Monday, January 15, 2007

കൂകൂ കൂകൂ തീവണ്ടി, റോഡില്‍‌ക്കൂടോടും തീവണ്ടി

പണ്ട് ഡല്‍‌ഹിക്ക് പോകാന്‍ കുറുമാന്‍ അരകല്ലും ആട്ടുകല്ലും അമ്മിക്കല്ലുമൊക്കെയായി ഇരിങ്ങാ‍ലക്കുടയില്‍ നിന്ന് ടാക്കുസി പിടിച്ച് തൃശ്ശൂര്‍ സ്റ്റേഷനിലേക്ക് പോയപ്പോള്‍ ഓര്‍ത്തില്ലേ, കുന്തം, ഈ ട്രെയിന്‍ വീടിന്റെ പടിക്കല്‍ മുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനീ പെടാപാട് പെടണമായിരുന്നോ എന്ന്?!

ഇല്ലം വേണ്ടൊന്നെക്കെ പറഞ്ഞാണ് ഇനി അച്ചിയും വേണ്ടല്ലോ എന്നും വിചാരിച്ച് രാവിലെ കൊച്ചിയിലേക്കിറങ്ങിയതെങ്കിലും അവസാനം കൊച്ചീലൊട്ടച്ചിയുമില്ല, ഇല്ലത്തൂന്നിറങ്ങുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയുമില്ല, എന്നാല്‍ പിന്നെ ഇല്ലത്തേക്ക് തന്നെ തിരിച്ച് പോയേക്കാം എന്ന് വിചാരിച്ച് എറണാകുളത്തുനിന്ന് വൈകുന്നേരം അഞ്ചേകാലിന്റെ വേണാടില്‍ ഇടിച്ച് കയറി ചമ്മന്തിപ്പരുവത്തില്‍ കൊല്ലത്തിറങ്ങി,കൊല്ലം ജംക്‍ഷനില്‍ ബസ്സും നോക്കിനിക്കുമ്പോള്‍ കൊല്ലം‌കാരൊക്കെ ഓര്‍ത്തുകാണുമല്ലോ, ഈ വേണാട് വീടിന്റെ പടിക്കല്‍ വരെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വീട്ടിലെത്തി കുളിയും കഴിഞ്ഞ് കഞ്ഞി ആ ചമ്മന്തിയും കൂട്ടി കോരിക്കുടിച്ച് സുഖമായി കിടന്നുറങ്ങാമായിരുന്നു എന്ന്!

അതേ വേണാടില്‍ രാത്രി പത്ത് പത്തിന് തമ്പാനൂരിറങ്ങി ഊളമ്പാറയ്ക്ക് പോകാന്‍ പ്രീപേപിടിച്ച ഓട്ടോക്കാരോട് വഴക്കിട്ട് വട്ടായി ഊളമ്പാറയിലെത്തുമ്പോള്‍ ഞാനെങ്കിലുമോര്‍ത്തിട്ടുണ്ട് ആ വന്ന തീവണ്ടി നേരേ ഊളമ്പാറ വരെയുണ്ടായിരുന്നെങ്കില്‍ എന്ന്...

പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം? പാളം നമ്മുടെയെല്ലാവരുടെയും വീടിനു മുന്നില്‍ കൂടി വലിക്കാന്‍ പറ്റുമോ? അങ്ങിനെ വലിക്കാന്‍ നോക്കിയാല്‍ നമ്മള്‍ തന്നെ അതിന് പാലം വലിക്കും. അതുകൊണ്ട് നമ്മുടെ തീവണ്ടി യാത്രകളില്‍ വേണമെങ്കിലും വേണ്ടെങ്കിലും ഓട്ടോ മുതല്‍ ഉന്തുവണ്ടി വരെ സൈഡ് യാത്രയ്ക്കായി ഉപയോഗിക്കേണ്ടി വരുന്നു.

പക്ഷേ ഇനിമുതല്‍ വേണമെന്നില്ല. ഡ്യൂവല്‍ മോഡ് വണ്ടികള്‍ വരികയല്ലേ.

അതേ റോഡിലൂടെ ബസ്സ് പോലെയും പാളത്തില്‍ കയറിയാല്‍ തീവണ്ടിപോലെയും കൂളായി ഓടുന്ന ഡ്യൂവല്‍ മോഡ് വണ്ടികള്‍. (ഡ്യൂവല്‍ മോഡ് എന്ന പദം പല കാര്യങ്ങളിലും ഉപയോഗിക്കും-ഇലക്ട്രോണിക്‍സിലുള്‍പ്പടെ. ഇവിടെ ആ പദം ട്രാന്‍‌സ്പോര്‍ട്ടേഷനെ ആസ്പദമാക്കിയാണ് ഉപയോഗിച്ചിരിക്കുന്നത്. ട്രാന്‍‌സ്പോര്‍ട്ടേഷനില്‍ തന്നെ ഈ പദം രണ്ട് വ്യത്യസ്ത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം എടുക്കുന്ന വണ്ടികളെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കും. പക്ഷേ ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നത് റോഡിലും റെയിലിലും ഓടുന്ന വണ്ടി എന്ന അര്‍ത്ഥത്തില്‍. കൂടുതല്‍ കണ്‍ഫ്യൂഷന്‍ ആകണമെങ്കില്‍ ഇവിടെ നോക്കിയാല്‍ മതി.)

റോഡ്-റെയില്‍ വണ്ടിയുടേത് അത്ര അന്താരാഷ്ട്ര സാങ്കേതികവിദ്യയൊന്നുമല്ല, വണ്ടിയില്‍ ബസ്സിന്റെ ടയറും കാണും, തീവണ്ടിയുടെ ചക്രവും കാണും. റോഡില്‍ കൂടി റബ്ബര്‍ ടയര്‍, പാളത്തില്‍ കൂടി തീവണ്ടിച്ചക്രം. എന്നിട്ടുമെന്തേ ലെവന്‍ ഇത്രനാളും ക്ലച്ച് പിടിച്ചില്ല?

1932-ല്‍ ഇംഗ്ലണ്ടിലാണെന്ന് തോന്നുന്നു, ഇത്തരം വണ്ടികള്‍ ആദ്യമായി ഉണ്ടാക്കാനുള്ള ശ്രമം നടന്നത്. അതിന്റെ ഗതി പിന്നെന്തായെന്ന് അറിയില്ല. രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് ആസ്ട്രേലിയയും ജപ്പാനുമൊക്കെ ലെവനെ ഉണ്ടാക്കാന്‍ നോക്കിയിരുന്നു. ഒരിടത്തും ക്ലച്ച് പിടിച്ചില്ല-കാരണം ക്ലച്ച് തന്നെയായിരുന്നോ എന്നറിയില്ല. പക്ഷേ റോഡില്‍ കൂടി പാറിപ്പറന്ന് വരുന്ന അണ്ണന്‍ പാളം കാണുമ്പോള്‍ അറച്ച് നില്‍‌ക്കുന്നു. ടയറില്‍ നിന്ന് ചക്രത്തിലേക്ക് മാറാന്‍ വലിയ താമസം എടുക്കുന്നു.

സാധാരണ ഈ വണ്ടിയില്‍, നേരത്തെ പറഞ്ഞതുപോലെ, വണ്ടിച്ചക്രങ്ങളും തീവണ്ടിച്ചക്രങ്ങളും കാണും. റോഡില്‍ കൂടി ഓടുമ്പോള്‍ തീവണ്ടി ചക്രം റോഡില്‍ മുട്ടാതെ പൊങ്ങിയിരിക്കും. പാളത്തിലേക്ക് കയറുമ്പോള്‍ തീവണ്ടി ചക്രം താന്ന് വന്ന് പാളത്തില്‍ മുട്ടി, സാദാ ടയര്‍ നാലും (അല്ലെങ്കില്‍ ആറും) പൊങ്ങി, യാത്ര തുടരണം. പക്ഷേ ഈ പരിപാടി അത്ര എളുപ്പമല്ല. മാത്രവുമല്ല നല്ല ചിലവുമാണ് ഇത്തരം പരിപാടികള്‍ ഉണ്ടാക്കുക എന്നത്. ഇതിന് ഒരു പരിഹാരം റോഡിലും പാളത്തിലും റബ്ബര്‍ ടയര്‍ തന്നെ ഉപയോഗിക്കുക എന്നതാണ്. പക്ഷേ തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ എത്തുമ്പോള്‍ തന്നെ റബ്ബര്‍ മുഴുവന്‍ തേഞ്ഞ് തീര്‍ന്ന് സംഗതി റിം മാത്രമായി തീവണ്ടിച്ചക്ര ഷേപ്പ് തന്നെയാകും. മാത്രവുമല്ല-ട്രെയിന്‍ പാളത്തില്‍ കൂടി ഓടാന്‍ പാകത്തിലുള്ള ടയര്‍ ഡിസൈന്‍ ചെയ്യണം. സുരക്ഷയും ഒരു പ്രശ്‌നം. അതുകൊണ്ട് ആ ആശയത്തിന് വലിയ മാര്‍ക്കറ്റ് ഇല്ല.

അങ്ങിനെ ഇതിന്റെ ഗതി അധോഗതി എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് ജപ്പാനിലെ ഹൊക്കൈഡോ തീവണ്ടിക്കമ്പനി അവരുടെ ധാരാളം തീവണ്ടികള്‍ നാലും മൂന്നും ഏഴുപേരെയൊക്കെ വെച്ച് ഓടാന്‍ തുടങ്ങിയത്. സംഗതി പാളം വഴി മാത്രം ഓടുമ്പോള്‍ പെരുത്ത് നഷ്ടം. ആളില്ല. അതേ സമയം റോഡില്‍ കൂടി ബസ്സൊക്കെ നിറഞ്ഞ് കവിഞ്ഞൊന്നുമല്ലെങ്കിലും സാമാന്യം ആള്‍ക്കാരൊക്കെയായി തട്ടിമുട്ടിയും തട്ടാതെയും മുട്ടാതെയും ഓടുകയും ചെയ്യുന്നു. അപ്പോളാണ് അണ്ണന്മാര്‍ ചിന്തിച്ചത്, എന്നാല്‍ പിന്നെ ഈ തീവണ്ടികള്‍ റോഡില്‍ കൂടെയും ഓടിച്ചാലോ... ജപ്പാനിലാണെങ്കില്‍ ഒറ്റ കമ്പാര്‍ട്ട്‌മെന്റ് മാത്രമുള്ള ധാരാളം തീവണ്ടികളും ഉണ്ട്-പ്രത്യേകിച്ചും ഉള്‍‌നാടന്‍ പ്രദേശങ്ങളില്‍. അപ്പോള്‍ അങ്ങിനത്തെ തീവണ്ടികള്‍ റോഡില്‍ കൂടി ഓടിക്കുന്നത് ട്രാഫിക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുകയുമില്ല.

അങ്ങിനെയാണ് റോഡില്‍ക്കൂടിയും പാളത്തില്‍ക്കൂടിയും ഓടുന്ന വണ്ടിത്തീവണ്ടികള്‍ ജപ്പാന്‍‌കാര്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചത്. ഹൊക്കൈഡോ തീവണ്ടിക്കമ്പനിയുടെ ഈ വണ്ടിത്തീവണ്ടിയുടെ ഗുണം റോഡില്‍ നിന്നും പാളത്തിലേക്ക് കയറുമ്പോള്‍ വലിയ അറച്ച് നില്‍‌പ്പോ നാണം കുണുങ്ങലോ ഇല്ല എന്നതാണ്. അണ്ണന്മാരുടെ പരീക്ഷണ വണ്ടിയെപ്പറ്റിയാണ് താഴെ വിവരിച്ചിരിക്കുന്നത്.

ആലുവാ-ചോറ്റാനിക്കര വണ്ടിയാണ് സംഭവം എന്ന് വിചാരിക്കുക. ഡ്രൈവര്‍ മിസ്റ്റര്‍ എ. ക്ഷമന്‍ അക്ഷമനായി വണ്ടിക്കകത്തിരിക്കുന്നു.



ആലുവ സ്റ്റാന്‍ഡില്‍ നിന്നും യാത്ര തുടങ്ങുന്ന വണ്ടി കരോത്തുകുഴി (അല്ലേ?) ആശുപത്രിയുടെ അവിടം വരെ റോഡ് വണ്ടിയായി വരുന്നു. അവിടെ വണ്ടി വളവ് വീശിയെടുക്കുന്ന പടം ഇവിടെ.



വണ്ടി വളവൊക്കെ വീശിയെടുക്കുന്നു. ഇനി ആ ട്രെയിന്‍ പാളത്തിലേക്ക് കയറണം. കാരണം പാത, വരി നാലാണെങ്കിലും നാല്പത് വരികളുടെ വണ്ടികളല്ലേ അതില്‍ക്കൂടി ഓടുന്നത്. ട്രെയിന്‍ പാളത്തിലൂടെയാണെങ്കില്‍ മുപ്പത്തെട്ട് മണിക്കൂര്‍ ലേറ്റായി ഗുഹുവാത്തിവണ്ടി പോയിട്ട് മണിക്കൂറൊന്നായി. ഇനി അടുത്ത ലേറ്റ് വണ്ടി വരണം. അപ്പം പിന്നെ പാളത്തിലൂടെ ഓടിച്ചാല്‍ റോഡിലെ തിരക്ക് എത്രമാത്രം കുറയ്ക്കാം. ദോ വണ്ടി പാളത്തിലേക്ക് കയറാനായി വരുന്നു.



ഇതാണ് പാളം.



ഇനി വണ്ടി വലിയ ചമ്മലും മടിയും സങ്കോചവുമൊന്നുമില്ലാതെ പാളത്തിലേക്ക് സ്മൂത്തായി കയറണം. അതിനാണ് താഴെ കാണിച്ചിരിക്കുന്ന ചിത്രങ്ങള്‍. അവയില്‍ നോക്കിയാല്‍ ഒരു ഗൈഡ് വീല്‍ കാണാം. വണ്ടിയുടെ രണ്ട് സൈഡിലും ഓരോ ഗൈഡ് വീലുകളുണ്ട്. വണ്ടി പാളത്തിലേക്കടുക്കുമ്പോള്‍ ഈ ഗൈഡ് വീലുകള്‍ ഉള്ളില്‍ നിന്നും പുറത്തേക്ക് വരും. അവ വണ്ടിയെ പാളത്തിലേക്ക് ഗൈഡ് ചെയ്യും.



തറയിലേക്ക് നോക്കിയാല്‍ മനസ്സിലാകും വണ്ടി ഇപ്പോഴും റോഡില്‍ തന്നെ. പാളത്തിലേക്ക് കയറാന്‍ തുടങ്ങുന്നു, ഗൈഡ് വീലുകളുടെ സഹായത്തോടെ (ഈ ഗൈഡ് വീല്‍ പരിപാടിയുടെ ഐഡിയ ജപ്പാന്‍‌കാരുടേതാണ്. റോഡില്‍‌നിന്നും പാളത്തിലേക്കുള്ള മാറ്റം വളരെ സുഗമമാക്കാന്‍ ഇത് സഹായിക്കുന്നു എന്നാണ് അവര്‍ പറയുന്നത്).

ഇനി കാണുന്നത് ആ ഗൈഡ് വീലുകളുടെ സഹായത്തോടെ വണ്ടി പാളത്തിലേക്ക് കയറുന്നതാണ്.



മുകളിലത്തെ ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാകും, ഇപ്പോഴും റബ്ബര്‍ ടയറുകൊണ്ട് തന്നെയാണ് വണ്ടി മുന്നോട്ട് നീങ്ങുന്നത്. വണ്ടി പാളത്തിലേക്ക് കയറിയിട്ടേ ഉള്ളൂ. ശരിയ്ക്കുള്ള റെയില്‍ പാളം തുടങ്ങിയിട്ടില്ല-വേണമെങ്കില്‍ റെയില്‍-റോഡ് ക്രോസിംഗിലെപ്പോലത്തെ ഒരു പാള‌-റോഡ് കോമ്പിനേഷന്‍ സങ്കല്‍‌പ്പിക്കാം.

വണ്ടി അങ്ങിനെ പാളത്തില്‍ കയറിയാല്‍ ഒരു സ്വല്പ നേരത്തേക്ക് നിര്‍ത്തും. കാരണം ഇനി റബ്ബര്‍ ടയറുകൊണ്ടല്ല, തീവണ്ടിച്ചക്രം കൊണ്ടാണ് വണ്ടി മുന്നോട്ട് നീങ്ങേണ്ടത്. അതിനെന്താണ് വേണ്ടത്? തീവണ്ടിച്ചക്രങ്ങള്‍ വേണം. താഴെ കാണുന്ന മൂന്ന് പടങ്ങളില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാം, തീവണ്ടിച്ചക്രങ്ങള്‍ പതുക്കെ താഴ്ന്നു വരുന്നു.



തീവണ്ടിച്ചക്രങ്ങള്‍ താഴ്ന്നുവരുന്ന സീന്‍ ഇവിടെയും



അങ്ങിനെ തീവണ്ടിച്ചക്രങ്ങള്‍ പാളത്തില്‍ മുട്ടി-താഴത്തെ പടത്തില്‍ കാണിച്ചിരിക്കുന്നതുപോലെ.



ഈ ലിവര്‍ ഉപയോഗിച്ചാണ് ഈ പരിപാടികളൊക്കെ ചെയ്യുന്നത്.



പാളത്തില്‍‌ക്കൂടി ഓടുന്ന വണ്ടിക്ക് വണ്ടിച്ചക്രങ്ങള്‍ വേണ്ടല്ലോ, തീവണ്ടിച്ചക്രങ്ങള്‍ മതിയല്ലോ. അതുകൊണ്ട് വണ്ടിച്ചക്രങ്ങള്‍ ഇനി മുകളിലേക്ക് പൊക്കിവെക്കണം. താഴത്തെ പടത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാണാം, വണ്ടിച്ചക്രങ്ങള്‍ പതുക്കെ മുകളിലേക്ക് പൊങ്ങുന്നു.



ഒന്നുകൂടി വ്യക്തമായി ഇവിടെ:



റബ്ബര്‍ ചക്രങ്ങളോടൊപ്പം ഗൈഡ് വീലുകളും അകത്തേക്ക് വലിയും. ഇനി വണ്ടിയും പാളവുമായുള്ള ബന്ധം തീവണ്ടിച്ചക്രങ്ങള്‍ വഴി മാത്രം.

അങ്ങിനെ പാളത്തില്‍ കയറുന്ന വണ്ടി പാളം കുളുങ്ങിയാലും കേളന്‍ കുളുങ്ങില്ല എന്ന രീതിയില്‍ ഇങ്ങിനെ വന്ന്



ഇങ്ങിനെയങ്ങ് പോകും



ഇതാണ് ഐഡിയ. ഇനി സംഗതി സാധാരണ തീവണ്ടിപോലെ അങ്ങ് പറപ്പിച്ച് പോയാല്‍ മതി. ഇടയ്ക്ക് നോര്‍ത്തും സൌത്തും കളമശ്ശേരികളില്‍ ഓരോ സ്റ്റോപ്പൊക്കെയാവാം. സംഗതി ഇടപ്പള്ളി ടോളിന്റെ അവിടെ എത്തുമ്പോള്‍ വീണ്ടും റോഡില്‍ കയറും. പാ‍ലാരിവട്ടം, കലൂര് വഴി കച്ചേരിപ്പടിയില്‍ നിന്നും ചിറ്റൂര്‍ റോഡില്‍ കയറി സൌത്ത് വഴി വളഞ്ഞമ്പലത്തെത്തിയാല്‍ പാളത്തിലേക്ക് കയറാന്‍ എളുപ്പമായല്ലോ. (പീക്ക് ടൈമില്‍ ലെവനെ നോര്‍ത്തില്‍‌നിന്നു തന്നെ പാളത്തില്‍ കയറ്റാം). പിന്നെ തൃപ്പൂണിത്തുറ വരെ പാളം വഴി. അതുകഴിഞ്ഞ് കുറച്ച് കൂടെ മുന്നോട്ട് പോയി കുരീക്കാട് (?)‌ചെന്നിട്ട് റോഡിലേക്ക് കയറിയാല്‍ പതിനഞ്ച് മിനിറ്റുകൊണ്ട് ചോറ്റാനിക്കര. സഹോദരന്‍ അയ്യപ്പന്‍ റോഡിലെ ബ്ലോക്ക് മൊത്തം ഒഴിവാക്കാം.

ഈ പടത്തിന്റെ മുഴുവന്‍ ചിത്രങ്ങള്‍ക്കും കടപ്പാട് ഈ മൂന്ന് ലിങ്കുകളിലെ (ലിങ്ക് 1, ലിങ്ക് 2, ലിങ്ക് 3)വീഡിയോകള്‍. താത്‌പര്യമുള്ളവര്‍ക്ക് ആ ലിങ്കുകളിലെ (പ്രത്യേകിച്ചും ലിങ്ക് 2) വീഡിയോകള്‍ കാണാവുന്നതാണ്. പക്ഷേ മിക്കവാറും “വേണ്ടായിരുന്നൂ” എന്ന ശ്ലോകം ചൊല്ലും. കാരണം ആ വീഡിയോ മൊത്തമായി ലോഡ് ചെയ്യാന്‍ എട്ടുമണിക്കൂര്‍ ഇരുപത്തിമൂന്ന് മിനിറ്റ് മുപ്പത്തിരണ്ട് സെക്കന്റെടുത്തു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവും. പക്ഷേ നല്ല സമയമെടുത്തു. അതുകൊണ്ട് വീഡിയോ സ്റ്റില്ലാക്കി പ്രിന്റ് സ്ക്രീന്‍ എടുത്തു.

സംഗതിയുടെ ഒരു ചെറിയ വിവരണം ഇവിടെ. ചിത്രങ്ങളും കൊടുത്തിട്ടുണ്ട്.

ഈ അദ്ധ്വാനമെല്ലാം കഴിഞ്ഞ് എന്തുകൊണ്ട് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇത്തരം ആശയങ്ങളൊന്നും കത്തുന്നില്ല എന്നോര്‍ത്ത് ഉത്‌കണ്ഠാകുലനായി മുഖവും കൂര്‍പ്പിച്ച് ഇന്റര്‍നെറ്റില്‍ സര്‍ഫും ഏരിയലുമൊക്കെയിട്ട് പതപ്പിച്ച് നോക്കിയിരിക്കുമ്പോഴല്ലേ മനസ്സിലായത്, ഇതൊക്കെ ഒരു ബഹളവുമില്ലാതെ നമ്മള്‍ വളരെ പണ്ടേ നാട്ടില്‍ നടപ്പാക്കിയിട്ടുണ്ടെന്ന്. ഇവിടുണ്ട്

ഇതിനെ വേണമെങ്കില്‍ അതിന്റെ ഒരു കൊറൊളറി എന്ന് വിളിക്കുകയുമാവാം.

നമ്മളൊക്കെയാരാ മക്കള്‍ :)

17 Comments:

  1. At Mon Jan 15, 05:43:00 AM 2007, Blogger അനംഗാരി said...

    ഹോ!വക്കാരി ഞാന്‍ പ്രമേയം പാസാക്കാന്‍ താല്‍പ്പര്യപ്പെടുന്നു.വക്കാരിയെ ബൂലോഗത്തിന്റേയും,കേരള സംസ്ഥാനത്തിന്റേയും ആസ്ഥാന ഗവേഷകനായി തെരെഞ്ഞെടുക്കാന്‍.
    ഇതൊന്നും ലെവന്മാര് കാണണ്ട.പിന്നെ ആ പേരിലാവും, പഠനം എന്ന പേരില്‍ ജപ്പാനിലേക്ക് വണ്ടി കയറുക.പഠനം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍, വല്ലതും നടക്കുമെന്ന് നമ്മള്‍ ചുമ്മാ കരുതിയാല്‍ അത് തെറ്റ്.

     
  2. At Mon Jan 15, 06:16:00 AM 2007, Blogger myexperimentsandme said...

    ഹ...ഹ... അനംഗാരീ, കഴിഞ്ഞതിന്റെ മുന്നിലത്തെ കൊല്ലം വേള്‍ഡ് എക്‍സ്പോ നടന്നപ്പോള്‍ നമ്മുടെ വക്കം സാര്‍, മാണി സാര്‍, കുഞ്ഞാലിക്കുട്ടി സാര്‍ എന്നിവരൊക്കെ ലോകം ഇപ്പോള്‍ എവിടെ എന്നറിയാന്‍ ജപ്പാനില്‍ വന്നിരുന്നു. ആ പൊരിവെയിലത്തൊക്കെ നിന്ന് അവര്‍ എക്സ്‌പോ കണ്ടോ എന്നറിയില്ല. അവരൊക്കെ ഇപ്പോള്‍ എവിടെ എന്ന് ചോദിച്ചാല്‍ അതിനും ഉത്തരമില്ല.

     
  3. At Mon Jan 15, 09:31:00 AM 2007, Blogger കടയ്ക്കല്‍ said...

    ആ ട്രെയ്‌ലോറി കണ്ടെന്റെ ശ്വാസം നിന്നുപോയി,
    what a great Indian tech..

     
  4. At Mon Jan 15, 09:45:00 AM 2007, Anonymous Anonymous said...

    നല്ല പോസ്റ്റ്‌ ട്ടൊ..സംഭവം കൊള്ളം. Informative.

    കൊങ്കന്‍ അതിലും സൂപ്പര്‍..ശ്രീധരന്‍ സാറീന്റെ ഐഡിയ ആവും
    priyamvada
    qw_er_ty

     
  5. At Mon Jan 15, 09:45:00 AM 2007, Blogger Kaippally said...

    Thanks Doc. very informative

    :)

     
  6. At Mon Jan 15, 11:38:00 AM 2007, Blogger കുറുമാന്‍ said...

    പതിവുപോലെ തന്നെ വിഞ്ജാനപ്രദമായ ലേഖനം വക്കാരി. നമ്മുടെ നാടും ഒരിക്കല്‍ നേരെയാവും (അതിര്‍ത്തി രേഖകളല്ല).

    ഇവിടെ ദുബായിലുമുണ്ട് ഇതുപോലത്തെ ഒരു ടെക്നോളജി ഉപയോഗിക്കുന്ന ബസ്സ്. റോട്ടിലൂടെ ടൂറിസ്റ്റുകളേയും എടുത്ത് ബസ്സായി കറങ്ങി തിരിഞ്ഞ്, കടലിലേക്കിറങ്ങി ബോട്ടായി കറങ്ങും :)

     
  7. At Mon Jan 15, 12:53:00 PM 2007, Blogger ശാലിനി said...

    ലളിതമായി, നന്നായി വിവരിച്ചിരിക്കുന്നു. നന്ദി ഇത്രയും വിവരങ്ങള്‍ പറഞ്ഞുതന്നതിന്. മുമ്പെവിടെയോ ഇതിനെകുറിച്ചു വായിച്ചിരുന്നു, പക്ഷേ ഇത്രയും മനസിലായിരുന്നില്ല.

     
  8. At Mon Jan 15, 01:04:00 PM 2007, Blogger RR said...

    വക്കാരീ. വളരെ വിജ്ഞാനപ്രദമായ (ഇങ്ങനെ തന്നെ അല്ലെ? ) പോസ്റ്റ്‌. നന്ദി. നമ്മുടെ dual mode തീവണ്ടികളും അടിപൊളി :)

    qw_er_ty

     
  9. At Mon Jan 15, 01:46:00 PM 2007, Blogger Kaithamullu said...

    വക്കാരിമാഷെ,
    മാഷെ ഞങ്ങടെ വല്യഷ്കോളിന്ണ്ടെ പ്രിന്‍സിയാക്കിയിരിക്കുന്നു.(ലാലുവോ വേലുവോ അറിയണ്ടാ.....)
    വിവരണം കലക്കി എന്നല്ലാ കലകലക്കി!

    ദാങ്ക്സ്!

     
  10. At Mon Jan 15, 04:52:00 PM 2007, Blogger Unknown said...

    വക്കാരിയണ്ണാ,
    ലേഖനം കലക്കി. ഇത് സംഭവം കൊള്ളം പക്ഷെ ചെലവ്...?

    ഓടോ: ഫ്ലിക്കറണ്ണാച്ചിയെ രാവിലെ മുതല്‍ കടന്നല് കുത്തിയോ? ഒന്നും കിട്ടുന്നില്ലല്ലോ.

     
  11. At Mon Jan 15, 05:08:00 PM 2007, Blogger സു | Su said...

    വക്കാരീ :) ഒക്കെ കണ്ടു. വായിച്ചു. നന്ദി. വീഡിയോ കണ്ടില്ല. പിന്നെ വന്ന് ലിങ്ക് നോക്കി കണ്ടോളാം.

     
  12. At Mon Jan 15, 06:29:00 PM 2007, Blogger Raghavan P K said...

    പുതിയ അറിവ് നല്കുന്ന‍തില്‍‌ വക്കാരിമഷ്ടാ വളരെ മിടുക്കനാണു്.
    പിന്നൊരു കാര്യം ഇതൊന്നും ചെന്നയിലുള്ളവറ്ക്ക് പുതിയതായി തോന്നില്ല.എന്താ കാരന്ണമെന്നറിയണോ?
    ഇവിടെ ബസ്-ട്രെയിന്‍ എന്ന പേരില്‍ ഒരു ശകടം വളരെക്കാലമായി ഓടുന്നുണ്ട്.ഒരു ബുസ്സിനു പുറകെ ഒരു പ്രൈമ്മൂവറില്ലാത്ത ബുസ്ബോഡി വെച്ചു കെട്ടിയിട്ടു കൊണ്ടുള്ള പരിപാടി. അതില്‍ യാത്രചെയ്യുന്നവരുടെ വാരിയെല്ല് നുറുങ്ങിപ്പോയില്ലങ്കിലേ അത്ഭുതമുള്ളൂ.

     
  13. At Mon Jan 15, 10:37:00 PM 2007, Blogger Kalesh Kumar said...

    ഗുരോ, സൂപ്പർ!

     
  14. At Mon Jan 15, 11:12:00 PM 2007, Blogger സ്വാര്‍ത്ഥന്‍ said...

    കൊങ്കണ്‍ റെയില്‍‌വേയ്ക്കാണോ ഇതിന്റെ പേറ്റ് സപ്രിട്ടിക്കറ്റ് ?

    ഓ. ടോ: ലേഖനം ന്തുട്ടാ സ്സാധനം!

     
  15. At Mon Jan 15, 11:23:00 PM 2007, Blogger Kiranz..!! said...

    വക്കാരി..ആദ്യമോര്‍ത്തത് ഇത്തരമൊരു പോസ്റ്റ് ചെയ്യാന്‍ വേണ്ടി വരുന്ന ടെക്നിക്കാലിറ്റീസ് ആണ്,ശരിക്കും അതിശയം തോന്നുന്നു മാഷേ.വണ്ടര്‍ഫുള്‍ ഇമ്പ്രമേഷന്‍ റ്റൂ..!!

     
  16. At Tue Jan 16, 10:31:00 AM 2007, Blogger വേണു venu said...

    വിജ്ഞാനപ്രദം. ഈ ലേഖനം ലളിതമായി സരസമായി അവതരിപ്പിച്ചിരിക്കുന്നു.സൂപ്പര്‍‍.

     
  17. At Wed Jan 17, 03:03:00 AM 2007, Blogger myexperimentsandme said...

    റോഡില്‍‌ക്കൂടോടുന്ന തീവണ്ടിയില്‍ കയറാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

    അനങ്ങാതിരീ, നന്ദി.

    താഴ്‌വാരമേ, ഇത്രയൊക്കെയേ ഉള്ളൂന്ന്. ജപ്പാന്‍‌കാരൊക്കെ തലകുത്തിനിന്ന് ആലോചിച്ച് ഓരോന്ന് കണ്ടുപിടിച്ചുവരുമ്പോള്‍ നമ്മളൊക്കെ അതിന്റെ അടുത്ത പടിയെപ്പറ്റി ആലോചിക്കും. ആ ലോറി കൂളായി റോഡിലൂടെയും ഓടും. നന്ദി കേട്ടോ.

    പ്രിയംവട, നന്ദി. നമ്മളും മോശമല്ല :)

    നന്ദി നിഷാദ്. നന്ദി ഗൂഗിളിന്. എന്തോ തപ്പി പോയവഴിക്ക് കിട്ടിയ ഒരു പേജില്‍ നിന്നും തപ്പി തപ്പി പോയാണ് ഇതൊപ്പിച്ചത് :)

    കുറുമയ്യാ, ശരിക്കും അങ്ങിനത്തെ സെറ്റപ്പുണ്ടോ? അതുമടിപൊളിയാണല്ലോ. എന്നാല്‍ പിന്നെ ലെവനെ ഒന്ന് മാഡിഫൈ ചെയ്താല്‍ പാളത്തില്‍ കൂടിയും ഓടിക്കാം. ഒന്നുകൂടി മാഡിഫൈ ചെയ്ത് ആകാശത്തുകൂടെയും പറപ്പിക്കാമെങ്കില്‍ പിന്നെ ജെയിംസ് ബോണ്ടാ പടങ്ങളൊന്നും കാണണ്ട കാര്യമില്ല :)

    ശാലിനീ, നന്ദി. പണ്ട് മുതല്‍ക്കേ ആള്‍ക്കാര്‍ ചിന്തിക്കാന്‍ തുടങ്ങിയതാണെന്ന് തോന്നുന്നു. പക്ഷേ പല കാരണങ്ങള്‍കൊണ്ട് സംഗതി പൂര്‍ണ്ണമായില്ല.

    ഡബിളാറേ നന്ദി. നമ്മുടെ വണ്ടിക്ക് മുതല്‍‌മുടക്ക് പൂജ്യം. അവിടെയല്ലേ അതിന്റെ വിജയം.

    കൈതമുള്ളേ നന്ദി. അപ്പോളെപ്പോള്‍ ജോയിന്‍ ചെയ്യണം? റൂമൊക്കെ ശരിയാക്കിയോ? :)

    ദില്‍‌ബാസുരന്‍ നന്ദി. ചിലവ് അത്ര വലുതാകാന്‍ വഴിയില്ല. മാഗ്‌ലെവിനെയൊക്കെ അപേക്ഷിച്ച് പ്രത്യേകിച്ചും. ശബരിമല പോലുള്ള സീസണ്‍ സമയത്ത് മാത്രം തിരക്കുള്ള റൂട്ടിലൊക്കെ പരീക്ഷിക്കാമെന്ന് തോന്നുന്നു. മദ്രാസില്‍ നിന്ന് ഒരു ഇരുപത് വണ്ടിത്തീവണ്ടികള്‍ അന്യോന്യം ഘടിപ്പിച്ച് കോട്ടയമോ ചെങ്ങന്നൂരോ വരെ വന്ന്, അവിടെനിന്ന് ഇരുപത് വണ്ടികളായി പമ്പ വരെ പോയാല്‍ മതി-പ്രത്യേകം പാളം പമ്പവരെ ഉണ്ടാക്കണ്ടല്ലോ.

    സൂ നന്ദി. രാവിലെ എഴുന്നേറ്റ് ലിങ്കില്‍ ക്ലിക്കിയിട്ട് പിന്നെ ഉച്ചയ്ക്കത്തെ ഊണും കഴിഞ്ഞ് വന്ന് നോക്കിയാല്‍ സംഗതി മൊത്തമായി കിട്ടും. നോക്കണമെന്നുണ്ടെങ്കില്‍ തന്നെ ലിങ്ക് നമ്പ്ര് 2 ആണ് വണ്ടിത്തീവണ്ടിയുടെ ഓട്ടമൊക്കെ കാണിക്കുന്നിടം. ജാപ്പനീസ് ഡയലോഗുകള്‍ ഫ്രീയാണ് കേട്ടോ :)

    രാഘവേട്ടാ‍, നന്ദി. അങ്ങിനത്തെയെന്തോ പണ്ട് തിരുവനന്തപുരത്തുണ്ടായിരുന്നല്ലോ. അതുപോലത്തെയാണോ?

    കലുമാഷേ, നാടെങ്ങിനെ? നാട്ടിലിരുന്ന് ബ്ലോഗൊക്കെ നോക്കാനുള്ള അര്‍പ്പണ മനോഭാവം സമ്മതിച്ചിരിക്കുന്നു :)

    സ്വാര്‍ത്ഥ്വോ, പേറ്റുനോവ് കൊങ്കിണിയ്ക്ക് തന്നെയിരിക്കട്ടല്ലേ. നന്ദി കേട്ടോ :)

    കിരണ്‍‌സേ, നന്ദി. ഒത്തിരി പരിപാടികള്‍ ചെയ്തുതീര്‍ക്കാനുള്ളപ്പോള്‍ അതൊന്നും ചെയ്യാതെ ഇതൊക്കെ ചെയ്യുന്നതിലുള്ള സുഖമൊന്ന് വേറേ തന്നെ :)

    വേണുമാഷേ, നന്ദി.

    വണ്ടിത്തീവണ്ടി ഇനി കമ്മീഷന്‍ ചെയ്യുന്നതുവരെ വേറേ ആര്‍ക്കും പ്രവേശനമില്ല. അതുകഴിഞ്ഞ് എല്ലാവര്‍ക്കും ഫ്രീ റൈഡ് :)

     

Post a Comment

<< Home