെന്‍ഷന്‍ എന്നിവയൊക്കെയുണ്ടെങ്കിലും; ചോക്ലേറ്റ് കാണൂ... ചുരുങ്ങിയ പക്ഷം ചിത്രവിശേഷം വായിക്കൂ... (ഉവ്വുവ്വേ... ഹി ഹി ഹി) എന്നാണോ പറഞ്ഞു വന്നത്? :)
അപ്പോ, കടമെടുത്ത വാക്കൊക്കെ എപ്പോള്‍ തിരിച്ചു തരും? നന്ദീട്ടോ... :)
--
good one mashey
വക്കാരീ,
ഇതു മൂന്നു പോസ്റ്റാക്കിയിരുന്നെങ്കില്‍ നിര്‍ത്തി നിര്‍ത്തി വായിക്കാമായിരുന്നു. ഭാവവും ശരിയായേനേ... :)
വക്കാരി മാഷേ...
പറഞ്ഞതില്‍ രണ്ട് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടു....
1. റിയാലിറ്റി ഷോകളേകുറിച്ചുള്ള കാര്യം. sms എങ്ങനെയാണ് വിധി നിര്‍ണ്ണയിക്കുക എന്നുള്ളത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.
2. സ്വദേശി മെര്‍മര്‍ ഇറ്റാലിയായേ കുറിച്ചുള്ള പരാമര്‍ശം. നന്ദിയുണ്ട് മാഷേ...കാരണം 10sec. 2000/- മുകളില്‍ കൊടുക്കണം ടിവിയില്‍.(idea star singer Rs.15,000/- for 10sec) എന്തിനാ നന്ദി എന്നു ചോദിച്ചാല്‍ പ്രസ്തുത സ്ഥാപനം എന്റെ client ആണ്. കാശുമുടക്കില്ലാതെ പത്തിരുന്നൂറ് പേര്‍ വായിച്ചാല്‍ അത്രയെങ്കിലും ആയില്ലേ.....
wakkari sir,
i really liked the post. just that when it comes to typing malayalam i am a little too lazy.
when i wrote ``nannayittundu'' I really meant it. I first read the post completely, liked it and then commented.
It was not just a formalilty-sake-comment.
Wanted to write this, after reading http://parajithan.blogspot.com/2007/11/blog-post_12.html
Sandeep.
ഹാ ഹാ അപ്പൊ വക്കാരിജി നാട്ടില്‍ പോയി കറങ്ങിയതാണ് അല്ലേ?
അതാണൊ കുറേ നാളായി ബ്ലോഗില്‍ കാണാണ്ടിരുന്നത്?
ഇതേതായാലും പോസ്റ്റ് നല്ല സുന്ദരക്കുട്ടപ്പനായിട്ടുണ്ട്!!!
വക്കാരിമഷ്ടാ,
ഞാന്‍ താങ്കളുടെ മിക്ക പോസ്റ്റുകളും, അഭിപ്രായങ്ങളും വായിക്കാറുണ്ട്.
‘നീള‘ത്തിന്റെ കാര്യത്തില്‍ മഹാഭാരതത്തോടും രാമായണത്തോടും കിടപിടിക്കുന്നതും ഭാരതപ്പുഴപോലെ നീണ്ടുകിടക്കുന്നതുമാണ് മിക്ക പോസ്റ്റുകളും, കമന്റുകളും. പക്ഷെ എല്ലാം വായിക്കാനൊരു രസം ഉണ്ട്, കാരണം വളരെ ഇന്‍ഫര്‍മേറ്റീവായി തോന്നാറുണ്ട് ചില പോസ്റ്റുകളും അഭിപ്രായങ്ങളും.
പിന്നെ, ഈ പോസ്റ്റില്‍ പറഞ്ഞ റിയാലിറ്റി ഷോകളുടെ കാര്യത്തില്‍ ഞാന്‍ 100% യോജിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ ഗ്ലോബലിലെ കുട്ടികളുടെടെയും സ്റ്റാര്‍സിങ്ങറിലെ കുട്ടികളുടെയും, ജഡ്ജ്‌മെന്റിന്റെയും മൊത്തത്തിലുള്ള സ്റ്റാന്റേഡ് നോക്കുമ്പോള്‍, താങ്കള്‍ പറഞ്ഞപോലെ മാതൃഭൂമി ആഴ്ച്പ്പതിപ്പും മനോരമ ആഴ്ച്ചപ്പതിപ്പും തമ്മിലുള്ള വ്യത്യാസം, സൂക്ഷ്‌മമായി വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും അനുഭവവേദ്യമാവും. പിന്നെ, ഷോയില്‍ ഉഷാ ഉതുപ്പിനെ ഇരുത്തിയിരിക്കുന്നത് മറ്റ് രണ്ട് അണ്ണന്മാര്‍ക്കും ഹിന്ദി അത്ര പിടുത്തമില്ലാത്തത് കൊണ്ടായിരിക്കം. :-)
പിന്നെ, SMS വോട്ടിങ്ങിലൂടെ ലഭിക്കുന്ന ലാഭത്തെപറ്റി. അമൃത നല്‍കുന്ന അറിയിപ്പ് ഇതാണ്:
“പ്രേക്ഷകരുടെ SMS ലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും അമൃതാ ടെലിവിഷന്‍ അരക്ഷിതബാല്യങ്ങളുടെ സംരക്ഷണത്തിനായി വിനിയോഗിക്കുകയാണ്. SMS വോട്ടിങ്ങിലൂടെ നിങ്ങളുടെ സുപ്പര്‍സ്റ്റാറിനെ തിരഞ്ഞെടുക്കുന്നതിനോടൊപ്പം അമൃതാ ടെലിവിഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവൂ.. SEND AN SMS.. SAVE A CHILD !"
SMS വോട്ടിങ്ങിലൂടെ കിട്ടുന്ന വന്‍ ലാഭം ചാനലുകള്‍ സ്വയം ആസ്വദിക്കുന്ന ഈ വേളയില്‍ അമൃത ചാനല്‍ മറ്റ് ചാനലുകള്‍ക്ക് മാതൃകയാവുകയാണ്. അത് ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.
ചോക്ലേറ്റ് ആസ്വദിക്കാന്‍ പോയ വിശേഷവും നല്ല രസമുണ്ടായിരുന്നു വായിക്കാന്‍ :-)
-അഭിലാഷ്, ഷാര്‍ജ്ജ
“കുഴി”മടി, കുഴിമടി... എന്നു കേട്ടിട്ടുണ്ട്.
“മടിമുകള്‍ മടിമുകള്‍” എന്നു ദാ കേട്ടുതുടങ്ങി.പറഞ്ഞു മടുക്കുമ്പോള്‍ ‘*അങ്കഗണകം’ എന്നു പറഞ്ഞോളൂ, അലര്‍ജിയില്ലെങ്കില്‍.
*അങ്കം = മടിത്തട്ട്, അക്കം, യുദ്ധം...
പോസ്റ്റു വായിച്ചുവോ എന്നു ചോദിക്കരുത് :)
വീണ്ടും ച്ന്തിപ്പിക്കുന്ന കുറച്ച് കാര്യങ്ങളുമായി ഭായ് എത്റ്റിയിരിക്കുകയാണ്.
എല്ലാം ക്ലച്ചു പിടിച്ചിരിക്കുന്നു.
അന്നമനടയില്‍ ഒരു “ചിരി ക്ലബ്ബ്” ഉണ്ടെ കേട്ടോ...
ചിരി ആരോഗ്യത്തിന് നല്ലതാണെന്ന അര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്ന്...
നന്ദി
:)
ഉപാസന
വടിയായോ?
ഇതെഴുതിയപ്പോ കഴിച്ചിരുന്ന അരിക്ക് വേവ് വളരെ കൂടുതലാണല്ലോ വക്കാരീ. :)
പക്ഷേ അവസാനം വരെ മടുപ്പില്ലാതെ വായിച്ചു.
നമുക്ക് മനസ്സു തുറന്ന് ചിരിച്ച് പെരുമാറി തുടങ്ങാം അല്ലേ.
Post a Comment
<< Home