Thursday, January 18, 2007

വക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ചര്‍ച്ച...

...അഥവാ ചര്‍ച്ചയുടെ നവരസങ്ങള്‍

വക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ലൈഫ് എന്ന ബെസ്റ്റ് സെല്ലര്‍ പൊരിഞ്ഞ നഷ്ടമായതു കാരണവും അതില്‍ പറഞ്ഞ ഏതെങ്കിലും ഒരു കാര്യത്തിന്റെ ആയിരത്തിലൊരംശമെങ്കിലും ഞാന്‍ പോലും പാലിക്കുന്നില്ലാത്തതുകാരണവും ഇനി ഈ പുതിയ പുസ്തകം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ എന്ന് നോക്കട്ടെ (അതായത് പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന് ഒറ്റവാക്കിലും പറയാമെന്നര്‍ത്ഥം).

നമ്മുടെ ശാരീരിക-മാനസിക ആരോഗ്യങ്ങള്‍ക്കും മറ്റുള്ളവരുടെ അതേ ആരോഗ്യങ്ങള്‍ക്കും യാതൊരു കേടുപാടുകളും കൂടാതെ ക്രിയാത്മകമായി എങ്ങിനെ ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്നും അതുവഴി ജീവിതത്തില്‍ വിജയിക്കാമെന്നുമുള്ള ടിപ്‌സാണ് താഴെ വിവരിക്കുന്നത്.

ഇത് താന്‍ കൈമള്‍

1. ഇത് വായിക്കാന്‍ തുടങ്ങുമ്പോഴേ നിങ്ങളില്‍ പലരുടെയും നെറ്റികള്‍ ആദ്യം ഒന്ന് ചുളിഞ്ഞ്, പിന്നെ പത്ത് ചുളിഞ്ഞ് അവസാനം കാക്കത്തൊള്ളായിരം ചുളിവുകളായിരിക്കും. “ഹമ്പടാ ലെവന്‍ തന്നെ ഇതൊക്കെ എഴുതണം” എന്നും “പറയുന്നതിന്റെ പത്തിലൊന്നെങ്കിലും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍” എന്നുമൊക്കെ പലരും ആത്മഗതിക്കും. നെറ്റിയില്‍ ഒന്ന് ആഞ്ഞ് തിരുമ്മി ചുളിവൊക്കെ നിവര്‍ത്തിയിട്ട് ഇതിലെ ടിപ് നമ്പ്ര് ഒന്ന് വായിക്കുക. പിന്നെ നെറ്റി ചുളിയാന്‍ സാധാരണഗതിയില്‍ യാതൊരു കാരണവും കാണില്ല.

2. ഈ ടിപ്പുകളെല്ലാം വായിച്ച് കഴിഞ്ഞാല്‍ ഒരു അന്താരാഷ്ട്ര ചര്‍ച്ചയില്‍ വളരെയധികം മാന്യമായും ക്രിയാത്മകമായും നമുക്കെല്ലാം പങ്കെടുക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് കരുതിയാല്‍ തെറ്റി-ഇത് വായിച്ച് കഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചയോട് പോയിട്ട് ജീവിതത്തോട് തന്നെ ഒരു വിരക്തിയാണോ താത്പര്യക്കുറവാണോ എന്നറിയില്ലാത്ത തരം ഒരു ശാന്തതയായിരിക്കും. ആര്‍ എന്ത് പറഞ്ഞാലും ഒരു പ്രകോപനവും കാണിക്കില്ല. ഒരു കരണത്ത് ആരെങ്കിലും അടിച്ചാല്‍ മറുകരണം മാത്രമല്ല നെഞ്ചും പുറകും കൂടി കാണിച്ച് കൊടുത്ത് (പക്ഷേ ഈ രീതിയില്‍ കാണിക്കേണ്ട കേട്ടോ) അടിക്കാന്‍ വന്നവനെക്കൊണ്ട്തന്നെ വേണ്ടായിരുന്നൂ എന്ന് പറയിപ്പിക്കും. അതുകൊണ്ട് സ്വന്തം റിസ്‌കില്‍ മാത്രം ഈ ടിപ്പുകള്‍ വായിക്കുകയും ഫോളോ ചെയ്യുകയും ചെയ്യുക. കാരണം നമ്മളില്‍ പലരേയും മുന്നോട്ട് നയിക്കാനുള്ള ഊര്‍ജ്ജത്തിന്റെയും താത്പര്യത്തിന്റെയും ഒരു പ്രധാ‍ന സ്രോതസ്സ് തന്നെ ചര്‍ച്ചകളില്‍ ആവേശത്തോടെ പങ്കെടുക്കുകയും എതിരാളിയെ അടിച്ചിരുത്തുകയും ചെളിവാരി എറിയുകയും അവസാനം ചീത്ത കേള്‍ക്കുകയും ചെയ്യുന്നതൊക്കെയാണല്ലോ (നെറ്റി ഇപ്പോഴേ ചുളിയാന്‍ തുടങ്ങിയല്ലേ-ഒന്നമര്‍ത്തി തുടച്ചിട്ട് ടിപ് നമ്പ്ര് വണ്‍ വായിച്ചാല്‍ മതി). ഈ ടിപ്സ് വായിച്ചാല്‍ പിന്നെ അടിച്ചിരുത്താനും ചെളിവാരിയെറിയാനും ഒന്നും തോന്നുകയില്ലെന്ന് മാത്രമല്ല, ചിലപ്പോള്‍ ഒന്നും തന്നെ തോന്നാതിരിക്കാനും മതി.

3. വളരെയധികം തെറ്റിദ്ധരിപ്പിക്കുന്ന ഒരു തലക്കെട്ട് കൊടുത്തതിന് ക്ഷമിക്കണം. കാരണം ഈ ടിപ്പുകള്‍ എല്ലാം പാലിക്കാനുള്ള സ്‌‌ട്രെസ്സ് എന്ന് പറയുന്നത് ഏതൊരു കൊലകൊല്ലി ചര്‍ച്ചയിലുണ്ടാകുന്ന സ്‌ട്രെസ്സിനെക്കാളും ഭീകരമായിരിക്കും.

ഇത് വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഏതൊരു ചര്‍ച്ചയ്ക്ക് മുന്നേയും നമ്മള്‍ അത്യാവശ്യമായി ചെയ്യേണ്ട കാര്യം ഇവിടെയും ചെയ്യണം. അതായത് ശ്വാസം ആഞ്ഞ് വലിക്കുക-ആ സ്ഥിതിയില്‍ നില്‍ക്കുക, പറ്റാവുന്നിടത്തോളം, എന്നിട്ട് ശ്വാസം പതുക്കെ റിലീസ് ചെയ്യുക. ഇതൊരു പത്ത് പ്രാവശ്യം ചെയ്യണം. ചര്‍ച്ചയ്ക്കിടയ്ക്കാണെങ്കിലും ഓരോ തവണ മറുപടി പറയാന്‍ തുടങ്ങുമ്പോഴും ഇത് ആവര്‍ത്തിക്കണം.

അപ്പോള്‍ തുടങ്ങാം.

1. ആര് പറയുന്നു എന്ന് നോക്കേണ്ട-എന്ത് പറയുന്നു എന്ന് മാത്രം നോക്കുക- അതായത് മുന്‍‌വിധി പാടില്ല.

ഇപ്പോള്‍ മനസ്സിലായില്ലേ കൈമള്‍ ചേട്ടന്‍ പറഞ്ഞതിന്റെ അര്‍ത്ഥം? അത് തന്നെ.

ഈ ഒന്നാം ടിപ് തന്നെ അനുസരിക്കാന്‍ അപാര ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, ഏറെക്കുറെ അസാദ്ധ്യവുമാണെന്നറിയാം. പക്ഷേ ഒന്ന് പരീക്ഷിച്ച് നോക്കിക്കേ. അതായത് ഒരു ചര്‍ച്ചയില്‍ ആരെങ്കിലും അഭിപ്രായം പറയുമ്പോള്‍ അത് പറയുന്നതാരാണെന്ന് നോക്കുകയേ വേണ്ട. കാരണം അത് നോക്കാന്‍ പോയാല്‍ ആ നിമിഷം വികാര്‍ ചേട്ടന്‍ വിവേക് ചേട്ടനെ മലര്‍ത്തിയടിക്കുകയും പിന്നെ ആകെ ഫോക്കസ് പോവുകയും ചെയ്യും. “ലെവന്‍ കഴിഞ്ഞയാഴ്‌ച ഇങ്ങിനെയല്ലല്ലോ പറഞ്ഞത്” എന്നും “ലെവന്റെ നേരത്തത്തെ നിലപാട് ഇങ്ങിനെയൊന്നുമായിരുന്നില്ലല്ലോ” എന്നും “ലെവനെപ്പറ്റി ഞാനിങ്ങിനെയൊന്നുമല്ല കരുതിയിരുന്നത്” എന്നും “ഓ ലെവനാണോ പറയുന്നത്, എന്നാല്‍ പിന്നെ (എനിക്ക് എതിരഭിപ്രായമുണ്ടെങ്കിലും) മിണ്ടാതിരുന്നേക്കാം” എന്നുമൊക്കെയുള്ള ചിന്തകള്‍ പോകുന്നത് പറയുന്നതാര് എന്ന് അന്വേഷിക്കാന്‍ പോകുമ്പോഴാണ്.

ബ്ലോഗിലെ ചര്‍ച്ചകളിലാണെങ്കില്‍ പലരും തമ്മില്‍ തമ്മില്‍ കണ്ടിട്ടുണ്ടോ എന്നത് പോകട്ടെ, ഒന്ന് സംസാ‍രിക്കുകയോ ഒരു മെയില്‍ അയക്കുകയോ കൂടി ചെയ്ത് കാണില്ല. പറയുന്ന ആള്‍ ആണാണോ പെണ്ണാണോ എന്നുപോലും അറിയില്ല. അപ്പോള്‍ പിന്നെ ഇത് ആര് എന്നൊക്കെ നോക്കി പോകുന്നത് മിക്കവാറും നമ്മളെ വഴിതെറ്റിക്കും. അതുകൊണ്ട് നല്ലപോലെ മസില്‍ പിടിച്ച് മെഡിറ്റേഷനൊക്കെ നടത്തി മനസ്സിനെ ഏകാഗ്രമാക്കി പറയുന്ന കാര്യം മാത്രമേ ശ്രദ്ധിക്കൂ, അത് ആര് പറഞ്ഞാലും, എന്നൊരു തീരുമാനം എടുത്താല്‍ നമ്മള്‍ പകുതി വിജയിച്ചു.

ആര് പറയുന്നു എന്ന് നോക്കാന്‍ പോയാല്‍ ആ നിമിഷം നമ്മുടെ വിധി മുന്‍‌വിധിയായി. പിന്നെ ആ ഒരു മുന്‍‌വിധിയോടുകൂടി മാത്രമേ നമ്മള്‍ ചര്‍ച്ച തുടരുകയുള്ളൂ. അപ്പോള്‍ പിന്നെ എന്ത് പറയുന്നു എന്നതില്‍ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനേ സാധിക്കില്ല.

ആര് പറയുന്നു എന്ന് നോക്കാന്‍ പോയാലുള്ള കുഴപ്പങ്ങള്‍

1. എന്ത് പറയുന്നു എന്ന് പിന്നെ ശ്രദ്ധിക്കില്ല.

2. “ഓ ലെവനല്ലേ പറയുന്നത്, ലെവന്‍ മറ്റേ പാര്‍ട്ടിയല്ലേ, ലെവന്‍ ഇങ്ങിനെയേ പറയൂ” എന്ന ലേബലധിഷ്ഠിതമായ ചിന്ത (താഴെ വിശദമായി പറയുന്നുണ്ട്).

3. പണ്ട് ലെവന്‍ തന്നെ പറഞ്ഞ കാര്യങ്ങള്‍ പൊക്കിക്കൊണ്ട് വന്ന് ടോപ്പിക്കില്‍ നിന്നും വ്യതിചലിക്കല്‍ (നെറ്റി ചുളിയുന്നുണ്ടല്ലേ-ഒന്ന് അമര്‍ത്തി തിരുമ്മി, ആര് പറയുന്നു എന്ന് ശ്രദ്ധിക്കാതെ എന്ത് പറയുന്നു എന്ന് മാത്രം ശ്രദ്ധിച്ച് നോക്കിയാല്‍ മതി-ഇതൊക്കെ ഒരു പരിശീലനമല്ലേ).

4. വ്യക്തിഹത്യ (താഴെ വിശദീകരിക്കുന്നുണ്ട്).

അതുകൊണ്ട് കഴിവതും എന്ന എക്സ്‌ക്യൂസ് ഒന്നുമില്ലാതെ ഒരു കാരണവശാലും ആര് പറയുന്നു എന്ന് നോക്കാതെ ഒന്ന് ചര്‍ച്ചിക്കാന്‍ ശ്രമിച്ച് നോക്കിക്കേ-പറയുന്നതെന്ത് എന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചേ- ഭയങ്കര മാറ്റമുണ്ടാവും.

പറയുന്ന ആളെ നോക്കിത്തന്നെ മറുപടി പറയേണ്ട സന്ദര്‍ഭങ്ങളുണ്ട്. എങ്കിലും പലപ്പോഴും അതിന്റെ ആവശ്യമില്ല എന്ന് തന്നെ തോന്നുന്നു.

2. പ്രായോഗികത.

എല്ലാം തികഞ്ഞ ഒരാളാവാവുക എന്നതാണ് നമ്മുടെ എല്ലാവരുടെയും സ്വപ്‌നം. പക്ഷേ നോബഡി ഈസ് പെര്‍ഫക്ട് തിയറി പ്രകാരം അങ്ങിനെയൊരാളെ കണ്ടുകിട്ടാനേ ഇല്ല. അതുകൊണ്ട് ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ അയാള്‍ അതൊക്കെ പാലിക്കുന്നവനാണോ എന്ന് ഉറപ്പ് വരുത്തിയിട്ട് ചര്‍ച്ചിക്കാന്‍ നിന്നാല്‍ പിന്നെ ആ നില്പ് അങ്ങിനെതന്നെ നില്‍‌ക്കുകയേ ഉള്ളൂ. ആ ഒരു നിലപാട് പ്രായോഗികമല്ല. ഇതും ടിപ് നമ്പ്ര് 1-ഉം ബന്ധപ്പെട്ട് കിടക്കുന്നത് തന്നെ. അവിടെയും പറയുന്ന ആളുടെ ജീവിതരീതിയും ആദര്‍ശവുമൊന്നും അധികം നോക്കാതെ പറയുന്നതെന്ത് എന്ന് മാത്രം നോക്കാന്‍ ശ്രമിച്ചാല്‍ ചര്‍ച്ച ഒന്നുകൂടി രസകരമാക്കാം (ടിപ് നമ്പ്ര് ഒന്ന് നോക്കണേ ഇവിടെയും-അല്ലെങ്കില്‍ നെറ്റി ചുളിയും).

പക്ഷേ ടിപ് നമ്പ്ര് ഒന്ന് പോലെ ഏതാണ്ട് ഏറെക്കുറെ ഒട്ടുമേ നടപ്പില്ലാത്ത ഒരു കാര്യം അല്ലേ. ശരിയാണ് പലപ്പോഴും നമുക്ക് പറയുന്ന ആളുടെ രീതികളും നോക്കേണ്ടി വരും. പക്ഷേ അങ്ങിനെയാണെങ്കില്‍ തന്നെ നമ്മള്‍ വളരെ ശ്രദ്ധിച്ച് വേണം അയാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍.

ഉദാഹരണത്തിന് ബാങ്കിലെ ഒരു കാഷ്യര്‍ വേറൊരു കാഷ്യര്‍ പൈസ എണ്ണുന്നത് വളരെ പതുക്കെയാണെന്നും അതുകൊണ്ട് ആള്‍ക്കാര്‍ക്ക് ഒത്തിരി താമസം നേരിടുന്നു എന്നുമൊക്കെ പറഞ്ഞ് അയാള്‍ പൈസാ എണ്ണുന്ന രീതിയെ കുറ്റം പറയുകയാണെന്ന് വിചാരിക്കുക. അപ്പോള്‍ സ്വാഭാവികമായും നമുക്ക് കുറ്റം പറഞ്ഞ കാഷ്യര്‍ പൈസ എണ്ണുന്ന രീതി എങ്ങിനെ എന്നറിയാന്‍ താത്‌പര്യമുണ്ടാവും. അത് മനുഷ്യസഹജം. അതുപോലെ നമ്മളില്‍ ചിലര്‍ ആ കാഷ്യറോട് പറയും-“നിങ്ങളിങ്ങനെ അടച്ചാക്ഷേപിക്കരുത്, ഇതേ കാര്യം നിങ്ങളോടാണ് ആരെങ്കിലും പറയുന്നതെങ്കില്‍ നിങ്ങള്‍ക്ക് എത്രമാത്രം വിഷമമുണ്ടാവും” എന്നൊക്കെ. അപ്പോള്‍ കുറ്റം പറഞ്ഞ കാഷ്യര്‍ പറയുന്നത് “ബാങ്ക് അയാള്‍ക്ക് ശമ്പളം കൊടുക്കുന്നുണ്ടെങ്കില്‍ അയാള്‍ ഇതൊക്കെ നേരാംവണ്ണം ചെയ്യാന്‍ ബാധ്യസ്ഥനാണ്” എന്നൊക്കെയായിരിക്കും. അപ്പോള്‍ നമ്മളില്‍ ചിലര്‍ക്ക് സ്വാഭാവികമായ ഒരു ത്വര ഉണ്ടാവും-എന്നാല്‍ ലെവനെ ഒന്ന് എക്‍സ്‌പോസ് ചെയ്തേക്കാം എന്ന്.

ഇവിടെ നമ്മള്‍ വളരെ ശ്രദ്ധിക്കണം. ഇനി കുറ്റം പറഞ്ഞയാളെ വിമര്‍ശിച്ചാല്‍ അയാളും കിടന്ന് ബഹളം വെക്കും എന്ന് തെളിയിക്കാന്‍ അയാള്‍ പലചരക്കു കടയില്‍ സാധനം വാങ്ങിയിട്ട് പൈസാ എണ്ണുന്ന രീതിയെ വിമര്‍ശിച്ച് അയാളെ പ്രകോപിപ്പിച്ചിട്ടല്ല. അങ്ങിനെ അയാള്‍ പ്രകോപിതനായി, “ഞാന്‍ പലചരക്ക് കടയില്‍ സാധനം വാങ്ങിക്കുന്നതിന് നിനക്കെന്തെടേ” എന്ന് ചോദിക്കുമ്പോള്‍ “കണ്ടോ കണ്ടോ നിങ്ങളെ പ്രകോപിപ്പിച്ചാല്‍ നിങ്ങളും ഇതൊക്കെ തന്നെ ചെയ്യും, അതുകൊണ്ട് നിങ്ങള്‍ അത്ര കേമനൊന്നുമല്ല” എന്ന് പറഞ്ഞ് പറ്റിച്ചേ പറ്റിച്ചേ എന്ന രീതിയില്‍ സന്തോഷിക്കുന്നതില്‍ വലിയ കാര്യമില്ല. അയാളുടെ ബാങ്കിലെ പൈസാ എണ്ണല്‍ രീതിയെ തന്നെ വിമര്‍ശിച്ചിട്ട് അയാളുടെ പ്രതികരണം നോക്കി വേണം അയാളെ വിലയിരുത്താന്‍. അല്ലാതെ അയാളുടെ വ്യക്തിജീവിതത്തെപ്പറ്റി പറഞ്ഞ് അയാളെ പ്രകോപിപ്പിച്ചിട്ടല്ല (ഒരു വിധത്തില്‍ ഒപ്പിച്ചു).

അതുകൊണ്ട് ഇവിടെയും പറയുന്ന ആളുടെ രീതി നോക്കാതെ പറയുന്നതെന്ത് എന്ന് മാത്രം നോക്കിയാല്‍ ചര്‍ച്ചിതവിജയം ഉറപ്പ്.

3. വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഏതെങ്കിലും വിധത്തില്‍ മുകളില്‍ പറഞ്ഞ രണ്ട് കാര്യങ്ങളും ചെയ്യാമെന്ന് വെച്ചാല്‍ തന്നെ ഈ മൂന്നാം ടിപ് പാലിക്കാന്‍ നമ്മളെകൊണ്ട് ഇനിയൊരു കാക്കത്തൊള്ളായിരം കൊല്ലം കഴിഞ്ഞാലും കഴിയില്ല. കാരണം ആ ഒരു കോശം നമ്മുടെ തലച്ചോറിലില്ല എന്ന് തന്നെ തോന്നുന്നു. വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, പതറാതെ, തളരാതെ മുന്നേറിയ ചര്‍ച്ചകള്‍ വിരലില്‍ എണ്ണാവുന്നവ മാത്രം. വിഷയത്തില്‍ നിന്നും മാറാനുള്ള പല കാരണങ്ങളില്‍ ഒരു കാരണം, ആര് പറയുന്നു എന്ന് നോക്കാന്‍ പോകുന്നത് തന്നെ. പിന്നെ പറയുന്ന ആളിലായിരിക്കും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അയാള്‍ എന്ത് എങ്ങിനെ പറഞ്ഞാലും അയാളല്ലേ പറഞ്ഞത്, ഇങ്ങിനെയേ പറയൂ എന്നുള്ള ചിന്ത നമ്മള്‍ ഓള്‍‌റെഡി മനസ്സില്‍ ഫീഡ് ചെയ്‌തിരിക്കും. പിന്നെ അയാള്‍ തലകുത്തി നിന്നിട്ടും കാര്യമില്ല.

അതുപോലെ ടോപ്പിക് മാറ്റല്‍ പല ചര്‍ച്ചക്കാരുടെയും നിലനില്‍‌പ്പിന്റെ പ്രശ്‌നം കൂടിയാണ്. ചര്‍ച്ചകളെ ജീവന്‍‌മരണ പോരാട്ടമായൊക്കെ എടുക്കുമ്പോഴാണ് എങ്ങിനെയും ജയിക്കാന്‍ ടോപ്പിക് മാറ്റല്‍ തുടങ്ങിയ ആയുധങ്ങള്‍ നമ്മള്‍ പുറത്തെടുക്കുന്നത്.

രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളമാണെങ്കില്‍ ഇത്തരം ടോപ്പിക് മാറ്റല്‍ അവരുടെ നിലനില്‍‌പ്പിന്റെ പ്രശ്നം കൂടിയാണ്. അവരെ കണ്ട് പഠിച്ചതാണെന്ന് തോന്നുന്നു, നമ്മളും. പല ചര്‍ച്ചകളിലും മുന്‍‌വിധി എന്നൊരു സംഗതി കിടന്ന് കളിക്കുന്നതുകാരണം ഒരു കീവേഡ് കണ്ടാല്‍ അതില്‍ പിടിച്ച് നമ്മള്‍ കാട്ടിലേക്കങ്ങ് കയറും. കേരളത്തിനെ മാത്രം ബാധിക്കുന്ന കാര്യത്തെപ്പറ്റിയുള്ള ചര്‍ച്ചയാണെങ്കിലും നമ്മള്‍ അങ്ങ് അന്റാര്‍ട്ടിക്ക വരെ പോകും, അക്കാര്യം പറഞ്ഞുകൊണ്ട്.

അതുപോലെ നമ്മുടെയൊക്കെ ബ്ലോഗുകളില്‍ നോക്കിയാല്‍ തന്നെ കാണാം, കേരളത്തില്‍ കാടുകള്‍ക്ക് യാതൊരു ക്ഷാമവുമില്ല എന്ന്. എത്രയൊക്കെ കാടുകളിലേക്കാണ് നമ്മള്‍ ചര്‍ച്ചകളെ നയിച്ചുകൊണ്ട് പോകുന്നത്. എല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന്റെ പ്രശ്‌നം. ചില ഓഫ് ടോപ്പിക് സംവാദങ്ങള്‍ ടോപ്പിക്കിനെക്കാളും നല്ല ചര്‍ച്ചകള്‍ക്ക് വളം വെച്ചിട്ടുണ്ടെങ്കിലും ശ്രദ്ധ മാറുന്നതിന് അതൊരു ന്യായീകരണമല്ല എന്നുതന്നെ തോന്നുന്നു.

ഒട്ടും നടപ്പുള്ള കാര്യമല്ല എന്നറിയാം. എങ്കിലും വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്ന് ചര്‍ച്ച ചെയ്തു നോക്കിക്കേ. നല്ല മനഃസുഖം കിട്ടും.

(എത്രയെത്ര നെറ്റികളില്‍ ചുളിവുകള്‍ വീണു അല്ലേ. ചര്‍ച്ചകള്‍ കാടുകയറ്റുന്നതില്‍ എന്റേതായ ഒരു പങ്കും ബ്ലോഗില്‍ ഉണ്ടെന്നതില്‍ ഞാന്‍ ഖേദിക്കുന്നു. പക്ഷേ നെറ്റി ആഞ്ഞൊന്ന് തിരുമ്മിയിട്ട് ടിപ് നമ്പ്ര് ഒന്ന് ഒന്നുകൂടി വായിക്കുക).

4. ഒന്ന് അധികം മൂന്ന്

ഒന്നാം ടിപ്പും മൂന്നാം ടിപ്പും ചേര്‍ന്നാല്‍ ചെയ്യാന്‍ പറ്റുന്ന കാര്യമാണ് നാലാം ടിപ്പ്. അതായത് ആര് പറയുന്നു എന്ന് നോക്കേണ്ട. അതുപോലെ ചര്‍ച്ചയുടെ ടോപ്പിക്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് രണ്ടും ചെയ്‌താല്‍ ചര്‍ച്ചക്കാരന്‍ നാലാഴ്ച മുന്‍പ് ആ ബ്ലോഗില്‍ പറഞ്ഞ കാര്യവും രണ്ടാഴ്‌ച മുന്‍‌പ് ഈ ബ്ലോഗില്‍ പറഞ്ഞ കാര്യവും ഒന്നും പൊക്കിക്കൊണ്ട് വരില്ല-പ്രത്യേകിച്ചും അവയുമായൊന്നും യാതൊരു ബന്ധവുമില്ല പുതിയ ചര്‍ച്ചയ്ക്കെങ്കില്‍. അങ്ങിനെ പഴം‌പുരാണങ്ങള്‍ ചര്‍ച്ചകളില്‍ എഴുന്നെള്ളിക്കാന്‍ തുടങ്ങിയാല്‍ അത് തീര്‍ച്ചയായും നമ്മളെ കാട്ടിലേക്ക് കയറ്റും. പരമാവധി കുറച്ചാല്‍ പരമാവധി സന്തോഷം.

എങ്ങിനെയും ചര്‍ച്ചകളില്‍ ജയിക്കണം എന്ന വാശി വന്ന് ചര്‍ച്ചകളെ വെറും വാഗ്വാദത്തിന്റെ നിലവാരത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് പണ്ട് വള്ളിനിക്കറിട്ട് നടന്ന കാലത്ത് മറ്റെയാള്‍ പറഞ്ഞ കാര്യമൊക്കെ ഓര്‍ത്ത് വെച്ച് നമ്മള്‍ ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞത്തെ ചര്‍ച്ചയിലും പൊക്കിക്കൊണ്ട് വരുന്നത്. ഓര്‍ക്കുക, പല ചര്‍ച്ചകളും ഒരു മത്സരമല്ല.

(ഇത് നീ തന്നെ പറയണം എന്ന ആത്മഗതങ്ങള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നു...എന്ത് ചെയ്യാം, ചില ദുര്‍ബ്ബല നിമിഷങ്ങളില്‍ കണ്ട്രോള്‍ പോയി-പരമാവധി ശ്രമിക്കാം, ഇനിയെങ്കിലും).

5. ലേബലടി.

ലേബലുകള്‍ എന്തെന്നില്ലാത്ത സ്വാതന്ത്ര്യമാണ് ചര്‍ച്ചക്കാര്‍ക്ക് തരുന്നത്. ഒരാളില്‍ ഒരു ലേബലങ്ങടിച്ചാല്‍ ചര്‍ച്ചയില്‍ പക്ഷം പിടിക്കുന്നവര്‍ക്കെല്ലാം പിന്നെ ആ ലേബലിന്റെ അടിസ്ഥാനത്തില്‍ പ്രതികരിച്ചാല്‍ മതി. പക്ഷേ പ്രശ്‌നം പഴയതുതന്നെ. അതായത്, ലേബല്‍ വീണാല്‍ പിന്നെ പറയുന്നതെന്ത് എന്ന് നോക്കാന്‍ മറക്കും. ലേബലിനെ നോക്കി മാത്രം പ്രതികരിക്കും.

ഇത് നമ്മളില്‍ പലര്‍ക്കുമുള്ള ഒരു മിഥ്യാധാരണ കൊണ്ട് സംഭവിക്കുന്നതാണ് എന്ന് തോന്നുന്നു. അതായത്, പണ്ട് ബുഷ് പറഞ്ഞതുപോലെ ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ, അല്ലെങ്കില്‍ നിങ്ങള്‍ അവരുടെ കൂടെ- ഈ രണ്ട് വിഭാഗങ്ങള്‍ മാത്രമേ ഈ ലോകത്തുള്ളൂ എന്ന് കരുതുന്നതുകൊണ്ടാണ് നമ്മള്‍ ലേബലുകള്‍ അടിച്ച് കൊടുക്കുന്നത്. മൂന്നാമതൊരു വിഭാഗവും നാലാമതൊരു വിഭാഗവും ഒക്കെയുണ്ടെന്ന കാര്യം നമ്മള്‍ പലപ്പോഴും മറക്കുന്നു. അത് നമ്മുടെ വാദങ്ങളിലും പ്രതിഫലിക്കുന്നു. ചര്‍ച്ചിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പണ്ട് നയനാര്‍ പറഞ്ഞതുപോലെ “ഓന്‍ മറ്റേ പാര്‍ട്ടിയാ” എന്ന ലേബല്‍ വീഴുന്നതോടെ മറ്റേ പാര്‍ട്ടിക്കാരന്‍ തലകുത്തി നിന്ന് പരിശ്രമിച്ചാലും ആ ലേബല്‍ മാറ്റാന്‍ സാധിക്കില്ല. പിന്നെ അവന്‍ ഏത് ചര്‍ച്ചയില്‍ എന്ത് പറഞ്ഞാലും ആ ലേബലില്‍ കൂടി മാത്രമേ അവനെ കാണൂ.

ഏതോ കാവിഷര്‍ട്ടുകാരന്‍ ഒരു സിന്ദൂരക്കുറിയുമിട്ട് ഏതോ ഒരു റോഡിന്റെ ഏതോ ഒരു മൂലയ്ക്ക് നിന്ന് “ഭാരതീയ പൈതൃകം” എന്ന് പറഞ്ഞതുകൊണ്ട് മാത്രം, പിന്നെ ആ വാക്കുച്ചരിച്ചവരെയൊക്കെ നമ്മള്‍ ലേബലടിച്ച് വിട്ടിട്ടുണ്ട്. എന്തിനധികം, അതേ കാവിഷര്‍ട്ടുകാരന്‍ സസ്യാഹാരത്തെപ്പറ്റി പറഞ്ഞു എന്നതുകൊണ്ട് മാത്രം ഞാനിനി ചിക്കനേ അടിക്കൂ എന്ന് പ്രതിജ്ഞയെടുത്തവരുണ്ട്. ഇതൊക്കെ ലേബലും പറയുന്നതെന്താണെന്ന് നോക്കാതെ പറയുന്ന ആളെ നോക്കുന്നതും ഒന്നിച്ച് വരുമ്പോഴുള്ള കുഴപ്പമാണ്. അങ്ങിനത്തെ ലേബലുകള്‍ നമ്മുടെ ചിന്താശേഷിയ്ക്ക് തന്നെയാണ് കൂച്ചുവിലങ്ങിടുന്നത്. കാര്യങ്ങളെ ശരിയായ രീതിയില്‍ കാണാനും മനസ്സിലാക്കാനുമാണ് സാധാരണ ലേബലുകള്‍ ഉപയോഗിക്കുന്നതെങ്കിലും ചര്‍ച്ചകളിലെ ലേബലുകള്‍ നമ്മളെ പലപ്പോഴും വഴിതെറ്റിക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് ചര്‍ച്ചകളില്‍ ലേബലുകള്‍ അടിക്കാതിരിക്കുക. ഇവിടെയും ശ്രദ്ധിക്കുക-പറയുന്ന ആളല്ല കാര്യം, പറയുന്നതെന്താണ് എന്നതാണ് കാര്യം. അത് മറക്കരുത്.

6. പരസ്പര ബഹുമാനം.

ഈ ലോകത്ത് ഒരുകാക്കത്തൊള്ളായിരം ആള്‍ക്കാരുണ്ട്. ആ ഒരുകാക്കത്തൊള്ളായിരം ആള്‍ക്കാര്‍ക്ക് ഇരുകാക്കത്തൊള്ളായിരം അഭിപ്രായങ്ങളുമുണ്ട്. സംഗതി അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ലെങ്കിലും നമ്മളെല്ലാവരും തന്നെ അത്യാവശ്യം അഭിമാനികളായതുകാരണവും അതില്‍ തന്നെ ചിലരെല്ലാം സാമാന്യം ദുരഭിമാനികളായതുകാരണവും അങ്ങിനെയിങ്ങിനെയൊന്നും നമ്മളാരും അഭിപ്രായങ്ങള്‍ മാറ്റാറില്ല.

ഒരു ചര്‍ച്ചയില്‍ നമ്മള്‍ എത്രമാത്രം നമ്മുടെ അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍‌ക്കുന്നുവോ, അത്രമാത്രമോ അതില്‍‌ കൂടുതലോ ആയിരിക്കും എതിര്‍പക്ഷം അവരുടെ അഭിപ്രായങ്ങളിലും ഉറച്ച് നില്‍ക്കുന്നതെന്ന് മനസ്സിലാക്കുക. നമുക്കുള്ള ന്യായീകരണങ്ങള്‍ എല്ലാം തന്നെ എതിര്‍പക്ഷത്തിനും കാണും. അപ്പോള്‍ പിന്നെ ചെയ്യാന്‍ പറ്റുന്ന കാര്യം, ചര്‍ച്ചയില്‍ അഭിപ്രായസമന്വയം ഉണ്ടായില്ലെങ്കില്‍ രണ്ടു കൂട്ടരുടെ അഭിപ്രായങ്ങളും രണ്ടുകൂട്ടരും ബഹുമാനിക്കുക (ഇതൊക്കെ ഞാന്‍ തന്നെ പറയണം അല്ലേ... ടിപ് നമ്പ്ര് ഒന്ന് ഒന്നുകൂടി നോക്കുക).

എല്ലാ ചര്‍ച്ചകളിലും പൊരിഞ്ഞ അടിയാണ് എന്നൊരര്‍ത്ഥം മുകളില്‍ പറഞ്ഞതിനില്ല. എന്തെങ്കിലും എതിരഭിപ്രായത്തില്‍ തുടങ്ങി മറ്റേയാള്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന് ബോധ്യപ്പെട്ട് അയാളോട് യോജിക്കന്ന ധാരാളം ചര്‍ച്ചകളും ഉണ്ട്. പക്ഷെ അല്ലാതുള്ള ചര്‍ച്ചകളും സുലഭം. അങ്ങിനെയുള്ള ചര്‍ച്ചകള്‍ വെറും വാഗ്വാദങ്ങളായി മാറാതിരിക്കാന്‍ പരസ്പര ബഹുമാനം സഹായിക്കും.

ഈ പരസ്പര ബഹുമാനം ചര്‍ച്ചയുടെ അവസാനം മാത്രം വേണ്ട കാര്യമല്ല-ആദ്യം മുതല്‍ തന്നെ അതാവാം. ഓര്‍ക്കേണ്ടത്, അപ്പുറത്തുള്ളത് നമ്മുടെ ശത്രുവല്ല, വെറുതെ നമ്മളുമായി സംവദിക്കുന്ന ഒരാള്‍ എന്ന കാര്യമാണ്. ധൈര്യമായി ബഹുമാനിച്ചോ. ഒരു കുഴപ്പവും വരില്ല.

7. വ്യക്തിഹത്യ

എങ്ങിനെയും ചര്‍ച്ചകള്‍ ജയിക്കണം എന്ന വാശി വരുമ്പോഴാണ് അവസാന ആയുധമെന്ന നിലയില്‍ പോലുമല്ലാതെ ആദ്യത്തെ ആയുധമായിത്തന്നെ ചിലപ്പോള്‍ വ്യക്തിഹത്യയിലേക്ക് നമ്മള്‍ തിരിയുന്നത്. തലയൊക്കെ നല്ലപോലെ തണുപ്പിച്ച് പറയുന്നത് ആരെന്ന് നോക്കാതെ പറയുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റിയാല്‍ പിന്നെ വ്യക്തിക്ക് അവിടെ സ്ഥാനമില്ലല്ലോ. അനോണികള്‍ പോലും ഒരു ഇഫക്ടും ഉണ്ടാക്കില്ല. പക്ഷേ പറ്റണ്ടേ.

വ്യക്തിഹത്യ നടത്താതിരിക്കണമെങ്കില്‍ ചര്‍ച്ചാവാശിപ്പിടിവാശി ആദ്യം ഉപേക്ഷിക്കണം. ചര്‍ച്ച ചെയ്യുമ്പോള്‍ വ്യക്തിയെ നോക്കേണ്ടെങ്കിലും വ്യക്തികള്‍ക്കും ബന്ധങ്ങള്‍ക്കും ചര്‍ച്ചയെക്കാളും പ്രാധാന്യമുണ്ട് എന്നോര്‍ക്കണം. ചര്‍ച്ചയല്ല ജീവിതം എന്ന് മനസ്സിലാക്കണം. ചര്‍ച്ചയെക്കാളും വലുതായ പലതും നമ്മുടെ ജീവിതത്തില്‍ ഉണ്ട് എന്ന് അറിയണം. ആ സെന്‍സ്/സെന്‍സിറ്റിവിറ്റ്/സെന്‍സിബിലിറ്റി/സെന്‍സേഷണാലിറ്റി ഇതൊക്കെ ഉണ്ടെങ്കില്‍ പിന്നെ വ്യക്തിഹത്യയെപ്പറ്റി ചിന്തിക്കില്ല.

അതുപോലെ തന്നെ വ്യക്തിഹത്യ എന്ന് പറയുന്നത് ആ രണ്ട് വ്യക്തികള്‍ മാത്രം ഉള്‍പ്പെട്ട സംഗതിയാണ്. അത് പരമാവധി അവര്‍ തന്നെ കൈകാര്യം ചെയ്താല്‍ കാര്യങ്ങള്‍ ഒന്നുകൂടി നിയന്ത്രണത്തില്‍ നില്‍ക്കും എന്ന് തോന്നുന്നു. ഏറ്റുപിടിക്കാന്‍ ആള്‍ക്കാര്‍ വന്നാല്‍ തീര്‍ന്നു. കാരണം ഏറ്റുപിടുത്തക്കാരില്‍ നല്ല ഉദ്ദേശമുള്ളവരുണ്ടെങ്കിലും വ്യക്തിപരമായ വേറേ ഉദ്ദേശലക്ഷ്യങ്ങള്‍ ഉള്ളവരും കാണും. അതുകൊണ്ട് വ്യക്തിഹത്യ നടത്തിയാല്‍ തന്നെ ആരെങ്കിലുമൊക്കെ സഹായിക്കാന്‍ വന്നാല്‍, “ഒന്ന് വെയിറ്റ് ചെയ്യണേ, എനിക്ക് തന്നെ ഇത് തീര്‍ക്കാന്‍ പറ്റുമോ എന്നൊന്ന് നോക്കട്ടെ, അല്ലെങ്കില്‍ തീര്‍ച്ചയായും സഹായിക്കണം” എന്നോ മറ്റോ ഒന്ന് പറഞ്ഞ് നോക്കി സംഗതി ഒന്ന് തീര്‍ക്കാന്‍ (വ്യക്തിയെയല്ല, ഹത്യയെ) അത് ചിലപ്പോള്‍ ഗുണം ചെയ്തേക്കും.

പോയിന്റ് നമ്പ്ര് ആറ് ആയ പരസ്പര ബഹുമാനം ഉണ്ടെങ്കില്‍ തന്നെ വ്യക്തിഹത്യ ഇല്ലാതാക്കാം. നമ്മളെപ്പോലെ തന്നെയുള്ള, നമ്മുടെതായ എല്ലാ രീതികളുമുള്ള ഒരു മനുഷ്യജീവി തന്നെയാണ് അപ്പുറത്തെന്നും ഓര്‍ത്താല്‍ മതി. നമുക്കുള്ള എല്ലാ അവകാശങ്ങളും, ന്യായങ്ങളും അയാള്‍ക്കും ഉണ്ട് എന്ന് മനസ്സിലാക്കിയാല്‍ പ്രശ്‌നം തീര്‍ന്നു. ഞാന്‍ പറയുന്നത് അയാള്‍ക്ക് മനസ്സിലാവുന്നേ ഇല്ലല്ലോ ഈശ്വരാ എന്ന് നമ്മള്‍ ഇവിടെയിരുന്ന് വിലപിക്കുമ്പോള്‍ അതേ രീതിയില്‍ തന്നെ അയാളും ചിലപ്പോള്‍ അവിടെയിരുന്നും വിലപിക്കുകയായിരിക്കും എന്നോര്‍ക്കുക. അതായത് നമ്മളെത്തന്നെ എതിര്‍പക്ഷത്ത് പ്രതിഷ്ഠിക്കുക. അപ്പോള്‍ സംഗതി ഓക്കേയാവും.

വ്യക്തിഹത്യയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് പരിഹാസം. പറയുന്ന കാര്യത്തെ പരിഹസിക്കുന്നത് ഇനി ഒഴിവാക്കാന്‍ പറ്റിയില്ലെങ്കില്‍ തന്നെ (അവിടെ ഒരു അലവന്‍സ് കൊടുക്കണം, കാരണം ഇതെഴുതുന്നത് ഞാനാണല്ലോ), പറയുന്ന ആളെ പരിഹസിക്കാതിരിക്കാന്‍ പരിശ്രമിക്കണം (നെറ്റിയൊന്നെ അമര്‍ത്തി തിരുമ്മിക്കേ, എന്നിട്ട് ടിപ് നമ്പ്ര് 1...).

8. പിടിവാശി

ഒരു ചര്‍ച്ചയില്‍ നമുക്ക് ഒട്ടും തന്നെ വേണ്ടാത്ത ഒരു കാര്യമാണ് പിടിവാശി (ടിപ് നമ്പ്ര് 1 ഒന്നുകൂടി വായിക്കുക). ഒരു പ്രയോജനവും തന്നെ അത് ചെയ്യില്ല എന്ന് മാത്രവുമല്ല, ശാരീരികമായും മാനസികമായും പോലും അത് നമുക്ക് വളരെയധികം ദോഷം ചെയ്യും. ഒരളവുവരെ നമ്മിലുള്ള ദുരഭിമാനമാണ് നമ്മളെ പിടിവാശിക്കാരാക്കുന്നത്. ഒന്ന് തോറ്റുകൊടുക്കുന്നതിന്റെയും ഒന്ന് വിട്ടുകൊടുക്കുന്നതിന്റെയുമൊക്കെ സുഖം ഒന്ന് വേറേ തന്നെ. ഒന്ന് ചെയ്ത് നോക്കിക്കേ-യാതൊരു ഉപാധികളും കൂടാതെ. നമുക്ക് കിട്ടുന്ന മനഃസമാധാനം അപാരമായിരിക്കും. ചര്‍ച്ചയില്‍ നമ്മള്‍ ഒന്ന് വിട്ടുകൊടുത്തു എന്ന് വിചാരിച്ച് ഈ ലോകം ഒരിക്കലും കീഴ്‌മേല്‍ മറിയാന്‍ പോകുന്നില്ല. പക്ഷേ നമ്മള്‍ ഒന്ന് അയഞ്ഞാല്‍ അതുകൊണ്ട് തന്നെ മാനസാന്തരപ്പെടുന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ടാകാനും മതി.

നമ്മള്‍ നമ്മുടെ പിടിവാശി ചര്‍ച്ചകളില്‍ ഉപേക്ഷിച്ചാല്‍ അതുകൊണ്ട് തന്നെ എതിര്‍പക്ഷം പറയുന്ന കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമായി നമുക്ക് മനസ്സിലാക്കാന്‍ പറ്റും. പലപ്പോഴും അപ്പോഴായിരിക്കും നമ്മള്‍ മനസ്സിലാക്കുന്നത്, “ശ്ശെടാ, ലെവനും ഞാനും ഇത്രയും നേരം ഒരേ കാര്യം തന്നെയാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്” എന്നൊക്കെ. അതെങ്ങിനെ...കയറിയടി തുടങ്ങിയില്ലേ ആദ്യം മുതല്‍ തന്നെ-കാരണം, ആര് പറയുന്നു എന്നുള്ള മുന്‍‌വിധി.

അതുകൊണ്ട് സ്വല്പം വെയിറ്റു ചെയ്ത് ആലോചിച്ച് ചര്‍ച്ചിക്കാന്‍ തുടങ്ങിയാല്‍ തന്നെ നമുക്ക് ഒന്നുകൂടി പറയുന്ന കാര്യത്തെപ്പറ്റിയും കേള്‍ക്കുന്ന കാര്യത്തെപ്പറ്റിയും വ്യക്തത വരും. അങ്ങിനെ കാര്യങ്ങള്‍ വ്യക്തമായാല്‍ പരസ്പര ബഹുമാനം വരും. അങ്ങിനെ പരസ്പര ബഹുമാനം വന്നാല്‍ പിടിവാശി കുറയും. അങ്ങിനെ പിടിവാശി കുറഞ്ഞാല്‍ തുറന്ന മനസ്സോടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കും. ടോപ്പിക്കില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും-എല്ലാം പരസ്പരം ബന്ധപ്പെട്ട് തന്നെ കിടക്കുന്നു.

മനസ്സ് തുറന്നിരിക്കുക എന്നത് ചര്‍ച്ചയില്‍ വളരെ പ്രധാനം. മറുപക്ഷം പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണം. സ്വല്പം വെയിറ്റു ചെയ്യണം. ആലോചിക്കണം. എന്നിട്ടേ മറുപടി പറയാവൂ. രക്തം തിളച്ചാല്‍ സംഗതി കൈയ്യില്‍ നിന്നും പോയീ എന്ന് തന്നെ കരുതിയാല്‍ മതി. തിളയ്ക്കുന്ന രക്തം നമ്മുടെ കാഴ്‌ച ശക്തിയെത്തന്നെ ബാധിക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം. കാരണം, പിന്നെ മറുപക്ഷത്തിന്റെ കമന്റുകളൊന്നും വ്യക്തമായി വായിക്കാന്‍ കൂടി പറ്റുന്നില്ല :)

(മറുപക്ഷം, എതിര്‍പക്ഷം എന്നൊക്കെ ഒരു റഫറന്‍സിനു വേണ്ടി പറഞ്ഞതാണ്. അങ്ങിനെ ഈ പക്ഷവും എതിര്‍പക്ഷവും ഒക്കെ എത്രമാത്രം ഇല്ലാതാക്കാമോ, അത്രയും നല്ലത്)

നെറ്റി ഒന്നുകൂടി തിരുമ്മാം കേട്ടോ...ടിപ് നമ്പ്ര് 1.

9. അസ്ഥിക്ക് പിടുത്തം.

അതേ, ചര്‍ച്ചകള്‍ ഒരിക്കലും നമ്മുടെ അസ്ഥിക്ക് പിടിക്കരുത്. പിടിച്ചാല്‍ ഉടന്‍ തന്നെ അതങ്ങ് തൂത്ത് കളഞ്ഞേക്കണം. ചര്‍ച്ചകള്‍ അസ്ഥിക്ക് പിടിച്ചാല്‍ പിന്നെ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ധാരാളം. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കില്ല (ചര്‍ച്ചയല്ലല്ലോ ചോറ് തരുന്നത്), ആകപ്പാടെ വിഷാദം, ടെന്‍ഷന്‍, മൌനം, എല്ലാവരോടും ദേഷ്യം തുടങ്ങി നമ്മള്‍ ഒരിക്കലും ആഗ്രഹിക്കാത്ത എല്ലാ സംഗതികളും കൂടെ ഒന്നിച്ച് വരും. ആര്‍ക്ക് പോയി? നമുക്ക് പോയി.

ഓര്‍ക്കുക. ചര്‍ച്ചയല്ല ജീവിതം. നമ്മള്‍ സാധാരണ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളൊക്കെ ആത്യന്തികമായി നമ്മളെയും നമ്മുടെ സമൂഹത്തിനെയും, നാടിനെയുമൊക്കെ ഒരു രീതിയിലല്ലെങ്കില്‍ വേറൊരു രീതിയില്‍ ബാധിക്കുന്ന കാര്യങ്ങളൊക്കെ തന്നെ. പക്ഷേ ആ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത് അതെല്ലാം അസ്ഥിക്ക് പിടിച്ച് അതെല്ലാം ഓര്‍ത്ത് ടെന്‍ഷനടിച്ച് ഉറക്കമില്ലാതെ ബി.പി കൂടി നടന്നാല്‍ നമുക്കോ നമ്മുടെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സമൂഹത്തിനോ യാതൊരു പ്രയോജനവുമില്ല. അസ്ഥിക്ക് പിടിക്കാതെ തുറന്ന മനസ്സോടെ വികാരിയാകാതെ ശാന്തമ്മയായി ടോപ്പിക്കില്‍ മാത്രം ശ്രദ്ധയൂന്നി, ചര്‍ച്ച ചെയ്യാനുള്ള കപ്പാസിറ്റിയുള്ള ആള്‍ക്കാരുണ്ടെങ്കിലേ ചര്‍ച്ചകള്‍കൊണ്ട് പ്രയോജനം ഉണ്ടാവൂ. ഇതിന്റെ വേറൊരു വശം, ആത്യന്തികമാ‍യി (ഇതിപ്പം രണ്ടാം തവണയാണല്ലോ ആത്യന്തികം വരുന്നത്) നമ്മളൊക്കെ മനസ്സുകൊണ്ട് നല്ലയാള്‍ക്കാരായാല്‍ തന്നെ ചര്‍ച്ച ചെയ്യാനുള്ള ടോപ്പിക്കുകള്‍ പകുതിയായി കുറയും. അങ്ങിനെയല്ലാത്തതുകൊണ്ടാണല്ലോ നമ്മള്‍ക്കൊക്കെ പല പല കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് തന്നെയാണല്ലോ പല ചര്‍ച്ചകളിലും നമ്മള്‍ അവസാനം അടിച്ച് പിരിയുന്നത്.

അതുകൊണ്ട് ചര്‍ച്ചകളെ ഒരു ജീവന്മരണ പോരാട്ടങ്ങളായോ അഭിമാന പ്രശ്‌നങ്ങളായോ എടുക്കാതിരിക്കുക. കുറഞ്ഞ പക്ഷം ബ്ലോഗുകളിലെ ചര്‍ച്ചകളെയെങ്കിലും. കുറച്ച് ബിസിനസ്സ് മനസ്സായാലും കുഴപ്പമില്ല എന്ന് തോന്നുന്നു. അതായത് ഒരു പരിപാടിക്ക് ഇറങ്ങിയാല്‍ എന്തെങ്കിലും പ്രയോജനം അതുകൊണ്ട് കിട്ടണം ഒരു ചര്‍ച്ചയ്ക്കിറങ്ങിയാല്‍ അതുകൊണ്ട് എന്തെങ്കിലും കാര്യം നമുക്ക് പഠിക്കാന്‍ പറ്റണം. അല്ലാതെ വെറുതെ കുറച്ച് ഒച്ചയെടുത്താല്‍ അതും ഒരു വ്യായാമമാണെന്നുള്ളത് ശരി, എങ്കിലും... അതിനു കൊടുക്കേണ്ട മൂലധനം എന്ന് പറയുന്നത് നമ്മുടെ മനഃസമാധാനം തന്നെയാണെങ്കില്‍ ഏതിനാണ് കൂടുതല്‍ മൂല്യമെന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം.

അപ്പോള്‍ അത് കഴിഞ്ഞു. ഇനി ഏതൊരു ചര്‍ച്ചയുടെയും പരിസമാപ്തി പോലെ ഒന്നും ഉള്ളില്‍ വെക്കാതെ ഹൃദ്യമായി ചിരിച്ചുകൊണ്ട് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കൈ കൊടുത്ത് ചിരിച്ച് കളിച്ച്...

...ത്രയൊക്കെയേ ഉള്ളൂന്ന്.

(എല്ലാവരും ആ ചുളിഞ്ഞ നെറ്റി....)

37 Comments:

  1. At Thu Jan 18, 07:26:00 AM 2007, Blogger യാരോ ഒരാള്‍ said...

    ആദ്യം ഒരു തേങ്ങ.. വായന അതിനു ശേഷം.

     
  2. At Thu Jan 18, 08:10:00 AM 2007, Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

    വക്കാരിമാഷേ,

    ലേഖനം നന്നായി. അപ്പോ പറഞ്ഞപോലെ...(അതെ, ഭയങ്കര ഡീസന്റാ):-)

    എല്ലാവരും വായിച്ചിരിയ്ക്കേണ്ട ലേഖനം.

    ഒരു കാണാക്കയര്‍ നമ്മുടെ കഴുത്തില്‍ക്കെട്ടി, ആ കയറിന്റെ മറ്റേ അറ്റം ശത്രു(?)വിന്റെ കയ്യില്‍ കൊടുത്താല്‍ എങ്ങിനെയിരിയ്ക്കും? "കുറവന്റെ കയ്യിലെ കുരങ്ങനെപ്പോലെ", മറ്റൊരാള്‍ (പ്രകോപിപ്പിച്ച്‌)തുള്ളിയ്ക്കുമ്പോള്‍ തുള്ളാതെയിരിയ്ക്കാനും വേണ്ടേ ഒരു കഴിവ്‌? അതുണ്ടാക്കിയെടുക്കാന്‍ ഈ കുറിപ്പ്‌ സഹായകമാവുന്നു.

     
  3. At Thu Jan 18, 08:57:00 AM 2007, Blogger Rasheed Chalil said...

    വക്കാരിമാഷേ അസ്സല്‍ ലേഖനം...

    പലപ്പോഴും മിസ്റ്റര്‍ വിവേകിന് പകരം മിസ്റ്റര്‍ വികാര്‍ ചര്‍ച്ചക്കെത്തുന്നത് കൊണ്ട് തന്നെയാണ് അടിയും ഇടിയും പിന്നെ അതിന്റെ കൊട്ടികലാശവും അതിനിടയിലെ അനോണിയുടെ മിമിക്രിയും മാപ്പ് പറച്ചിലും പശ്ചാത്തപവും കരച്ചിലും പിഴിച്ചിലും... എല്ലാം അരങ്ങേറുന്നത്.

    അത് കൊണ്ടായിരിക്കാം... ഞാനടക്കം പലരും ചര്‍ച്ചകളില്‍ നിന്ന് (വിവാദത്തിന് ഞങ്ങളില്ലേയ് എന്ന് തീരുമാനിച്ച് )മാറിനില്‍ക്കുന്നത്.

     
  4. At Thu Jan 18, 08:59:00 AM 2007, Blogger ബിന്ദു said...

    എനിക്കെന്തായാലും വട്ടാ‍യി. :)
    ഒരു ചര്‍ച്ചയില്‍ പങ്കെടുക്കണം എന്നു വളരെ കാലമായി ആലോചിക്കുന്നു... പക്ഷേ ശാന്തമ്മയായി പോവുന്നു, അങ്ങനെ അവസരം നഷ്ടപ്പെടുന്നു. എനി ടിപ്സ്??? :)
    വക്കാരിയെ രണ്ടു ദിവസം കാണാത്തത് ഇതിന്റെ പിറകേ ആയിരുന്നൊ?

     
  5. At Thu Jan 18, 09:10:00 AM 2007, Blogger അനംഗാരി said...

    വക്കാരിക്ക് നമോവാകം.ഇത് കൊള്ളേണ്ടിടത്തൊക്കെ കൊള്ളുന്നുണ്ട് വക്കാരി.ലേഖനം നന്ന്.
    നമ്മളില്‍ പലരുടേയും,(ഞാനും വക്കാരിയും ഉള്‍പ്പടെ :)ധാരണ നമുക്കൊക്കെ ഭയങ്കര അറിവാണെന്നാണ്.അതുകൊണ്ട് മറ്റുള്ളവര്‍ എന്തു പറഞ്ഞാലും നമ്മളുടെ കാഴ്ചപ്പാടിലൂടെ മാത്രമേ കാണൂ.ഇവിടെ നമുക്ക് പ്രതിപക്ഷ ബഹുമാനം നഷ്ടപ്പെടുന്നു.ഇനി നമ്മള്‍ക്ക് എതിര്‍കക്ഷി പറയുന്ന കാര്യങ്ങള്‍ തെളിവുകളും, ന്യായങ്ങളും നിരത്തി ഖണ്ഡിക്കാന്‍ കഴിയുന്നെങ്കില്‍ മാത്രമെ അതിനു നില്‍ക്കാവൂ.അല്ലാത്തപക്ഷം അവന്റെ വിവരക്കേടൊന്നൊ അവന്‍ പറഞ്ഞതിനെ വായിച്ച് എന്റെ സമയം മെനക്കെട്ടെന്നോ ഒക്കെ പറഞ്ഞ് ഒരു വാഗ്വാദം ഉണ്ടാക്കാം.അത്ര തന്നെ.ബൂലോഗത്ത് പലപ്പോഴും ആളും തരവും നോക്കിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.ഇത് ഒരു ഗുണവും ചെയ്യുന്നില്ല.മറിച്ച് സ്വയം വിശ്വാസ വഞ്ചന കാണിക്കുന്നു.ചര്‍ച്ചകള്‍ ഒരു തുറന്ന സമീപനത്തില്‍ സ്വീകരിക്കുകയാണെങ്കില്‍ അവനെ ശത്രുവായി കാണുന്ന രീതി മാറണം.

    അതുകൊണ്ട് ആദ്യം വക്കാരി ടിപ്സ് വക്കാരി തന്നെ പ്രയോഗത്തില്‍ വരുത്തി അതിന്റെ ഗുണം വ്യക്തമാക്കൂ.:))

     
  6. At Thu Jan 18, 09:16:00 AM 2007, Blogger പുള്ളി said...

    ഡമ്മീസ് സീരീസ് പോലെ വക്കാരീസ് ടിപ്സ് സീരീസ് പുസ്തകമാകാനുള്ള പ്ളാനാണോ?
    ടിപ് #1 നടക്കാത്ത സ്വപ്നം. അതല്ല ഇനിയതുശരിയാവണമെങ്കില്‍ എല്ലാ ചര്‍ച്ചകളിലും അനോണികളെ മാത്രമേ അനുവദിയ്ക്കാവൂ. അതുമല്ലെങ്കില്‍ ചര്‍ച്ചകളില്‍ പങ്കേടുക്കുന്നവരുടെ ഓര്‍മ്മശക്തി നശിച്ചിരിക്കണം.

    പിന്നെ ഒരു ടിപ്പ് കൂടി ചേര്‍ക്കമായിരുന്നൂ..

    ടിപ്പ് # 19 (പതിനെട്ടും പയറ്റിയതിനു ശേഷം) : പുസ്പംന്നും പറയാം കുട്ടിപറഞ്ഞപോലേം പറയാം...

     
  7. At Thu Jan 18, 10:08:00 AM 2007, Blogger Peelikkutty!!!!! said...

    വക്കാരീസ് ടിപ്സ്-1(ബെസ്റ്റ് സെല്ലര്‍-2006!) പ്രിന്റൌട്ട് എടുത്ത് മേശപ്പൊറത്ത് വച്ചിട്ടുണ്ടായിരുന്നു..ആരെങ്കിലും വായിച്ച് നന്നായിക്കോട്ടെന്ന്!(ആരും നോക്കിയില്ല ..സോറി വക്കാരി എഴുത്യൊണ്ടല്ല ;എന്റെ ഇങ്ങനത്തെ കലക്ഷന്‍സ് സ്വതവെ ആരും മൈന്‍ഡ് ചെയ്യാറില്ല(കൊറെ കൂട്ടിവയ്ക്വേ!) ഞാന്‍‌ നിര്‍‌ബന്ധിച്ച് അനിയത്തിയെക്കൊണ്ട് വായിപ്പിക്കാന്‍ ശ്രമിച്ചു..അല്ലാണ്ട് ഇതൊക്കെ എനിക്കെന്തിനാ:)



    മൌനം വിദ്വാനു ഭൂഷണം അതൊ മൌനം മന്ദനും ഭൂഷണം അതോ എഴുതാനുള്ള മടിയൊ അതൊ വിവരമില്ലായ്മയൊ അതൊ പേടിയൊ, എന്തൊ ചര്‍‌ച്ച വരുമ്പോള്‍ ഗാലറിയിലിരുന്ന് കളി കാണും:)


    ലേഖനം ഉചിതമായി.

     
  8. At Thu Jan 18, 10:10:00 AM 2007, Blogger സു | Su said...

    ഞാന്‍ തീരുമാനിച്ചു. ഇതൊക്കെ അനുസരിക്കാന്‍. പക്ഷെ രണ്ട് കൈ കൂട്ടിയടിച്ചാല്‍ ശബ്ദമുണ്ടാകും. കോര്‍ത്ത് പിടിച്ചാല്‍ മുന്നോട്ട് പോകാം.

    വക്കാരി പറഞ്ഞതൊക്കെ എനിക്കിഷ്ടപ്പെട്ടു. ജ്യോതി പറഞ്ഞതും.

    വക്കാരീ, നന്ദിയപ്പാ...

     
  9. At Thu Jan 18, 10:19:00 AM 2007, Anonymous Anonymous said...

    എന്നിട്ടും വക്കാരിയെന്തേ ഇങ്ങനെയായി ? ;)

     
  10. At Thu Jan 18, 10:26:00 AM 2007, Blogger ഇടിവാള്‍ said...

    വക്കാരീ....

    നല്ല്ല ഉഗ്രന്‍ ലേഖനം, പക്ഷേ പ്രശ്നമെന്താനെന്നുവച്ചാല്‍, പലര്‍ക്കും പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടായ പോയന്റുകളാണെന്നു മാത്രം ;)

     
  11. At Thu Jan 18, 11:16:00 AM 2007, Blogger ഇട്ടിമാളു അഗ്നിമിത്ര said...

    ഒരു ഗൈഡിനെ സംഘടിപ്പിച്ച് ഒന്നുകൂടി പരിശ്രമിച്ചാല്‍ ഇതൊരു റിസര്‍ച്ച് പേപ്പര്‍ ആക്കി ഇറക്കാലോ? ചുളുവില്‍ ഒരു ഡോക്റ്ററേറ്റ്... എന്തായാലും നല്ല ലേഖനം ...സമ്മതിച്ചിരിക്കുന്നു...

    ഇത്തിരിയുടെ .."മിസ്റ്റര്‍ വിവേകിന് പകരം മിസ്റ്റര്‍ വികാര്‍ "....കലക്കി

     
  12. At Thu Jan 18, 11:25:00 AM 2007, Blogger സു | Su said...

    ഇട്ടിമാളൂ, അത് വക്കാരി തന്നെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ. മിസ്റ്റര്‍ എന്നല്ല ചേട്ടന്‍ എന്നാണെന്ന് മാത്രം. :)

     
  13. At Thu Jan 18, 11:30:00 AM 2007, Blogger സ്വാര്‍ത്ഥന്‍ said...

    അവനവനേക്കുറിച്ച് അല്പമെങ്കിലും കരുതല്‍ ഉണ്ടെങ്കില്‍ ഇതെല്ലാം നെറ്റി ചുളിയാതെ നിഷ്പ്രയാസം സാധ്യം
    (വക്കാര്യേയ്... നെറ്റി തിരുമ്മാതെ വായിച്ചൂ ട്ടാ :)

     
  14. At Thu Jan 18, 11:31:00 AM 2007, Blogger chithrakaran ചിത്രകാരന്‍ said...

    വക്കാരി,
    തങ്കളുടെ സുചിന്തിതവും,
    പക്വതയുള്ളതുമായ വാക്കുകള്‍
    ഉചിതമായി.
    ചിത്രകാരന്റെ പ്രണാമം.

     
  15. At Thu Jan 18, 12:12:00 PM 2007, Blogger sami said...

    വക്കാരിച്ചേട്ടാ,
    കൊട് തുംബിക്കൈ....
    എനിക്കിഷ്ടായി....
    താന്‍ നല്ലതെന്ന് തൊന്നുന്നത് 100% വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും[പറയുകയും എഴുതുകയും]ചെയ്യുന്നതോടൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുകയും സഹിഷ്ണുതയോടെ കാണാനും അംഗീകരിക്കാനും കഴിയുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്‍ സംവാദം...
    സെമി

     
  16. At Thu Jan 18, 12:50:00 PM 2007, Blogger മുത്തലിബ് പി കൊവ്വപ്പുറം കുഞ്ഞിമംഗലം said...

    നെറ്റി തിരുമിത്തിരുമ്മി തയമ്പിച്ച് പോയിടെയ്.. ഒന്നും മനസ്സിലായില്ല.

     
  17. At Thu Jan 18, 03:29:00 PM 2007, Blogger ഡാലി said...

    ഡിയര്‍ വക്കാരി,
    താഴെ താങ്കളുടെ പേപ്പറിന്റെ റെഫറി റിപ്പോര്‍ട്ട് ചേര്‍ക്കുന്നു. ആവശ്യമായ റിവിഷനോടെ ഏറ്റവും സാധ്യമായ വേഗത്തില്‍ പേപ്പര്‍ റീസബ്മിറ്റ് ചെയ്യുമല്ലോ.

    റിഗാഡ്സ്,
    എഡിറ്റര്‍
    (ബൂലോഗ ജേര്‍ണല്‍ ഫോര്‍ റ്റിപ്സ്)

    ഫ്രം റെഫറി # 24

    സബ്: "വക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ചര്‍ച്ച..." - റിപ്പോര്‍ട്ട്...

    1.പേപ്പറില്‍ നിന്നും മനസ്സിലാവുന്നത് ഇത് പൂര്‍ണ്ണമായും ഒരു തിയറി പേപ്പര്‍ ആണെന്നതാണ്.

    2.ഒരു എക്സ്പെറിമെന്റല്‍ റിസള്‍ട്ട് പോലും റിപ്പോര്‍ട്ട് ചെയ്തീട്ടില്ല.

    3എന്നാല്‍ തിയറിയ്ക്കനുയോജ്യമായി ധാരാളം എക്സ്പെരിമെന്റുകള്‍ ചെയ്യാമെന്നിരിക്കെ അതൊന്നും ചെയ്യാതെ ഈ പേപ്പര്‍ സ്വീകരിക്കുവാന്‍ പാടില്ല.

    എന്നിരുന്നാലും പേപ്പറിന്റെ മൂല്യം കണക്കിലെടുത്ത് മുകളില്‍ പറഞ്ഞ മേജര്‍ റിവിഷനോടെ പബ്ലിഷ് ചെയ്യാം.

    .......................
    (നന്നായിട്ടുണ്ട് വക്കരി.പഴുതില്ലാത്ത തിയറി പേപ്പര്‍ പോലെ. എക്സ്പെരിമെന്റല്‍ ഡാറ്റ കിട്ടാന്‍ വെള്ളം കുടിയ്ക്കും.)

     
  18. At Thu Jan 18, 03:47:00 PM 2007, Blogger അതുല്യ said...

    ഡാലിയേയ്‌.. ഏ ഡെഫനിറ്റ്‌ റ്റ്രെന്റ്‌ ഈസ്‌ എവിഡന്റ്‌ ന്നോ ആക്കോര്‍ഡിംഗ്‌ റ്റു സ്റ്റാറ്ററ്റിസ്റ്റിക്കല്‍ അനാലിസിസ്‌ എന്നോ(അതായത്‌ ഒക്കേനും കേട്ടത്‌ റൂമറാണെന്ന്)വക്കാരിയോട്‌ ചേര്‍ക്കാന്‍ പറ. !

    വ്യക്തി ഹത്യ :

    നുണ - പഴിയോ പള്ളോ ആരേലും പറഞ്ഞാല്‍ അതില്‍ നമുക്ക്‌ പങ്കില്ലാന്നോ കണ്ടാല്‍, പിന്നെ അതില്‍ കേറി തൂങ്ങണ്ട, കാരണം, മറ്റവന്റെ മണ്ട നമുക്ക്‌ സീ ത്രൂ അല്ലാ. അതൊണ്ട്‌ ലെറ്റ്‌ ഹിം വേയ്സ്റ്റ്‌ ഹിസ്‌ എനര്‍ജി.

    സത്യം - പറഞ്ഞതില്‍ കാമ്പുണ്ട്‌, ഞാന്‍ ഇതല്ലേ ശരിയ്കും എങ്കില്‍ പിന്നെ അഭിപ്രായം/അജിറ്റേഷന്‍ എന്ന സൂത്രം കൊണ്ട്‌ രണ്ട്‌ പൂശ്‌ പൂശി, പിന്നീട്‌ ഒറ്റയ്കാവുമ്പോ, ഹ്ം ഹ്ം..ഇയാളീ സത്യമൊക്കെ ഇങ്ങനെ വിളിച്ച്‌ പറയാമോ ന്ന് ആലോചിച്ച്‌ ഞെട്ടുക.

    വക്കാരിയേയ്‌ മതി കുഞ്ഞ്‌ പഠിച്ചത്‌. ഈ മുകളില്‍ പറഞ്ഞതൊക്കേനും ബഡ്ജറ്റ്‌ പ്രസംഗം പോലയാ മന്ത്രിമാരുടെ. കള്ളന്റെ കൈയ്യിലെ മാസ്റ്റര്‍ കീ തൂങ്ങുന്ന കീ ചെയിനിലും കാണും "പ്രേയിസ്‌ ദ ലോര്‍ഡ്‌" എന്ന വാചകം!

     
  19. At Thu Jan 18, 04:17:00 PM 2007, Blogger പൊന്നപ്പന്‍ - the Alien said...

    വക്കാരി സി ഐ എ ആണോ..? മൂന്നാം ലോക ബ്ലോഗേഴ്സിന്റെ ചര്‍ച്ചാ രീതിയെപ്പോലും അട്ടിമറിക്കുന്ന സങ്കീര്‍ണ്ണമായ സങ്കല്‍പ്പനങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.!
    അല്ലെങ്കില്‍ പരിഷത്തുകാരനായിരിക്കും ! (ദൈവമേ അങ്ങിനെ ആവണേ..)

     
  20. At Thu Jan 18, 06:05:00 PM 2007, Blogger വേണു venu said...

    ലേഖനം നന്നായിരിക്കുന്നു മാഷേ.
    ഒത്തിരിയൊക്കെ എഴുതണമെന്നു കരുതിയതാണു്.ടിപ്സുകള്‍ ശരിക്കും പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍‍ അഭിനന്ദനങ്ങള്‍ മാത്രം പറയുന്നു.

     
  21. At Thu Jan 18, 06:16:00 PM 2007, Blogger ലിഡിയ said...

    വായിക്കുമ്പോള്‍ രസിക്കുകയും പ്രയോഗത്തില്‍ മൂക്ക് കൊണ്ട് ക്ഷ ത്ര വരയ്പിക്കുകയും ചെയ്യുക എന്നതാണ് ഈ കോര്‍പ്പറേറ്റ് ഡെവലപ്പ്മെന്റ് പുസ്തകങ്ങളുടെ പ്രശ്നമെന്ന് പറഞ്ഞാല്‍ മുന്‍ വിധിയായി പോവുമോ?

    മുഴുവന്‍ വായിച്ചിട്ടും..

    -പാര്‍വതി.

     
  22. At Thu Jan 18, 06:45:00 PM 2007, Blogger മുസ്തഫ|musthapha said...

    ശാന്ത സമുദ്രം പോലെയിരുന്ന എന്‍റെ നെറ്റി അറബിക്കടല്‍ പോലെയാക്കിയ ഈ ലേഖനം അസ്സലായിരിക്കുന്നു :))

    ഇതിലെ ടിപ്# 6 ‘പരസ്പര ബഹുമാനം’ ഏറ്റവും പ്രാധാന്യം അതിനാണെനിക്ക് തോന്നിയത്... അതിനാദ്യം സ്വയം ബഹുമാനം തോന്നണം... അതുണ്ടെങ്കില്‍ എല്ലാവരേയും ബഹുമാനിക്കാന്‍ നമുക്കാവും <<<>>> നെറ്റിയില്‍ ചുളിവ് വീഴ്ത്തേണ്ട... ഞാനൊന്ന് സ്വയം ബഹുമാനിച്ചിട്ടു വരാം :)

    പിന്നെ ടിപ്#9 ‘അസ്ഥിക്ക് പിടുത്തം’ അത് ഒഴിവാക്കപ്പെടേണ്ടതു തന്നെ... ആരോഗ്യപരമായ ബ്ലോഗിങ്ങിനത് വളരെ നല്ലതു തന്നെ <<<<>>>> ഒരു സെക്കന്‍റ് ‘യവന്‍‘ അവിടെയിട്ട കമന്‍റിന് ‘ലവന്‍‘ എന്തു മറുകമന്‍റിട്ടു എന്നൊന്ന് നോക്കിയിട്ടിപ്പം വരാം... ഇതാണോ ഡോക്ടര്‍ അസ്ഥിക്ക് പിടുത്തം :)

     
  23. At Thu Jan 18, 10:40:00 PM 2007, Blogger Raghavan P K said...

    ഒരു സമ്മറിയുണ്ടായാല്‍ പ്രാക്ടീസ് ചെയ്യാന്‍ എളുപ്പമുണ്ട്:
    1. ആര് പറയുന്നു എന്ന് നോക്കേണ്ട-എന്ത് പറയുന്നു എന്ന് മാത്രം നോക്കുക- അതായത് മുന്‍‌വിധി പാടില്ല.
    2. പ്രായോഗികത.
    3. വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
    4. ഒന്ന് അധികം മൂന്ന്
    5. ലേബലടി
    6. പരസ്പര ബഹുമാനം.
    7. വ്യക്തിഹത്യ
    8. പിടിവാശി
    9. അസ്ഥിക്ക് പിടുത്തം
    ഇത്രയുമാണ് നവര‍സങള്‍!

     
  24. At Thu Jan 18, 10:55:00 PM 2007, Anonymous Anonymous said...

    ബലേ ഭേഷ്,
    കുറിക്ക് കൊള്ളുന്ന ലേഖനം.
    എത്രമാത്രം ഫലവത്താവുമെന്ന് ഇനിയുള്ള കാലം തെളിയിക്കും.
    വിവേക് ചേട്ടന്‍ വികാര്‍ ചേട്ടനെ മലര്‍ത്തിയടിക്കുമെന്ന് നമ്മുക്കാശിക്കാം.

     
  25. At Thu Jan 18, 11:18:00 PM 2007, Blogger കരീം മാഷ്‌ said...

    ഇതിന്റെ ഒരു പ്രാക്ടിക്കല്‍ ക്ലാസ്സു കിട്ടാന്‍ ഞങ്ങള്‍ വക്കാരിയെ എവിടെ തപ്പണം?

     
  26. At Thu Jan 18, 11:40:00 PM 2007, Blogger കുറുമാന്‍ said...

    ആ പാദാരവിന്ദങ്ങളില്‍ ഞാനെന്ന എഴുപത്തഞ്ചു കിലോ വീണു, പിന്നെ തലയുയര്‍ത്താതെ തന്നെ കിടന്നു.....അനുഗ്രഹം കിട്ടിയിട്ടേ എഴുന്നേല്‍ക്കൂ.....

    അനുഗ്രഹിക്കൂ...വക്കാരീ അനുഗ്രഹിക്കൂ (അനുഗ്രഹക്കൂ അമ്മേ അനുഗ്രഹിക്കൂ എന്ന ട്യൂണില്‍)

    നമിച്ചു വക്കാരി.....ടിപ് നമ്പര്‍ 1 മനപാഠമാക്കി

     
  27. At Fri Jan 19, 12:53:00 AM 2007, Blogger myexperimentsandme said...

    This comment has been removed by a blog administrator.

     
  28. At Fri Jan 19, 02:01:00 AM 2007, Blogger myexperimentsandme said...

    മന്യ (പറക്കും തളിക ഫെയിം) മഹാജനങ്ങളേ, ടിപ്പുകള്‍ വായിച്ച എല്ലാവര്‍ക്കും നന്ദി. ഈ നവരസങ്ങളില്‍ ഏതെങ്കിലും ഒരു രസത്തിന്റെ അര രസമെങ്കിലും ആരെങ്കിലും കുടിക്കുകയാണെങ്കില്‍ ജീവിതവിജയം ഉറപ്പ്. എല്ലാവരും ജയിച്ച് വന്നാല്‍ അതും പ്രശ്‌നം. ഇതൊക്കെ എനിക്കുവേണ്ടിത്തന്നെ എഴുതുന്നത്. ഒന്നുമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വന്ന് നോക്കാമല്ലോ.

    യാരോ യൊരാളണ്ണാ, ഇതേങ്ങായ്ക്ക് നന്ദി. വായിച്ച് വരിക്കാരനാവട്ടെ എന്നാശംസിക്കുന്നു.

    ജ്യോതിടീച്ചറേ, നന്ദി കേട്ടോ. കണ്ട്രോള്‍ പോകാതിരിക്കണമെങ്കില്‍ നല്ല മനഃശക്തി വേണം. ചോര തിളച്ചാല്‍ തീര്‍ന്നു :)

    ഇത്തിരിവെട്ടമേ, മാറി നില്‍ക്കരുത്. ചര്‍ച്ചിക്കണം. ലോ ബി.പി ഉള്ളവര്‍ക്ക് ഇത്തരം ചര്‍ച്ചകള്‍ വളരെ നല്ലതാണെന്നാണ്. ബി.പി അറിയാതെ കൂടും :) നന്ദി കേട്ടോ.

    ബിന്ദുവേ, ഒറ്റയിരുപ്പില്‍ ഒറ്റയാനയായി എഴുതിയത്. ഇടയ്ക്കിത്തിരി ബ്രെഡ് തിന്നാന്‍ പോയി. അത്രമാത്രം. ശരിയാ, ടിപ്പൊക്കെ വായിച്ചാല്‍ നിര്‍ഗുണ പരബ്രഹ്മമായി പോകും. പിന്നെ മൊത്തത്തില്‍ ശാന്തമ്മയായിരിക്കും. അതുകൊണ്ടല്ലേ ഞാനിതെല്ലാം എഴുതി മാത്രം വെക്കുന്നത് :)

    അനംഗാരിയേ, നന്ദി. സംഗതി വേദി മാറിയെന്നേ ഉള്ളൂ. ചര്‍ച്ചകള്‍ പലപ്പോഴും വികാരഭരിതമാവാറുണ്ട്. ചിലരൊക്കെ അതൊക്കെ കഴിഞ്ഞ് ഫീല്‍ ചെയ്ത് സങ്കടപ്പെട്ട് കരഞ്ഞ്...അങ്ങിനത്തെ സംഭവങ്ങളും ധാരാളം. അസ്ഥിക്ക് പിടിപ്പിക്കുന്നതാണ് പറ്റുന്നതെന്ന് തോന്നുന്നു. പിന്നെ വിട്ടുകൊടുക്കില്ലാ എന്നത് നമ്മുടെയൊക്കെ ഒരു ട്രേഡ് മാര്‍ക്കാണല്ലോ.

    എന്റെ ടിപ്പ് ഞാന്‍ തന്നെയോ... തമാശ, തമാശ :)

    പുള്ളിയേ, ടിപ്പ് നമ്പ്ര് 19 കൊള്ളാം. പക്ഷേ അങ്ങിനെയെങ്കിലുമായിരുന്നെങ്കില്‍ മതിയായിരുന്നു. പാറപോലെ ഉറച്ച് നിന്നാല്‍ അതിനും സ്കോപ്പില്ല. നന്ദി കേട്ടോ.

    പീലിക്കുട്ടിയേ, അയ്യോ അത് വെറുതെ മേശപ്പുറത്ത് വെച്ച് പൊടി പിടിപ്പിക്കാതെ ചുമ്മാ സര്‍ക്കുലേറ്റ് ചെയ്യെന്ന്. ഞാനാണെങ്കില്‍ അബ്ദുള്‍ സമദ് സാമദാനി ഭേദ ദണ്ഡപാണിയൊക്കെ ഉപയോഗിച്ചാണ് വീട്ടുകാരെക്കൊണ്ട് എന്റെ കൃതികള്‍ വായിപ്പിക്കുന്നത്. ഒരു ദാക്ഷ്യണ്യവുമില്ല. മൊത്തം വായിപ്പിക്കും :)

    മൌനം വിദ്വാനു ഭൂഷണം എന്ന് ട്യൂഷന്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ അതിമൌനം വട്ടിനു തുല്യം‌ന്നുവാ എന്ന് പറഞ്ഞവനോട് അതങ്ങ് വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ചെറുപ്രായത്തിലെപ്പോഴോ കേട്ടപോലെ ഒരോര്‍മ്മ. ചുമ്മാ ചാടിയിറങ്ങെന്ന് ചര്‍ച്ചകള്‍ക്കൊക്കെ. മറ്റുള്ളവര്‍ ചീത്ത കേള്‍ക്കുന്നത് കാണാന്‍ തന്നെ എന്തു രസം :) നന്ദി കേട്ടോ.

    സൂ നന്ദി. കൂട്ടിയടിച്ചിട്ട് കോര്‍ത്ത് പിടിച്ചങ്ങ് പോകണം. അതാനതിന്റെ ബൂട്ടിയെന്നാണല്ലോ തെങ്കാശിപ്പട്ടണത്തില്‍ ഗോപിയണ്ണനും ലാലണ്ണനും മാറിമാറി പറയുന്നത് :)

    തുളസീ, അടി, അടി. ടിപ് നമ്പ്ര് ഒന്ന് വായിച്ചില്ല അല്ലേ. എഴുതിവെച്ചവനിട്ട് പാര പണിയരുത് :)

    ഇഡ്ഡലിവാളേ, നന്ദി. സുഡാനിയാണേ- എ സാഡ്യ മേയ് ഒണ്‍ ഉം ഇല്ലൈ എന്നല്ലേ നേപ്പൊളിയന്‍ ബോണ്‍ എപ്പാര്‍ട്ട് എപ്പോഴോ പറഞ്ഞത് :)

    ഇട്ടിമാളൂ, യ്യോ വികാര്‍-വിവേക് പേറ്റനന്റ് എനിക്ക് :) നന്ദി കേട്ടോ. ഗൈഡൊന്നും വേണ്ടെന്നേ, ടിപ്പല്ലേ കിടക്കുന്നത് :)

    സ്വാര്‍ത്ഥനല്ലെങ്കിലും ആളൊരു നിസ്വാര്‍ത്ഥനല്ലേ. നന്ദിയുണ്ടേ... വളരെ ശരി. നമുക്ക് ആദ്യം വേണ്ടത് നമ്മളെപ്പറ്റിത്തന്നെയുള്ള അറിവാണ്. നമ്മള്‍ നമ്മളെ മനസ്സിലാക്കാന്‍ പരാജയപ്പെടുമ്പോഴാണ് മറ്റുള്ളവരെയും മനസ്സിലാക്കാത്തത്.

    ചിത്രകാരാ, നന്ദി കേട്ടോ. പക്വതയൊക്കെ കണക്ക് തന്നെ :)

    സമീ, ഇന്നാ പിടിച്ചോ തുമ്പിക്കൈ. സമി പറഞ്ഞത് വളരെ ശരി. അതുപോലെ തന്നെ നമുക്ക് തോന്നിയിരുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്താനുള്ള ഒരു മനസ്സും വേണം. നോബഡീസ് പെര്‍ഫക്ടീസ് എന്നാണല്ലോ :)

    മുതല്‍ ഐബീപ്പീ, നെറ്റി തിരുമ്മാന്‍ പറഞ്ഞത് പറഞ്ഞവന്‍ ഇതൊന്നും പാലിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ആള്‍ക്കാരുടെ നെറ്റി ചുളിയുമ്പോള്‍ ആ ചുളിവൊന്ന് നിവര്‍ത്താന്‍ നെറ്റിയൊന്ന് തിരുമ്മിയാല്‍ മതിയല്ലോ എന്നുള്ള അര്‍ത്ഥത്തിലായിരുന്നു. ബ്ലാബ്ലാബ്ലായുടെ ആശാനാണല്ലോ ഞാന്‍. നന്ദി കേട്ടോ :)

    ഡാലിയേ, ഈ അടുത്ത കാലത്തെങ്ങാനും വല്ല പേപ്പറും കറക്ഷന് വന്നിരുന്നോ :) തിയറിറ്റിക്കല്‍ വര്‍ക്കിന് എക്സ്പെരിമെന്റ്സ് വേണ്ടല്ലോ. ഇത് തിയറിറ്റിക്കല്‍ ക്ലാസ്സിക് ഫണ്ടമെന്റല്‍ വര്‍ക്ക്. മൊത്തം തലകുത്തിനിന്ന് ആലോചിച്ചെടുത്തത്. അടുത്ത ഫണ്ടിംഗില്‍ ഇതിന്റെ പ്രാക്റ്റിക്കലും പരീക്ഷണവും.

    പാലക്കാട്ടുനിന്ന് ഐ.ഐ.റ്റി പോയി കേട്ടോ. ഇനി ആകെപ്പാടെയുള്ള പ്രതീക്ഷ തിരുവനന്തപുരത്ത് വന്നേക്കുമായിരിക്കുന്ന ഐസര്‍. തിരുവനന്തപുരത്ത് വരേണ്ടിയിരുന്ന ഐ.ഐ.റ്റി നമ്മള്‍ തട്ടി പാലക്കാട്ട് വരെ കൊണ്ടുപോയിട്ടു. അവിടെനിന്ന് ചുമ്മാ ഒരു തള്ള് കൊടുത്താല്‍ അപ്പുറത്ത് പിടിച്ചിരിക്കുന്ന തമിഴ്‌നാട്ടുകാര്‍ക്ക് എളുപ്പം അങ്ങോട്ട് വലിക്കാമല്ലോ. ഇനിയിപ്പോള്‍ കൊച്ചിയില്‍ വരേണ്ടിയിരുന്ന ഐസര്‍ നമ്മള്‍ തിരുവനന്തപുരം വരെ ആക്കിക്കൊടുത്തിട്ടുണ്ട്. ഇനി അറബിക്കടലില്‍ തള്ളണമെങ്കില്‍ അതിനും അതല്ല നാഗര്‍കോവിലിലേക്ക് മാറ്റണമെങ്കില്‍ അതിനും വളരെ എളുപ്പം (സങ്കടം സഹിക്കാന്‍ പറ്റുന്നില്ല ഡാലീ) :)

    അതുല്ല്യേച്ച്യേ, നന്ദി. ഇതെല്ലാം എന്റെ തന്നെ കാര്യങ്ങള്‍. അതുകൊണ്ടാണല്ലോ ഇത്രയ്ക്ക് ഉറപ്പിച്ച് എഴുതാന്‍ പറ്റുന്നത്. എഴുതിയെങ്കിലും വെച്ചാല്‍ അത്രയെങ്കിലുമായല്ലോ :)

    പൊന്നപ്പാ, ദേ പൊന്നപ്പനും കയറി കാട്ടിലേക്ക് :)

    വേണുമാഷേ, അവസാനം ഒരാളിലെങ്കിലും ഇതിന്റെ ഇഫക്ട് കണ്ടു. സന്തോഷമായി. കണ്ടോ ഇപ്പോള്‍ ഒന്നും പറയാന്‍ തന്നെ തോന്നുന്നില്ലല്ലോ. അതാണ് ഈ ടിപ്പിന്റെ ആത്യന്തികമായ ഗുണം :)

    പാര്‍വ്വതിയേ, ഹ...ഹ... അതു തന്നെ. വായിച്ച് വരുമ്പോള്‍ നല്ല രസം. പക്ഷേ അവസാനം ഇതൊക്കെ പ്രയോഗത്തില്‍ വരുത്തേണ്ടത് നമ്മള്‍ തന്നെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ പുസ്തകമെല്ലാം ഭദ്രമായി അലമാരിയില്‍. ഇതൊന്നും അറിയാന്‍ വയ്യാത്തതുകൊണ്ടല്ലല്ലോ... :)

    അഗ്രജാ, ശാന്ത മായ അറബി കടലാണോ? അത് അങ്ങിനെതന്നെയല്ല അസ്ഥിക്ക് പിടുത്തം. എന്നാല്‍ രാത്രി മൂന്നുമണിക്ക് എഴുന്നേറ്റും കമന്റിന് മറുപടി പറയാന്‍ നില്‍ക്കുന്നതാണെങ്കില്‍ അത് തന്നെ അസ്ഥിക്ക് പിടുത്തം. മൂന്നുമണിക്കത്തെയൊക്കെ ഒരൊറ്റ കമന്റ് മതി നമ്മള്‍ ആ ചര്‍ച്ചയില്‍ തകര്‍ന്ന് തരിപ്പണമാകാന്‍. നന്ദി കേട്ടോ.

    രാഘവന്‍ സാറേ, നന്ദി കേട്ടോ. അത് തന്നെ. തലക്കെട്ട് മാത്രം മതി. ബാക്കിയെല്ലാം വെറും ഫില്ലര്‍. പക്ഷേ പാലിച്ചില്ലെങ്കില്‍ കിം ഫലം :)എഴുതിവെച്ചിരിക്കുന്നതെല്ലാം സത്യമാകണമെന്നുണ്ടോ എന്ന് ലാലേട്ടന്‍ തോട്ടക്കാരനോട് ചോദിക്കുന്നതുപോലെ... :)

    സതീശേ, നന്ദി. വികാര്‍ ചേട്ടന്‍ തന്നെയാണ് ജിം. ഇനിയിപ്പോള്‍ ചെയ്യാനുള്ളത് വിവേക് ചേട്ടനും ദിവസവും പത്ത് പുഴുങ്ങിയ മുട്ടയും രണ്ട് കലം ചോറും ഒക്കെ കൊടുക്കുക. അല്ലെങ്കില്‍ വികാറണ്ണന്റെ വീക്ക്‍നെസ്സ് എവിടെയാണോ അവിടം നോക്കി അടിക്കുക :)

    കരീം മാഷേ, ആരും തപ്പില്ല എന്നുള്ള ഉത്തമവിശ്വാസത്തിലല്ലേ ഇതൊക്കെ താങ്ങുന്നത്. എന്നെ ശരിക്കും അറിയാവുന്നവര്‍ ഇതൊക്കെ വായിച്ചാല്‍ അവരൊന്നും മൂക്കത്ത് പോലും വിരല്‍ വെക്കില്ല :)

    കുറുമയ്യാ, കാലേന്ന് പിടിവിട്, ചായ തിളയ്ക്കുന്നു. എല്ലാത്തിനും സമാധാനം ഉണ്ടാക്കാമെന്നേ. യൂറോപ്യന്‍ സീരീസൊന്ന് കഴിഞ്ഞോട്ടെ.

    അപ്പോള്‍ എല്ലാവര്‍ക്കും നന്ദി. ഇനി ചെറിയൊരു ഇടവേള. വീണ്ടും സന്ധിപ്പവരേക്കും... അത് തന്നെ.

     
  29. At Fri Jan 19, 02:12:00 AM 2007, Anonymous Anonymous said...

    വക്കാരി,
    കുസാറ്റിന്റെ കാര്യം. പല കാര്യങ്ങളും യൂണിവേഴ്സിറ്റി ഒരു പബ്ലിക് സ്റ്റഡിനു പറയുന്നതാന്നും പറഞ്ഞ് ഒരു ഫാകള്‍ട്ടി ഡീനിന്റെ പബ്ലിക് മെയില്‍ ഉണ്ടായിരുന്നു. വായിച്ച കാര്യങ്ങള്‍ കേട്ടാല്‍ കഷ്ടം തോന്നും. യാതൊരു ഉറപ്പും ഇല്ലാതെയാണ് പറയുന്നതെന്ന്. യൂണിവേഴ്സിറ്റിയില്‍ പ്രശനം ഭയങ്കര രൂക്ഷമാണ് വക്കാരി. കൂടുതല്‍ കാര്യങ്ങള്‍ എഴുതാന്‍ നിവര്‍ത്തിയില്ല. മെയില്‍ കാണണം എന്നു താല്പര്യം ഉണ്ടെങ്കില്‍ അയച്ചു തരാം.
    ഡി.

    കമന്റ് ഒരു തമാശിനിട്ടതാണെ നല്ല ലേഖനം എന്നു പറഞ്ഞിരുന്നല്ലോ?

     
  30. At Fri Jan 19, 02:31:00 AM 2007, Blogger Siju | സിജു said...

    വക്കാരി ചേട്ടാ..
    പറക്കും തളികയില്‍ മന്യയല്ല, നിത്യയാ :-)
    വേണോങ്കില്‍ ജോക്കറാക്കാം

    ടിപ്സ് കൊള്ളാം. പക്ഷേ, എനിക്ക് ഭയങ്കര ക്ഷമയായതു കൊണ്ട് ഉപയോഗം വരുമെന്നു തോന്നുന്നില്ല

     
  31. At Fri Jan 19, 02:37:00 AM 2007, Blogger myexperimentsandme said...

    ഛായ്... അപ്പോള്‍ ഞാന്‍ ജോക്കറായി :)

    ഇനി അവര്‍ രണ്ടുപേരും ഏതാണ്ട് ഒരുപോലയൊക്കയല്ലേ ഇരിക്കുന്നത് (അതിപ്പോള്‍ എല്ലാവരും ഏതാണ്ടൊരുപോലെയൊക്കെത്തന്നെയല്ലേ ഇരിക്കുന്നത്) എന്നൊക്കെ പറഞ്ഞ് ഒന്ന് ഉരുണ്ടാലോ?

    മറ്റെന്തൊക്കെ പോയാലും എന്റെ സിനിമാ മാനം പോയാല്‍ പിന്നെ ഞാന്‍ എങ്ങിനെ സഹിക്കും...

    നന്ദി സിജൂ. ക്ഷമയുടെ നെല്ലിപ്പലക അപ്പോള്‍ സിജുവിന്റെ കൈയ്യിലാണല്ലേ :)

     
  32. At Fri Jan 19, 02:40:00 AM 2007, Blogger myexperimentsandme said...

    ഡാലീ... എല്ലാം കലങ്ങി തെളിയുമായിരിക്കുമെന്ന് പ്രതീക്ഷിക്കാമായിരിക്കുമല്ലേ :)

     
  33. At Fri Jan 19, 08:49:00 AM 2007, Blogger Santhosh said...

    കൊള്ളാം. അപ്പോ ബൂലോകത്തു നിന്ന് അടി ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കയാണല്ലേ? ചായക്കടക്കാര്‍ വിഷമിക്കുമല്ലോ...

     
  34. At Fri Jan 19, 10:30:00 AM 2007, Blogger Visala Manaskan said...

    വക്കാരിയേ..

    കേമായിറ്റുണ്ട് ട്ടാ. ഇത് വായിച്ചിട്ട് ചര്‍ച്ചകളൊന്നും‍ അലര്‍ച്ചകള്‍ ആകാതെ അണ്‍‌വാണ്ടഡ് ‘ഡായലോഗ്സ്‍’ ഒഴിവായി പോവുകയാണെങ്കില്‍....

    ആദ്യം പറഞ്ഞ പോയിന്റുണ്ടല്ലോ അതാവത് ടിപ്പു ഒന്നാമന്‍. ലവന്‍ ഒന്നൊന്നര ഒന്നാമന്‍ തന്നെ.

    പിന്നെ, ഈ ബ്ലോഗിലെ ചീത്തവിളികളിലേക്ക് നീങ്ങുന്ന സംവാദങ്ങളില്‍ ആരോഗ്യപരമായി പങ്കെടുക്കാന്‍ വല്യ ബുദ്ധിമുട്ടൊന്നുമില്ല. “സംയമനാസനം“ പരിശീലിച്ചാല്‍ മാത്രം മതി.

    എനിക്ക് വല്ലപ്പോഴും ഇടപെടാന്‍ തോന്നിയാല്‍ ഞാന്‍:

    അത്യാവശ്യം തീര്‍ക്കാനുള്ള ഓഫീസിലെ പെന്റിങ്ങുകളെപറ്റി ഓര്‍ക്കും.

    ‘ഓ, അത് പിന്നെ ചെയ്യാം‘ എന്ന് തോന്നിയാല്‍ ഉടന്‍,

    വീടിന്റെ ഫ്ലോറിങ്ങ് പണി തീര്‍ക്കാനുള്ളതിനെ പറ്റി ഓര്‍ക്കും. ആ കാശുമുഴുവന്‍ എവിടന്നുണ്ടാക്കുമെന്റെ കര്‍ത്താവേ എന്നും ഓര്‍ക്ക്കും.

    അതോര്‍ത്താല്‍ എന്റെ എക്സ്പ്ലോറര്‍ വിന്റോയിലെ ചുവന്ന X ലേക്ക് മൌസിന്റെ കഴ്സറ് എപ്പോ പോയി ക്ലിക്കിയെന്ന് ചോദിച്ചാല്‍ മതി!

    (ഇത് ടൈപ്പ് ചെയ്യുമ്പോഴാ ഒരു കാര്യം ഓര്‍ത്തത്, ഒരാഴ്ചത്തെ തുണി കഴുകാന്‍ ബാക്കി കിടക്കുന്നു! അതിട്ടു വച്ച പ്ലാസ്റ്റിക്ക് കവര്‍ ‘ജംബോ ബാഗ്‘ പോലെയായി)

    അപ്പോള്‍ വക്കാരീ.. യു ആര്‍ എ താരം ഡാ..

     
  35. At Fri Jan 19, 02:18:00 PM 2007, Blogger മുല്ലപ്പൂ said...

    നെറ്റിചുളിഞ്ഞ് നെറ്റിയിലൊട്ടിച്ച പൊട്ടു പോയി...

     
  36. At Sat Feb 17, 10:54:00 AM 2007, Blogger Jyothirmayi said...

    വക്കാരിമാഷേ!
    നെറ്റി ചുളിഞ്ഞിരിപ്പാണോ? പേടിക്കെണ്ടെന്നേ:-)
    ഒന്നുകില്‍ “ടിപ്സ് ഒന്നുകൂടി വായിക്കൂ, ഫ്രീ ആയിട്ടു കിട്ടുമെങ്കില്‍ സ്റ്റ്രെസ്സാണെങ്കിലും മേടിച്ചുവെക്കാം. അതല്ല, എങ്കില്‍ ആ തുമ്പിക്കയ്യിന്റെ അറ്റം പിടിച്ചൊന്നു നന്നായി വലിക്കൂ... നെറ്റിയിലെ ചുളിവു മാറിക്കിട്ടും :-)

    ജ്യോതിര്‍മയി

    qw_er_ty

     
  37. At Wed May 23, 09:29:00 PM 2007, Blogger അല്ലാമാ said...

    Really good stuff...

     

Post a Comment

<< Home