കയ്യുറയും ഗവേഷണവും
കുട്ട്യേടത്തിക്ക് നന്ദി പറഞ്ഞുകൊണ്ട് തന്നെ തുടങ്ങട്ടെ. കുട്ട്യേടത്തികാരണം ഒരു പോസ്റ്റിനുള്ള വകുപ്പും കൂടിയായി.
ഗവേഷണത്തെപ്പറ്റിയുള്ള എന്റെ രണ്ടുമാസത്തെ ഗവേഷണഫലമായി രചിച്ച ആധികാരിക ലേഖനം വായിച്ചിരിക്കുമല്ലോ അല്ലേ. ഈ ഗവേഷണത്തില്‍, പ്രത്യേകിച്ചും ശാസ്ത്ര ഗവേഷണങ്ങളില്‍, ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു വസ്തുവാകുന്ന കയ്യുറ. ഈ കയ്യുറ ശരിക്കും ഒരു രക്ഷകനാണ്. നമ്മളെ മാരകങ്ങളായ രാസവസ്തുക്കളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന, വയറ്റിളക്കം മുതലായ ചിന്ന പ്രശ്‌നങ്ങള്‍ തൊട്ട് അതിഭീകരമായ പ്രശ്‌നങ്ങള്‍ വരെ നമുക്ക് വരാതെ, അതേ സമയം വളരെ ആസ്വാദ്യകരമായി ഗവേഷണം ചെയ്യാന്‍ നമ്മളെ സഹായിക്കുന്ന ഒരു ഗവേഷണമിത്രമാണ് കയ്യുറ. നമ്മള്‍ ഗവേഷണം ചെയ്യാന്‍ ഒരു ലബോറട്ടറി അല്ലെങ്കില്‍ ലാബ്രട്ടറിയില്‍ കയറിയാല്‍ ആദ്യം ചെയ്യേണ്ടത് കയ്യുറ അണിയുക എന്നതാണ്. അത് നമുക്ക് തരുന്നത് എന്തെന്നില്ലാത്ത അത്മവിശ്വാസമാണ്. വളരെയധികം അപകടം പിടിച്ച പരീക്ഷണങ്ങളും, കയ്യുറയുണ്ടെങ്കില്‍ വളരെ ആത്‌മവിശ്വാസത്തോടെ നമുക്ക് ചെയ്യാന്‍ പറ്റും. നോബല്‍ കിട്ടിയ ഏത് ശാസ്ത്രണ്ണന്മാരോടും ചോദിച്ചോ-അവരൊക്കെ കയ്യുറയും ധരിച്ചുതന്നെയായിരിക്കും ഗവേഷണങ്ങള്‍ നടത്തിയിരിക്കുന്നത്.
എന്റെ ഇപ്പോഴത്തെ ഗവേഷണത്തില്‍ (ഡാലി പറഞ്ഞതുപോലെ ആണുങ്ങളോട് ശമ്പളം, പെണ്ണുങ്ങളോട് വയസ്സ് ആണും പെണ്ണും കെട്ടവരോട് ഗവേഷണവിഷയം ഇവ ചോദിക്കരുതെന്നാണ്) ഞാനെപ്പോഴും കൈകാര്യം ചെയ്യുന്നത് കണ്ടാല്‍ തേന്‍പോലെയിരിക്കുകയും മണത്താല്‍ ചേനപ്പൂപോലെയിരിക്കുകയും ചെയ്യുന്ന കൊഴകൊഴാന്നിരിക്കുന്ന ഒരു രാസവസ്തുവാണ്. ഇത് കയ്യില്‍ പറ്റിയാല്‍ പിന്നെ നാല്പത് ലൈഫ്‌ബോയ് സോപ്പ് ഒന്നിച്ചിട്ട് തേച്ചാലും അതിന്റെ മണം പോവില്ല. മാത്രവുമല്ല, കൊഴകൊഴാന്നിരിക്കുന്നത് കാരണം ഏതെങ്കിലും ശരീരഭാഗത്ത് പറ്റിയാല്‍ നമുക്ക് ആകെമൊത്തം ഒരു കൊഴകൊഴാ ഫീലിംഗായതുകാരണം കയ്യുറയില്ലാതെ ലെവനെ കൈകാര്യം ചെയ്യുന്ന പരിപാടിയേ ഇല്ല.
എന്റെ ഒരു ഗവേഷണദിനം ഇങ്ങിനെ ആരംഭിക്കുന്നു.
സ്വതേ സുന്ദരനാണെങ്കിലും ആത്‌മവിശ്വാസത്തിന് വേണ്ടി ഐക്യൂറാ പൌഡറും തേച്ച് പിടിപ്പിച്ച് തലമുടി ചീവി, പിന്നെ മാടി ഒതുക്കി ഷര്‍ട്ടെടുത്ത് പാന്റ്സിനകത്ത് കയറ്റി ഫുള്‍സ്ലീവില്‍, ഒരു പാര്‍ക്കര്‍ പെന്നൊക്കെ പോക്കറ്റില്‍ കുത്തി ഇടിവാള്‍ സ്റ്റൈലില്‍ ഷൂവൊക്കെ ഇട്ട് ഒരു മൂളിപ്പാട്ടൊക്കെ പാടി അടിവെച്ചടിവെച്ച് മന്ദം മന്ദം ഞാന്‍ ലാബിന്റെ കതക് സ്വല്പം മാത്രം തുറന്ന് മുകേഷ് സ്റ്റൈലില്‍ ഒന്നെത്തിനോക്കിയിട്ട് കതക് മൊത്തം തുറന്ന് ലാലേട്ടന്‍ സ്റ്റൈലില്‍ ഒരുവശം ചെരിഞ്ഞ് അകത്തുകയറും. ആദ്യം പണ്ട് വെളുത്തിരുന്ന ആ കോട്ടെടുത്തിടും. ഇപ്പോഴത്തെ കളര്‍ നമ്മുടെയൊക്കെ മനോധര്‍മ്മം പോലെ. എന്തായാലും വെളുപ്പല്ല. കറുപ്പും പിന്നെ വേറേ ഏഴഴകും കൂടി ചേര്‍ന്നതാണോ എന്ന് ചോദിച്ചാല്‍ ആവൂ, ആര്‍ക്കറിയാം എന്നേ പറയാന്‍ പറ്റൂ.
കോട്ടിട്ട് കഴിഞ്ഞാല്‍ അടുത്ത പടിയാണ് കയ്യുറ. ഗളുവു എന്ന് ആംഗലേയത്തില്‍ പറയും. എന്റെ ഗളുവുകളേ എന്നു കേട്ടിട്ടില്ലേ.. കയ്യുറ ഗവേഷണത്തില്‍ പ്രശ്‌നമൊന്നുമുണ്ടാക്കാതിരിക്കാന്‍ തമിഴ്‌മക്കള്‍ പ്രാര്‍ത്ഥിക്കുന്നതാണ്.
അങ്ങിനെ കോട്ട്, കയ്യുറ. ഗവേഷണത്തിന് അത്യന്താപേക്ഷിതമായ രണ്ട് സംഗതികളായി. ഇനി പരിപാടി ആരംഭിക്കുകയായി. ആദ്യമായി നമ്മുടെ അഴകൊഴമ്പന്‍ കൊഴകൊഴാ രാസവസ്തു എടുത്തു. ലെവനെ ഒരു ബീക്കറിലേക്ക് ഒഴിച്ചു. ഇനി അതിലേക്ക് വേറൊരു കെമിക്കല്‍ ഒഴിക്കണം. അതും ഒഴിച്ചു. ഇനി ലെവനെ ഒരു സ്പൂണ്‍ കൊണ്ട് ഇളക്കണം. ഇളക്കി. ഈ പ്രക്രിയകള്‍ക്കെല്ലാം ഇടയില്‍ നമ്മുടെ അഴകൊഴമ്പന്‍ രാസവസ്തു കയ്യുറയില്‍ ആകപ്പാടെ പറ്റിയിരിക്കും. സാരമില്ല. കയ്യുറയിലല്ലേ, കയ്യിലല്ലല്ലോ.
അങ്ങിനെ നാട്ടുകാര്യവും വീട്ടുകാര്യവും ഒക്കെ ആലോചിച്ച് നമ്മള്‍ ഇളക്കിക്കൊണ്ടിരിക്കുകയാണ്. ഇനി വേണ്ടത് മൂന്നാമതൊരു കെമിക്കല്‍ കൂടി ഈ മിശ്രിതത്തിനകത്തേക്ക് ഒഴിക്കണം. അപ്പോളാണ് ഓര്‍ത്തത്, ഓ, മൂന്നാം കെമിക്കല്‍ അലമാരയ്ക്കകത്താണല്ലോ.. അലമാര പൂട്ടിയിരിക്കുകയാണല്ലോ... താക്കോല്‍ പാന്റ്സിന്റെ പോക്കറ്റിലാണല്ലോ..
അതിനെന്താ, പോക്കറ്റീന്ന് താക്കോലെടുത്ത് പൂട്ടുതുറന്ന് കെമിക്കലെടുത്തൊഴിക്ക്... സിമ്പിള്‍
നമ്മള്‍ പോക്കറ്റില്‍ കൈയ്യിടുന്നു.. താക്കോലെടുക്കുന്നു.
കുഴപ്പമൊന്നുമില്ല. പക്ഷേ കയ്യില്‍ കയ്യുറയുണ്ടായിരുന്നു. ആ കയ്യുറയില്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുപ്പുണ്ടായിരുന്നു. അങ്ങിനെയുള്ള അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുന്ന കയ്യുറയിട്ട കയ്യാണ് നമ്മള്‍ പോക്കറ്റില്‍ കുത്തിക്കയറ്റിയത്.
കൊഴകൊഴാ കെമിക്കല്‍ പോക്കറ്റിലും, താക്കോലിലും....
സാരമില്ല. പറ്റാനുള്ളത് പറ്റി. ജാത്യാ ഉള്ളത് തൂത്താല്‍ പോകുമോ. ആശേ നിനക്ക് ദോശ തിന്നാന്നാശയുണ്ടെങ്കിലാശാന്റെ മേശതുറന്ന് കാശെടുത്ത് ദോശതിന്നാശയടക്കാശേ സ്റ്റൈലില്‍ കീശയില്‍ നിന്നും താക്കോലെടുത്ത് പൂട്ട് തുറന്ന് കെമിക്കലെടുത്തൊഴിച്ചു. പിന്നേം ഇളക്ക് തുടര്‍ന്നു.
ഇടയ്ക്കെപ്പോഴോ മൂക്കിനൊരു ചൊറി-എന്നുപറഞ്ഞാല്‍ മൂക്കൊന്ന് ചൊറിയണം. ലോകത്തിലെ ഏറ്റവും വലിയ വിഷമങ്ങളിലൊന്നാണല്ലോ, ചൊറിയാനുള്ള അടങ്ങാത്ത അഭിനിവേശം. അതുപോലെ ഏറ്റവും വലിയ ആശ്വാസങ്ങളിലൊന്നാണല്ലോ, ചൊറിയാന്‍ തോന്നുമ്പോള്‍ വിശാലമായിട്ടങ്ങ് ചൊറിയുന്നത്. നാട്ടുകാര്യവും വീട്ടുകാര്യവും ഒക്കെ ഓര്‍ത്ത് ഇളക്കുന്നതിനിടയില്‍ അറിയാതെ കൈകൊണ്ട് തന്നെ മൂക്കങ്ങ് ചൊറിഞ്ഞു.
കുഴപ്പമൊന്നുമില്ല. പക്ഷേ കയ്യില്‍ കയ്യുറയുണ്ടായിരുന്നു. ആ കയ്യുറയില്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുപ്പുണ്ടായിരുന്നു. അങ്ങിനെയുള്ള അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുന്ന കയ്യുറയുമിട്ട കൈ കൊണ്ടാണ് മൂക്കങ്ങ് ചൊറിഞ്ഞത്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന് പറഞ്ഞത് എത്ര കറക്ട്. കൊഴകൊഴമ്പന്‍ കെമിക്കലിന്റെ മണം ആസ്വദിക്കാന്‍ മൂക്കിനോളം പറ്റിയ സ്ഥലം വേറേ ഉണ്ടോ.
അങ്ങിനെ പോക്കറ്റില്‍ കെമിക്കല്‍, താക്കോലില്‍ കെമിക്കല്‍, മൂക്കിലും കെമിക്കല്‍.
സാരമില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. എന്തായാലും ഗവേഷണം തുടരുക തന്നെ. എന്നുപറഞ്ഞാല്‍ ഇളക്കല്‍ തുടരുക തന്നെ. തുടര്‍ന്നു. ഇനി ഒരു നാലാം കെമിക്കലും കൂടി ആഡണം. പക്ഷേ അത് ആറ്റിക്കളഞ്ഞാലും അളന്നുകളയേണ്ട സാധനം. അളവെഴുതിയ കണക്കുബുക്ക് ആപ്പീസില്‍. അവിടെപ്പോയി എടുക്കണം.
അതിനെന്ത്...? എടുക്കുക തന്നെ. അതിന് കയ്യുറയൂരണം. ഊരണ്ടതെങ്ങിനെയെന്ന് ഇവിടുണ്ട് അതുപ്രകാരം ആദ്യം വലത്തെ കൈകൊണ്ട് ഇടത്തേ കയ്യിലേത് ഊരി. സാരമില്ല, കൊഴകൊഴാ കെമിക്കല്‍ ഉണ്ടെങ്കിലും വലതുകൈയ്യില്‍ കയ്യുറയുള്ളത് കാരണം ഇതൊന്നും കയ്യില്‍ പറ്റുന്ന പ്രശ്‌നമില്ലല്ലോ. ഇനി വലതു കയ്യിലെ ഊരണം. അതിനെന്താ, ഇടതുകൈകൊണ്ടങ്ങ് ഊരിയാല്‍ പോരേ. ഊരി. പക്ഷേ....
ഇടതുകയ്യില്‍ ഗളുവു ഇല്ലായിരുന്നു. വലുതുകയ്യില്‍ ഗളുവു ഉണ്ടായിരുന്നു. ആ ഗളുവില്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുപ്പുണ്ടായിരുന്നു. അങ്ങിനെയുള്ള അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുന്ന കയ്യുറയിട്ട കയ്യിലേക്കാണ് എന്റെ ഇടത് നഗ്‌നക്കൈ പിടുത്തമിട്ടത്. ഇടതുകൈ മുഴുവന്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്നങ്ങ് പിടിച്ചു.
ഇടുക്കി ഡാമിറ്റ്. എന്തായാലും ഇനി കൈ കഴുകുക തന്നെ. ഒരു കയ്യില്‍ മാത്രം പിടിച്ചതു കാരണം നേരത്തെ പറഞ്ഞ നാല്‍പതില്‍ നിന്നും പകുതി കുറച്ച് ഇരുപത് ലൈഫ് ബോയ് സോപ്പിട്ട് കയ്യൊക്കെ കഴുകി, കോട്ടൂരി മേശപ്പുറത്തിട്ട്, ആപ്പീസിലേക്കോടി. കണക്കുബുക്കും കൊണ്ട് തിരിച്ചു വന്നു. കോട്ടിട്ടു. കോസ്റ്റ് സേവ് ചെയ്യാന്‍ നേരത്തത്തെ കയ്യുറ തന്നെയിട്ടു. പക്ഷേ...
അക്കോര്‍ഡിംഗ് റ്റു ദ തിയറി ഓഫ് കയ്യുറാസ്, വെന്‍ യു റിമൂവ് എ കയ്യുറ ഫ്രം യുര്‍ ഹാന്‍ഡ്, ഇറ്റ് വില്‍ ടേണ്‍ ഇന്‍സൈഡ് ഔട്ട്. ഇവിടുണ്ട് . ഈ തിയറി എഴുതുവാനുള്ള പ്രചോദനം, ഇടിവാളിന്റെ മിന്നല്‍ വേലായുധന്‍ പോസ്റ്റ്.
അതായത് കയ്യുറ കയ്യില്‍നിന്നും ഊരുമ്പോള്‍ അകവശം പുറത്തും, അങ്ങിനെ അകവശം പുറത്തായി എന്ന ഒറ്റക്കാരണം കൊണ്ട് നേരത്തെ പുറത്തായ വശം അകത്തും ആകും. അങ്ങിനെ നേരത്തെ പുറത്തായിരുന്ന വശത്തായിരുന്നല്ലോ അളിപിളി കൊഴകൊഴാ കെമിക്കലൊക്കെ ഉണ്ടായിരുന്നത്. ആപ്പീസിലേക്ക് കണക്കുബുക്കെടുക്കാന്‍ ഓടിയ സമയത്ത് കയ്യുറയൂരിയപ്പോള്‍ പുറവശം അകത്തായി. അങ്ങിനെ അളിപിളി കൊഴകൊഴാ കെമിക്കലൊക്കെ അകവശത്തായി. അങ്ങിനത്തെ കണ്ടീഷനില്‍ സ്മാര്‍ട്ടായി ഓടിവന്ന് അതേ കയ്യുറയെടുത്ത് കൂളായി കയ്യിലിട്ടാല്‍ അളിപിളി കൊഴകൊഴാ കെമിക്കലൊക്കെ കയ്യിലോട്ട് ഡയറക്ടായി പിടിക്കും. ഇടുമ്പോള്‍ തന്നെ നമ്മള്‍ വിവരമറിയും. കാരണം, പ്ലിശ്‌ക് എന്നും പറഞ്ഞ് ലെവന്‍ വളരെ സ്മൂത്തായി തെന്നി കൈക്കകത്തോട്ട് കയറും.
അങ്ങിനെ നമ്മുടെ കൈകളെ പരിശുദ്ധമാക്കാന്‍ നിയോഗിക്കപ്പെട്ട, പാപത്തിന്റെയും കെമിക്കലിന്റെയും ഒരു കറയും നമ്മുടെ കൈകളില്‍ പുരളാന്‍ അനുവദിക്കാത്ത ആ പരിശുദ്ധ കയ്യുറകള്‍ കാരണം നമ്മുടെ മൂക്ക്, പോക്കറ്റ്, അവസാനം കൈകള്‍ തന്നെയും അഴകൊഴ കെമിക്കല്‍ കൊണ്ട് മൊത്തത്തില്‍ അഴകൊഴയായി.
അതാണ് ഗവേഷണം. താഡിക്കേറ്റഡ് റിസേര്‍ച്ച് എന്ന് ആംഗലേയത്തില്‍ പറയും.
71 Comments:
ഒരു മാതിരി കൊഴ കൊഴാന്നിരിക്കുന്നെങ്കിലും വലിയ കുഴപ്പമില്ല...
ഞാനെന്റെ പരീക്ഷണശാലയില്‍ നിന്നും കയ്യുറകള്‍ എടുത്തു കളയട്ടേയെന്ന് ആലോചിച്ചു പോകുന്നു...
വക്കാരി സാര്‍, അതായത് ഈ ഗയ്യുറ രസതന്ത്ര സംബന്ധമായ ഗവേഷണങ്ങളില്‍ മാത്രമേ ഉപയോഗിയ്ക്കാറുള്ളോ? അതായത് കംബ്യൂട്ടര്‍ ആന്റിവൈറസില്‍ റിസര്‍ച്ച് നടത്തിക്കൊണ്ടിരിയ്ക്കുന്ന ഒരാള്‍ ക്ലൌ ധരിയ്ക്കുന്നത് റിസര്‍ച്ചിനെ സഹായിക്കുമോ? ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുമോ? കൂടുതല്‍ സന്തോഷപ്രദമായ കുടുംബബന്ധങ്ങള്‍ക്കു വഴി വെയ്ക്കുമൊ?
അതു പോലെ തന്നെ റിസേര്‍ച്ച് ചെയ്യാത്ത സമയങ്ങളിലും ഒരു പ്രിക്കോഷന്‍ എന്ന നിലയില്‍ ഗ്ലൌഉറ ധരിയ്ക്കുന്നത് ഗവേഷണത്തെ സഹായിയ്ക്കും എന്നു കേള്‍ക്കുന്നതില്‍ എന്തെങ്കിലും സത്യം ഉണ്ടോ ഡോക്‌ടര്‍ സാര്‍???
കയ്യുറയും പിന്നെ മഴവില്ലില്‍ പോലുമില്ലാത്ത നിറങ്ങളുടെ ഒരു സമഞ്ജസ സമ്മേളനവുമുള്ള, ആ കോട്ടിട്ടു വക്കാരിയെ ഒന്നു സങ്കല്‍പ്പിച്ചു നോക്കി. വല്ലപ്പോഴും കോട്ടു വീട്ടില്‍ കൊണ്ടു പോയി അലക്കണേ വക്കാരി. കെമിസ്റ്റ്രി ക്കാരുടെ കോട്ടിന്റെ ഒരു കുഴപ്പം, ഓരോ അലക്കു കഴിയുമ്പോഴും, അതില്‍ ഒരഞ്ചു പത്തു ശതമാനം വീതം കിഴിവു (ഓട്ടകള്‍) ഉണ്ടാകുമെന്നുള്ളതാണ്.
വക്കാരിയേ, ഗ്ലൌസു നമ്മള്‍ കാശു കൊടുത്തു മേടിക്കണോ ? അതോ, അതും ആപ്പീസില്‍ന്നു കിട്ടുമോ ? എന്നതായാലും എന്തിനാ വക്കാരിയേ, ഇട്ട ഗ്ലൌസു പിന്നെയും ഇടണതു ? പിശുക്കണ്ടാന്നേ. ഇനി മുതല്‍ ഞാന്‍ മീന്‍ വെട്ടാന്‍ നേരം ഇട്ടിട്ടൂരി എറിഞു കളയുന്ന ഗ്ലൌസുകള്‍, കഴികിയെടുത്തുണക്കി ജപ്പാനിലേയ്ക്കു ഷിപ്പ് ചെയ്യുന്നതായിരിക്കും. :)
കണ്ടോ, കണ്ടോ.. ഞാന്‍ രണ്ടു ചീത്ത വിളിച്ചിട്ടാണെങ്കിലെന്താ, അതു കഴിഞു വക്കാരിയിട്ട പോസ്റ്റുകളൊക്കെ ഗുമ്മന്‍ പോസ്റ്റുകളല്ലിയോ ?
നാടാടെയുള്ള പഴംചൊല്ലുകള്ളൊന്നും ഉപയൊഗിക്കാതെ സ്വന്തമായി ഉണ്ടാക്കി പ്രയൊഗിക്കുക എന്റെ പിതാശ്രീയുടെ ഒരു സ്വഭാവമയിരുന്നു.
അത്തരം ഒരു പെറ്റന്റ്റ് പ്രയോഗമാണ് എന്റെ മനസ്സില്‍ വരുന്നത്. എന്നോട് ക്ഷമിക്കണം.
"പട്ടര് തീട്ടം തൊട്ട പൊലെ"
എന്നോട് ക്ഷമിക്കണം,എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല, :-)
-പാറു
This is good, vakkaaree.
There are spelling mistakes. Will point out when I go to my computer.
എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാണേ.. കയ്യിട്ടാണോ ഇളക്കുന്നത്?(സ്പ്പൂണിട്ടിളക്കിയാല്‍ എങ്ങനെ ഇത്രമാത്രം അതില്‍ പറ്റുന്നു? ) എന്റമ്മെ... എന്നാല്‍ പിന്നെ...
:)
നമ്മളെയൊക്കെ വിചാരിച്ചുള്ള ദേഷ്യത്തില്‍ ഇളക്കുന്നതല്ലേ. കൈയിലും തലയിലും പറ്റും. ഇനി കൈ ഒഴിവില്ലാത്തപ്പോള്‍ മൂക്ക് ചൊറിയുന്നതെങ്ങിനെ എന്നൊരു വിഷയത്തില്‍ ഗവേഷണം നടത്തിയാലോ.
ഉമേഷ്‌ജീ മലയാളം ഉപേക്ഷിച്ചോ?
ഹ ഹ..കൈയ്യുറ ഗവേഷണം കലക്കി വക്കാരീ...
അവിടേം ഇവിടേം എല്ലാം കൊഴുകൊഴാ പറ്റി അവസാനം കണ്ട്രോള് പോയി, എന്നാപിന്നെ അങ്ങ് പണ്ടാരടങ്ങ് എന്ന് വിചാരിച്ച് കൊഴുകൊഴാ എടുത്ത് തലവഴി കമഴ്ത്തരുത്...:-)
എന്നാലും എന്റെ ഉമേഷ്‌ജീ..അങ്ങും This is good, vakkaaree.There are spelling mistakes. Will point out when I go to my computer. എന്നൊക്കെ കമന്റിട്ടല്ലോ...കലികാലം കലികാലം!!! :-)
ഇത് നമ്മുടെ ജിം കാരി വായിച്ചാല്‍ പുള്ളിടെ അടുത്ത പടത്തില്‍ ഇതൊരു സീന്‍ ഒറപ്പാ..
ഹി.. ഹി.. ഹി..
ആ വസ്തുവിന്റെ പേരൊന്നു വെളിപ്പെടുത്താമോ വക്ക്സ്? :)അത് ജമാല്‍ക്കോട്ട ചേര്‍ത്ത് ആര്‍ക്കെങ്കിലും കൊടുത്താല്‍ എങ്ങനെയിരിക്കും എന്ന് ഞാന്‍ വെറുതെ ഒന്നോര്‍ത്തു പോയി.
വക്കാരി മാഷേ ! കലക്കി ! കയ്യുറ ഉപയോഗിക്കലിന്റെ ശാസ്തീയവശങ്ങളുടെ ഡെമൊ നടത്തിയ വക്കാരിക്ക് ഈ വര്‍ഷത്തെ “ഹിന്ദുസ്ഥാന്‍ ലാറ്റക്സ്” പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് !
ഇതിലും നല്ലത്, ഗവേഷണത്തിനു മുന്‍പ്, ആ അഴകൊഴമ്പന്‍ സാധനം മുഴുവനായി ദേഹത്തങ്ങ് പുരട്ടിയാല്‍ മത്യാര്‍ന്നു ! ആ ചളിപ്പ് മാറിക്കിട്ടൂല്ലോ !
ഈ പോസ്റ്റില്‍, വക്കാരി എനിക്കു തന്ന അഡ്വര്‍ടൈസ്മെന്റിനു നന്ദി !( ലിങ്ക്).
അതിനു എന്നെ ചാര്‍ജു ചെയ്ത കാര്യം ആരോടും പറയണ്ടാട്ടാ ;)
വക്കാരി എന്ത് കുന്തത്തെപറ്റിയെഴുതിയാലും വായിക്കാന്‍ ഒരു ജാതി രസം തന്ന്യാട്ടാ ചുള്ളാ.
ഞാനായിട്ട് സമ്മതിക്കേണ്ട കാര്യല്ല, എങ്കിലും സമ്മതിച്ചൂ ഗഡീ.
കൊള്ളാം വക്കാരീ. ഗവേഷണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്ന് പ്രതീക്ഷിക്കുന്നു...
ഇടുക്കി ഡാമിറ്റ്
ഹിഹി..ഇതു വായിച്ച് ഞാന്‍ പതിനഞ്ചു മിനിട്ട് ചിരിച്ചു..സത്യായിട്ടും സമയം നോക്കി..
ഈ വക്കാരിചേട്ടന്റെ ഒരു കാര്യം...! എന്നാലും ഇങ്ങിനേം മനുഷ്യന്‍ ഒരു കൈയ്യുറയെ പറ്റി എഴുതുമൊ? ഹിഹിഹി..എനിക്ക് വയ്യ..
പിന്നേയ്, ആ വക്കാരീസ് ട്ടിപ്സ് ഫോര്‍ മലയാളം ബ്ലോഗിങ്ങ് എന്തിയെ? ഞാന്‍ അതിന്റെ ലിങ്ക് തപ്പി വന്നാപ്പോഴാണ് ഇവിടെ ഒരു കൊഴകൊഴാന്ന് കണ്ടെ...
ഈ പോസ്റ്റ്വായിച്ചിരുന്നെങ്കില്‍ കയ്യുറ ആത്മഹത്യചെയ്തേനെ... ജന്മം പാഴായിപ്പോയില്ലേ...
അടിപെളി....
വക്കാരിമഷ്ടോ,
കലക്കിയെന്റിഷ്ടോ
അളിപിളി കൊഴകൊഴാ കെമിക്കല്‍ എന്ന പ്രയോഗം കലക്കി. ഒരുപാട് തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് ഒരു ആവര്‍ത്തനവിരസത ഉണ്ടാക്കാതെ, ഓരോ തവണയും കൂടുതല്‍ രസകരമായിത്തീരുന്നു. ഇഷ്ടായി.
മോനേ വക്കാരീ,
“ഡായ് കിളിന്തുകളേ.. നിങ്ങളില്‍ ചിലര്‍ക്കൊക്കെ ഒരു വിചാരമുണ്ട് ഞാന്‍ ഫുല്‍ റ്റൈം കമ്പ്യൂട്ടറില്‍ കളിച്ചിരിക്കുന്ന ഒരു ആനക്കുട്ടിയാണെന്നും ഗവേഷണം പോയിട്ട് ഒരു എലിപ്പാഷാണത്തിനെ പറ്റി പോലും അറിയില്ലെന്നും. ശരി, ഇന്നാപ്പിടിച്ചോ” എന്നതല്ലേ ഈ പോസ്റ്റിന്റെ പിന്നിലുള്ള പ്രേരണ?
ശ്രീനിവാസന്‍ ‘ചിത്ര’ത്തില്‍ പറഞ്ഞത് പോലെ “ഏത് ഏതൊക്കെയാണെന്നും ആര് ആരൊക്കെയാണെന്നും വ്യക്തവും വടിവൊത്തതുമായ ധാരണ“ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ഈ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷെ ഐ സ്റ്റില്‍ ഹാവ് മൈ ഡൌട്ട്സ്! മോനേ വക്കാരി സാന്‍.. ഗവേഷണം തന്നെയാണല്ലോ പണി അല്ലേ.
കലക്കന്‍ പോസ്റ്റ്... ജെയ് വക്കാരി!
ഘന ഘംഭീരന്‍ വക്കാരീസ് വായ്ത്താരികള്‍.
വക്കാരി പറഞ്ഞ അവസ്ഥകള്‍ തമാശയായി തോന്നാമെങ്കിലും, കയ്യുറാസ് ഉപയോഗിച്ചവര്‍ക്കു അതു യാഥാര്‍ത്യമായി തോന്നിയാല്‍ വക്കാരി ഉത്തരവാദിയല്ല (വക്കാരിക്കു വേണ്ടി ഞാന്‍).
കോളെജില്‍ പടിക്കുമ്പോള്‍ ക്ലാസ്സില്‍ കയറാതെ ലേബ് ടെസ്റ്റുകള്‍ക്കു മാത്രം ക്രുത്യമായി പോയിരുന്ന ഗന്ധര്‍വനെ പ്രൊ. രാധാക്രിഷ്ണന്‍സാര്‍ സയന്റിസ്റ്റ് എന്നാണു വിളിക്കാറു.
ബുണ്‍സണ്‍ ബര്‍ണറില്‍ ഗന്ധര്‍വന്റെ ടെസ്റ്റ് റ്റൂബ് എന്നും പൊട്ടുകയൊ പോട്ടിത്തെറിക്കുകയൊ ചെയ്യും. എന്നാല്‍ ഗന്ധര്‍വന്റെ ദേഹത്തു ഒന്നുമാവില്ല. പരീ ക്ഷണമായതിനാല്‍ ടെസ്റ്റ് റ്റൂബിന്റെ മുഖം അടുത്തുള്ള റാഫേലിന്റെ മുഖത്തിനു നേരേയെ ഗന്ധര്‍വന്‍ പിടിക്കുകയുള്ളു. രാമ ചന്ദ്രന്‍ എന്ന ഗന്ധര്‍വനാമത്തിനു പുറകില്‍ ആല്‍ഫബെറ്റികല്‍ ഓര്‍ഡറില്‍ വരാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനായ വിദ്യാര്‍ത്തിയാണൂ റാഫേല്‍.
ഒപ്പം എക്സ്പെരിമെന്റുകള്‍ നടത്തി റിസല്‍റ്റ് പരിശൊധികാന്‍ ഗന്ധര്‍വനു തരുമ്പോഴായിരിക്കും പരിശോദകന്റെ വരവു. ഗന്ധര്‍വനു പുറകില്‍ വെറുതെ നില്‍ക്കുന്ന റാഫേലിനു അവരുടെ ചീത്ത. ഗന്ധര്‍വനെ അന്നേരം നോക്കിയാല്‍ ഐന്‍സ്റ്റീനേക്കാള്‍ കുലംകൂഷമായ ശുഷകാന്തിയിലായിരിക്കും.
കുരുത്തമില്ലതാവന്‍ ---- തൊട്ടാല്‍ എന്നതു മാറ്റി-
കുരുത്തമുള്ള വക്കാരി ഗ്ലൗസിട്ടപോലെ എന്നാക്കിക്കൂടെ ബ്ലോഗരെ.
കിഴക്കിന്റെ പതക്കം വക്കാരിയുടെ സ്രുഷ്ടികള്‍ കിമോണ അണിഞ്ഞ ജാപാനീസ് നര്‍ത്തകികള്‍ പോലെ ബ്ലോഗില്‍ വര്‍ണക്കഴ്ച്ചക്കള്‍ തരുന്നു. അവരുടെ വീശറിയുടെ ചലനത്തില്‍ നാം ആനന്ദിധരാകുന്നു പോട്ടിച്ചിരിക്കുന്നു.
വക്കാരിമിഷ്ട നിങ്ങള്‍ കുറുമ്പനായ ഒരു കുട്ടിക്കൊമ്പന്‍ തന്നെ. പുലിയല്ല കേട്ടൊ. പുലി പുലി എന്നു എപ്പൊഴും ആളുകള്‍ പറഞ്ഞു പറഞ്ഞു പുലികള്‍ ഇപ്പോള്‍ മമ്മുട്ടിക്കെതിരെ കേസു കൊടുക്കുന്നുവത്രെ. പുലിക്കള്‍ക്കു അവരുടെ സ്റ്റേറ്റസ്കോ തിരികെ വേണമത്രെ.
എന്റെ വക്കാരിച്ചേട്ടോ,
വായിച്ചു തീര്‍ന്നപ്പോ ഈ കൊഴുകൊഴാ സംഭവം എന്റെ കൈയ്യില്‍ പറ്റിയ പോലെ തോന്നണു.
ഒന്നു കൈ കഴുകിയിട്ടു വരാം.
വക്കാരിയേ,
കോക്കു കുടിച്ചാല്‍ കിക്കാകുമോ എന്നു ഗവേഷണം ചെയ്യ്യുന്നതിനിടയില്‍ ആ കൊഴകൊഴാന്നുള്ള കെമിക്കല്‍ കോക്കാണെന്നു വിചാരിച്ചു കുടിച്ചോ? രണ്ടു ദിവസമായി കാണുന്നില്ലല്ല്...
ഇനി, ഏതോ ഒരു സിനിമയില്‍ (മിന്നാരം?) “ഓ ഞാനൊന്നു വയറു കഴുകാന്‍ പോയി”എന്നു പറയുന്നതുപോലെ ഏതോ ആശുപത്രിയില്‍ വയറു കഴുകുകയാണോ? രണ്ടു മീറ്റുകളുടെയും ഇടയ്ക്കു വക്കാരിയ്ക്കു വയറിളകുന്നുണ്ടായിരുന്നു..
ഇനി വായ് അഞ്ഞൂറ്റൊന്നു് 501 ബാര്‍ സോപ്പിട്ടു കഴുകിയതിനു ശേഷം ബ്ലോഗില്‍ കയറിയാല്‍ മതി :-)
വക്കാരീ,
“കൈയ്യുറ” എന്നു രണ്ടും കൂടി വേണ്ട. കൈയുറ, അല്ലെങ്കില്‍ കയ്യുറ - ഏതെങ്കിലും ഒന്നു മതി.
ഇതിലേതാണു “കൂടുതല്‍ ശരി” എന്നു് എനിക്കറിയില്ല. എന്റെ കയ്യക്ഷരമോ കൈയക്ഷരമോ എന്ന പഴയ പോസ്റ്റും വായിക്കുക. അതിനകത്തെ കമന്റില്‍ നിന്നുള്ള ലിങ്കു വഴി പോയാല്‍ “ഐ” എന്നൊരു സാധനമേ വേണ്ടെന്നു സിബു പറഞ്ഞതും (ചുമ്മാതല്ല വരമൊഴിയില്‍ ശൈലി എന്നു ടൈപ്പുചെയ്താല്‍ ചിലപ്പോള്‍ സെയ്തലവി എന്നു വരുന്നതു് :-)) വായിക്കാം.
അതുപോലെ “ജാത്യാല്‍” അല്ല “ജാത്യാ”. ജാത്യാ ഉള്ളതു തൂത്താല്‍ പോകുമോ?
കയ്യുറയോ കൈയുറയോ ശരി എന്ന് എനിക്കുമറിഞ്ഞുകൂട. ഞാന്‍ പിന്തുടര്‍ന്നു വരുന്നത് ഇതാണ് (യാതൊരു വ്യാകരണ നിയമവും ബാധകമാക്കിയല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ):
കൈ കഴിഞ്ഞ് വരുന്ന പദം സ്വരത്തില്‍ ആരമ്മ്ഭിച്ചാല്‍ യ കാരം ഇരട്ടിക്കുന്ന രൂപം. അല്ലെങ്കില്‍ ‘കൈ’ സ്വീകാര്യം.
അതിനാല്‍:
കയ്യക്ഷരം, കയ്യാല, കയ്യുറ, കയ്യോടെ, etc
അതുപോലെ, കൈകാല്‍, കൈവശം, കൈമാറ്റം, etc.
This comment has been removed by a blog administrator.
സീരിയസ്സായി വായിക്കന്‍ വന്നതാ..
“അങ്ങിനെ പോക്കറ്റില്‍ കെമിക്കല്‍, താക്കോലില്‍ കെമിക്കല്‍, മൂക്കിലും കെമിക്കല്‍.
സാരമില്ല..”
എബടെ.. ചിരി തുടരുക തന്നെ... ;)
എന്‍ കദന്‍ കഥൈ വായിച്ചവര്‍ക്കെല്ലാം വണക്കം, നന്ദ്രി. രാജഹത്യ ചെയ്യേണ്ടെന്ന് തീരുമാനിച്ചതുകാരണം ആപ്പീസ് ബ്ലോക്കിംഗ് നിര്‍ത്തി.
പല്ലികുമാരാ, നന്ദി കേട്ടോ. യ്യോ സെയിം ഗവേഷണവിഷം നേരത്തേയും കണ്ടിരുന്നോ.. പ്രശ്‌നമായോ.. തോഡിക്കേറ്റഡ് റിസേര്‍ച്ച് താങ്കള്‍ക്കു തന്നെ താഡിക്കേറ്റ് ചെയ്യുന്നു.
താന്‍മാതിരേ, നന്ദി. കൈയുറ അത്ര മോശമൊന്നുമല്ല കേട്ടോ. ചോദിക്കേണ്ട സാധനം ചോദിക്കേണ്ട രീതിയില്‍ ചോദിക്കേണ്ട പോലെ ചോദിച്ചാല്‍ ചാണകവും കിട്ടും എന്നു പറയുന്നതുപോലെ നേരാംവണ്ണം ഉപയോഗിച്ചാല്‍....
ആദിത്യാ, ഗുഡ്‌സ് ക്വസ്റ്റിയന്‍സ്. ഇങ്ങിനത്തെ ഗവേഷണകുതുകികളെയാണ് നാടിനാവശ്യം. (ഇനി നാടിന്നാവശ്യമെന്നാണോ എന്ന് ഉമേഷ്‌ജി പറയട്ടെ-പാവം). കൈയുറ ഏത് സമയവും ഏത് രീതിയിലും ഉപയോഗിക്കാവുന്ന ഒരു സാധനമാണ്. ഒരൊറ്റ പ്രശ്‌നമേ ഉള്ളൂ. ലഞ്ച വരുമ്പോള്‍ നഖം കടിക്കാന്‍ സ്വല്‌പം വിഷമിക്കും-പക്ഷേ ചേന വരയ്ക്കാം. സോക്സിടാതിരുന്നാല്‍ മതി. ഇനി ലഞ്ചയെന്താണന്നല്ലേ.. വീണ്ടും ഉമേഷ്‌ജി.
കുട്ട്യേടത്ത്യേ, എത്ര നമിച്ചാലാ മതിയാവുക. ഈ ദരിദ്ര ലോകത്ത് ഒരു വറ്റ് പോസ്റ്റിന് ബ്ലോലോഗരെല്ലാവരും പെടാപ്പാടു പെടുമ്പോള്‍ ഞാന്‍ ദേ ഒരു പോസ്റ്റും കൂടി താങ്ങി. അതും കുട്ട്യേടത്തി ഒരൊറ്റയാള്‍ കാരണം. നന്ദിയുണ്ട് കേട്ടോ. ഗളുവു ഗവേഷണ ദുരിതാശ്വാസനിധിയില്‍നിന്നും കാശുകൊടുത്ത് വാങ്ങിക്കാം. എന്തും കളയാന്‍ എനിക്കിത്തിരി ബുദ്ധിമുട്ടുള്ളതുകാരണം ഗളുവു വീണ്ടും ഉപയോഗിക്കുക തുടങ്ങിയ എച്ചിത്തരങ്ങളൊക്കെ ഞാന്‍ കാണിക്കും. പിന്നെ ഇന്‍വെന്ററി പരിപാടിയൊന്നും വലിയ പിടിയില്ലാത്തതുകാരണം മിക്കവാറും തീര്‍ന്നു കഴിയുമ്പോഴാണ് തീര്‍ന്നല്ലോ എന്നോര്‍ക്കുന്നത്. അപ്പോള്‍ പിന്നെ ട്രാഷ് സേര്‍ച്ചാണ് പരിപാടി. ഇങ്ങിനെയെന്തെല്ലാം പരിപാടികള്‍...
പാറു.. ഉള്ളതുപറഞ്ഞാല്‍ ചില സമയത്ത് അതിലും അപ്പുറത്തെ പരിതാപകരമായ അവസ്ഥയിലാണ്. അതും വണ്ടീം വള്ളോം എല്ലാം കൈയുറയും ഇട്ട് മാത്രം ഓടിക്കുന്ന ജപ്പാന്‍കാരുടെ ഇടയില്‍. നന്ദി കേട്ടോ.
ഉമേഷ്‌ജിയേ, കൈയുറ, ദേ മുകളില്‍ നോക്കിക്കേ, സമയാമീസ് ഇരട്ടകളായ യ്യ യെ വളരെ സങ്കീര്‍ണ്ണമായ ഒരു ആപ്പറേഷന്‍ വഴി വേര്‍പെടുത്തി യ യ ആക്കി ഒരു യ യെ അമ്മവീട്ടില്‍ കൊണ്ടുവിട്ടു. മറ്റേ യ, ദേ കൈ-യുടെ കൂടെ. പക്ഷേ പുരാണപഴാലങ്കാരവൃത്തപ്രകാരാം ജാത്യാ ഉള്ളത് തൂത്താല്‍ പോകുമോ എന്നതിനേക്കാളും എത്ര താളപ്രദമാണ് ജാത്യാലുള്ളത് തൂത്താല്‍ പോകുമോ. അല്ലെങ്കില്‍ ജാത്യാ ഉള്ളത്ത് തൂത്ത്യാ പോകുമോ എന്നായാലും മതിയായിരുന്നു. ലുള്ള ഉണ്ടെങ്കിലുള്ള ആ ഭംഗി ലുള്ള ഇല്ലെങ്കിലില്ല. പക്ഷേ എന്തുചെയ്യാം. വ്യാകരണം അങ്ങിനെയായതുകൊണ്ട് ഞാനും ദേ തിരുത്താന്‍ പോകുന്നു. അത് ഓഫ്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി പെരുത്തുകയറുന്നു. :)
ബിന്ദു, അമ്പതു ശതമാനം എക്സാജനറേഷനും ബാക്കി അമ്പതു ശതമാനം ജനറേഷന്‍ ഗ്യാപ്പും. പക്ഷേ സംഗതി പാത്രത്തിനു വെളിയിലൊക്കെ ആകും, ചില കലാപരിപാടികള്‍ക്ക് ശേഷം. ആ അവസ്ഥയില്‍ നിന്ന് ലെവനെ വേറൊരു പാത്രത്തിലേക്ക് ആക്കുക എന്നു പറഞ്ഞാല്‍ ശരിക്കും സര്‍ക്കസ് തന്നെ. പിന്നെ അറ്റകൈയ്ക്ക് ചിലപ്പോള്‍ കൈയ്യുടെ (ഇവിടെ ഇരട്ട പെറണോ ഉമേഷ്‌ജീ) അറ്റം കൊണ്ടും ഇളക്കും :)
സൂ, ചിലപ്പോള്‍ ബ്ലോഗും കമന്റും ഒക്കെ ഓര്‍ത്ത് ഇളക്കുമ്പോള്‍ അവസാനം കോട്ടിലും ദേഹത്തുമൊക്കെത്തന്നെ ഈ കൊഴകൊഴ സാധനങ്ങള്‍. വേറേ ചിലപ്പോള്‍ പത്തു ഗ്രാമിനു പകരം ആയിരം ഗ്രാമൊക്കെ ആയിപ്പോകും. അങ്ങിനെയെങ്കിലും ഒരു നോബല്‍ തടഞ്ഞിരുന്നെങ്കില്‍... ഇളക്കിച്ചിളക്കിച്ച് കെമിക്കലിനെ ഇല്ലാതാക്കുക എന്നൊരു ഗവേഷണച്ചൊല്ലു തന്നെയുണ്ടല്ലോ :)
അരവിന്ദാ, എന്തു ചെയ്യാന്‍.... കലക്കി എന്നു പറഞ്ഞത് വളരെ ശരി. അങ്ങിനെ കലക്കുന്നതിനിടയ്ക്ക് തന്നെ ലെവന്‍ ദേഹം മൊത്തം പറ്റുന്നത്. ഇതുപോലെ തന്നെയാണ് കാര്‍ബണ്‍ വെച്ചുള്ള ചില ഗവേഷണങ്ങള്‍. ആപ്രിക്കക്കാര് നാണിച്ചു പോകും :)
പരീക്കുട്ട്യേ, ബിരിയാണിക്കുട്ട്യേ, എന്തിന് ജമാല്‍കോട്ട, അത് അതേ പടി കൊടുക്കാമല്ലോ. കണ്ടാല്‍ തേന്‍ പോലെയിരിക്കും. അതുകൊണ്ട് കുടിക്കാന്‍ യാതൊരു മടിയും കാണില്ല. ജിം ക്യാരി ഒന്ന് കണ്ടിരുന്നെങ്കില്‍ ഇതെങ്കിലും വിറ്റ് കാശാക്കാമായിരുന്നു. ബ്ലോഗില്‍ കൂടി എങ്ങിനെ പത്തു കാശുണ്ടാക്കാം എന്ന് സിബു പണ്ട് കുറെ ടിപ്സ് ഒക്കെ തന്നിരുന്നു. നന്ദിയുണ്ട് കേട്ടോ. ഇനി ബിരിയാണിക്കുട്ടീം കൂടെയേ ഉണ്ണാനുള്ളു. വേഗം ഉണ്ടോ. അല്ലെങ്കില്‍ തീര്‍ന്നുപോയാലോ.
ഇഡ്ഡലിവാളേ, യ്യോ ഞാന്‍ ദേ ചമ്മുന്നു :) പിന്നെ കാശ്. അതിന്റെ കാര്യമൊന്നും പറയേണ്ട. ഒന്ന് മേടിച്ചെടുക്കാന്‍ പെട്ട പാട്. ഞാന്‍ രണ്ടിടത്താ ഫ്രീ പരസ്യം ഇട്ടിരിക്കുന്നത്. സ്മരണ വേണം തേവരേ സ്മരണ എന്നാണല്ലോ ലേലത്തില്‍ ഗോപിയണ്ണന്‍ പറഞ്ഞിരിക്കുന്നത്. നന്ദിയുണ്ടെന്നാ തോന്നുന്നത്. എന്നാല്‍ വാളും കൂടി ചെല്ല്. അല്ലെങ്കില്‍ ചോറെങ്ങാനും തീര്‍ന്നുപോയാലോ!
വിശാലാ, കുന്തത്തെപ്പറ്റിപ്പോലും എഴുതിപ്പോയേനെ, കുട്ട്യേടത്തി തുരുമ്പ് ഇട്ടുതന്നില്ലായിരുന്നെങ്കില്‍. അതുകൊണ്ട് ഞാന്‍ രക്ഷപെട്ടു. നിങ്ങളൊക്കെ ശിക്ഷിക്കപ്പെട്ടു. ഞാന്‍ ദേ പിന്നേം പറയുന്നു, നന്ദിയുണ്ടു. ഇനി നിങ്ങളൊക്കെയേ ബാക്കിയുള്ളൂ. വേഗം ചെല്ല്.
ആനക്കൂടാ. നന്ദി. ഇതുതന്നെ ടോപ്‌സ്റ്റേഷന്‍ സീക്രട്ടായിരുന്നു. അഴകൊഴമ്പന്‍ കെമിക്കലെന്നുപോലും പുറത്ത് പറയരുതെന്നാണ്. കാരണം ലോകത്ത് ഗവേഷണത്തിന് വളരെ കുറച്ച് അഴകൊഴമ്പന്‍ കെമിക്കലുകളേ ഉപയോഗിക്കുന്നുള്ളൂ. ഇനി വെറുതെ അഴകൊഴമ്പന്‍ കെമിക്കല്‍ ജപ്പാന്‍ വക്കാരി എന്ന് താക്കോല്‍വാക്കുകള്‍ ഗൂഗിളില്‍ കൊടുത്താല്‍ മതി, എന്റെ ഗവേഷണത്തിന്റെ ഫുള്‍ വിവരങ്ങള്‍ കിട്ടും എന്നോര്‍ക്കും. പക്ഷേ തെറ്റി. എന്റെ ഗവേഷണത്തെപ്പറ്റി എനിക്കുതന്നെ ഫുള്‍ വിവരമില്ല. ഞാനും ഗൂഗിളില്‍ തപ്പിക്കൊണ്ടിരിക്കുന്നു.
താരേ.. നല്ല ഐഡിയ. പക്ഷേ പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു. കാരണം ചിലപ്പോള്‍ ചില ഗളുവുകള്‍ പ്രായം ചെന്ന് ദ്രവിച്ചു പോകും. കൃത്യം കൈപ്പത്തിയുടെ നടുക്കായിരിക്കും ഒരു നാലോട്ട. അപ്പോള്‍ പിന്നെ അവിടെയല്ലാതെ വേറേ എവിടെയെങ്കിലും ഓട്ടയുള്ള വേറേ രണ്ട് ഗളുവു ഇടും. ചിലപ്പോള്‍ ഇടുന്നതിനിടയ്ക്ക് ലെവന്റെ അവിടേം ഇവിടേം ഒക്കെ കീറും. അപ്പോള്‍ മൂന്നാമതൊരുവനെക്കൂടി ഇടും. ങാഹാ, നമ്മളോടാണോ :)
എല്‍ജി. നന്ദി. ഇടുക്കി ഡാമിറ്റ് പുഞ്ച ഡയലോഗ് ഇഷ്ടപ്പെട്ടല്ലേ. മലയാളം ബ്ലോഗിന്റെ ലിങ്ക് ഇവിടെ. പക്ഷേ ആധികാരികമല്ല കേട്ടോ.
റഷീദേ നന്ദി. കൂണുപോലെ മുളച്ചുപൊന്തുവല്ലിയോ കൈയുറകള്‍, ഒന്നോ രണ്ടോ ആത്‌മഹത്യ ചെയ്‌താലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. താങ്കളുടെ കുടിവഴി എപ്പോഴും വരുന്നുണ്ട്. ഇതുവരെ കമന്റിയില്ല എന്നു മാത്രം. തീര്‍ച്ചയായും കമന്റാം.
ശ്രീജിത്തേ, നന്ദി. ഞാനനുഭവിക്കുന്ന ആ ആ അതിന്റെ ഒരംശം എങ്കിലും വായനക്കാര്‍ അനുഭവിക്കണമെന്ന് വെച്ചല്ലേ പിന്നേം പിന്നേം കൊഴകൊഴ കൊഴകൊഴാ എന്ന് പറഞ്ഞുകൊണ്ടിരുന്നത്:)
അസുരണ്ണാ, എന്തു പറയാനാ, ഗൈവേഷിക്കാനെന്നൊക്കെ പറഞ്ഞാണ് ഇവിടെ വന്നത്. ആദ്യകാലങ്ങളില്‍ നേരം കളയാന്‍ ബ്ലോഗിംഗ് തുടങ്ങി. ഇപ്പോളാണെങ്കില്‍ ബ്ലോഗിംഗ് കഴിഞ്ഞിട്ട് വേറൊന്നിനും നേരമില്ല. ഗവേഷണം പെരുവഴിയില്‍ :)
ഹ..ഹ.. ഗന്ധര്‍വ്വാ.. നേരത്തെ പറഞ്ഞതുപോലെ താങ്കള്‍ പോസ്റ്റെഴുതിയാലും കമന്റെഴുതിയാലും അതിനൊരു ഗന്ധര്‍വ്വന്‍ ടച്ചുണ്ട്. ഈ കൈയുറ സംസ്കാരമൊക്കെ ഇന്ത്യക്ക് വെളിയില്‍ വന്നപ്പോളാണ് പരിശീലിക്കാന്‍ തുടങ്ങിയത്. എന്നാലും ജാത്യാ ഉള്ളത് തൂത്താല്‍ പോകുമോ എന്ന മട്ടില്‍ പലപ്പോഴും ലെവനെ ഇടാന്‍ മറക്കും, അല്ലെങ്കില്‍ മടിക്കും... റാഫേലിന്റെ ദേഹത്തേക്ക് ടെസ്റ്റ് ട്യൂബ് പൊട്ടിച്ചു കളിക്കുന്ന ഗന്ധര്‍വ്വനെ ശരിക്കും സങ്കല്‍പിക്കാന്‍ പറ്റും. അതുപോലുള്ള കലാപപരിപാടികള്‍ ഇഷ്ടം പോലെ നടത്തിയിരിക്കുന്നു, കോളേജ് ജീവിതത്തിനിടയ്ക്ക്. ഇടയ്ക്ക് സോപ്പിടാന്‍ അറിയാവുന്ന കാര്യം “സാറേ അങ്ങിനെതന്നെയല്ലേ” എന്ന് നിഷ്‌കളങ്കമായി ചോദിച്ചപ്പോള്‍, താനിപ്പോള്‍ വളയമില്ലാതെയും ചാടാന്‍ പഠിച്ചോടാ എന്ന് ചോദിച്ച് ചമ്മിച്ചിട്ടുണ്ട് സാര്‍. നന്ദി ഗന്ധര്‍വ്വാ.. താങ്കളൊക്കെ ഈ പോസ്റ്റ് സന്ദര്‍ശിക്കുന്നതേ വലിയ കാര്യം.
കൊച്ചണ്ണാ, ദേ മറ്റൊരു തൃശ്ശൂര്‍ കാറ്റ്. മൂരിക്കഥയുടെ ബാക്കി കണ്ടില്ലല്ലോ. എന്തായാലും ഒരു കൊഴ കൊഴാ ഫീലിംഗ് ഉണ്ടായെങ്കില്‍ ഞാന്‍ ജയിച്ചു. കഥാകാരന്‍ ജയിക്കുന്നത് എപ്പോഴും കഥാകാരന്റെ കഷ്ടപ്പാടുകള്‍ വായനക്കാര്‍ക്ക് ഡയറക്ട് ഫീല്‍ ചെയ്യുമ്പോഴാണല്ലോ. അല്ലെങ്കില്‍ കഥാകാരനു ഫീല്‍ ചെയ്യും :)
ഹ..ഹ.. വഴിപോക്കാ. ശ്ശോ ഇത്രേം നാളും മൂക്കൊക്കെയേ ചൊറിയാന്‍ തോന്നുന്നുണ്ടായിരുന്നുള്ളൂ. ഇനിയെങ്ങിനെയൊക്കെയാകുമോ :) നന്ദി കേട്ടോ.
സന്തോഷ്‌ജീ, നന്ദി. യ്യ യുടെ ഓപ്പറേഷന്‍ നടത്തി യ യും യ യുമാക്കി ഒരു യ യെ അമ്മവീട്ടില്‍ കൊണ്ടാക്കി. ഇനി കൈയുറ കൈയുറ കൈയുറ മാത്രം.. :)
മുല്ലപ്പൂവേ, യ്യോ എന്നെ സീരിയസ്സായി ഒരിക്കലും എടുത്തേക്കരുതേ. വലിയ ഗൌരവത്തില്‍ ചാരുകസേരയില്‍ കാലുമ്മേക്കാലും കയറ്റി (അല്ലാതെ വിശാലന്‍ വിവരിച്ചതുപോലുള്ള ഇരുപ്പൊന്നുമല്ല), ഘനഗംഭീരമായ ശബ്‌ദത്തില്‍ മുഖമൊക്കെ കനപ്പിച്ച്, അനന്തവിഹായസ്സിലേക്ക് നോക്കി അളന്നുതൂക്കി സംസാരിക്കണമെന്നൊക്കെയുണ്ട്. പക്ഷേ വാ തുറന്നാല്‍ ഒച്ച മന്‍മോഹന്‍ സിംഗിന്റെ പോലെയായിപ്പോകും. എല്ലാം ചീറ്റും. നന്ദി കേട്ടോ.
അപ്പോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. എന്റെ സ്റ്റോക്കൊക്കെ തല്‍ക്കാലം തീരുന്നു. ഇനിയും കുട്ട്യേടത്തി കനിയണം. :)
ഹെന്റെ ഉമേഷ്‌ജീ, കൈയുറ തന്നെ തെറ്റിക്കാന്‍ തോന്നിയല്ലോ, അതും കൈയുറയെപ്പറ്റിയുള്ള പോസ്റ്റില്‍ തന്നെ. കാക്കത്തോള്ളായിരം ഇടങ്ങളില്‍ തിരുത്തി :)
കൈയില്‍ ആണോ കൈയ്യില്‍ ആണൊ ശരി. കൈയില്‍ ആണ് ശരിയെങ്കില്‍ ഒരു തിരുത്തല്‍ യജ്ഞം കൂടി വേണ്ടിവരും.
cud u pls send a mail to my id (in profile)? need some info rgrdng the mem cards :D
വക്കാരീ.. എനിക്കിന്നലെ അങ്ങനെയിരുന്നപ്പോഴൊരു തോന്നല്‍, വക്കാരി ആളുമാറിത്തുടങ്ങിയോ എന്നു, രണ്ടുദിവസം കണ്ടതേയില്ല, വന്നപ്പോള്‍ എല്ലരുടേയും ബ്ലോഗില്‍ ഒരുമാതിരി സീരിയസ് ആയിട്ടു. എന്നിട്ടെന്തുവേണ്ടൂ.. ഞാന്‍ വക്കാരിയുടെ പഴയ പോസ്റ്റെല്ലാം ഒന്നുകൂടി വായിച്ചു. :)
30
ബ്ലോക്കില്‍ കുടുങ്ങി, എത്താന്‍ വൈയ്കി
നമ്പിയാരെന്ന് ചോദിച്ചൂ
നമ്പിയാരെന്ന് ചൊല്ലി ഞാന്‍....
വക്കാരിമാഷേ വക്കരിമഷ്ടാാാ...
സന്തോഷ്,
ഇതിനെപ്പറ്റി ഞാന്‍ മുമ്പെഴുതിയിട്ടുള്ള കരിക്കലവും പൊതിച്ചോറും, രാപ്പകലും രാപകലും, രാപ്പകലും രാപകലും - 2 എന്നീ ലേഖനങ്ങളും വായിക്കുക. എവിടെ ഇരട്ടിക്കും, എവിടെ ഇരട്ടിക്കില്ല എന്നതിനുള്ള സാമാന്യനിയമങ്ങള്‍ അവിടെക്കൊടുത്തിട്ടുണ്ടു്. എനിക്കു കയ്യുറയാണിഷ്ടം, കൈയുറയെക്കാള്‍.
വക്കാരിയേ, കൈയിലും കയ്യിലും ശരിതന്നെ. തിരുത്തേണ്ട. കൈയ്യില്‍ തെറ്റു തന്നെ. നല്ല മലയാളം എഴുതണമെന്നുണ്ടെങ്കില്‍ തിരുത്തിക്കൊള്ളൂ. “വാണീ വ്യാകരണേന...” എന്നല്ലേ പ്രമാണം.
ഉമേഷേ, അതൊക്കെ മുമ്പുതന്നെ വായിച്ച് വട്ടായിരുന്നു. ഓര്‍ക്കാനും ഉപയോഗിക്കാനും പ്രയാസമുള്ള നിയമങ്ങളുണ്ടാവുമ്പോഴാണല്ലോ സ്വയം നിയമ നിര്‍മാണം നടത്തുന്നത്:)
അങ്ങനെയേലും സ്വന്തം പോസ്റ്റ് ഒരാളെക്കൊണ്ട് വായിപ്പിയ്ക്കാവോന്ന് ഉമേഷ്ജി ശ്രമിച്ചു നോക്കിയതാ...
യെവടെ... :)
സന്തോഷ് ഓടി രക്ഷപെട്ടു. പിന്നെ പറഞ്ഞതു കറക്റ്റ് - മുമ്പുതന്നെ വായിച്ച് വട്ടായിരുന്നു.
സന്തോഷിനു വട്ടായതറിഞ്ഞില്ലായിരുന്നു. അതാണു നാറാണത്തേയ്ക്കുള്ള വഴി ചോദിച്ചതു്, അല്ലേ? :-)
ആദീ, നിനക്കു ഞാന്‍ വെച്ചിട്ടുണ്ടു്....
ഏതായാലും കഴിഞ്ഞ കമന്റിട്ടതുകൊണ്ടു് ഒരു ശ്ലോകം ഓര്‍മ്മവന്നു. മറന്നുപോകുന്നതിനു മുമ്പു് സുഭാഷിതത്തില്‍ ഇട്ടിട്ടുണ്ടു്.
എല്‍ജിയേച്ചിയേ പുതിയ ശ്ലോകം വായിച്ചില്ലെ?
സൌന്ദര്യമോ ഇല്ല, അല്പം വാക്കും വ്യാകരണശുദ്ധിയുമെങ്കിലുമുണ്ടായിരുന്നെങ്കില്‍ എന്നാ ഗുരു ഉദ്ദേശിച്ചേ...
(മാാപ്പു വക്കാരീ മാപ്പ്... ഒരു നിപ്പന്‍ ഓഫ് അടിയ്ക്കാനുള്ള മണ്ണ് ഞാന്‍ വക്കാരീടെ പറമ്പില്‍ എടുത്തു. ഓഫില്‍ എന്റെ ഗുരുവായ വക്കാരി അതു കുഴപ്പമാക്കില്ല എന്നു പ്രതീക്ഷിയ്ക്കുന്നു)
ആഹാ, ഇങ്ങനെ ഓടി നടന്ന് സ്വന്തം പോസ്റ്റ് വായിക്കാന്‍ ആളെക്കൂട്ടിയിട്ടാണല്ലേ മറ്റു പോസ്റ്റുകളിലൊന്നും വായനക്കാരില്ലാത്തത്! ഈ അവസ്ഥാന്തരത്തെക്കുറിച്ചും അത് ലോകജനതയുടെ ചിന്താഗതിയില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ഒരു പോസ്റ്റ് ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ട്. വായിച്ച് ബുദ്ധി വികസിപ്പിക്കൂ! അനുകരണങ്ങളില്‍ വഞ്ചിതരാവാതിരിക്കൂ!
വായിച്ചിരുന്നു സന്തോഷ്. നല്ല കവിത. രണ്ടുമൂന്നു തവണ കൂടി വായിച്ചിട്ടു് കമന്റിടാമെന്നു കരുതി. സന്തോഷിന്റെ കവിതകള്‍ക്കു് പിന്നെയും പിന്നെയും വായന ആവശ്യമാണു്.
(“ഒന്നു വായിച്ചാല്‍ മനസ്സിലാവാന്‍ വിവരമില്ല എന്നു നേരേ ചൊവ്വേ പറഞ്ഞാല്‍ പോരേ കൂവേ” എന്നു ടൈപ്പുചെയ്യാന്‍ ആദിത്യന്‍ വിരലുകളുയര്‍ത്തുന്നതു ഞാന്‍ കാണുന്നു...)
കുത്തിയിരുന്ന് പിന്നേം തിരുത്തി. കൈയുറയെല്ലാം ഊരിക്കളഞ്ഞ് കയ്യുറയിട്ടു; പഴയ കൈയ്യെല്ലാം വെട്ടിക്കളഞ്ഞ് പുതിയ കയ്യില്‍ കയ്യുറ പിടിപ്പിച്ചു. ഈശ്വരാ, ഇനി ആര്‍ക്കും ഈ ഗതി വരുത്തരുതേ.. പക്ഷേ വളരെ നന്ദി ഉമേഷ്‌ജി. തെറ്റുകള്‍ തിരുത്തപ്പെടാനുള്ളതാണല്ലോ. അതുകൊണ്ടല്ലേ അതിനെ നമ്മള്‍ ശരിയെന്നു വിളിക്കാതെ തെറ്റെന്ന് വിളിക്കുന്നത്.
ആദിത്യാ, മെയിലയക്കാം. വലിയ പ്രയോജനമൊന്നുമുണ്ടാവില്ല, ആദിത്യനെങ്കിലും :)
ബിന്ദൂ, ഓ, അങ്ങിനെയൊന്നുമില്ലന്നേ.. രാജഹത്യ സ്റ്റോപ്പ് ചെയ്യാന്‍ തീരുമാനിച്ചു (പക്ഷേ ഇപ്പോള്‍ രാജഹത്യ ചെയ്തുകൊണ്ടാണ് ഈ കമന്റെഴുതുന്നത്). അതുകാരണം ലൈവായി കമന്റുകളില്‍ പങ്കെടുക്കാന്‍ പറ്റുന്നില്ല.
സന്തോഷ് പറഞ്ഞതൊരു പോയിന്റ്. ഇതൊക്കെ വായിച്ച് വട്ടായി പ്രാന്തുപിടിക്കുമ്പോള്‍ പിന്നെ സ്വയം നിയമനിര്‍മ്മാണം നടത്താന്‍ ശ്രമിക്കും. പക്ഷേ ഉമേഷ്ജി ജാഗജൂഗരോഗനായി (ഇത് തിരുത്താന്‍ പറയരുതേ, ചുമ്മാ എഴുതിയതാ) ഇരിക്കുമ്പോള്‍ അത്ര ഈസിയായി ഊരാന്‍ പറ്റൂല്ല.
വളയമേ, നന്ദി. ആരേയൊക്കെയോ നമ്പിനാന്‍ എന്തോ നാന്‍ എന്ന് പണ്ടെവിടെയൊക്കെയോ കേട്ടിട്ടുണ്ട്.
വക്കാരിചേട്ടാ
രജഹത്യ വേണ്ടങ്കില്‍ എന്നാ പിന്നെ ഗവേഷണ സമയം കുറചൂടെ..പ്ലീസ്..വീ മിസ്സ് യൂ...
ആരാണോ ബോണ്‍ജീ ഈ “രജന്‍” ?
:^)
ഹ..ഹ എല്‍ജീ, ഗവേഷണസമയം കുറഞ്ഞു കുറഞ്ഞു തന്നെ വരുന്നു. ഫെല്ലോഷിപ്പ് തീരാറായി :(
രജന്‍ ഒരു പാവമാണ് കേട്ടോ :)
ഹഹഹഹഹ്ഹ്ഹഹ
പാവം യെല്‍ജിയേച്ചി... ഈയിടെയായി ഗന്ധര്‍വ്വനു പഠിയ്ക്കുവാ... മൂന്നു വാക്ക് എഴുതിയാല്‍ രണ്ടെണ്ണം തെറ്റിക്കും. (ഗന്ധര്‍വ്വാ, തല്ലല്ലേ, ഇവിടെ സ്‌ട്രെസ്സ് എല്‍ജിക്കാ)
എന്തുവാ ഈ കി കി കി എന്ന് ചിരിക്കാന്‍?
രജനെ അറിഞ്ഞൂടെ? രാജന്റെ അനിയനായിട്ട് വരും..
കയ്യുറ-യിട്ടും
-യൂരിയും
-യിടാതെയും
-യൂരാതെയും
അനവധി നിരവധി പരീക്ഷണങ്ങള്‍ ചെയ്തുകൂട്ടിയ അനുഭവം കൂനിന്മേല്‍ കുരുവായുള്ളതു കൊണ്ട് വക്കാരിയുടെ “ദൈനംദീന“ ഗവേഷണജീവിതത്തില്‍ നിന്നും
-യൂരിയെടുത്ത ഈ ഗളുവു പുരാണം രസിച്ചു.
നാട്ടില്‍ ഇന്നത്തെപ്പോലെ ഗവേഷിച്ച് ആര്‍മാദിക്കാന്‍ കാശില്ലാതെയിരുന്ന ഒരു ദരിദ്രകാലഘട്ടത്തില്‍ ഗവേഷിക്കാന്‍ നിര്‍ബന്ധിതനായിരുന്നതുകൊണ്ട് ഒരേ ഗളുവു പലവട്ടം ഉപയോഗിക്കേണ്ടി വന്ന അവസരങ്ങള്‍ സ്മരിച്ചു പോകുന്നു. ഓരോ തവണയും ഉപയോഗത്തിനുശേഷം നന്നായി കുളിപ്പിച്ച് കുട്ടപ്പനാക്കി, അയയിലിട്ടുണക്കി, കുട്ടിക്കൂറ പൌഡറൊക്കെ പൂശി (ഗളുവ് പുത്തനായി വാങ്ങുമ്പോള്‍ കയ്യിടുന്ന അകവശം പൌഡര്‍ പൂശിയിരിക്കും, പൌഡറില്ലാത്തതും അവയിലബിളാണു)ഗ്ലാമര്‍ വരുത്തിയാണു വീണ്ടും ഉപയോഗിക്കുന്നത്. ഗളുവിനുള്ളിലെ പൌഡര്‍ സുഖകരമായ കൈകടത്തില്‍ സാധ്യമാക്കുന്നു എന്ന പരസ്യം ഓര്‍ക്കുക.
തേനിന്റെ ഒഴുക്കും, ചേനപ്പൂവിന്റെ മണവും... ചുള്ളാ തകര്‍ത്തു.
കുട്ടിക്കാലത്തു ക്രിക്കറ്റ് കളിക്കുമ്പോല്‍ ചേനപ്പൂവിന്റെയടുത്തു പന്തു പോയാല്‍ അതു ഫോറായിരുന്നു... :)
വക്കാരി....
വൈകിപ്പോയി..... ഇതു വായിക്കാന്‍ വൈകിപ്പോയി.........
എനിക്കസൂയ തോന്നുന്നു......
കയ്യുറ (അമേരിക്കന്‍ മലയാളം) കൈയുറ (ചാലക്കുടി മലയാളം) എന്ന വെറും സാധനത്തീന്ന് ഒരു കിടിലന്‍ പോസ്റ്റേ.......
ഉമേഷ്ജീ,
യഥാര്‍ത്ഥത്തില്‍ (spelling mistake) ഉണ്ടാവോ?) ഇപ്പോള്‍ പല പത്രങ്ങളും ഭാഷസ്വയം സൃഷ്ടിക്കുന്നില്ലേ?
ഉദാഹരണം: മാദ്ധ്യമം എന്നതല്ലേ ശരി. പക്ഷേ മാധ്യമം എന്നാണ് ആ പത്രം എഴുതുന്നത്.
അതുപോലെ അദ്ധ്യാപകന്‍ അവര്‍ മാറ്റി അധ്യാപകന്‍ ആക്കി. അര്‍ത്ഥം അവര്‍ അര്‍ഥം എന്നാക്കി. ഇതെല്ലാം ശരിയാണോ? താങ്കള്‍ ശ്രദ്ധിച്ചിരുന്നോ?
മാധ്യമം, അധ്യാപകന്‍,അര്‍ഥം എന്നിവ ശരിയാണു്. (ഹിന്ദിയിലും സംസ്കൃതത്തിലുമൊക്കെ അങ്ങനെയേ എഴുതാറുള്ളൂ). അവയെ ഉച്ചരിക്കുന്നതു് യഥാക്രമം മാദ്ധ്യമം, അദ്ധ്യാപകന്‍, അര്‍ത്ഥം എന്നാണു്. അതുകൊണ്ടു് അവയും ശരിയാണു്.
കൂട്ടക്ഷരങ്ങളില്‍ ആദ്യവ്യഞ്ജനത്തിനു് ഉച്ചാരണത്തില്‍ ഇരട്ടിപ്പുണ്ടു്. (അതിഖരങ്ങള്‍ക്കു ഖരവും, ഘോഷങ്ങള്‍ക്കു മൃദുവുമാണു് ഈ ഇരട്ടിപ്പില്‍ വരുന്നതെന്നു മാത്രം) അതു് എഴുതണമെന്നില്ല. “ചക്ക്രം” എന്നുച്ചരിക്കുന്ന വാക്കിനെ നാം “ചക്രം” എന്നാണല്ലോ എഴുതുന്നതു്.
ഇതിനു മുമ്പു പലയിടത്തും ഞാന്‍ ഇതു സൂചിപ്പിച്ചിട്ടുണ്ടു്. ഒരുദാഹരണം ഇവിടെ.
hi!
readers dais here,i thought i started a blog in malayalam,c im not good in computers,i think i created a blog,i can veiw it as i had bookmarked it the day i created it,but not able to sent comments from that blog,its name is
സുപര്ര്സ്റ്റാര്‍,but now its showing, a/c not valid,wat to do bosss.........help.................
താങ്കള്‍ക്ക് താങ്കളുടെ ബോഗില്‍ നിന്നും കമന്റുകള്‍ അയയ്ക്കാന്‍ പറ്റുന്നില്ല എന്നാണോ? താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് എന്താനെന്നറിയാമോ? ബ്ലോഗിന്റെ സെറ്റിംഗ്‌സില്‍ കമന്റുകള്‍ ഗ്രൂപ്പില്‍ വരുവാനുള്ള പരിപാടികള്‍ ചെയ്‌തിട്ടുണ്ടോ? അതിനുള്ള പരിപാടികള്‍ എന്തൊക്കെയാണെന്ന് ഇവിടുണ്ട്.
ഇതൊന്നും പറ്റുന്നില്ലെങ്കില്‍
techhelp@thanimalayalam.org എന്ന വിലാസത്തില്‍ ഒരു മെയില്‍ അയയ്ക്കുമോ.
യാത്രാമൊഴീ, കുട്ടപ്പായീ, ശങ്കൂ, ഗളുവുപുരാണം വായിച്ചതിന് നന്ദി. ഉറവ വറ്റിയവന് ഗളുവും പോസ്റ്റ് എന്നാണല്ലോ. ചേനപ്പൂവിന്റെ മണം കുട്ടപ്പായിക്ക് നല്ല പരിചയമുണ്ടല്ലേ. എന്റമ്മോ എന്തൊരു മണം :)
വക്കാരിക്കുട്ടാ ഒരു സ്പെഷ്യല്‍ റിക്വസ്റ്റ് !
കിമോണയെ കുറിച്ചും അത് ധരിക്കുന്നവരെക്കുറിച്ചും, അത് ഏത് അവസരങ്ങളില്‍ ധരിക്കുന്നു എന്നതിനെക്കുറിച്ചും ഒരു പോസ്റ്റ് പോസ്റ്റാമോ ? ചിത്രങ്ങളൂടെയുണ്ടെങ്കില്‍ നന്നായിരുന്നു ട്ടാ... :)
ഹ..ഹ.. നിക്കേ.. കിമോണോയുടെ ഫോട്ടോ മതിയല്ലോ..:)
നാട്ടില്‍ പെണ്‍കുട്ടികള്‍ കേരളപ്പിറവി, ഒന്നാം തീയതി, ഓണം, തിരുവാതിരകളി തുടങ്ങിയ വിശേഷാവസരങ്ങളില്‍ സാരിയുടുക്കുന്നതുപോലെ ഇവിടെ സ്ത്രീകള്‍/പെണ്‍കുട്ടികള്‍/വനിതകള്‍/മനോരമകള്‍/മനോരാജ്യങ്ങള്‍ ഹനാമി (സക്കൂറയ്ക്കടിയില്‍ തീറ്റ/കുടി), ഹനാബി (വെടിക്കെട്ട് മഹോത്സവം) തുടങ്ങിയ വിശേഷാവസരങ്ങളില്‍ കിമോണോയുടുക്കും. ജാനുവരി രണ്ടാം തിങ്കളാഴ്‌ചയാണെന്നു തോന്നുന്നു, പതിനെട്ടുവയസ്സാകുന്ന എല്ലാ പെണ്‍കുട്ടികളും കിമോണോയുടുക്കും. അന്ന് മധുരപ്പതിനെട്ടായ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഉത്തരവാദിത്തപ്പെട്ട പൌരന്മാര്‍ എങ്ങിനെയൊക്കെ ആകാം എന്നുള്ള ക്ലാസ്സുകളൊക്കെയുണ്ട്.
പിന്നെ ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും കിമോണോയിടണമെന്നു തോന്നിയാല്‍ ഞാനെതിരൊന്നും പറയാറില്ല :)
Arthur Golden എഴുതിയ (ഇപ്പോള്‍ സിനിമയായ) Memoirs of a Geisha വായിച്ചപ്പോള്‍ മുതല്‍ തോന്നുന്നതാണ്.
തള്ളേ, ഇതൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ വക്കാരീ. ഈ ഗീഷമാരേയ്.. ഒരെണ്ണത്തിനെ കാണാന്‍ എന്ത് വഴി?
അതെന്ത് ചോദ്യം എന്റെ ദില്‍ബൂട്ടിയേ? നമ്മുടെ നാട്ടില്‍ എങ്ങും അതൊന്നും ഇല്ലാത്തെ പോലെ..
ദില്‍ബൂ, കിമോണോയിട്ട എല്ലാവരും ഗേയ്ഷമാരല്ലാത്തതുകാരണം വലിയ ബുദ്ധിമുട്ടാണ്. ചിത്രം സ്റ്റൈല്‍ ശ്രീനിവാസനാകേണ്ടിവരും ചിലപ്പോള്‍.
പല ജാപ്പനീസ് ഹോട്ടലുകളും കിമോണോയിട്ട സ്ത്രീകളായിരിക്കും സെര്‍വ് ചെയ്യുന്നത്.
കിമോണോയ്ക്ക് ഭയങ്കര വില.
എല്‍ ജീ,
അതല്ല (ഛെ ! മാനം പോയല്ലോ)
ഈ ഗീഷകളെ ട്രെയിന്‍ ചെയ്യുകയും മറ്റും ഇപ്പോഴും ഉണ്ടോ എന്നാണ് വക്കാരീ ഞാന്‍ ചോദിച്ചത്.
മറ്റ് ചില സംശയങ്ങള്‍:
ഈ ജപ്പാനിലെ ആളുകള്‍ ഭയങ്കര പാരമ്പര്യ വാദികളാണെന്നാണ് എന്റെ (തെറ്റി?)ധാരണ. ചക്രവര്‍ത്തി സാര്‍ പാലത്തിന്റെ നടുവില്‍ അബദ്ധത്തില്‍ ഒരു വട്ടം വഴുക്കി വീണാല്‍ പിന്നെ നാട്ടുകാരെല്ലാരും അതൊരു ചടങ്ങാക്കി ആ വഴി പോകുന്നവരെല്ലാം (വക്കാരി ഉള്‍പ്പെടെ) അവിടെയെത്തിയാല്‍ വീഴുമോ? ചെയ്യാന്‍ സമ്മതിക്കാത്തവര്‍ക്ക് ഹരാകിരി ചെയ്യാന്‍ പിച്ചളപ്പിടിയിട്ട വാള്‍ സമ്മാനിക്കുമോ?
ക്വസ്റ്റ്യന്‍സ് പാസ്ഡ് റ്റു മിസ്റ്റര്‍ വക്കാരി.
Memoirs of a Geisha ഒരു ജാപ്പനീസ് കഥയുടെ വളരെ വികൃതമായ പാശ്ചാത്യ അവതരണമായാണ് എനിയ്ക്ക് തോന്നിയത്. കുറച്ച് ഫോട്ടോഗ്രാഫിക് ഷോട്ട്സ് അല്ലാതെ ആ മൂവിയില്‍ എന്തേലും ഉണ്ടോ?
(ഓഫായാല്‍ മാപ്പ് വക്കാരിയേ)
ആദിച്ചേട്ടാ,
Geisha ഞാന്‍ സിനിമ കണ്ടിട്ടില്ല. പോകാതിരുന്നതാണ്. മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികള്‍‘ സിനിമ കണ്ടതിന് ശേഷം തീരുമാനിച്ചതാണ് വായിച്ച പുസ്തകങ്ങളുടെ സിനിമാ വേര്‍ഷന്‍ കാണില്ലെന്നുള്ളത്.(രഘുവരന്‍ നന്നായിരുന്നു ആ സിനിമയില്‍)
ഗെയ്ഷ പുസ്തകം തരക്കേടില്ലായിരുന്നു.
ആദീ
വളരെ വളരെ ശരി!ഈ വെസ്റ്റേണ്‍ മൈന്‍ഡ് സെറ്റില്‍ നിന്ന് മറ്റുള്ള കള്‍ച്ചേര്‍സിനെ അവരു വ്യൂ ചെയ്യുന്നത് വളരെ വികൃതവും വികലവുമായിട്ടാണ്..
എത്രയെത്ര മദാമ്മ ഗൈഷമാര് മേക്കപ്പും കിമോണയും ഗൈഷാ കോഴ്‍സുകളും ഇല്ലാണ്ട് അമേരിക്കയില്‍ ഉടനീളം.
ഞാന്‍ പുസ്തകമാണ് വായിച്ചത്...സിനിമാ കണ്ടില്ല..
ദേ
WIKI/ARTHUR_GOLDEN> വിക്കിയില്‍ നിന്ന്
Memoirs of a Geisha was written after interviewing a number of geisha, principally Mineko Iwasaki, for background information about the world of the geisha. However, the novel is entirely a work of the imagination.
ദില്‍ബൂട്ടിയെ
ഞാന്‍ ഉദ്ദേശിച്ചത് നമ്മുടെ നാട്ടില്‍ നിലനിന്ന് പോന്ന..ഇപ്പോഴും അങ്ങ് വടക്കൊക്കെ നിലനില്‍ക്കുന്ന(??) ദേവദാസീ സമ്പ്രദായത്തെക്കുറിച്ചാണ്..അല്ലെങ്കില്‍ അതുപോലെ ഒക്കെ ഉള്ള ഒരു സെറ്റപ്പ്.
പിന്നെ ഈ ഗൈഷാ ‘ട്രെയിനിങ്ങ്’ വെറുതെ ഒരു ഹൈപ്പാണ്..എന്നാണ് എന്റെ തോന്നല്‍.
ശ്ശൊ! ഇച്ചിരെ വികാരം കൂടിപ്പോയൊ എനിക്ക്?എന്നാലും സാരമില്ല.
മൂവി അത്രയ്ക്ക് ടച്ചിംഗ് ആയി എനിക്ക് തോന്നിയില്ല. ഗീഷാ(അതോ ഗേഷാ?) അകാനുള്ള ആ പരിണാമത്തിന്റെ തീവ്രത പ്രതിഫലിപ്പിയ്ക്കാന്‍ മൂവിയ്ക്ക് കഴിഞ്ഞില്ല എന്നു തോന്നി. കഥ വളരെ സൂപ്പര്‍ഫിഷ്യല്‍ ആണ്. ഒരു ഇന്‍വോള്‍വ്മെന്റ് ഇല്ല. ചുമ്മാ കുറെ കിമൊണ ഇട്ട സുന്ദരികള്‍ അവിടേം ഇവിടെം... പിന്നെ മസാലയ്ക്ക് കുറച്ച് ‘വഴിവിട്ട‘ ബന്ധങ്ങള്‍
ഹൈപ്പാണോ... ഷുവറാണോ...
(ഞാന്‍ യെല്‍ജിയുടെ പേഴ്‌സണാലിറ്റി പഠിച്ചുകൊണ്ടിരിക്കുന്നു- ISFJ.... ESFP ...INTJ)
:)
ഏ,അതെന്തുവാ വക്കാരിചേട്ടാ
ISFJ.... ESFP ...INTJ ??
ഈ കുന്ത്രാണ്ടം ലെറ്റേര്‍സ്..എന്നെ ഹിപ്പ്നോ ചെയ്യാന്‍ ആണൊ?
ഞാന്‍ ഹൈപ്പ് എന്ന് ഉദ്ദേശിച്ചത്..അതു ഒരു കഥകളി ട്രെയിനിങ്ങ് പോലെയുന്നുമല്ല്ലൊ...
പിന്നെ ഇങ്ങിനെ നടക്കണം,ഇങ്ങിനെ മേക്ക് അപ്പ് ഇടണം, ഇങ്ങിനെ പെരുമാറണം എന്നൊക്കെ പറയുന്നത് ഒരു ‘ട്രെയിനിങ്ങ്’ ആണൊ? എന്റെ ഒപ്പീനിയനില്‍ അതുകൊണ്ട് ഒരു ഹൈപ്പ് പോലെ എനിക്ക് തോന്നി. വെറുതെ ആ സമ്പ്രദായത്തെ ഗ്ലോറിഫൈ ചെയ്യാനുള്ള ഒരു പരിപാടി പോലെ...
"ഇങ്ങിനെ നടക്കണം,ഇങ്ങിനെ മേക്ക് അപ്പ് ഇടണം, ഇങ്ങിനെ പെരുമാറണം എന്നൊക്കെ...." മാത്രമേ ഉള്ളോ, എന്തൊക്കെയാണ് അതിന്റെ സമ്പ്രദായങ്ങള്‍ എന്നൊന്നും അറിയില്ലാത്തതുകാരണം, മൌനം വിഡ്ഡ്യാനു ഭൂഷണം സ്റ്റൈലില്‍ (അത് ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞപ്പോള്‍ അതിമൌനം വട്ടിനു തുല്ല്യംന്നുവാ എന്ന് പണിക്കര്‍ പിറുപിറുത്തത് കേട്ട് ടീച്ചര്‍ പറഞ്ഞു-അതങ്ങ് വീട്ടില്‍ പോയി പറഞ്ഞാല്‍ മതി എന്ന്) മേം ചുപ്പ് രഹാ.. ഹും.. ഹേയ്.. ഹോ.. ഹൌ
പേഴ്‌സണാലിറ്റി ടൈപ്പുകള്‍ ഇവിടേം പിന്നെ മറ്റു പലയിടത്തും.
ദില്‍ബൂന്റെ ചോദ്യാവലി ഇപ്പോഴാ കണ്ടത്.
വലിയ പിടുത്തമില്ല ദില്‍ബൂ. പാര്യമ്പര്യത്തിലും ചടങ്ങുകളിലുമൊക്കെ മുറുകെ പിടിക്കാന്‍ പരമാവധി നോക്കുന്നുണ്ടിവര്‍. യാസുക്കനി ഷ്രൈന്‍ വിസിറ്റ് വിവാദം പോലും അങ്ങിനെയുണ്ടായതാണല്ലോ (ലോകമഹായുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ചടങ്ങ്). ഇവര്‍ക്ക് ഇവരുടെ ചരിത്രമൊക്കെ നല്ലപോലെ അറിയാം. എഡോ ഏറാ, ആ ഏറാ, ഈ ഏറാ എന്നൊക്കെ മണിമണി പോലെ ഇവര്‍ പറയും. പിന്നെ ഇവരുടേതായ രീതികളൊക്കെ ഇപ്പോഴും ഇവര്‍ പിന്തുടരുന്നുണ്ട്. പുതിയ പിള്ളേര്‍ പോലും.
ഭാഷയറിഞ്ഞാല്‍ ജീവിതം ഇവിടെ ഒന്നുകൂടി രസകരം-സുഖകരം.
ഹഹ..ഞാനങ്ങിനെ ഒരു സൂത്രം ആദ്യായിട്ട് കാണുവാ. ISFJ ആണ് ജേക്കബ് ചേട്ടന്റെ ക്വിസില്‍ വന്നത്..
അപ്പൊ വക്കാരിചേട്ടന്‍ എന്നെ എന്തായിട്ടാണ് ഗണിച്ചെ? അവിടെ മൂന്ന് ടൈപ്പ് എഴുതി? അപ്പൊ ലാസ്റ്റിലെ അണൊ? അതോ മൂന്നും ആണോ? എനിക്കിത് ഇഷ്ടായി.. :)
അത് കോഴ്സായിട്ട് ആള്‍ക്കാര്‍ പഠിച്ച് കാശ് വാങ്ങി പ്രാക്ടീസ് ചെയ്യുന്ന കാര്യം. ഡോക്ടര്‍മാര്‍ ഡാന്‍സര്‍മാരേയും ഐറ്റിക്കാര്‍ നേഴ്‌സമ്മാരേയുമൊക്കെയാണ് കെട്ടേണ്ടതെന്ന് ചിലപ്പോള്‍ അവര്‍ പറയും. നമുക്കില്ലാത്ത പേഴ്‌സണാലിറ്റി നമ്മുടെ ഭര്‍ത്താവ്/ഭാര്യയ്ക്കുണ്ടെങ്കില്‍, പിന്നെ ഏറ്റവും വേണ്ട അണ്ടര്‍സ്റ്റാന്റിംഗും കൂടെയുണ്ടെങ്കില്‍ (പഥ്യമുണ്ടെങ്കില്‍ മരുന്നെന്തിന്-പഥ്യമില്ലെങ്കില്‍ മരുന്നെന്തിന്- ദേവേട്ടന്‍ കഃട് പെടുത്തിയത്)വിവാഹജീവിതം സുരഭില സുന്ദര സുമുഖ സുസ്‌മര വദന വരേദനാകുമെന്നൊക്കെ അവര്‍ മോഹിപ്പിക്കും.
നമുക്കറിയാന്‍ വയ്യേ... :)
വൈകിപ്പോയെങ്കിലും ഇതും കൂടി പിടിച്ചോ.
കൈയുറയാണ് ശരി എന്നാണ് എന്റെ പക്ഷം. കയ്യുറ തെറ്റാണെന്നല്ല. കൈയുറയാണു കുറേക്കൂടി ശരി.
അര്‍ഥവും വിദ്യാര്‍ഥിയുമൊക്കെ അല്പം സ് പേസ് ലാഭിക്കാന്‍ കൂടിയാണ്
സ്തുതീ, രണ്ടും ശരിയാണെന്നാണ് ഉമേഷ്‌ജി പറഞ്ഞത്. ആ ശരിയില്‍ ഇനി ഏറ്റക്കുറച്ചിലുണ്ടോ എന്നറിയില്ല. ഉമേഷ്‌ജിക്കും അറിയില്ല എന്നാണ് പറഞ്ഞത്.
സ്പേസ് ലാഭം പത്ര പോയിന്റ് ഓഫ് വ്യൂവിലാണോ? :)
അര്‍(ത്)ഥവും വിദ്യാര്‍(ത്)ഥിയുമൊക്കെ സംസ്കൃതത്തില്‍ നിന്നു കിട്ടിയ വാക്കുകളല്ലേ ഷാജുദ്ദീന്‍? സംസ്കൃതത്തില്‍ ഇവ എങ്ങനെയാണെഴുതുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? പാര്‍(ത്)ഥന്‍, മി(ത്)ഥ്യ, അ(ദ്)ധ്യാപകന്‍ തുടങ്ങിയ വാക്കുകള്‍ക്കും ഇതു ബാധകമാണു്. ആ(ക്)ഖ്യാനം, ദീര്‍(ഗ്)ഘം, ആര്‍(ബ്)ഭാടം തുടങ്ങിയവയും ഇങ്ങനെ ഇരട്ടിപ്പോടു കൂടി എഴുതുമായിരുന്നു പണ്ടു്. അതു പോയിട്ടു കുറേക്കാലമായി.
കൈയുറ എന്നതാണു ശരി എന്നാണു പൊതുവേയുള്ള അഭിപ്രായം. കയ്യുറയും ശരിയാകാം എന്നു പറഞ്ഞതു ഞാന്‍ മാത്രമാണു്. ഈ പോസ്റ്റു വായിക്കുക. പരീക്ഷയ്ക്കു തെറ്റു തിരുത്താനുള്ള ചോദ്യത്തിനുത്തരമായി കയ്യുറ എന്നെഴുതി മാര്‍ക്കു പോയാല്‍ ഞാന്‍ ഉത്തരവാദിയല്ല :-)
വക്കാരീ, ഉമേഷ്ജീ
ഒരു ദിവസം അവധിയായിരുന്നതു കൊണ്ടാണ് നിങ്ങളെ കാണാന്‍ വൈകിയത്.
വക്കാരീ, സ്പേസിന്റെ കാര്യം പറഞ്ഞത് പത്രപ്പോയിന്റില്‍ തന്നെയാണ്. എന്നാല്‍ ഉമേഷ്ജിയുടെ വിശദീകരണം സഹായകമായി. ഇനി ഇത് എനിക്കും പറയാമല്ലോ
Post a Comment
<< Home