സെമിനാര്‍ക്കുളിര്‍
ഒരൊറ്റ പുസ്തകം പോലും തുറന്ന് നോക്കാതെ ടീച്ചര്‍മാര്‍ തരുന്ന നോട്ടുകള്‍ വള്ളിപുള്ളിവിടാതെ എഴുതിയെടുത്ത് അത് പുള്ളിവള്ളിവിടാതെ കാണാതെ പഠിച്ച് അവസാനം പുള്ളിയും വള്ളിയും എല്ലാം കുളമാക്കി പരീക്ഷയെഴുതി ഒരുവിധത്തില്‍ തട്ടിമുട്ടി മുന്നോട്ട് പോയ ഞാന്‍ സര്‍വ്വകലാശാലയില്‍ “ഉന്നത”പഠനത്തിനെത്തിയപ്പോള്‍ ഞെട്ടി-കാരണം, നോട്ടില്ല.
സാരമില്ല. അടുത്ത സ്ട്രാറ്റജി പയറ്റി. സാര്‍ ക്ലാസ്സിലേക്ക് കയറുമ്പോഴേ പേനയുടെ ക്യാപ്പൂരി ബുക്കും തുറന്ന് കാത് കൂര്‍പ്പിച്ചിരിക്കും. സാര്‍ വാ തുറക്കുമ്പോള്‍തൊട്ട് എഴുത്താരംഭിക്കും. സാര്‍ പറയുന്ന ഒരു വള്ളിയും പുള്ളിയും വിട്ടുകളയില്ല. ഇതിനിടയ്ക്ക് സാര്‍, “ഹല്ലോ പുതിയ ഗൂഗിള്‍ ഡെവലപ്പര്‍, നൈസ് റ്റു മീറ്റ് യൂ” എന്നെങ്ങാനും പറഞ്ഞാല്‍ അതും എഴുതിയെടുക്കും. പിന്നെ അത് മൊത്തം പുള്ളിവള്ളിവിടാതെ കാണാതെ പഠിച്ച് അവസാനം പുള്ളിയും വള്ളിയും എല്ലാം കുളമാക്കി പരീക്ഷയെഴുതി ഒരുവിധത്തില്‍ തട്ടിമുട്ടി മുന്നോട്ട് പോയി പിന്നെയും...
ആദ്യത്തെ ഇന്റേണലൊക്കെ കഴിഞ്ഞ് ചമ്മിയടിച്ചിരിക്കുമ്പോഴായിരുന്നു അടുത്ത ഞെട്ടല്‍...
എപ്പോഴും ചിരിച്ചുകൊണ്ടു മാത്രം ക്ലാസ്സെടുക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന സാര്‍ അന്നും ചിരിച്ചുകൊണ്ട് “എല്ലാരും സെമിനാറെടുക്കണം ട്ടോ, ഈ സെമസ്റ്ററില്‍ തന്നെ” എന്നു പറഞ്ഞപ്പോള്‍, ഞങ്ങള്‍ സാധാരണപോലെ ചിരിച്ചുകൊണ്ടു തന്നെ കേട്ടു; ചിരിച്ചുകൊണ്ടു തന്നെ തലയാട്ടുകയും ചെയ്തു. ചിരിച്ചുകൊണ്ടുതന്നെ അതും എഴുതിയെടുത്തു, നോട്ടായിട്ട്, (പിന്നെ വെട്ടിക്കളഞ്ഞു). എല്ലാം സാധാരണപോലെതന്നെയായിരുന്നു, ഒരു രണ്ടാഴ്‌ചത്തേക്കും കൂടി.
ഒരു ദിവസം എച്ചോഡി, മാന്നാര്‍ മത്തായിയിലെ ഇന്നസെന്റിനോട് നാടകക്കമ്മറ്റിക്കാര്‍ നിങ്ങളിതുവരെ പുറപ്പെട്ടില്ലേ എന്നു ചോദിച്ച ടോണില്‍ “നിങ്ങളിതുവരെ സെമിനാറിന് പ്രിപ്പേര്‍ ചെയ്‌തില്ലേ” എന്നു ചോദിച്ചപ്പോഴാണ് സംഗതി വെറും ചിരിയിലൊതുങ്ങുന്ന ഒരു കലാപരിപാടിയല്ല എന്ന മനസ്സിലായത്. അപ്പോഴും ഇതെന്താണ് സംഗതി എന്ന് ഞങ്ങള്‍ക്ക് ഒരു പിടിയുമില്ലായിരുന്നു. ചിരിച്ചുകൊണ്ട് ഇതിനെപ്പറ്റി ആദ്യം പറഞ്ഞ സാറിനോട്തന്നെ ചോദിക്കാമെന്നു വെച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇതിന്റെ മൊത്തത്തിലുള്ള സെറ്റപ്പ് വിശദീകരിച്ചത്-ചിരിച്ചുകൊണ്ടുതന്നെ.
സംഗതി എന്താണെന്ന് വെച്ചാല്‍ ഡിപ്പാര്‍ട്ട്‌മെന്റിലുള്ള എല്ലാ ആള്‍ക്കാരുടെയും മുന്‍പില്‍ പഠനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തെപ്പറ്റി പതിനഞ്ചുമിനിറ്റ് പറയണം.
അതോക്കെ....... യാണോ......... നോക്കാമല്ലേ
ഇംഗ്ലീഷില്‍ പറയണം.
ങേ......... ഇംഗ്ലീഷിലോ?
അതും കഴിഞ്ഞ് കേട്ടിരിക്കുന്നവരെല്ലാം മുറപോലെ ചോദ്യം ചെയ്യും. ഉത്തരം പറയണം-അതും ഇംഗ്ലീഷില്‍ തന്നെ.
ജീവിതത്തില്‍ അന്നേവരെ മലയാളത്തില്‍ പോലും നാലുപേരില്‍ കൂടുതല്‍ ആള്‍ക്കാരെ അഭിമുഖീകരിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആകപ്പാടെ ആള്‍ക്കാരെ അഭിമുഖീകരിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ എന്നുപറയാവുന്നത് പൈ ബ്രദേഴ്സ് മുതലായ പടങ്ങള്‍ തീരുന്നതിനുമുന്‍പ് ഫസ്റ്റ് ക്ലാസ്സിന്റെ ഏറ്റവും മുന്നില്‍ നിന്ന് എഴുന്നേറ്റ് ആ ക്ലാസ്സുകാരെ മൊത്തം അഭിമുഖീകരിച്ച് പിന്‍വാതിലില്‍ക്കൂടി തീയറ്ററിനു വെളിയില്‍ ചാടുന്നതോ അല്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ ഏറ്റവും മുന്നില്‍ നിന്ന് ഇറങ്ങാന്‍ വേണ്ടി ഏറ്റവും പിന്നിലെ വാതില്‍ നോക്കി നടക്കുന്നതിനിടയ്ക്ക് ബാക്കി സീറ്റുകാരെ അഭിമുഖീകരിക്കുന്നതോ ഒക്കെയാണ്. ഇവിടെ അഭിമുഖീകരിക്കുക മാത്രമല്ല സംസാരിക്കുകയും വേണം. അതും ഇംഗ്ലീഷില്‍. അതും പോരാ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയുകയും വേണം. അതും ഇംഗ്ലീഷില്‍. ആദ്യ കുളിര്‍ അന്നേരം അനുഭവപ്പെട്ടു.
പിന്നെ ഞങ്ങളുടെ ദൌത്യം എന്താണ് സെമിനാര്‍ എന്ന് കണ്ടുപിടിക്കലായി. ആ അന്വേഷണതപസ്യക്കിടയില്‍ ധാരാളം പുതിയ കാര്യങ്ങള്‍ പഠിച്ചു, സെമിനാറിനെക്കുറിച്ച്.
സീനിയേഴ്‌സിന്റെ സെമിനാറായിരുന്നു ആദ്യം കണ്ടത്. റാഗിംഗിന്റെ സമയത്ത് ലോ ചാറ്റര്‍ജീ പ്രിന്‍സിപ്പളും ആര്‍ക്കമെഡീസും ജൂള്‍ തോമ്മാച്ചന്‍ ഇഫക്ടുമൊക്കെ ചോദിച്ച് ഞങ്ങളെ രോമാഞ്ചകഞ്ചുകുഞ്ചുകിതനാക്കിയ മാത്തനതാ നിന്ന് വിയര്‍ക്കുന്നു. അന്നൊന്നും പവര്‍ പോയിന്റ് പരിപാടി ഇല്ലായിരുന്നതുകാരണം ഓ.എച്ച്.പി ഷീറ്റില്‍ പെര്‍മനന്റ് മാര്‍ക്കര്‍ പേന വെച്ച് എഴുതി ഓരോ ഷീറ്റും പ്രൊജക്ടറിനു മുകളില്‍ വെച്ചേ, എടുത്തേ, വെച്ചേ എടുത്തേ സ്റ്റൈലിലായിരുന്നു സെമിനാര്‍. മാത്തന്റെ ആദ്യത്തെ ഷീറ്റില്‍ ടോപ്പിക്കിന്റെ പേരും മാത്തന്റെ പേരും സെന്‍ട്രലൈസ് ചെയ്ത് എഴുതിയിരുന്നതിനാല്‍ വലിയ കണ്‍ഫ്യൂഷനില്ലാതെ എല്ലാവരും എല്ലാം കണ്ടു, വായിച്ചു. മാത്തനും കൂള്‍.
അടുത്ത ഷീറ്റ് മുതല്‍ സംഗതി മുടി തൊട്ട് അടിവരെ കുനുകുനാ എന്നെഴുതിയിരിക്കുകയാണ്. അങ്ങിനെയാണെങ്കില്‍ പിന്നെ അതങ്ങ് നോക്കി വായിച്ചാല്‍ മതിയല്ലോ. എങ്കിലും സഭയോട് കമ്പമുള്ള മാത്തന്‍ ദേഹമാസകലം വിറച്ചുകൊണ്ട് രണ്ടാം ഷീറ്റ് പ്രൊജക്ടറിനു മുകളില്‍ വെച്ചപ്പോള്‍, ഷീറ്റ് വെപ്പ് സെന്‍ട്രലൈസ്‌ഡ് ആവാഞ്ഞതുകാരണം, മുകളിലത്തെ ഒരു പാര മാത്തനു പാരയായി പ്രൊജക്ടറിന്റെ മുകളിലായിപ്പോയി.
സര്‍ക്കാര്‍ വക സര്‍വ്വ കലകളുടെയും ശാലയായിരുന്നതുകാരണം സ്ക്രീന്‍ എന്ന് പറയുന്ന സംഗതി കുമ്മായം പൂശിയ ക്ലാസ്സ് റൂം ഭിത്തി തന്നെയായിരുന്നു. രണ്ടാം പാര തൊട്ടേ ഭിത്തിയില്‍ കാണുന്നുള്ളൂ എന്നതുകാരണം എച്ചോഡി മാത്തനോട് ആദ്യത്തെ പാരയും കാണുന്ന രീതിയില്‍ ഷീറ്റ് ശരിക്ക് വെക്കൂ എന്ന് പറഞ്ഞപ്പോള്‍ സഭയോടുള്ള കമ്പം ഒന്നുകൂടി മൂത്ത മാത്തന്‍ അന്നേരത്തെ വെപ്രാളത്തിന് ഓടിപ്പോയി രണ്ടും കൈയ്യും ഭിത്തിയില്‍ വെച്ച് താഴോട്ട് മാന്താന്‍ തുടങ്ങി.
ഭിത്തിയില്‍, വെളിച്ചത്തിനു മുകളിലായിപ്പോയ ഒന്നാം പാര താഴോട്ട് കൊണ്ടുവരാനുള്ള അങ്കമായിരുന്നു മാത്തന്‍ അവിടെ കാണിച്ചത്.
ഒന്നാം പാഠം അന്ന് പഠിച്ചു: ഭിത്തിയില്‍ ഒന്നാം പാര കാണണമെങ്കില്‍ ഭിത്തിയില്‍ മാന്താതെ പ്രൊജക്റ്ററിനു മുകളിലിരിക്കുന്ന ഷീറ്റില്‍ പതുക്കെ പിടിച്ച് താഴോട്ട് വലിക്കുക.
സംഗതി റാഗിംഗ് വീരന്‍ മാത്തനിങ്ങനെയാണെങ്കില്‍ ഞങ്ങളൊക്കെ എങ്ങിനെയായിരിക്കും എന്നാലോചിച്ചാശങ്കിച്ചിരുന്നപ്പോള്‍ വേറൊരു ദിവസം വേറൊരണ്ണന്‍ സെമിനാറിനു തുടക്കത്തില്‍ തന്നെ, ദ കിംഗിലെ മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യത്തോടെ,
“റ്റുഡേയ്, ദ ടോപ്പിക് ഓഫ് മൈ പ്രെസന്റേഷന്‍ ഈസ് ദിസ്. ദോ ഐ ഡോന്‍ഡ് നോ മച്ച് എബൌട്ട് ദിസ് സബ്‌ജക്റ്റ്, ഐ ഷാല്‍ ട്രൈ മൈ ബെസ്റ്റ് റ്റു എക്‍സ്‌പ്ലൈന്‍“
എന്നോ മറ്റോ വേറൊരു ദുരുദ്ദേശവുമില്ലാതെ, ചുമ്മാ ഒന്ന് ഇമ്പ്രസ്സ് ചെയ്യിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം കുറച്ച് വെയിറ്റൊക്കെയിട്ട് പറഞ്ഞത് കേട്ടതും
“നിനക്ക് രണ്ട് മാസം മുന്‍പ് തന്നെ തന്ന ടോപ്പിക്കായിരുന്നു ഇത്. ഇത് നീ പഠിക്കേണ്ട വിഷയം തന്നെയാണ് താനും. അതുകൊണ്ട് നീ ഈ വിഷയത്തെപ്പറ്റി ഇപ്പോള്‍ പറയുമ്പോള്‍ അതിനെപ്പറ്റി നല്ലവണ്ണം അറിഞ്ഞുകൊണ്ട് തന്നെ പറയണം മഹനേ”
എന്ന് പറഞ്ഞ് എച്ചോഡി ആ അണ്ണന്റെ സകല മൂഡും കളഞ്ഞു.
അങ്ങിനെ രണ്ടാം പാഠം അന്ന് പഠിച്ചു- അധികം ക്യുജാഡ കാണിക്കാന്‍ പോവാതിരിക്കുക.
ഇങ്ങിനെ പാഠങ്ങളൊക്കെ പഠിച്ച് സെമിനാര്‍ പങ്കെടുക്കല്‍ പ്രവര്‍ത്തിപരിചയം കൂട്ടിക്കൂട്ടി ഞങ്ങളുടെ സെമിനാര്‍ സമയമായപ്പോള്‍ ഞങ്ങള്‍ക്ക് ഏതാണ്ട് ആത്മവിശ്വാസമൊക്കെയായി-സ്വല്പം ഓവറായിപ്പോയോ എന്നൊരു സംശയം മാത്രം. പല പല സ്ട്രാറ്റജികളായിരുന്നു ഞങ്ങളില്‍ പലരുടെയും.
“സെമിനാര്‍ എന്ന് പറഞ്ഞാല്‍ ക്ലാസ്സില്‍ സാറമ്മാര്‍ ക്ലാസ്സെടുക്കുന്നപോലെയായിരിക്കണം” എന്ന്, ഈ സമയം വരെയും ഒരിടത്തും ഞാന്‍ കേള്‍ക്കാത്ത ഒരു നിയമവും പറഞ്ഞ്, എന്റെ ഒരു സുഹൃത്ത് ഒരൊറ്റ ഓയെച്ച്‌പ്പീ ഷീറ്റുപോലുമില്ലാതെ, സാറമ്മാര്‍ ക്ലാസ്സെടുക്കുന്ന സ്റ്റൈലില്‍, അവരുടെ തന്നെ മുന്നില്‍ നിന്ന്, ചോക്കൊക്കെ വെച്ച് ബോര്‍ഡിലൊക്കെ എഴുതി, പിന്നെ ഡസ്റ്ററൊക്കെ വെച്ച് എഴുതിയതൊക്കെ മായിച്ച്, പിന്നേം ചോക്ക് വെച്ചെഴുതി ഡസ്റ്റര്‍ വെച്ച് മായിച്ച്... നാല്പത് കൊല്ലം സര്‍വ്വീസുള്ള ഒരു സാറുകണക്കെ സെമിനാറൊക്കെ എടുത്ത് കഴിഞ്ഞപ്പോള്‍ എല്ലാം കേട്ടിരുന്ന സാറമ്മാര്‍ പറഞ്ഞു-
“ഞങ്ങള്‍ നീ പഠിപ്പിക്കുന്നത് കേള്‍ക്കാനല്ല ഇത്രയും നേരം ഇവിടിരുന്നത്, നീയെടുക്കുന്ന സെമിനാര്‍ കേള്‍ക്കാനാണ്. സെമിനാര്‍ സെമിനാര്‍ പോലെ തന്നെ ഏടുക്കണം മഹനേ...”
അങ്ങിനെ ആ സ്ട്രാറ്റജി ചീറ്റി.
സുഹൃത്ത് സാബുവിന്റെ നാലാം ഓയെച്ച്‌പ്പീ ഷീറ്റ് തൊട്ടായിരുന്നു പ്രശ്‌നം. a/b = c/d എന്ന സമവാക്യത്തില്‍ ഇടത് വശത്ത് ഡിനോമിനേറ്ററില്‍ b യെ ചുറ്റിപ്പറ്റി പൊരിഞ്ഞ സംവാദം-ആദ്യം സാബുവും ടീച്ചറും തമ്മില്‍, പിന്നെ ടീച്ചറും ടീച്ചറും തമ്മില്‍, പിന്നെ ടീച്ചര്‍മാരും ടീച്ചര്‍മാരും തമ്മില്‍. b അവിടെ തന്നെ നിന്നാല്‍ മതിയോ, b യുടെ കൂടെ ഒരു e യും കൂടെ വേണ്ടേ, b യ്ക്കപ്പുറത്തത് വേണ്ടേ, ഇപ്പുറത്തിതുവേണ്ടേ...സംഗതി എന്ത് പറഞ്ഞിട്ടും സംവാദം തീരുന്നില്ല. അവസാനം സാബു എന്ത് ചെയ്തൂ...? ആ b അങ്ങ് മായ്ച്ച് കളഞ്ഞു. സദസ്സ് പിന്നെ നിശ്ശബ്‌ദം.
പതിനഞ്ച് മിനിറ്റ് സെമിനാറില്‍ പതിനാലേമുക്കാല്‍ മിനിറ്റുകൊണ്ട് നാല്പത്തഞ്ച് ഷീറ്റ് വെച്ച് സെമിനാര്‍ തകര്‍ത്ത കുമാരന്‍ പതിനഞ്ചാം മിനിറ്റില്‍ കണ്‍ക്ലൂഷനും കഴിഞ്ഞ് വളരെ സാവധാനത്തില്‍ പ്രൊജക്ടറില്‍ വെക്കാന്‍ നാല്‍പ്പത്താറാം ഷീറ്റും പൊക്കിപ്പിടിച്ചുകൊണ്ട് നല്ല ഗൌരവത്തില്‍ പോകുന്നത് കണ്ടപ്പോള്‍ ദൈവമേ ഇതിനിയുമുണ്ടോ എന്നോര്‍ത്ത് തലയില്‍ കൈവെക്കാന്‍ പോയപ്പോള്‍ കുമാരന്‍ വെച്ച ഷീറ്റ് ഇതായിരുന്നു,
"Thank You"
(കുമാരന്‍ നാല്പത്തഞ്ചല്ല, നൂറ്റിനാല്‍പ്പത്തഞ്ച് ഷീറ്റ് വെച്ചാലും ഞങ്ങള്‍ക്കൊന്നുമില്ലായിരുന്നു. കാരണം ഭയാശങ്കകള്‍ കൂടാതെ ഉറങ്ങാന്‍ പറ്റിയ ഒരു അവസരമായിരുന്നു സെമിനാറുകള്‍. ഉറങ്ങുന്നതുകൊണ്ട് ആര്‍ക്കും ഒരു ശല്യവുമില്ല എന്നത് സാറുമ്മാരുടെ മതവും. ഉറക്കം വരാത്ത ഒരണ്ണന്‍ എഞ്ചിനീയറിംഗ് ഡ്രോയിംഗിന്റെ വലിയ ഷീറ്റ് കുഴലാക്കി അതില്‍ക്കൂടി ബാക്കിയുള്ളവരെയൊക്കെ ഒരറ്റത്തുനിന്ന് വീക്ഷിച്ച് വീക്ഷിച്ച് വന്നപ്പോള്‍ അതാ കുഴലിന്റെ മറ്റേ അറ്റത്ത് ഒരു കട്ടിമീശ. പതുക്കെ കുഴല്‍ മാറ്റി നോക്കിയപ്പോള്‍ ജോര്‍ജ്ജ് സാര്‍ ചിരിച്ചുകൊണ്ട് നോക്കിക്കൊണ്ടിരിക്കുന്നു).
അക്കാലത്തൊക്കെ സെമിനാറുകളില്‍ ഒരുത്തന്‍ വിജയിച്ചോ ഇല്ലയോ എന്ന് ഞങ്ങള്‍ വിലയിരുത്തിയിരുന്നത് സെമിനാര്‍ എടുത്തത് ആര്‍ക്കെങ്കിലും മനസ്സിലായോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയല്ലായിരുന്നു (ആരെങ്കിലും അതിനെ അടിസ്ഥാനമാക്കുമോ), പകരം അത് കഴിഞ്ഞുള്ള ചോദ്യോത്തര പംക്തിയില്‍ എത്ര ഗ്ലാസ്സ് വെള്ളം കുടിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു. അതുകൊണ്ടാണ് വെങ്കി രമേഷിനെ ചട്ടം കെട്ടിയത്:
“എന്റെ സെമിനാര്‍ കഴിയുമ്പോള്‍ നീ ഈ ചോദ്യം ചോദിക്കണം. ഞാന്‍ കുറച്ച് ആലോചിച്ചൊക്കെ നിന്നതിനു ശേഷം ഉത്തരം പറയും”
കൂട്ടത്തിലെ ആദ്യത്തെ സെമിനാര്‍ ഫിക്സിംഗ്.
ഒരു വിധത്തില്‍ പതിനഞ്ച് മിനിറ്റ് കലാപരിപാടികളൊക്കെ കഴിഞ്ഞ്, ടീച്ചര്‍മാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ തട്ടിമുട്ടി എന്തൊക്കെയോ പറഞ്ഞ്, ആഡിയന്‍സിന് ചോദ്യം ചോദിക്കാന്‍ കിട്ടിയ അവസരത്തില്‍ (സാധാരണ ആ അവസരം ആരും തന്നെ വിനിയോഗിക്കാറില്ല-ഉറക്കം തുടങ്ങിയാല്‍ പിന്നെ എന്താ പറഞ്ഞത്, എപ്പോഴാ പറഞ്ഞത് എന്നൊക്കെ എങ്ങിനെയറിയാം?-ഇനി ഉറങ്ങിയില്ലെങ്കില്‍ തന്നെ ഇതൊക്കെ ടീച്ചര്‍മാര്‍ വളരെ വിശദമായി ക്ലാസ്സില്‍ പഠിപ്പിച്ചിട്ട് പിടികിട്ടുന്നില്ല, പിന്നെയാ), നേരത്തേ പറഞ്ഞുറപ്പിച്ച പ്രകാരം രമേഷ്, വെങ്കി പറഞ്ഞു പഠിപ്പിച്ച ചോദ്യം വള്ളിപുള്ളി വിടാതെ നല്ല അച്ചടിഭാഷയില്‍ ചോദിച്ചു.
നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം തന്നെ കുറച്ച് ആലോചനാഭിനയമൊക്കെ കഴിഞ്ഞതിനുശേഷം വെങ്കി ഇപ്രകാരം പറഞ്ഞു:
“ദോ ദാറ്റ് ക്വസ്റ്റ്യന്‍ ഈസ് നോട്ട് ഡയറക്റ്റ്‌ലി റിലേറ്റഡ് റ്റു ദ ടോപ്പിക് ഐ ഹാഡ് ടേക്കണ്‍ റ്റുഡെ, ഐ ഷാല്‍ ട്രൈ റ്റു ആന്‍സ്വര്‍ ദാറ്റ് റ്റൂ”
വെങ്കി ഹീറോയായി.
രമേഷ് വിടുമോ. അവന്റെ സെമിനാറിനു ശേഷം ടീച്ചര്‍മാരുടെ ചോദ്യോത്തരപംക്തികളൊക്കെ കഴിഞ്ഞ് പതിവുപോലെ ചടങ്ങിനുവേണ്ടി ആഡിയന്‍സിന് ചോദ്യം ചോദിക്കാന്‍ സമയം കൊടുത്തപ്പോള്‍ പതിവുപോലെതന്നെ ആരും മിണ്ടാതിരുന്നപ്പോള്‍, ചെറിയാനൊഴികെ ഒരൊറ്റ ഒരുത്തനും ഒന്നും ചോദിക്കില്ല എന്ന ഫുള്‍ ആത്മവിശ്വാസത്തോടെ രമേഷ്,
“കമോണ്‍, ആസ്ക് സം ക്വസ്റ്റ്യന്‍സ് പ്ലീസ്... വെങ്കീ, യൂ മേ ഹാവ് സം തിങ് റ്റു ആസ്ക്, കമോണ്‍ ആസ്ക് സം ക്വസ്റ്റ്യന്‍സ് വെങ്കീ...”
എന്ന് ചോദിച്ചപ്പോള്‍ ടീച്ചര്‍മാരുടേതുള്‍പ്പടെ എല്ലാ കണ്ണുകളും വെങ്കിക്ക് നേരേ. തലേയാഴ്ച ഹീറോയായ വെങ്കി അന്ന് നല്ലരീതിയില്‍ തന്നെ ചമ്മി. രമേഷിന്റെ ടോപ്പിക്ക് പോലും അവന് പിടുത്തമുണ്ടായിരുന്നില്ല.
ചെറിയാന്റെ ക്രൂരവിനോദം സ്വന്തം സെമിനാറിന് ഒന്നും പഠിച്ചില്ലെങ്കിലും നോട്ടീസ് ബോഡിലിട്ടിരിക്കുന്ന ബാക്കിയുള്ളവരുടെയൊക്കെ സെമിനാര്‍ ടോപ്പിക്കുകള്‍ ഒരു വൈരാഗ്യബുദ്ധിയോടെ അവരേക്കാളും പത്തിരട്ടി നന്നായി പഠിച്ചിട്ട് വന്ന് ഒന്നിനുപുറകെ ഒന്നായി ചോദ്യങ്ങള്‍ ചോദിക്കുക എന്നതായിരുന്നു-കല്‍മാഡ്.
മാത്തന്‍ സ്റ്റൈലില്‍ പറയാനുള്ളതൊക്കെ ഓയെച്ച്‌പീ ഷീറ്റിലെഴുതിക്കൊണ്ട് വന്ന് അതില്‍ തന്നെ നോക്കി വായിച്ച് സെമിനാറെടുത്ത് തീര്‍ത്താലും അവസാനത്തെ ചോദ്യോത്തരപംക്തി എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് യാതൊരു പിടുത്തവുമില്ലായിരുന്നതിനാല്‍, അതിനൂതനമായ ഒരു സ്ട്രാറ്റജിയായിരുന്നു ഞാന്‍ കൈക്കൊണ്ടത്. പദ്ധതിപ്രകാരം പറയാനുള്ളതൊക്കെ വള്ളിപുള്ളി വിടാതെ ഷീറ്റില്‍ എഴുതിവെച്ച് പുള്ളിവള്ളി വിടാതെ അത് ചുമ്മാ നോക്കിവായിച്ച് അവസാനത്തെ ഷീറ്റായാ “താങ്ക് യൂ” ഷീറ്റും പ്രൊജക്റ്ററിനു മുകളില്‍ വെച്ച ഞാന്‍, പിന്നെ ഒരൊറ്റ നിമിഷം പോലും കളയാതെ, ആ ലാസ്റ്റ് ഷീറ്റ് അതിന്റെ മുകളില്‍ നിന്ന് എടുക്കാന്‍ പോലും മിനക്കെടാതെ, ഓടിപ്പോയി സീറ്റിലിരുന്നു.
ടീച്ചര്‍മാര്‍ക്ക് ഒന്നാലോചിക്കാന്‍ പോലും സമയം കിട്ടുന്നതിന് മുന്‍പ് തന്നെ രണ്ടാം സെമിനാറുകാരനായ സജീവ് വേദിയില്‍ സന്നിഹിതനായി-സ്ട്രാറ്റജി പ്രകാരം തന്നെ.
Labels: അറുബോറന്‍, കാലമാടന്, തൊലിയാര്മണിയന്, പന്നവാദി
19 Comments:
കലക്കി വക്കാരീ... മാത്തന്‍ ഭിത്തിയില്‍ മാന്തിയതു സൂപ്പര്‍!
ചില ഓര്‍മ്മകള്‍:
1) പാക്കരന്‍ സെമിനാര്‍ പറഞ്ഞുകഴിഞ്ഞു. പതിവുപോലെ ചോദ്യം, “ആര്‍ക്കെങ്കിലും ചോദിക്കാനുണ്ടോ?” ആറു പേര്‍ എഴുനേറ്റു. സാര്‍ പറഞ്ഞു, “സന്തോഷ് ചോദിക്കൂ”. സന്തോഷ് ചോദിച്ചു. പാക്കരന്‍ മണിമണിയായി ഉത്തരം പറഞ്ഞു. “അടുത്തയാള്‍” സാര്‍ പറഞ്ഞു. സഞ്ജയ് സിംഗ് മാത്രം. (ഇദ്ദേഹം ചെറിയാന്റെ ഒരു വലിയ പതിപ്പായിരുന്നു.) ബാക്കിയുള്ളവരൊക്കെ എവിടെപ്പോയി എന്നു് സാറിനു് അദ്ഭുതം.
“പവിത്രനു ചോദിക്കണ്ടേ?”
“എന്റെ ചോദ്യം സന്തോഷ് ചോദിച്ചു സാര്‍”
“സുരേഷിനോ?”
“എനിക്കും ആ ചോദ്യം തന്നെ സാര്‍”
സിംഗിനൊഴികെ എല്ലാവര്‍ക്കും അതേ ചോദ്യം തന്നെ. സിംഗിനെക്കൊണ്ടു ചോദിപ്പിക്കാതിരിക്കാന്‍ പാക്കരന്‍ അഞ്ചുപേരോടു പറഞ്ഞു ചട്ടം കെട്ടിയ ചോദ്യവും ഒന്നു തന്നെയായിരുന്നു. അതിന്റെ ഉത്തരം പറയുമ്പോള്‍ അതിന്റെ വാലില്‍ പിടിച്ചു വേറേ ഒരെണ്ണം ചോദിക്കണം. ഇങ്ങനെ സിംഗിനു ചോദിക്കാന്‍ അവസരമുണ്ടാക്കാതെ ചോദിക്കണം. ഇതായിരുന്നു പ്ലാന്‍. എന്തു ചെയ്യാന്‍, സന്തോഷിനു പാക്കരനെക്കാള്‍ സഭാകമ്പമായിപ്പോയി :)
2) ഈ സിംഗ് അവസാനം സെമിനാര്‍ അവതരിപ്പിച്ചപ്പോള്‍ ചോദ്യോത്തരങ്ങള്‍ക്കു സാര്‍ ഒരു മണിക്കൂര്‍ കൂടുതല്‍ അനുവദിച്ചു. (അങ്ങേരും അവനെക്കൊണ്ടു പൊറുതിമുട്ടിയിരുന്നു.) ഞങ്ങള്‍ അവനെ ചോദ്യങ്ങള്‍ ചോദിച്ചു ചോദിച്ചു പൊറുതിമുട്ടിച്ചു വെള്ളം കുടിപ്പിച്ചു കൊന്നു. ക്ലാസ്സില്‍ ഒരിക്കല്‍ പോലും ചോദ്യമ് ചോദിച്ചിട്ടില്ലാത്ത തിരുപ്പതി റെഡ്ഡി വരെ ചോദ്യം ചോദിച്ചു!
അടുത്ത ദിവസം എന്റെ സെമിനാര്‍ കഴിഞ്ഞിട്ടു സഞ്ജയ് സിംഗിനു മിണ്ടാട്ടമില്ല. “സഞ്ജയ്, ചോദ്യമൊന്നുമില്ലേ”. “ഇല്ല”. അങ്ങനെ തിരുപ്പതിയും ഞാനും വിനോദും വിത്സനും ഒക്കെ രക്ഷപെട്ടു.
3) സെമിനാര്‍ പറയാന്‍ എന്നും സ്റ്റ്രെസ്സ് റിലീവര്‍ ഗുളിക വേണ്ടിയിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. അവനാണു ഞങ്ങളുടെ ബാച്ചിലെ ഒരേയൊരു അദ്ധ്യാപകന്‍. ആദ്യത്തെ ക്ലാസ്സില്‍ അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കു് “എന്റെ ഗ്യാസു പോയി മോനേ” എന്നാണു പിന്നീടു കണ്ടപ്പോള്‍ പറഞ്ഞതു്.
4) ഒരു പെണ്‍കുട്ടിയോടു് എന്തു ചോദിച്ചാലും ഉത്തരം ഒന്നു മാത്രം: “It depends". ഉത്തരം അറിയില്ല എന്നര്‍ത്ഥം. അവസാനം സഹികെട്ടു സാര്‍ “നിന്റെ പേരെന്താ?” എന്നു ചോദിച്ചു-അതിനും ആ ഉത്തരം തന്നെ പറയുമോ എന്നു നോക്കാന്‍!
ഓര്‍മ്മകളേ, ഓര്‍മ്മകനേ...
സന്തോഷെന്നും ക്യൂജാഡയെന്നും മറ്റും കണ്ട് ഓടിപ്പിടച്ച് വന്നതാ.
ഓര്‍മകളോടിക്കളിക്കുന്നു മുറ്റത്തെ!
“റ്റി ഡേയ്സ് റ്റോപിക് ഈസ്...
...
...
ഇത്തിരി വെള്ളം വേണം, തല ചുറ്റു...”
ദാ കിടക്കുന്നു വെറും തറയില്‍.
വീഴ്ചയില്‍ അല്പം ദേഹം വേദനിച്ചെങ്കിലെന്താ?
“ഓള്‍ ദ ബോയ്സ് മേ ഗോ ഔട്ട് ഒഫ് ദ റൂം ഫോര്‍ എ വൈല്‍”
അവളാരാ മോള്... ‘തലകറക്കം’ മറ്റേതിന്‍റെ ബാക്കിയാണെന്ന് വരുത്തിത്തീര്‍ത്ത് സെമിനാറില്‍ നിന്നും തലയൂരി!
[ലോകത്തിന്‍റെ ഏതെങ്കിലും മൂലയിലിരുന്ന് ഇത് വായിക്കുന്നുണ്ടെങ്കില്‍, ക്ഷമി!]
ഹിഹിഹി! ഞാനൊന്നും എഴുതുന്നില്ല. എഴുതിയാ കമ്പ്ലീറ്റ് കൊളമാവും :) അപ്പൊ എല്ലാരും ഇങ്ങിനെയായിരുന്നല്ലേ? ഗുഡ്! :)
ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ :
രണ്ട് പേരു വെച്ച് സെമിനാര്‍ എടുക്കാന്‍ സമയ പരിതിയുടെ കുറേ കാരങ്ങങ്ങളും അതും ഇതൊക്കെ പറഞ്ഞ് സാറന്മാരെ കൊണ്ട് സമ്മതിപ്പിക്കണം, എന്നിട്ട് ഷീറ്റ് പ്രൊജക്റ്ററില്‍ മാറ്റി വെക്കണ ആളായിട്ട് നിന്നാല്‍ മതി:)
അതെ ..ആ ആള്‍കൂട്ടത്തെ അഭിമുഖീകരിയ്ക്കുന്ന കാര്യം രസമായീ..
നമ്മുടെ പണ്ടത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വലിയ ഒരു കുഴപ്പം ആണു അതു. ഇവിടെ എന്റെ മോള്‍ 5 ക്ലാസില്‍ പവര്‍ പോയിന്റ് ഉണ്ടാക്കി പുല്ലു പോലെ പ്രസെന്റേഷന്‍ നടത്തുന്നു..ഇമ്മളണെണ്‍കില്‍ 7th semster ആദ്യമായി തട്ടില്‍ കയരി surface acoustic wave devices are എന്നു തുടങ്ങി ആദ്യത്തെ 5 മിനിറ്റു പറായനുള്ളതു കാണം പാഠം പഠിച്കു ഒരു trance എന്ന പോലെ പറഞ്ഞന്തു വേണമെങ്കില്‍ ഇപ്പൊഴും പറയാം ..ഇപ്പൊ ചിരി,..അന്നു മുട്ടിടി ..
ഹ ഹ ഹ...
കൊള്ളാട്ടോ വക്കാരീ... :)
--
ഉമേഷ് പറഞ്ഞ സിംഗിന്റെ വിഭാഗത്തിലായിരുന്നു ഞാനെന്നു തോന്നുന്നു, ചോദ്യം ചോദിക്കുക എന്നതായിരുന്നു എന്റെ വീക്ക്‍നെസ് (അതിനും സെമിനാറില്‍ മാര്‍ക്കുണ്ടത്രേ!). പക്ഷെ, എന്നെ ചോദ്യം ചോദിച്ചാരും ഇരുത്തിയിട്ടില്ലാട്ടോ. പ്രോജക്ട് ആത്മാര്‍ത്ഥമായി ചെയ്ത് പഠിച്ചൊക്കെയാ സെമിനാറിനു ചെയ്യുന്നത്. ചെയ്യുന്ന പ്രോജക്ട് മള്‍ട്ടി മീഡിയയിലും. സോഫ്റ്റ്വെയെറെന്തെങ്കിലും ചെയ്താലല്ലേ ചോദ്യങ്ങള്‍ വരൂ, ഈ മള്‍ട്ടിമീഡിയ പ്രോജക്ടിലെന്തു പറഞ്ഞാലും മറ്റാര്‍ക്കും (ടീച്ചേഴ്സിനുള്‍പ്പടെ) ഒന്നും ചോദിക്കാനുണ്ടാവില്ല, അതിനുത്തരമായി ഞാനെന്തു പറഞ്ഞാലും വിശ്വസിക്കുകയേ തരവുമുള്ളൂ... :) എന്റെ വിദ്യ എങ്ങിനെ?
--
:)
സെമിനാറ്,ഓഎച്പീ, ഗ്രില്ലിങ്..
“നീയീ പറയുന്നതെന്താണന്ന് നിനക്ക് യാതൊരു ഐഡിയയും ഇല്ല” ന്ന്‍ ഒരു സാറെന്റെ മുഖത്ത് നോക്കി പറഞ്ഞു കൂട്ടരെ.
അവസാന വര്‍ഷത്തിലെ ഒരു കലാപരിപാടിയാണ് മൂട്ട് കോര്‍ട്. എന്നു വെച്ചാല്‍ ഏതെങ്കിലും ഒരു പഴയ കേസ് തപ്പിയെടുത്ത് അതില്‍ ഒരാള്‍ വാദിക്കു വേണ്ടിയും, മറ്റൊരാള്‍ പ്രതിക്ക് വേണ്ടിയും വാദിക്കണം.ഇന്ദിരാ ഗാന്ധി, തെരെഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നം ഉപയോഗിച്ചതിനെതിരെയുള്ള തെരെഞ്ഞെടുപ്പ് കേസായിരുന്നു എനിക്ക്. മൂട്ട് കോര്‍ട്ടിലെ അദ്ധ്യാപകര്‍ കേസ് അവതരണം കഴിയുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കും.ശരിയായ ഉത്തരം നല്‍കണം.ഞാന്‍ എന്റെ ഭാഗം വാദങ്ങള്‍ നിരത്തി.(മുന്‍കൂട്ടി തന്നെ ഇംഗ്ലീഷിലാക്കി എഴുതി വെച്ചിരുന്നു.)ഒന്നും രണ്ടും മണിക്കൂര്‍ നിന്ന നില്‍പ്പില്‍ പ്രസംഗിച്ചിരുന്ന ഞാന്‍ വാദത്തിനിടയില്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ ഒന്ന് പതറി.കാരണം മറുപടി ഇംഗ്ലീഷില്‍ പറയണം.(മലയാളം ആയിരുന്നെങ്കില്‍ എപ്പോള്‍ പറഞ്ഞെന്ന് ചോദിച്ചാല്‍ മതി)അത്ര തന്നെ.ഞാന്‍ ഒരു വിദ്യ പ്രയോഗിച്ചു.ഐ വില്‍ കം റ്റു ദാറ്റ് പോയിന്റ് ലേറ്റര്‍ എന്നൊരു കാച്ച്.എന്തു ചോദ്യം ചോദിച്ചാലും ഈയൊരു മറുപടി.അവസാനം പോളിന്‍ റോസ് മത്തായി ടീച്ചറിന് കാര്യം മനസ്സിലായി.ചിരിച്ച് കൊണ്ട് വാദം മതിയാക്കിക്കോളാന്‍ ആംഗ്യം കാണിച്ചു.
വക്കാരി ഓര്‍മ്മിപ്പിച്ചതിന് നന്ദി.
വക്കാരീ അടിപൊളി..
...എടുത്തോണ്ടിരുന്നപ്പൊ സാറ് എണീറ്റു പോയി(വെറെ എന്തൊ പ്രൊഗ്രാം ഉള്ള ദിവസായിരുന്നു)..പിന്നെ ഉണ്ടായിരുന്നത് എന്റെ ടോപ്പിക് ആയി ഒരു ബന്ധവും ഇല്ലാത്ത ഒരു മാഡം..ഈ തക്കത്തിന് ഒരു ചെക്കന്‍(വല്യ വിവരോന്നൂല്ല..ചുമ്മാ ഷൈന്‍ ചെയ്യാനാ!)ചോദ്യം ചോയിച്ചു..ഞാന്‍ ഒരു വല്യ ഡയഗ്രൊം എടുത്തു വച്ച് എന്തൊക്കെയൊ കുറെ പറഞ്ഞു..എന്റെ മുട്ടിടി പമ്പ കടന്നു...
പിന്നെ ഫ്രീ ആയി ഞാനെല്ലാര്‍ക്കും ഒരുപദേശം കൊടുക്കാന്‍ തുടങ്ങി...മുന്നിലിരിക്കുന്നൊരെല്ലാം ഒരു വിവരൊം ഇല്ലാത്ത മണ്ടശിരോമണികളാണെന്നു വിചാരിച്ചാല്‍ നമുക്ക് ഇംഗ്ലീഷും വരും..കോണ്‍ഫിഡന്‍സും വരും..എന്തെങ്കിലും ഒക്കെ പറയാനും പറ്റും..
(..ന്നാലും ഹാര്‍ട്ട് ബീറ്റ് സ്പീഡ് ഇത്തിരി കൂടുതലായിരിക്കും:-)))
ഉദയസൂര്യന്റെ നാട്ടിലായാലും, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിലായാലും, വക്കാരി കിഴക്കിന്റെ പതക്കമായും,
രാജകീയാ പ്രൗടിയോടേയും വിരാജിക്കുന്നു ബ്ലോഗില്‍.
ബ്ലോഗിലെ ഒരു ഇമ്പീരിയലിസ്റ്റ് ആണ് വക്കാരി.
ആ വാക്കുകള്‍ തെംസ് നദി പോലെ അനര്‍ഗള നിര്‍ഗള പ്രവാഹമാകുന്നു. ഒഴുകുന്ന വഴിയിലെ സൗന്ദര്യം മുഴുവന്‍ തന്നിലേക്കാവാഹിക്കുന്നു
ഓരോ ആര്‍ടികിളും ഒരു പാട് സമാന ഹൃദയരെ കണ്ടെത്തുന്നു
kollam vakka.....enikkum undatiyittundu ithupole....thanks
കലക്കന്‍ വക്കാരീ...
ഗന്ധര്‍വ്വന്‍ പറഞ്ഞ സമാനഹൃദയനായി ഞാനും പറയട്ടെ എന്റെ ആദ്യ സെമിനാര്‍ അനുഭവം
ഏതോ ഒരു തല്ലിപ്പൊളി ടോപിക്, ഭയങ്കര ആത്മവിശ്വാസമായതു കൊണ്ട് മൊത്തം കാണാതെ പഠിച്ചു. എന്നിട്ട് മ്യൂച്ച്വല്‍ ഫണ്ട്സിന്റെ പരസ്യത്തില്‍ റിസ്ക് ഫാക്റ്റര്‍സ് പറയുന്ന സ്പീഡില്‍ ഒരു അലക്ക്. മഴ തോര്‍ന്നപ്പോള്‍ ചോദ്യോത്തര വേള. ആര്‍ക്കും ഒന്നും ചോദിക്കാനില്ല. ഒടുക്കം സാര്‍ ചോദിച്ചു “ടോപിക്ക് എന്തായിരുന്നു”
പ്രിയവക്കാരീ ,,
സാറന്‍മാരുടെ ചോദ്യങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തില്‍ ,
ചോദിക്കേണ്ട ചോദ്യങ്ങള്‍ വീതിച്ചു കൊടുത്തിരുന്നതോര്‍ത്തു
കുറെ ചിരിച്ചു ,
ഒരുത്തനോട് ആദ്യംചോദിക്കേണ്ട ചോദ്യം എന്നു പറഞ്ഞു ചട്ടംകെട്ടിയതും
, സഭാകമ്പം മൂലം അവന്‍ ചോദിക്കാതെ വന്നപ്പോള്‍
രണ്ടാമത്തെ ചോദ്യം ചോദിക്കേണ്ടിയിരുന്നവന്‍ ,
ആദ്യത്തെയാളെ രക്ഷിക്കാന്‍ ,
ആദ്യത്തെ ചോദ്യം ഓര്‍മ്മയില്‍ നിന്നും എടുത്ത് ചോദിച്ചപ്പോള്‍ ,
രണ്ടു ചോദ്യവും കൂടി പിണഞ്ഞതും
ഒരു രക്ഷയുമില്ലാതെ വരുമ്പോള്‍ :
"കേന്‍ യു റിപീറ്റ് കൊസ്റ്റ്യന്‍ പ്ളീസ് "
എന്നു നാലുതവണ പറഞ്ഞു സമയം കളയിപ്പിച്ചതും ,
എല്ലാമെല്ലാം ഓര്‍മ്മ വന്നു
വക്കാരീ ,
നന്ദി , ഒരായിരം നന്ദി
എന്‍റ്റെ ഓര്‍മ്മകളെ
എനിക്കു തിരിച്ചുതന്നതിന് :)
ഹ ഹ... ഓര്‍മ്മ എന്ന് പറഞ്ഞാല്‍ ഇവനാണ് കിടിലന്‍. കലക്കി വക്കാരിച്ചാ.
നമ്മടെ സെമിനാറുണ്ടായിരുന്നു കോളേജില്‍ ഒരെണ്ണം. എന്റെ നമ്പര്‍ വരുന്നതിന് തൊട്ട് മുമ്പ് കോളേജ് മാനേജ്മെന്റിന്റെ തന്നെ ഭാഗമായ തൊട്ടടുത്തുള്ള ഹോസ്പിറ്റലില്‍ ഗര്‍ഭിണിയ്ക്ക് അത്യാവശ്യമായി ബ്ലഡ് വേണ്ടി വന്നു. കോളേജ് രെജിസ്റ്ററില്‍ ആ ഗ്രൂപ്പ് ബ്ലഡ് എനിക്ക് മാത്രം. തടിയൂരി.
(പരിപാടിയ്ക്ക് മൊത്തം ചെലവായ സംഖ്യ: വ്യാജ ഗര്‍ഭം+ബ്ലഡ് ആവശ്യം വകയില്‍ ആശുപത്രിയിലെ മാമന് 250, കോളേജ് രെജിസ്റ്റര്‍ തിരുത്തല്‍ 150, ബിനോയ്ക്ക് പൊറോട്ട+ചാപ്സ് 50) സംഗതി ക്ലീന്‍ ക്ലീന്‍. :-)
സെമിനാര്‍ക്കുളിര്‍ വായിച്ച് ഭൂതകാലക്കുളിരിലായ എല്ലാ കുളിരേഴ്‌സിനും നന്ദിയുടെ കുളിര്‍മഴ. സെമിനാര്‍ ഫിക്സിംഗ് നമ്മളില്‍ ആഴത്തില്‍ വേരൂന്നിയ ഒരു വികാരമാണെന്ന് മനസ്സിലായി.
ഉമേഷ്‌ജീ നന്ദി. ആയിരത്തിത്തൊള്ളായിരത്തിമുപ്പതുകളിലും സഞ്ജയസിംഗന്നൊക്കെയുള്ള ആള്‍ക്കാര്‍ ഉണ്ടായിരുന്നല്ലേ :)
സന്തോഷ്‌ജീ നന്ദി. ക്യുജാഡ നിങ്ങളെയൊക്കെ ഓര്‍ത്തു തന്നെ എഴുതിയത്. ലിങ്കപ്പം കൊടുക്കാന്‍ മറന്നുപോയി. ലിങ്കിപ്പം കൊടുത്തിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും മൂലയിലിരുന്ന് വായിച്ചു-കാണണം :)
ഇഞ്ചീജീ, അപ്പോള്‍ ആയിരത്തിത്തൊള്ളായിരത്തിയിരുപതുകളില്‍ പ്രൊജക്റ്ററില്‍ എടുത്തേ വെച്ചേ എടുത്തേ വെച്ചേയ്ക്കായി വേറേ ആളുണ്ടായിരുന്നോ? ആഡംബരം :) നന്ദിയുണ്ടു.
പ്രിയംവദേ, തനിക്കിമ്പോഴും ഒരു മൂന്നേമുക്കാല്‍ മിനിറ്റ് നേരം സഭയോട് കമ്പം വരുമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞതുപോലെ എത്രയൊക്കെ ഇടുത്താലും ഇപ്പോഴും മുട്ടിടിക്കും, നാലുപേരെ ഒന്നിച്ചഭിമുഖീകരിക്കുമ്പോള്‍. നന്ദി കേട്ടോ.
ഹരീ, നന്ദി. ആര്‍ക്കും മനസ്സിലാവില്ല എന്ന് കരുതി ഒരുപ്രാവശ്യം എനിക്ക് പോലും മനസ്സിലാവാത്ത ഒരു ടോപ്പിക്കെടുത്തുനോക്കി. അവസാനം ചക്കരയോട് സാറ് പറഞ്ഞതുപോലെ തന്നെ...
ചക്കരേ, നന്ദി. പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ എനിക്കും ആ അവസ്ഥ തന്നെ. എന്താണെന്നോ എവിടെയാണെന്നോ ഒരു ബോധവുമില്ല.
അനംഗാരീ, അത് കലക്കി. ആ പരിപാടി ചിലരൊക്കെ പയറ്റുന്നുണ്ടായിരുന്നു. മിക്കവാറും ആ പോയിന്റ് അവസാനമാകുമ്പോള്‍ എല്ലാവരും മറക്കും. നമ്മള്‍ രക്ഷപെടും. പക്ഷേ ചിലപ്പോള്‍ ചീറ്റും. ചിലരൊക്കെ ഓര്‍ത്തിരുന്ന് ചോദിക്കും.
പീലിക്കുട്ടീ, നന്ദി. അതൊരു നല്ല മരുന്ന് തന്നെ. പക്ഷേ സംഗതി ഓവറായാല്‍ പിന്നെ ചെയ്യുന്നതൊക്കെ മേക്കോയെന്നായിരിക്കും. ഞാനും ചിലപ്പോഴൊക്കെ ഞാന്‍ തന്നെ ഇതിന്റെ ഉസ്താദെന്ന രീതിയില്‍ എടുക്കാനൊക്കെ നോക്കിയിട്ടുണ്ട്. പക്ഷേ സെമിനാര്‍ കഴിഞ്ഞ് ചോദ്യങ്ങള്‍ വരുമ്പോള്‍ നമ്മളെക്കാലും ഇക്കാര്യത്തില്‍ വിവരമുള്ളവരുണ്ടെന്ന് തിരിച്ചറിവ് കിട്ടും :)
ഗന്ധര്‍വ്വാ, യ്യോ... തെംസല്ല, കരമനയാറ്, അല്ലെങ്കില്‍ പാര്‍വ്വതീ പുത്തനാറ്, മണിമലയാറ്... :) നന്ദി കേട്ടോ.
ജീമനൂ, നന്ദി.
സിജൂ, നന്ദി. ഹ...ഹ... “എല്ലാം കഴിഞ്ഞപ്പോള്‍ ടോപ്പിക്കെന്തായിരുന്നൂ?” അത് തകര്‍ത്തു. മൂഡ് പോകാന്‍ ഇതില്‍പരം വല്ലതും വേണോ? :)
തറവാടീ, നന്ദി. ഞങ്ങള്‍ക്കൊക്കെ ടീച്ചര്‍മാരുടെ ചോദ്യം ഒഴിവാക്കുക എന്നത് പറ്റില്ലായിരുന്നു. ടീച്ചര്‍മാര്‍ ചോദിച്ചിട്ടേ പിള്ളേര്‍ക്ക് ചോദിക്കാന്‍ പറ്റുകയുള്ളായിരുന്നു. ഇനി ഞങ്ങളുടെ ടീച്ചര്‍മാര്‍ ആരെങ്കിലും തറവാടിയുടെ കോളേജില്‍ പണ്ടുണ്ടായിരുന്നോ ആവോ... :)
ദില്ലബ്ബൂ, ഫിക്സിംഗെന്ന് പറഞ്ഞാല്‍ അതാണ്. പക്ഷേ അതൊക്കെ അപാരമായ കഴിവും ഭാഗ്യവുമുണ്ടെങ്കില്‍ മാത്രമല്ല, ധൈര്യവുമുണ്ടെങ്കിലും നടക്കില്ല, ഒറ്റുകാര്‍ കാണുമേ :) നന്ദി കേട്ടോ.
എല്ലാവര്‍ക്കും നന്ദി.
ഞാന്‍ കോളേജില്‍ പോയിട്ടില്ല.
പ്രൊജക്റ്റിന്റെ പേപ്പറുകള്‍ പരിശോധിച്ച മൂന്ന് അദ്ധ്യാപകര്‍ (വേറെ സ്ഥാപനത്തില്‍ നിന്നും) തിരിച്ചും മറിച്ചും എന്നോട് ചോദിച്ച ചോദ്യങ്ങള്‍ എനിയ്ക്കോ, തിരിഞ്ഞും മറിഞ്ഞും ഞാന്‍ പറഞ്ഞ ഉത്തരങ്ങള്‍ അവര്‍ക്കോ മനസ്സിലായില്ലെങ്കിലും എന്റെ ആത്മാര്‍ത്ഥത കണ്ട് ഭയന്നിട്ടാകണം അവര്‍ എനിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് തന്ന് എന്റെ മാനത്തെ കാത്തു.
ഓര്‍മ്മകള്‍ക്ക് മുട്ടടിയ്ക്കുന്നു.
ശ്ശേ.. എനിക്ക് സെമിനാറിനെ പറ്റി പറയാന്‍ ഒരോഫ് പോലും ഇല്ല.:( വക്കാരി എഴുതിയത് വായിച്ച് എല്ലാം ഭാവനയില്‍ കണ്ടിട്ടുണ്ട് ട്ടൊ.:)
qw_er_ty
വക്കാരീജീ ഞാനിന്നലെയിട്ട കമന്‍റ് കാണാനില്ല, ഈ നല്ല ‘കുളിരില്‍‘ എനിക്ക് ചൂടുള്ള ഒരു കുളിര് വരുന്നു.
അടിപൊളി സെമിനാര്‍
വാക്കാരീ,
ഒരു വിദ്വാന്‍ സെമിനാറിന്റെ മൂര്‍ദ്ധന്യവസ്ഥയില്‍,
"For Example say...(എന്നിട്ടു സ്ലൈഡില്‍ നോക്കി, അവിടെ ഉദാ: കണ്ടില്ല)അപ്പോള്‍ can't say ennu parannjathum, pinnaleyulla kOlahalanngalum ..
ഓര്‍മ്മകളേ....
Post a Comment
<< Home